ബാബിലോണിയന്‍ രാജാവായിരുന്ന നെബൂഖദുനേസ്സരിന്റെ സ്വപ്നവും ദാനിയേല്‍ അതിന്
നല്‍കിയ വ്യാഖ്യാനവും, ദാനിയേല്‍ കണ്ട 4 മഹാമൃഗങ്ങളെക്കുറിച്ചുള്ള ദര്‍ശനവും
അതിന്റെ അര്‍ത്ഥവും ആണ് നമ്മളുടെ പഠന വിഷയം.
ഈ പഠനം രണ്ടു ഭാഗങ്ങളില്‍ ആയിട്ടാണ് ഞാന്‍ ക്രമീകരിച്ചിരിക്കുന്നത്.
നിങ്ങള്‍ ഇപ്പോള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒന്നാമത്തെ ഭാഗം
നെബൂഖദുനേസ്സരിന്റെ സ്വപ്നവും അതിന്‍റെ വ്യാഖ്യാനവും ആണ്.
രണ്ടാമത്തെ ഭാഗം ദാനിയേല്‍ കണ്ട 4 മഹാമൃഗങ്ങളുടെ ദര്‍ശനവും അതിന്‍റെ വ്യാഖ്യാനവും ആണ്.
ഇവ തമ്മില്‍ വളരെയധികം ബന്ധം ഉണ്ട്.
നെബൂഖദുനേസ്സര്‍ രാജാവ്, BC 605 മുതല്‍ 562 വരെ ബാബിലോണിയന്‍ സാമ്രാജ്യത്തിന്‍റെ
ചക്രവര്‍ത്തി ആയിരുന്നു.
ഏറ്റവും കരുത്തനായ ചക്രവര്‍ത്തി ആയിരുന്ന അദ്ദേഹം ബാബിലോണിയന്‍ സാമ്രാജ്യം
ഏറ്റവും വിസ്തൃതം ആക്കുകയും യരുശലെമിനെ കീഴടുക്കുകയും ചെയ്തു.
വേദപുസ്തകത്തില്‍ 90 പ്രാവശ്യം നെബൂഖദുനേസ്സര്‍ രാജാവിനെ കുറിച്ച്
പറയുന്നുണ്ട്.
ദാനിയേലിന്റെ പുസ്തകത്തില്‍ 1 മുതല്‍ 4 വരെയുള്ള അദ്ധ്യായങ്ങളില്‍
ദാനിയേല്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി നെബൂഖദുനേസ്സര്‍ രാജാവ് ആണ്.
586 BC ല്‍ യെഹൂദ്യയെയും യെരൂശലേമിനെയും
ആക്രമിച്ച ബാബിലോണിയന്‍ ചക്രവര്‍ത്തി ആയിട്ടാണ് വേദപുസ്തക ചരിത്രത്തില്‍ നെബൂഖദുനേസ്സര്‍ രാജാവ്
അറിയപ്പെടുന്നത്.
യെഹൂദ്യ 605 BC മുതല്‍ ബാബിലോണിന് കപ്പം കൊടുക്കുന്ന രാജ്യം ആയിരുന്നു;
എന്നാല്‍ 597 BC ല്‍
യെഹോയാക്കീമിന്‍റെ കാലത്തും 588 ല്‍ സിദെക്കീയാവിന്‍റെ
കാലത്തും അവര്‍ ബാബിലോണിനെതിരെ കലാപം ഉണ്ടാക്കി.
അതുകൊണ്ട് 597 BC ല്‍ നെബൂഖദുനേസ്സര്‍ യെഹൂദ്യയെ ആക്രമിച്ച് കീഴടക്കി.
യെരുശലേമിനെയും ദൈവാലയത്തെയും
പൂര്‍ണ്ണമായി തകര്‍ക്കുകയും യഹൂദന്മാരെ പിടിച്ചുകൊണ്ട് പോകുകയും ചെയ്തു.
ഇങ്ങനെ പ്രവാസത്തിലേക്ക്
പിടിച്ചുകൊണ്ടു പോയവരില്‍ ഒരാളായിരുന്നു ദാനിയേല്‍.
ബാബിലോണില്‍ ദാനിയേലിന്
കൊട്ടാരത്തില്‍ തന്നെ പ്രത്യേക വിദ്യാഭ്യാസവും പരിശീലനവും ലഭിച്ചു.
രാജാവിന്‍റെ സ്വപ്നം
വ്യാഖ്യാനിക്കുന്നതിലൂടെ അദ്ദേഹത്തിന്‍റെ വിശ്വസ്തനായ ഉപദേഷ്ടാവായും പ്രവാചകനായും
ദാനിയേല്‍ മാറി.
ദാനിയേലിന്റെ പ്രവചന പുസ്തകത്തിലെ
രണ്ടാമത്തെ അദ്ധ്യായത്തില്‍ നെബൂഖദുനേസ്സര്‍ രാജാവിന്‍റെ സ്വപ്നം ദാനിയേല്‍ വ്യാഖ്യാനിക്കുന്നത്
വിവരിക്കുന്നു.
തനിക്കു ശേഷം
വരുവാനിരിക്കുന്ന സാമ്രാജ്യങ്ങളെ കുറിച്ച് ദൈവം നെബൂഖദുനേസ്സറിന് ഒരു സ്വപ്നം നല്‍കി.
രാജാവ് രാജ്യത്തിലെ മന്ത്രവാദികളെയും
വെളിച്ചപ്പാടന്മാരെയും സ്വപ്ന വ്യാഖ്യാനക്കാരെയും വിളിച്ചുകൂട്ടി.
അവര്‍ ആദ്യം സ്വപനം എന്താണ്
എന്ന് വിശദീകരിച്ച് പറയേണം, എന്നിട്ട് അതിന്‍റെ വ്യാഖ്യാനം പറയേണം എന്ന് രാജാവ്
കല്‍പ്പിച്ചു. കാരണം അദ്ദേഹത്തിന് അവരെ വിശ്വാസമില്ലായിരുന്നു.
എന്നാല്‍ അവര്‍ക്ക് അത്
കഴിയാതെ വന്നു. അപ്പോള്‍ ദാനിയേല്‍ ആ ദൌത്യം ഏറ്റെടുത്തു.
ദാനിയേല്‍ ആദ്യം സ്വപ്നം ഇങ്ങനെ
വിവരിച്ചു.
നെബൂഖദുനേസ്സര്‍ രാജാവ്
സ്വപ്നത്തില്‍ വലിയൊരു ബിംബം കണ്ടു, അതിന്റെ രൂപം
ഭയങ്കരമായിരുന്നു.
വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ
ബിംബം അദ്ദേഹത്തിന്‍റെ മുമ്പിൽ നിന്നു.
ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും
കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടും, കാൽ പാതി
ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയിരുന്നു.
രാജാവ് നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ
തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ
അടിച്ചു തകർത്തുകളഞ്ഞു.
ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും
പൊന്നും ഒരുപോലെ തകർന്നു വേനൽക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീർന്നു. ഒരിടത്തും
തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി.
ബിംബത്തെ അടിച്ച കല്ലു ഒരു
മഹാപർവ്വതമായിത്തീർന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു.
സ്വപ്നം വിവരിച്ചതിന് ശേഷം ദാനിയേല്‍
അതിന്‍റെ അര്‍ത്ഥം വ്യാഖ്യാനിച്ചു:
നെബൂഖദുനേസ്സര്‍ രാജാവിന്‍റെ
ബാബിലോണിയ സാമ്രജ്യത്തോടെ ആരംഭിച്ച്, ഒന്ന് മറ്റൊന്നിനു ശേഷം ഉയര്‍ന്നുവരുന്ന നാല്
സാമ്രാജ്യങ്ങളെ കുറിച്ചാണ് സ്വപ്നം പറയുന്നത്.
നാലാമത്തെ സാമ്രാജ്യത്തിന്‍റെ
അവസാനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവരുന്ന നിത്യമായ ദൈവരാജ്യം സ്ഥാപിക്കപ്പെടും.
ദാനിയേലിന്റെ പുസ്തകത്തിലെ മുഖ്യ വിഷയം
ലോക ചരിത്രത്തിനുമേലുള്ള ദൈവത്തിന്‍റെ പരമാധികാരം ആണ്.
ഭൌതീക തലത്തില്‍ ബാബിലോണിലെ
മന്ത്രവാദികളും വെളിച്ചപ്പാടന്മാരും ദൈവത്തിന്റെ ദാസനായ ദാനിയേലും തമ്മിലുള്ള ഒരു
പോരാട്ടം നമുക്ക് കാണാം.
എന്നാല്‍ ആത്മ മണ്ഡലത്തില്‍ നിത്യനായ
ദൈവവും ബാബിലോണിലെ വ്യാജ ദേവന്മാരും തമ്മിലുള്ള പോരാട്ടം ആണിത്.
ദാനിയേലിന്റെ വ്യക്തിപരമായ കഴിവുകളോ,
ബാബിലോണിയന്‍ രാജധാനിയില്‍ ലഭിച്ച പരിശീലനമോ അല്ല ഇവിടെ വിജയിച്ചത്, മറിച്ച് ദൈവീക
ജ്ഞാനമാണ് വിജയിച്ചത്.
നെബൂഖദുനേസ്സര്‍ രാജാവിന്‍റെ സ്വപ്നം
ദാനിയേലിന്റെ പുസ്തകത്തിലെ എല്ലാ
പ്രവചനങ്ങളുടെയും, അതിലൂടെ വെളിപ്പാട് പുസ്തകത്തിലെ പ്രവചനങ്ങളുടെയും താക്കോല്‍
നെബൂഖദുനേസ്സര്‍ രാജാവിന്‍റെ സ്വപ്നം ആണ്.
ദാനിയേല്‍ ഈ സ്വപ്നം
പ്രവചനാത്മാവില്‍ വിവരിച്ചിരിക്കുന്നു; അതിലെ എല്ലാ പ്രവചനങ്ങളും ഇപ്പോഴും നിവര്‍ത്തിയായിട്ടില്ല.
ഇനി നമുക്ക്, ഏതെല്ലാം
പ്രവചനങ്ങള്‍ നിവര്‍ത്തിയായി, എന്തെല്ലാം നിവര്‍ത്തിയാകുവാനുണ്ട്, എന്നിങ്ങനെ ഒരു
പഠനം നടത്താം.
നമ്മള്‍ മുന്നോട്ട്
പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ കൂടി പറഞ്ഞുകൊള്ളട്ടെ.
ദൈവം തന്റെ സമ്പത്തായി
ഇരിക്കേണ്ടതിന് ഒരു വംശത്തെ രൂപീകരിക്കുവാനായി, അവരുടെ ഗോത്ര പിതാവായ അബ്രഹാമിനെ
വിളിച്ചതിന് ശേഷം, ലോക ചരിത്രം എപ്പോഴും യിസ്രായേല്‍ ജനത്തില്‍ കേന്ദ്രീകൃതമായിട്ടാണ്
മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
അബ്രഹാമിന് ഏക സന്തഹിയായി
യിസ്ഹാക്കും അവന് രണ്ട് പുത്രന്മാരും ജനിച്ചു.
ഇവിടെ ദൈവം ഒരു തിരഞ്ഞെടുപ്പ്
നടത്തി, മൂത്തവനായ ഏശാവിനെ വീണ്ടെടുപ്പ് പദ്ധതിയില്‍ നിന്നും തള്ളികളയുകയും ഇളയവനായ
യാക്കോബിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
ദൈവം പിന്നീട്, യാക്കോബിന്‍റെ
പേര് യിസ്രായേല്‍ എന്നാക്കി മാറ്റുകയും അവന്റെ സന്തതിപരമ്പരകളുടെ രാജ്യത്തെ
യിസ്രായേല്‍ എന്ന് വിളിക്കുമാറാക്കുകയും ചെയ്തു.
അതിനാല്‍ ലോക ചരിത്രത്തെ
കുറിച്ചുള്ള വേദപുസ്തക അടിസ്ഥാനത്തിലുള്ള പ്രവചനങ്ങളെ പഠിക്കുമ്പോള്‍ യിസ്രായേല്‍
വംശത്തെ നമ്മള്‍ കേന്ദ്രബിന്ദു ആയി നിറുത്തേണ്ടതുണ്ട്.
നെബൂഖദുനേസ്സര്‍ രാജാവിന്‍റെ
സ്വപ്നം ദൈവഹിതപ്രകാരം ക്രമീകരിക്കപ്പെട്ടിരിക്കുന്ന ലോകചരിത്രത്തിന്റെ സമയ രേഖയെ
കാണിക്കുന്നു.
ഈ രേഖ രാജാവിന്റെ
സ്വപ്നത്തില്‍ തുടങ്ങി യേശു ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിലും ദൈവരാജ്യം
സ്ഥാപിക്കപ്പെടുന്നതിലും ചെന്ന് നില്‍ക്കുന്നു.
രാജാവ് കണ്ട ബിംബം സ്വര്‍ണ്ണം,
വെള്ളി, താമ്രം
അഥവാ പിച്ചള, ഇരുമ്പ് എന്നിവകൊണ്ട് ഉണ്ടാക്കിയതായിരുന്നു.
ഇവ വിലയില്‍ കുറഞ്ഞുകുറഞ്ഞു വന്ന്
ഇരുമ്പും കളിമണ്ണും കൊണ്ടുള്ള പാദത്തില്‍ നില്‍ക്കുന്നു.
എന്നാല്‍ ഓരോ ലോഹവും ശക്തിയില്‍ കൂടികൂടി
വന്നു ഇരുമ്പില്‍ നില്‍ക്കുന്നു.
അതായത്, ബാബിലോണിനെക്കാള്‍ ഒരു പക്ഷെ ഭരണ
സംവിധാനത്തില്‍ കുറഞ്ഞതായിരിക്കാം അടുത്ത സാമ്രാജ്യം, എങ്കിലും ശക്തിയില്‍ കൂടിയത്
ആയിരുന്നു.
അതാത് കാലത്തെ, സംസ്കാരസമ്പന്നമായ
പ്രദേശങ്ങള്‍ എല്ലാം ഈ നാല് സാമ്രാജ്യങ്ങള്‍ അടക്കിഭരിച്ചിരുന്നു.
സാമ്രാജ്യങ്ങള്‍ എല്ലാം ശക്തരും പ്രതാപശാലികളും
ആയിരുന്നു.
ഇവര്‍ എല്ലാം യിസ്രായേല്‍ ജനതയുടെ
ശത്രുക്കളും ആയിരുന്നു.
എന്നാല്‍ അന്ത്യത്തില്‍ ഇവയെ എല്ലാം
മാറ്റിക്കളഞ്ഞുകൊണ്ട്, ശക്തിയേറിയതും നിത്യവുമായ ദൈവരാജ്യം സ്ഥാപിക്കപ്പെടും.
സ്വപനം വ്യാഖ്യനിക്കപ്പെടുന്നു
സ്വപനം വിവരിച്ചതിന് ശേഷം ദാനിയേല്‍
അതിന്റെ വ്യാഖ്യാനത്തിലേക്ക് പോകുന്നു.
ബിംബം ബാബിലോണ്‍ മുതല്‍ വരുവാനിരിക്കുന്ന
നാല് സാമ്രാജ്യങ്ങളെ കാണിക്കുന്നു.
ആദ്യത്തേത് ബാബിലോണിയന്‍ സാമ്രാജ്യവും
അവസാനത്തേത് ദൈവരാജ്യവും ആണ്.
യെഹൂദ – ക്രൈസ്തവ വേദപണ്ഡിതന്മാര്‍
കാലാകാലങ്ങളായി, ഈ നാല് രാജ്യങ്ങള്‍ ബാബിലോണ്‍, മേദ്യ-പാർസ്യ, ഗ്രീക്ക്, റോമന്‍ സാമ്രാജ്യം എന്നിവ ആണ് എന്ന്
വിശ്വസിക്കുന്നു.
ഈ കാഴ്ചപ്പാടിന് യഹൂദ പാരമ്പര്യ
വ്യാഖ്യനങ്ങളുടെയും ക്രൈസ്തവ ആദ്യകാല പിതാക്കന്മാരുടെയും, ജെറോം, കാല്‍വിന്‍ എന്നീ
ചിന്തകരുടെയും പിന്തുണ ഉണ്ട്.
മറ്റ് പ്രവചനങ്ങളുടെ സമാനതയില്‍ നിന്നാണ്
ഇങ്ങനെ ഒരു നിഗമനം ഉണ്ടായിരിക്കുന്നത്.
ദാനിയേല്‍ സ്വപനം വ്യാഖ്യാനിക്കുമ്പോള്‍
തന്നെ, തങ്കം കൊണ്ടുള്ള ബിംബത്തിന്റെ തല ബാബിലോണ്‍
സാമ്രാജ്യം ആണ് എന്ന് പറയുന്നുണ്ട്. (ദാനിയേല്‍ 2: 38)
വെള്ളികൊണ്ടുള്ള നെഞ്ചും കയ്യും ബാബിലോണിനെ
കീഴടക്കിയ മേദ്യ-പാർസ്യ സാമ്രാജ്യത്തെ
കാണിക്കുന്നു. (ദാനിയേല്‍ 5: 26-31)
താമ്രംകൊണ്ടുള്ള വയറും അരയും അവര്‍ക്ക്
ശേഷം ഉയര്‍ന്ന് വന്ന ഗ്രീക്ക് സാമ്രാജ്യത്തെ കാണിക്കുന്നു. (ദാനിയേല്‍ 8: 20, 21)
ഇരിമ്പുകൊണ്ടുള്ള തുടയും കാലുകളും റോമന്‍
സാമ്രാജ്യത്തെ സൂചിപ്പിക്കുന്നു.
ഇനി നമുക്ക് ഇവയെ ഓരോന്നായിട്ട് പഠിക്കാം.
തങ്കം കൊണ്ടുള്ള ബിംബത്തിന്റെ തല
ദാനിയേല്‍ 2: 37, 38
37 രാജാവേ, തിരുമനസ്സുകൊണ്ടു
രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു
രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
38 മനുഷ്യർ
പാർക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ
തൃക്കയ്യിൽ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി
ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു
തന്നേ.
ദാനിയേല്‍
ബിബത്തിന്റെ തലയെ ബാബിലോണിയന്‍ സാമ്രാജ്യമായി തിരിച്ചറിഞ്ഞു എന്ന് നമ്മള്‍ പറഞ്ഞു
കഴിഞ്ഞല്ലോ.
അശ്ശൂര്‍
സാമ്രാജ്യത്തെ തോല്‍പ്പിച്ചുകൊണ്ട് 625 BC ല്‍ ആണ് ബാബിലോണ്‍ ശക്തമാകുന്നത്.
ഒരു
ചെറിയ രാജ്യമായിരുന്ന അശ്ശൂര്‍ വളര്‍ന്ന് ഒരു സാമ്രാജ്യമായി, 9 -)o നൂറ്റാണ്ടുമുതല്‍
7-)o നൂറ്റാണ്ടുവരെ, മദ്ധ്യപൂര്‍വ്വ രാജ്യങ്ങളെ കീഴടക്കി ഭരിച്ചു.
ഇപ്പോഴത്തെ
ഇറാഖ്, സിറിയ, യോര്‍ദ്ദാന്‍, ലബനോന്‍, മദ്ധ്യധരണ്യാഴിയുടെ തീരങ്ങള്‍ വരെ ഉള്‍പ്പെട്ടിരുന്ന
സാമ്രാജ്യമായിരുന്നു അശ്ശൂര്‍.
അശ്ശൂരിന്‍റെ തലസ്ഥാനം പുരാതനകാലത്തെ
പ്രശസ്തവും സമ്പന്നവുമായ നിനെവേ പട്ടണം ആയിരുന്നു.
എന്നാല്‍ 612 BC ല്‍ മേദ്യ,
പാർസ്യ, ബാബിലോണ്‍, സ്കിത്യന്‍ എന്നീ
രാജ്യങ്ങളുടെ കൂട്ടുകെട്ട്, നിനെവേ പട്ടണത്തെ ആക്രമിച്ചു കീഴടക്കി, അതിനെ പൂര്‍ണ്ണമായും
നശിപ്പിച്ചുകളഞ്ഞു.
അതോടെ അശ്ശൂര്‍ സാമ്രാജ്യം ചരിത്രത്തില്‍ നിന്നും മായുകയും ബാബിലോണിയന്‍
സാമ്രാജ്യം ഉയരുകയും ചെയ്തു.
BC 536 വരെ ബാബിലോണ്‍ സാമ്രാജ്യത്തിന്റെ ഭരണം തുടര്‍ന്നു.
ഈ കാലത്ത്, ബാബിലോണ്‍ പട്ടണം യൂഫ്രട്ടീസ് നദിയുടെ തീരത്ത്
സ്ഥിചെയ്തിരുന്നു. അത് കിഴക്കന്‍ രാജ്യങ്ങളുടെ വ്യാപാരകേന്ദ്രമായിരുന്നു.
ഈ പട്ടണത്തെ വേദപുസ്തകത്തില്‍ “സ്വര്‍ണ്ണ നഗരം” എന്ന് വിളിക്കുന്നുണ്ട്. (യെശയ്യാവ്
14: 4)
നെബൂഖദുനേസ്സര്‍ രാജാവ് ഈ പട്ടണത്തെ ഒരു മഹാ
സാമ്രജ്യമാക്കി മാറ്റി.
ബാബിലോണിയന്‍ സാമ്രാജ്യം സമ്പൂര്‍ണ്ണ അര്‍ത്ഥത്തില്‍, നെബൂഖദുനേസ്സര്‍
എന്ന ഏക ചക്രവര്‍ത്തിയാല്‍ ഭരിക്കപ്പെട്ടിരുന്നു.
ലോകത്തിലെ ഏറ്റവും ശക്തവും ഉന്നതവും ആയ സാമ്രാജ്യവും ബാബിലോണ്‍
ആയിരുന്നു.
അങ്ങനെ അത് മനുഷ്യ ദൃഷ്ടിയില്‍ തങ്കം കൊണ്ടുള്ള തലയായി.
എന്നാല്‍,
ദാനിയേല്‍ പ്രവചിച്ചതുപോലെ തന്നെ, 536 BC
ല്‍ മേദ്യ-പാര്‍സ്യ സാമ്രാജ്യം കോരെശിന്‍റെ
നേതൃത്തത്തില്‍ ബാബിലോനിനെ ആക്രമിച്ചു കീഴടക്കി.
അങ്ങനെ ബാബിലോണിയന്‍ സാമ്രാജ്യം ബേൽശസ്സർരാജാവിന്‍റെ
കാലത്ത് നിലംപതിച്ചു.
വെള്ളികൊണ്ടുള്ള നെഞ്ചും കയ്യും
ദാനിയേല്‍
2: 39 തിരുമനസ്സിലെ ശേഷം
തിരുമേനിയെക്കാൾ താണതായ മറ്റൊരു രാജത്വവും .... ഉത്ഭവിക്കും.
ബാബിലോണ്‍ സാമ്രാജ്യത്തിന് ശേഷം മേദ്യ-പാര്‍സ്യ സാമ്രാജ്യം ഉയര്‍ന്ന്
വരും എന്ന് ദാനിയേല്‍ തുടര്‍ന്ന് നെബൂഖദുനേസ്സര്‍ രാജാവിനോട് പ്രവചിച്ചു.
വെള്ളികൊണ്ടുള്ള രണ്ടു കൈകള്‍ രണ്ടു രാജത്വങ്ങളെ കാണിക്കുന്നു; ഒന്ന്
മേദ്യ രാജ്യവും രണ്ടാമത് പാര്‍സ്യ രാജ്യവും.
ഇതു ഒരു ഭരണഘടനാപരമായ സാമ്രാജ്യമായിരുന്നതിനാല്‍ ബാബിലോണിനെപ്പോലെ രാഷ്ട്രീയമായി
ശക്തം ആയിരുന്നില്ല.
ബാബിലോണ്‍, ലൂദ്യ (Lydia)
ഈജിപ്റ്റ്, മേദ്യ എന്നിവ, അക്കാലത്തെ മദ്ധ്യപൂര്‍വ്വ ദേശത്തെ വലിയ രാജ്യങ്ങള്‍ ആയിരുന്നു.
മേദ്യ രാജ്യത്തെ മാത്രമായി
വലിപ്പം കൊണ്ട് ഒരു സാമ്രാജ്യമായി കണക്കാക്കിയിരുന്നു.
911 മുതല്‍ 609 BC വരെ മേദ്യരും ബാബിലോണിയരും അശ്ശൂര്‍ സാമ്രാജ്യത്തിന്
കപ്പം കൊടുത്തിരുന്ന ആശ്രിത രാജ്യങ്ങള്‍ ആയിരുന്നു.
എന്നാല്‍ അശ്ശൂര്‍ സാമ്രാജ്യം ദുര്‍ബലമാകുവാന്‍ തുടങ്ങിയപ്പോള്‍ അവര്‍
കപ്പം നല്‍കുന്നത് നിറുത്തുകയും, 612 BC ല്‍ മേദ്യര്‍ നിനെവേ പട്ടണം
പിടിച്ചടക്കുകയും ചെയ്തു.
അതിനുശേഷം മേദ്യ സാമ്രാജ്യം വളര്‍ന്നു.
അവരുടെ സാമ്രാജ്യം വടക്ക് Black sea, Caspian sea എന്നീ സമുദ്രങ്ങള്‍ വരെയും, തെക്ക് പാര്‍സ്യ രാജ്യം, ഇന്ത്യന്‍
മഹാ സമുദ്രം എന്നിവവരെയും, കിഴക്ക് സിന്ധുനദീതടം വരെയും, പടിഞ്ഞാറ് ബാബിലോണ്‍, ലൂദ്യ (Lydia) എന്നീ
രാജ്യങ്ങളുടെ അതിര്‍വരെയും വിസ്തൃതം ആയിരുന്നു.
പാര്‍സ്യ 539 മുതല്‍ 331 BC വരെ ശോഭിച്ചിരുന്ന ഒരു സാമ്രാജ്യം
ആയിരുന്നു.
536 ല്‍ കോരെശ് എന്ന രാജാവാണ് പാര്‍സ്യ സാമ്രാജ്യം സ്ഥാപിച്ചത്.
യഹൂദന്മാര്‍ക്ക് പ്രവാസത്തില്‍ നിന്നും തിരികെ പോയി യെരുശലെമിനെയും
ദൈവാലയത്തെയും പുതുക്കിപണിയുവാനുള്ള സ്വാതന്ത്രം പ്രഖ്യാപിച്ച രാജാവ് എന്ന നിലയില്‍
കോരേശ് പ്രസിദ്ധന്‍ ആണ്.
മേദ്യ രാജ്യത്തിന്‍റെ ഘടകമായ ഇറാനിലെ ആറ് ഗോത്രവര്‍ഗ്ഗക്കാരില്‍ ഒരു
രാജ്യം ആയിരുന്നു പാര്‍സ്യ.
ഇവരെല്ലാം മേദ്യ രാജ്യത്തിന് കപ്പം കൊടുക്കേണമായിരുന്നു.
559 BC ല്‍ കോരേശ് രാജാവ് അധികാരത്തില്‍ വരുകയും, 553 ല്‍ അദ്ദേഹം
മറ്റ് ഗോത്ര വര്‍ഗ്ഗക്കാരെ ഒരുമിച്ചുകൂട്ടി മേദ്യ രാജ്യത്തിനെതിരെ കലാപം
ഉണ്ടാക്കുകയും ചെയ്തു.
കോരേശിന്റെ അമ്മ മേദ്യ രാജ്യത്തുള്ളതായിരുന്നു; അദ്ദേഹത്തിന്‍റെ വല്യപ്പച്ചനായ
അസ്റ്റിആഗസ് (Astyages) അക്കാലത്ത് മേദ്യ രാജ്യത്തിന്‍റെ രാജാവും ആയിരുന്നു.
കലാപം അടിച്ചമര്‍ത്താന്‍ അസ്റ്റിആഗസ് പട്ടാളത്തെ അയച്ചു എങ്കിലും,
പട്ടള മേധാവിയായിരുന്ന ഹര്‍പഗസ് (Harpagus) കൂറുമാറി കോരേശിനോടൊപ്പം ചേര്‍ന്നു.
അങ്ങനെ പാര്‍സ്യ രാജ്യങ്ങളുടെ കൂട്ടായ്മ മേദ്യ രാജ്യത്തെ 550 BC ല്‍
പിടിച്ചടക്കി.
കോരേശും കൂട്ടരും മേദ്യ രാജ്യത്തിന്‍റെ നിയന്ത്രണത്തിന്‍ കീഴിലുണ്ടായിരുന്ന
എല്ലാ രാജ്യങ്ങളുടെയും അധികാരം പിടിച്ചെടുത്തു.
ഏകദേശം ഇങ്ങനെ ആണ് മേദ്യ-പാര്‍സ്യ സാമ്രാജ്യം ഉടലെടുക്കുന്നത്.
എന്നാല്‍ മേദ്യയിലെ ജനങ്ങള്‍ കോരേശിനെ ഒരു വിദേശിയായി തന്നെ കണ്ടു.
അങ്ങനെ മേദ്യര്‍, പാര്‍സ്യരുടെ അധികാരത്തിന്‍ കീഴില്‍ ആയി; കോരേശ്
മേദ്യ-പാര്‍സ്യ സാമ്രാജ്യത്തെ വിശാലമാക്കുകയും ചെയ്തു.
കോരേശ്, 546
BC ല്‍ ലൂദ്യ (Lydia) പിടിച്ചടക്കി; പിന്നീട് ഫനെഷിയാ (Phoenicia),
മദ്ധ്യ ഇറാന്‍ പ്രദേശങ്ങള്‍ എന്നിവ കീഴടക്കി; 539 BC ല്‍ ബാബിലോണും പിടിച്ചടക്കി.
അദ്ദേഹത്തിന്‍റെ മകന്‍ കംബിസെസ് (Cambyses) 525 BC ല്‍
ഈജിപ്ത്, ലിബിയ എന്നീ രാജ്യങ്ങളും പിടിച്ചടക്കി.
അങ്ങനെ മേദ്യ-പാര്‍സ്യ സാമ്യാജ്യം പശ്ചിമ ലോകത്തെ
ഏറ്റവും വലിയ സാമ്രാജ്യമായി മാറി.
അതിന്‍റെ ഉന്നതിയില്‍, മേദ്യ-പാര്‍സ്യ സാമ്രാജ്യം
മുപ്പതു ലക്ഷം ചതുരശ്ര മൈല്‍ വിസ്തൃതി ഉള്ളത് ആയിരുന്നു.
നമ്മളുടെ രാജ്യമായ ഇന്‍ഡ്യ, പന്ത്രണ്ടര ലക്ഷം ചതുരശ്ര
മൈല്‍ ആണ്.
ആധുനിക രാജ്യങ്ങള്‍ ആയ ഇറാന്‍, തുര്‍ക്കി, മധ്യ ഏഷ്യന്‍
രാജ്യങ്ങള്‍, പാകിസ്താന്‍, യൂറോപ്പിലെ തെക്ക് കിഴക്കന്‍ പ്രദേശമായ ത്രേസ്,
മാസിഡോണിയ, ബ്ലാക്ക് സീ യുടെ തീര പ്രദേശങ്ങള്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സൗദി അറേബ്യയുടെ
വടക്കന്‍ പ്രദേശങ്ങള്‍, യോര്‍ദ്ദാന്‍, യിസ്രായേല്‍, ലെബനോന്‍, സിറിയ, ഈജിപ്തിലെ
നാഗരികത ഉള്ള സ്ഥലങ്ങള്‍ എല്ലാം, ലിബിയയുടെ പശ്ചിമ പ്രദേശങ്ങള്‍ എന്നിവയെല്ലാം
മേദ്യ-പാര്‍സ്യ സാമ്രാജ്യത്തിന്‍റെ കീഴില്‍ ആയിരുന്നു.
അതായത് ബാബിലോണ്‍ സാമ്രാജ്യത്തെക്കാള്‍ ഇരട്ടി വലിപ്പം
മേദ്യ-പാര്‍സ്യ സാമ്രാജ്യത്തിന് ഉണ്ടായിരുന്നു.
എങ്കിലും അവിടെ ബാബിലോണിനെ പോലെ ഒരു ഏക ചക്രവര്‍ത്തി
ഭരണം ഉണ്ടായിരുന്നില്ല.
അതിനാല്‍ അതിനെ വെള്ളി കൊണ്ടുള്ളതായി സ്വപ്നത്തില്‍
കാണുന്നു.
ഈ സാമ്രാജ്യത്തില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ധാരാളം
ഉണ്ടായിരുന്നു.
ഓരോ രാജാവ് മരിക്കുമ്പോഴും പിന്തുടര്‍ച്ചയ്ക്കായി
കലാപം ഉണ്ടായി. എങ്കിലും എപ്പോഴും ശക്തന്മാരായ രാജാക്കന്മാര്‍ അധികാരത്തില്‍
വന്നുകൊണ്ടിരുന്നു.
അങ്ങനെ മേദ്യ-പാര്‍സ്യ സാമ്രാജ്യം 200 വര്‍ഷങ്ങള്‍
നിലനിന്നു.
കോരേശ് ഒരു ബഹുദൈവ വിശ്വാസിയും,
മനുഷത്വവും നിരപ്പുവും ഉള്ള ഒരു ഭരണാധികാരിയും ആയിരുന്നു എങ്കിലും, നെബൂഖദുനേസ്സറിനെ പോലെ
ശക്തന്‍ ആയിരുന്നില്ല.
താമ്രം കൊണ്ടുള്ള വയറും അരയും
ദാനിയേല്‍ 2: 39 .... സർവ്വഭൂമിയിലും
വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
നെബൂഖദുനേസ്സര്‍ രാജാവ് കണ്ട
ബിംബത്തിന്റെ വയറും അരയും താമ്രംകൊണ്ട് ഉള്ളതായിരുന്നു. ഇതു ഗ്രീക്ക് അഥവാ യവന
സാമ്രാജ്യത്തെ കാണിക്കുന്നു.
ഗ്രീക്ക് സാമ്രാജ്യത്തിന്റെ
ചക്രവര്‍ത്തി മഹാനായ അലക്സാണ്ടര്‍ ആയിരുന്നു.
333 ല്‍, നീണ്ട പത്തുവര്‍ഷങ്ങളുടെ
ആക്രമണത്തിന് ഒടുവില്‍ പാർസിരാജാവായ
ദാർയ്യാവേശിനെ തോല്‍പ്പിച്ച്, അലക്സാണ്ടര്‍
മേദ്യ-പാര്‍സ്യ സാമ്രാജ്യത്തെ പൂര്‍ണ്ണമായും കീഴടക്കി.
അദ്ദേഹത്തിനു 33
വയസായപ്പോഴെക്കും ഏഷ്യ, വടക്ക് കിഴക്കന്‍ ആഹ്രിക്ക തുടങ്ങി അന്നത്തെ പ്രധാനപ്പെട്ട
എല്ലാ രാജ്യങ്ങളെയും അദ്ദേഹം ആക്രമിച്ച് കീഴടക്കി.
ഗ്രീക്ക് സാമ്രാജ്യം ഗ്രീസ്
മുതല്‍ വടക്ക് പടിഞ്ഞാറന്‍ ഇന്‍ഡ്യ വരെ വ്യപിച്ചുകിടന്നു.
അങ്ങനെ ചരിത്രത്തിലെ ഏറ്റവും വിജയിയായ സൈന്യാധിപന്‍
എന്ന ബഹുമതിയും അലക്സാണ്ടര്‍ നേടി.
അദ്ദേഹം ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള, പഞ്ചാബിന്റെ
ഭാഗമായ പൌരവാസ് രാജവംശത്തെയും ആക്രമിച്ചു കീഴടക്കി.
ഇതായിരുന്നു ഗ്രീക്ക് സാമ്രാജ്യത്തിന്റെ കിഴക്കന്‍
അതിര്‍ത്തി.
ഇന്ത്യയിലെ മറ്റു രാജ്യങ്ങളെയും ആക്രമിക്കേണം എന്ന്
അലക്സാണ്ടര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്‍റെ പട്ടാളക്കാര്‍
തരികെ പോകുവാന്‍ ആഗ്രഹിച്ചു.
അതിനാല്‍ അദ്ദേഹം ഗ്രീസിലേക്ക് തിരികെപോകുകയും 323 BC
ല്‍ അദ്ദേഹം അകാലത്തില്‍ മരിക്കുകയും ചെയ്തു.
അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷം അനേകം ആഭ്യന്തര കലാപങ്ങളും
അധികാര തര്‍ക്കങ്ങളും ഉണ്ടായി.
തല്‍ഭലമായി ഗ്രീക്ക് സാമ്രാജ്യം പലതായി
വിഭജിക്കപ്പെട്ടു.
ഇരുമ്പുകൊണ്ടുള്ള തുടയും കാലുകളും
ദാനിയേല്‍ 2: 40 നാലാമത്തെ
രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു
സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും
ഇടിച്ചു തകർത്തുകളയും.
നെബൂഖദുനേസ്സര്‍ രാജാവ് കണ്ട
ബിംബത്തിന്റെ ഇരുമ്പ് തുടയും കാലുകളും നാലാമത്തെ സാമ്രാജ്യമായ
റോമന്‍ സാമ്രാജ്യത്തെ സൂചിപ്പിക്കുന്നു.
ഗ്രീക്ക് സാമ്രാജ്യത്തെ റോമാക്കാര്‍
കീഴടക്കി.
സാമ്രാജ്യത്തിന്റെ വളര്‍ച്ചയുടെ ഒരു
ഘട്ടത്തില്‍ അതിനെ രണ്ടായി, കിഴക്കന്‍ റോം എന്നും പടിഞ്ഞാറന്‍ റോം എന്നും
വിഭജിച്ചു; അതിനെ ആണ് രണ്ടു കാലുകള്‍ കാണിക്കുന്നത്.
റോം എന്ന പട്ടണം 753 BC ല്‍ റൊമുലസ് എന്ന
ഐതിഹാസ്യ വ്യക്തി ആണ് സ്ഥാപിച്ചത്.
509 ല്‍ ഈ പട്ടണം ഒരു റിപ്പബ്ലിക് ആയി
മാറി. അതിനു ശേഷം അവര്‍ അവരുടെ അതിരുകള്‍ വലുതാക്കുവാന്‍ തുടങ്ങി.
AD രണ്ടാം നൂറ്റാണ്ട് ആയപ്പോഴേക്കും
ട്രാജന്‍ എന്ന ചക്രവര്‍ത്തിയുടെ കാലത്ത് അതിന്റെ വളര്‍ച്ച ഉന്നതിയില്‍ എത്തി.
യൂറോപ്പ്, വടക്കന്‍ ആഫ്രിക്ക, ഏഷ്യയുടെ
ചില ഭാഗങ്ങള്‍ എന്നിവയെല്ലാം റോമന്‍ സാമ്രാജ്യത്തിന് കീഴില്‍ ആയി.
AD 285 ആയപ്പോള്‍, റോമില്‍ നിന്നും
കേന്ദ്രീകൃതമായി ഒരു ഭരണം സാധ്യമല്ലാതായി.
റോമില്‍ നിന്നും അയക്കുന്ന സന്ദേശങ്ങള്‍
അതിര്‍ത്തിയിലുള്ള പ്രദേശങ്ങളില്‍ എത്തിച്ചേരുവാന്‍ ആഴ്ചകള്‍ എടുത്തു.
വിദേശ രാജ്യങ്ങള്‍ അതിര്‍ത്തികളെ നിരന്തരം
ആക്രമിക്കുന്നതും പതിവായി.
AD 284,
നവംമ്പറില്‍, ഡയോക്ലീഷ്യന്‍ റോമിന്റെ പുതിയ അധികാരി ആയി.
അദ്ദേഹത്തിന്റെ
ആദ്യ നടപടികളില്‍ ഒന്ന്, റോമന്‍ സാമ്രാജ്യത്തെ രണ്ടായി വിഭജിക്കുക എന്നതായിരുന്നു.
അദ്ദേഹം
കിഴക്കന്‍ റോം ഭരിക്കുകയും പടിഞ്ഞാറന്‍ റോം മാക്സിമിയന്‍ എന്ന വ്യക്തിക്ക് നല്‍കുകയും
ചെയ്തു.
പടിഞ്ഞാറന്‍
സാമ്രാജ്യത്തിന്റെ തലസ്ഥാനം റോമും, കിഴക്കന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ബൈസാന്റിയം
അഥവാ കോന്‍സ്റ്റാന്റിനോപിള്‍ ആയിരുന്നു.
ഓരോ
ഭാഗവും രണ്ടു ചക്രവര്‍ത്തിമാര്‍ സ്വതന്ത്രമായി ഭരിക്കും, എന്നാല്‍ വിദേശ
ശത്രുക്കള്‍ക്ക് എതിരെ ഒരുമിച്ച് പോരാടും.
രണ്ടുഭാഗവും
റോമന്‍ സാമ്രാജ്യം എന്നുതന്നെ അറിയപ്പെട്ടു എങ്കിലും പടിഞ്ഞാറന്‍ റോമന്‍
സാമ്രാജ്യത്തിന് വിശുദ്ധ റോമന്‍ സാമ്രാജ്യം എന്ന പേരുകൂടെ ഉണ്ടായിരുന്നു.
എങ്കിലും
കാലം മുന്നോട്ട് പോകുന്തോറും റോമന്‍ സാമ്രാജ്യം ക്ഷയിക്കുവാന്‍ തുടങ്ങി.
AD 476
സെപ്റ്റംമ്പര്‍ 4 -)o തീയതി, പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യത്തിന്റെ അവസാനത്തെ
രാജാവായ റൊമുലസ് അഗസ്റ്റസിനെ, ജെര്‍മാനിക് രാജാവായ ഒഡോസര്‍ (Odoacer) പുറത്താക്കി.
പടിഞ്ഞാറന്‍
റോമിന്റെ വീഴച്ചക്ക് ശേഷവും ഏകദേശം ആയിരം വര്‍ഷങ്ങളോളം തുടര്‍ന്നും കിഴക്കന്‍
റോമന്‍ സാമ്രാജ്യം ശക്തമായി നിലനിന്നു.
എന്നാല്‍
പതിനഞ്ചാം നൂറ്റാണ്ടില്‍ ഒരു ഇസ്ലാം രാജ്യമായ ഓട്ടോമന്‍ സാമ്രാജ്യം (Ottoman
Empire) കോന്‍സ്റ്റാന്റിനോപിളിനെ ആക്രമിച്ചു.
AD 1453
ല്‍ അവര്‍ കോന്‍സ്റ്റാന്റിനോപിളിനെ പിടിച്ചടക്കി, അതിന്‍റെ പേര് ഇസ്താംബൂള്‍
എന്നാക്കി മാറ്റി.
അങ്ങനെ കിഴക്കന്‍
റോമന്‍ സാമ്രാജ്യവും അവസാനിച്ചു.
രാജ്യങ്ങളെയും
ജനങ്ങളെയും ക്രൂരമായി അടിച്ചമര്‍ത്തി ഭരിച്ചിരുന്നതുകൊണ്ടാണ് റോമന്‍ സാമ്രാജ്യത്തെ
ഇരുമ്പ് കാലുകള്‍ പ്രതിനിധാനം ചെയ്യുന്നത്.
അതുകൊണ്ടാണ് ദാനിയേല്‍ ഇങ്ങനെ പറയുന്നത്: “ഇരിമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന
ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകർത്തുകളയും.”
പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ഉള്ള കാല്‍പാദങ്ങള്‍
ദാനിയേല്‍ 2: 41 – 43
41 കാലും
കാൽവിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോ: അതു ഒരു
ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും
ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.
42 കാൽവിരൽ
പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും
ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും.
43 ഇരിമ്പും
കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താല്പര്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ
ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ
ചേരുകയില്ല.
പാതി ഇരിമ്പുകൊണ്ടും കളിമണ്ണുകൊണ്ടും ഉള്ള കാല്‍പാദങ്ങള്‍, നമ്മള്‍ മുമ്പ് കണ്ട ഇരുമ്പ് കൊണ്ടുള്ള
കാലുകളുടെ തുടര്‍ച്ച ആണ്.
ഇരുമ്പും കളിമണ്ണും പരസ്പരം ചേര്‍ച്ചയില്ലാത്തതായതിനാല്‍
അത് വേഗം പോട്ടിപ്പോകുവാന്‍ സാദ്ധ്യത ഉണ്ട്.
അവ ഉറപ്പോടെ ഒരിമിച്ചു ചേര്‍ന്ന് പോകുകയും ഇല്ല.
ബിംബത്തിന്റെ ഈ ഭാഗത്തെക്കുറിച്ച് പല വ്യാഖ്യാനങ്ങളും
നിലവില്‍ ഉണ്ട്.
പത്തു രാജാക്കന്മാര്‍ ഭരിച്ചിരുന്ന റോമന്‍
സാമ്രാജ്യത്തിന്റെ അവസാന നാളുകള്‍ ആണ് ഇത് സൂചിപ്പിക്കുന്നത് എന്ന് ചില വേദ
പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
എന്നാല്‍ ഇരുമ്പ് കൊണ്ട് പ്രതിനിധാനം ചെയ്ത റോമന്‍
സാമ്രാജ്യം തുടയും കാലുകളും കൊണ്ട് അവസാനിക്കുകയാണ്.
പാദങ്ങള്‍ വ്യക്തമായും മറ്റൊരു രാഷ്ട്രീയ സംവിധാനത്തെ
ആണ് കാണിക്കുന്നത്.
ദാനിയേല്‍ നല്‍കുന്ന വിവരണം ഇതാണ്: “അതു ഒരു
ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി
കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.”
ഇതു റോമന്‍ സാമ്രാജ്യത്തിന്റെ അവസാന നാളുകളെക്കുറിച്ചാണ്
എന്ന് പറയാം എങ്കിലും രാജാവിന്റെ സ്വപനത്തിലെ അവസാന സംഭവം ഇതുമായി ചേരുന്നില്ല.
“തിരുമനസ്സുകൊണ്ടു
നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും
കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ചു തകർത്തുകളഞ്ഞു.” (ദാനിയേല്‍
2: 34)
ഈ കല്ല് സൂചിപ്പിക്കുന്ന ദൈവരാജ്യം
ഇതുവരെയും അതിന്റെ പൂര്‍ണ്ണതയില്‍ വന്നിട്ടില്ല.
വ്യത്യസ്തങ്ങള്‍ ആയ രാഷ്ട്രീയ ഭരണ
സംവിധാനങ്ങള്‍ ഇപ്പോഴും ലോകത്തെ വാഴുന്നു.
കല്ല് ദൈവരാജ്യത്തിന്റെ ആരംഭത്തെയാണ്
സൂചിപ്പിക്കുന്നത് എങ്കില്‍, യേശുക്രിസ്തുവിന്റെ വരവോടെയും പ്രഖ്യപനത്തോടെയും
ദൈവരാജ്യത്തിന്റെ ആരംഭം ആയികഴിഞ്ഞു.
യേശു ജനിച്ചപ്പോഴും ജീവിച്ചിരുന്ന
കാലത്തും റോമന്‍ സാമ്രാജ്യം ശക്തിയോടെ നിലനിന്നിരുന്നു.
കല്ല് യേശുക്രിസ്തുവിന്റെ രണ്ടാമത്തെ
വരവാണ് സൂചിപ്പിക്കുന്നത് എങ്കില്‍ അത് ഇനിയും സംഭാവിക്കുവാനിരിക്കുന്നതെ ഉള്ളൂ.
അതുകൊണ്ട്, പാതി
ഇരിമ്പുകൊണ്ടും കളിമണ്ണുകൊണ്ടും ഉള്ള കാല്‍പാദങ്ങള്‍ റോമന്‍
സാമ്രജ്യത്തിനുശേഷമുള്ള ലോകക്രമത്തെയാണ് സൂചിപ്പിക്കുന്നത് എന്ന്
ചിന്തിക്കുന്നതായിരിക്കും കൂടുതല്‍ ശരി.
ലോകത്തെ അടക്കിഭരിച്ചിരുന്ന അവസാനത്തെ
സാമ്രാജ്യം ആയിരുന്നു റോം.
റോമന്‍ സാമ്രാജ്യത്തിനു ശേഷം ലോകത്തെ
അടക്കിഭരിക്കുന്ന മറ്റൊരു സാമ്രാജ്യം ഉണ്ടാകില്ല എന്ന് വേദപുസ്തകം പറയുന്നു.
യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവുവരെ
ലോകം ചിന്നഭിന്നമായി ഒന്നിക്കാതെ തുടരും.
ഈ ചരിത്രത്തോടൊപ്പം നമ്മള്‍ ഒരു സത്യം
കൂടി മനസ്സിലാക്കേണ്ടതുണ്ട്.
റോമന്‍ സാമ്രജത്തെ സൂചിപ്പിക്കുന്ന
ഇരുമ്പ് കാല്പാദത്തിലും നമ്മള്‍ കാണുന്നു.
അതായത് റോമന്‍ സാമ്രാജ്യം പുതുക്കപ്പെട്ട
നിലയില്‍ നമ്മള്‍ ജീവിക്കുന്ന ഈ അന്ത്യകാലത്തും ലോകത്തില്‍ ഉണ്ടായിക്കും.
പുതുക്കപ്പെട്ട റോമാന്‍ സാമ്രാജ്യത്തില്‍
ഒന്നിലധികം രാജ്യങ്ങളും അവയ്ക്ക് ഓരോ ഭരണാധികാരികളും ഉണ്ടായിരിക്കും.
ഈ രാജാക്കന്മാരുടെ കാലത്ത് കൈ തൊടാതെ ഒരു
കല്ലു പറിഞ്ഞുവന്ന് ലോകത്തിലെ എല്ലാ ഭരണസംവിധാനങ്ങളെയും തകര്‍ത്തുകളയും.
അതായത്, ദൈവരാജ്യം സ്ഥാപിക്കപ്പെടും.
നമ്മള്‍ അന്ത്യകാലത്താണ് ഇപ്പോള്‍ ജീവിക്കുന്നത്.
ഇതു അല്‍പ്പം വിശദമായി പറയുവാന്‍ ഞാന്‍
ആഗ്രഹിക്കുന്നു.
ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, ലോകത്തിന്റെ
ഘടികാരം അഥവാ ക്ലോക്ക് യിസ്രായേല്‍ രാജ്യമാണ്.
യേശുവിന്റെ കാലത്തുണ്ടായിരുന്ന യിസ്രായേല്‍
രാജ്യം AD 70 സെപ്റ്റമ്പര്‍ 8-)o തീയതി റോമന്‍ ചക്രവര്‍ത്തിയായ വെസ്പെഷ്യന്‍റെ
മകനായ ടൈറ്റസ് ന്‍റെ നേതൃത്വത്തില്‍ തകര്‍ക്കപ്പെട്ടു.
ലക്ഷക്കണക്കിന് യഹൂദന്മാര്‍
കൊല്ലപ്പെട്ടു; യരുശലേം പട്ടണവും ദൈവാലയവും പൂര്‍ണ്ണമായും നശിച്ചു.
ശേഷിച്ച യഹൂദന്മാര്‍ മറ്റു
രാജ്യങ്ങളിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടിപോയി.
അതുനുശേഷം വളരെ വര്‍ഷങ്ങള്‍ ഇസ്രയേല്‍
എന്നൊരു രാജ്യം ഉണ്ടായിരുന്നില്ല.
ദൈവത്തിന്‍റെ സമയ സൂചിക അവിടെ താല്‍ക്കാലികമായി
നിന്നുപോയി.
എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം
ഒരു അത്ഭുതം സംഭവിച്ചു.
1948 മെയ് മാസം 19-)o തീയതി യിസ്രായേല്‍
വീണ്ടും ഒരു പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു.
ഈ സംഭവത്തിനു തൊട്ടു പിന്നാലെ, റോമന്‍
സാമ്രാജ്യത്തിന്റെ നവീകരണം ഉണ്ടായി.
1950 മെയ് മാസം 9-)o തീയതി, ഫ്രാന്‍സിലെയും
പടിഞ്ഞാറന്‍ ജര്‍മ്മനിയിലെയും കല്‍ക്കരിയുടെയും ഉരുക്കിന്റെയും നിര്‍മ്മാണം ഏക
ഉന്നത അധികാരത്തിന് കീഴിലാക്കിക്കൊണ്ട് ഫ്രാന്‍സിന്‍റെ വിദേശകാര്യ മന്ത്രി ഒരു
പ്രഖ്യാപനം നടത്തി.
ഇതിന്‍റെ പേരില്‍ ഉണ്ടാകാനിടയുള്ള
യുദ്ധങ്ങള്‍ ഒഴിവാക്കുക ആണ് മുഖ്യ ഉദ്ദേശ്യം എന്ന് അദ്ദേഹം പറഞ്ഞു.
അന്നുതന്നെ 6 യൂറോപ്യന്‍ രാജ്യങ്ങള്‍ റോമാ
നഗരത്തില്‍ ഒത്തുകൂടുകയും ട്രീറ്റി ഓഫ് റോം (Treaty of Rome) എന്ന് അറിയപ്പെട്ട
ഒരു സന്ധിയില്‍ ഒപ്പിടുകയും ചെയ്തു.
ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്‍ഡ്സ്,
ബല്‍ജിയം, ലക്സംബര്‍ഗ് എന്നിവ ആയിരുന്നു ആ 6 രാജ്യങ്ങള്‍.
അവരുടെ പ്രഥമ ഉദ്ദേശ്യം 10 രാജ്യങ്ങളുടെ
കൂട്ടായ്മ ആയിരുന്നു.
1951 ഏപ്രില്‍ 18-)o തീയതി European Coal
and Steel Community രൂപീകരിച്ചുകൊണ്ട് Treaty of Paris നിലവില്‍
വന്നു. ഇതിന്റെ ഉദ്ദേശ്യം, യൂറോപ്പ്യന്‍ ഭൂഖണ്ഡത്തില്‍ യുദ്ധം ഇല്ലാതാക്കി, സാശ്വത
സമാധാനം സൃഷ്ടിക്കുക, അംഗ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുക എന്നിവ
ആയിരുന്നു.
1952 ജൂലൈയില്‍ ഈ ഉടമ്പടി പ്രാബല്യത്തില്‍
വന്നു.
കല്‍ക്കരി, ഇരുമ്പ്, അയിര് എന്നിവയുടെ സ്വതന്ത്ര
വ്യാപാരം 1953 തുറന്നു.
ഇതിനു ശേഷം മറ്റ് ചില ഉടമ്പടികളും
ഉണ്ടായി. അങ്ങനെ ക്രമേണ യൂറോപ്പിന് ഒരു സ്വതന്ത്ര വ്യാപാര മേഖല ഉണ്ടായി.
അതിന്റെ ഫലമായി, 1957, മാര്‍ച്ച് 25-)o
തീയതി, Treaty Establishing the European Economic Community എന്നൊരു ഉടമ്പടി, റോമിലെ കാപ്പിറ്റൊളിന്‍ എന്ന സ്ഥലത്തുവച്ച്
രൂപീകരിച്ചു.
1992 ല്‍ ഈ ഉടമ്പടിയുടെ പേര് Treaty
establishing the European Community എന്നാക്കി മാറ്റി.
2009 ല്‍ Treaty
on the Functioning of the European Union നിലവില്‍ വന്നു.
അങ്ങനെ റോമന്‍ സാമ്രാജ്യം മറ്റൊരു
രൂപത്തില്‍ പുനര്‍ജനിച്ചു.
യൂറോപ്പ്യന്‍ രാജ്യങ്ങളുടെ ഈ
കൂട്ടായ്മ 6 ല്‍ നിന്നും വളര്‍ന്നു. പത്താമത്തെ രാജ്യമായി ഗ്രീസ് കൂട്ടത്തില്‍ ചേര്‍ന്നു.
ഇന്ന് യൂറോപ്പ്യന്‍ യൂണിയന്‍ എന്ന്
വിളിക്കുന്ന രാജ്യങ്ങളുടെ ഈ കൂട്ടായ്മയില്‍ പത്തില്‍ കൂടുതല്‍ അംഗ രാജ്യങ്ങള്‍
ഉണ്ട്.
എന്നിരുന്നാലും, യൂറോപ്പ്യന്‍
യൂണിയന്‍, നെബൂഖദുനേസ്സര്‍ രാജാവ് കണ്ട
ബിംബത്തിലെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാല്പാദത്തോട് ഒക്കുന്നു എന്ന് നിസ്ശംശയം പറയാം.
ഒന്നിച്ച് നില്‍ക്കുവാനും ഏക വ്യാപാര
മേഖല ആകുവാനും യുദ്ധങ്ങള്‍ ഒഴിവാക്കുവാനും സാമ്പത്തികമായി വളരുവാനും ആഗ്രഹമുണ്ട്
എങ്കിലും യൂറോപ്പ്യന്‍ യൂണിയന്‍ ആന്തരികമായി അനേകം പ്രശ്നങ്ങളിലൂടെ ഇന്നും കടന്ന്
പൊയ്ക്കൊണ്ടിരിക്കുന്നു.
ഈ ഭരണസംവിധാനങ്ങളുടെ കാലത്ത് “കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും
കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ചു” സകല ലോകഭരണ സംവിധാനത്തെയും തകര്‍ത്തുകളയും.
ചില പണ്ഡിതന്‍മാര്‍, കല്ല് തകര്‍ക്കുന്നത്
ബിംബത്തെ മൊത്തമായിട്ടാണ് എന്നൊരു വാദം ഉന്നയിക്കാറുണ്ട്.
എന്നാല്‍, ബാബിലോണ്‍ മുതല്‍ റോം വരെയുള്ള
സാമ്രാജ്യങ്ങള്‍ ഇപ്പോഴും നിലവില്‍ ഉണ്ട് എന്നതിന് അതില്‍ അര്‍ത്ഥം ഇല്ല.
ഈ ലോക സാമ്രജ്യങ്ങളെയെല്ലാം
നിയന്ത്രിച്ചുകൊണ്ടിരുന്നത് ഒരേ ആത്മാവ് ആണ്. അത്, കൈ തൊടാതെ പുറപ്പെട്ട് വരുന്ന കല്ലു
സകലതിനെയും തകര്‍ക്കുന്നതു വരെ, ഈ ലോക രാജ്യങ്ങളെ നിയന്ത്രിക്കുവാന്‍
ശ്രമിച്ചുകൊണ്ടിരിക്കും.
അതായത്, ബാബിലോണ്‍, മേദ്യ-പാര്‍സ്യ,
ഗ്രീക്ക്, റോമന്‍ എന്നീ സാമ്രാജ്യങ്ങളുടെ മതങ്ങളും, സംസ്കാരവും, ഐതീഹങ്ങളും,
രാഷ്ട്രീയ ഭരണ സംവിധാനങ്ങളും, സാമ്പത്തിക ശാസ്ത്രവും, തത്വ ജ്ഞാനവും, ചിന്തകളും
എല്ലാം ഇപ്പോഴും ലോകത്തെ നിയന്ത്രിക്കുന്നുണ്ട്.
ഈ സാമ്രാജ്യങ്ങളുടെ എല്ലാം സമ്മിശ്രമാണ്
ഇരുമ്പും കളിമണ്ണും കൊണ്ടുള്ള പാദങ്ങള്‍.
1 യോഹന്നാന്‍ 5: 19 ല്‍ അപ്പോസ്തലനായ യോഹന്നാന്‍ ഇതിനെക്കുറിച്ച് ഇങ്ങനെ
രേഖപ്പെടുത്തിയിട്ടുണ്ട്: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.”
ചുരുക്കിപറഞ്ഞാല്‍, റോമന്‍
സാമ്രാജ്യത്തിന് ശേഷം സമ്മിശ്രമായ ഒരു ഭരണ സംവിധാനം ലോകത്തില്‍ നിലവില്‍
വരുമെന്നും അതില്‍ റോമന്‍ സാമ്രാജ്യത്തിന്റെ തുടര്‍ച്ച ഉണ്ടായിരിക്കും എന്നും ആണ്
ദാനിയേല്‍ പറഞ്ഞത്.
രാജത്വം, ജനാധിപത്യം, മതാധിപത്യം, സൈനീക
ഭരണം, ഏകാധിപത്യം എന്നിങ്ങനെയുള്ള പലവിധ ഭരണ സംവിധാനാങ്ങള്‍ നമ്മളുടെ ലോകത്ത് ഇന്ന്
നിലനില്‍ക്കുന്നു.
ഇതാണ് ബിംബത്തിലെ ഇരുമ്പും കളിമണ്ണും
കൊണ്ടുള്ള കാലം.
ഈ കാലത്ത് തന്നെ, “കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു” സകല ലോകഭരണ
സംവിധാനത്തെയും തകര്‍ത്തുകളയും.
കൈ തൊടാതെ പറിഞ്ഞുവരുന്ന കല്ല്
ഇനി ചില വാചകങ്ങളോടെ നമുക്ക് ഈ പഠനം
അവസാനിപ്പിക്കാം.
നെബൂഖദുനേസ്സര്‍ രാജാവ്
സ്വപ്നത്തില്‍ വലിയൊരു ബിംബം കണ്ടു, അതിന്റെ രൂപം
ഭയങ്കരമായിരുന്നു.
ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും
കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടും, കാൽ പാതി
ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയിരുന്നു.
രാജാവ് നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ
തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ
അടിച്ചു തകർത്തുകളഞ്ഞു.
ബിംബത്തെ അടിച്ച കല്ലു ഒരു
മഹാപർവ്വതമായിത്തീർന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു.
സ്വപനം വിശദമാക്കിയതിനു ശേഷം ദാനിയേല്‍
അതിനെ വ്യാഖ്യാനിച്ചു കൊടുത്തു.
നെബൂഖദുനേസ്സര്‍ രാജാവിന്‍റെ
ബാബിലോണിയ സാമ്രജ്യത്തോടെ ആരംഭിച്ച്, ഒന്ന് മറ്റൊന്നിനു ശേഷം ഉയര്‍ന്നുവരുന്ന നാല്
സാമ്രാജ്യങ്ങളെ കുറിച്ചാണ് സ്വപ്നം പറയുന്നത്.
നാലാമത്തെ സാമ്രാജ്യത്തിന്‍റെ
അവസാനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവരുന്ന നിത്യമായ ദൈവരാജ്യം സ്ഥാപിക്കപ്പെടും.
ദാനിയേലിന്റെ സ്വപ്ന വ്യാഖ്യാനത്തിന്റെ
കേന്ദ്ര ബിന്ദു, നാല് സാമ്രാജ്യങ്ങള്‍ അല്ല, സകല ലോകഭരണ സംവിധാനത്തെയും തകര്‍ത്തുകളയുന്ന
“കൈ തൊടാതെ പറിഞ്ഞു വരുന്ന
കല്ല് ആണ്.
ദാനിയേല്‍ 2: 44 ഈ രാജാക്കന്മാരുടെ കാലത്തു
സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു
ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.
സ്വപനത്തിന്റെ അവസാന ഭാഗത്തെ ഈ സംഭവം
ഇതുവരെയും നിവര്‍ത്തിക്കപ്പെട്ടിട്ടില്ല എന്ന് നമ്മള്‍ കണ്ടു കഴിഞ്ഞു.
അതായത് ബിംബത്തിന്റെ പാദം നമ്മള്‍ ഇപ്പോള്‍
ജീവിക്കുന്ന ലോകത്തെയാണ് കാണിക്കുന്നത്.
കൈ തൊടാതെ പറിഞ്ഞു വരുന്ന കല്ല്, നമ്മളുടെ
കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനേയും പിന്നീട് അദ്ദേഹം നിത്യമായി
സ്ഥാപിക്കുവാന്‍ പോകുന്ന ദൈവരാജ്യത്തെയും സൂചിപ്പിക്കുന്നു.
കല്ല്, ഇനിയും വരുവാനിരിക്കുന്ന ദൈവരാജ്യം
തന്നെ ആണ്. അത് ലോക ഭരണക്രമങ്ങളെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ദുരാത്മ
ശക്തികളെയും തകര്‍ത്തു കളയും.
ദൈവരാജ്യമാകട്ടെ, നിത്യമായി നിലനില്‍ക്കും.
ഞാന്‍ ഈ പഠനം ഇവിടെ അവസാനിപ്പിക്കുക ആണ്.
എന്നാല്‍ ഇത് ഇവിടെ പൂര്‍ണ്ണമാകുന്നില്ല.
ഞാന്‍ ആദ്യം പറഞ്ഞതുപോലെ തന്നെ, ഇതൊരു
രണ്ടു ഭാഗമുള്ള പഠനം ആണ്.
നിങ്ങള്‍ ഇതുവരെ കാണുകയും കേള്‍ക്കുകയും
ചെയ്തത്, ഈ പഠനത്തിന്റെ ഒന്നാമത്തെ ഭാഗം ആയ, നെബൂഖദുനേസ്സര്‍ രാജാവിന്‍റെ സ്വപ്നവും അതിനു ദാനിയേല്‍ നല്‍കിയ
വ്യാഖ്യാനവും ആണ്.
ഇപ്പോള്‍ അനേകം ചോദ്യങ്ങള്‍
നിങ്ങളുടെ മനസ്സില്‍ ബാക്കി നില്‍ക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം.
അതിന്റെ ഉത്തരങ്ങളും
വിശദീകരണവും അറിയുവാന്‍ ഈ പഠനത്തിന്റെ രണ്ടാമത്തെ ഭാഗമായ ദാനിയേലിന്റെ 4 മഹാമൃഗങ്ങളെക്കുറിച്ചുള്ള
ദര്‍ശനം വിവരിക്കുന്ന സന്ദേശം കാണുകയും കേള്‍ക്കുകയും ചെയ്യുക.
online ല്‍ നമ്മളുടെ വീഡിയോ
ചാനലില്‍ ഈ വീഡിയോ കാണുന്നവര്‍ക്ക് ഇതിന്റെ രണ്ടാമത്തെ ഭാഗം അതെ വീഡിയോ ചാനലില്‍
തന്നെ കാണുവാന്‍ കഴിയും.
ഓഡിയോ ആയി കേള്‍ക്കുന്നവര്‍ക്ക്
ഇതിന്റെ രണ്ടാമത്തെ ഭാഗം നമ്മളുടെ ഓഡിയോ ചാനലില്‍ കേള്‍ക്കുവാന്‍ കഴിയും.
കൂടാതെ നമ്മളുടെ website
കളില്‍ ഇതിന്‍റെ പഠനകുറിപ്പുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.
കര്‍ത്താവ്
നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
Watch more videos in English and Malayalam @
naphtalitribetv.com
Listen to the audio message @
naphtalitriberadio.com
Read study notes in English at our official
web: naphtalitribe.com
Read study notes in Malayalam @ vathil.in
No comments:
Post a Comment