ഭീരുവല്ലാത്ത ഒരു
പട്ടാളക്കാരനെ ഇനിയും നിങ്ങള്‍ കാണുമ്പോള്‍ അദ്ദേഹത്തോട് ചോദിക്കേണം: താങ്കള്‍ക്ക് യുദ്ധസമയ
കാലമാണോ യുദ്ധമില്ലാത്ത സമാധാന കാലമാണോ കൂടുതല്‍ ഇഷ്ടം?
ഞാന്‍ ഈ ചോദ്യം
ചോദിച്ചിട്ടുണ്ട്, എനിക്ക് കിട്ടിയ മറുപടി ഞാന്‍ പറയട്ടെ.
തന്റെ ജോലിയെ
ഇഷ്ടപ്പെടുന്ന, ഭീരുക്കള്‍ അല്ലാത്ത എല്ലാ പട്ടാളക്കാരനും പറയും: അവര്‍ക്ക്
യുദ്ധത്തിന്‍റെ കാലമാണ് കൂടുതല്‍ ഇഷ്ടം.
യുദ്ധത്തില്‍ പോയി മുറിവേല്‍ക്കുവാണോ,
യുദ്ധത്തില്‍ കൊല്ലപ്പെടുവാണോ അവര്‍ക്ക് ആഗ്രഹമുള്ളതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്.
യുദ്ധകാലം എന്തെങ്കിലും
ഒക്കെ ചെയ്യുവാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളുടെ കാലമാണ്; യുദ്ധമില്ലാത്ത സമാധാന
കാലം നിഷ്ക്രിയര്‍ ആയിരുന്നു മുഷിയുന്ന, ബോറടിക്കുന്ന കാലം ആണ്.
യഥാര്‍ത്ഥ പട്ടാളക്കാരന്‍
എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുവാന്‍ ആഗ്രഹിക്കുന്നു, അവന് പ്രവര്‍ത്തനരഹിതമായ
കാലത്തെ ഇഷ്ടമല്ല.
പടയാളികള്‍ യുദ്ധം
ആഗ്രഹിക്കുന്നു എന്നല്ല ഞാന്‍ പറഞ്ഞത്, അവര്‍ യുദ്ധത്തെ ഇഷ്ടപ്പെടുന്നു.
യഥാര്‍ത്ഥ വിശ്വാസികള്‍
ഇതുപോലെ തന്നെ യുദ്ധത്തെ ഇഷ്ടപ്പെടുന്നവര്‍ ആണ്.
കാരണം അവര്‍ യുദ്ധത്തില്‍
ആണ്, യുദ്ധം പോരാടി ജയിച്ചേ മതിയാകൂ.
എന്നാല്‍ നമ്മളുടെ യുദ്ധം
ലോകത്തിലെ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ നിന്നും വിഭിന്നം ആണ്.
ശത്രു സാമ്രാജ്യത്തെ
കീഴടക്കുക എന്നതാണ് നമ്മളുടെ ലക്ഷ്യം എങ്കിലും അത് ഒരു ഭൌതീക രാജ്യത്തെക്കുറിച്ച് അല്ല.
സത്യത്തില്‍, രക്ഷിക്കപ്പെട്ട ഒരു
ക്രിസ്തീയ വിശ്വാസിയുടെ യുദ്ധം പോരാടി ജയിച്ചു കഴിഞ്ഞ യുദ്ധം ആണ്, യുദ്ധം
അവസാനിച്ചു കഴിഞ്ഞു, ജയം പ്രഖ്യാപിച്ചു കഴിഞ്ഞു.
നമ്മള്‍ ഇപ്പോള്‍ ഈ ജയം നടപ്പിലാക്കുന്നു
എന്നെയുളൂ.
ഒരു കോടതി വ്യവഹാരത്തില്‍
നമുക്ക് അനുകൂലമായ വിധിയുടെ പകര്‍പ്പ് കൈയില്‍ ഇരുന്നാല്‍ അതുകൊണ്ട് പ്രയോജനം
ഇല്ല; അത് നമ്മള്‍ നടത്തി എടുക്കേണം.
അതുപോലെ തന്നെ, നമ്മളുടെ
കര്‍ത്താവ് ക്രൂശില്‍ പിശാചിന്റെ മേല്‍ നേടിയ ജയം നമ്മള്‍ നമ്മളുടെ ജീവിതത്തില്‍
നടത്തി എടുക്കേണം.
ഇതാണ് ഈ സന്ദേശത്തിന്റെ
മുഖ്യ വിഷയം.
വീണ്ടും ജനനം പ്രാപിച്ച എല്ലാ
വ്യക്തികളും ഒരു ആത്മീയ യുദ്ധത്തില്‍ പങ്കാളിയാണ്.
നമ്മള്‍ വീണ്ടും ജനനം
പ്രാപിച്ചപ്പോള്‍ നമ്മള്‍ ഒരു സൈന്യത്തില്‍ നിന്നും മാറി മറ്റൊന്നില്‍ ചേരുക ആണ്
ചെയ്തത്.
ഒരിക്കല്‍ നമ്മള്‍
പിശാചിന്‍റെ അന്ധകാരത്തിന്‍റെ രാജ്യത്തില്‍ ആയിരുന്നു, അവിടെ അവന്‍റെ സാമ്രാജ്യം
സംരക്ഷിക്കുവാനായി നമ്മള്‍ പോരാടികൊണ്ടിരിക്കുന്നു.
ഇപ്പോള്‍ നമ്മള്‍, അന്ധകാരത്തിൽനിന്നു
ദൈവത്തിന്‍റെ അത്ഭുതപ്രകാശത്തിലേക്കു വിളിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെട്ടുകയും
ചെയ്തിരിക്കുന്ന ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും ദൈവത്തിന്‍റെ സ്വന്തജനവും
ആകുന്നു. (1 പത്രോസ് 2: 9)
അങ്ങനെ നമ്മള്‍ ഇപ്പോള്‍ ഒരു പുതിയ സൈന്യത്തില്‍
ചേര്‍ന്നിരിക്കുന്നു.
അതായത്, നമ്മളുടെ യുദ്ധം അവസാനിക്കുക അല്ല ചെയ്തത്,
യുദ്ധം തുടരുക ആണ്; നമ്മള്‍ സാമ്രാജ്യവും സൈന്യവും മാറി എന്നെയുള്ളൂ.
നമ്മള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും യുദ്ധം
തുടരുക ആണ്, കാരണം ശത്രു നമ്മളുടെ രാജ്യത്തിനെതിരെ പോരാടികൊണ്ടിരിക്കുക ആണ്.
ഒരിക്കല്‍ നമ്മള്‍ അന്ധകാരത്തിന്‍റെ
രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്തു, ഇപ്പോള്‍ അത്ഭുത പ്രകാശത്തിന്റെ രാജ്യത്തിനുവേണ്ടി
യുദ്ധം ചെയ്യുന്നു.
നമ്മള്‍ അന്ധകാരത്തിന്‍റെ രാജ്യത്തില്‍
ആയിരുന്നപ്പോള്‍ ഒരിക്കലും ഒരു യുദ്ധത്തില്‍ ആയിരുന്നു എന്ന് തോന്നിയിട്ടില്ല.
എന്നാല്‍ വീണ്ടും ജനനം പ്രാപിച്ചു കഴിഞ്ഞപ്പോള്‍
മുതല്‍ യുദ്ധം നമുക്ക് അനുഭവപ്പെടുവാന്‍ തുടങ്ങി.
അതിനു കാരണം, ദൈവം, തന്‍റെ സന്നിധിയിൽ
വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ
തിരഞ്ഞെടുത്തിരുന്നു. (എഫെസ്യര്‍ 1:4) എന്നതാണ്.
നമ്മളുടെ ദൈവം സ്നേഹവാനും ദീര്‍ഘക്ഷമയുള്ളവനും
ആയതിനാല്‍, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി
വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ അവന് ഇഷ്ടം. (യെഹെസ്കേല്‍ 33:
11)
നമ്മള്‍ ഇപ്പോള്‍ ദൈവരാജ്യത്തിന്റെ
പുനസ്ഥാപനത്തിനായും അതിന്‍റെ സ്വാധീനം ഈ ഭൂമിയില്‍ വര്‍ദ്ധിപ്പിക്കെണ്ടുന്നതിനായും
യുദ്ധം ചെയ്തുകൊണ്ടിരിക്കുക ആണ്.
അതുകൊണ്ട് “നമുക്കു പോരാട്ടം ഉള്ളതു
ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും
അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ
ദുഷ്ടാത്മസേനയോടും അത്രേ.” (എഫെസ്യര്‍ 6: 12)
ഈ ചിന്തകളോടെ നമുക്ക് സങ്കീര്‍ത്തനങ്ങളിലെ ഒരു
വാക്യം വായിക്കാം.
ജയത്തിന്‍റെ ഘോഷം
സങ്കീര്‍ത്തനങ്ങള്‍ 118:15 ഉല്ലാസത്തിന്‍റെയും
ജയത്തിന്‍റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
‘ജയത്തിന്‍റെയും’ എന്ന മലയാളം വാക്കിന്
ഇംഗ്ലീഷില്‍ ചില പരിഭാഷകളില്‍ വ്യത്യസ്തങ്ങളായ പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.
KJV, NKJV എന്നിവയില്‍ “The voice of rejoicing and salvation” എന്ന വാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്.
RSV യില്‍ “songs
of victory” എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
NIV യില്‍ “Shouts of joy and victory” എന്നാണ്
KJV യിലെ salvation എന്ന വാക്കിന്‍റെ മൂലഭാഷയായ എബ്രായ പദം y@shuwah (yesh-oo-aw) എന്നതാണ്.
ഈ വാക്കിന്‍റെ അര്‍ത്ഥം വിടുതല്‍,
ജയം, സമൃദ്ധി എന്നിവയാണ്.
നമ്മള്‍ വായിച്ച സങ്കീര്‍ത്തന ഭാഗത്തിന്‍റെ രണ്ടാമത്തെ ഭാഗം
പറയുന്നത്: “യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു” എന്നാണ്.
ഈ വാക്കുകള്‍ക്ക് യുദ്ധവുമായി ബന്ധമുണ്ട്.
അതായത് യഹോവ യുദ്ധത്തില്‍ വീര്യം പ്രവര്‍ത്തിച്ചിരിക്കുന്നു;
അതിനാല്‍ ഉല്ലാസത്തിന്‍റെയും ജയത്തിന്‍റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ
ഉണ്ടു.
ഇതു യുദ്ധത്തില്‍ ജയിച്ചതിന്റെ ഘോഷം ആണ്.
ജയത്തിന്‍റെ ഘോഷം, ജയിക്കുന്നവന്റെ ഹൃദയത്തില്‍
നിന്നും നൈസര്‍ഗ്ഗികമായി ഉയരുന്ന ശബ്ദം ആണ്.
മത്സരങ്ങളില്‍ ജയിക്കുന്നവനും യുദ്ധത്തില്‍
ജയിക്കുന്നവനും ജയത്തിന്‍റെ ഘോഷം മുഴക്കാറുണ്ട്.
ഈ ശബ്ദം നമ്മളോട് പറയുന്ന ഒരു കാര്യം ഉണ്ട്:
പോരാട്ടത്തില്‍ ഒരാള്‍ ജയിച്ചിരിക്കുന്നു, മറ്റൊരാള്‍ പരാജയപ്പെട്ടിരിക്കുന്നു.
അതിനാല്‍ എല്ലാ ജയത്തിന്റെ ഘോഷത്തിന്‍റെ
പിന്നിലും ഒരു പോരാട്ടം ഉണ്ട്.
പോരാട്ടം ഇല്ലാതെ ജയം ഇല്ല, പോരാട്ടത്തില്‍ ജയിക്കാതെ
ജയത്തിന്‍റെ ഘോഷം ഇല്ല.
സങ്കീര്‍ത്തനത്തില്‍ പറയുന്നതിതാണ്:
നീതിമാന്മാര്‍ ശത്രുക്കളെ തോല്‍പ്പിച്ച് പോരാട്ടത്തില്‍ ജയിച്ചിരിക്കുന്നു,
അതിനാല്‍ അവിടെ എപ്പോഴും ജയത്തിന്റെ ഘോഷം ഉണ്ട്.
ജയോത്സവം
യേശുവിനെ രക്ഷിതാവും കര്‍ത്താവും ആയി
സ്വീകരിച്ചപ്പോള്‍ നമ്മള്‍ ദൈവരാജ്യത്തിന്റെ സൈന്യത്തില്‍ ചേരുക ആയിരുന്നു..
അന്നുമുതല്‍ നമ്മള്‍ “വാഴ്ചകളോടും
അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ
ദുഷ്ടാത്മസേനയോടും” ഉള്ള പോരാട്ടം ആരംഭിച്ചു കഴിഞ്ഞു.
എന്നാല്‍ ഓര്‍ക്കുക, നമ്മള്‍ അല്ല ഈ
സൈന്യത്തില്‍ ആദ്യം ചേര്‍ന്ന വ്യക്തി.
നമ്മള്‍ ഇപ്പോള്‍ ഈ ആത്മീയ യുദ്ധത്തിന്‍റെ ആദ്യ
പാദത്തില്‍ അല്ല; അവസാന പാദത്തില്‍ നില്‍ക്കുകയാണ്.
യുദ്ധത്തിലെ ആദ്യ പാദം അവസാനിച്ചു കഴിഞ്ഞു; നമ്മളെ
ദൈവം വിളിച്ചിരിക്കുന്നത് അവസാന പാദത്തില്‍ യുദ്ധം ചെയ്യുവാനാണ്.
അതായത് നമ്മള്‍ ഇപ്പോള്‍ തന്നെ യുദ്ധം
ജയിച്ചുകഴിഞ്ഞ ദൈവത്തിന്റെ സൈന്യത്തോടൊപ്പം നില്‍ക്കുക ആണ്.
2 കൊരിന്ത്യര്‍
2: 14 ക്രിസ്തുവിൽ
ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ
പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.
ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികള്‍ ഈ വാചകം
എങ്ങനെ ആണ് മനസ്സിലാക്കിയത് എന്ന് നമുക്ക് നോക്കാം.
റോമന്‍ സാമ്രാജ്യത്തില്‍ അന്ന് ജയോത്സവം എന്ന
ഒരു ആഘോഷം നിലനിന്നിരുന്നു.
ഒരു വിദേശ ശത്രു രാജ്യത്തെ യുദ്ധത്തില്‍ തോല്‍പ്പിച്ച്,
ആ രാജ്യത്തെ പിടിച്ചടക്കി, റോമന്‍ സാമ്രാജ്യത്തിന്‍റെ വിസ്തൃതിയും സമ്പത്തും വര്‍ദ്ധിപ്പിക്കുന്ന
സൈന്യാധിപന്മാര്‍ക്ക് രാജ്യം നല്‍കുന്ന ബഹുമതി ആണ് ഈ ഉത്സവങ്ങള്‍.
ഈ ഉത്സവത്തിന്‍റെ വിശദാംശങ്ങളിലേക്ക് ഞാന്‍ ഇപ്പോള്‍
പോകുന്നില്ല.
ഇതിന്‍റെ പ്രധാന ഭാഗം തെരുവീഥിയിലൂടെ
നടന്നുപോകുന്ന ജയത്തിന്‍റെ ഘോഷയാത്ര ആണ്.
ജയാളിയായ സൈന്യാധിപനാല്‍ നയിക്കപ്പെടുന്ന ഈ
ഘോഷയാത്രയില്‍ പരാജയപ്പെട്ടവരും ജീവനോടെ പിടിക്കപ്പെട്ടവരും ആയ ശത്രു രാജാവിനെയും സൈന്യധിപന്മാരെയും
സകലരും കാണെണ്ടതിന് പ്രദര്‍ശിപ്പിക്കും.
ശത്രുക്കള്‍ പരാജയപ്പെട്ടോ എന്നൊരു സംശയം ആര്‍ക്കും
ഉണ്ടാകരുത്.
ഈ ജയത്തിന്‍റെ ഘോഷയാത്രയിലേക്ക് ചുറ്റും നില്‍ക്കുന്നവര്‍
വലിച്ചെറിയുന്ന പൂക്കളുടെ സുഗന്ധത്തെയാണ് പൗലോസ്, “പരിജ്ഞാനത്തിന്റെ വാസന” എന്ന
വാക്കുകളിലൂടെ പരാമര്‍ശിക്കുന്നത്.
അതായത് ഈ വാക്യം എഴുതിയപ്പോള്‍, പൌലോസിന്റെ
മനസ്സില്‍ റോമന്‍ സാമ്രാജ്യം ഒരു സൈന്യാധിപന് ബഹുമധിയായി നല്‍കുന്ന ജയത്തിന്‍റെ
ഘോഷയാത്രയും അവിടെ പരക്കുന്ന പൂക്കളുടെ സുഗന്ധവും ഉണ്ടായിരുന്നു.
പൗലോസ് പറയുന്നു, ദൈവം നമ്മളെ എപ്പോഴും ജയോത്സവമായി
നടത്തുന്നു.
അതിന്‍റെ അര്‍ത്ഥം, നമ്മളുടെ സര്‍വ്വ
സൈന്യാധിപനായ യേശു ക്രിസ്തു കാല്‍വരി ക്രൂശില്‍ തന്‍റെ യാഗത്തോടെ യുദ്ധം ജയിച്ചു
കഴിഞ്ഞു.
കൊലോസ്യര്‍ 2:
15 വാഴ്ചകളെയും
അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ
പരസ്യമായ കാഴ്ചയാക്കി.
ഈ സംഭവങ്ങള്‍ നടന്നത് ആത്മമണ്ഡലത്തില്‍ ആണ്.
ആത്മമണ്ഡലത്തില്‍ സംഭവിക്കുന്ന സത്യത്തിന്‍റെ,
സമാന്തരമായ സംഭവങ്ങള്‍ ആണ് നമ്മള്‍ ഈ ഭൂമിയില്‍ കാണുന്ന സകലതും.
യേശു ഒറ്റുകൊടുക്കപ്പെട്ടതും, ശാരീരികമായും
മാനസികമായും പീഡിപ്പിക്കപ്പെട്ടതും, ക്രൂശിക്കപ്പെട്ടതും നമ്മള്‍ ഈ ഭൂമിയില്‍
കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആണ്.
എന്നാല്‍ പരിശുദ്ധാത്മാവിന്റെ നിറവില്‍ പൌലോസ്
മറ്റൊരു കാഴ്ച ആത്മമണ്ഡലത്തില്‍ നടക്കുന്നത് കണ്ടു.
ആത്മമണ്ഡലത്തില്‍ സംഭവിച്ച സത്യം ഇതാണ്: യേശു പൈശാചിക
വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അന്ധകാര ശക്തികളുടെ
മേല്‍ ജയോത്സവം കൊണ്ടാടി, പരാജയപ്പെട്ടതും തകര്‍ക്കപ്പെട്ടതുമായ സാത്താന്യ
സൈന്യത്തെ പരസ്യമായ കാഴ്ചയാക്കി.
അങ്ങനെ അന്ന് അവിടെവച്ചുതന്നെ ജയോത്സവം
ആരംഭിക്കപ്പെട്ടു; ഇന്നും അത് തുടരുക ആണ്; നിത്യതയിലും തുടരുകയും ചെയ്യും.
നമ്മളെ ദൈവം വിളിച്ച് തിരഞ്ഞെടുത്തത് ഈ ജയോല്‍സവത്തില്‍
പങ്കാളികള്‍ ആകുവാന്‍ ആണ്.
നമ്മള്‍ ഇന്ന് സത്യത്തില്‍ സാത്താന്യ
സൈന്യത്തോട് യുദ്ധം ചെയ്യുക അല്ല, ജയം നടപ്പിലാക്കുക ആണ്.
നമ്മള്‍ യുദ്ധം ജയിക്കുവാനായി പോരാടുന്നവര്‍
അല്ല, ജയിച്ച സൈന്യത്തോടൊപ്പം ജയോത്സവം ആചരിക്കുന്നവര്‍ ആണ്; നമ്മള്‍ ജയത്തില്‍
നിന്നും ജയത്തിലേക്ക് മുന്നേറുന്നവര്‍ ആണ്.
അതുകൊണ്ട് “ഉല്ലാസത്തിന്‍റെയും ജയത്തിന്‍റെയും
ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു”.
ഗിദെയോൻ
ദൈവരാജ്യത്തിന്‍റെ യുദ്ധരീതികള്‍ ലോകത്തിന്‍റെ രീതികളില്‍
നിന്നും വ്യത്യസ്തം ആണ്.
ദൈവം യുദ്ധങ്ങള്‍ ജയിക്കുന്നത് മനുഷ്യരുടെ സൈന്യത്താലല്ല, ശക്തിയാലുമല്ല, ദൈവത്തിന്‍റെ ആത്മാവിനാലത്രേ. (സെഖര്യാവ് 4: 6)
ദൈവത്തിന്‍റെ ആയുധങ്ങള്‍ മനുഷ്യരുടെ
ആയുധങ്ങളേക്കാള്‍ വിഭിന്നം ആണ്, ദൈവത്തിനു മാത്രമേ അത് ശരിയായി ഉപയോഗിക്കുവാന്‍
കഴിയൂ.
അവ അസാധാരണമായവ ആണ്, അവ നിശ്ചയമായും വിജയിക്കുക
തന്നെ ചെയ്യും.
ദൈവത്തിന്‍റെ കൈയിലെ ശക്തമായ ഒരു ആയുധം ആണ് “ജയത്തിന്‍റെ
ഘോഷം”.
യിസ്രായേലിന്റെ ന്യായാധിപനായിരുന്ന ഗിദെയോന്‍റെ ജീവിതം
രേഖപ്പെടുത്തിയിരിക്കുന്നത് ന്യായാധിപന്മാരുടെ പുസ്തകം 6 മുതല്‍ 8 വരയുള്ള അദ്ധ്യായങ്ങളില്‍ ആണ്.
ഗിദെയോൻ എന്ന പേരിന്‍റെ അര്‍ത്ഥം “മരം വെട്ടുകാരന്‍” എന്നാണ്.
എന്നാല്‍ പിന്നീട് ജനം അവനെ യെരുബ്ബാല്‍ എന്ന്
വിളിച്ചു. (6:32)
യെരുബ്ബാല്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം, ബാല്‍ ദേവനോട് മല്ലുപിടിക്കുന്നവന്‍
എന്നാണ്.
ബാല്‍ ദേവനോട് പോരാടുക എന്നാല്‍ മിദ്യന്യരോട്
യുദ്ധം ചെയ്യുക എന്നാണ്, കാരണം ബാല്‍ മിദ്യാന്യരുടെ ദേവന്‍ ആയിരുന്നു.
ഗിദെയോന്‍ ബാലിനെതിരെ പോരാടി യുദ്ധത്തില്‍
വിജയിക്കുകയും ചെയ്തു.
യുദ്ധത്തിന്‍റെ അവസാന ഘട്ടം
ഗിദെയോനും മിദ്യാന്യരും തമ്മിലുള്ള യുദ്ധത്തിന്‍റെ
അവസാന ഘട്ടമാണ് നമ്മള്‍ക്ക് പ്രധാനപ്പെട്ടത്.
യിസ്രായേലിന് എതിരെ പാളയമടിച്ചിരുന്ന മിദ്യാന്യ
സൈന്യത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ ആണ്: “എന്നാൽ മിദ്യാന്യരും അമാലേക്യരും
കിഴക്കുദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയിൽ
കിടന്നിരുന്നു; അവരുടെ
ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു.” (7: 12)
അതായത് മിദ്യാന്യര്‍ ഒറ്റക്കല്ല യുദ്ധത്തിനു
വന്നത്, അവരുടെ കൂടെ മറ്റു ചില രാജ്യക്കാരും ഉണ്ടായിരുന്നു.
അവരുടെ എണ്ണം ഭയങ്കരം ആയിരുന്നു.
എന്നാല്‍ ഗിദെയോനോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട
300 യോദ്ധാക്കള്‍ ഉണ്ടായിരുന്നു.
ആദ്യം ഗിദെയോന്‍ വിളിച്ചു കൂട്ടിയത് 32,000
പേരെ ആയിരുന്നു. എന്നാല്‍ ദൈവം അതിന്‍റെ 1% മാത്രമായി എണ്ണത്തെ കുറച്ചു.
“എന്‍റെ കൈ എന്നെ രക്ഷിച്ചു” എന്നു യിസ്രായേൽ ദൈവത്തിനു
നേരെ വമ്പുപറയാതിരിക്കേണം എന്ന് ദൈവം ആഗ്രഹിച്ചു. (7:
2)
ദൈവം യുദ്ധം ചെയ്തു രക്ഷിച്ചൂ എന്നെ വരാവുളൂ എന്നതുകൊണ്ട് ദൈവം
സൈന്യബലം കുറച്ചു.
ദൈവത്തിന് യുദ്ധം അവന്‍റെതായ മാര്‍ഗ്ഗത്തില്‍,
അവന്‍റെ പ്രത്യേക ആയുധങ്ങള്‍ ഉപയോഗിച്ച് ജയിക്കേണം എന്നുണ്ട്.
അതുകൊണ്ട് മിദ്യാന്യ സൈന്യത്തോട് പോരാടുവാന്‍, ഗിദെയോന്‍
വിളിച്ചുകൂട്ടിയ 32,000 പേരില്‍ നിന്നും 300 പേരെ മാത്രം ദൈവം തിരഞ്ഞെടുത്തു.
അങ്ങനെ അവസാനത്തെ യുദ്ധത്തിന്‍റെ സമയം ആയി.
അന്നു രാത്രി യഹോവ ഗിദെയോനോട് എഴുന്നേറ്റു ശത്രു
പാളയത്തിന്റെ സമീപത്തേക്ക് ഇറങ്ങിച്ചെല്ലുവാന്‍ കല്‍പ്പിച്ചു.
ദൈവം പറഞ്ഞു: “ ഞാൻ അതു നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.” (7:9)
ഒറ്റയ്ക്ക് ഇറങ്ങിച്ചെല്ലുവാൻ അവന് ഭയം
ഉണ്ടായിരുന്നതിനാല്‍ അവന്‍റെ വേലക്കാരനായ പൂരയും കൂട്ടി പാളയത്തിലേക്കു
ഇറങ്ങിച്ചെല്ലുവാന്‍ ദൈവം കല്‍പ്പിച്ചു.
അവിടെ ചെല്ലുമ്പോള്‍ ശത്രുപാളയത്തില്‍ ഉള്ളവര്‍
സംസാരിക്കുന്നതു എന്തെന്നു ഗിദെയോന് കേൾക്കുവാന്‍ കഴിയും.
ദൈവം കല്‍പ്പിച്ചതനുസരിച്ച് ഗിദെയോന്‍ രഹസ്യമായി
അന്ന് രാത്രിയില്‍, ശത്രുക്കളുടെ പാളയത്തിലെ ആയുധപാണികളുടെ സമീപത്തോളം
ഇറങ്ങിച്ചെന്നു.
അവര്‍ ചെല്ലുമ്പോള്‍ രണ്ടു പേര്‍
സംസാരിക്കുന്നത് കേട്ടു; ഒരുവന്‍ ഒരു സ്വപ്നവും രണ്ടാമന്‍ അതിന്‍റെ പൊരുളും
വിശദീകരിക്കുക ആയിരുന്നു.
ന്യായാധിപന്മാര്‍ 7: 13, 14
13 ഗിദെയോൻ ചെല്ലുമ്പോൾ ഒരുത്തൻ
മറ്റൊരുത്തനോടു ഒരു സ്വപന്ം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു വന്നു കൂടാരംവരെ
എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു.
14 അതിന്നു
മറ്റവൻ: ഇതു യോവാശിന്‍റെ മകനായ ഗിദെയോൻ എന്ന
യിസ്രായേല്യന്‍റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ
ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
അതുകേട്ടപ്പോള്‍ ഗിദെയോന്
യുദ്ധത്തില്‍ ജയം ഉറപ്പായി.
സ്വപ്നത്തിന്‍റെ വ്യാഖ്യാതാവ് പറഞ്ഞതിങ്ങനെ
ആണ്: “ദൈവം മിദ്യാനെയും ഈ പാളയത്തെ
ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു”.
യവയപ്പത്തെ ‘ഗിദെയോന്‍റെ വാള്‍’ എന്നും അവന്‍ വ്യാഖ്യാനിച്ചു.
ദൈവം മിദ്യാന്യരെ ഗിദെയോന്‍റെ കൈയില്‍ ഏല്‍പ്പിക്കും
എന്നല്ല അവന്‍ പറഞ്ഞത്, ഏല്‍പ്പിച്ചിരിക്കുന്നു എന്നാണ്.
ദൈവം അത് ചെയ്തു കഴിഞ്ഞു; അതിന്റെ അര്‍ത്ഥം യുദ്ധം കഴിഞ്ഞു,
ഗിദെയോന്‍ ജയിച്ചിരിക്കുന്നു.
ഗിദെയോനും വേലക്കാരനും യിസ്രായേല്‍ പാളയത്തില്‍ തിരികെ
ചെന്നു; ഭീരുവായ ഗിദെയോന്‍ ആയല്ല, യുദ്ധം ജയിച്ചു കഴിഞ്ഞ സൈന്യാധിപന്‍ ആയിട്ടാണ് അവന്‍
തരികെ ചെന്നത്.
ഗിദെയോന്‍ തന്‍റെ ചെറിയ പടക്കൂട്ടത്തോട് വിളിച്ചു പറഞ്ഞു: “എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ
നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” (7: 15)
താന്‍ കേട്ട സ്വപ്ന
വ്യാഖ്യാനത്തെ ഗിദെയോന്‍
ആവര്‍ത്തിച്ച് പ്രഖ്യാപിക്കുക ആണ്.
യുദ്ധം കഴിഞ്ഞു, നമ്മള്‍ ജയിച്ചിരിക്കുന്നു, മിദ്യാന്യ
പാളയത്തെ ദൈവം നമ്മളുടെ കൈയില്‍ ഏല്‍പ്പിച്ചിരിക്കുന്നു.
ഗിദെയോന് ഒരു കാര്യം കൂടെ ബോധ്യം ആയി, യുദ്ധം കഴിഞ്ഞു
എങ്കില്‍, നമ്മള്‍ യുദ്ധം ജയിച്ചിരിക്കുന്നു എങ്കില്‍ ഇനി വാളും കുന്തവും
ആവശ്യമില്ല.
ഇത് ഉല്ലാസത്തിന്റെയും ജയത്തിന്‍റെയും ഘോഷം മുഴങ്ങേണ്ടുന്ന
സമയം ആണ്.
അതുകൊണ്ട് യിസ്രായേല്‍ യോദ്ധാക്കള്‍ക്ക് അവന്‍ കാഹളവും ശൂന്യമായ കുടവും
കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു.
അവര്‍ അതുമായി ശത്രു പാളയത്തിനടുത്തെക്ക് ചെന്നു, ഗിദെയോന്‍ നിര്‍ദ്ദേശിച്ചപ്പോള്‍
അവര്‍ കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു, “യഹോവയ്ക്കും
ഗിദെയോന്നും വേണ്ടി വാൾ എന്നു ആർത്തു.”
‘ഗിദെയോന്‍റെ വാള്‍’ എന്ന ആശയം സ്വപ്നത്തിന്‍റെ
വ്യാഖ്യാനത്തില്‍ നിന്നും എടുത്തതാണ്.
യഥാര്‍ത്ഥ യുദ്ധം യഹോവ അവര്‍ക്കുവേണ്ടി ചെയ്തു, ജയം ഗിദെയോനും
യിസ്രായേല്‍ സൈന്യവുമായി ദൈവം പങ്കിട്ടു.
അതുകൊണ്ട് അവര്‍ “യഹോവയ്ക്കും
ഗിദെയോന്നും വേണ്ടി വാൾ” എന്ന് വിളിച്ചു പറഞ്ഞു.
മിദ്യാന്യര്‍ കാഹളവും ജയത്തിന്‍റെ ഘോഷവും
കേട്ടപ്പോള്‍ അവര്‍ പരസ്പരം ആക്രമിച്ചു, നിലവിളിച്ചുകൊണ്ടു ഓടിപ്പോയി.
കാഹളത്തിന്റെ ശബ്ദവും ജയത്തിന്റെ ഘോഷവും
കേട്ടപ്പോള്‍ മിദ്യാന്യര്‍ എന്ത് ചിന്തിച്ചു എന്നത് നമുക്ക് ഇവിടെ വിഷയം അല്ല.
ഗിദെയോനും കൂട്ടരും എന്താണ് ചെയ്തത്, അവര്‍ എന്താണ് പറഞ്ഞത്
എന്നതാണ് നമ്മളുടെ ചിന്താവിഷയം.
അല്ലെങ്കില്‍ യുദ്ധം ജയിക്കുവാന്‍ ദൈവം എന്ത് യുദ്ധതന്ത്രം
ആണ് ഉപയോഗിച്ചത്.
യുദ്ധം തുടങ്ങുവാനും യുദ്ധത്തിന്‍റെ ജയത്തിനുശേഷം തിരികെ
പോകുവാനും സൈന്യം കാഹളം ഊതാറുണ്ട്.
യുദ്ധത്തിലും, രാജാക്കന്മാരുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളിലും
കാഹളധ്വനി ശക്തിയുടെയും അധികാരത്തിന്‍റെയും അടയാളമായി ഉപയോഗിക്കാറുണ്ട്.
ഒരു രാജാവിന്‍റെ ശക്തിയും അധികാരവും യുദ്ധത്തിലെ ജയത്തിലൂടെ
നേടി എടുക്കുന്നതാണ്.
കാഹളം സൈന്യത്തിന്റെ ശക്തിയെ കാണിക്കുന്നു; അത്
ശക്തിയുടെയും, അധികാരത്തിന്റെയും ജയത്തിന്റെയും അടയാളം ആണ്.
അതിനാല്‍, കാഹളം ഊതിയപ്പോള്‍ ഗിദെയോനും സൈന്യവും
യുദ്ധത്തിലെ ജയം പ്രഖ്യാപിക്കുക ആയിരുന്നു.
ഗിദെയോനും കൂട്ടരും യഥാര്‍ത്ഥത്തില്‍ യുദ്ധം ചെയ്തില്ല
എന്ന് നമ്മള്‍ കണ്ടു കഴിഞ്ഞു.
യുദ്ധം ചെയ്യുവാനുള്ള സൈന്യബലം പോലും അവര്‍ക്ക്
ഇല്ലായിരുന്നു.
അവരുടെ കൈയില്‍ വാളോ, കുന്തങ്ങളോ ഇല്ലായിരുന്നു.
അതായത്, സത്യത്തില്‍ ദൈവമാണ് യുദ്ധം ചെയ്തത്; ദൈവം ജയിക്കുകയും
ചെയ്തു.
ഗിദെയോന്‍റെയും കൂട്ടരുടെയും കടമ യുദ്ധത്തിലെ ജയം ആഘോഷിക്കുക
എന്നത് മാത്രം ആണ്.
അതുകൊണ്ട് അവര്‍ കാഹളം ഊതി, പന്തം കത്തിച്ചു, ജയത്തിന്‍റെ
ഘോഷം മുഴക്കി.
ഗിദെയോന് അവസാനത്തെ നിര്‍ദ്ദേശം നല്‍കുമ്പോള്‍ ദൈവം പറഞ്ഞു:
“എഴുന്നേറ്റു പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അതു നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.”(7:9)
ദൈവം പറഞ്ഞതിന്‍റെ അര്‍ത്ഥം ഇതാണ്: യുദ്ധം
കഴിഞ്ഞു, ഇനി നിങ്ങള്‍ പോയി കീഴടക്കുക.
യഥാര്‍ത്ഥ യുദ്ധം യഹോവയായ ദൈവവും മിദ്യാന്യ
ദേവനായ ബാലും തമ്മില്‍ ആയിരുന്നു.
നമ്മള്‍ ഈ ഭൂമിയില്‍ കണ്ടത്, ആത്മമണ്ഡലത്തില്‍
സംഭവിച്ച കാര്യങ്ങളുടെ സമാന്തരമായ സംഭവങ്ങള്‍ മാത്രം ആണ്.
ദൈവം യുദ്ധം ചെയ്തു, അവന്‍ യുദ്ധത്തില്‍
വിജയിച്ചു; അതിനു ശേഷം ജയം ഭൂമിയില്‍ നടപ്പിലാക്കുവാന്‍ ദൈവം ഗിദെയോനോട് കല്‍പ്പിച്ചു.
ശത്രുവിന്‍റെ പാളയത്തിനടുത്തെക്ക് പോകുവാനും അവിടെ
രണ്ടുപേര്‍ തമ്മില്‍ സംസാരിക്കുന്നത് കേള്‍ക്കുവാനും ദൈവം ഗിദെയോനോട് കല്‍പ്പിച്ചു.
ആത്മമണ്ഡലത്തില്‍ സംഭവിച്ചു കഴിഞ്ഞ സത്യങ്ങള്‍ ദൈവം അവരെ
സ്വപ്നത്തിലൂടെ അറിയിച്ചിരിക്കുന്നു.
ശത്രു പാളയത്തിനടുത്തെക്ക് ഇറങ്ങി ചെന്ന ഗിദെയോന്‍
ആത്മമണ്ഡലത്തില്‍ സംഭവിച്ചു കഴിഞ്ഞ യുദ്ധത്തിന്‍റെ കഥ കേട്ടു; യഹോവ യുദ്ധത്തില്‍
ജയിച്ചതും കേട്ടു.
അപ്പോള്‍ അവന്‍ തന്‍റെ കൂടെയുള്ളവരോട് വിളിച്ചു പറഞ്ഞു: “എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ
നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” (7: 15)
ജയത്തെ നടപ്പിലാക്കുവാന്‍ നമുക്ക് ഇനി വാളും കുന്തങ്ങളും
വേണ്ട, ജയത്തിന്‍റെ ഘോഷം മാത്രം മതി.
നമ്മള്‍, പുതിയ നിയമ വിശ്വാസികള്‍ ഈ സത്യം
മനസ്സിലാക്കിയിരിക്കേണം.
മനുഷ്യരും പിശാചും, ദൈവവും സാത്താനും തമ്മിലുള്ള യുദ്ധം
നമ്മളുടെ കര്‍ത്താവ് പോരാടി, കാല്‍വരി ക്രൂശില്‍ ആ യുദ്ധം ജയിച്ചു കഴിഞ്ഞു.
അതായത്, യേശു ക്രിസ്തു യുദ്ധത്തില്‍ നമുക്ക് വേണ്ടി പോരാടി,
യുദ്ധം ജയിച്ചു, ശത്രുവിന്‍റെ ആയുധങ്ങളെ പിടിച്ചെടുത്തു, ജയോത്സവം ആരംഭിക്കുകയും
ചെയ്തു.
കര്‍ത്താവ് നമ്മളെ വിളിച്ചിരിക്കുന്നത് യുദ്ധത്തിലെ ജയം
ഘോഷിക്കുവാന്‍ ആണ്; ജയം നടപ്പിലാക്കുവാന്‍ വേണ്ടി ആണ്.
കര്‍ത്താവിന്റെ ജയോല്‍സവത്തില്‍ നമ്മള്‍ പങ്കാളികള്‍
ആകുന്നതിലൂടെ യുദ്ധത്തിലെ ജയം നമ്മള്‍ കൈവശമാക്കുക ആണ്.
ഇവിടെ നമുക്ക് ഇനി വാളുകളോ, കുന്തങ്ങളോ, ഭൌതീകമായ ആയുധങ്ങളോ
ആവശ്യമില്ല, ജയത്തിന്‍റെ ഘോഷം മാത്രം മതിയാകും.
പുതിയനിയമ വിശ്വാസികള്‍ക്ക് ഭൌതീകമണ്ഡലത്തില്‍ ജഡരക്തങ്ങളില്‍ ശത്രുക്കള്‍ ഇല്ല.
നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ
ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.”
നമ്മളുടെ യുദ്ധം തികച്ചും ആത്മമണ്ഡലത്തില്‍
ഉള്ളതാണ്.
ദൈവരാജ്യം ഇപ്പോള്‍ ഐഹികമല്ല, അതുകൊണ്ട് തന്നെ
യുദ്ധവും ഭൌതീക മണ്ഡലത്തില്‍ അല്ല നടക്കുന്നത്.
ഈ യുദ്ധമോ, യേശു പോരാടി ജയിച്ചു കഴിഞ്ഞു.
ക്രിസ്തു നമ്മളെ എപ്പോഴും ജയോത്സവമായി
നടത്തുകയും എല്ലാടത്തും നമ്മളെക്കൊണ്ടു തന്റെ ജയത്തിന്‍റെ വാസന വെളിപ്പെടുത്തുകയും
ചെയ്യുന്നു.
എന്തുകൊണ്ട് ജയം
നടത്തി എടുക്കേണം?
യുദ്ധം ജയിച്ചു കഴിഞ്ഞു എങ്കില്‍ ഇനി നമ്മള്‍
എന്തിനു ജയം നടപ്പിലാക്കേണം?
ആത്മമണ്ഡലത്തില്‍ യഹോവയായ ദൈവം മിദ്യാന്യരോട്
യുദ്ധം ചെയ്തു വിജയിച്ചു എങ്കിലും ഭൌതീകമണ്ഡലത്തില്‍ മിദ്യാന്യര്‍ യിസ്രായേലിനെ
എതിരെ പാളയം അടിച്ച് കിടക്കുന്നുണ്ട്.
അവര്‍ ഇപ്പോഴും യിസ്രായേലിനെ
വെല്ലുവിളിക്കുന്നുണ്ട്.
അതിന്റെ അര്‍ത്ഥം, യുദ്ധം ഭൂമിയില്‍ സ്ഥിരപ്പെട്ടിട്ടില്ല
എന്നാണ്.
അതുകൊണ്ട് ഗിദെയോന്‍ മിദ്യാന്യരെ
കീഴടക്കേണം, അവരെ ഓടിച്ചുകളയണം.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ആത്മമണ്ഡലത്തിലെ ജയത്തിനു
ശേഷവും ഭൌതീകമണ്ഡലത്തില്‍ യുദ്ധം തുടരുക ആണ്.
കാരണം, ഇതുവരെയും ശത്രുവിനെ സമ്പൂര്‍ണ്ണമായി
നശിപ്പിച്ചിട്ടില്ല, അവന്‍റെ അവസാന നാശം സംഭാവിക്കാനിരിക്കുന്നതെ ഉള്ളൂ.
ശത്രു ഇപ്പോഴും ഭൌതീക മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
അതുകൊണ്ടാണ് പത്രോസ് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്: “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം
എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.” (1 പത്രോസ് 5: 8)
ഈ ലോകത്തിലെ രാജ്യങ്ങള്‍ തമ്മില്‍ എതിരായി യുദ്ധം
ചെയ്യുന്നതുപോലെ പിശാചിനോട് യുദ്ധം ചെയ്യുവാനല്ല പത്രോസ് പറയുന്നത്.
നമ്മളുടെ കര്‍ത്താവ് നേടിയിരിക്കുന്ന ജയം
നടപ്പിലാക്കുവാന്‍, തികച്ചും വ്യത്യസ്തമായ ആയുധങ്ങള്‍ ഉപയോഗിക്കുവാന്‍ ആണ് പത്രോസ്
പറയുന്നത്.
നമ്മള്‍ മുകളില്‍ വായിച്ച വാക്യത്തില്‍
ആടുകളുടെയും ശത്രുവായ വന്യമൃഗങ്ങളുടെയും ചിത്രം ആണ് നമ്മള്‍ കാണുന്നത്.
അത് ഏതു മൃഗം ആണ് എന്ന് നമുക്ക് വ്യക്തമല്ല,
അലറുന്ന സിംഹം എന്നപോലെ എന്ന് മാത്രമേ പത്രോസ് പറയുന്നുള്ളൂ.
അത് ആടുകളെ ആക്രമിക്കുവാന്‍ ശ്രമിക്കുന്ന
ചെന്നായ്ക്കളോ, മറ്റ് ഏതെങ്കിലും വന്യ ജീവികളോ, സിംഹം തന്നെയോ ആകാം.
ആക്രമണം പകലോ രാത്രിയിലോ ആകാം.
അതുകൊണ്ട്, ഞാന്‍ ആടുകള്‍ വിശ്രമിക്കുന്ന
രാത്രി സമയത്തെയും ആക്രമിക്കുവാന്‍ ശ്രമിക്കുന്ന സിംഹത്തെയും പശ്ചാത്തലമായി
എടുക്കുക ആണ്.
രാത്രിയില്‍ ആടുകള്‍ ഉറങ്ങുന്ന ആട്ടിന്‍തൊഴുത്തുകള്‍
മരത്തിന്‍റെ തൂണുകള്‍ ഒന്നിനോടൊന്നു ചേര്‍ത്ത് വച്ചോ, വലിയ കല്ലുകള്‍ ചെര്‍ത്തുവച്ചോ
ഉണ്ടാക്കുന്നതായിരിക്കും.
ഇതു താല്‍ക്കാലികമായി ഉണ്ടാക്കുന്ന തൊഴുത്തുകള്‍
ആണ്, സ്ഥിരമായ നിര്‍മ്മിതി ആയിരിക്കേണം എന്നില്ല.
അതിനു ഒരു വാതില്‍ മാത്രമേ കാണുകയുള്ളൂ, അവിടെ
കുറുകെ ഇടയന്‍ കിടന്നു ഉറങ്ങും.
ഇടയന്‍ വാതില്‍ക്കലും വാതിലായും ഇരിക്കും.
ഇടയനെ മറികടന്നുകൊണ്ട് ശത്രുവിന് ആട്ടിന്‍തോഴുത്തിനുള്ളില്‍
കടക്കുവാന്‍ കഴിയുക ഇല്ല.
അതുകൊണ്ട് അവന്‍ പുറത്ത് നിന്നുകൊണ്ട് വലിയ
ശബ്ദത്തില്‍ അലറും; ആടുകളെ ഭയപ്പെടുത്തുക ആണ് ഉദ്ദേശ്യം.
ഇടയന്റെ സംരക്ഷണത്തില്‍ വിശ്വാസമുള്ള ആടുകള്‍
നിര്‍ഭയരായി ഉറങ്ങും.
എന്നാല്‍ ആടുകള്‍ എപ്പോഴും അങ്ങനെ അല്ല; അവര്‍
പെട്ടന്ന് ഭയപ്പെടുന്നവര്‍ ആണ്. ഇതു ശത്രുവിന് അറിയാം.
ശത്രു അലറുന്നത് കേള്‍ക്കുമ്പോള്‍ ആടുകള്‍
ഭയന്ന് അങ്ങോട്ടും ഇങ്ങോട്ടും, പരസ്പരം ഉന്തിയും തള്ളിയും, മറിച്ചിട്ടും,
ചവട്ടിയും ഓടുവാന്‍ തുടങ്ങും.
എന്നാല്‍ അവര്‍ ആട്ടിന്‍ തോഴുത്തിനുള്ളില്‍
ആയിരിക്കുന്നിടത്തോളം ശത്രുവിന് ഒന്നും ചെയ്യുവാന്‍ കഴിയുക ഇല്ല.
എന്നാല്‍, നിര്‍ഭാഗ്യവശാല്‍, ചില ആടുകള്‍
രക്ഷപെടുവാന്‍ സ്വയം ചില വഴികള്‍ കണ്ടെത്തും; അവര്‍ എങ്ങളെ എങ്കിലും വേലി
പൊളിച്ച്, തൊഴുത്തിന് വെളിയില്‍ ചാടി, ഓടി രക്ഷപെടുവാന്‍ ശ്രമിക്കും.
എന്നാല്‍ അവരുടെ ലക്‌ഷ്യം ശത്രുവില്‍ നിന്നും
രക്ഷപെടുക ആണ് എങ്കിലും അവര്‍ ചെന്ന് വീഴുന്നത് ശത്രുവിന്‍റെ കൈയില്‍ ആയിരിക്കും.
നല്ല ഇടയന്‍ വാതില്‍ക്കല്‍ വാതിലായി
കിടന്നുറങ്ങുന്നുണ്ട് എന്ന് വിശ്വാസമുള്ള ആടുകള്‍ നിര്‍ഭയരായി ഉറങ്ങും.
അതാണ് സങ്കീര്‍ത്തനങ്ങള്‍
4: 8 ല്‍ പറയുന്നത്: “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.”
എന്നാല്‍
ഭീരുക്കള്‍, ഇടയന്റെ ശക്തിയിലും അധികാരത്തിലും വിശ്വാസമില്ലാത്തവര്‍,
രക്ഷപെടുവാനായി സ്വയം മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിക്കും.
ആട്ടിന്‍തൊഴുത്തിന്
വെളിയിലേക്ക് ചാടുന്നവര്‍ ശത്രുവിന്‍റെ ഇരയായി തീരും.
ശത്രു ആടിനെ
കൊന്നത് ഇടയന്‍ സംരക്ഷണം നല്‍കാഞ്ഞിട്ടല്ല, ആട് തന്‍റെ യുദ്ധം ചെയ്ത് ശത്രുവിന്‍റെമേല്‍
ജയിക്കാഞ്ഞത് കൊണ്ടാണ്.
യേശു ക്രൂശില്‍
നേടിയ ജയത്തില്‍ അവര്‍ വിശ്വസിച്ചില്ല, അതുകൊണ്ട് അവര്‍ അവരുടെ സ്വന്തം വഴി തേടി
പോയി.
നമ്മള്‍ എപ്പോഴും
ഓര്‍ക്കേണ്ടുന്ന ഒരു സത്യം ഉണ്ട്: നമുക്ക് ജഡരക്തങ്ങളില്‍ വസിച്ചുകൊണ്ട് പിശാചിനെ തോല്‍പ്പിക്കുവാന്‍
കഴിയുക ഇല്ല; യേശുവിന് മാത്രമേ അവനെ തോല്‍പ്പിക്കുവാന്‍ കഴിയൂ.
പിശാച് ഇപ്പോള്‍ തന്നെ തോറ്റ ശത്രു ആണ്,
എങ്കിലും അവന്‍ ഇപ്പോഴും അലറുന്ന സിംഹം എന്നപോലെ ചുറ്റി നടക്കുന്നുണ്ട്.
പിശാചിനെ ജയിക്കുവാനുള്ള നമ്മളുടെ വിജയ രഹസ്യം “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ” എന്നതാണ്.
യാക്കോബ് അപ്പോസ്തലന്‍ 4: 7 ല്‍ നമ്മളെ
ഉപദേശിക്കുന്നത് ഇങ്ങനെ ആണ്: “ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.”
യേശു ക്രൂശില്‍ പിശാചിന്റെ മേല്‍ നേടിയ ജയത്തില്‍
വിശ്വസിക്കുക, ജയോല്‍സവത്തില്‍ പങ്കാളികള്‍ ആയി ജീവിക്കുക, പിശാചിനോട് എതിര്‍ത്തു
നില്‍ക്കുക, ഇതാണ് പുതിയനിയമം ജയത്തിനായി നമുക്ക് നല്‍കുന്ന ആയുധങ്ങള്‍.
പരാജയപ്പെട്ട
യുദ്ധം
ഈ ആശയം നിങ്ങള്‍ക്ക് ഉറപ്പായി മനസ്സിലാക്കേണ്ടുന്നതിനായി
പഴയനിയമത്തില്‍ നിന്നും രണ്ട് സംഭവങ്ങള്‍ കൂടി ചുരുക്കമായി പറയുവാന്‍ ഞാന്‍
ആഗ്രഹിക്കുന്നു.
ഒന്ന് ഒരു പരാജയപ്പെട്ട യുദ്ധവും മറ്റൊന്ന് വിജയിച്ച
യുദ്ധവും ആണ്.
യോശുവ 7 ല്‍ യിസ്രായേല്‍ ജനം യെരിഹോ
പട്ടണത്തിലെ വിജയത്തിന് ശേഷം, മറ്റൊരു കനാന്യ പട്ടണമായ ഹായ്ക്ക് നേരെ യുദ്ധത്തിനു
പോകുന്ന ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
യോശുവ ആദ്യം ദേശം ഉറ്റുനോക്കുവാന്‍ ചാരന്മാരെ അയച്ചു;
അവരുടെ വാക്കുകള്‍ നല്ലതായിരുന്നു.
ഹായ് പട്ടണം അത്ര ശക്തം അല്ല എന്നും അതുകൊണ്ട് അതിനുനേരെ
കുറച്ചു യോദ്ധാക്കളെ അയച്ചാല്‍ മതിയാകും എന്നും ചാരന്മാര്‍ പറഞ്ഞു.
യോശുവ 3000 പേരെ ഹായ് പട്ടണം പിടിച്ചടക്കുവാനായി അയച്ചു.
എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി യിസ്രായേല്‍
യുദ്ധത്തില്‍ പരാജയപ്പെട്ടു, അവരില്‍ 36 പേര്‍ കൊല്ലപ്പെട്ടു.
അപ്പോള്‍ യോശുവ യഹോവയുടെ മുന്നില്‍ വീണു, നിലവിളിച്ചു.
യിസ്രായേല്‍ പാളയത്തില്‍ പരാജയത്തിന്‍റെ നിലവിളി ഉയര്‍ന്നു.
ദൈവം യോശുവയോട് യുദ്ധത്തിലെ പരാജയത്തിന്‍റെ കാരണം അറിയിച്ചു:
ജനം പാപം ചെയ്തിരിക്കുന്നു.
യഹോവ എടുക്കരുത് എന്ന് പറഞ്ഞ് വിലക്കിയ വസ്തുക്കള്‍
ജനത്തില്‍ ചിലര്‍ യെരിഹോ പട്ടണത്തില്‍ നിന്നും എടുത്ത് പാളയത്തില്‍ രഹസ്യമായി
വച്ചിരിക്കുന്നു.
ദൈവം പറഞ്ഞു: “യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ടു
ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ ശത്രുക്കൾക്കു പുറം കാട്ടേണ്ടിവന്നു.” (7:
12)
നമ്മള്‍ ഇവിടെ ചിന്തിക്കുന്നത്, അവര്‍ ചെയ്ത പാപത്തിന്‍റെ വിശദാംശങ്ങള്‍ അല്ല; സത്യത്തില്‍ യിസ്രായേലിന്
എന്തുകൊണ്ട് ശത്രുവിനെ തോല്‍പ്പിക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ്.
ഈ സംഭവം നടക്കുന്നത് യെരിഹോ പട്ടണത്തിനു നേരെ വളരെ
ശ്രേദ്ധേയമായ ഒരു വിജയം കൈവരിച്ചതിന് ശേഷം ആണ്.
അവിടെ അവര്‍ വാളും കുന്തവും ഉപയോഗിച്ചല്ല യുദ്ധം ജയിച്ചത്.
യോശുവ 6: 2 ല്‍ പറയുന്നു: “ഞാൻ യെരീഹോവിനെയും
അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.”
ദൈവം ആത്മമണ്ഡലത്തില്‍ യുദ്ധം ചെയ്തു ജയിച്ചു
കഴിഞ്ഞിരുന്നു.
അതുകൊണ്ടാണ് മുമ്പ് ഒരിക്കലും ആരും
ചെയ്തിട്ടില്ലാത്ത ഒരു യുദ്ധ തന്ത്രം ദൈവം അവര്‍ക്ക് പറഞ്ഞുകൊടുത്തത്.
യിസ്രായേല്‍ ജനത്തിലെ യോദ്ധാക്കള്‍ എല്ലാവരും ദിവസവും ഒരു
പ്രാവശ്യം, ആറു ദിവസം പട്ടണത്തെ ചുറ്റിനടക്കേണം.
ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും, അതിന്‍റെ
അവസാനത്തില്‍ പുരോഹിതന്മാർ കാഹളം ഊതുകയും വേണം; ജനമൊക്കെയും ഉച്ചത്തിൽ
ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും.
യോദ്ധാക്കള്‍ അങ്ങനെ തന്നെ ചെയ്തു,
പട്ടണത്തിന്റെ മതിലുകള്‍ നിലം പതിച്ചു, യിസ്രായേല്‍ പട്ടണത്തെ കീഴടക്കി.
ദൈവം ആത്മ മണ്ഡലത്തില്‍ യുദ്ധം ചെയ്തു ജയിച്ചു,
യിസ്രായേല്‍ ജയത്തിന്‍റെ ഘോഷത്തോടെ അത് ഭൂമിയില്‍ നടപ്പിലാക്കി.
എന്നാല്‍ ഹായ് പട്ടണത്തിന്‍റെ കാര്യത്തില്‍
യഹോവ യുദ്ധം ചെയ്തില്ല, കാരണം ജനം പാപം ചെയ്തിരിക്കുന്നു.
യഹോവ യുദ്ധവീരന്‍ ആണ് (പുറപ്പാട് 15: 3), എന്നാല്‍ പാപികളുടെ
യുദ്ധവീരന്‍ അല്ല,
യഹോവ യുദ്ധം ചെയ്യുന്നില്ല എങ്കില്‍ നമ്മള്‍
ജയിക്കില്ല.
അതുകൊണ്ട് ദൈവത്തിന്‍റെ യുദ്ധം ചെയ്യുക, ജയം
കൈവശമാക്കുക, ആത്മമണ്ഡലത്തിലെ ജയം ഭൂമിയില്‍ നടപ്പിലാക്കി എടുക്കുക.
ഓര്‍ക്കുക, ജയത്തിന്‍റെ ഘോഷം അര്‍ത്ഥശൂന്യമായ ശബ്ദ
ബഹളം അല്ല, വെറുമൊരു വൈകാരിക പ്രകടനം അല്ല; അത് ആത്മീയ യുദ്ധത്തിലെ ശക്തമായ ആയുധം
ആണ്.
നമ്മള്‍ വിളിച്ചു പറയുന്നത്, ദൈവം ആത്മ
മണ്ഡലത്തില്‍ നേടിയ ജയത്തെക്കുറിച്ചാണ്.
യിസ്രായേല്‍ ചെങ്കടല്‍ കടന്നു മരുഭൂമിയില്‍
എത്തിയപ്പോള്‍, മോശെയും ജനമെല്ലാവരും ഒരു പുതിയ പാട്ട് പാടി: “അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും
അവൻ കടലിൽ
തള്ളിയിട്ടിരിക്കുന്നു.” (പുറപ്പാട് 15: 1)
യഹോവേ, നിന്റെ വലങ്കൈ
ബലത്തിൽ മഹത്വപ്പെട്ടു; യഹോവേ, നിന്റെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു. (പുറപ്പാട് 15: 6)
ഇതാണ് ജയത്തിന്‍റെ ഘോഷം.
ഉപസംഹാരം
ഞാന്‍ ഈ സന്ദേശം അവസാനിപ്പിക്കുവാന്‍
ആഗ്രഹിക്കുന്നു.
ഉല്ലാസത്തിന്‍റെയും ജയത്തിന്‍റെയും ഘോഷം
നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു; (സങ്കീര്‍ത്തനങ്ങള്‍ 118:15)
അത് യുദ്ധം ജയിച്ചതിന്റെ ഉല്ലാസവും ഘോഷവും ആണ്.
ദൈവം ആത്മ മണ്ഡലത്തില്‍ നേടിയ ജയം ഭൂമിയില്‍
നടപ്പിലാക്കുവാനുള്ള ആയുധമാണ് ജയത്തിന്റെ ഘോഷം.
2 ദിനവൃത്താന്തം 20 -)0
അദ്ധ്യായത്തില്‍ യഹൂദ രാജാവായ യെഹോശാഫാത്തിനോടു യുദ്ധം ചെയ്യുവാന്‍ മോവാബ്യരും
അമ്മോന്യരും അവരോടുകൂടെ മെയൂന്യരിൽ ചിലരും, എതിരെ വന്നു.
യെഹോശാഫാത്ത് ദൈവത്തിന്‍റെ ആലയത്തില്‍ നിന്നുകൊണ്ട് പ്രാര്‍ഥിച്ചു.
ദൈവം യഹസീയേൽ എന്ന ലെവ്യനിലൂടെ അരുളപ്പാടുകള്‍ അറിയിച്ചു:
“ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്‍റെതത്രേ.” (20: 15)
ദൈവം തുടര്‍ന്ന് പറഞ്ഞു: “ഈ പടയില്‍
പൊരുതുവാന്‍ നിങ്ങള്ക്ക് ആവശ്യം ഇല്ല”. (20: 17)
എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ഈ യുദ്ധം
ചെയ്യേണ്ടുന്ന ആവശ്യം ഇല്ല; ദൈവം യുദ്ധം ഏറ്റെടുത്തു കഴിഞ്ഞു; അവന്‍ പോരാടി
ജയിക്കും.
അങ്ങനെ ദൈവം യുദ്ധം ചെയ്തു, യെഹോശാഫാത്തും യിസ്രായേലും
ജയത്തിന്റെ ഘോഷത്താല്‍ വിജയം ഭൂമിയില്‍ നടപ്പിലാക്കി.
ശത്രുക്കളുടെ നേരെ നീങ്ങിയ യഹൂദ സൈന്യത്തിന് മുന്നില്‍
യഹോവയുടെ ജയം ഘോഷിക്കുവാന്‍ സംഗീതക്കാരെ അവന്‍ നിയമിച്ചു.
അവര്‍ ഉറക്കെ പാടി: “യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ”.
പെട്ടന്ന്, ശത്രുക്കള്‍ പരസ്പരം ആക്രമിച്ചു,
അവരില്‍ എല്ലാവരെയും പസ്പരം കൊന്നുകളഞ്ഞു. (20: 22, 23)
യിസ്രായേല്‍ ശത്രുവിന്‍റെ മുതല്‍ കൊള്ള ചെയ്തു;
കൊള്ള സാധനങ്ങള്‍ വളരെ അധികമുണ്ടായിരുന്നതുകൊണ്ടു അവർ മൂന്നു ദിവസം
കൊള്ളയിട്ടുകൊണ്ടിരുന്നു. (20: 25)
യേശു ശത്രുവായ പിശാചിനെ തോല്‍പ്പിച്ചു കഴിഞ്ഞു,
അവന്റെ ആയുധങ്ങള്‍ യേശു എടുത്തുകളഞ്ഞു, പരാജയപ്പെട്ട ശത്രുവിനെ പരസ്യ കാഴ്ചയാക്കി.
യുദ്ധം കഴിഞ്ഞു, അതുകൊണ്ട് ഇനി നമുക്ക് യുദ്ധം
ഇല്ല.
ജയം യേശുവിന്റെതാണ്, അവന്‍ അത് നമുക്ക്
തന്നിരിക്കുന്നു.
എങ്കിലും സാത്താന്‍ ഇപ്പോഴും ബലഹീനരെയും, ഭയചകിതരെയും
വിഴുങ്ങുവാനായി അലറുന്ന സിംഹം എന്നപോലെ ചുറ്റി നടക്കുക ആണ്.
അതുകൊണ്ട് യേശുവിന്‍റെ ജയോല്‍സവത്തില്‍
പങ്കാളികള്‍ ആയി, ക്രിസ്തു ക്രൂശില്‍ നേടിയ ജയം ഈ ഭൂമിയില്‍ നമ്മളുടെ ജീവിതത്തില്‍
നടപ്പിലാക്കേണ്ടതുണ്ട്.
അതിനായി, നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; പിശാചിനോട്
എതിര്‍ത്ത് നില്‍പ്പീന്‍. എങ്കില്‍ പിശാച് നിങ്ങളെ വിട്ട് ഓടിപ്പോകും.
ഞാന്‍ ഈ സന്ദേശം അവസാനിപ്പിക്കട്ടെ.
Powervision TV യിലെ നമ്മളുടെ പ്രോഗ്രാമിന്‍റെ
കാര്യം ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ.
നമ്മളുടെ എല്ലാ മാസവും ഒന്നാമത്തെ ശനിയാഴ്ച
വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ ടിവിയില്‍ ദൈവവചനം ഗൌരവമായി ചിന്തിക്കുവാന്‍
നമ്മള്‍ ഒരുമിച്ച് കൂടുന്നു.
ആരോടും തര്‍ക്കിക്കുവാണോ, ഖണ്ടിക്കുവാണോ നമ്മള്‍ക്ക്
ഉദ്ദേശ്യം ഇല്ല.
നിര്‍മ്മലമായ സുവിശേഷ സത്യങ്ങള്‍ മായം കൂടാതെ
നമ്മള്‍ ഇവിടെ പഠിക്കുന്നു.
മറക്കാതെ കാണുക, മറ്റുള്ളവരോടും കൂടെ പറയുക.
ജയകരമായ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ദൈവം
നിങ്ങളെ സഹായിക്കട്ടെ. ആമേന്‍.
Official website: naphtalitribe.com
Watch the video of this message in English
and Malayalam @ naphtalitribetv.com
Listen to the audio messages in English and
Malayalam @ naphtalitriberadio.com
Read study notes in Malayalam @ vathil.in
No comments:
Post a Comment