ഉപ്പും വെളിച്ചവും

നമ്മളുടെ കര്‍ത്താവ് നമ്മളെ ഉപ്പിനോടും വെളിച്ചത്തോടും തുല്യം ചെയ്ത് സംസാരിച്ചിട്ടുണ്ട്.
ഉപ്പിനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും പറയുന്നതിലൂടെ, ഈ ലോകവും നമ്മളും തമ്മിലുള്ള ബന്ധമാണ് കര്‍ത്താവ് വിശദീകരിക്കുന്നത്.
നമ്മള്‍ ഈ ലോകത്തിന്‍റെ ഉപ്പും വെളിച്ചവും ആയിരിക്കേണം.
ഈ പുതിയവര്‍ഷം നമുക്ക് ഈ ചിന്തകളോടെ ആരംഭിക്കുകയും ലോകത്തിന്‍റെ ഉപ്പും വെളിച്ചവും ആയിരിക്കുവാന്‍ നമുക്ക് ശ്രമിക്കുകയും ചെയ്യാം.

മത്തായി 5: 13 – 16
13  നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
14  നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
15  വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു.
16  അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

ഈ വേദഭാഗം യേശുവിന്റെ പ്രശസ്തമായ ഗിരി പ്രഭാഷണത്തിന്റെ ആരംഭത്തില്‍ യേശു പറയുന്ന രണ്ട് ചെറിയ ഉപമകള്‍ ആണ്.
ഇതില്‍ രണ്ടു വ്യക്തമായ ചിത്രങ്ങള്‍ യേശു അവതരിപ്പിക്കുന്നുണ്ട്.
ഇതില്‍ ആദ്യം ഉപ്പിനെകുറിച്ചും പിന്നീട് വെളിച്ചത്തെ കുറിച്ചും പറയുന്നു.
രണ്ടും ലോകവുമായുള്ള നമ്മളുടെ ബന്ധത്തെക്കുറിച്ചാണ് പറയുന്നത്.
നമ്മള്‍ ഈ ലോകത്തില്‍ എങ്ങനെ ആയിരിക്കേണം എന്നും നമ്മള്‍ക്ക് ഈ ലോകത്തോടുള്ള കടപ്പാട് എന്തായിരിക്കേണം എന്നും ആണ് ഇതില്‍ പറയുന്നത്.
നമ്മള്‍ രക്ഷിക്കപ്പെട്ട ആ നിമിഷം തന്നെ നമ്മളുടെ ആത്മാവിനെ ഈ ഭൂമിയില്‍ നിന്നും എടുക്കുവാനും അതിനെ രക്ഷയുടെ നിര്‍മ്മലതയില്‍ എന്നേക്കും സൂക്ഷിക്കുവാനും ദൈവത്തിന് കഴിയുമായിരുന്നു.
എന്നാല്‍ ദൈവം അങ്ങനെ ചെയാതെ, വീണ്ടും ജനനം പ്രാപിച്ചതിനു ശേഷവും നമ്മളെ വളരെ കാലത്തേക്ക് ഈ ഭൂമിയില്‍ ജീവിക്കുവാന്‍ വച്ചിരിക്കുന്നു.
വീണ്ടും ജനനം പ്രാപിച്ച നമ്മള്‍ ഇപ്പോള്‍ ദൈവത്തിന്‍റെ കര്‍തൃത്വത്തിനു കീഴില്‍ ആണ് എങ്കിലും ഈ ഭൂമിയില്‍ രക്ഷിക്കപ്പെടുന്നതിന് മുമ്പുണ്ടായിരുന്ന അതെ സാഹചര്യത്തില്‍ തന്നെ ജീവിക്കുക ആണ്.
എന്തിനാണ് രക്ഷയുടെ അനുഭവത്തിനുശേഷവും ദൈവം നമ്മളെ ഈ ഭൂമില്‍ വച്ചിരിക്കുന്നത്.
നമുക്ക് ഈ ലോകത്തോട്‌ ചില കടപ്പാടുകളും ഉത്തരവാദിത്തങ്ങളും ഉണ്ട്.
അത് പ്രത്യേകമായി നിയോഗിക്കപ്പെട്ടവര്‍ക്ക് മാത്രം ഉള്ള ഉത്തരവാദിത്തങ്ങള്‍ അല്ല, എല്ലാ വിശ്വാസികള്‍ക്കും ഉള്ള ഉത്തരവാദിത്തങ്ങള്‍ ആണ്.
ഈ ഉത്തരവാദിത്തങ്ങളുടെ ചുരുക്കം കര്‍ത്താവ് പറഞ്ഞ ഈ വാക്യങ്ങളില്‍ ഉണ്ട്.

ഇതു സാധാരണ ഉപമകള്‍ പോലെ ഒരു കഥ അല്ല, എങ്കിലും, ഇതിനെയും നമുക്ക് ഉപ്പിനെക്കുറിച്ചുള്ള ഉപമ എന്നും വെളിച്ചത്തെക്കുറിച്ചുള്ള ഉപമ എന്നും വിളിക്കാം.
ഇതിലൂടെ കര്‍ത്താവ് നമ്മളോട് ഒരു സന്ദേശം പകരുക ആണ്.

ഉപ്പ്

നമുക്ക് ആദ്യം ഉപ്പിനെകുറിച്ചുള്ള ഉപമ പഠിക്കാം.
“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” എന്ന് യേശു പറഞ്ഞപ്പോള്‍ അത് കേട്ടുകൊണ്ട് നിന്ന യഹൂദ ജനം എന്താണ് മനസ്സിലാക്കിയത് എന്നാണ് നമ്മള്‍ പഠിക്കുന്നത്.
ഉപ്പിനെക്കുറിച്ചു ഒന്നിലധികം ചിന്തകള്‍ അവരുടെ മനസ്സിലൂടെ പോയിരിക്കാം.
വ്യത്യസ്തമായ സാഹചര്യത്തില്‍, ഉപ്പിനെ ആലങ്കാരികമായി, സ്ഥിരത, വിശ്വസ്തത, ഉറപ്പ്, മൂല്യം, ശുദ്ധീകരണം എന്നിവയെ പരാമര്‍ശിക്കുവാന്‍ ഉപയോഗിച്ചിരുന്നു.
യേശുവിന്റെ കാലത്തെ വ്യത്യസ്തങ്ങളായ സമൂഹങ്ങളില്‍ ഉപ്പിനെ, രുചി വര്‍ദ്ധിപ്പിക്കുവാനും, ആഹാര സാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുവാനും, അണുക്കളെ നശിപ്പിക്കുവാനും, മുറിവ് ഉണ്ടാക്കുവാനും, ശരീരത്തിലെ നീര്‍കെട്ടു കുറയ്ക്കുവാനും ഉപയോഗിച്ചിരുന്നു.
യാഗങ്ങളിലും ബലികളിലും ഉപ്പ് ഉപയോഗിക്കപ്പെട്ടു; പണത്തിന് പകരമായി ക്രയവിക്രയത്തിനും ഉപ്പു ഉപയോഗിച്ചിരുന്നു.
കടല്‍ വെള്ളം വലിയ കുഴികളില്‍ ഒഴിച്ചുവച്ച്, അതിലെ ജലാംശം മുഴുവനും വറ്റിച്ച് ഉപ്പാക്കി എടുക്കുന്നതായിരുന്നു അന്നത്തെ നിര്‍മ്മാണ രീതി.

വിവിധ വ്യാഖ്യാനങ്ങള്‍

യേശുക്രിസ്തു “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” എന്ന് പറഞ്ഞപ്പോള്‍ എന്തായിരിക്കാം ഉദ്ദേശിച്ചത് എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങള്‍ ഉണ്ട്.
ഇവയെല്ലാം യേശു ഉദ്ദേശിച്ചിരുന്നുവോ, അതോ അവയില്‍ ചിലത് മാത്രമേ യേശുവിന്റെ മനസ്സില്‍ ഉണ്ടായിരുന്നുവുള്ളൂ എന്നോ പറയുവാന്‍ നമുക്ക് കഴിയുന്നില്ല.

യേശുവിന്റെ ഉപമകള്‍ക്ക് ഒരു കേന്ദ്ര സന്ദേശം ഉണ്ട്. എന്നാല്‍ അവന്റെ ഉപമകള്‍ വിശദാംശങ്ങളിലും പ്രധാന സന്ദേശത്തോട് വിഭിന്നമായിരുന്നില്ല.
അതായത് യേശുവിന്റെ ഉപമകളുടെ വിശദാംശങ്ങള്‍ പോലും തന്‍റെ ഹൃദയ വിചാരത്തോട് ചേര്‍ച്ചയുള്ളതായിരുന്നു.
അതുകൊണ്ട് യേശുവിന്റെ പ്രഭാഷണങ്ങളെ സമ്പൂര്‍ണ്ണ സന്ദേശം എന്ന അര്‍ത്ഥമുള്ള ലോഗോസ് എന്നാണ് സുവിശേഷങ്ങളില്‍ വിളിക്കുന്നത്‌.
യേശുവിന്‍റെ ഉപമകളും സമ്പൂര്‍ണ്ണമായിരുന്നു; അതിന്റെ മുഖ്യ സന്ദേശവും വിശദാംശങ്ങളും എല്ലാം അവന്‍റെ സന്ദേശങ്ങളോട് ചേര്‍ന്നവ ആയിരുന്നു.
അതിനാല്‍ “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” എന്ന് യേശു പറഞ്ഞപ്പോള്‍ ഉപ്പിനെക്കുറിച്ച് അന്നത്തെ ജനങ്ങള്‍ക്ക്‌ ഉണ്ടായിരുന്ന എല്ലാ ചിന്തകളും അതില്‍ ഉണ്ടായിരുന്നു.

ചില ചിന്തകര്‍ ഉപ്പിന്‍റെ വെളുത്ത നിറം വിശ്വാസികളുടെ നീതീകരിക്കപ്പെട്ട അവസ്ഥയേയും വിശുദ്ധിയെയും കാണിക്കുന്നു എന്ന് അഭിപ്രായപ്പെടുന്നു.
മുറിവുകളില്‍ ഉപ്പു ഉണ്ടാക്കുന്ന നീറ്റല്‍ പോലെ, മുറിവേറ്റിരിക്കുന്ന ഈ ലോകത്തിന് അത് തിരിച്ചറിയുവാന്‍ കഴിയത്തക്കവണ്ണം ഒരു നീറ്റല്‍ ആയി വിശ്വാസികള്‍ വര്‍ത്തിക്കേണം എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്.
ഉപ്പു ദാഹം ഉണ്ടാക്കുന്നതുപോലെ, മനുഷ്യര്‍ക്ക്‌ യേശുവിനായുള്ള ദാഹം ഉണ്ടാകേണം എന്ന് ചിന്തിക്കുന്നവരും ഉണ്ട്.
ഇനിയും വ്യത്യസ്തങ്ങള്‍ ആയ അനേകം ചിന്തകള്‍ ഉണ്ട് എങ്കിലും അവയുടെ പട്ടികപോലും നിരത്തുവാന്‍ നമുക്ക് സമയം അനുവദിക്കുക ഇല്ല.
അതുകൊണ്ട് അവയില്‍ ഒന്ന് രണ്ടു പ്രധാനപ്പെട്ട ചിന്തകള്‍ വിശദമായി പഠിക്കാം.
അതിനു മുമ്പായി വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ഉപ്പിന്‍റെ ചില ഉപയോഗങ്ങളും സാഹചര്യങ്ങളും നമുക്ക് അല്‍പ്പമായി മനസ്സിലാക്കാം.

ഉപ്പിന്‍റെ വിവിധ ഉപയോഗങ്ങള്‍

യെഹെസ്കേല്‍ 43: 24 ല്‍ യാഗത്തിനായി കൊണ്ടുവരുന്ന കാളകുട്ടിയുടെമേലും ആട്ടിന്‍കൊറ്റന്‍റെ മേലും പുരോഹിതന്മാര്‍ ഉപ്പു വിതറിയ ശേഷം അവയെ യാഹോവയ്ക്ക് അര്‍പ്പിക്കേണം എന്ന് പറയുന്നുണ്ട്.
പുറപ്പാട് 30: 35 ല്‍ ധൂപവര്‍ഗ്ഗം തയ്യാറാക്കുമ്പോള്‍ സുഗന്ധവര്‍ഗ്ഗങ്ങളോടൊപ്പം ഉപ്പും ചേര്‍ക്കേണം എന്ന് ദൈവം കല്‍പ്പിക്കുന്നുണ്ട്.
ദൈവാലയത്തിലെ യാഗ വസ്തുക്കളില്‍ ഉപ്പു ഉള്‍പ്പെട്ടിരുന്നു. (എസ്രാ 6: 9,10)

ലവണനിയമം
2 ദിനവൃത്താന്തം 13: 5 ല്‍ യഹൂദ രാജാവായ അബീയാവ് ദാവീദിന്‍റെ ഉടമ്പടിയെക്കുറിച്ചു ഇപ്രകാരം പറയുന്നതായി നമ്മള്‍ വായിക്കുന്നു: യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിന്നു, അവന്നും അവന്റെ പുത്രന്മാർക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ?”
“ലവണനിയമം” എന്നത് ഉപ്പുകൊണ്ട് ഉറപ്പിച്ച നിയമം ആണ്, അത് മാറ്റമില്ലാത്ത ഉടമ്പടി ആണ്.

വളരെ അടുത്ത സുഹൃദ് ബന്ധത്തിന്‍റെ അടയാളമായും ഉടമ്പടികള്‍ ഉറപ്പിക്കുന്നതിന്റെ അടയാളമായും ഇരുകൂട്ടരും ഉപ്പു തിന്നുന്ന രീതിയും അന്ന് ഉണ്ടായിരുന്നു.
ഉപ്പ് തിന്ന് ഉടമ്പടി ഉറപ്പിക്കുന്നവര്‍ മരിച്ചാലും ഉടമ്പടി ലംഘിക്കാറില്ലായിരുന്നു.
അഥവാ, ഉപ്പ് ഉടമ്പടികള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ മരണം ആയിരുന്നു.

മര്‍ക്കോസ് 9: 50 ല്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നുണ്ട്: “നിങ്ങളിൽ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.”
ഈ വാക്യത്തിനും ലവണനിയമത്തോട് ബന്ധം ഉണ്ട്.
ഉപ്പു കൊണ്ടുള്ള ഉടമ്പടി പോലെയുള്ള സമാധാന ബന്ധം അന്യേന്യം കാത്തു സൂക്ഷിക്കുവനാണ് യേശു നമ്മളെ ഉപദേശിക്കുന്നത്.
ലവണനിയമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പരസ്പരും കരുതുവാനും ബാധ്യസ്ഥര്‍ ആയിരുന്നു.     

യഹൂദ ന്യായാധിപന്‍ ആയിരുന്ന അബിമേലേക്ക് ശേഖം പട്ടണത്തെ ആക്രമിച്ചു കീഴടക്കി, അതിലെ ജനത്തെ കൊന്നുകളഞ്ഞതിനു ശേഷം അതില്‍ ഉപ്പ് വിതറുന്നതായി ന്യായാധിപന്മാര്‍ 9: 45 ല്‍ നമ്മള്‍ വായിക്കുന്നു.
ഒരു പട്ടണത്തിന്‍റെ ഫലസമൃദ്ധി ഇല്ലാതാകുവാനും, വീണ്ടും ആരും ആ പട്ടണത്തെ പണിയാതെ പോകുവാന്‍ ശപാമായി തീരുവാനുമായി അക്കാലത്ത് യുദ്ധത്തില്‍ പരാജയപ്പെടുന്ന പട്ടണങ്ങളില്‍ ഉപ്പ് വിതറുമായിരുന്നു.

അക്കാലത്ത്, പുതിയതായി ജനിക്കുന്ന കുഞ്ഞുങ്ങളുടെമേല്‍ ഉപ്പ് തേക്കാറുണ്ടായിരുന്നു. അങ്ങനെ ചെയ്യുന്നത് അവര്‍ വിശ്വസ്തരും സത്യസന്ധരും ആയി വളര്‍ന്നു വരേണ്ടതിനു ആയിരുന്നു.

ഇങ്ങനെ അനേകം വിശ്വാസങ്ങളും ആചാരങ്ങളും ഉപ്പുമായി ബന്ധപ്പെട്ട് അക്കാലത്ത് ഉണ്ടായിരുന്നു.
ഇവയെല്ലാം യേശുവിന്‍റെ കേള്‍വിക്കാരുടെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നേക്കാം.

യേശു പറഞ്ഞത് നിങ്ങള്‍ ഒരു പക്ഷെ, ഭൂമിയുടെ ഉപ്പായേക്കാം എന്നോ വെളിച്ചമായേക്കാം എന്നോ അല്ല; നിങ്ങള്‍ ഉപ്പാകുന്നു, നിങ്ങള്‍ വെളിച്ചം ആകുന്നു എന്നാണ്.
നമുക്ക് താല്പര്യം ഉണ്ടെങ്കില്‍ അങ്ങനെ ആകാം എന്നല്ല, നമ്മള്‍ എന്ത് ആയിരിക്കുന്നു എന്നാണ്. അതിനുള്ള കഴിവ് നമുക്ക് ഉണ്ട് എന്നും അതില്‍ അര്‍ത്ഥം ഉണ്ട്.

വിലയേറിയ ഉപ്പ്

യേശുവിന്റെ കാലത്ത് ഉപ്പ് വളരെ വിലയേറിയ ഒരു വസ്തു ആയിരുന്നു.
ആ കാലത്തെ ഉപ്പിന്റെ പ്രാധാന്യവും മൂല്യവും എന്ത് എന്ന് കൃത്യമായി നമുക്ക് അറിവില്ലാത്തതിനാല്‍ ദൈവവചനത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും ചില കാര്യങ്ങള്‍ ഇവിടെ വിവരിക്കുവാന്‍ ആഗ്രഹിക്കുന്നു.

റോമന്‍ പട്ടാളക്കാര്‍ക്ക് ശമ്പളമായി കിട്ടിയുരുന്നത് ഉപ്പായിരുന്നു അല്ലെങ്കില്‍ ഉപ്പിന്റെ വിലയില്‍ അധിഷ്ടിതമായ റോമന്‍ നാണയങ്ങള്‍ ആയിരുന്നു
അതായത് ഓരോ നാണയത്തിന്റെയും വില നിശ്ചയിച്ചിരുന്നത് അതുകൊണ്ട് എത്ര ഉപ്പ് വാങ്ങാം എന്നതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു.
ഇന്ന് നമ്മളുടെ നാണയം അല്ലങ്കില്‍ രൂപയുടെ വില നിശ്ചയിക്കുന്നത് സ്വര്‍ണ്ണത്തിന്റെ വിലയുടെ അടിസ്ഥാനത്തില്‍ ആണ്.
നമ്മളുടെ റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യത്തിന് തുല്യമായ സ്വര്‍ണ്ണം കരുതലായി സൂക്ഷിക്കുന്നു.
മിക്ക രാജ്യങ്ങളും ഒന്നുകില്‍ സ്വര്‍ണ്ണം അല്ലെങ്കില്‍ വെള്ളി മൂല്യത്തിന്‍റെ അടിസ്ഥാനമായി കണക്കാക്കുന്നു.
യേശുവിന്റെ കാലത്ത് സ്വര്‍ണ്ണത്തിനും വെള്ളിക്കും പകരം അവരുടെ നാണയത്തിന്റെ മൂല്യം നിര്‍ണ്ണയിച്ചിരുന്നത് ഉപ്പായിരുന്നു.
നമ്മള്‍ ഇന്ന് കുരുമുളകിനെ “കറുത്ത സ്വര്‍ണ്ണം” എന്ന് വിളിക്കുന്നതുപോലെ, അന്ന്, മദ്ധ്യകാലം വരെ ഉപ്പിനെ, “വെളുത്ത സ്വര്‍ണ്ണം” എന്ന് വിളിച്ചിരുന്നു.
ഉപ്പു എത്രമാത്രം വിലയുള്ളത് ആയിരുന്നു എന്ന് ഇതില്‍നിന്നും മനസ്സിലാക്കാമല്ലോ.

അതുകൊണ്ട് യേശുക്രിസ്തു “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” എന്ന് പറഞ്ഞപ്പോള്‍ അവന്‍റെ കേള്‍വിക്കാരുടെ മനസ്സില്‍ ഉപ്പിന്‍റെ മൂല്യം ഓര്‍മ്മയില്‍ വന്നുകാണും.
യേശു തുടര്‍ന്ന് ഒരു കാര്യം കൂടെ പറയുന്നുണ്ട്.
ഉപ്പു മൂല്യമുള്ള വസ്തു ആയി കണകാക്കപ്പെടുന്നത് അതിന്‍റെ ക്ഷാരഗുണം ഉള്ളതുകൊണ്ടാണ്.
യേശു പറയുന്നതിങ്ങനെ ആണ്: “ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.”
അതായത്, ഉപ്പിന്റെ മൂല്യം അതിന്റെ രൂപത്തിലോ, നിറത്തിലോ വലിപ്പത്തിലോ അടിസ്ഥാനമാക്കിയുള്ളതല്ല.
അതിന്റെ വെള്ള നിറവും, ക്രിസ്റ്റല്‍ രൂപവും എല്ലാം നല്ലതുതന്നെ; പക്ഷെ അതിന്റെ മൂല്യം അതിന്റെ രുചിയില്‍ ആണ്.
ഉപ്പിന്റെ കാരം, അല്ലെങ്കില്‍ അതിന്റെ രുചി നഷ്ടപ്പെട്ട് പോയാല്‍, അതിന്‍റെ മൂല്യം മൊത്തം ഇല്ലാതാകും.
വളരെ മൂല്യമുള്ളതായി കണക്കാക്കപ്പെട്ടിരുന്ന ഉപ്പിനെ വഴിയില്‍ എറിഞ്ഞുകളയും. അതില്‍ യാത്രകാര്‍ ചവിട്ടി മെതിച്ച് നടന്നുപോകും.
ഇതൊരു ദാരുണ സംഭവം ആണ്.

ഈ പുതുവത്സര ആരംഭത്തില്‍, നമ്മള്‍ എന്തായിരിക്കുന്നു എന്നും എന്തായിരിക്കേണം എന്നും  ചിന്തിക്കുന്നത് നല്ലതാണ്.
നമ്മള്‍ യേശു ആഗ്രഹിച്ചതുപോലെ മൂല്യമുള്ള ഉപ്പ് ആയിരിക്കുന്നുവോ, അതോ വഴിയില്‍ നിലത്തു വിതറി, കാല്‍നടയാത്രക്കാര്‍ക്ക് പോലും ചവിട്ടി മെതിച്ച് കളയുവാന്‍ കഴിയുന്ന കാരമില്ലാത്ത വെളുത്ത ക്രിസ്റ്റലുകള്‍ മാത്രം ആയിരിക്കുന്നുവോ.
ഉപ്പിനെ നിലത്തു വിതറികളഞ്ഞതും അതിനെ യാത്രക്കാര്‍ ചവിട്ടികളഞ്ഞതും അതിനു മൂല്യം നഷ്ടപ്പെട്ടതുകൊണ്ടാണ്.
നമുക്ക് ഈ ദുരന്തം ഉണ്ടാകാതെ ഇരിക്കട്ടെ. നമുക്ക് കാരമുള്ളവരായി, മൂല്യമുള്ളവരായിരിക്കാം.
നമ്മളുടെ ബാഹ്യമായ നിറവും രൂപവും നമുക്ക് മൂല്യം നല്‍കുക ഇല്ല. രുചി ആണ് മൂല്യം.
നമുക്ക് മൂല്യം ഉണ്ടെങ്കില്‍ നമ്മളുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും മൂല്യം ഉണ്ടാകും.

ഉപ്പിന്‍റെ രുചി

അപ്പോള്‍ ഉപ്പിന്റെ മൂല്യത്തോടൊപ്പം, അതിന്‍റെ രുചിയും യേശുവിന്‍റെ കേള്‍വിക്കാരുടെ മനസ്സില്‍ വന്നു കാണും.
പുരാതനകാലത്ത്‌ ചില സമ്പന്ന പട്ടണങ്ങളുടെ സമൃദ്ധിയുടെ അടിസ്ഥാനം ഉപ്പിന്‍റെ കയറ്റുമതി ആയിരുന്നു.
സൂര്യന്റെ ചൂടുള്ള പ്രകാശമാണ് വെള്ളത്തില്‍ നിന്നും ഉപ്പിനെ വേര്‍തിരിച്ച് നല്‍കുന്നത് എന്നതിനാല്‍, ഉപ്പ് അവര്‍ക്ക് സൂര്യദേവന്‍ അനുഗ്രഹിച്ച് നല്‍കിയ സമ്പത്താണ്‌ എന്നും അവര്‍ വിശ്വസിച്ചിരുന്നു.
അതായത്, ഉപ്പ് ഒരു പട്ടണത്തെ സമ്പന്നമാക്കുവാന്‍ കഴിവുള്ള വ്യാപാര വസ്തു ആയിരുന്നു.
ഉപ്പു അത്രമാത്രം പ്രിയപ്പെട്ടത് ആയിരുന്നു.
കാരണം മനുഷ്യര്‍ക്ക്‌ ഉപ്പിന്റെ രുചി കൂടാതെ ഭക്ഷണം കഴിക്കുക പ്രയാസമായിരുന്നു.
പുരാതന കാലം മുതല്‍തന്നെ ആഹാരത്തിനു രുചിവരുത്തുന്ന ഉപ്പ്, എപ്പോഴും, ഒട്ടുമിക്ക  ആഹാരത്തോടൊപ്പവും കഴിച്ചിരുന്നു.
ഉപ്പു അല്‍പ്പം മാത്രം മതി, പക്ഷെ അത് ആഹാരത്തെ മുഴുവന്‍ രുചി ഉള്ളത് ആക്കും.
ഉപ്പു എല്ലാവര്‍ക്കും എവിടെയും പ്രിയപ്പെട്ടത് ആയിരുന്നു.

ഇതു ഉപ്പിനു കാരമുള്ളപ്പോഴത്തെ അവസ്ഥ ആണ്.
ഉപ്പിനു കാരമില്ലാതെപോയാല്‍ പിന്നെ അതിനെ ആര്‍ക്കും വേണ്ടാതാകും. അതുകൊണ്ട് യാതൊരു ഗുണവും മനുഷ്യര്‍ക്ക്‌ ഇല്ലാതാകും.
കാരമില്ലാത്ത ഉപ്പ് ആഹാരത്തില്‍ ചേര്‍ക്കേണ്ടതില്ല, അതുകൊണ്ട് അതിനെ വീട്ടില്‍ സൂക്ഷിക്കേണ്ട.
അതിനെ തെരുവീഥികളിലേക്ക് ചിതറിക്കളയും
അവിടെ, കാരമുള്ള ഉപ്പിനെ പ്രിയപ്പെട്ടതായി കരുതുന്ന അതെ മനുഷ്യര്‍, കരമില്ലാത്ത ഉപ്പിനെ ചവിട്ടി മെതിച്ചുകളയും.

ഓര്‍ക്കുക, നമ്മള്‍ ഈ ഭൂമിയുടെ, നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്‍റെ ഉപ്പാണ്.
സമൂഹം പലപ്പോഴും രുചി ഇല്ലാത്തതായി മാറുമ്പോള്‍, നമ്മളാണ് അതിനു രുചി പകരേണ്ടത്.
നമ്മള്‍ രുചി ഇല്ലാത്തവരായി മാറിയാല്‍ പിന്നെ, ഈ ലോകത്തിന്, നമ്മളുടെ ചുറ്റിനുമുള്ള സമൂഹത്തിന്, നമ്മളെകൊണ്ട് യാതൊരു ഗുണവും ഇല്ല.
അവര്‍ നമ്മളെ തള്ളികളയുകയോ, അവഗണിക്കുകയോ, പരിഹസിക്കുകയോ ചെയ്തേക്കാം.
അത് അവരുടെ കുറ്റമല്ല, ഉപ്പിന്‍റെ കാരം നഷ്ടപ്പെട്ടത് കൊണ്ടാണ്.
അതുകൊണ്ട് ഇന്നത്തെ സമൂഹം വിശ്വാസ സമൂഹത്തെ പരിഹസിക്കുന്നു എങ്കില്‍, അത് നമ്മള്‍ക്ക് രുചി ഇല്ലാതെ പോയതുകൊണ്ടാണ്.
ഈ പുതിയ വര്‍ഷം, നമ്മളുടെ രാജ്യത്തിനും, സമൂഹത്തിനും രുചി വരുത്തുന്ന ഉപ്പായി ജീവിക്കുവാന്‍ നമുക്ക് തീരുമാനിക്കാം.

ഉപ്പ് എന്ന സംരക്ഷണോപാധി

ഉപ്പുമായി ബന്ധപ്പെട്ട മറ്റൊരു ചിന്ത, അത് ഒരു സംരക്ഷണോപാധി ആണ് എന്നതാണ്.
അതായത് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന വസ്തു ആയിരുന്നു ഉപ്പ്.
യേശുവിന്റെ കാലത്ത്, ശിതീകരണ മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നതിനാല്‍, ഉപ്പിന്‍റെ ഈ ഉപയോഗം വളരെ പ്രധാനപ്പെട്ടത് ആയിരുന്നു.
മീന്‍ പിടുത്തക്കാരായ ശിഷ്യന്മാര്‍ക്ക് അറിയാം ഉപ്പുകൊണ്ട് എങ്ങനെ ആണ് അവര്‍ മത്സ്യങ്ങളെ സംരക്ഷിച്ചുവക്കുന്നത് എന്ന്.

ഈ ലോകം പാപത്താല്‍ നിറഞ്ഞ്, നശിച്ചുപോകുവാന്‍ അല്ല ദൈവം ആഗ്രഹിക്കുന്നത്.
ദൈവം ആഗ്രഹിക്കുന്ന ചിലരെ രക്ഷയിലേക്കു നടത്തി, അവരെ എടുത്തതിനുശേഷം ഈ ലോകത്തെ മൊത്തമായും നശിപ്പിക്കേണം എന്നുമല്ല ദൈവത്തിന്‍റെ ആഗ്രഹം.
മനുഷ്യര്‍ അവരുടെ ദുഷ്ടത വിട്ട് തിരിഞ്ഞ് ദൈവത്തോട് അടുത്തുവരുന്നതിലാണ് ദൈവത്തിന് ഏറെ പ്രസാദം.
എന്നാല്‍ മാനവ രാശിയെ ദുഷ്ടതയിലേക്ക് കൊണ്ടുപോന്ന പൈശാചിക ശക്തി ലോകത്ത് വ്യപരിക്കുന്നുണ്ട് എന്ന് യേശുവിന് അറിയാം.
അതുകൊണ്ട് യേശു തന്‍റെ ജനത്തെ, വീണ്ടും ജനനത്തിന്‍റെ അനുഭവത്തിന് ശേഷവും ഈ ഭൂമിയില്‍ ആക്കിവച്ചിരിക്കുന്നു.
നശിച്ചുപോകുവാന്‍ സാധ്യതയുള്ള ഈ ലോകത്തെ ചീഞ്ഞുപോകാതെ, കേടുവന്ന് പോകാതെ സൂക്ഷിക്കുന്ന സംരക്ഷണോപാധിയായി വിശ്വാസികള്‍ വര്‍ത്തിക്കേണം എന്ന് യേശു ആഗ്രഹിച്ചു.

ഉപ്പിന് പദാര്‍ത്ഥങ്ങളെ കേടുകൂടാതെ സൂക്ഷിക്കുവാനുള്ള കഴിവുണ്ട്. അത് ഉപ്പിന്‍റെ ഒരു സവിശേഷത ആണ്, ഉപ്പ് എന്ന വസ്തുവിന്‍റെ ഗുണം ആണ്.
അതുപോലെ തന്നെ, നമ്മളുടെ സമൂഹത്തെ കേടുകൂടാതെ സംരക്ഷിക്കുവാനുള്ള കഴിവ് നമുക്ക് ദൈവം തന്നിട്ടുണ്ട്, യേശുവില്‍ വിശ്വസിക്കുന്നവരുടെ ഉള്ളില്‍ ആ ഗുണം ഉണ്ട്; അത് വിശ്വാസികളുടെ സ്വാഭാവിക ഗുണം ആണ്.

എന്നാല്‍ ഉപ്പിന് അതിന്‍റെ കാരം നഷ്ടപ്പെട്ടുപോക്കുന്ന അവസ്ഥ ഉണ്ടായാലോ?
കാരം നഷ്ടപ്പെട്ടാല്‍ ഉപ്പിന് ഒരു പദാര്‍ത്ഥത്തെയും കേടുകൂടാതെ സംരക്ഷിക്കുവാന്‍ സാധ്യമല്ല.
നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, ഉപ്പിന്‍റെ നിറമോ, ആകൃതിയോ അല്ല പദാര്‍ത്ഥങ്ങളെ കേടുകൂടാതെ സംരക്ഷിക്കുന്നത്.
നിറവും ആകൃതിയും അതിന്റെ ബാഹ്യ രൂപം മാത്രമാണ്. ബാഹ്യരൂപങ്ങള്‍ക്ക് അതിന്‍റെ ഗുണം നിവര്‍ത്തിക്കുവാന്‍ കഴിയുക ഇല്ല.
കാരം നഷ്ടപ്പെട്ടാല്‍, ഗുണം നഷ്ട്ടപ്പെട്ടതായി തീരും; അതിനെ തെരുവില്‍ വിതറികളയും.
മനുഷ്യരും മൃഗങ്ങളും അതിനെ ചവിട്ടി മെതിച്ചുകളയും.

നമുക്ക് ഒരു സ്വയം ശേധന നടത്തി നോക്കാം. നമുക്ക് നമ്മളുടെ സമൂഹത്തെ കേടുകൂടാതെ സംരക്ഷിക്കുവാന്‍ കഴിയുന്നുണ്ടോ?
നമ്മളുടെ സാന്നിദ്ധ്യം സമൂഹത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ?
വളരെ പഴയതും മൂല്യമുള്ളതുമായ പാരമ്പര്യങ്ങള്‍ ഉണ്ടായിരുന്ന രാജ്യമായിരുന്നു നമ്മളുടെത്.
എന്നാല്‍ ഇന്ന് നമുക്ക് അങ്ങനെ അവകാശപ്പെടുവാന്‍ കഴിയുന്നില്ല.
നമ്മള്‍ വിലയേറിയ മൂല്യങ്ങള്‍ ആയി കരുതിയിരുന്ന പലതും നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു.
നമ്മളുടെ സമൂഹം ദുഷ്ടതയിലേക്കും അധാര്‍മ്മികതയിലേക്കും വളരെ ദൂരം പോയിക്കഴിഞ്ഞു.
ഇന്നു, ഇതോര്‍ത്തിരുന്നു നമ്മള്‍ വിലപിക്കുകയാണ്.

നമ്മളുടെ രാജ്യം, നമ്മളുടെ സമൂഹം, അധര്‍മ്മികതയിലേക്ക് നീങ്ങുവാതിരിക്കുവാന്‍ നമ്മള്‍ എത്രത്തോളം സഹായിക്കുന്നുണ്ട്.
നമ്മളുടെ ജീവിതത്തിന് ഈ അധര്‍മ്മികതകളെ ചെറുക്കുവാന്‍ കഴിയുന്നുണ്ടോ, അതോ, നമ്മളും അതിന്റെ ഭാഗമായി മുന്നോട്ട് നീങ്ങുക ആണോ.
വിശ്വാസ സമൂഹത്തിലേക്കു കയറികൂടുന്ന അധാര്‍മ്മികതയെയും ദുഷ്ടതയെയും ചെറുക്കുവാന്‍ നമുക്ക് കഴിയുന്നുണ്ടോ?
പിതാക്കന്മാര്‍ ജാതീയം എന്ന് വിളിച്ചു പുറംതള്ളിയിരുന്ന അനേകം ആചാരങ്ങള്‍ നാട്ടുനടത്തിപ്പ്, ആധുനികം, എന്നിങ്ങനെയുള്ള ഓമനപ്പേരില്‍ വിശ്വാസികളുടെ ഇടയില്‍ ഇന്നു വ്യാപകമാകുക അല്ലെ.
ജാതീയ ആചാരങ്ങളെ ന്യായീകരിക്കുവാനുള്ള വേദവാക്യങ്ങള്‍ കണ്ടെത്തുവാന്‍ ദൈവദാസന്മാര്‍ ബന്ധപ്പെടുക ആണ്.
പിതാക്കന്മാര്‍ ജാതീയം എന്ന് വിളിച്ചതെല്ലാം ജാതീയം തന്നെ ആണ്, കാലപ്പഴക്കത്തില്‍ ജാതീയ ആചാരങ്ങള്‍ ദൈവവചനം ആയി മാറുക ഇല്ല; ജാതീയ ആചാരങ്ങള്‍ക്ക് ഒരിക്കലും വചനം കൂട്ടുനില്‍ക്കുക ഇല്ല.

അങ്ങനെ നമ്മളും അധാര്‍മ്മികമായ ലോകവും ഇന്നു ഒരുപോലെ ആയിരിക്കുന്നു.
നമുക്ക് ഇന്ന് വെള്ള നിറവും ക്രിസ്റ്റല്‍ രൂപവും മാത്രമേ ഉള്ളൂ.
അതായത് നമ്മളുടെ കാരം നഷ്ടപ്പെട്ട് പോയി, ഇന്നു നമ്മള്‍ തെരുവില്‍ എറിയപ്പെട്ട കാരമില്ലത്ത ഉപ്പു പോലെ ആയി മാറി.
മനുഷ്യരും കാട്ടുമൃഗങ്ങളും അതിനെ ചവിട്ടി കളയുന്നു.
യേശു ആഗ്രഹിച്ചത് അതല്ല. നമ്മള്‍, വിശ്വാസികള്‍, ഭൂമിയുടെ ഉപ്പയിരിക്കേണം എന്നും മനുഷ്യ സമൂഹത്തെ കേടുകൂടാതെ സംരക്ഷിക്കേണം എന്നുമാണ് യേശു ആഗ്രഹിച്ചത്‌.
പദാര്‍ത്ഥങ്ങളെ കേടുകൂടാതെ സൂക്ഷിക്കുവാന്‍ ഉപ്പിന് കഴിവുള്ളതുപോലെ, നമ്മളുടെ സമൂഹത്തെ കേടുകൂടാതെ സംരക്ഷിക്കുവാന്‍ നമുക്ക് കഴിവുണ്ട്.

അതുകൊണ്ട്, നമുക്ക് പ്രാര്‍ഥിക്കാം. ഈ ലോകത്തിനു വേണ്ടി, നമ്മളുടെ രാജ്യത്തിന്‌ വേണ്ടി, നമ്മളുടെ സമൂഹത്തിനു വേണ്ടി, നമ്മളുടെ വിശ്വാസ സമൂഹത്തിനു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
നിയമങ്ങള്‍ അധാര്‍മ്മികതയെ പ്രബല്യത്തിലാക്കിയത്തിനു ശേഷം വിളിച്ച് കൂവി നടന്നിട്ട് കാര്യമില്ല; നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ ദൈവീക ഇടപെടലിനായി നമുക്ക് പ്രാര്‍ഥിക്കാം.
ഈ സമൂഹത്തെ സംരക്ഷിക്കുവാനും സൂക്ഷിക്കുവാനും നമുക്ക് കഴിവുണ്ട്.
നമ്മള്‍ അത് ചെയ്തില്ല എങ്കില്‍, നമ്മള്‍ തെരുവില്‍ നിലത്ത് പാഴ്‌വസ്തുവായി എറിയപ്പെടും, മനുഷ്യരും മൃഗങ്ങളും അതിനെ ചവട്ടിക്കളയും.
ലോകത്തിന്‍റെ ഉപ്പായിരിക്കുക എന്നത് യേശു നമുക്ക് നല്‍കിയിരിക്കുന്ന വലിയ പദവി ആണ്.
അതിനോത്തവണ്ണം ജീവിക്കുവാന്‍ നമുക്ക് ഈ പുതുവര്‍ഷം ഒരു തീരുമാനം എടുക്കാം.
നമ്മളുടെ ദൌത്യം ഏറ്റെടുക്കുവാനുള്ള ശക്തി നമുക്ക് തിരികെ തരേണ്ടതിനായി നമുക്ക് ദൈവത്തോട് പ്രാര്‍ഥിക്കാം.

വെളിച്ചം

നമ്മള്‍ തുടക്കത്തില്‍ വായിച്ച വേദഭാഗത്തിന്‍റെ രണ്ടാമത്തെ ഭാഗം ഒന്നുകൂടി വായിക്കട്ടെ:

മത്തായി 5: 14 – 16
14  നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
15  വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു.
16  അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

നമ്മള്‍ ആരായിരിക്കുന്നു എന്ന് യേശു ഒരിക്കല്‍ കൂടി പറയുന്നു: “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു”.
ഇവിടെയും, വെളിച്ചം ആകേണം എന്നല്ല, വെളിച്ചം ആണ് എന്നാണ് യേശു പറഞ്ഞത്.
ഉപ്പിനെക്കുറിച്ചു പറഞ്ഞതുപോലെ, ഈ വെളിച്ചത്തിന്‍റെ രണ്ടു അവസ്ഥകളെക്കുറിച്ചും യേശു പറയുന്നുണ്ട്.
ഒന്ന് പറയിൻകീഴില്‍ മറച്ചു വച്ചിരിക്കുന്ന വെളിച്ചം, മറ്റൊന്ന് തണ്ടിന്മേല്‍ ഉയര്‍ത്തി വച്ചിരിക്കുന്ന വെളിച്ചം.
നമ്മള്‍ ഉപ്പായിരിക്കുന്നത് പാപത്താല്‍ ഈ ലോകം നശിക്കാതിരിക്കുവാനാണ് എന്നതുപോലെ നമ്മള്‍ വെളിച്ചമായിരിക്കുന്നത് “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു” ആണ്.
അതായത് നമ്മളുടെ ജീവിതം യേശുക്രിസ്തു എന്ന സത്യത്തെ വെളിപ്പെടുത്തുന്നതായിരിക്കേണം.

തുറമുഖത്ത് സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ വിളക്കുമരത്തില്‍ നിന്നും പുറപ്പെട്ടുവരുന്ന വെളിച്ചം എന്ന ആശയം ആണ് “വെളിച്ചം” എന്ന വാക്കിന്‍റെ മൂല ഭാഷയായ ഗ്രീക്ക് ഭാഷയില്‍ ഉള്ളത്.
അത് വെറും പ്രകാശമല്ല, ലക്ഷ്യസ്ഥാനത്തെ കുറിക്കുന്ന പ്രകാശം ആണ്.
അതില്‍ നിന്നും മാറിപോകുന്നത്‌ അപകടത്തിലേക്ക് ആകാം. അതിനെ ലക്‌ഷ്യം വച്ച് മുന്നോട്ടു പോകുന്നത് സുരക്ഷിതമായി തുറമുഖത്ത് എത്തുവാന്‍ സഹായിക്കും.
ഈ വെളിച്ചം പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യാശ നല്‍കുന്നു.
ഫിലിപ്പ്യര്‍ 2:15 ഇങ്ങനെ പറയുന്നു: “അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.”
നമ്മള്ളുടെ നിത്യജീവിതത്തില്‍ ഇരുളില്‍ തപ്പിത്തടഞ്ഞ്, മുന്നോട്ടുപോകുവാന്‍ വഴികാണാതെ ഉഴലുന്ന അനേകരെ നമുക്ക് കാണുവാന്‍ കഴിയും.
ദൈവം നമ്മളോട് പറയുന്നു, നമ്മള്‍ അവരുടെ വെളിച്ചമാണ്.

നമ്മള്‍ വെളിച്ചമാണ് എന്ന് പറയുമ്പോള്‍, ഈ വെളിച്ചം നമ്മളുടെത് അല്ല, ക്രിസ്തുവിന്റെതാണ് എന്ന് കൂടി നമ്മള്‍ ഓര്‍ക്കേണം.
യേശു ലോകത്തിന്റെ വെളിച്ചമാണ്, ലോകത്തിന്റെ ജീവന്‍ ആണ്.
ആ വെളിച്ചത്തെ നമ്മള്‍ പ്രതിഫലിപ്പിക്കുന്നു എന്നെ ഉള്ളൂ.
ചന്ദ്രന്‍ ഇരുളില്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതുപോലെ നമ്മള്‍ നീതിസൂര്യനായ ക്രിസ്തുവിന്റെ വെളിച്ചത്തെ ഇരുളില്‍ കഴിയുന്ന ലോകത്തില്‍ പ്രതിഫലിപ്പിക്കുന്നു.

ഒരിക്കല്‍ ഇരുളായിരുന്നിടത്താണ് വെളിച്ചം പ്രകാശിക്കുന്നത്. വെളിച്ചം മറഞ്ഞിരിക്കുന്നതിനെ എല്ലാം പ്രാകാശത്തില്‍ കൊണ്ടുവരുന്നു.
നമ്മള്‍ ഒരു പക്ഷെ, സമ്പന്നര്‍ അല്ലായിരിക്കാം, നമുക്ക് ഉന്നത വിദ്യാഭ്യാസം ഇല്ലായിരിക്കാം, നമ്മള്‍ അറിയപ്പെടാത്തവരും ആയിരിക്കാം.
എങ്കിലും ക്രിസ്തുവിന്‍റെ പ്രകാശം നമ്മളുടെ മേല്‍ വീഴുമ്പോള്‍ നമുക്ക് അത് പ്രതിഫലിപ്പിക്കുവാന്‍ കഴിയും.
നമ്മളുടെ സ്നേഹിതരുടെ, അയല്‍പക്കക്കാരുടെ, ബന്ധുമിത്രാധികളുടെ അനവധി പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തെ വെളിപ്പെടുത്തികൊടുക്കുവാന്‍ നമ്മളില്‍ ഉള്ള വെളിച്ചത്തിന് കഴിയും.

ഈ വെളിച്ചം ഉയരങ്ങളില്‍ പ്രകാശിക്കേണം.
തുറമുഖത്തെ വിളക്കുമരം പോലെ ഉയരത്തില്‍ സകല മനുഷ്യര്‍ക്കും പ്രാകാശമായും, പ്രത്യാശയായും, വഴിയായും, ലക്ഷ്യമായും വര്‍ത്തിക്കേണം.
വെളിച്ചം എന്തായിരിക്കേണം എന്നും യേശു പറയുന്നുണ്ട്, അത് നമ്മളുടെ നല്ല പ്രവര്‍ത്തികള്‍ ആണ്.
അത് നമ്മളുടെ പ്രശസ്തിക്കായുള്ളതല്ല, “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ” മനുഷ്യര്‍  മഹത്വപ്പെടുത്തേണ്ടതിന്നു ആണ്.
നമ്മളെ കാണുന്നവര്‍, നമ്മളെ കേള്‍ക്കുന്നവര്‍, നമ്മളുടെ ജീവിതം കാണുന്നവര്‍ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ഇടയാകേണം.
ഇതായിരിക്കട്ടെ നമ്മളുടെ പുതുവത്സര തീരുമാനം.

ഈ വാക്യവും യേശുവിന്റെ ഗിരിപ്രഭാഷനത്തിന്റെ ഭാഗം ആണ്.
യേശു പ്രഭാഷണം നടത്തിയത് സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 2650 അടി ഉയരമുള്ള, ഗലീലയിലെ ഒരു മലമുകളില്‍ നിന്നും ആണ്.
അതായത്, യേശുവിന്റെ പ്രഭാഷങ്ങള്‍ പര്‍വ്വത മുകളില്‍ ഘോഷിക്കപ്പെട്ടു.
ഈ പശ്ചാത്തലത്തില്‍ ആണ് തന്നില്‍ വിശ്വസിക്കുന്നവരും മലമുകളില്‍ സ്ഥാപിക്കപ്പെട്ട പര്‍വ്വതം പോലെ ആയിരിക്കുന്നു എന്ന് യേശു പറയുന്നത്.

യേശുവിന്റെ ശിഷ്യന്മാര്‍ ദൈവരാജ്യം പ്രാപിച്ചുകഴിഞ്ഞവര്‍ ആണ്.
യേശു വന്നത് ദൈവരാജ്യം വന്നിരിക്കുന്നു എന്ന് വിളമ്പരം ചെയ്യുവാനാണ്.
യേശുവില്‍ ദൈവരാജ്യം ആരംഭിക്കപ്പെട്ടു കഴിഞ്ഞു.
ഇന്ന് നമ്മള്‍ ജീവിക്കുന്നത് യേശു വിളമ്പരം ചെയ്ത ദൈവരാജ്യത്തില്‍ ആണ്.
ഇവിടെ നമുക്ക് ഒരു ഉത്തരവാദിത്തം ഉണ്ട്, നമ്മളുടെ ജീവിതംകൊണ്ടു ഈ ലോകത്തെ സ്വാധീനിക്കുവാന്‍ നമുക്ക് കഴിയേണം.
നമ്മളുടെ ജീവിതത്തിനു ലോകത്തെ സ്വാധീനിക്കുവാന്‍ കഴിവുണ്ട്, കാരണം അത് എപ്പോഴും മലമേല്‍ ഇരിക്കുന്ന പട്ടണം ആണ്.
ലോകം, എന്താണ് ദൈവരാജ്യം എന്ന് മനസ്സിലാക്കുന്നത് നമ്മളെ നോക്കി ആണ്.
ലോകം തകര്‍ച്ചയിലേക്ക് കൂപ്പ്കുത്തുന്ന ഈ കാലത്ത്, അവരുടെ തകര്‍ച്ചക്ക് ഒരു കാരണം പോലും കണ്ടെത്തുവാന്‍ അവര്‍ക്ക് കഴിയാതിരിക്കുമ്പോള്‍, പരിഹാരം കാണുവാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ ലോകത്ത് വര്‍ദ്ധിച്ച് വരുമ്പോള്‍, അവര്‍ സമാധാനത്തിനായും, പരിഹാരത്തിനായും നോക്കുന്നത് മലമേല്‍ ഇരിക്കുന്ന പട്ടണത്തിലേക്കാണ്.
ഇതാണ് വിശ്വാസികളുടെ, അവരായിരിക്കുന്ന സമൂഹത്തിലെ പ്രാധാന്യവും പങ്കും.
നമ്മള്‍ക്ക് നമ്മളുടെ ജീവിതം കൊണ്ട് ദൈവരാജ്യത്തെ വെളിപ്പെടുത്തുവാന്‍ കഴിയേണം.
ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ നമ്മളുടെ ജീവിതത്തെ എങ്ങനെ എല്ലാം മാറ്റിമറിച്ചു എന്ന് കാണിച്ചുകൊടുക്കുവാന്‍ നമുക്ക് കഴിയേണം.

അന്ന്, യഹൂദയിലെ പല പട്ടണങ്ങളും മലമുകളില്‍ സ്ഥാപിക്കപ്പെട്ടത് ആയിരുന്നു.
അതുകൊണ്ട്, ദൂരെ ദേശത്ത്‌ നിന്നും യാത്രചെയ്ത് വരുന്ന യാത്രക്കാര്‍ക്ക് പട്ടണങ്ങളെ കണ്ടുപിടിക്കുക എളുപ്പമായിരുന്നു.
ഇതു ക്രൈസ്തവ സഭ എത്രമാത്രം മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടുന്നു എന്ന് കാണിക്കുന്നു.
മറ്റുള്ളവര്‍ സഭയെ ശ്രദ്ധിക്കേണം എന്നും കര്‍ത്താവ് ആഗ്രഹിച്ചിരുന്നു.
ഇന്നും സമൂഹത്തില്‍ എന്ത് പ്രശ്നം ഉണ്ടായാലും ക്രൈസ്തവ സഭയുടെ നിലപാട് എന്താണ് എന്ന് അറിയുവാന്‍ ലോകം താല്പര്യം കാണിക്കാറുണ്ട്.
സഭയ്ക്ക്, ഓരോ വിഷയത്തിലും, ദൈവരാജ്യം എന്ത് പറയുന്നു എന്ന് ലോകത്തോട്‌ വിളിച്ചു പറയുവാന്‍ ഉത്തരവാദിത്തം ഉണ്ട്.
ഇതിനായിട്ടാണ് കര്‍ത്താവ് നമ്മളെ ഇവിടെ ആക്കിയിരിക്കുന്നത്.

ഉപസംഹാരം

നമ്മള്‍ ഉപ്പായിരിക്കുക എന്നതും വെളിച്ചമായിരിക്കുക എന്നതും നമുക്ക് തിരഞ്ഞെടുക്കുവാനുള്ള രണ്ട് കാര്യങ്ങള്‍ അല്ല.
നമ്മള്‍ ഉപ്പും വെളിച്ചവും ആയിരിക്കുന്നു; അല്ലെങ്കില്‍ നമ്മള്‍ വഴിയില്‍ വിതറിക്കളഞ്ഞ കാരമില്ലാത്ത വെളുത്ത ക്രിസ്റ്റലുകളും, വെളിച്ചം പകരാത്ത വിളക്കും ആയിരിക്കുന്നു.
ഇതില്‍ എവിടെ ആണ് നമ്മളുടെ സ്ഥാനം എന്ന് പരിശേധിക്കുവാന്‍ ഈ പുതുവല്‍സരത്തിന്റെ ആരംഭ ദിവസങ്ങളില്‍ നമുക്ക് ശ്രമിക്കാം.

പുതിയ വര്‍ഷത്തിന്റെ ആരംഭം പുതിയ തീരുമാനങ്ങള്‍ എടുക്കുവാന്‍ യോജിച്ച സമയം ആണ്.
എന്നാല്‍ അത് ഒരു ചടങ്ങുപോലെ ആവര്‍ത്തിക്കപ്പെടുന്നതായിരിക്കരുത്.
തീരുമാനങ്ങള്‍ പാലിക്കുവാന്‍ ഉള്ളതാണ്.
നമുക്ക് തീരുമാനിക്കാം: ഞാന്‍ ഈ ലോകത്തിന്റെ ഉപ്പായിരിക്കും, ലോകത്തിന് വെളിച്ചമായിരിക്കും.
അവര്‍ എന്നില്‍ നിന്നും അത് പ്രതീക്ഷിക്കുന്നു, അത് ഞാന്‍ അവര്‍ക്ക് കൊടുക്കും.
ഈ വര്‍ഷം അവസാനിക്കുമ്പോള്‍, അത് ആരംഭത്തെക്കാള്‍ നല്ലതായിരിക്കും.



ഞാന്‍ ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.
ഈ ലോകത്തില്‍ ഉപ്പായും വെളിച്ചവുമായിരിക്കുവാന്‍ ഈ പുതിയ വര്‍ഷം നമുക്ക് കഴിയട്ടെ.
ഈ സന്ദേശം കണ്ടതിനും കേട്ടതിനും വളരെ നന്ദി.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

watch the video of this message @ https://www.youtube.com/watch?v=KyIJDDbozUg
_______________________


No comments:

Post a Comment