അപ്പോസ്തലനായ യോഹന്നാന്‍, വെളിപ്പാട്
പുസ്തകം, രണ്ട്, മൂന്ന് അദ്ധ്യായങ്ങളിലായി ആദ്യ നൂറ്റാണ്ടിലെ ഏഴ് സഭകള്‍ക്കുള്ള യേശുക്രിസ്തുവിന്റെ
ദൂതുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ദൂതുകള്‍ ആണ് നമ്മളുടെ ഈ പഠനത്തിന്‍റെ
വിഷയം.
ഇതു അല്‍പ്പം സുദീര്‍ഘമായ പഠനം ആണ്.
എന്നാല്‍, ഈ വീഡിയോ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുവാനായി തയ്യാറാക്കിയത്
ആയതിനാല്‍, ഇതിന് സമയ പരിധി ഉണ്ട്. അതുകൊണ്ട്, ഈ പഠനം രണ്ടു ഭാഗങ്ങള്‍ ആയി
വിഭജിച്ചിരിക്കുന്നു.
ഒന്നാമത്തെ ഭാഗത്തില്‍, ഏഴ് ദൂതുകള്‍ക്കുള്ള
ആമുഖവും, ആദ്യത്തെ മൂന്ന് സഭകളോടുള്ള ദൂതും വിവരിക്കുന്നു. രണ്ടാമത്തെ ഭാഗത്ത് ശേഷമുള്ള നാല്
സഭകളോടുള്ള ദൂതും, ഈ പഠനത്തിന്‍റെ ഉപസംഹാരവും ഉള്‍പ്പെടുത്തിയിരിക്കുന്നു.
പഠനം
യേശുക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവ്
വരെയുള്ള അന്ത്യകാല സംഭവങ്ങള്‍, അപ്പോസ്തലനായ യോഹന്നാന് വെളിപ്പാടിനാല്‍
ലഭിച്ചതിന്‍റെ എഴുതപ്പെട്ട രേഖയാണ് വേദപുസ്തകത്തിലെ അവസാന പുസ്തകമായ വെളിപ്പാട്
പുസ്തകം.
പത്മോസ് എന്ന ദീപില്‍,
നാടുകടത്തപ്പെട്ട യോഹന്നാന്, ഏകാന്തതയില്‍ യേശുക്രിസ്തു പ്രത്യക്ഷന്‍ ആയി നല്‍കിയതാണ്
ഈ വെളിപ്പാടുകള്‍.
“നീ കാണുന്നതു ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്,
സ്മുർന്നാ; പെർഗ്ഗമൊസ്,
തുയഥൈര, സർദ്ദിസ്,
ഫിലദെൽഫ്യ, ലവൊദിക്ക്യാ
എന്ന ഏഴു സഭകൾക്കും അയക്കുക” എന്നിങ്ങനെ യേശുക്രിസ്തു യോഹന്നാനോട് അരുളിച്ചെയ്തു.
(വെളിപ്പടി 1: 11)
ഈ സഭകള്‍ എല്ലാം അതതു പേരുകളില്‍ അറിയപ്പെട്ടിരുന്ന 7 പട്ടണങ്ങളിലെ,
ആദ്യകാല പ്രാദേശിക സഭകള്‍ ആയിരുന്നു.
അവയെല്ലാം, ഏഷ്യാ മൈനര്‍ എന്ന്
വിളിക്കപ്പെട്ടിരുന്ന, ഇന്നത്തെ
തുര്‍ക്കി എന്ന
രാജ്യത്ത് സ്ഥിതിചെയ്തിരുന്നു.
പത്മോസില്‍ നിന്നും ഒരു ദൂത് വാഹി യാത്രചെയ്താല്‍ എത്തിച്ചേരുന്ന ക്രമത്തില്‍ ആണ് ഇവയുടെ പേരുകള്‍ നല്‍കിയിരിക്കുന്നത്.
ദൈവം ഈ സഭകളെ തിരഞ്ഞെടുത്തിരിക്കുന്നത്,
കാലാതീതമായി ദൈവസഭയോടുള്ള പ്രധാനപ്പെട്ട ചില ദൂതുകള്‍
അറിയിക്കുവാന്‍ വേണ്ടി കൂടി ആണ്.
അതായത്,
ഓരോ സന്ദേശവും ചരിത്രപരവും, കലാതീതമായ പ്രവചനങ്ങളും ആണ്.
“നീ കണ്ടതും ഇപ്പോൾ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും ....
എഴുതുക.” എന്നാണ് കര്‍ത്താവ് പറഞ്ഞത്. (1:19).
ഈ
ദൂതുകള്‍ക്കെല്ലാം പൊതുവായ ചില പ്രത്യേകതകള്‍ ഉണ്ട്.
ഓരോ
സഭയ്ക്കും ക്രിസ്തു തന്നെ പരിചയപ്പെടുത്തിക്കൊണ്ട് ദൂതുകള്‍ ആരംഭിക്കുന്നു.
അതിനുശേഷം
സഭയെകുറിച്ചുള്ള ക്രിസ്തുവിന്‍റെ വിലയിരുത്തല്‍ പറയുന്നു.
പിന്നീട് ഒരു ശകാരമോ ആഹ്വാനമോ നല്‍കുന്നു;
അതിന് പിന്നാലെ ജയിക്കുന്നവര്‍ക്ക് ഉള്ള പ്രതിഫലം വാഗ്ദാനം ചെയ്യുന്നു.
എല്ലാ ദൂതുകളുടെയും അവസാന ഭാഗത്ത്
നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ
കേൾക്കട്ടെ.”
എല്ലാ ദൂതുകളും അതാതു സഭയുടെ ദൂതന്
ആണ് എഴുതിയിരിക്കുന്നത്. അതിനാല്‍ വെളിപ്പാട് 1: 20 ല്‍ പറയുന്ന ഏഴു സഭകളുടെ ദൂതന്മാര്‍
സ്വര്‍ഗീയ ദൂതന്മാര്‍ ആണ് എന്ന് ചില വേദ പണ്ഡിതന്‍മാര്‍ വിശ്വസിക്കുന്നു.
ഇവര്‍ അതാതു സഭകളെ സൂക്ഷിക്കുകയും
പരിപാലിക്കുകയും ചെയ്യുന്ന സംരക്ഷണ മാലാഖമാര്‍ ആണ് എന്ന് വിശ്വസിക്കുന്നവരും
ഉണ്ട്.
എന്നാല്‍ മാലാഖമാര്‍ ഈ ദൂതുകള്‍ സഭയെ
വായിച്ചു കേള്‍പ്പിച്ചു എന്ന് ചിന്തിക്കുന്നതില്‍ അസ്വാഭാവികത ഉണ്ട്.
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക്
ഭാഷയിലെ ഏന്‍ജലോസ് (angelos) എന്ന വാക്കിന് ദൂത് വാഹി എന്ന അര്‍ത്ഥമേ ഉള്ളൂ. ഈ
വാക്ക് സ്വര്‍ഗീയ ദൂതന്മാരെക്കുറിച്ചും, മത്തായി 11: 10 ല്‍
യോഹന്നാന്‍ സ്നാപകന്‍ എന്ന മനുഷ്യനെ കുറിച്ചും പറയുവാന്‍ ഉപയോഗിച്ചിട്ടുണ്ട്.
അതിനാല്‍, ഏന്‍ജലോസ് (angelos),
സ്വര്‍ഗീയ ദൂതന്മാരോ, ദൂത് വാഹകരായി ദൈവം നിയോഗിച്ച മനുഷ്യരോ ആകാം.
അതുകൊണ്ട്, ഏഴു ദൂതന്മാര്‍
ദൂതുവാഹികളായ ഏഴ് മനുഷ്യര്‍ ആയിരുന്നു എന്ന് അനേകര്‍ വിശ്വസിക്കുന്നു. അവര്‍
യോഹന്നാന്‍ എഴുതിയ, യേശുക്രിസ്തുവിന്‍റെ ദൂത് അതാതു സഭകള്‍ക്ക് എത്തിച്ചു കൊടുത്തു.
ഈ ദൂതുകള്‍ സഭകളില്‍ വായിച്ച
വ്യക്തികളാണ് ദൂതന്മാര്‍ എന്ന് വിളിക്കപ്പെടുന്നത് എന്ന് വിശ്വസിക്കുന്നവരും
ഉണ്ട്. അതായത് സഭയുടെ ശുശ്രൂഷകന്മാര്‍ ദൂതുകള്‍ സഭയില്‍ വായിച്ച് കേള്‍പ്പിച്ചിരുന്നു.
അവരെ ദൂതന്മാര്‍ എന്ന് വിളിക്കാം.
സഭകള്‍ക്കുള്ള ദൂത് യേശുക്രിസ്തുവില്‍
നിന്നാണ് എന്നത് അവന്റെ ദൈവീകത്വത്തെ കാണിക്കുന്നു.
വെളിപ്പാട് പുസ്തകം ഒന്നാം
അദ്ധ്യായത്തിലെ, തേജസ്കരിക്കപ്പെട്ട യേശുവിന്റെ പ്രത്യക്ഷത വര്‍ണ്ണിക്കുന്നത്,
അക്കാലത്ത് ഗ്രീക്ക് ദേവന്മാരുടെ പ്രത്യക്ഷത വര്‍ണ്ണിക്കുന്ന ശൈലിയില്‍ ആണ്.
അതായത്, യേശുക്രിസ്തു ദൈവം തന്നെ എന്ന് യോഹന്നാന്‍ വിശ്വസിച്ചിരുന്നു. തന്‍റെ
വായനക്കാരും അങ്ങനെ മനസ്സിലക്കേണം എന്ന് അവന്‍ ആഗ്രഹിച്ചിരുന്നു.
ഈ ദൂതുകള്‍ എല്ലാം വിവിധ സഭകളെ
അഭിസംബോധനം ചെയ്യുന്ന ഓരോ കത്തുകള്‍ ആയിരുന്നു എന്ന് അറിയാമല്ലോ. ഈ കത്തുകളുടെ
പ്രാഥമിക ഉദ്ദേശ്യം അന്ന് നിലവില്‍ ഉണ്ടായിരുന്നതും, കത്തുകളില്‍ പറയുന്നതുമായ
പ്രാദേശിക സഭകള്‍ക്കുള്ള പ്രത്യേക സന്ദേശം അറിയിക്കുക എന്നതായിരുന്നു.
സഭകളുടെ ആത്മീയ ആവശ്യങ്ങള്‍ക്കും, ഉല്‍കണ്ഠയ്ക്കും, കഷ്ടനഷ്ടങ്ങള്‍ക്കും, മറുപടിയും, ആശ്വാസവും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും,
പ്രോത്സാഹനവും എല്ലാം ഈ കത്തുകളില്‍ ഉണ്ടായിരുന്നു.
ഇവയില്‍ പറയുന്ന നന്മ
തിന്മകളോടെ പ്രാദേശിക സഭകള്‍ അന്ന് നിലവില്‍ ഉണ്ടായിരുന്നു.
സഭകലോടുള്ള ദൂതിന്റെ
അഥവാ കത്തുകളുടെ രണ്ടാമത്തെ ഉദ്ദേശ്യം, ചരിത്രത്തില്‍ എക്കാലവും ഉള്ള ആഗോള സഭകള്‍ക്കുള്ളതും
വ്യക്തികള്‍ക്ക് ഉള്ളതുമായ സന്ദേശങ്ങള്‍ ആണ്.
അപ്പോസ്തലനായ പൌലോസിന്റെ കാലം മുതല്‍
യേശുവിന്‍റെ രണ്ടാമത്തെ വരവ് വരെയുള്ള, ചരിത്രത്തിലെ വ്യത്യസ്തങ്ങള്‍ ആയ
കാലഘട്ടങ്ങളിലെ സഭകളോടുള്ള ദൂതായും ഇതിനെ കാണാവുന്നതാണ്.
ഇപ്രകാരമുള്ള ചരിത്ര കാലഘട്ടത്തെ
കുറിച്ച് വ്യക്തമായ തെളിവുകള്‍ ഈ ദൂതുകളില്‍ നമ്മള്‍ കാണുന്നില്ല.
ദൂതുകള്‍ പലയിടത്തും ചരിത്രകാലങ്ങള്‍
അങ്ങോട്ടും ഇങ്ങോട്ടും കടന്നുകയറുന്നുണ്ട് എങ്കിലും ചരിത്രപരമായ പുരോഗതി ഇവിടെ
നമുക്ക് കാണാവുന്നതാണ്.
അങ്ങനെ, എഫെസൊസ് പൊതുവായി
അപോസ്തലന്മാരുടെ കാലഘട്ടത്തെ കാണിക്കുന്നു.
അന്നുമുതല്‍ തന്നെ സഭയില്‍
കടന്നുകൂടിയ ദുഷ്ടത വര്‍ദ്ധിച്ച് അത് ലവൊദിക്ക്യയിലെ സഭയിലെ വിശ്വാസത്യാഗത്തില്‍
എത്തിനില്‍ക്കുന്നു.
അതായത്, വെളിപ്പാട് പുസ്തകത്തില്‍
പറഞ്ഞിരിക്കുന്ന ഏഴു സഭകള്‍, ആഗോള സഭയുടെ ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന
രീതിയല്‍ ദൈവത്താല്‍ ക്രമീകരിക്കപ്പെട്ടതാണ്.
ഈ ചിന്താധാരയ്ക്കും ചില പോരായ്മകള്‍
ഉണ്ട്. വെളിപ്പാട് പുസ്തകത്തിലെ ഏഴ് സഭകലെപ്പോലെ ഉള്ള പ്രാദേശിക സഭകള്‍
എല്ലാകാലത്തും അങ്ങിങ്ങായി കാണാം.
അതായത്, ഈ ഏഴു ദൂതുകളും
എല്ലാകാലത്തും ക്രിസ്തീയ സഭയ്ക്ക് ബാധകമായ ദൂതുകള്‍ തന്നെ ആണ്.
ഈ ദൂതുകളിലൂടെ ദൈവം ഇന്നും നമ്മളോട്
ചില കാര്യങ്ങള്‍ അരുളിചെയ്യുക ആണ്.
അതായത്, ഈ ദൂതുകളുടെ മൂന്നാമത്തെ
ഉദ്ദേശ്യം എല്ലാക്കാലത്തും ഉള്ള സഭയോടുള്ള ദൂതാണ്.
എല്ലാ ദൂതുകളുടെയും അവസാനഭാഗത്ത്,
ജയിക്കുന്നവര്‍ ആയിതീരുവാന്‍ ക്രിസ്തു നമ്മളെയും ആഹ്വാനം ചെയ്യുന്നു.
അതിന്റെ അര്‍ത്ഥം, എതിര്‍പ്പുകളും
പീഡനങ്ങളും, കലഹങ്ങളും സഭയ്ക്ക് നേരെ ഉണ്ടാകും എന്നും വിശ്വാസികള്‍ അവയെ എതിര്‍ത്ത്
ജയിക്കേണം എന്നും ആണ്.
ഇവിടെ ദൈവജനം ഈ അന്ത്യകാലത്ത്
ദൈവത്തിന്റെ പടജനമായി മാറുന്നു. അവര്‍ യുദ്ധം ചെയ്യുന്നു; ശത്രുവിനെ തോല്‍പ്പിക്കുന്നു;
അങ്ങനെ യുദ്ധത്തില്‍ ജയിക്കുന്നു.
ഓരോ കത്തിലും ജയിക്കുന്നവര്‍ക്ക് നല്‍കുന്ന
പ്രതിഫലങ്ങളുടെ വാഗ്ദാനം എല്ലാ കാലത്തേയും, എല്ലാ സഭകള്‍ക്കും വിശ്വാസികള്‍ക്കും
ഉള്ളതാണ്. അത് ജയിക്കുന്നവര്‍ക്കുള്ള പ്രതിഫലം ആണ്.
അതിനായി, : “ആത്മാവു സഭകളോടു
പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.”
ഇനി നമുക്ക് ഓരോ കത്തുകള്‍
പ്രത്യേകമായി പഠിക്കാം.
1.
എഫെസൊസിലെ സഭയ്ക്കുള്ള ദൂത് (വെളിപ്പാട്
2: 1 – 7)
ഒന്നാമത്തെ ദൂത്, എഫെസൊസ് എന്ന
പ്രാദേശിക സഭയ്ക്കുള്ള ദൂതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എഫെസൊസ് എന്ന വാക്കിന്റെ അര്‍ത്ഥം,
“ആഗ്രഹിക്കത്തക്കത്” എന്നാണ്.
ഏഷ്യ മൈനര്‍ എന്ന് അറിയപ്പെട്ടിരുന്ന
പ്രദേശത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തായി, ഒരു നദീതടത്തില്‍ സ്ഥിചെയ്തിരുന്ന
പ്രസിദ്ധമായ പട്ടണമായിരുന്നു എഫെസൊസ്.
അത് ഏഷ്യ മൈനറിലേക്കുള്ള
പ്രവേശനകവാടം ആയിരുന്നു. അന്നത്തെ പട്ടണം സ്ഥിതിചെയ്തിരുന്ന പ്രദേശം, ഇന്ന്
പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ആണ്.
നദീതീരത്തിന്റെ മാറ്റങ്ങള്‍
അനുസരിച്ച് ഈ പട്ടണം അഞ്ച് പ്രാവശ്യം അതിന്റെ തുറമുഖത്തോടൊപ്പം മാറ്റി
സ്ഥാപിച്ചിട്ടുണ്ട് എന്ന് ചരിത്ര രേഖകള്‍ പറയുന്നു.
ഈ പട്ടണത്തില്‍, അത് മൂന്നാമത്
മാറ്റി സ്ഥാപിച്ചപ്പോള്‍, ഏകദേശം രണ്ടര ലക്ഷത്തോളം ആളുകള്‍ ജീവിച്ചിരുന്നു എന്ന്
കണക്കാക്കപ്പെടുന്നു.
ദേവന്മാരുടെ മാതാവ് എന്ന്
അറിയപ്പെട്ടിരുന്ന, ഡയാന അഥവാ അര്‍ത്തെമിസ് ദേവിയുടെ ആരാധനയുടെ കേന്ദ്രം ആയിരുന്നു
ഈ പട്ടണം.
BC 480 ല്‍ അര്‍ത്തെമിസ് ദേവിയുടെ
ഒരു വലിയ ക്ഷേത്രം ഇവിടെ പണിതുയര്‍ത്തി. അത് അന്നത്തെ ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍
ഒന്നായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ അര്‍ത്തെമിസ് ദേവിയെ ആരാധിക്കുവാനായി ഇവിടെ
വരാറുണ്ടായിരുന്നു.
ഈ ക്ഷേത്രം 263 AD ല്‍
നശിപ്പിക്കപ്പെട്ടു; അതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും പുരാവസ്തുവായി അവിടെ ഉണ്ട്.
ഇതിനോടൊപ്പം തന്നെ, ഈ പട്ടണത്തില്‍
പ്രശസ്തമായ ഒരു പുസ്തകശാലയും ഒരു വൈദ്യ പഠന കേന്ദ്രവും ഉണ്ടായിരുന്നു.
റോമന്‍ ചക്രവര്‍ത്തിയെ ദൈവമായി
ആരാധിക്കുന്നതില്‍ മുന്നില്‍ നിന്നതിനാല്‍, സ്മൂര്‍ന്ന, പെര്‍ഗ്ഗമൊസ് എന്നീ
പട്ടണങ്ങളെക്കാള്‍, രാഷ്ട്രീയമായി കൂടുതല്‍ ശക്തരും റോമന്‍ ഭരണകൂടത്തിന്‍റെ
ഇഷ്ടക്കാരും ആയിരുന്നു എഫസൊസുകാര്‍.
അപ്പോസ്തലന്മാരായ പൌലോസിനും
യോഹന്നാനും ഈ പട്ടണം സുപരിചിതം ആയിരുന്നു.
പത്മോസില്‍ ആയിരുന്ന യോഹന്നാന്‍റെ
പക്കല്‍നിന്നും യേശുക്രിസ്തുവിന്റെ ദൂതുമായി പുറപ്പെട്ടു പോരുന്ന ഒരുവന്‍ ആദ്യം
എത്തിച്ചേരുക എഫേസോസ് പട്ടണത്തില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ അത് ആദ്യത്തെ ദൂത്
ആയി.
എഫെസൊസിനുള്ള ദൂതില്‍, ദുരുപദേശങ്ങള്‍
പഠിപ്പിക്കുന്ന വ്യാജ ഉപദേശിമാരെക്കുറിച്ചും, ലോകത്തില്‍ വര്‍ദ്ധിച്ചുവരുന്ന
തിന്മയെ കുറിച്ചും, ക്രിസ്തുവിനോടുള്ള അവരുടെ ആദ്യസ്നേഹം കൈവിട്ടുപോയതിനെ
കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നു.
എഫെസൊസുകാര്‍ക്ക്
യേശു തന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ ആണ്: ഏഴു
നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംകൊണ്ടു ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ
അരുളിച്ചെയ്യുന്നതു:” (2:1)
അവരുടെ നന്മകളെ കുറിച്ച് പറഞ്ഞുകൊണ്ട് കത്ത് ആരംഭിക്കുന്നു.
വെളിപ്പാട് 2: 2, 3
2 ഞാൻ നിന്റെ
പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും
അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു
കള്ളന്മാർ എന്നു കണ്ടതും,
3 നിനക്കു
സഹിഷ്ണതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളർന്നുപോകാഞ്ഞതും ഞാൻ
അറിയുന്നു.
കഠിനാദ്ധ്വാനികളും മനക്കരുത്തും ഉള്ളവര്‍ ആയിരുന്നു എഫെസൊസിലെ വിശ്വാസികള്‍.
അവര്‍ സത്യവിശ്വാസത്തിന്റെ കാവല്കാര്‍ ആയിരുന്നു; ദുഷ്ടത പ്രവര്‍ത്തിക്കുന്നവരുമായി
വിട്ടുവീഴ്ച ചെയ്യാറില്ലായിരുന്നു. കഷ്ടതയില്‍ തളര്‍ന്നു പോകാതെ, അതീവ
സഹിഷ്ണതയോടെ അവര്‍ ജീവിച്ചു.
ഉപദേശ
സത്യങ്ങളുടെ വിശുദ്ധിക്കുവേണ്ടി അവര്‍ ഉറച്ചുനിന്നതിനെ കുറിച്ച് ക്രിസ്തു ഇങ്ങനെ
പറയുന്നു:
“എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ
നിനക്കുണ്ടു.” (2: 6)
ഇവിടെ
പറഞ്ഞിരിക്കുന്ന നിക്കൊലാവ്യര്‍
ആരാണ് എന്നോ അവരുടെ ഉപദേശങ്ങള്‍ എന്തായിരുന്നു എന്നോ
നമുക്ക് ഇപ്പോള്‍
വ്യക്തമല്ല. അവരുടെ
ഉപദേശങ്ങള്‍ വേദവിപരീതം ആയിരുന്നു
എന്ന് നമുക്ക് അനുമാനിക്കാം.
സഭയുടെ പൂര്‍വ്വപിതക്കന്മാരില്‍ പ്രമുഖന്‍ ആയിരുന്ന ഐറെനിയസ്
ന്റെ അഭിപ്രായത്തില്‍,
നിക്കൊലാവ്യര്‍ പരസംഗത്തെയും, വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങളെ കഴിക്കുവാനും അനുവദിച്ചിരുന്നു, എന്നാണ്.
ഇതു
കാരണം അനേകരെ അവര്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്ത, പ്രമാണരഹിതമായ ജീവിതത്തിലേക്ക്
നയിച്ചു.
എന്നാല്‍
എഫെസൊസ് സഭ ഇതിനെ എതിര്‍ത്തു നിന്നു.
എങ്കിലും,
അവര്‍ക്ക് ഒരു കുറവ് ഉണ്ടായിരുന്നു. യേശുക്രിസ്തു ദൂതില്‍
ഇങ്ങനെ പറയുന്നു: “എങ്കിലും
നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു.” (2: 4)
സഭയ്ക്ക് ഉണ്ടായിരിക്കെണ്ടുന്ന ഗുണങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നു
എങ്കിലും ആരംഭത്തില്‍ ക്രിസ്തുവിനോടുണ്ടായിരുന്ന
സ്നേഹം അവര്‍ക്ക് നഷ്ടപ്പെട്ടു പോയി.
അവരുടെ പ്രവര്‍ത്തികള്‍ സ്നേഹത്താല്‍ പ്രചോദിതം അല്ലാതെ ആയി.
ആദ്യ
നൂറ്റാണ്ടില്‍ തന്നെ, അപ്പൊസ്തലന്മാരുടെ കാലത്ത് തന്നെ, സഭയിലേക്ക് ദുരുപദേശങ്ങള്‍
കടന്നുകൂടുവാന്‍ തുടങ്ങി എന്ന് നമ്മള്‍ ഈ ദൂതില്‍ നിന്നും മനസ്സിലാക്കുന്നു.
അതിനാല്‍
കര്‍ത്താവ്, എഫെസൊസിലെ സഭയോട് മാനസാന്തരപ്പെടുവാന്‍ കല്‍പ്പിക്കുന്നു: “നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു
ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക;” (2: 5)
അവരുടെ ആദ്യ സ്നേഹത്തിന്റെ ഉന്നതി ക്രിസ്തു ഓര്‍മ്മിപ്പിക്കുക ആണ്; അതില്‍ നിന്നും എത്രമാത്രം
അവര്‍ വീണു പോയിരിക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ അവന്‍ ആവശ്യപ്പെടുന്നു; പാശ്ചാത്തപിച്ച്, ആദ്യസ്നേഹത്തിലേക്ക് മടങ്ങി വരുവാന്‍
യേശുക്രിസ്തു ആവശ്യപ്പെടുന്നു.
ഇത് സഭയില്‍ ഒരു ആത്മീയ ഉണര്‍വ്വ് ഉണ്ടാകുവാനുള്ള ആഹ്വാനമാണ്.
മാനസാന്തരപ്പെടാത്ത
പക്ഷം അവരുടെ മേല്‍ വരുവാന്‍ പോകുന്ന ന്യായവിധിയെ കുറിച്ചും ക്രിസ്തു
മുന്നറിയിപ്പ് നല്‍കുന്നുണ്ട്: “അല്ലാഞ്ഞാൽ
ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു
നീക്കുകയും ചെയ്യും.” (2:
5)
അതായത്,
അവരുടെ സഭയെ ക്രിസ്തു ഉപേക്ഷിക്കുകയും അതിന്‍റെ തകര്‍ച്ചയും ആയിരിക്കും അവര്‍ക്കുള്ള
ശിക്ഷ.
എഫെസോസ്
സഭയുടെ വെളിച്ചം ഇല്ലാതാകും.
ഇത്രയും
മാത്രം പറഞ്ഞുകൊണ്ട് യേശു
അവസാനിപ്പിക്കുന്നില്ല. അവന്റെ വാക്ക് കേട്ട് അനുസരിക്കുന്നവര്‍ക്കുള്ള
പ്രതിഫലത്തെ കുറിച്ചും ക്രിസ്തു പറയുന്നുണ്ട്: “ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള
ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.” (2: 7)
ദൈവത്തിന്‍റെ
പരദീസ, ജീവ വൃക്ഷം
എന്നിവ, വെളിപ്പാട് പുസ്തകം 21,
22 എന്നീ അദ്ധ്യായങ്ങളില്‍ നമ്മള്‍ കാണുന്ന പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കാണിക്കുന്നു.
അതായത്, ജയിക്കുന്നവര്‍ക്ക് കര്‍ത്താവുമൊത്ത്, നിത്യതയില്‍, മഹത്വത്തോടെ
വാഴുവാനുള്ള അനുഗ്രഹം ലഭിക്കും.
എഫെസൊസിലെ
സഭയുടെ പ്രശനം, ഒരു തണുപ്പന്‍, യാന്ത്രികമായ മത വിശ്വാസവും ആചാരങ്ങളും ആയിരുന്നു.
അവര്‍ ഉപദേശ സത്യങ്ങള്‍ പാലിച്ചിരുന്നു;
അതിനായി കഠിനമായി പോരാടുകയും പ്രവര്‍ത്തിക്കുകയും
ചെയ്തു. എന്നാല്‍
ക്രിസ്തുവിനോടുള്ള സ്നേഹം അവര്‍ക്ക് നഷ്ടപ്പെട്ടു പോയി.
അതായത്, മതപരമായ, പാരമ്പര്യ കാഴ്ചപ്പാടുകളും ഉപദേശങ്ങളും മുറുകെ പിടിക്കുന്നതില്‍
അത്യുത്സാഹം അവര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ക്രിസ്തുവിനോടുള്ള സ്നേഹത്തില്‍ ആയിരുന്നില്ല.
സാന്മാര്‍ഗ്ഗികമായ,
പ്രമാണപ്രകാരമുള്ള, വേര്‍പെട്ട ജീവിതം വളരെ പ്രധാനപ്പെട്ടത് ആണ് എങ്കിലും
അതിനൊന്നിനും ക്രിസ്തുവിനോടുള്ള സ്നേഹത്തിന് പകരം ആകുവാന്‍ കഴിയുക ഇല്ല.
അപ്പൊസ്തലനായ പൌലോസും
എഫെസൊസിലെ സഭയും
അപ്പോസ്തലനായ പൌലോസും എഫെസൊസിലെ
സഭയ്ക്ക് കത്ത് എഴുതിയിട്ടുണ്ട്.
എഫെസ്യര്‍ 4: 1, 2 വാക്യങ്ങളില്‍, അവരെ “വിളിച്ചിരിക്കുന്ന വിളിക്കു
യോഗ്യമാംവണ്ണം, പൂർണ്ണവിനയത്തോടും
സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും” ചെയ്യുവാന്‍ അദ്ദേഹം അവരെ
ഉപദേശിക്കുന്നു.
4 ന്‍റെ 17 മുതല്‍ 24 വരെയുള്ള
വാക്യങ്ങളില്‍, ക്രിസ്തുവിനെ ധരിക്കുക എന്നത് എന്താണ് എന്ന് അദ്ദേഹം വീണ്ടും
വിശദീകരിക്കുന്നു.
“സത്യത്തിന്റെ
ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ
ധരിച്ചുകൊൾവിൻ.” എന്നാണ് അദ്ദേഹം പറയുന്നത്. (4:
24)
“ദൈവത്തിന്റെ
പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു;” എന്ന അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്
സഭയ്ക്കുള്ളില്‍ ഉള്ള ഭിന്നത വെളിവാക്കുന്നു. (4:
30)
ആകയാല്‍,
“ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ
ശ്രമിക്കയും ചെയ് വിൻ.” (4:3) എന്നും “കോപിച്ചാൽ
പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുതു.” എന്നും അദ്ദേഹം
ഉപദേശിക്കുന്നു. (4:
26,
27)
വെളിപ്പാട്
പുസ്തകത്തിലെ ദൂതിലും
നമ്മള്‍ ഇതേ
കാര്യങ്ങള്‍ തന്നെ ആണ് കാണുന്നത്.
ചരിത്രപരമായ വ്യാഖ്യാനം
സഭയുടെ ചരിത്രവുമായി
ബന്ധപ്പെടുത്തി പറഞ്ഞാല്‍, എഫെസൊസ് സഭ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന് ശേഷം ഉള്ള ആദ്യ നൂറ്റാണ്ടിനെ ആണ് കാണിക്കുന്നത്.
ചുരുക്കം പേരില്‍ നിന്നും വളര്‍ന്ന്
ക്രൈസ്തവ സഭ സമൂഹത്തില്‍ എണ്ണപ്പെടുന്ന ഒരു കൂട്ടമായി മാറി.
അന്നത്തെ ജാതീയ മതങ്ങളെയും, സംസ്കാരത്തേയും, ആചാരങ്ങളെയും വെല്ലുവിളിക്കുന്ന അത്ര ശക്തി സഭ പ്രാപിച്ചു. ആര്‍ക്കും സഭയെ അവഗണിക്കുവാന്‍ കഴിയാതെ ആയി.
തന്റെ മൂന്നാമത്തെ സുവിശേഷ യാത്രയില്‍,
രണ്ടു വര്‍ഷങ്ങളില്‍ അധികം അപ്പോസ്തലനായ പൗലോസ്, എഫെ സൊസില്‍
താമസിച്ചിട്ടുണ്ട്.
ക്രിസ്തുവിന്റെ സുവിശേഷവും,
ജാതീയ ദേവി ആയിരുന്ന അര്‍ത്തെമിസ്
ദേവിയുടെ ആരാധനയും തമ്മില്‍ ശക്തമായ ഒരു പോരാട്ടം സൃഷ്ടിക്കുവാന്‍ പൌലോസിന്
കഴിഞ്ഞു.
അദ്ദേഹത്തിന്‍റെ
പഠിപ്പിക്കലുകളുടെ ഫലമായി അനേകര്‍ ദൈവ ഭാഗത്തേക്ക് തിരിഞ്ഞു; അക്കൂട്ടത്തില്‍, അര്‍ത്തെമിസ്
ദേവിയുടെ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്ന പണിക്കാരും ഉണ്ടായിരുന്നു. (അപ്പോസ്തല പ്രവര്‍ത്തികള്‍ 19: 26)
എന്നാല്‍
അവന്റെ സാമ്രാജ്യത്തില്‍ നിന്നും ആത്മാക്കള്‍ മോചിതരകുന്നത് പിശാചിന് നോക്കിനില്‍ക്കുവാന്‍
കഴിഞ്ഞില്ല. അതിന്റെ പരിണത ഫലം കൊടിയ പീഡനം ആയിരുന്നു.
സത്യത്തില്‍
നിന്നും അകറ്റി, വ്യജമായതിനെ സ്വീകരിക്കുവാനായി പീഡനങ്ങളോ, വ്യാജ ഉപദേശങ്ങളോ
ഉപയോഗിക്കുക എന്നത് സാത്താന്‍റെ എക്കാലത്തെയും മാര്‍ഗ്ഗങ്ങള്‍ ആണ്.
അങ്ങനെ,
പിശാചിനാല്‍ പ്രചോദിതന്‍ ആയ, ഡോമീഷ്യന്‍ ചക്രവര്‍ത്തി സഭയെ ക്രൂരമായി പീഡിപ്പിച്ചു.
അതൊരു
വലിയ ഉപദ്രവ കാലമായിരുന്നു. ഇക്കാലത്താണ് അപ്പോസ്തലനായ യോഹന്നാന്‍ പത്മോസിലേക്ക്
നാടുകടത്തപ്പെടുന്നത്.
ഉപദ്രവങ്ങളില്‍
ആദ്യ സഭ തളര്‍ന്ന് പോയില്ല എങ്കിലും, ക്രിസ്തുവിനോടുള്ള ആദ്യസ്നേഹം വിട്ടുകളഞ്ഞു;
എല്ലാം യാന്ത്രികവും പാരമ്പര്യവുമായി തീര്‍ന്നു. ഇതിനെ ക്രിസ്തു തള്ളിപറയുന്നു.
ഒന്നാം
നൂറ്റാണ്ടിലെ സഭ മാത്രമല്ല, എക്കാലത്തെയും സഭ ഈ ദൂത് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
ആരാധനയും വേര്‍പെട്ട ജീവിതവും, പ്രത്യാശയും എല്ലാം, ക്രിസ്തുവിനോടുള്ള സ്നേഹത്തില്‍
അതിഷ്ടിതം ആയിരിക്കേണം.
2. സ്മൂര്‍ന്ന (വെളിപ്പാട് 2: 8-11)
രണ്ടാമത്തെ ദൂത്, സ്മൂര്‍ന്ന എന്ന
പ്രദേശത്തെ സഭയ്ക്ക് ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു.
സ്മൂര്‍ന്ന എന്ന പേരിന്റെ അര്‍ത്ഥം
കുന്തിരിക്കം പോലെ “സുഗന്ധമുള്ളത്” എന്നാണ്.
എഫെസൊസില്‍ നിന്നും ഏകദേശം 60
കിലോമീറ്റര്‍ വടക്ക് മാറി സ്ഥിതി ചെയ്തിരുന്ന ഒരു പട്ടണമായിരുന്നു, സ്മൂര്‍ന്ന. ഈ
സ്ഥലം ഇപ്പോള്‍ ഇസ്മര്‍ എന്ന് അറിയപ്പെടുന്ന തുറമുഖം ആണ്. അത് തുര്‍ക്കിയിലെ
രണ്ടാമത്തെ വലിയ പട്ടണവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നും ആണ്.
ഏഷ്യ മൈനറില്‍ പടിഞ്ഞാറ് ഭാഗത്തായുള്ള
ഈ പട്ടണവും വൈദ്യശാസ്ത്രത്തിനും മറ്റ് ശാസ്ത്രീയ പഠനങ്ങള്‍ക്കും പ്രശസ്തം
ആയിരുന്നു. ഏകദേശം മൂന്നു നൂറ്റാണ്ടുകളോളം സ്മൂര്‍ന്നയുടെ പ്രശസ്തിയും
പ്രാധാന്യവും നിലനിന്നിരുന്നു.
നെമെസിസ് എന്ന ജാതീയ ദേവതയുടെ ആരാധനാ
കേന്ദ്രം ആയിരുന്ന സ്മൂര്‍ന്ന, തുര്‍ക്കിയുടെ കടന്നാക്രമണത്തിന് ശേഷം ഇസ്ലാം
മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത അവസാനത്തെ പ്രദേശം ആയിരുന്നു.
സ്മൂര്‍ന്ന, അതി മനോഹരവും,
സമ്പന്നവും ആയ പട്ടണം ആയിരുന്നു. ചക്രവര്‍ത്തിയെ ദൈവമായി ആരാധിക്കുന്നവരുടെ ഒരു
കേന്ദ്രവും കൂടി ആയിരുന്നതിനാല്‍ റോമന്‍ സാമ്രാജ്യവുമായി അടുത്ത ബന്ധവും
ഉണ്ടായിരുന്നു.
ചക്രവര്‍ത്തിയെ ആരാധിക്കുന്നവര്‍ക്ക്
മാത്രമേ അന്ന് വോട്ട് ചെയ്യുവാനുള്ള അധികാരം ഉണ്ടായിരുന്നുള്ളൂ; അവര്‍ക്ക് മാത്രമേ
വസ്തുവകകള്‍ സ്വന്തമാക്കുവാനും, ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കുവാനും അവകാശം
ഉണ്ടായിരുന്നുള്ളൂ.
ചില സാഹചര്യങ്ങളില്‍, ചക്രവര്‍ത്തിയെ
ദൈവമായി ആരാധിക്കാത്തവരെ രാജദ്രോഹികള്‍ ആയി കണക്കാക്കി പീഡിപ്പിക്കുകയും
ചെയ്യാറുണ്ടായിരുന്നു.
സ്മൂര്‍ന്നയില്‍ വലിയ ഒരു യഹൂദ പള്ളി
ഉണ്ടായിരുന്നു; അവിടെ ഉണ്ടായിരുന്ന യഹൂദന്മാര്‍ ക്രിസ്ത്യാനികളെ
പീഡിപ്പിക്കുന്നതില്‍ ജാതീയരോടൊപ്പം കൂട്ടുചേര്‍ന്നു.
അപ്പോസ്തല പ്രവര്‍ത്തികള്‍
19: 10 പ്രകാരം,
അപ്പോസ്തലനായ പൌലോസ് അദ്ദേഹത്തിന്‍റെ മൂന്നാമത്തെ മിഷിനറി യാത്രയില്‍
സ്ഥാപിച്ചതാണ് സ്മൂര്‍ന്നയിലെ സഭ.
ഒന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ സഭയുടെ
ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കാര്യങ്ങള്‍ ക്രിസ്തു അവര്‍ക്കായി നല്‍കുന്ന
കത്തില്‍ അടങ്ങിയിട്ടുണ്ട്. ഒപ്പം, എന്നത്തേയും ക്രൈസ്തവ സഭയ്ക്ക് ആവശ്യമായ പാഠങ്ങളും
നിര്‍ദ്ദേശങ്ങളും അതില്‍ നമുക്ക് കാണുവാന്‍ കഴിയും.
സ്മൂര്‍ന്നയിലെ സഭയ്ക്കുള്ള ദൂതില്‍ യാതൊരു
ശാസനയും ഇല്ല എന്നത് ഒരു പ്രത്യേകത ആണ്.
അവരില്‍ ചില വിശ്വാസികള്‍ പീഡനങ്ങള്‍
ഏല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ
സഭയ്ക്ക് യേശു സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെ ആണ്: “മരിച്ചവനായിരുന്നു
വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:” (2: 8)
അവരുടെ കഷ്ടങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് യേശുക്രിസ്തു അവര്‍ക്കുള്ള
ദൂത് ആരംഭിക്കുന്നത്:
വെളിപ്പാട് 2: 9, 10
9 ഞാൻ നിന്റെ കഷ്ടതയും
ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നെങ്കിലും
യെഹൂദരല്ല, സാത്താന്റെ
പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.
10 നീ സഹിപ്പാനുള്ളതു
പേടിക്കേണ്ടാ; നിങ്ങളെ
പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു;
പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും;
മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.
ഭൌതീകമായി സ്മൂര്‍ന്നയിലെ സഭ ദരിദ്രര്‍
ആയിരുന്നു എങ്കിലും, ആത്മീയമായി അവര്‍ സമ്പന്നര്‍ ആയിരുന്നു. അവരുടെ ആത്മീയ
സമ്പന്നത മറ്റാര്‍ക്കും എടുത്തുകൊണ്ട് പോകുവാന്‍ കഴിയുന്നതായിരുന്നില്ല.
“സാത്താന്റെ
പള്ളി” യെക്കുറിച്ചുള്ള
പരാമര്‍ശനത്തിനു വ്യത്യസ്തങ്ങള്‍ ആയ വിശദീകരണങ്ങള്‍ ഉണ്ട്.
ദൈവത്തിന്റെ
തിരഞ്ഞെടുക്കപ്പെട്ട ജനം എന്ന അര്‍ത്ഥത്തില്‍ യഹൂദന്മാര്‍ എന്ന് സ്വയം
വിശേഷിപ്പിച്ച ഒരു കൂട്ടം ജാതീയര്‍ ആയിരുന്നു,
സാത്താന്‍റെ പള്ളിക്കാര്‍ എന്നതാണ് ഒരു വിശദീകരണം.
എന്നാല്‍, യഹൂദമതം അനുവര്‍ത്തിക്കാതെ, ഇവര്‍,
ചക്രവര്‍ത്തിയെ ദൈവമായി ആരാധിച്ചിരുന്നു. അവര്‍ സ്മൂര്‍ന്നയിലെ സഭയിലെ വിശ്വാസികള്‍ക്ക് എതിരായി
സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
മറ്റൊരു അഭിപ്രായം ഇങ്ങനെ ആണ്:
സാത്താന്‍റെ പള്ളിക്കാര്‍ എന്ന് ഇവിടെ വിളിച്ചത് യഹൂദന്മാരുടെ ഒരു കൂട്ടത്തെ തന്നെ
ആണ്. അവര്‍ മോശെയുടെ ന്യായപ്രമാണങ്ങളെയും, യഹൂദ പാരമ്പര്യങ്ങളെയും
അനുസരിച്ചിരുന്നു എങ്കിലും ദൈവവുമായി അടുത്ത ബന്ധം ഉള്ളവര്‍ ആയിരുന്നില്ല.
അവരെക്കുറിച്ച്, “യെഹൂദരല്ല” എന്ന്
പറയുന്നത്, അവര്‍ക്ക് അബ്രഹാം പിതാവിന്‍റെ ദൈവത്തിലുണ്ടായിരുന്ന വിശ്വാസം
ഇല്ലാത്തതുകൊണ്ടാണ്. അവര്‍ ക്രിസ്തുവിനെ നിരസിച്ചതിനാല്‍ സാത്താന്റെ പള്ളിക്കാര്‍
എന്നും വിളിക്കപ്പെടുന്നു.
ഈ അഭിപ്രായത്തിന് സഹായകരമായി പറയുന്ന
പ്രധാന കാരണം ഇതാണ്: AD 155 ല്‍ ആദ്യകാല സഭാപിതാക്കന്മാരില്‍ ഒരാളായിരുന്ന
പോളികാര്‍പ്പ്, കൊല്ലപ്പെടുന്നത് സ്മൂര്‍ന്നയില്‍ വച്ചാണ്.
പോളികാര്‍പ്പിന്റെ വിചാരണവേളയില്‍, അന്ന്
സ്മൂര്‍ന്നയില്‍ ജീവിച്ചിരുന്ന അവിശ്വാസികളായ യഹൂദന്മാര്‍ ജാതീയരോടൊപ്പം ചേര്‍ന്ന്
അദ്ദേഹത്തെ കുറ്റം വിധിക്കുകയും കൊല്ലുവാന്‍ കൂട്ട് നില്കുകയും ചെയ്തു.
സ്മൂര്‍ന്നയിലെ സഭയ്ക്കുള്ള ദൂതില്‍,
അവരുടെ ആത്മീയ ജയജീവിതത്തെ കുറിച്ച് പറഞ്ഞതിന് ശേഷം, അവര്‍ക്ക് വരുവാനിരിക്കുന്ന
പീഡനങ്ങളെ കുറിച്ച് ക്രിസ്തു മുന്നറിയിപ്പ് നല്‍കുന്നു. സഭയിലെ ചില വിശ്വാസികള്‍
കാരാഗ്രഹത്തില്‍ അടക്കപ്പെടും. പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മഹാ പീഡനകാലം
വരുവാനിരിക്കുന്നു.
എന്നാല്‍ സഭയ്ക്ക് യേശുക്രിസ്തു പ്രത്യാശയും
നല്‍കുന്നുണ്ട്: “നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ;”
സ്മൂര്‍ന്നയിലെ സഭാ വിശ്വാസികള്‍ക്ക്
പീഡനങ്ങളെ സഹിക്കുവാനുള്ള കരുത്തു കര്‍ത്താവ് നല്‍കും. അതിനാല്‍ അവരുടെ ഉപദ്രവ കാലങ്ങളിലും
വിശ്വസ്തതയോടെ ജീവിക്കുവാന്‍ കര്‍ത്താവ് പ്രോത്സാഹിപ്പിക്കുന്നു.
മരണപര്യന്തം
വിശ്വസ്തനായിരിക്കുന്നവര്‍ക്ക്
ജീവകിരീടം അവന്‍
വാഗ്ദാനം ചെയ്യുന്നു.
ദൂതിന്റെ അവസാനത്തില്‍ ക്രിസ്തു അവര്‍ക്ക് നല്‍കുന്ന ഉറപ്പ് ഇതാണ്:
“ജയിക്കുന്നവന്നു രണ്ടാം
മരണത്താൽ ദോഷം വരികയില്ല.”
(2: 11)
ദുഷ്ടന്മാര്‍ക്ക് ഭവിക്കുവാനിരിക്കുന്ന അന്ത്യ ന്യായവിധിയെക്കുറിച്ചാണ് “രണ്ടാം മരണം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിശ്വാസികള്‍ക്ക് ഇതില്‍ ദോഷം വരുകയില്ല; കാരണം, റോമര്‍ 8: 1 ല്‍
പറയുന്ന പ്രകാരം, “ഇപ്പോള്‍
ക്രിസ്തുയേശുവില്‍ ഉള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല.” (റോമര്‍ 8: 1)
ചരിത്രപരമായ വ്യാഖ്യാനം
ഇനി നമുക്ക് ഈ ദൂതിന്റെ പ്രവചനാത്മകമായ,
ചരിത്ര പ്രാധാന്യം എന്താണ് എന്ന് നോക്കാം.
ക്രൈസ്തവ സഭയ്ക്കെതിരെ അതിക്രൂരമായ പീഡനങ്ങള്‍ ഉണ്ടായ ഒരു ചരിത്രകാലഘട്ടത്തെ ആണ് സ്മൂര്‍ന്നയിലെ സഭ
സൂചിപ്പിക്കുന്നത്.
AD
107 ല്‍ റോമിലെ കുപ്രസിദ്ധമായ രംഗഭൂമിയില്‍ വച്ച്, അപ്പോസ്തലനായ യോഹന്നാന്റെ
ആത്മീയ സ്നേഹിതന്‍ ആയിരുന്ന സിറിയയിലെ അന്ത്യോക്യയിലെ ബിഷപ്പ് ആയിരുന്ന
ഇഗ്നെഷ്യസ്, സിംഹങ്ങളുടെ ഇടയിലേക്ക് എറിയപ്പെട്ട് ക്രൂരമായി കൊല്ലപ്പെട്ടു.
നമ്മള്‍
മുമ്പ് പറഞ്ഞതുപോലെ, 155 AD ല്‍, അപ്പോസ്തലനായ യോഹന്നാന്റെ ആത്മീയ ശിഷ്യനും ഇഗ്നെഷ്യസ് ന്റെ സ്നേഹിതനും ആയിരുന്ന, പോളികാര്‍പ്പ്,
അദ്ദേഹത്തിന്‍റെ 86 ആം വയസ്സില്‍ വാളിനാല്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിനെ ജഡശരീരം ഒരു
തൂണില്‍ കെട്ടി അതിന് തീകൊളുത്തി.
കാര്‍ത്തേജിലെ
തെര്‍തൂലിയന്‍ എന്ന ആദ്യകാല സഭ പിതാവ്, അദ്ദേഹത്തിന്‍റെ 30 ആം വയസ്സില്‍, മനസന്തരപ്പെടുവാനുള്ള
മുഖാന്തിരം ആയത്, അക്കാലത്തെ ക്രൈസ്തവര്‍ ക്രിസ്തുവിനു വേണ്ടി അനുഭവിക്കുന്ന കഷ്ടം
നേരില്‍ കണ്ടതാണ്.
റോമന്‍
ചക്രവര്‍ത്തിയായ ഡയോക്ലീഷ്യന്‍റെ കാലത്ത് ക്രൈസ്തവര്‍ക്ക് എതിരെ ഉള്ള പീഡനം
ഏറ്റവും വര്‍ദ്ധിച്ചു. AD 303 ല്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ അധികമായ കൊടിയ
പീഡനങ്ങള്‍ ആരംഭിച്ചു. റോമന്‍ സാമ്രാജ്യത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തെ
തൂത്തെറിയുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഉദ്ദേശ്യം.
അദ്ദേഹം
305 AD ല്‍ മരിച്ചു എങ്കിലും, പീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
313
AD യില്‍ കോണ്‍സ്റ്റാന്‍റ്റിന്‍ (Constantine) ചക്രവര്‍ത്തി, സഹിഷ്ണതയുടെ വിളംബരം പുറപ്പെടുവിക്കുന്നതു വരെ പീഡനങ്ങള്‍
തുടര്‍ന്നു കൊണ്ടേയിരുന്നു.
ഡയോക്ലീഷ്യന്‍
ചക്രവര്‍ത്തി ആരംഭിച്ച പീഡനങ്ങള്‍ ഏകദേശം പത്ത് വര്‍ഷങ്ങള്‍ നീണ്ടുനിന്നു.
സ്മൂര്‍ന്നയിലെ
സഭയെക്കുറിച്ച് ക്രിസ്തു ദൂതില്‍ പറഞ്ഞിരിക്കുന്ന പത്തു ദിവസങ്ങളുടെ ഉപദ്രവം,
ഡയോക്ലീഷ്യന്‍ ആരംഭിച്ച പത്തു വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഉപദ്രവ കാലത്തോട്
ഒക്കുന്നു.
ഉപദ്രവ
ദിനങ്ങള്‍ താല്‍ക്കാലികം ആയിരുന്നു എങ്കിലും, അതി ഭയങ്കരം ആയിരുന്നു.
പീഡനങ്ങള്‍
സഭയെ ശുദ്ധീകരിച്ചു എന്ന് പറയുന്നത് ഒരു രീതിയില്‍ ശരിയാണ്. ഇത്, ഏതു
സാഹചര്യത്തിലും ക്രിസ്തുവിനോടൊപ്പം നില്‍ക്കുവാന്‍ വിശ്വാസികള്‍ തയ്യാറാണോ
എന്നതിന്റെ ഒരു പരീക്ഷ പോലെ ആയി.
ഈ
ഉപദ്രവത്തിന്റെ കാലങ്ങളില്‍ വിശ്വസ്തതയോടെ നില്‍ക്കുവനാണ് ക്രിസ്തു ദൂതില്‍
ഉപദേശിക്കുന്നത്.
സഭ
ശക്തവും ഗുണകരവും ആയിരുന്ന കാലങ്ങളില്‍ ആണ് ഉപദ്രവങ്ങള്‍ ഉണ്ടായിട്ടുള്ളത്.
സുഖസൗകര്യങ്ങളും
സമ്പന്നതയും, സഭയെ ഉപദേശ പിശകുകളിലെക്കും അലസതയിലെക്കും നയിച്ചിട്ടുണ്ട്.
നമ്മള്‍
മുമ്പ് സൂചിപ്പിച്ചതുപോലെ, റോമന്‍ ചക്രവര്‍ത്തിയെ ദൈവമായി കണ്ട് ആരാധിക്കത്തവരുടെ
മേല്‍, റോമന്‍ സാമ്രജ്യത്തിലെല്ലാം കൊടിയ പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അത്
പലപ്പോഴും സാമ്പത്തികമായിരുന്നു എന്ന് പണ്ഡിതന്‍മാര്‍ പറയുന്നു. തൊഴില്‍
നഷ്ടപ്പെടുക, വരുമാന മാര്‍ഗ്ഗങ്ങള്‍ അടയുക, സമ്പത്ത് നഷ്ടപ്പെടുക എന്നിങ്ങനെയുള്ള
പീഡനമാര്‍ഗ്ഗങ്ങള്‍ അന്നത്തെ അധികാരികള്‍ ക്രൈസ്തവര്‍ക്ക് എതിരെ ഉപയോഗിച്ചിരുന്നു.
അതുകൊണ്ടായിരിക്കാം,
സ്മൂര്‍ന്നയിലെ സഭ ഭൌതീകമായി ദരിദ്രര്‍ ആണ് എങ്കിലും ആത്മീയമായി സമ്പന്നര്‍ ആണ്
എന്ന് ക്രിസ്തു ദൂതില്‍ പറയുന്നത്.
ദാരിദ്രവും,
കഷ്ടതയും, ഉപദ്രവങ്ങളും സഹിച്ചതിലും, സാത്താന്റെ പള്ളിക്കാരെ എതിര്‍ത്തതിലും ക്രിസ്തു
സഭയെ പ്രശംസിക്കുന്നു.
3.
പെർഗ്ഗമൊസിലെ സഭ (വെളിപ്പാട്
2: 12 – 17)
പത്മോസിലെ യോഹന്നാന്റെ കൈവശം
യേശുക്രിസ്തു ഏല്‍പ്പിച്ച മൂന്നാമത്തെ കത്ത്, പെര്‍ഗ്ഗമൊസിലെ സഭയ്ക്ക് ഉള്ളതാണ്.
പെര്‍ഗ്ഗമൊസ് എന്ന പേരിന്റെ അര്‍ത്ഥം,
“ഉന്നതമായത്”, “ഉയര്‍ന്നത്” എന്നിങ്ങനെ ആണ്.
ഏഷ്യയില്‍, സ്മൂര്‍ന്നയില്‍ നിന്നും
60 കിലോമീറ്റെര്‍ കഴിഞ്ഞ്, റോമിലെക്കുള്ള താപാല്‍ വഴിയില്‍ സ്ഥിതി ചെയ്തിരുന്ന ഒരു
പട്ടണം ആയിരുന്നു പെര്‍ഗ്ഗമൊസ്.
അത്, പ്രശസ്തവും, കലാഭംഗികൊണ്ട്
നിറഞ്ഞതും ആയിരുന്നു. അക്കാലത്ത് അവിടെ ഒരു ലക്ഷത്തി ഇരുപതിനായിരം മുതല്‍ രണ്ടു
ലക്ഷം വരെ ആളുകള്‍ താമസിച്ചിരുന്നു.
റോമന്‍ സാമ്രാജ്യത്തിലെ തന്നെ
പ്രധാനപ്പെട്ട ഒരു പട്ടണം ആയിരുന്നു പെര്‍ഗ്ഗമൊസ്.
കിഴക്കന്‍ മെഡിറ്റെറെനിയന്‍
(mediterranean) രാജാക്കന്മാരെ യുദ്ധത്തില്‍ തോല്‍പ്പിക്കുന്നതില്‍, റോമന്‍
സാമ്രാജ്യത്തെ, പെര്‍ഗ്ഗമൊസുകാര്‍ വളരെ സഹായിച്ചിരുന്നു. അതിനാല്‍
സാമ്രാജ്യത്തിന്റെ പ്രത്യേകമായ പ്രീതി സമ്പാദിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു.
സൂര്യ ദേവനെ ആരാധിക്കുന്നവര്‍
ആയിരുന്നു അവിടുത്തെ നിവാസികള്‍. സിയൂസ് ദേവന്‍റെ വലിയ ഒരു ക്ഷേത്രം അവിടെ
ഉണ്ടായിരുന്നു.
യേശുക്രിസ്തു ദൂത് ആരംഭിക്കുന്നത്, “മൂര്‍ച്ചയേറിയ
ഇരുവായ്ത്തലവാള്‍ ഉള്ളവന്‍ അരുളിചെയ്യുന്നത്” എന്ന് പറഞ്ഞുകൊണ്ടാണ്. (2: 12). ന്യായവിധിയെ
സൂചിപ്പിക്കുന്ന വാക്കുകള്‍ ആണ് ഇവ.
തുടന്ന് ക്രിസ്തു പെര്‍ഗ്ഗമൊസ്
സഭയുടെ ഗുണങ്ങള്‍ വിവരിക്കുന്നു.
വെളിപ്പാട് 2: 13 നീ എവിടെ പാർക്കുന്നു
എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാൻ അറിയുന്നു;
നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു;
നിങ്ങളുടെ ഇടയിൽ, സാത്താൻ പാർക്കുന്നേടത്തു തന്നേ,
എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന
കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.
പെര്‍ഗ്ഗമൊസ് സഭ വളരെ വിഷമം പിടിച്ച
ഒരു സ്ഥലത്താണ് സ്ഥിതിചെയ്തിരുന്നത്. ചുറ്റിനും ജാതീയ ആരാധനയുടെ സമ്മര്‍ദ്ദം
എപ്പോഴും അവര്‍ക്ക് അനുഭവിക്കേണ്ടി വന്നു. എന്നിട്ടും, പ്രയാസമേറിയ ഘട്ടത്തിലും
അവര്‍ ക്രിസ്തുവിന്റെ നാമം ഉപേക്ഷിച്ചുകളഞ്ഞില്ല.
ഈ സഭയിലെ അന്തിപ്പാസ് ക്രിസ്തുവിന്റെ സാക്ഷിയും വിശ്വസ്തനുമായിരുന്നു.
ക്രൈസ്തവ
സഭയുടെ പാരമ്പര്യ വിശ്വാസം
അനുസരിച്ച്, അന്തിപ്പാസ്, ഒരു വൈദ്യന്‍ ആയിരുന്നു. അവന്‍ രഹസ്യമായി ക്രിസ്തീയ
വിശ്വാസം പ്രചരിപ്പിച്ചുകൊണ്ടിരുന്നു.
അതിനാല്‍
അവന്‍റെ കൂടെയുള്ള
മറ്റ് വൈദ്യന്മാര്‍, റോമന്‍ ചക്രവര്‍ത്തിയായ സീസറിനോട്
അവിശ്വസ്തത ഉള്ളവന്‍ ആണ് എന്ന് രാജ്യദ്രോഹ കുറ്റം അവന്‍റെ ചുമത്തി, അവനെ ഒറ്റിക്കൊടുത്തു.
അങ്ങനെ
അവനെ കൊന്നു. അവനെ
ജീവനോടെയോ, മരിച്ചതിനു
ശേഷമോ, ചെമ്പ് കൊണ്ട് ഉണ്ടാക്കിയ ഒരു കാളയുടെ വയറ്റില്‍ വയ്ക്കുകയും, അതിനെ ചുട്ടു പഴുത്ത് ചുവപ്പ് നിറം ആകുന്നതുവരെ ചൂടാക്കുകയും ചെയ്തു എന്ന് കരുതപ്പെടുന്നു.
മറ്റ്
പല സഭകള്‍
പോലെ, ഇവരും കഷ്ടതകള്‍ സഹിച്ചിരുന്നു, എങ്കിലും അവരില്‍ ചില കുറവുകള്‍ കാണുന്നു.
വെളിപ്പാട് 2: 14, 15
14 എങ്കിലും
നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ടു; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിന്നും ദുർന്നടപ്പു
ആചരിക്കേണ്ടതിന്നും അവരുടെ മുമ്പിൽ ഇടർച്ചവെപ്പാൻ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത
ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ടു.
15 അവ്വണ്ണം
നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവർ നിനക്കും ഉണ്ടു.
സ്മൂര്‍ന്നയിലെ സഭയും പെര്‍ഗ്ഗമൊസിലെ
സഭയും ക്രിസ്തുവിനു വേണ്ടി ഉപദ്രവങ്ങള്‍ സഹിക്കുന്നുണ്ട്, എന്നാല്‍ പെര്‍ഗ്ഗമൊസിലെ
സഭയെ അവന്‍ ചില കാര്യങ്ങളില്‍ ശകാരിക്കുക ആണ്.
ഒന്നാമതായി, വിഗ്രഹാർപ്പിതം
തിന്നേണ്ടതിന്നും ദുർന്നടപ്പു ആചരിക്കേണ്ടതിന്നും
ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ
അവിടെ ഉണ്ടായിരുന്നു.
അങ്ങനെ
അവര്‍ വേര്‍പാടിലും
വിശുദ്ധിയിലും
വിട്ടുവീഴ്ച ചെയ്തു.
അതുകൂടാതെ, നിക്കൊലാവ്യരുടെ ഉപദേശം
കൈക്കൊള്ളുന്നവരും
അവരുടെ ഇടയില്‍ ഉണ്ടായിരുന്നു.
നിക്കൊലാവ്യരെ
കുറിച്ച് നമ്മള്‍ മുമ്പ് പറഞ്ഞകാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ.
അവരുടെ ഉപദേശങ്ങള്‍ എന്തെല്ലാം ആയിരുന്നു എന്നതിനെ കുറിച്ച്
വ്യക്തമായ അറിവുകള്‍ നമുക്ക് ഇല്ല.
യേശുക്രിസ്തു,
പെര്‍ഗ്ഗമൊസിലെ മലിനപ്പെട്ട സഭയെ ശാസിക്കുക ആണ്. സഭയില്‍ ചില വ്യക്തികളെ മാത്രമല്ല
യേശു ശാസിക്കുന്നത്. സഭ മൊത്തമായും ഈ വീഴ്ചയ്ക്ക് ഉത്തരവാദി ആണ്. ദുരുപദേശങ്ങളില്‍
വീണ് പോയവരെ സത്യത്തിലേക്കും മാനസാന്തരത്തിലേക്കും നയിക്കേണ്ടുന്ന ഉത്തരവാദിത്തം
സഭയ്ക്ക് ഉണ്ടായിരുന്നു.
അതിനാല്‍, അവരോടു
മാനസാന്തരപ്പെടുവാന്‍ ക്രിസ്തു ആവശ്യപ്പെടുന്നു.
“ആകയാൽ മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ
ഞാൻ വേഗത്തിൽ വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും.” (2:16)
ബിലെയാമിന്റെയും നിക്കൊലാവ്യരുടെയും ദുരുപദേശങ്ങള്‍
പിടിച്ചിരിക്കുന്നവരെയും
അവരുടെ അനുയായികളെയും സഭയില്‍ നിന്നും നശിപ്പിച്ചുകളയും.
സഭയില്‍ വിശുദ്ധി ഉണ്ടായിരിക്കേണം എന്നും,
അല്ലാത്തവരെ സഭയില്‍നിന്നും നീക്കികളയേണം
എന്നും കര്‍ത്താവ് ആഗ്രഹിക്കുന്നു.
സഭ ഇതില്‍ പരാജയപ്പെട്ടാല്‍,
അവന്‍ വേഗത്തിൽ വന്നു അവന്‍റെ വായിലെ വാളുകൊണ്ടു അവരോടു യുദ്ധം ചെയ്യും.
ഇതിനോടൊപ്പം
പെര്‍ഗ്ഗമൊസിലെ സഭയിലെ വിശ്വസ്തര്‍ ആയവര്‍ക്ക് വലിയ പ്രതിഫലവും ക്രിസ്തു വാഗ്ദാനം
ചെയ്യുന്നു.
“ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും;
ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ
ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.” (2:17).
ഇവിടെ,
മറഞ്ഞിരിക്കുന്ന മന്ന, വെള്ളക്കല്ല്, പുതിയ
പേര്, എന്നീ മൂന്ന് അനുഗ്രഹങ്ങളെ കുറിച്ച് പറയുന്നു.
ഇതിന്‍റെ
കൃത്യമായ വിശദീകരണം ഇനിയും
വ്യക്തമായിട്ടില്ല.
“മറഞ്ഞിരിക്കുന്ന മന്ന”,
സാക്ഷ്യപെട്ടകത്തില്‍ വച്ചിരുന്ന
മന്നയെ കുറിച്ചാകാം. അത് ദൈവത്തിന്‍റെ വിശ്വസ്തമായ സാന്നിധ്യത്തെയും സൂക്ഷിപ്പിനെയും പരിപാലനത്തേയും കാണിക്കുന്നു.
വെള്ളക്കല്ലിനെ കുറിച്ചുള്ള വ്യാഖ്യാനത്തില്‍ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.
എന്നിരുന്നാലും, ഇവയെല്ലാം,
ക്രിസ്തുവിനോടുകൂടെ ജയാളികളായി
ഒരിക്കല്‍ നമ്മള്‍ വാഴും എന്നത് കാണിക്കുന്നു.
ചരിത്രപരമായ വ്യാഖ്യാനം
ചരിത്രപരമായി ചിന്തിച്ചാല്‍ പെര്‍ഗ്ഗമൊസ് കാലഘട്ടം ആരംഭിക്കുന്നത് 313 AD
യോടെ ആണ്. അത് 538 AD വരെ നിലനിന്നു.
ഇത്,
ആത്മീയമായും സാന്മാര്‍ഗ്ഗീകമായും സഭ തളരുകയും
ഉപദേശങ്ങളില്‍ മാലിന്യം കലരുകയും ചെയ്ത കാലമാണ്.
ഉപദ്രവങ്ങളിലൂടെ സഭയെ തകര്‍ക്കുവാന്‍ സാത്താന്‍ ശ്രമിച്ചു എങ്കിലും അവനു അത്
കഴിഞ്ഞില്ല; അതിനാല്‍
നീക്ക് പോക്കുകളിലൂടെ സഭയുടെ ഉപദേശങ്ങളെ തന്നെ തകര്‍ക്കുവാന്‍ പിശാച് ശ്രമിക്കുക
ആണ്.
തല്‍ഫലമായും,
സഭ അതീവ ശ്രദ്ധയോടെ
പോരാടി നില്‍ക്കാകയാലും സഭയുടെ മൂല്യങ്ങള്‍ നശിക്കുവാന്‍
തുടങ്ങി; ആത്മീയ, സാന്മാര്‍ഗ്ഗീക നിലവാരം
താഴ്ന്നു; ജാതീയ ആരാധനയും ജീവിത ശൈലിയും സഭ സ്വീകരിക്കുവാന്‍ തുടങ്ങി.
അങ്ങനെ,
പെര്‍ഗ്ഗമൊസ് കാലഘട്ടത്തിലാണ്, പ്രാദേശിക സംസ്കാരത്തിന്‍റെ പേരില്‍, അനേകം ജാതീയ
രീതികള്‍ സഭ സ്വീകരിക്കുവാന്‍ തുടങ്ങിയത്.
322
AD ല്‍ കിഴക്കന്‍ റോമിന്റെ ചക്രവര്‍ത്തി ആയിരുന്ന, കൊന്‍സ്റ്റാന്‍ന്‍റെന്‍ (Constantine) ക്രിസ്തുമതം സ്വീകരിച്ചു.
ക്രമേണ
ജാതീയ വിശ്വാസത്തെ നീക്കികളഞ്ഞ്, രാജ്യത്ത് ക്രൈസ്തവ വിശ്വാസം മാത്രമാക്കുവാന്‍ കഴിയും
എന്ന് അദ്ദേഹം വ്യാമോഹിച്ചു. അദ്ദേഹം ജാതീയ ആചാരങ്ങളും കൈസ്തവ വിശ്വാസവും തമ്മില്‍
കൂട്ടി കലര്‍ത്തി നടപ്പാക്കി.
അങ്ങനെ,
അന്നത്തെ ജാതീയ ആചാരങ്ങളെയും, ഉത്സവങ്ങളെയും, അടയാളങ്ങളെയും, പാരമ്പര്യങ്ങളെയും,
ക്രൈസ്തവ സഭ, പുനര്‍നാമകരണം ചെയ്യുകയും, പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുകയും ചെയ്ത്
സഭയ്ക്കുള്ളിലേക്ക് സ്വീകരിച്ചു; സൂര്യദേവന്റെ ആരാധനയുടെ പല രീതികളും അടയാളങ്ങളും
സഭയുടെ ആരാധനയുടെ ഭാഗമായി.
എന്നാല്‍
ഇതു വലിയ അപകടത്തിലേക്കാണ് ക്രൈസ്തവ സഭയെ നയിച്ചത് എന്ന് പറയേണ്ടതില്ലല്ലോ.
ഇന്നും
സൂര്യ ആരാധനയുടെ അടയാളങ്ങളും രീതികളും പാരമ്പര്യങ്ങളും പല സഭകളിലും നിലനില്‍ക്കുന്നുണ്ട്.
AD
538 ല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി, ക്രൈസ്തവ മതത്തെ സാമ്രാജ്യത്തിന്റെ ഔദ്യോഗിക
മതമായി പ്രഖ്യാപിച്ചു; അങ്ങനെ സഭയും രാജ്യവും ഒന്നായി തീര്‍ന്നു.
ജാതീയതയുമായുള്ള
ഇത്തരം നീക്ക്പോക്കുകളുടെ ചരിത്ര കാലത്തെയാണ് പെര്‍ഗ്ഗമൊസ് സഭ കാണിക്കുന്നത്.
ഉപദേശ
പിശകുകളാലുള്ള വീഴ്ച ഉണ്ടായിരുന്നു എങ്കിലും, ഇക്കാലത്തും സത്യസന്ധതയോടെ ജീവിച്ച
ഒരു ചെറിയ കൂട്ടം ഉണ്ടായിരുന്നു.
വേദപുസ്തക
ചരിത്രത്തില്‍, എത്ര ഭയങ്കരമായ ആത്മീയ തകര്‍ച്ച ഉണ്ടായാലും, അവിടെ എല്ലാം വിശുദ്ധന്മാരുടെ
ഒരു ചെറിയ കൂട്ടമെങ്കിലും അവശേഷിക്കും.
പെര്‍ഗ്ഗമൊസ്
സഭയുടെ കാലത്തെ ചെറിയകൂട്ടം, വേദപുസ്തക ഉപദേശങ്ങളുടെ സത്യസന്ധത മുറുകെ
പിടിച്ചുകൊണ്ട് ജീവിച്ചു.
അവരെക്കുറിച്ചാണ്, “എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന
കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.”
എന്ന് കര്‍ത്താവ് സാക്ഷിക്കുന്നത്.
അന്തിപ്പാസ്
ആരായിരുന്നു എന്ന് നമുക്ക് വ്യക്തത ഇല്ല; അദ്ദേഹം മാത്രമല്ല, മറ്റ് ചിലരും അക്കാലത്ത് രക്തസാക്ഷികള്‍ ആയിട്ടുണ്ടാകാം.
ഈ
സന്ദര്‍ഭങ്ങളിലും, വിശ്വാസികളുടെ
ചെറിയ കൂട്ടം, അവരുടെ
വിശ്വാസത്തെ മുറുകെപിടിച്ചു നിന്നു.
ഉപസംഹാരം
വെളിപ്പാട്
പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏഴ്
സഭകലോടുള്ള ദൂതിന്റെ പഠനത്തിന്റെ ഒന്നാമത്തെ ഭാഗം
ഇവിടെ അവസാനിക്കുക ആണ്.
നമ്മള്‍,
എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ്
എന്നീ സഭകളോടുള്ള
ദൂതുകള്‍ എന്തായിരുന്നു എന്ന് മനസ്സിലാക്കി.
എഫെസൊസ്
സഭയുടെ ആദ്യസ്നേഹം വിട്ടുകളഞ്ഞുള്ള, യാന്ത്രികവും,
പാരമ്പര്യവുമായ ആരാധനയും ജീവിതത്തെയും കര്‍ത്താവ്
ശാസിക്കുന്നു.
ദാരിദ്രവും,
കഷ്ടതയും, ഉപദ്രവങ്ങളും സഹിച്ചതിലും, സാത്താന്റെ പള്ളിക്കാരെ എതിര്‍ത്തതിലും സ്മുർന്നാ സഭയെ ക്രിസ്തു പ്രശംസിക്കുന്നു.
സഭയില്‍ വിശുദ്ധി ഉണ്ടായിരിക്കേണം എന്നും,
അല്ലാത്തവരെ സഭയില്‍നിന്നും നീക്കികളയേണം
എന്നുമുള്ള കര്‍ത്താവിന്‍റെ
ആഗ്രഹം നമ്മള്‍
പെർഗ്ഗമൊസ് സഭയോടുള്ള
ദൂതില്‍ കാണുന്നു.
ഈ പഠനത്തിന്റെ ഒന്നാമത്തെ ഭാഗം ഞാന്‍ എവിടെ അവസാനിപ്പിക്കട്ടെ.
രണ്ടാമത്തെ
ഭാഗത്ത് നമ്മള്‍, തുയഥൈര,
സർദ്ദിസ്, ഫിലദെൽഫ്യ,
ലവൊദിക്ക്യാ, എന്നീ സഭകളോടുള്ള ദൂതിനെ കുറിച്ച് പഠിക്കുന്നതാണ്.
കര്‍ത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
Watch videos in English and Malayalam @
naphtalitribetv.com
Listen to the audio message @ naphtalitriberadio.com
Read study notes in English at our official web:
naphtalitribe.com
Read study notes in Malayalam @ vathil.in
No comments:
Post a Comment