പൌലൊസിന്‍റെ സുവിശേഷ യാത്രകള്‍

യേശുക്രിസ്തു കഴിഞ്ഞാല്‍, ക്രിസ്തീയ വിശ്വാസത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി ആണ്, അപ്പൊസ്തലനായ പൌലൊസ്. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിത ചരിത്രമാണ്, വേദപുസ്തകത്തിലെ  അപ്പോസ്തല പ്രവൃത്തികള്‍ എന്ന പുസ്തകത്തില്‍ പകുതിയും. എന്നാല്‍ അദ്ദേഹം യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഒരുവന്‍ അല്ലായിരുന്നു എന്നതും ശ്രദ്ധേയം ആണ്. 

AD 30 മുതല്‍ 50 വരെയുള്ള കാലയളവില്‍, ഏഷ്യ മൈനര്‍ അല്ലെങ്കില്‍ ആസ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ആയി അന്‍പത് പട്ടണങ്ങളെ എങ്കിലും അദ്ദേഹം സന്ദര്‍ശിക്കുകയും അവിടെ സഭകളെ സ്ഥാപിക്കുകയും ചെയ്തു.

 


ജീവചരിത്രം

 

അപ്പൊസ്തലനായ പൌലൊസിന്‍റെ ജീവിത ചരിത്രം മുഴുവന്‍ വിവരിക്കുക എന്നത് ഈ സന്ദേശത്തിന്റെ ഉദ്ദേശ്യം അല്ല. അദ്ദേഹത്തിന്റെ സുവിശേഷ യാത്രയുടെ മാത്രം ക്രമമായതും ഹൃസ്വവുമായ ഒരു പട്ടിക വിവരിക്കുക എന്നതുമാത്രമാണ് ഇവിടെ നമ്മള്‍ ഉദ്ദേശിക്കുന്നത്.

എങ്കിലും, അദ്ദേഹത്തിന്റെ മാനസാന്തരത്തിന് മുമ്പുള്ള ജീവിതത്തിലെ ചില കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും എന്നതിനാല്‍ അത് വേഗം പറഞ്ഞുപോകട്ടെ.

 

BC 5 നും AD 5 നും ഇടയില്‍ തർസൊസ് എന്ന സ്ഥലത്ത് ഒരു യഹൂദ കുടുംബത്തില്‍ അദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെ യഹൂദ പേര് ശൌല്‍ എന്നായിരുന്നു. തർസൊസ്, മദ്ധ്യധരണ്യാഴിയില്‍ ഉള്ള ഒരു വ്യാപാര പട്ടണം ആയിരുന്നു. അതൊരു റോമന്‍ സാമ്രാജ്യത്തിന്റെ പ്രവിശ്യയും, അതിന് “സ്വതന്ത്ര പട്ടണം” എന്ന സ്ഥാനവും ഉണ്ടായിരുന്നു. അതിനാല്‍ അവിടെ ജനിച്ച പൌലൊസ്, ജന്‍മനാല്‍ തന്നെ റോമന്‍ പൌരന്‍ ആയി. ഇന്ന് ഈ പട്ടണം ആധുനിക തുര്‍ക്കിയില്‍ ആണ് ഉള്ളത്.

അദ്ദേഹത്തിന്റെ ചില കുടുംബാംഗങ്ങള്‍ യെരുശലേമില്‍ താമസിച്ചിരുന്നു. അപ്പോസ്തല പ്രവര്‍ത്തികള്‍ 23:16 ല്‍ അദ്ദേഹത്തിന്റെ സഹോദരിയുടെ മകനെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ട്.

 

അപ്പോസ്തല പ്രവര്‍ത്തികള്‍ 23:6 ല്‍ പൌലൊസ് പറയുന്നു: “ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു”. ഫിലിപ്പിയര്‍ 3:5 ല്‍ “എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യാമീൻഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ;” എന്നും സ്വയം സാക്ഷിക്കുന്നുണ്ട്.

യുവവായിരിക്കെ, യെരൂശലേമില്‍ അന്ന് അറിയപ്പെട്ടിരുന്ന യഹൂദ റബ്ബി ആയിരുന്ന ഗമാലീയേലിന്റെ പാഠശാലയില്‍ തിരുവെഴുത്തുകള്‍ പഠിക്കുവാന്‍ പോയിരുന്നു.   

ഇതില്‍ അധികമായി യാതൊന്നും നമുക്ക് പൌലൊസിന്‍റെ ആദ്യകാല ജീവിതത്തെക്കുറിച്ച് അറിഞ്ഞുകൂടാ. സ്തെഫാനൊസിന്‍റെ മരണത്തോടെ ആണ് പൌലൊസ് ശ്രദ്ധേയന്‍ ആകുന്നത്. അപ്പോള്‍ പൌലൊസിന് 30 വയസ്സ് ആയിരുന്നു.

 

പൌലൊസിന്‍റെ മാനസാന്തരം

 

AD 31 നും 36 നും ഇടയില്‍ ആയിരിക്കേണം പൌലൊസിന്‍റെ മാനസാന്തരം സംഭവിക്കുന്നത്. ഈ സംഭവം അപ്പോസ്തല പ്രവര്‍ത്തികളില്‍ മാത്രമേ നമ്മള്‍ വായിക്കുന്നുള്ളൂ, അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ ഇതിനെക്കുറിച്ച് പറയുന്നില്ല.

വളരെ എരിവുള്ള ഒരു പരീശന്‍ ആയിരുന്നതിനാല്‍, ക്രിസ്തീയ മുന്നേറ്റത്തെ എങ്ങനെ എങ്കിലും തകര്‍ക്കേണം എന്ന് പൌലൊസ് തീരുമാനിച്ചു. അതിനാല്‍, അദ്ദേഹം പീഡനങ്ങളുടെ ഒരു പരമ്പര തന്നെ തുടങ്ങി. ഗ്രീക്കിലെ ചില പ്രദേശങ്ങളില്‍ കുടിയേറിയവരും, പിന്നീട് യെരുശലേമിലേക്ക് തിരികെ വന്നവരുമായ യഹൂദന്മാരില്‍ ക്രിസ്തീയ വിശ്വസം സ്വീകരിച്ചവര്‍ ആയിരുന്നു ആദ്യത്തെ ഇരകള്‍. സ്തെഫാനൊസ് ഈ കൂട്ടത്തിലപ്പെട്ട ഒരാള്‍ ആയിരുന്നു.

ഇതിനെക്കുറിച്ച് പൌലൊസ് തന്നെ ഗലാത്യര്‍ 1: 13, 14 വാക്യങ്ങളില്‍ ഇപ്രകാരം പറയുന്നുണ്ട്: “യെഹൂദമതത്തിലെ എന്റെ മുമ്പത്തെ നടപ്പു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും (13) എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്റെ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തുപോന്നു. (14)

സിറിയയിലെ ദമസ്കൊസിൽ ഉള്ള, ക്രിസ്തീയ വിശ്വസം സ്വീകരിച്ച യഹൂദന്മാരെ പിടിച്ചുകെട്ടി, വിചാരണയ്ക്കും കൊല്ലുവാനും ആയി യെരുശലേമിലേക്ക് കൊണ്ടുവരുവാന്‍, മഹാപുരോഹിതന്റെ അടുക്കല്‍ നിന്നും അധികാര പത്രം വാങ്ങി, അവിടെക്കു യാത്ര ചെയ്യുമ്പോള്‍ ആണ്, പട്ടണ വാതില്‍ക്കല്‍ വച്ച് , പൌലൊസ് കര്‍ത്തവിനാല്‍ പിടിക്കപ്പെടുന്നത്.

ഈ സംഭവം അപ്പോസ്തല പ്രവര്‍ത്തികള്‍ 9: 3, 4 വാക്യങ്ങളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “ അവൻ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോൾ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി; (3) അവൻ നിലത്തു വീണു; ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. (4)

അവിടെ വച്ച് ശൌല്‍ കാഴ്ച നഷ്ടപ്പെട്ടവന്‍ ആയി, അവന്റെ സഹായികള്‍ അവനെ പട്ടണത്തില്‍ കൊണ്ടുപോയി. അവിടെ “അവൻ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.” (9:9). അതിനുശേഷം അനന്യാസ് എന്ന ഒരു ക്രിസ്തീയ ശിഷ്യന്‍, അവനെ കാണുവാന്‍ വരുകയും അവന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. അപ്പോള്‍ അവന് കാഴ്ച തിരികെ ലഭിച്ചു.

അങ്ങനെ പൌലൊസ് മാനസാന്തരപ്പെടുകയും, സ്നാനപ്പെടുകയും പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്തു. അതിനുശേഷം അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാൾ പാർത്തു, യേശു തന്നേ ദൈവപുത്രൻ എന്നു യഹൂദ പള്ളികളിൽ പ്രസംഗിച്ചു.

പൌലൊസിന്‍റെ  മൂന്ന് ദൈവീക ദൌത്യങ്ങള്‍ അനന്യാസിലൂടെ ദൈവം വെളുപ്പെടുത്തി (9:15). അവ ഇതെല്ലാം ആണ്:

 

1.        ജാതികളോട് സുവിശേഷം അറിയിക്കുക

2.      രാജാക്കന്മാരോടും ഭരണകര്‍ത്താക്കളോടും സുവിശേഷം അറിയിക്കുക

3.      യിസ്രായേല്‍ ജനതയോട് സുവിശേഷം അറിയിക്കുക.

ഇതിനായി ക്രിസ്തുവിന്നു വേണ്ടി അനേകം കഷ്ടതകള്‍ സഹിക്കേണ്ടി വരും എന്നും ദൈവം അറിയിച്ചു. (9:16)

ദൈവം പൌലൊസിനെക്കുറിച്ച് ആഗ്രഹിച്ച ഈ മൂന്ന് ദൌത്യങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിറവേറ്റപ്പെട്ടു.

ആദ്യകാല വിശ്വാസ ജീവിതം

ഗലാത്യര്‍ 1: 17 ല്‍, മാനസാന്തരത്തിന് ശേഷം പൌലൊസ് ആദ്യം അപ്പോസ്തലന്മാരുടെ അടുക്കലേക്ക് പോയില്ല എന്നും, അവന്‍ അറബിയിലേക്ക് പോയി, അവിടെ നിന്നും ദമസ്ക്കോസിലേക്ക് തിരികെ വന്നു എന്നും പറയുന്നു. അറബിയിലേക്ക് പോയി എന്നത് സീനായ് പര്‍വ്വത പ്രദേശങ്ങളിലേക്ക് ധ്യാനത്തിനും പ്രാര്‍ഥനയ്ക്കും ആയി പോയി എന്നു വേണം മനസ്സിലാക്കുവാന്‍ എന്നു ചില വേദ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

അതുകൊണ്ടാണ് ഗലാത്യര്‍ 1: 11, 12 വാക്യങ്ങളില്‍ പൌലൊസ് ഇങ്ങനെ അവകാശപ്പെട്ടത്: “സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഓർപ്പിക്കുന്നു. (11). അതു ഞാൻ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ പ്രാപിച്ചതു. (12)

മാനസാന്തരത്തിന് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പൌലൊസ് യെരൂശലേമില്‍ പോകുകയും, പത്രൊസ്, യാക്കോബ് എന്നിവരെ കാണുകയും അവരോടൊപ്പം 15 ദിവസങ്ങള്‍ താമസിക്കുകയും ചെയ്തു. (ഗലാത്യര്‍ 1: 18, 19).

അങ്ങനെ, പൌലൊസ് യെരൂശലേമിലെ സഭയില്‍ നിന്നും സ്വതന്ത്രന്‍ ആയിരുന്നു, എങ്കിലും ഉപദേശത്തിലും അന്യോന്യം ഉള്ള കൂട്ടായ്മയിലും ചേര്‍ന്ന് പോകുകയും ചെയ്തു. 

പൌലൊസിന്റെ സുവിശേഷ യാത്രകള്‍


ഗ്രീസിനും തുര്‍ക്കിക്കും ഇടയില്‍ കാണുന്ന ഏജിയന്‍ സമുദ്രത്തിന്‍റെ തീരത്തുള്ള പ്രദേശങ്ങളില്‍ ആണ് പൌലൊസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെയും കേന്ദ്രീകരിച്ചിരുന്നത്. ഇവിടെ അദ്ദേഹം സന്ദരിശിച്ച സ്ഥലങ്ങളില്‍ പ്രധാനപ്പെട്ടവ, മിലേത്തൊസ്, എഫെസോസ്, ഫിലിപ്പിയ, ബെരോവേ, തെസ്സലൊനീക്യ, അഥേന, കോരിന്ത് എന്നിവ ആയിരുന്നു. 

അപ്പോസ്തല പ്രവര്‍ത്തികളില്‍, പൌലൊസിന്റെ മൂന്നു സുവിശേഷ യാത്രകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. റോമിലെ കാരാഗൃഹ വാസത്തോടെ അപ്പോസ്തല പ്രവര്‍ത്തികളിലെ വിവരണം അവസാനിക്കുന്നു. എന്നാല്‍ റോമിലെ ആദ്യത്തെ കാരാഗൃഹ വാസത്തില്‍ നിന്നും പൌലൊസ് സ്വതന്ത്രന്‍ ആയി എന്നും അതിനുശേഷം അദ്ദേഹം നാലാമതൊരു സുവിശേഷ യാത്രകൂടി ചെയ്തിരുന്നു എന്നും അദ്ദേഹം സ്പെയ്ന്‍ എന്ന രാജ്യത്തും പോയിരുന്നു എന്നും  ചില വേദ പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു.

2 തിമൊഥെയൊസ് 4:16 ല്‍ “എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു” എന്നു പൌലൊസ് പറയുന്നത്, ആദ്യത്തെ കാരാഗൃഹവാസം അനുകൂലമായി അവസാനിച്ചു എന്നതിനെ കാണിക്കുന്നു എന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. ഇതിനെക്കുറിച്ച് നമുക്ക് പിന്നീട് ചിന്തിക്കാം.

 


പൌലൊസിന്റെ ഒന്നാമത്തെ സുവിശേഷ യാത്ര

 

പൌലൊസിന്റെ ഒന്നാമത്തെ സുവിശേഷ യാത്രയുടെ വിവരണം നമുക്ക് അപ്പോസ്തല പ്രവൃത്തികള്‍ 13, 14 അദ്ധ്യായങ്ങളില്‍ വായിക്കാവുന്നതാണ്. അത് AD 47 നും 48 നും ഇടയില്‍ ആയിരിക്കേണം.

പൌലൊസ് യെരുശലേമില്‍ അപ്പോസ്തലന്മാരെ കണ്ടതിന് ശേഷം തർസൊസില്‍ തിരികെ വന്നു. (അപ്പോസ്തല പ്രവര്‍ത്തികള്‍ 9: 26-30).

അതേ സമയം ക്രിസ്തീയ വിശ്വാസികള്‍ക്ക് എതിരെയുള്ള പീഡനം യെരൂശലേമില്‍ വര്‍ദ്ധിച്ചു വന്നു. അതിനാല്‍ ചില വിശ്വാസികള്‍, ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നിവിടങ്ങളിലേക്ക് ഓടിപ്പോയി. (11:19–30). ഓടിപ്പോയവര്‍ അവര്‍ ചെന്ന ഇടത്തേല്ലാം സുവിശേഷം അറിയിച്ചു. അങ്ങനെ ആ സ്ഥലങ്ങളില്‍ എല്ലാം സഭ ഉണ്ടാകുവാനും വളരുവാനും ഇടയായി.

ഇതിനെക്കുറിച്ചുള്ള വര്‍ത്തമാനം യെരൂശലേമില്‍ എത്തിയപ്പോള്‍, അതിന്റെ നിജസ്ഥിതി അറിയുവാന്‍ അപ്പോസ്തലന്മാര്‍, ബർന്നബാസ് എന്ന ശിഷ്യനെ അവിടേക്ക് അയച്ചു. സുവിശേഷം വേഗത്തില്‍ അവിടെയെല്ലാം പരക്കുന്നതായി ബര്‍ന്നബാസ് അപ്പോസ്തലന്മാരെ അറിയിച്ചു. (11:23)

അതിനുശേഷം, ബര്‍ന്നബാസ്, തർസൊസിലേക്ക് പോയി പൌലൊസുമായി തിരികെ അന്ത്യൊക്ക്യയിലേക്ക് വന്നു. അവര്‍ അവിടെ ഒരു വര്‍ഷത്തോളം താമസിച്ച്, അവിടെയുള്ള സഭകള്‍ക്ക് നേതൃത്വം നല്കി. അങ്ങനെ,ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി. (11:26)

അന്ത്യൊക്ക്യയിലെ സഭ “കർത്താവിനെ ആരാധിച്ചും ഉപവസിച്ചും കൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.” (13:2). അവര്‍ വീണ്ടും ഉപവസിച്ച്, പ്രാര്‍ഥിച്ചതിനുശേഷം, അവരുടെ മേൽ കൈവെച്ചു അവരെ സുവിശേഷ വേലയ്ക്കായി പറഞ്ഞയച്ചു. (13:2).

അങ്ങനെ പൌലൊസിന്റെ ആദ്യ സുവിശേഷ യാത്ര ആരംഭിച്ചു. ജോണ്‍ മര്‍ക്കൊസും അവരോടൊപ്പാം യാത്രചെയ്തു എന്നു അനുമാനിക്കപ്പെടുന്നു.

ഈ യാത്ര ആദ്യ ഘട്ടത്തില്‍ ബര്‍ന്നബാസ് ആണ് നയിച്ചിരുന്നത്. അവര്‍ അന്ത്യൊക്ക്യയില്‍ നിന്നും കുപ്രൊസിലേക്കും, അവിടെ നിന്നും തെക്കന്‍ ഏഷ്യ മൈനര്‍ എന്നു അറിയപ്പെടുന്ന തുര്‍ക്കിയുടെ ഏഷ്യന്‍ ഭൂപ്രദേശങ്ങളിലേക്കും, പിന്നീട് തിരികെ അന്ത്യൊക്ക്യയിലേക്കും യാത്രചെയ്തു. അവരുടെ യാത്രകളില്‍, അവര്‍ ചെല്ലുന്ന പട്ടണങ്ങളില്‍ എല്ലാം, ആദ്യം യഹൂദ പള്ളികളില്‍ സുവിശേഷം അറിയിക്കുക എന്നതായിരുന്നു അവരുടെ രീതി.

അന്ത്യൊക്ക്യയില്‍ നിന്നും യാത്ര തിരിച്ച സുവിശേഷ സംഘം ആദ്യം സെലൂക്യ എന്ന തീര പ്രദേശത്തേക്കും അവിടെ നിന്നും തെക്ക് പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന കുപ്രൊസ് ദ്വീപിലെ പ്രധാന പട്ടണവും തുറമുഖവുമായിരുന്ന സലമീസ് എന്ന സ്ഥലത്തേക്കും പോയി. കുപ്രൊസ്, ബര്‍ന്നബാസിന്‍റെ ജന്മദേശം ആയിരുന്നു. (4:36). അവര്‍ ആ ദേശമെല്ലാം സുവിശേഷം അറിയിച്ചിട്ടും വലിയ ഫലം ഉണ്ടായില്ല.

അവിടെ നിന്നും, തെക്ക് പടിഞ്ഞാറുള്ള പാഫൊസ് എന്ന സ്ഥലത്തു കാല്‍നടയായി എത്തി. അവിടെ, ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതി, ബർന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേൾക്കുവാന്‍ ആഗ്രഹിച്ചു. (13:7). എന്നാല്‍ സെർഗ്ഗ്യൊസിനൊപ്പം, ബർയേശു എന്നും എലീമാസ് എന്നും പേരുണ്ടായിരുന്ന യെഹൂദനായി കള്ളപ്രവാചകനായോരു വിദ്വാന്‍ ഉണ്ടായിരുന്നു. എലീമാസ് സുവിശേഷത്തെ എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടയുവാന്‍ ശ്രമിച്ചു. അപ്പോള്‍ പൗലൊസ് പരിശുദ്ധാത്മ പൂർണ്ണനായി അവനോട് പറഞ്ഞു: “ഹേ സകലകപടവും സകലധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ? ഇപ്പോൾ കർത്താവിന്റെ കൈ നിന്റെമേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു.” ഉടന്‍ തന്നെ എലീമാസ് അന്ധനായി തീര്‍ന്നു. ഈ സംഭവം കണ്ട ദേശാധിപതി സുവിശേഷത്തില്‍ വിശ്വസിച്ചു. (13: 6-12)

പൌലൊസും ബര്‍ന്നബാസും ജോണ്‍ മര്‍ക്കൊസും പാഫൊസില്‍ നിന്നും പംഫുല്യാദേശത്തിലെ പെർഗ്ഗെ എന്ന സ്ഥലത്തു ചെന്നു. അവിടെ വച്ച്  ജോണ്‍ മര്‍ക്കൊസ് അവരെ വിട്ട് യരുശലേമിലേക്ക് തിരികെ പോയി. മര്‍ക്കൊസ് അവരെ വിട്ട് പോകുവാനുള്ള കാരണം വ്യക്തമല്ല. (13:13)

പെര്‍ഗ്ഗെയില്‍ അവര്‍ അധികം നാളുകള്‍ താമസിച്ചില്ല. അവര്‍ അവിടെ നിന്നും പുറപ്പെട്ട്, പിസിദ്യാ ദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി.

അപ്പോസ്തല പ്രവൃത്തികളില്‍ രണ്ടു അന്ത്യൊക്ക്യയെക്കുറിച്ച് പറയുന്നുണ്ട്. ഒന്നു സിറിയയിലെ അന്ത്യൊക്ക്യ ആണ്. മറ്റൊന്ന് പിസിദ്യാ ദേശത്തിലെ അന്ത്യൊക്ക്യ ആണ്. ഇവിടെ പിസിദ്യാ ദേശത്തിലെ അന്ത്യൊക്ക്യയെക്കുറിച്ചാണ് പറയുന്നത്.  ഈ സ്ഥലം ആധുനിക തുര്‍ക്കിയുടെ ഭാഗം ആണ്.

പിസിദ്യായിലെ അന്ത്യൊക്ക്യയില്‍, അവരുടെ പതിവ് അനുസരിച്ച് അവര്‍ യഹൂദ പള്ളിയില്‍ പ്രസംഗിച്ചു. യിസ്രായേല്‍ ജനത്തിന്റെ, മിസ്രയീമില്‍ ഉണ്ടായിരുന്ന അടിമത്തത്തില്‍ തുടങ്ങി, ന്യായാധിപന്‍മാരുടെ കാലത്തെയും, ശൌല്‍, ദാവീദ് എന്നീ രാജാക്കന്മാരുടെ ചരിത്രവും, യോഹന്നാന്‍ സ്നാപകന്റെ ശുശ്രൂഷയുടെ കാര്യവും പൌലൊസ് വിശദമായി പ്രസംഗിച്ചു. അതിനു ശേഷം ദാവീദിന്റെ സന്തതിയായി ദൈവം അയച്ച യിസ്രയേലിന്റെ രക്ഷകനായ യേശു ക്രിസ്തുവിനെ കുറിച്ചും അദ്ദേഹം അവരോട് പറഞ്ഞു. യേശുക്രിസ്തുവിന്റെ ജീവിതം, മരണം, ഉയിര്‍പ്പ് എന്നിവയെല്ലാം വിശദീകരിച്ച ശേഷം, പഴനിയമ പ്രവാചകന്മാരും, തിരുവെഴുത്തുക്കളും വാഗ്ദത്തം ചെയ്ത മശിഹാ ആണ് യേശു ക്രിസ്തു എന്നു അദ്ദേഹം അവരെ ബോധിപ്പിച്ചു. യേശു അവരുടെ പാപങ്ങള്‍ക്ക് പരിഹാരമായി തീര്‍ന്ന യാഗമാണ് എന്നും ഈ രക്ഷയുടെ സുവിശേഷം അറിയിക്കുവാനാണ് അവര്‍ ഈ പട്ടണത്തില്‍ വന്നത് എന്നും പൌലൊസ് പറഞ്ഞു.

പൌലൊസിന്റെ പ്രസംഗം കേട്ട അനേകം യഹൂദന്മാരും ജാതികളില്‍ നിന്നുള്ളവരും സുവിശേഷത്തില്‍ വിശ്വസിച്ചു. അതിനാല്‍ അവര്‍ അടുത്ത ശബ്ബത്ത് ദിവസവും പള്ളിയില്‍ വരുവാന്‍ അപ്പോസ്തലന്മാരെ ക്ഷണിച്ചു. അടുത്ത ശബ്ബത്ത് ദിവസം, വലിയ ഒരു കൂട്ടം ജനം അവരുടെ പ്രസംഗം കേള്‍ക്കുവാന്‍ കൂടി വന്നു. ഇത് കണ്ട യഹൂദന്മാര്‍, ഭയപ്പെട്ട്, സുവിശേഷത്തെ തളിപ്പറഞ്ഞു സംസാരിക്കുവാന്‍ തുടങ്ങി.

ഇതിന്‍ നിരാശരായ അപ്പോസ്തലന്മാര്‍, “ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.” എന്നു പറഞ്ഞു. (13:46). 48 ആം വാക്യം പറയുന്നു: “ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.”

ഇതിന്റെ അര്‍ത്ഥം, പൌലൊസും ബര്‍ന്നബാസും അതിനു ശേഷം യഹൂദന്മാരോടു സുവിശേഷം പറഞ്ഞില്ല എന്നല്ല. ഈ സംഭവത്തിന് ശേഷവും അവര്‍ യഹൂദ പള്ളികളില്‍ പ്രസംഗിക്കുന്നത് തുടര്‍ന്നു.

ദൈവത്തിന്റെ വചനം അനുദിനം ശക്തി പ്രാപിച്ചും അനേകരിലേക്ക് പകര്‍ന്നും കൊണ്ടിരുന്നു. അവിശ്വാസികളായ യഹൂദന്മാരോ, പട്ടണത്തിലെ പ്രധാനികളെ ഇളക്കി പൗലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽനിന്നു പുറത്താക്കിക്കളഞ്ഞു. (13:50)

അവര്‍ പിസിദ്യായിലെ അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിലേക്കു പോയി. അവര്‍ അവിടെ വളരെ നാളുകള്‍ താമസിച്ചു, യഹൂദ പള്ളികളില്‍ പ്രസംഗിക്കുകയും, അനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അനേകം യഹൂദന്മാരും ജാതികളില്‍ നിന്നുള്ളവരും ശിഷ്യന്മാര്‍ ആയി തീര്‍ന്നു.

എന്നാല്‍ പിസിദ്യായിലെ അന്ത്യൊക്ക്യയിൽ നിന്നും ചില യഹൂദന്മാര്‍ അവിടെ വന്ന്, അപ്പോസ്തലന്‍മാര്‍ക്ക് എതിരെ അവിടെയും കലാപം ഉണ്ടാക്കി. അപ്പോസ്തലന്മാരെ കല്ലെറിഞ്ഞു കൊല്ലുവാന്‍ അവര്‍ പദ്ധതി ഇട്ടു. അതിനാല്‍ പൌലൊസും ബര്‍ന്നബാസും അവിടെ നിന്നും, ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും ഓടിപ്പോയി. (14:6)

ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷൻ, പൌലൊസ് പ്രസംഗിച്ചുകൊണ്ടിരിക്കുന്നത് കേട്ടുകൊണ്ടിരുന്നു. പൌലൊസ് അവനെ സൌഖ്യമാക്കി. ഇത് കണ്ട ജാതികളായ പ്രദേശ വാസികള്‍, “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു” എന്നു വിളിച്ചു പറഞ്ഞു. അവര്‍, ബർന്നബാസിന്നു ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവന്നു ബുധൻ എന്നു പേർവിളിച്ചു. ക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു. അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും ഇത് കേട്ടിട്ടു, “ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം” എന്ന് വിളിച്ച് പറഞ്ഞു. തങ്ങൾക്കു യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു. (14:8-18).

ഇതെല്ലാം സംഭവിക്കുമ്പോഴും, മറുവശത്തു, സുവിശേഷത്തോടും അപ്പോസ്തലന്മാരോടും ഉള്ള എതിര്‍പ്പ് വര്‍ദ്ധിച്ചു വന്നു.

അന്ത്യൊക്ക്യയിൽനിന്നും ഇക്കോന്യയിൽനിന്നും യെഹൂദന്മാർ വന്നു, ലുസ്ത്രയിലെ ജനത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചുകളഞ്ഞു.

എന്നാൽ പൌലൊസിന്‍റെ ശിഷ്യന്മാർ അവന് ചുറ്റും നില്‍ക്കുമ്പോള്‍, മരിച്ചു എന്ന് നിരൂപിച്ച പൌലൊസ് എഴുന്നേറ്റു. അവര്‍ ലുസ്ത്ര പട്ടണത്തിലേക്ക് തന്നെ തിരികെ ചെന്നു. (14:19,20)

അടുത്ത ദിവസം പൌലൊസ്, ബർന്നബാസിനോടുകൂടെ ദെർബ്ബെ എന്ന സ്ഥലത്തേക്ക് പോയി. അവിടെ അനേകം പേര്‍ സുവിശേഷത്തില്‍ വിശ്വസിച്ചു. (14:19-20). ലുസ്ത്ര, ദെർബ്ബെ എന്നീ സ്ഥലങ്ങളില്‍ വച്ചായിരിക്കേണം തിമൊഥെയൊസ്, പൌലൊസില്‍ നിന്നും സുവിശേഷം കേട്ടതും വിശ്വസിച്ചു രക്ഷപ്രാപിച്ചതും.

ദെർബ്ബെയില്‍ നിന്നും പൌലൊസും ബര്‍ന്നബാസും തിരികെ യാത്രചെയ്ത്, ലുസ്ത്ര, ഇക്കോന്യ, പിസിദ്യായിലെ അന്ത്യൊക്ക്യ എന്നിവിടങ്ങളിലേക്ക് പോയി. അവിടെയെല്ലാം അവര്‍ സഭയില്‍ മൂപ്പന്മാരെ നിയമിച്ചു. (14:21-23).

അതിനുശേഷം അവര്‍ പെർഗ്ഗെ, അത്തല്യെ എന്നീ സ്ഥലങ്ങളിലേക്ക് പോയി, അവിടെ എല്ലാം സുവിശേഷം അറിയിച്ചു. അവിടെ നിന്നും അവര്‍ സിറിയയിലെ അന്ത്യൊക്ക്യയിലേക്ക് യാത്രചെയ്തു. (14:24-26).

അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികൾക്കു വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതും അറിയിച്ചു. പിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാർത്തു. (14:27, 28). പൌലൊസ് ഇവിടെ എത്ര നാള്‍ താമസിച്ചു എന്നു നമുക്ക് തീര്‍ച്ചയില്ല. 9 മാസങ്ങള്‍ മുതല്‍ 8 വര്‍ഷങ്ങള്‍ വരെ താമസിച്ചു കാണും എന്ന വിവിധ അഭിപ്രായങ്ങള്‍ ഉണ്ട്.

അങ്ങനെ പൌലൊസിന്‍റെ ഒന്നാമത്തെ സുവിശേഷ യാത്ര അവസാനിച്ചു.

യെരുശലേമിലെ കൌണ്‍സില്‍

പൌലൊസിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും സുവിശേഷയാത്രകളുടെ ഇടവേളയില്‍ ഉണ്ടായ ഒരു സുപ്രധാന സംഭവം ആണ് യെരൂശലേം കൌണ്‍സില്‍.

പൌലൊസിന്റെ പ്രവര്‍ത്തനങ്ങളാല്‍ ജാതികളില്‍ നിന്നുള്ള അനേകം പേര്‍ ക്രിസ്തുവിനെ സ്വീകരിച്ച് മുന്നോട്ട് വന്നു. അതിനോടൊപ്പം, ആര്‍ക്ക്, എങ്ങനെ ഒരു ക്രിസ്തീയ വിശ്വാസി ആയി തീരാം എന്നതിനെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുത്തു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി, 49 AD ല്‍, യെരൂശലേമില്‍ കൂടിയ അപ്പോസ്തലന്മാരുടെയും മൂപ്പന്മാരുടെയും യോഗത്തെ ആണ് നമ്മള്‍ യെരൂശലേം കൌണ്‍സില്‍ എന്നു വിളിക്കുന്നത്. ഇതില്‍ പൌലൊസും ബര്‍ന്നബാസും പങ്കെടുത്തിരുന്നു. ഇതിനെക്കുറിച്ച് അപ്പോസ്തല പ്രവര്‍ത്തികള്‍ 15 ആം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. പൌലൊസ്, ഗലാത്യര്‍ 2:1 ല്‍ ഇതേനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

അവിടെ ഉയര്‍ന്ന പ്രധാന ചോദ്യം, ജാതികളില്‍ നിന്നും വിശ്വാസത്തിലേക്ക് വരുന്നവരെ പരിച്ഛേദന കഴിപ്പിക്കേണമോ എന്നായിരുന്നു. അവര്‍ യഹൂദന്മാരുടെ മറ്റ് രീതികളും അനുവര്‍ത്തിക്കേണ്ടതായിട്ടുണ്ടോ എന്നതും ചര്‍ച്ച ചെയ്തിട്ടുണ്ടായിരിക്കാം.

ഗലാത്യര്‍ക്കുള്ള ലേഖനത്തില്‍, പത്രൊസ്, യാക്കോബ്, യോഹന്നാന്‍ എന്നിവര്‍ പൌലൊസിന്റെയും ബര്‍ന്നബാസും സുവിശേഷ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും, പത്രൊസിന്നു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ പൌലൊസിന് അഗ്രചർമ്മക്കാരുടെ ഇടയിലെ സുവിശേഷഘോഷണം ഭരമേല്പിച്ചിരിക്കുന്നു എന്നു മനസ്സിലാക്കി, പൌലൊസിനും ബർന്നബാസിന്നും കൂട്ടായ്മയുടെ വലങ്കൈ നല്കി. (ഗലാത്യര്‍ 2:8, 9).

കൌണ്‍സിന്റെ അന്ത്യത്തില്‍, ജാതികളില്‍ നിന്നുവന്നവര്‍ യാതൊരു യഹൂദ പരമ്പര്യങ്ങളും മര്യാദകളും പാലിക്കേണ്ടതില്ല എന്നു തീരുമാനിച്ചു.

ഈ യെരൂശലേം കൌണ്‍സിലിന് ശേഷവും, രണ്ടാമത്തെ സുവിശേഷ യാത്രയ്ക്ക് മുമ്പും ആയിരിക്കേണം പൌലൊസ് ഗലാത്യര്‍ക്ക് ലേഖനം എഴുതിയത്.

പൌലൊസിന്റെ രണ്ടാമത്തെ സുവിശേഷ യാത്ര

അപ്പോസ്തല പ്രവര്‍ത്തികള്‍ 15 ആം അദ്ധ്യായം 36 ആം വാക്യം മുതല്‍ 18 ആം അദ്ധ്യായം 22 ആം വാക്യം വരെയുള്ള ഭാഗങ്ങളില്‍ ആണ് പൌലൊസിന്റെ രണ്ടാമത്തെ സുവിശേഷ യാത്രയുടെ വിവരണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പൌലൊസും ബര്‍ന്നബാസും ചില നാളുകള്‍ സിറിയയിലെ അന്ത്യൊക്ക്യയില്‍ താമസിച്ചു കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ യാത്രയ്ക്കായി അവര്‍ തയ്യാറെടുത്തു. അവര്‍ നേരത്തെ സന്ദരിശിച്ച ഏഷ്യ മൈനര്‍ അഥവാ ആസ്യ എന്ന ഭൂപ്രദേശത്തെ സഭകള്‍ വീണ്ടും സന്ദര്‍ശിക്കുക എന്നതായിരുന്നു പൌലൊസിന്റെ മുഖ്യ ലക്ഷ്യം. (15:36).

എന്നാല്‍ ഈ യാത്രയില്‍ ജോണ്‍ മര്‍ക്കോസിനെ കൂടെ കൂട്ടുന്നതിനെക്കുറിച്ച് അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. ഒന്നാമത്തെ യാത്രയില്‍ ഇടയ്ക്കുവച്ച് മര്‍ക്കോസ് അവരെ വിട്ട് പോയതിനാല്‍, അദ്ദേഹത്തെ വീണ്ടും കൂടെ കൂട്ടുവാന്‍ പൌലൊസ് തയ്യാറായിരുന്നില്ല. ഈ തര്‍ക്കത്തിന്റെ ഒടുവില്‍, തന്‍റെ ബന്ധുകൂടി ആയിരുന്ന മര്‍ക്കോസിനെ കൂട്ടി, കുപ്രൊസ് ദ്വീപിലെക്കു പോകുവാന്‍ ബര്‍ന്നബാസ് തീരുമാനിച്ചു. പൌലൊസ് ശീലാസിനെ ഒപ്പം കൂട്ടി ഏഷ്യ മൈനര്‍ എന്ന ഭാഗത്തേക്ക് പോയി. ശീലാസ് യെരുശലേം സഭയിലെ ഒരു പ്രമുഖ വ്യക്തി ആയിരുന്നു. (15:40).

പൌലൊസ് ആദ്യം തന്റെ ജന്മ സ്ഥലമായ തർസൊസ് സന്ദര്‍ശിച്ചു. അവിടെ നിന്നും അവര്‍ രണ്ടാമത്തെ സുവിശേഷ യാത്ര ആരംഭിച്ചു. അവര്‍ പടിഞ്ഞാറോട്ട് യാത്ര ചെയ്ത്, ഗലാത്യ, ഫ്രുഗ്യ, ദെർബ്ബ, ലുസ്ത്ര എന്നീ സ്ഥലങ്ങളിലേക്ക് പോയി. ഈ യാത്രയില്‍ പൌലൊസ് വീണ്ടും തിമൊഥെയൊസിനെ കണ്ടുമുട്ടി. അദ്ദേഹവും അവരോടൊപ്പം യാത്രയില്‍ കൂടി.

തിമൊഥെയൊസിന്റെ പിതാവ് ഒരു യവനന്‍ ആയിരുന്നു എങ്കിലും മാതാവ് യഹൂദ സ്ത്രീ ആയിരുന്നു. യാഥാസ്ഥിക യഹൂദ വിശ്വാസ പ്രകാരം, മാതാവിലൂടെ പാരമ്പര്യം നിശ്ചയിക്കപ്പെടുന്നു എന്നതിനാല്‍, അവിടെ ഉള്ള യഹൂദന്മാര്‍ തിമൊഥെയൊസിനെ ഒരു യഹൂദനായി കണക്കാക്കി. എന്നാല്‍ തിമൊഥെയൊസ് യഹൂദന്‍ എങ്കിലും, പരിച്ഛേദന എറ്റിരുന്നില്ല എന്നൊരു കുറവ് അവര്‍ കണ്ടെത്തി. ഇത് പരിഹരിക്കുന്നതിനായി പൌലൊസിന്റെ തീരുമാനപ്രകാരം തിമൊഥെയൊസ് പരിച്ഛേദന സ്വീകരിച്ചു. (16:3) 

അവര്‍ മൂന്നുപേരും കൂടെ വീണ്ടും പടിഞ്ഞാറോട്ട് സഞ്ചരിച്ച് പിസിദ്യായിലെ അന്ത്യൊക്ക്യയില്‍ എത്തി. ഏഷ്യ മൈനര്‍ അഥവാ ആസ്യ എന്ന ഭൂപ്രദേശത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സുവിശേഷം അറിയിക്കുവാനായി പോകേണം എന്നു അവര്‍ ആഗ്രഹിച്ചു എങ്കിലും, പരിശുദ്ധാത്മാവ് അതിനു അനുവദിച്ചില്ല.

അതിനാല്‍ അവര്‍ വടക്ക് പടിഞ്ഞാറോട്ട് യാത്രചെയ്ത്, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാന്‍ ശ്രമിച്ചു. എന്നാല്‍ വീണ്ടും പരിശുദ്ധാത്മാവ് അവരെ വിലക്കി, അവരെ ഏജിയന്‍ കടലിന്റെ തീരത്തുള്ള ത്രോവാസ് എന്ന സ്ഥലത്തേക്ക് നയിച്ചു. (16:7)

ത്രോവാസില്‍ ആയിരിക്കുമ്പോള്‍, രാത്രിയില്‍, പൌലൊസ് , മക്കെദോന്യ ദേശക്കാരനായ ഒരു മനുഷ്യന്‍ അദ്ദേഹത്തെ അവിടെക്കു വിളിക്കുന്നതായി ഒരു ദര്‍ശനം കണ്ടു. (16: 6-10). മക്കെദോന്യ വടക്കന്‍ ഗ്രീസിലെ ഒരു പട്ടണം ആയിരുന്നു. അങ്ങനെ അവര്‍ അവിടേക്ക് യാത്രയായി.

ഇവിടെ നിന്നും, ലൂക്കൊസും അവരുടെ കൂടെ യാത്ര ചെയ്തു എന്ന് കരുതപ്പെടുന്നു. (16:10,11)

പൌലൊസ്, ശീലാസ്, തിമൊഥെയൊസ്, ലൂക്കോസ് എന്നിവര്‍ അടങ്ങുന്ന സുവിശേഷ സംഘം ത്രോവാസില്‍ നിന്നും യാത്ര തിരിച്ച്, സമൊത്രാക്കെ യിലേക്കും, അവിടെ നിന്നും നവപൊലിക്കും, പിന്നീട്, ഫിലിപ്പിയിലേക്കും ചെന്നു. ഫിലിപ്പി മക്കെദോന്യയിലെ ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാർത്തതും ആകുന്നു. (16:11, 12)

അങ്ങനെ പൌലൊസും സംഘവും AD 49 ലോ AD 50 ലോ, യൂറോപ്പില്‍ എത്തി സുവിശേഷം അറിയിച്ചു. അത് ശൈത്യകാലം ആയിരുന്നിരിക്കേണം.  

ശബ്ബത്തു ദിവസം അവര്‍ ഒരു നദിയുടെ കരയിലേക്ക് പോയി.  സാധാരണയായി, പള്ളികള്‍ ഇല്ലാത്ത ഇടങ്ങളില്‍ യഹൂദന്മാര്‍ ശബ്ബത്ത് ദിവസം പ്രാര്‍ഥനയ്ക്കായി പുഴയുടെ കരയില്‍ ഒരുമിച്ചുകൂടാറുണ്ട്. അപ്പോസ്തലന്മാര്‍ ഇവിടെയും അത് പ്രതീക്ഷിച്ചു. അപ്പോള്‍ അവിടെ പ്രാര്‍ഥനയ്ക്കായി കുറെ സ്ത്രീകള്‍ കൂടി വന്നു. അതില്‍, തുയത്തൈരാ പട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള “ദൈവഭക്തയായോരു സ്ത്രീ” പൌലൊസിന്‍റെ പ്രസംഗം കേട്ടു വിശ്വസിക്കുവാന്‍ തക്കവണ്ണം “കർത്താവു അവളുടെ ഹൃദയം തുറന്നു” അവളും കുടുംബവും യേശുവില്‍ വിശ്വസിച്ചു, സ്നാനപ്പെട്ടു, സഭയോടു ചേര്‍ന്നു. (16:13-15). അങ്ങനെ ലുദിയ യൂറോപ്പിയന്‍ ഭൂഖണ്ഡത്തിലെ ആദ്യ ക്രിസ്തീയ വിശ്വാസിയായി മാറി. 

പിന്നീട് ഒരിക്കല്‍, പൌലൊസും കൂടെഉള്ളവരും പ്രാർത്ഥനാസ്ഥലത്തേക്കു പോകുമ്പോള്‍ വെളിച്ചപ്പാടത്തിയായി ലക്ഷണം പറയുന്ന യുവതി അവരെ കണ്ടു. (16:16)

അവള്‍ അവരുടെ പിന്നാലേ ചെന്ന്, “ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോടു അറിയിക്കുന്നവർ” എന്നു വിളിച്ചുപറഞ്ഞു. ഇത് പല ദിവസങ്ങള്‍ തുടര്‍ന്നപ്പോള്‍ പൌലൊസ് അസ്വസ്ഥന്‍ ആയി, “അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ തന്നെ ഭൂതം അതു അവളെ വിട്ടുപോയി.

എന്നാല്‍ ഇത് അവളുടെ യജമാനന്‍മാരുടെ സാമ്പത്തിക വരുമാനത്തെ ബാധിച്ചു. അതിനാല്‍ അവര്‍ പൗലൊസിനെയും ശീലാസിനെയും പിടിച്ചു, അധിപതികളുടെ മുമ്പിൽ നിർത്തി.

യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി, റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു കുറ്റം ആരോപിച്ചു.

അധിപതികൾ അവരെ കോൽകൊണ്ടു അടിപ്പാനും തടവിൽ ആക്കുവാനും കല്‍പ്പിച്ചു.

എന്നാല്‍ പൗലൊസും ശീലാസും, ക്രിസ്തുവില്‍ കഷ്ടം അനുഭവിക്കുന്നതില്‍ ഏറെ സന്തോഷിച്ചു. അവര്‍ അർദ്ധരാത്രിക്കു പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു.

 പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു. കരാഗൃഹപ്രമാണി ഉറക്കമുണർന്നു കാരാഗൃഹത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാർ ഓടിപ്പോയ്ക്കളഞ്ഞു എന്നു ഊഹിച്ചു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു. അപ്പോൾ പൗലൊസ്: നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.

കരാഗൃഹപ്രമാണി അതിശയിച്ചു, അവരെ പുറത്തു കൊണ്ടുവന്നു, യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം” എന്നു ചോദിച്ചു. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു. അവനും അവനുള്ളവരെല്ലാവരും വിശ്വസിച്ചു സ്നാനം ഏറ്റു.

നേരം പുലർന്നപ്പോൾ അധിപതികൾ അവരെ വിട്ടയക്കുവാന്‍ കല്‍പ്പിച്ചു.

അവർ തടവു വിട്ടു ലുദിയയുടെ വീട്ടിൽ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം അവിടെ നിന്നും പുറപ്പെട്ടുപോയി. (16:40)

എന്നാല്‍, ലൂക്കൊസ് ഫിലിപ്പിയില്‍ തന്നെ തുടര്‍ന്നു എന്നു അനുമാനിക്കപ്പെടുന്നു.

പൌലൊസും ശീലാസും തിമൊഥെയൊസും ഫിലിപ്പിയില്‍ നിന്നും യാത്ര പുറപ്പെട്ട് അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു തെസ്സലൊനീക്കയില്‍ എത്തി. അവിടെ പൌലൊസ് മൂന്നു ശബ്ബത്ത് ദിവസങ്ങളില്‍ യഹൂദ പള്ളിയില്‍ പ്രസംഗിച്ചു. (17:1, 2). അവരില്‍ ചിലര്‍ സുവിശേഷത്തില്‍ വിശ്വസിച്ചു. എന്നാല്‍ അവിശ്വാസികളായ യഹൂദന്മാര്‍, “ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി എന്നു പറഞ്ഞു,  പൌലൊസും ശീലാസും കൈസരിനെ അല്ലാതെ മറ്റൊരു രാജാവിനെ പ്രസംഗിക്കുന്നു എന്ന് കുറ്റം ആരോപിച്ച്, ആ നാട്ടിലെ ജനത്തെ അവര്‍ക്ക് എതിരായി ഇളക്കി. (17:5-7)

സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നേ, പൗലൊസിനെയും ശീലാസിനെയും ബെരോവെക്കു പറഞ്ഞയച്ചു. (17: 10)

ബേരോവെയിലെ യഹൂദന്മാരില്‍ അനേകര്‍ സുവിശേഷത്തില്‍ വിശ്വസിച്ചു. (17:11,12)

അവർ ക്രിസ്തുവിന്റെ സുവിശേഷം പൂർണ്ണജാഗ്രതയോടെ കൈക്കൊള്ളുകയും, അതു സത്യമാണോ എന്നു പഴയനിയമ തിരുവെഴുത്തുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയും ചെയ്തു. സുവിശേഷം സത്യം തന്നെ എന്ന് ബോദ്ധ്യപ്പെട്ട യഹൂദന്മാരും, യവനന്മാരും വിശ്വസിച്ചു.

എന്നാല്‍ ഇതെല്ലാം തെസ്സലൊനീക്കയിലെ യെഹൂദന്മാർ അറിഞ്ഞു. അവര്‍  ബേരോവെയില്‍ വന്നു അവിടെയുള്ള ജനത്തെക്കൂട്ടി അപ്പോസ്തലന്‍മാര്‍ക്കെതിരെ കലഹം ഉണ്ടാക്കി. ഉടനെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നേ പാർത്തു. (17:14)

അവിടെ നിന്നും പൌലൊസ് അഥേനയില്‍ എത്തി. അവിടെ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു പൌലോസിന്‍റെ മനസ്സിന്നു ചൂടുപിടിച്ചു. (17:16). അവൻ യഹൂദ പള്ളിയിലും ചന്തസ്ഥലത്തു ദിവസേന കണ്ടവരോടും സുവിശേഷം അറിയിച്ചു. അവിടെയുള്ള യവന തത്വജ്ഞാനികള്‍  അവനെ അരയോപഗ കുന്നിന്മേൽ കൊണ്ടുപോയി, നീ ചില അപൂർവ്വങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. പൌലൊസ് അവരോടു സുവിശേഷ സത്യങ്ങള്‍ വിവരിച്ചു പറഞ്ഞു. എന്നാല്‍, “മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു”. ചിലര്‍ യേശുക്രിസ്തുവില്‍ വിശ്വസിച്ചു. അവരിൽ അരയോപഗ സ്ഥാനിയായ ദിയൊനുസ്യോസും ദമരിസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു. (17:34)

എന്നാല്‍, പൌലൊസ് അവിടെ ഒരു സഭ സ്ഥാപിച്ചതായി അറിയില്ല.

കൊരിന്തില്‍ ഒരു ഇടവേള

ഏകദേശം AD 50-52 കാലയളവില്‍, പൌലൊസ് അഥേനയില്‍ നിന്ന് പുറപ്പെട്ട് കൊരിന്തില്‍ എത്തി അവിടെ 18 മാസത്തോളം താമസിച്ചു. ശീലാസും തിമൊഥെയോസും അവനോടു കൂടെ ചേര്‍ന്നു.

അവിടെ പൌലൊസ്, അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു. അവരും കൂടാരപ്പണി ചെയ്യുന്നവര്‍ ആയതുകൊണ്ട്, അവൻ അവരോടുകൂടെ താമസിച്ചു ജോലിചെയ്തു.

“കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.” “പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകലകുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു.” (18:8)

AD 52 ല്‍ പൌലൊസ് കൊരിന്തില്‍ നിന്നും യാത്ര തിരിച്ച്, പ്രിസ്കില്ലയോടും അക്വിലാസിനോടുംകൂടെ, കെംക്രയയിൽ എത്തി, അവിടെ നിന്നും സുറിയയിലേക്കു പുറപ്പെട്ടു, എഫെസോസിൽ എത്തി (18:18). പൌലൊസ് പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.

അവന്‍ അവിടെ അധിക നാള്‍ താമസിച്ചില്ല. പ്രിസ്കില്ലയെയും അക്വിലാസിനെയും അവിടെ വിട്ടേച്ചു, പൌലൊസ് യെരൂശലേമിലേക്കു പോയി. അവിടെ നിന്നും അദ്ദേഹം അന്തൊക്ക്യയിലേക്കു പോയി. അവിടെ പൌലൊസ് ഏകദേശം ഒരു വര്‍ഷത്തോളം താമസിച്ചു കാണും. (18:22,23)

അങ്ങനെ അദ്ദേഹത്തിന്റെ രണ്ടാമത്തെ സുവിശേഷ യാത്ര അവസാനിക്കുന്നു.

മൂന്നാമത്തെ സുവിശേഷ യാത്ര

അപ്പോസ്തല പ്രവൃത്തികള്‍ 18: 23 മുതല്‍  20: 38 വരെയുള്ള വേദ ഭാഗത്ത് പൌലൊസിന്റെ മൂന്നാമത്തെ സുവിശേഷ യാത്രയുടെ വിവരണം രേഖപ്പെടുത്തിയിരിക്കുന്നു. 

സിറിയയിലെ അന്തൊക്ക്യയില്‍ നിന്നുമാണ് അദ്ദേഹം മൂന്നാമത്തെ സുവിശേഷ യാത്ര ആരംഭിക്കുന്നത്. അദ്ദേഹം അവിടെനിന്നും കരമാര്‍ഗ്ഗം വടക്ക് പടിഞ്ഞാറ് ഉള്ള ഗലാത്യ, ഫ്രുഗ്യ എന്നീ ദേശങ്ങളിലേക്ക് യാത്ര തിരിച്ചു. അവിടെ നിന്നും അവന്‍ എഫെസോസിൽ എത്തി മൂന്നു മാസത്തോളം യഹൂദ പള്ളിയില്‍ സുവിശേഷം പ്രസംഗിച്ചു. എന്നാൽ ചില യഹൂദന്മാര്‍ സുവിശേഷത്തെ ദുഷിച്ചപ്പോൾ പൌലൊസ് അവരെ വിട്ടു വിശ്വസിച്ചവരെ വേർതിരിച്ചു, തുറന്നൊസ് എന്ന മനുഷ്യന്റെ പാഠശാലയിൽ എല്ലാ ദിവസവും സുവിശേഷ സത്യം പഠിപ്പിച്ചു. ഇത് രണ്ടു വര്‍ഷങ്ങളോളം നീണ്ടു നിന്നു. അങ്ങനെ ഏഷ്യ മൈനര്‍ അല്ലെങ്കില്‍ ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും കർത്താവിന്റെ വചനം കേള്‍ക്കുവാനും വിശ്വസിക്കുവാനും ഇടയായി. (19: 9, 10)

എതിര്‍പ്പുകള്‍ ഏറെ ഉണ്ടായിരുന്നിട്ടും,  “ദൈവം പൗലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്തു. (19:11) അവന്റെ മെയ്മേൽനിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുറപ്പെടുകയും ചെയ്തു. (19:12)

എങ്കിലും സുവിശേഷം നിമിത്തം അവിടെ വലിയ കലഹം ഉണ്ടായി. അവിടെ വെള്ളികൊണ്ടു അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീർക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ ഉണ്ടായിരുന്നു. സുവിശേഷം പ്രചരിക്കുകയാല്‍ അയാളുടെ വ്യാപാരത്തിന് വളരെ നഷ്ടം ഉണ്ടായി. അതിനാല്‍, അയാള്‍, സമാനമായ തൊഴില്‍ ചെയ്യുന്നവരെ ഒരുമിച്ച് കൂട്ടി, പട്ടണം മുഴുവന്‍ കലഹം കൊണ്ട് നിറച്ചു. ഇതിന്റെ പിന്നില്‍ യഹൂദന്മാരും ഉണ്ടായിരുന്നു. (19:33)

അവർ പൗലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ്, അരിസ്തർഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഓടി ചെന്നു. (19:29). പട്ടണമേനവൻ, തര്‍ക്കങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍, വിസ്താര ദിവസത്തില്‍ തീര്‍ക്കാം എന്നു പറഞ്ഞു, ജനത്തെ അമർത്തി പിരിച്ചുവിട്ടു.

എതിര്‍പ്പുകളും പീഡകളും ഉണ്ടെങ്കിലും പൌലൊസ് സുവിശേഷ യാത്ര തുടര്‍ന്നു. അവന്‍ മക്കെദോന്യയിലും അഖായയിലും കൂടെ യെരൂശലേമിലേക്കും പോകേണം എന്നു മനസ്സിൽ നിശ്ചയിച്ചു. (19:21) തനിക്കു ശുശ്രൂഷ ചെയ്യുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു തനിക്ക് മുമ്പായി അയച്ചു.

എഫെസോസിൽ ആയിരിക്കെ പൌലൊസ് കൊരിന്ത്യയിലെ സഭയ്ക്കായി നാല് കത്തുകള്‍ അയച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതില്‍ ഒന്നാമത്തെ കത്ത് ഇപ്പോള്‍ നമുക്ക് ലഭ്യമല്ല. എന്നാല്‍ അതിനെക്കുറിച്ചുള്ള പരാമര്‍ശം 1 കൊരിന്ത്യര്‍ 5:9 ല്‍ കാണാവുന്നതാണ്. രണ്ടാമത്തെ കത്താണ് ഇപ്പോള്‍ നമ്മള്‍ കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനമായി കരുതുന്നത്. 2 കൊരിന്ത്യര്‍ 1 മുതല്‍ 9 വരെയുള്ള അദ്ധ്യായങ്ങള്‍ അദ്ദേഹം എഴുതിയ നാലാമത്തെ കത്താണ്. മൂന്നാമത്തെ കത്താണ് 2 കൊരിന്ത്യര്‍ 10 മുതല്‍ 13 വരെയുള്ള അദ്ധ്യായങ്ങള്‍.

ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനവും എഫെസൊസില്‍ വച്ച് എഴുതിയതാണ് എന്ന് യെരൂശലേം ബൈബിള്‍ അവകാശപ്പെടുന്നു.   

എഫെസോസിൽ നിന്നും പൗലൊസ് മക്കെദോന്യെക്കു വഴി യവനദേശത്തു എത്തി. അവിടെ മൂന്നു മാസം താമസിച്ചു. ഈ കാലഘട്ടത്തില്‍ ആണ് അദ്ദേഹം റോമര്‍ക്ക് എഴുതിയ ലേഖനം എഴുതിയത് എന്ന് വിശ്വസിക്കപ്പെടുന്നു.

യവനദേശത്തു നിന്നും സുറിയെക്കു കപ്പൽ കയറിപ്പോകുവാൻ ആഗ്രഹിച്ചു എങ്കിലും യെഹൂദന്മാർ അവനെതിരായി രഹസ്യ കൂട്ടുകെട്ടു ഉണ്ടാക്കുകയാൽ മക്കെദോന്യവഴിയായി കരമാര്‍ഗ്ഗം തിരികെ മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു. (20:3).

 

പൌലൊസ് എഫെസോസിൽ നിന്നു കൊരിന്ത്യയിലും, അവിടെ നിന്നും ബേരോവെ, തെസ്സലൊനിക്യ, ഫിലിപ്പി എന്നീ ദേശങ്ങളിലും എത്തി. അവിടെ അവന്‍ വീണ്ടും ലൂക്കോസിനെ കണ്ടുമുട്ടി. അവര്‍ ഫിലിപ്പിയിൽനിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ അവര്‍ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ, പൗലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ആഗ്രഹിച്ചതുകൊണ്ടു പാതിരാവരെയും പ്രസംഗം നീട്ടി. അവിടെ യൂത്തിക്കൊസ് എന്ന യുവാവ് കിളിവാതിൽക്കൽ ഇരുന്നു ഗാഢനിദ്ര പിടിച്ചു. അവന്‍ ഉറങ്ങിപ്പോയതിനാല്‍ മൂന്നാം നിലയില്‍ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തുകൊണ്ടുവന്നു. എന്നാല്‍ പൗലൊസ് ഇറങ്ങിച്ചെന്നു അവന്റെമേൽ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു എന്നു പറഞ്ഞു. ഉടനെ അവര്‍ ജീവനിലേക്ക് തിരികെ വന്നു. (20:10)

അവിടെനിന്നും നേരെ യെരൂശലേമിലേക്ക് പോകാതെ, പൌലൊസ് തീര പ്രദേശത്തുകൂടെ സഞ്ചരിച്ചു അസ്സൊസിൽ എത്തി. പൌലൊസിന്റെ കൂടെ ഉള്ളവര്‍ കപ്പല്‍ മാര്‍ഗ്ഗം അവിടെ എത്തി പൌലൊസിനോട് ചേര്‍ന്നു. പിന്നീട് അവര്‍ ഒരുമിച്ച് കപ്പല്‍ മാര്‍ഗ്ഗം മിതുലേനയിൽ എത്തി. അവിടെനിന്നു യാത്ര തുടര്‍ന്നു, പിറ്റെന്നാൾ ഖിയൊസ് ദ്വീപിലും, അടുത്ത ദിവസം സാമൊസ് ദ്വീപിലും എത്തി. പിറ്റേന്നു മിലേത്തൊസിൽ എത്തി. (20”13-15)

മിലേത്തൊസിൽനിന്നു അവൻ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി. (20:17). വിപരീതോപദേശക്കാര്‍ക്കെതിരെ ശ്രദ്ധയോടെ ആയിരിക്കുവാന്‍ അവന്‍ ഉപദേശിച്ചു. യെരുശലേമില്‍ അവന്‍ അനുഭവിക്കുവാന്‍ പോകുന്ന കഷ്ടതയെക്കുറിച്ചും പൌലൊസ് അവരോടു സംസാരിച്ചു, അവരെല്ലാവരോടുംകൂടെ പ്രാർത്ഥിച്ചു. അവര്‍ വളരെ ദുഃഖത്തോടെയും കണ്ണുനീരോടെയും അവനെ കപ്പലില്‍ യാത്രയയച്ചു. (20:37, 38)

മിലേത്തൊസിൽനിന്നു അവര്‍ കപ്പല്‍ മാര്‍ഗ്ഗം യാത്ര ചെയ്ത്, പത്തരയിലും അവിടെ നിന്നും സുറിയയിലേ സോരിലും എത്തി. അവിടെ ഒരു ആഴ്ചയോളം താമസിച്ചു. അവിടെ ഉള്ള സഹോദരങ്ങള്‍, “യെരൂശലേമിൽ പോകരുതു എന്നു ആത്മാവിനാൽ പറഞ്ഞു.” (21:4). എന്നാല്‍ പൌലൊസ് യാത്ര തുടര്‍ന്നു, പ്തൊലെമായിസിൽ എത്തി ഒരു ദിവസം സഹോദരന്മാരോടു കൂടെ താമസിച്ചു. പിറ്റെന്നാൾ അവര്‍ പുറപ്പെട്ടു കൈസര്യയിൽ എത്തി, ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാർത്തു. (20:8)

അവര്‍ അവിടെ താമസിക്കുമ്പോള്‍, അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു. പൌലൊസിനെ യെഹൂദന്മാർ യെരൂശലേമിൽ പിടിച്ച് കെട്ടും എന്നും ജാതികളുടെ കയ്യിൽ ഏല്പിക്കും എന്നും പരിശുദ്ധാത്മാവു പറയുന്നു എന്നു, അഗബൊസ് പ്രവചിച്ചു പറഞ്ഞു. എങ്കിലും തന്റെ യാത്ര പൂര്‍ത്തീകരിക്കുവാന്‍ തന്നെ പൌലൊസ് തീരുമാനിച്ചു.

പൌലൊസ് കൈസര്യയിൽ നിന്നും യാത്ര തിരിച്ച് യെരുശലേമില്‍ എത്തി, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായി താമസിച്ചു. (21: 15, 16)

അങ്ങനെ പൌലൊസിന്റെ മൂന്നാമത്തെ സുവിശേഷയാത്ര അവസാനിച്ചു.

യാത്രയുടെ അവസാനത്തില്‍, താന്‍ പിടിക്കപ്പെട്ട്, കാരാഗൃഹത്തില്‍ ആക്കപ്പെടും എന്നും, കൊല്ലപ്പെടുവാനും സാധ്യത ഉണ്ട് എന്നും പൌലൊസിന് അറിയാമായിരുന്നു.

യെരുശലേമിലേക്കുള്ള അവസാന സന്ദര്‍ശനം

57 AD യില്‍ ആണ് പൌലൊസ് യെരൂശലേമില്‍ അവസാനമായി എത്തിയത്. അവിടെഉള്ള സഭയ്ക്കുള്ള ധനശേഖരവുമായിട്ടായിരുന്നു പൌലൊസ് എത്തിയത്. യെരൂശലേമില്‍ ഉള്ള സഹോദരങ്ങള്‍ അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിച്ചു.  

പിറ്റെന്നു പൗലൊസും കൂടെഉള്ളവരും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നുകൂടി. അവൻ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചതു ഓരോന്നായി വിവരിച്ചുപറഞ്ഞു. അവർ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. (21:20)

പിന്നെ അവനോടു പറഞ്ഞതു: “മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നമ്മുടെ മര്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാൻ ഉപദേശിക്കുന്നു എന്നു” യഹൂദന്മാര്‍ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു.”

അതുകൊണ്ട്, നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ടു.  അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൌരം ചെയ്യേണ്ടതിന്നു അവർക്കു വേണ്ടി ചെലവുചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും. (21:23, 24)

അങ്ങനെ, യഹൂദന്മാരില്‍ നിന്നും വിശ്വാസത്തിലേക്ക് വന്നവര്‍ക്ക് ഇടര്‍ച്ച ഉണ്ടാകാതെ ഇരിക്കേണ്ടതിനായി, പൌലൊസ് ശുദ്ധീകരണ പ്രക്രിയകള്‍ നടത്തി. എന്നാല്‍ ഇത് വലിയ ഗുണം ചെയ്തില്ല. ആസ്യയിൽനിന്നു വന്ന ചില യെഹൂദന്മാർ ജനത്തെ ഇളക്കി കലഹം ഉണ്ടാക്കി, പൌലൊസിനെ പിടിച്ചു. ഇവൻ യിസ്രായേല്‍ ജനത്തിന്നും ന്യായപ്രമാണത്തിന്നും ദൈവാലയത്തിനും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ, എന്നു വിളിച്ചുകൂകി. ജനം ഓടിക്കൂടി പൗലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി. അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു അറിഞ്ഞ പട്ടാളത്തിന്റെ സഹസ്രാധിപന്‍,  പടയാളികളെ കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; പൌലൊസിനെ പിടിച്ചു രണ്ടു ചങ്ങല വെച്ച് കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു.

നേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ചു പൗലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു. (23:12). ഈ പതിയിരിപ്പിനെക്കുറിച്ചു പൗലൊസിന്റെ പെങ്ങളുടെ മകൻ കേട്ടിട്ടു, കോട്ടയിൽ കടന്നു പൗലൊസിനോടും സഹസ്രാധിപനോടും അറിയിച്ചു.

സഹസ്രാധിപന്‍, പൌലൊസിനെ രഹസ്യമായി കൈസര്യക്ക്, അവിടുത്തെ ദേശാധിപതിയായ മാര്‍ക്കസ് അന്റോണിയൂസ് ഫേലിക്സിന്റെ അടുക്കൽ അയച്ചു. (23:24). ഇതു ദേശാധിപതിയായ ഫേലിക്സിനോട് സുവിശേഷം അറിയിക്കുവാന്‍ പൌലൊസിന് അവസരം ഒരുക്കി. ഫേലിക്സ്, ശതാധിപനോടു അവനെ തടവിൽ തന്നേ സൂക്ഷിച്ചു ദയകാണിപ്പാനും അവന്റെ സ്നേഹിതന്മാർ അവന്നു ശുശ്രൂഷ ചെയ്യുന്നതു വിരോധിക്കാതിരിപ്പാനും കല്പിച്ചു. (24:23)

രണ്ടാണ്ടു കഴിഞ്ഞിട്ടു, AD 59 ല്‍, ഫേലിക്സിന്നു പിൻവാഴിയായി പൊർക്ക്യൊസ് ഫെസ്തൊസ് അധികാരിയായി വന്നു. ഇത് ഫെസ്തൊസിനോടും സുവിശേഷം അറിയിക്കുവാന്‍ പൌലൊസിന് അവസരം നല്കി. ഫെസ്തൊസിന്‍റെ മുന്നിലുള്ള വിചാരണയില്‍, പൌലൊസ്, ഒരു റോമാ പൌരന്‍ എന്ന നിലയില്‍, “ഞാൻ കൈസരെ അഭയംചൊല്ലുന്നു” എന്നു പൌലൊസ് പറഞ്ഞു. അങ്ങനെ പൌലൊസിനെ റോമിലേക്ക് അയച്ചു.  

റോമിലേക്കുള്ള പൌലൊസിന്റെ യാത്ര അധികമായി വിവരിക്കുവാന്‍ ഇവിടെ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ സുവിശേഷ യാത്രയുടെ വിവരണം ആണല്ലോ നമ്മള്‍ ഈ വീഡിയോയില്‍ ഉദ്ദേശിക്കുന്നത്.

റോമിലേക്കുള്ള യാത്രയില്‍ പൌലൊസിന്റെ കപ്പല്‍ തകര്‍ന്നു. എങ്കിലും അവര്‍ മെലിത്ത എന്ന ദ്വീപില്‍ എത്തി. (28:1). അവിടത്തെ ആളുകള്‍ അവര്‍ക്ക് അസാധാരണ ദയ കാണിച്ചു. അവിടെ നിന്നും അവര്‍, സുറക്കൂസ, രേഗ്യൊനി, പുത്യൊലി എന്നിവടങ്ങളിലൂടെ റോമില്‍ എത്തി. (28:12, 13, 14)

അങ്ങനെ AD 60 ല്‍ പൌലൊസ് റോമില്‍ എത്തി. അവിടെ വീട്ടുതടങ്ങളില്‍ 2 വര്‍ഷങ്ങള്‍ താമസിച്ചു. അവിടെ താമസിച്ചുകൊണ്ടു,പൂർണ്ണപ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചുംപോന്നു.” (28:30)

നാലാമത്തെ സുവിശേഷ യാത്ര

ചില വേദപണ്ഡിതന്മാര്‍, പൌലൊസ് നാലാമതൊരു സുവിശേഷ യാത്ര കൂടെ ചെയ്തിരുന്നു എന്നു വിശ്വസിക്കുന്നു. ഇതിനെക്കുറിച്ച് അപ്പോസ്തല പ്രവൃത്തികളില്‍ യാതൊന്നും പറയുന്നില്ല. ഒരു പക്ഷേ, നാലാമത്തെ യാത്ര, അപ്പോസ്തല പ്രവൃത്തികള്‍ എഴുതി കഴിഞ്ഞായിരിക്കാം ആരംഭിച്ചത് തന്നെ.

എങ്കിലും അപ്പൊസ്തലനായ പൌലൊസ് റോമില്‍ നിന്നും സ്പെയിനിലേക്ക് പോയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. റോമര്‍ 15:24 ല്‍ “ ഞാൻ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോൾ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു.” എന്ന് പൌലൊസ് എഴുതിയിട്ടുണ്ട്. അതേ അദ്ധ്യായം 28 ആം വാക്യത്തില്‍,ഞാൻ അതു നിവർത്തിച്ചു ഈ ഫലം അവർക്കു ഏല്പിച്ചു ബോദ്ധ്യം വരുത്തിയശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും.” എന്നും എഴുതിയിട്ടുണ്ട്.

റോമിലെ ക്ലെമെന്‍റ് എന്ന് അറിയപ്പെടുന്ന ആദ്യകാല സഭാ പിതാവിന്‍റെ, AD 95 ലെ എഴുത്തുകളില്‍ പൌലൊസ് പടിഞ്ഞാറന്‍ നാടുകളുടെ അറ്റത്തോളം സുവിശേഷവുമായി പോയി എന്ന് പറയുന്നുണ്ട്. അത് ഒരു പക്ഷേ പൌലൊസിന്റെ സ്പെയിനിലേക്കുള്ള യാത്രയെക്കുറിച്ച് ആകാം. പൌലൊസ് ഇംഗ്ലണ്ട് വരെയും പോയിരുന്നു എന്നും നമുക്ക് അനുമാനിക്കാം.   

മറ്റൊരു ആദ്യകാല സഭാ പിതാവായ ജോണ്‍ ക്രിസോസ്റ്റം, പൌലൊസ് സ്പെയിനില്‍ പോയിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ യാത്രയെക്കുറിച്ച് പരാമര്‍ശിക്കുന്ന മറ്റൊരു സഭാ പിതാവാണ് യെരൂശലേമിലെ സിറിള്‍. മുററ്റോറിയന്‍ കാനോന്‍ എന്ന് അറിയപ്പെടുന്ന, AD 180 ല്‍ രചിക്കപ്പെട്ട രേഖയിലും, റോമില്‍ നിന്നും പൌലൊസ് സ്പെയിനിലേക്ക് പോയി എന്ന് കാണുന്നുണ്ട്.

അപ്പോസ്തല പ്രവൃത്തികളില്‍ പറയുന്നതു കൂടാതെ, പൌലൊസ് രണ്ടാമത് ഒന്നുകൂടി പിടിക്കപ്പെട്ടു എന്നും, അത് അദ്ദേഹത്തിന്റെ നാലാമത്തെയും അവസാനത്തെയുമായ സുവിശേഷ യാത്രയുടെ അന്ത്യം ആയിരുന്നു എന്നും ആണ് വിശ്വസിക്കപ്പെടുന്നത്. രണ്ടാമത് പിടിക്കപ്പെട്ടപ്പോള്‍, പൌലൊസിനെ, മമെര്‍ടൈന്‍ ജയിലിലേക്ക് അയച്ചു. രണ്ടാമത്തെ കാരാഗൃഹ വാസത്തില്‍, തന്റെ ഈ ലോക ജീവിതാവസാനം അടുത്തു എന്ന് പൌലൊസ് മനസ്സിലാക്കി. ഈ കാലയളവില്‍ ലൂക്കോസ്, ഒനേസിഫൊരെസ് എന്നിവര്‍ അദ്ദേഹത്തിന് വേണ്ട ശുശ്രൂഷകള്‍ ചെയ്തു. ഏഷ്യ മൈനര്‍ അഥവാ ആസ്യയില്‍ ഉള്ളവര്‍ എല്ലാവരും അദ്ദേഹത്തെ വിട്ടു പോയി.

 ഈ കാലത്ത് കുപ്രസിദ്ധന്‍ ആയ നീറോ ചക്രവര്‍ത്തി റോമില്‍ ചക്രവര്‍ത്തി ആയിരുന്നു. അദ്ദേഹം ക്രിസ്ത്യാനികള്‍ക്ക് നേരെ വലിയ പീഡനം അഴിവിട്ട കാലമായിരുന്നു അത്. നീറോയുടെ കല്പ്പന പ്രകാരം പൌലൊസിനെ ശിരച്ഛേദനം ചെയ്ത് കൊന്നു എന്ന് വിശ്വസിക്കപ്പെടുന്നു. AD 64 ല്‍ റോമ പട്ടണം അഗ്നിക്ക് ഇരയായതിന് ശേഷവും, AD 68 ല്‍ നീറോയുടെ മരണത്തിന് മുമ്പും ആയി പൌലൊസ് കൊല്ലപ്പെട്ടിരിക്കാം.

ഉപസംഹാരം

അപ്പോസ്തനായ പൌലൊസ് 65 ആം വയസ്സില്‍, 35 വര്‍ഷങ്ങളുടെ സുവിശേഷ വേലയ്ക്ക് ശേഷം ഈ ലോകത്തോട് യാത്ര പറഞ്ഞു.

അദ്ദേഹം 14 ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട് എന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു. ഇതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള വേദപണ്ഡിതന്മാര്‍ ഉണ്ട്. കൂടാതെ, അനേകം സുവിശേഷകരെയും സഭാ മൂപ്പന്മാരെയും പൌലൊസ് പരിശീലിപ്പിച്ചു.

ജീവിതത്തില്‍ 5 വര്‍ഷങ്ങളില്‍ കൂടുതല്‍ നാളുകള്‍ കാരാഗൃഹത്തില്‍ കഴിഞ്ഞു. 

പൌലൊസിന്റെ ശുശ്രൂഷയിലൂടെ ജാതികളായവരിലേക്ക് സുവിശേഷം എത്തിച്ചെര്‍ന്നു, അവരുടെ ഇടയില്‍ സഭകള്‍ സ്ഥാപിക്കപ്പെട്ടു.

ഇന്നും ക്രിസ്തീയ സഭകളുടെ അടിസ്ഥാന ഉപദേശങ്ങള്‍ പൌലൊസിന്റെ ലേഖനങ്ങളിലൂടെ രൂപപ്പെട്ടതാണ്.

പൌലൊസ്  അവന് ലാഭമായിരുന്നതു ഒക്കെയും ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണി, അത് ക്രിസ്തുവിന്റെ സഭയ്ക്ക് ലാഭമായി തീര്‍ന്നു.

Watch more videos in English and Malayalam @ naphtalitribetv.com

Listen to the audio message @ naphtalitriberadio.com

Read Bible study notes in English at our official web: naphtalitribe.com

Read Bible study notes in Malayalam @ vathil.in

For free eBooks visit naphtalitribe.com (English),  vathil.in (Malayalam) or whatsapp to +91 9895524854

 

 

No comments:

Post a Comment