അപ്പോസ്തലന്മാരുടെ കാലത്ത് വിവിധ സ്ഥലങ്ങളില്‍ രൂപം കൊണ്ട ക്രിസ്തീയ സഭകള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു? അവ എത്രനാള്‍ സജീവമായി തുടര്‍ന്നു? അവ എത്രയെണ്ണം ഇപ്പൊഴും നിലനില്‍ക്കുന്നുണ്ട്? എന്തുകൊണ്ടാണ് അവയില്‍ ചിലതെങ്കിലും അപ്രത്യക്ഷമായത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ചരിത്രത്തില്‍ നിന്നും കണ്ടുത്തുവാനുള്ള ഒരു ശ്രമമാണ് നമ്മള്‍ ഇവിടെ നടത്തുന്നത്.
ഇതൊരു വിശാലമായ പഠനം ആവശ്യമുള്ള വിഷയമാണ്. ആദ്യകാലത്ത് അഞ്ചു പാത്രിയര്‍കീസുകള്‍ നിലവിലിരുന്നു. അവ, റോം, കോന്‍സ്റ്റാന്‍റിനോപ്പിള്‍, അന്ത്യോക്യ, അലെക്സാണ്ഡ്രിയ, യെരൂശലേം എന്നിവ ആയിരുന്നു. ആദ്യകാലത്തെ സഭകളില്‍ വെളിപ്പാടു പുസ്തകത്തില്‍ പേര് പറയുന്ന ഏഴു സഭകളെക്കൂടെ ഉള്‍പ്പെടുത്താവുന്നതാണ്. അങ്ങനെ 12 സഭകളെക്കുറിച്ചാണ് നമ്മള്‍ ഇവിടെ പഠിക്കുന്നത്. അതിനാല്‍ ഓരോ സഭയെക്കുറിച്ചും വളരെ ഹൃസ്വമായ ഒരു വിവരണം മാത്രമേ ഇവിടെ നല്‍കുന്നുള്ളൂ. ചരിത്രകാരന്‍മാരെയോ, വേദ പണ്ഡിതന്‍മാരെയോ ഇതിന്റെ കാഴ്ചക്കാരൊ, കേള്‍വിക്കാരോ, വായനക്കാരോ ആയി ഉന്നം വയ്ക്കുന്നില്ല. സാധാരണ ഒരു ക്രിസ്തീയ വിശ്വസിക്ക് അത്യാവശ്യം അറിയേണ്ടുന്ന കാര്യങ്ങള്‍ മാത്രമേ ഇവിടെ വിവരിക്കുന്നുള്ളൂ.