ബർത്തിമായിയുടെ ഏറ്റുപറച്ചില്‍


യേശു ചെയ്ത അത്ഭുത പ്രവര്‍ത്തികളുടെ ഒരു വര്‍ണ്ണന നമുക്ക് മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ വായിയ്ക്കാം. അതില്‍ വളരെ സവിശേഷത ഉള്ള ഒരു അത്ഭുതമായിരുന്നു ബർത്തിമായി എന്ന കുരുടന്റെ സൌഖ്യം.
ഈ സംഭവം നമ്മള്‍ മര്‍ക്കോസ് 10 ആം അദ്ധ്യായത്തില്‍ വായിക്കുന്നു.

യേശുവും ശിഷ്യന്മാരും അവരോടൊപ്പം ഉണ്ടായിരുന്ന ജനകൂട്ടത്തോടൊപ്പം യെരീഹോവിൽ നിന്നു യെരൂശലേമിലേക്ക് യാത്ര പുറപ്പെടുക ആണ്.  അവര്‍ പോകുന്ന വഴിയുടെ ഒരു വശത്ത് ഒരു കുരുടനായ മനുഷ്യന്‍ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നു. അവന്റെ പേര് ബർത്തിമായി എന്നായിരുന്നു.
യേശു ആ വഴി, അവന്റെ സമീപത്തുകൂടെ പോകുന്നു എന്നു അവന്‍ മനസ്സിലാക്കിയപ്പോള്‍, സൌഖ്യത്തിനായി അവന്‍ നിലവിളിച്ചു. യേശു അവന്റെ നിലവിളി കേട്ട് അവനെ സൌഖ്യമാക്കി. അവന്‍ കാഴ്ചാപ്രാപിച്ചു. ഇതാണ് അന്ന് നടന്ന സംഭവം.

നമ്മള്‍ ഈ ഹൃസ്വ സന്ദേശത്തില്‍ ഈ സംഭവത്തിന്റെ എല്ലാ വിവരണങ്ങളും ചിന്തിക്കുന്നില്ല. എന്നാല്‍ അവന്റെ  നിലവിളിയില്‍, അവന്‍ വിളിച്ച് പറഞ്ഞ വാക്കുകളില്‍ ഒരു വലിയ ആത്മീയ മര്‍മ്മം അടങ്ങിയിട്ടുണ്ട്. അതാണ് നമ്മള്‍ ഇവിടെ പഠിക്കുവാന്‍ ആഗ്രഹിക്കുന്നത്.
അവന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു:

മര്‍ക്കോസ് 10:47 നസറായനായ യേശു എന്നു കേട്ടിട്ടു അവൻ ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുതുടങ്ങി.

ഇവിടെ അവന്‍ പറയുന്ന “ദാവീദുപുത്രാ” എന്ന പദമാണ് നമ്മളുടെ ചിന്തയുടെ കേന്ദ്രം.
പുതിയ നിയമത്തില്‍ 17 പ്രാവശ്യം യേശുവിനെ ദാവീദ് പുത്രന്‍ എന്നു വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ ദാവീദ് രാജാവു, യേശുവിനും ഏകദേശം 1000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീവിച്ചിരുന്നത്. അതിനാല്‍ അക്ഷരാര്‍ഥത്തില്‍ യേശു ദാവീദിന്റെ പുത്രന്‍ ആകുക സാധ്യമല്ല. എന്നാല്‍ ഒരു വ്യക്തിയുടെ വംശാവലിയില്‍ പെട്ട ഒരാളിനെ, അദ്ദേഹത്തിന്റെ പുത്രന്‍ എന്നു വിളിക്കുന്ന രീതി യഹൂദന്‍മാര്‍ക്ക് ഉണ്ടായിരുന്നു. അത് അവരുടെ വംശാവലി കണക്കുന്ന രീതിയും, ഭാഷാ ശൈലിയും ആയിരുന്നു.
വംശാവലി കൃത്യമായി കണക്കാക്കുന്നതില്‍ യഹൂദന്മാര്‍ വളരെ ശ്രദ്ധാലുക്കള്‍ ആയിരുന്നു. യാക്കോബിന്റെ പന്ത്രണ്ടു ഗോത്രങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ എല്ലാ യഹൂദനും അംഗമായിരുന്നു.

പ്രാഥമികമായി, ബർത്തിമായി, ദാവീദുപുത്രാ എന്നു വിളിച്ചത്തിന്റെ അര്‍ത്ഥം ഒരു വംശാവലിയെ കാണിക്കുന്നു. യേശു, തന്റെ വളര്‍ത്ത് പിതാവായ യോസേഫിലൂടെ ദാവീദിന്‍റെ വംശാവലിയില്‍ ആണ് ജനിച്ചത്. 
എന്നാല്‍ കുരുടനായ ഒരു മനുഷ്യനു കാഴ്ച ലഭിച്ച സന്ദര്‍ഭത്തില്‍ ഈ വാക്കിന് ഒരു ആത്മീയ അര്‍ത്ഥം കൂടി ഉണ്ട്. ബർത്തിമായിയുടെ വിളിയില്‍ ഒരു ആത്മീയ മര്‍മ്മം അടങ്ങിയിട്ടുണ്ട്.
യഹൂദന്മാര്‍ കാത്തിരുന്ന മശിഹയുടെ ലക്ഷണങ്ങളില്‍ ചിലതായിരുന്നു, കുഷ്ഠരോഗിയുടെയും കുരുടന്‍മാരുടെ സൌഖ്യം.

“ദാവീദുപുത്രന്‍” എന്ന പദം യഹൂദന്മാരുടെ പ്രതീക്ഷയായ മശിഹയെ ആണ് സൂചിപ്പിച്ചിരുന്നത്. അതായത്, ജനങ്ങള്‍ യേശുവിനെ ദാവീദുപുത്രന്‍ എന്നു വിളിച്ചപ്പോള്‍, യേശുവിനെ മശിഹ ആയി അംഗീകരിക്കുക ആയിരുന്നു. മശിഹായെക്കുറിച്ചുള്ള പ്രവചന, വാഗ്ദത്ത നിവര്‍ത്തി ആണ് യേശു.
ഇത് മനസ്സിലാക്കുവാനായി നമുക്ക് ഒരു പഴയ നിയമ വേദഭാഗം വായിക്കാം.

ദൈവം ദാവീദ് രാജാവിനോട് അരുളിച്ചെയ്ത വാഗ്ദത്തം ഇങ്ങനെ ആയിരുന്നു:

2 ശമുവേല്‍ 7:16  നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.

ദൈവം ദാവീദിന് നല്‍കുന്ന വാഗ്ദത്തം അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും എന്നതാണ്.
ഇത് ദൈവവും ദാവീദും തമ്മില്‍ ചെയ്ത നിബന്ധനകള്‍ ഇല്ലാത്ത ഉടമ്പടി ആണ്. ദാവീദ് ഇനി എന്തെല്ലാം ചെയ്താലും ചെയ്തില്ലാ എങ്കിലും ഈ ഉടമ്പടിക്കു മാറ്റം ഉണ്ടാകുക ഇല്ല.
എന്നാല്‍ ദാവീദിന്റെ ഭൌതീക രാജത്വം അദ്ദേഹത്തിന്റെ മകനായ ശലോമോന്‍റെ കാലത്തിന് ശേഷം ഇല്ലാതെ ആയി. രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. പിന്നീട് അത് ഒരിയ്ക്കലും ഒന്നായി ചേര്‍ന്നില്ല.
അതിന്റെ അര്‍ത്ഥം, ദൈവത്തിന്റെ വാഗ്ദത്തം തെറ്റിപ്പോയി എന്നല്ല. ദൈവീക വാഗ്ദത്തം ഭൌതീക രാജ്യത്തെക്കുറിച്ച് അല്ലായിരുന്നു എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.
ദാവീദിന്റെ വംശാവലിയില്‍ ജനിക്കുന്ന ഒരുവന്‍ സ്ഥാപിക്കുന്ന നിത്യമായ രാജ്യത്തെക്കുറിച്ചാണ് ദൈവം വാഗ്ദത്തം ചെയ്യുന്നത്.
എന്നാല്‍ യഹൂദന്മാര്‍ ഇതിനെ ഭാവിയില്‍ സ്ഥാപിക്കപ്പെടുന്ന ഭൌതീക രാജ്യമായി കണ്ടു.
ഈ രാജ്യവും രാജത്വവും ആയിരുന്നു യഹൂദന്മാരുടെ പ്രതീക്ഷ. ഈ രാജാവിനെ അവര്‍ മശിഹ എന്നു വിളിച്ചു. അങ്ങനെ ദാവീദിന്റെ പുത്രന്‍ എന്ന പദം മശിഹയേ വിളിക്കുന്ന പദമായി മാറി.
എന്നാല്‍, മശിഹ ദാവീദിന്റെ വംശാവലിയില്‍ പെട്ട ജഡപ്രകാരം ജനിക്കുന്ന ഒരുവന്‍ അല്ലായിരുന്നു. ജഡപ്രകാരം ജനിക്കുന്ന ഒരുവന് നിത്യമായ രാജ്യം സ്ഥാപിക്കുവാന്‍ സാധ്യമല്ലല്ലോ.
ഈ സത്യം യേശുവിന്റെ കാലത്തെ യഹൂദന്‍മാര്‍ക്ക് ഗ്രഹിക്കുവാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടാണ് അവര്‍ യേശുക്രിസ്തുവിനെ ക്രൂശിച്ചത്.
അതായത്, സത്യത്തില്‍ ദൈവം ഗദത്തം ചെയ്തത് ഇതാണ്, ദാവീദിന്റെ വംശാവലിയില്‍, യഹൂദ ഗോത്രത്തില്‍, ദൈവ ഇഷ്ടത്താല്‍ ജനിക്കുന്ന യേശുക്രിസ്തു നിത്യമായ ദൈവരാജ്യം സ്ഥാപിക്കും.

ഈ ആത്മീയ മര്‍മ്മം ആണ് കുരുടനായിരുന്ന ബർത്തിമായി വിളിച്ചുപറഞ്ഞത്.
അവന്‍ യേശുവിലുള്ള അവന്റെ വിശ്വാസമാണ് ഏറ്റുപറഞ്ഞത്. യേശു ദാവീദിന്റെ വംശാവലിയില്‍ പിറന്ന മശിഹാ ആണ് എന്നു അവന്‍ വിശ്വസിച്ചു. യേശു ദൈവ രാജ്യം നിത്യമായി സ്ഥാപിക്കും.
ഇതായിരുന്നു രക്ഷയ്ക്കായുള്ള ബർത്തിമായിയുടെ ഏറ്റുപറച്ചില്‍. ഇതായിരുന്നു രക്ഷയ്ക്കായുള്ള അവന്റെ പ്രാര്‍ത്ഥന.
ഈ ആത്മീയ മര്‍മ്മം വെളിപ്പെട്ടു കിട്ടിയ, അത് പരസ്യമായി ഏറ്റു പറഞ്ഞ ഒരുവനെ, ദൈവരാജ്യത്തില്‍ ചേര്‍ക്കാതിരിക്കുവാന്‍ സാധ്യമല്ല.
അതിനാല്‍ തന്നെ യേശു അവനെ ഉടന്‍ സൌഖ്യമാക്കി.

ഈ ഹൃസ്വ സന്ദേശം നിങ്ങള്ക്ക് അനുഗ്രഹം ആയിരുന്നു എന്നു വിശ്വസിച്ചുകൊണ്ടു നിറുത്തട്ടെ.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ! ആമേന്‍!

No comments:

Post a Comment