യേശുവിനെ
പരിമളതൈലത്താല്‍ അഭിഷേകം ചെയ്യുന്നതിനെ കുറിച്ചാണ് ഈ ഹൃസ്വ സന്ദേശത്തില്‍ നമ്മള്‍
ചിന്തിക്കുന്നത്. യേശുവിനെ എത്ര പ്രാവശ്യം പരിമളതൈലത്താല്‍ അഭിഷേകം ചെയ്തു
എന്നതാണു വിഷയം.
യേശുവിന്‍റെമേലുള്ള
പരിമള തൈലാഭിഷേകത്തെ കുറീച് നാല് സുവിശേഷകരും വിവരിക്കുന്നുണ്ട്.
മത്തായി 26: 6-13 വരെ;
മര്‍ക്കോസ് 14: 3-9 വരെ; ലൂക്കോസ്
7: 36-50 വരെ; യോഹന്നാന്‍ 12: 1-8,
വരെയുള്ള വേദഭാഗങ്ങളില്‍ നമ്മള്‍ ഇതിനെകുറിച്ചുള്ള വിവരണം വായിക്കുന്നുണ്ട്.
എന്നാല്‍
ഇവയെല്ലാം ഒരു സംഭവത്തെ കുറിച്ചുള്ള വിവരണം അല്ല. ഇത്,
മൂന്ന് വ്യത്യസ്തങ്ങളായ സ്ഥലത്തും അവസരങ്ങളിലും നടന്ന മൂന്ന് വ്യത്യസ്തങ്ങള്‍ ആയ
സംഭവങ്ങള്‍ ആണ്.
ഈ മൂന്ന്
സംഭവങ്ങള്‍ വിശദമായി പഠിക്കുന്നതിന് മുംബ് നമുക്ക് ഇവ തമ്മിലുള്ള സാമ്യങ്ങളും
വ്യത്യാസങ്ങളും ചുരുക്കമായി ചിന്തിക്കാം. ആദ്യം നമുക്ക് സാമ്യങ്ങള്‍ എന്തെല്ലാം ആണ്
എന്നു ചിന്തിക്കാം.
മര്‍ക്കൊസും
യോഹന്നാനും പരിമളതൈലത്തിന്‍റെ വില മുന്നൂറ് വെളികാശ് ആണ് എന്ന് പറയുന്നു.
മത്തായിയും ലൂക്കൊസും അതിന്റെ വില കൃത്യമായി പറയുന്നില്ല.
ഈ സംഭവത്തെകുറിച്ചുള്ള
മറ്റുള്ളവരുടെ പ്രതികരണം സുവിശേഷകര്‍ ഇങ്ങനെ ആണ് രേഖപ്പെടുത്തുന്നത്.
ശിഷ്യന്മാർ അതു കണ്ടിട്ടു മുഷിഞ്ഞു എന്ന്
മത്തായി പറയുന്നു; മര്‍ക്കോസ് പറയുന്നു: അവിടെ ചിലർ ഉള്ളിൽ നീരസപ്പെട്ടു അവളെ
ഭർത്സിച്ചു; യേശുവിനെ
ക്ഷണിച്ച പരീശനായ ശീമോന്‍ ഉള്ളില്‍ നീരസപ്പെട്ടു എന്ന് ലൂക്കോസ് പറയുന്നു; എന്നാല്‍ യോഹന്നാന്‍ “അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ
കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവു” അവളെ വിമര്‍ശിച്ചു എന്ന്
രേഖപ്പെടുത്തുന്നു.
അതായത് തൈലാഭിഷേകം നടത്തിയ സ്ത്രീകളെ
വിമര്‍ശിക്കുന്ന ആരെങ്കിലും എല്ലാ അവസരങ്ങളിലും ഉണ്ടായിരുന്നു.
ഇവരോടുള്ള യേശുവിന്‍റെ പ്രതികരണത്തിലും
ചില സാമ്യങ്ങള്‍ ഉണ്ട്.
മത്തായി, മാര്‍ക്കോസ്, യോഹന്നാന്‍ എന്നിവരുടെ സുവിശേഷങ്ങളില്‍, ദരിദ്രന്മാർ
അവര്‍ക്ക് എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; യേശുവോ
എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു യേശു പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.
ഈ അഭിഷേകം യേശുവിന്‍റെ ശവസംസ്കാര ദിവസത്തിന്നായി അവൾ സൂക്ഷിച്ചു എന്നിരിക്കട്ടെ, എന്നും യേശു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ലൂക്കോസിന്‍റെ സുവിശേഷത്തില്‍
പരീശനായ ശീമോന്‍റെ നീരസത്തിന് മറുപടി ആയി യേശു കടം കൊടുക്കുന്നവന്‍റെയും രണ്ടു
കടക്കാരുടെയും ഉപമ പറയുക ആണ്.
യോഹന്നാന്‍
വിവരിക്കുന്ന തൈലാഭിഷേകം നടക്കുന്നതു ബേഥാന്യയില്‍ വച്ച് പെസഹയ്ക്കു ആറ്
ദിവസങ്ങള്‍ക്ക് മുമ്പാണ്.
മത്തായിയും മാര്‍ക്കോസും അവര്‍
വിവരിക്കുന്ന സംഭവം നടന്നത് എന്നാണ് എന്നു കൃത്യമായി പറയുന്നില്ല.
മത്തായിയിലും മാര്‍ക്കോസിലും,
ഈ സംഭവത്തിന്‍റെ വിവരണത്തിന് തൊട്ടുശേഷം യഹൂദന്മാര്‍ യേശുവിനെ കൊല്ലുവാന്‍ പദ്ധതി
ഇടുന്നതിനെ കുറിച്ചു പറയുന്നു. ഇത് പെസഹയ്ക്കും രണ്ടു ദിവസം മുമ്പാണ് നടന്നത്.
അതിനാല്‍ മത്തായിയും മാര്‍ക്കോസും
വിവരിക്കുന്ന സംഭവം, യൂദാ യേശുവിനെ ഒറ്റികൊടുക്കുന്നതിനും നാല്
ദിവസം മുമ്പു നടന്നതായിരിക്കേണം.
വ്യത്യാസങ്ങള്‍
യേശുവിന്‍റെമേലുള്ള പരിമള തൈലാഭിഷേകത്തിന്‍റെ
വിവരണങ്ങളില്‍ ചില വ്യത്യാസങ്ങളും നമുക്ക് കാണാം.
മത്തായിയും മര്‍ക്കോസും വ്യക്തമായി
പറയുന്നു അവര്‍ വിവരിക്കുന്ന സംഭവം നടന്നത് കുഷ്ഠരോഗിയായിരുന്ന ശീമോന്‍റെ വീട്ടില്‍
വച്ചാണ്.
യോഹന്നാന്റെ സുവിശേഷത്തില്‍ മാര്‍ത്ത
യേശുവിനും ശിഷ്യന്മാര്‍ക്കും ആഹാരം നല്‍കുന്നതിന്റെ തിരക്കില്‍ ആണ്. അതിന്റെ അര്‍ത്ഥം
യോഹന്നാന്‍ പറയുന്ന സംഭവം നടന്നത് മാര്‍ത്ത, അവളുടെ സഹോദരി മറിയ, സഹോദരന്‍ ലാസര്‍ എന്നിവര്‍ താമസിച്ചിരുന്ന അവരുടെ വീട്ടില്‍ വച്ചാണ്.
കുഷ്ഠരോഗിയായിരുന്ന ശീമോന്‍റെ വീട്ടില്‍
യേശു വിരുന്നിന് ഇരിക്കുക ആയിരുന്നു എന്നും, മാര്‍ത്തയും അവിടെ അതിഥി
ആയി ചെന്നിരുന്നു എന്നും, മാര്‍ത്ത ആഹാരം നല്കുവാന്‍
സഹായിച്ചതാകാം എന്നും വാദിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഈ വാദം മറ്റ് വിശദാംശങ്ങള്‍ക്ക്
ചേരുന്നതല്ല.
മത്തായിയും മര്‍ക്കൊസും യേശുവിന്‍റെ
തലയില്‍ തൈലം ഒഴിച്ചതായി പറയുന്നു. ലൂക്കൊസും യോഹന്നാനും യേശുവിന്‍റെ കാല്‍ക്കല്‍
തൈലം പൂശിയതായി പറയുന്നു.
ഓരോ സംഭവത്തിന്റെ വിവരണത്തിലും സുവിശേഷകര്‍
വിനിമയം ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന സന്ദേശവും വ്യത്യസ്തം ആണ്.
ലൂക്കോസില്‍ പേര് എടുത്ത് പറയാത്ത
സ്ത്രീയെ “പാപിയായ ഒരു സ്ത്രീ,” എന്നാണ് വിളിക്കുന്നത്. ഇത് ഒരു
പക്ഷേ അവള്‍ വ്യഭിചാരി ആയിരുന്ന, എന്നാല്‍ കൃപയാല്‍
യേശുവിനാല്‍ പാപം മോചിപ്പിക്കപ്പെട്ടു കിട്ടിയ ഒരു സ്ത്രീ ആയിരുന്നിരിക്കേണം. അവള്‍
പാപിയായ സ്ത്രീ ആയിരുന്നതിനാല്‍ ഒരു യഹൂദ റബ്ബിയുടെ കാലില്‍ തൈലം പൂശുവാന്‍ അവള്‍
അര്‍ഹയല്ല എന്നു അവിടെ കൂടിയിരുന്നവര്‍ കരുതി.
അവളുടെ തൈലാഭിഷേകം അവള്‍ക്ക് ലഭിച്ച
പാപമോചനത്തിന്റെയും, വിടുതലിന്റെയും,
നന്ദി പ്രകടനം ആണ്.
എന്നാല്‍ അവസാനത്തെ രണ്ടു അഭിഷേകങ്ങളിലും,
അത് യേശുവിന്‍റെ ദേഹത്തിന്മേൽ ഒഴിച്ചതു, അവന്‍റെ
ശവസംസ്കാരത്തിന്നായി ചെയ്തതാകുന്നു, എന്നാണ് യേശു സാക്ഷീകരിച്ചത്.
വ്യത്യസ്ത സാഹചര്യങ്ങള്‍, വ്യത്യസ്ത
ദിവസങ്ങള്‍
അതിനാല്‍, സുവിശേഷങ്ങളില്‍
മൂന്നു പ്രാവശ്യം യേശുവിന്‍റെമേലുള്ള പരിമള തൈലാഭിഷേകത്തെ കുറിച്ചു പറയുന്നു
എന്നും, അവ മൂന്നും വ്യത്യസ്ത സാഹചര്യങ്ങളിലും വ്യത്യസ്ത
ദിവസങ്ങളിലും സംഭവിച്ചതാണ് എന്നും അനുമാനിക്കാവുന്നതാണ്.
മത്തായി, മര്‍ക്കോസ്
എന്നിവരുടെ വിവരണം ഒരു സംഭവത്തെ കുറിച്ചും, ലൂക്കോസ്, യോഹന്നാന്‍ എന്നിവര്‍ വ്യത്യസ്തങ്ങള്‍ ആയ രണ്ടു സംഭവങ്ങളെ കുറിച്ചും ആണ്
പറയുന്നതു.
അതിനാല്‍ തന്നെ അവയുടെ വിവരണങ്ങളും ഒരു
പോലെ അല്ല. വിവരണത്തിലെ വ്യത്യാസം പരസ്പര വിരുദ്ധം ആകുന്നതും ഇല്ല.
ഒന്നാമത്തെ അഭിഷേകം നടക്കുന്നതു,
യേശുവിന്റെ ശുശ്രൂഷാ കാലത്തിന്‍റെ ആദ്യ പകുതിയില്‍ ആണ്; അതായത്
യേശുവിന്റെ യെരുശലേമിലേക്കുള്ള പ്രവേശനത്തിനും വളരെ മുമ്പാണ് അത് നടക്കുന്നതു. രണ്ടാമത്തെ
അഭിഷേകം യേശുവിന്റെ യെരുശലേമിലേക്കുള്ള
പ്രവേശനത്തിനു തൊട്ടു മുമ്പാണ് നടക്കുന്നതു.
മൂന്നാമത്തെ അഭിഷേകം നടക്കുന്നതു,
യേശുവിന്റെ യെരുശലേമിലേക്കുള്ള പ്രവേശനത്തിനു ശേഷം ആണ്.
ഈ മൂന്ന് സംഭവങ്ങളും മൂന്നു
വ്യത്യസ്തങ്ങള്‍ ആയ സ്ഥലത്തുവച്ചാണ് നടക്കുന്നതു.
ആദ്യത്തേത്, അവസാനത്തെ രണ്ടു
സംഭവങ്ങള്‍ക്കും ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുംബ് നടന്നു. അവസാനത്തെ രണ്ടു
സംഭവങ്ങള്‍ തമ്മില്‍ നാല് ദിവസങ്ങളുടെ ഇടവേളയും ഉണ്ടായിരുന്നു.
ഒന്നാമത്തെ അഭിഷേകം
ഇനി നമുക്ക് ഈ മൂന്ന് അഭിഷേകവും നടന്ന
സംഭവങ്ങള്‍ പ്രത്യേകമായി പഠിക്കാം.
യേശുവിന്റെ കാലത്ത് സമൂഹത്തിലെ ശ്രേഷ്ടരായ
അതിഥികളെ തൈലം പൂശി ബഹുമാനിക്കുന്നത് പതിവായിരുന്നു.
അതിനാല്‍ യേശുവില്‍ നിന്നു എന്തെങ്കിലും
അനുഗ്രഹങ്ങളോ സൌഖ്യമോ ആത്മീയ നന്‍മകളോ പ്രാപിച്ചവര്‍ അവനെ തൈലം പൂശി തങ്ങളുടെ
നന്ദി പ്രകടിപ്പിക്കുന്നതില്‍ അസ്വാഭാവികത ഒന്നും ഇല്ലായിരുന്നു.
സമയ ക്രമത്തില്‍ ക്രമീകരിച്ചാല്‍,
ലൂക്കോസിന്റെ സുവിശേഷത്തിലെ പരിമള തൈലാഭിഷേകം ആണ് ആദ്യം നടന്നത്. ഇത് നമ്മള്‍ ലൂക്കോസ് 7: 36–50 വരെയുള്ള
വാക്യങ്ങളില്‍ വായിക്കുന്നു.
ഞാന്‍ മുംബ് പറഞ്ഞതുപോലെ തന്നെ, ഈ സംഭവം യേശുവിന്റെ ശുശ്രൂഷാകാലത്തിന്റെ ആദ്യ
പകുതിയില്‍ സംഭവിച്ചതാണ്. യേശു അപ്പോള്‍ യെരുശലേമിന് 60 മൈല്‍
ദൂരെ ആയിരുന്ന ഗലീലയില്‍ ആയിരുന്നു.
അതായത്, ഈ സംഭവം നടക്കുന്നതു ഗലീലയില്‍ ശിമോന്‍ എന്ന പരീശന്‍റെ വീട്ടില്‍
വച്ചാണ്.
അദ്ദേഹത്തിന്റെ വീട് ഗലീലയില്‍ ഉള്ള, കഫര്‍ന്നഹൂമിലോ, നയിന്‍
എന്ന പട്ടണത്തിലോ, കാനാ എന്ന സ്ഥലത്തോ ആയിരുന്നിരിക്കേണം.
സാഹചര്യ തെളിവുകള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ വീട് കഫര്‍ന്നഹൂമില്‍ ആയിരുന്നു
എന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്.
വിധവയുടെ മരിച്ചുപോയ മകനെ യേശു ഉയിര്‍പ്പിക്കുന്നത് നയിന്‍ എന്ന
പട്ടണത്തില്‍ വച്ചാണ്. അത് കഫര്‍ന്നഹൂമിനോട് സമീപം ആയിരുന്നു. ഈ സംഭവത്തിന് ശേഷം
ആണ് യോഹന്നാന്‍ സ്നാപകന്‍റെ ശിഷ്യന്മാര്‍ യേശുവിനെ കാണുവാന്‍ വരുന്നത്.
യോഹന്നാന്‍ സ്നാപകന്‍ അപ്പോള്‍ തടവില്‍ ആയിരുന്നു എങ്കിലും
കൊല്ലപ്പെട്ടിരുന്നില്ല.
അതിനാല്‍ ഈ സംഭവം യേശുവിന്‍റെ ക്രൂശീകരണത്തിനും ഏറ്റവും
കുറഞ്ഞത് രണ്ടു വര്‍ഷം മുമ്പു നടന്നതായിരിക്കേണം.
തൈലാഭിഷേകം ചെയ്ത സ്ത്രീയെ, “പാപിയായ ഒരു സ്ത്രീ” എന്നാണ് ലൂക്കോസ് വിളിച്ചിരിക്കുന്നത്. അവരുടെ പേര്
ഇവിടെ പറയുന്നില്ല. “പാപിയായ ഒരു സ്ത്രീ” എന്ന പദം ഒരു പക്ഷേ വ്യഭിചാരി ആയിരുന്ന
സ്ത്രീ എന്ന അര്‍ത്ഥത്തില്‍ ആയിരിക്കാം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
അവള്‍ യേശുവിന്‍റെ “പുറകിൽ
അവന്റെ കാൽക്കൽ കരഞ്ഞുകൊണ്ടു നിന്നു കണ്ണുനീർകൊണ്ടു അവന്റെ കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാൽ ചുംബിച്ചു തൈലം
പൂശി. (ലൂക്കോസ് 7: 38)
അവള്‍ യേശുവിന്‍റെ കാലില്‍ ആണ് തൈലം പൂശിയത്, തലയില്‍ ഒഴിക്കുക ആയിരുന്നില്ല എന്നത് ഇവിടെ
പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ അവസരത്തില്‍ ശിഷ്യന്മാര്‍ ആരും അവളുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചില്ല.
ആരും തൈലത്തിന്റെ വിലയെകുറിച്ച് പറഞ്ഞതുമില്ല.
എന്നാല്‍ “പാപിയായ ഒരു സ്ത്രീ” ഒരു യഹൂദ റബ്ബിയുടെ പാദം
തൊടുവാന്‍ അനുവദിച്ചതില്‍,
ആതിഥേയന്‍ ആയ ശീമോന്‍ യേശുവിനെ വിമര്‍ശിച്ചു.
അതിന്
ഉത്തരമായി, യേശു കടം
കൊടുക്കുന്നവന്‍റെയും രണ്ടു കടക്കാരുടെയും ഉപമ പറയുക ആണ്.
ഉപമ അവസാനിക്കുന്നത് ഈ വാചകത്തോടെ ആണ്: “ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ
മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു;
അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം
മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു”.
പിന്നെ
യേശു അവളോടു നേരിട്ടു സംസാരിച്ചു: “നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്നു
പറഞ്ഞു. (ലൂക്കോസ് 7: 47, 48)
രണ്ടാമത്തെ അഭിഷേകം
സമയക്രമമനുസരിച്ചുള്ള
യേശുവിന്റെമേലുള്ള രണ്ടാമത്തെ പരിമള തൈലാഭിഷേകം നടക്കുന്നതു, അവന്‍ ജയാളിയായും രാജാവായും യെരൂശലേമിലേക്ക്
കഴുതപ്പുറത്ത് പ്രവേശിക്കുന്നതിന് മുമ്പാണ്.
ഇതിന്റെ
വിവരണം നമ്മള്‍ യോഹന്നാന്‍ 12: 1- 8 വരെയുള്ള വാക്യങ്ങളില്‍ വായിക്കുന്നു. ഈ വിവരണം
നമ്മള്‍ മുംബ് പഠിച്ച ലൂക്കോസിന്‍റെ വിവരണത്തില്‍ നിന്നും തികച്ചും വ്യത്യസ്തം
ആണ്.
യോഹന്നാന്റെ
വിവരണം, മത്തായി, മര്‍ക്കോസ് എന്നിവരുടെ വിവരണത്തോട് ചില കാര്യങ്ങളില്‍ സാമ്യം ഉള്ളതാണ്, എങ്കിലും മറ്റ് ചില വിശദാംശങ്ങളില്‍ വ്യത്യസ്തവും ആണ്.
ഈ
സംഭവം നടക്കുന്നതു,
മാര്‍ത്ത, മാറിയ, ലാസര്‍ എന്നിവരുടെ
വീട്ടില്‍ വച്ചാണ്. അത് ബേഥാന്യ എന്ന സ്ഥലത്തു ആയിരുന്നു.
ഇത്
പെസഹയ്ക്കും 6 ദിവസം മുമ്പും, യെരൂശലേം പ്രവേശനത്തിന് ചില ദിവസങ്ങള്‍ക്ക് മുമ്പും മൂന്നാമത്തെ
തൈലാഭിഷേകത്തിന് 4 ദിവസം മുമ്പും ആണ് നടന്നത്.
അവിടെ
യേശു അത്താഴം കഴിക്കുക ആയിരുന്നു. മാർത്ത ആഹാരം പാചകം ചെയ്യുകയോ വിളമ്പുകയോ ആയിരുന്നിരിക്കാം.
ലാസര്‍ യേശുവിനോട് കൂടെ ആഹാരം കഴിക്കുക ആയിരുന്നു.
“അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം
ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്റെ
സൗരഭ്യം കൊണ്ടു വീടു നിറഞ്ഞു.” (യോഹന്നാന്‍ 12: 3)
ഇവിടെ തൈലാഭിഷേകം ചെയ്യുന്ന സ്ത്രീയുടെ
പേര് പറയുന്നുണ്ട്, അവള്‍ ലാസറിന്റെ സഹോദരി മറിയ ആയിരുന്നു.
അവള്‍ യേശുവിന്റെ കാലുകള്‍ ആണ് തൈലം
പൂശിയത്, തലയില്‍ തൈലം ഒഴിച്ചില്ല. അവള്‍ കരഞ്ഞതായും പറയുന്നില്ല.
ഇവിടെ യൂദ, തൈലത്തിന്റെ വില
മുന്നൂറ് വെള്ളികാശ് ആയി കണക്ക് കൂട്ടുകയും അതിന്റെ വൃഥാവ്യയത്തെ വിമര്‍ശിക്കുകയും
ചെയ്യുന്നു.
ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു
ദിരിദ്രന്മാർക്കു കൊടുക്കാമായിരുന്നു എന്നതായിരുന്നു അവന്റെ അഭിപ്രായം.
എന്നാല്‍ യേശു അവളെ ന്യായീകരിച്ചു: “അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു
എന്നിരിക്കട്ടെ. ദരിദ്രന്മാർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.”
(യോഹന്നാന്‍ 12: 7,8)
മൂന്നാമത്തെ അഭിഷേകം
യേശുവിന്റെ
യെരുശലേം പ്രവേശനത്തിന് ശേഷം ആണ് മൂന്നാമത്തെ പരിമള തൈലാഭിഷേകം നടക്കുന്നതു. അത്
പെസഹയ്ക്ക് രണ്ടു ദിവസം മുമ്പും ക്രൂശീകരണത്തിന് തൊട്ട് മുമ്പും ആയിരുന്നു.
മത്തായി 26: 6–13 വരെയും മര്‍ക്കോസ് 14: 3–9 വരെയും നമ്മള്‍ വായിക്കുന്നതു
ഒരേ സംഭവത്തിന്റെ വിവരണങ്ങള്‍ ആണ്.
ഈ
സംഭവം നടക്കുന്നതു ബേഥാന്യയിലെ കുഷ്ഠരോഗിയായിരുന്ന ശീമോന്‍ എന്ന വ്യക്തിയുടെ
വീട്ടില്‍ വച്ചാണ്.
ഒന്നാമത്തെ
തൈലാഭിഷേകത്തിലും മൂന്നാമത്തെ തൈലാഭിഷേകത്തിലും ആതിഥേയരുടെ പേരുകള്‍ സമാനമാണ്; രണ്ടു പേരും ശീമോന്‍ എന്ന പേരുകാര്‍ ആണ്.
എന്നാല്‍ ഒന്ന് പരീശനായ ശീമോനും രണ്ടത്തെത്ത് കുഷ്ഠരോഗിയായിരുന്ന ശീമോനും ആണ്.
യേശുവിന്‍റെ
കാലത്ത്, ശീമോന്‍ എന്ന പേര്
സാധാരണം ആയിരുന്നു. പുതിയ നിയമത്തില്‍ 8 വ്യത്യസ്തര്‍ ആയ ശീമോന്‍ മാരെ കുറിച്ച്
പറയുന്നുണ്ട്. അവരില്‍ രണ്ടു പേര്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ ആയിരുന്നു.
അതുകൊണ്ടു
തന്നെ ആണ് മത്തായിയും മാര്‍ക്കോസും തങ്ങളുടെ ശീമോനെ, കുഷ്ഠരോഗിയായിരുന്ന ശീമോന്‍ എന്നു പ്രത്യേകം പറയുന്നത്.
ഒരു
കുഷ്ഠരോഗിയെ, അദ്ദേഹം
സൌഖ്യം പ്രാപിച്ചു കഴിഞ്ഞാല്‍ പോലും, പരീശനായി പരിഗണിക്കുക
ഇല്ല. അതിനാല്‍ ലൂക്കോസിന്‍റെ പരീശനായ ശീമോനും മത്തായി, മര്‍ക്കോസ്
എന്നിവയിലെ കുഷ്ഠരോഗി ആയിരുന്ന ശീമോനും രണ്ട് പേരാണ്.
അതുപോലെ
തന്നെ, ഞാന്‍ മുംബ്
പറഞ്ഞതുപോലെ, ദിവസവും സ്ഥലവും രണ്ടു ഇടത്തും വ്യത്യസ്തങ്ങള്‍
ആണ്.
മൂന്നാമത്തെ
അഭിഷേകത്തിന്‍റെ സമയത്ത് പേര് പറഞ്ഞിട്ടില്ലാത്ത, “ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്‍കൽഭരണി
എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു, അവൻ പന്തിയിൽ
ഇരിക്കുമ്പോൾ അതു അവന്റെ തലയിൽ ഒഴിച്ചു.” (മത്തായി 26: 7)
യേശുവിന്റെ
തലയില്‍ തൈലാഭിഷേകം നടത്തുന്ന ഏക സന്ദര്‍ഭം ആണിത്. ഇവിടെ യേശുവിന്റെ കാലില്‍ തൈലം
പൂശുന്നില്ല; അവളുടെ
തലമുടി കൊണ്ട് തൈലം തുടയ്ക്കുന്നതുമില്ല.
യേശു
അവളുടെ പ്രവര്‍ത്തിയെ കുറീച് സംസാരിച്ചു; എന്നാല്‍ അവളോടു നേരിട്ട് യാതൊന്നും പറഞ്ഞില്ല.
“ശിഷ്യന്മാർ
അതു കണ്ടിട്ടു മുഷിഞ്ഞു: ഈ വെറും ചെലവു എന്തിന്നു” എന്നു പറഞ്ഞു അവളെ വിമര്‍ശിച്ചു.
ലാസറിന്‍റെ
വീട്ടില്‍വച്ചു മറിയ തൈലാഭിഷേകം ചെയ്തപ്പോള്‍ യൂദ മാത്രമേ അതിനെ വിമര്‍ശിച്ചുള്ളൂ.
അവന്‍ ഈ വിമര്‍ശനം തുടര്‍ന്നും ശിഷ്യന്‍മാര്‍ക്കിടയില്‍ പറഞ്ഞുകൊണ്ടേ
ഇരുന്നുകാണും. അത് മറ്റുള്ളവരെ കൂടെ വിഷലിപ്തമാക്കി.
അതിനാല്‍
ഇവിടെ ശിഷ്യന്മാര്‍ എല്ലാവരുമോ, ചിലര്‍ എങ്കിലുമോ അവളെ വിമര്‍ശിച്ചു.
എന്നാല്‍
യേശു അവരുടെ തെറ്റ് തിരുത്തി.
“യേശു
അതു അറിഞ്ഞു അവരോടു: “സ്ത്രീയെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.”
അവൾ
ഈ തൈലം എന്റെ ദേഹത്തിന്മേൽ ഒഴിച്ചതു എന്റെ ശവസംസ്കാരത്തിന്നായി ചെയ്തതാകുന്നു. ലോകത്തിൽ
എങ്ങും, ഈ സുവിശേഷം
പ്രസംഗിക്കുന്നേടത്തെല്ലാം, അവൾ ചെയ്തതും അവളുടെ
ഓർമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു
പറഞ്ഞു. (മത്തായി 26: 10, 12, 13)
ഈ
ഹൃസ്വ പഠനം ഇവിടെ നിരുത്തട്ടെ.
യേശുവിനെ
മൂന്ന് വ്യത്യസ്തങ്ങള്‍ ആയ അവസരങ്ങളില്‍ വ്യത്യസ്തരായ മൂന്നു സ്ത്രീകള്‍ പരിമള
തൈലം കൊണ്ട് അഭിഷേകം ചെയ്തിരുന്നു എന്ന് നമ്മള്‍ മനസ്സിലാക്കിയല്ലോ.
ആദ്യത്തേത്
അവന്റെ ശുശ്രൂഷാ കാലത്തിന്‍റെ ആദ്യ പകുതിയിലും, രണ്ടാമത്തേത് അവന്റെ യെരൂശലേം പ്രവേശനത്തിന് മുമ്പും മൂന്നാമത്തേത്
യെരൂശലേം പ്രവേശനത്തിന് ശേഷവും ക്രൂശീകരണത്തിന് തൊട്ട് മുമ്പും ആയിരുന്നു.
ഈ പഠനം
നിങ്ങള്‍ക്ക് അനുഗ്രഹം ആയിരുന്നു എന്ന് വിശ്വസിച്ചുകൊണ്ടു നിറുത്തുന്നു.
ദൈവം
നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍!
Watch the video of this message in English and Malayalam
@ naphtalitribetv.com
Listen to the audio messages in English and Malayalam @
naphtalitriberadio.com
Read study notes in English @ naphtalitribe.com
No comments:
Post a Comment