ഇന്നത്തെ ഭൌതീക ആത്മീയ അന്തരീക്ഷത്തില്‍ നമ്മള്‍
എങ്ങനെ, എന്ത് ചെയ്യേണം എന്ന ചോദ്യം നമ്മള്‍ എല്ലാവരുടെയും ഹൃദയത്തില്‍ ഉയര്‍ന്ന്
വരാറുണ്ട്.
കര്‍ത്താവേ, എന്നെ കുറിച്ചുള്ള നിന്‍റെ ഉദ്ദേശ്യം
എന്താണ് എന്ന് നമ്മള്‍ ചോദിക്കാറുണ്ട്.
നമ്മള്‍ ഓരോരുത്തരെക്കുറിച്ചും പൊപോതുവായതും
വ്യക്തിപരമായതുമായ ഒരു ഉദ്ദേശ്യം ദൈവത്തിന് ഉണ്ട്.
വ്യക്തിപരമായ ദൈവീക പദ്ധതി, നമ്മള്‍ തന്നെ
മനസ്സിലാക്കി എടുക്കേണ്ടതാണ്. ദൈവം നമ്മളെ ഏതു മണ്ഡലത്തില്‍ ദൈവരാജ്യത്തിന് അനുഗ്രഹമായി
ഉപയോഗിക്കുന്നുവോ അതാണ് നമ്മളുടെ ദൈവീക നിയോഗം.
അത് തികച്ചും വ്യക്തിപരവും ഓരോ വ്യക്തികളില്‍ വ്യത്യസ്തവും
ആയതിനാല്‍ പൊതുവായ ഒരു സന്ദേശത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക
സാദ്ധ്യമല്ല.
എന്നാല്‍ പൊതുവായി നമ്മള്‍ എല്ലാവരെക്കുറിച്ചുമുള്ള ഒരു
ദൈവീക ഉദ്ദേശ്യം ഉണ്ട്. അതില്‍ ആരും തന്നെ മാറിനില്‍ക്കുന്നില്ല; ആരും
ഒഴിവാക്കപ്പെട്ടിട്ടില്ല.
നമ്മള്‍ ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കുന്നവര്‍
ആയിരിക്കേണം എന്ന് ദൈവം എല്ലാവരെക്കുറിച്ചും ആഗ്രഹിക്കുന്നു.
എന്നാല്‍ അത് പുരയ്ക്കുള്ളില്‍ രഹസ്യമായി പറയുക അല്ല,
പുരപ്പുറത്തു ഘോഷിക്കപ്പെടുക ആണ് ചെയ്യേണ്ടത്.
അപ്പോസ്തല പ്രവര്‍ത്തികളില്‍
രേഖപ്പെടുത്തിയിരിക്കുന്ന ഒരു പദം ഉപയോഗിച്ചാല്‍ നമ്മള്‍ : “ഭൂലോകത്തെ
കലഹിപ്പിച്ചവർ” അല്ലെങ്കില്‍ ഭൂലോകത്തെ മുഴുവന്‍ ഇളക്കി മറിക്കുന്നവര്‍
ആയിരിക്കേണം.
അത് നമ്മളുടെ ജീവിതം കൊണ്ടും നമ്മള്‍ എന്ത് ഘോഷിക്കുന്നു
എന്നത് കൊണ്ടും സംഭവിക്കുന്നത് ആയിരിക്കേണം.
നമ്മള്‍ മനപ്പൂര്‍വ്വമായി ചെയ്യേണ്ടുന്ന ഒരു പ്രവര്‍ത്തി
അല്ല അത്.
ദൈവരാജ്യത്തിന് ഒത്തവണ്ണമുള്ള നമ്മളുടെ ജീവിതത്തിനും
നമ്മള്‍ പറയുന്ന ദൈവരാജ്യത്തിന്റെ സുവിശേഷത്തിനും അതിനുള്ള ശക്തി ഉണ്ട്.
സുവിശേഷം അറിയിക്കൂ; ദൈവരാജ്യത്തിന് ഒത്തവണ്ണം
ജീവിക്കൂ; ഭൂലോകത്തെ ഇളക്കിമറിക്കൂ, ഇതായിരിക്കേണം നമ്മളുടെ മുദ്രാവാക്യം.
അപ്പോസ്തലന്മാര്‍ സുവിശേഷത്താല്‍ ഭൂലോകത്തെ ഇളക്കി
മരിച്ചവര്‍ ആണ്.
നമുക്ക് അവരുടെ ചരിത്രം പഠിക്കാം; അതിനായി ഒരു വാക്യം
വായിക്കാം:
അപ്പോസ്തല
പ്രവര്‍ത്തികള്‍ 17: 6, 7
6 അവരെ (പൌലൊസിനെയും
ശീലാസിനെയും) കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ
അടുക്കലേക്കു ഇഴെച്ചുകൊണ്ടു: ഭൂലോകത്തെ
കലഹിപ്പിച്ചവർ ഇവിടെയും എത്തി;
7 യാസോൻ അവരെ കൈക്കൊണ്ടും
ഇരിക്കുന്നു; അവർ
ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു
പ്രതികൂലമായി പ്രവർത്തിക്കുന്നു എന്നു നിലവിളിച്ചു.
ഈ വാക്യത്തിലെ “കലഹിപ്പിച്ചവര്‍” എന്നതിന് കൂടുതല്‍ വ്യക്തത ആവശ്യമുണ്ട്.
English ല്‍ KJV യില്‍ അത് “turned the world upside down” എന്നാണ്.
“കലഹിപ്പിച്ചവര്‍” എന്ന മലയാളം വിവര്‍ത്തനത്തില്‍ തെറ്റില്ല എങ്കിലും, അതിന്
ഒരു ആഭ്യന്തര കലാപത്തിന്‍റെ ധ്വനി ഉണ്ട്.
അപ്പോസ്തലന്മാര്‍ അങ്ങനെ ഒരു കലാപം ഉണ്ടാക്കുക ആയിരുന്നില്ല.
അവര്‍ എങ്ങും മനപ്പൂര്‍വ്വമായി കലാപങ്ങള്‍ സൃഷ്ടിച്ചിട്ടില്ല.
അതിനാല്‍ “turned the world upside down” അഥവാ “ഭൂലോകത്തെ ഇളക്കിമറിച്ചവര്‍”
എന്ന ഇംഗ്ലീഷ് പരിഭാഷയില്‍ ഈ വാക്യം മനസ്സിലക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്
എന്ന് എനിക്ക് തോന്നുന്നു.
അതികൊണ്ട് ഞാന്‍ ഇനി “ഭൂലോകത്തെ ഇളക്കിമറിച്ചവര്‍” എന്നായിരിക്കും തുടര്‍ന്ന്
പറയുക.
ഇനി നമുക്ക് ഈ വാക്യത്തിന്‍റെ പശ്ചാത്തലം ചിന്തിച്ചുകൊണ്ട് ഈ ഹൃസ്വ സന്ദേശം
ആരംഭിക്കാം.
പൗലൊസം ബർന്നബാസും അന്ത്യൊക്ക്യയിലായിരുന്നപ്പോള്‍ യെഹൂദ്യയിൽനിന്നു
ചിലർ ചെന്ന്, മോശെ കല്പിച്ച ആചാരം അനുസരിച്ചു
പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു അവിടെ ഉള്ള സഹോദരന്മാരെ
ഉപദേശിച്ചു.
അതിനാല്‍ ഈ
തർക്കസംഗതിയെപ്പറ്റി വ്യക്തത വരുത്തുവാന്‍ യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും
മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്നു അവര്‍ നിശ്ചയിച്ചു.
അങ്ങനെ അവര്‍ യെരുശലെമില്‍ ചെന്ന് അപ്പോസ്തലന്മാരെ കണ്ട്, ജാതികളോടു സുവിശേഷം
അറിയിക്കുന്നതിനെകുറിച്ചു ചര്‍ച്ച ചെയ്തു.
ചര്‍ച്ചയുടെ അവസാനം, ജാതികളില്‍ നിന്നും വിശ്വാസത്തില്‍ വരുന്നവര്‍, “ വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം
എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേൽ ചുമത്തരുതു എന്നു
പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു.” എന്ന് തീരുമാനമെടുത്തു. (അപ്പോസ്തല പ്രവര്‍ത്തികള്‍ 15: 28,
29)
ഈ വിഷയത്തില്‍ ഇങ്ങനെ വ്യക്തത വരുത്തിയതിനു ശേഷം പൌലോസും ശീലാസും, അന്ത്യൊക്ക്യയിൽ
വന്നു.
അവിടെ നിന്നും അവര്‍ സുറിയാ, കിലിക്യാ ദേശങ്ങളിൽകൂടി സഞ്ചരിച്ചു സഭകളെ
ഉറപ്പിച്ചുപോന്നു.
അവര്‍ ദെർബ്ബെയിലും
ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ്
എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. പൌലോസ് അവനെകൂടെ തന്‍റെ സുവിശേഷ
യാത്രയില്‍ കൂടെ കൂട്ടി.
അങ്ങനെ സഭകൾ
വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു.
അവിടെനിന്നു അവര്‍ ഫിലിപ്പി എന്ന പട്ടണത്തിലേക്ക് ചെന്നു.
ഫിലിപ്പി
പട്ടണത്തെ “കലക്കി”.
ഫിലിപ്പി മക്കെദോന്യയിലെ
ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാർത്തതും ആയിരുന്നു. ആ പട്ടണത്തിൽ അവര്‍
ചില ദിവസം പാർത്തു.
ഇവിടെ ലുദിയ
എന്നു പേരുള്ള ദൈവഭക്തയായോരു സ്ത്രീയും കുടുംബവും സ്നാനം ഏറ്റു.
സഭയുടെ വളര്‍ച്ചക്ക്
അത് ഏറെ പ്രയോജനപ്പെട്ടു.
ആ പട്ടണത്തില്‍
താമസിക്കുമ്പോള്‍ തന്നെ, ഒരു ദിവസം പൌലോസും ശീലാസും പ്രാർത്ഥനാസ്ഥലത്തേക്കു പോകുമ്പോള്‍
വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാർക്കു വളരെ ലാഭം വരുത്തുന്ന ഒരു അടിമ പെണ്‍കുട്ടി അവരെ എതിരേറ്റു.
അവൾ
പൗലൊസിന്റെയും ശീലസിന്റെയും പിന്നാലെ വന്നു: ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ
ദാസന്മാർ, രക്ഷാമാർഗ്ഗം
നിങ്ങളോടു അറിയിക്കുന്നവർ എന്നു വിളിച്ചുപറഞ്ഞു.
ഇങ്ങനെ അവൾ
പലനാൾ ചെയ്തപ്പോള്‍ പൗലൊസ് മുഷിഞ്ഞു തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോടു: അവളെ
വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു
പറഞ്ഞു.
ആ നാഴികയിൽ
തന്നേ അതു അവളെ വിട്ടുപോയി.
അവളുടെ
യജമാനന്മാര്‍, തങ്ങളുടെ വരുമാനം നഷ്ടമായത് കൊണ്ട് പൗലൊസിനെയും ശീലാസിനെയും
പിടിച്ചു, ചന്തസ്ഥലത്തു
പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി
അധിപതികളുടെ
മുമ്പിൽ നിർത്തിയിട്ട് അവര്‍ക്ക് നേരെ കുറ്റങ്ങള്‍ നിരത്തി.
അവര്‍ പറഞ്ഞു:
“യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ
പട്ടണത്തെ കലക്കി” (16: 20)
റോമാക്കാരായ
നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു
എന്നു പറഞ്ഞു.
പുരുഷാരവും
അവരുടെ നേരെ ഇളകി; അധിപതികൾ
അവരുടെ വസ്ത്രം ഊരി കോൽകൊണ്ടു അവരെ അടിപ്പാൻ കല്പിച്ചു.
അവരെ വളരെ
അടിപ്പിച്ചശേഷം തടവിൽ ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷ്മത്തോടെ കാപ്പാൻ
കല്പിച്ചു.
ഇങ്ങനെയുള്ള
കല്പന കിട്ടുകയാൽ കാരാഗൃഹ പ്രമാണി, അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ
ഇട്ടു പൂട്ടി.
അർദ്ധരാത്രിക്കു
പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു.
പെട്ടെന്നു
വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ
അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു.
കരാഗൃഹപ്രമാണി
ഉറക്കുണർന്നു കാരാഗൃഹത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നതു കണ്ടിട്ടു തടവുകാര്‍ ഓടിപ്പോയ്ക്കളഞ്ഞു
എന്നു ഊഹിച്ചു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു.
അപ്പോൾ പൗലൊസ്: നിനക്കു ഒരു
ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും
ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
കാരാഗൃഹപ്രമാണി അവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.
കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ
പറഞ്ഞു.
താനും
തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.
നേരം
പുലർന്നപ്പോൾ അധിപതികൾ അവരെ കാരാഗൃഹത്തില്‍ നിന്നും വിട്ടയച്ചു.
അവർ തടവു
വിട്ടു ലുദിയയുടെ വീട്ടിൽ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം
പുറപ്പെട്ടുപോയി.
ഇതു
ഫിലിപ്പിയില്‍ നടന്ന സംഭവങ്ങള്‍ ആണ്. അപ്പോസ്തല
പ്രവര്‍ത്തികള്‍ 15, 16
അദ്ധ്യായങ്ങളില്‍ നമ്മള്‍ ഇതുവരെയും പറഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
അപ്പോസ്തലന്മാരെ
കാരാഗ്രഹത്തില്‍ അടയ്ക്കുവാന്‍ തക്കവണ്ണം ഉള്ള ആരോപണം അവര്‍ “പട്ടണത്തെ കലക്കി”
എന്നതായിരുന്നു.
അപ്പോസ്തലന്മാര്‍
എന്താണ് ചെയ്തത്? അവര്‍ വെളിച്ചപ്പാടിന്റെ ആത്മാവിനാല്‍ വെളിപ്പാടുകള്‍
പറഞ്ഞിരുന്ന ഒരു അടിമ പെണ്‍കുട്ടിയെ, ആ അന്ധകാരശക്തിയുടെ അടിമത്തത്തില്‍ നിന്നും
വിടുവിച്ചു.
പക്ഷെ, അവള്‍
വെളിപ്പാട് പറയുന്നതിലൂടെ അവളുടെ യജമാനന്മാര്‍ വരുമാനം ഉണ്ടാക്കുന്നുണ്ടായിരുന്നു
എന്നതിനാല്‍, അവര്‍ കൊപിഷ്ടരായി.
അവര്‍ അപ്പോസ്തലന്മാരെ
“പട്ടണത്തെ കലക്കു”ന്നവര്‍ ആയി ചിത്രീകരിച്ചു.
അപ്പൊസ്തലന്മാരുടെ
ശുശ്രൂഷകള്‍ക്ക് ഒരു പുതിയ വിശേഷണം ലഭിച്ചു.
വലിയ ഭൂകമ്പം
ഉണ്ടാകുന്നു
പട്ടണത്തിന്‍റെ
അധിപതികള്‍ അവരെ കാരഗൃഹത്തില്‍ അടച്ചു.
എന്നാല്‍
രാത്രിയില്‍ വലിയ ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും
തുറന്നുപോയി, കാരാഗൃഹത്തില്‍
അടയ്ക്കപ്പെട്ട എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു.
വീണ്ടും അവര്‍
പട്ടണത്തെ ഇളക്കിമറിക്കുക ആണ്.
കാരഗൃഹത്തിനു
വെളിയില്‍ ഇവര്‍ വെളിച്ചപ്പാടത്തികളുടെ വെളിപ്പാടുകളെ തകര്‍ക്കുന്നു; റോമന്‍
മതത്തില്‍ നിന്നും വിഭിന്നമായ ആശയങ്ങള്‍ പഠിപ്പിക്കുന്നു; അനേകരെ യേശുവിന്‍റെ ശിഷ്യര്‍
ആക്കുന്നു.
കാരഗൃഹത്തിന്
ഉള്ളില്‍ അവര്‍ പാട്ടുപാടുന്നു; പ്രാര്‍ഥിക്കുന്നു; ഭൂകമ്പം ഉണ്ടാക്കുന്നു;
കാരാഗൃഹം തകരുന്നു; വാതിലുകള്‍ താനേ തുറക്കുന്നു; തടവറയിലെ കുറ്റവാളികളുടെ
ചങ്ങലകള്‍ പൊട്ടുന്നു.
അകത്തും
പുറത്തും ഇവര്‍ പട്ടണത്തെ ഇളക്കിമറിക്കുന്നവര്‍ ആയി.
ഈ സംഭവത്തിനു ശേഷം
ഈ വിശേഷണം അവരുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നു.
അതില്‍ അവര്‍
ഭയപ്പെടുകയോ, വ്യാകുലചിത്തര്‍ ആകുകയോ ചെയ്തില്ല; കാരണം പട്ടണങ്ങളെ ഇളക്കിമറിക്കുക
അവരുടെ ഉദ്ദേശ്യം ആയിരുന്നു.
ഓരോ സ്ഥലത്ത്
ചെല്ലുംമ്പോഴും പൗലോസ് യഹൂദ പള്ളികള്‍ കണ്ടുപിടിക്കും, അദ്ദേഹം അവിടുത്തെ നിത്യ
സന്ദര്‍ശകന്‍ ആകും; അവരോടു യേശു, ക്രിസ്തു എന്ന് പഴയനിയമ ഗ്രന്ഥങ്ങളുടെ
അടിസ്ഥാനത്തില്‍ വാദിക്കും; ചിലരെ വേഗം ശിഷ്യന്മാര്‍ ആക്കും.
അപ്പോള്‍ യഹൂദന്മാര്‍
മറ്റുള്ളവരെകൂടെകൂട്ടി പട്ടണത്തെ ഇളക്കി അവരെ അധികാരികളെകൊണ്ട് അടിപ്പിക്കുകയും
പീഡിപ്പിക്കുകയും കാരാഗൃഹത്തില്‍ അടയ്ക്കുകയും നാടുകടത്തുകയും ചെയ്യും.
എല്ലായിടത്തും
അവര്‍ക്ക് ഒരു പേര് ഉണ്ടായിരുന്നു, “പട്ടണത്തെ കലക്കുന്നവര്‍”, “ഭൂലോകത്തെ കലഹിപ്പിച്ചവർ”.
അവര്‍ ശരിക്കും അങ്ങനെ ആയിരുന്നു. അവര്‍ “ഭൂലോകത്തെ ഇളക്കിമറി”ക്കുന്നവര്‍ ആയിരുന്നു.
അവര്‍ക്ക് ഇങ്ങനെ
പേരുവരുവാന്‍ കാരണം അവര്‍ വലിയ അത്ഭുതങ്ങള്‍ ചെയ്തതുകൊണ്ടാണ് എന്ന് ധരിക്കരുത്.
എല്ലായിടവും അത്ഭുതങ്ങളുടെ വിവരണം നമ്മള്‍ വായിക്കുന്നില്ല.
അപ്പോസ്തലന്മാര്‍
പട്ടണങ്ങളെ കലക്കിയത്, ഭൂലോകത്തെ ഇളക്കിമറിച്ചത്, അവരുടെ വാക്കുകള്‍
കൊണ്ടാണ്.
അതായത് അവര്‍ എന്ത് ചെയ്തു
എന്നതിനേക്കാള്‍ ഉപരി അവര്‍ എന്ത് പറഞ്ഞു എന്നതാണ് പട്ടണങ്ങളെ ഇളക്കിമറിച്ചത്.
അവരെക്കുറിച്ച്
പറഞ്ഞ കുറ്റാരോപണത്തില്‍, വെളിപ്പാട് പറഞ്ഞിരുന്ന പെണ്‍കുട്ടിയുടെ മേലുണ്ടായിരുന്ന
ദുരാത്മാവിനെ ശാസിച്ച് അകറ്റി എന്നത് ഉണ്ടായിരുന്നില്ല.
കുറ്റം, “റോമാക്കാരായ
നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു
എന്നു പറഞ്ഞു.” (16: 21)
അതായത് ഇവര്‍
ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നു.
പട്ടണത്തെ
കലക്കിയത് അവര്‍ എന്ത് ചെയ്തു എന്നതല്ല, എന്ത് പറഞ്ഞു എന്നതാണ്.
പട്ടണത്തെ
കലക്കിയത് ദൈവരാജ്യത്തിന്റെ സുവിശേഷം ആണ്.
ദൈവരാജ്യത്തിന്റെ
സുവിശേഷത്തില്‍ ഭൂലോകത്തെ ഇളക്കിമറിക്കുന്ന ഒരു ശക്തി അടങ്ങിയിരിക്കുന്നു.
തെസ്സലൊനീക്കയെ ഇളക്കിമറിച്ചു
ഫിലിപ്പിയില്‍ നിന്നും അവര്‍ യാത്ര പുറപ്പെട്ടു തെസ്സലൊനീക്കയിൽ എത്തി.
അവിടെ പൗലൊസ് എല്ലായിടവും ചെയ്യുന്നതുപോലെ യെഹൂദന്മാരുടെ പള്ളിയില്‍
ചെന്നു, മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ
ആധാരമാക്കി അവരോടു വാദിച്ചു.
അതായത്, ഫിലിപ്പിയിലെ
അനുഭവങ്ങള്‍ പൌലോസിനെയും ശീലാസിനെയും തളര്‍ത്തിയില്ല.
അവിടെ അവര്‍ക്ക് ലഭിച്ച ചാട്ടവാറടികള്‍ അവര്‍ മറന്നു;
പട്ടണത്തെ കലക്കുന്നവര്‍ എന്ന വിശേഷണം അവരെ ഭയപ്പെടുത്തിയില്ല; കാരാഗൃഹം അവരെ
നിരുല്‍സാഹപ്പെടുത്തിയില്ല.
അവര്‍ വീണ്ടും യഹൂദന്മാരുടെ പള്ളികളിലും ഗ്രീക്കുകാരുടെ
ഇടയിലും ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിച്ചു കൊണ്ടിരുന്നു.
ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്ക്കയും
ചെയ്യേണ്ടതു എന്നും, യേശുതന്നേ
ക്രിസ്തു എന്നും തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.
സുവിശേഷം
കേട്ട ചില യഹൂദന്മാരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ
അനേകരും വിശ്വസിച്ചു പൗലൊസിനോടും ശീലാസിനോടും ചേർന്നു.
അപ്പോള്‍
യഹൂദന്മാര്‍ കലങ്ങി, അവര്‍ ഇളകിമറിഞ്ഞു.
അവര്‍
അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില
ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം
ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു.
യാസോന്‍ പൌലോസിന്റെ ഒരു ബന്ധുവും (റോമര്‍ 16: 21) യേശുവില്‍
ശിഷ്യനും ആയിരുന്നു.
അവര്‍ യാസോന്റെ വീട്ടിലായിരിക്കേണം താമസിച്ചിരുന്നത്.
എന്നാല്‍ യഹൂദന്മാരും അവരോടൊപ്പം ചേര്‍ന്ന ദുഷ്ടന്മാരും, യാസോന്റെ വീട്
വളഞ്ഞപ്പോള്‍ പൌലോസും ശിലാസും അവിടെ ഇല്ലായിരുന്നു.
അതുകൊണ്ട് അവര്‍ യാസോനെയും ചില സഹോദരന്മാരെയും പിടിച്ചു, വലിച്ചിഴച്ചു
നഗരാധിപന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു.
അവര്‍ പൌലോസിന്റെയും ശീലസിന്റെയും യാസോന്റെയും കുറ്റം വിളിച്ചു പറഞ്ഞു:
അപ്പോസ്തല
പ്രവര്‍ത്തികള്‍ 17: 6, 7
6 അവരെ (പൌലോസിനേയും
ശീലാസിനെയും) കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ
അടുക്കലേക്കു ഇഴെച്ചുകൊണ്ടു: ഭൂലോകത്തെ കലഹിപ്പിച്ചവർ
ഇവിടെയും എത്തി;
7 യാസോൻ അവരെ കൈക്കൊണ്ടും
ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന
മറ്റൊരുവൻ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി
പ്രവർത്തിക്കുന്നു എന്നു നിലവിളിച്ചു.
ഭൂലോകത്തെ ഇളക്കിമറിക്കുന്നവര്‍ ഇവിടെയും എത്തി എന്ന് കേട്ടപ്പോള്‍ തന്നെ
പുരുഷാരവും നഗരാധിപന്മാരും ഭയപ്പെട്ടു.
ഒരു പക്ഷെ അപ്പോസ്തലന്മാരെക്കുറിച്ച്, പട്ടണങ്ങളെയും ഇളക്കി മറിക്കുന്നവര്‍,
പട്ടണങ്ങളെ കലഹിപ്പിക്കുന്നവര്‍ എന്നൊക്കെ പേര് ഉണ്ടായിരുന്നിരിക്കാം.
അപ്പോസ്തലന്മാര്‍ ചെന്ന ഇടമെല്ലാം അവര്‍ ഇളക്കിമറിക്കുക തന്നെ ചെയ്തു.
ഇവിടെ അവര്‍ പട്ടണത്തെ ഇളക്കിയത് ദൈവ വചനത്തിലൂടെ ആണ്.
യേശു, ക്രിസ്തു ആണ് എന്നും പ്രവാചക നിവര്‍ത്തി ആണ് എന്നും അവര്‍
തെളിയിച്ചപ്പോള്‍, അനേകര്‍ അതില്‍ വിശ്വസിച്ചു, പട്ടണം ഇളകി മറിഞ്ഞു.
ബെരോവെ
അവരുടെ സുവിശേഷ യാത്ര തുടരുക ആണ്.
പൌലോസും ശീലാസും തെസ്സലൊനീക്ക പട്ടണം വിട്ടു, ബെരോവെ എന്ന മറ്റൊരു പട്ടണത്തിലേക്ക് പോയി.
അവിടെയും പൗലോസ് തന്‍റെ പതിവ് തുടര്‍ന്നു.
ഫിലിപ്പിയിലെ അനുഭവങ്ങളോ, തെസ്സലൊനീക്കയിലെ അനുഭവങ്ങളോ പൌലോസിനെ തളര്‍ത്തിയില്ല.
സുവിശേഷം എപ്പോഴും പട്ടണങ്ങളെ ഇളക്കും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ
ഭൂലോകം സുവിശേഷത്താല്‍ ഇളകിമറിയേണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം.
പിശാചിന്റെ സാമ്രാജ്യങ്ങളെ ഇളക്കിമറിക്കുവാന്‍ ദൈവരാജ്യത്തിന്റെ സുവിശേഷത്തിന്
ശക്തി ഉണ്ട് എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
സുവിശേഷം ഘോഷിക്കുവാനും അതിനായി വാദിക്കുവാനുമുള്ള ധൈര്യവും ഉറപ്പും
പൌലോസിന്റെ വലിയ പ്രത്യേകത ആയിരുന്നു.
യാതൊന്നും, നഗ്നതയോ, കഷ്ടതയോ, പട്ടിണിയോ, പീഡനങ്ങളോ പൌലോസിനെ പിന്നോട്ട്
വലിച്ചില്ല.
താന്‍ പറയുന്നത് സത്യം ആണ് എന്നും അത് ലോകസാമ്രാജ്യങ്ങളെ ഇളക്കി മറിക്കും
എന്നും അദ്ദേഹത്തിന് നല്ല നിശ്ചയം ഉണ്ടായിരുന്നു.
ദൈവരാജ്യം ഒരു കഥ അല്ല, അത് വരുവാനിരിക്കുന്ന സത്യം ആണ്.
ഈ ധൈര്യമാണ് ഇന്ന് നമുക്കും ആവശ്യം. നമ്മള്‍ പറയുന്ന ദൈവരാജ്യത്തിന്റെ
സുവിശേഷം വെറും വൈകാരികമായ ഒരു പ്രകടനം അല്ല; അത് ഒരു കൂട്ടരുടെ ജീവിതമാര്‍ഗ്ഗം
അല്ല.
ദൈവരാജ്യം സ്വപ്നം അല്ല; ദൈവരാജ്യം സത്യം ആണ്.
ഇതില്‍ നമുക്ക് വിശ്വാസവും ധൈര്യവും ഉണ്ടായിരിക്കേണം.
നമ്മള്‍ പറഞ്ഞാല്‍, സുവിശേഷത്തിന് നമ്മളുടെ പട്ടണങ്ങളെ ഇളക്കിമറിക്കുവാന്‍
കഴിയും.
അപ്പോസ്തലനായ പൌലോസും ശീലാസും ബെരോവെ എന്ന പട്ടണത്തില്‍ എത്തിയാറെ, എല്ലാ
പട്ടണത്തിലും അവര്‍ ചെയ്യുന്നതുപോലെ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.
അവിടെ ഉള്ളവര്‍ തെസ്സലോനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു.
അവര്‍ യഥാര്‍ത്തത്തില്‍ കലഹപ്രിയര്‍ ആയിരുന്നില്ല.
അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊള്ളുകയും അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി
തിരുവെഴുത്തുകളെ പരിശോധിക്കുകയും ചെയ്തു.
അങ്ങനെ അവരിൽ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും യേശുവില്‍
വിശ്വസിച്ചു.
എന്നാല്‍ പൗലൊസ് ബെരോവയിലും ദൈവവചനം അറിയിക്കുന്നു, അനേകര്‍ യേശുവില്‍
വിശ്വസിക്കുന്നു എന്ന് തെസ്സലൊനീക്കയിലെ യെഹൂദന്മാർ അറിഞ്ഞു, അവര്‍ അവിടെ വന്നു ജനത്തെ
അപ്പോസ്തലന്മാര്‍ക്കെതിരെ ഇളക്കി ഭയപ്പെടുത്തി.
ഉടനെ അവിടെ ഉള്ള സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു.
അവിടെ നിന്നും അദ്ദേഹം അഥേന എന്ന മറ്റൊരു പട്ടണത്തിലേക്ക് പോയി.
അവിടെയും അദ്ദേഹം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു.
പൗലോസ് പോകുന്ന ഇടങ്ങളെല്ലാം അദ്ദേഹം സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്ത
സുവിശേഷം നിമിത്തം കലഹങ്ങള്‍ ഉണ്ടായി.
പൗലോസ് ആഭ്യന്തര കലഹങ്ങള്‍ ഉണ്ടാക്കി രാജ്യങ്ങളെ പിടിച്ചടക്കുവാന്‍ അല്ല
ശ്രമിച്ചത്.
പൌലോസിന് ഒരു സാമ്രാജ്യത്തോട് പോരാട്ടം ഉണ്ടായിരുന്നു; അത് പിശാചിന്‍റെ
രാജ്യത്തോട് ആയിരുന്നു.
അവന്‍റെ സാമ്രാജ്യത്തെ പൗലോസ് വെല്ലുവിളിച്ചു, അനേകരെ അടിമത്തത്തില്‍ നിന്നും
മോചിപ്പിച്ചു.
തല്‍ഫലമായി പട്ടണങ്ങള്‍ കലങ്ങി, ഭൂലോകം ഇളകി മറിഞ്ഞു.
ഇന്നും സുവിശേഷത്തിന് പട്ടണങ്ങളെ ഇളക്കുവാനുള്ള ശക്തി ഉണ്ട്.
ഇന്നത്തെ പൌലോസും, ശീലാസും നമ്മള്‍ ആണ്.
പട്ടണങ്ങളെ സുവിശേഷത്താല്‍ ഇളക്കിമറിക്കുന്നവര്‍ ആകേണം എന്നാണു നമ്മളെക്കുറിച്ച്
ദൈവം ആഗ്രഹിക്കുന്നത്.
ഇതു ബോധപൂര്‍വ്വമായ, പട്ടണത്തെ ഇളക്കിമറിച്ചുകളയാം എന്ന് കരുതി നമ്മള്‍
ചെയ്യുന്ന പ്രവര്‍ത്തി അല്ല.
അത് സുവിശേഷത്തിന്റെ പ്രത്യേകത ആണ്.
സുവിശേഷം വ്യക്തികളെ, പട്ടണങ്ങളെ, ഭൂലോകത്തെ തന്നെയും ഇളക്കിമറിക്കും.
പത്രോസും യോഹന്നാനും
സുവിശേഷത്തിന്റെ ശക്തിയാല്‍, യേശുവിന്‍റെ നാമത്തിലുള്ള അധികാരത്താല്‍
പട്ടണങ്ങളെ ഇളക്കിമറിച്ചവരില്‍ പൗലോസ് മാത്രമല്ല ഉണ്ടായിരുന്നത്.
പെന്തക്കോസ്ത് നാളില്‍ പരിശുദ്ധാത്മാവിന്‍റെ നിറവും ശക്തിയും ഏറ്റെടുത്ത
പത്രോസും യോഹന്നാനും, അതുശേഷം പ്രാർത്ഥനാസമയത്തു ദൈവാലയത്തിലേക്കു പോകുക ആയിരുന്നു.
അവരുടെ വഴിയില്‍ ഒരു സംഭവം ഉണ്ടായി.
അമ്മയുടെ ഗർഭംമുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടുവന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോടു ഭിക്ഷ യാചിപ്പാൻ ദൈവാലയ ഗോപുരത്തിങ്കൽ
ഇരുത്തി.
അവൻ പത്രൊസും യോഹന്നാനും
ദൈവാലയത്തിലേക്ക് പോകുന്നതു കണ്ടിട്ടു ഭിക്ഷ ചോദിച്ചു.
അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു
നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു
അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു;
ക്ഷണത്തിൽ അവന്റെ കാലും
നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു;
അവന്‍ നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ടു അവരോടുകൂടെ ദൈവാലയത്തിൽ
കടന്നു.
അവൻ നടക്കുന്നതും ദൈവത്ത
പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു,
ഇവൻ ദൈവാലയ ഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നവൻ എന്നു അറിഞ്ഞു അവന്നു
സംഭവിച്ചതിനെക്കുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായ്തീർന്നു.
അവൻ പത്രൊസിനോടും യോഹന്നാനോടും
ചേർന്നുനില്ക്കുമ്പോൾ ജനം എല്ലാം വിസ്മയംപൂണ്ടു അവരുടെ അടുക്കൽ ഓടിക്കൂടി.
ഈ അവസരം സുവിശേഷം പറയുവാന്‍ പത്രോസ് ഉപയോഗിച്ചു അവരോടു യേശുക്രിസ്തുവിലൂടെ
ഉള്ള വീണ്ടെടുപ്പിനെ കുറിച്ച് പറഞ്ഞു.
ദൈവവചനം കേട്ടവരിൽ പലരും വിശ്വസിച്ചു;
പുരുഷന്മാരുടെ എണ്ണംതന്നേ
അയ്യായിരത്തോളം ആയി.
അപ്പോസ്തലന്മാര്‍ പട്ടണത്തെ കലക്കുക ആണ്. അവരുടെ പ്രവര്‍ത്തികളെക്കാള്‍ അവരുടെ
വാക്കുകള്‍ പട്ടണത്തെ ഇളക്കി മറിച്ചു.
ഒരു മുടന്തന്റെ സൌഖ്യം, പത്രോസിന്റെ സുവിശേഷ ഘോഷണത്തിലേക്ക് നയിച്ചു.
സുവിശേഷവും പട്ടണത്തെ ഇളക്കി മറിച്ചു.
സുവിശേഷം ആയിരക്കണക്കിന് ആളുകളെ ആണ് ക്രിസ്തുവിനോടും അവന്റെ സഭയോടും ചേര്‍ത്തത്.
പക്ഷെ ഇതത്ര ഇഷ്ടപ്പെടാത്തവരും അവിടെ ഉണ്ടായിരുന്നു.
പത്രോസും യോഹന്നാന്നും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ
പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും അവരുടെ നേരെ വന്നു, അവരെ
പിടിച്ചു കാവലിലാക്കി.
പിറ്റെന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി;
അവരെ വിളിച്ചിട്ടു: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു, അവരെ വിട്ടയച്ചു.
അവർ കൂട്ടുവിശ്വസികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും
തങ്ങളോടു പറഞ്ഞതു എല്ലാം അറിയിച്ചു.
അതു കേട്ടിട്ടു വിശ്വാസികള്‍ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു.
അവര്‍ പ്രാർത്ഥിച്ചപ്പോൾ, അവർ കൂടിയിരുന്ന
സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു
നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
വീണ്ടും പട്ടണം ഇളകി മറിയുക ആണ്.
നമ്മളുടെ ഈ കാലഘട്ടത്തിലേക്ക്, നമ്മളുടെ ചുറ്റും ഒന്ന് നോക്കൂ.
അനേകര്‍ ജീവിക്കുന്നു, അനേകര്‍ മരിക്കുന്നു. അവര്‍
ജീവിച്ചിരുന്നു എന്ന് അവരുടെ കുടുംബം അല്ലാതെ മറ്റാരും അറിയുന്നില്ല. അവര്‍
യാതൊന്നും പ്രധാനപ്പെട്ടതായി ചെയ്തില്ല.
എന്നാല്‍ ഓരോ ക്രിസ്തീയ വിശ്വാസിയും അങ്ങനെ അല്ല.
ആരാലും അറിയപ്പെടാതെ നമ്മള്‍ ജനിച്ചു, നമ്മളുടെ ജനനം ഒരു
വലിയ സംഭവം ആയിരുന്നില്ല, നമ്മളുടെ ജീവിതവും ആരും ശ്രദ്ധിക്കാത്തത് ആയിരുന്നു.
എന്നാല്‍ രക്ഷയുടെ അനുഭവത്തില്‍ എത്തിയതിന് ശേഷം നമ്മളുടെ
ജീവിതം പഴയതുപോലെ അല്ല.
വീണ്ടും ജനനം പ്രാപിച്ച ദൈവജനം സാധാരണ ജനങ്ങളെപ്പോലെ അല്ല.
അവര്‍ പട്ടണങ്ങളെ ഇളക്കി മറിക്കുന്നവര്‍ ആണ്. അവര്‍ ഈ
പട്ടണത്തില്‍, ഈ ഭൂലോകത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുന്നവര്‍ ആണ്.
അത് അവര്‍ ശ്രേഷ്ടമായ ചിന്തകളോ, തത്വഞാനമോ, ശാസ്ത്രീയ
കണ്ടുപിടുത്തങ്ങളോ, സമൂഹത്തിന് നല്കിയതുകൊണ്ടല്ല.
അവര്‍ രക്ഷ്ട്രീയ നേതാക്കന്മാരെപ്പോലെ രാജ്യം
ഭരിച്ചിട്ടില്ല.
എന്നാല്‍ അവര്‍ ഭൂലോകത്തെ മാറ്റിമറിച്ചവര്‍ ആണ്;
ക്രിസ്തുവിന്‍റെ സുവിശേഷത്താല്‍ ലോകചരിത്രത്തെ മാറ്റിയവര്‍ ആണ്.
ലോകചരിത്രത്തെ സ്വാധീനിച്ച രണ്ടു കൂട്ടര്‍ ക്രിസ്ത്യാനികളും
കമ്മ്യൂണിസ്റ്റ്കാരും ആണ്, എന്ന് ചില ചിന്തകര്‍ പറയാറുണ്ട്.
ഈ രണ്ടുകൂട്ടരുടെയും പ്രത്യേകത, അവരുടെ ആശയങ്ങളുടെ
പ്രചാരണവും, അതിലുള്ള അവരുടെ അടിഉറച്ച വിശ്വാസവും ആണ്.
ഏലീയാവ്
പഴയനിയമത്തിലേക്ക് പോയാല്‍, രാജാക്കന്മാരുടെ ചരിത്രം
രേഖപ്പെടുത്തിയിരിക്കുന്ന ഒന്നാമത്തെ പുസ്തകത്തില്‍ 16 )0 അദ്ധ്യായം മുതല്‍, യിസ്രായേല്‍
രാജ്യം ഭരിച്ചിരുന്ന ആഹാബ് എന്ന രാജാവിന്‍റെയും അവന്‍റെ ഭാര്യ ഈസേബെലിന്‍റെയും ചരിത്രം
വായിക്കാം.
ആഹാബ് യഹോവയുടെ വഴിയില്‍ നടക്കാത്ത, ജാതീയ ദേവനായ ബാലിനെ
ആരാധിക്കുന്നവന്‍ ആയിരുന്നു.
ഈസേബെല്‍ ഒരു ജാതീയ രാജാവിന്‍റെ മകള്‍ ആയിരുന്നു. ഈസേബെലിന്‍റെ വരവോടെ ബാലിനെ
ആരാധിക്കുവാന്‍ മടിച്ച യഹോവയുടെ പ്രവാചകന്മാരെ കൊന്നുഒടുക്കുവാന്‍ തുടങ്ങി.
അപ്പോള്‍ ദൈവം ഏലിയാവ് എന്ന പ്രവാചകനെ അയച്ചു.
അവന്‍റെ വംശാവലിയോ, കുടുംബമോ ദൈവവചനത്തില്‍
വിവരിക്കുന്നില്ല; കാരണം, അവന്‍റെ കുടുംബ ശ്രേഷ്ടത അല്ല വലുത്, അവന്‍ പറഞ്ഞ
ദൈവത്തിന്‍റെ ദൂത് ആണ് പ്രധാനപ്പെട്ടത്.
അവന്‍ ധൈര്യപൂര്‍വ്വം രാജാവിന്‍റെ മുന്നില്‍ നിന്നു,
ദൈവത്തിന്‍റെ ദൂത് അറിയിച്ചു:
1
രാജാക്കന്മാര്‍ 17: 1 എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു
ആഹാബിനോടു: ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല
എന്നു പറഞ്ഞു.
അന്നുമുതല്‍ ദേശത്ത് മഴ ഇല്ലാതെ ആയി, കിണറുകളും, അരുവികളും, പുഴകളും
വറ്റിവരണ്ടു.
കൃഷി നശിച്ചു, ആഹാരം ഇല്ലാതെ ആയി. ദേശത്ത് വലിയ വരള്‍ച്ചയും ക്ഷാമം ഉണ്ടായി.
ഏലിയാവ് ഒരു രാജ്യത്തെ ഇളക്കിമറിക്കുക ആണ്.
ഒരു വാചകത്തില്‍ ഒതുങ്ങിയ ഒരു ദൂത്; ഒരു രാജ്യം കലങ്ങി മറിഞ്ഞു.
18 )0 അദ്ധ്യായത്തില്‍, വരള്‍ച്ചയുടെയും ക്ഷാമത്തിന്‍റെയും മൂന്നാം വര്‍ഷത്തില്‍
ആഹാബിനെ കാണുവാന്‍ എലിയാവിന് ദൈവീക കല്‍പ്പന ലഭിച്ചു.
ദൈവം ഭൂതലത്തില്‍ മഴ പെയ്യിക്കുവാന്‍ പോകുന്നു.
പക്ഷെ അത് അത്ര എളുപ്പം നടന്നില്ല എന്ന് വേദഭാഗം വായിച്ചാല്‍ നമുക്ക്
മനസ്സിലാകും.
ഏലിയാവിന്‍റെ ആവശ്യപ്രകാരം യിസ്രായേല്‍ രാജ്യത്തുണ്ടായിരുന്ന ബാലിന്‍റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും,
നാനൂറു അശേരാ പ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ കൂട്ടിവരുത്തി.
അപ്പോൾ
ഏലീയാവു സർവ്വജനത്തോടും ഒരു വെല്ലുവിളി നടത്തി.
വെല്ലുവിളി
ഇതായിരുന്നു: “നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവയ്ക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ”
അതിനു ശേഷം
ആരാണ് ദൈവം എന്ന് തെളിയിക്കുവാന്‍ ഏലിയാവ് ഒരു വലിയ യാഗം ഒരുക്കി.
ബാലിന്റെ
പ്രവാചകന്മാര്‍ക്കു അവരുടെ ദേവന്‍, ദൈവം ആണെന്ന് തെളിയിക്കുവാന്‍ ഏലിയാവ് അവസരം
കൊടുത്തു.
യഹോവ
ദൈവമാണ് എന്നും യഹോവ മാത്രം ദൈവം എന്നും താന്‍ തെളിയിക്കും എന്ന് ഏലിയാവ്
വെല്ലുവിളിച്ചു.
അവര്‍
പ്രത്യേകം രണ്ടു യാഗപീഠങ്ങള്‍ ഉണ്ടാക്കി.
ബാലിന്റെ
പ്രവാചകന്മാര്‍ക്ക് യാഗം കഴിക്കുവാന്‍ ഒരു കാളയെ കൊടുത്തു, ഏലിയാവും ഒരു കാളയെ
എടുത്തു.
അത്
ഇരുകൂട്ടരും തീ ഇടാതെ വിറകിന്മേല്‍ വെച്ച് ബാലിന്റെ പ്രവാചകന്മാര്‍ അവരുടെ ദേവനേയും
ഏലിയാവ് യഹോവയെയും വിളിച്ചപേക്ഷിക്കും.
ഇവിടെ ആരുടെ
ദൈവം ആണ് സത്യ ദൈവം എന്ന് തിരിച്ചറിയുവാന്‍, ഏലിയാവ് ഒരു നിബന്ധന മുന്നോട്ട് വച്ചു:
“തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ.”
ജനങ്ങള്‍ എല്ലാം ഇതിനോട്
യോജിച്ചു.
ബാലിന്റെ
പ്രവാചകന്മാര്‍ അവർക്കു കൊടുത്ത കാളയെ എടുത്തു യാഗ പീഠത്തില്‍ വച്ചു, ബാല്‍ ദേവനേ ഉത്തരമരുളേണമേ
എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു.
തങ്ങൾ
ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
അവർ ഉറക്കെ
വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ
മുറിവേല്പിച്ചു.
പക്ഷെ ഒരു
ശബ്ദമോ ഉത്തരമോ ഉണ്ടായില്ല.
അപ്പോൾ ഇനി ഏലീയാവിന്‍റെ
ഊഴം ആയി.
അവൻ ഇടിഞ്ഞുകിടന്ന
യഹോവയുടെ യാഗപീഠം നന്നാക്കി;
യാക്കോബിന്റെ
പുത്രന്മാരുടെ ഗോത്രസംഖ്യക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു,
അതുകൊണ്ട് യഹോവയുടെ
നാമത്തിൽ ഒരു യാഗപീഠം പണിതു.
യാഗപീഠത്തിന്റെ
ചുറ്റും വിസ്താരത്തിൽ ഒരു തോടു ഉണ്ടാക്കി.
പിന്നെ അവൻ വിറകു
അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിൻമീതെ വെച്ചു.
നാലു
തൊട്ടിയിൽ വെള്ളം നിറെച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിച്ചു.
അവന്‍
മൂന്നു പ്രാവശ്യം ഇങ്ങനെ വെള്ളം ഒഴിച്ചു; അവൻ തോട്ടിലും
വെള്ളം നിറെച്ചു.
കാരണം സ്വര്‍ഗ്ഗത്തില്‍
നിന്നല്ലാതെ മറ്റൊരിടത്തുനിന്നും തീ പടരുവാന്‍ പാടില്ല എന്ന് അവന് ആഗ്രഹം ഉണ്ടായിരുന്നു.
ഭോജനയാഗം
കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ യാഗപീഠത്തിന്റെ അടുത്തുചെന്നു പ്രാര്‍ഥിച്ചു.
ഉടനെ
യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും
വറ്റിച്ചുകളഞ്ഞു.
ജനം എല്ലാം
അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.
ഏലീയാവു ബാലിന്റെ
പ്രവാചകന്മാരെ പിടിച്ചു, കീശോൻ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു
വെട്ടിക്കൊന്നുകളഞ്ഞു.
പിന്നെ ഏലീയാവു കർമ്മേൽപർവ്വതത്തിന്റെ മുകളിൽ കയറി മഴയ്ക്കായി പ്രാര്‍ത്ഥിച്ചു.
ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു.
എന്തെല്ലാം ആണ് എവിടെ സംഭവിച്ചത്?
ഏലിയാവ് പറഞ്ഞു: “ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല.”
അവന്‍ പറഞ്ഞത് സംഭവിച്ചു; രാജ്യം ഇളകി മറിഞ്ഞു.
ഏലിയാവ് വീണ്ടും പറഞ്ഞു: “തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു
ഇരിക്കട്ടെ.”
അത് അങ്ങനെ സംഭവിച്ചു; രാജ്യം ഇളകി മറിഞ്ഞു.
ഏലിയാവ് പിന്നെയും പറഞ്ഞു: “വലിയ മഴയുടെ മുഴക്കം
ഉണ്ടു.”
അത് അങ്ങനെ സംഭവിച്ചു; രാജ്യം ഇളകി മറിഞ്ഞു.
ദൈവത്തിന്‍റെ ആലോചനകള്‍ പട്ടണങ്ങളെ ഇളക്കി മറിക്കും.
ഏലിയാവല്ല, ദൈവത്തിന്റെ ആലോചനകളും പ്രവര്‍ത്തികളുമാണ് പട്ടണങ്ങളെ ഇളക്കി മറിക്കുന്നത്.
അതായത് നമ്മള്‍ അല്ല, നമ്മള്‍ പറയുന്ന ദൈവരാജ്യത്തിന്റെ സുവിശേഷം ആണ്
ഭൂലോകത്തെ ഇളക്കികൊണ്ടിരിക്കുന്നത്.
അത് പറയുവാന്‍ ദൈവത്തിന് ഒരു ഏലിയാവിനെ ആവശ്യമുണ്ട്.
ആ ദൌത്യം നമ്മള്‍ക്ക് ഏറ്റെടുക്കാം. നമുക്ക് ഈ കാലഘട്ടത്തിലെ ഏലിയാവ് ആയി
ദൈവത്തിന്‍റെ ദൂത് പട്ടണങ്ങളെയും രാജ്യങ്ങളെയും അറിയിക്കാം.
യോഹന്നാന്‍
സ്നാപകന്‍
പഴയനിയമ പ്രവാചകന്മാര്‍ക്കു ശേഷം, പുതിയനിയമ കാലം ആരംഭിക്കുന്നതിന് ഇടയില്‍ നീണ്ട
നിശബ്ദമായ 400 വര്‍ഷങ്ങള്‍ ഉണ്ട്.
ഈ കാലയളവില്‍ ശക്തരായ പ്രവാചകന്മാരോ ഗൌരവമായ ദൈവീക വെളിപ്പടോ യഹൂദ ജനത്തിന്
ലഭിച്ചില്ല.
ദൈവം നിശബ്ദനായിരുന്ന നീണ്ട കാലഘട്ടം.
ഈ നിശബ്ദതയുടെ കാലം കഴിഞ്ഞപ്പോള്‍, നിശബ്ദതയെ ഭേദിച്ചുകൊണ്ട്, നിശബ്ധമായ
മരുഭൂമിയില്‍ നിന്നും ഒരു പ്രവാചക ശബ്ദം പുറപ്പെട്ട് വന്നു.
“കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കു”വാന്‍ ദൈവം അയച്ച യോഹന്നാന്‍
സ്നാപകന്‍ പ്രവാചക നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു: “സ്വർഗ്ഗരാജ്യം
സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” (മത്തായി 3:
2)
തുടര്‍ന്നുള്ള അവന്റെ പ്രസംഗങ്ങള്‍ പട്ടണത്തെ ഇളക്കി മറിച്ചു.
അതിന്റെ ഫലമായോ അവന്‍ കാരാഗൃഹത്തില്‍ അടക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.
പക്ഷെ അവന്‍ ആ രാജ്യത്ത് ചില മാറ്റങ്ങള്‍ വരുത്തി, ചില മനുഷ്യരുടെ ജീവിതത്തെ
സ്വാധീനിച്ചു; യേശു പ്രസംഗിച്ച ദൈവരാജ്യത്തിന്റെ സുവിശേഷത്തിനായി രാജ്യത്തെ
ഒരുക്കി.
അവന്‍ മാനവരാശിയുടെയും രക്ഷയായ യേശുവിനെ ലോകത്തിന് പരിചയപ്പെടുത്തി കൊടുത്തു:
“ഇതാ, ലോകത്തിന്റെ പാപം
ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു.” (യോഹന്നാന്‍ 1:
29)
യോഹന്നാന്‍ സുവിശേഷത്തിനായി, പട്ടണത്തെ ഇളക്കി മറിച്ചു.
യേശുവിന്‍റെ
ഭൌതീക ശുശ്രൂഷ
യേശുവും പട്ടണത്തെ ഇളക്കിമറിക്കുന്ന ശുശ്രൂഷയില്‍ ആയിരുന്നു.
അവന്‍ കൈസര്യരുടെ റോമന്‍ സാമ്രാജ്യമല്ലാത്ത, മറ്റൊരു രാജ്യം വന്നിരിക്കുന്നു
എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് തന്‍റെ ഭൌതീക ശുശ്രൂഷ ആരംഭിച്ചു.
ഗിരിപ്രഭാഷണത്തില്‍ അവന്‍റെ രാജ്യത്തിന്റെ പ്രമാണങ്ങള്‍ അവതരിപ്പിച്ചു.
ന്യായപ്രമാണങ്ങളെ പുതിയതായി വ്യാഖ്യാനിച്ചു; വ്യഭിചാരിയായ സ്ത്രീയെ കല്ലെറിഞ്ഞു
കൊല്ലാതെ സ്വതന്ത്രയായി വിട്ടു.
ന്യായപ്രാമാനത്തിന്റെ ശുദ്ധീകരണ നിയമങ്ങള്‍ പാലിക്കാതെ, രക്തസ്രാവക്കാരിയായ
സ്ത്രീയെ തന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ തൊട്ടതിനാല്‍ സൌഖ്യമാക്കി; കുഷ്ഠരോഗികളെ
തൊട്ടു ശുദ്ധമാക്കി; ശബ്ബത്തില്‍ രോഗികളെ സൌഖ്യമാക്കി, ശബ്ബത്തില്‍
പക്ഷപാതക്കാരനോട് കിടക്ക എടുത്തു നടക്കുവാന്‍ കല്‍പ്പിച്ചു; ശബ്ബത്തില്‍ വയലില്‍നിന്നും
ഗോതമ്പ് മണികള്‍ പറിച്ചു ഭക്ഷിച്ചു; അവന്‍ സ്വയം ശബ്ബത്താണ് എന്നും ശബ്ബത്തിന്റെ
നിവര്‍ത്തി ആണ് എന്നും അവകാശപ്പെട്ടു.
അവന്‍ ദൈവ പുത്രന്‍ എന്നും ദൈവം എന്നും അവകാശപ്പെട്ടു.
അവന്‍ രാജാവായി, കഴുതപ്പുറത്ത് കയറി യെരുശലേം പട്ടണത്തിലേക്ക് വന്നു.
ദൈവാലയത്തിലെ വാണിഭക്കാരെ ചാട്ടവാറുകൊണ്ട് അടിച്ചോടിച്ചു.
അവന്‍ പട്ടണത്തെ, രാജ്യത്തെ, ഭൂലോകത്തെ തന്നെ ഇളക്കി മറിച്ചു.
അവന്റെ ക്രൂശീകരണത്തിലും മരണത്തിലും അവന്‍ പട്ടണത്തെ ഇളക്കി മറിച്ചു.
ക്രൂശില്‍ അവന്‍ മരിച്ചപ്പോള്‍, ദൈവാലയത്തിലെ തിരശ്ശീല മുകളില്‍ നിന്നും
താഴേക്കു രണ്ടായി കീറിപ്പോയി; വലിയ ഭൂകമ്പങ്ങള്‍ ഉണ്ടായി, മരിച്ചവരുടെ ചില കല്ലറകള്‍
തുറന്നു, ചിലര്‍ ഉയിര്‍ത്തെഴുന്നേറ്റു.
അവന്‍ പട്ടണത്തെ ഇളക്കി.
മരിച്ചു അടക്കം ചെയ്തതിന്റെ മൂന്നാള്‍ നാള്‍, അതിഭദ്രമായിരുന്ന റോമന്‍
സാമ്രാജ്യത്തിന്‍റെ മുദ്രുള്ള കല്ലറയുടെ വാതില്‍ തകര്‍ത്തുകൊണ്ട്, റോമന്‍ കാവല്‍ക്കാരെ
തോല്‍പ്പിച്ചുകൊണ്ട് യേശു ഉയിര്‍ത്തെഴുന്നേറ്റു.
അവന്‍ ശിഷ്യന്മാര്‍ക്കും മറ്റു അനേകം പേര്‍ക്കും പ്രത്യക്ഷന്‍ ആയി, സ്വര്‍ഗ്ഗത്തിലേക്ക്
കയറിപ്പോയി.
യേശു പട്ടണത്തെ ഇളക്കി മറിച്ചു.
പെന്തക്കോസ്ത് പെരുന്നാളിന്‍റെ ദിവസം, ശിഷ്യന്മാരുള്‍പ്പടെ 120 പേര്‍ ഒരു
മാളികമുറിയില്‍ ഒരുമിച്ചിരുന്നു.
അപ്പോള്‍ അഗ്നിജ്വാലപോലെ
പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി; അത് അവരിൽ ഓരോരുത്തന്‍റെമേൽ
പതിഞ്ഞു.
അപ്പോള്‍ എല്ലാവരും പരിശുദ്ധാത്മാവു
നിറഞ്ഞവരായി അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.
അന്ന് മൂവായിരം പേര്‍ ദൈവസഭയോദ് ചേര്‍ന്നു.
പട്ടണം കലങ്ങി, പട്ടണം ഇളകി മറിഞ്ഞു.
ചരിത്രത്തില്‍നിന്നും, ദൈവ ദാസന്മാരുടെ ജീവിതത്തില്‍ നിന്നും എടുത്തുപറയുവാന്‍
അനേകം സംഭവങ്ങള്‍ ഉണ്ട് എങ്കിലും, സമയ ദൌര്‍ലഭ്യം മൂലം ഞാന്‍ ഈ സന്ദേശം
ചുരുക്കട്ടെ.
ദൈവരാജ്യത്തിന്റെ സുവിശേഷത്തിന് പട്ടണങ്ങളെയും രാജ്യങ്ങളെയും, ഈ ഭൂലോകത്തെ
തന്നെയും കലക്കുവാനുള്ള ശക്തി ഉണ്ട്.
അത് പട്ടണങ്ങളെ ഇളക്കി കൊണ്ടിരിക്കുന്നു.
നമ്മളെക്കുറിച്ചുള്ള ദൈവീക പദ്ധതി, നമ്മള്‍ പട്ടണങ്ങളെ ഇളക്കുന്നവര്‍
ആയിരിക്കേണം എന്നാണ്.
കാരണം, നമ്മള്‍ ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുവാന്‍
വിളിക്കപ്പെട്ടിരിക്കുന്നു.
ദൈവരാജ്യത്തിന്റെ സുവിശേഷമോ, അത് പട്ടണങ്ങളെ ഇളക്കുന്നതാണ്.
ദൈവരാജ്യത്തിന്റെ സുവിശേഷത്തില്‍ ഭൂലോകത്തെ ഇളക്കുന്ന ശക്തി അന്തര്‍ലീനമാണ്;
അത് അങ്ങനേയേ പ്രവര്‍ത്തിക്കൂ.
അതുകൊണ്ട്, നമുക്ക് വേഗം, ഉണരാം; വേഗം എഴുന്നേല്‍ക്കാം; നമുക്ക് ഇനി അല്‍പ്പ
നാളുകള്‍ കൂടിയേ ഈ ഭൂലോകത്തില്‍ ഉള്ളൂ എന്നതിനാല്‍ വേഗം സുവിശേഷം ചുറ്റിനും
ഘോഷിക്കാം.
പട്ടണങ്ങളും രാജ്യങ്ങളും, ഈ ഭൂലോകം തന്നെയും ഇളകിമറിയട്ടെ.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമേന്‍!
No comments:
Post a Comment