രണ്ട് യുദ്ധങ്ങള്‍ക്കും മദ്ധ്യേ


മാനവ ചരിത്രത്തില്‍ നമ്മളുടെ തലമുറ എവിടെ നില്‍ക്കുന്നു?

നമ്മള്‍ എങ്ങോട്ടാണ് നീങ്ങുന്നത്‌? മനുഷ്യന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട് ആത്മമണ്ഡലത്തില്‍ നടക്കുന്ന സംഭവങ്ങള്‍ എന്തെല്ലാം ആണ്?
ഈ ചോദ്യങ്ങള്‍ക്ക് ഒരു വാചകത്തില്‍ ഉത്തരം പറഞ്ഞാല്‍ അത് ഇതായിരിക്കും.
ഇന്നത്തെ നമ്മളുടെ തലമുറയുടെ സ്ഥാനം രണ്ടു യുദ്ധങ്ങള്‍ക്കും മദ്ധ്യേ ആണ്.
ഇതാണ് ഇന്നത്തെ നമ്മളുടെ ചിന്താവിഷയം.

മാനവ ചരിത്രത്തിലെ എല്ലാ സംഭവങ്ങളും രണ്ടു തലങ്ങളില്‍ സംഭവിക്കുന്നു.
ഒന്ന് ആത്മമണ്ഡലത്തിലും മറ്റൊന്ന് ഭൌതീക മണ്ഡലത്തിലും.
ആത്മമണ്ഡലത്തില്‍ സംഭവിക്കുന്നത്‌ ചില മനുഷ്യര്‍ക്ക്‌ മാത്രമേ കാണുവാനും മനസ്സിലാക്കുവാനും കഴിയുക ഉള്ളൂ; എന്നാല്‍ ഭൌതീക മണ്ഡലത്തില്‍ സംഭവിക്കുന്നതെല്ലാം എല്ലാ മനുഷ്യര്‍ക്കും കാണുവാനും അനുഭവിക്കുവാനും കഴിയും.
അതുകൊണ്ട് ഭൌതീക മണ്ഡലമാണ് ശരിയെന്ന് സാധാരണ മനുഷ്യര്‍ വിശ്വസിക്കുന്നു.
പക്ഷെ ഭൌതീക മണ്ഡലം നശ്വരവും അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് വിധേയവും ആണ്.
ആത്മ മണ്ഡലം അനശ്വരവും സ്ഥിരവും മാറ്റങ്ങള്‍ക്ക് വിധേയം അല്ലാത്തതും ആകുന്നു.
ആത്മ മണ്ഡലത്തില്‍ ഭൂതകാലവും ഭാവികാലവും ഇല്ലാത്തതിനാല്‍ അവിടെ ഒന്നും മറഞ്ഞിരിക്കുന്നില്ല. ഒന്നും അപ്രതീക്ഷിതമായി സംഭവിക്കുന്നില്ല.
അതിനാല്‍ ആത്മ മണ്ഡലത്തില്‍ എന്ത് സംഭവിക്കുന്നു എന്നതാണ് കൂടുതല്‍ ശരി.

മനുഷ്യന്‍റെ ചരിത്രം ഈ രണ്ട് മണ്ഡലങ്ങളില്‍ രേഖപ്പെടുത്തുപ്പെടുന്നു.
ഒന്ന്, മനുഷ്യര്‍ മനുഷ്യരുടെ ചരിത്രം ഈ ലോകത്തില്‍ രേഖപ്പെടുത്തുന്നു; ഇതു നമ്മള്‍ ചരിത്ര പുസ്തകങ്ങളില്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്നു.
മനുഷ്യന് ക്രമീകരിക്കപ്പെട്ട രണ്ടാമതൊരു ചരിത്രം കൂടി ഉണ്ട്; അത് ആത്മ മണ്ഡലത്തില്‍, സ്വര്‍ഗ്ഗത്തില്‍ ദൈവത്താല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഈ രണ്ടു സ്ഥലങ്ങളിലെയും ചരിത്ര രേഖയുടെ രേഖപ്പെടുത്തലുകള്‍ക്ക് വ്യത്യാസം ഉണ്ട്.
അത്, ഒന്ന് ഈ ഭൂമിയിലും മറ്റൊന്ന് സ്വര്‍ഗ്ഗത്തിലും ആണ് രേഖപ്പെടുത്തുന്നത് എന്ന് മാത്രമല്ല.

ഈ ഭൂമിയിലെ ചരിത്രമെഴുത്തു മനുഷ്യര്‍ ചെയ്യുന്നതാണ്.
അത് മനുഷ്യന്‍റെ ഭൂതകാല ചരിത്രം മാത്രം ആണ്. മനുഷ്യര്‍ക്ക്‌ എന്തെല്ലാം ഇതിനോടകം എന്തെല്ലാം സംഭവിച്ചു കഴിഞ്ഞു എന്നതിന്‍റെ രേഖയാണ്.
മാനവ ചരിത്രത്തിന്‍റെ, മാനുഷികമായ വീക്ഷണത്തിലുള്ള വ്യാഖ്യാനം കൂടി ആണത്.
മനുഷ്യന്‍റെ ഭൂതകാലത്തെ മനുഷ്യന്‍ തന്നെ അവലോകനം ചെയ്യുക ആണ്.
തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുവാനും ശരികള്‍ പിന്തുടരുവാനും ഇതു സഹായകരമാകേണ്ടാതാണ് എങ്കിലും, പ്രായോഗിക ജീവിതത്തില്‍ മനുഷ്യര്‍ ചരിത്രത്തില്‍ നിന്നും യാതൊന്നും പഠിക്കുന്നില്ല എന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട്.
അതുകൊണ്ട് മനുഷ്യര്‍ ഒരേ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ശരികള്‍ അവഗണിക്കപ്പെടുന്നു.

മനുഷ്യന്‍റെ ചരിത്രത്തില്‍ സംഭവിച്ചു കഴിഞ്ഞതെല്ലാം രേഖപ്പെടുത്താമെങ്കിലും, ഭാവിയില്‍ സംഭവിക്കാനിരിക്കുന്നതു കൃത്യമായി, മുന്‍കൂട്ടി, അത് ചരിത്ര രേഖ ആയി എഴുതിവെക്കുവാന്‍ മനുഷ്യന് കഴിയുക ഇല്ല.
ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളെ ചരിത്രം ആയി ആരും കണക്കാക്കാറില്ല; കാരണം മനുഷ്യരുടെ പ്രവചനങ്ങള്‍ സംഭവിക്കാനും സംഭാവിക്കാതിരിക്കുവാനും സാദ്ധ്യത ഉണ്ട്.
അതുകൊണ്ട് മനുഷ്യര്‍ രേഖപ്പെടുത്ത ചരിത്രം എപ്പോഴും ഭൂതകാല സംഭവങ്ങളുടെ വിവരണം ആണ്.
എന്നാല്‍ ഈ വിവരണങ്ങള്‍ പോലും കൃത്യത ഉള്ളതല്ല എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം.
ചരിത്രം എന്ന് പറഞ്ഞുകൊണ്ട് ഒരേ സംഭവങ്ങളെ പലരീതികളില്‍ ആണ് ഓരോ രാജ്യങ്ങളിലും സ്ഥലത്തും ജനസമൂഹകങ്ങളിലും രേഖപ്പെടുത്തുന്നത്.
ഉദാഹരണത്തിന്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം, ഇന്ത്യയും പാകിസ്ഥാനും ഒരു രാജ്യമായിരുന്ന കാലത്ത് നടത്തിയ ഒരുമിച്ചുള്ള മുന്നേറ്റം ആയിരുന്നു എങ്കിലും ഇപ്പോള്‍ അതിന്‍റെ ചരിത്രം ഇന്ത്യയിലും പാകിസ്ഥാനിലും ഒന്നല്ല.
ലോകമഹായുദ്ധങ്ങളുടെ ചരിത്രവും പലയിടങ്ങളിലും കൃത്യത ഇല്ലാത്തതാണ്.

അതുകൊണ്ടാണ് ചരിത്രത്തെ വിജയിക്കുന്നവരുടെ ചരിത്രം എന്ന് നമ്മള്‍ വിളിക്കുന്നത്‌.
ചരിത്രം എപ്പോഴും വിജയിക്കുന്നവര്‍ അവരുടെ താല്‍പര്യപ്രകാരം അവരുടെ കാഴ്ചപ്പാടില്‍ രചിക്കുന്നതാണ്.

എന്ന് പറഞ്ഞാല്‍ മനുഷ്യന്‍ രചിക്കുന്ന ചരിത്രം ഭൂതകാലത്തെക്കുറിച്ചുള്ള, അതിന്‍റെ രചയിതാക്കളുടെ കാഴ്ചപ്പാടിനാല്‍ സ്വാധീനമായ രേഖ ആണ്.
മനുഷ്യന്‍റെ ഭാവിയെക്കുറിച്ച് യാതൊന്നും മനുഷ്യര്‍ രചിക്കുന്ന ചരിത്രത്തില്‍ ഉണ്ടായിരിക്കുക ഇല്ല.

എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെടുന്ന ചരിത്രം ദൈവം എഴുതുന്ന മാനവരാശിയെക്കുറിച്ചുള്ള ചരിത്രം ആണ്.
ഈ ചരിത്രത്തില്‍ ഭൂതം, വര്‍ത്തമാനം, ഭാവി എന്ന വ്യത്യാസം ഇല്ല.
അതായത് മനുഷ്യന്‍റെ ഭൂതകാലത്തെ സംഭവങ്ങളെയും, വര്‍ത്തമാനകാല സംഭവങ്ങളെയും ഇനി സംഭവിക്കാനിരിക്കുന്ന ഭാവികാല സംഭവങ്ങളെയും കൃത്യമായി സ്വര്‍ഗ്ഗത്തില്‍ ദൈവത്താല്‍ മുന്നമേ രേഖപ്പെടുത്തിവച്ചിരിക്കുന്നു.
ദൈവം രചിച്ച മാനവ ചരിത്രം ഓരോ സംഭവങ്ങള്‍ക്കും ശേഷം രചിക്കപ്പെടുന്നതല്ല.
മനുഷ്യന്‍റെ സൃഷ്ടിക്കു മുമ്പ് തന്നെ മാനവരാശിയുടെ ചരിത്രം മുഴുവന്‍ ദൈവം രേഖപ്പെടുത്തിവചിരിക്കുന്നു.
പിന്നീട് സകലവും ദൈവം രചിച്ച ചരിത്രം അനുസരിച്ചാണ് സംഭവിച്ചിരിക്കുന്നത്.
ദൈവത്തിന്‍റെ കൈകളിലെ യന്ത്രങ്ങള്‍ ആണ് മനുഷ്യര്‍ എന്നല്ല അതിന്റെ അര്‍ത്ഥം.
മനുഷ്യര്‍ക്ക്‌ നന്മ തിന്മകളെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം നല്‍കിയിട്ടുണ്ട്.
അതായത്, ആത്മ മണ്ഡലത്തില്‍ എഴുതപ്പെട്ടിരിക്കുന്ന മാനവ ചരിത്രം ദൈവത്തിന്റെ മുന്നറിവിന്‍റെ രേഖ ആണ്.

യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല

ഈ ആമുഖത്തോടെ നമുക്ക് നമ്മളുടെ ഇന്നത്തെ ചിന്താവിഷയത്തിലേക്ക് കടക്കാം.
യുദ്ധങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. യുദ്ധം ഒരു തുടര്‍ക്കഥ പോലെ ആണ്.
ഒരു യുദ്ധം മറ്റൊരു യുദ്ധത്തിന് വഴി ഒരുക്കുന്നു; അത് മറ്റൊന്നിലേക്ക് നയിക്കുന്നു.
കാരണം യുദ്ധങ്ങള്‍ അവസാനിക്കണമെങ്കില്‍ ശത്രു പൂര്‍ണ്ണമായും ഇല്ലതാകേണം.
മാനവരാശിയുടെ ശത്രു പൂര്‍ണ്ണമായും ഇല്ലാതാകാതെ യുദ്ധങ്ങള്‍ അവസാനിക്കുക ഇല്ല.
മനുഷ്യര്‍ മനുഷ്യരുടെ ശത്രുക്കള്‍ ആയി തുടരുന്നിടത്തോളം യുദ്ധം തുടര്‍ന്നുകൊണ്ടേയിരിക്കും.
ശത്രു ഇനി ഒരിക്കലും തിരികെ വരാതെവണ്ണം നശിപ്പിക്കപ്പെടുമ്പോള്‍ യുദ്ധവും അവസാനിക്കും.

ഇതു എല്ലാക്കാലത്തെയും സാര്‍വ്വലൌകീകമായ ഒരു സത്യം ആണ്.
മാനവ ചരിത്രത്തിന്‍റെ ആരംഭം മുതല്‍ ഇന്നേവരെ ഈ പ്രമാണത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല.
പുരാതനകാലത്തെ മനുഷ്യര്‍ക്കും ഈ സത്യം അറിയാമായിരുന്നു. അതുകൊണ്ട് അവരുടെ യുദ്ധ തന്ത്രങ്ങള്‍ ശത്രുവിന്‍റെ സമ്പൂര്‍ണ്ണ നാശത്തെ ലക്ഷ്യം വയ്ക്കുന്നത് ആയിരുന്നു.
ശത്രുവിന്‍റെ സമ്പൂര്‍ണ്ണ നാശം മാത്രമാണ് യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുവാനുള്ള ഏക മാര്‍ഗ്ഗം.
അതുകൊണ്ട് പുരാതന കാലത്തെ യുദ്ധങ്ങളില്‍, പ്രത്യേകിച്ച് മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ യുദ്ധങ്ങളില്‍, ശത്രുക്കളെ തോല്‍പ്പിക്കുക എന്നത് മാത്രമല്ലായിരുന്നു ലക്ഷ്യം, ശത്രുവിന്‍റെ സമ്പൂര്‍ണ്ണ നാശവും ലക്ഷ്യം വച്ചിരുന്നു.
ഈ ലക്ഷ്യത്തിനായി അവര്‍ വിവിധ യുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു.
അതില്‍ ചിലത് നിങ്ങളുടെ അറിവിലേക്കായി ഞാന്‍ ഇവിടെ പറയുവാന്‍ ആഗ്രഹിക്കുന്നു.

ഒരു രാജ്യത്തെ ആക്രമിച്ചു പരാജയപ്പെടുത്തി കഴിഞ്ഞാല്‍, വിജയിച്ച രാജ്യത്തെ സൈന്യം പരാജയപ്പെട്ട രാജ്യത്തിലെ രാജാവിനെയും അവരുടെ സൈന്യത്തിലെ എല്ലാ അംഗങ്ങളെയും കൊല്ലും.
ഭരണ സംവിധാനത്തെയും സൈന്യത്തെയും തകര്‍ക്കുക എന്നതാണ് ലക്ഷ്യം.
ആ രാജ്യം ഇനി ഒരിക്കലും മടങ്ങിവരാതെ ഇരിക്കുവാന്‍ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്.
രാജാവില്ലാതെ ആരും രാജ്യത്തെ നയിക്കുക ഇല്ല; സൈന്യം ഇല്ലായെങ്കില്‍ ആരും ആ രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുക ഇല്ല.
ഇനി ആ രാജ്യം ഒരു ആക്രമണം നടത്തുകയോ, മടങ്ങി വരുകയോ ചെയ്യുക ഇല്ല.
പരാജയപ്പെട്ട രാജ്യത്തിന്‍റെ രാഷ്ട്രീയ – ഭരണ - യുദ്ധ സംവിധാനം മൊത്തമായി ഇല്ലാതാക്കുന്നു.

പരാജയപ്പെട്ട രാജ്യത്തിലെ മുഴുവന്‍ ജനത്തെയും കൊന്ന് ഒടുക്കുവാന്‍ വിജയികള്‍ ശ്രമിച്ചിരുന്നു.
തോറ്റ രാജ്യത്തിലെ കുട്ടികളെ ഉള്‍പ്പെടെ, എല്ലാ പുരുഷന്മാരെയും കൊന്നു ഒടുക്കും, സ്ത്രീകളെ ജീവനോടെ പിടിച്ചുകൊണ്ടു പോകും.
ചിലപ്പോള്‍ പുരുഷന്മാരില്‍ കഴിവും ബുദ്ധിയും ഉള്ളവരെ പിടിച്ചുകൊണ്ട് പോയി അവരെ വിജയിച്ച രാജ്യത്തിന്‍റെ അഭിവൃദ്ധിക്കായി ഉപയോഗിക്കും.
ഇങ്ങനെ ആരെയെങ്കിലും പിടിച്ചുകൊണ്ടു പോയാല്‍, അവരുടെ പേരുകള്‍ മാറ്റി വിജയിച്ച രാജ്യത്തിലെ ദേവന്മാരുടെ പേരുകള്‍ നല്‍കും, അവര്‍ അവിടെ ഉള്ള സ്ത്രീകളെ വിവാഹം കഴിച്ച്, അവരില്‍ ഒരുവനായി മാറി, ആ രാജ്യത്തെ സേവിച്ചുകൊണ്ടു, അവിടെ താമസിക്കും.

പരാജയപ്പെട്ട രാജ്യത്തിലെ വെള്ളം ലഭിക്കാനുള്ള എല്ലാ ഉറവകളും വിജയികള്‍ നശിപ്പിക്കും.
കിണറുകളിലും, അരുവികളിലും, പുഴകളിലും എല്ലാം കല്ലും മണ്ണും നിറച്ച് അതിനെ ഇല്ലാതാക്കും.
ഇനി ഈ രാജ്യത്ത് മറ്റൊരു മാനവ സംസ്കാരം ഉടലെടുക്കാതെ ഇരിക്കുവാന്‍ ആണിത്.
മനുഷ്യര്‍ ആരും ഇനി അവിടെ ജീവിക്കരുത്; മനുഷ്യ ജീവിതത്തിന് യോജിച്ച ആവാസ വ്യവസ്ഥിതിയെ തന്നെ ഇല്ലാതാക്കുക ആണ്.
ഇനി ഈ ദേശത്തുനിന്ന് ഒരു ശത്രു ഉയരരുത്.

പരാജിതരുടെ കൃഷിയെയും കന്നുകാലികളെയും, മൃഗങ്ങളെയും എല്ലാം കൊല്ലും.
കൃഷിയിടങ്ങള്‍ കൊള്ളയടിക്കുകയും വയലുകള്‍ തീവച്ച് നശിപ്പിക്കുകയും ചെയ്യും.
പുരാതനകാലത്ത് കൃഷിയും മൃഗങ്ങളും ഒരു രാജ്യത്തിന്‍റെ സമ്പത്ത് ആണ്.
അതിനെ നശിപ്പിക്കുന്നതിലൂടെ ലക്‌ഷ്യം വെക്കുന്നത് ആ രാജ്യത്തിന്‍റെ സാമ്പത്തിക തകര്‍ച്ച ആണ്. കൃഷി ഇല്ലാതെ ആഹാരം ഇല്ല, മൃഗ സമ്പത്ത് ഇല്ലാതെ സാമ്പത്തിക വരുമാനം ഇല്ല.

പരാജയപ്പെട്ട രാജ്യത്തിലെ എല്ലാ പുരോഹിതന്മാരെയും കൊല്ലും; ക്ഷേത്രങ്ങള്‍ കൊള്ളചെയ്യും; വിഗ്രഹങ്ങളെ തകര്‍ത്തുകളയും.
ഒരു രാജ്യം വിജയിക്കുമ്പോള്‍ ആ രാജ്യത്തിന്‍റെ ദേവന്‍ ആണ് വിജയിക്കുന്നത്; ഒരു രാജ്യം പരാജയപ്പെടുമ്പോള്‍ ആ രാജ്യത്തിലെ മുഖ്യ ദേവന്‍ പരാജയപ്പെടുക ആണ്.
ശക്തിമാന്‍ അശക്തനെ തകര്‍ത്തുകളയും; വിജയിച്ച ദേവന്‍ പരാജയപ്പെട്ട ദേവനെ തകര്‍ത്തുകളയും.
അതിന്‍റെ സൂചകമായി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടും; വിഗഹങ്ങള്‍ നശിപ്പിക്കപ്പെടും; ക്ഷേത്ര ഭണ്ഡാരം കൊള്ള ചെയ്യപ്പെടും.
ചിലപ്പോള്‍, പരാജിതമായ രാജ്യത്തിലെ ക്ഷേത്രങ്ങളിലെ ചില വിഗ്രഹങ്ങളും വിശേഷമായ പാത്രങ്ങളും മറ്റു സവിശേഷമായ ഉപകരണങ്ങളും വിജയിക്കുന്നവര്‍ എടുത്തുകൊണ്ടു പോയി തങ്ങളെ വിജയിക്കുവാന്‍ സഹായിച്ച, തങ്ങളുടെ രാജ്യത്തിലെ ദേവന്‍റെ ക്ഷേത്രത്തില്‍ കാഴ്ചയായി സൂക്ഷിക്കാറുണ്ട്.
ഇതു അവരുടെ ദേവന്റെ ശക്തിയേയും ജയത്തെയും ഓര്‍ക്കുവാന്‍ വേണ്ടി ആണ്.
അക്കാലത്ത് ക്ഷേത്രങ്ങള്‍ സ്വര്‍ണ്ണം വെള്ളി എന്നിങ്ങനെ ഉള്ള സമ്പത്തിന്‍റെ കേന്ദ്രം ആയിരുന്നു.
രാജാക്കന്മാര്‍ തങ്ങളുടെ സമ്പത്ത്, ഏറ്റവും സുരക്ഷിതമായ സ്ഥലം എന്ന രീതിയില്‍, ക്ഷേത്രങ്ങളില്‍ സൂക്ഷിക്കാറുണ്ടായിരുന്നു.
ദേവന്മാരെ കുറിച്ചുള്ള ഭയം കാരണം, കള്ളന്മാരും കൊള്ളക്കാരും ക്ഷേത്രങ്ങള്‍ ആക്രമിക്കുന്ന പതിവ് അക്കാലത്ത് കുറവായിരുന്നു.
അതുകൊണ്ട്, ക്ഷേത്രങ്ങള്‍ കൊള്ള ചെയ്യുന്നത് വിജയിയായ രാജ്യത്തിന്റെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

പരാജയപ്പെട്ട രാജ്യത്താകെ ഉപ്പ് വിതറുന്ന രീതിയും അന്ന് ഉണ്ടായിരുന്നു.
ആ രാജ്യം ഇനി ഒരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കരുത് എന്നാണ് വിജയികളുടെ ആഗ്രഹം.
യുദ്ധം എന്നും തുടരുവാന്‍ അവര്‍ ആഗ്രഹിച്ചില്ല; ശത്രുവിനെ എന്നന്നേക്കുമായി ഇല്ലതാക്കേണം.
ഉപ്പ് വിതറിയാല്‍ ഭൂമിയുടെ ഫലസമ്പുഷ്ടത ഇല്ലാതാകും എന്ന് അവര്‍ വിശ്വസിച്ചിരുന്നു.
ഉപയോഗ ശൂന്യമായ കാരമില്ലാത്ത ഉപ്പ്, മനുഷ്യര്‍ നടക്കുന്ന വഴിയില്‍ വിതറുന്നത് അതിനുവേണ്ടി ആയിരുന്നു.
ഉപ്പു വിതറിയാല്‍ പിന്നെ ആ ഭൂമിയില്‍ പുല്ലുപോലും കിളിക്കുക ഇല്ല.
അക്കാലത്ത് ഓരോ രാജ്യങ്ങളും ഒരു ചെറിയ പട്ടണം മാത്രം ആയിരുന്നു എന്ന വസ്തുത നമ്മള്‍ ഇവിടെ ഓര്‍ക്കേണം. അതുകൊണ്ട് ഇതെല്ലാം വേഗം ചെയ്യുവാന്‍ വിജയിച്ച രാജ്യത്തിന്‌ കഴിയുമായിരുന്നു.
ഇതിലൂടെ എല്ലാം പരാജയപ്പെട്ട രാജ്യത്തിന്‍റെ സമ്പൂര്‍ണ്ണ നാശം ഉറപ്പിക്കുക ആണ്.

ചിലപ്പോള്‍ ഒരു ജനതയെ മൊത്തമായി കൊല്ലുന്നതിന് പകരം, അവരെ പ്രാസികളായി, വിജയിച്ച രാജ്യത്തേക്ക് പിടിച്ചുകൊണ്ടു പോകും.
അവരില്‍ ബുദ്ധിമാന്മാരെ തങ്ങളുടെ രാജ്യത്തിന്‍റെ ഭരണ സംവിധാനത്തില്‍ ഉപയോഗിക്കും. മറ്റുള്ളവരെ അടിമകളായി വേലചെയ്യിക്കും.
പ്രാവസത്തില്‍ ഇരുകൂട്ടരും സമ്മിശ്രമായി ജീവിക്കും; ക്രമേണ പ്രവാസികളുടെ സംസ്കാരവും മതവും ഭാഷയും എല്ലാം ഇല്ലാതാകും.
മാത്രവുമല്ല, പരാജയപ്പെട്ട രാജ്യത്തിലേക്ക് വിജയിച്ച രാജ്യത്തിലെ ജനങ്ങളെ കുടിയേറ്റം നടത്തും.
അങ്ങനെ, പരാജയപ്പെട്ട രാജ്യത്ത് ആരെങ്കിലും ശേഷിക്കുന്നുണ്ട് എങ്കില്‍, അവരും കുടിയേറിയ വിജയിച്ച രാജ്യത്തെ ജനങ്ങളും സമ്മിശ്രമായി ജീവിക്കും.
അവിടെയും സംസ്കാരത്തിന്‍റെയും മതങ്ങളുടെയും ജീവിത ശൈലികളുടെയും അധിനിവേശം ഉണ്ടാകും.
എപ്പോഴും വിജയിച്ചവര്‍ക്ക് സകലത്തിലും മേല്‍കൈ ഉണ്ടാകുമല്ലോ.
അതിനാല്‍ ജയാളികളുടെ ഭാഷയും സംസ്കാരവും മതവും ജീവിത ശൈലിയും മേല്‍കൈ നേടും; പരാജിതരുടെ സംസ്കാരവും മതവും ഭാഷയും ക്രമേണ ഇല്ലാതാകും.  
അങ്ങനെ പരാജിതരായ സമൂഹത്തിന്‍റെ സ്വത്വം തന്നെ ക്രമേണ ഇല്ലാതാകും.
എല്ലാവരും അങ്ങനെ ഒരു ഭാഷയുള്ള, ഒരു സംസ്കാരമുള്ള, ഒരു മതമുള്ള ജനത ആയി മാറും.
പരാജയപ്പെട്ട രാജ്യത്തിന്‍റെ ഓര്‍മ്മപോലും ഇല്ലാതാകും.

ഇത്തരം സാംസ്കാരിക അധിനിവേശത്തില്‍ തങ്ങളുടെ മതവും സംസ്കാരവും ജീവിത ശൈലിയും ഭാഷയും എല്ലാം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുകയും, പ്രവാസ ജീവിതത്തിന്‍റെ അനേക വര്‍ഷങ്ങള്‍ക്ക് ശേഷം പോലും തങ്ങളുടെ ദേശത്തേക്ക് തിരികെപോയി, തങ്ങളുടെ രാജ്യത്തെ വീണ്ടും പണിയുകയും ചെയ്ത ഒരു രാജ്യവും ജനതയുമേ ചരിത്രത്തില്‍ ഉള്ളൂ – അത് യഹൂദ ജനവും യിസ്രായേല്‍ രാജ്യവും ആണ്.  

യേശു പിശാചിന്‍റെ സാമ്രാജ്യത്തെ തോല്‍പ്പിച്ചു കഴിഞ്ഞു

നമ്മള്‍ ഇത്രയും പറഞ്ഞത്, യുദ്ധം എന്നന്നേക്കുമായി അവസാനിക്കണമെങ്കില്‍ ശത്രുവിന്‍റെ സമ്പൂര്‍ണ്ണ നാശം ഉണ്ടാകേണം എന്ന് മനസ്സിലാക്കുവാന്‍ വേണ്ടി ആണ്.
ഇതേ യുദ്ധതന്ത്രം ദൈവവും ശത്രുക്കള്‍ക്ക് എതിരെ ഉപയോഗിക്കുന്നുണ്ട്.
അതിനു ഒരു നല്ല ഉദാഹരണം ആണ്, മിസ്രയീമ്യ അടിമത്തത്തില്‍ നിന്നും, യിസ്രായേല്‍ ജനത്തിന്‍റെ വിടുതലിന്റെ ചരിത്രം.
സ്വതന്ത്രര്‍ ആയി മിസ്രയീം രാജ്യം വിട്ട് പോകുന്ന യിസ്രായേല്‍ ജനത്തെ പിന്തുടര്‍ന്ന്, വീണ്ടും അവരെ അടിമത്തത്തിലേക്കു കൊണ്ട് പോകുവാനുള്ള ശേഷി മിസ്രയീം രാജ്യത്തിന്‌ ഇല്ലാതാക്കിയിട്ടാണ്, ദൈവം യിസ്രായേല്‍ ജനത്തെ അവിടെ നിന്നും പുറപ്പെടുവിച്ചത്.
പത്തു ബാധകളിലൂടെ ദൈവം മിസ്രയീം രാജ്യത്തിന്‍റെ സമ്പത്തും, മതവും, സൈന്യത്തെയും, രാജകീയ പിന്തുടര്‍ച്ചാവകാശിയെപോലും ഇല്ലാതാക്കി.
ശത്രു, ഒരു സൈന്യമായി, ദൈവജനത്തിന്‍റെ പുറകെ വരരുത് എന്ന് ദൈവം തീര്‍ച്ചപ്പെടുത്തി.

യേശുക്രിസ്തുവിന്റെ പ്രവര്‍ത്തനവും ഇങ്ങനെ തന്നെ ആയിരുന്നു.
അവന്‍റെ ഭൌതീക ശുശ്രൂഷയിലെ എല്ലാ സംഭവങ്ങളും ഈ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു.
യേശുക്രിസ്തു വന്നത് ദൈവരാജ്യം പുനസ്ഥാപിക്കുക എന്ന ഏക ലക്ഷ്യത്തിനായാണ്.
അതുകൊണ്ടാണ് യേശു, മത്തായി 4: 17 ല്‍ “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്നു പ്രസംഗിച്ചുതുടങ്ങിയത്.

ദൈവരാജ്യത്തിന്‍റെ പുനസ്ഥാപനത്തില്‍ ഒന്നിലധികം ആത്മീയ അനുഭവങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു.
മാനസാന്തരപ്പെടുക, വീണ്ടും ജനനം പ്രാപിക്കുക, സ്നാനപ്പെടുക, പരിശുദ്ധാത്മാവില്‍ നിറയുക, പാപത്തോടും ജാതീയ ആചാരങ്ങളോടും വേര്‍പെട്ട വിശുദ്ധ ജീവിതം നയിക്കുക എന്നിങ്ങനെ ഉള്ള ആത്മീയ അനുഭവങ്ങളുടെ ആത്യന്തികമായ സാക്ഷാത്കാരം ആണ് ദൈവരാജ്യത്തിന്റെ പുനസ്ഥാപനം.
ദൈവരാജ്യം ഒരു രാജ്യം ആണ് എന്നതിനാല്‍ അതിന്റെ പുനസ്ഥാപനം ക്രിസ്തു എന്ന രാജാധിരാജാവിനാല്‍ സംഭവിക്കും.
അതുകൊണ്ട് ഇന്ന് ദൈവരാജ്യത്തില്‍ ജീവിക്കുക, അല്ലെങ്കില്‍ ദൈവരാജ്യത്തിന്റെ അനുഭവങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ഒത്തവണ്ണം ജീവിക്കുക എന്ന് പറഞ്ഞാല്‍, യേശുക്രിസ്തുവിന്റെ ഉത്തമ ശിക്ഷ്യന്‍ ആയി ജീവിക്കുക എന്നതാണ്.

ഇനി നമുക്ക് യേശു ഈ ഭൂമിയില്‍ ശുശ്രൂഷ ചെയ്യവേ എന്താണ് ചെയ്തു തീര്‍ത്തത് എന്ന് ചിന്തിക്കാം.
ഞാന്‍ എന്‍റെ സന്ദേശങ്ങളില്‍ ഏറ്റവും അധികം പ്രാവശ്യം വായിക്കാറുള്ള ഒരു വാക്യം ഇവിടെയും വായിക്കട്ടെ.
ഈ വാക്യം പൗലോസ്‌ കൊലോസ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്നും ഉള്ളതാണ്.
യേശുവിന്‍റെ ക്രൂശീകരണ വേളയില്‍, ക്രൂശില്‍ തകര്‍ക്കപ്പെട്ടു മരിച്ച യേശുവിനെയാണ് ഭൌതീക ലോകത്ത് എല്ലാവരും കണ്ടത്.

എന്നാല്‍ അത് ആയിരുന്നില്ല സത്യം. ഈ ഭൂമിയില്‍ മനുഷ്യര്‍ കാണാത്ത ഒരു സത്യം ആത്മമണ്ഡലത്തില്‍ സംഭവിക്കുന്നുണ്ടായിരുന്നു.
അത് കാണുവാന്‍ വെളിപ്പാട് പ്രാപിച്ച അപ്പോസ്തലായ പൌലോസിന് കഴിഞ്ഞു.

ഇന്നും, വെളിപ്പാട് പ്രാപിക്കാത്ത ചില സുവിശേഷ പ്രസംഗകര്‍ യേശു ക്രൂശില്‍ ഒരു പരാജയമായിരുന്നു എന്ന് പ്രസംഗിക്കാറുണ്ട്.
എന്നാല്‍ പൗലോസ്‌ യേശുവിന്‍റെ ക്രൂശീകരണത്തെക്കുറിച്ചു വെളിപ്പാടില്‍ ആത്മമണ്ഡലത്തില്‍ എന്താണ് സംഭവിച്ചത് എന്ന് കണ്ടു.
ഈ ഭൂമിയില്‍ സംഭവിച്ചതും മനുഷ്യര്‍ കണ്ടതും മാറിപ്പോകുന്ന യാഥാര്‍ത്ഥ്യം മാത്രമാണ് എന്നും ആത്മമണ്ഡലത്തില്‍ സമാന്തരമായി സംഭവിക്കുന്നതാണ് എന്നേക്കും നിലനില്‍ക്കുന്ന സത്യം എന്നും അദ്ദേഹം മനസ്സിലാക്കി.
അതിനാല്‍ അദ്ദേഹം ഇങ്ങനെ എഴുതി:

കൊലോസ്യര്‍ 2: 15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.

അതായത് യേശു ക്രൂശില്‍ മരിച്ചപ്പോള്‍ ആത്മമണ്ഡലത്തില്‍ സമാന്തരമായി മറ്റൊരു സംഭവം നടക്കുക ആയിരുന്നു.
അവിടെ യേശു, പിശാചിന്‍റെ രാജ്യത്തിന്‍റെ വാഴ്ചകളെയും, പിശാചിന്‍റെ അധികാരങ്ങളെയും കീഴടക്കി, അവന്‍റെ ആയുധങ്ങള്‍ പിടിച്ചെടുത്തു, അവനെ നിരായുധന്‍ ആക്കി, പിശാചിന്‍റെ രാജ്യത്തിന്‍റെമേല്‍ ജയം പ്രഖ്യാപിച്ചു.
പിശാചിന്‍റെമേലുള്ള ജയത്തിന്റെ ആഘോഷമായി ക്രൂശില്‍ യേശു ജയോത്സവം കൊണ്ടാടി.
ഈ സത്യം മനസ്സിലാക്കാതെ പോയാല്‍, യേശുവിന്‍റെ പ്രഥമ വരവിന്‍റെ ഉദ്ദേശ്യം തന്നെ നഷ്ടപ്പെടും.

ഇതു ഒന്നാമത്തെ യുദ്ധം. ഒന്നാമത്തെ യുദ്ധത്തില്‍ യേശു ക്രിസ്തു വിജയിച്ചു, മാനവകുലത്തിന്‍റെ ശത്രുവായ പിശാചു തകര്‍ക്കപ്പെട്ടു.
യേശു പിശാചിനെ പരാജയപ്പെടുത്തി, അവന്‍റെ സാമ്രാജ്യത്തെ തകര്‍ത്തുകളഞ്ഞു.
നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് യേശു പിശചിനെതിരെ ജയിച്ച യുദ്ധത്തിന് ശേഷം ആണ്.
അഥവാ, പിശാചിന്‍റെ സാമ്രാജ്യം തകര്‍ക്കപ്പെട്ടതിന് ശേഷമുള്ള കാലഘട്ടത്തില്‍ ആണ് ഇന്നു മാനവരാശി നില്‍ക്കുന്നത്.

യുദ്ധം അവസാനിച്ചിട്ടില്ല

എന്നാല്‍ യുദ്ധം നിശ്ശേഷം ഇല്ലാതായിട്ടില്ല; യുദ്ധം ഇന്നും തുടരുക ആണ്.
പിശാചു നിശ്ശേഷം ഇല്ലാതായിട്ടില്ല. പിശാചും അവന്‍റെ സൈന്യവും ഇപ്പോഴും നമ്മളുടെ ഇടയില്‍ ഊടാടി സഞ്ചരിക്കുന്നുണ്ട്.
അതുകൊണ്ടാണ് പത്രോസ്, “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു. (1 പത്രോസ് 5: 8) എന്ന് പറയുന്നത്.

പിശാച് ഇപ്പോഴും ഇരക്കായി വിശന്ന് അലറുന്ന സിംഹം എന്നതുപോലെ, വീണ്ടും ജനനം പ്രാപിച്ച വിശ്വാസികളില്‍ പോലും ആരെ വിഴുങ്ങുവാന്‍ കഴിയും എന്ന് വച്ച് ചുറ്റി നടക്കുന്നു.
ഇതു പിശാചിന്റെയും അവന്‍റെ കൂട്ടരുടെയും ഇപ്പോഴത്തെ പ്രവര്‍ത്തനത്തിന്‍റെ ചിത്രം ആണ്.
അപ്പോസ്തല പ്രവര്‍ത്തികളിലും പിശാചിനാല്‍ പിടിക്കപ്പെട്ട് വിശ്വാസ ജീവിതത്തില്‍ നിന്നും വീണുപോയവരെ കുറിച്ച് പറയുന്നുണ്ട്.

പിശാചിന് ഇപ്പോഴുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം വിശ്വാസികളെ കുഴക്കാറുണ്ട്.
പ്രത്യേകിച്ചും വചന പരിജ്ഞാനം കുറവായിരിക്കുന്ന ഈ കാലത്തെ വിശ്വാസികളെ പിശാച് അവന്റെ പ്രവര്‍ത്തനങ്ങളാല്‍ തെറ്റിച്ചു കളയുന്നുണ്ട്.
പിശാചിന് ഇന്നും അധികാരം ഉണ്ട് എന്നും, പിശാചിനെ ദേശാധിപതികളായി ദൈവം നിയമിച്ചിരിക്കുക ആണ് എന്നും, പിശാചിനും അധികാരം കൊടുത്തിരിക്കുന്നത് ദൈവം ആണ് എന്നും അതിനാല്‍ പിശാചിനെ ശാസിക്കുവാന്‍ പാടില്ല എന്നും, കൈസ്തവ വിശ്വാസികളിലെ യുവതലമുറ പ്രചരിപ്പിക്കാറുണ്ട്.
ഇതു കൊടിയ ദുരുപദേശവും അറിവില്ലായ്മയുമാണ്.
പിശാചും അവന്റെ സാമ്രാജ്യവും എന്നും ദൈവത്തിന്‍റെ ശത്രു ആണ്.
മാത്രവുമല്ല, നമ്മളുടെ കര്‍ത്താവ് ക്രൂശില്‍ പിശാചിനെ തോല്‍പ്പിച്ചു അവന്‍റെ സാമ്രാജ്യത്തെ തകര്‍ത്തു. ഈ സത്യം മനസ്സിലാക്കാത്തവര്‍ക്ക്‌ വിശ്വാസികള്‍ എന്ന പേര് യോജ്യം അല്ല.

എന്തുകൊണ്ടാണ് ക്രിസ്തുവിനാല്‍ തോല്‍പ്പിക്കപ്പെട്ട പിശാചു ഇപ്പോഴും ചുറ്റിനടക്കുന്നത്‌?
യേശു പിശാചിനെ കൂശില്‍ തോല്‍പ്പിച്ചു എന്ന് പറയുമ്പോഴും, ക്രിസ്തീയ വിശ്വാസികളെ പോലും തെറ്റിക്കുവാന്‍ ഇന്നും പിശാചിന് കഴിയുന്നത് എന്തുകൊണ്ടാണ്?
കാരണം, യുദ്ധത്തില്‍ പിശാച് പരാജയപ്പെട്ടു എങ്കിലും, അവനോ അവന്‍റെ കൂട്ട് സൈന്യമോ, അവന്റെ സാമ്രാജ്യമോ നിശ്ശേഷം നശിപ്പിക്കപ്പെട്ടിട്ടില്ല.

പുരാതന കാലത്ത്, ഒരു രാജ്യത്തെ മറ്റൊരു രാജ്യം ആക്രമിച്ചു പരാജയപ്പെടുത്തി കഴിഞ്ഞാല്‍, ആ രാജ്യത്തിലെ രാജാവിനെയും സൈന്യാധിപന്മാരെയും, സാധ്യമെങ്കില്‍ ജീവനോടെ പിടിക്കും.
ശത്രു രാജ്യത്തെ, നമ്മള്‍ മുമ്പ് വിശദീകരിച്ചതുപോലെ തന്നെ നശിപ്പിക്കും.
അതിന് ശേഷം, യുദ്ധം ജയിച്ച സൈന്യാധിപന്‍ വിജയം ആഘോഷിക്കുവനായി ജയോത്സവം ആരംഭിക്കും.
ജയോത്സവത്തിന്റെ പ്രധാന ഭാഗം ഒരു വലിയ പ്രകടനമാണ്. ഈ ഘോഷയാത്രയില്‍ പരാജിതരായ രാജാവിനെയും അവന്റെ സൈന്യധിപന്മാരെയും, നിരായുധര്‍ ആയി, ചങ്ങലകളാല്‍ കേട്ടപ്പെട്ടവരായി, നഗ്നരായി പ്രദര്‍ശിപ്പിക്കും.
അവര്‍ കൊല്ലപ്പെടുവാന്‍ വിധിക്കപ്പെട്ടവര്‍ ആണ്; അവരെ കൊല്ലുവാന്‍ കൊണ്ടുപോകുക ആണ്.
എങ്കിലും ശത്രുവിന്റെ പരാജയത്തെക്കുറിച്ച് ആര്‍ക്കും സംശയം തോന്നാതിരിക്കുവാനായി പരാജിതരായ രാജാവിനെയും സൈന്യത്തെയും നിരായുധര്‍ ആയി സര്‍വ്വരും കാണ്‍കെ പ്രദര്‍ശിപ്പിക്കുക ആണ്.
ജയോത്സവം ഒരു ദിവസമോ, ഒരു ആഴ്ചയോ, അപൂര്‍വ്വമായി ഒരു മാസം തന്നെയോ നീണ്ടുനിന്നെക്കാം.
പരാജയപ്പെട്ട രാജാവിന് അത്രയും കാലം കൂടി ജീവിതം ഉണ്ട്.
അതായത്, ശത്രുവിന്റെ പരാജയത്തിനും ശത്രുവിന്‍റെ സമ്പൂര്‍ണ്ണ നാശത്തിനും ഇടയില്‍ ഒരു ഇടവേള ഉണ്ട്.
എന്നാല്‍ സാത്താന്‍ ഇന്ന് കെട്ടപ്പെട്ടവന്‍ അല്ലല്ലോ, അവന്‍ ഊടാടി സഞ്ചരിക്കുന്നുണ്ടല്ലോ, എന്ന് ചിലപ്പോള്‍ നമുക്ക് തോന്നിയേക്കാം.
സാത്താനെ വിശ്വാസത്താല്‍ ബന്ധിച്ചിരിക്കുന്നവര്‍ക്ക് പിശാചു ഇപ്പോള്‍ കെട്ടപ്പെട്ടവന്‍ തന്നെ ആണ്.
ഒരു ദൈവീക അനുഗ്രഹവും, പഴയനിയമത്തില്‍ ആകട്ടെ, പുതിയ നിയമത്തില്‍ ആകട്ടെ, വിശ്വാസം മൂലമല്ലാതെ പ്രാപിക്കുവാന്‍ കഴിയുക ഇല്ല.
യേശു സാത്താനെ തോല്‍പ്പിച്ചു, ക്രൂശില്‍ അവന്‍റെ മേല്‍ ജയോത്സവം കൊണ്ടാടി; ഈ സത്യം വിശ്വസിക്കുന്നവര്‍ക്ക് സാത്താന്‍ കെട്ടപ്പെട്ടവന്‍ ആണ്; അവര്‍ക്ക് യേശുവിന്‍റെ ജയോല്‍സവത്തില്‍ പങ്ക് ചേരാം.

നമ്മളുടെ ഇപ്പോഴത്തെ ആത്മീയ അവസ്ഥ ഇതാണ്: നമ്മള്‍ പിശാചിന്‍റെ രാജ്യത്തില്‍ നിന്നും വിടുവിക്കപ്പെട്ടിരിക്കുന്നു; നമ്മള്‍ വീണ്ടും ജനനമെന്ന ആത്മീയ അനുഭവത്തിലൂടെ ദൈവരാജ്യത്തിലെക്ക് പ്രവേശിച്ചിരിക്കുന്നു; എന്നിരുന്നാലും ഇന്ന് നമ്മള്‍ ദൈവരാജ്യത്തിന്റെ സുവിശേഷം മറ്റുള്ളവരോട് അറിയിക്കുവാനായി ഈ ഭൂമിയില്‍, ഭൌതീക ലോകത്ത്, അന്യരും പരദേശികളും ആയി ജീവിക്കുന്നു.
സാത്താനും അവന്‍റെ സാമ്രാജ്യവും പരാജയപ്പെട്ടു, അവര്‍ നിത്യ ശിക്ഷക്കായി വിധിക്കപ്പെട്ടിരിക്കുന്നു, എങ്കിലും അവര്‍ ഇന്നും ജീവിക്കുന്നു.
അതുകൊണ്ട് യുദ്ധം തുടരുക ആണ്.

നമ്മള്‍ ഇപ്പോള്‍ ഒരു ഇടവേള കാലഘട്ടത്തില്‍ ആണ്.
പിശാച് തോല്പ്പിക്കപ്പെട്ടു, എന്നാല്‍ അവന്റെ സമ്പൂര്‍ണ്ണ നാശം ആയിട്ടില്ല.
പിശാചിന്‍റെ ആദ്യത്തെ പരാജത്തിനും അവസാനത്തെ സമ്പൂര്‍ണ്ണമായ നാശത്തിനും ഇടയിലുള്ള ഇടവേള ആണ് നമ്മളുടെ കാലഘട്ടം.
ദൈവരാജ്യത്തിന്റെ ആരംഭത്തിനും നിവര്‍ത്തിക്കും ഇടയിലുള്ള സംഘര്‍ഷഭരിതമായ ഒരു കാലം ആണിത്.

ഈ അവസ്ഥയെ അല്‍പ്പമായി വിശദീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അതിനായി, നമ്മള്‍ മുമ്പ് പറഞ്ഞ, മിസ്രയീമില്‍ നിന്നുള്ള യിസ്രായേലിന്റെ ചരിത്രത്തെ പശ്ചാത്തലമാക്കി എടുക്കട്ടെ.
ദൈവത്താല്‍ എഴുതപ്പെട്ട മാനവ ചരിത്രത്തില്‍, ദൈവജനമായി വിളിക്കപ്പെട്ടു, ദൈവീക വാഗ്ദത്തം ലഭിച്ച യിസ്രായേല്‍ ജനം 400 ല്‍ അധികം വര്‍ഷങ്ങള്‍ മിസ്രയീം ദേശത്ത്‌ അടിമകള്‍ ആയി പാര്‍ത്തു.
അവര്‍ മിസ്രയീം ദേശത്ത്‌ ജീവിച്ച നാളുകള്‍ എല്ലാം അടിമത്തത്തിന്‍ കീഴില്‍ ആയിരുന്നില്ല; യോസേഫിന്റെ കാലത്തും, യോസേഫിനെ ഓര്‍ത്ത മിസ്രയീമ്യ രാജാക്കന്മാരുടെ കാലത്തും അവര്‍ സുഖമായി ജീവിച്ചു കാണും.
എന്നാല്‍ പിന്നീട് യോസഫിനെ ഓര്‍ക്കാത്ത, യൊസേഫ് ചെയ്ത നന്മകള്‍ മറന്നുപോയ രാജാക്കന്മാര്‍ ഉണ്ടായി.
അവര്‍ യിസ്രായേലിനെ അടിമയാക്കി കഠിനവേലയ്ക്കു നിയോഗിച്ചു.
ദൈവത്തെ ആരാധിക്കുവാനോ, സ്വതന്ത്രമായി ചിന്തിക്കുവാനോ, രാജ്യത്തിന്‌ പുറത്തേക്ക് പോകുവാനോ അവര്‍ക്ക് സമയം ലഭിക്കതെവണ്ണം കഠിനവേല ചെയ്യിച്ചു.
എന്നാല്‍ അവരുടെ കഷ്ടതയില്‍ അവരുടെ പിതാക്കന്മാരുടെ ദൈവത്തെ അവര്‍ ഓര്‍ത്തു, അവര്‍ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പ്രാര്‍ഥിച്ചു.
ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ടു; അവരെ ശത്രു രാജ്യത്തിന്‍റെ അടിമത്തത്തില്‍ നിന്നും വിടുവിക്കുവാന്‍ തീരുമാനിച്ചു.
ഈ വിടുതലിന്റെ ചരിത്രമാണ് പുറപ്പാടു പുസ്തകത്തില്‍ നമ്മള്‍ വായിക്കുന്നത്.
ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ വേഗം നമുക്ക് യാത്ര ചെയ്യാം.

സ്വാതന്ത്ര്യത്തിലെക്ക് ജനത്തെ നയിക്കുവാനായി, മോശെയെ ദൈവം വിളിച്ച് വേര്‍തിരിക്കുകയും അവനോടു ദൈവം “അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു ... കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.” എന്ന് അറിയിച്ചു.

എന്നാല്‍, യിസ്രായേല്യരും മിസ്രയീമ്യരും തമ്മിലുള്ള ഒരു നിരന്തര യുദ്ധം ആയിരുന്നില്ല ദൈവത്തിന്‍റെ പദ്ധതി.
യിസ്രായേല്‍ ജനത്തിന്‍റെ വിജയവും ശത്രു രാജ്യത്തിന്‍റെ സമ്പൂര്‍ണ്ണമായ നാശവും ആയിരുന്നു ദൈവത്തിന്റെ പദ്ധതി.
സ്വാതന്ത്ര്യത്തിന് ശേഷവും മിസ്രയീം രാജ്യം ദൈവജനത്തെ ആക്രമിക്കുവാന്‍ പാടില്ല.
ദൈവജനം വാഗ്ദത്ത ദേശത്തേക്കും സ്വസ്ഥതയിലേക്കും പ്രവേശിക്കേണം.

യിസ്രായേല്‍ ജനത്തിന്റെ വിടുതലിനായി ദൈവം പത്ത് ബാധകളെ അയച്ചു എന്ന് നമ്മള്‍ക്ക് അറിയാമല്ലോ.
എന്നാല്‍ ബാധകളെ അയച്ചതിന് പിന്നില്‍ ദൈവത്തിന് കൂടുതല്‍ വിശദമായ ഒരു പദ്ധതി ഉണ്ടായിരുന്നു.
മിസ്രയീമിലെ ദേവന്മാരെ ശക്തിഹീനര്‍ എന്ന് തെളിയിക്കുകയും യഹോവയായ ദൈവം ജാതീയ ദേവന്മാരെക്കാള്‍ ശക്താണ് എന്ന് തെളിയിക്കുകയും ചെയ്യുക ദൈവത്തിന്റെ പ്രധാന ഉദ്ദേശ്യം ആയിരുന്നു.
അതിലുപരി, ആ രാജ്യത്തെ തന്നെ തകര്‍ക്കുക എന്ന യുദ്ധതന്ത്രവും ദൈവത്തിന്‍റെ പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ ഉണ്ടായിരുന്നു.
ഒന്നാമത്തെ ബാധ, നൈല്‍ നദിയിലെ വെള്ളം രക്തമായി മാറുക എന്നതായിരുന്നു.
അവരുടെ ജീവന്‍റെ അടിസ്ഥാനവും സാമ്പത്തിക അഭിവൃദ്ധിയുടെ അടിസ്ഥാനവും നൈല്‍ നദിയിലെ വെള്ളം ആയിരുന്നു.
ഇതു രക്തമായി മാറിയാല്‍, അതോടെ ആ രാജ്യത്ത് മനുഷ്യ ജീവന്‍ തന്നെ പ്രയാസത്തില്‍ ആകും.
കൃഷിയും വാണിജ്യവും രാജ്യത്തിന്റെ വരുമാനവും തകരും. രാജ്യത്തിന്‍റെ ശക്തി തന്നെ ഇല്ലാതാകും.
നൈല്‍ നദിയെ ദേവതയായും അതില്‍ ധാരാളമായി കാണുന്ന മുതലകളെ ദേവനായും അവര്‍ ആരാധിച്ചിരുന്നു. നദിയിലെ വെള്ളം രക്തമായി മാറിയപ്പോള്‍ അവരുടെ ദേവന്മാരുടെ ശക്തി വ്യാജമായി മാറി.
അതായത് ഒന്നാമത്തെ ബാധയിലൂടെ ദൈവം മിസ്രയീം രാജ്യത്തിന്റെ സാമ്പത്തിക ഉറവയെയും ദേവന്മാരെയും ആക്രമിക്കുക ആയിരുന്നു.
അങ്ങനെ മിസ്രയീമ്യരുടെ ജീവിതം ദുസ്സഹമായി, അവരുടെ ആശ്രയം നഷ്ടപ്പെട്ടു.

പത്താമത്തെ ബാധയായ കടിഞ്ഞൂല്‍ സംഹാരം വലിയ പ്രഹരം തന്നെ ആയിരുന്നു.
എല്ലാ കുടുംബത്തിലെയും, മനുഷ്യരുടെയും മൃഗങ്ങളുടെയും, ആദ്യജാതന്മാര്‍ ഒറ്റ രാത്രിയില്‍ മരിച്ചുവീണു.
ആദ്യജാതന്മാരെ ആണ് അവര്‍ ശക്തരായി കണ്ടിരുന്നത്‌. അവര്‍ക്ക് കുംബത്തിലും സമൂഹത്തിലും പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു.
കുടുംബത്തിന്‍റെ നാഥന്‍ ആദ്യജാതന്മാര്‍ ആയിരുന്നു.
അവരുടെ ക്ഷേത്രങ്ങളില്‍ പൂജകള്‍ ചെയ്യുവാനുള്ള അവകാശവും ആദ്യജാതന്മാര്‍ക്ക് ആയിരുന്നു.
രാജകുടുംബത്തിലെ ആദ്യജാതന്‍ ആണ് അടുത്ത കിരീടാവകാശി.
മൃഗങ്ങളിലെ ആദ്യജാതന്മാരെയും മറ്റുള്ളവയെക്കാള്‍ ശക്തരായി കണ്ടിരുന്നു.
ആദ്യജാതന്മാരുടെ മരണം, സമൂഹത്തിലെ ശക്തരായ പുരുഷന്മാരെ ഇല്ലാതാക്കി; കുടുംബത്തിന് നാഥന്‍ ഇല്ലാതായി; ക്ഷേത്രങ്ങളില്‍ പൂജചെയ്യുവാന്‍ ആളില്ലാതായി; രാജകുടുംബത്തില്‍ കിരീടാവകാശി ഇല്ലാതായി.
സമൂഹം മൊത്തമായി ആടിഉലഞ്ഞു.

ചെങ്കടലിന്‍റെ തീരത്ത് വച്ച് മിസ്രയീമ്യര്‍ക്ക് ഏറ്റ തിരിച്ചടി ഇതിലും ഭയങ്കരം ആയിരുന്നു.
ഫറവോന്‍ രാജാവ് രാജ്യത്തെ ഏറ്റവും ശക്തരായ സൈന്യവുമായി യിസ്രായേല്യരെ പിന്തുടരുവാന്‍ എത്തിയതായിരുന്നു.
ദൈവം യിസ്രായേല്‍ ജനത്തിനായി ചെങ്കടല്‍ രണ്ടായി വിഭജിച്ച്‌ അതിന്‍റെ മദ്ധ്യേ വഴി ഒരുക്കി.
യിസ്രായേല്യര്‍ ദൈവം ഒരുക്കിയ വഴിയിലൂടെ അക്കരെയ്ക്ക് പോയി രക്ഷപെട്ടു.
ഇതുകണ്ട ഫറവോനും സൈന്യവും അവരെ പിടിക്കുവായായി ചെങ്കടലിന്റെ മദ്ധ്യേ ഉള്ള വഴിയിലൂടെ മുന്നോട്ട് നീങ്ങി.
എന്നാല്‍ ഫറവോനും സൈന്യത്തിനും മേല്‍ സമുദ്രം തിരികെ വന്നു ആഞ്ഞു പതിച്ചു, അവര്‍ അതില്‍ മുങ്ങിപ്പോയി.
രാജ്യത്തിന്‍റെ സൈനീകശക്തി ഇതോടെ തകര്‍ന്നു. രാഷ്ട്രീയ ശക്തിയും ഇല്ലാതെ ആയി.
അങ്ങനെ മിസ്രയീം രാജ്യത്തെ സമ്പൂര്‍ണ്ണമായി തകര്‍ത്തു കൊണ്ടാണ് ദൈവം യിസ്രായേലിനെ വിടുവിച്ചത്.
പിന്നീട് ഒരിക്കലും ശത്രുക്കള്‍ പിന്തുടര്‍ന്ന് വരാതെവണ്ണം ശത്രുക്കളെ തകര്‍ക്കുകയും, കടക്കുവാന്‍ കഴിയാത്ത ഒരു വിടവ് സമുദ്രത്താല്‍ ദൈവം ആക്കിവക്കുകയും ചെയ്തു.

ദൈവം യിസ്രയീല്യര്‍ക്കു വേണ്ടി ചെയ്ത വന്‍കാര്യങ്ങളെ കുറിച്ചുള്ള വര്‍ത്തമാനം സമീപത്തെ രാജ്യങ്ങളില്‍ എല്ലാം പരന്നു.
അത് അവരുടെ ഇടയിലും മറ്റു രാജ്യക്കാരുടെ ഇടയിലും തലമുറ തലമുറയായി പകരപ്പെട്ടു.
ഒരിക്കല്‍ മിസ്രയീം സമ്പന്നം ആയിരുന്നപ്പോള്‍ അവരെക്കുറിച്ചുള്ള വര്‍ത്തമാനം ലോകത്താകെ പരന്നു.
ലോകമെല്ലാം വലിയ ക്ഷാമം ഉണ്ടായപ്പോള്‍ മിസ്രയീം രാജ്യത്തിന്‌ യതൊരു ആകുലതയും ഉണ്ടായിരുന്നില്ല; കാരണം അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ യഹോവയുടെ അഭിഷിക്തനായ യൊസെഫ് ഉണ്ടായിരുന്നു.
ക്ഷാമം അഭിമുഖീകരിക്കുവാനായി അവര്‍ മുന്നമേ കരുതി ഇരുന്നു.
ലോകരാജ്യങ്ങള്‍ ആഹാരത്തിനായി മിസ്രയീം രാജ്യത്തിന്‍റെ മുന്നില്‍ കൈനീട്ടി നിന്നു.
ക്ഷാമം ലോകത്തെല്ലാം പരക്കുമ്പോള്‍ ലോകത്തെ മുഴുവന്‍ തീറ്റിപോറ്റാനുള്ള ആഹാരം മിസ്രയീമില്‍ ഉണ്ട് എന്ന വാര്‍ത്ത ലോകമെല്ലാം പരന്നു.
അതു കേട്ടിട്ടാണ് യാക്കോബിന്‍റെ പുത്രന്മാരും യോസേഫിന്‍റെ അടുക്കല്‍ മിസ്രയീമില്‍ എത്തിയത്.
എന്നാല്‍ അന്ന് ജോസെഫിനെ അഭിഷേകം ചെയ്ത് നിറുത്തിയ യഹോവയുടെ നാമം പ്രസിദ്ധമായില്ല, കാരണം യൊസെഫ് ഒരു അന്യ ദേശത്ത്‌ ആയിരുന്നു.

ഇന്നു മിസ്രയീം തകര്‍ന്നപ്പോള്‍ അവരുടെ തകര്‍ച്ചയെക്കുറിച്ചും അത് ചെയ്ത യഹോവയായ ദൈവത്തെക്കുറിച്ചുമുള്ള വര്‍ത്തമാനം ലോകത്താകെ പരന്നു; അത് അടുത്ത തലമുറകളിലേക്ക് കൈമാറുകയും ചെയ്തു.
ഇതുവരെയും അടിമകളുടെ ദൈവം എന്ന് അറിയപ്പെട്ടിരുന്ന യഹോവ ഇതാ ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യത്തെ പൂര്‍ണ്ണമായും തകര്‍ത്തിരിക്കുന്നു; യിസ്രായേല്‍ ജനം സ്വതന്ത്രര്‍ ആയിരുക്കുന്നു; അവര്‍ കാനാന്‍ ദേശം പിടിച്ചടക്കുവാന്‍ മുന്നോട്ടു പോകുന്നു.
അവരുടെ യാത്രയെ ആക്രമിച്ച അമാലേക്യരെ അവര്‍ നിസാരമായി തോല്‍പ്പിച്ചുകളഞ്ഞു.
ഈ വാര്‍ത്ത ലോകത്തിലെ മറ്റു രാജ്യങ്ങളെ ഞെട്ടിച്ചു, അവര്‍ ഭയന്ന് വിറക്കുവാന്‍ തുടങ്ങി.
ഇതിനെക്കുറിച്ചാണ് രാഹാബ് പറയുന്നത്:

യോശുവ 2: 10 നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോർദ്ദാന്നക്കരെവെച്ചു നിങ്ങൾ നിർമ്മൂലമാക്കിയ സീഹോൻ, ഓഗ് എന്ന രണ്ടു അമോർയ്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടു.

രാഹാബ് ഇവിടെ 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തെ കുറിച്ചാണ് പറയുന്നത്.
ഇതു പറയുമ്പോള്‍ അവള്‍ക്കു 40 വയസ്സ് പ്രായം ഉണ്ടാകുവാന്‍ സാധ്യത ഇല്ല.
രാഹബിന്റെ രാജ്യം യോര്‍ദ്ദാന്‍ നദിക്ക് അക്കരെ ഉള്ള രാജ്യം ആണ്.
മിസ്രയീമിന്റെ വീഴ്ചയും യഹോവയുടെ കീര്‍ത്തിയും തലമുറകളിലേക്കും രാജ്യങ്ങളിലേക്കും പരന്നിരുന്നു എന്നതിന് ഇതു തെളിവാണ്.
ഈ വാര്‍ത്ത ഇസ്രയേലിന്റെയും യഹോവയായ ദൈവത്തിന്‍റെയും ശത്രുക്കളുടെ ഉള്ളില്‍ ഭയം നിറച്ചു.

ഇത്രയും വലിയ കാര്യങ്ങള്‍ സംഭവിച്ചു കഴിഞ്ഞിട്ടും, മിസ്രയീം തകര്‍ക്കപ്പെട്ടിട്ടും, ദൈവജനത്തെ കുറിച്ചുള്ള ഭീതി ദേശമാകെ വ്യാപിച്ചിട്ടും യിസ്രായേല്‍ ജനം ഇപ്പോഴും മരുഭൂമിയില്‍ ആണ്, വാഗ്ദത്ത ദേശത്തേക്കുള്ള വിശ്വാസ യാത്രയിലാണ്.
ഈ വിശ്വസയാത്രയില്‍ വെയില്‍ ഉണ്ട്, തണുപ്പുണ്ട്, വിശപ്പുണ്ട്, ദാഹം ഉണ്ട്, ശത്രുക്കള്‍ ഉണ്ട്, യുദ്ധം ഉണ്ട്; എന്നാല്‍ ഇവിടെയെല്ലാം ദൈവീക സംരക്ഷണവും ഉണ്ട്.
യിസ്രായേല്‍ ജനം വെയിലത്ത് ക്ഷീണിച്ചില്ല, തണുപ്പത്ത് മരവിച്ചില്ല, ക്ഷാമം ഉണ്ടായില്ല, ശത്രുക്കള്‍ പരാജയപ്പെടുത്തിയില്ല, യുദ്ധങ്ങള്‍ അവരെ തകര്‍ത്തില്ല.

ഇതാണ് ഇന്നത്തെ നമ്മളുടെ അവസ്ഥയും. നമ്മള്‍ വാഗ്ദത്ത ദേശമായ ക്രിസ്തുവിനെയും അവന്‍റെ രാജ്യത്തെയും അവകാശമാക്കുവാനുള്ള വിശ്വസയാത്രയില്‍ ആണ്.
നമ്മള്‍ സ്വതന്ത്രര്‍ ആക്കപ്പെട്ടു; വാഗ്ദത്തം പ്രാപിച്ചു കഴിഞ്ഞു; ക്രിസ്തുവിന്റെ സാന്നിദ്ധ്യം അനുഭവിച്ച്കൊണ്ട് ജീവിക്കുന്നു.
എന്നാല്‍ നമ്മള്‍ അന്ത്യ ജയത്തിലേക്ക് യാത്രചെയ്യുന്നതെ ഉള്ളൂ; സമ്പൂര്‍ണ്ണ നിവര്‍ത്തിയിലെക്ക് യാത്ര ചെയ്യുന്നതേ ഉള്ളൂ.
അതുകൊണ്ട് ഇന്നും നമുക്ക് ശത്രു ഉണ്ട്, അവനുമായി പോരാട്ടം ഉണ്ട്.

പിശാചിന്‍റെ സാമ്രാജ്യത്തിന്‍റെ സമ്പൂര്‍ണ്ണ തകര്‍ച്ച എപ്പോള്‍ സംഭവിക്കും?

നമ്മളുടെ മനസ്സില്‍ ഉയര്‍ന്ന് വരുന്ന അടുത്ത ചോദ്യം സാത്താന്‍റെ സാമ്രാജ്യത്തിന്‍റെ അവസാനത്തെ, സമ്പൂര്‍ണ്ണമായ തകര്‍ച്ച എപ്പോള്‍ സംഭവിക്കും എന്നതായിരിക്കുമല്ലോ?
വേദപുസ്തകം ഇതിനെക്കുറിച്ച് പറയുന്നത് ഇതാണ്.

യേശുക്രിസ്തുവിന്‍റെ ഈ ഭൂമിയിലെ ആയിരമാണ്ട് വാഴ്ചയുടെ കാലത്ത്, പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ചങ്ങലയിലിടും.
ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽനിന്നു അഴിച്ചുവിടും.
അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളെ, ക്രിസ്തുവിനെതിരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും.

വെളിപ്പാട് 20: 9, 10
9   അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാൽ ആകാശത്തുനിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.
10  അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.

ഇവിടെ ആണ് പിശാചിന്‍റെ അന്ത്യം ഉണ്ടാകുന്നത്; ഇവിടെ പിശാചും അവന്‍റെ സാമ്രാജ്യവും എന്നന്നേക്കുമായി ഇല്ലാതെ ആകുന്നു.
അതിന് ശേഷം പുതിയ ഭൂമിയില്‍ ദൈവരാജ്യം സമ്പൂര്‍ണ്ണമായി സ്ഥാപിക്കപ്പെടുന്നു.; ദൈവരാജ്യത്തിന്റെ നിവര്‍ത്തി ഉണ്ടാകുന്നു.

നമ്മള്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു?

ദൈവം രചിച്ച മാനവ ചരിത്രത്തില്‍ നമ്മള്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു?
രണ്ടു യുദ്ധങ്ങളുടെ മദ്ധ്യേ ആണ് നമ്മളുടെ സ്ഥാനം.
ഒനാമത്തെ യുദ്ധം കഴിഞ്ഞു; രണ്ടാമത്തെ യുദ്ധം വരാനിരിക്കുന്നതെ ഉള്ളൂ.
ഒന്നാമത്തെ യുദ്ധത്തില്‍ നമ്മളുടെ കര്‍ത്താവ് പിശാചിനെയും അവന്റെ ദുഷ്ട സൈന്യത്തെയും തോല്‍പ്പിച്ചു, അവരുടെ ആയുധങ്ങള്‍ പിടിച്ചടക്കി, അവരെ പരാജയപ്പെട്ടവരായി സകല ജനവും കാണുവാന്‍ തക്കവണ്ണം പരസ്യ കാഴ്ചയാക്കി നിറുത്തിയിരിക്കുന്നു.
എന്നാല്‍ അവരുടെ സമ്പൂര്‍ണ്ണ നാശം ഇനി സംഭവിക്കാനിരിക്കുന്നതെ ഉള്ളൂ.
രണ്ടാമത് മറ്റൊരു യുദ്ധം കൂടി ഉണ്ടാകും; അത് ശത്രുക്കളുടെ അന്ത്യം ആയിരിക്കും.
ആ യുദ്ധത്തിന്‍റെ അവസാനം, പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
ഇതോടെ ഈ ഭൂമിയിലെ ഭൌതീക തലത്തിലുള്ള യുദ്ധങ്ങളും ആത്മമണ്ഡലത്തിലെ യുദ്ധങ്ങളും എല്ലാം അവസാനിക്കും.
അതിന് ശേഷം പിശാചിന്‍റെ സാമ്രാജ്യം ഉണ്ടാകില്ല. യുദ്ധവും ഉണ്ടാകില്ല.

ഞാന്‍ ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.
അതിനു മുമ്പ് നമ്മളുടെ TV പ്രോഗ്രാമിനെ കുറിച്ച് ഒരു വാക്ക് പറയട്ടെ.
എല്ലാ മാസവും ഒന്നാമത്തെ ശനിയാഴ്ചയും മൂന്നാമത്തെ ശനിയാഴ്ചയും വൈകിട്ട് 5 മണിക്ക് Powervision TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.
ഇവിടെ നമ്മള്‍ വേദപുസ്തകം ഗൌരവമായി പഠിക്കുന്നു.
മറക്കാതെ കാണുക. മറ്റുള്ളവരോടും കൂടെ പറയുക.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് 5 മണിക്ക് Powervision TV യില്‍.

ഈ സന്ദേശം കണ്ടതിനും കേട്ടതിനും വളരെ നന്ദി.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

നമ്മള്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു?

നമ്മള്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്ന് കൂടി ചിന്തിച്ചിട്ട് നമുക്ക് ഈ പഠനം അവസാനിപ്പിക്കാം.
നമ്മള്‍ ഇപ്പോള്‍ യേശു ചെയ്തതിനു സമാനമായി, യേശു ആരംഭിച്ച ദൈവരാജ്യം പ്രഖ്യാപിക്കുക ആണ്.
എങ്ങനെ എല്ലാം നമുക്ക് ദൈവരാജ്യത്തിന്റെ സാന്നിദ്ധ്യം ഇന്നത്തെ ലോകത്ത് വെളിപ്പെടുത്തുവാന്‍ കഴിയും?

1.    യേശു ക്രൂശില്‍ നേടിയ ജയം നമ്മള്‍ ആഘോഷിക്കുന്നു.

ഈ ആഘോഷത്തിലൂടെ, പിശാചിന്റെ പരാജയത്തെയും യേശുവിന്റെ ജയത്തെയും നമ്മള്‍ ഘോഷിക്കുക ആണ്.
ഒരു രാജ്യം ജയിച്ചു എന്ന് പറഞ്ഞാല്‍ മറ്റൊരു രാജ്യം പരാജയപ്പെട്ടു എന്നാണല്ലോ അര്‍ത്ഥം.
ജയിച്ച റോമന്‍ സൈന്യധിപന്മാരുടെ നേതൃത്തത്തില്‍, പ്രധാന തെരുവിലൂടെ കാപ്പിറ്റോള്‍ എന്ന മലമുകളിലെ ജൂപ്പിറ്റര്‍ ദേവന്‍റെ ക്ഷേത്രത്തിലേക്ക് നീങ്ങുന്ന ഒരു വലിയ ഘോക്ഷയാത്ര നമ്മളുടെ ചിന്തയില്‍ ഉണ്ടാകട്ടെ.
പരാജയപ്പെട്ട രാജ്യത്തുനിന്നും കൊള്ളചെയ്തുകൊണ്ട് വന്ന സ്വര്‍ണ്ണവും വെള്ളിയും ഈ യാത്രയില്‍ പ്രദര്‍ശിപ്പിച്ചിരിക്കും.
ഈ സ്വര്‍ണ്ണവും വെള്ളിയും, ഘോക്ഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കും, തെരുവിന്‍റെ ഇരുവശത്തുമായി നില്‍ക്കുന്നവര്‍ക്കും വിതരണം ചെയ്യും.
അങ്ങനെ റോമിലെ എല്ലാ ജനങ്ങള്‍ക്കും ശത്രുവിന്‍റെമേലുള്ള ജയത്തിന്‍റെ നേട്ടം ലഭിക്കുന്നു.
പൌലോസ് ഈ ജയത്തിന്റെ ഘോക്ഷയാത്രയെ കുറിച്ചാണ് കൊരിന്ത്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നത്.

2 കൊരിന്ത്യര്‍ 2: 14 ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.

പരാജയപ്പെട്ട ശത്രുവിനെ കൊള്ളചെയ്യുന്നതിനെയും അവന്‍റെ സമ്പത്ത് പങ്കുവെക്കുന്നതിനെയും കുറിച്ച് ലൂക്കോസും പറയുന്നുണ്ട്.

ലൂക്കോസ് 11: 21, 22
21   ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.
22   അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സർവ്വായുധവർഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു.

2.       ഈ കാലയളവില്‍ നമ്മള്‍ ദൈവരാജ്യത്തിന്റെ ശക്തിയും അധികാരവും പ്രഖ്യപിക്കുന്നു.

സ്നാപക യോഹന്നാൻ കാരാഗൃഹത്തിൽവെച്ചു, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ യേശുവിന്റെ അടുക്കല്‍ അയച്ചു;
വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ” എന്നു തന്‍റെ ശിഷ്യന്മാര്‍ മുഖാന്തരം യേശുവിനോട് ചോദിച്ചു.
അതിനു യേശു പറഞ്ഞ മറുപടി ഇതാണ്:

മത്തായി 11: 4, 5
യേശു അവരോടു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു
എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.

ലൂക്കോസ് 11: 20 എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.

3.    നമ്മള്‍ യേശുവിന്‍റെ നാമത്തില്‍ പിശാചിന് അടിമകളായവര്‍ക്ക് വിടുതല്‍ പ്രഖ്യപിക്കുന്നു.

ലൂക്കോസ് 10: 1 & 9
1         അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു,

9  അതിലെ രോഗികളെ സൗഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിൻ.

ഓര്‍ക്കുക, പിശാചിന്‍റെ അടിമത്തത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം ഒരു നിയപരമായ വാഗ്ദാനം ആണ്. അത് തിരഞ്ഞെടുക്കുവാനും നിരസിക്കുവാനുമുള്ള സ്വാതന്ത്ര്യം സുവിശേഷം കേള്‍ക്കുന്ന എല്ലാവര്ക്കും ഉണ്ട്.

4.  നമ്മള്‍ ദൈവരാജ്യത്തെ സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആക്കേണം.

അതുനുവേണ്ടി വേണ്ടി ആണ് ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ കര്‍ത്താവ് നമ്മളെ പഠിപ്പിച്ചത്.

മത്തായി 6: 10 നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;

എങ്ങനെ നമുക്ക് ദൈവരാജ്യത്തെ ഭൂമിയില്‍ ആക്കുവാന്‍ കഴിയും. നമ്മള്‍ ദൈവത്തിന്‍റെ ഇഷ്ടം പോലെ ഭൂമിയില്‍ ജീവിക്കുമ്പോള്‍ അത് സാദ്ധ്യമാകും.
നമുക്ക് അതിനെ ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ക്കൊത്തവണ്ണമുള്ള ജീവിതം എന്ന് വിളിക്കാം.
ഇതാണ് നമ്മളെക്കുറിച്ചുള്ള ദൈവ ഇഷ്ടം.

Official website: naphtalitribe.com
Watch the video of this message in English and Malayalam @ naphtalitribetv.com
Listen to the audio messages in English and Malayalam @ naphtalitriberadio.com
Read study notes in Malayalam @ vathil.in

No comments:

Post a Comment