2 കൊരിന്ത്യർ 5:14 ആം വാക്യത്തിന്റെ ആരംഭ ഭാഗത്ത് അപ്പൊസ്തലനായ പൌലൊസ് പറയുന്ന ഹൃസ്വവും എന്നാൽ പ്രശസ്തവുമായ ഒരു വാക്യം ഉണ്ട്. അത് ഇങ്ങനെയാണ്:
2 കൊരിന്ത്യർ
5:14 ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു;
ഈ വാക്യത്തിൽ പൌലൊസ് “ഞങ്ങളെ നിർബന്ധിക്കുന്നു”
എന്നു പറയുന്നത്, സുവിശേഷ വേലയിൽ മുന്നോട്ട് പോകുവാൻ
നിർബന്ധിക്കുന്നു എന്ന അർത്ഥത്തിലാണ്. ഇങ്ങനെ പറയുവാൻ കാരണം, അദ്ദേഹം അനുഭവിച്ച
എതിർപ്പുകളും, പീഡനങ്ങളും, കഷ്ടതയും ആകാം. സുവിശേഷ വേലയിൽ പല പരാജയങ്ങളും
അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്.
പൌലൊസിന്റെ ഒന്നാമത്തെ സുവിശേഷ യാത്രയിൽ, പൌലൊസും ബർന്നബാസും അടങ്ങുന്ന സുവിശേഷ സംഘം സിറിയയിലെ അന്ത്യൊക്ക്യയില്‍ നിന്നും യാത്ര തിരിച്ച് സെലൂക്യ എന്ന തീര പ്രദേശത്തേക്കും അവിടെ നിന്നും തെക്ക് പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന കുപ്രൊസ് ദ്വീപിലെ പ്രധാന പട്ടണവും തുറമുഖവുമായിരുന്ന സലമീസ് എന്ന സ്ഥലത്തേക്കും പോയി. കുപ്രൊസ്, ബര്‍ന്നബാസിന്‍റെ ജന്മദേശം ആയിരുന്നു. അവര്‍ ആ ദേശമെല്ലാം സുവിശേഷം അറിയിച്ചിട്ടും വലിയ ഫലം ഉണ്ടായില്ല.