പുതിയ നിയമ സന്ദേശം

വളരെ ലളിതമായ ഒരു ചിന്ത നിങ്ങളുമായി പങ്കിടാം എന്നാണ് ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഇത്, എന്താണ് പുതിയ നിയമ സന്ദേശം എന്നതാണ്. പുതിയ ഉടമ്പടി എന്താണന്ന് എന്നല്ല നമ്മള്‍ ഇവിടെ ചിന്തിക്കുന്നത്, നമ്മളോടുള്ള ഈ ഉടമ്പടിയുടെ മുഖ്യ സന്ദേശം എന്താണ് എന്നാണ് നമ്മള്‍ ചിന്തിക്കുന്നത്.

ഇത് യേശു ക്രിസ്തു തന്നെ മാനവരാശിയോട് പറഞ്ഞ സന്ദേശം ആണ്.

യേശുവിന്‍റെ സന്ദേശങ്ങള്‍ക്ക് ഒരു യഹൂദ പശ്ചാത്തലം ഉണ്ടാകുക സ്വാഭാവികം ആണ്. “വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.” (റോമര്‍ 1:16) എന്നതാണല്ലോ ദൈവീക പദ്ധതി.

നമുക്ക് യഹൂദന്മാര്‍ യിസ്രായേല്‍ എന്ന രാജ്യത്തു താസിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ മാത്രമല്ല, മനുഷ്യരെ പാപത്തില്‍ നിന്നും പിശാചിന്‍റെ അടിമത്തത്തില്‍ നിന്നും വിടുവിക്കുവാനായുള്ള ദൈവീക പദ്ധതിയുടെ നിവര്‍ത്തിക്കായി, ദൈവം തിരഞ്ഞെടുത്ത അബ്രാഹാമിന്റെ ജഡപ്രകാരമുള്ള സന്തതികള്‍ ആണ്. വിടുതലിന്റെ ദൈവീക പദ്ധതിയില്‍ അബ്രഹാം എന്ന ഒരു വ്യക്തി മാത്രം അല്ല ഉണ്ടായിരുന്നത്, അബ്രാഹാമിന്റെ എണ്ണികൂടാത്തവണ്ണം പെരുപ്പമുള്ള ഒരു ജനതയും ഉണ്ടായിരുന്നു എന്നും ഓര്‍ക്കുക. ഇതില്‍ യഹൂദനും പുതിയ നിയമ വിശ്വാസികളും ഉണ്ട്.

എന്നാല്‍ യേശുക്രിസ്തു സംസാരിച്ചത് യഹൂദന്മാരോടു ആണ് എന്നു നമ്മള്‍ ഓര്‍ക്കേണം.

യേശു ഒരു യഹൂദനും, യഹൂദ ദേശത്തു ജനിച്ച്, ജീവിച്ച്, മരിച്ചു ഉയിര്‍ത്തെഴുന്നേറ്റവനും ആയ മാനവ രാശിയുടെ രക്ഷയ്ക്കായുള്ള പാപ പരിഹാരം ആയിരുന്നു.

അതിനാല്‍ യേശുവിന്റെ സന്ദേശം നേരിട്ട് കേട്ട യഹൂദന്‍, പുതിയനിയമ സന്ദേശം എങ്ങനെ മനസ്സിലാക്കേണ്ടിയിരുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യം ആണ്.

യേശുക്രിസ്തു തന്റെ പുതിയനിയമ ശുശ്രൂഷ ആരംഭിക്കുന്നത് തന്നെ അതിന്റെ മുഖ്യ സന്ദേശം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു.

എന്തിനാണ് യേശു അങ്ങനെ ചെയ്തത്? യേശുക്രിസ്തു വന്നത് ദൈവരാജ്യം പുനസ്ഥാപിക്കുവാന്‍ വേണ്ടി ആണ്. ആ രാജ്യം എങ്ങനെ ഉള്ളത് ആയിരിക്കേണം എന്നു പ്രഖ്യാപിക്കുക ആണ് അതിന്റെ ആദ്യത്തെ പടി. അതിനാല്‍ യേശു ഇങ്ങനെ വിളിച്ച് പറഞ്ഞു:

 

മത്തായി 4:17  അന്നുമുതൽ യേശു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”എന്നു പ്രസംഗിച്ചുതുടങ്ങി.

യേശുവിന്റെ വിളംബരം മര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ ആണ്:

 

മര്‍ക്കോസ് 1: 15 കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.

ഈ രണ്ടു വാക്യങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് വായിച്ചാല്‍, അത് ഇങ്ങനെ ആയിരിയ്ക്കും: ദൈവരാജ്യം പുനസ്ഥാപിക്കുവാനുള്ള കാലം തികഞ്ഞു, ഇപ്പോള്‍ ദൈവരാജ്യം സമീപിച്ചിര്‍ക്കുന്നു, അതിനാല്‍ മാനസാന്തരപ്പെടേണം, ദൈവരാജ്യത്തിന്റെ സുവിശേഷത്തില്‍ വിശ്വസിക്കേണം.

ഇതാണ് പുതിയ നിയമ സന്ദേശം. യേശു അത് വളരെ ലളിതമായി പറഞ്ഞു. എന്നാല്‍ അതില്‍ ആഴമുള്ള ആത്മീയ മര്‍മ്മങ്ങള്‍ അടങ്ങിയിട്ടുണ്ട്.

യേശുവിന്‍റെ വാക്കുകളില്‍ എന്തെല്ലാം ഉണ്ടായിരുന്നു.

യഹൂദന്മാര്‍, അബ്രാഹാമിന്റെ കാലം മുതല്‍ കാത്തിരിക്കുന്ന ഒന്നാണ് ദൈവരാജ്യം എന്നത്. എന്നാല്‍ ദൈവരാജ്യം, എന്നത് എന്താണ് എന്ന കാഴപ്പാടില്‍ അബ്രാഹാമും യേശുവിന്റെ കാലത്തെ യഹൂദന്മാരും വ്യത്യസ്തര്‍ ആയിരുന്നു. ദൈവരാജ്യം എന്നത്, “ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ” നഗരം” ആണ് എന്നു അബ്രാഹാം മനസ്സിലാക്കിയിരുന്നു. അതിനാല്‍ “വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തു” (എബ്രായര്‍ 11: 9, 10).

എന്നാല്‍ പിന്നീട് ദൈവരാജ്യം ഭൌതീക തലത്തില്‍, വാഗ്ദത്ത ദേശത്ത് സ്ഥാപിക്കപ്പെടുന്ന രാജ്യമാണ് എന്ന ചിന്ത പ്രബലമായി. യേശുവിന്റെ കാലത്ത്, യഹൂദന്മാര്‍ ഒരു ഭൌതീക രാജ്യത്തിന്‍റെ പുനസ്ഥാപനത്തിനായി കാത്തിരിക്കുക ആയിരുന്നു.

അതായത്, അബ്രാഹാമില്‍ നിന്നും, കാലത്തിന്റെ മുന്നോട്ട് ഉള്ള പോക്കില്‍, യിസ്രായേല്‍ ജനത്തിന്റെ രാക്ഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തിന് മാറ്റങ്ങള്‍ ഉണ്ടായി. അവര്‍ പല പ്രാവശ്യം ശത്രുക്കളാല്‍ ആക്രമിക്കപ്പെട്ടു. അവര്‍ പല പ്രാവശ്യം ശത്രുക്കളുടെ രാജ്യത്ത് പ്രവാസത്തില്‍ പോയി.

അനേകം രാജാക്കന്മാര്‍ യിസ്രയേലില്‍ നിന്നു തന്നെ ഉണ്ടായി. എങ്കിലും, ഭൌതീകമായ തലത്തില്‍ ദൈവരാജ്യം എന്ന നിലയിലേക്ക് അവര്‍ക്ക് മാറുവാന്‍ കഴിഞ്ഞില്ല. നിര്‍ഭാഗ്യവശാല്‍ അവരുടെ രാജ്യം തന്നെ യിസ്രായേല്‍, യഹൂദ എന്നീ രണ്ട് രാജ്യങ്ങള്‍ ആയി, വടക്കും തെക്കുമായി വിഭജിക്കപ്പെട്ടു.

എങ്കിലും ദൈവരാജ്യവും, നിത്യനായ രാജാവും എന്ന അവരുടെ പ്രത്യാശ അവര്‍ കൈവിട്ടില്ല. അവര്‍ അതിനായി തീക്ഷണതയോടെ കാത്തിരുന്നു. എന്നാല്‍ പാരമ്പര്യ വിശ്വാസവും, പ്രാവചകന്‍മാരുടെ പ്രവചനങ്ങള്‍ അവര്‍ മനസ്സിലാക്കിയ രീതിയും, അവരെ അബ്രാഹാമില്‍ നിന്നും വിഭിന്നമായ ഒരു കാഴ്ചപ്പാടില്‍ എത്തിച്ചു. ദൈവരാജ്യം നിത്യമായി ഈ ഭൂമിയില്‍ തന്നെ സ്ഥാപിക്കപ്പെടും എന്നും, അത് യിസ്രായേല്‍ ജനത്തിന്റെ രാജ്യം ആയിരിയ്ക്കും എന്നും അവര്‍ ചിന്തിച്ചു.

പഴയനിയമ കാലത്ത് യഹോവയായ ദൈവത്തെ ആരാധിക്കുന്ന ഏക ജനത, യിസ്രായേല്‍ ജനം മാത്രം ആയിരുന്നു. അതിനാല്‍ തന്നെ ദൈവരാജ്യം അവരുടെ രാജ്യം ആണ് എന്നു അവര്‍ വിശ്വസിച്ചു.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, സകല ജാതിയിലും ഗോത്രത്തിലും ദേശത്തിലും പെട്ട അനേകരെ തിരഞ്ഞെടുത്ത് ഒരുമിച്ചാക്കുന്ന ഒരു ദൈവരാജ്യം എന്ന ആത്മീയ മര്‍മ്മം അവര്‍ക്ക് വേണ്ടരീതിയില്‍ വെളിപ്പെട്ട് കിട്ടിയിരുന്നില്ല.

എന്നാല്‍ ദൈവരാജ്യത്തിന്റെ നിവര്‍ത്തിക്ക് പകരം, പലപ്പോഴും അവര്‍ക്ക് ശത്രുക്കളുടെ രാജ്യത്ത് പ്രവാസത്തില്‍ പേകേണ്ടി വന്നു.

ബാബിലോണ്‍ പ്രവാസത്തിന്‍റെ കാലത്ത്, തങ്ങളുടെ പാപങ്ങള്‍ നിമിത്തം ആണ് അവര്‍ക്ക് പ്രവാസത്തില്‍ പോകേണ്ടിവരുന്നത് എന്നു മനസ്സിലാക്കിയ യഹൂദന്മാരില്‍ ചിലര്‍, തീവ്രമായ വിശ്വാസ പ്രമാണങ്ങളിലേക്ക് തിരിഞ്ഞു. യോഹന്നാന്‍ സ്നാപകന്‍ അംഗമായിരുന്ന എസ്സെനെസ്സ് എന്ന കൂട്ടവും, പരീശന്മാര്‍ എന്ന കൂട്ടവും, ന്യായപ്രമാണങ്ങളുടെ വള്ളിപുള്ളി വിടാതെയുള്ള അനുസരണത്തില്‍ ശ്രദ്ധ വച്ചു. ദൈവരാജ്യം നിവര്‍ത്തി ആയേ പറ്റൂ. അത് മാത്രമേ യഹൂദന് രക്ഷ ഉള്ളൂ എന്ന് അവര്‍ പഠിപ്പിച്ചു.

ഇപ്രകാരം ഉള്ള ചിന്തകളുടെയും വിശ്വാസത്തിന്റെയും തീവ്രമായ അവസ്ഥയില്‍ ആണ്, യേശു വിളിച്ച് പറഞ്ഞത്, “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”, “സുവിശേഷത്തിൽ വിശ്വസിപ്പിൻ”.

ദൈവരാജ്യത്തിന്റെ നിവര്‍ത്തി സമീപിച്ചിരിക്കുന്നു എന്നു യേശുക്രിസ്തുവിന് മുമ്പ് യോഹന്നാന്‍ സ്നാപകനും വിളിച്ചുപറഞ്ഞു. “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” (മത്തായി 3:2).

എന്നാല്‍ യോഹന്നാന്‍ ദൈവരാജ്യത്തെ വിളംമ്പരം ചെയ്യുന്ന പ്രവാചകന്‍ ആയിരുന്നില്ല; അവന്‍ ദൈവരാജ്യത്തെ വിളംമ്പരം ചെയ്യുവാനിരിക്കുന്ന യേശുക്രിസ്തുവിന്‍റെ വഴി ഒരുക്കുവാന്‍ വന്നവന്‍ ആയിരുന്നു.

ഒരു രീതിയില്‍ പറഞ്ഞാല്‍, യേശുക്രിസ്തുവിന്‍റെ വരവാണ് യോഹന്നാന്‍ വിളമ്പരം ചെയ്തത്. യേശുക്രിസ്തുവിന്‍റെ സാന്നിധ്യം തന്നെ ദൈവരാജ്യത്തിന്‍റെ നിവര്‍ത്തി ആണ്.

യോഹന്നാന്‍റെ പ്രസംഗത്തിലും യേശുക്രിസ്തുവിന്‍റെ വാക്കുകളിലും നമ്മള്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. ഒന്നു ദൈവരാജ്യം സമീപിച്ചിരിക്കുന്നു, അഥവാ, ദൈവരാജ്യം വന്നിരിക്കുന്നു. രണ്ടാമത്തെ കാര്യം, ദൈവരാജ്യത്തിന് അവകാശികള്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ മാനസാന്തപ്പെടേണം. മൂന്നാമത്തെ കാര്യം അവര്‍ ദൈവരാജ്യത്തിന്റെ സുവിശേഷത്തില്‍ വിശ്വസിക്കുകയും അതിന്റെ മൂല്യങ്ങള്‍ അനുസരിച്ചു ജീവിക്കുകയും വേണം. 

ഈ സന്ദേശത്തില്‍ ജനത്തോട് ആവശ്യപ്പെടുന്ന മുഖ്യമായ വിഷയം മാനസാന്തരം ആണ്. ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നത്, എന്തുകൊണ്ട് അവര്‍ മാനസാന്തരപ്പെടേണം എന്നതും, സുവിശേഷത്തില്‍ വിശ്വസിപ്പീന്‍ എന്നത്, മനസാന്തരപ്പെട്ടത്തിന് ശേഷമുള്ള അവരുടെ ജീവിതത്തെയും കുറിച്ച് പറയുന്നു.

അതായത്, ആദ്യന്തം ഉള്ള പുതിയനിയമ സന്ദേശം, മാനസാന്തരപ്പെടേണം എന്നതാണ്.

അതിനാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു അവര്‍ പ്രസംഗിച്ചപ്പോള്‍ അതില്‍ എന്തെല്ലാം അടങ്ങിയിരുന്നു എന്നു നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

എന്താണ് മാനസാന്തരപ്പെടുക എന്നു പറഞ്ഞാല്‍? എന്തില്‍ നിന്നെല്ലാം ആണ് മാനസാന്തരപ്പെടേണ്ടത്?

മാനസാന്തരം എന്നതിന്റെ ഗ്രീക് മൂല ഭാഷ, മെറ്റാനൊഎഹോ (metanoeo,  met-an-o-eh'-o) എന്നാണ്.

ഈ വാക്കിന്റെ ഒരു അര്‍ത്ഥം ചെയ്തുപോയ പ്രവര്‍ത്തിയെ ഓര്‍ത്ത് പശ്ചാത്തപിക്കുക എന്നാണ്. എന്നാല്‍ ഇത് മാത്രമല്ല അതില്‍ ഉള്ളത്. വ്യത്യസ്ത്യമായി ചിന്തിക്കുക എന്നതും മാനസാന്തരം എന്ന വാക്കിന്‍റെ പ്രധാന അര്‍ത്ഥം ആണ്. അതായത് മാനസാന്തരം എന്നത്, ഇതേവരെ ചെയ്തുപോന്ന പ്രവര്‍ത്തികളും വിശ്വസിച്ചുപോന്ന വിശ്വാസ രീതികളും ഉപേക്ഷിച്ചിട്ട്, വ്യത്യസ്തമായി ചിന്തിക്കുക എന്നതാണ്. കഴിഞ്ഞകാല പ്രവര്‍ത്തികള്‍ തെറ്റായിരുന്നു എങ്കില്‍, പശ്ചാത്തപിച്ച് അത് ഉപേക്ഷിക്കുക; അല്ലെങ്കില്‍ കഴിഞ്ഞകാല പ്രവര്‍ത്തികള്‍ മുന്നോട്ട് ഉള്ള പോക്കിന് യോജ്യമല്ലാ എങ്കില്‍, അതില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുക.

മാനസാന്തരത്തില്‍ മനസ്സിന്റെ മാറ്റം മാത്രമല്ല, ചിന്തകളുടെയും മാറ്റം ഉണ്ട്. ചിന്തകള്‍ മാറുമ്പോള്‍, വാക്കുകള്‍ മാറും, ചിന്തകള്‍ മാറുമ്പോള്‍ പ്രവര്‍ത്തികള്‍ മാറും. ചിന്തകള്‍ മാറുമ്പോള്‍ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും, ജീവിത ലക്ഷ്യവും മാറും.

അപ്പോള്‍ മാനസാന്തരം എന്നത് ജീവിതത്തിന്റെ സമൂലമായ മാറ്റമാണ്. അത് ഇന്നേവരെയുള്ള വിശ്വാസ രീതിയില്‍ നിന്നും ജീവിത രീതിയില്‍ നിന്നും ഉള്ള തിരിഞ്ഞു നടപ്പാണ്. സമ്പൂര്‍ണ്ണമായി എതിര്‍ ദിശയിലേക്കുള്ള യാത്രയാണ്.

ഈ അര്‍ത്ഥം ആണ് നമ്മള്‍ മനസ്സിലാക്കാതെ പോകുന്നത്. 

മാനസാന്തരം നമ്മളുടെ ജീവിതത്തില്‍ ഉണ്ടാകേണ്ട മാറ്റം ആണ്. അത് ദൈവത്തിന് ഉണ്ടാകേണ്ടുന്ന മാറ്റമല്ല. ദൈവം മാറാത്തവന്‍ ആണ്.

ദൈവീക സത്വം അഥവാ ദൈവീക പ്രകൃതിയും മനോഭാവവും സ്വഭാവങ്ങളും ഒരിക്കലായി, എന്നന്നേക്കുമായി ദൈവം തിരഞ്ഞെടുത്തതാണ്. അതിനു പിന്നീട് ഒരിയ്ക്കലും മാറ്റം ഉണ്ടാകുക സാധ്യമല്ല.

അതാണ് യാക്കോബ് അപ്പോസ്തലന്‍ പറയുന്നതു: “അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. (യാക്കോബ് 1: 17b)

ദൈവം ലോകാരംഭത്തിനും മുമ്പേ എങ്ങനെ പ്രവര്‍ത്തിച്ചുവോ, എങ്ങനെ ചിന്തിച്ചുവോ, എങ്ങനെ സംസാരിച്ചുവോ, അതുപോലെ തന്നെ ഇന്നും ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും, സംസാരിക്കുകയും ചെയ്യുന്നു.

മനുഷ്യനും ദൈവത്തെപ്പോലെ തന്നെ ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും വേണം എന്നു ദൈവം ആഗ്രഹിച്ചതുകൊണ്ടാണ്, ദൈവം സ്വന്ത സ്വരൂപത്തിലും സാദൃശ്യപ്രകാരവും മനുഷ്യനെ സൃഷ്ടിച്ചത്. നന്മ തിന്‍മകളെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര ഇശ്ചാശക്തിയും ദൈവത്തില്‍ന്നും മനുഷ്യനു പകര്‍ന്ന് ലഭിച്ചത് ആയിരിക്കേണം.

എന്നാല്‍ ദൈവത്തെപ്പോലെ ആയിരിക്കുന്നത് തിരഞ്ഞെടുക്കാതെ, അവന്‍ പിശാചിന്റെ ഉപദേശത്തിന് വഴങ്ങി, പാപം ചെയ്തു. അങ്ങനെ, പാപത്തില്‍ വീണുപോയ ആദം മുതല്‍ ഇന്നേവരെ മനുഷ്യര്‍ ദൈവത്തില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു.

മനുഷ്യന്റെ ഇന്നത്തെ ചിന്തകളില്‍ നിന്നും ദൈവീക ചിന്തകളിലേക്ക് മടങ്ങി വരുന്നതാണ് മാനസാന്തരം. അത് മനുഷ്യന്റെ മനോഭാവത്തിന് വരുന്ന മാറ്റം ആണ്. അത് ദൈവത്തിന് ഉണ്ടാകുന്ന മാറ്റം അല്ല.

യോഹന്നാന്‍ സ്നാപകനും യേശുവും പ്രസംഗിച്ചത് യഹൂദന്മാരോട് ആണ് എന്ന് അറിയാമല്ലോ. അതായത് യഹൂദന്‍മാര്‍ക്ക് അക്കാലത്ത് ഉണ്ടാകേണ്ടിയിരുന്ന മാറ്റത്തെക്കുറിച്ചാണ് പ്രാഥമികമായി അവര്‍ പറഞ്ഞത്. എന്നാല്‍ എക്കാലത്തെയും എല്ലായിടത്തെയും മനുഷ്യര്‍ക്ക് ദൈവരാജ്യം അവകാശമാക്കുവാന്‍ ഇത് ആവശ്യവുമാണ്.

യഹൂദന്മാര്‍ വര്‍ഷങ്ങളായി കാത്തിരുന്ന ദൈവരാജ്യം മാനസാന്തപ്പെടുന്നവര്‍ക്ക് മാത്രം ഉള്ളതാണ് എന്നൊരു സന്ദേശം ആണ് അവര്‍ പ്രസംഗിച്ചത്. അത് ആരെയും വിധിക്കുവാന്‍ ഉള്ളതായിരുന്നില്ല, അത് ദൈവരാജ്യത്തിന്‍റെ അടിസ്ഥാന പ്രമാണം ആകയാല്‍, അനുസരിക്കുവാനുള്ള ആഹ്വാനം ആയിരുന്നു.

എങ്കിലും, നമ്മളുടെ മനോഭാവത്തിന് യാതൊരു വ്യത്യാസം കൂടാതെ, പഴയതിനെ ഉപേക്ഷിക്കാതെ ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ലാ താനും.

അപ്പോള്‍ അവര്‍ എന്തില്‍നിന്നെല്ലാം ആണ് മാനസാന്തരപ്പെടേണ്ടത്? നമുക്ക് ഒരുമിച്ച് ചിന്തിക്കാം.

ഇതിന്റെ ഉത്തരത്തിനായി, നമുക്ക് യേശുക്രിസ്തുവിന്റെ പിന്നീടുള്ള പഠിപ്പിക്കലുകള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കാം. അവര്‍ മൂന്നു കാര്യങ്ങളില്‍ നിന്നാണ് പ്രധാനമായും മാനസാന്തരപ്പെടേണ്ടി ഇരുന്നത്. ഒന്ന്, അവര്‍ പാപത്തില്‍ നിന്നും മാനസാന്തരപ്പെടേണം. രണ്ടു, അവര്‍ കപട ഭക്തിയില്‍ നിന്നും മാനസാന്തരപ്പെടേണം. മൂന്ന്, അവര്‍ ഭൌതീക കാഴ്ചപ്പാടുകളില്‍ നിന്നും സ്വര്‍ഗ്ഗീയ കാഴ്ചപ്പാടിലേക്ക് മാനസാന്തരപ്പെടേണം.

ഇത് നമുക്ക് വിശദമായി പഠിക്കാം.

ജഡപ്രകാരം വാഗ്ദത്തങ്ങള്‍ പ്രാപിക്കുവാന്‍ സാധ്യമല്ല

നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, യോഹന്നാന്‍ സ്നാപകന്‍ യേശുവിന്റെ ചരിത്ര പ്രധാനമായ വിളംബരത്തിനായി വഴി ഒരുക്കുവാന്‍ വന്നവനാണ് എന്നു വേദപുസ്തകം പറയുന്നു. അവന്‍ ദൈവാരാജ്യം സമീപിച്ചിരിക്കുന്നു എന്നു  പ്രസംഗിച്ചു.  വരുവാനുള്ള കോപത്തെക്കുറിച്ചും അവന്‍ പ്രസംഗിച്ചു. (മത്തായി 3:7). അത് കേട്ടിട്ട് അനേകര്‍ അവന്റെ അടുക്കല്‍ വന്ന്, മാനസാന്തര സ്നാനം സ്വീകരിച്ചു.

അവരില്‍ ചില പരീശന്മാരും സദൂക്യരും ഉണ്ടായിരുന്നു. എന്നാല്‍ അവരോടു യോഹന്നാന്‍ ആവശ്യപ്പെട്ടത്, മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പീന്‍ എന്നാണ്.

ഇവിടെ യോഹന്നാന്‍, അവരുടെ അന്നേവരെയുള്ള ചിന്തകളെ മാറ്റുവാന്‍ ഉപദേശിക്കുക ആണ്. യഹൂദന്മാര്‍ അബ്രാഹാമിന്റെ സന്തതികള്‍ ആണ് എന്നും അതിനാല്‍ തന്നെ അന്ത്യ ന്യായവിധിയില്‍ നിന്നും രക്ഷ ഉണ്ട് എന്നും അവര്‍ വിശ്വസിച്ചിരുന്നു. ഇനി അവര്‍ക്ക് മാനസാന്തരം ആവശ്യമില്ല.

വെള്ളത്താല്‍ പാപങ്ങളെ കഴുകി കളഞ്ഞു ശുദ്ധി ആകുന്ന രീതി അന്നത്തെ യഹൂദന്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ യോഹന്നാന്‍ അവരോടു പറഞ്ഞു, ഒരു ബാഹ്യമായ ക്രിയ എന്ന രീതിയില്‍ വെള്ളത്തില്‍ ശരീരം കഴുകിയാല്‍ പാപം നീങ്ങിപ്പോകുകയോ, ന്യായവിധിയില്‍ നിന്നും രക്ഷ പ്രാപിക്കുകയോ ചെയ്യുക ഇല്ല. പാപം നീങ്ങിപ്പോകേണമെങ്കില്‍ അന്തരംഗത്തില്‍ മാനസാന്തരപ്പെടേണം. അവരുടെ ചിന്തയും, പ്രവര്‍ത്തിയും മാറേണം. അവര്‍ മാനസാന്തരപ്പെടേണം. മാനാസന്തപ്പെട്ടവര്‍ക്ക് യോഗ്യമായ ഫലം ജീവിതത്തില്‍ ഉണ്ടാകേണം.

അപ്പോള്‍, ജഡപ്രകാരം അബ്രാഹാമിന്റെ സന്തതി ആയി ജനിച്ചതുകൊണ്ടും പരിച്ഛേദന ഏറ്റതുകൊണ്ടും, അബ്രഹാം പിതാവായി ഉള്ളതുകൊണ്ടും അവര്‍ക്ക് രക്ഷ ഉണ്ട് എന്ന ചിന്തയ്ക്ക് പുതിയനിയമ സന്ദേശത്തില്‍ വ്യത്യാസം ഉണ്ടായി.

യേശുവും ഇത് തന്നെ ആണ് പ്രസംഗിച്ചത്. യോഹന്നാന്‍റെ സുവിശേഷം 8 ആം അദ്ധ്യായത്തില്‍ യേശുവിന്‍റെ ഒരു ദീര്‍ഘമായ പ്രസംഗം രേഖപ്പെടുത്തിയിട്ടുണ്ട്.

യോഹന്നാന്‍ 8: 1 മുതല്‍ 11 വരെയുള്ള വാക്യങ്ങളില്‍ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയുടെ പാപങ്ങള്‍ യേശു മോചിച്ചുകൊടുക്കുന്നത് നമ്മള്‍ വായിക്കുന്നു. അവള്‍ക്ക് യേശു നല്കിയ ഉപദേശം ശ്രദ്ധേയം ആണ്: “ഇനി പാപം ചെയ്യരുതു”.

അതിനു ശേഷം യേശു ദൈവാലത്തിലെ ഭണ്ഡാരസ്ഥലത്ത് വച്ച് ചില ഉപദേശങ്ങള്‍ പറയുന്നതായി നമ്മള്‍ വേദപുസ്തകത്തില്‍ കാണുന്നു. യേശു യഹൂദന്മാരോട് പറഞ്ഞു: “നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും.” (8:21) അവന്റെ വാകുകള്‍ കേട്ട അനേകര്‍ അവനില്‍ വിശ്വസിച്ചു. വിശ്വസിച്ചവരോടു യേശു ക്രിസ്തു പറഞ്ഞു: “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” (8:32)

അപ്പോള്‍ അവനില്‍ വിശ്വസിക്കാത്ത യഹൂദന്മാര്‍ അവനോടു, “ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല എന്ന് വാദിച്ചു പറഞ്ഞു. (8:33)

യഹൂദന്മാര്‍ അവര്‍ അബ്രാഹാമിന്റെ സന്തതികള്‍ ആണ് എന്നും അവര്‍ക്ക് മാനസാന്തരപ്പെടേണ്ട കാര്യമില്ല എന്നും ആണ് വാദിച്ചത്.

അവരുടെ ചില വാക്കുകളെയും യേശു അതിനു പറഞ്ഞ മറുപടിയും നമുക്ക് ശ്രദ്ധയോടെ വായിയ്ക്കാം.

 

യോഹന്നാന്‍ 8:

39 അവർ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: “നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.

44 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു.

47 ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല.”

യേശു പറയുന്നതു ഇതാണ്, അവര്‍ ജഡപ്രകാരം അബ്രാഹാമിന്‍റെ വംശാവലിയില്‍ ജനിച്ചവര്‍ ആയിരിക്കാം. പക്ഷേ, അത് അബ്രാഹാമിന്‍റെ സന്തതി എന്ന അവകാശത്തിന് കാരണമാകുന്നില്ല. മനസ്സുകൊണ്ടും പ്രവര്‍ത്തികളാലും അവര്‍ പിശാചിന്‍റെ മക്കള്‍ ആയിരിക്കുന്നു. അതിനാല്‍ തന്നെ അവര്‍ ദൈവ രാജ്യത്തിന്‍റെ സുവിശേഷം നിരസിക്കുന്നു.

യേശു പറയുന്ന സന്ദേശം വ്യക്തമാണ്. നമ്മളുടെ ജഡപ്രകാരം ഉള്ള മാതാപിതാക്കന്മാര്‍ ആരായിരുന്നാലും, അവര്‍ വിശ്വാസ വീരന്മാര്‍ ആയിരുന്നാലും, അതിനാല്‍ നമ്മള്‍ ദൈവരാജ്യം അവകാശമാക്കുക ഇല്ല.

ദൈവരാജ്യം അവകാശമാക്കുവാന്‍, പാപത്തിന്‍റെ ജീവിത രീതികള്‍ ഉപേക്ഷിച്ചുകളഞ്ഞു, എതിര്‍ ദിശയിലേക്ക് യാത്ര ചെയ്യേണ്ടിയിരിക്കുന്നു.

ഇത് തന്നെ ആണ് യേശു നിക്കോദേമൊസിനോട് പറഞ്ഞതും. യേശുവിന്റെ വാക്കുകള്‍ ഇതായിരുന്നു.  

 

യോഹന്നാന്‍ 3: 3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല എന്നു ഉത്തരം പറഞ്ഞു.

ജഡപ്രകാരം അബ്രാഹാമിന്റെ സന്തതിയും മതവിശ്വാസ പ്രകാരം യഹൂദ പള്ളിയിലെ പ്രമാണിയും ആയ നിക്കോദേമൊസിനോട് ആണ് യേശു പറഞ്ഞത്,പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല”.

ഇതൊരു പുതിയ ചിന്തയായി നിക്കോദേമൊസിന് തോന്നിയിരിക്കാം. എന്നാല്‍ യഹൂദന്മാര്‍ അഭിമാനം കൊള്ളുന്ന അബ്രഹാം പിതാവിന്റെ കാലത്ത് തന്നെ വെളിപ്പെട്ട ഒരു ആത്മീയ സത്യം ആണിത്.

1 ദിനവൃത്താന്തം 1: 28 ല്‍ “അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ” എന്നു പറയുന്നുണ്ട്.

ഉല്‍പ്പത്തി 17 ആം അദ്ധ്യായത്തില്‍ ദൈവം പരിച്ഛേദനയുടെ കല്‍പ്പന അബ്രാഹാമിന് കൊടുക്കുന്നു.

അബ്രാഹാമിന്റെ സന്തതി പരമ്പരകളില്‍ ജനിക്കുന്ന പുരുഷപ്രജ എല്ലാം എട്ട് ദിവസം പ്രായമാകുമ്പോള്‍ പരിച്ഛേദന എല്‍ക്കേണം എന്നും അവരുടെ വീട്ടില്‍ ജനിച്ച ദാസനും, വിലയ്ക്ക് വാങ്ങിയ ദാസന്മാരും പരിച്ഛേദന എല്‍ക്കേണം എന്നും ദൈവം കല്‍പ്പിക്കുന്നു. (17:12)

എന്നാല്‍, പരിച്ഛേദന ഏറ്റ എല്ലാവരും അബ്രാഹാമിനോടുള്ള ദൈവീക വാഗ്ദത്തത്തിന് അവകാശികള്‍ ആയില്ല. അബ്രാഹാമിന്‍റെ ദാസന്‍മാര്‍ക്ക് ദൈവീക ഉടമ്പടിയിന്‍മേല്‍ അവകാശം ഉണ്ടായിരുന്നില്ല. അബ്രാഹാമിന്റെ വിശ്വസ്ത ദാസനായ എല്യേസർ പോലും അബ്രാഹാമിന്റെ ഉടമ്പടിയുടെ അവകാശി ആയിരുന്നില്ല.

അബ്രാഹാമിന് സാറയുടെ ദാസിയായ ഹാഗാറില്‍ ജനിച്ച മകന്‍ യിശ്മായേലും പരിച്ഛേദന ഏറ്റു എങ്കിലും അവന്‍  ഉടമ്പടിയ്ക്കു അവകാശി ആയില്ല.

ഉല്‍പ്പത്തി 25 ല്‍ അബ്രാഹാം കെതൂറായെ ഭാര്യയായി പരിഗ്രഹിച്ചു എന്നും അവളില്‍ 6 മക്കള്‍ ജനിച്ചു എന്നും പറയുന്നുണ്ട്. അവരും പരിച്ഛേദന ഏറ്റു എന്നു തന്നെ നമുക്ക് ചിന്തിക്കാം.

എന്നാല്‍ അവരില്‍ ഒരാള്‍ പോലും വാഗ്ദത്തത്തിന് അവകാശി ആയില്ല. അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന്നു കൊടുത്തു.

അപ്പോള്‍ പുതിയ നിയമ സന്ദേശം വ്യക്തമാണ്. ജഡപ്രകാരമുള്ള യാതൊന്ന് കൊണ്ടും ദൈവരാജ്യം അവകാശമാക്കുവാന്‍ കഴിയുക ഇല്ല. ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചു എന്നതുകൊണ്ടോ, വീണ്ടും ജനിച്ച മാതാപിതാക്കന്മാര്‍ ഉള്ളതുകൊണ്ടോ, ഒരു പ്രാദേശിക സഭയിലെ അംഗമായതുകൊണ്ടോ, ജഡപ്രകാരമുള്ള ഏതെങ്കിലും പ്രവര്‍ത്തികള്‍ കൊണ്ടോ ദൈവരാജ്യം അവകാശമാക്കുവാന്‍ സാധ്യമല്ല.

ദൈവരാജ്യം അവകാശമാക്കുവാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളൂ, അത് വീണ്ടും ജനനം പ്രാപിക്കുക എന്നതാണ്. അതിന് മാനസാന്തരം ആവശ്യമാണ്. അതായത് ഇതുവരെയുള്ള തെറ്റായ ജീവിതരീതിയില്‍ നിന്നും ജഡത്തില്‍ ആശ്രയിക്കുന്ന വിശ്വാസത്തില്‍ നിന്നും തിരിഞ്ഞു നടക്കേണ്ടത് ആവശ്യമാണ്.

കപടഭക്തി ദൈവരാജ്യം അവകാശമാക്കുക ഇല്ല

മാനസാന്തരത്തിന്റെ പുതിയനിയമ സന്ദേശം രണ്ടാമതായി ലക്ഷ്യം വയ്ച്ചത് സദൂക്യരെയും ശാസ്ത്രിമാരെയും പരീശന്മാരെയും ആണ്. അവര്‍ ആരായായിരുന്നു എന്നു വിശദമായി പറയുവാന്‍ ഇവിടെ ആഗ്രഹിക്കുന്നില്ല. എങ്കിലും യേശുക്രിസ്തുവിന്റെ വാക്കുകളില്‍ നിന്നും അവരെക്കുറിച്ച് മനസ്സിലാക്കുവാന്‍ നമുക്ക് ശ്രമിക്കാം. യേശുക്രിസ്തു എന്തിനെയെല്ലാം ആണ് തള്ളിപറഞ്ഞത് എന്നു മനസ്സിലാക്കുവാന്‍ ഇത് എളുപ്പമാകും.

യേശുവിന്റെ കാലത്ത്, യഹൂദന്മാരുടെ സമൂഹത്തില്‍ വളരെ സ്വാധീനമുണ്ടായിരുന്ന ഒരു മത വിഭാഗം ആയിരുന്നു സദൂക്യര്‍. അവര്‍ എല്ലാവരും സമ്പന്നരും ആയിരുന്നു. അവര്‍ മത കാര്യങ്ങളില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും ജീവിതം മലിനം ആയിരുന്നു.

അവര്‍ക്ക് യഹൂദ ദൈവാലയത്തിലും ന്യായാധിപ സംഘത്തിലും വളരെ സ്വാധീനം ഉണ്ടായിരുന്നു. ഭൌതീക സമ്പത്തു സാമ്പാദിക്കുക എന്നതായിരുന്നു അവരുടെ പ്രധാന താല്‍പര്യം.  

യോഹന്നാന്‍ സ്നാപകന്‍ അവരെ “സർപ്പസന്തതികളെ എന്നാണ് വിളിച്ചത്. (മത്തായി 3:7). യേശു ക്രിസ്തു അവരെ, “ദോഷവും വ്യഭിചാരവുമുള്ള തലമുറ” എന്നാണ് വിശേഷിപ്പിച്ചത്. (മത്തായി 16: 4). “പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊൾവിൻ” എന്ന് യേശു ശിഷ്യന്മാരെ ഉപദേശിക്കുന്നുണ്ട്. അവരുടെ ദുരുപദേശങ്ങളെക്കുറിച്ചാണ് യേശു അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

“നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.” എന്ന് യേശു അവരോട് പറയുന്നതായി നമ്മള്‍ മത്തായി 22: 29 ല്‍ വായിക്കുന്നുണ്ട്.

സദൂക്യരുടെ ധനസമ്പാദന മാര്‍ഗ്ഗം യെരുശലേം ദൈവാലയം ആയിരുന്നു. അതിനാല്‍ തന്നെ AD 70 ല്‍ ദൈവാലയം തകര്‍ക്കപ്പെട്ടതോടെ അവരുടെ ശക്തിയും എണ്ണവും ക്ഷയിക്കുകയും അവര്‍ ചരിത്രത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമാകുകയും ചെയ്തു.

യോഹന്നാന്‍ സ്നാപകനും യേശുവും സദൂക്യരോട് പറഞ്ഞ പുതിയ നിയമ സന്ദേശം ഇതാണ്, ദൈവരാജ്യം വന്നിരിക്കുന്നു; അതിനാല്‍ ഇന്നേവരെയുള്ള ജീവിതത്തില്‍ നിന്നും തിരിഞ്ഞു നടക്കേണ്ടുന്ന സമയമായി.

ശാസ്ത്രിമാര്‍ എന്നത് അന്നത്തെ യഹൂദ സമൂഹത്തിലെ മറ്റൊരു പ്രബലമായ മത വിഭാഗം ആയിരുന്നു. അവര്‍ നിയമങ്ങളില്‍ പ്രഗല്‍ഭര്‍ ആയിരുന്നു. നിയമപരമായ ഉടമ്പടികല്‍ തയ്യാറാക്കുക അവരുടെ ഒരു പ്രധാന ജോലി ആയിരുന്നു. അന്ന് എഴുത്തിലും വായനയിലും നിപുണരായവര്‍ ചുരുക്കം ആയിരുന്നതിനാല്‍, ശാസ്ത്രിമാര്‍ ആയിരുന്നു തിരുവെഴുത്തുകളുടെ പകര്‍പ്പ് ഉണ്ടാക്കിയിരുന്നതും, രാജാക്കന്‍മാര്‍ക്ക് വേണ്ടി കത്തുകളോ മറ്റ് രേഖകളോ ഉണ്ടാക്കിയിരുന്നതും.

പഴയനിയമ പുസ്തകങ്ങള്‍ പകര്‍ത്തി എഴുതിയിരുന്നത് ഇവര്‍ ആയിരുന്നതിനാല്‍ തിരുവെഴുത്തുകള്‍ നല്ലതുപോലെ അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ തിരുവെഴുത്തുകളുടെ മര്‍മ്മങ്ങള്‍ മനസ്സിലാക്കുവാന്‍ അവര്‍ പരാജയപ്പെട്ടു.

യേശുക്രിസ്തു മശിഹാ ആണ് എന്ന് തിരിച്ചറിയുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ അവര്‍ യേശുക്രിസ്തുവിന്റെ ദൈവരാജ്യത്തിന്‍റെ സുവിശേഷത്തെ രൂക്ഷമായി എതിര്‍ത്തിരുന്നു.

മത്തായി 23: 2, 3 വാക്യങ്ങളില്‍ യേശുവിന്റെ വാക്കുകള്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു.  ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.”

ഇവിടെ ശാസ്ത്രിമാരുടെ തിരുവെഴുത്തുകളെക്കുറിച്ചുള്ള അറിവ് യേശുവും അംഗീകരിക്കുന്നു, എന്നാല്‍ അവര്‍ യാതൊന്നു പ്രമാണിക്കുന്നില്ല എന്ന കുറവും ചൂണ്ടിക്കാണിക്കുന്നു.

അതായത് ഉപദേശം നല്ലത് തന്നെ, പക്ഷേ ജീവിതം അനുകരിക്കുവാന്‍ യോജ്യമല്ല.

മര്‍ക്കോസിന്റെ സുവിശേഷം 12:38 മുതല്‍ 40 വരെയുള്ള വാക്യങ്ങളില്‍, യേശു ശാസ്ത്രിമാരെക്കുറിച്ച് പറഞ്ഞത് ഇതാണ്: 

 

38  അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ വന്ദനവും

39  പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.

40  അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർത്ഥന കഴിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.

യേശുവിന്റെ കാലത്തെ മൂന്നാമത്തെ പ്രബലമായ ഒരു മത വിഭാഗം ആയിരുന്നു പരീശന്മാര്‍.

സാധാരണ ജനങ്ങളും സമ്പന്നര്‍ അല്ലാത്ത പുരോഹിതന്മാരും ആയിരുന്നു ഈ വിഭാഗത്തില്‍ ഏറെയും.

മതപരമായി യാഥാസ്ഥികര്‍ ആയിരുന്നു ഇവര്‍. സാധാരണക്കാര്‍ ഇവരെ അംഗീകരിക്കുകയും ബഹുമാനത്തോടെ കാണുകയും ചെയ്തു. എഴുതപ്പെട്ട തിരുവചനത്തെ അവര്‍ ദൈവ നിശ്വാസിയമായി കണ്ടു. ഒപ്പം തന്നെ യഹൂദന്മാരുടെ വായ്മൊഴിയാലുള്ള പ്രമാണങ്ങളെയും തുല്യമായി കണ്ടു വിശ്വസിച്ചു.

എന്നാല്‍ യേശുക്രിസ്തുവിന്‍റെ മുഖ്യ ശത്രുക്കളില്‍ ഒരു കൂട്ടര്‍ ആയിരുന്നു പരീശന്മാര്‍.

യേശുക്രിസ്തു പരീശന്മാരുടെ കപടഭക്തിയെ നിരന്തരം നിശതമായി വിമര്‍ശിച്ചു. സുവിശേഷം വായിക്കുമ്പോള്‍ പരീശന്മാര്‍ എന്ന പേര് കപടഭക്തിയുടെ പര്യായമായി നമുക്ക് തോന്നാറുണ്ട്.

മത്തായി 23: 5 – 7 വരെ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്: “ അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു. അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും, അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു.

അതേ അദ്ധ്യായം, 13 മുതല്‍ 36 വരെയുള്ള വാക്യങ്ങളില്‍ യേശുക്രിസ്തു ശാസ്ത്രിമാരെയും പരീശന്മാരെയും നോക്കി,നിങ്ങൾക്കു ഹാ കഷ്ടം” എന്നു 8 പ്രാവശ്യം പറയുന്നുണ്ട്. കര്‍ത്താവ് പറയുന്നത് ഇതൊക്കെ ആണ്:

1.        അവര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ സ്വയം പ്രവേശിക്കുക ഇല്ല എന്നു മാത്രമല്ല, മറ്റുള്ളവര്‍ കടക്കുവാന്‍ സമ്മതിക്കുന്നതുമില്ല.

2.      അവര്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുന്നു. ഉപായരൂപേണ പ്രാര്‍ത്ഥിക്കുന്നു.

3.      ഒരുവനെ മതത്തില്‍ ചേര്‍ക്കുവാന്‍ അവര്‍ കഠിനമായി ശ്രമിക്കും എങ്കിലും ചേർന്നശേഷം അവനെ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു.

4.      അവര്‍ കുരുടന്മാരായ വഴികാട്ടികള്‍ ആണ്. അവരുടെ ഉപദേശങ്ങള്‍ വഴിതെറ്റിക്കുന്നത് ആണ്.

5.      അവര്‍ സകലത്തിനും ദശാംശം കൊടുക്കുന്നു എങ്കിലും, ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളയുന്നു. അവര്‍ ചെറിയ തെറ്റുകള്‍ ചെയ്യുന്നവരെ വിധിക്കുകയും വലിയ പാപം ചെയ്യുന്നവരെ വെറുതെവിടുകയും ചെയ്യുന്നു.

6.      വിശുദ്ധിയുടെ ബാഹ്യമായ ലക്ഷണങ്ങള്‍ അവര്‍ക്ക് ഉണ്ട് എങ്കിലും, അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. 

7.       അവര്‍ വെള്ള തേച്ച ശവക്കല്ലറകള്‍ ആണ്.

8.      അവര്‍ പ്രവാചകന്മാരെ കൊന്നവരുടെ തലമുറ ആണ്.

അതിനാല്‍ യേശു അവരെ “പാമ്പുകളേ, സർപ്പസന്തതികളേ എന്നാണ് വിളിക്കുന്നത്.

ഇവരോട് യേശു വിളിച്ചു പറഞ്ഞു: ദൈവരാജ്യം സമീപിച്ചിരിക്കുന്നു, അതിനാല്‍ മാനസാന്തരപ്പെടേണം.

എവിടെനിന്നെല്ലാം മാനസാന്തരപ്പെടേണം എന്നാണ് യേശു അവരോടു പറഞ്ഞത്?

മതപരമായ ഇടപെടലുകളിലൂടെ ഭൌതീക സമ്പത്തു സാമ്പാദിക്കുക എന്നത് ദൈവരാജ്യത്തിന് എതിരാണ്. തെറ്റായ ഉപദേശങ്ങള്‍ ഉപേക്ഷിക്കേണം. ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് ഒത്തവണമുള്ള പ്രവൃത്തികൾ ഉണ്ടാകേണം. കപട ഭക്തിയും, വിശുദ്ധിയുടെ ബാഹ്യമായ വേഷപ്പകര്‍ച്ചയും ഉപേക്ഷിക്കേണം. ഇവയില്‍ നിന്നെല്ലാം അവര്‍ മാനസാന്തരപ്പെട്ട്, അവയെ ഉപേക്ഷിച്ച്, തിരിഞ്ഞു നടക്കേണം.

ചുരുക്കി പറഞ്ഞാല്‍, ദൈവരാജ്യത്തിന്റെ പുതിയ നിയമ സന്ദേശം, കപടഭക്തിയെയും, അതിന്റെ വേഷങ്ങളെയും നിരസിക്കുന്നു. പകരമായി, ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്ക് ഒത്തവണമുള്ള ഫലം ജീവിതത്തില്‍ ഉണ്ടാകേണം എന്നു ആവശ്യപ്പെടുന്നു.

ഇതുതന്നെ ആണ് പൌലൊസ് ഫിലിപ്പിയര്‍ 2:5 ല്‍ പറയുന്നത്: “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.”

അതായത് ക്രിസ്തുവിന്റെ മനോഭാവം നമ്മളില്‍ ഉണ്ടായിരിക്കേണം. അതില്‍ കുറഞ്ഞതൊന്നും പുതിയനിയമ ഉടമ്പടി പ്രകാരമുള്ള മാനസാന്തരം അല്ല.

ഭൌതീക അനുഗ്രഹങ്ങളെ വിട്ട് തിരിയേണം

പുതിയനിയമ സന്ദേശത്തിന്‍റെ കാതലായ മറ്റൊരു വശം, ദൈവരാജ്യത്തെ കുറിച്ചുള്ള യേശുവിന്റെ കാലത്തെ യഹൂദന്മാരുടെ കാഴ്പ്പാടുകളുടെ വ്യത്യാസം ആയിരുന്നു.

പഴയനിയമ യിസ്രായേലിന് ദൈവരാജ്യം ഭൌതീകമായ വാഗ്ദത്തം ആയിരുന്നു. ദാവീദിനോടുള്ള നിത്യ രാജത്വത്തിന്‍റെ വാഗ്ദാനം അവര്‍ക്ക് തികച്ചും ഭൌതീകമായ ഒരു രാജ്യം ആയിരുന്നു.

എന്നാല്‍ പഴയനിയമത്തിലെ വാഗ്ദത്തങ്ങള്‍ക്കും അവയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ക്കും രണ്ടു തലങ്ങള്‍ ഉണ്ട്. ഒന്നു ഭൌതീകവും രണ്ടാമത് ആത്മീയവും ആണ്. ഒരു നിവൃത്തി ഉടന്‍ ഉണ്ടാകുകയും മറ്റൊന്ന് ഭാവിയില്‍ സംഭവിക്കാനിരിക്കുന്നതും ആയിരുന്നു. ഇത് ഇങ്ങനെ മനസ്സിലാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

അബ്രാഹാമിനെ നോക്കിയാല്‍ ഇത് നമുക്ക് വ്യക്തമാകും. ദൈവം അബ്രാഹാമിനെ വിളിച്ച്, വാഗ്ദത്തമായി പറഞ്ഞ, അനുഗ്രഹം, ദേശം, സന്തതി എന്നിവയെല്ലാം ഭൌതീകം ആയിരുന്നു. അതെല്ലാം അബ്രാഹാമിന്റെ ജീവിത കാലത്ത് തന്നെ നിവര്‍ത്തിക്കപ്പെടുകയും ചെയ്തു. അവന്‍ അത് അനുഭവിച്ച്, മഹാ സമ്പന്നന്‍ ആയി, പൂര്‍ണ്ണ വാര്‍ദ്ധിക്യത്തില്‍ മരിച്ചു.

എന്നാല്‍ അബ്രഹാം ഇതെല്ലാം ഭൌതീക തലത്തില്‍ അനുഭവിച്ചപ്പോള്‍ തന്നെ, ഇതിനുമപ്പുറം സ്വര്‍ഗ്ഗീയമായ ഒരു നിവര്‍ത്തി കൂടെ ഉണ്ട് എന്നും, അത് ഭാവിയില്‍ നിവര്‍ത്തിക്കപ്പെടും എന്നും, ഭൌതീകം വെറും നിഴലും, സ്വര്‍ഗീയം പൊരുളും ആണ് എന്നും മനസ്സിലാക്കി, അതിനായി പ്രത്യാശയോടെ ജീവിച്ചു. യിസ്ഹാക്കും, യാക്കോബും ഇങ്ങനെ തന്നെ വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്തു.

അതിനെക്കുറിച്ചാണ് നമ്മള്‍ എബ്രായര്‍ക്ക് എഴുതിയ ലേഖനം 11 ആം അദ്ധ്യായത്തില്‍ വായിക്കുന്നത്. ലേഖനം ആരംഭിക്കുന്നത് തന്നെ കാണാത്ത കാര്യങ്ങളുടെ നിശ്ചയത്താല്‍ പൂര്‍വ്വികര്‍ക്ക് സാക്ഷ്യം ലഭിച്ചു എന്നു പറഞ്ഞുകൊണ്ടാണ്.

9, 10 വാക്യങ്ങള്‍ പറയുന്നു: അബ്രഹാം വിശ്വാസത്താല്‍, “വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു,  ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.”

13 ആം വാക്യത്തില്‍ നമ്മള്‍ വായിക്കുന്നു: “ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.”

16 ആം വാക്യം പറയുന്നു, അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു”.

ഇതേ അദ്ധ്യായത്തിന്‍റെ അവസാന വാക്യങ്ങള്‍ ഇങ്ങനെ ആണ്: “അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. (39). അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു. (40).

അബ്രഹാം, യിസ്ഹാക്, യാക്കോബ്, എന്നിങ്ങനെ ഉള്ള പഴയനിയമ വിശുദ്ധന്മാര്‍ ഭൌതീക തലത്തില്‍ അനുഗ്രഹം പ്രാപിച്ചവര്‍ ആണ്. എങ്കിലും എബ്രായ ലേഖന കര്‍ത്താവ് പറയുന്നു, അവര്‍ എല്ലാവരും വാഗ്ദത്ത നിവൃത്തി പ്രാപിച്ചില്ല. അവര്‍ രക്ഷാപൂര്‍ത്തി പ്രാപിച്ചില്ല.

അതായത് വാഗ്ദത്ത നിവൃത്തിയും രക്ഷാപൂര്‍ത്തിയും ഭൌതീക അനുഗ്രഹങ്ങള്‍ അല്ല.

ഈ ആത്മീയ മര്‍മ്മത്തിലേക്ക് തിരികെ നടക്കുവാനാണ് യേശു അന്നത്തെ യഹൂദന്മാരോടും ഇന്ന് നമ്മളോടും  ആവശ്യപ്പെടുന്നത്. ഇതാണ് പുതിയ നിയമ സന്ദേശം.

ഇതിന്റെ അര്‍ത്ഥം, നമ്മളുടെ ദൈവം, തന്റെ ജനത്തെ ഭൌതീകമായി അനുഗ്രഹിക്കുക ഇല്ല, എന്നല്ല. ദൈവം നമ്മളെ ഭൌതീകമായും അനുഗ്രഹിക്കും, നമുക്ക് ഈ ഭൂമിയില്‍ ജീവിക്കുവാന്‍ ആവശ്യമായതെല്ലാം അവിടുന്ന് തക്ക സമയത്ത്, തക്ക അളവില്‍ തന്നുകൊണ്ടിരിക്കും. പഴയനിയമ വിശ്വാസികളെ ഭൌതീകമായി അനുഗ്രഹിച്ച അതേ ദൈവം തന്നെ ആണ്, പുതിയ നിയമ വിശ്വാസിയുടെയും ദൈവം. ദൈവത്തിന് മാറ്റമൊന്നും വന്നിട്ടില്ല.

എന്നാല്‍, ഭൌതീക അനുഗ്രഹങ്ങള്‍ ആണ് എല്ലാം എന്നോ, ഭൌതീക അനുഗ്രഹങ്ങള്‍ നല്കുക എന്നതാണ് ദൈവവും നമ്മളും തമ്മിലുള്ള ബന്ധമെന്നോ, ഭൌതീക അനുഗ്രഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുവന്‍റെ ദൈവവുമായുള്ള ബന്ധത്തെ നിര്‍വചിക്കാമെന്നോ ഉള്ള ചിന്ത പുതിയ നിയമ സന്ദേശം അല്ല.

ഇത് ഞാന്‍ അല്‍പ്പം വിശദീകരിക്കാം.

മോശെയുടെ ഉടമ്പടി എന്നു അറിയപ്പെടുന്ന പഴയനിയമ പ്രമാണങ്ങള്‍ ആണ് ദൈവവും യിസ്രായേല്‍ ജനവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം. ഈ ഉടമ്പടിയുടെ സ്വഭാവം വിവരിക്കുന്ന വേദഭാഗം ആണ് ആവര്‍ത്തന പുസ്തകം 28 ആം അദ്ധ്യായം. അതായത്, മോശെയുടെ ഉടമ്പടി പാലിച്ച് ജീവിച്ചാല്‍ ദൈവം അവര്‍ക്കുവേണ്ടി എന്തു ചെയ്യും, ഉടമ്പടി ലംഘിച്ചാല്‍ അവര്‍ക്ക് എന്തു സംഭവിക്കും എന്നാണ് ഇവിടെ വിശദീകരിക്കപ്പെടുന്നത്. എല്ലാ ഉടമ്പടികളുടെയും ഒഴിച്ചുകൂടാനാവാത്ത ഭാഗം ആണ് അനുഗ്രഹവും ശാപവും. അനുഗ്രഹങ്ങളുടെയും ശാപങ്ങളുടെയും ഒരു നീണ്ട പട്ടിക തന്നെ നമുക്ക് ഇവിടെ വായിക്കാം. ഇവയെല്ലാം ഭൌതീക അനുഗ്രഹങ്ങളും ഭൌതീക തലത്തില്‍ അനുഭവിക്കേണ്ടി വരുന്ന ശാപങ്ങളും ആയിരുന്നു. അവയില്‍ ഒരിടത്തുപോലും സ്വര്‍ഗ്ഗത്തെക്കുറിച്ചോ, നരകത്തെക്കുറിച്ചോ പറയുന്നില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഒരു ആത്മീയ മര്‍മ്മവും ഇവിടെ പരാമര്‍ശിക്കപ്പെടുന്നില്ല.

യിസ്രായേല്‍ ജനത്തിന്റെ പഴനിയമ കാല ചരിത്രം പരിശോധിച്ചാല്‍, ഈ ഉടമ്പടിയുടെ നിവൃത്തി കാണുവാന്‍ കഴിയും. അവര്‍ ദൈവത്തെ മാത്രം ആരാധിച്ചും ദൈവീക കല്‍പ്പനകള്‍ അനുസരിച്ച് ജീവിച്ചും പോന്ന കാലങ്ങളില്‍, ആവര്‍ത്തന പുസ്തകം 28 ല്‍ പറയുന്നതുപോലെ അവര്‍ അനുഗ്രഹിക്കപ്പെട്ടു. യിസ്രായേല്‍ ദൈവത്തെ വിട്ട് അകന്നു ജീവിച്ചപ്പോള്‍ എല്ലാം, അതേ അദ്ധ്യായത്തില്‍ പറയുന്ന ശാപം അവരുടെമേല്‍ വന്നു. ശാപത്തിന്‍റെ ഭീകരത, വാഗ്ദത്ത ദേശത്തുനിന്നും മാറ്റപ്പെട്ട്, അന്യജാതിക്കാരുടെ ഇടയില്‍ പ്രവാസത്തില്‍ ജീവിക്കേണ്ടി വരിക എന്നതായിരുന്നു. യഹൂദ ജനതയുടെ വാഗ്ദത്ത ദേശത്തോടുള്ള അഗാധമായ ബന്ധം ഇങ്ങനെ വേണം നമ്മള്‍ മനസ്സിലാക്കുവാന്‍.

എന്നാല്‍, ഭൌതീക അനുഗ്രഹങ്ങള്‍, വരുവാനുള്ള, സ്വര്‍ഗീയമായ, നിത്യമായ അനുഗ്രഹങ്ങളുടെ നിഴല്‍ മാത്രമാണ് എന്നു അബ്രാഹാമിനെ പോലെ ഉള്ള പൂര്‍വ്വീകര്‍ മനസ്സിലാക്കിയിരുന്നു എന്നു നമ്മള്‍ കണ്ടു കഴിഞ്ഞല്ലോ. ഈ കാഴ്ചപ്പാട് ക്രമേണ യിസ്രായേല്‍ ജനത്തിന് നഷ്ടപ്പെട്ടു. അതായത്, ദൈവീക വാഗ്ദത്തത്തിന് ഉടന്‍ എന്നും, ഭാവിയില്‍ എന്നും ഉള്ള രണ്ടു തലങ്ങള്‍ ഉണ്ട് എന്ന ആത്മീയ മര്‍മ്മം അവര്‍ മറന്നുകളഞ്ഞു. ഫലമായി, എല്ലാം ഭൌതീകം മാത്രമായി മാറി.

ഇവിടെ ആണ് യേശു വിളിച്ച് പറഞ്ഞത്, അവര്‍ മാനസാന്തരപ്പെടേണം. ഇന്നേവരെയുള്ള മനോഭാവത്തില്‍ നിന്നും തിരിഞു നടക്കേണം.

അതിനാല്‍ യേശു ഗിരി പ്രഭാഷണത്തില്‍ ഇങ്ങനെ പറഞ്ഞു:

 

മത്തായി 6: 33, 34

33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. 

34 അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി.

ഗിരി പ്രഭാഷണത്തില്‍ യേശു ദൈവരാജ്യത്തിന്റെ പ്രമാണങ്ങളും മൂല്യങ്ങളും പ്രഖ്യാപിക്കുക ആണ്.

അതേ അദ്ധ്യായം 25 ആം വാക്യത്തില്‍ യേശു തുപറഞ്ഞു: “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു…”. 32 ആം വാക്യത്തില്‍ യേശു ഉറപ്പ് നല്‍കുന്നതിങ്ങനെ ആണ്: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.”

അതായത്, പാര്‍ക്കുവാന്‍ ഭവനവും കഴിക്കുവാന്‍ ആഹാരവും, ധരിക്കുവാന്‍ വസ്ത്രവും മനുഷ്യനു ആവശ്യമാണ്. ഇതെല്ലാം യിസ്രായേല്‍ ജനത്തിന് അവരുടെ മരുഭൂമി യാത്രയിലും ദൈവം നല്കിയിരുന്നു. എന്നാല്‍, പുതിയ നിയമ സന്ദേശം പറയുന്നത്, ഭൌതീകമായ അനുഗ്രഹങ്ങളില്‍ ശ്രദ്ധവെക്കാതെ, ദൈവരാജ്യവും അതിന്റെ നീതിയും നമ്മള്‍ അന്വേഷിക്കേണ്ടുന്ന സമയമായി എന്നാണ്. ഭൌതീകതയില്‍ നിന്നും തിരിഞു നടക്കേണ്ടുന്ന സമയമായി.

യേശു ഇവിടെ പ്രസംഗിച്ചത്, ദാരിദ്ര്യത്തില്‍ കൂടി ദൈവരാജ്യം പ്രാപിക്കാം എന്നല്ല. ദൈവാരാജ്യം അന്വേഷിച്ചാല്‍ ദാരിദ്ര്യം കിട്ടും എന്നു യേശു പറഞ്ഞില്ല. യേശു പറഞ്ഞത്, നമ്മളുടെ മുന്‍ഗണനകള്‍ മാറേണം. ഭൌതീക സമ്പത്തിന് പിന്നാലേ ഉള്ള പരക്കം പാച്ചില്‍ നിറുത്തിയിട്ട്, ദൈവരാജ്യം അതിന്റെയെല്ലാം മുന്നമേ എത്തേണം.

ഇനി എല്ലാം ദൈവരാജ്യം ആയിരിക്കേണം. ജഡശരീരത്തിനായി വിചാരപ്പെട്ടത് മതി. ഇനി മാനസാന്തരപ്പെടേണം. ഭൌതീകതയില്‍ നിന്നും തിരിഞു നടക്കേണം. എല്ലാം ദൈവരാജ്യം മാത്രം ആയിരിക്കേണ്ടുന്ന സമയമായി.

ഇതാണ് ശുദ്ധമായ പുതിയ നിയമ സന്ദേശം.

ഉപസംഹാരം

ഞാന്‍ ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.

പുതിയ നിയമ സന്ദേശം മാനസാന്തരത്തിന്റെ സന്ദേശമാണ്. മാനസാന്തരപ്പെടേണ്ട കാരണം, ദൈവരാജ്യം വന്നിരിക്കുന്നു എന്നതുകൊണ്ടാണ്. മാനസാന്തരം എന്നു പറഞ്ഞാല്‍, ഇതേവരെയുള്ള ചിന്തകളുടെ അടിസ്ഥാനപരമായ വ്യത്യാസമാണ്. അത് എതിര്‍ ദിശയിലേക്കുള്ള യാത്ര ആണ്. അതൊരു തിരിഞ്ഞു നടത്തായാണ്.

ജഡപ്രകാര ജനനം കൊണ്ടോ, ക്രിയകള്‍ കൊണ്ടോ, കര്‍മ്മങ്ങള്‍ കൊണ്ടോ ദൈവരാജ്യം അവകാശമാക്കുവാന്‍ കഴിയുക ഇല്ല. പാപങ്ങളെ വിട്ട് മാനസാന്തരപ്പെടേണ്ടിയിരിക്കുന്നു.

കപടഭക്തിയും, ബാഹ്യമായ വേഷഭൂഷാദികളും നമ്മളെ ദൈവരാജ്യത്തിന് അവകാശികള്‍ ആക്കുക ഇല്ല. നമ്മളുടെ മനോഭാവം ക്രിസ്തുവിന്റെ മനോഭാവം ആയി മാറേണം.

ഭൌതീക അനുഗ്രഹങ്ങള്‍ക്ക് പിന്നാലേ ഉള്ള നമ്മളുടെ ഓട്ടം അവസാനിപ്പിച്ച് തിരിഞ്ഞു നടക്കേണ്ടുന്ന സമയം ആയി.

മുമ്പേ ദൈവരാജ്യവും അതിന്റെ നീതിയും അന്വേഷിക്കേണ്ടുന്ന സമയമായി. അതായത് നമ്മള്‍ മാനസാന്തരപ്പെടേണം.  

ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ടു ഈ പഠനം അവസാനിപ്പിക്കാം.

വേദപുസ്തക മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കാണുവാനും കേള്‍ക്കുവാനും നിങ്ങളെ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. 

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക. മറ്റുള്ളവരോടുകൂടെ പറയുക.

ഈ സന്ദേശം കണ്ടതിന്നും കേട്ടത്തിനും വളരെ നന്ദി.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

 

No comments:

Post a Comment