എന്താണ് പാപം? എങ്ങനെ ആണ് പാപം മനുഷ്യരുടെ ഇടയില്‍ വന്നത്? പാപത്തോട് നമ്മള്‍ക്കുള്ള ഉത്തരവാദിത്തം എന്താണ്? എന്താണ് അതിനുള്ള പരിഹാര മാര്‍ഗ്ഗം. ഇതെല്ലാം ആണ് വേദപുസ്തക സത്യങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്.
എന്നാല്‍, പാപത്തെക്കുറിച്ചുള്ള ഉപദേശം ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കാരണം, യേശുക്രിസ്തുവിലൂടെ ഉള്ള വീണ്ടെടുപ്പ്, മനുഷ്യന്റെ പാപവുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യര്‍ വീണ്ടെടുക്കപ്പെടുന്നത് തന്നെ പാപത്തില്‍ നിന്നും, അതുമൂലം ഉണ്ടായ പിശാചിന്‍റെ അടിമത്തത്തില്‍ നിന്നും, പാപത്തിന്റെ ശിക്ഷയില്‍ നിന്നുമാണ്. അത് ദൈവരാജ്യം പുനസ്ഥാപിക്കുവാനുള്ള മര്‍മ്മ പ്രധാനമായ പ്രക്രിയ ആണ്.
വേദപുസ്തകത്തില്‍, പാപം എന്നു വിവര്‍ത്തനം ചെയ്യപ്പെട്ട എബ്രായ, ഗ്രീക്ക് പദങ്ങള്‍ രണ്ടു ആശയങ്ങള്‍ വിനിമയം ചെയ്യുന്നുണ്ട്. ഒന്നു നമ്മള്‍ ഇപ്പോള്‍ പറഞ്ഞു കഴിഞ്ഞു: ലക്ഷ്യം തെറ്റുക.
ഇത്, ഒരു ദിശയിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നു
എങ്കിലും മറ്റൊരു ദിശയിലേക്ക് വഴിമാറി പോകുന്നതിനെ കാണിക്കുന്നു. ഇവിടെ നമ്മള്‍
ശരിയായ ദിശയില്‍ അല്ല എന്നുമാത്രമല്ല നമ്മള്‍ തെറ്റായ ദിശയിലൂടെ തന്നെ സഞ്ചാരം
തുടരുക ആണ്. നമ്മളുടെ പാത തെറ്റാണ് എന്നു നമ്മള്‍ തിരിച്ചറിയുകയോ, തിരുത്തുകയോ ചെയ്യുന്നില്ല.
ഇതിന്റെ ഫലമായി, നമ്മള്‍ ഒരിയ്ക്കലും
ശരിയായ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നില്ല.
ഒരു വഴി എപ്പോഴും മറ്റൊരു വഴിലേക്കാണ് നമ്മളെ നയിക്കുന്നത്.
ഒരേ വഴിയിലൂടെ ഒരിയ്ക്കലും തിരികെ വരുവാന്‍ കഴിയുക ഇല്ല. അതിനാല്‍,
നമ്മള്‍ ശരിയായ വഴിയില്‍ നിന്നും തെറ്റുമ്പോള്‍, നമ്മള്‍
തെറ്റായ വഴിയിലൂടെ തന്നെ യാത്ര തുടരുക ആണ്. ഒരിയ്ക്കലും ശരിയായ ലക്ഷ്യത്തില്‍
എത്തുകയും ഇല്ല.
ഈ ആശയത്തിന് മറ്റൊരു വിശദീകരണം കൂടി ഉണ്ട്. അത് ശരിയായ നിലവാരത്തില്‍ എത്താതിരിക്കുക എന്നതാണ്. വര്‍ത്തമാന കാലത്തുനിന്നും ഒരു ഉദാഹരണം പറഞ്ഞുകൊണ്ടു അത് ഞാന്‍ വിശദീകരിക്കാം.
ഒരു വിദ്യാര്‍ത്ഥി പരീക്ഷ എഴുതി. എന്നാല്‍ അയാള്‍ നല്ലവണ്ണം
പഠിക്കുകയോ, നല്ലവണ്ണം പരീക്ഷ എഴുത്തുകയോ ചെയ്തില്ല. എങ്കിലും അയാള്‍ക്ക്
എഴുതിയതിന് അനുസരിച്ച് കുറച്ച് മാര്‍ക്ക് ലഭിക്കുന്നു. എന്നാല്‍ ആവശ്യമായ മാര്‍ക്ക് ലഭിക്കാത്തതിനാല്‍
അയാള്‍ പരീക്ഷയില്‍ വിജയിച്ചില്ല.
അതായത്, അയാള്‍ പരീക്ഷ എഴുതി, എഴുതിയതിന് അനുസരിച്ച് മാര്‍ക്ക് ലഭിച്ചു; എന്നാല്‍
മതിയായ മാര്‍ക്ക് ലഭിയ്ക്കാഞ്ഞതിനാല്‍ പരീക്ഷയില്‍ പരാജയപ്പെട്ടു.
പരീക്ഷയില്‍ ജയിക്കുവാന്‍ ഒരു നിലവാരം നിശ്ചയിച്ചിട്ടുണ്ട്.
അത് ലഭിക്കാത്തവര്‍ എല്ലാവരും തോറ്റുപോകും.
ഒരു കായിക അഭ്യാസിയുടെ അമ്പും കുന്തവും അത് പതിക്കേണ്ടുന്ന ശരിയായ
ലക്ഷ്യത്തില്‍ പതിച്ചില്ല, എങ്കിലും അത് ലക്ഷ്യത്തിന് സമീപം പതിച്ചു
എന്നു ചിന്തിക്കുക. ഇവിടെയും ലക്ഷ്യത്തില്‍ തന്നെ പതിക്കാഞ്ഞതു കൊണ്ട് അയാള്‍ വിജയി
ആയില്ല. അയാള്‍ ഉദ്ദേശിച്ച നിലവാരത്തില്‍ എത്തിയില്ല അതിനാല്‍ പരാജയപ്പെട്ടു.
ദൈവത്തിന്റെ വിശുദ്ധിയെ നമുക്ക് ലക്ഷ്യ സ്ഥാനത്തെ സ്വര്‍ണഗോളമായി കാണാം. നമ്മള്‍ ദൈവം ആഗ്രഹിച്ച നിലവാരത്തില്‍ എത്തിച്ചേരുന്നില്ല. അതിനാല്‍ നമ്മള്‍ പാപം ചെയ്തു എന്നു പറയുന്നു.
1 യോഹന്നാന്‍ 3:4 ല്‍ പറയുന്നു: “പാപം ചെയ്യുന്നവൻ എല്ലാം അധർമ്മവും
ചെയ്യുന്നു; പാപം
അധർമ്മം തന്നേ.”
ഇവിടെ “അധര്‍മ്മം” എന്ന വാക്ക് ഗ്രീക്കിലെ
“അനോമിയ” (anomia) എന്ന പദത്തിന്റെ പരിഭാഷ ആണ്. ഗ്രീക്കില്‍
ഈ വാക്കിന്റെ അര്‍ത്ഥം, നിയമരാഹിത്യം,
നിയമത്തെ കൂടാതെ, നിയമ വിരുദ്ധമായി എന്നിങ്ങനെ ആണ്.
അതായത് പാപം എന്നത്, ദൈവത്തിന്റെ
പ്രാമാണങ്ങളുടെയും സാന്‍മാര്‍ഗ്ഗിക നിയമങ്ങളുടെയും ലംഘനം ആണ്. പാപം ദൈവത്തിന്റെ
പ്രാമാണങ്ങള്‍ക്ക് വെളിയിലായി, ദൈവത്തോട് മനപ്പൂര്‍വ്വമായി
മല്‍സരിക്കുന്ന പ്രവര്‍ത്തികള്‍ ആണ്.
പാപം എന്നതിന്റെ എബ്രായ, ഗ്രീക് പദങ്ങളിലെ രണ്ടാമത്തെ ആശയം അതിര്‍ ലംഘിക്കുക എന്നതാണ്. നിശ്ചയിക്കപ്പെട്ട ഒരു അതിര് ലംഘിച്ചുകൊണ്ടു മുന്നോട്ട് പോകുക എന്ന് അര്‍ത്ഥം
ഈ ആശയവും ഗ്രീക്കിലെ കായികവിനോദവുമായി ബന്ധപ്പെട്ടതാണ്.
കായിക മല്‍സരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഒരു കളിക്കളം ഉണ്ടായിരിക്കും.
അതിനു അതിരുകള്‍ ഉണ്ടായിരിക്കും. ഈ അതിരുകള്‍ക്കുളില്‍ നിന്നുകൊണ്ടു വേണം അവര്‍
കായിക അഭ്യാസങ്ങള്‍ നടത്തുവാന്‍.
നമ്മളുടെ ഫൂട്ബോള്‍ ഗ്രൌണ്ട്ന് അതിരുകള്‍ ഉണ്ടല്ലോ. ഈ
അതിരുകള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ടു വേണം അവര്‍ ഫുട്ബോള്‍ കളിക്കുവാന്‍.
നമ്മള്‍ ഇപ്പോള്‍ നടത്തുന്ന ഓട്ടമല്‍സരത്തെക്കുറിച്ച്
ചിന്തിക്കുക. ഓരോ മല്‍സരാര്‍ത്ഥിയും ഓടുവാന്‍ നിശ്ചിതമായ വഴികള്‍ അല്ലെങ്കില്‍
ട്രാക്കുകള്‍ ഉണ്ട്. ഓരോരുത്തരും അവരവരുടെ ട്രാക്കിലൂടെ വേണം ഓടുവാന്‍. ഒരുവന്‍ ഈ
അതിരുകളോ ട്രാക്കുകളോ ലംഘിക്കുമ്പോള്‍ അയാള്‍ കായിക മല്‍സരത്തിന്റെ നിയമം
ലംഘിച്ചു. അയാള്‍ ലംഘകന്‍ ആയി മാറി.
അതായത്, ഒരു ഓട്ടക്കാരന്‍ വേഗം ഓടി
ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ മാത്രം പോര, അയാള്‍ നിശ്ചിതമായാ
അതിരുകള്‍ക്കുളില്‍, നിശ്ചിതമായ ട്രാക്കിനുള്ളില്‍ കൂടി
ഓടിയിരിക്കേണം.
2 തിമൊഥെയൊസ് 2: 5 “ഒരുത്തൻ
മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരായ്കിൽ കിരീടം പ്രാപിക്കയില്ല.”
ലക്ഷ്യം തെറ്റുക, അതിരുകള്‍ ലംഘിക്കുക, എന്നീ രണ്ടു ആശയങ്ങളിലും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടുന്ന ഒരു കാര്യം ഉണ്ട്. നമുക്ക് ഒരു ലക്ഷ്യം ഉണ്ടായിരിക്കേണം; ഒരു അതിര്‍ ഉണ്ടായിരിക്കേണം. നിശ്ചിതമായ ലക്ഷ്യമോ അതിരോ ഇല്ലാതെ ലക്ഷ്യം തെറ്റിപ്പോയി അല്ലെങ്കില്‍ ലംഘകന്‍ ആയി എന്ന് ആരെക്കുറിച്ചും പറയുവാന്‍ കഴിയുക ഇല്ല.
അതായത് ദൈവം
നമുക്കായി ഒരു ലക്ഷ്യവും അതിരും വച്ചിട്ടുണ്ട്. അത് ലംഘിക്കുമ്പോള്‍ നമ്മള്‍ പാപം
ചെയ്യുന്നു. ദൈവ വചനം നമ്മളോട് ദൈവത്തിന്റെ ലക്ഷ്യവും അതിരുകളും എന്താണ് എന്ന്
പറയുന്നു. നമ്മള്‍ ഉന്നം വെക്കേണ്ടുന്ന
ലക്ഷ്യം എന്താണ് എന്നും നമ്മള്‍ ഒടേണ്ടുന്ന ട്രാക്ക് എന്താണ് എന്നും ദൈവ വചനം
പറയുന്നുണ്ട്. അതായത് ലക്ഷ്യവും അത് നേടി എടുക്കുവാനുള്ള വഴിയും ദൈവം പറഞ്ഞിട്ടുണ്ട്.
എന്നാല്‍
ലക്ഷ്യത്തെ ശരിയായ മാര്‍ഗ്ഗത്തിലൂടെ അല്ലാതെ നേടി എടുക്കുവാന്‍ ശ്രമിക്കുന്നത്
പാപം ആയിരിക്കും. ലക്ഷ്യവും മാര്‍ഗ്ഗവും ഒരുപോലെ ദൈവീക പ്രമാണങ്ങള്‍ക്ക് വിധേയം
ആയിരിക്കേണം.
പാപം എന്ത്
എന്ന് നിര്‍വചിക്കുവാനുള്ള അധികാരം മനുഷ്യന് ഇല്ല. എന്നാല്‍ ദൈവം ഒരു
ഏകാധിപതിയെപ്പോലെ പാപം എന്താണ് എന്ന് പ്രഖ്യാപിക്കുക ആയിരുന്നില്ല എന്നും നമ്മള്‍
മനസ്സിലാക്കേണം. ദൈവീക പ്രമാണങ്ങള്‍ ആണ് പാപത്തെ നിര്‍വചിക്കുന്നത്. ദൈവീക
പ്രമാണങ്ങള്‍ ദൈവത്തിന്‍റെ വിശുദ്ധിയുടെ വെളിപ്പെടുത്തലുകള്‍ ആണ്. ദൈവം അങ്ങനെ ആണ്
ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ദൈവത്തിന്‍റെ ഏറ്റവും ഉന്നതമായ സൃഷ്ടിയായ
മനുഷ്യരില്‍ നിന്നും അവന്‍ അതേ ജീവിത നിലവാരം പ്രതീക്ഷിക്കുന്നു.
വേദപുസ്തകം, ദൈവം ആദിമുതല്‍ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ
കാര്യങ്ങളുടെയും ചരിത്രമല്ല. അത് ദൈവത്തിന്റെ ജീവിത ചരിത്രം അല്ല. മനുഷ്യനെ
വീണ്ടെടുക്കുവാനും, ദൈവരാജ്യം പുനസ്ഥാപിക്കുവാനുമുള്ള ദൈവീക
പദ്ധതിയുടെ ചരിത്രമാണ് വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതിനാല്‍ സ്വര്‍ഗ്ഗത്തിലെ
ദൂതന്‍മാര്‍ക്ക് എന്തെല്ലാം സംഭവിച്ചു എന്നു വേദപുസ്തകത്തില്‍ വ്യക്തമായും
വിശദമായും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഹൃസ്വമായ ഒരു വിവരണം നമുക്ക് യെശയ്യാവ്
14: 12 മുതലുള്ള വാക്യങ്ങളില്‍ കാണാവുന്നതാണ്. അത് ഇപ്രകാരമാണ്:
ലൂസിഫര്‍ എന്നു നമ്മള്‍ വിളിക്കുന്ന പിശാച് ഒരിക്കല്‍ സ്വര്‍ഗ്ഗത്തിലെ പ്രധാന ദൂതന്മാരില്‍ ഒരാള്‍ ആയിരുന്നു. അവന്‍ സുന്ദരനും മനോഹരമായി ഗാനങ്ങള്‍ ആലപിക്കുവാന്‍ കഴിവുമുണ്ടായിരുന്ന ഒരു ദൂതന്‍ ആയിരുന്നു. എല്ലാ ദൂതന്മാരെയും ദൈവം സൃഷ്ടിച്ചത് ആയതിനാല്‍, അവര്‍ എല്ലാവരും ദൈവത്തിന്റെ അധികാരത്തിന്‍ കീഴില്‍ ആയിരുന്നു.
വേദപുസ്തകത്തില്‍
നേരിട്ട് പറയുന്നില്ലാ എങ്കിലും, ദൂതന്മാര്‍ സ്വതന്ത്ര ഇശ്ചാശക്തി ഉള്ളവര്‍ ആയിരുന്നു എന്നു നമുക്ക്
അനുമാനിക്കാം. അവര്‍ക്ക് നന്മയെയോ, തിന്‍മയെയോ
തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ദൂതന്മാരില്‍ മഹാ ബഹുഭൂരിപക്ഷവും
നന്മയെ തിരഞ്ഞെടുത്തു. അത് ഒരിക്കല്‍ ആയി എന്നന്നേക്കുമായ ഒരു തിരഞ്ഞെടുപ്പ്
ആയിരുന്നു.
എന്നാല്‍
ലൂസിഫറും അവനോടൊപ്പം ഒരു കൂട്ടം ദൂതന്മാരും തിന്മയെ തിരഞ്ഞെടുത്തു. അവന്‍ അന്ന്
അവനുണ്ടായിരുന്ന ഉന്നത സ്ഥാനത്തില്‍ സംതൃപ്തന്‍ ആയില്ല. ദൈവത്തിനും മീതെ അവന്റെ
സിംഹാസനം വെക്കുവാന്‍ അവന്‍ ആഗ്രഹിച്ചു. അവന്‍ ദൈവത്തോട് മല്‍സരിക്കുവാനും ദൈവീക
അധികാരത്തെ വെല്ലുവിളിക്കുവാനും തുടങ്ങി.
ഇതായിരുന്നു
പാപത്തിന്‍റെ ആരംഭം. ദൈവീക അധികാരത്തോടുള്ള മല്‍സരം ലൂസിഫറിന്‍റെയും അവനോടു കൂടെ
ഉണ്ടായിരുന്ന ദൂതന്മാരുടെയും വീഴ്ചയില്‍ കലാശിച്ചു. ദൈവം അവരെ സ്വര്‍ഗ്ഗത്തില്‍
നിന്നും പുറത്താക്കി.
പാപം അവരുടെ
വീഴ്ചയോ ദൈവത്തോടുള്ള അകല്‍ച്ചയോ അല്ല; പാപം ദൈവത്തിന്‍റെ സര്‍വ്വാധികാരത്തെ ചോദ്യം ചെയ്ത മല്‍സരത്തിന്‍റെ
പ്രവര്‍ത്തി ആണ്. പാപം ദൈവത്തോട് മല്‍സരിക്കുവാന്‍ ലൂസിഫറിനെ പ്രേരിപ്പിച്ച
അഹങ്കാരം ആണ്. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള വീഴ്ചയും,
ദൈവത്തോടുള്ള അകല്‍ച്ചയും പാപത്തിന്‍റെ ഫലമായി ഉണ്ടായതാണ്. പാപം കാരണവും, അകല്‍ച്ച പരിണിത ഫലവും ആണ്.
ഇതാണ് ഈ പ്രപഞ്ചത്തിലെ ആദ്യത്തെ പാപം. ലൂസിഫറിന്‍റെ സ്വതന്ത്ര ഇശ്ചശക്തിയുടെ തെറ്റായ ഉപയോഗത്തിലൂടെ പാപം ഉണ്ടായി. നന്മയും തിന്‍മയും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം അവന് ഉണ്ടായിരുന്നത് പോലെ തന്നെ, നന്‍മയുടെയും തിന്‍മയുടെയും അനന്തര ഫലങ്ങള്‍ എന്തായിരിക്കും എന്നും അവന് നല്ല ബോദ്ധ്യം ഉണ്ടായിരുന്നു. എന്നിട്ടും അവന്‍ തിന്മയെ തിരഞ്ഞെടുത്തു. അവന്‍ ദൈവത്തോട് മല്‍സരിച്ചു. അതിനാല്‍ ദൈവം അവനെ ന്യായം വിധിച്ചു; അവന്റെ സ്ഥാനത്തുനിന്നും അവനെ നീക്കി കളഞ്ഞു; അവനെ സ്വര്‍ഗ്ഗീയ രാജ്യത്തില്‍ നിന്നും പുറത്താക്കി.
ഈ ലൂസിഫര്‍ ആണ്
പിന്നീട് സാത്താന്‍,
പിശാച് എന്നിങ്ങനെ വിളിക്കപ്പെടുന്നത്.
എന്നാല്‍ ഇത് സംഭവിക്കുന്നത് ഭൂമിയില്‍ അല്ല, മനുഷ്യരുടെ ഇടയിലും അല്ല. അതിനാല്‍ മനുഷ്യരുടെ മൂല പാപം, അല്ലെങ്കില്‍ ആദ്യപാപം ആദമിന്‍റെയും ഹവ്വയുടെയും മല്‍സരത്തിന്‍റെ പ്രവര്‍ത്തി ആണ്.
സ്വര്‍ഗ്ഗീയ
മഹിമയില്‍ നിന്നും വീണു പോയ സാത്താന്‍, ഏദന്‍ തോട്ടത്തില്‍ വച്ച് ആദമിനെയും ഹവ്വയെയും വഞ്ചിച്ചു. അവന്‍
ഏതൊന്നിനാല്‍ വീണുവോ, അതേ മോഹത്താല്‍ അവന്‍ ആദമിനെയും
ഹവ്വയെയും പരീക്ഷിച്ചു. അവന്‍ അവരോടു പറഞ്ഞു: “തോട്ടത്തിന്റെ
നടുവിലുള്ള വൃക്ഷത്തിന്റെ ഫലം ... തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും
നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം
അറിയുന്നു എന്നു പറഞ്ഞു.” (ഉല്‍പ്പത്തി 3:3-5)
ഉല്‍പ്പത്തി 3 ആം അദ്ധ്യായം,
ആദ്യ മനുഷ്യര്‍ എങ്ങനെ സാത്താന്റെ വഞ്ചനയില്‍ വീണ്,
ദൈവത്തോട് മല്‍സരിക്കുന്നവര്‍ ആയി മാറി എന്നു വിവരിക്കുന്നു. അവര്‍ ദൈവം വിലക്കിയ
വൃക്ഷത്തിന്‍റെ ഫലം കഴിക്കുകയും, അങ്ങനെ ദൈവത്തോട്
അനുസരണക്കേട് പ്രവര്‍ത്തിക്കുകയും ചെയ്തു. അവര്‍ക്ക് ദൈവത്തെപ്പോലെ ആകേണം എന്ന
അതിമോഹം ഉണ്ടായി, അത് സ്വര്‍ഗ്ഗീയ രാജ്യത്തോടുള്ള കലഹം ആയി.
ആദം മനുഷ്യരാശിയുടെ കേന്ദ്രീകൃത ശിരസ്സ് ആയതിനാല്‍ അവനില്‍
നിന്നും പാപം സകല മനുഷ്യരിലേക്കും തലമുറ തലമുറയായി പകര്‍ന്നു. അങ്ങനെ നമ്മളും
ആദാമില്‍ നിന്നും പാപം ഏറ്റുവാങ്ങി.
റോമര്‍ 5:12 ല്‍
നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “അതുകൊണ്ടു
ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം
ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”
ഇതാണ് ക്രിസ്തീയ
വീക്ഷണത്തില്‍,
മനുഷ്യരിലെ ആദ്യ പാപം അഥവാ മൂല പാപം. ഇത് മനുഷ്യരില്‍ പാപ സ്വഭാവത്തെ, അല്ലെങ്കില്‍ പാപ പ്രകൃതിയെ കൊണ്ടുവന്നു. ഇപ്പോള്‍ എല്ലാ മനുഷ്യരും
പാപസ്വഭാവത്തില്‍ ജീവിക്കുന്നു.
മൂല പാപം
മൂല പാപം എന്ന ആശയം
രൂപപ്പെടുത്തിയത്,
രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, ലിയോണ്‍ എന്ന
സ്ഥലത്തിന്റെ ബിഷപ്പ് ആയിരുന്ന ഐറേനിയസ് എന്ന വേദപണ്ഡിതന്‍ ആയിരുന്നു. തെര്‍ത്തുലിയന്‍, സിപ്രീയന്‍, അംബ്രോസ് എന്നിങ്ങനെ ഉള്ള മറ്റ് ചില
വേദപണ്ഡിതന്മാരും ആദാമിന്റെ പാപം സകല മനുഷ്യരിലേക്കും പകരപ്പെട്ടു എന്നു
വിശ്വസിച്ചിരുന്നു. ഇവര്‍ക്കും കുറെ നാളുകള്‍ക്ക് ശേഷം,
വിശുദ്ധനായ അഗസ്റ്റീന്‍ ഈ ഉപദേശത്തിന് വ്യക്തമായ രൂപം നല്കി.
AD 412 നു
ശേഷം അഗസ്റ്റീന്‍ രൂപപ്പെടുത്തിയ മൂല പാപത്തെക്കുറിച്ചുള്ള പഠിപ്പിക്കല്‍, നവീകരണ കാലത്ത് പ്രൊട്ടസ്റ്റന്‍റ് വിഭാഗം പൊതുവേ സ്വീകരിക്കുകയും ചെയ്തു.
മര്‍ട്ടിന്‍ ലൂഥര്‍, ജോണ്‍ കാല്‍വിന്‍ എന്നിവര്‍ ഇത്
അംഗീകരിച്ചവരില്‍ പ്രമുഖര്‍ ആണ്. നമ്മള്‍ വീണ്ടും ജനനം പ്രാപിച്ചതിന് ശേഷവും മൂല
പാപത്തിന്‍റെ പ്രകൃതി നമ്മളില്‍ തുടരും എന്നും അവര്‍ വിശ്വസിച്ചിരുന്നു.
മൂന്നു വിധത്തിലുള്ള പാപം
വേദപുസ്തക പ്രകാരം
ആദാമിന്റെ പാപം നമ്മളില്‍ വരുകയും അത് മൂന്നു വിധത്തില്‍ നമ്മളുടെ ജീവിതത്തില്‍
ആയിരിക്കുകയും ചെയ്യുന്നു.
അത്, പൈതൃകമായി ലഭിച്ച പാപം (inherited
sin), ഗണിക്കപ്പെടുന്ന പാപം (imputed
sin), വ്യക്തിപരമായ തിരഞ്ഞെടുപ്പിനാലുള്ള പാപം
(personal sin by choice) എന്നിവ ആണ്.
പൈതൃകമായി ലഭിച്ച പാപം (inherited sin)
നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ,
ആദാമിന്റെ പാപം മൂലം സകല മനുഷ്യരും പാപത്തിന്റെ അവസ്ഥയില്‍ ജനിക്കുന്നു. ഇതിനെ
ജോണ്‍ കാല്‍വില്‍, മനുഷ്യ പ്രകൃതിയുടെ അപഭ്രംശ്ശം എന്നും പൈതൃകമായ
മലിനത എന്നും വിളിച്ചു.
പൈതൃകമായി ലഭിച്ച പാപം,
ലോകത്തില്‍ എക്കാലത്തും എല്ലായിടവും ഉള്ള മനുഷ്യരില്‍,
പാപത്തോടുള്ള ചായ് വിനെയും താല്പര്യത്തെയും ചൂണ്ടികാണിച്ചുകൊണ്ടു, മനുഷ്യര്‍ പ്രകൃതിയാല്‍ തന്നെ പാപികള്‍ ആണ് എന്ന് വിശദീകരിക്കുന്നു.
ആദം പാപം ചെയ്തപ്പോള്‍,
അവന്റെ പ്രകൃതി തന്നെ മലിനമായി തീര്‍ന്നു. അവന്റെ ജഡത്തിന്റെ പ്രകൃതിയില്‍ തന്നെ
ദൈവത്തോടുള്ള മല്‍സരം കടന്നുകൂടി. അത് അവന്റെ ആത്മീയ മരണത്തിനും സമ്പൂര്‍ണ്ണ
മലിനതയ്ക്കും തകര്‍ച്ചയ്ക്കും കാരണമായി. ഈ മലിനതയും പാപ പ്രകൃതിയും അവന്റെ സന്തതി
പരമ്പരകളിലൂടെ സകല മനുഷ്യരിലേക്കും പകര്‍ന്നു.
ഇങ്ങനെ തലമുറ തലമുറയായി പകരുന്ന പാപത്തെ
ആണ് നമ്മള്‍ പൈതൃക പാപം എന്ന് വിളിക്കുന്നത്. നമ്മളുടെ മാതാപിതാക്കന്മാരില്‍
നിന്നും അവരുടെ രൂപഭാവങ്ങളും സ്വഭാവങ്ങളും നമ്മള്‍ പാരമ്പര്യമായി
പ്രാപിക്കുന്നതുപോലെ തന്നെ പാപ പ്രകൃതിയും പ്രാപിക്കുന്നു.
സങ്കീര്‍ത്തനം 51: 5 ല്‍ ദാവീദ് നിലവിളിക്കുന്നത് ഇതിനെക്കുറിച്ചാണ്: “ഇതാ,
ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ
എന്നെ ഗർഭം ധരിച്ചു.”
പൈതൃക പാപം, നമ്മളുടെ പാപ പ്രകൃതി ആണ്. അത് നമ്മള്‍ ആയിരിക്കുന്ന പാപത്തിന്റെ അവസ്ഥ ആണ്. നമ്മളുടെ ഇഷ്ടം ചെയ്യുവാനും, ദൈവീക ഹിതത്തോട് എതിര്‍ക്കുവാനുമുള്ള സ്വാഭാവിക ചായ് വ് ആണ്.
ഇതിനെക്കുറിച്ച് പൌലൊസ് റോമര്‍
7:18 ല്‍ പറയുന്നതു ഇങ്ങനെ ആണ്: “എന്നിൽ
എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ
ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ
ഇല്ല.”
പൈതൃക പാപത്തിന്റെ അനേകം ദൃഷ്ടാന്തങ്ങള്‍ മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ നമുക്ക് കാണാവുന്നതാണ്. ഒരു ശിശുവിനെ കള്ളം പറയുവാനോ, സ്വാര്‍ത്ഥന്‍ ആകുവാനോ നമ്മള്‍ പഠിപ്പിക്കേണ്ടതില്ല. എന്നാല്‍ സത്യം മാത്രം പ്രവര്‍ത്തിക്കുവാനും സംസാരിക്കുവാനും, സ്വാര്‍ത്ഥത ഇല്ലാതെ ജീവിക്കുവാനും അവനെ പഠിപ്പിക്കുവാന്‍ നമ്മള്‍ വളരെ പാടുപെടേണ്ടി വരും.
ഇന്നത്തെ വാര്‍ത്താ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍
ബഹുഭൂരിപക്ഷവും മനുഷ്യന്റെ ക്രൂരതയെക്കുറിച്ചും,
അവിശ്വസ്തതയെക്കുറിച്ചും ഉള്ളതാണ്. മനുഷ്യര്‍ എവിടെ എല്ലാം ഉണ്ടോ അവിടെ വഞ്ചനയും, ചതിയും, ക്രൂരതയും മറ്റ് പാപ പ്രവര്‍ത്തികളും
ഉണ്ടായിരിക്കും.
പാപത്തിന്റെ പ്രകൃതി ലോകത്തിലെ എല്ലാ
മനുഷ്യരിലും, എക്കാലവും ഉണ്ടായിരുന്നു. നമ്മളില്‍ എല്ലാം പാപ പ്രകൃതി
ഉണ്ട്, അത് നമ്മളുടെ ജീവിതത്തിലെ എല്ലാ വശങ്ങളെയും
ബാധിക്കുന്നുമുണ്ട്. ഇതിനെ ആണ് സമ്പൂര്‍ണ്ണ മലിനത എന്നു പറയുന്നത്.
പാപ സ്വാഭാവം അല്ലെങ്കില്‍ പാപ പ്രകൃതി
എന്നത് നമ്മള്‍ പാപം ചെയ്യുന്നു എന്നതല്ല പാപം എന്നത് നമ്മളുടെ പ്രകൃതി ആണ് അല്ലെങ്കില്‍
നമ്മളുടെ താല്‍പര്യം ആണ്, അത് നമ്മള്‍ ആയിരിക്കുന്ന അവസ്ഥ ആണ്.
ഇതിനെക്കുറിച്ചാണ് യെശയ്യാവു
53:6 ല്‍ പറയുന്നത്: “നാം
എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു;
നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു;”
പൌലൊസും മനുഷ്യന്റെ ഈ അവസ്ഥയെ ഏറ്റുപറയുന്നുണ്ട്:
“ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ,
പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ തന്നേ. (റോമര്‍
7:14)
ശലോമോനും ഇതിനോട് യോജിക്കുന്നുണ്ട്: “പാപം ചെയ്യാതെ നന്മ
മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.” (സഭാപ്രസംഗി
7:20)
1 യോഹന്നാന്‍ 1:8 ല്‍
അപ്പൊസ്തലനായ യോഹന്നാന്‍ ഇങ്ങനെ പറയുന്നുണ്ട്: “നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ
വഞ്ചിക്കുന്നു; സത്യം
നമ്മിൽ ഇല്ലാതെയായി.”
എങ്ങനെ ആണ് മനുഷ്യര്‍ക്ക് പാപ പ്രകൃതി ഉണ്ടായത്? വേദപുസ്തകത്തില്‍ ഉല്‍പ്പത്തി പുസ്തകത്തില്‍ ദൈവം മനുഷ്യനെ സ്വന്തം സ്വരൂപത്തില്‍ സൃഷ്ടിച്ചു എന്നും, “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.” (31) എന്നും പറയുന്നു. എന്നാല്‍ ഉല്‍പ്പത്തി 3 ല്‍ നമ്മള്‍ ആദാമിന്റെയും ഹവ്വയുടെയും കല്‍പ്പനാ ലംഘനവും ഫലമായുണ്ടായ വീഴ്ചയുടെയും വിവരണവും വായിക്കുന്നു. അവരുടെ ഒറ്റ പ്രവര്‍ത്തിയാല്‍ പാപം അവരിലേക്കും അവരുടെ സന്തതി പരമ്പരകളിലേക്കും, തുടര്‍ന്നു സകല മനുഷ്യരിലേക്കും പകര്‍ന്നു. പാപം ചെയ്തപ്പോള്‍ തന്നെ അവര്‍ക്ക് അത് ബോധ്യപ്പെടുകയും, അവര്‍ ദൈവ സന്നിധിയില്‍ നിന്നും ഓടി ഒളിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.
ഉല്‍പ്പത്തി 5:3 ല്‍ നമ്മള്‍ വായിക്കുന്നു: “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു;”. അതായത് ആദാമിന്റെ സന്തതികള്‍ അവന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും പാപ പ്രകൃതിയോടെ ജനിച്ചു. അങ്ങനെ ആണ് പാപ പ്രകൃതി സകല മനുഷ്യരിലേക്കും പകര്‍ന്നത്.
പാപ പ്രകൃതിയുടെ പ്രധാന ഫലം മരണം ആണ്. എല്ലാ മനുഷ്യരിലും തലമുറ തലമുറയായി പാപം പകര്‍ന്നത് പോലെ മരണവും പകര്‍ന്നു. അതിനാല്‍ മനുഷ്യന്റെ മരണത്തിന്റെ കാരണം അവനില്‍ ഉള്ള പാപ പ്രകൃതി ആണ്.
റോമര്‍ 5:12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ
കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.
പാപ പ്രകൃതിയുടെ മറ്റൊരു അനന്തര ഫലം മനുഷ്യനു ദൈവത്തോടുള്ള വിരോധവും ദൈവത്തെക്കുറിച്ചുള്ള അജ്ഞതയും ആണ്. മനുഷ്യന്‍ ദൈവത്തോട് അകലം പാലിക്കുവാന്‍ ആഗ്രഹിക്കുന്നു; അവന് ദൈവത്തെ മനസ്സിലാക്കുവാന്‍ ആഗ്രഹമില്ല. ദൈവീക മര്‍മ്മങ്ങള്‍ മനസ്സിലാകാതവണ്ണം മനുഷ്യന്റെ ഹൃദയം അടഞ്ഞിരിക്കുന്നു.
റോമര്‍ 8: 7 ജഡത്തിന്റെ
ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു;
അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല.
1 കൊരിന്ത്യര്‍ 2:14 എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്റെ
ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു
ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.
നമ്മള്‍ രക്ഷിക്കപ്പെടുംമ്പോള്‍ നമ്മളിലെ പാപ പ്രകൃതി ഇല്ലാതെ ആകുന്നില്ല എന്നു കൂടി നമ്മള്‍ മനസ്സില്‍ ആക്കേണം. പാപം നമ്മളില്‍ തുടരുന്നു. അതിനാല്‍, നമ്മള്‍ ഈ ഭൂമിയില്‍ ആയിരിക്കുന്ന ഇടത്തോളം, പാപ പ്രകൃതിയുള്ള പഴയ മനുഷ്യനുമായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.
ഇതിനെക്കുറിച്ച് ഓര്‍ത്ത് പൌലൊസ്
വിലപിക്കുന്നത് നമുക്ക് റോമര്‍ക്ക് എഴുതിയ ലേഖനത്തില്‍ വായിക്കാവുന്നതാണ്.
റോമര്‍ 7: 15 – 18
15 ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു.
16 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം
നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു.
17 ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ
വസിക്കുന്ന പാപമത്രേ.
18 എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല
എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം
എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ ഇപ്രകാരം പറയാറുണ്ട്:
നമ്മള്‍ പാപം ചെയ്യുന്നത് കൊണ്ട് പാപികള്‍ ആകുന്നതല്ല,
പാപികള്‍ ആയതുകൊണ്ട് പാപം ചെയ്യുന്നു. ഇത് ഏറെക്കുറെ ശരിയാണ്.
ആദാമിന്റെ പാപത്താല്‍ നമ്മള്‍ സമ്പൂര്‍ണ്ണമായി മലിനമായി
തീര്‍ന്നിരിക്കുന്നതിനാല്‍, ദൈവ കൃപയാല്‍ മാത്രമേ നമുക്ക്
സുവിശേഷത്തോട് അനുകൂലമായി പ്രതികരിക്കുവാനും വിടുതല്‍ പ്രാപിക്കുവാനും കഴിയൂ.
പാപ പ്രകൃതി കാരണം നമ്മള്‍ കോപത്തിന്റെ മക്കളും,
പാപികളും അതിനാല്‍ തന്നെ മരണത്തിന് വിധിക്കപ്പെട്ടവരും ആണ്.
ഇതിനെ നമുക്ക് ഇങ്ങനെ വിവരിക്കാം:
ആദാമിന്റെ പാപവും അതിന്റെ ശിക്ഷയും നമ്മളില്‍ ആക്കിവെക്കപ്പെടുകയും,
അത് നമ്മളുടെ പാപമായി ഗണിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ദൈവമുമ്പാകെ നമുക്ക്
ഉണ്ടായിരുന്ന നിയമാനുസൃതമായ ബന്ധം നഷ്ടപ്പെടുകയും ചെയ്തു.
എന്നാല്‍, ഇതേ പ്രമാണത്താല്‍
തന്നെ, നമ്മളുടെ പാപവും അതിന്റെ ശിക്ഷയും യേശുക്രിസ്തുവില്‍
ആക്കിവെക്കപ്പെടുകയും ചെയ്തു. യേശുക്രിസ്തു പാപത്തിന് പരിഹാരമായി യാഗമായി തീര്‍ന്നപ്പോള്‍, അവന്റെ നീതി നമ്മളില്‍ ആക്കപ്പെട്ടു.
ഇതിന് അല്പ്പം വിശദീകരണം ആവശ്യമാണ് എന്ന്
എനിക്ക് അറിയാം. അതിനാല്‍ നമുക്ക് കൂടുതല്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കാം.
ഗണിക്കപ്പെടുക എന്നതിന്റെ ഗ്രീക് ഭാഷയിലെ പദം സാമ്പത്തിക മണ്ഡലത്തിലും നീതിന്യായ വകുപ്പിലും ഉപയോഗിക്കുന്ന ഒരു വാക്ക് ആണ്. ഇതിനെ അങ്ങനെ മാത്രമേ നമ്മള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കാവുള്ളൂ.
ഗ്രീക് ഭാഷയിലെ ഈ വാക്കിന്റെ അര്‍ത്ഥം,
ഒരു വ്യക്തിയുടെ സാമ്പത്തിക കണക്കില്‍ നിന്നും ഒരു തുക എടുത്ത്, മറ്റൊരു വ്യക്തിയുടെ കണക്കില്‍ എഴുതുക എന്നതാണ്.
ഇതിനെ പാപവുമായി ബന്ധപ്പെടുത്തി നമുക്ക്
ചിന്തിക്കാം. ആദാമ്യ പാപത്താല്‍ എല്ലാ മനുഷ്യരും പാപികള്‍ ആയിരുന്നു എങ്കിലും,
മോശെയുടെ ഉടമ്പടിയ്ക്കും ന്യായപ്രമാണത്തിനും മുമ്പ് പാപം മനുഷ്യരുടെ കണക്കില്‍
ഗണിക്കപ്പെട്ടിരുന്നില്ല. അതായത്, മനുഷ്യര്‍ ചെയ്തിരുന്ന പാപ
പ്രവര്‍ത്തികള്‍ എല്ലാം പൈതൃകമായ പാപം എന്ന് ഗണിക്കപ്പെട്ടിരുന്നു. മനുഷ്യര്‍ പാപം
ചെയ്തിരുന്നത്, അവന്റെ പാപ പ്രകൃതിയുടെ ഫലം ആയിട്ടാണ് എന്ന്
കരുതപ്പെട്ടിരുന്നു. പാപ പ്രവര്‍ത്തികള്‍ക്ക് മനുഷ്യനു നേരിട്ട് ഉത്തരവാദിത്തം
ഉണ്ടായിരുന്നില്ല എന്ന് അര്‍ത്ഥം.
ഇതിനെക്കുറിച്ചാണ്, റോമര്‍ 5:13 ല്‍
പൌലൊസ് പറയുന്നത്: “പാപമോ
ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു;
എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.”
എന്നാല്‍ മോശെയുടെ ഉടമ്പധിക്കും
ന്യായപ്രമാണത്തിനും ശേഷം, മനുഷ്യര്‍ ചെയ്യുന്ന എല്ലാ പാപങ്ങളുടെയും
ഉത്തരവാദിത്തം അവന് തന്നെ ആയി. പാപം ന്യായപ്രമാണത്തിന്റെ ലംഘനം ആയി.
അതായത്, ഗണിക്കപ്പെടുന്ന
പാപം ദൈവീക പ്രമാണങ്ങളുടെ ലംഘനം ആയി, അതിനു ലംഘനം പ്രവര്‍ത്തിക്കുന്ന
മനുഷന്‍ നേരിട്ട് ഉത്തരവാദി ആയി.
അതിനാല്‍ മോശെയുടെ ന്യായപ്രമാണത്തിന് ശേഷം,
നമ്മള്‍ പാപം ചെയ്യുന്നത്, നമ്മളില്‍ ഉള്ള പാപ പ്രകൃതി
കാരണമാണ്, എന്ന് പറഞ്ഞ് നമ്മളുടെ ഉത്തരവാദിത്തത്തില്‍
നിന്നും ഒഴിഞ്ഞുമാറുവാന്‍ കഴിയുക ഇല്ല.
ആദം മുതല്‍ മോശെവരെയുള്ള എല്ലാ മനുഷ്യരും പാപത്തിന്റെ ശിക്ഷയായി മരിച്ചിരുന്നു. എന്നാല്‍ അത് മോശെയുടെ ന്യായപ്രമാണത്തിന്റെ ലംഘനം കാരണം അല്ല. അവര്‍ മരിച്ചത്, അവരില്‍ പൈതൃകമായി പകര്‍ന്ന ആദമിന്‍റെ പാപ ഫലമായിട്ടാണ്.
മോശെയുടെ ഉടമ്പടിക്കും ന്യായപ്രമാണത്തിനും
ശേഷം, മനുഷ്യര്‍ മരിക്കുന്നതു, ആദാമ്യ പാപം മൂലവും അവരവര്‍
ചെയ്യുന്ന പാപം മൂലവും ആണ്. പാപം ന്യായപ്രമാണത്തിന്റെ ലംഘനം ആയി.
ഗണിക്കപ്പെടുന്ന പാപം,
നമ്മളെ നമ്മളുടെ പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദികള്‍ ആക്കി. ഈ ഉത്തരവാദിത്തം
നമ്മളില്‍ ഉള്ളതിനാലാണ് നമ്മള്‍ മാനസാന്തരപ്പെടേണം എന്ന് പറയുന്നത്.
ആദാമ്യ പാപത്തിന് നമ്മള്‍
മാനസാന്തപ്പെടുവാന്‍ കാര്യമില്ല. നമ്മള്‍ ഉത്തരവാദികള്‍ ആയതിനു മാത്രമേ നമ്മള്‍ക്ക്
മാനസാന്തരപ്പെടുവാന്‍ കഴിയൂ. അതിനാല്‍ പാപം നമ്മളുടെ കണക്കില്‍ ഗണിക്കപ്പെട്ടു,
അതില്‍നിന്നും നമ്മള്‍ മാനസാന്തരപ്പെടേണ്ടതായും വന്നു.
അങ്ങനെ, ഗണിക്കപ്പെടുന്ന പാപം എന്ന പ്രമാണം ദൈവം ന്യായപ്രമാണത്തോടെ മനുഷ്യരുടെ ഇടയില്‍ കൊണ്ടുവന്നു. എന്നാല്‍, ഈ പ്രമാണത്തിന്റെ ഉദ്ദേശ്യം നമ്മളെ കുറ്റക്കാര്‍ എന്ന് വിധിക്കുവാനല്ല. ഇതേ പ്രാമാണത്താല്‍ തന്നെ ആണ് നമ്മള്‍ വീണ്ടെടുക്കപ്പെടുന്നത്. അതിനാല്‍ ഗണിക്കപ്പെടുന്ന പാപം എന്ന പ്രമാണം നമുക്ക് ഒരു അനുഗ്രഹമാണ്.
ഇതേ പ്രമാണം ഉപയോഗിച്ച് ദൈവം മനുഷ്യരുടെ
പാപങ്ങള്‍ യേശുക്രിസ്തുവില്‍ ആക്കിവെച്ചു. നമ്മളുടെ പാപങ്ങളെ,
നമ്മളുടെ കണക്കില്‍ നിന്നും മാറ്റി, യേശുക്രിസ്തുവിന്റെ
കണക്കില്‍ എഴുതിച്ചേര്‍ത്തു. അങ്ങനെ പാപത്തിനുള്ള പരിഹാരമായ രക്തം ചൊരിഞ്ഞുള്ള യാഗം
അര്‍പ്പിക്കുവാന്‍ യേശുവിന് കഴിഞ്ഞു.
ആദാമില്‍ നിന്നുമുള്ള പാപം പൈതൃകമായി യേശുക്രിസ്തുവില്‍
പകര്‍ന്നു വന്നിരുന്നില്ല. അതിനാല്‍ അവനില്‍ പൈതൃക പാപം ഉണ്ടായിരുന്നില്ല.
യേശുക്രിസ്തുവിന്റെ പ്രകൃതി ആദാമ്യ പാപത്താല്‍ മലിനമായിരുന്നില്ല. അതുകൊണ്ടാണ്
യേശു നമ്മളുടെ പാപങ്ങള്‍ ചുമന്നു എങ്കിലും അവന്‍ പാപി ആയിരുന്നില്ല എന്ന് നമ്മള്‍
പറയുന്നത്.
2 കൊരിന്ത്യര്‍ 5:21 ല്‍ നമ്മള്‍ വായിക്കുന്നു: “പാപം അറിയാത്തവനെ,
നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ
നമുക്കു വേണ്ടി പാപം ആക്കി.”
അങ്ങനെ, നമ്മളുടെ പാപങ്ങള്‍
യേശുവിന്റെ കണക്കില്‍ ഗണിക്കപ്പെട്ടത്തിന് പകരമായി,
യേശുവിന്റെ നീതി നമ്മളുടെ കണക്കില്‍ എഴുതപ്പെടുകയും ചെയ്തു.
എന്നാല്‍ രക്ഷയുടെ
ഈ അനുഭവം, യേശുക്രിസ്തുവിന്റെ
പരമ യാഗത്തില്‍ വിശ്വസിക്കുകയും അവനെ രക്ഷിതാവും കര്‍ത്താവും ആയി സ്വീകരിക്കുകയും
ചെയ്യുന്നവര്‍ക്ക് മാത്രമേ ലഭിക്കൂ എന്നുകൂടി നമ്മള്‍ ഓര്‍ക്കേണം.
മൂന്നാമത്തെ പാപം, വ്യക്തിപരമായ തിരഞ്ഞെടുപ്പിനാലുള്ള പാപം ആണ്. ഇത് നമ്മള്‍ ദൈനംദിനം ചെയ്യുന്ന പാപ പ്രവര്‍ത്തികള്‍ ആണ്. ഇതില്‍ വളരെ നിര്‍ദ്ദോഷമായി തോന്നാവുന്ന ചെറിയ കള്ളങ്ങള്‍ മുതല്‍ കൊലപാതകം വരെ ഉള്‍പ്പെടുന്നു. ഇത് നമ്മളുടെ തിരഞ്ഞെടുപ്പാണ്.
അതിനാല്‍ നമ്മള്‍ പ്രകൃതത്താലും,
തിരഞ്ഞെടുപ്പിനാലുള്ള വ്യക്തിപരമായ പാപത്താലും പാപികള്‍ ആയിരിക്കുന്നു.
പാപത്തിന് നമ്മളുടെ സ്വതന്ത്ര ഇശ്ചാശക്തിയുമായി ബന്ധം ഉണ്ട്. സ്വതന്ത്ര ഇശ്ചാശക്തി മനുഷ്യന്റെ പ്രകൃതിയിലെ നിര്‍ണ്ണായകമായ ശക്തി ആണ്. അത് മനുഷ്യന്റെ മറ്റെല്ലാ കഴിവുകളെയും നിയന്ത്രിക്കുന്നു. സ്വതന്ത്ര ഇശ്ചാശക്തി എന്നത് പാപം ചെയ്യുവാനുള്ള താല്‍പര്യം അല്ല, അത് മനുഷ്യരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്ന ശക്തി ആണ്. അത് നമ്മളെ ദൈവത്തോടുള്ള അനുസരണത്തില്‍ നിറുത്തുകയോ, അനുസരണക്കേടില്‍ തുടരുവാന്‍ പ്രേരിപ്പിക്കുകയോ ചെയ്യും.
മനുഷ്യന്റെ സ്വതന്ത്ര ഇശ്ചാശക്തിയെ ശരിയായി
മനസ്സിലാക്കിയാല്‍ പാപം നമ്മളുടെ തിരഞ്ഞെടുപ്പാകുന്നത് എങ്ങനെ എന്നു ഗ്രഹിക്കുവാന്‍
കഴിയും.
റോമര്‍ 6: 16 നിങ്ങൾ ദാസന്മാരായി അനുസരിപ്പാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും
നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന്നു ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിന്നായി പാപത്തിന്റെ ദാസന്മാർ,
അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ.
പൌലൊസ് പറയുന്നതു ഇതാണ്: “ദാസന്മാരായി അനുസരിപ്പാൻ നിങ്ങളെത്തന്നേ” സമർപ്പിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ട്. “ഒന്നുകിൽ മരണത്തിന്നായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർ” ആയി ജീവിക്കുവാനുമുള്ള സ്വാതന്ത്ര്യവും നമുക്ക് ഉണ്ട്.
“നമ്മള്‍ പാപം
ചെയ്യുന്നത് കൊണ്ട് പാപികള്‍ ആകുന്നതല്ല, പാപികള്‍ ആയതുകൊണ്ട് പാപം ചെയ്യുന്നു” എന്ന് പൊതുവേ കേള്‍ക്കുന്ന ഒരു
ഉപദേശം ഉണ്ട്. അതുഭാഗികമായി ശരിയാണ് എങ്കിലും പൂര്‍ണ്ണമായും ശരിയല്ല. കാരണം പാപം ഒരു
തിരഞ്ഞെടുപ്പ് കൂടി ആണ്. പാപം ഒരു വ്യക്തിയുടെ തികച്ചും വ്യക്തിപരമായ പ്രവര്‍ത്തി
ആണ്. പാപം ഇപ്പോള്‍ മനുഷരുടെ കണക്കില്‍ ഗണിക്കപ്പെട്ടിരിക്കുന്നു.
മാതാപിതാക്കന്മാരുടെ
പ്രവര്‍ത്തികളുടെ പരിണിത ഫലം മക്കള്‍ അനുഭവിക്കേണ്ടി വരും എന്നത് ശരിയാണ്, എന്നാല്‍ മുന്‍ഗാമികളുടെ പാപ വഴികളിലൂടെ
സഞ്ചരിക്കാത്ത പിന്‍ഗാമികള്‍, പൂര്‍വ്വികരുടെ പാപത്തിന്‍റെ
ശിക്ഷ അനുഭവിക്കേണ്ടി വരുക ഇല്ല. ഓരോരുത്തരുടെയും പ്രവര്‍ത്തികളുടെ ശിക്ഷ അവരവര്‍
അനുഭവിക്കേണ്ടി വരും.
അങ്ങനെ
മനുഷ്യരുടെ സ്വതന്ത്ര ഇശ്ചാശക്തി പാപത്തെക്കുറിച്ചുള്ള പഠനത്തില്‍ കേന്ദ്രവിഷയം ആയിത്തീരുന്നു.
ഈ ഇശ്ചാശക്തി തന്നെ,
മൂല പാപത്താല്‍ മലിനമായിരിക്കുക ആണ് എന്നുകൂടി നമ്മള്‍ ഓര്‍ക്കേണം.
എങ്കിലും നമ്മള്‍
അശക്തര്‍ അല്ല എന്നുകൂടി നമ്മള്‍ മനസ്സിലാക്കേണം.
നമ്മള്‍ പാപ
പ്രകൃതിയോടെ ജനിച്ചു എങ്കിലും നമ്മള്‍ പാപികള്‍ ആയി ജനിക്കുന്നില്ല. ഈ സത്യം
അനേകര്‍ക്കും വ്യക്തമായി മനസ്സിലായിട്ടില്ല. ഇത് വലിയ വ്യത്യാസം ആണ് നമ്മളുടെ
ജീവിതത്തില്‍ ഉണ്ടാക്കുന്നത്.
പാപികളായി ജനിക്കുന്നു എന്നതും പാപ പ്രകൃതിയോടെ ജനിക്കുന്നു എന്നതും രണ്ടാണ്. ആരും പാപികളായി ജനിക്കുന്ന എന്നതിനാല്‍ ആണ് ശിശുക്കളെ നമ്മള്‍ നിഷ്കളങ്കര്‍ ആയി കരുത്തുന്നതും അവര്‍ക്ക് രക്ഷയ്ക്ക് മാനസാന്തരം ആവശ്യമില്ല എന്ന് പറയുന്നതും. എന്നാല്‍ അവരിലും പാപ പ്രകൃതി ആദാമില്‍ നിന്നും പൈതൃകമായി പകരപ്പെട്ട് കിട്ടിയിട്ടുണ്ട്. അതിനാല്‍, അവര്‍ ആദാമിന്റെ പാപത്തിന്റെ പരിണിത ഫലമായ മരണം അനുഭവിക്കേണ്ടിയും വരുന്നു.
നമ്മള്‍ ജന്‍മനാല്‍ തന്നെ പ്രാപിച്ചിരിക്കുന്ന പാപ പ്രകൃതിയില്‍ നിന്നും നമുക്ക് രക്ഷപ്പെടുവാന്‍ സാദ്ധ്യമല്ല. വീണ്ടും ജനനത്തിലൂടെ പോലും നമ്മളുടെ പാപ പ്രകൃതി നമ്മളെ വിട്ടു പോകുന്നില്ല. എന്നാല്‍, നമ്മളുടെ സ്വതന്ത്ര ഇശ്ചാശക്തി ശരിയായി ഉപയോഗിക്കുന്നതിലൂടെ നമുക്ക് പാപത്തെ ജയിക്കുവാന്‍ കഴിയും. പാപത്തെ ജയിക്കുക എന്നതാണ് പ്രധാന വിഷയം.
പാപത്തെ
ജയിക്കുവാനുള്ള ശക്തി പഴയനിയമ വിശ്വാസികള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍
പാപത്തെ ജയിക്കുവാനും കീഴടക്കുവാനുമുള്ള ശക്തി, ദൈവകൃപയാല്‍ പുതിയനിയമ വിശ്വാസികള്‍ക്ക് ഉണ്ട്. പാപ പ്രകൃതിയെ
ജയിക്കുവാന്‍ നമ്മളെ സഹായിക്കുവാനാണ് പരിശുദ്ധാത്മാവ് നമ്മളില്‍ വസിക്കുന്നത്.
നമ്മള്‍ പാപം ചെയ്യുവാനുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്, പാപ പ്രകൃതി നമ്മളില്‍ ഇരിക്കുന്നത് കൊണ്ടാണ്. എങ്കിലും ആരും നമ്മളെ കൊണ്ട് നിര്‍ബന്ധമായും പാപം ചെയ്യിക്കുന്നില്ല. പാപം തിരഞ്ഞെടുക്കുവാനും തള്ളാനുമുള്ള സ്വാതന്ത്ര്യം എപ്പോഴും നമുക്ക് ഉണ്ട്.
ഒരുവന്‍
ദൈവമുമ്പാകെ നില്‍ക്കേണ്ടിവമ്പോള്‍, അവനവന്‍ ചെയ്ത പ്രവര്‍ത്തികളുടെ കണക്ക് ആണ് ബോധിപ്പിക്കേണ്ടത്. ആദം ചെയ്ത
പ്രവര്‍ത്തിയുടെ കണക്ക് നമ്മള്‍ ആരും ബോധിപ്പിക്കേണ്ടി വരുക ഇല്ല. എന്നാല്‍ നമ്മള്‍
നടത്തിയ തിരഞ്ഞെടുപ്പിനാല്‍ ചെയ്ത സകല പ്രവര്‍ത്തികളുടെയും കണക്ക് നമ്മള്‍
ബോധിപ്പിക്കേണ്ടി വരും.
അതുകൊണ്ടാണ് യെഹെസ്കേല്‍
18:20 ല്‍ പറയുന്നതു: “ പാപം ചെയ്യുന്ന ദേഹി മരിക്കും”.
സദൃശവാക്യങ്ങള്‍ 8: 36 “എന്നോടു പിഴെക്കുന്നവനോ തനിക്കു
പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.”
1
യോഹന്നാന്‍ 3:6
ല്‍ നമ്മള്‍ വായിക്കുന്നു: “അവനിൽ
വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.”
ഈ വാക്യത്തിലെ
“പാപം ചെയ്യുന്നവന്‍” എന്നത് ഒരു തുടരുന്ന പ്രവര്‍ത്തിയെ ആണ് സൂചിപ്പിക്കുന്നത്.
അത് പാപത്തോടു പോരാടികൊണ്ടിരിക്കുന്ന അനുഭവത്തെ അല്ല, പാപത്തില്‍ തന്നെ രസിച്ചുകൊണ്ടു ജീവിക്കുന്ന
അനുഭവത്തെ സൂചിപ്പിക്കുന്നു. പാപത്തോടുള്ള നമ്മളുടെ പോരാട്ടം ജീവിതാന്ത്യത്തോളം
ഉണ്ടായിരിക്കും.
ദൈവം നമ്മളെ ഒരിയ്ക്കലും
പാപം ചെയ്യുവാനോ,
പാപത്തിലേക്കൊ പ്രേരിപ്പിക്കുന്നില്ല. ദൈവം പാപങ്ങളാല്‍ നമ്മളെ പരീക്ഷിക്കുന്നും
ഇല്ല. പാപവും അതിനായുള്ള പ്രലോഭനങ്ങളും നമ്മളുടെ ഹൃദയത്തില്‍ ആണ് ഉളവാകുന്നത്.
യാക്കോബ് 1:
13 – 15
13 പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു
എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.
14 ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ
ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.
15 മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
ഈ വാക്യത്തില്‍, യാക്കോബ്, പാപം മനുഷ്യന്‍റെ സ്വതന്ത്ര ഇശ്ചാശക്തിയാലുള്ള തിരഞ്ഞെടുപ്പാണ് എന്നു സമര്‍ത്ഥിക്കുക ആണ്.
യേശുക്രിസ്തുവിന്‍റെ പാപപരിഹാര യാഗത്തില്‍ വിശ്വസിച്ച് വീണ്ടെടുപ്പ് സാദ്ധ്യമാക്കിയ എല്ലാവര്‍ക്കും പാപത്തെ എതിര്‍ക്കുവാനും, ജയിക്കുവാനും ഉള്ള ശക്തി ലഭിച്ചിട്ടുണ്ട്. ദൈവകൃപ പാപത്തെ ജയിക്കുവാന്‍ നമ്മളെ ശക്തരാക്കുകയും, പരിശുദ്ധാത്മാവ് നമ്മളെ അതിനായി സഹായിക്കുകയും ചെയ്യും. പരിശുദ്ധാത്മാവ്, പാപത്തെക്കുറിച്ച് നമ്മളെ ബോധ്യപ്പെടുത്തും. പാപങ്ങളെ ഏറ്റുപറഞ്ഞു വിടുതല്‍ പ്രാപിക്കുവാന്‍ അവന്‍ നമ്മളെ സഹായിക്കുകയും ചെയ്യും. പാപത്താല്‍ നഷ്ടപ്പെട്ടുപോയ ക്രിസ്തുവിനോടുള്ള കൂട്ടായ്മ വീണ്ടെടുക്കുവാനും പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കും.
1 യോഹന്നാന്‍ 1:9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ
ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും
നീതിമാനും ആകുന്നു.
അതായത്, വ്യക്തിപരമായ പാപങ്ങള്‍ നമ്മളുടെ തിരഞ്ഞെടുപ്പാണ്. ദൈവത്തിന്റെ വിശുദ്ധിയോ പാപത്തെയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ട്. ദൈവ കൃപയെയും പരിശുദ്ധാത്മാവിനെയും സ്വീകരിക്കുവാനും തള്ളിക്കളയാനുമുള്ള സ്വാതന്ത്ര്യവും നമുക്ക് ഉണ്ട്. പാപത്തെ ജയിക്കുവാനും പാപത്തില്‍ തുടരുവാനും ഉള്ള സ്വാതന്ത്ര്യവും നമുക്ക് ഉണ്ട്. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പാപത്തെ ഒരു തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു മര്‍മ്മം ആണ്.
ഉപസംഹാരം
നമ്മളുടെ പാപ പ്രകൃതിയുടെ ഫലമായാണ് നമ്മള്‍ പാപം പ്രവര്‍ത്തിക്കുന്നത്.
ഒപ്പം പാപം ഒരു തിരഞ്ഞെടുപ്പ് കൂടി ആണ്. പാപം നമ്മളെ,
പരിശുദ്ധനായ ദൈവത്തില്‍ നിന്നും അകറ്റുന്നു. എന്നിരുന്നാലും,
യേശുക്രിസ്തുവിലൂടെ പാപമോചനത്തിനായുള്ള ഒരു വഴി ദൈവം നമുക്ക് തുറന്ന്
തന്നിരിക്കുന്നു. പാപത്തിന്‍റെ അടിമത്തത്തില്‍നിന്നുള്ള രക്ഷയെ യേശുക്രിസ്തു
വീണ്ടും ജനനം എന്നു വിളിച്ചു.
യോഹന്നാന്‍ 3: 5, 6
5 അതിന്നു യേശു: “ആമേൻ, ആമേൻ,
ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല
എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു;
ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
വേദപുസ്തക മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.
വീഡിയോ കാണുവാന്‍
naphtalitribetv.com
എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com
എന്ന ചാനലും സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍
നഷ്ടപ്പെടാതെ കാണുവാനും കേള്‍ക്കുവാനും നിങ്ങളെ സഹായിക്കും.
പഠനക്കുറിപ്പുകള്‍
ഇ-ബുക്കായി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍
ഇ-ബുക്കുകള്‍, whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854.
ദൈവ വചനം ഗൌരമായി പഠിക്കുവാന്‍
ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക. മറ്റുള്ളവരോടുകൂടെ പറയുക.
ദൈവം നിങ്ങളെ
എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.
No comments:
Post a Comment