ക്രിസ്തീയ സ്നാനം

ക്രിസ്തീയ സ്നാനത്തെക്കുറിച്ചുള്ള വസ്തുനിഷ്ടാപരമായ ഒരു പഠനം ആണ് ഈ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഈ പഠനം, മുമ്പ് ഉണ്ടായിരുന്നതോ, ഇപ്പോഴുള്ളതോ ഇനിയും രൂപപ്പെടുവാന്‍ ഉള്ളതോ ആയ ഏതെങ്കിലും സഭാവിഭാഗത്തിന്റെ പ്രത്യേകമായ പഠിപ്പിക്കലുകളുടെ ആവര്‍ത്തനം അല്ല.
ഇതില്‍ നിങ്ങള്‍ക്ക് യോജിപ്പുള്ളതും വിയോജിപ്പ്‌ ഉള്ളതും ആയ കാര്യങ്ങള്‍ കണ്ടേക്കാം.
നമ്മളുടെ യോജിപ്പിനും വിയോജിപ്പിനും സത്യത്തെ മാറ്റികളയുവാന്‍ കഴിയുക ഇല്ല.

ക്രിസ്തീയ സ്നാനത്തിന്റെ എല്ലാ വിശദാംശങ്ങളും ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നില്ല. അതിനു കൂടുതല്‍ സമയ ദൈര്‍ഘ്യം ആവശ്യമാണ്.
ഇവിടെ രക്ഷിക്കപ്പെട്ട, സ്നാനപ്പെടുവാന്‍ ആഗ്രഹിക്കുന്ന ഒരു വിശ്വാസിക്ക് സ്നാനത്തെ കുറിച്ച് അറിയേണ്ടതായ കാര്യങ്ങള്‍ വ്യക്തമായും ആഴത്തിലും, സഭാവിഭാഗങ്ങളുടെ കടിഞ്ഞാണ്‍ ഇല്ലാതെ വിശദീകരിക്കുന്നുണ്ട്. അത്രമാത്രമേ ഈ വീഡിയോകൊണ്ട് ലക്ഷ്യം വയ്ക്കുന്നുള്ളൂ.

ഈ ആമുഖത്തോടെ നമുക്ക് ക്രിസ്തീയ സ്നാനത്തെ കുറിച്ച് പഠിക്കാം.

യേശുക്രിസ്തു തന്നില്‍ വിശ്വസിക്കുന്നവര്‍ പാലിക്കുവാനായി നല്‍കിയ രണ്ടു കല്‍പ്പനകളില്‍ ഒന്നാണ് ക്രിസ്തീയ സ്നാനം.
യേശുവിന്റെ ഉയിര്‍പ്പിന് മുമ്പ്, ശിഷ്യന്മാരെ അവന്‍ ഈ കല്‍പ്പന ഭരമേല്‍പ്പിച്ചു. അവന്‍റെ കല്‍പ്പന ഇപ്രകാരം ആയിരുന്നു:

മത്തായി 28: 18 - 20
18   യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
19   ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
20  ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

ഇവിടെ യേശു പറയുന്നത് ഇവയെല്ലാം ആണ്:
യേശുവിന്‍റെ ശിഷ്യന്മാര്‍, ഭൂമിയില്‍ എല്ലായിടവും ചെന്ന് ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണം.
വിശ്വസിക്കുന്നവരെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനപ്പെടുത്തേണം.
അവരെ ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ പഠിപ്പിച്ച് ശിഷ്യര്‍ ആക്കി മാറ്റിയെടുക്കേണം
കല്‍പ്പനയോടൊപ്പം, കര്‍ത്താവ് നമ്മളോട് കൂടെ ലോകാവസാനത്തോളവും കൂടെ ഇരിക്കും എന്ന ഉറപ്പ് അവന്‍ നല്‍കുന്നു.
കല്‍പ്പനയുടെ ആധികാരികത, സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും യേശുവിന് നല്കപ്പെട്ടിരിക്കുന്നു എന്നതാണ്.  

ചരിത്രം

സ്നാനം, ക്രിസ്തുവിന്റെ ജനനത്തിനും, ക്രൈസ്തവ സഭയുടെ രൂപീകരണത്തിനും മുമ്പേ യഹൂദന്മാരുടെ ഇടയില്‍ നിലനിന്നിരുന്ന ഒരു ആചാരം ആയിരുന്നു.
ഇതു മറ്റു ജാതികളുടെ ഇടയിലും ഉണ്ടായിരുന്നുവോ എന്ന് കൃത്യത ഇല്ല; അവര്‍ക്ക് അതിന്‍റെ ആവശ്യകത ഇല്ലായിരുന്നു.
യഹൂദന്മാര്‍ അല്ലാത്തവരെ എല്ലാം ജാതീയര്‍ എന്നാണു അവര്‍ കണക്കാക്കിയിരുന്നത്. അതായത് യഹൂദന്മാരെ സംബന്ധിച്ചിടത്തോളം രണ്ടു വിഭാഗം ജനങ്ങളേ ഭൂമിയില്‍ ഉണ്ടായിരുന്നുള്ളൂ - യഹൂദന്മാരും ജാതീയരും.
യഹൂദ വിശ്വാസം ജാതീയരുടെ ഇടയില്‍ പ്രചരിപ്പിച്ചു അവരെ മതം മാറ്റുക എന്നൊരു പരിപാടി അവര്‍ക്ക് ഇല്ലായിരുന്നു. കാരണം, അബ്രഹാമിന്റെ ജഡപ്രകാരം ഉള്ള സന്തതികള്‍ ആയിരുന്നു യഹൂദന്മാര്‍. അവര്‍ ഒരു പ്രത്യേക സമൂഹം ആയിരുന്നു.

എന്നാല്‍ അപൂര്‍വ്വമായി ജാതീയര്‍, യഹൂദ വിശ്വാസം പല സാഹചര്യങ്ങളില്‍ സ്വീകരിച്ചിരുന്നു.
രാഹാബും രൂത്തും അങ്ങനെ യഹൂദര്‍ ആയവര്‍ ആണ്. അപ്പോസ്തല പ്രവര്‍ത്തികളില്‍ നമ്മള്‍ കാണുന്ന കൊർന്നെല്യൊസ്, എത്യോപ്യയിലെ ഷണ്ഡന്‍  എന്നിവര്‍ യഹൂദ മതത്തില്‍ വിശ്വസിച്ചിരുന്ന ജാതീയര്‍ ആയിരുന്നു.
ജാതീയരില്‍ നിന്നും യഹൂദ വിശ്വാസത്തിലേക്ക് വരുന്നവരെ, അവരുടെ ശുദ്ധീകരത്തിനായി വെള്ളത്തില്‍ മുക്കി സ്നാനപ്പെടുത്തുക പതിവായിരുന്നു.
ശുദ്ധീകരണത്തിനായി, വസ്ത്രം അലക്കി, കുളിക്കുക എന്നത് പഴയനിയമകാലത്ത് യഹൂദന്മാര്‍ക്കും ബാധകമായ പ്രമാണം ആയിരുന്നു.
ഒരു ജതീയന്‍ യഹൂദ മതം സ്വീകരിക്കുന്നു എന്നത് അംഗീകരിക്കപ്പെടുന്നത് അവന്‍റെ സ്നാനത്തോടുകൂടി മാത്രം ആയിരുന്നു. അതായാത് സ്നാനം വിശ്വാസത്തിന്റെ മാറ്റത്തിന് അത്യാവശ്യം ആയിരുന്നു.
പഴയ ജാതീയ മനുഷ്യനെയും അതിനാലുള്ള അശുദ്ധിയും വെള്ളത്താല്‍ കഴുകി കളയുന്ന പ്രക്രിയ ആയിരുന്നു, അവര്‍ക്ക് സ്നാനം.

എന്നാല്‍ യോഹന്നാന്‍ സ്നാപകന്‍ വന്നപ്പോള്‍ അദ്ദേഹം മാനസാന്തരം പ്രസംഗിച്ചു: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.” (മത്തായി 3: 2)
യോഹന്നാന്‍ പ്രസംഗിച്ച മാനസാന്തരം ജാതീയര്‍ക്ക് ഉള്ളതായിരുന്നില്ല; അത് യഹൂദന്മാര്‍ക്ക് ഉള്ളതായിരുന്നു. അങ്ങനെ മാനസാന്തരപ്പെടുന്ന യഹൂദന്‍ ശുദ്ധീകരണത്തിനായി സ്നാനപ്പെടെണം എന്ന് അദ്ദേഹം പ്രസംഗിച്ചു’. ഒരു യഹൂദന്‍റെ കാഴ്ചപ്പാടില്‍, ജാതീയര്‍ മാത്രമേ മാനസാന്തരപ്പെടുകയും സ്നാനപ്പെടുകയും ചെയ്യേണ്ടാതായിട്ടുള്ളൂ. അതിനാല്‍ തന്നെ യോഹന്നാന്റെ പ്രസംഗം തികച്ചും വിപ്ലവാത്മകം ആയിരുന്നു.
മശിഹായുടെ വരവിനായി എരിവോടെ കാത്തിരിക്കുന്ന ഒരു പ്രത്യേക സമൂഹത്തിലെ അംഗം കൂടി ആയിരുന്നു യോഹന്നാന്‍.
സമൂഹത്തിലെ അംഗങ്ങള്‍ മാസാന്തരത്തിലും അതിനു ശേഷമുള്ള വെള്ളത്തില്‍ മുഴുകിയുള്ള സ്നാനത്തിലും വിശ്വസിച്ചിരുന്നു.
മശിഹയുടെ വരവ് താമസിക്കുന്നത് യഹൂദ ജനത്തിന്റെ കുറവുകള്‍ മൂലമാണ് എന്ന വിശ്വാസവും അവര്‍ക്ക് ഉണ്ടായിരുന്നു.

യോഹന്നാന്റെ സ്നാനം ജാതീയര്‍ക്ക് ഉള്ളതായിരുന്നില്ല; അത് മാനസാന്തരപ്പെടുന്ന യഹൂദന്മാര്‍ക്ക് ഉള്ളതായിരുന്നു. അത് അനുസരിച്ച് അനേകം യഹൂദന്മാര്‍, തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.
അദ്ദേഹം ഇതു ചെയ്തത്, കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവാന്‍ ആയിരുന്നു എന്ന് വേദപുസ്തകം പറയുന്നു.
അതായത് മശിഹയുടെ വരവിനായി ജനത്തെ ഒരുക്കുന്നതിനായിരുന്നു.

എന്നാല്‍, യോഹന്നാന്റെ സ്നാന ശുശ്രൂഷ, ക്രിസ്തീയ സ്നാനത്തിനു തുല്യം ആയിരുന്നില്ല.
യോഹന്നാന്‍ തന്നെ പറയുന്നു: “ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.”(മത്തായി 3:11)
അതായത്, യോഹന്നാന്‍ സ്നാപകന്‍ പ്രസംഗിച്ചതിനേക്കാള്‍ ആഴമുള്ള ആത്മീയ അനുഭവങ്ങള്‍, അവനു പിന്നാലെ വരുന്നവനില്‍ നിന്നും ലഭിക്കും; അവന്‍ നല്‍കുന്ന സ്നാനം വ്യത്യസ്തത ഉള്ളത് ആയിരിക്കും.

ക്രിസ്തീയ സ്നാനം വ്യത്യസ്തമായ കാഴപ്പാടുകള്‍

പഴയനിയമ കാലത്തും യേശുവിന്റെ കാലത്തും ശുദ്ധീകരണ പ്രക്രിയകളില്‍ ശരീരത്തിന്റെ ശുദ്ധീകരണം ഉള്‍പ്പെട്ടിരുന്നു. ശുദ്ധീകരണം പ്രാപിക്കുന്ന വ്യക്തി കുളിച്ചു, വസ്ത്രം അലക്കി വെടിപ്പാകേണം ആയിരുന്നു.
എന്നാല്‍ യേശു നമ്മളോട് അനുസരിക്കുവാന്‍ പറഞ്ഞ സ്നാനം ഇതില്‍ നിന്നും വ്യത്യസ്തം ആയിരുന്നു.
യഹൂദ മതത്തിലേക്ക് വരുന്ന ജാതീയര്‍ സ്നാനം എല്കുന്നതിലൂടെ അവരുടെ പുതിയ വിശ്വാസത്തെ പരസ്യമായി ഏറ്റുപറയുക ആയിരുന്നു.
എന്നാല്‍ യോഹന്നാന്‍ സ്നാപകന്‍ സ്നാനത്തിലെക്ക് കൂടുതല്‍ വെളിച്ചം വീശുകയും, അതിനെ മനാസന്തരവുമായി ബന്ധിപ്പിക്കുകയും ചെയ്തു.
ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, മതം മാറ്റത്തോടനുബന്ധിച്ചുള്ള സ്നാനം യഹൂദന്മാര്‍ക്ക് ആവശ്യമില്ലായിരുന്നു.
പക്ഷെ, യോഹന്നാന്‍ പറഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; ആകയാല്‍ അതില്‍ അവകാശി ആകണമെങ്കില്‍ മാനസാന്തരപ്പെടെണം, അതിന്റെ പരസ്യമായ ഏറ്റുപറച്ചിലായി സ്നാനപ്പെടെണം.
യോഹന്നാന്‍ സ്നാനത്തെ മാനസന്തരവുമായി ബന്ധിപ്പിക്കുകയും മാനസാന്തരപ്പെട്ടവരെ സ്നാനപ്പെടുത്തുകയും ചെയ്തു.

ഇതു മത്തായി 3 ആം അദ്ധ്യായത്തിലെ യോഹന്നാന്റെ ശുശ്രൂഷയില്‍ കൂടുതല്‍ വ്യക്തമാകുന്നുണ്ട്.
യോഹന്നാന്റെ സ്നാനത്തിനായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞതു: സർപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?(7)
അതായത്, യോഹന്നാന്‍ പറഞ്ഞത് ഇതാണ്, ദൈവരാജ്യം സമീപിച്ചിരിക്കുന്നു, അതിനാല്‍ മാനസാന്തരപ്പെട്ടു സ്നാനപ്പെടെണം എന്ന സന്ദേശം കേട്ട്, ദൈവരാജ്യം നഷ്ടപ്പെടാതിരിക്കുവാനായി നിങ്ങള്‍ സ്നാനപ്പെടുവാന്‍ വന്നിരിക്കുക ആണ്. എന്നാല്‍, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ മാനസാന്തരപ്പെട്ടിട്ടില്ല.
അതുകൊണ്ട്, മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ. (8)
മാനസാന്തരപ്പെടാതെ സ്നാനപ്പെട്ടതുകൊണ്ട് വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാന്‍ കഴിയുക ഇല്ല.
ഇവിടെ യോഹന്നാന്‍ മാനസന്തരത്തിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നത് വ്യക്തം ആണ്.
മാനസന്തരപ്പെട്ടവരെ ആണ് സ്നാനപ്പെടുത്തുന്നത്; സ്നാനത്തിലൂടെ സംഭവിക്കുന്നതല്ല മാനസാന്തരം.
അതുകൊണ്ടാണ് മാനസന്തരപ്പെടാത്ത പരീശന്മാരേയും സദൂക്യരെയും സ്നാനപ്പെടുത്തുവാന്‍ അദ്ദേഹം വിസമ്മതിക്കുന്നത്‌.

ഇതേ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് പത്രോസ് ഒന്നാമത്തെ ലേഖനത്തില്‍ ഇങ്ങനെ പറയുന്നത്:

1 പത്രോസ് 3: 21 “.... സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.

ഇവിടെയും സ്നാനം മൂലം ആരും രക്ഷിക്കപ്പെടുന്നില്ല; സ്നാനം ദൈവത്തോടുള്ള നല്ല മനസ്സക്ഷിക്കായി സ്വീകരിക്കുന്നു എന്നതേ ഉള്ളൂ. ദൈവീക കല്‍പ്പന അനുസരിച്ച് ക്രിസ്തുവിന്റെ കര്‍തൃത്വം സ്വീകരിച്ചു എന്ന നല്ല മനസ്സാക്ഷി ആണ് ലഭിക്കുന്നത്.

ക്രിസ്തീയ സ്നാനത്തെക്കുറിച്ച് വിവധ ക്രൈസ്തവ സഭാവിഭാഗങ്ങളില്‍ വ്യത്യസ്തങ്ങള്‍ ആയ കാഴ്ചപ്പാട് ആണ് ഉള്ളത്.
ചില സഭാവിഭാഗങ്ങള്‍ അതിനെ ഒരു കൂദാശ അഥവാ ഒരു ദിവ്യകര്‍മ്മം ആയി കരുതുന്നു. മറ്റുള്ള ചിലര്‍ അതിനെ കര്‍ത്താവിന്റെ ഒരു കല്‍പ്പനയായി കാണുന്നു. 
ആദ്യ സഭാവിശ്വാസികള്‍ വിശ്വസിക്കുന്നവരെ വെള്ളത്തില്‍ ശരീരം ആസകലം മുക്കി സ്നാനപ്പെടുത്തിയിരുന്നു. വെള്ളത്തിന് ദൌര്‍ഭ്യമുള്ള സാഹചര്യത്തില്‍ സ്നാനപ്പെടുന്നവനും സ്നാനപ്പെടുത്തുന്നവനും ഭാഗികമായി വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുകയും, അല്ലെങ്കില്‍ വെള്ളത്തില്‍ മുട്ടുകുത്തി നില്‍ക്കുകയും സ്നാനം സ്വീകരിക്കുന്ന വ്യക്തിയുടെ മേല്‍ ഒരു വലിയ പാത്രത്തില്‍ നിറയെ വെള്ളം ഒഴിക്കുകയും ചെയ്യുന്ന പതിവും ഉണ്ടായിരുന്നു.
ഇതു അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭാവിക്കാറുള്ളതായിരുന്നു, എങ്കിലും ചരിത്ര സത്യം ആണ്.
വെള്ളത്തില്‍ മുങ്ങി സ്നാനപ്പെടുവാന്‍ കഴിയാത്ത അവസ്ഥയില്‍, രോഗിയായോ, ശാരീരിക വൈകല്യം കാരണമോ ആയി തീര്‍ന്നവരെയും ഇങ്ങനെ സ്നാനപ്പെടുത്താറുണ്ടായിരുന്നു.
മൂന്നാം നൂറ്റാണ്ടു മുതല്‍ കാണപ്പെടുന്ന സ്നാനത്തിന്റെ ചിത്രങ്ങളില്‍ ഈ പതിവ് ആണ് ചിത്രീകരിച്ചിട്ടുള്ളത്.
എന്നാല്‍ ഈ രീതി പരക്കെ ഉപയോഗിക്കപ്പെട്ടിരുന്നില്ല എന്നും യോഹന്നാന്‍ സ്നാപകനൊ, യേശുവോ അപ്പോസ്തലന്മാരോ ഈ രീതി ഉപയോഗിച്ചിരുന്നില്ല എന്നും വേദഭാഗങ്ങള്‍ പഠിച്ചാല്‍ മനസ്സിലാകും.
ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, യോഹന്നാന്‍ സ്നാപകന്‍ ഉള്‍പ്പെട്ടിരുന്ന, മശിഹയുടെ വരവിനായി എരിവോടെ കാത്തിരുന്ന സമൂഹം, മാനസന്തരപ്പെട്ടവരെ മുഴുവനായി വെള്ളത്തില്‍ മുക്കി സ്നാനപ്പെടുത്തുക മാത്രമേ ചെയ്യാറുണ്ടായിരുന്നുള്ളൂ. കാരണം അവര്‍ ആത്മീയമായി എരിവുള്ളവര്‍ ആയിരുന്നു എന്നത് തന്നെ.
അതിനാല്‍, ഭാഗികമായി വെള്ളത്തില്‍ നിന്നുകൊണ്ട്, യോഹന്നാന്‍ സ്നാപകന്‍ യേശുവിന്റെ ശിരസ്സില്‍ അല്‍പ്പം വെള്ളം ഒഴിക്കുന്ന ചിത്രം, പിന്നീടു ക്രൈസ്തവ സഭയില്‍ കടന്നുകൂടിയ തെറ്റായ ഉപദേശങ്ങളെ ന്യായീകരിക്കുവാന്‍ വേണ്ടി മാത്രം പ്രചരിപ്പിക്കുന്നതാണ്.
ഇതു നമുക്ക് ഈ വാക്യത്തില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

യോഹന്നാന്‍ 3: 23 യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു.

“വളരെ വെള്ളം ഉണ്ടായിരുന്നു” എന്ന രേഖപ്പെടുത്തല്‍ മനപ്പൂര്‍വ്വമായി ഉണ്ടായതാണ് എന്ന് വേണം കരുതാന്‍. അത് യോഹന്നാന്‍ സ്നാപകന്‍ എങ്ങനെ ആണ് സ്നാനപ്പെടുത്തിയത് എന്ന് മനസ്സിലാക്കുവാന്‍ വായനക്കാരെ സഹായിക്കുന്നു.
വളരെ അധികം വെള്ളം ഇല്ലാത്ത ഇടങ്ങളിലും അപൂര്‍വ്വമായി സ്നാനം നടത്താറുണ്ടായിരുന്നു എന്ന് നമ്മള്‍ മുമ്പ് പറഞ്ഞല്ലോ. എന്നാല്‍ സ്നാനം വളരെ വെള്ളം ഉള്ളിടത്ത് തന്നെ ആകുന്നതാണ് കൂടുതല്‍ സ്വീകാര്യം എന്ന് ഈ പരാമര്‍ശം എടുത്തുകാണിക്കുന്നു.
വളരെ വെള്ളവും അതില്‍ മുങ്ങിയുള്ള സ്നാനവും ആയിരുന്നു യോഹന്നാന്‍ ക്രമീകരിച്ചിരുന്നത്‌.
“യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി” (മത്തായി 3:16) എന്ന വാചകവും വെള്ളത്തില്‍ മുങ്ങി സ്നാനം സ്വീകരിച്ചതിനെ കാണിക്കുന്നു.
അപ്പോസ്തല പ്രവര്‍ത്തികളില്‍, ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, ഫിലിപ്പോസ് ഷണ്ഡനെ സ്നാനം കഴിപ്പിച്ചു, എന്നാണു നമ്മള്‍ വായിക്കുന്നത്. (38)

സ്നാനം എന്ന പദത്തിന്റെ അര്‍ത്ഥം

സ്നാനം എന്ന വാക്കിന്റെ ഇംഗ്ലീഷ് പദം baptism എന്നാണ്. ഇതു മൂല ഭാഷയായ ഗ്രീക്കില്‍ സ്നാനത്തെക്കുറിക്കുന്ന വാക്കിന്റെ ഇംഗ്ലീഷിലെക്കുള്ള തര്‍ജ്ജമ അല്ല. സാങ്കേതികമായി അതൊരു ലിപ്യന്തരണം ആണ്. അതായത് മൂല ഭാഷയിലെ വാക്കിനെ അതുപോലെ തന്നെ മറ്റൊരു ഭാഷയിലെ ലിപി ഉപയോഗിച്ച് എഴുതിയതാണ്. baptism എന്ന വാക്ക് ഗ്രീക്കില്‍ നിന്നും ഇംഗ്ലീഷിലേക്ക് കടം എടുത്തതാണ് എന്നും പറയാം.
ഗ്രീക്കില്‍ ഈ ആശയത്തില്‍ ഒരേ പദത്തിന്റെ വിവിധ രൂപങ്ങള്‍ ഉപയോഗത്തില്‍ ഉണ്ട്. അതിനാല്‍ baptism എന്ന ഇംഗ്ലീഷ് വാക്കിന്റെ മൂല പദമായി ഇതില്‍ ഏതെങ്കിലും ഒന്നിനെ എടുത്തുകാണിക്കാറുണ്ട് .
അതില്‍ ഒരു ഗ്രീക്ക് പദമാണ്, bapto എന്നത്. ഇതില്‍ നിന്നും ആണ് baptizo എന്ന പദം രൂപപ്പെട്ടത്. നമുക്ക് ഈ രണ്ടു വാക്കുകളുടെയും അര്‍ത്ഥം എന്താണ് എന്ന് നോക്കാം.

വേദപുസ്തക പണ്ഡിതന്മാര്‍ വേദപുസ്തകം എഴുതപ്പെട്ട എബ്രായ, ഗ്രീക്ക് ഭാഷകള്‍ പഠിക്കുവാന്‍ ഉപയോഗിക്കുന്ന ഒന്നിലധികം നിഘണ്ടുകള്‍ ഉണ്ട്.
Joseph Henry Thayer, 1828 മുതല്‍ 1901 വരെ അമേരിക്കയില്‍ ജീവിച്ചിരുന്ന ഒരു വേദപണ്ഡിതന്‍ ആണ്.
മുപ്പതു വര്‍ഷങ്ങളുടെ കഠിന ശ്രമ ഫലമായി, 1885 ല്‍ അദ്ദേഹം തന്റെ ഗ്രീക്ക് നിഘണ്ടു ആദ്യം പ്രസിദ്ധീകരിച്ചു.
പിന്നീട് അതിന്‍റെ പുതിക്കിയ പതിപ്പ് 1889 ലും പ്രസിദ്ധീകരിച്ചു.
Thayer's Greek–English Lexicon of the New Testament എന്നാണ് അദ്ദേഹത്തിന്‍റെ നിഘണ്ടുവിന്‍റെ പേര്.
ഗ്രീക്, എബ്രായ നിഘണ്ടുകള്‍ തയ്യാറാക്കിയ മറ്റൊരു പണ്ഡിതന്‍ ആണ് James Strong.
അദ്ദേഹം 1822 മുതല്‍ 1894 വരെ അമേരിക്കയില്‍ ജീവിച്ചിരുന്ന ഒരു മെത്തോടിസ്റ്റ് വേദപണ്ഡിതന്‍ ആയിരുന്നു. Strong's Concordance എന്നത് അദ്ദേഹത്തിന്‍റെ പ്രശസ്തമായ കൃതി ആണ്. അദ്ദേഹം തയ്യാറാക്കിയ എബ്രായ, ഗ്രീക്ക് ഭാഷകളുടെ നിഘണ്ടു വേദപുസ്തകം പഠിക്കുവാന്‍ ആശ്രയിക്കാവുന്നതാണ്.

Joseph Henry Thayer ന്‍റെ നിഘണ്ടുവില്‍ baptizo എന്ന ഗ്രീക്ക് വാക്കിന് മൂന്ന് അര്‍ത്ഥങ്ങള്‍ കൊടുത്തിട്ടുണ്ട്.
ഒന്ന്, ആവര്‍ത്തിച്ച് വെള്ളത്തില്‍ മുഴുവനായി മുക്കുക, കപ്പല്‍ വെള്ളത്തില്‍ മുങ്ങുക എന്നതാണ്.
രണ്ടാമത്തെ അര്‍ത്ഥം, വെള്ളത്തില്‍ മുക്കി വൃത്തിയാക്കുക, കഴുകുക, വെള്ളം കൊണ്ട് ശുദ്ധി വരുത്തുക, തന്നെത്തന്നെ കഴുകുക, കുളിക്കുക എന്നിവ ആണ്.
മൂന്നാമത്തെ അര്‍ത്ഥം മൊത്തം മൂടത്തക്കവണ്ണം കവിഞ്ഞ് ഒഴുകുക എന്നതാണ്.
ഗ്രീക്കുകാര്‍ അവര്‍ ഭക്ഷണം കഴിക്കുന്ന പാത്രങ്ങളെ, വൃത്തിയാക്കുവാനായി കഴുകുമ്പോള്‍ അതിനെ വെള്ളത്തില്‍ മുഴുവനായും മുക്കുന്നതിനെ കുറിച്ച് പറയുവാന്‍ ഈ വാക്ക് ഉപയോഗിച്ചിരുന്നു. വെള്ളത്തില്‍ മുഴുവനായി മുക്കുക എന്നല്ലാതെ മറ്റൊരു അര്‍ത്ഥം ഈ വാക്കിന് ഗ്രീക്കില്‍ ഉണ്ടായിരുന്നില്ല.

ഈ വാക്കുകളുടെ അര്‍ത്ഥം വ്യക്തമായി മനസ്സിലാക്കുവാന്‍, 200 BC ല്‍ ജീവിച്ചിരുന്ന ഗ്രീക്ക് കവിയും ഭിഷഗ്വരനും ആയ നികണ്ടര്‍ (Nicander) എഴുതിയ ഒരു കുറിപ്പടി സഹായകമാകും.
അതില്‍ അച്ചാര്‍ ഉണ്ടാക്കുന്ന രീതി അദ്ദേഹം വിശദീകരിക്കുന്നു.
അതിനായി ആദ്യം പച്ചകറികള്‍ തിളപ്പിച്ച വെള്ളത്തില്‍ മുക്കി വെക്കേണം എന്ന് അദ്ദേഹം പറയുന്നു. ഇവിടെ bapto എന്ന വാക്ക് ആണ് അദ്ദേഹം ഉപയോഗിച്ചത്. പച്ചക്കറികള്‍ തിളപ്പിച്ച വെള്ളത്തില്‍ മുക്കിവെക്കുന്നത് അല്‍പ്പ നേരത്തെക്കും താല്‍ക്കാലികവും ആയിരുന്നു.
അതിനുശേഷം പച്ചക്കറികളെ വിനാഗിരിയില്‍ മുഴുവനായി മുക്കിവേക്കേണം എന്ന് അദ്ദേഹം പറയുന്നു. ഇതു ദീര്‍ഘകാലത്തെക്കും സ്ഥിരവും ആയിരുന്നു. ഇവിടെ baptizo എന്ന വാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെ മുക്കിവെക്കുമ്പോള്‍ പച്ചക്കറികള്‍ക്ക് സ്ഥിരമായ വ്യത്യാസം ഉണ്ടാകുന്നു.
അതായത് bapto എന്ന ഗ്രീക്ക് പദവും baptizo എന്ന പദവും വെള്ളത്തില്‍ പൂര്‍ണ്ണമായും മുക്കി വെക്കുന്നതിനെ കാണിക്കുന്നു. bapto അല്‍പ്പ നേരത്തെക്കും താല്‍ക്കാലികവും ആയിരുന്നു എങ്കില്‍ baptizo സ്ഥിരവും മാറ്റങ്ങള്‍ ഉണ്ടാക്കുന്നതും ആയിരുന്നു.

മര്‍ക്കോസ് 16: 16 ല്‍ “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്ന വാക്യത്തില്‍ baptizo എന്ന ഗ്രീക്ക് പദം ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ അര്‍ത്ഥം വിശ്വാസിയുടെ സ്നാനം സ്ഥിരമായ മാറ്റങ്ങള്‍ ഉളവാക്കേണം എന്നാണ്.
സ്നാനം ബുദ്ധിപരമായ ഒരു പ്രവര്‍ത്തി അല്ല; അത് ആത്മീയമായ ഒരു പരിവര്‍ത്തനത്തിന്റെ പ്രക്രിയ ആണ്. അത് ക്രിസ്തുവിനോട് ചേരുന്ന അനുഭവം ആണ്.

വേദപുസ്തകത്തില്‍ സ്നാനത്തെക്കുറിച്ചു ആദ്യം പറയുന്നത് യോഹന്നാന്റെ സ്നാനം ആണ്.
അത് മാനസാന്തരത്തിനായുള്ള സ്നാനം ആയിരുന്നു. അതായത് മാനസാന്തരപ്പെട്ടവരെ അതിന്റെ പ്രത്യക്ഷ അടയാളമായി യോഹന്നാന്‍ സ്നാനപ്പെടുത്തി.
മത്തായി 3: 6 ല്‍ പറയുന്നു: യോഹന്നാന്‍ സ്നാപകനില്‍ നിന്നും സ്നാനം സ്വീകരിച്ചവര്‍, “തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.”

എന്നാല്‍ ക്രിസ്തുവിന്റെ മരണത്തോടെ സ്ഥാപിക്കപ്പെട്ട പുതിയ ഉടമ്പടിയില്‍ സ്നാനം വ്യത്യസ്തം ആണ്. പുതിയ നിയമ ഉടമ്പടിയില്‍ സ്നാനം യേശുവിന്റെ ക്രൂശ് മരണത്തോടും അടക്കത്തോടും ഉയിര്‍പ്പിനോടും ബന്ധപ്പെട്ടിരിക്കുന്നു.
യേശുവിന്‍റെ ശിഷ്യന്‍ ആകുന്നതിന്റെ ആരംഭം ആണ് ക്രിസ്തീയ സ്നാനം. ശിഷ്യന്‍ ആകുക എന്നത് അപ്പോസ്തലന്മാര്‍ക്കോ, പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്കോ മാത്രമുള്ള ഒരു ദൈവീക വിളി അല്ല. യേശുവില്‍ വിശ്വസിച്ച് രക്ഷിക്കപ്പെടുന്ന എല്ലാവരും അവന്റെ ശിഷ്യന്മാര്‍ ആണ്.

ക്രിസ്തീയ സ്നാനത്തിന്റെ മര്‍മ്മം

ഇനി നമുക്ക് ക്രിസ്തീയ സ്നാനത്തിന്റെ ആത്മീയ മര്‍മ്മം എന്താണ് എന്ന് ചിന്തിക്കാം.
ജലസ്നാനം പരിശുദ്ധാത്മാവ് ഒരുവനില്‍ ചെയ്ത ക്രിയയുടെ പുനരാവിഷ്കാരം ആണ്.
യേശുക്രിസ്തുവിന്റെയും യേശുക്രിസ്തുവിലൂടെ ഒരു വിശ്വാസി കടന്നുപോയതും ആയ മരണം, അടക്കം, ഉയിര്‍പ്പ് എന്നീ അനുഭവങ്ങളെ ആണ് ക്രിസ്തീയ സ്നാനം സൂചിപ്പിക്കുന്നത്.
ത് നമ്മളുടെ പഴയ മനുഷ്യന്റെ മരണം, അടക്കം, പുതിയ മനുഷ്യന്റെ ഉയിര്‍പ്പ് എന്നിവയുടെ പ്രതീകമാണ്.
റോമര്‍ 6:11 ല്‍ പറയുന്ന പ്രകാരം, നമ്മള്‍ പാപസംബന്ധമായി മരിച്ചവരും, ഇപ്പോള്‍ ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവരും ആണ്.

കൊലോസ്യര്‍ 2:12 “സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.”

അങ്ങനെ, വെള്ളത്തില്‍ മുങ്ങി മൂടപ്പെട്ടിരിക്കുന്നത് മരണം, അടക്കം എന്നിതിനെയും വെള്ളത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നത്‌ വിശുദ്ധീകരണത്തെയും കാണിക്കുന്നു.

റോമര്‍ 6:4അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.

സ്നാനം എന്താണ് എന്ന് അപ്പോസ്തലനായ പൌലോസ് വ്യക്തമായി പറയുന്നതിലൂടെ അത് എങ്ങനെ ക്രമീകരിക്കേണം എന്നും നമുക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ.
സ്നാനത്തില്‍, നമ്മള്‍ ക്രിസ്തുവിനോട് കൂടെ മരിച്ചു അടക്കപ്പെടുക ആണ്. ശിരസ്സില്‍ വെള്ളം തളിക്കുന്ന സ്നാന രീതിയും വെള്ളം ഒഴിക്കുന്ന രീതിയും കുളിക്കുന്ന രീതിയും മരണത്തിനോ അടക്കത്തിണോ പ്രതീകം ആകുന്നില്ല.

ലളിതമായി പറഞ്ഞാല്‍, ഒരുവന്റെ ഉള്ളാലെ ഉള്ള മനുഷ്യന് വന്ന രൂപാന്തരത്തിന്റെ ബാഹ്യമായ സാക്ഷ്യം ആണ് സ്നാനം എന്നത്.
ക്രിസ്തീയ സ്നാനം രക്ഷയ്ക്ക് ശേഷം ഉള്ള ദൈവത്തോടുള്ള അനുസരണം ആണ്. ക്രിസ്തീയ സ്നാനം രക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എങ്കിലും രക്ഷിക്കപ്പെടുവാനുള്ള മാര്‍ഗ്ഗമോ, ആവശ്യകതയോ അല്ല.
ഒരു വ്യക്തി, ആദ്യം രക്ഷിക്കപ്പെടുകയും, ശേഷം സ്നാനപ്പെടുകയും ചെയ്യുന്നു.
അപ്പോസ്തല പ്രവര്‍ത്തികള്‍ 2:41 ല്‍ അതാണ്‌ നമ്മള്‍ കാണുന്നത്. അവന്റെ (പത്രോസിന്റെ) വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.

ഒരു വ്യക്തി യേശുക്രിസ്തുവിലൂടെ ഉള്ള രക്ഷ സ്വീകരിച്ചാല്‍ ഉടന്‍ അവന്‍ സ്നാനപ്പെടെണം.
അപ്പോസ്തല പ്രവര്‍ത്തികള്‍ 8 ആം അദ്ധ്യായത്തില്‍, ഐത്യോപ്യാരാജ്യത്തെ ഷണ്ഡന്‍റെ ചരിത്രം നമ്മള്‍ വായിക്കുന്നു.
 ഐത്യോപ്യാരാജ്യത്തെ ഷണ്ഡനോട് ഫിലിപ്പൊസ് തിരുവെഴുത്തു ആധാരമാക്കി യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു. (35)
അവർ ങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു. (36)
അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു. (37)
അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു; (38)
യേശുവിന്റെ കാലം മുതല്‍, എവിടെ എല്ലാം സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ടോ അവിടെ എല്ലാം വിശ്വസിച്ചവരെ സ്നാനപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്തീയ സ്നാനം പിതാവിന്‍റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ വെള്ളത്തില്‍ മുഴുവനായി മുങ്ങി സ്നാനപ്പെടുന്നതാണ്.
ഇതു ക്രൂശിനോടുള്ള അനുസരണത്തിന്റെ അടയാളം ആണ്. ഇതു, യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിലും അടക്കത്തിലും ഉയിര്‍പ്പിലും ഉള്ള വിശ്വാസത്തെ കാണിക്കുന്നു.
രക്ഷിക്കപ്പെടുന്നതിനു മുമ്പുള്ള പഴയ മനുഷ്യന്‍ മരിച്ചു അടക്കപ്പെടുന്നതും, ഉയിര്‍പ്പിന്റെ പുതുക്കത്തില്‍ പുതിയ മനുഷ്യനായി ജീവിക്കുന്നതിന്റെയും സമര്‍പ്പണവും പ്രതീകവും ആണ്.
ഒരു വ്യക്തി സ്നാനപ്പെടുന്നത് കൊണ്ട് മാത്രം യാതൊന്നും നേടുന്നില്ല; എന്നാല്‍ രക്ഷിക്കപ്പെട്ട ഒരുവന്‍റെ സ്നാനം ക്രിസ്തുവിന്റെ രക്തത്താല്‍ അവന്റെ പാപങ്ങള്‍ കഴുകപ്പെട്ടതിന്റെ പ്രത്യക്ഷമായ സാക്ഷ്യം ആണ്.
അതുകൊണ്ട്, രക്ഷിക്കപ്പെടുന്നതിനു മുമ്പ് ഉണ്ടായ ഏതെങ്കിലും രീതിയിലുള്ള സ്നാനമോ മാമോദീസയോ അര്‍ത്ഥശൂന്യവും പ്രയോജന രഹിതവും ആണ്.
യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിലൂടെ മാനവരാശിക്ക്, പാപത്തില്‍ നിന്നും അതിന്റെ ശിക്ഷയില്‍ നിന്നും ലഭിച്ച രക്ഷയില്‍, ഹൃദയം കൊണ്ട് വിശ്വസിക്കുകയും, അത് ഏറ്റുപറയുകയും ചെയ്ത്, ക്രിസ്തുവിനെ ജീവിതത്തിന്റെ കര്‍ത്താവായി സ്വീകരിച്ച്, രക്ഷിക്കപ്പെട്ട ഒരു വ്യക്തി സ്വീകരിച്ച സ്നാനം, അത് ഏതു രീതിയില്‍ ഉള്ളതാണെങ്കിലും ശരിയായതും സ്വീകാര്യവും ആണ്.
എന്നാല്‍ സ്നാനം ഒരിക്കലും രക്ഷയെയോ ദൈവ കൃപയെയോ നേടി എടുക്കുന്നതിനുള്ള കര്‍മ്മമോ കൂദാശയോ അല്ല.

ക്രിസ്തുവിനോട് ചേരുവാനുള്ള സ്നാനം നമ്മളെ ക്രിസ്തുവിനോടും അവന്റെ സഭയോടും ചേര്‍ക്കുക കൂടി ആണ്.
സഭ ഇന്ന് ക്രിസ്തുവിന്‍റെ പ്രത്യക്ഷമായ ശരീരം ആണ്.
അതാണ്‌ പൌലോസ് കൊരിന്ത്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നത്:

1 കൊരിന്ത്യര്‍ 12: 12, 13
12   ശരീരം ഒന്നും, അതിന്നു അവയവം പലതും, ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.
13   യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.

പഴയ നിയമ സാദൃശ്യങ്ങള്‍

പഴയനിയമത്തിലെ രണ്ടു സംഭവങ്ങളെ സ്നാനത്തിനു മുന്‍കുറി ആയി പത്രോസും പൌലോസും പരാമര്‍ശിക്കുന്നുണ്ട്.

1 പത്രോസ് 3: 20, 21
20  ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു.
21   അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.

പെട്ടകത്തിലൂടെ രക്ഷപ്പെട്ടവര്‍ നോഹയും കുടുംബവും ആണ്. നോഹ ജീവിച്ചിരുന്ന കാലത്തെക്കുറിച്ചു നമ്മള്‍ ഉല്‍പ്പത്തി 6: 5 ല്‍ വായിക്കുന്നു: “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.”
നോഹയെ ദൈവം സ്നാനത്തിനു സാദൃശ്യമായ രീതിയില്‍ വിടുവിച്ചത് ദോഷമുള്ള ജനത്തില്‍ നിന്നാണ്.
വെള്ളം ദുഷ്ടതയില്‍ ജീവിച്ച മനുഷ്യരെ എല്ലാം ല്ലാതാക്കിയതുപോലെ, സ്നാനവും ദുഷ്ടതയുള്ള പഴയമനുഷ്യന്റെ മരണത്തെ കാണിക്കുന്നു.
ഇവിടെ വെള്ളം ശിക്ഷയും രക്ഷയും ആണ്. വെള്ളത്താലുള്ള സ്നാനം ദുഷ്ടത നിറഞ്ഞ പഴയ മനുഷ്യന്‍റെ ശിക്ഷയും, പുതിയ മനുഷ്യന്റെ രക്ഷയും ആണ്.
എന്നാല്‍, വെള്ളത്താലല്ല, പെട്ടകം മൂലമാണ് നോഹയും കുടുംബവും രക്ഷ പ്രാപിച്ചത് എന്നും നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വെള്ളം പെട്ടകത്തെ സകല മനുഷ്യരും കാണത്തക്കവണ്ണം, ഉയര്‍ത്തിപ്പിടിക്കുക ആണ് ചെയ്തത്. രക്ഷ ലഭിച്ചത് വെള്ളം എന്ന ശിക്ഷയില്‍ നിന്നും ആണ്, രക്ഷിക്കപ്പെട്ടത്‌ പെട്ടകത്തില്‍ വാതില്‍ അടച്ച് ഇരുന്നത് കൊണ്ടാണ്. ഇതാണ് ഈ സാദൃശ്യത്തിന്റെ അര്‍ത്ഥം.
പത്രോസ്  ഇവിടെ ഒരു ചരിത്ര സംഭവത്തെ ഒരു സാദൃശ്യമായി പറയുകയാണ്. സാദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ എല്ലാം പൊരുള്‍ ആയി തീരേണം എന്നില്ല. സാദൃശ്യത്തെ പൊരുള്‍ ആയി പഠിക്കുമ്പോഴും ചരിത്ര സംഭവങ്ങളെ ഉപദേശങ്ങള്‍ ആയി ബന്ധിപ്പിക്കുമ്പോഴും നമ്മള്‍ ഇത് ഓര്‍ക്കേണം.

പഴയനിയമത്തിലെ മറ്റൊരു പ്രധാന സംഭവത്തെ പൌലോസും സ്നാനത്തിന്റെ നിഴല്‍ ആയി പറയുന്നുണ്ട്.

1 കൊരിന്ത്യര്‍ 10: 2 എല്ലാവരും (യിസ്രായേല്‍ ജനം) സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു

യിസ്രായേല്‍ ജനം ദൈവത്തിന്റെ സംഹാരകനില്‍ നിന്നും രക്ഷ പ്രാപിച്ചത് ചെങ്കടലില്‍ കൂടെ നടന്നത് കൊണ്ടല്ല. സംഹാരകനില്‍ നിന്നുള്ള രക്ഷ കുഞ്ഞാടിന്റെ മാസം ഭക്ഷിക്കുകയും അതിന്റെ രക്തത്തിന്റെ മറവില്‍ ഇരിക്കുകയും ചെയ്തതുകൊണ്ടാണ്.
അതായത് രക്ഷിക്കപ്പെട്ട യിസ്രായേല്‍ ജനമാണ് മിസ്രയീമില്‍ നിന്നും യാത്ര തുടങ്ങുന്നത്. എന്നാല്‍ അവര്‍ മിസ്രയീമില്‍ തന്നെ തുടരുക ആണെങ്കില്‍ അവരുടെ രക്ഷ കൊണ്ട് പ്രയോജനം ഇല്ല. മിസ്രയീം സൈന്യം അവരെ വീണ്ടും അടിമകള്‍ ആക്കുവാന്‍ പിന്നാലെ വരുന്നുണ്ട്.
അതിനാല്‍, രക്ഷയാലുള്ള വാഗ്ദത്തം പ്രാപിക്കുവാന്‍, അവര്‍ക്ക് മിസ്രയീമില്‍ നിന്നും ഒരു വേര്‍പാട് ആവശ്യമാണ്‌. വേര്‍പാട് ആണ് ചെങ്കടലിലൂടെ യാത്രചെയ്തു അക്കരെ എത്തുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്നത്.
വേര്‍പാട് ഇവിടെ സംരക്ഷണവും, വിടുതലും, സ്വാതന്ത്ര്യവും ആകുക ആണ്.
ചെങ്കടലിലൂടെ ഉള്ള ഈ യാത്രയും അതിനാലുള്ള വേര്‍പാടും സ്നാനത്തിന് നിഴല്‍ ആണ് എന്ന് പൌലോസ് പറയുന്നു.

രക്ഷയ്ക്ക് സ്നാനം ആവശ്യമുണ്ടോ?

“സ്നാനത്താലുള്ള പുനര്‍ജനനം” എന്ന ചിന്തയില്‍ വിശ്വസിക്കുന്നവര്‍ രക്ഷയ്ക്ക് സ്നാനം ആവശ്യമുണ്ട് എന്ന് വിശ്വസിക്കുന്നു.
അതായത് ഒരുവന്‍ സ്നാനപ്പെടുമ്പോള്‍ മാത്രവും സ്നാനത്തിലൂടെ മാത്രവും, സ്നാനത്താലും മാത്രമേ രക്ഷിക്കപ്പെടുക ഉള്ളൂ എന്ന് അവര്‍ വിശ്വസിക്കുന്നു.
ഒരു ശിശു സ്നാനം സ്വീകരിക്കുമ്പോള്‍ അതിനു ദൈവ കൃപ ലഭിക്കുകയും അതിനാല്‍ തന്നെ രക്ഷിക്കപ്പെടുകയും ചെയ്യുന്നു എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. അവര്‍ക്ക് സ്നാനം ഒരു കൂദാശ ആണ്.
ഈ രണ്ടു കൂട്ടരും അടിസ്ഥാനപരമായി ഒരേ കാര്യം വിശ്വസിക്കുന്നവര്‍ ആണ്. എപ്പോള്‍ സ്നാനപ്പെടെണം എന്നതില്‍ മാത്രമേ ഇവര്‍ക്കിടയില്‍ വ്യത്യാസം ഉള്ളൂ.

ഈ വിഷയം കൂടുതല്‍ മനസിലാക്കുവാനായി, അപ്പോസ്തലനായ പത്രോസിന്‍റെ ആദ്യത്തെ പ്രസംഗത്തിലെ ഒരു വാക്യം നമുക്ക് വായിക്കാം.

അപ്പോസ്തല പ്രവര്‍ത്തികള്‍ 2: 38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.

അപ്പോസ്തല പ്രവര്‍ത്തികള്‍ ചരിത്ര സംഭവങ്ങളുടെ രേഖയാണ്, അത് ഉപദേശങ്ങളുടെ വിശദീകരണം അല്ല എന്ന് നമ്മള്‍ ഓര്‍ക്കേണം.
ഒരുവന്‍ യഹൂദ മതം സ്വീകരിക്കുന്നതിനെക്കുറിച്ചും, യോഹന്നാന്‍ പ്രസംഗിച്ച മാനസാന്തര സ്നാനത്തെക്കുറിച്ചും ഉള്ള ധാരണകള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് പത്രോസ് നമ്മള്‍ വായിച്ച വാക്യം പറയുന്നത്.
അതിനാല്‍, അദ്ദേഹം പറഞ്ഞത് നമ്മള്‍ ഇങ്ങനെ ആണ് മനസ്സിലാക്കേണ്ടത് : നിങ്ങള്‍ പാപങ്ങളുടെ മോചനത്തിനായി മാനസന്തരപ്പെട്ടു, യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം ഏല്‍പ്പിന്‍.

സ്നാനപ്പെടുന്നത് പാപമോചനത്തിനല്ല, പാപമോചനം യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുമ്പോള്‍ ലഭിക്കുന്നതാണ്. ഇത് വേദപുസ്തകത്തില്‍ മറ്റുഭാഗങ്ങളില്‍ നിന്നും ഗ്രഹിക്കാവുന്നതാണ്.
പത്രോസിന്റെ ഈ പ്രസ്താവനയ്ക്കും ശേഷം, പൗലോസ്‌ ആണ് ക്രിസ്തീയ സ്നാനത്തെക്കുറിച്ചുള്ള ആത്മീയ മര്‍മ്മം വെളിവാക്കുന്നത്.
എന്നാല്‍ രക്ഷയും സ്നാനവും ഒന്നയിതന്നെ സംഭവിക്കേണ്ടതാണ്. അതായത് രക്ഷിക്കപ്പെടുന്നവന്‍ ഉടന്‍ തന്നെ സ്നാനപ്പെടെണം. സ്നാനത്തെകൂടാതെ ഉള്ള രക്ഷ പൊള്ളയായ അവകാശവാദം ആണ്.

പെന്തക്കോസ്ത് നാളിലെ പത്രോസിന്റെ പ്രസംഗം കേട്ട ജനം എന്താണ് ചെയ്തത് എന്ന് നമുക്ക് അറിയാമല്ലോ.
പ്രസംഗം കെട്ടവരുടെ ഹൃദയത്തില്‍ കുത്തുകൊണ്ടു.
അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.” (41)
പത്രോസ് പറഞ്ഞ ദൈവരാജ്യത്തിന്റെ സുവിശേഷവും പാപങ്ങളുടെ മോചനത്തിനായി മാനസാന്തരപ്പെടെണം എന്ന വാക്കുകളും കൈക്കൊണ്ട് വിശ്വസിച്ചവര്‍ സ്നാനം സ്വീകരിച്ചു.
സ്നാനം സ്വീകരിക്കാത്ത വിശ്വാസി എന്നത് അപ്പോസ്തലിക കാലത്ത് എങ്ങും കാണുവാന്‍ കഴിയാത്ത കാര്യം ആയിരുന്നു.

സ്നാനം രക്ഷിക്കപ്പെടുന്ന ഒരു വ്യക്തി നിര്‍ബന്ധമായും സ്വീകരിച്ചിരിക്കെണ്ടുന്ന ഒരു കല്‍പ്പന ആണ് എന്നത് ശരിതന്നെ ആണ്.
എന്നാല്‍ രക്ഷയ്ക്ക് സ്നാനം ആവശ്യമില്ല. രക്ഷിക്കപ്പെടുന്ന പ്രക്രിയയില്‍ സ്നാനം ഉള്‍പ്പെടെ മനുഷ്യരുടെ യാതൊരു പ്രവര്‍ത്തിയും ഉള്‍പ്പെടുന്നില്ല.
യേശുക്രിസ്തുവിന്റെ പാപപരിഹാര യാഗത്തിലുള്ള വിശ്വാസം മൂലമാണ്, കൃപയാല്‍ നമ്മള്‍ രക്ഷിക്കപ്പെടുന്നത്. അതിനോട് ഏതു പ്രവര്‍ത്തിയെ കൂട്ടിച്ചേര്‍ത്താലും, അത് പ്രവര്‍ത്തികളാലുള്ള രക്ഷ എന്ന തെറ്റായ പഠിപ്പിക്കല്‍ ആയി മാറും.
പ്രവര്‍ത്തികള്‍ രക്ഷയ്ക്ക് ആവശ്യമാണ്‌ എന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍, നമ്മളുടെ രക്ഷയ്ക്ക്, യേശുവിന്റെ ക്രൂശു മരണം പൂര്‍ണ്ണം അല്ല എന്ന് വരും.
യേശുവിന്റെ ക്രൂശു മരണവും അതിനോടൊപ്പം നമ്മളുടെ പ്രവര്‍ത്തിയും രക്ഷയ്ക്ക് ആവശ്യമാണ്‌ എന്ന തെറ്റായ ചിന്തയാണത്.
എന്നാല്‍ വേദപുസ്തക സത്യം അനുസരിച്ച്, നമ്മളുടെ പ്രവര്‍ത്തികള്‍ക്ക് ദൈവകൃപയെ പ്രാപിക്കുവാന്‍ സാദ്ധ്യമല്ല. ദൈവകൃപയും വിശ്വാസവും ദൈവത്തിന്‍റെ ദാനം ആണ്.

എഫെസ്യര്‍ 2: 8, 9
   കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
   ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

സ്നാനം രക്ഷയ്ക്ക് ശേഷം സ്വീകരിക്കേണ്ടുന്ന ഒരു പ്രധാന കല്‍പ്പന ആണ്, എന്നാല്‍ രക്ഷയ്ക്ക് നിദാനം അല്ല.
എന്നാല്‍ സ്നാനം രക്ഷയ്ക്ക് ആവശ്യമാണ്‌ എന്ന് പറയുന്നതായി നമുക്ക് തോന്നുന്ന ചില വേദവാക്യങ്ങള്‍ ഉണ്ട്.
അപ്പോള്‍ തന്നെ, രക്ഷ കൃപയാല്‍ വിശ്വാസം മൂലമാണ് ലഭിക്കുന്നത് എന്ന് വേദപുസ്തകം അനേകം വാക്യങ്ങളില്‍ വ്യക്തമായി പഠിപ്പിക്കുന്നുമുണ്ട്.

തീത്തോസ് 3: 5 – 7
   അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.
   നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും
   നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.

തീത്തോസിന് പൌലോസ് എഴുതുന്ന ലേഖനത്തിലെ ഈ വാക്യങ്ങള്‍ വ്യത്യസ്തങ്ങള്‍ ആയ ആശയങ്ങളില്‍ വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും വേദപുസ്തക വാക്യങ്ങള്‍ തമ്മില്‍ വിപരീതമാകാറില്ല.
യേശുവിന്റെയും ശിഷ്യന്മാരുടെയും കാലത്ത്, ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന വ്യക്തികള്‍ സ്നാനപ്പെടുക പതിവുണ്ടായിരുന്നു. അങ്ങനെ സ്നാനം പുതിയ മതം സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവായ പ്രവര്‍ത്തിയും പരസ്യമായ പ്രഖ്യാപനവും ആയിരുന്നു.
അതിനാല്‍, രക്ഷിക്കപ്പെട്ടിട്ടും സ്നാനപ്പെടാത്ത വിശ്വാസി എന്ന അവസ്ഥ അപ്പൊസ്തലന്മാരുടെ ചിന്തയില്‍ പോലും ഇല്ലായിരുന്നു. അന്ന് ദൈവ വചനം കേള്‍ക്കുകയും, സമ്മതിക്കുകയും എന്നാല്‍ സ്നാനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍ യേശുവില്‍ പൂര്‍ണ്ണമായും വിശ്വസിക്കാത്തവരും രക്ഷയെ കൈക്കൊള്ളാത്തവരും ആയിരുന്നു.
രക്ഷയും സ്നാനവും ചേര്‍ന്നുപോകുന്ന ചരിത്ര പശ്ചാത്തലത്തില്‍ ആണ് പൌലോസ് തീത്തോസിന് ലേഖനം എഴുതുന്നത്‌.
അതായത്, അപ്പോസ്തലന്മാര്‍ അന്ന് പ്രായോഗികമായി, രക്ഷയും സ്നാനവും രണ്ടു വ്യത്യസ്തമായ സമയത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ ആയി കണ്ടിരുന്നില്ല.
അവരുടെ അനുഭവത്തില്‍. രക്ഷിക്കപ്പെടുന്നവര്‍ ഉടന്‍തന്നെ സ്നാനം സ്വീകരിച്ചിരുന്നു.

എന്നാല്‍ ഉപദേശത്തില്‍ രക്ഷയും സ്നാനവും അവര്‍ക്ക് രണ്ടായിരുന്നു. രക്ഷിക്കപ്പെടുവാനുള്ള സുവിശേഷത്തില്‍ സ്നാനം ഉള്‍പ്പെട്ടിരുന്നില്ല. അത് രക്ഷിക്കപ്പെട്ടവര്‍ അനുവര്‍ത്തിക്കെണ്ടുന്ന ശിഷ്യത്വത്തിന്റെയും ദാസ്യത്വത്തിന്‍റെയും ഒഴിച്ചുകൂടുവാന്‍ പാടില്ലാത്ത ഭാഗം ആയിരുന്നു.
ഇതു വ്യക്തമാകുന്ന ഒരു വാക്യം പൌലോസ് കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ നമുക്ക് വായിക്കാം:

1 കൊരിന്ത്യര്‍ 1: 14 - 17
14   എന്റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം
15   ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
16   സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓർക്കുന്നില്ല.
17   സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു;

കൊരിന്ത്യ സഭയില്‍ ഉണ്ടായ ആഭ്യന്തര വിഭജനം ആണ് ഇതിന്റെ സന്ദര്‍ഭം.
എങ്കിലും, “സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു;” എന്ന പൌലോസിന്റെ വാക്കുകള്‍ രക്ഷയും സ്നാനവും ഒന്നല്ല എന്നും രക്ഷയ്ക്ക് സ്നാനം ആവശ്യമല്ല എന്നും വ്യക്തമാക്കുന്നു.
രക്ഷയ്ക്ക് സ്നാനം ആവശ്യമായ ഘടകം ആയിരുന്നു എങ്കില്‍ പൗലോസ്‌ സുവിശേഷം പ്രസംഗിച്ചു വിശ്വാസത്തിലേക്ക് നടത്തിയവര്‍ രക്ഷിക്കപ്പെട്ടില്ല എന്ന് പറയേണ്ടി വരും.

1 കൊരിത്യര്‍ 15: 1 8 വരെയുള്ള വാക്യങ്ങള്‍ പൌലോസ് പ്രസംഗിച്ച സുവിശേഷത്തിന്റെ സംക്ഷിപ്ത രൂപം ആണ് എന്ന് പൊതുവേ വേദപണ്ഡിതന്‍മാര്‍ വിശ്വസിക്കുന്നു. അതില്‍ സ്നാനത്തെകുറിച്ചു ഒരു വാക്കുപോലും പൌലോസ് പറയുന്നില്ല. അദ്ദേഹത്തിനു രക്ഷയും സ്നാനവും ഒന്നായിരുന്നില്ല.
എന്നാല്‍ ക്രിസ്തീയ സ്നാനത്തിന്റെ ആത്മീയ മര്‍മ്മം വെളിപ്പെടുത്തുന്നതും അതിനെ യഹൂദ സ്നാനത്തില്‍ നിന്നും യോഹന്നാന്റെ മാനസാന്തര സ്നാനത്തില്‍ നിന്നും വേറിട്ട്‌ നിറുത്തുന്നതും പൌലോസ് ആണ്.
അതിന്‍റെ അര്‍ത്ഥം ഒരു വിശ്വാസി സ്നാനപ്പെടെണം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു, എന്നാല്‍ രക്ഷ വിശ്വാസത്താല്‍ മാത്രം, ഒരു പ്രവര്‍ത്തിയും കൂടാതെ ലഭിക്കുന്നതാണ് എന്നും അദ്ദേഹം പഠിപ്പിച്ചിരുന്നു.
രക്ഷിക്കപ്പെടുവാന്‍ യേശുവിന്‍റെ ക്രൂശ് മരണത്തിലുള്ള വിശ്വാസത്തോടൊപ്പം, സ്നാനം ഉള്‍പ്പെടെ ഉള്ള ഏതെങ്കിലും മാനുഷിക പ്രവര്‍ത്തി കൂടി കൂട്ടി ചേര്‍ക്കുക ആണെങ്കില്‍, രക്ഷയ്ക്ക് യേശുവിന്റെ പാപ പരിഹാര യാഗം മതിയാകുന്നില്ല എന്ന് പറയുക ആയിരിക്കും.

അതായത്, ഞാന്‍ വീണ്ടും പറയുവാന്‍ ആഗ്രഹിക്കുന്നു, സ്നാനം രക്ഷിക്കപ്പെടുവാനുള്ള പ്രവര്‍ത്തി അല്ല,
സ്നാനം രക്ഷയെ സംഭവ്യമാക്കുന്നു എന്ന് വാദിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ വേദപുസ്തകം പറയുന്നു, വിശ്വാസം രക്ഷയെ സംഭവ്യമാക്കുന്നു. രക്ഷ, ക്രിസ്തുവില്‍, ദൈവകൃപയാലുള്ള, വിശ്വാസം മൂലം മാത്രം ലഭിക്കുന്നു.

എഫെസ്യര്‍ 2: 8, 9
   കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
   ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

രക്ഷിക്കപ്പെട്ട വ്യക്തിയുടെ സ്നാനവും അദ്ദേഹം പുറപ്പെടുവിക്കുന്ന നന്മ പ്രവര്‍ത്തികളും രക്ഷയുടെ ഫലങ്ങള്‍ ആണ്.

രക്തത്താലുള്ള സ്നാനം
ആദ്യ സഭയിലെ വിശ്വാസികള്‍ രക്തസാക്ഷിത്വത്തെ “രക്തത്താലുള്ള സ്നാനം” ആയി കണക്കാക്കിയിരുന്നു. രക്ഷിക്കപ്പെട്ടു എന്നാല്‍ സ്നാനപ്പെടുവാന്‍ ആഗ്രഹിച്ചിട്ടും അവസരം ലഭിക്കാതെ രക്തസാക്ഷികള്‍ ആയവരുടെ രക്ഷ ഉറപ്പാക്കേണ്ടാതിനു വേണ്ടി ആയിരുന്നിരിക്കാം അവര്‍ രക്തസാക്ഷിത്വത്തെ ഇങ്ങനെ വിളിച്ചത്.
ഇതിന്റെ പിന്തുടര്‍ച്ചയായി ആയിരിക്കാം പിന്നീട് കത്തോലിക്ക സഭ, സ്നാനപ്പെടുവാനുള്ള ആഗ്രഹവും തീരുമാനവും ഉണ്ടായിട്ടും സ്നാനപ്പെടാതെ മരിച്ചുപോയാല്‍, അവരുടെ ആഗ്രഹത്തെ സ്നാനത്തിനു തുല്യമായി കണക്കാക്കിയത്.
ഇവിടെ എല്ലാം, രക്ഷയ്ക്ക് സ്നാനം ആവശ്യമാണ് എന്ന ആശയം ആണ് നമ്മള്‍ കാണുന്നത്.
ശിശുക്കളെ സ്നാനപ്പെടുത്തുന്നതും, സ്നാനത്തിലൂടെ രക്ഷ ലഭിക്കും എന്ന വിശ്വാസത്തില്‍ ആണ്.

1484 മുതല്‍ 1531 വരെ സ്വിറ്റ്സര്‍ലന്‍ഡ് ല്‍ ഹുള്‍ട്രിച്ച് സ്വിന്ഗ്ലി (Huldrych Zwingli) എന്നും ഉള്‍റിച്ച് സ്വിന്ഗ്ലി (Ulrich Zwingli) എന്നും അറിയപ്പെട്ടിരുന്ന ഒരു നവോഥാന നായകന്‍ ജീവിച്ചിരുന്നു. അദ്ദേഹം ഒരു കത്തോലിക്ക പുരോഹിതന്‍ ആയിരുന്നു.
നവോഥാന നായകരില്‍ സ്വന്തമായി ഒരു സഭാവിഭാഗം ആരംഭിക്കാത്ത ഏക വ്യക്തിയും അദ്ദേഹമായിരുന്നു.
ചില കത്തോലിക്ക ഉപദേശങ്ങളെ അദ്ദേഹം ചോദ്യം ചെയ്തതോടെ, രക്ഷിക്കപ്പെടുവാന്‍ സ്നാനം എന്ന പ്രവര്‍ത്തികൂടി വേണം എന്നും, സ്നാനത്തിലൂടെ ദൈവകൃപ ലഭിക്കും എന്ന ചിന്തകള്‍ക്ക് ഇളക്കം തട്ടി. രക്ഷയ്ക്ക് സ്നാനം ആവശ്യമില്ല എന്ന് അദ്ദേഹം പഠിപ്പിച്ചു.
അനേക നൂറ്റാണ്ടുകളുടെ സഭാ ചരിത്രത്തില്‍, ആദ്യമായി, സ്നാനത്തിലൂടെ രക്ഷ എന്ന ദുരുപദേശത്തെ അദ്ദേഹം ചോദ്യം ചെയ്തു. അതിനു ശേഷം അനേകം വേദപണ്ഡിതന്മാര്‍ രക്ഷയ്ക്ക് സ്നാനം ആവശ്യമില്ല എന്നും, സ്നാനത്തിലൂടെ ആരും രക്ഷിക്കപ്പെടുന്നില്ല എന്നും പഠിപ്പിക്കുവാന്‍ മുന്നോട്ടു വന്നു.
മാനസാന്തരം ആണ് രക്ഷയിലേക്ക് നയിക്കുന്നത്. കൃപയാലല്ലോ നമ്മള്‍ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു.
ക്വാക്കേഴ്സ്, രക്ഷാസൈന്യം എന്നീ ക്രിസ്തീയ വിഭാഗങ്ങള്‍ വെള്ളത്തില്‍ ഉള്ളതോ വെള്ളത്താല്‍ ഉള്ളതോ ആയ സ്നാനം അനുസരിക്കുന്നില്ല.

യേശുക്രിസ്തു കൂശില്‍ മരിക്കുമ്പോള്‍, അവന്റെ രാജത്വത്തില്‍ വിശ്വാസം ഏറ്റുപറഞ്ഞ കള്ളന്‍ രക്ഷിക്കപ്പെട്ടു എന്ന് നമ്മള്‍ക്ക് അറിയാമല്ലോ. കള്ളന്‍ സ്നാനപ്പെടാതെ തന്നെ രക്ഷിക്കപ്പെട്ടു, ദൈവരാജ്യത്തിന് അവകാശി ആയി.
അവനു സ്നാനം ആവശ്യമില്ലായിരുന്നു. അവനു സനാനപ്പെടുവാനുള്ള അവസരവും ലഭിച്ചില്ല.
രക്ഷയ്ക്ക് സ്നാനം ആവശ്യമില്ല; എന്നാല്‍ രക്ഷിക്കപ്പെട്ടവര്‍ അവര്‍ക്ക് ലഭിക്കുന്ന ആദ്യ അവസരത്തില്‍ തന്നെ സ്നാനം സ്വീകരിക്കേണ്ടതാണ്.
ക്രൂശിലെ കള്ളന്‍ പഴയനിയമ യുഗത്തില്‍ ആയതിനാല്‍ ആണ് സ്നാനം കൂടാതെ രക്ഷ പ്രാപിച്ചത് എന്ന പഠിപ്പിക്കല്‍ തെറ്റാണ്. യേശുവും, ശിഷ്യന്മാരും, അക്കാലത്ത് യേശുവില്‍ വിശ്വസിച്ചിരുന്നവല്‍ എല്ലാവരും,  ക്രൂശിലെ കള്ളനും എല്ലാം പുതിയനിയമ യുഗത്തില്‍ ജീവിച്ചിരുന്നവര്‍ ആണ്.
യേശു ശുശ്രൂഷ ആരംഭിക്കുന്നത് തന്നെ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. അതോടെ ദൈവാരാജ്യം ആരംഭിച്ചു കഴിഞ്ഞു. യേശുവിന്റെ ഗിരി പ്രഭാഷണം ദൈവരാജ്യത്തിന്റെ മൂല്യങ്ങളുടെ പ്രഖ്യാപനം ആണ്.
ദൈവരാജ്യത്തിന്റെ പ്രഖ്യാപനത്തോടെ പുതിയ ഉടമ്പടി നിലവില്‍ വന്നു കഴിഞ്ഞു. ഒരു ഉടമ്പടിയുടെ വിശദാംശങ്ങളും വ്യവസ്ഥകളും ഉയര്‍ന്ന അധിക്കാരമുള്ള വ്യക്തി പ്രഖ്യാപിക്കുന്നതോടെ ഉടമ്പടി നിലവില്‍ വരുകയാണ്. അക്കാലത്ത് യേശുവില്‍ വിശ്വസിച്ചിരുന്നവര്‍ അതിനോട് ആമേന്‍ പറഞ്ഞവര്‍ ആണ്.
കൃപയാല്‍, യേശുക്രിസ്തുവിന്റെ പരമ യാഗത്തിലുള്ള വിശ്വാസം മൂലമുള്ള രക്ഷ ആണ് പുതിയ നിയമ ഉടമ്പടി.
ഈ ഉടമ്പടി ആണ് യേശു പ്രസംഗിച്ചത്. അവന്‍ ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവ കുഞ്ഞാടായി ആദ്യം മുതല്‍ തന്നെ അറിയപ്പെട്ടു.
ക്രൂശിലെ കള്ളന്‍ ഈ ഉടമ്പടി വ്യവസ്ഥ പ്രകാരമാണ്, കൃപയാല്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടത്‌.
ക്രിസ്തീയ സ്നാനം നിലവില്‍ വരുന്നതിനു മുമ്പായിതന്നെ അവന്‍ മരിക്കുകയും ചെയ്തു.

ശിശുക്കള്‍ സ്നാനപ്പെടെണ്ടതുണ്ടോ?

ഇനി നമുക്ക് ശിശുക്കള്‍ സ്നാനപ്പെടെണ്ടതുണ്ടോ എന്ന് ചിന്തിക്കാം.
ശിശുക്കളും കുട്ടികളും സ്നാനപ്പെട്ടിരുന്നതായി വേദപുസ്തകത്തില്‍ യാതൊരു തെളിവുകളും ഇല്ല.
പുതിയ നിയമത്തില്‍ നമ്മള്‍ കാണുന്ന എല്ലാ സ്നാനങ്ങളും ഒരു വ്യക്തി മാനസാന്തരപ്പെട്ടതിന് ശേഷം സ്വീകരിക്കുന്നതാണ്. മാനസാന്തരം കൂടാതെ ഉള്ള സ്നാനത്തിന് ഒരു ഉദാഹരണം പോലും വേദപുസ്തകത്തില്‍ ഇല്ല.
ശിശുക്കള്‍ക്ക് മാനസാന്തരം അസാധ്യമാണ്.
എന്നാല്‍, ചില വേദഭാഗങ്ങളെ ഉദ്ദരിച്ചുകൊണ്ട് കുടുംബം എന്ന് പറയുമ്പോള്‍ അതില്‍ ശിശുക്കളും ഉണ്ടായിരുന്നിരിക്കാം എന്ന ഊഹം ഉപദേശമായും വേദപുസ്തക സത്യമായും ചിലര്‍ പഠിപ്പിക്കാറുണ്ട്.
അതിന്റെ നേര്‍വശത്തെ കുറിച്ച് നമുക്ക് അല്‍പ്പം ചിന്തിക്കാം.

രണ്ടാം നൂറ്റാണ്ടുവരെ ശിശു സ്നാനം ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍. അതിനുശേഷം ശിശു സ്നാനം ക്രിസ്തീയ സഭകളില്‍ കടന്നുവരുവാന്‍ ചില കാരണങ്ങള്‍ ഉണ്ട്.
അത് സൌകര്യപ്രദം ആണ് എന്നത് കൊണ്ട് അല്ല, അതിന്റെ പിന്നില്‍ ചില തെറ്റായ വേദവ്യാഖ്യാനങ്ങള്‍ ഉണ്ട്.
ശിശു സ്നാനം ശരിയോ തെറ്റോ എന്ന് നമ്മള്‍ ചിന്തിക്കുമ്പോള്‍ അതിന്റെ പിന്നിലുള്ള ഉപദേശം ശരിയോ എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്.

ശിശു സ്നാനത്തിന്റെ വലിയ പോരായ്മ, അത് ക്രിസ്തീയ സ്നാനത്തിന്റെ ആത്മീയ മര്‍മ്മം വെളിക്കുവാക്കുന്നില്ല എന്നതാണ്. ഒരു വിശ്വാസി സ്നാനപ്പെടുന്നത്, ക്രിസ്തുവിന്റെ മരണ, അടക്ക, പുനരുദ്ധാനത്തോട് എകീഭവിക്കുവാന്‍ ആണ്. ഇപ്രകാരമുള്ള ഒരു അര്‍ത്ഥം ശിശു സ്നാനത്തിന് നല്‍കുവാന്‍ സാധ്യമല്ല.
നമ്മള്‍ മുമ്പ് വായിച്ച , സ്നാനത്തിന്റെ മര്‍മ്മിക അര്‍ത്ഥം പൌലോസ് വിശദമാക്കുന്ന, വാക്യം നിങ്ങള്‍ ഓര്‍ക്കേണ്ടാതിനായി വീണ്ടും വായിക്കുന്നു.

റോമര്‍ 6:4അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.

ഇവിടെ പൌലോസ് പറയുന്ന മരണം നമ്മളുടെ പഴയ മനുഷ്യന്റെ മരണം ആണ്. ജീവന്റെ പുതുക്കം ക്രിസ്തുവിന്റെ കല്‍പ്പനകള്‍ അനുസരിച്ചുള്ള, അവന്റെ ശിഷ്യന്‍ ആയുള്ള പുതിയ ജീവിതം ആണ്.

സ്നാനപ്പ്ടാത്ത ആരും ദൈവരാജ്യത്തില്‍ ഉണ്ടായിരിക്കുക ഇല്ല എന്നത് ശരിയല്ല. കാരണം സ്നാനം സ്വീകരിക്കുവാന്‍ കഴിയുന്നതിനു മുമ്പേ മരിച്ചുപോയ അനേകം ശിശുക്കളും, തിരിച്ചറിവിന്‍റെ പ്രായം എത്തിയിട്ടില്ലാതെ മരിച്ച അനേകം കുട്ടികളും, രക്ഷിക്കപ്പെട്ടു എങ്കിലും സ്നാനം സ്വീകരിക്കുന്നതിനു മുമ്പേ കൊല്ലപ്പെട്ട അനേകം രക്തസാക്ഷികളും ദൈവരാജ്യത്തില്‍ ഉണ്ടായിരിക്കും.
മാനസിക വൈകല്യമുള്ളവരായി, തെറ്റും ശരിയും തിരിച്ചറിയുവാന്‍ കഴിയാതെ ജനിച്ച്, മരിക്കുന്നവരുടെ കാര്യവും മറ്റൊന്നാകുവാന്‍ തരമില്ല.

സ്നാനം പാപത്തെയും അതിന്റെ നിത്യ ശിക്ഷയേയും അതില്‍ നിന്നുള്ള യേശുക്രിസ്തുവിലൂടെ ഉള്ള മോചനത്തെയും തിരിച്ചറിയുന്നവര്‍ക്ക് ഉള്ളതാണ്. അതില്‍ പ്രായം ഒരു ഘടകം അല്ല. തിരിച്ചറിവ് ആണ് പ്രധാനം.
യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ച് അവന്റെ കര്‍ത്തൃത്വത്തിന്‍ കീഴില്‍ ജീവിക്കുവാനുള്ള തീരുമാനമാണ് ഒരു വ്യക്തി തന്റെ ജീവിതത്തില്‍ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം.
യേശു നല്‍കുന്ന പാപമോചാനത്തെ കുറിച്ച് അറിഞ്ഞതിനു ശേഷം അതിനെ സ്വീകരിക്കുന്നതും നിരസിക്കുന്നതും വ്യക്തിപരമായ തീരുമാനങ്ങള്‍ ആണ്.
ഈ രണ്ടു തീരുമാനങ്ങളും പാപത്തെയും പാപ പരിഹാര യാഗത്തെയും തിരിച്ചറിയാതെ സാധ്യമല്ല.

സ്നാനം എന്നത് നല്ലവരായ, മൃദുല ഹൃദയം ഉള്ളവരായ, വിശുദ്ധരായ, ഭക്തരായ മനുഷ്യര്‍ക്ക്‌ ഉള്ള രക്ഷാമാര്‍ഗ്ഗം അല്ല. ബുദ്ധിയുടെ തലത്തില്‍ നിന്നുകൊണ്ട്, രക്ഷയുടെയും സ്നാനത്തിന്റെയും വ്യാഖ്യാനങ്ങള്‍ വിശദീകരിക്കുന്നവര്‍ക്കും ഉള്ളതല്ല സ്നാനം. സ്നാനം പാപത്തില്‍ പെട്ട് ദൈവ കൃപയില്‍ നിന്നും അകന്നുപോയി, നഷ്ടപ്പെട്ടു പോയ മനുഷ്യര്‍ക്ക്‌ ഉള്ള വിടുതലിന്റെ പ്രത്യക്ഷമായ സാക്ഷ്യം ആണ്.
അതായത്, നഷ്ടപ്പെട്ടുപോയ മനുഷ്യര്‍ക്ക്‌, അവര്‍ മടങ്ങി വരുമ്പോള്‍ ഉള്ളതാണ് സ്നാനം.

ഒരു ശിശുവിന് ഇത്തരമൊരു തിരിച്ചറിവോ, മടങ്ങിവരവോ സാദ്ധ്യമാല്ലാതിരിക്കെ അവന് സ്നാനവും ആവശ്യമില്ല.
നരകം അകാലത്തില്‍ മരിച്ചുപോയ ശിശുക്കളുടെ വാസസ്ഥലം അല്ല. യേശുവിലൂടെ ഉള്ള രക്ഷയെ, അത് സൌജന്യമായി ലഭ്യമായിരുന്നിട്ടും, അതിനെ നിരസിച്ചവരുടെ ശിക്ഷാവിധി ആണ്.

തിരിച്ചറിവിന്‍റെ പ്രായം

യഹൂദ മതത്തിലേക്ക് കുടുംബമായി വിശ്വാസം മാറുന്ന ജാതികള്‍ സ്നാനപ്പെടുന്നതിലൂടെ പഴയ വിശ്വാസത്തെ കഴുകി കളയുന്നു എന്ന ചിന്ത അവരുടെ ഇടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അപ്രകാരം സ്നാനപ്പെടുന്ന കുടുംബത്തിലെ കുട്ടികള്‍, അവരില്‍ പെണ്‍കുട്ടികള്‍ 12 വയസ്സാകുമ്പോഴും ആണ്‍കുട്ടികള്‍ 13 വയസ്സകുമ്പോഴും യഹൂദ മതത്തിലുള്ള അവരുടെ വിശ്വാസം വ്യക്തിപരമായി ഏറ്റു പറയേണം. അതായത് ഒരു ജാതീയ കുടുംബം യഹൂദ മതം സ്വീകരിക്കുമ്പോഴും അപ്പോള്‍ ഉള്ള കുട്ടികള്‍ അവര്‍ മുതിര്‍ന്നവര്‍ ആകുമ്പോള്‍, മാതാപിതാക്കന്മാരുടെ വിശ്വാസത്തില്‍ തുടരുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍, അത് സ്വീകരിച്ചു ഏറ്റുപറയേണം.
യഹൂദ വിശ്വാസം ഏറ്റു പറയാതെ, യഹൂദ മതത്തില്‍ നിന്നും പുറത്തുപോകുവാനും ഇവര്‍ക്ക് അനുവാദം ഉണ്ടായിരുന്നു. ഇതു അപ്പോസ്തലിക കാലത്തെ സാമൂഹിക പശ്ചാത്തലം ആയിരുന്നു.
അതായത്, ഒരു ശിശുവോ കുട്ടിയോ, തന്റെ വിശ്വാസം തിരിച്ചറിയുവാന്‍ തക്ക പ്രായം എത്തുമ്പോള്‍ അത് വിശ്വസിച്ച് ഏറ്റു പറയുമ്പോള്‍ മാത്രമേ വിശ്വാസി ആകുന്നുള്ളൂ എന്ന് യഹൂദ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നും നമ്മള്‍ മനസിലാക്കുക ആണ്.
എന്നാല്‍ ക്രിസ്തീയ സ്നാനം യഹൂദ മത പരിവര്‍ത്തനത്തിന്റെ പിന്തുടര്‍ച്ച അല്ല എന്നുകൂടി നമ്മള്‍ ഓര്‍ക്കേണം.

ഒരു കുട്ടി, അവനു തിരിച്ചറിവിന്റെ പ്രായം ആകുമ്പോള്‍ ആണ് രക്ഷിക്കപ്പെട്ടു, സ്നാനം സ്വീകരിക്കേണ്ടത്.
തിരിച്ചറിവിന്റെ പ്രായം എത്തുന്നതുവരെ അവന്‍റെ പ്രവര്‍ത്തികള്‍ക്ക് അവന്‍ ദൈവമുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടതില്ല.
തിരിച്ചറിവില്‍ എത്തും മുമ്പേ ഒരു ശിശു മരിച്ചാല്‍ അവന്‍ ദൈവകൃപയാല്‍ യേശുവിലൂടെ ഉള്ള രക്ഷയ്ക്ക് യോഗ്യന്‍ ആകുകയും അവനു ദൈവരാജ്യത്തില്‍ അവകാശം ലഭിക്കുകയും ചെയ്യും.
ഇതാണ് സ്നാനം സംബന്ധിച്ച് ശിശുക്കളുടെ കാര്യത്തിലുള്ള ദൈവ ശാസ്ത്രം.

എന്താണ് തിരിച്ചറിവിന്റെ പ്രായം? നിഷ്കളങ്കതയുടെ പ്രായം എന്നൊന്ന് ഉണ്ടോ?
ശിശുക്കളുടെയും കുട്ടികളുടെയും പ്രായം എന്തായിരുന്നാലും, നിഷ്കളങ്കതയുടെ പ്രായം എന്നൊന്നില്ല; ഓരോ ശിശുവും ജനിക്കുന്നത് തന്നെ ആദാമ്യ പാപത്തെ പിന്തുടര്‍ച്ചയായി ഏറ്റുകൊണ്ടാണ്. അതുകൊണ്ടാണ് അവര്‍ മരിക്കുന്നതും.
അതായത്, ഒരു ശിശു ഒരു പാപവും ചെയ്തിട്ടില്ല എങ്കിലും അവന്‍ ആദാമ്യ പാപത്തിന്‍റെ പിന്തുടര്‍ച്ചക്കാരന്‍ ആണ്.
ഇതാണ്‌ നമ്മള്‍ സങ്കീര്‍ത്തനത്തില്‍ വായിക്കുന്നത്:

സങ്കീര്‍ത്തനം 51: 5 ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.

ഇവിടെ നമ്മള്‍ ചിന്തിക്കേണ്ടുന്ന മറ്റൊരു വിഷയം കൂടി ഉണ്ട്.
പഴയനിയമം അബ്രഹാമിന്റെ ജഡപ്രാകാരമുള്ള എല്ലാ സന്തതികള്‍ക്കും ബാധകമായ ഉടമ്പടി ആയിരുന്നു. അവര്‍ക്ക് ജഡപ്രകാരമുള്ള അടയാളമായ പരിശ്ചെദനയിലൂടെ അബ്രഹാമിന്റെ ഉടമ്പടിക്ക് അവകാശികള്‍ ആകാമായിരുന്നു.
എന്നാല്‍ പുതിയനിയമ പ്രകാരമുള്ള രക്ഷ എല്ലാ മനുഷ്യര്‍ക്കും ലഭ്യമാണ് എങ്കിലും അത് ജഡപ്രാകാരം ജനിച്ചവര്‍ക്ക്‌ പാരമ്പര്യമായ അവകാശം അല്ല.

പുതിയ നിയമത്തില്‍, യോഹന്നാന്‍ സ്നാപകന്റെ കാലം മുതല്‍ മാനസാന്തരം സ്നാനത്തിന് ആവശ്യമായി വന്നു.
അപ്പോസ്തലന്മാര്‍ മാനസാന്തരം ഒരു നിബന്ധനയായി പ്രസംഗിച്ചു.
യേശു നമ്മള്‍ ശിശുക്കളെ പോലെ ആകേണം എന്ന് പറഞ്ഞപ്പോഴും, “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി 18:3), എന്നാണു പറഞ്ഞത്.
അതായത് മാനസാന്തരം രക്ഷയ്ക്കും ദൈവരാജ്യം കൈവശമാക്കുവാനും അത്യന്താപേക്ഷിതം ആണ്.

അപോസ്തലനായ പത്രോസ് പെന്തകോസ്ത് നാളില്‍ ചെയ്ത പ്രസംഗത്തിലും ഇതു വ്യക്തമാണ്.

അപ്പോസ്തല പ്രവര്‍ത്തികള്‍ 2: 38, 39
38  പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
39  വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.

ഈ വാക്യത്തിലെ “മക്കള്‍ക്കും” എന്ന വാക്ക്, മൂല ഭാഷയായ ഗ്രീക്കില്‍ “teknon” എന്ന പദം ആണ്. ഇതിന്‍റെ അര്‍ത്ഥം, ശിശു, മകന്‍, മകള്‍ എന്നിങ്ങനെ ആണ്.
അതായത്, പത്രോസ് പറഞ്ഞത് ഇതാണ്, രക്ഷയുടെയും സ്നാനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും വാഗ്ദത്തം, തന്റെ പ്രസംഗം കേട്ടുകൊണ്ട് നിന്നവര്‍ക്കും അവരുടെ മകന്‍, മകള്‍, ശിശുവായിരിക്കുന്ന മക്കള്‍ എന്നിവര്‍ക്കും ഒരുപോലെ ഉള്ളതാണ്.
രക്ഷിക്കപ്പെടുവാന്‍ അവര്‍ എല്ലാവരും മാനസാന്തരപ്പെടെണം. രക്ഷ, ജഡപ്രകാരം പാരമ്പര്യമായി ലഭിക്കുന്നില്ല, അത് മാനസാന്തരപ്പെടുന്ന ഏവര്‍ക്കും ഒരുപോലെ ഉള്ള വാഗ്ദത്തം ആണ്.

തിരിച്ചറിവിന്റെ പ്രായമെത്താത്ത ശിശുക്കളുടെ മേല്‍ ആദാമ്യ പാപം കണക്കിടുന്നില്ല എന്ന് നേരിട്ട് വ്യക്തമായി പറയുന്ന വാക്യങ്ങള്‍ വേദപുസ്തകത്തില്‍ ഇല്ല. അനുകൂലമായ പ്രസ്താവനകള്‍ നമുക്ക് വായിക്കുവാന്‍ കഴിയും എന്ന് മാത്രം. മാനസികമായ വളര്‍ച്ച പ്രാപിക്കാത്ത വ്യക്തികളുടെ രക്ഷയെ കുറിച്ചും വേദപുസ്തകത്തില്‍ വ്യക്തമായ വാക്യങ്ങള്‍ ഇല്ല.
മരിച്ചുപോയ ശിശുക്കള്‍, ദൈവരാജ്യത്തില്‍ ഉണ്ടായിരിക്കും എന്ന പ്രത്യാശ നല്‍കുന്ന വാക്യങ്ങള്‍ വേദപുസ്തകത്തില്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ അത് നമ്മളുടെ വിഷയം അല്ലാത്തതിനാല്‍, അതിനെ കുറിച്ചുള്ള ചിന്ത ഇവിടെ അവസാനിപ്പിക്കുന്നു.
ഈ വിഷയത്തില്‍ നമ്മള്‍ ഇതുവരെയും മനസ്സിലാക്കിയതിനേക്കാള്‍ കൂടുതല്‍ മര്‍മ്മങ്ങള്‍ വെളിപ്പെടുവാന്‍ ഇരിക്കുന്നതെ ഉള്ളൂ.

എല്ലാ മനുഷ്യരുടേയും പാപങ്ങള്‍ക്ക്‌ പരിഹാരമായിട്ടാണ് യേശു മരിച്ചത് എങ്കിലും അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ അത് പ്രാപിക്കുവാന്‍ കഴിയുക ഉള്ളൂ.
അവരോ, ലോകാരംഭത്തിനും മുമ്പേ, തിരഞ്ഞെടുക്കപ്പെട്ടവരും, മുന്‍നിയമിക്കപ്പെട്ടവരും ആയിരിക്കും.
ഇതേ പ്രമാണം ശിശുക്കളുടെ കാര്യത്തിലും ബാധകമാണ് എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം.
അതായത്  ലോകാരംഭത്തിനും മുമ്പേ, തിരഞ്ഞെടുക്കപ്പെട്ടവരും, മുന്‍നിയമിക്കപ്പെട്ടവരും ആയ ശിശുക്കള്‍ രക്ഷിക്കപ്പെടും.

നമ്മള്‍ സ്നാനപ്പെടെണ്ടതുണ്ടോ?

പഠനം ഇവിടെ ചുരുക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നമ്മള്‍ സ്നാനപ്പെടെണ്ടതുണ്ടോ?
ഗൌരവായി, നിങ്ങളുടെ ജീവിതം കര്‍ത്താവിനായി സമര്‍പ്പിച്ചവരാണ് എങ്കില്‍ തീര്‍ച്ചയായും വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങി സ്നാനം സ്വീകരിക്കേണം. അപ്പൊസ്തലന്മാരുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിനെ കര്‍ത്താവായി സ്വീകരിച്ച എല്ലാവരും അതാണ്‌ ചെയ്തത്.
പാപബോധവും അതിനു പരിഹാരമായി ക്രിസ്തു ക്രൂശില്‍ ചെയ്തു തീര്‍ത്ത പരിഹാര യാഗവും ബോധ്യമാകേണം എങ്കില്‍ തിരിച്ചറിവിന്റെ പ്രായം എത്തേണം എന്നത് ശരിയാണ്.
എന്നാല്‍ ഒരു നല്ല മനസ്സാക്ഷിയും ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുവാനുള്ള തീരുമാനവും ഒരു വ്യക്തിക്ക് എപ്പോള്‍ ഉണ്ടാകുന്നുവോ, അപ്പോള്‍ അവന്റെ പ്രായത്തെ കണക്കിടാതെ, അവന്‍ സ്നാനം സ്വീകരിക്കേണം.
യേശുവും അതാണ്‌ നമ്മളോട് കല്‍പ്പിച്ചത്.

സ്നാനപ്പെട്ടു എന്നതിനാല്‍ നമ്മള്‍ പാപത്തിന്റെ പ്രലോഭനത്തില്‍ നിന്നോ ഈ ലോകത്തിലെ കഷ്ടതയില്‍ നിന്നോ മോചനം പ്രാപിക്കുന്നില്ല.
സ്നാനം ഒരു ദീര്‍ഘ യാത്രയുടെ ആരംഭം മാത്രമാണ്. ശേഷമുള്ള ജീവിതയാത്ര ദൈവത്തിന്‍റെ ഹിതപ്രകാരം മാത്രമായിരിക്കും എന്ന തീരുമാനത്തിന്റെ പ്രത്യക്ഷ അടയാളം ആണ് സ്നാനം.
പുതിയ ജീവിതം പാപത്തിന്റെ ശിക്ഷകള്‍ നിറഞ്ഞതായിരിക്കില്ല, ദൈവീക അനുഗ്രഹങ്ങള്‍ നിറഞ്ഞത്‌ ആയിരിക്കും.

TV യില്‍ നമ്മള്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രോഗ്രാമിനെ കുറിച്ച് ഒരു വാക്ക് നിങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഞാന്‍ നിറുത്തട്ടെ.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ ടിവിയില്‍ നമ്മളുടെ പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. വേദപുസ്തകം ഗൌരവമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക, മറ്റുള്ളവരോടും കൂടെ പറയുക.

കര്‍ത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

Watch more videos in English and Malayalam @ naphtalitribetv.com

Listen to the audio message @ naphtalitriberadio.com
Read study notes in English at our official web: naphtalitribe.com
Read study notes in Malayalam @ vathil.in

No comments:

Post a Comment