തോമസ്‌ യേശുവിനെ ദൈവം എന്ന് വിളിച്ചുവോ?

തോമസ്‌ യേശുവിനെ ദൈവം എന്ന് വിളിച്ചുവോ, എന്ന ചോദ്യമാണ് നമ്മള്‍ ഈ ചെറിയ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്.
ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ കണ്ടപ്പോള്‍ തോമസ്‌ അവനോടു ഇങ്ങനെ പറഞ്ഞു എന്ന് നമ്മള്‍ യോഹന്നാന്‍ 20: 28 ല്‍ വായിക്കുന്നു:

“തോമാസ് അവനോടു: എന്‍റെ കർത്താവും എന്‍റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.”

ചില പണ്ഡിതന്മാര്‍ തോമസ്‌ ഇവിടെ സന്തോഷത്താലോ, അപ്രതീക്ഷിതമായി എന്തോ കേട്ടതുകൊണ്ടോ കണ്ടതുകൊണ്ടോ അത്ഭുതം തോന്നിയതിനാലോ ഉച്ചരിച്ച ഒരു ആശ്ചര്യപ്രകടനം മാത്രമാണിത് എന്ന് വാദിക്കുന്നു.
ആശ്ചര്യകരമായ കാര്യങ്ങള്‍ കാണുമ്പോഴോ കേള്‍ക്കുമ്പോഴോ നമ്മള്‍ “എന്‍റെ ദൈവമേ” എന്ന് ഉച്ചരിക്കാറുണ്ടല്ലോ.
അതുപോലെ തോമസ് പറഞ്ഞ ചില വാക്കുകള്‍ ആണ്, “എന്‍റെ കർത്താവും എന്‍റെ ദൈവവും ആയുള്ളോവേ” എന്നത് എന്നാണു അവര്‍ പറയുന്നത്.
ഇതു ശരി തന്നെയോ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

യേശു ആദ്യം ശിഷ്യന്മാര്‍ക്ക് അവര്‍ വാതില്‍ അടച്ചിരിരുന്ന മുറിക്കുള്ളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തോമസ്‌ അവരോടുകൂടെ ഉണ്ടായിരുന്നില്ല.
അവര്‍ യേശുവിനെ കണ്ടു എന്ന് തോമസിനെ അറിയിച്ചു എങ്കിലും തോമസ്‌ വിശ്വസിക്കുവാന്‍ തയ്യാറായിരുന്നില്ല.
തോമസ്‌ ശിഷ്യന്മാരോട് പറഞ്ഞതിങ്ങനെ ആണ്: “... ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു.” (യോഹന്നാന്‍ 20:25).
എട്ടു ദിവസം കഴിഞ്ഞശേഷം യേശു വീണ്ടും ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷന്‍ ആയി. അപ്പോള്‍ തോമസ്‌ അവരോടുകൂടെ ഉണ്ടായിരുന്നു.
യേശു തോമസിനോട് പറഞ്ഞു: “പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.” (യോഹന്നാന്‍ 20:27)
ഇതുകേട്ടപ്പോള്‍ താന്‍ യേശുവിന്‍റെ അസാന്നിദ്ധ്യത്തില്‍ പറഞ്ഞത് എങ്ങനെ യേശു അറിഞ്ഞു എന്ന് ഓര്‍ത്ത്‌ തോമസ്‌ ആശ്ചര്യപ്പെട്ടു, “എന്‍റെ കർത്താവും എന്‍റെ ദൈവവും ആയുള്ളോവേ” എന്ന് പറഞ്ഞുപോയതാണ് എന്നാണു ചില പണ്ഡിതരുടെ ഒരു വാദം.

മറ്റൊരുകൂട്ടര്‍ യേശുവിന്‍റെ ശരീരത്തിലെ മുറിവുകള്‍ കണ്ടപ്പോള്‍ തോമസ്‌ ആശ്ചര്യപ്പെട്ടു പെട്ടന്ന്, “എന്‍റെ കർത്താവും എന്‍റെ ദൈവവും ആയുള്ളോവേ” എന്ന് പറഞ്ഞുപോയതാണ് എന്ന് വാദിക്കുന്നു.

ഈ വാദങ്ങളില്‍ ചില തിരുത്തലുകള്‍ ആവശ്യമാണ്‌ എന്ന് എനിക്ക് തോന്നുന്നു.
ഈ വാദങ്ങളില്‍ നിന്നും വ്യത്യസ്തമായ 6 കാര്യങ്ങള്‍ വളരെ ഹൃസ്വമായി ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നു.

ഒന്ന്
യേശുവിന്, അവന്റെ അസാന്നിധ്യത്തില്‍ പറയുന്ന വാക്കുകള്‍ മാത്രമല്ല, നമ്മള്‍ ഇന്നേവരെ ഉച്ചരിച്ചിട്ടില്ലാത്ത നമ്മളുടെ ഹൃദയത്തിലെ ചിന്തകള്‍ പോലും മനസ്സിലാക്കുവാനുള്ള കഴിവുണ്ട് എല്ലാ ശിഷ്യന്മാര്‍ക്കും അറിയാം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികം യേശുവിനോടൊപ്പം ജീവിച്ച, തോമസിന് അവന്‍ പറഞ്ഞ വാക്കുകള്‍ എങ്ങനെ യേശു അറിഞ്ഞു എന്നോര്‍ത്തു ആശ്ചര്യം തോന്നേണ്ടതില്ല.
അതുകൊണ്ട് തോമസിന്‍റെ വാക്കുകള്‍ ഒരു ആശ്ചര്യപ്രകടനം അല്ല.

രണ്ട്
യേശു ശിഷ്യന്മാര്‍ക്ക് ഒരിക്കല്‍ പ്രത്യക്ഷനായി കഴിഞ്ഞു. അതിനു മുമ്പും ചിലര്‍ക്ക് യേശു പ്രത്യക്ഷനായിരുന്നു.
ഇതെല്ലാം തന്റെ ശരീരത്തിലെ മുറിവുകള്‍ ഉള്ളപ്പോള്‍ തന്നെ ആയിരുന്നു.
യേശു ആദ്യം ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷന്‍ ആയപ്പോള്‍ തന്നെ അവന്‍റെ ശരീരത്തിലെ മുറിവുകള്‍ അവരെ കാണിച്ചിരുന്നു.
യോഹന്നാന്‍ 20:20 ല്‍ നമ്മള്‍ വായിക്കുന്നു: “ഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു.”
ഇവിടെ യേശുവിന്‍റെ ശരീരത്തിലെ മുറിവുകള്‍ കണ്ട ശിഷ്യന്മാര്‍ “കർത്താവിനെ കണ്ടിട്ടു ... സന്തോഷിച്ചു” എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.
യേശുവിനെ ഇങ്ങനെ ആദ്യം കണ്ട ശിഷ്യന്മാര്‍ക്കും ആശ്ചര്യം തോന്നിയിട്ടുണ്ടാകാം, പക്ഷെ അവര്‍ ആരും തന്നെ, ആശ്ചര്യപ്രകടനമായി “എന്‍റെ ദൈവവും ആയുള്ളോവേ” എന്ന് പറഞ്ഞില്ല.
യേശുവിനെ കണ്ടതും അവന്റെ “കയ്യും വിലാപ്പുറവും” മുറിവുകളും കണ്ടതും അവര്‍ തോമസിനോട് തീര്‍ച്ചയായും പറഞ്ഞിട്ടുണ്ടായിരിക്കുമല്ലോ.
അതുകൊണ്ട് തന്നെ ആണ്, “ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല” എന്ന് തോമസ്‌ പറഞ്ഞത്.
അപ്പോള്‍ അങ്ങനെ തന്നെ ഉള്ള യേശുവിനെ അവനും പ്രതീക്ഷിച്ചു, അങ്ങനെ തന്നെ യേശു പ്രത്യക്ഷന്‍ ആയി.
അതില്‍ തോമസിന് എന്‍റെ ദൈവവും ആയുള്ളോവേ” എന്ന് ആശ്ചര്യപ്പെട്ട് പറയേണ്ടതില്ല.

മൂന്ന്
ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരുടെ വിശ്വാസം അനുസരിച്ച് “ദൈവം” എന്ന വാക്ക് വൃഥാ എടുക്കുവാന്‍ പാടില്ല.
അതായത് “ദൈവം” എന്ന വാക്ക് ദൈവത്തെ വിശുദ്ധിയോടെയും ബഹുമാനത്തോടെയും സംബോധന ചെയ്യുവാന്‍ മാത്രമേ യഹൂദന്മാര്‍ ഉപയോഗിക്കാറുള്ളൂ.
അബദ്ധത്തില്‍ ദൈവത്തിന്‍റെ നാമം വൃഥാ എടുത്താലോ എന്ന് ഭയന്ന്, പ്രായോഗികമായി അവര്‍ ദൈവം എന്ന വാക്ക് ഉച്ചരിക്കാറെ ഇല്ല.
തോമസ്‌ ഒരു യഹൂദന്‍ ആയിരുന്നു. ആരെയെങ്കിലും, ആരോടെങ്കിലും, ഏതെങ്കിലും സാഹചര്യത്തില്‍ പെട്ടന്നുണ്ടായ വികാരത്താല്‍ ഒരു ആശ്ചര്യശബ്ദം ആയി “എന്‍റെ ദൈവവും ആയുള്ളോവേ” എന്ന് അദ്ദേഹം പറയുക ഇല്ല.
മാത്രവുമല്ല, ദൈവനാമം വൃഥാ എടുത്താല്‍ യേശു അവനെ ശകാരിക്കുകയോ തിരുത്തുകയോ ചെയ്യുമായിരുന്നു.

നാല്
നമ്മള്‍ ഈ വാക്യത്തില്‍ വായിക്കുന്നത് “തോമാസ് അവനോടു: എന്‍റെ കർത്താവും എന്‍റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.” എന്നാണ്.
അതായത്, തോമസ്‌ “അവനോടു” “ഉത്തരം” പറഞ്ഞു.
ഒരു ആശ്ചര്യപ്രകടനം നടത്തുമ്പോള്‍ നമ്മള്‍ അതിനെ, “അവനോടു” “ഉത്തരം” പറഞ്ഞു എന്ന് പറയുക ഇല്ല.
ഈ വാക്കുകള്‍ കാണിക്കുന്നത്, തോമസ്‌ യേശുവിനോട്, യേശു പറഞ്ഞതിനുള്ള ഉത്തരമായി പറഞ്ഞു എന്നാണു. തോമസിന്‍റെ വാക്കുകള്‍ ആശ്ചര്യ പ്രകടനം ആയിരുന്നില്ല.
തോമസ്‌ യേശുവിനെ “എന്‍റെ ദൈവവും ആയുള്ളോവേ” എന്ന് വിളിച്ചു എന്ന് വാക്യം പറയുന്നില്ല എന്നതുപോലെ തന്നെ തോമസ്‌ “എന്‍റെ ദൈവവും ആയുള്ളോവേ” എന്ന് ആശ്ചര്യപ്പെട്ടു പറഞ്ഞു എന്നും വാക്യം പറയുന്നില്ല.
ആശ്ചര്യപ്പെട്ടു പറഞ്ഞു എന്നത് നമ്മള്‍ നല്‍കുന്ന വ്യാഖ്യാനം ആണ്.
“അവനോടു” “ഉത്തരം” പറഞ്ഞു എന്നാണ് വേദപുസ്തകത്തിലെ വാക്യം.

അഞ്ച്
തെറ്റിദ്ധാരണ ഉളവാകുന്ന രീതിയില്‍ ശിഷ്യന്മാര്‍ എന്തെങ്കിലും പ്രതികരണം നടത്തിയില്‍, അത് ശരിയായ പ്രതികരണം ആയില്ല എന്ന് സുവിശേഷങ്ങളില്‍ പ്രത്യേകം രേഖപ്പെടുത്താറുണ്ട്.
ലൂക്കോസ് 9 ല്‍ യേശുവിന്‍റെ മലമുകളിലെ രൂപാന്തരത്തെക്കുറിച്ചു വിവരിക്കുന്നു.
അപ്പോള്‍ മോശെയും എലിയാവും അവിടെ പ്രത്യക്ഷമായി.
ലൂക്കോസ് 9: 33 ല്‍ നമ്മള്‍ വായിക്കുന്നു: “അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താൻ പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു.”
ഇവിടെ പത്രോസ് പറയുന്നതില്‍ അപാകത ഉണ്ട് എന്നതിനാല്‍ സുവിശേഷ ഗ്രന്ഥകര്‍ത്താവ് തന്നെ അതിനെ തിരുത്തുക ആണ്: എന്നു താൻ പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു.”
എന്നാല്‍ ഇതുപോലെ ഒരു തിരുത്തല്‍ തോമസിന്‍റെ വാക്കുകള്‍ക്കു യോഹന്നാന്‍ നല്‍കുന്നില്ല.

ആറു (6)
തോമസിന്‍റെ വാക്കുകള്‍ അവന്റെ വിശ്വാസത്തിന്റെ പ്രഖ്യാപനം ആയിരുന്നു.
തോമസിന്റെ വാക്കുകള്‍ക്ക് ശേഷം യേശു പറയുന്നതിങ്ങനെ ആണ്:
“യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.” (യോഹന്നാന്‍ 20:29).
യേശുവിന്‍റെ വാക്കുകള്‍ ഒരു ആശ്ചര്യ പ്രകടനത്തിനുള്ള മറുപടി അല്ല.
യേശു തോമസിന്‍റെ വാക്കുകളെ അവന്‍റെ വിശ്വാസ പ്രഖ്യാപനം ആയി സ്വീകരിച്ചു, യേശു അതിനെ അംഗീകരിച്ചു.

അതായത്, യേശുവിനെ ദൈവമായി കണ്ട തോമസിനെ യേശു ശാസിക്കുകയോ തിരുത്തുകയോ ചെയ്തില്ല.
യേശു ദൈവമാണ് എന്നുള്ള അവന്‍റെ വിശ്വാസത്തെ യേശു അംഗീകരിച്ചു.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.
_______________________

No comments:

Post a Comment