യേശുവിന്‍റെ ക്രൂശീകരണവും റോമന്‍ ജയോത്സവവും

മര്‍ക്കോസ് 4: 11 ല്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്:
ദൈവരാജ്യത്തിന്റെ മർമ്മം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.”

തിരഞ്ഞെടുക്കപ്പെട്ടവര്‍ ഗ്രഹിക്കുവാനും പുറത്തുള്ളവര്‍ ഗ്രഹിക്കാതെയിരിക്കുവാനുമായി ദൈവരാജ്യത്തിന്റെ ചില മര്‍മ്മങ്ങള്‍ ഉപമകളില്‍ മറഞ്ഞിരിക്കുന്നു.
അത്തരത്തിലുള്ള ഒരു മര്‍മ്മം മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ ക്രൂശീകരണത്തിന്‍റെ വിവരണത്തില്‍ മറച്ചുവെച്ചിട്ടുണ്ട്.
ഈ മര്‍മ്മത്തെ മനസ്സിലാക്കുക എന്ന ഉദ്ദേശ്യമാണ് ഈ പഠനത്തിനുള്ളത്.

ഒന്നാം നൂറ്റാണ്ടില്‍ യേശുവിന്റെ ഇഹലോക ജീവിത ചരിത്രം അനേകം പേര്‍ എഴുതി വച്ചിട്ടുണ്ടായിരുന്നു.
അതില്‍നിന്നും, കൃത്യതയും സത്യസന്ധതയും അടിസ്ഥാനമാക്കി, സഭയുടെ ആദ്യനാളുകളില്‍ തന്നെ പിതാക്കന്മാര്‍ നാല് സുവിശേഷങ്ങളെ ആധികാരികമായി അംഗീകരിച്ചിരുന്നു.
അവ മത്തായി, മര്‍ക്കോസ്. ലൂക്കോസ്, യോഹന്നാന്‍ എന്നിവര്‍ എഴുതിയ സുവിശേഷങ്ങള്‍ ആയിരുന്നു.
യേശുവിനെക്കുറിച്ചുള്ള സത്യം മനസ്സിലാക്കി, അവന്‍റെ ശിഷ്യര്‍ ആയിതീരുവാന്‍ വായനക്കാരെ സഹായിക്കുക എന്നതായിരുന്നു അവയുടെ പൊതുവായ ഉദ്ദേശ്യം.
എന്നാല്‍ ഓരോ സുവിശേഷ ഗ്രന്ഥകര്‍ത്താവിനും പ്രത്യേകമായ വായനക്കാരും ഉദ്ദേശ്യവും ഉണ്ടായിരുന്നു.
മത്തായി സുവിശേഷം എഴുതിയത് യഹൂദന്മാരെ മുന്നില്‍ കണ്ടുകൊണ്ടാണ്; അതിനാല്‍ യഹൂദന്മാര്‍ കാത്തിരുന്ന മശിഹ ആണ് ക്രിസ്തു എന്ന് തെളിയിക്കുക ആയിരുന്നു അദ്ദേഹത്തിന്‍റെ മുഖ്യ ലക്ഷ്യം.
മര്‍ക്കോസിന്‍റെ വായനക്കാര്‍ റോമാക്കാര്‍ ആയിരുന്നു; അതിനാല്‍ യേശു ദൈവരാജ്യത്തിന്‍റെ രാജാവാണ് എന്ന് അദ്ദേഹം സമര്‍ഥിക്കുവാന്‍ ശ്രമിച്ചു.
ലൂക്കോസ് ജ്ഞാനികള്‍ ആയ ഗ്രീക്കുകാരെ ലക്ഷ്യവച്ചാണ് സുവിശേഷം എഴുതിയത്.
പരിപൂര്‍ണ്ണനായ ഒരു മനുഷ്യനെ തേടുന്ന ത്വര അവരുടെ സാഹിത്യങ്ങളില്‍ കാണാം.
അതിനാല്‍ യേശുവിനെ പരിപൂര്‍ണ്ണനായ മനുഷ്യനായി ലൂക്കോസ് അവതരിപ്പിച്ചു.
യോഹന്നാന്‍ എല്ലാവര്‍ക്കും വേണ്ടിയാണ് സുവിശേഷം എഴുതിയത്.
അദ്ദേഹം യേശുവിന്‍റെ ദൈവത്വം തെളിയിക്കുവാനുള്ള ശ്രമത്തില്‍ ആയിരുന്നു.

ഇങ്ങനെ സുവിശേഷ രചയിതാക്കള്‍ക്ക് പ്രത്യേക വായനക്കാരും ലക്ഷ്യങ്ങളും ഉണ്ടായിരുന്നതിനാല്‍, യേശുവിന്‍റെ ജീവിതത്തിലെ സംഭവങ്ങളില്‍ അവര്‍ക്ക് ആവശ്യമുള്ളത് മാത്രം തിരഞ്ഞെടുത്തു.
അതായത് എല്ലാ വിവരങ്ങളും കൃത്യം ആയിരുന്നു എങ്കിലും എല്ലാ സംഭവങ്ങളും രേഖപ്പെടുത്തിയിട്ടില്ല.
പ്രധാനപ്പെട്ട സംഭവങ്ങള്‍ക്ക് അവരുടെ ലക്ഷ്യം അനുസരിച്ച് പ്രത്യേക ഊന്നല്‍ കൊടുക്കുകയും ചെയ്തു.

അങ്ങനെ മര്‍ക്കോസിന്റെ സുവിശേഷം റോമിലുണ്ടായിരുന്ന യഹൂദന്മാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി ആണ് എഴുതപ്പെട്ടത്.
അതുകൊണ്ട് തന്നെ ആധുനിക ദൈവ ശാസ്ത്രന്മാര്‍ക്ക് മനസ്സിലാകാത്ത ഒരു അര്‍ത്ഥം ഈ സുവിശേഷത്തില്‍ അന്തര്‍ലീനമായി കിടപ്പുണ്ട്.
അത് അന്നത്തെ സാമൂഹിക, സാംസ്കാരിക, രാക്ഷ്ട്രീയ സാഹചര്യവുമായി ചേര്‍ന്നതാണ്.

ഒന്നാം നൂറ്റാണ്ടിലെ റോമിലെയും ഗ്രീക്കിലേയും വിശ്വാസികള്‍ ഒരു വൈഷമ്യമേറിയ ചോദ്യം അഭിമുഖീകരിച്ചു.
യേശു രാജാവും, ദൈവവും, ദൈവപുത്രനും ആണ് എങ്കില്‍, എങ്ങനെ ആണ് അദ്ദേഹം ഒരു നീചനെപ്പോലെ മനുഷ്യരാല്‍ കൊലചെയ്യപ്പെടുന്നത്.
ജ്ഞാനികളായ ഗ്രീക്കുകാര്‍ക്കും, രാജകീയ റോമന്‍കാര്‍ക്കും ഇതു ഗ്രഹിക്കുവാന്‍ പ്രയാസമായി.
അവിടെ ഉള്ള വിശ്വാസികള്‍ക്കും ഇതു ഗ്രഹിക്കുവാനും വിശദീകരിക്കുവാനും ബുദ്ധിമുട്ടായിരുന്നു.
അതുകൊണ്ട്, യേശു രാജാവും, ദൈവവും ആണ് എന്നും അവന്‍റെ ക്രൂശു മരണം ഒരു രാജാവിന്‍റെ ജയോത്സവം ആണ് എന്നും തെളിയിക്കുവാന്‍ മര്‍ക്കോസ് ആഗ്രഹിച്ചു.
ഇതു വിശദീകരിക്കുവാനായി, യേശുക്രിസ്തുവിന്‍റെ ജീവിതത്തിലെ അവസാന മണിക്കൂറുകളിലെ സംഭവങ്ങള്‍, റോമന്‍ ജയോല്‍സവത്തോട് സമാന്തരമായി അവതരിപ്പിക്കുക ആണ് മര്‍ക്കോസ് ചെയ്യ്തത്.
എന്നാല്‍ ഇതൊരു കൃത്രിമമായ താരതമ്യം അല്ല.
ഇതു മര്‍ക്കോസിന്റെ സങ്കല്‍പ്പ സൃഷ്ടിയും അല്ല.
ഒന്നുമില്ലായ്മയില്‍ നിന്നും മര്‍ക്കോസ് സൃഷ്ടിച്ചെടുത്ത ഒരു ഒരു വെളിപ്പാടും അല്ല.
മര്‍ക്കോസ് സുവിശേഷം എഴുതുന്നതിനും മുമ്പ് തന്നെ, യേശുവിന്‍റെ മരണം ഒരു ജയോത്സവം ആയിരുന്നു എന്ന ചിന്ത ഉണ്ടായിരുന്നു.
അപ്പോസ്തലനായ പൌലോസ് കൊരിന്ത്യര്‍ക്ക് എഴുതിയ രണ്ടാമത്തെ ലേഖനത്തിലും കൊലോസ്യര്‍ക്ക് എഴുതിയ ലേഖനത്തിലും ഈ വെളിപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്.
കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നും രണ്ടും ലേഖനങ്ങള്‍ AD 53 നും 57 നും ഇടയിലും കൊലോസ്യര്‍ക്ക് എഴുതിയ ലേഖനം AD 58 നും 62 നും ഇടയിലും ആണ് രചിക്കപ്പെട്ടത്.
മര്‍ക്കോസിന്റെ സുവിശേഷമാകട്ടെ AD 66 നും 70 നും ഇടയില്‍ രചിക്കപ്പെട്ടു.

ദുഖത്തിന്‍റെ വീഥി

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, മര്‍ക്കോസിന്റെ സമകാലീനര്‍ മനസ്സിലാക്കിയ അര്‍ത്ഥങ്ങള്‍ ആധുനിക ദൈവശാസ്ത്രജ്ഞന്മാര്‍ ശ്രദ്ധിക്കാതെ പോകുന്നുണ്ട്.
യേശുവിന്‍റെ ക്രൂശീകരണ യാത്രയും ക്രൂശീകരണവും റോമന്‍ ജയോത്സവത്തോട് സാമ്യം ഉള്ള സംഭവം ആയിരുന്നു.
റോമിലെ പ്രധാന വീഥി ആയ Via Sacra അഥവാ ‘വിശുദ്ധ വീഥി’, യരുശലേമിലെ Via Dolorosa അഥവാ ‘ദുഖത്തിന്റെ വീഥി’ ആയി മാറുകയാണ്.
റോമിലെ Via Sacra അഥവാ വിശുദ്ധ വീഥി, കൊലോസ്സിയത്തില്‍ നിന്നും ആരംഭിച്ച് കാപ്പിറ്റൊളിന്‍ മലമുകളില്‍ ജൂപ്പിറ്റര്‍ ദേവന്‍റെ ക്ഷേത്രത്തില്‍ അവസാനിക്കുന്നു.
Via Dolorosa അഥവാ ദുഖത്തിന്‍റെ വീഥി, യരുശലേമിലെ പ്രധാന വീഥിയും ആയിരുന്നു.
ഈ വഴിയിലൂടെ ആണ് യേശു ക്രൂശു ചുമന്നുകൊണ്ടു യാത്ര ചെയ്തത് എന്ന് വിശ്വസിക്കപ്പെടുന്നു.

മര്‍ക്കോസിന്‍റെ സമാന്തര വിവരണത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി റോമന്‍ ജയോത്സവം എന്തായിരുന്നു എന്ന് നമുക്ക് പരിചയപ്പെടാം.
ലാറ്റിന്‍ ഭാഷയില്‍ triumphus എന്ന് വിളിക്കപ്പെട്ടിരുന്ന ജയോത്സവം, യുദ്ധത്തില്‍ ജയിച്ച ജയാളിലായിയായ ഒരു സര്‍വ്വ സൈന്യാധിപനോ ഭാരണാധികാരിക്കോ രാജ്യം നല്‍കുന്ന ഒരു ബഹുമതി ആണ്.
അത് ഒരു ജയത്തിന്‍റെ ഘോക്ഷയാത്ര ആയിരുന്നു.
ഇതിന്‍റെ ആരംഭത്തെക്കുറിച്ചു കൃത്യമായ അറിവില്ല.
റോമിന്‍റെ വടക്ക് ഭാഗത്തായി ഇട്രസ്കന്‍ (Etruscan) എന്ന ഒരു പുരാതന നാഗരികത, റോമന്‍ നാഗരികതയ്ക്കും മുമ്പ്, നിലവില്‍ ഉണ്ടായിരുന്നു.
റോം ഒരു കാലത്ത് ഇവരുടെ കോളനി ആയിരുന്നു, എന്നാല്‍ പിന്നീട് റോമാക്കാര്‍ ഇവരെ കീഴടക്കി.
ഇവരുടെ ഇടയില്‍, ഫലസമൃദ്ധിയുടെയും വീഞ്ഞിന്‍റെയും ദേവനായ ഡയോനിസൂസ് (Dionysus) ദേവന്‍റെ ഉത്സവത്തില്‍, ആ ദേവനെ മരിക്കുകയും ഉയിര്‍ക്കുകയും ചെയ്യുന്ന ദേവനായി അവതരിപ്പിക്കാറുണ്ടായിരുന്നു.
റോമന്‍ ജയോല്‍സവത്തിന്‍റെ വേരുകള്‍ ഇവിടെ ആണ് എന്ന് ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.
പിന്നീട്, ഗ്രീക്കില്‍, അവരുടെ പുതുവര്‍ഷ ആഘോഷവേളയില്‍, വിശേഷമായ വസ്ത്രം ധരിച്ച് രാജാവ് തന്നെ, ഡയോനിസൂസ് ദേവനെ പ്രതിനിധീകരിക്കുമായിരുന്നു.
അദ്ദേഹത്തെ ഒരു ഘോക്ഷ യാത്രയായി പട്ടണത്തിലേക്ക് കൊണ്ടുവരുകയും ജനങ്ങള്‍ ദേവന്‍റെ പ്രത്യക്ഷതയ്ക്കായി ആര്‍പ്പിടുകയും ചെയ്യും.
അതിനുശേഷം ഒരു കാളയെ ബലി കഴിക്കും, രാജാവ് ദേവനായി പ്രത്യക്ഷനാകും.
ഗീക്കില്‍ ക്രമേണ ഡയോനിസൂസ് ദേവന് പകരം അവരുടെ മുഖ്യ ദേവനായ സീയൂസ് ആയി; റോമില്‍ അത് ജൂപ്പിറ്റര്‍ ദേവനായി മാറി.

റോമന്‍ ജയോത്സവം ഒരേ സമയം സാമൂഹികവും മതപരവുമായ ഒരു ആഘോഷം ആയിരുന്നു.
ഒരു വിദേശ രാജ്യത്തിനെതിരെ യുദ്ധത്തില്‍ ജയം നേടിയ ഒരു സര്‍വ്വ സൈന്യാധിപനെ ആദരിക്കുവാനാണ് ഈ ആഘോഷം നടത്തുന്നത്.
വളരെ ശ്രേഷ്ടമായ വിജയങ്ങള്‍ നേടുന്നവര്‍ക്ക് മാത്രമേ ഈ പ്രത്യേക ആദരവ് ലഭിക്കുക ഉണ്ടായിരുന്നുള്ളൂ.
ജയാളിയെ റോമന്‍ ഇതിഹാസ പാരമ്പര്യവുമായി ഈ ഉത്സവം ബന്ധിപ്പിക്കുക ആണ്.
ഉത്സവത്തിന്‍റെ ദിനത്തില്‍, അന്നേ ദിവസത്തേക്കെങ്കിലും, ജയാളിയായ സര്‍വ്വ സൈന്യാധിപന്‍ രാജാവിനോടും റോമന്‍ ദേവനോടും കഴിയുന്നിടത്തോളം സാമ്യം പ്രാപിക്കുന്നു.

ജയോത്സവം അനുവദിക്കുന്നു

റോമന്‍ റിപ്പബ്ലിക്കിന്‍റെ നിയമങ്ങള്‍ അനുസരിച്ച്,  റോമന്‍ ഭരണ സംവിധാനമായ സെനറ്റിന് മാത്രമേ, ഇത്തരം ഒരു ആഘോഷത്തിന് അനുവാദം നല്‍കുവാന്‍ അധികാരം ഉള്ളൂ.
ഒരു വിദേശ രാജ്യത്തെ ആക്രമിച്ച് കീഴടക്കി, നിര്‍ണ്ണായകമായ വിജയം കൈവരിച്ച്, ആ രാജ്യത്തെകൂടെ കൂട്ടി ചേര്‍ത്ത്, റോമന്‍ സാമ്രാജ്യത്തിന്‍റെ വിസ്തൃതി വിപുലമാക്കിയ ജയത്തെ മാത്രമേ അവര്‍ ഇതിനായി പരിഗണിക്കുക ഉള്ളൂ.

യുദ്ധത്തിന് ശേഷം സര്‍വ്വ സൈന്യാധിപന്‍ റോമിലേക്ക് തിരികെ വരും; തന്‍റെ സൈന്യത്തോട് ഏതെങ്കിലും ഒരു സ്ഥലത്ത് ഒരുമിച്ച് കൂടുവാന്‍ ആവശ്യപ്പെടും.
എന്നാല്‍ അവര്‍ താല്‍ക്കാലികമായി പട്ടണത്തിന് വെളിയില്‍ കാത്തുനില്‍ക്കും.
അതുനുശേഷം, ജയത്തെക്കുറിച്ചുള്ള ഒരു വിശദ വിവരണം സര്‍വ്വ സൈന്യാധിപന്‍ റോമന്‍ സെനറ്റിന് എഴുതി അയച്ചു കൊടുക്കും.
ഒരു തുറന്ന സ്ഥലത്തുവച്ച് സെനറ്റ് കൂടി, ഈ അവകാശവാദങ്ങള്‍ ചര്‍ച്ച ചെയ്യും.
രഹസ്യ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടും ഒത്തുവന്നാല്‍ ജയോത്സവം നടത്തുവാനുള്ള അനുവാദം നല്‍കും.

ജയോത്സവത്തിന്‍റെ നിയമങ്ങള്‍

ജയോത്സവം അനുവദിക്കുവാനായി ചില നിയമങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരുന്നു.
എങ്കിലും വളരെ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഇവയില്‍ ചിലതിനു ഒഴിവ് നല്‍കിയിരുന്നു. ഇതിനുള്ള അധികാരം സെനറ്റിന് ഉണ്ടായിരുന്നു.

1.    ജയോത്സവം നടത്തുന്ന വ്യക്തി, ഒരു രാജ്യത്തിന്‍റെ പരമാധികാരിയോ, സ്ഥാനാധിപതികളോ, സര്‍വ്വ സൈന്യധിപനോ, ന്യായധിപനോ ആയിരിക്കേണം.
യുദ്ധം ജയിച്ചപ്പോഴും ജയോല്‍സവത്തിന്‍റെ സമയത്തും അദ്ദേഹം ആ സ്ഥാനത്ത് അധികാരത്തില്‍ ഉണ്ടായിരിക്കേണം.
2.    അദ്ദേഹത്തിന്‍റെ അധികാരത്തിന്‍ കീഴില്‍  അദ്ദേഹത്തിന്‍റെ സൈന്യം ആയിരിക്കേണം യുദ്ധം നടത്തിയത്.
3.    ഏറ്റവും കുറഞ്ഞത്‌ 5000 ശത്രുക്കള്‍ എങ്കിലും ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കേണം.
4.    ശത്രുവിന്‍റെ ഭാഗത്തുണ്ടായ നഷ്ടത്തെക്കാള്‍ വളരെ കുറച്ച് നഷ്ടം മാത്രമേ റോമന്‍ സൈന്യത്തിന് ഉണ്ടാകുവാന്‍ പാടുള്ളൂ.
5.    അത് റോമന്‍ സാമ്രാജ്യത്തിനെതിരെ ഉള്ള യുദ്ധം ആയിരിക്കേണം.
6.    രാജ്യത്തിന്റെ വിസ്തൃതി കൂടതല്‍ വിശാലമാക്കിയിരിക്കേണം, കൈവിട്ടുപോയ ഒന്നിനെ തിരകെ പിടിച്ചതാകരുത്. മുമ്പ് ഉണ്ടായ നഷ്ടത്തിന്‍റെ പരിഹാരം ആകരുത്.
7.    അതൊരു ആഭ്യന്തര കലാപം ആയിരിക്കരുത്.
8.    യുദ്ധം സമ്പൂര്‍ണ്ണവുമായും അവസാനിച്ചിരിക്കേണം. തോല്‍പ്പിക്കപ്പെട്ട പ്രദേശത്തു ശാന്തത കൈവരിച്ചിരിക്കേണം.
9.    സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിച്ചു, ജയോല്‍സവത്തില്‍ അവരുടെ സാന്നിദ്ധ്യം ഉറപ്പാക്കിയിരിക്കേണം.

ജയോത്സവം

ജയോത്സവത്തിന്റെ പ്രധാന ഭാഗം ഘോക്ഷയാത്ര ആയിരുന്നു.
റോമന്‍ ദേവനായ മാര്‍സ്ന്‍റെ പേരില്‍ അറിയപ്പെട്ടിരുന്ന കാമ്പസ് മാര്‍ഷിയൂസ് എന്ന ചന്ത സ്ഥലത്ത് നിന്നും ആണ് ഈ ഘോക്ഷയാത്ര ആരംഭിക്കുന്നത്.
മിക്കപ്പോഴും അത് അതിരാവിലെ ആരംഭിക്കും.
അത് അവിടെ നിന്നും, അപ്രതീക്ഷിതമായ തടസ്സങ്ങളെ എല്ലാം തരണം ചെയ്ത്, സാവധാനം മുന്നോട്ട് നീങ്ങും.
മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ അല്‍പ്പനേരം നിന്ന്, വീണ്ടും മുന്നോട്ട് നീങ്ങി, അവസാനം കാപ്പിറ്റൊലിന്‍ മലമുകളിലുള്ള ജൂപ്പിറ്റര്‍ ദേവന്‍റെ ക്ഷേത്രത്തില്‍ എത്തിച്ചേരും.
ഈ വീഥിയുടെ ദൂരം 4 കിലോമീറ്റര്‍ മാത്രമേ ഉള്ളൂ എങ്കിലും, ജയോത്സവത്തിന്റെ ഘോക്ഷയാത്ര മിക്കപ്പോഴും ദൈര്‍ഘ്യമേറിയതും ഇഴഞ്ഞ് നീങ്ങുന്നതും ആയിരിക്കും.
അങ്ങനെ ഈ ഘോക്ഷയാത്ര മൂന്നോ നാലോ ദിവസങ്ങളോ, ചിലപ്പോള്‍ അതിലധികമോ നീണ്ടേക്കാം.
ചിലത് 4 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യം ഉള്ളത് ആയിരുന്നു.
ശത്രുരാജ്യത്തുനിന്നും കൊള്ളചെയ്ത സമ്പത്തില്‍ നിന്നായിരിക്കും ഇതിന്‍റെ ചെലവ് മുഴുവന്‍ വഹിക്കുക.

പൊതുവായ ഒരു തുറന്ന സ്ഥലത്ത് ജയാളിയായ സര്‍വ്വ സൈന്യാധിപന്‍ എത്തുന്നതോടെ ജയോത്സവം ആരംഭിക്കുക ആയി.
തടവില്‍ ആക്കപ്പെട്ട ശത്രുരാജ്യത്തെ സൈന്യത്തിലെ ചിലരെ കൊല്ലുവാന്‍ അവന്‍ കല്‍പ്പന ഇടുന്നു.
ശേഷം പടയാളികള്‍ അദ്ദേഹത്തെ സ്തുതിക്കുകയും റോമന്‍ സെനറ്റ് ജയോത്സവം അനുവദിച്ചുകൊണ്ട് പ്രഖ്യാപിക്കുകയും ചെയ്യും.
ജയാളിയായ സര്‍വ്വ സൈന്യാധിപന്‍ രാജകീയ വസ്ത്രത്തില്‍ തലയില്‍ ചെടികളുടെ ശിഖിരം കൊണ്ടുള്ള കിരീടം വച്ചും, കൈകളില്‍ വളകള്‍ അണിഞ്ഞും പ്രത്യക്ഷനാകും.
അദ്ദേഹത്തിന്‍റെ രാജകീയ വസ്ത്രം പര്‍പ്പിള്‍ നിറത്തില്‍ ഉള്ളതും അതില്‍ സ്വര്‍ണ്ണ നൂലുകൊണ്ട് ചിത്രപണികള്‍ ചെയ്തതും ആയിരിക്കും.
ഈ വസ്ത്രം അദ്ദേഹത്തെ ജൂപ്പിറ്റര്‍ ദേവനോടും ചക്രവര്‍ത്തിയോടും തുല്യന്‍ ആക്കും.
അദ്ദേഹത്തിന്‍റെ മുഖത്ത്, ജൂപ്പിറ്റര്‍ ദേവന്‍റെ മുഖം പോലെ, ചുവന്ന ചായം തേച്ചിരിക്കും.
അദ്ദേഹം എല്ലാ പടയാളികളെയും കൂട്ടിവരുത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ജയോത്സവത്തിന്റെ ഘോക്ഷയാത്ര ആരംഭിക്കുമ്പോള്‍, പരാജയപ്പെട്ട രാജ്യത്തിലെ ജീവനോടെ പിടിക്കപ്പെട്ട രാജാവും സൈന്യാധിപന്മാരും നഗ്നരും ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടവരുമായി മുമ്പേ നടക്കും.
അവരുടെ പിടിക്കപ്പെട്ട ആയുധങ്ങളും, പടച്ചട്ടയും, സ്വര്‍ണ്ണവും വെള്ളിയും, വിഗ്രഹങ്ങളും, അപൂര്‍വ്വമായ കൌതുക വസ്തുക്കളും, വൈദേശിക സമ്പത്തും എല്ലാം അവരുടെ പിന്നാലെ പ്രദര്‍ശിപ്പിക്കപ്പെടും.
പരാജയപ്പെട്ട രാജ്യത്തിലെ പ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങളും, യുദ്ധത്തിലെ നിര്‍ണ്ണായകമായ പോരാട്ടങ്ങളുടെ ചിത്രങ്ങളും ചിലപ്പോള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടെക്കാം.
അതിന്‍റെ പിന്നാലെ റോമന്‍ സെനറ്റിലെ അംഗങ്ങളും, ന്യായാധിപന്മാരും, സര്‍വ്വ സൈന്യാധിപന്‍റെ പ്രത്യേക സേവകനും യാത്ര ചെയ്യും.
അവര്‍ക്ക് പിന്നാലെ, നാല് വെള്ളകുതിരകള്‍ വലിക്കുന്ന ഒരു രഥത്തില്‍ ജയാളിയായ സര്‍വ്വ സൈന്യാധിപന്‍ നിരായുധന്‍ ആയി റോമിലെ പ്രധാന വീഥിയിലൂടെ യാത്രചെയ്യും.
അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തോ, ഒരു അടിമയോ, അദ്ദേഹത്തിന്‍റെ ശിരസ്സിന് മുകളില്‍ ഒരു രാജകീയ കിരീടം പിടിക്കും; ഒപ്പം “താങ്കള്‍ ദൈവമല്ല, മര്‍ത്യന്‍ മാത്രമാണ്” എന്ന് ഇടക്കിടെ ചെവിയില്‍ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും.
ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരായ സൈന്യാധിപന്മാരോ അദ്ദേഹത്തിന്‍റെ ഇളയമകനോ അദ്ദേഹത്തിന്‍റെ ഇടത്തും വലത്തുമായി രഥത്തില്‍ യാത്ര ചെയ്തേക്കാം.
അദ്ദേഹത്തിന്‍റെ രഥത്തിന്‍റെ വശങ്ങളിലായി കുതിരപ്പുറത്ത് സൈന്യാധിപന്മാരും പുത്രന്മാരും യാത്ര ചെയ്യും.
അവരെ അനുഗമിക്കുന്ന സൈന്യത്തിലെ പടയാളികള്‍, നിറം ഉള്ള വസ്ത്രങ്ങള്‍ ധരിക്കുകയും, സര്‍വ്വ സൈന്യാധിപന് സ്തുതി ഗീതങ്ങള്‍ പാടുകയും ചെയ്യും.
വീഥികളുടെ ഇരുവശവും നില്‍ക്കുന്ന കാണികള്‍ സുഗന്ധമുള്ള വസ്തുക്കള്‍ പുകയ്ക്കുകയും സുഗന്ധമുള്ള പൂക്കള്‍ വാരിവിതറുകയും ചെയ്യും. ദേശമെല്ലാം സുഗന്ധം കൊണ്ട് നിറയും.
ഈ സുഗന്ധം ജയാളിയായ സര്‍വ്വ സൈന്യാധിപന് ജീവനും പരാജയപ്പെട്ട രാജാവിന് മരണവും ആണ്.
ഈ ഘോക്ഷയാത്ര, കാപ്പിറ്റൊലിന്‍ മലമുകളില്‍ ഉള്ള ജൂപ്പിറ്റര്‍ ദേവന്‍റെ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ സര്‍വ്വ സൈന്യാധിപന്‍ തന്നോടൊപ്പം കൊണ്ടുവന്ന കാളയെ, ജയത്തിന്റെ നന്ദിയായി, ബലി കഴിക്കും.
അദ്ദേഹം തന്റെന്‍റെ വിജയം, ദേവനും, റോമന്‍ സെനറ്റിനും സമര്‍പ്പിക്കുന്നു.
അതിനു ശേഷം ക്ഷേത്രത്തിന്‍റെ പൂമുഖത്ത് തന്നെ ഇരുന്നു അത്താഴം കഴിക്കും; പിന്നീട് തിരികെ വീട്ടിലേക്ക് പോകും.
പിന്നീട് അദ്ദേഹം എപ്പോഴും ജയാളി എന്ന് വിളിക്കപ്പെടും.
മരണ ശേഷം, അദ്ദേഹത്തിന്‍റെയും പിന്‍തലമുറക്കാരുടെയും ശവസംസ്കാര ചടങ്ങുകളില്‍ പര്‍പ്പിള്‍ വസ്ത്രമിട്ട ചിലര്‍ അദ്ദേഹത്തെ തന്നെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

യേശുവിന്‍റെ ജനന സമയത്ത് സീസര്‍ അഗസ്റ്റസ് എന്ന റോമന്‍ ചക്രവര്‍ത്തി അധികാരത്തില്‍ ആയിരുന്നു. (27 BC – 14 AD)
“അഗസ്റ്റസ് പ്രത്യയശാസ്‌ത്രം” എന്നൊരു സിദ്ധാന്തം രൂപീകരിച്ചത് അദ്ദേഹമാണ്.
അഗസ്റ്റസ് ആണ് റോമന്‍ സാമ്രാജ്യത്തെ രക്ഷിച്ച് പുനസ്ഥാപിച്ചത് എന്നായിരുന്നു ആ പ്രത്യയശാസ്‌ത്രത്തിന്‍റെ കാതല്‍.
അദ്ദേഹത്തിന്‍റെ സൈന്യ, രാഷ്ട്രീയ, മതപരമായ നേതൃത്വം മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഉറപ്പും അഭിവൃദ്ധിയും രാജ്യത്തിന്‌ നല്‍കി.
അദ്ദേഹത്തിന്‍റെ ജയം സ്ഥിരമായതിനാല്‍ ജയോത്സവവും ഒരു സ്ഥിരമായ അവസ്ഥ ആയിരുന്നു.
ഈ പ്രത്യയശാസ്ത്രം, ക്രമേണ, ജയോത്സവത്തെ റോമിനുവേണ്ടിയുള്ള ജയം എന്നത് മാറ്റി, റോമന്‍ സാമ്രാജ്യത്തിന്‍റെ ജയം ആക്കി.
ഇതെല്ലാം, ഇട്രസ്കന്‍ നഗരികതയിലെ അവരുടെ ദേവനായി രാജാവ് തന്നെ പ്രത്യക്ഷപ്പെടുന്ന വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ക്രൂശീകരണത്തെ കുറിച്ചുള്ള മര്‍ക്കോസിന്റെ വിവരണം

നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, യേശുവിന്‍റെ ക്രൂശീകരനത്തെ കുറിച്ചുള്ള മര്‍ക്കോസിന്‍റെ വിവരണം റോമന്‍ ജയോല്‍സവത്തിന് സമാന്തരം ആണ്.
ചില സമാന്തര വിവരണം അതിശയിപ്പിക്കുന്നതാണ്; അവയ്ക്ക് യേശുവിന്‍റെ ക്രൂശിലെ ജയത്തെക്കുറിച്ച് കൂടുതല്‍ അറിവ് പകര്‍ന്നു നല്‍കുവാന്‍ കഴിയും.
അതിനാല്‍ അവയെ ഒന്നൊന്നായി മനസ്സിലാക്കുവാന്‍ നമുക്ക് ശ്രമിക്കാം.
മര്‍ക്കോസിന്റെ വിവരണം 15 -)0 അദ്ധ്യായം 16 മുതല്‍ 39 വരെ ഉള്ള വാക്യങ്ങളില്‍ നമുക്ക് വായിക്കാം.

1.     പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടുന്നു

യുദ്ധത്തിന് പോയ റോമന്‍ പടയാളികള്‍ എല്ലാവരും പട്ടണത്തിനു പുറത്തോ, റോമിലെ പൊതുവായ മൈതാനത്തോ അല്ലെങ്കില്‍ ചന്ത സ്ഥലത്തോ ഒരുമിച്ച് കൂടുന്നതോടെ ആണ് ജയോത്സവം ആരംഭിക്കുന്നത്.
ചന്ത സ്ഥലത്ത് നിന്നാണ് ഔദ്യോഗികമായി ജയോത്സവം ആരംഭിക്കുന്നത്.
അതുകൊണ്ട് തന്നെ മര്‍ക്കോസ്, യേശുവിനെ “ആസ്ഥാനമായ മണ്ഡപത്തില്‍” കൊണ്ടുവരുന്നിടത്തു നിന്നും ക്രൂശീകരണത്തിന്റെ വിവരണം ആരംഭിക്കുന്നു.

മര്‍ക്കോസ് 15: 16 പടയാളികൾ അവനെ ആസ്ഥാനമായ മണ്ഡപത്തിന്നകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.

ഇവിടെ ആസ്ഥാനമായ മണ്ഡപം” എന്നതിന് മര്‍ക്കോസ് ഉപയോഗിച്ചിരിക്കുന്ന വാക്ക്, Praetorium എന്നാണ്.
Praetorium എന്നത് റോമന്‍ സൈന്യത്തിന്‍റെ കേന്ദ്രം ആണ്.
മര്‍ക്കോസ് തുടര്‍ന്ന് പറയുന്നു: “പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി”. അതായത് ഏകദേശം 200 പടയാളികള്‍ അവിടെ ഉണ്ടാകും, അവരെ എല്ലാം വിളിച്ചുകൂട്ടി.
ഒരു നീചനെപ്പോലെ യേശുവിനെ ക്രൂശിക്കുവാന്‍ കൊണ്ടുപോകുമ്പോള്‍ എന്തിനാണ് പട്ടാളക്കാരെ എല്ലാം വിളിച്ചു കൂട്ടിയത്?
ക്രൂശീകരണ യാത്രയ്ക്കും റോമിന്‍റെ ജയോത്സവത്തിനും തമ്മിലുള്ള സാമ്യം മര്‍ക്കോസ് ശ്രദ്ധയില്‍ കൊണ്ടുവരുക ആണ്.
റോമന്‍ ജയോത്സവത്തില്‍ ജയാളി ആയ സര്‍വ്വസൈന്യധിപന്‍ ചന്ത സ്ഥലത്ത് പ്രത്യക്ഷനാകുകയും പടയാളികള്‍ എല്ലാവരും അവിടെ ഒരുമിച്ച് കൂടുകയും ചെയ്യുമായിരുന്നു.
ഇവിടെ നിന്നും ഘോക്ഷയാത്ര ആരംഭിക്കുക ആണ്.

2.    യേശുവിനെ രക്താംബരം ധരിപ്പിക്കുന്നു

മര്‍ക്കോസ് 15: 17 അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു.

ജയാളിയായ സര്‍വ്വ സൈന്യാധിപന്‍ പ്രത്യക്ഷന്‍ ആകുന്നതു പര്‍പ്പിള്‍ നിറത്തിലുള്ള രാജകീയ വസ്ത്രം ധരിച്ചും ശിരസ്സില്‍ സസ്യങ്ങളുടെ തണ്ടുകൊണ്ടുണ്ടാക്കിയ കിരീടം അണിഞ്ഞും ആയിരുന്നു.
പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രങ്ങള്‍ സാധാരണക്കാര്‍ ധരിക്കുന്നത് അന്ന് വിലക്കിയിരുന്നു.
അദ്ദേഹത്തിന്‍റെ വസ്ത്രത്തില്‍ സ്വര്‍ണ്ണ നൂലുകള്‍ കൊണ്ട് ചിത്രങ്ങള്‍ തുന്നിപിടിപ്പിച്ചിരുന്നു.
അത് പുരാതന റോമന്‍ ചക്രവര്‍ത്തിമാരുടെയും ജൂപ്പിറ്റര്‍ ദേവന്റെയും വസ്ത്രം ആയിരുന്നു.
ഈ വസ്ത്രം സര്‍വ്വ സൈന്യാധിപനെ രാജാവോളവും ജൂപ്പിറ്റര്‍ ദേവനോളവും ഉയര്‍ത്തി.
ഇപ്രകാരം അദ്ദേഹം പ്രത്യക്ഷന്‍ ആകുമ്പോള്‍, ജനമെല്ലാം, “ജയ, ജയ” എന്ന് ആര്‍പ്പിടും.
അവര്‍ ജൂപ്പിറ്റര്‍ ദേവന്റെ പ്രത്യക്ഷതയ്ക്കായി മുറവിളി കൂട്ടും.
ഇതു ജയാളിയും ദേവനും തമ്മിലുള്ള ബന്ധത്തെ സൃഷ്ടിക്കുന്നു.
പിന്നീട് സര്‍വ്വ സൈന്യാധിപന്‍ തന്നെ ഈ രാജകീയ വസ്ത്രത്തില്‍ ദേവനായി പ്രത്യക്ഷന്‍ ആകും.

ഇതിന് ഒരു സമാന്തരം ആണ് യേശുവിന്‍റെ വസ്ത്രധാരണത്തില്‍ മര്‍ക്കോസ് കാണുന്നത്.
യേശുവിന്‍റെ സുവിശേഷത്തിലെ പ്രധാന ഭാഗം ദൈവരാജ്യം വന്നിരിക്കുന്നു എന്നതായിരിക്കുന്നു.
ഈ ദൈവരാജ്യത്തിലെ നിത്യനായ രാജാവും യേശു ആയിരുന്നു.
ഇതിനാല്‍ ആണ് റോമന്‍ പടയാളികള്‍ യേശുവിനെ ഒരു ജയാളിയായ സര്‍വ്വ സൈന്യാധിപന് സമാന്തരമായി നിറുത്തി പരിഹസിക്കുന്നത്.

3.    കിരീടം

മര്‍ക്കോസ് 15:17 അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു:

ജയോത്സവത്തിന്റെ ദിവസം ജയാളി ആയ സര്‍വ്വ സൈന്യാധിപന്‍ അവന്‍റെ ശിരസ്സില്‍, സസ്യങ്ങളുടെ തണ്ട്കൊണ്ടുള്ള ഒരു കിരീടം ധരിക്കും.
അന്നത്തെ അവന്‍റെ രാജകീയ വസ്ത്രധാരണം, സ്വര്‍ണ്ണ ചിത്രപ്പണികള്‍ ഉള്ള പര്‍പ്പിള്‍ നിറത്തിലെ ഉടുപ്പ്, കിരീടം, ചുവന്ന നിറത്തിലെ ചെരുപ്പ്, മുഖത്ത് ചുവന്ന്‍ ചായം എന്നിവ ആയിരുന്നു.
ഉടുപ്പും കിരീടവും ജൂപ്പിറ്റര്‍ ദേവന്‍റെ പ്രതിമയില്‍ നിന്നും കടം എടുത്തതാകാം.

ജയാളിയായ സര്‍വ്വസൈന്യധിപന്‍, നാല് വെളുത്ത കുതിരകള്‍ വലിക്കുന്ന ഒരു രഥത്തില്‍ യാത്രചെയ്യും.
സമകാലീനര്‍ ഉള്‍പ്പെടെ ഉള്ള ജനം അവനെ സ്തുതിച്ചുകൊണ്ടിരിക്കും.
അസൂയയോ മറ്റു ആഭിചാര പ്രക്രിയകളോ ബാധിക്കാതെ ഇരിക്കുവാനുള്ള മുന്‍കരുതല്‍ രഥത്തിന്മേല്‍ ചെയ്തിട്ടുണ്ടായിരിക്കും.
ഒരു സുഹൃത്തോ, ഒരു അടിമയോ, ഒരു രാജകീയ കിരീടം അവന്‍റെ ശിരസ്സിനുമുകളില്‍ പിടിച്ചുകൊണ്ടു നില്‍ക്കും; ഒപ്പം, “നീ മനുഷ്യന്‍ മാത്രമാണ്, ദൈവം അല്ല” എന്ന് ചെവിയില്‍ മന്ത്രിച്ചുകൊണ്ടിരിക്കും.
ഇതു അവന്‍റെ ജീവിതത്തിന്‍റെ നശ്വരതയെ ഓര്‍മ്മിപ്പിക്കുവാനും അവന്‍ അഹങ്കരിക്കാതെ ഇരിക്കുവാനും ആണ്.
എന്നാല്‍, യേശു ക്രിസ്തു, നിത്യനും എന്നേക്കും രാജാവും ആണ് എന്നത് നമ്മള്‍ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

4.       പടയാളികള്‍ സ്തുതിക്കുന്നു

മര്‍ക്കോസ് 15: 18, 19
18 യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു;
19 കോൽകൊണ്ടു അവന്‍റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.

സര്‍വ്വ സൈന്യാധിപന്‍, യാത്ര തുടങ്ങുവാനായി പ്രത്യക്ഷനാകുമ്പോള്‍ അവന്‍റെ പടയാളികള്‍ ചുറ്റിനും കൂടി നിന്ന് അവനെ ദേവനായും രാജാവായും സ്തുതിക്കും.
മാര്‍ക്കോസ് ഇതിനൊരു സമാന്തര സംഭവം യേശുവിന്റെ ക്രൂശീകരണ യാത്രയുടെ ആരംഭത്തില്‍ കാണുന്നുണ്ട്.
പര്‍പ്പിള്‍ നിറത്തിലുള്ള ഉടുപ്പ് ഇടുവിച്ചതിനു ശേഷം റോമന്‍ പടയാളികള്‍ യേശുവിനെ സ്തുതിച്ചു: “യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു
എന്നാല്‍ അതിനു ശേഷം റോമന്‍ പടയാളികള്‍ “കോൽകൊണ്ടു അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു”, എന്ന് മര്‍ക്കോസ് പറഞ്ഞിരിക്കുന്നതില്‍ നിന്നും പടയാളികള്‍ യേശുവിനെ പരിഹസിക്കുക ആയിരുന്നു എന്ന് മനസ്സിലാക്കാം.
ഇതെല്ലാം, യേശു രാജാവാണ് എന്ന് അവകാശപ്പെട്ടതിനാല്‍, റോമന്‍ ജയോത്സവത്തിനു സമാന്തരമായി അവര്‍ ക്രമീകരിച്ചതാണ് എന്നും വ്യക്തമാണ്.
മര്‍ക്കോസ് ഇതെല്ലാം കൃത്യമായി ശ്രദ്ധിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.

5.    കുറേനക്കാരനായ ശീമോന്‍

മര്‍ക്കോസ് 15: 21 അലക്സന്തരിന്‍റെയും രൂഫൊസിന്‍റെയും അപ്പനായി വയലിൽനിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്‍റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു.

യരുശലേമിലെ ദുഖത്തിന്‍റെ വീഥിയിലൂടെ യേശു ക്രൂശു ചുമന്നുകൊണ്ടു നടന്ന് പോകുമ്പോള്‍, അവന്‍റെ ക്രൂശു ചുമക്കുവാന്‍ ശിമോന്‍ എന്നോരാളിനെ പടയാളികള്‍ നിര്‍ബന്ധിച്ചു.
ശീമോന്‍, യരുശലേം നിവാസി അല്ല, അവന്‍ വടക്കന്‍ ആഫ്രിക്കയിലെ കുറേന എന്ന സ്ഥലത്തുനിന്നും ഉള്ളവന്‍ ആണ്.
ഈ സംഭവം, ജയോത്സവ ഘോക്ഷയാത്രയിലെ പ്രധാനപ്പെട്ട ഒരു ആചാരത്തെ സൂചിപ്പിക്കുന്നു.

ജയോത്സവ ഘോക്ഷയാത്രയില്‍, ജൂപ്പിറ്റര്‍ ദേവന്‍റെ ക്ഷേത്രത്തില്‍ ബലി കഴിക്കുവാനുള്ള ഒരു കാളയെ, സര്‍വ്വ സൈന്യധിപനെപ്പോലെ തന്നെ പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രവും കിരീടവും ധരിപ്പിച്ചു, അവന്‍റെ രഥത്തിന് സമീപത്തായി നടത്തികൊണ്ട് പോകുമായിരുന്നു.
അതിനോടൊപ്പം, ആ മൃഗത്തെ ബലിക്കായി കൊല്ലുവാനുള്ള ആയുധമായ, ഇരുതലയിലും മൂര്‍ച്ചയുള്ള ഒരു കോടാലി, സൈന്യത്തിലെ ഒരു പ്രമുഖന്‍ തോളത്ത് വച്ചുകൊണ്ട് നടന്നിരുന്നു.
യേശു ചുമന്നിരുന്ന ക്രൂശു, യേശുവിനെ യാഗമായി അര്‍പ്പിക്കുവാനുള്ള ആയുധം ആയിരുന്നു.
അതാണ്‌ ശിമോന്‍ വഹിച്ചുകൊണ്ട് യേശുവിനോടൊപ്പം നടക്കുന്നത്.

ഈ സാമ്യം യാദൃശ്ചികം ആണ് എന്ന് തോന്നിയേക്കാം.
എന്നാല്‍ മര്‍ക്കോസ് പറയുന്നു: അന്നത്തെ സഭയില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന, “അലക്സന്തരിന്‍റെയും രൂഫൊസിന്‍റെയും അപ്പനായി”രുന്നു ശിമോന്‍.
അതായത് ശിമോന്‍ യാദൃശ്ചികമായി അവിടെ എത്തിയതല്ല, കുറെന എന്ന വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തുനിന്നും അവന്‍ അവിടെ എത്തിയത് ദൈവീക നിശ്ചയ പ്രകാരം ആയിരുന്നു.
യാഗമൃഗത്തെ കൊല്ലുവാനുള്ള ആയുധമായ ക്രൂശു അവന്‍ വഹിച്ചു.

6.    കാപ്പിറ്റൊളും ഗൊല്‍ഗൊഥായും

മര്‍ക്കോസ് 15: 22 തലയോടിടം എന്നർത്ഥമുള്ള ഗൊല്‍ഗൊഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി;

ക്രൂശീകരണം ഒരു ശിക്ഷയായി റോമില്‍ നടപ്പക്കാറുണ്ടായിരുന്നതിനാല്‍, അതിനായി ചില മലമുകളില്‍ സ്ഥലം വേര്‍തിരിക്കാരുണ്ടായിരുന്നു.
ക്രൂശിക്കപ്പെടുന്നവരുടെ വേദനാജനകമായ ദാരുണാന്ത്യം മറ്റു കുറ്റവാളികള്‍ക്ക് ഒരു മുന്നറിയിപ്പായിരിക്കേണം എന്ന് അധികാരികള്‍ ആഗ്രഹിച്ചിരുന്നു.
കാമ്പസ് എസ്ക്യിലിനൂസ് എന്ന മലമുകള്‍ ആയിരുന്നു റോമിലെ ക്രൂശീകരണ സ്ഥലം.
മര്‍ക്കോസ്, യരുശലെമില്‍ അതിന് ഗോല്‍ഗോഥ എന്ന പേര് നല്‍കി.
ഗോല്‍ഗോഥ എന്ന പേരിനെ മര്‍ക്കോസ് തലയോടിടം എന്ന് വിവര്‍ത്തനം ചെയ്യുന്നുണ്ട്.
ഈ വാക്കിനു എബ്രായ ഭാഷയില്‍ തലയോടിടം എന്നതിന് ഉപരിയായി ശിരസ്സ്‌ എന്ന അര്‍ത്ഥം കൂടി ഉണ്ട്. ഗ്രീക്ക് ഭാഷയിലും ഇപ്രകാരമുള്ള ഒരു അര്‍ത്ഥം കൂടി ഉണ്ട്.

അങ്ങനെ, റോമിലെ കാപ്പിറ്റൊളും യരുശലേമിലെ ഗൊല്‍ഗൊഥായും തമ്മിലുള്ള സാമ്യം മര്‍ക്കോസ് ഉറപ്പിക്കുന്നു.
റോമിലെ ഒരു മലമുകളില്‍ ക്ഷേത്രം നിര്‍മ്മിക്കുവാനായി അടിസ്ഥാനമിടുവാന്‍ ശ്രമിക്കവേ, ദ്രവിക്കാതെ ഇരുന്ന മനുഷ്യ ശിരസ്സ് കണ്ടെത്തിയതിനെ കുറിച്ച് ഒരു ഐതീഹ്യം ഉണ്ട്.
അപ്പോള്‍ വെളിച്ചപ്പാടത്തികള്‍, “റോമാക്കാരെ, മനുഷ്യ ശിരസ്സ് കണ്ടെത്തിയ സ്ഥലം ഇറ്റലിയുടെ ശിരസ്സ് ആയിരിക്കും എന്ന് റോമന്‍ പൌരന്മാരോട് പറയുക” എന്ന് വെളിപ്പാട് പറഞ്ഞു എന്നും ഐതീഹ്യം പറയുന്നു.
അന്നുമുതല്‍ ആ സ്ഥലത്തിന് കാപ്പിറ്റൊലിന്‍ എന്ന് പേരായി.
ഈ കാപ്പിറ്റൊലിന്‍ മലമുകളിലെ ക്ഷേത്രമായിരുന്നു ജയോത്സവ ഘോക്ഷയാത്രയുടെ ലക്ഷ്യം.
ഇവിടെ യാത്ര അവസാനിക്കും, ജയാളിയായ സര്‍വ്വ സൈന്യാധിപന്‍, വിജയത്തിന് നന്ദിയായി ഒരു കാളയെ ജൂപ്പിറ്റര്‍ ദേവന് ബലി കഴിക്കും.
കാള കൊല്ലപ്പെടുകയുകയും സര്‍വ്വ സൈന്യാധിപന്‍ പര്‍പ്പിള്‍ നിറത്തിലെ ദേവന്‍റെ വേഷത്തില്‍ പ്രത്യക്ഷനാകും.
ഇതു അവരുടെ ദേവന്‍റെ തന്നെ പ്രത്യക്ഷത ആയി കണക്കപ്പെട്ടിരുന്നു.

തലയോട്ടിടം എന്ന സ്ഥലത്താണ് യേശുവിനെ ക്രൂശിച്ചത്.
റോമിലെ കാപ്പിറ്റൊളിന്‍ യരുശലേമിലെ ഗോല്‍ഗോഥ ആയി, യേശു ജയാളി ആയി.
അവിടെ യേശു സകല മനുഷ്യരുടെയും പാപങ്ങള്‍ക്ക്‌ പരിഹാരമായി യാഗമായി തീര്‍ന്നു.
അത് യേശു ക്രിസ്തുവിന്റെ ജയത്തിന്‍റെ പരമോന്നതി ആണ്.
ഇതാണ്, മര്‍ക്കൊസിനും മുമ്പ്, അപ്പോസ്തലനായ പൗലോസ്‌ രേഖപ്പെടുത്തിയത്:

കൊലോസ്യര്‍ 2: 15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേല്‍ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.

7.    കുന്തിരിക്കം കലക്കിയ വീഞ്ഞ്

മര്‍ക്കോസ് 15: 23 കണ്ടിവെണ്ണ കലർത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല.

ജയോല്‍സവത്തിന്‍റെ പരമോന്നതി മൃഗബലി ആണ് എന്ന് നമ്മള്‍ പറഞ്ഞുവല്ലോ.
മൃഗബലിയ്ക്ക് തൊട്ട് മുമ്പോ, ബലി നടക്കുമ്പോഴോ, കുന്തിരിക്കം കലര്‍ത്തിയ, സുഗന്ധമുള്ള, വിലയേറിയ വീഞ്ഞ് ഒരു കപ്പില്‍ ജയാളിയായ സര്‍വ്വ സൈന്യാധിപന് കുടിപ്പാന്‍ കൊടുക്കും.
എന്നാല്‍ അവന്‍ അത് കുടിക്കാതെ, ബലിക്കായുള്ള കാളയുടെയോ, ബലിപീഠത്തിന്‍റെയോ മുകളില്‍ ഒഴിച്ചുകളയും.
ഈ വീഞ്ഞ് ജയാളിയുടെ രക്തത്തെ ആണ് കാണിക്കുന്നത്.
ജയാളി, ബലിമൃഗം, രക്തത്തെ സൂചിപ്പിക്കുന്ന വീഞ്ഞ് എന്നിവ തമ്മിലുള്ള ബന്ധത്തെ, പര്‍പ്പിള്‍ നിറത്തിലുള്ള ദേവന്‍റെ വസ്ത്രം കൂടുതല്‍ ഉറപ്പിക്കുന്നു.
അങ്ങനെ ജയാളിയും ബലിമൃഗവും ഒന്നായി മാറുന്നു.
ബലിമൃഗമാണ് മരിക്കുന്ന ദേവനും പിന്നീട് ജയാളിയായി പ്രത്യക്ഷപ്പെടുന്ന ദേവനും.
ഇവിടെ ജയാളി അവരുടെ ദേവന്‍ ആയി മാറുന്നു.

തിരുവത്താഴ സമത്ത്, വീഞ്ഞ്, രക്തം, യാഗം, ജയാളി എന്നിവയെക്കുറിച്ച് യേശുക്രിസ്തു സൂചിപ്പിക്കുന്നുണ്ട്.

മര്‍ക്കോസ് 14: 24, 25
24  ഇതു അനേകർക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്‍റെ രക്തം.
25  മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കും നാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു.

റോമന്‍ പടയാളികള്‍ യേശുവിന് കുന്തിരിക്കം കലര്‍ത്തിയ വീഞ്ഞ് കൊടുത്തു; യേശു അത് നിരാകരിച്ചു.
യേശുവിന്‍റെ ക്രൂശീകരണം ഒരു ജയോത്സവം ആയിരുന്നു എന്നതിന് ഇതു ഒരു തെളിവാണ്.
മര്‍ക്കോസിന്‍റെ അടുത്ത വാചകം ഇങ്ങനെ ആണ്: “മൂന്നാം മണി നേരമായപ്പോൾ അവനെ ക്രൂശിച്ചു.” (മര്‍ക്കോസ് 15:25)
ഇതു വീണ്ടും, വീഞ്ഞും യാഗവും തമ്മിലുള്ള അടുത്ത ബന്ധത്തെ കാണിക്കുന്നു.

8.  മേലെഴുത്തും സ്തുതിയും

മര്‍ക്കോസ് 15: 26 യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്‍റെ കുറ്റം മീതെ എഴുതിയിരുന്നു.

യേശുവിന്‍റെ ക്രൂശിന്മേല്‍ എഴുതിവച്ച “യെഹൂദന്മാരുടെ രാജാവു” എന്ന മേലെഴുത്തു റോമന്‍ പടയാളികള്‍ക്ക് പറ്റിയ ഒരു തെറ്റ് അല്ല. അത് മനപ്പൂര്‍വ്വമായ ഒരു പരിഹാസം ആയിരുന്നു.
റോമില്‍ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികള്‍ അവരുടെ കുറ്റം എഴുതിയ ഒരു കുറിപ്പ് കഴുത്തില്‍ കെട്ടുമായിരുന്നു.
ജയോല്‍സവ യാത്രയില്‍ ഒരു റോമന്‍ സേവകന്‍, പരാജയപ്പെട്ട രാജ്യത്തിലെ രാജാവിന്‍റെയും പടയാളികളുടെയും പഴയ പദവികളും കുറ്റങ്ങളും വിളിച്ചുപറഞ്ഞുകൊണ്ട് നടക്കുമായിരുന്നു.
യേശുവിന്‍റെ ഗോല്‍ഗോഥാ യാത്രയെ വിവരിക്കുമ്പോള്‍, മര്‍ക്കോസിന്‍റെ മനസ്സില്‍ ഈ ചിത്രം ഉണ്ടായിരുന്നിരിക്കാം.
എന്നാല്‍ മര്‍ക്കോസ് ഇതു മനപ്പൂര്‍വ്വമായി, ക്രൂശില്‍ എഴുതിയതായി രേഖപ്പെടുത്തുകയാണ്.
കാരണം, മര്‍ക്കോസ് മറ്റൊരു സാമ്യം ഇതില്‍ കണ്ടിരുന്നു.

ജായാളിയായ സര്‍വ്വസൈന്യാധിപന്‍, മൃഗബലിക്ക് ശേഷം, ദേവന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ജനമെല്ലാം ആര്‍പ്പിട്ടു സ്തുതിക്കുമായിരുന്നു.
അവനെ മറ്റുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച്‌ സ്തുതിക്കും; അവന്‍ ദേവന്‍റെ പ്രത്യക്ഷത ആണ്.
അവന്‍റെ ഇടത്തും വലത്തുമായി രണ്ടു പടയാളികള്‍ കൂടെ പ്രത്യക്ഷമാകും.
ഇവിടെ ആണ് മര്‍ക്കോസിന്‍റെ സമാന്തര ചിന്ത വെളിവാകുന്നത്.
യേശുവിന്‍റെ ക്രൂശില്‍ എഴുതിയ “യെഹൂദന്മാരുടെ രാജാവു” എന്ന എഴുത്ത്, മൃഗബലിക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന സര്‍വ്വസൈന്യധിപനെ കാണുമ്പോള്‍ ഉള്ള ജനത്തിന്‍റെ സ്തുതിയോട് ഒക്കുന്നു.
ഇതു പറഞ്ഞതിനുശേഷം യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട രണ്ടു കള്ളന്മാരുടെ കാര്യവും മര്‍ക്കോസ് പറയുന്നു.
ഇതു ദൈവത്തിന്‍റെ പ്രത്യക്ഷത ആണ്.

9.  രണ്ട് കള്ളന്മാര്‍

മര്‍ക്കോസ് 15: 27 അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.

ഇതും മര്‍ക്കോസ് രേഖപ്പെടുത്തുന്ന ശ്രദ്ധേയമായ ഒരു സാമ്യം ആണ്.
യേശുവിന്‍റെ കാലത്ത്, ശ്രേഷ്ടനായ ഒരു വ്യക്തിയുടെ ഇടത്തും വലത്തും ഇരിക്കുക എന്നത് ഒരു വലിയ പദവി ആയി കണ്ടിരുന്നു.
മര്‍ക്കോസ് 10: 35 – 37 വരെയുള്ള വാക്യങ്ങളില്‍ സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും യേശുവിന്‍റെ അടുക്കൽ വന്നു അവനോടു, അവന്‍റെ മഹത്വത്തിൽ അവരില്‍ ഒരുത്തൻ യേശുവിന്‍റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ വരം നല്കേണം എന്നു അപേക്ഷിക്കുന്നതായി നമ്മള്‍ വായിക്കുന്നു.

റോമന്‍ ജയോത്സവത്തില്‍ സാധാരണ, ജയാളി, ഒറ്റയ്ക്കാണ് രഥത്തില്‍ യാത്ര ചെയ്യാറ്.
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ജയാളിയുടെ ഇടത്തും വലത്തും ഓരോരുത്തര്‍ ഇരുന്നതായി ചരിത്രത്തില്‍ രേഖയുണ്ട്.
അങ്ങനെ ഉള്ള അവസരങ്ങളില്‍ അവര്‍ മൂന്നുപേരും ചേര്‍ന്നാണ് ജൂപ്പിറ്റര്‍ ദേവന്‍റെ ക്ഷേത്രത്തില്‍ ബലി അര്‍പ്പിക്കുന്നത്.
ഇവര്‍ മൂവര്‍ ഐക്യതയിലുള്ള ശക്തിയെ പ്രകടമാക്കുന്നു.
ഇതിന്‍റെ ഒരു പരിഹാസരൂപമായിട്ടായിരിക്കാം യേശുവിന്‍റെ ഇടത്തും വലത്തും രണ്ടു കള്ളന്മാരെ ക്രൂശിച്ചത്.
രാജാവിന്‍റെ ഇടത്തും വലത്തും ഓരോ കള്ളന്മാര്‍ കൂടി ആകട്ടെ എന്ന് റോമന്‍ പടയാളികള്‍ ചിന്തിച്ചിട്ടുണ്ടാകാം.
എന്നാല്‍ മര്‍ക്കോസ് യേശു ജയാളി ആയിരുന്നു എന്ന് തെളിയിക്കുവാന്‍ ഈ സംഭവത്തെ ഉപയോഗിക്കുകയാണ്.

10.    അഭൌമീക അടയാളങ്ങള്‍

മര്‍ക്കോസ് 15: 38, 39
38  ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി.
39  അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.

ജയോത്സവത്തിന്‍റെ ഘോക്ഷയാത്രയുടെ അവസാനം, ജൂപ്പിറ്റര്‍ ദേവന്‍റെ ക്ഷേത്രത്തില്‍, ജയാളിയായ സര്‍വ്വസൈന്യധിപനെപ്പോലെയും, ദേവനെപ്പോലെയും പര്‍പ്പിള്‍ നിറത്തില്‍ വസ്ത്രവും സസ്യങ്ങളുടെ തണ്ട്കൊണ്ടുള്ള കിരീടവും ധരിച്ച കാളയെ ബലികഴിക്കും.
അപ്പോള്‍, ജയാളിയായ സര്‍വ്വസൈന്യധിപന്‍ ജൂപ്പിറ്റര്‍ ദേവനെപ്പോലെ പര്‍പ്പിള്‍ നിറത്തില്‍ വസ്ത്രവും കിരീടവും ധരിച്ച് പ്രത്യക്ഷപ്പെടും.
ഇതു ദേവന്‍റെ പ്രത്യക്ഷത ആണ്. ഇതു ജയത്തെ ദേവന്മാര്‍ അംഗീകരിച്ചിരിക്കുന്നു എന്നതിന്‍റെ അഭൌമീക അടയാളം ആണ്.
അതിനുശേഷം, ജയാളി, ക്ഷേത്രത്തിന്‍റെ പൂമുഖത്ത് വച്ചുതന്നെ അത്താഴം കഴിക്കും, പിന്നീട് വീട്ടിലെക്കു തിരകെ പോകും.

മര്ക്കോസിന്‍റെ സുവിശേഷം ആരംഭിക്കുന്നത്, “ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ ആരംഭം എന്ന് പറഞ്ഞുകൊണ്ടാണ്. (മര്‍ക്കോസ് 1: 1)
പക്ഷെ, ശിഷ്യന്മാര്‍ അല്ലാതെ, ഒരു മനുഷ്യ ശബ്ദവും യേശുവിനെ ദൈവപുത്രന്‍ എന്ന് വിളിക്കുന്നില്ല.
എന്നാല്‍, യേശു ക്രൂശില്‍ മരിച്ചപ്പോള്‍, കണ്ടുകൊണ്ടു നിന്ന റോമന്‍ ശതാധിപന്‍ വിളിച്ചു പറഞ്ഞു: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം”.

ഇതുകൂടാതെ, മര്‍ക്കോസ് മറ്റൊരു അടയാളം കൂടി രേഖപ്പെടുത്തുന്നു.
യേശു പ്രാണനെ വിട്ട ഉടനെ, മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി. (മര്‍ക്കോസ് 15: 38)
യേശുവിന്റെ മരണം മര്‍ക്കോസിന്റെ സമാന്തര വിവരണത്തിന്‍റെ പരമോന്നതി ആണ്.
യേശുവിന്‍റെ ക്രൂശീകരണം ഒരു പരാജയം ആയിരുന്നില്ല, മറിച്ചു ഒരു ജയം തന്നെ ആയിരുന്നു എന്ന് തെളിയിക്കുക മര്‍ക്കോസിന്റെ ലക്‌ഷ്യം ആയിരുന്നു.
“വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി. (കൊലോസ്യര്‍ 2: 15)

ഉപസംഹാരം

മര്‍ക്കോസിന്റെ സുവിശേഷത്തില്‍, ക്രൂശീകരണ വിവരണത്തില്‍ നമ്മള്‍ ഇതുവരെ മനസ്സിലാക്കിയ വിവരങ്ങള്‍ ചുരുക്കി പറഞ്ഞുകൊണ്ട് ഞാന്‍ ഈ പഠനം അവസാനിപ്പിക്കട്ടെ.
അതിരാവിലെ സൈന്യത്തിന്റെ മുഖ്യ ആസ്ഥാനത്ത്, ജയാളിയായ സര്‍വ്വ സൈന്യധിപനെ സ്തുതിക്കുവാന്‍ പടയാളികള്‍ ഒരിമിച്ചുകൂടുന്നു.
പര്‍പ്പിള്‍ നിറത്തിലുള്ള രാജകീയ വസ്ത്രവും തലയില്‍ സസ്യങ്ങളുടെ തണ്ട്കൊണ്ടുണ്ടാക്കിയ കിരീടവും ധരിച്ചുകൊണ്ട് സര്‍വ്വ സൈന്യാധിപന്‍ പ്രത്യക്ഷന്‍ ആകുന്നു.
പടയാളികള്‍ അവനെ വന്ദിക്കുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നു.
അവര്‍ ഒരുമിച്ചു റോമിലെ പ്രധാന തെരുവീഥിയിലൂടെ യാത്രചെയ്യുന്നു.
ബലികഴിക്കുവാനുള്ള കാളയെയും ജയാളിയെ പോലെതന്നെ വസ്ത്രം ധരിച്ചു രഥത്തിന് ഒപ്പം നടത്തുന്നു. അതിനെ കൊല്ലുവാനുള്ള ആയുധവുമായി ഒരു സൈന്യ പ്രമുഖന്‍ കൂടെ നടക്കുന്നു.
മരണത്തിന്‍റെ ശിരസ്സ്‌ എന്ന് അറിയപ്പെടുന്ന മലമുകളിലുള്ള ജൂപ്പിറ്റര്‍ ദേവന്റെ ക്ഷേത്രത്തിലേക്ക് അവര്‍ പ്രവേശിക്കുന്നു.
ജയാളിക്ക് സുഗന്ധമുള്ള വീഞ്ഞ് കുടിക്കുവാന്‍ കൊടുക്കുന്നു.
അവന്‍ അത് ബലിമൃഗത്തിന്‍റെ മുകളില്‍ ഒഴിച്ചുകളയുന്നു.
ബലി നടക്കുന്ന നിമിഷത്തില്‍ ജയാളിയെ വീണ്ടും ജനമെല്ലാം വാഴ്ത്തുന്നു.
ബലി കഴിയുമ്പോള്‍, ജയാളിയെ അവന്‍റെ രണ്ടു സൈന്യാധിപന്മാര്‍ ചേര്‍ന്ന് ഉയര്‍ത്തിപ്പിടിക്കുന്നു.
ഇതു ദേവന്‍റെ പ്രത്യക്ഷതയായും അവന്‍ ദേവനായി മാറി എന്നും ജനം കണക്കാക്കുന്നു.

റോമന്‍ ജയോത്സവങ്ങള്‍ ആഘോഷിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍, യേശു ക്രിസ്തു എന്ന ദൈവത്തിന്‍റെയും രാജാവിന്‍റെയും മരണം തങ്ങള്‍ക്കുതന്നെ ഗ്രഹിക്കുവാനും അത് മറ്റുള്ളവര്‍ക്കായി വിശദീകരിക്കുവാനും അന്നത്തെ റോമിലെ വിശ്വാസികള്‍ പ്രയാസപ്പെട്ടിരുന്നു.
യേശു എങ്ങനെ ക്രൂശിക്കപ്പെട്ടവനും ഉയിര്‍ക്കപ്പെട്ടവനുമായ ദൈവമാകും?
അന്നത്തെ സാഹചര്യത്തില്‍, രാജാവായ യേശുവും രാജാവായ സീസറും തമ്മില്‍ താരതമ്യപ്പെടുത്തുക സ്വാഭാവികമായിരുന്നു.
യേശുവിന്റെ മനുഷ്യത്തത്തില്‍ ദൈവീക സര്‍വ്വാധികാരം എങ്ങനെ കാണുവാന്‍ കഴിയും?
ഇതിന് മറുപടിയായാണ് മര്‍ക്കോസ് യേശുവിന്‍റെ ക്രൂശീകരണ സംഭവങ്ങള്‍ റോമന്‍ ജയോത്സവത്തിനു സമാന്തരമായി നിരത്തിയത്.
ഇതിലൂടെ യാഗമായിതീരുന്ന ദൈവവും, ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദൈവവും യേശു തന്നെ എന്നും, അത് സീസര്‍ ചക്രവര്‍ത്തി അല്ല എന്നും മര്‍ക്കോസ് വ്യക്തമാക്കുന്നു.
ദൈവമായി പ്രത്യക്ഷന്‍ ആകുന്ന ജയാളിയായ യേശു ദൈവം തന്നെ.


Official website: naphtalitribe.com
Watch the video of this message in English and Malayalam @ naphtalitribetv.com
Listen to the audio messages in English and Malayalam @ naphtalitriberadio.com

Read study notes in Malayalam @ vathil.in
______________


No comments:

Post a Comment