നമ്മളുടെ കര്‍ത്താവായ യേശു ക്രിസ്തു
തന്റെ പരസ്യ ശുശ്രൂഷ കാലയളവില്‍ ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ അനേകം നന്മ ചെയ്തും
ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും കൊണ്ടിരുന്നു.
വേദപുസ്തകത്തില്‍ കുഷ്ഠരോഗം എന്ന് വിളിക്കുന്നത്, നമ്മള്‍ ഇന്ന് കുഷ്ഠരോഗം എന്ന് വിളിക്കുന്ന രോഗത്തെ മാത്രം ആയിരുന്നില്ല.
രോഗികളെ സൌഖ്യമാക്കുക,
ഭൂതഗ്രസ്തരായവരെ വിടുവിക്കുക എന്നിവ അദ്ദേഹം ചെയ്ത നന്മകളില്‍ പ്രധാനപ്പെട്ടത്
ആയിരുന്നു. ചില രോഗികള്‍ ശാരീരിക രോഗത്താലും ചിലര്‍ ഭൂതങ്ങളുടെ ബന്ധനത്താലും മറ്റ്
ചിലര്‍ പാപം കാരണവും ബാധിക്കപ്പെട്ടിരുന്നു.
ഇവ കൂടാതെ യേശു, മറ്റ് ചില അത്ഭുതങ്ങള്‍
പ്രവര്‍ത്തിക്കുകയും, പാപത്തില്‍ നിന്നുള്ള മോചനം നല്‍കുകയും, മോശയുടെ പ്രമാണങ്ങള്‍ക്ക്
പാരമ്പര്യമായി നല്‍കപ്പെട്ടിരുന്ന വ്യാഖ്യാനങ്ങളില്‍ നിന്നും വ്യത്യസ്തങ്ങള്‍ ആയ
വ്യാഖ്യനങ്ങള്‍ നല്‍കുകയും ചെയ്തു.
നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ ഇവളെ
കല്ലെറിയട്ടെ എന്ന യേശുവിന്‍റെ പ്രശസ്തമായ വ്യാഖ്യാനം പാരമ്പര്യത്തില്‍ നിന്നും
മാറി നില്‍ക്കുന്നതാണ്.
എന്നാല്‍ എല്ലാ രോഗ സൌഖ്യങ്ങളില്‍
നിന്നും വേറിട്ട് നില്‍ക്കുന്ന ഒന്നാണ് യേശു കുഷ്ഠരോഗികളെ സൌഖ്യമാക്കി എന്നത്.
കാരണം ഇതിന് യഹൂദന്റെ ചരിത്രവും, സാമൂഹിക ജീവിതവും, മോശെയുടെ പ്രമാണങ്ങളും ആയി
ബന്ധമുണ്ട്.
കുഷ്ടരോഗിയുടെ സൌഖ്യം വെറും അത്ഭുതം
മാത്രം ആയിരുന്നില്ല.
അത് യേശു മശിഹ ആണ്, അഥവാ,
യഹൂദന്മാരും സകല മാനവ ജാതികളും വിടുതലിനായി കാത്തിരുന്ന രക്ഷകനാണ് യേശുക്രിസ്തു
എന്ന് വെളിപ്പെടുത്തുന്ന സംഭവങ്ങള്‍ കൂടി ആയിരുന്നു.
ഇതു മനസ്സിലാക്കുവാന്‍ നമുക്ക് യഹൂദ
പശ്ചാത്തലത്തില്‍ മോശെയുടെ പ്രമാണത്തിലെ വ്യവസ്ഥകളും രീതികളും
മനസ്സിലാക്കേണ്ടതുണ്ട്. ഇതില്‍ കുഷ്ടരോഗിയുടെ ശുദ്ധീകരണത്തിലെ മര്‍മ്മങ്ങള്‍
മനസിലാക്കുക എന്നതാണ് ഈ പഠനത്തിന്‍റെ ഉദ്ദേശ്യം.
വേദപുസ്തകത്തില്‍ കുഷ്ഠരോഗം എന്ന് വിളിക്കുന്നത്, നമ്മള്‍ ഇന്ന് കുഷ്ഠരോഗം എന്ന് വിളിക്കുന്ന രോഗത്തെ മാത്രം ആയിരുന്നില്ല.
അന്ന് കുഷ്ടരോഗികള്‍ എന്ന ഗണത്തില്‍,
ത്വക്കില്‍, ആഴത്തിലും, പരന്നും ഉണ്ടാകുന്ന, കുഷ്ഠരോഗം പോലെ കാണപ്പെടുന്ന,
മറ്റുള്ളവരിലേക്ക് വേഗത്തില്‍ പകരുവാന്‍ സാധ്യത ഉള്ള എല്ലാ രോഗങ്ങളും ഉള്‍പ്പെട്ടിരുന്നു.
അതായത്, വേദപുസ്തകത്തില്‍
കുഷ്ടരോഗികള്‍ എന്ന് പറയുമ്പോള്‍ നമ്മള്‍ ഇപ്പോള്‍ കുഷ്ടരോഗികള്‍ എന്ന്
വിളിക്കുന്നവര്‍ മാത്രമായിരുന്നില്ല. അതില്‍ കുഷ്ടരോഗികളും, അപകടകരമായി പകരുന്ന മറ്റ്
ത്വക്ക് രോഗങ്ങളും ഉണ്ടായിരുന്നു.
അന്ന് ജനങ്ങള്‍ ഒരുമിച്ച്,
അടുത്തടുത്തുള്ള വീടുകളില്‍, കൂട്ടമായി താമസിച്ചിരുന്നു എന്നതിനാല്‍, ഇത്തരം
രോഗങ്ങള്‍ ഒരുവനെ ബാധിച്ചാല്‍ അത് ആ ഗ്രാമത്തിലുള്ള, അഥവാ പാളയത്തില്‍ ഉള്ള
എല്ലാവരെയും വേഗത്തില്‍ ബാധിക്കും. അതിനാല്‍ പകര്‍ച്ചയെ ചെറുക്കുവാന്‍ ചില
പ്രമാണങ്ങള്‍ ആവശ്യമായിരുന്നു.
ഇത്രമാത്രം ജനങ്ങള്‍ ഭയപ്പെട്ടിരുന്ന
ഒരു രോഗത്തെ യേശു സൌഖ്യമാക്കി എന്നത് അത്ഭുതം തന്നെ ആണ്. എന്നാല്‍, യേശു
കുഷ്ഠരോഗികളെ സൌഖ്യമാക്കി എന്നതിന് കൂടുതല്‍ ആഴത്തിലുള്ള അര്‍ത്ഥമുണ്ട്.
ഇതു മനസ്സിലാക്കുവാന്‍ നമുക്ക് ലേവ്യപുസ്തകം 13, 14 എന്നീ അദ്ധ്യായങ്ങള്‍ വായിക്കേണ്ടിയിരിക്കുന്നു.
ലേവ്യപുസ്തകം 13 ആം അദ്ധ്യായത്തില്‍ കുഷ്ടരോഗിയെ അശുദ്ധന്‍
എന്ന് വിധിച്ച് അവനെ പാളയത്തിന് പുറത്താക്കുന്നതും, ലേവ്യപുസ്തകം
14 ആം അദ്ധ്യായത്തില്‍
സൌഖ്യമായ കുഷ്ടരോഗിയുടെ ശുദ്ധീകരണവും അവനെ വീണ്ടും പാളയത്തിന് ഉള്ളില്‍
സ്വീകരിക്കുന്നതും വിവരിച്ചിരിക്കുന്നു.
നമുക്ക് ആദ്യം, ലേവ്യപുസ്തകം 13 ല്‍
ഉള്ള കുഷ്ടരോഗിയുടെ രോഗനിര്‍ണയവും അതിനോട് ബന്ധപ്പെട്ട പ്രമാണങ്ങളും ചിന്തിക്കാം.
സീനായ് പര്‍വ്വതമുകളില്‍, ദൈവം മോശെ
മുഖാന്തിരം യിസ്രായേല്‍ ജനത്തിന് പ്രമാണങ്ങള്‍ നല്‍കുമ്പോള്‍, അതില്‍ ദൈവത്തെ
ആരാധിക്കുന്ന രീതികള്‍, പാപ പരിഹാര യാഗങ്ങള്‍, മറ്റു രാജ്യങ്ങളിലെ ജാതീയ
ജനങ്ങളുമായുള്ള യിസ്രായേല്യരുടെ വേര്‍പാട്, അതിനനുസരിച്ചുള്ള വസ്ത്രധാരണം, ആരോഗ്യ
പരിപാലനത്തിനായുള്ള ഭക്ഷണം, നീതിന്യായ വ്യവസ്ഥകള്‍ എന്നിങ്ങനെ വിശദവും സമഗ്രവുമായ
പ്രമാണങ്ങള്‍ നല്‍കി.
ഇവയുടെ എല്ലാം ഉദ്ദേശ്യം, ദൈവത്തിന്‍റെ
വിശുദ്ധിക്ക് അനുസരിച്ച് യിസ്രായേല്‍ ജനം ജീവിക്കുക, അതിനായി മറ്റുള്ളവരില്‍
നിന്നും വേര്‍പാട് അനുവര്‍ത്തിക്കുക എന്നതായിരുന്നു.
ദൈവം അന്നും ഇന്നും ആരെയും
കൊല്ലുവാന്‍ ആഗ്രഹിച്ചിട്ടില്ല. ദുഷ്ടന്റെ മരണത്തിലല്ല, അവന്‍ മാനസാന്തരപെട്ട്
ദൈവഭാഗത്തെക്ക് തിരിയുന്നതിലാണ് ദൈവ പ്രസാദം എന്നതും ഈ പ്രമാണങ്ങളുടെ ഭാഗം തന്നെ
ആണ്.
അതിനാല്‍ തന്നെ കുഷ്ടരോഗിയുടെ രോഗം
നിര്‍ണ്ണയിച്ച് അവനെ അശുദ്ധന്‍ എന്ന് വിധിക്കുന്നതിന് മാത്രമല്ല, അവന്‍
സൌഖ്യമാകുമ്പോള്‍ അവനെ ശുദ്ധന്‍ എന്ന് വിധിച്ച് തിരികെ പാളയത്തില്‍
സ്വീകരിക്കുന്നതിനും പ്രമാണങ്ങള്‍ ദൈവം നല്‍കി.
ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, വേദപുസ്തക
കാലത്ത്, കുഷ്ടരോഗവും അതിനു സമാനമായ പകരുന്ന മാരകമായ എല്ലാ ത്വക്ക് രോഗങ്ങളും,
കുഷ്ഠരോഗം എന്ന വാക്കിനാല്‍ അറിയപ്പെട്ടിരുന്നു. അതിനാല്‍ ഇനി ഈ സന്ദേശത്തില്‍
കുഷ്ഠരോഗം എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ അത് കുഷ്ടരോഗത്തെയും സമാനമായ പകരുന്ന
എല്ലാ ത്വക്ക് രോഗത്തെയും ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാക്കുമല്ലോ.
ലേവ്യപുസ്തകം
13 ആം അദ്ധ്യായം 2 ആം
വാക്യം ഇങ്ങനെ ആണ്: “ഒരു മനുഷ്യന്റെ
ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ
അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുത്തന്റെ
അടുക്കലോ കൊണ്ടുവരേണം.”
എന്തിനാണ്
ഒരു കുഷ്ഠരോഗിയെ പുരോഹിതന്‍റെ അടുക്കല്‍ അയക്കുവാന്‍ ദൈവം പറഞ്ഞത്? എന്തുകൊണ്ട്
ഒരു വൈദ്യന്‍റെ അടുക്കല്‍ പോകുവാന്‍ പറഞ്ഞില്ല?
വൈദ്യശാസ്ത്രം
അത്രമാത്രം പുരോഗമിച്ചിട്ടില്ലാ എങ്കിലും രോഗങ്ങളെ ചികില്‍സിക്കുന്നവര്‍
അക്കാലത്തും ഉണ്ടായിരുന്നിരിക്കാം. മറ്റു രോഗങ്ങള്‍ വരുമ്പോള്‍ രോഗി പുരോഹിതന്‍റെ
അടുക്കല്‍ പോകേണം എന്ന് പ്രമാണം പറയുന്നുമില്ല.
അതിനു
കാരണം, കുഷ്ടരോഗി അശുദ്ധന്‍ ആണ് എന്നതും ഒരുവനെ അശുദ്ധന്‍ എന്ന് വിധിക്കുന്നത്
പുരോഹിതന്‍ ആണ് എന്നതും ആണ്.
എന്താണ്
ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?
വേദപുസ്തകത്തിന്റെ
അടിസ്ഥാന ചിന്ത അനുസരിച്ച്, എല്ലാ രോഗങ്ങളും, ശാപങ്ങളും, വേദനകളും, ജീര്‍ണ്ണതകളും
ആദ്യപാപത്തിന്റെ അനന്തര ഫലമാണ്. ആദ്യ പാപം എന്നാല്‍, മാനവകുലത്തിന്റെ ആദ്യ
പിതാക്കന്മാരായ ആദമും ഹവ്വയും ഏദന്‍ തോട്ടത്തില്‍ വച്ച് ദൈവത്തിന്‍റെ കല്‍പ്പനകളെ
ലംഘിച്ചതിനാല്‍ ഉണ്ടായതാണ്.
പാപം
നിമിത്തം ദൈവ സാദൃശ്യത്തിലും സ്വരൂപത്തിലും ആയിരുന്ന മനുഷ്യനിലേക്ക് മരണവും
അതിനുള്ള മാര്‍ഗ്ഗങ്ങളും കടന്നുവന്നു.
രോഗങ്ങളും,
ശാപങ്ങളും, വേദനയും എല്ലാം മനുഷ്യ ശരീരത്തിനെ ജീര്‍ണ്ണിപ്പിക്കുന്നു.
അതായത്
രോഗങ്ങളും അതുപോലെ ഉള്ള പ്രശ്നങ്ങളും ഒരു മനുഷ്യന്‍ വര്‍ത്തമാന കാലത്ത് ചെയ്യുന്ന
പാപ ഫലമോ, ആദ്യ പാപത്തിന്‍റെ ഫലമോ ആകാം.
ഈ
ചിന്ത, വിഭാഗികത കൂടാതെ എല്ലാ ക്രൈസ്തവ വിശ്വാസികളും അംഗീകരിക്കുന്നു.
അതിനാല്‍,
ഓരോ രോഗവും, വേദനയും നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ഒരു സത്യം ഉണ്ട്: രോഗങ്ങള്‍ പാപ
കാരണം ഉണ്ടായതാണ്, അത് ജീര്‍ണ്ണതയാണ്, അത് നമ്മളെ മരണത്തിലേക്ക് അടുപ്പിക്കുന്നു.
എന്നാല്‍
എല്ലാ രോഗങ്ങളെയും എപ്പോഴും പാപത്തിന്‍റെ ചിത്രമായി എടുക്കാതെ, ദൈവം അതില്‍
അക്കാലത്ത് കഠിനമായിരുന്ന കുഷ്ടരോഗത്തെ അതിനായി തിരഞ്ഞെടുത്തു.
അതായത്,
കുഷ്ഠരോഗം എന്നത്, വേദപുസ്തക ചിന്തയില്‍, പാപത്തിന്റെ വസ്തുനിഷ്ടാപരമായ ഒരു ചിത്രം
ആണ്.
ഇതു
ഞാന്‍ കൂടുതല്‍ വിശദീകരിക്കാം.
ലേവ്യപുസ്തകം 13 ആം അദ്ധ്യായത്തില്‍ നമ്മള്‍ തുടര്‍ന്ന്
വായിക്കുന്നു: “പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു നോക്കേണം;
വടുവിന്നകത്തുള്ള രോമം വെളുത്തതും വടു
ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അതു
കുഷ്ഠലക്ഷണം.”
“ചുണങ്ങു
ത്വക്കിന്മേൽ പരക്കുന്നു
എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.”
“ത്വക്കിന്മേൽ
വെളുത്ത തിണർപ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണർപ്പിൽ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താൽ അതു അവന്റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു”
ഈ
വാക്യങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്ന കുഷ്ടരോഗത്തിന്റെ ലക്ഷണങ്ങളായി
പുരോഹിതന്‍ കണക്കാക്കുന്നത് ഇതെല്ലാം ആണ്.
കുഷ്ഠരോഗം
ത്വക്കിലുള്ള വെളുത്ത ചെറിയ വടുവായി ആരംഭിക്കുന്നു; പിന്നീട് അത് പരക്കുന്നു; അത്
ത്വക്കിനെക്കാള്‍ കുഴിഞ്ഞ് അകത്തേക്ക് മാംസത്തിലേക്ക് ഇറങ്ങുന്നു; വടുവില്‍
പച്ചമാസം കാണപ്പെടുന്നു; രോമങ്ങളും വെളുത്തതായി തീരുന്നു.
ഈ
ലക്ഷണങ്ങളെ ആണ് ദൈവം പാപത്തിന്റെ ചിത്രമായി അവതരിപ്പിക്കുന്നത്.
പാപം
വളരെ ചെറിയ അളവില്‍ ആരംഭിക്കുകയും, പിന്നീട് ജീവിതത്തിലാകെ പകരുന്നതും ആണ്. അത്
പാപിയുടെ ജീവിതത്തില്‍ മാത്രമല്ല, മറ്റുള്ളവരുടെ ജീവിതത്തിലേക്കും പകരുന്നതാണ്.
പാപം
ചെറിയ അളവില്‍ തുടരുക ഇല്ല. അത് വളരും, പകരും, അത് ജീവിതത്തിന്‍റെ ആഴത്തിലേക്ക്
ഇറങ്ങി ചെല്ലും.
കുഷ്ഠരോഗം
ത്വക്കിന്റെ പുറത്തുനിന്നും ആഴത്തിലേക്ക് ഇറങ്ങി, മാംസപേശികളെയും, രക്തക്കുഴലുകളെയും,
ഞരമ്പുകളെയും, അസ്ഥികളെയും ബാധിക്കുന്നതുപോലെ പാപവും ആഴത്തില്‍ വേരുകള്‍ ഊന്നി
ജീവിതത്തെ ആകെ ബാധിക്കുന്നു.
പാപം
നമ്മളുടെ ദേഹത്തെയും ദേഹിയെയും ആത്മാവിനെയും നശിപ്പിക്കുന്ന ഒന്നാണ്. അതിന്റെ
നശീകരണ പ്രവര്‍ത്തനം ക്രമമായതും, നിശ്ചയമായതും ആണ്.
കുഷ്ടരോഗികളില്‍
പച്ചമാസം വടുക്കളില്‍ കാണാം. അത് പാപത്തിന്റെ ജഡീക സ്വഭാവത്തെ കാണിക്കുന്നു.
ഇങ്ങനെ,
കുഷ്ഠരോഗം പാപത്തിന്റെ ചിത്രം ആണ് എന്നതിനാല്‍ ആണ് രോഗം ബാധിച്ചവനും രോഗം
സംശയിക്കുന്നവനും പുരോഹിതന്റെ അടുക്കല്‍ പോകട്ടെ എന്ന് ദൈവം കല്‍പ്പിച്ചത്.
പാപം
എപ്പോഴും ആത്മീയം ആണ്. പാപം ജഡത്തിന്റെ പ്രവര്‍ത്തി അല്ല, ജഡത്തിന്റെ അവസ്ഥ ആണ്.
അത്
ദൈവവുമായുള്ള ആത്മീയ ബന്ധത്തിന്‍റെ തകര്‍ച്ചയാണ്. അതിന് ശാരീരിക ചികിത്സ അല്ല
ആവശ്യം.
അതിനാല്‍
പാപി പുരോഹിതന്‍റെ അടുക്കല്‍ പോകട്ടെ. പുരോഹിതന്‍ അവന്‍ പാപിയാണോ എന്ന്
പരിശോധിക്കട്ടെ. പുരോഹിതന്‍ അവനെ അശുദ്ധന്‍ എന്നോ ശുദ്ധന്‍ എന്നോ വിധിക്കട്ടെ.
ഇതാണ്
പാപത്തിന്‍റെയും കുഷ്ടരോഗിയുടെയും അവസ്ഥ.
ഒരുവന്‍
കുഷ്ടരോഗത്താല്‍ ബാധിച്ചിരിക്കുന്നു എന്ന് പുരോഹിതന്‍ തീര്‍ച്ചപ്പെടുത്തിയാല്‍,
അവന്‍ രോഗിയെ അശുദ്ധന്‍ എന്ന് വിധിക്കേണം.
കുഷ്ടരോഗിയെ
രോഗി എന്നല്ല, അശുദ്ധന്‍ എന്നാണ് പുരോഹിതന്‍ വിധിക്കുന്നത്. കുഷ്ഠരോഗം അശുദ്ധി
ആണ്. പാപം അശുദ്ധി ആണ്.
കുഷ്ഠരോഗം
വേഗത്തില്‍ ഒരുവനില്‍ നിന്നും മറ്റൊരുവനിലേക്ക് പകരുന്ന രോഗമാണ്. അതിനാല്‍
കുഷ്ടരോഗിയെ പാളയത്തിനുള്ളില്‍, മറ്റുള്ളവരുമായി സഹകരിച്ച് ജീവിക്കുവാന്‍
അനുവദിക്കുവാന്‍ കഴിയുക ഇല്ല.
അവന്‍
മറ്റുള്ളവരെകൂടി കുഷ്ടരോഗികള്‍ ആക്കി മാറ്റും. അതുകൊണ്ട് പുരോഹിതന്‍ അവനെ അശുദ്ധന്‍
എന്ന് വിധിച്ച് പാളയത്തിനു, അല്ലെങ്കില്‍ അവരുടെ ഗ്രമാത്തിന് പുറത്താക്കുന്നു.
ഇതും
പാപത്തിന്‍റെ ഒരു ചിത്രം ആണ്. പാപം അശുദ്ധി ആണ്. അത് ഒരുവനില്‍ നിന്നും
മറ്റുള്ളവരിലേക്ക് വേഗത്തില്‍ പകരുന്ന അശുദ്ധി ആണ്.
പാളയത്തില്‍
താമസിക്കുന്ന ഒരു പാപി മറ്റുള്ളവരെ കൂടി അശുദ്ധന്‍ ആക്കും.
അതിനാല്‍
പാപിയെ ഉടന്‍തന്നെ അശുദ്ധന്‍ എന്ന് വിധിച്ച് പാളയത്തിന് പുറത്താക്കേണം.
ഇതു
പാപത്തെക്കുറിച്ചുള്ള നിത്യമായ പ്രമാണം ആണ്.
എന്നാല്‍,
പാപികള്‍ക്ക് യാതൊരു പ്രതീക്ഷയും പ്രത്യാശയും ഇല്ല എന്നല്ല ഇതു അര്‍ത്ഥമാക്കുന്നത്.
ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ, കുഷ്ടരോഗിയെ അശുദ്ധന്‍ എന്ന് വിധിക്കുവാന്‍
മാത്രമല്ല, രോഗശാന്തി ലഭിച്ചവനെ ശുദ്ധന്‍ എന്ന് വിധിക്കുവാനും പ്രമാണം ഉണ്ട്.
നമുക്ക്
അത് തുടര്‍ന്ന് വരുന്ന ഭാഗത്ത് ചിന്തിക്കാം. നമ്മളുടെ ഈ സന്ദേശത്തിന്റെ തലക്കെട്ട്
തന്നെ, കുഷ്ടരോഗിയുടെ ശുദ്ധീകരണം എന്നാണല്ലോ.
അപ്പോള്‍
പിന്നെ എന്തിനാണ് കുഷ്ടരോഗിയെ പാളയത്തിന്
പുറത്താക്കുന്നത്? അവന് ആവശ്യമായ ചികിത്സ നല്‍കി അവനെ സുഖപ്പെടുത്തിയാല്‍ പോരായിരുന്നോ?
പുരോഹിതന്‍ അവന് രോഗ സൌഖ്യം വരുത്തിയാല്‍ പോരായിരുന്നോ?
ഇത്തരം
അനേകം ചോദ്യങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉയര്‍ന്ന് വന്നേക്കാം.
എന്നാല്‍
സാമൂഹികമായി ചിന്തിച്ചാല്‍, അന്നത്തെ പരിസ്ഥിതിയില്‍ കുഷ്ഠരോഗം പോലെ മാരകമായതും
പകരുന്നതുമായ ഒരു രോഗത്തെ ചെറുക്കുവാനോ, പകരാതെ സൂക്ഷിക്കുവാനോ, സൌഖ്യമാക്കുവാനോ
ഉള്ള സംവിധാനങ്ങള്‍ ഒന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല.
ജനങ്ങള്‍
ഒരുമിച്ച്, കൂട്ടമായി, അടുത്തടുത്ത പാളയങ്ങളില്‍ താമസിച്ചിരുന്നു. ഒരുമിച്ചു
ആരാധനയ്ക്കായി കൂടിവന്നിരുന്നു. ഇങ്ങനെ വളരെ അടുത്ത നിരന്തര സഹകരണം ഉള്ള ഒരു
സമൂഹത്തില്‍ ഒരു പകര്‍ച്ച വ്യാധിയെ ചെറുക്കുവാന്‍ കഴിയുക ഇല്ല.
കുഷ്ടരോഗിയെ
സുഖപ്പെടുത്തുവാന്‍ കഴിയുന്ന മരുന്നുകളും അന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നു.
അതിനാല്‍
കുഷ്ഠരോഗികളെ പാളയത്തിനു പുറത്താക്കുക എന്നത് മാത്രമായിരുന്നു ഏക പരിഹാരം.
ഭൌതീകമായും
ആത്മീയമായും കുഷ്ടരോഗത്തെയോ പാപത്തേയോ ചെറുക്കുവാനും സൌഖ്യമാക്കുവാനും അവര്‍ക്ക്
സാദ്ധ്യമല്ലായിരുന്നു.
ഇങ്ങനെ
പുറത്താക്കപ്പെടുന്ന കുഷ്ടരോഗികള്‍ പാളയത്തിന് പുറത്ത്, അല്ലെങ്കില്‍ ഗ്രാമത്തിന്
പുറത്ത് ഏതെങ്കിലും ഒരു സ്ഥലത്ത്, ഒരുമിച്ചുകൂടി താമസിക്കും.
അത്
അവര്‍ക്ക് ഏകാന്തതയില്‍ നിന്നുള്ള ആശ്വാസം ആണ്. ശത്രുക്കളെയും മൃഗങ്ങളെയും ചെറുക്കുവാനും
അവര്‍ക്ക് കഴിയും.
പാളയത്തിന്
ഉള്ളില്‍ ഉള്ളവരോ, യാത്രക്കാരോ, അങ്ങനെ ഏതെങ്കിലും ആളുകളോ നല്‍കുന്ന ആഹാരം
മാത്രമാണ് അവരുടെ ഭക്ഷണം.
അവിടെ,
അവര്‍ വെയിലും, മഴയും വിശപ്പും ദാഹവും മറ്റ് രോഗങ്ങളും എല്ലാം സഹിക്കേണ്ടിവരും.
ഇതൊരു
പാപിയുടെ ആത്മീയ അവസ്ഥ വെളിവാക്കുന്നു. പാപി പാളയത്തിന് പുറത്താണ് കഴിയുന്നത്.
അവിടെ അവന് പരിശുദ്ധാത്മാവിന്റെ കൂട്ടയ്മയോ, ദൈവവചനമോ ലഭിക്കയില്ല.
കുഷ്ഠരോഗം
എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എല്ലാ പകര്‍ച്ച വ്യാധിക്കാരും അവിടെ
ഉണ്ടായിരിക്കും എന്നതിനാല്‍, രോഗ സൌഖ്യത്തിനുള്ള സാധ്യത തീരെ ഇല്ല. എന്ന്
മാത്രമല്ല, അല്‍പ്പ രോഗികള്‍ അധിക രോഗികള്‍ ആകുവാനുള്ള സാദ്ധ്യതയെ ഉള്ളൂ.
ഇവിടെ
അവര്‍ മരിക്കുന്നതുവരെ കഴിയേണ്ടിവരും എന്നതാണ് യാഥാര്‍ത്ഥ്യം.
കുഷ്ടരോഗിക്കോ,
പാപിക്കോ അന്ന് ശ്വാശതമായ സൌഖ്യം ഇല്ലായിരിന്നു. അന്ന് പാപിയെ ശുദ്ധീകരിച്ച്
പാളയത്തിന് ഉള്ളില്‍ പാര്‍പ്പിക്കുവാനുള്ള ശ്വാശത പരിഹാര മാര്‍ഗ്ഗം
വെളിപ്പെട്ടിരുന്നില്ല.
എന്നാല്‍,
ഞാന്‍ മുമ്പ് പറഞ്ഞതുപോലെ സൌഖ്യമാകുന്ന കുഷ്ടരോഗികള്‍ക്കുള്ള ശുദ്ധീകരണത്തിനും
വേദപുസ്തകത്തില്‍ പ്രമാണം ഉണ്ട്.
അതായത്,
പാപത്തിന്റെ അശുദ്ധിയാല്‍ ദൈവത്തിന്‍റെ പാളയത്തിന് പുറത്താക്കപ്പെടുന്ന പാപികള്‍ക്കുള്ള
ശുദ്ധീകരണം പഴയനിയമത്തിലും പ്രമാണമായി വ്യവസ്ഥ ചെയ്തിരുന്നു.
ഇതു
ഒരു മര്‍മ്മം ആണ്. അതാണ് നമ്മള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത്.
ഈ
മര്‍മ്മം ഇനിയും മനസ്സിലാകാത്തവര്‍, ഇന്ന് പഴയനിയമത്തില്‍ നമ്മള്‍ കാണുന്ന
മോശെയുടെ ഉടമ്പടിയെ തുച്ശീകരിക്കുന്നുണ്ട്. അവരോട്, ദൈവ വചനം ഗൌരവമായി പഠിക്കൂ,
എന്നൊരു ഉപദേശം മാത്രമേ നമുക്ക് നല്‍കുവാന്‍ ഉള്ളൂ.
പുരോഹിതന്‍
ഒരുവനെ കുഷ്ടരോഗി എന്നും അശുദ്ധന്‍ എന്നും വിധിച്ചു കഴിഞ്ഞാല്‍ അവന്‍
പാലിക്കേണ്ടുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവയ്ക്ക് ആത്മീയ പ്രാധാന്യം ഉള്ളതിനാല്‍
നമുക്ക് അത് കൂടി ചിന്തിക്കാം.
ലേവ്യപുസ്തകത്തില്‍
നമ്മള്‍ തുടന്ന് വായിക്കുന്നു:
“വടുവുള്ള
കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്റെ തല മൂടാതിരിക്കേണം;
അവൻ അധരം
മൂടിക്കൊണ്ടിരിക്കയും അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറകയും വേണം.
അവന്നു
രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കേണം;
അവൻ അശുദ്ധൻ
തന്നേ; അവൻ
തനിച്ചു പാർക്കേണം; അവന്റെ
പാർപ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.” (45, 46)
അതായത്,
കുഷ്ടരോഗിയും അശുദ്ധനും ആണ് എന്ന് ഒരാള്‍ വിധിക്കപ്പെട്ടാല്‍ പിന്നീടു അയാള്‍
കീറിയ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. അങ്ങനെ അയാളെ വേഗത്തില്‍ മറ്റുള്ളവര്‍ക്ക്
തിരിച്ചറിയുവാന്‍ കഴിയും.
കീറിയ
വസ്ത്രങ്ങള്‍ അയാളുടെ ദാരിദ്ര്യത്തെയും നഗ്നതയെയും വെളിപ്പെടുത്തുന്നു.
പാപത്തിന്‍റെ
നഗ്നത ആരാലും മറയ്ക്കുവാന്‍ സാധ്യമല്ല. പാപം ആത്മീയ ദാരിദ്ര്യം ഉളവാക്കുന്നു.
അവന്‍റെ
തല മൂടാതിരിക്കേണം. അങ്ങനെ അവന്‍റെ തലമുടി ഒതുക്കിവെക്കാതെയും പാറിപറന്നും,
താഴേക്കു തൂങ്ങിയും കിടക്കേണം.അവന്‍ തന്റെ വായ് മൂടികൊണ്ടിരിക്കേണം. അശുദ്ധന്‍
എന്ന് ഉറക്കെ വിളിച്ചുപറയുകയും വേണം.
അവന്‍
സംസാരിക്കുമ്പോള്‍ അവന്റെ വായില്‍ നിന്നും വരുന്ന ശ്വാസത്തിലൂടെ കുഷ്ഠരോഗത്തിന്റെ
അണുക്കള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കുവാന്‍ വേണ്ടിയാണിത്.
അവന്‍
അകത്തും പുറത്തും അശുദ്ധന്‍ ആണ്; അവന്റെ ഉള്ളില്‍നിന്നും പുറപ്പെട്ടുവരുന്ന
വായുവും രോഗം നിറഞ്ഞതും അശുദ്ധവും ആണ്.
ഒരു
പാപിയുടെ വ്യക്തമായ ചിത്രമാണ് നമ്മള്‍ ഇവിടെ കാണുന്നത്.
ഞാന്‍
വീണ്ടും പറയട്ടെ, പാപം നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അല്ല, നമ്മള്‍
ആയിരിക്കുന്ന അവസ്ഥ ആണ്. അത് അകത്തും പുറത്തും പാപം നിറഞ്ഞത് ആണ്. അകത്ത് പാപം
ഉള്ളതിനാല്‍ ആണ് മനുഷ്യര്‍ പാപം ചെയ്യുന്നത്.
പൌലോസിന്റെ
ഒരു വാക്യം ഞാന്‍ ഇവിടെ ഓര്‍ക്കുന്നു:
റോമര്‍ 7: 19, 20
19 ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.
20 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു
ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.
അപ്പോസ്തലനായ
പൗലോസ് ഏറ്റുപറയുക ആണ്, താന്‍ നന്മകള്‍ മാത്രം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു.
എന്നാല്‍ ചെയ്യുന്നതെല്ലാം ആഗ്രഹിക്കാത്ത തിന്മ ആണ്.
അതിനുള്ള
കാരണവും അദ്ദേഹം പറയുക ആണ്: താന്‍ ചെയ്യുന്ന തിന്മ പ്രവര്‍ത്തികളുടെ കാരണം തന്നില്‍
വസിക്കുന്ന പാപം അത്രേ.
രക്ഷിക്കപ്പെട്ട,
വീണ്ടും ജനനം പ്രാപിച്ച, പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ച, പൌലോസ് ആണ് ഇതു
പറയുന്നത്. തന്നില്‍ പാപം വസിക്കുന്നു.
ഇതില്‍
നിന്നും എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത്?
പാപം
നമ്മളുടെ ഉള്ളില്‍ വസിക്കുന്നു; നമ്മള്‍ ഇപ്പോഴും പാപം എന്ന അവസ്ഥയില്‍
ആയിരിക്കുന്നു; പാപം നമ്മളുടെ പ്രവര്‍ത്തികള്‍ എന്നതിനേക്കാള്‍ ഉപരി നമ്മള്‍
ആയിരിക്കുന്ന അവസ്ഥ ആണ്; പാപം എന്ന അവസ്ഥയില്‍ നമ്മള്‍ ഇപ്പോഴും ജീവിക്കുന്നതിനാല്‍
നമ്മള്‍ ഇപ്പോഴും ഇശ്ചിക്കാത്ത തിന്മ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
പാപം
ബാഹ്യമല്ല, ആന്തരികം ആണ്; ബാഹ്യമായത് ആന്തരികമായത്തിന്റെ പ്രവര്‍ത്തികള്‍ ആണ്.
ലെവ്യപുസ്തകത്തിലെ
കുഷ്ടരോഗിയുടെ വിവരണത്തിലൂടെ നമ്മള്‍ മനസ്സിലാക്കുന്നത്, ഒരു പാപിയുടെ ഉള്ളില്‍നിന്നും
പുറപ്പെട്ടുവരുന്നതെല്ലാം അശുദ്ധവും പാപവും ആയിരിക്കും എന്നാണ്.
അവന്റെ
വാക്കുകളും, ശ്വാസവും എല്ലാം അശുദ്ധവും പാപവും ആണ്. അതിനാല്‍ അത്
മറ്റുള്ളവരിലേക്ക് പകരപ്പെടാതെയിരിക്കുവാന്‍ അവന്‍ വായ് മൂടിവെക്കട്ടെ.
ഇവിടെ
ഒന്നാമത്തെ സങ്കീര്‍ത്തനം ഞാന്‍ ഓര്‍ത്തു പോകുന്നു:
“ദുഷ്ടന്മാരുടെ
ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ
ഇരിപ്പിടത്തിൽ ഇരിക്കാതെയും
യഹോവയുടെ
ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ
ഭാഗ്യവാൻ.” (1, 2)
ഒരു
കുഷ്ടരോഗി രോഗബാധിതന്‍ എന്ന് വിധിക്കപ്പെട്ട് കഴിഞ്ഞാല്‍, പ്രമാണം പറയുന്നതിങ്ങനെ
ആണ്: “അവൻ തനിച്ചു
പാർക്കേണം; അവന്റെ പാർപ്പു
പാളയത്തിന്നു പുറത്തു ആയിരിക്കേണം.”
ഇവിടെ
ദൈവജനത്തെ ശുദ്ധര്‍ എന്നും കുഷ്ടരോഗിയെ അശുദ്ധന്‍ എന്നും വേര്‍തിരിക്കുന്നത്
കാണാം.
അശുദ്ധന്‍
ശുദ്ധരോടോത്ത് പാര്‍ക്കുവാന്‍ പാടില്ല. അതിനായി ശുദ്ധര്‍ പാളയത്തില്‍ നിന്നും ഓടിപോകുകയല്ല,
അശുദ്ധനെ പാളയത്തിന് പുറത്താക്കുക ആണ്.
എന്നാല്‍
പുതിയനിയമത്തിലെ രണ്ടു വാക്യങ്ങള്‍ ശുദ്ധിയുള്ളവരോട് ഓടിപ്പോകുവാനും മാറിനില്‍ക്കുവാനും
പറയുന്നുണ്ട്.
വിശുദ്ധ
സ്ഥലത്ത് മ്ലേശ്ചത നില്‍ക്കുന്നത് കാണുമ്പോള്‍ ഓടിപ്പോകേണം എന്ന് കര്‍ത്താവും,
അവിശ്വാസികളോട് ഇണയില്ലാപിണ കൂടരുത് എന്ന് പൌലോസും ഉപദേശിക്കുന്നു.
എന്നാല്‍
കുഷ്ടരോഗിയെ പാളയത്തിന് പുറത്താക്കുകയും വിശുദ്ധജനം പാളയത്തില്‍ താമസിക്കുകയും ആണ്
ചെയ്യുന്നത്. കാരണം, വിശുദ്ധര്‍ താമസിക്കുന്ന ഇടം പാളയമാണ്; അതായത് പാളയം ദൈവത്തിന്‍റെ
സാന്നിദ്ധ്യം ഉള്ള ഇടം ആണ്.
പാളയത്തില്‍
അശുദ്ധി കണ്ടാല്‍ ദൈവസാന്നിദ്ധ്യം ഓടിപോകുക അല്ല, അശുദ്ധനെ പുറത്താക്കുക ആണ്
ചെയ്യുന്നത്. ദൈവം ഒരിക്കലും അശുദ്ധിയെ
തന്‍റെ സന്നിധിയില്‍ വച്ചുപൊറുപ്പിക്ക ഇല്ല.
പാളയത്തിനുള്ളില്‍
ദൈവ സാന്നിധ്യം ഉണ്ടോ, അവിടെ അശുദ്ധന്‍ പാര്‍ക്കുക ഇല്ല. പാളയത്തിനുള്ളില്‍
അശുദ്ധന്‍ പാര്‍ക്കുന്നുണ്ടോ, അവിടെ ദൈവ സാന്നിധ്യം ഇല്ല, അത് ദൈവജനത്തിന്റെ
പാളയവും അല്ല.
വിശുദ്ധിയുടെ
മര്‍മ്മം ഇത്രയേ ഉള്ളൂ.
കുഷ്ടരോഗികള്‍
ഒറ്റപ്പെട്ട് പാളയത്തിന് പുറത്തു താമസിച്ച് അവിടെ തന്നെ മരിച്ചടക്കപ്പെടുന്ന
അവസ്ഥയാണ് ആണ് പൊതുവേ കണ്ടിരുന്നത് എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നുവല്ലോ.
കുഷ്ഠരോഗിയെ
ആരും മരുന്ന് നല്‍കി ചികിത്സിക്കുവാന്‍ പോകുക ഇല്ലായിരുന്നു. ഒരു രോഗിയില്‍
നിന്നും രോഗം മറ്റൊരാളിലേക്ക് പകരുന്നതല്ലാതെ, അല്‍പ്പ രോഗി അധിക രോഗി ആകുന്നതല്ലാതെ,
ആരും സൌഖ്യമാകുവാന്‍ സാദ്ധ്യത ഇല്ലായിരുന്നു.
അതിനാല്‍
കുഷ്ടരോഗത്തെ സൌഖ്യമാക്കുവാന്‍ കഴിയാത്ത മാരക രോഗമായി യഹൂദന്മാര്‍ കണ്ടു. മനുഷ്യര്‍ക്ക്
ആര്‍ക്കും ഒരു കുഷ്ടരോഗിയെ സൌഖ്യമാക്കുവാന്‍ കഴിയുക ഇല്ല എന്ന് അവര്‍ വിശ്വസിച്ചു.
ദൈവത്തിന്
മാത്രമേ ഒരു കുഷ്ടരോഗിയെ സൌഖ്യമാക്കുവാന്‍ കഴിയൂ.
യഹൂദന്മാരുടെ
പ്രത്യാശയായ മശിഹ വരുമ്പോള്‍ അവന്‍ കുഷ്ഠരോഗികളെ സൌഖ്യമാക്കും എന്നും അത് ഇനി
വരാനിരിക്കുന്നവന്‍ മശിഹ ആണ് എന്നതിന്‍റെ തെളിവായിരിക്കും എന്നും അവര്‍
വിശ്വസിച്ചു.
ഇവിടെ
ആണ് യേശു കുഷ്ഠരോഗികളെ സൌഖ്യമാക്കിയതിന്റെ മര്‍മ്മം വെളിപ്പെടുന്നത്.
യേശു
കുഷ്ഠരോഗികളെ സൌഖ്യമാക്കിയപ്പോള്‍ തന്നെ അവനു അവരെ ശുദ്ധര്‍ എന്ന്
വിധിക്കാമായിരുന്നു എങ്കിലും ആ ഉത്തരവാദിത്തവും ശേഷമുള്ള ശുദ്ധീകരണത്തിനായുള്ള
പ്രക്രിയകളും പുരോഹിതനെ ഏല്‍പ്പിക്കുന്നതും, ഈ മര്‍മ്മം വെളിപ്പെടുത്താന്‍ വേണ്ടി
ആണ്.
ഇതാ,
ഇവിടെ മശിഹ എത്തിയിരിക്കുന്നു; അടയാളമായി കുഷ്ടരോഗികള്‍ സൌഖ്യമാകുന്നു. പാപികള്‍
ശുദ്ധരായി ദൈവത്തിന്റെ സാന്നിധ്യം ഉള്ള പാളയത്തിലെക്കും ദൈവജനത്തിന്റെ
കൂട്ടായ്മയിലേക്കും പ്രവേശിക്കുന്നു.
കുഷ്ടരോഗിയുടെ ശുദ്ധീകരണം
കുഷ്ടരോഗിയുടെ
ജീവിത ചക്രം, രോഗി എന്ന് വിധിക്കപ്പെട്ട്, പാളയത്തിന് പുറത്ത്, പട്ടിണിയിലും,
വേദനയിലും അവസാനിപ്പിക്കുവാന്‍ അല്ല ദൈവം ആഗ്രഹിക്കുന്നത്.
പാപികളുടെ
മരണത്തില്‍ സന്തോഷിക്കാത്ത, അവന്റെ മാനസാന്തരത്തിലും മടങ്ങിവരവിലും സന്തോഷിക്കുന്ന
ദൈവം അതിനായുള്ളതും കൂടെ കരുതിയിട്ടുണ്ട്.
ഇതു
യേശുക്രിസ്തുവില്‍ സാദ്ധ്യമായ രക്ഷ ആണ്.
ഒരു
കുഷ്ടരോഗി സൌഖ്യമായാല്‍ അയാളുടെ ശുദ്ധീകരണത്തിന് ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
അതിനെകുറിച്ചുള്ള
വിവരണം ലേവ്യപുസ്തകം 14
ആമത്തെ അദ്ധ്യായത്തില്‍ നമ്മള്‍ വായിക്കുന്നു.
ഇനി
നമുക്ക് ആ വേദഭാഗം വിശദമായി പഠിക്കാം.
ഈ
അദ്ധ്യായത്തിന്റെ അവസാന വാക്യം പറയുന്നതിങ്ങനെ ആണ്: “എപ്പോൾ അശുദ്ധമെന്നും എപ്പോൾ
ശുദ്ധമെന്നും അറിയേണ്ടതിന്നു ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.” (57)
കുഷ്ടരോഗിയുടെ
ശുദ്ധീകരണത്തിനുള്ള പ്രമാണത്തെ, ഒരു അശുദ്ധനെ ശുദ്ധനായി വിധിക്കുന്നതിനുള്ള
പ്രമാണങ്ങളായി ദൈവം അവതരിപ്പിക്കുക ആണ്.
ഒരു
കുഷ്ടരോഗി, അവന്‍ സൌഖ്യമായി എന്ന് കണ്ടാല്‍, പുരോഹിതന് തന്നെത്തന്നെ
കാണിക്കുവാനായി, പാളയത്തിന്‍റെ വാതില്‍ക്കല്‍ ചെല്ലേണം. ശുദ്ധന്‍ എന്ന് പുരോഹിതന്‍
വിധിക്കുന്നത് വരെ അവനു പാളയത്തിനു ഉള്ളില്‍ പ്രവേശിക്കുവാന്‍ അനുവാദം ഇല്ല.
പാളയം
ദൈവസാന്നിധ്യമുള്ള ദൈവജനം വസിക്കുന്ന ഇടം ആണ്. ദൈവ സാന്നിധ്യത്തില്‍ അശുദ്ധന്
പ്രവേശനം ഇല്ല.
സൌഖ്യമായ
കുഷ്ടരോഗി രോഗസൌഖ്യം വിധിക്കുവാന്‍ വൈദ്യനെ അല്ല കാണേണ്ടുന്നത്. അവന്‍ രോഗിയാണ്
എന്ന് വിധിച്ച പുരോഹിതന്‍ തന്നെ അവനെ സൌഖ്യമായി എന്ന് വിധിക്കേണം.
കാരണം,
യഥാര്‍ത്ഥത്തില്‍ പുരോഹിതന്‍ വിധിച്ചത് രോഗിയാണ് എന്നല്ല, അവന്‍ അശുദ്ധന്‍ ആണ്
എന്നാണ്.
ഇനി
അവന്‍ ശുദ്ധന്‍ എന്ന് വിധിക്കുവാന്‍ ദൈവീക നിയമനം ലഭിച്ച പുരോഹിതന് മാത്രമേ
അധികാരം ഉള്ളൂ.
ഒരുവന്‍
പാളയത്തിനുള്ളില്‍ വസിക്കേണമോ, പാളയത്തിന് പുറത്ത് വസിക്കേണമോ എന്ന്
തീരുമാനിക്കുന്നത് പുരോഹിതന്‍ ആണ്; പുരോഹിതന്‍ ദൈവത്തിന്റെ അധികാരി ആണ്; അവന്‍
ദൈവീക അധികാരത്തെ കാണിക്കുന്നു.
ഒരു
പാപി അശുദ്ധന്‍ ആണ്, അവനെ അശുദ്ധന്‍ എന്ന് വിധിച്ച് പാളയത്തിന് പുറത്താക്കിയതാണ്;
പാപി ദൈവ സന്നിധിയില്‍ നിന്നും അകറ്റപ്പെട്ടവന്‍ ആണ്. അവന് പാപമോചനം
നല്ലനടപ്പിനാല്‍ വരുകയില്ല; ദൈവം അവനെ ശുദ്ധന്‍ എന്ന് വിധിച്ചാല്‍ മാത്രമേ അവനു
വീണ്ടും ദൈവ സന്നിധിയില്‍ വസിക്കുവാന്‍ കഴിയൂ.
അതായത്,
ദൈവ സന്നിധിയിലേക്ക് മടങ്ങിവരുന്ന പാപിക്ക് ദൈവീക നീതീകരണം ലഭിച്ചാല്‍ മാത്രമേ
അവന് ദൈവീക പാളയത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ കഴിയൂ.
കുഷ്ഠരോഗം
സൌഖ്യമായി എന്ന് രോഗിക്ക് വിശ്വാസം ഉണ്ടായാലും, രോഗ ലക്ഷണങ്ങള്‍ എല്ലാം മാറി എന്ന്
അവനു ഉത്തമ ബോധ്യം വന്നാലും അവനു പാളയത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ കഴിയുക ഇല്ല.
പുരോഹിതന്
അവനെ ശുദ്ധന്‍ എന്ന് വിധിക്കുന്നത് വരെ, അവന്‍ പാളയത്തിന് പുറത്തു തന്നെ നില്‍ക്കേണം.
ദൈവത്താല്‍
നീതീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നതുവരെ പാപി ദൈവീക
പാളയത്തിന് പുറത്തുതന്നെ.
നമ്മെ
വിശുദ്ധീകരിക്കുന്ന വിശുദ്ധീകരണവും, നീതീകരിക്കുന്ന നീതീകരണവും നല്‍കുവാന്‍, മഹാപുരോഹിതനായ
യേശുക്രിസ്തുവിനാല്‍ മാത്രമേ സാധ്യമാകൂ. ഇതാണ് ലെവ്യപുസ്തകത്തിലെ കുഷ്ടരോഗിയുടെ
ശുദ്ധീകരണത്തെ കുറിച്ചുള്ള പ്രമാണങ്ങള്‍ പറയുന്നത്.
കുഷ്ടരോഗിയെ
രോഗസൌഖ്യമുള്ളവന്‍ എന്ന് വിധിക്കുവാന്‍ പുരോഹിതന്‍ പാളയത്തിന് പുറത്തേക്ക്
ചെല്ലേണം.
കുഷ്ടരോഗി
വസിക്കുന്ന ഇടം പാളയത്തിന് പുറത്താണ്; അവനു പാളയത്തിന്റെ വാതില്‍ക്കല്‍ വരെ
വരുവാന്‍ മാത്രമേ അനുവാദം ഉള്ളൂ.
പാളയത്തിനു
പുറത്തേക്ക് ഇറങ്ങിചെല്ലാത്ത ഒരു പുരോഹിതനും കുഷ്ടരോഗിയെ ശുദ്ധനാക്കി
പാളയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുവാന്‍ കഴിയുക ഇല്ല.
നമ്മളുടെ
കര്‍ത്താവ് അതുകൊണ്ടാണ്, ഒരു പൊതുവായ സ്ഥലത്ത്, സകല മാനവ ജാതിയും കാണുവാന്‍ തക്കവണ്ണം,
യഹൂദ പാളയത്തിന് പുറത്തുള്ള ഒരു മലമുകള്‍, തന്റെ ക്രൂശു മരണത്തിനായി തിരഞ്ഞെടുത്തത്.
അതിനെകുറിച്ചാണ്
നമ്മള്‍ എബ്രായര്‍ 13: 12, 13 വാക്യങ്ങളില്‍ വായിക്കുന്നത്: “അങ്ങനെ
യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു
പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു. ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു
പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക.”
കുഷ്ടരോഗിയെ
സൌഖ്യമാക്കുവാനായി പുരോഹിതന്‍ പാളയത്തിന് പുറത്തേക്ക് ഇറങ്ങിചെല്ലുന്നത് രക്ഷയുടെ
ദൈവകൃപ പാളയത്തിന് പുറത്തേക്ക്, പാപികളിലേക്ക് ഇറങ്ങിചെല്ലുന്നതിനെ കാണിക്കുന്നു.
ദൈവകൃപയോട്
അനുകൂലമായി പ്രതികരിക്കുന്ന ആര്‍ക്കും ഇന്ന് രക്ഷ ലഭ്യമാണ്.
വിശുദ്ധന്‍
അശുദ്ധന്‍ എന്ന വേര്‍തിരിവ് ദൈവകൃപയുടെ വ്യാപാരത്തിന് ഇല്ല; വിശുദ്ധനും അശുദ്ധനും
പ്രാപിക്കുവാന്‍ കഴിയുന്ന ഒരു ദൈവരാജ്യമേ ഉള്ളൂ. അത് കൈവശം ആക്കുവാന്‍
യേശുവിലൂടെയുള്ള രക്ഷയില്‍ വിശ്വസിച്ച് ശുദ്ധന്‍ ആകുക എന്ന ഒരു മാര്‍ഗ്ഗമേ ഉള്ളൂ.
കുഷ്ടരോഗിയുടെ
ശുദ്ധീകരണം നമ്മള്‍ ലെവ്യപുസ്തകത്തില്‍ തുടര്‍ന്ന് വായിക്കുന്നു.
കുഷ്ഠരോഗിയുടെ
കുഷ്ഠം സുഖമായി എന്നു പുരോഹിതൻ കണ്ടാൽ, ശുദ്ധീകരണം കഴിവാനുള്ളവന്നുവേണ്ടി ജീവനും
ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു,
ചുവപ്പുനൂൽ, ഈസോപ്പു
എന്നിവയെ കൊണ്ടുവരുവാൻ കല്പിക്കേണം. (4)
പുരോഹിതൻ
ഒരു പക്ഷിയെ ഒരു മൺപാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാൻ കല്പിക്കേണം. (5)
ജീവനുള്ള
പക്ഷി, ദേവദാരു,
ചുവപ്പുനൂൽ, ഈസോപ്പു
എന്നിവയെ അവൻ എടുത്തു ഇവയെയും
ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തിൽ മുക്കി
കുഷ്ഠശുദ്ധീകരണം
കഴിവാനുള്ളവന്റെമേൽ ഏഴു പ്രാവശ്യം തളിച്ചു അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും
ജീവനുള്ള പക്ഷിയെ വെളിയിൽ വിടുകയും വേണം. (6, 7)
ഇതാണ്
ശുദ്ധീകരണത്തിന്റെ ആദ്യത്തെ പടി.
ശുദ്ധീകരണം
ആഗ്രഹിക്കുന്ന സൌഖ്യമായ കുഷ്ടരോഗി, ജീവനുള്ളതും ശുദ്ധിയുള്ളതുമായ രണ്ടു പക്ഷികളെ
പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവരേണം. അതിനോടൊപ്പം ദേവദാരു,
ചുവപ്പുനൂൽ, ഈസോപ്പു
എന്നിവയും ഉണ്ടായിരിക്കേണം.
പുരോഹിതന്‍
അവന്‍ കൊണ്ടുവരുന്ന രണ്ടു പക്ഷികളില്‍ ഒന്നിനെ ഒഴുക്കുള്ള വെള്ളത്തിന്മീതെ
പിടിച്ചുകൊണ്ടു അറക്കുവാന്‍ കല്‍പ്പിക്കേണം.
ഈ
പക്ഷി അവന്റെ അശുദ്ധിക്കും, പാപിയുടെ പാപങ്ങള്‍ക്കും പരിഹാരമായി രക്തം ചൊരിഞ്ഞു
മരിക്കുക ആണ്. അതിന്റെ രക്തം ഒഴുക്കുള്ള വെള്ളം ദൂരേക്ക് വഹിച്ചുകൊണ്ട് പോകുക
ആണ്. ഇനി അശുദ്ധിയും പാപവും അവന്റെമേല്‍ നിലനില്‍ക്കുന്നില്ല.
അതിനുശേഷം,
കുഷ്ടരോഗി കൊണ്ടുവന്ന രണ്ടു പക്ഷികളില്‍ ജീവനുള്ള പക്ഷി,
ദേവദാരു, ചുവപ്പുനൂൽ,
ഈസോപ്പു എന്നിവയെ പുരോഹിതന്‍ എടുത്തു അറുത്ത പക്ഷിയുടെ
രക്തത്തിൽ മുക്കി കുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്റെമേൽ ഏഴു പ്രാവശ്യം തളിച്ചു അവനെ
ശുദ്ധിയുള്ളവനെന്നു വിധിക്കേണം.
പിന്നീട്,
രക്തത്തില്‍ മുക്കിയ ജീവനുള്ള പക്ഷിയെ വെളിയിൽ സ്വതന്ത്രനായി വിടുകയും വേണം.
ഈ
പക്ഷി, ശുദ്ധന്‍ ആയിതീര്‍ന്ന കുഷ്ടരോഗിയുടെ പാപവും അശുദ്ധിയും വഹിച്ചുകൊണ്ട്
ദൂരേക്ക് പോകുന്നു. അത് ഒരിക്കലും തിരികെ വരുന്നില്ല. യേശുക്രിസ്തുവിന്‍റെ ക്രൂശ്
മരണത്തോടെ സാധ്യമായ, എന്നന്നെക്കുമുള്ള പാപ പരിഹാരത്തിന്റെ ഒരു മനോഹര ചിത്രം
ആണിത്.
ഇപ്രകാരം
ശുദ്ധീകരണം കഴിയുന്നവൻ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൌരം ചെയ്യിച്ചു വെള്ളത്തിൽ
കുളിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും;
അതിന്റെ ശേഷം അവൻ പാളയത്തിൽ
ചെന്നു തന്റെ കൂടാരത്തിന്നു പുറമേ ഏഴു ദിവസം പാർക്കേണം.
ഈ
ദിവസങ്ങളില്‍ അവന്‍ പാളയത്തിനുള്ളില്‍ ആണ് എങ്കിലും, കുടുംബാംഗങ്ങളുമായോ പൊതു
സമൂഹമായോ സ്വതന്ത്രമായ സഹകരണത്തിന് സ്വാതന്ത്ര്യം ഇല്ല.
എട്ടാം
ദിവസത്തെ യാഗത്തോടെ ആണ് അവന്‍ സംമ്പൂര്‍ണ്ണമായും ശുദ്ധന്‍ ആയി തീരുന്നത്.
എട്ടാം
ദിവസത്തെ യാഗത്തിന് വളരെ പ്രാധാന്യം ഉണ്ട്. അതില്‍ വളരെയധികം ആത്മീയ മര്‍മ്മങ്ങള്‍
ഉള്‍ക്കൊണ്ടിരിക്കുന്നു.
എട്ടാം
ദിവസം അവൻ ഊനമില്ലാത്ത
രണ്ടു ആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും
ഭോജനയാഗമായിട്ടു എണ്ണചേർത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും
കൊണ്ടുവരേണം. (10)
പുരോഹിതൻ
ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അർപ്പിച്ചു യഹോവയുടെ
സന്നിധിയിൽ നീരാജനം ചെയ്യേണം. (12)
അവൻ
വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു
കുഞ്ഞാടിനെ അറുക്കേണം. (13)
പുരോഹിതൻ
അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും
വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടേണം. (14)
പിന്നെ
പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യിൽ ഒഴിക്കേണം. (15)
പുരോഹിതൻ
ഇടങ്കയ്യിൽ ഉള്ള എണ്ണയിൽ വലങ്കയ്യുടെ വിരൽ മുക്കി വിരൽകൊണ്ടു ഏഴു പ്രാവശ്യം
യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കേണം. (16)
ഉള്ളങ്കയ്യിൽ
ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും
വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും
അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടേണം. (17)
പുരോഹിതന്റെ
ഉള്ളങ്കയ്യിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം
കഴിയുന്നവന്റെ തലയിൽ ഒഴിച്ചു യഹോവയുടെ സന്നിധിയിൽ അവന്നുവേണ്ടി പ്രായശ്ചിത്തം
കഴിക്കേണം. (18)
നമ്മള്‍
വായിച്ചതെല്ലാം ഒന്നുകൂടി സാവകാശം ചിന്തിക്കാം.
കുഷ്ടരോഗി
പുരോഹിതനെ തന്നെതന്നെ കാണിക്കുകയും, പുരോഹിതന്‍ അവനെ രോഗസൌഖ്യം ഉള്ളവനായി കണ്ടു
പാളയത്തിന് ഉള്ളില്‍ പ്രവേശിക്കുവാന്‍ അനുവദിക്കയും ചെയ്യുന്നു.
എന്നാല്‍
ഏഴ് ദിവസങ്ങള്‍ അവന്‍ നിരീക്ഷണത്തില്‍ എന്നപോലെ ഏകനായി താമസിക്കുന്നു.
രോഗം
വീണ്ടും വരുന്നില്ല എങ്കില്‍, എട്ടാം ദിവസം അവന്‍ ശുദ്ധീകരണത്തിനായി യാഗം അര്‍പ്പിക്കുവാന്‍
പുരോഹിതന്‍റെ അടുക്കല്‍, സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ചെല്ലുന്നു.
അവന്‍
യാഗത്തിനായി, ഊനമില്ലാത്ത രണ്ടു ആൺകുഞ്ഞാടിനെയും ഒരു
വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണചേർത്ത
മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുചെല്ലുന്നു.
ഇനി
പുരോഹിതന്‍ യാഗത്തിലെക്കും ശുദ്ധീകരണ പ്രക്രിയകളിലെക്കും കടക്കുക ആണ്.
ഈ
ശുദ്ധീകരണ പ്രക്രിയകളില്‍ രക്ഷയുടെ മര്‍മ്മം ദൈവം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഇതാണ് നമ്മള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത്.
പുരോഹിതന്‍
വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു
കുഞ്ഞാടിനെ അറുക്കേണം. (13). അശുദ്ധനായ ഒരു മനുഷ്യനുവേണ്ടി, ഊനമില്ലാത്ത ഒരു
കുഞ്ഞാട് അറുക്കപ്പെടുക ആണ്.
ഇവിടെ
കുഞ്ഞാടിനെ കൊല്ലേണം എന്നല്ല ദൈവ പ്രമാണം പറയുന്നത് എന്നത് പ്രത്യേകം
ശ്രദ്ധിക്കുക. കുഞ്ഞാടിനെ അറുക്കേണം.
അതായത്
പാപിയായ മനുഷ്യന്‍റെ പാപപങ്കിലമായ ജീവനുപകരമായി ഒരു കുഞ്ഞാട് തന്റെ ജീവനെ ഒഴുക്കി
കളയേണം. പകരക്കാരന്‍ രക്തം ചോരിയേണം. ജീവന്‍ രക്തില്‍ ആണ് ഇരിക്കുന്നത്.
ഇതു
അശുദ്ധന്റെ മരണമാണ്. അവന്റെ രക്തം ഒഴുക്കി കളഞ്ഞ് അവന്‍ മരിക്കുക ആണ്. അശുദ്ധന്‍
മരിക്കാതെ ശുദ്ധന്‍ ജനിക്കുക ഇല്ല.
ഇതു
പാപത്തിന്റെ അകൃത്യങ്ങള്‍ക്കുള്ള പരിഹാര യാഗം.
ശുദ്ധീകരണം
ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ശുദ്ധീകരണത്തോടൊപ്പം അഭിഷേകവും ഉണ്ട്.
അഭിഷേകം
ശുദ്ധീകരണവും മുദ്രവയ്ക്കലും കൂടി ആണ്. അത് ഒരുവനെ വേര്‍തിരിക്കുന്ന പ്രക്രിയ ആണ്.
അഭിഷേകം
വേര്‍പാടിന്റെ പ്രക്രിയ ആണ്.
യേശുക്രിസ്തുവിലൂടെയുള്ള
പാപമോചാനത്തിനായും ശുദ്ധീകരണത്തിനായും, രക്തത്താലും ആത്മാവിനാലും ഉള്ള, അഭിഷേകം
ഇവിടെയും നമുക്ക് കാണുവാന്‍ കഴിയും.
പുരോഹിതന്‍
പ്രാധാനമായും ചെയ്യുന്നത് എന്തെല്ലാം ആണ് എന്ന് നോക്കാം.
കുഞ്ഞാട്
യാഗമായി അറുക്കപ്പെട്ടു കഴിഞ്ഞു.
രോഗസൌഖ്യം
പ്രാപിച്ച കുഷ്ടരോഗി സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ നില്‍ക്കുന്നു.
അപ്പോള്‍,
പുരോഹിതന്‍ കുഞ്ഞാടിന്റെ രക്തത്തില്‍ കുറെ എടുത്ത് ശുദ്ധനായ കുഷ്ടരോഗിയുടെ
വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ
പെരുവിരലിന്മേലും പുരട്ടേണം.
ഇതിനെ,
അവന്റെ കാതിനെയും, കൈകളെയും കാലുകളേയും കുഞ്ഞാടിന്റെ രക്തം കൊണ്ട്
ശുദ്ധീകരിക്കുന്നതായും, മുദ്ര ഇടുന്നതായും, അഭിഷേകം ചെയ്യുന്നതായും
വ്യാഖ്യാനിക്കാം.
അവന്‍
മേലില്‍ എന്ത് കേള്‍ക്കേണം, എന്ത് ചെയ്യേണം, ഏതു വഴി പോകേണം എന്നതിനെ എല്ലാം
ശുദ്ധീകരിക്കുന്നതായോ, വേര്‍തിരിക്കുന്നതായോ കാണാവുന്നതാണ്.
പൊതുവേ
പറഞ്ഞാല്‍ പഴയ കുഷ്ടരോഗി ആസകലം പാപ പരിഹാര രക്തം കൊണ്ട് ശുദ്ധീകരിക്കപ്പെടുക ആണ്.
അവന്‍റെ
ജീവിതം മുഴുവനും രക്തത്താല്‍ മൂടപ്പെടുക ആണ്.
അഭിഷേകം
വേര്‍തിരിക്കുന്ന പ്രക്രിയ ആയതിനാല്‍, അവന്‍ ദൈവരാജ്യത്തിനായി വേര്‍തിരിക്കപ്പെടുക
ആണ്.
ശുദ്ധീകരണവും
അഭിഷേകവും രക്തം കൊണ്ട് മാത്രം തീരുന്നില്ല. പരിശുദ്ധമാവിനാല്‍ അവന്‍
ശുദ്ധീകരിക്കപ്പെടുകയും അഭിഷേകം ചെയ്യപ്പെടുകയും വേണം.
അതിനായി, പുരോഹിതന്‍
അവനെ, അവന്‍ കൊണ്ടുവന്ന
എണ്ണകൊണ്ട് ശുദ്ധീകരിക്കുകയും അഭിഷേകം ചെയ്യുകയും ചെയ്യുന്നു.
ഇവിടെ
സങ്കീര്‍ണ്ണമായ ചില മര്‍മ്മങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആദ്യം പുരോഹിതന്‍ എണ്ണയില്‍
തന്റെ വലംകൈയുടെ വിരല്‍ മുക്കി ഏഴ് പ്രാവശ്യം യഹോവയുടെ സന്നിധിയില്‍ തളിക്കേണം.
എണ്ണ
പരിശുദ്ധാത്മാവിനെ കാണിക്കുന്നു. അത് ദൈവസന്നിധിയില്‍ നിന്നും പുറപ്പെട്ടു
വരുന്നു. അതിനാല്‍ അത് വിശുദ്ധവും ശക്തീകരിക്കുന്നതും ആണ്.
ശേഷിക്കുന്ന
എണ്ണയില്‍ കുറെ പുരോഹിതന്‍ ശുദ്ധനായ കുഷ്ടരോഗിയുടെ വലത്തുകാതിന്മേലും
വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.
കുഞ്ഞാടിന്റെ
രക്തം കൊണ്ട് ചെയ്ത അതെ പ്രക്രിയ തന്നെ വീണ്ടും എണ്ണകൊണ്ടും ചെയ്യുക ആണ്.
എന്നാല്‍
ഇവിടെ ഒരു കാര്യം എടുത്തു പറയുന്നുണ്ട്. എണ്ണ പുരട്ടുന്നത്, മുമ്പ് കുഞ്ഞാടിന്റെ
രക്തം പുരട്ടിയ അതെ സ്ഥലങ്ങളിലും, രക്തത്തിന് മീതെയും ആണ്.
അതായത്
കുഞ്ഞാടിന്റെ പാപ പരിഹാര യാഗവും, കുഞ്ഞാടിന്റെ രക്തവും ഇല്ലാതെ
പരിശുദ്ധാത്മാവിന്റെ അഭിഷേകം ഇല്ല. പരിശുദ്ധാത്മാവിന്റെ അഭിഷേകം രക്ഷിക്കപ്പെട്ട
ദൈവജനത്തിന്റെ മേലുള്ള ദൈവത്തിന്‍റെ മുദ്ര ആണ്. അത് അവരെ, രക്തത്താലും
ആത്മാവിനാലും വേര്‍തിരിച്ചിരിക്കുന്നു എന്നതിന്‍റെ അടയാളം ആണ്.
പുരോഹിതന്‍
ഒരു കാര്യം കൂടി ചെയ്യുന്നതായി നമ്മള്‍ വായിക്കുന്നു: പുരോഹിതന്റെ ഉള്ളങ്കയ്യിൽ
ശേഷിപ്പുള്ള എണ്ണ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ചു യഹോവയുടെ സന്നിധിയിൽ
അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കുന്നു. (18)
അതായത്
ശുദ്ധനായ കുഷ്ടരോഗിയെ പരിശുദ്ധാത്മാവിന്റെ നിറവില്‍ നിറുത്തുകയും അതേ ആത്മാവിനാല്‍
ശുദ്ധീകരിക്കുകയും ആണ്.
ശിരസ്സില്‍ ഒഴിക്കുന്ന എണ്ണ പരിശുദ്ധാത്മാവിന്റെ നിറവിനെ
കാണിക്കുന്നു. അതായത്
അവന്‍ ഇനി ശിരസ്സ് മുതല്‍ ഉള്ളം കാല്‍ വരെ ശുദ്ധിയുള്ളവന്‍
ആണ്.
ഒരു
പാപിയുടെ മാനസന്തരത്തിലും, വീണ്ടും ജനനത്തിലും നമ്മളുടെ കര്‍ത്താവ് ചെയ്യുന്ന
ശുദ്ധീകരണ പ്രക്രിയ ആണ് നമ്മള്‍ ഇവിടെ മനസ്സിലാക്കുന്നത്.
രക്തത്താലും
ആത്മാവിനാലും ശുദ്ധീകരണം പ്രാപിച്ചവനെ മഹാപുരോഹിതന്‍ ആയ യേശുക്രിസ്തു,
വിശുദ്ധീകരിച്ചും, നീതീകരിച്ചും, തേജസ്കരിച്ചുമിരിക്കുന്നു.
ഉപസംഹാരം
ഞാന്‍
ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.
നമ്മള്‍
ഇതുവരെ പഠിച്ചത്, കുഷ്ടരോഗിയുടെ ശുദ്ധീകരണം എന്ന പഴയനിയമ മര്‍മ്മം ആണ്.
ത്വക്കില്‍
ഉള്ളതും, എന്നാല്‍ ത്വക്കില്‍ നിന്നും ആഴത്തിലേക്ക് മാംസത്തിലേക്ക് തുളച്ചുകയറുന്നതും,
പരക്കുന്നതും, മറ്റുള്ളവരിലേക്ക് പകരുന്നതുമായ കുഷ്ഠരോഗം പാപത്തിന്‍റെ
വസ്തുനിഷ്ടാപരമായ ഒരു ചിത്രം ആണ്.
കുഷ്ടരോഗിയും
പാപിയും അശുദ്ധന്‍ ആണ്, അതിനാല്‍ അവന്‍ ദൈവസന്നിധിക്ക് പുറത്ത് വസിക്കുന്നു.
എന്നാല്‍,
കുഷ്ടരോഗി എന്നും അങ്ങനെ തന്നെ അകന്ന് ജീവിക്കേണം എന്ന് ദൈവം ആഗ്രഹിക്കുന്നില്ല.
അവനു
സൌഖ്യം പ്രാപിച്ച് മടങ്ങിവരുവാനുള്ള അവസരം ദൈവം നല്‍കുന്നുണ്ട്.
പാപത്തെ
ഉപേക്ഷിച്ച്, സൌഖ്യം പ്രാപിച്ച് മടങ്ങി വന്നാല്‍, അവന്‍ യേശുവിന്‍റെ രക്താലും
പരിശുദ്ധാത്മാവിനാലും ശുദ്ധീകരിക്കപ്പെടുകയും, വേര്‍തിരിക്കപ്പെടുകയും, മുദ്ര
ഇടപ്പെടുകയും, അഭിഷേകം ചെയ്യപ്പെടുകയും ചെയ്യും.
പിന്നെ,
അവനു എന്നും ദൈവത്തോടുകൂടെയും ദൈവജനത്തോടൊപ്പവും, ദൈവരാജ്യത്തില്‍ നിത്യമായി
ജീവിക്കാം.
ഈ സന്ദേശം ക്ഷമയോടെ കണ്ടതിനും
കേട്ടതിനും നന്ദി.
കര്‍ത്താവ് നിങ്ങളെ സമൃദ്ധമായി
അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment