പഴയ ഉടമ്പടി റദ്ദാക്കപ്പെട്ടോ, നിവൃത്തിക്കപ്പെട്ടോ?

വേദപുസ്തകത്തിലെ പഴയ നിയമപുസ്തകങ്ങളെക്കുറിച്ചും പഴയ ഉടമ്പടിയെക്കുറിച്ചും പര്യായങ്ങൾ പോലെ നമ്മൾ പറയാറുണ്ട് എങ്കിലും അവ ഒന്നല്ല. പഴയനിയമ ഭാഗത്ത് പഴയ ഉടമ്പടി ഉണ്ട്, എന്നാൽ അവിടെ പഴയ ഉടമ്പടി മാത്രമല്ല ഉള്ളത്. പഴയനിയമ ഭാഗത്ത്, സൃഷ്ടിയുടെ ചരിത്രം, ആദ്യ സുവിശേഷം, ഏദൻ തോട്ടത്തിലെ കൃപയുടെ വിളംബരം, നോഹയുടെ കാലത്തെ പ്രളയവും അവനുമായുള്ള ദൈവത്തിന്റെ ഉടമ്പടി, അബ്രാഹാമിന്റെ തിരഞ്ഞെടുപ്പ്, അബ്രാഹാമിന്റെ ഉടമ്പടി, യിസ്രായേൽ, യഹൂദന്മാർ, പുതിയ നിയമം എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങൾ എന്നിവ എല്ലാം ഉണ്ട്, യേശുക്രിസ്തുവിന്റെ ജീവിതം, മരണം എന്നിവയെക്കുറിച്ചും പരിശുദ്ധാത്മാവിന്റെ നിറവിനെക്കുറിച്ചും ഉള്ള പ്രവചനങ്ങളും ഉണ്ട്. പഴയ നിയമ ഭാഗത്ത് വിവരിക്കപ്പെടുന്ന ഒന്നിലധികം ഉടമ്പടികളിൽ ഒന്നാണ് മോശെയുടെ ഉടമ്പടി അഥവാ പഴയ ഉടമ്പടി.

 

അതിനാൽ പഴയ ഉടമ്പടി റദ്ദാക്കപ്പെട്ടുവോ എന്ന ചോദ്യം നമ്മൾ ചർച്ച ചെയ്യുമ്പോൾ, അത് പഴയ നിയമ പുസ്തകങ്ങൾ റദ്ദാക്കപ്പെട്ടുവോ എന്നു ആകുന്നില്ല. പഴയനിയമത്തിലെയും പുതിയ നിയമത്തിലേയും പുസ്തകങ്ങൾ എല്ലാം ദൈവശ്വാസീയം ആണ്, അവ തെറ്റുകൾ ഇല്ലാത്തതും പരാജയപ്പെടാത്തതും ആണ്. ദൈവത്തിന്റെ മനുഷ്യർക്കായുള്ള വീണ്ടെടുപ്പു പദ്ധതിയെക്കുറിച്ചുള്ള, ആത്യന്തികമായ അടിസ്ഥാനമാണ് എല്ലാ തിരുവെഴുത്തുകളും. പഴയനിയമ തിരുവെഴുത്തുകൾ ദൈവത്തിന്റെ മനുഷ്യർക്കായുള്ള വീണ്ടെടുപ്പ് പദ്ധതിയുടെ കാലനുഗതമായ പുരോഗതിയുടെ ചരിത്രം ആണ്. നമുക്ക് പ്രബോധനങ്ങളും, മാർഗ്ഗനിർദ്ദേശങ്ങളും നല്കുവാൻ അവ അത്യാവശ്യമാണ്.

പഴയനിയമവും പുതിയ നിയമവും

വേദപുസ്തകം, പഴയനിയമം എന്നും പുതിയനിയമം എന്നുമുള്ള രണ്ടു ഭാഗങ്ങൾ ഉള്ള ഒരു പുസ്തകം ആണ്. ഇംഗ്ലീഷിൽ ഈ രണ്ട്  ഭാഗങ്ങളെ ഓൾഡ് ടെസ്റ്റമെന്റ് എന്നും ന്യൂ ടെസ്റ്റമെന്റ് എന്നുമാണ് വിളിക്കുന്നത് (Old Testament, New Testament). “ടെസ്റ്റമെന്റ്” എന്ന ഇംഗ്ലീഷ് വാക്ക്, “ടെസ്റ്റമെന്റം” എന്ന ലാറ്റിൻ പദത്തിൽ നിന്നുമുണ്ടായതാണ് (testamentum). ഈ വാക്കിന്റെ അർത്ഥം “ഉടമ്പടി” എന്നും “കരാർ” എന്നുമാണ്. വേദപുസ്തകം ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടിയെക്കുറിച്ച് പറയുന്ന പുസ്തകം ആണ്.

 

വേദപുസ്തകത്തിന്റെ ആദ്യ ഭാഗം, 39 പുസ്തകങ്ങൾ ഉള്ള പഴയനിയമമാണ്. രണ്ടാമത്തെ ഭാഗം 27 പുസ്തകങ്ങൾ ഉള്ള പുതിയനിയമമാണ്. ഈ രണ്ടു ഭാഗങ്ങളിലുമായി 66 പുസ്തകങ്ങൾ ഉണ്ട്. എല്ലാ പുസ്തകങ്ങളും ഒരു പുസ്തകമായി ഒത്തുചേരുന്നു എന്നതാണ് വേദപുസ്തകത്തിന്റെ പ്രത്യേകത.

 

ഗാഡബന്ധമുള്ള, ഏകീകൃതമായ ഒരു ഇതിവൃത്തമാണ് വേദപുസ്തകത്തിന് ഏകത നല്കുന്നത്. ഘട്ടം, ഘട്ടമായി, വെളിപ്പെടുന്ന, മനുഷ്യ വർഗത്തിന്റെ വീണ്ടെടുപ്പിന്റെ കഥയാണ്, എല്ലാ പുസ്തകങ്ങളിലെയും ഇതിവൃത്തം. ഇത് പ്രധാനമായും മൂന്ന് ഘട്ടങ്ങളായി വെളിപ്പെടുന്നു: മനുഷ്യന്റെ വീഴ്ച, വീണ്ടെടുപ്പ്, പൂർത്തീകരണം.       

      

 

പഴയ നിയമം

 

യഹൂദന്മാരുടെ വിശുദ്ധ ഗ്രന്ഥം ആയ പഴയ നിയമത്തെ, പരമ്പരാഗതമായി മൂന്നായി തിരിച്ചിട്ടുണ്ട്. അവയെ, തോറ, നെവീം, കെറ്റുവിം എന്നാണ് വിളിക്കുന്നത് (Torah, Nevi’im, Ketuvim). തോറയെ പെന്ററ്റൂക്ക് എന്നും നിയമങ്ങൾ എന്നും വിളിക്കാറുണ്ട് (Pentateuch). നെവീം, കെറ്റുവിം എന്നിവയെ യഥാക്രമം പ്രവാചകന്മാർ, രചനകൾ എന്നിങ്ങനെയും വിളിക്കാറുണ്ട്.