മദ്ധ്യപൂര്‍വ്വ ദേശത്ത്, യിസ്രായേലുമായും യോര്‍ദ്ദാന്‍ നദിയുമായും അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് ബാങ്ക് എന്ന പ്രദേശത്തിന്‍റെ പഴയനിയമ കാലം മുതല്‍ ഉള്ള ചരിത്രത്തിന്‍റെ വസ്തുനിഷ്ഠമായ ഒരു പഠനമാണിത്. ഏകദേശം 2180 ചതുരശ്ര മൈല്‍ (5650 ചതുരശ്ര കിലോമീറ്റര്‍) ചുറ്റളവുള്ള വെസ്റ്റ് ബാങ്ക് എന്ന പ്രദേശമാണ്, പലസ്തീന്‍, അറബ് രാജ്യങ്ങള്‍, യിസ്രായേല്‍ എന്നിവര്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ ഇടം എന്നതാണു ഇത്തരമൊരു പഠനത്തിന് കാരണം.
വെസ്റ്റ് ബാങ്കിനെ കുറിച്ച്
ഇപ്പോള്‍ ചിന്തിക്കുന്നതിന്, മറ്റൊരു കാരണം കൂടി ഉണ്ട്. യിസ്രായേല്‍ എന്ന രാജ്യവും യുഎഇ എന്ന ചുരുക്ക
പേരില്‍ അറിയപ്പെടുന്ന ഗള്‍ഫ് പ്രവിശ്യയിലെ യുണൈറ്റെഡ് അറാബ് എമിറേറ്റ്സ് എന്ന
രാജ്യവും തമ്മില്‍ ഒരു സമാധാന കരാറില്‍ എത്തിചേര്‍ന്നിരിക്കുന്നു. ഈ കരാര്‍, 2020 ആഗസ്ത് മാസം 13 ആം തീയതി, അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൌസില്‍ വച്ച് പ്രഖ്യാപിച്ചു.
യിസ്രയേലിന്റെ പ്രധാനമന്ത്രിയായ ബന്യാമിൻ നെതന്യാഹുവും യുഎഇ യുടെ
നിയുക്ത ഭരണാധികാരിയായ, മൊഹമ്മദ് ബിന്‍
സായെദ് ഉം തമ്മില്‍ എത്തിച്ചേര്‍ന്ന സാമാധാന ഉടമ്പടി പ്രകാരം, ഇരു രാജ്യങ്ങളും
തമ്മിലുള്ള നയതന്ത്ര ബന്ധം ഇനിമുതല്‍ ക്രമാനുസരണമാകും, അഥവാ സാധാരണ നിലയില്‍ ആകും. യിസ്രായേല്‍
അതിനു പകരമായി, ഇപ്പോള്‍ പലസ്തീന്‍റെ ഭാഗവും, തര്‍ക്ക ഭൂമിയും,
യിസ്രയേല്യരുടെ കുടിയേറ്റ പ്രദേശവുമായ, വെസ്റ്റ് ബാങ്ക് യിസ്രായേല്‍ രാജ്യത്തോട്
കൂട്ടിച്ചേര്‍ക്കുവാനുള്ള പദ്ധതി നിറുത്തിവെക്കും.
വെസ്റ്റ് ബാങ്കിന്റെ പ്രാധാന്യം, യിസ്രായേല്‍ ജനതയുടെ സവിശേഷത എന്നിവ ഹൃസ്വമായി ചിന്തിച്ചുകൊണ്ടു നമുക്ക് ഈ പഠനം ആരംഭിക്കാം.
വെസ്റ്റ് ബാങ്കിന്റെ പ്രാധാന്യം
1948 ലെ
അറബ്-യിസ്രായേല്‍ യുദ്ധത്തില്‍ അന്നത്തെ പലസ്തീന്‍റെ ഭാഗമായിരുന്ന ഈ പ്രദേശത്തെ
യോര്‍ദ്ദാന്‍ പിടിച്ചടക്കിയപ്പോള്‍ അവര്‍ നല്‍കിയ പേരാണ് വെസ്റ്റ് ബാങ്ക് എന്നത്.
യോര്‍ദ്ദാന്‍ രാജ്യം യോര്‍ദ്ദാന്‍ നദിയുടെ കിഴക്ക് ഭാഗത്തായതിനാല്‍, നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള
പ്രദേശത്തെ, പടിഞ്ഞാറെ തീരം എന്ന അര്‍ത്ഥത്തില്‍, വെസ്റ്റ് ബാങ്ക് എന്ന് വിളിച്ചു.
ചരിത്രപരമായി, പഴയനിയമ കാലത്തെ യിസ്രായേല്‍
രാജാക്കന്‍മാര്‍ ആയ ശൌല്‍, ദാവീദ്,
ശലോമോന്‍ എന്നിവരുടെ കാലത്ത്, വെസ്റ്റ് ബാങ്ക് പ്രദേശം യിസ്രായേല്‍
രാജ്യത്തിന്റെ ഭാഗം ആയിരുന്നു. യിസ്രായേല്‍ ഈ പ്രദേശത്തെ യെഹൂദ്യ, ശമരിയ എന്നാണ് വിളിച്ചിരുന്നത്. ശലോമോന്‍ രാജാവിന് ശേഷം അന്നത്തെ സംയുക്ത
യിസ്രായേല്‍ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. വടക്കന്‍ രാജ്യം യിസ്രായേല്‍ എന്നും
തെക്കന്‍ രാജ്യം യെഹൂദ്യ എന്നും അറിയപ്പെട്ടു. ഇതില്‍ അന്ന് യിസ്രായേല്‍ എന്ന്
വിളിക്കപ്പെട്ടിരുന്ന രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു ശമര്യ. അന്ന് യെഹൂദ്യ
എന്നു വിളിക്കപ്പെട്ട രാജ്യത്തിന്റെ തലസ്ഥാനം യെരൂശലേം ആയിരുന്നു.
വെസ്റ്റ് ബാങ്ക്, ചരിത്രപരമായും വൈകാരികമായും, യിസ്രായേല്‍ ജനങ്ങള്‍ക്ക് ബന്ധമുള്ള പ്രദേശം ആണ്. വേദപുസ്തകത്തില്‍ പറയുന്ന, യിസ്രായേല്‍ ജനതയുടെ
ചരിത്രത്തില്‍, അവരുടെ പിതാക്കന്മാരുമായി ബന്ധപ്പെട്ട അനേകം
സ്ഥലങ്ങള്‍ വെസ്റ്റ് ബാങ്ക് പ്രദേശത്ത് ഉണ്ട്. അവരുടെ ഗോത്രപിതാവായ അബ്രഹാം, അദ്ദേഹത്തിന്‍റെ ഭാര്യ സാറാ, റിബെക്കാ, യാക്കോബ്, ലേയാ
എന്നിവരുടെ കല്ലറ ഹെബ്രോന്‍ എന്ന സ്ഥലത്താണ്. യാക്കോബിന്‍റെ ഭാര്യ റാഹേലിന്‍റെ
ശവകല്ലറ, വെസ്റ്റ് ബാങ്ക് പ്രദേശത്തെ ബേത്ത്ലേഹെം എന്ന
സ്ഥലത്താണ്. യിസ്രായേല്‍ ഈജിപ്തില്‍ നിന്നും സ്വതന്ത്രര്‍ ആയി വന്നപ്പോള്‍, ആദ്യം പിടിച്ചെടുത്ത പട്ടണം യെരീഹോ ആണ്. യോസേഫിന്‍റെ അസ്ഥികള്‍ അടക്കം
ചെയ്ത സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന നാബ്ലസ് (Nablus), യാക്കോബിന്റെ കിണര്‍, യാക്കോബിന് ദൈവീക ദര്‍ശനം
ലഭിച്ച ബേഥേല്‍, ശമര്യയിലേ ദൈവാലയം എന്നിങ്ങനെ അനേകം ചരിത്ര
പ്രാധാന്യമുള്ള സ്ഥലങ്ങള്‍ വെസ്റ്റ് ബാങ്കില്‍ ആണ്.
എല്ലാറ്റിനും
ഉപരിയായി, ഗോത്ര പിതാവായ
അബ്രാഹാമിന്റെ സന്തതി പരമ്പരകള്‍ ആയി, യിസ്രായേല്‍ എന്ന ജനത ജന്മം
കൊണ്ടത് തന്നെ ഈ പ്രദേശത്താണ്.
ക്രിസ്തീയ
വിശ്വാസികളെ സംബന്ധിച്ചിടത്തോളം, യേശു ക്രിസ്തു ജനിച്ച ബേത്ത്ലേഹെം, വെസ്റ്റ് ബാങ്ക്
പ്രദേശത്താണ്. അവിടെ 330 AD യില്‍ കിഴക്കന്‍ റോമിന്‍റെ
ചക്രവര്‍ത്തി ആയിരുന്ന കോണ്‍സ്റ്റാന്‍റ്റൈന്‍ (Emperor Constantine) ഒരു ക്രൈസ്തവ ദൈവാലയം പണിയുക ഉണ്ടായി. ഇതായിരിക്കേണം ഇന്ന് നിലവില്‍
ഉള്ള ഏറ്റവും പഴക്കമുള്ള ക്രിസ്തീയ ദൈവാലയം. ജെറോം എന്ന ക്രൈസ്തവ പിതാവ് 30 വര്‍ഷങ്ങള്‍
കൊണ്ട് വേദപുസ്തകം ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത് ഇതിനടുത്തുള്ള ഒരു
ഗുഹയില്‍ താമസിച്ചുകൊണ്ടാണ്. യേശുക്രിസ്തു ക്രിസ്തു 40 ദിവസങ്ങള്‍ ഉപവസിച്ച
സ്ഥലത്തുള്ള ക്രൈസ്തവ ആശ്രമം യെരീഹോ പട്ടണത്തില്‍ ആണ്.
മുസ്ലീം
വിശ്വാസികള്‍ക്കും വെസ്റ്റ് ബാങ്ക് പുണ്യ സ്ഥലം ആണ്. കുര്‍ദ്ദിഷ് വംശജനും, സൊലാഹൂദ് ദിന്‍ അല്‍ അയേയുബി (Salahuddin al Ayyubi -so-lah-hood-din al-aye-yu-be) ഈജിപ്തിന്റെ സുല്‍ത്താനും കുരിശ് യുദ്ധക്കാരുടെ എതിരാളിയും ആയിരുന്നു. 1187
ഒക്ടോബര്‍ 2 ആം തീയതി ആണ് അദ്ദേഹം യെരുശലേമിനെ ആക്രമിച്ച് കീഴടക്കുന്നത്. ഈ
സംഭവത്തിന് മുമ്പ്, യാത്രാ മദ്ധ്യേ, അദ്ദേഹം, വെസ്റ്റ് ബാങ്കില്‍ ഉള്ള അല്‍ ബിരെഹ്
എന്ന സ്ഥലത്താണ് വിശ്രമിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു.
1994 മുതല്‍ പരിമിതമായ
അധികാരത്തോടെ പലസ്തീനിയന്‍ അതോറിറ്റി യുടെ കീഴില്‍ വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍
ഭരണം നിലവില്‍ ഉണ്ട്. എന്നാല്‍ യിസ്രായേല്‍ സൈന്യത്തിന്റെ ശക്തമായ സാന്നിധ്യവും
മേല്‍നോട്ടവും ഇവിടെ ഉണ്ട്.
യിസ്രായേല്‍ എന്ന ജനത
ഇനി നമുക്ക്
യിസ്രായേല്‍ ജനത്തെ പരിചയപ്പെടാം. യിസ്രയേല്യര്‍ അല്ലെങ്കില്‍ യഹൂദന്മാര്‍ ഒരു
പ്രത്യേക ജനസമൂഹം ആണ്. യിസ്രായേല്‍ ജനത, ഗോത്ര പിതാവായ അബ്രാഹാമിന്റെ കൊച്ചുമകനായ യാക്കോബിന്‍റെ 12 സന്തതികളുടെ
പരമ്പര ആണ്. യഹൂദ എന്നത് അതില്‍ പ്രമുഖമായ ഒരു ഗോത്രമാണ്. പിന്നീട്, യിസ്രായേല്‍ ജനത്തെക്കുറിച്ച് മൊത്തമായി പറയുവാനും യഹൂദ എന്ന പേര്
ഉപയോഗിക്കുന്നു.
സാധാരണയായി, മറ്റ് ജന സമൂഹത്തില്‍ നിന്നും
ആരെയും അവര്‍ യഹൂദ വംശത്തിലേക്ക് സ്വീകരിക്കാറില്ല. അവര്‍ക്ക് മത പരിവര്‍ത്തനം, സാധാരണയായി നമ്മള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ ഇല്ല. കാരണം അവര്‍
അബ്രഹാം എന്ന ഗോത്ര പിതാവിന്റെ ജീവശാത്രപരമായ സന്തതി പരമ്പര ആണ്. യിസ്രായേല്‍ ദേശം, വേദപുസ്തക പ്രകാരം യഹൂദന്മാരുടെ പിതൃദേശം ആണ്. അബ്രാഹാമിന്റെ കാലം മുതല്‍
അത് അവരുടെ സ്വന്ത ദേശം ആണ്.
ലോകത്തിലെ ഏക യഹൂദ
രാജ്യമാണ്, യിസ്രായേല്‍.
മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്ക് ഭാഗത്താണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. യഹൂദന്മാര്‍
അവരുടെ സ്വന്ത ദേശത്തു തുടര്‍ച്ചയായി 3000 വര്‍ഷങ്ങള്‍ ജീവിച്ചിരുന്നു. ഈ
കാലയളവില്‍ അനേകം രാജ്യങ്ങളും സാമ്രാജ്യങ്ങളും പലപ്പോഴും അവരെ ആക്രമിക്കുകയും
കീഴടക്കുകയും ചെയ്തു. ബാബിലോണ്‍, മേദ്യ, പേര്‍ഷ്യ, റോമന്‍, ഒട്ടോമന്‍ സാമ്രാജ്യങ്ങള്‍ അവരെ ആക്രമിച്ചു കീഴടക്കിയിട്ടുണ്ട്.
ഈ സമയത്തെല്ലാം,
അവര്‍ ശത്രു രാജ്യത്തേക്ക് പ്രവാസികള്‍ ആയി പോകുകയോ, മറ്റ് രാജ്യങ്ങളിലേക്ക് ചിതറി
പോകുകയോ ചെയ്തിട്ടുണ്ട്. അപ്പോഴും ഒരു കൂട്ടം യഹൂദന്മാര്‍ ദേശം വിട്ടു പോകാതെ
അവിടെ തന്നെ താമസിച്ചു. ശത്രു രാജ്യങ്ങള്‍ അവരെ കീഴടക്കി, പീഡിപ്പിച്ചപ്പോള്‍, യെഹൂദ്യ ദേശത്തുള്ള അവരുടെ എണ്ണം കുറഞ്ഞു. പ്രതികൂലങ്ങള്‍
മാറി, രാക്ഷ്ട്രീയ അന്തരീക്ഷം അനുകൂലമാകുമ്പോള്‍, ചിതറി
പോയവര്‍ സ്വന്ത രാജ്യത്തേക്ക് തിരികെ വരും. ഇത് അവരുടെ പിതൃദേശവുമായുള്ള അവരുടെ
വൈകാരികമായ ബന്ധത്തെ കാണിക്കുന്നു.
പുരാതന കാലത്തെ പല രാജ്യങ്ങളും അവരുടെ മതവും സംസ്കാരവും വിസ്മൃതിയില്‍
ആയിട്ടുണ്ട്.
എന്നാല്‍ യിസ്രായേല്‍ ജനതയെ തുടച്ചു മായ്ക്കുവാനുള്ള ശത്രു രാജ്യങ്ങളുടെ
എല്ലാം ശ്രമങ്ങളെയും യഹൂദന്മാര്‍ എന്നും പരാജയപ്പെടുത്തി. എല്ലാ ആക്രമണങ്ങളെയും
പ്രവാസ ജീവിതത്തെയും അവര്‍ അതി ജീവിച്ച്, അവരുടെ മതവും, ഭാഷയും, വാഗ്ദത്ത ദേശമെന്ന സ്വപ്നവും അവര്‍ കാത്തു സൂക്ഷിച്ചു.
പൂര്‍വ്വ കാല ചരിത്രം
യാഹൂദന്മാരെക്കുറിച്ച്
ഇത്രയും മനസ്സിലാക്കികൊണ്ട്, നമുക്ക് ഇനി വെസ്റ്റ് ബാങ്കിന്‍റെയും യിസ്രയേലിന്റെയും പൂര്‍വ്വ കാല
ചരിത്രത്തിലേക്ക് യാത്ര ചെയ്യാം.
യഹൂദ പാരമ്പര്യം
അനുസരിച്ചും,
വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രം അനുസരിച്ചും ദൈവം യിസ്രായേല്‍
ജനത്തിന്‍റെ ഗോത്ര പിതാവായ അബ്രാഹാമിന് വാഗ്ദത്തമായി നല്കിയ ദേശം ആണ് കനാന്‍. അബ്രാഹാം
ആ ദേശത്ത് എത്തുകയും അവിടം കൈവശമാക്കി താമസിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ
പുത്രന്മാരായ യിസ്ഹാക്ക്, യാക്കോബ് എന്നിവരും കനാന്‍ ദേശത്ത് തന്നെ
താമസിച്ചിരുന്നു. അബ്രാഹാമിന് ദൈവം വാഗ്ദത്തമായി നല്കിയ കനാന്‍ ദേശം എന്നതില്‍
ഇപ്പോഴത്തെ യിസ്രായേല്‍ രാജ്യവും വെസ്റ്റ് ബാങ്കും ഗാസ,
ഗോലാന്‍ കുന്നുകള്‍ എന്ന സ്ഥലങ്ങളും അതിനോടു ചേര്‍ന്നുള്ള, ലെബനോന്‍, സിറിയ എന്നീ രാജ്യങ്ങളുടെ
യോര്‍ദ്ദാന്‍ നദീ തീരത്തെ പ്രദേശവും ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍, യിസ്രയേല്യര്‍, കനാനില്‍ എത്തിച്ചേരുന്ന, ഏകദേശം അതേ സമയത്ത് തന്നെ, ക്രേത്തദ്വീപില്‍ നിന്നും എത്തിയ ഫെലിസ്ത്യര്‍ എന്ന കൂട്ടര്‍, കനാന്‍ ദേശത്തിന്റെ തെക്ക് ഭാഗം കീഴടക്കി. ഗാസ പ്രദേശം ഉള്‍പ്പെടുന്ന
അവരുടെ രാജ്യത്തിന് അവര്‍ ഫിലിസ്റ്റിയ എന്ന്പേര്‍ നല്കി. ഫെലിസ്ത്യരുമായി
യിസ്രായേല്‍ ഒരിയ്ക്കലും നല്ല ബന്ധത്തില്‍ ആയിരുന്നില്ല.
ക്രിസ്തുവിന് മുമ്പ്
ഏകദേശം 11 ആം നൂറ്റാണ്ട് മുതല്‍ യഹൂദ രാജാക്കന്മാര്‍ ആയിരം വര്‍ഷത്തോളം യിസ്രായേല്‍
ദേശത്ത് ഭരണം നടത്തി. എന്നാല്‍ യിസ്രായേലിന് എല്ലായിപ്പോഴും ശത്രു രാജ്യങ്ങളുടെ
ആക്രമണത്തെ തോല്‍പ്പിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അസീറിയ, ബാബിലോണ്‍,
പേര്‍ഷ്യ, ഗ്രീക്ക്, റോമന്‍, ബൈസാന്‍റൈന്‍ എന്നീ രാജ്യങ്ങളുടെയും അല്‍പ്പകാലത്തേക്ക് സസ്സാനിയന്‍
ഭരണവും യിസ്രായേല്‍ ദേശത്ത് ഉണ്ടായി എന്നു ചരിത്രകാരന്‍മാര്‍ പറയുന്നു. (Assyrian, Babylonian,
Persian, Greek, Roman, Byzantine, Sassanian)
റോമന്‍
കാലഘട്ടം
333 B.C. ല്‍ ഗ്രീക്കുകാരും 323 B.C. ല്‍ ഈജിപ്തുകാരും യിസ്രായേലിനെ ആക്രമിച്ചു കീഴടക്കി.
BC 63 ല്‍ പൊംപെയ് (Pompey) എന്ന റോമന്‍ സൈന്യാധിപന്‍, റോമന്‍ സിറിയ എന്ന
പ്രവിശ്യ രൂപീകരിച്ചു. ഇതില്‍ യഹൂദ്യ ദേശവും ഉള്‍പ്പെട്ടിരുന്നു. 47 B.C. ല്‍ റോമന്‍ ചക്രവര്‍ത്തിയായ
കൈസർ, അന്റിപേറ്റര്‍ (Antipater) എന്ന വ്യക്തിയെ യഹൂദ ദേശത്തിന്റെ രാജാവായി നിയമിച്ചു.
എന്നാല്‍
യഹൂദന്മാര്‍ വിദേശ ആധിപത്യത്തെ എതിര്‍ത്തുകൊണ്ടിരുന്നു. റോമന്‍
സാമ്രാജ്യത്തിനെതിരെ പല കലാപങ്ങളും ഉണ്ടായി.
AD 66 മുതല്‍ 73 വരെയുള്ള കാലയളവില്‍, നീറോ ചക്രവര്‍ത്തിയുടെ ഭരണത്തിന്റെ
12 ആമത്തെ വര്‍ഷം റോമന്‍ സാമ്രാജ്യത്തിനെതിരെ വലിയ കലാപം യഹൂദന്മാരുടെ ഇടയില്‍
നിന്നും ഉണ്ടായി. എന്നാല്‍ റോമന്‍ സൈന്യം കലാപത്തെ അടിച്ചമര്‍ത്തുകയും, യഹൂദ്യ ദേശത്തെ പൂര്‍ണ്ണമായി റോമന്‍ സാമ്രാജ്യത്തിന്റെ
കീഴില്‍ ആക്കുകയും, യെരൂശലേം ദൈവാലയം തകര്‍ക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ പീഡനങ്ങളാല്‍, പതിനായിരക്കണക്കിന് യഹൂദന്മാര്‍ മറ്റു രാജ്യങ്ങളിലേക്ക് ചിതറി പോയി.
സൈമണ്‍ ബാര്‍
കൊഖ്ബാ (Simon Bar Kokhba's) എന്ന യഹൂദന്‍റെ നേതൃത്വത്തില്‍, AD 132 മുതല്‍ 136 വരെ, റോമന്‍
സാമ്രാജ്യത്തിനെതിരെ, യഹൂദ രാജ്യത്തിന്റെ
സ്വാതന്ത്ര്യത്തിനായി, ഒരു കലാപം വീണ്ടും ഉണ്ടായി. റോമന്‍
സാമ്രാജ്യം ഈ കലാപത്തെ നിഷ്ഠൂരം അടിച്ചമര്‍ത്തി. അതോടെ സ്വന്ത ദേശം വിട്ടുള്ള
യഹൂദന്മാരുടെ പാലായനം വലിയ തോതില്‍ ആയി.
എന്നാല്‍
ഒരിയ്ക്കലും എല്ലാ യഹൂദന്മാരും അവരുടെ ദേശം വിട്ടു ഓടിപോയിട്ടില്ല. അവരുടെ ദൈവീക
വാഗ്ദത്ത ഭൂമി അവര്‍ക്ക് തിരികെ ലഭിക്കും എന്ന വിശ്വാസത്തോടെ വലിയ ഒരു കൂട്ടം
യഹൂദന്മാര്‍ അവിടെ തന്നെ താമസിച്ചു. എന്നാല്‍, അവര്‍ യഹൂദ്യ എന്ന പ്രദേശത്ത് നിന്നും ഗലീലി, ഗോലാന്‍, ബെറ്റ് ഷെയന്‍ താഴ്വര (Bet Shean Valley), യിലേക്കും, കിഴക്കും തെക്കും പടിഞ്ഞാറും ഉള്ള അതിര്‍ത്തി
പ്രദേശങ്ങളിലേക്കും മാറി താമസിച്ചു.
ബാര്‍ കൊഖ്ബായുടെ
കലാപത്തിന് തൊട്ട് മുമ്പോ, അതിനു തൊട്ട് ശേഷമോ, റോമന്‍ ചക്രവര്‍ത്തി ആയിരുന്ന
ഹാഡ്രിയന്‍ (Emperor Hadrian), യഹൂദ്യ ദേശത്തെ റോമന്‍ സിറിയ പ്രവിശ്യയോട് കൂട്ടിചേര്‍ത്തു.
ഈ പ്രദേശത്തിലെ
യഹൂദ ബന്ധം നിശ്ശേഷം ഇല്ലാതാക്കുവാന്‍ റോമന്‍ സാമ്രാജ്യം ആഗ്രഹിച്ചു. യഹൂദന്മാരെ
കുറിച്ചുള്ള ഓര്‍മ്മ പോലും ഇല്ലാതാക്കുവാനായി, അവര്‍ യഹൂദ്യ ദേശത്തിന്റെ പേര് മാറ്റി. അവരുടെ
എക്കാലത്തെയും ശത്രുക്കള്‍ ആയ ഫെലിസ്ത്യ വംശക്കാരുടെ പേരില്‍ നിന്നും പലെസ്തീന്‍
എന്ന പേര് എടുത്ത്, യെഹൂദ്യ ദേശത്തെ സിറിയ പലേസ്റ്റീന (Syria Palaestina) എന്ന് പുനര്‍ നാമകരണം ചെയ്തു.
അതിനു ശേഷമാണ്, യഹൂദ്യ ദേശത്തെ മറ്റ് രാജ്യങ്ങള്‍
പലസ്തീന്‍ എന്നു വിളിക്കുവാന്‍ തുടങ്ങിയത്.
ആദ്യം അറബ്
രാജ്യങ്ങള്‍ പലസ്തീന്‍ എന്ന പേര് ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ 1960 മുതല്‍ അറബ്
പലസ്തീന്‍ ദേശീയ മുന്നേറ്റക്കാര്‍ ഈ പേരിനെ സ്വീകരിച്ചു.
റോമന്‍ സാമ്രാജ്യം യഹൂദ്യ ദേശം പിടിച്ചെടുത്തത്തിന് ശേഷം ഏകദേശം രണ്ടായിരം വര്‍ഷത്തോളം, യഹൂദ്യ ദേശത്തു മറ്റൊരു പ്രത്യേക
ജനതയും ശക്തിപ്രാപിച്ചില്ല. മറ്റാരും യെരൂശലേമിനെ രാജ്യ തലസ്ഥാനമായി
തിരഞ്ഞെടുത്തിട്ടില്ല.
AD 395 ല്‍ റോമന്‍
സാമ്രാജ്യം കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെട്ടു. കിഴക്കന്‍ റോമന്‍ സാമ്രാജ്യം
ബൈസാന്റൈന്‍ സാമ്രാജ്യം എന്നു അറിയപ്പെട്ടു. അങ്ങനെ, യഹൂദ്യ ദേശം ഉള്‍പ്പെടുന്ന അന്നത്തെ പലസ്തീന്‍ പ്രദേശം
ബൈസാന്റൈന്‍ സാമ്രാജ്യത്തിന്റെ (Byzantine
Empire) കീഴില്‍ ആയി. നാലാം നൂറ്റാണ്ടില്‍ കോന്‍സ്ന്റൈന്‍ ചക്രവര്‍ത്തി
യെരൂശലേമില്‍ ഒരു ക്രിസ്തീയ ദൈവാലായം നിര്‍മ്മിച്ചു.
എന്നാല്‍ എ. ഡി. പതിനഞ്ചാം നൂറ്റാണ്ടില്‍
ഒട്ടോമാന്‍ സാമ്രാജ്യം (Ottoman Empire) കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോന്‍സ്ന്റൈനോപ്പിള്‍ നെ
ആക്രമിച്ചു കീഴടക്കുകയും ആ നഗരത്തിന്റെ പേര് ഇസ്താന്ബൂള്‍ (Istanbul) എന്നാക്കി മാറ്റുകയും ചെയ്തു.
അങ്ങനെ, AD 1516 മുതല്‍
യെരൂശലേമും, പലസ്തീന്‍ പ്രദേശങ്ങളും മുസ്ലിം സാമ്രാജ്യമായ
ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴില്‍ ആയി.
ഒട്ടോമന്‍ സാമ്രാജ്യം
യൂറോപ്പിയന്‍
കോളനികളുടെ വ്യാപനം,
തുര്‍ക്കിയിലെ ദേശീയതയ്ക്ക് വേണ്ടിയുള്ള
കലാപങ്ങള്‍ എന്നിവ ഒട്ടോമന്‍ സാമ്രാജ്യത്തിന്‍റെ പതനത്തിന് കാരണമായി. പല
രാജ്യങ്ങളിലും ദേശീയ വാദം ഉടലെടുത്തു. പലസ്തീന്‍ ദേശീയവാദവും ഉയരുവാന്‍ തുടങ്ങി.
ഇതിന്റെ ഫലമായി, സയോണിസം എന്ന യഹൂദ ദേശീയവാദവും ഉടലെടുത്തു.
സയോണിസം എന്ന മുന്നേറ്റം ആണ് ഒരു സ്വതന്ത്ര യിസ്രായേല്‍ രാജ്യത്തിന്‍റെ
രൂപീകരണത്തിന് സഹായമായത്.
സയോയോണിസ്റ്റ് പ്രസ്ഥാനം
സീയോന്‍ എന്നത് യെരൂശലേമിന്റെയും
യിസ്രായേല്‍ ദേശത്തിന്റെയും ഒരു പഴയ പേരാണ്. സയോനിസം (Zionism) എന്നത്, അവരുടെ പിതാക്കന്മാരുടെ മാതൃരാജ്യത്തെ വീണ്ടെടുക്കുവാനും, അവരുടെ സ്വന്ത രാജ്യം തിരികെ സ്ഥാപിക്കുവാനുമുള്ള യിസ്രായേല്‍ ജനതയുടെ
മുന്നേറ്റം ആണ്.
തിയോഡോര്‍ ഹെര്‍ട്സെല്‍ (Theodor Herzl's - Te'odor Hertsel) എന്ന യഹൂദന്‍ ആണ് സയോണിസം എന്ന
പ്രസ്ഥാനം ആരംഭിക്കുന്നത്. ഒരു യഹൂദ സ്വതന്ത്ര രാക്ഷ്ട്രം എന്ന ലക്ഷ്യത്തോടെയാണ് വേള്‍ഡ്
സയോണിസ്റ്റ് ഓര്‍ഗനൈസേഷന്‍ എന്ന പ്രസ്ഥാനത്തിന്, 1897 ല്‍ അദ്ദേഹം രൂപം കൊടുക്കുന്നത്.
ലോകത്തില്‍ പല ഭാഗങ്ങളില്‍ ആയി ഉയര്‍ന്നുവന്ന ദേശീയ മുന്നേറ്റവും, യൂറോപ്പിയന്‍
രാജ്യങ്ങളില്‍ പോലും വര്‍ദ്ധിച്ചു വന്ന യഹൂദ വിരോധവും ആണ് ഇത്തരമൊരു ചിന്തയുടെ
രാക്ഷ്ട്രീയ കാരണം. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയി ചിതറി പാര്‍ക്കുന്ന എല്ലാ
യിസ്രയേല്യരും തിരികെ സ്വന്ത ദേശത്തിലേക്കു വരുകയാണെങ്കില്‍,
അവിടെ അപ്പോള്‍ താമസിക്കുന്ന യഹൂദന്‍മാരുമൊത്ത് ഒരു സ്വതന്ത്ര രാജ്യം
സ്ഥാപിക്കുവാനാകും എന്നായിരുന്നു സയോണിസ്റ്റ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. അങ്ങനെ
അവര്‍ പല രാജ്യങ്ങളിലും അനുഭവിക്കേണ്ടി വരുന്ന വിവേചനത്തിന് അവസാനം ആകും എന്നും
അവരുടെ മതവും, സംസ്കാരവും പുഷ്ടിപ്പെടുത്തുവാന്‍ അത്
സഹായമാകും എന്നും അവര്‍ കരുതി.
വാഗ്ദത്ത
ദേശത്തേക്കു തിരികെ പോയി, അവിടെ യിസ്രായേല്‍ ജനതയ്ക്കായി ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുക എന്നത്
എല്ലാ യഹൂദന്റെയും വലിയ സ്വപനം ആണ്. ദൈവം അബ്രഹാം പിതാവിലൂടെ അവര്‍ക്ക്
വാഗ്ദത്തമായി നല്കിയ ദേശത്തു, സമൃദ്ധിയോടെയും
സമാധാനത്തോടെയും ജീവിക്കുക എന്നതാണു അവരുടെ സ്വപ്നം.
ഇത് യഹൂദ ജനതയുടെ സത്വ ബോധത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗം ആണ്. അവരുടെ വീണ്ടെടുപ്പിനായും പുനസ്ഥാപനത്തിനായും
യഹോവയായ ദൈവം വാഗ്ദത്തം ചെയ്ത മശിഹായുടെ വരവും, മശിഹാ
സ്ഥാപിക്കുന്ന നിത്യമായ രാജ്യവും, ശത്രുക്കളുടെമേലുള്ള
എന്നന്നേക്കുമായ ജയവും അവരുടെ സ്വപ്നത്തിന്റെ രാക്ഷ്ട്രീയം ആണ്.
സയോണിസ്റ്റ് പ്രവര്‍ത്തകര്‍, അവരുടെ സ്വന്ത ദേശം എന്ന സ്വപ്നത്തെ ആധുനിക രാക്ഷ്ട്രീയ സാഹചര്യവുമായി ചേര്‍ത്ത് കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുവാന്‍ അവര്‍ മറ്റ് ലോകരാക്ഷ്ട്രങ്ങളുടെ സഹായവും അഭ്യര്‍ത്ഥിക്കുന്നുണ്ട്. അവരുടെ അയല്‍ രാജ്യങ്ങളുമായി സൌഹാര്‍ദ്ദത്തില്‍ ജീവിക്കുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്.
യിസ്രായേലിലേക്ക് നിയപരമായി തിരികെ വരുവാനും, അവരുടെ ദേശം ഇപ്പോള്‍ കൈവശം
വച്ചിരിക്കുന്നവരില്‍ നിന്നും വില കൊടുത്തു വാങ്ങിക്കുവാനും,
സ്വന്ത അധ്വാനത്താല്‍ ദേശത്തെ സമ്പുഷ്ടമാക്കുവാനും അവര്‍ ആഗ്രഹിക്കുന്നു.
സയോണിസ്റ്റ് പ്രസ്ഥാനം സ്ഥാപിച്ചു 50 വര്‍ഷങ്ങള്‍ ആയപ്പോഴേക്കും അവരുടെ സ്വപ്നം സഫലമായി. 1917 ലെ ബാല്‍ഫോര്‍ പ്രഖ്യാപനത്തില്‍, ബ്രിട്ടന്‍, ഒരു സ്വതന്ത്ര യഹൂദ രാക്ഷ്ട്രം എന്ന ആശയത്തെ അംഗീകരിച്ചു. 1920 ല്‍ ലീഗ് ഓഫ് നേഷന്‍സ്, തകര്‍ന്ന ഒട്ടോമന്‍ സാമ്രാജ്യത്തില്‍ നിന്നും പലസ്തീന്‍ പ്രദേശത്തെ, യഹൂദന്മാരുടെ മാതൃ രാജ്യമായി വിഭജിച്ച് എടുത്തു. എന്നാല്‍ സ്വതന്ത്ര യിസ്രായേല്‍ രാജ്യം രൂപീകരിക്കുവാന്‍ വീണ്ടും വര്‍ഷങ്ങള്‍ പലതു വേണ്ടിവന്നു.
അതിന്റെ ചരിത്രത്തിലേക്ക് നമുക്ക് തുടര്‍ന്നു യാത്ര ചെയ്യാം.
ബ്രിട്ടീഷ് മാന്‍ഡേറ്റ് (British
Mandate for Palestine - 1918-1948)
1914 ജൂലൈ 28 മുതല്‍ 1918 നവംമ്പര്‍ 11 വരെ നടന്ന ഒന്നാം ലോകമഹായുദ്ധത്തിനിടയില്‍, 1917 ല്‍
ബ്രിട്ടീഷുകാര്‍, അന്നത്തെ പലസ്തീന്‍ പ്രദേശങ്ങളെ, ഓട്ടോമാന്‍ സാമ്രാജ്യത്തില്‍ നിന്നും പിടിച്ചെടുത്തു. അന്നത്തെ പലസ്തീന്‍
പ്രദേശത്തില്‍ ഇന്നത്തെ പലസ്തീനും, വെസ്റ്റ് ബാങ്കും, ഗാസ പ്രദേശവും ഗോലാന്‍ കുന്നുകളും, യോര്‍ദ്ദാന്‍
രാജ്യവും, യിസ്രായേല്‍ രാജ്യവും ഉള്‍പ്പെട്ടിരുന്നു.
1918 ല്‍ യുദ്ധം
അവസാനിച്ചതോടെ ഒട്ടോമന്‍ സാമ്രാജ്യം ഇല്ലാതെ ആയി. അവരുടെ കൈവശമിരുന്ന രാജ്യങ്ങളെ, യുദ്ധത്തിലെ സഖ്യ കക്ഷികള്‍
വിഭജിച്ച് എടുത്തു. അവര്‍ പഴയ ഓട്ടോമാന്‍ സാമ്രാജ്യത്തില്‍ നിന്നും പുതിയ
രാജ്യങ്ങള്‍ സൃഷ്ടിച്ചു. മദ്ധ്യപൂര്‍വ്വ ദേശങ്ങള്‍
രണ്ടു അധികാര പ്രവിശ്യയായി വിഭജിക്കപ്പെട്ടു. ഒരു ഭാഗം ബ്രിട്ടീഷ്കാരുടെ
നിയന്ത്രണത്തിലും മറ്റൊരു ഭാഗം ഫ്രാന്‍സിന്റെ നിയന്ത്രണത്തിലും ആയി.
തുടര്‍ന്നാണ്, ഇന്ന് ഇന്ന് സ്വതന്ത്ര രാജ്യങ്ങള്‍
ആയി അറിയുന്ന മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ, ഇറാഖ്, ലെബാനോന്‍, സിറിയ എന്നിങ്ങനെയുള്ള, പല രാജ്യങ്ങളും രൂപീകരിക്കപ്പെട്ടത്. ബ്രിട്ടീഷുകാര്‍
അവരുടെ സഖ്യ കക്ഷികളുമായുണ്ടാക്കിയ കരാര്‍ പ്രകാരം പലസ്തീന്‍റെ അതിരുകള്‍
തീരുമാനിച്ചു. പലെസ്തീന്‍ യഹൂദന്മാരുടെ പിതൃ രാജ്യമാണ് എന്നു
അംഗീകരിക്കുകയും ചെയ്തു.
1917 ലെ ബാല്‍ഫോര്‍ പ്രഖ്യാപനത്തില്‍ (Balfour Declaration) യഹൂദന്‍മാര്‍ക്ക് ഒരു ദേശീയ ഗൃഹം (national home) രൂപീകരിക്കും
എന്നു ബ്രിട്ടന്‍ പ്രഖ്യാപിച്ചു.
ഒന്നാം ലോക മഹാ
യുദ്ധത്തിന് ശേഷം രൂപീകൃതമായ ലീഗ് ഓഫ് നേഷന്‍സിന്‍റെ അംഗീകാരത്തോടെ, 1922 ല്‍ പലസ്തീന്‍ പ്രദേശം
ബ്രിട്ടീഷ് നിയന്ത്രണത്തില്‍ ആയി. ലീഗ് ഓഫ് നേഷന്‍സ്, പലെസ്തീനെ, യഹൂദന്മാരുടെ രാജ്യമായി അംഗീകരിച്ചു. മാത്രവുമല്ല, ഈ
പ്രദേശത്തെ യഹൂദന്മാരുടെ സ്വന്ത രാജ്യമാക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യേണം എന്നു
ബ്രിട്ടനോടു ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍
ബ്രിട്ടീഷുകാര്‍, അതേവര്‍ഷം
തന്നെ അറബ് രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി, ഒട്ടോമാന്‍
സാമ്രാജ്യത്തില്‍ നിന്നും അടര്‍ത്തിമാറ്റിയ പലസ്തീന്‍റെ 77 ശതമാനം സ്ഥലം
വിഭജിച്ചെടുത്ത്, യോര്‍ദ്ദാന്‍ നദിയുടെ കിഴക്ക് ഭാഗത്തായി
ട്രാന്‍സ് യോര്‍ദ്ദാന്‍ എന്ന അറബ് രാജ്യം രൂപീകരിച്ചു. പടിഞ്ഞാറെ അതിര്‍ത്തിയില്‍
യോര്‍ദ്ദാന്‍ നദി അതിനെ ശേഷിച്ച പലസ്തീനില്‍നിന്നും വേര്‍തിരിച്ചു നിറുത്തി.
ട്രാന്‍സ് യോര്‍ദ്ദാന്‍ ബ്രിട്ടീഷുകാരുടെ ഭാഗികമായ
നിയന്ത്രണത്തില്‍ ആയിരുന്നു.
ഹാഷെമൈറ്റ്
രാജ്യവംശത്തിലെ (Hashemite dynasty) അബ്ദുള്ള ബിന്‍ അല്‍ ഹുസ്സൈന്‍ (Abdullah bin Al-Hussein) നെ ട്രാന്‍സ് യോര്‍ദ്ദാന്‍റെ ആദ്യത്തെ രാജാവായി ബ്രിട്ടീഷുകാര്‍
നിയമിച്ചു.
പലസ്തീന്‍ പ്രദേശം
കൂടെ ലഭിക്കേണം എന്ന് അബ്ദുല്ല ആഗ്രഹിച്ചിരുന്നു എങ്കിലും യോര്‍ദ്ദാന്‍ കൊണ്ട്
തൃപ്തന്‍ ആകേണ്ടി വന്നു. എങ്കിലും അദ്ദേഹം, യോര്‍ദ്ദാന്‍റെ പടിഞ്ഞാറു ഭാഗത്തുള്ള വെസ്റ്റ് ബാങ്ക് പ്രദേശം കൂടെ
ലഭിക്കേണം എന്ന ആഗ്രഹം ശക്തമായി തന്നെ കൊണ്ട് നടന്നു.
1923 ല്‍ ബ്രിട്ടന്‍ വീണ്ടും ഒരു വിഭജനം കൂടി നടത്തി ഗോലാന്‍ കുന്നുകളെ
വിഭജിച്ച്, അത് ഫ്രാന്‍സിന്‍റെ നിയന്ത്രണത്തിന് കൊടുത്തു. അത് പിന്നീട്ടു സിറിയ എന്ന
രാജ്യം ആയി.
എന്നാല്‍ യിസ്രായേല്‍ എന്ന സ്വതന്ത്ര രാക്ഷ്ട്രം രൂപീകൃതമാകുവാന്‍ വീണ്ടും വര്‍ഷങ്ങള്‍
എടുത്തു.
1948 വരെ ബ്രിട്ടന്‍, പലസ്തീന്‍ പ്രദേശം അവരുടെ നിയന്ത്രണത്തില്‍ സൂക്ഷിച്ചു.
യിസ്രായേല്‍ രാജ്യം
ജനിക്കുന്നു
1948 മെയ് മാസം 14 ആം തീയതി യിസ്രായേല്‍ എന്ന രാജ്യം പുനസ്ഥാപിക്കപ്പെട്ടു; ലേക രാജ്യങ്ങള്‍ അതിനെ
അംഗീകരിക്കുകയും ചെയ്തു.
അതിനു മുമ്പായി തന്നെ യിസ്രായേല്‍ ജനങ്ങള്‍, മറ്റ് രാജ്യങ്ങളില്‍ നിന്നും തിരികെ വരുകയും, അവര്‍ വില കൊടുത്തു അവിടെ ഭൂമി വാങ്ങുകയും ചെയ്തിരുന്നു.
അവിടെ അവര്‍ ഭൂരിപക്ഷമായി ഒരു രാജ്യം സ്ഥാപിച്ചപ്പോഴും, അവിടെ ഉള്ള
ന്യൂനപക്ഷങ്ങള്‍ക്ക്, പൌരാവകാശവും,
രാക്ഷ്ട്രീയ, സാംസ്കാരിക സ്വാതന്ത്ര്യവും അനുവദിച്ചു
കൊടുത്തു.
എന്നാല്‍ അറബ് രാജ്യങ്ങള്‍ യിസ്രായേല്‍ രാജ്യത്തിന്റെ രൂപീകരണത്തെ എതിര്‍ക്കുകയും, യിസ്രായേലിനെ തുടച്ചു നീക്കി മുഴുവന്‍ പ്രദേശവും പലസ്തീന്‍ എന്ന അറബ് രാജ്യമായി മാറേണം എന്ന് ആഗ്രഹിക്കുകയും ചെയ്തു. ഇതിനായി അവര്‍ യുദ്ധത്തിലേക്ക് നീങ്ങി
1946
മെയ് 25 നു ട്രാന്‍സ് യോര്‍ദ്ദാന്‍
പൂര്‍ണ്ണമായും ബ്രിട്ടീഷ് നിയന്ത്രണത്തില്‍ നിന്നും മാറി, ഒരു സ്വതന്ത്ര രാജ്യമായി.
1948
ല്‍ യിസ്രായേല്‍ എന്ന രാജ്യം നിലവില്‍ വന്നപ്പോള്‍, ബ്രിട്ടീഷുകാര്‍ പലസ്തീന്‍റെമേലുള്ള
നിയന്ത്രണം ഉപേക്ഷിച്ചു. അവര്‍ പലസ്തീന്‍ വിട്ടു പോയപ്പോള്‍ അറബ് സൈന്യം
പലെസ്തീനില്‍ കടന്നുകയി. ഇത് ഒന്നാമത്തെ അറബ് യിസ്രായേല്‍
യുദ്ധത്തിന് കാരണമായി.
1948 മെയ് മാസം 15
ആം തീയതി, യിസ്രായേല്‍
എന്ന രാജ്യം നിലവില്‍ വന്നതിന്റെ തൊട്ട് അടുത്ത ദിവസം,
ഈജിപ്ത്, ട്രാന്‍സ് യോര്‍ദ്ദാന്‍,
സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ ഒത്തു ചേര്‍ന്ന്
യിസ്രായേലിനെ ആക്രമിച്ചു.
ഈ യുദ്ധത്തിലെ യോര്‍ദ്ദാന്‍
പട്ടാളക്കാര്‍ക്ക് യുദ്ധത്തിനായുള്ള പരിശീലനം നല്കിയത് ബ്രിട്ടീഷുകാര്‍ ആയിരുന്നു
എന്നതാണ് വിചിത്രമായ കാര്യം. യുദ്ധത്തില്‍, യോര്‍ദ്ദാന്‍, വെസ്റ്റ് ബാങ്ക് പ്രദേശം പിടിച്ചെടുത്തു.
ഈജിപ്ത് ഗാസ പ്രദേശവും പിടിച്ചടക്കി. അതിനുശേഷം യോര്‍ദ്ദാന്‍ ആണ് ഇപ്പോഴത്തെ
വെസ്റ്റ് ബാങ്കിന് ആ പേര് നല്‍കുന്നത്. അവര്‍ക്ക് യോര്‍ദ്ദാന്‍ നദിയുടെ കിഴക്ക്
ഒരു പ്രദേശം ഉണ്ടായിരുന്നു. അവര്‍ അതിനെ ഈസ്റ്റ് ബാങ്ക് എന്നു വിളിച്ചു.
1949 ഏപ്രില്‍ 3 ലെ യിസ്രായേല്‍-യോര്‍ദ്ദാന്‍ യുദ്ധ കരാര്‍ പ്രകാരം, യിസ്രയേലിന്‍റെയും അയല്‍
രാജ്യങ്ങളുടെയും അതിര്‍ത്തി നിശ്ചയിക്കപ്പെട്ടു.
പിന്നീട് അബ്ദുല്ല
രാജാവ്, ട്രാന്‍സ് യോര്‍ദ്ദാന്‍
എന്ന പേര് മാറ്റി, രാജ്യത്തിന്റെ പേര് യോര്‍ദ്ദാന്‍ എന്നായി.
1950 ജൂണില്‍
വെസ്റ്റ് ബാങ്കിനെ യോര്‍ദ്ദാന്‍ അവരുടെ രാജ്യത്തോട് ഔദ്യോഗികമായി കൂട്ടിച്ചേര്‍ത്തു.
ഈ കൂട്ടിച്ചേര്‍ക്കലിനെ ബ്രിട്ടീഷുകാരും പാകിസ്ഥാനും
മാത്രമേ അംഗീകരിച്ചുള്ളൂ. 1950 മുതല്‍, 1967 വരെ വെസ്റ്റ് ബാങ്ക് പ്രദേശം യോര്‍ദ്ദാന്‍റെ
ഭരണത്തില്‍ ആയിരുന്നു.
എന്നാല്‍ ഈ
ക്രമീകരണം അധികനാളുകള്‍ നീണ്ടു നിന്നില്ല. അറബ് രാജ്യങ്ങളുടെ തലവന്‍മാര്‍ തമ്മില്‍
വലിയ മല്‍സരം ഉണ്ടായി. അബ്ദുള്ളയ്ക്കു ഈജിപ്തുമായും സൌദി അറേബ്യയുമായും നല്ല ബന്ധം
ഉണ്ടായിരുന്നില്ല. . അബ്ദുള്ള യിസ്രായേലുമായി സമാധാനത്തില്‍ ജീവിക്കുവാന്‍
ആഗ്രഹിച്ചത് മറ്റ് അറബ് രാജ്യങ്ങള്‍ക്ക് ഇഷ്ടമായില്ല. അങ്ങനെ 1951 ജൂലൈ 20 നു, പഴയ യെരൂശലേം നഗരത്തിലെ അല്‍ അക്സ മോസ്ക്കിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു
അറബ് പലെസ്തീന്‍കാരന്‍ അദ്ദേഹത്തെ വെടിവച്ചു കൊന്നു. അദ്ദേഹത്തിന് ശേഷം മകനായ
തലാല്‍ അധികാരത്തില്‍ എത്തി. തലാലിന് ശേഷം ഹുസ്സൈന്‍ രാജാവു അധികാരത്തില്‍ വന്നു.
എന്നാല്‍
പലസ്തീനിലെ അറബ് തീവ്രവാദികള്‍ യോര്‍ദ്ദാനെ അംഗീകരിച്ചില്ല, അവര്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍
എന്ന സംഘടനയ്ക്ക് രൂപം നല്കി.
1947
ലെ യുണൈറ്റെഡ് നേഷന്‍സിന്‍റെ പദ്ധതി പ്രകാരം, യെരൂശലേം നഗരം ഒരു അന്തര്‍ദേശീയ പ്രദേശമായി
തുടരേണ്ടതാണ്. എന്നാല്‍ യിസ്രായേല്‍-യോര്‍ദ്ദാന്‍ കരാര്‍ പ്രകാരം, യെരൂശലേം നഗരം, കിഴക്കും പടിഞ്ഞാറുമായി രണ്ടായി
വിഭജിക്കപ്പെട്ടു. യുണൈറ്റെഡ് നേഷന്‍സിന്‍റെ പദ്ധതി പ്രകാരമുള്ള അറബ് രാജ്യം
ഒരിയ്ക്കലും നിലവില്‍ വന്നതുമില്ല.
1948 ല്‍
യിസ്രായേല്‍ രൂപീകൃതമായപ്പോള്‍ പലസ്തീന്‍ എന്ന പേര് പഴയ ചരിത്രത്തിന്‍റെ ഭാഗം ആയി
മാറി. എന്നാല്‍ 1964 ല്‍ ഈജിപ്ത്, പലെസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസഷന്‍ എന്ന സംഘടന രൂപീകരിക്കുവാന്‍
മുന്‍കൈ എടുക്കുകയും അവര്‍ വീണ്ടും പലെസ്തീന്‍ എന്ന പേര് ഉപയോഗിക്കുവാന്‍
തുടങ്ങുകയും ചെയ്തു. 1970 കളോടെ പലെസ്തീന്‍ എന്ന പേര് അറബ് ജനതയെ സൂചിപ്പിക്കുന്ന
ഒന്നായി അറിയപ്പെടുവാന്‍ തുടങ്ങി.
അങ്ങനെ, 9 മൈല്‍ മാത്രം വീതിയുള്ള, ഭീകരാക്രമണ ഭീതിയുള്ള ഒരു രാജ്യമായി യിസ്രായേല്‍ മാറി. 1950 കളിലും 1960
കളിലും, അറബ് രാജ്യങ്ങള്‍, സിറിയ, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും
യിസ്രായേല്‍ എന്ന കൊച്ചു രാജ്യത്തെ ആക്രമിച്ചുകൊണ്ടിരുന്നു. 1950 ല്‍ പലെസ്തീനിയന്‍
അഭയാര്‍ഥികള്‍ യിസ്രയേലിന്‍റെ അതിര്‍ത്തി കടക്കുവാന്‍ ശ്രമിച്ചപ്പോള്‍, അവിടെ കലാപം ഉടലെടുത്തു.
വെസ്റ്റ് ബാങ്കിനെ തിരിച്ചു പിടിക്കുന്നു
1967 ല്‍ വീണ്ടും
അറബ് രാജ്യങ്ങള്‍ ഒരുമിച്ച് കൂടി യിസ്രായേലിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുവാനായി
യുദ്ധത്തിന് വന്നു. എന്നാല്‍ യിസ്രായേല്‍ അവരെ എല്ലാം 6 ദിവസത്തെ യുദ്ധത്തില്‍
തോല്‍പ്പിച്ചു. ഗോലാന്‍ സീനായ്, ഗാസ, വെസ്റ്റ് ബാങ്ക് എന്നീ പ്രദേശങ്ങള്‍ യിസ്രായേല്‍
പിടിച്ചെടുത്തു. എന്നാല്‍ യുദ്ധത്തിന് ശേഷം, യോര്‍ദ്ദാന്‍, സിറിയ, ഈജിപ്ത് എന്നിവരുമായി സമാധാനത്തില്‍
എത്തുകയും ചില സ്ഥലങ്ങള്‍ തിരികെ കൊടുക്കുകയും ചെയ്തു.
യുദ്ധത്തില്‍
യിസ്രായേല്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുകയും, കിഴക്കന്‍ യെരൂശലെം
ഒഴികെയുള്ള പ്രദേശങ്ങളില്‍ പട്ടാള നിയന്ത്രണം സ്ഥാപിക്കുകയും ചെയ്തു. ഈ ഭൂപ്രദേശത്തെ, യിസ്രയേലില്‍ യെഹൂദ്യ, ശമര്യ എന്നാണ് അറിയപ്പെടുന്നത്. കിഴക്കന്‍ യെരൂശലേം, വെസ്റ്റ് ബാങ്കിന്‍റെ ഭാഗം ആണ്
എന്ന് അറബ് രാജ്യങ്ങള്‍ അവകാശപ്പെടുന്നു, എങ്കിലും, യിസ്രായേല്‍ അതിനെ സ്വന്ത രാജ്യത്തോട് ചേര്‍ത്തു. അവിടെ യിസ്രായേല്‍ പൌരത്വം, നിയമം, പൊതു ഭരണം
എന്നിവ സ്ഥാപിച്ചു. എന്നാല്‍ വെസ്റ്റ് ബാങ്കിനെ പൂര്‍ണ്ണമായും യിസ്രായേല്‍
രാജ്യത്തോട് കൂട്ടിച്ചേര്‍ത്തില്ല.
ഇതിന്
ശേഷം ഏകദേശം പത്തുവര്‍ഷത്തോളം യാതൊരു എതിര്‍പ്പും പലെസ്തീന്‍ ജനങ്ങളില്‍ നിന്നും
ഉണ്ടായില്ല.
1949 മുതല്‍ 1988 വരെ, യോര്‍ദ്ദാന്‍ വെസ്റ്റ്
ബാങ്ക് പ്രദേശത്തിന്‍മേല്‍ അവകാശം ഉന്നയിച്ചിരുന്നു. എന്നാല്‍, 1988 ല്‍ യോര്‍ദ്ദാന്‍റെ ഹുസ്സൈന്‍ രാജാവ് വെസ്റ്റ്
ബാങ്കിന്റെമേലുള്ള എല്ലാ ഭരണാധികാരവും അവകാശങ്ങളും ഉപേക്ഷിച്ചു.
എന്നാല്‍
1970 കളിലും 1980 കളിലും വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ കുടിയേറ്റം വര്‍ദ്ധിച്ചപ്പോള്‍, അതിനെതിരെ പലസ്തീന്‍ പ്രക്ഷോഭം ശക്തമായി.
1948
മുതല്‍ 1967 വരെ തുടര്‍ന്ന യിസ്രായേല്‍-അറബ് യുദ്ധം കാരണം അനേകം പലെസ്തീന്‍
ജനങ്ങള്‍ ആ പ്രദേശം ഉപേക്ഷിച്ച് പോയിരുന്നു. അവിടെയെല്ലാം, യിസ്രായേല്‍
കുടിയേറ്റം സ്ഥാപിച്ചു. 1979 മുതല്‍ 1983 വരെ യിസ്രായേലിലെ പ്രധാനമന്ത്രി ആയിരുന്ന, മെനാച്ചെം ബെഗിന്‍റെ (Menachem
Begin) കാലത്ത്, യിസ്രായേലി കുടിയേറ്റം കൂടുതല്‍
വ്യാപകമായി. യിസ്രായേല്‍ ജനത, കൈവശം വെച്ചിരിക്കുന്ന
പ്രദേശത്തിന്റെ ഭരണാധികാരം യിസ്രായേലിന് വേണമെന്ന് അവര്‍ അവകാശപ്പെട്ടു. ഇത്
വെസ്റ്റ് ബാങ്കിന്‍റെ 30 മുതല്‍ 70 ശതമാനം വരെയുള്ള പ്രദേശം ആയിരുന്നു. ഇത്, ക്രമേണ, വെസ്റ്റ് ബാങ്കിനെ യിസ്രായേല്‍ അവരുടെ
രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുവാനുള്ള ശ്രമമായി പലസ്തീന്‍കാര്‍ സംശയിച്ചു.
1973 ല്‍ വീണ്ടും സിറിയയും ഈജിപ്തും യിസ്രായേലിനെ, അവരുടെ വിശുദ്ധമായ പാപപരിഹാര യാഗത്തിന്റെ പെരുനാള്‍ അവസരത്തില്‍ ആക്രമിച്ചു. ഇവിടെയും യിസ്രായേല്‍ ശത്രുക്കളെ തോല്‍പ്പിച്ചു.
1970
കളിലും 1980 കളിലും വെസ്റ്റ് ബാങ്കിന്‍മേലുള്ള യിസ്രയേലിന്റെ ഭരണ അവകാശം
പരിഹരിക്കപ്പെടാതെ തുടര്‍ന്നു. യിസ്രയേലിന്റെ ദേശീയ സുരക്ഷയ്ക്ക് വെസ്റ്റ് ബാങ്ക്
കൂട്ടിച്ചേര്‍ക്കുന്നത് അനിവാര്യമാണ് എന്നു അവര്‍ വിശ്വസിച്ചു. മാത്രവുമല്ല, യിസ്രായേലി
കുടിയേറ്റത്തെ ഉപേക്ഷിക്കുവാനും അവര്‍ക്ക് കഴിയുന്നില്ല. ഒപ്പം, പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ യിസ്രായേലുമായി ഒരു കരാറില്‍
എത്തിച്ചേരുവാന്‍ വിസമ്മതിച്ചു. 1988 വരെ പിഎല്‍ഒ യിസ്രായേല്‍ എന്ന രാജ്യത്തെ
അംഗീകരിച്ചില്ല.
അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ
മദ്ധ്യസ്ഥതയില്‍, 1978 സെപ്തംമ്പര്‍ 17 ആം തീയതി, യിസ്രായേലും ഈജിപ്തും തമ്മില്‍ ഒപ്പിട്ട, ക്യാമ്പ് ഡേവിഡ് സമാധാന ഒത്തുതീര്‍പ്പ് പ്രകാരം വെസ്റ്റ് ബാങ്കില്‍ ഒരു സ്വതന്ത്ര ഭരണകൂടം നിലവില്‍
വരേണ്ടതാണ്,
എന്നാല്‍ അത് പ്രാവര്‍ത്തികമായില്ല. എങ്കിലും ഈ കരാര്‍ പ്രകാരം സീനായി പര്‍വ്വത
പ്രദേശത്തിന്മേലുള്ള എല്ലാ അവകാശവാദങ്ങളും യിസ്രായേല്‍ ഉപേക്ഷിച്ച്, അത് പൂര്‍ണ്ണമായും
ഈജിപ്തിന് വിട്ടുകൊടുത്തു.
1993
ല്‍,
പില്‍ഒ യുമായി യിസ്രായേല്‍ രഹസ്യമായ ചര്‍ച്ചകള്‍ നടത്തി,
വെസ്റ്റ് ബാങ്ക്, ഗാസ എന്നീ പ്രദേശങ്ങളെ ക്രമേണ ഒരു പലസ്തീന്‍
സ്വയം ഭരണ പ്രദേശമായി മാറ്റാം എന്ന കരാറില്‍ സെപ്തംബറില്‍ എത്തിച്ചേര്‍ന്നു.
അങ്ങനെ. അങ്ങനെ 1994
ല്‍ യിസ്രായേല്‍ പട്ടാളം,
യെരീഹോ പട്ടണത്തില്‍ നിന്നും പിന്‍വാങ്ങി.
1995 ല്‍ യിസ്രായേല്‍, യോര്‍ദ്ദാനുമായും സാമാധാന കരാറില്‍ എത്തി.
സമാധാനത്തിനായി ഭൂമി എന്ന തത്വ പ്രാകാരം പലസ്തീനുമായുള്ള ചര്‍ച്ച തുടര്‍ന്നു.
ഗാസ,
വെസ്റ്റ് ബാങ്ക് എന്നീ പ്രദേശങ്ങള്‍, പലസ്തീന്‍ എന്ന
സ്വതന്ത്ര രാജ്യം, എന്നിവ ആയിരുന്നു മുഖ്യ ചര്‍ച്ചാ
വിഷയങ്ങള്‍.
2000 ല്‍
യിസ്രായേല്‍ ലെബനോണ്‍,
ഗാസ എന്നിവിടങ്ങളില്‍ നിന്നും 2005 ല്‍ വെസ്റ്റ് ബാങ്കിന്റെ ചില പ്രദേശങ്ങളില്‍
നിന്നും യിസ്രായേല്‍ പൂര്‍ണ്ണമായും പിന്‍വാങ്ങി. എന്നാല്‍ ഈ സ്ഥലങ്ങളില്‍ നിന്നും പലസ്തീന്‍
തീവ്രവാദികള്‍ വീണ്ടും, തുടര്‍ച്ചയായി,
യിസ്രായേലിനെ ആക്രമിച്ചുകൊണ്ടിരിക്കുക ആണ്.
2000
ആയപ്പോഴേക്കും, പലസ്തീന്‍ അതോറിറ്റി എന്ന ഭരണ സംവിധാനം, വെസ്റ്റ്
ബാങ്കിന്റെ അഞ്ചില്‍ ഒരു ഭാഗത്തില്‍ താഴെയുള്ള പ്രദേശത്ത്,
പൂര്‍ണ്ണ നിയന്ത്രണം സ്ഥാപിച്ചു. ബാക്കി ഭാഗത്ത് യിസ്രായേല്‍ കുടിയേറ്റം തുടര്‍ന്നു.
ഇതില്‍ ചില ഭാഗങ്ങളില്‍ പലസ്തീന്‍ അതോറിറ്റിയും യിസ്രായേല്‍ കുടിയേറ്റക്കാരും
കൂട്ട് ചേര്‍ന്നുള്ള ഭരണ സംവിധാനവും ഉണ്ട്.
യാസ്സെര്‍ അരാഫത്തും ഫത്താഹും
1950
കളില്‍ യാസ്സെര്‍ അരാഫത്ത്, ഫത്താഹ് (Fatah) എന്ന രാക്ഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. അവര്‍
പലസ്തീനിലെ പ്രബല ശക്തിയായി മാറി. എന്നാല്‍ അവര്‍, 2006 ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍, ഹമാസ് (Hamas)
എന്ന കൂടുതല്‍ തീവ്രമായ സംഘടനയോട് പരാജയപ്പെട്ടു. ഹമാസിന്റെ തീവ്രവാദ സ്വഭാവം
കാരണം, യിസ്രായേല്‍, അമേരിക്ക, യൂറോപ്പിയന്‍ യൂണിയന്‍ എന്നിവര്‍ അവര്‍ക്കും
ഗാസയ്ക്കും എതിരെയും ഉപരോധം ഏര്‍പ്പെടുത്തി.
2007
ല്‍ ഗാസ പ്രദേശത്ത് അക്രമം വര്‍ദ്ധിക്കുന്നതിനാലും, കൂട്ടുകക്ഷി ഭരണ സംവിധാനം പരാജയപ്പെട്ടതിനാലും, പലസ്തീന്‍ അതോറിറ്റി എന്ന ഭരണ സംവിധാനത്തിന്റെ പ്രസിഡന്‍റ് ആയ മഹ്മൂദ്
അബ്ബാസ് (Mahmoud Abbas) ഗവണ്‍മെന്‍റിനെ പിരിച്ചുവിടുകയും ഫത്താഹിന്
അനുകൂലമായ ഒരു അടിയന്തര മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. ഇത് ഫത്താഹും ഹമാസും
തമ്മിലുള്ള രൂക്ഷമായ വിഭജനത്തിന് ഇടയാക്കി, ഫത്താഹ് ന്റെ നിയന്ത്രണത്തില്‍ വെസ്റ്റ് ബാങ്കും ഹമാസിന്റെ
നിയന്ത്രണത്തില്‍ ഗാസ പ്രദേശവും ആയി. യിസ്രായേലും മറ്റ് അന്തര്‍ദേശീയ സമൂഹകങ്ങളും
വെസ്റ്റ് ബാങ്കിനെ സഹായിക്കുവാന്‍ മുന്നോട്ട് വന്നു. അവര്‍ ഫത്താഹിനും, മഹ്മൂദ് അബ്ബാസിനും പിന്തുണ നല്കുന്നു. അങ്ങനെ ഗാസ പ്രദേശം ഒറ്റപ്പെട്ടു.
ഇതിന്
ശേഷവും, ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുവാനായി ഫത്താഹ് തുടര്‍ന്നും
ശ്രമിച്ചുകൊണ്ടിരിക്കുക ആണ്. യിസ്രായേല്‍ കുടിയേറ്റം വെസ്റ്റ് ബാങ്കില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും
ആണ്.
ഇപ്പോള്‍
യിസ്രായെല്‍ രാജ്യത്തിന് വെളിയില്‍ ഉള്ള പലസ്തീന്‍ പ്രദേശത്ത് താമസിക്കുന്ന അറബ്
വംശജര്‍ അവിടെ ജനിച്ചു വളര്‍ന്നവര്‍ ആണ്. അതിനാല്‍ അവര്‍ക്ക് അത് ജന്മ ദേശം ആണ്. അവര്‍
അനേകം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ ദേശത്തു വന്ന അറബ് ജനങ്ങളുടെ പിന്തലമുറ ആണ്. പലസ്തീന്‍
ദേശം അവരുടെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കേണം എന്ന ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നത്.
പലസ്തീന്‍
ഭരണകൂടവും യുണൈറ്റെഡ് നേഷന്‍സ് ഉം വെസ്റ്റ് ബാങ്ക്, ഗാസ എന്നീ പ്രദേശങ്ങളെ യിസ്രായേല്‍ കുടിയേറ്റ
പ്രദേശങ്ങള്‍ ആയി കാണുന്നു. അമേരിക്കയ്ക്ക് പൊതുവേ ഇതിനോട് യോജിപ്പാണ്. എന്നാല്‍
യിസ്രായേല്‍ ജനതയ്ക്കും, അവരെ പിന്താങ്ങുന്നവര്‍ക്കും ഈ
പ്രദേശം, തര്‍ക്ക ഭൂമി ആണ്.
യിസ്രയേലിന്റെ കിഴക്കന്‍ അതിരുകള്‍ ഒരു കരാറിലും നിശ്ചയിക്കപ്പെട്ടിട്ടില്ല
എന്നാണ് അവരുടെ വാദം. ഈജിപ്തുമായി 1978 ല്‍ ഉണ്ടാക്കിയ ക്യാമ്പ് ഡേവിഡ് ഒത്തുതീര്‍പ്പ്
പ്രകാരവും, 1994 ലെ യോര്‍ദ്ദാന്‍ കരാര്‍ പ്രകാരവും പിന്നീട്
1993 ലും 1995 ലും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നുമായി ഉണ്ടാക്കിയ ഓസ്ലോ
അക്കോര്‍ഡ് പ്രകാരവും, പലസ്തീനുമായി യിസ്രായേല്‍ സ്ഥിരമായ
ഒരു ഒത്തുതീര്‍പ്പില്‍ എത്തുമ്പോള്‍ മാത്രമേ അതിരുകള്‍ നിശ്ചയിക്കപ്പെടുകയുള്ളൂ.
എന്തുകൊണ്ട് പലസ്തീന്‍കാര്‍ എതിര്‍ക്കുന്നു?
എന്തുകൊണ്ടാണ്
വെസ്റ്റ് ബാങ്കിന്‍മേലുള്ള യിസ്രായേലിന്‍റെ അവകാശം പലസ്തീന്‍ ചോദ്യം ചെയ്യുന്നത്?
1948 ല്‍
യിസ്രായേല്‍ സ്ഥാപിക്കുന്നതിന് മുമ്പ്, വെസ്റ്റ് ബാങ്ക് ലെ കെഫാര്‍ ഇറ്റ്സിയോണ്‍ (Kfar Etzion) എന്ന പ്രദേശം, യിസ്രായേല്‍ ജനത താമസിച്ചിരുന്ന
ദേശം ആണ്.
എന്നാല്‍, 1967 മെയ്
മാസത്തില്‍ വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ കുടിയേറ്റം ഉണ്ടായിരുന്നില്ല. അവിടെ
പത്തു ലക്ഷം അറബ് പലെസ്തീനികള്‍ താമസിച്ചിരുന്നു. അവര്‍ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍
ആയി യോര്‍ദ്ദാന്‍റെ നിയന്ത്രണത്തില്‍ ആയിരുന്നു.
എന്നാല്‍ 1967 ലെ
യിസ്രായേല്‍ അറബ് യുദ്ധത്തില്‍, യിസ്രായേല്‍
വെസ്റ്റ് ബാങ്ക്, യോര്‍ദ്ദാന്‍റെ കൈയില്‍ നിന്നും
പിടിച്ചെടുത്തു. അതിനു ശേഷം, യിസ്രായേല്‍ പൌരന്‍മാര്‍ വെസ്റ്റ്
ബാങ്കിലേക്ക് കൂടിയേറുവാന്‍ തുടങ്ങി. 1968 ല്‍ ഒരു യഹൂദ റബ്ബിയായ മോഷെ ലേവിന്‍ഗര്‍ (Moshe Levinger) രുടെ നേതൃത്വത്തില്‍, ഒരു ചെറിയ
കൂട്ടം യഹൂദന്മാര്‍ ഹെബ്രോന്‍ എന്ന സ്ഥലത്ത് കുടിയേറി താമസിച്ചു. പിന്നീട് കൂടുതല്‍ പേര്‍ അവരോടൊപ്പം
ചേര്‍ന്നു. ഇപ്പോള്‍ നാലര ലക്ഷത്തോളം യിസ്രായേല്യര്‍ വെസ്റ്റ് ബാങ്കില്‍
താമസിക്കുന്നു. അവര്‍ വെസ്റ്റ് ബാങ്കിലെ മൊത്തം ജനസംഖ്യയില്‍ 15 ശതമാനത്തോളം വരും.
കൂടാതെ പലസ്തീനികള്‍ 30 ലക്ഷം ഇവിടെ താമസിക്കുണ്ട്.
വെസ്റ്റ് ബാങ്കില്‍ താമസിക്കുന്ന പലസ്തീന്‍കാര്‍ ഭൂരിപക്ഷവും മുസ്ലീം
വിശ്വാസികള്‍ ആണ്. അവര്‍ അവിടെ ജനിച്ചു വളര്‍ന്നവര്‍
ആണ്. അവരുടെ പിതാക്കന്മാര്‍, അവിടെ ജനിച്ചു വളര്‍ന്നവരും അവിടെ കൃഷി ചെയ്ത് ജീവിച്ചവരും ആണ്. അതിനാല്‍, യിസ്രയേല്യര്‍, അവരില്‍ നിന്നും പിടിച്ചെടുത്ത ഭൂമിയില്‍
ആണ് ജീവിക്കുന്നതു എന്നാണ് പലസ്തീന്‍ കാരുടെ വാദം.
ചില തീവ്ര സ്വഭാവമുള്ള യിസ്രായേല്‍ കുടിയേറ്റക്കാരില്‍ നിന്നും പരുക്കന്‍
പെരുമാറ്റവും പലസ്തീന്‍കാര്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. അവിടെ യിസ്രായേല്‍ ഗവണ്‍മെന്‍റ്
നിര്‍മ്മിച്ച റോഡുകള്‍,
യിസ്രായേല്‍ രാജ്യവുമായി ബന്ധിപ്പിക്കുന്നത് ആയതിനാല്‍, സുരക്ഷയുടെ
പേരില്‍, അതില്‍ കൂടെ യാത്ര ചെയ്യുവാന്‍ പലെസ്തീന്‍ കാരെ
അനുവദിക്കാറില്ല. ഇതും അവര്‍ക്ക് ബുദ്ധിമുട്ടാണ്ടാക്കുന്നു. യിസ്രായേല്‍ പൌരന്മാരെ
സംരക്ഷിക്കുവാനായി അവിടെ എത്തിയിട്ടുള്ള യിസ്രായേല്‍ പട്ടാളക്കാരും, അവരുടെ സ്വര്യ ജീവിതത്തെ തടസ്സപ്പെടുത്തുന്നു.
എന്തുകൊണ്ട് യിസ്രയേലിയര്‍
വെസ്റ്റ് ബാങ്ക് ഇഷ്ടപ്പെടുന്നു
എന്തുകൊണ്ടാണ് യിസ്രയേലിലെ ജനങ്ങള്‍ വെസ്റ്റ് ബാങ്കില്‍ ജീവിക്കുവാന്‍
ആഗ്രഹിക്കുന്നത്? അതിനു
പല കാരണങ്ങള്‍ ഉണ്ട്.
നമ്മള്‍ മുമ്പ് ചിന്തിച്ചതുപോലെ, യിസ്രായേല്‍ വേദപുസ്തക പ്രകാരം യെഹൂദന്മാരുടെ പിതൃദേശം ആണ്. വെസ്റ്റ്
ബാങ്ക്, അബ്രഹാം പിതാവിലൂടെ ദൈവം അവര്‍ക്ക് വാഗ്ദത്തമായി നല്കിയ
ദേശത്തിന്റെ ഭാഗമാണ് എന്നും അവര്‍ പിതാക്കന്മാരുടെ കാലം മുതല്‍ നൂറ്റാണ്ടുകള്‍ അത്
കൈവശം വച്ചിരുന്നു എന്നും യിസ്രായേല്‍ ജനം വിശ്വസിക്കുന്നു. അതിനാല്‍, തീവ്ര സ്വഭാവമുള്ള യഹൂദന്‍മാര്‍ക്ക്, വെസ്റ്റ്
ബാങ്ക് പ്രദേശം തിരികെ ലഭിക്കേണം എന്ന അഭിപ്രായം ഉണ്ട്. ഇവര്‍ ചെറിയ കൂട്ടമായി
വെസ്റ്റ് ബാങ്ക് ന്‍റെ ഉള്‍ദേശങ്ങളില്‍
ജീവിക്കുന്നു. വെസ്റ്റ് ബാങ്കിനെ അവര്‍ യഹൂദ്യ, ശമര്യ എന്നീ
വേദപുസ്തകത്തിലെ പേരുകളാല്‍ വിളിക്കുന്നു. അവിടെ താമസിക്കുന്നത്, യഹൂദന്മാര്‍ കാലങ്ങള്‍ ആയി കാത്തിരിക്കുന്ന മശിഹയുടെ വരവിനെ ദ്രുതഗതിയിലാക്കും
എന്നു അവര്‍ കരുതുന്നു.
എന്നാല്‍ ഇപ്പോഴത്തെ വെസ്റ്റ് ബാങ്കില്‍ ഉള്ള യിസ്രായേലി
കുടിയേറ്റക്കാരില്‍,
നാലില്‍ ഒരു വിഭാഗം മാത്രമേ തീവ്ര മത ചിന്തകള്‍ ഉള്ളവരായിട്ടുള്ളൂ. അവിടെയുള്ള കൂടുതല്‍
കുടിയേറ്റക്കാരും അവിടെ താമസിക്കുന്നത് സാമ്പത്തിക കാരണങ്ങളാല്‍ ആണ്. യിസ്രായേല്‍
ഗവേണ്‍മെന്‍റ് നല്‍കുന്ന സഹായവും കുറഞ്ഞ ജീവിത ചിലവും അവര്‍ക്ക് കാരണങ്ങള്‍
ആണ്. വെസ്റ്റ് ബാങ്കില്‍, മതേതര സ്വഭാവമുള്ള യഹൂദ കുടിയേറ്റക്കാരെയും നമുക്ക് കാണാം. അവരില്‍
ഭൂരിപക്ഷവും പഴയ സോവിയറ്റ് യൂണിയനില്‍ നിന്നും 1990 കളില്‍ തിരികെ വന്ന യഹൂദന്മാര്‍
ആണ്.
യിസ്രായേലും
പലസ്തീനും യെരൂശലേമിനെ അവരുടെ രാജ്യ തലസ്ഥാനമായി കാണുന്നു. യിസ്രായേലിന്റെ പല ഗവണ്‍മെന്‍റ്
സ്ഥാപനങ്ങളും അവിടെ ഉണ്ട്.
1995 ല്‍ തന്നെ അമേരിക്കന്‍ ജനപ്രതിനിധി സഭയായ
കോണ്‍ഗ്രസ്, യിസ്രായേലിലെ അമേരിക്കന്‍
എംബസ്സി യെരുശലേമിലേക്ക് മാറ്റുവാന്‍ തീരുമാനിച്ചതാണ്. എങ്കിലും അത് വലിയ
കലാപത്തിന് ഇടയാക്കും എന്ന് ഭയന്ന് അവര്‍ തീരുമാനം നടപ്പിലാക്കാതെ മാറ്റി വച്ചു.
എന്നാല്‍, 2017 ഡിസംബര്‍ 6 ആം തീയതി,
പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ഈ തീരുമാനം നടപ്പിലാക്കുവാന്‍
തീരുമാനിച്ചു. അദ്ദേഹം യെരൂശലേമിനെ യിസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ട്
പ്രഖ്യാപനം നടത്തി. ഒപ്പം ടെല്‍ അവീവ് ല്‍ (Tel Aviv) നിന്നും അമേരിക്കന്‍ എംബസി യെരൂശലേമിലേക്ക് മാറ്റുവാന്‍
ഉത്തരവിടുകയും ചെയ്തു. അങ്ങനെ 2018 മെയ് മാസം 14 ആം തീയതി, യിസ്രയേലിന്‍റെ 70 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്, അമേരിക്കന്‍ എംബസി യെരൂശലേമിലേക്ക് മാറ്റി സ്ഥാപിച്ചു.
2019 മാര്‍ച്ച് മാസം 25 ആം തീയതി, ഗോലാന്‍ കുന്നുകള്‍ (Golan Heights) എന്നു
അറിയപ്പെടുന്ന പ്രദേശത്തിനുമേലുള്ള യിസ്രയേലിന്‍റെ സര്‍വ്വാധികാരം അമേരിക്ക
അംഗീകരിച്ചുകൊണ്ടു ഉത്തരവിറക്കി.
എന്നാല്‍
ലോക രാജ്യങ്ങളില്‍ അധികവും ഇനിയും ഇരു രാജ്യങ്ങളുടെയും അവകാശവാദങ്ങളെ
അംഗീകരിച്ചിട്ടില്ല. യുഎന്‍ ഉം യെരൂശലെം പട്ടണത്തെ ഒരു അന്തര്‍ദേശീയ പ്രദേശമായി
കാണുന്നു.
2020 ആഗസ്റ്റ്
മാസം 13 ആം തീയതി, അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്
ന്‍റെ മദ്ധ്യസ്ഥതയില്‍ പ്രഖ്യാപിച്ച യിസ്രായേല്‍-യുഎഇ കരാറിലെ പ്രധാന വ്യവസ്ഥ, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കുവാനുള്ള നീക്കം യിസ്രായേല്‍
ഉപേക്ഷിക്കും എന്നതാണ്.
എങ്കിലും, വെസ്റ്റ് ബാങ്കിലെ യിസ്രായേല്‍
കുടിയേറ്റം കൂടുതല്‍ ശക്തം ആകുവാന്‍ തന്നെ ആണ് സാധ്യത എന്നാണ് അന്താരാക്ഷ്ട്രീയ
നിരീക്ഷകര്‍ കരുതുന്നത്.
ഗാസ പട്ടണം
ഈ പഠനം
അവസാനിപ്പിക്കുന്നതിന് മുമ്പ് ഗാസ എന്ന പ്രദേശത്തെക്കുറിച്ച് ചുരുക്കം ചില
വാക്കുകള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു. കാരണം, ഗാസ മുനമ്പിന്റെയും വെസ്റ്റ് ബാങ്കിന്റെയും ഭാവിയാണ് യിസ്രായേല്‍
പലസ്തീന്‍ ചര്‍ച്ചകളിലെ മുഖ്യ വിഷയം.
ഗാസ മുനമ്പ്, മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കേ
തീരത്ത് ഉള്ള പ്രദേശം ആണ്. ഇത് ഇപ്പോള്‍ ഒരു പലസ്തീന്‍ സ്വയംഭരണ പ്രദേശം ആണ്.
ഇതിന്റെ തെക്ക് പടിഞ്ഞാറ് 11 കിലോമീറ്ററുകളോളം ഈജിപ്തും,
കിഴക്കും വടക്കും 51 കിലോമീറ്ററുകളോളം യിസ്രായേലും ആണ്.
1967 വരെ ഗാസ
പട്ടണം, ഈജിപ്തുകാര്‍
നിയന്ത്രിച്ചിരുന്നു. 1967 ലെ യുദ്ധത്തില്‍ ആണ് യിസ്രായേല്‍ ഗാസയും വെസ്റ്റ്
ബാങ്കും പിടിച്ചെടുക്കുന്നത്.
1993 സെപ്തംബര്‍ ല്‍
ഉണ്ടായ ഓസ്ലോ അക്കൊര്‍ഡില്‍, ഗാസ, വെസ്റ്റ് ബാങ്കിലെ യെരീഹോ എന്നീ പട്ടണങ്ങളുടെ
ഭരണം പലസ്തീന് ലഭിക്കുവാന്‍ വ്യവസ്ഥ ഉണ്ട്. ഈ കരാര്‍ 1994 മെയ് മാസം നിലവില്‍
വന്നു. തുടര്‍ന്നു അവിടുത്തെ ഭരണം പലസ്തീന്‍ നാഷണല്‍ അതോറിറ്റി എന്ന സംവിധാനത്തിന്
ആയി. യാസ്സര്‍ അരാഫത്തിന്റെ നേതൃത്വത്തില്‍ അവിടം പലസ്തീന്‍റെ താല്‍ക്കാലിക ഭരണ
തലസ്ഥാനമായി. 1996 ല്‍ പലസ്തീന്‍ നാഷണല്‍ കൌണ്‍സിലിന്‍റെ പ്രഥമ യോഗം അവിടെ നിര്‍മ്മിച്ച
പലസ്തീന്‍ ലെജിസ്ലേറ്റീവ് കൌണ്‍സില്‍ എന്ന കെട്ടിടത്തില്‍ വച്ച് കൂടി.
2005 വരെ ഗാസ
പട്ടണം യിസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു. കാരണം അവിടെ
യിസ്രായേല്‍ കിടിയേറ്റക്കാര്‍ താമസിച്ചിരുന്നു. എന്നാല്‍, 2005 ല്‍ യിസ്രായേല്‍ പ്രധാനമന്ത്രി
ഏരിയല്‍ ഷാരോണ്‍ ന്‍റെ കാലത്ത്, യിസ്രായേല്‍ സൈന്യം ഗാസ
പട്ടണത്തില്‍ നിന്നും പൂര്‍ണ്ണമായും സ്വയം പിന്‍മാറുകയും അതിന്മേലുള്ള എല്ലാ അവകാശ
വാദങ്ങളും ഉപേക്ഷിക്കുകയും ചെയ്തു. പലസ്തീനുമായി സമാധാനത്തില്‍ എത്തുക എന്നതും
യിസ്രയേലിന്റെ സുരക്ഷിതത്തവും ആയിരുന്നു ലക്ഷ്യം.
ഇന്ന് ഗാസ പട്ടണം, ഹമാസ് എന്ന പലസ്തീന്‍ തീവ്രവാദ
വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള ഒരു സ്വയം ഭരണ പ്രദേശം ആണ്.
ഉപസംഹാരം
എത്രമാത്രം പീഡിപ്പിക്കപ്പെട്ടാലും, അവര്‍ ചിതറിപ്പോയ രാജ്യങ്ങളുടെ സംസ്കാരം
അവര്‍ സ്വീകരിക്കേണ്ടി വന്നാലും, യിസ്രായേല്‍ ജനം
ഒരിയ്ക്കലും അവരുടെ വിശ്വാസവും, സംസ്കാരവും ഭാഷയും സത്വവും
മറന്നില്ല. ആധുനിക ലോകത്തിലേക്ക് യാതൊരു മാറ്റവും കൂടാതെ കടന്നുവന്ന ഏക പുരാതന സംസ്കാരമാണ്
യഹൂദന്‍റേത്. ലോകത്തില്‍ ജീവനുള്ളതായി ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ
മതമാണ്, യഹൂദ മതം.
യഹൂദന്മാരെ കൂടാതെ യിസ്രായേലില്‍ ഇന്ന്, അറബ്, മുസ്ലിം, ക്രിസ്ത്യന്‍ എന്നിവരും സുരക്ഷിതമായി താമസിക്കുന്നു.
ഇന്ന് സയോണിസ്റ്റ് പ്രസ്ഥാനത്തെ
പിന്തുണയ്ക്കുന്നവരില്‍, യഹൂദന്മാരും, മറ്റ് വിഭാഗങ്ങളും ഉണ്ട്.
അവര്‍ എല്ലാവരും ഒരു സമ്പൂര്‍ണ്ണമായ, സമാധാനം നിറഞ്ഞ, അയല്‍ക്കാരുമായി സൌഹൃദത്തില്‍ ജീവിക്കുന്ന ഒരു യിസ്രായേലിനായി പ്രാര്‍ത്ഥിക്കുന്നു.
ഇവാഞ്ചലിക്കല്‍ ക്രിസ്തീയ വിശ്വാസികള്‍
പൊതുവേ,
ലോകമെമ്പാടുമുള്ള ഇവാഞ്ചലിക്കല്‍ ക്രിസ്തീയ വിശ്വാസികള്‍, യിസ്രയേലിന്റെ
സമാധാനത്തിനായി ആഗ്രഹിക്കുന്നവരാണ്. യിസ്രായേലിന് വേണ്ടി
പ്രാര്‍ത്ഥിക്കുവാനും, ചിതറിപ്പോയ യിസ്രായേല്‍ ജനതയുടെ
തിരിച്ചു വരവിനായി സഹായിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട്, ചില
ക്രിസ്തീയ കൂട്ടായ്മകള്‍ പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവരുടെ അഭിപ്രായത്തില്‍ വെസ്റ്റ് ബാങ്ക് എന്നത്, വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന, യിസ്രയേലിന്‍റെ
ഭാഗമായ, യെഹൂദ്യ, ശമരിയ എന്നീ പ്രദേശങ്ങള്‍ ആണ്. അതിനാല്‍ യിസ്രായേലിന് ആ
പ്രദേശത്തിന്‍മേല്‍ ചരിത്രപരമായ അവകാശം ഉണ്ട്. അതുകൊണ്ട്, അധിനിവേശം, കുടിയേറ്റം,
കൂട്ടിച്ചേര്‍ക്കല്‍ എന്നീ പദങ്ങളെ അവര്‍ എതിര്‍ക്കുന്നു.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ജോണ്‍ ഹാഗി (John Hagee)
സ്ഥാപിച്ച, Christians
United for Israel എന്ന സംഘടന ഇതില്‍ പ്രമുഖമാണ്.
ശത്രുക്കളാല്‍ ആക്രമിക്കപ്പെടുകയും പീഡിപ്പിക്കുകയും ചെയ്ത കാലത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയ യിസ്രായേല്‍
പൌരന്‍മാര്‍ എല്ലാവരും യിസ്രായേലിലേക്ക് തിരികെ വരേണം എന്നും, അത് യേശു ക്രിസ്തുവിന്റെ പുനരാഗമനം സംബന്ധിച്ച പ്രവചനത്തിന്‍റെ നിവൃത്തി
ആണ് എന്നും ഇവാഞ്ചലിക്കല്‍ ക്രിസ്തീയ വിഭാഗം വിശ്വസിക്കുന്നു.
യിസ്രായേലിന്
ദൈവം വാഗ്ദത്തം ചെയ്ത എല്ലാ പ്രദേശങ്ങളും തിരികെ ലഭിക്കും എന്ന വേദപുസ്തക
പ്രവചനത്തില്‍ ഇവാഞ്ചലിക്കല്‍ ക്രിസ്തീയ വിശ്വാസികള്‍ വിശ്വസിക്കുന്നു എങ്കിലും, വെസ്റ്റ് ബാങ്ക് പോലെയുള്ള പ്രദേശത്തിന്റെ കൂട്ടിച്ചേര്‍ക്കലിനെക്കാള്‍, മധ്യ പൂര്‍വ്വ ദേശത്തെ സമാധാനത്തെ അവര്‍ കൂടുതല്‍
പിന്താങ്ങുന്നു.
യിസ്രയേലിന്റെ
വിസ്തൃതി കൂടേണം എന്നല്ല, യിസ്രായേല്‍ സമാധാനവും, സുരക്ഷിതവും ആയ, യഹൂദന്മാരുടെ സ്വന്ത
രാജ്യമായി മാറേണം എന്നാണ് ലോകമെമ്പാടും ഉള്ള ഇവാഞ്ചലിക്കല്‍ ക്രിസ്തീയ
വിശ്വാസികളുടെ ആഗ്രവും പ്രാര്‍ഥനയും.
മാര്‍ക് ട്വൈന്‍ (Mark Twain) എന്ന വിശ്വപ്രസിദ്ധ അമേരിക്കന്‍ സാഹിത്യകാരന്‍, 1898 മാര്‍ച്ചില്‍ ഹാര്‍പ്പേര്‍സ് മാഗസിനില്‍ എഴുതിയ, “യഹൂദന്മാരെക്കുറിച്ച്” എന്ന ലേഖനത്തില്‍ എഴുതിയ ചില വാക്കുകളുടെ ആശയ സംഗ്രഹം ഇങ്ങനെ ആണ്: ഗ്രീക്കുകാരും റോമാക്കാരും പോയി; മറ്റ് ചില ആളുകളും എഴുന്നേറ്റു, അവരുടെ വിളക്ക് കുറെ നേരത്തേക്ക് ഉയര്‍ത്തിപ്പിടിച്ചു. എന്നാല്‍ അത് കെട്ടുപോയി. യഹൂദന്മാര്‍ അതെല്ലാം കണ്ടു. അവര്‍ അതിനെയെല്ലാം അതിജീവിച്ചു. യഹൂദന്മാര്‍ ഒഴികെ മറ്റെല്ലാം നശ്വരം ആണ്. മറ്റെല്ലാ ശക്തികളും നീങ്ങിപ്പോയി, യഹൂദന്മാര്‍ ഇപ്പൊഴും നിലനില്‍ക്കുന്നു. എന്താണ് അവരുടെ അനശ്വരതയ്ക്ക് കാരണം? (Mark Twain, “Concerning the Jews,” Harper’s Magazine, March 1898.)
ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ടു ഈ വീഡിയോ അവസാനിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വേദപുസ്തക മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.
വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും
ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും
സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്.
അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോകളും
ഓഡിയോകളും നഷ്ടപ്പെടാതെയിരിക്കുവാന്‍ സഹായിക്കും.
പഠനക്കുറിപ്പുകള്‍ ഇ-ബുക്കായി
ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ ഇ-ബുക്കുകള്‍, whatsapp ലൂടെ ആവശ്യപ്പെടാം. Ph: 9895524854.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.
ദൈവ വചനം ഗൌരമായി
പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക. മറ്റുള്ളവരോടുകൂടെ
പറയുക.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.
No comments:
Post a Comment