ഏഴു സഭകള്‍ക്കുള്ള ദൂതുകള്‍ - രണ്ടാം ഭാഗം

അപ്പോസ്തലനായ യോഹന്നാന്‍, വെളിപ്പാട് പുസ്തകം, രണ്ട്, മൂന്ന് അദ്ധ്യായങ്ങളിലായി ആദ്യ നൂറ്റാണ്ടിലെ ഏഴ് സഭകള്‍ക്കുള്ള യേശുക്രിസ്തുവിന്റെ ദൂതുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ദൂതുകള്‍ ആണ് നമ്മളുടെ ഈ പഠനത്തിന്‍റെ വിഷയം.
എന്നാല്‍, ഈ കുറിപ്പ്  ഈ പഠനത്തിന്റെ രണ്ടാമത്തെ ഭാഗമാണ്.
ഒന്നാമത്തെ ഭാഗത്തില്‍, എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ് എന്നീ സഭകളോടുള്ള ദൂതുകള്‍ ആണ് നമ്മള്‍ ചര്‍ച്ച ചെയ്തത്.
ദൂതുകളില്‍, അഥവാ കത്തുകളില്‍, യേശുക്രിസ്തു, സഭകളെ ശാസിക്കുകയും പ്രചോദിപ്പിക്കുകയും, വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
എഫെസൊസ് സഭയുടെ ആദ്യസ്നേഹം വിട്ടുകഞ്ഞുള്ള, യാന്ത്രികവും, പാരമ്പര്യവുമായ ആരാധനയേയും ജീവിതത്തെയും കര്‍ത്താവ് ശാസിക്കുന്നു.
ദാരിദ്ര്യവും, കഷ്ടതയും, ഉപദ്രവങ്ങളും സഹിച്ചതിലും, സാത്താന്റെ പള്ളിക്കാരെ എതിര്‍ത്തതിലും സ്മുർന്നാ സഭയെ ക്രിസ്തു പ്രശംസിക്കുന്നു.
സഭയില്‍ വിശുദ്ധി ഉണ്ടായിരിക്കേണം എന്നും, അല്ലാത്തവരെ സഭയില്‍നിന്നും നീക്കികയേണം എന്നുമുള്ള കര്‍ത്താവിന്‍റെ ആഗ്രഹം നമ്മള്‍ പെർഗ്ഗമൊസ് സഭയോടുള്ള ദൂതില്‍ കാണുന്നു.
ഇനി നമുക്ക് യോഹന്നാന്‍ തുടര്‍ന്ന് രേഖപ്പെടുത്തിയിട്ടുള്ള 4 സഭകളുടെ ദൂത് എന്തായിരുന്നു എന്ന് നോക്കാം.

4.      തുയഥൈരയിലെ സഭ (വെളിപ്പാട് 2:18-29)

നാലാമത്തെ കത്ത്, തുയഥൈരയിലെ സഭയ്ക്ക് ഉള്ളതാണ്.
ലൈക്കസ് നദീതീരത്ത് സ്ഥിതിചെയ്തിരുന്ന, റോമന്‍ സാമ്രജ്യത്തിന്റെ ഭാഗമായ, സമ്പന്നമായ ഒരു പട്ടണം ആയിരുന്നു, തുയഥൈര. പട്ടണം സ്ഥിതിചെയ്തിരുന്ന പ്രദേശം ഇന്നത്തെ തുര്‍ക്കിയില്‍ ആണ്.
തുയഥൈര” എന്ന പേരിന്‍റെ അര്‍ത്ഥം, “അദ്ധ്വാനത്തിന്റെ മധുരമുള്ള രുചി” എന്നാണ്.
സൂര്യദേവന്‍ ആയ അപ്പോളോ ആയിരുന്നു ജാതീയര്‍ ആയ പട്ടണ നിവാസികളുടെ മുഖ്യ ദേവന്‍.
ഈ പട്ടണം വ്യവസായങ്ങള്‍ക്ക് പ്രസിദ്ധം ആയിരുന്നു. തുണികള്‍ക്ക് നിറം നല്‍കുന്ന വ്യവസായം ആയിരുന്നു മുഖ്യം. പ്രത്യേകിച്ച്,  ധൂമ്രവര്‍ണ്ണം, രക്തവര്‍ണ്ണം എന്നീ നിറങ്ങള്‍ക്ക് ഇവിടം പ്രസിദ്ധം ആയിരുന്നു.

തുയഥൈരയിലെ സഭയ്ക്ക്, യേശുക്രിസ്തു സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെ ആണ്: “അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു: (2: 18)
അതിനുശേഷം സഭയുടെ ഗുണങ്ങളെ അവന്‍ പ്രകീര്‍ത്തിക്കുന്നു.

വെളിപ്പാട് 2:19 ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.

സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണത, ആദ്യത്തേതിനേക്കാള്‍ മെച്ചമായ ഒടുവിലത്തെ പ്രവൃത്തി എന്നീ അഞ്ചു ഗുണങ്ങള്‍ എടുത്തു പറഞ്ഞതിന് ശേഷം, യേശുക്രിസ്തു, തുയഥൈരയിലെ സഭയുടെ ന്യൂനതകളെക്കുറിച്ച് പറയുന്നു.

വെളിപ്പാട് 2:20 എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പു ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ടു.

വാക്യത്തില്‍നിന്നും ഒരു വസ്തുത നമുക്ക് ഗ്രഹിക്കാവുന്നതാണ്: ഒരു കള്ള പ്രവാചാകി, ദുരുപദേശങ്ങളിലേക്കും ജാതീയ ആചാരങ്ങളുമായുള്ള നീക്ക്പോക്കിലേക്കും സഭയെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു.
സഭ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലും, പരസംഗത്തിലും വിഗ്രഹാരാധനയിലും വീണുപോയി.
ഈസബേൽ എന്നത് അവരുടെ ശരിയായ പേരായിരുന്നോ അതോ അതൊരു പ്രതീകമായിരുന്നോ എന്ന് നമുക്ക് തീര്‍ച്ചയില്ല.
ഒരു പക്ഷെ പഴയ നിയമത്തിലെ ഈസബേൽ രാജ്ഞിയെയും അവരുടെ പ്രവര്‍ത്തികളെയും സൂചിപ്പിക്കുവാന്‍ ആയിരിക്കാം ഈ പേര് ഉപയോഗിച്ചത്.
ആഹാബ് എന്ന യിസ്രായേലിന്റെ രാജാവ്, ഫെനീഷ്യ രാജ്യത്തെ ഈസബേൽ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ഈസബേൽ ബാലിന്റെ മുഖ്യ പൂജാരിയുടെ മകള്‍ ആയിരുന്നു. അവര്‍ യിസ്രായേലിന്റെ രാജാവിന്റെ ഭാര്യയായി തീര്‍ന്നപ്പോള്‍, യിസ്രായെലിലേക്ക് ബാലിന്റെ ആരാധനയും കൊണ്ടുവന്നു. അതെല്ലാം യഹോവയുടെ ആരാധന ആണ് എന്ന് അവള്‍ ജനങ്ങളെ വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.
ഇത്തരത്തിലുള്ള ഒരു കള്ളപ്രവാചകി തുയഥൈരയിലെ സഭയില്‍ കടന്നുകൂടി. അവരെ സഭയില്‍ നിന്നും പുറത്താക്കുന്നതിനു പകരം, അവളുടെ വഞ്ചന സഭയില്‍ തുടരുവാന്‍ അവര്‍ അനുവദിക്കുക ആണ്.

യേശുക്രിസ്തു, ഈസബേലിന്റെ അനുയായികളുടെ മേല്‍ വരുവാനിരിക്കുന്ന ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ഒപ്പം തുയഥൈരയിലെ സഭയോട് മാനസാന്തരപ്പെടുവാന്‍ കല്‍പ്പിക്കുകയും ചെയ്യുന്നു.
ഞാൻ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാൽ വലിയ കഷ്ടതയിലും ആക്കിക്കളയും. അവളുടെ മക്കളെയും ഞാൻ കൊന്നുകളയും; ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും.(വെളിപ്പാട് 2: 22, 23)

ഈ സഭയിലും വിശ്വസ്തരുടെ ഒരു ശേഷിപ്പ് നമുക്ക് കാണുവാന്‍ കഴിയും. ജയിക്കുന്ന അവര്‍ക്ക് കര്‍ത്താവ് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്നു.
“.... ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും. അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; ... ഞാൻ അവന്നു ഉദയനക്ഷത്രവും കൊടുക്കും. (വെളിപ്പാട് 2: 26, 27, 28)
ഉദയ നക്ഷത്രം ക്രിസ്തു തന്നെ ആണ്. അതായത്, ജയിക്കുന്നവര്‍ക്ക് അവന്‍ തന്നെത്തന്നെ പ്രതിഫലമായി നല്‍കും; അവര്‍ എന്നന്നെക്കുമുള്ള നിത്യ കൂട്ടായ്മയില്‍ ജീവിക്കും.

ചരിത്രപരമായ വ്യാഖ്യാനം
തുയഥൈരയിലെ സഭ, ചരിത്രത്തിലെ മദ്ധ്യകാല സഭയെ കാണിക്കുന്നു.
മറ്റ് സഭകള്‍ക്ക് നല്‍കിയതിനേക്കാള്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള കത്താണ് തുയഥൈരയിലെ സഭയ്ക്ക് ലഭിച്ചത്. ഇത് അവരുടെ അവസ്ഥയെ തുറന്നുകാട്ടുന്നു.
തുയഥൈരയിലെ സഭ, ഒരേ സമയം, ദൈവത്തോടുള്ള വിശ്വസ്തത കാരണം ഉപദ്രവങ്ങള്‍ സഹിക്കുകയും, അതെ സമയം ദുരുപദേശങ്ങള്‍ നിറഞ്ഞതും ആയിരുന്നു.
പെർഗ്ഗമൊസ് സഭയില്‍ ആരംഭിച്ച ദുരുപദേശത്തോടുള്ള നീക്ക്പോക്ക് ഇവിടെ ഏറ്റവും വര്‍ദ്ധിച്ചിരിക്കുകയാണ്.
തുയഥൈര എന്ന പേരിന്റെ അര്‍ത്ഥമായ “അദ്ധ്വാനത്തിന്റെ മധുരമുള്ള രുചി” എന്നതുപോലെ തന്നെ, പ്രവര്‍ത്തികളാല്‍ രക്ഷ എന്ന ചിന്ത അക്കാലത്ത് പ്രബലമായി.
ആത്മീയ അന്ധതയുടെ ഈ കാലത്ത്, ക്രിസ്തീയ വിശ്വാസത്തിന്റെ സത്യങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു; സൂര്യ ദേവന്റെ ആരാധന, ക്രിസ്തീയ ആരാധനയായി അവതരിപ്പിക്കപ്പെട്ടു.
ആചാരങ്ങള്‍, ആരാധനാ രീതികള്‍, ആരാധനാ രൂപങ്ങള്‍, പ്രവര്‍ത്തികള്‍ എന്നിവ സുവിശേഷ സത്യത്തെ മറിച്ചുകളഞ്ഞു.
ജാതീയ ദേവന്മാരുടെ രൂപങ്ങള്‍ യേശുവിന്റെ രൂപങ്ങള്‍ ആയി, ക്രൈസ്തവ ആരാധനയില്‍ രൂപം മാറി വിവിധ രീതികളില്‍ അവ പ്രത്യക്ഷപ്പെട്ടു. ബാബിലോണിയന്‍ മതത്തിന്റെ മര്‍മ്മം സഭയില്‍ കയറികൂടി.
ജാതീയ പൂജാരിമാരുടെ വസ്ത്രങ്ങള്‍, അവരുടെ ധൂമ്രവര്‍ണ്ണം, രക്തവര്‍ണ്ണം എന്നീ നിറങ്ങളിലുള്ള ളോഹയും മറ്റ് പുരോഹിതവസ്‌ത്രങ്ങളും ക്രൈസ്തവ സഭയില്‍ അവതരിപ്പിക്കപ്പെട്ടു.
ഡാഗന്‍ ദേവന്റെ (Dagon) അടയാളമായിരുന്ന മത്സ്യത്തിന്റെ ചിത്രം ക്രൈസ്തവ സഭയില്‍ ആത്മാക്കളുടെ അടയാളമായി മാറി. അത് ആടുകളുടെ ഇടയന്മാരുടെ പ്രതീകമായി സഭ ഏറ്റെടുത്തു.
ജാതീയ ക്ഷേത്രങ്ങളും, അടയാളങ്ങളും, ഉത്സവങ്ങളും, ക്രൈസ്തവ ദേവാലയങ്ങള്‍ ആയും, അടയാളങ്ങള്‍ ആയും, ഉത്സവങ്ങള്‍ ആയും രൂപാന്തരപ്പെട്ടു.
കോണ്‍സ്ന്റാന്‍റ്റിന്‍ (Constantine) ചക്രവര്‍ത്തി ക്രിസ്തീയ വിശ്വാസത്തെ സ്വീകരിച്ചതിന് ശേഷം, ജാതീയരില്‍ നിന്നുമുള്ള പുതിയ വിശ്വാസികളെ സഭയുടെ ഉന്നത പദവികളില്‍ നിയമിച്ചു. ഇത് ജതീയരും ക്രൈസ്തവ വിശ്വാസികളും തമ്മില്‍ കൂടികലരുവാന്‍ ഇടയാക്കി. ജതീയര്‍ ക്രിസ്തീയ വിശ്വാസത്തെ സ്വാധീനിക്കുവാനും ഇടയായി.
ജാതീയരുടെ മാജിക്കിലും മന്ത്രങ്ങളിലും ഉള്ള വിശ്വാസത്തെ ക്രൈസ്തവര്‍ അത്ഭുതങ്ങള്‍ ആക്കി മാറ്റി; ജാതീയരുടെ ഭാവി പ്രവചനത്തെ ക്രൈസ്തവര്‍ ക്രിസ്തീയ പ്രവചനങ്ങള്‍ ആക്കി മാറ്റിയെടുത്തു.
ജാതീയര്‍ക്കു ഒരു വലിയ ദൈവവും അതിനു താഴെ ചെറിയ ദേവന്മാരും ഉള്ളതുപോലെ, ക്രൈസ്തവര്‍ക്കും വലിയ ദൈവവും ചെറിയ ദേവന്മാരായ വിശുദ്ധരും, പുണ്യവാളന്മാരും, മദ്ധ്യസ്ഥരും ഉണ്ടായി.
ഇതെല്ലാം സര്‍വ്വശക്തനായ ദൈവത്തെ ആരാധിക്കുന്നതിന്റെ ഭാഗമായാണ് സഭ സ്വീകരിച്ചത് എന്നതാണ് ഏറ്റവും രസകരവും അപകടകരവുമായ യാഥാര്‍ത്ഥ്യം.

എന്നാല്‍ ഇവിടെയും വിശ്വസ്തര്‍ ആയ ജയിക്കുന്നവരെ നമ്മള്‍ കാണുന്നു. അതായത് ചരിത്രത്തിലെ ഇരുണ്ട മദ്ധ്യകാലത്തും, വിശ്വസ്തരായ ക്രൈസ്തവ വിശ്വാസികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കര്‍ത്താവ് പ്രതിഫലം വാഗ്ദാനം ചെയ്യുന്നു.

5.      സർദ്ദിസിലെ സഭ (വെളിപ്പാട് 3:1-6)

അഞ്ചാമത്തെ കത്ത്, സര്‍ദ്ദീസിലെ സഭയ്ക്ക് ഉള്ളതാണ്.
ഈ കത്തില്‍ സർദ്ദിസിലെ സഭയെ “മരിച്ച സഭ എന്നാണ് വിളിക്കുന്നത്‌. ഉറങ്ങുന്ന ഒരു സഭയെ ഉണരുവാന്‍ ആഹ്വാനം ചെയ്യുന്ന ദൂതാണ് യേശുക്രിസ്തു നല്‍കുന്നത്.
സര്‍ദ്ദീസ് എന്ന പേരിന്‍റെ അര്‍ത്ഥം, “പുതുക്കം” എന്നാണ്. വളരെ ഭദ്രമായി പ്രതിരോധിക്കപ്പെട്ടിരുന്ന, പുരാതനവും സമ്പന്നവും ആയ ഒരു പട്ടണം ആയിരുന്നു അത്.
പുരാതന ലിഡിയ എന്ന രാജ്യത്തിന്‍റെ തലസ്ഥാനം കൂടി ആയിരുന്നു ഈ പട്ടണം.
തുയഥൈര പട്ടണത്തില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുമാറി ഇത് സ്ഥിതിചെയ്തിരുന്നു.
പട്ടണം ഒരു മലമുകളില്‍ സ്ഥിതിചെയ്തിരുന്നു; അതിന്റെ അടിവാരത്തില്‍ അര്‍ത്തമീസ് ദേവിയുടെയും സീയൂസ് ദേവന്റെയും ക്ഷേത്രവും ഉണ്ടായിരുന്നു.
അതിന്‍റെ സ്ഥാനവും, പ്രകൃതിയാല്‍ തന്നെ ലഭിച്ച സംരക്ഷണവും കാരണം അതിനെ ആര്‍ക്കും ആക്രമിച്ച് കീഴടക്കുവാന്‍ കഴിയുക ഇല്ല എന്ന് പട്ടണ നിവാസികള്‍ വിശ്വസിച്ചിരുന്നു. അവരുടെ ഈ അമിതമായ ആത്മവിശ്വാസം കാരണം, കാവല്‍ക്കാര്‍ പോലും പ്പോഴും ജാഗരൂകര്‍ അല്ലായിരുന്നു.
അതുകൊണ്ട് തന്നെ, വലിയ പ്രതിരോധം കൂടാതെ തന്നെ, പട്ടണത്തെ പാര്‍സി രാജാവായ കോരശും, ആന്‍റിഓക്കസും കീഴടക്കി.
പിന്നീട്, AD 17 ല്‍ ഒരു വലിയ ഭൂകമ്പത്തില്‍, പട്ടണം തകര്‍ന്നു എന്ന് ചരിത്രം പറയുന്നു.

സര്‍ദ്ദീസിലെ സഭയിലെ വിശ്വാസികളുടെ മനോഭാവത്തെക്കുറിച്ചാണ് പൊതുവേ ഈ ദൂത് പറയുന്നത്.
ഇവിടെ യേശു സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെ ആണ്:
ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ അരുളിച്ചെയുന്നതു”. (വെളിപ്പാട് 3:1 A)
അതിനുശേഷം അവന്‍ അവരുടെ മരിച്ച അവസ്ഥയെക്കുറിച്ച് പറയുന്നു.

വെളിപ്പാട് 3: 1 “... ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.

സഭയ്ക്ക് സമൂഹത്തില്‍ ശ്രേഷ്ടമായ പദവി ഉണ്ടായിരിക്കാം, എന്നാല്‍ അത് പരിശുദ്ധാത്മാവ്‌ ഇല്ലാത്ത മരിച്ച അവസ്ഥയില്‍ ആണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പാരമ്പര്യ ക്രമീകരണത്തിലൂടെ പോകുന്ന രക്ഷിക്കപ്പെടാത്ത ഒരുകൂട്ടം മനുഷ്യരാല്‍ സഭ നിറഞ്ഞിരിക്കുക ആണ്. ഗോതമ്പിന് ഇടയില്‍ ധാരാളം കളകള്‍ ഉണ്ടായിരുന്നു.
അതിനാല്‍ അവരുടെ പാപങ്ങളില്‍ നിന്നും മാനസാന്തരപ്പെടുവാന്‍ കര്‍ത്താവ് ആവശ്യപ്പെടുക ആണ്.

വെളിപ്പാട് 3 : 2, 3
   ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.
   ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തതു എങ്ങനെ എന്നു ഓർത്തു അതു കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേൽ വരും എന്നു നീ അറികയും ഇല്ല.

ഉണർന്നുകൊൾക” എന്ന് പറഞ്ഞാല്‍ അവര്‍ക്ക് ആവശ്യമായ രക്ഷയെക്കുറിച്ചു ചിന്തിച്ചുകൊള്‍ക എന്നാണ്.
അവര്‍ മാനസാന്തരപ്പെടാഞ്ഞാല്‍ വരുവാനിരിക്കുന്ന ശിക്ഷയെക്കുറിച്ചും യേശുക്രിസ്തു പറയുന്നുണ്ട്: നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേൽ വരും എന്നു നീ അറികയും ഇല്ല.

മുന്നറിയിപ്പിനും ശകാരത്തിനും ശേഷം, സര്‍ദ്ദീസിലെ സഭയിലെ വിശ്വസ്തരായ വിശ്വാസികളെ ക്രിസ്തു അഭിനന്ദിക്കുന്നു.

വെളിപ്പാട് 3 : 4, 5
4  എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേർ സർദ്ദിസിൽ നിനക്കുണ്ടു.
5  അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും.

വിശ്വസ്തരായ ഈ ചെറിയകൂട്ടം അവരുടെ ഉടുപ്പ് മലിനമാക്കിയില്ല. അതിനാല്‍ അവര്‍ “യോഗ്യന്മാര്‍” ആണ് എന്ന് കര്‍ത്താവ് പറയുന്നു.
ഒരു കാര്യത്തിന് യോഗ്യന്മാര്‍ ആകുക എന്ന് പറഞ്ഞാല്‍, അതിനോട് തുല്യത ഉണ്ടാകുക എന്നാണ്. അതായത് അവരുടെ വാക്കുകളില്‍ ഉള്ള വിശ്വാസം അവരുടെ ഹൃദയത്തില്‍ ഉള്ള വിശ്വാസത്തോട് തുല്യത ഉള്ളതായിരുന്നു.
അതിനാല്‍ അവര്‍ വെള്ളധരിച്ചുംകൊണ്ടു ക്രിസ്തുവിനോടുകൂടെ നടക്കും; അവരുടെ പേർ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയുക ഇല്ല; പിതാവായ ദൈവത്തിന്‍റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവരുടെ പേർ യേശുക്രിസ്തു ഏറ്റുപറയും.
വെള്ളുടുപ്പ് നീതീകരണത്തെയും, ജീവപുസ്തകത്തിലെ പേര്‍ നിത്യരക്ഷയെയും കാണിക്കുന്നു. 

ചരിത്രപരമായ വ്യാഖ്യാനം
മരിച്ച സഭ എന്ന പരാമര്‍ശം നമ്മെ നവോത്ഥാനത്തിന് ശേഷമുള്ള കാലത്തേക്ക് കൊണ്ടുപോകുന്നു.
1563 ലെ ട്രെന്റിലെ കൌണ്‍സിലിന് ശേഷവും പതിനെട്ടാം നൂറ്റാണ്ടിലെ മഹത്തായ ഉണര്‍വ്വിന് മുമ്പും ഉള്ള ചരിത്ര കാലമാണിത്. ഈ കാലത്തെ പാരമ്പര്യങ്ങളാല്‍ മരിച്ച യുഗം എന്ന് വിശേഷിപ്പിക്കാവുന്നതാണ്.
നവോത്ഥാന പ്രസ്ഥാനം ശ്രേഷ്ടമായിരുന്നു എങ്കിലും, അതിന്‍റെ തുടര്‍ച്ചയായി ഉണ്ടാകേണ്ടിയിരുന്ന പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ചില നാളുകള്‍ക്കുശേഷം അസ്തമിച്ച് പോയി. അതിനാല്‍ സഭ വീണ്ടും, അധികാരത്തിന്റെ സുഖശീതളയില്‍ മയങ്ങുവാന്‍ തുടങ്ങി.
റോമന്‍ സാമ്രാജ്യവുമായുള്ള ബന്ധം ഉപേക്ഷിച്ച നവോത്ഥാന പ്രസ്ഥാനം, മറ്റ് ചിലരാജ്യങ്ങളുടെ അധികാരത്തിന്‍ കീഴില്‍ ആയി. കൂടുതല്‍ രാജ്യങ്ങളും സമൂഹങ്ങളും നവോത്ഥാനത്തെ സ്വീകരിച്ചു.
അങ്ങനെ, നവോത്ഥാനം യേശുക്രിസ്തുവില്‍ അധിഷിഠിതം ആയിരുന്നു എങ്കിലും, ആദ്യകാല ഉത്സാഹം കുറഞ്ഞ്, ക്രമേണ, ആചാരങ്ങളും, രീതികളും ആയി സഭ മാറിപ്പോയി.
നവോത്ഥാന പ്രസ്ഥാനത്തില്‍ തന്നെ അനേകം ചെറിയതും വലിയതുമായ കൂട്ടങ്ങള്‍ ഉണ്ടായി. അവര്‍ ഓരോരുത്തര്‍ക്കും അതിന്‍റെ സ്ഥാപക നേതാവിന്‍റെ ആശയങ്ങളും പ്രമാണങ്ങളും ഉണ്ടായി. അങ്ങനെ നവോത്ഥാന പ്രസ്ഥാനത്തിന് ഒരു ഏകീകൃത വിശ്വാസപ്രമാണം പലകാര്യങ്ങളിലും ഇല്ലാതെ പോയി.
ക്രമേണ, നവോത്ഥാന പ്രസ്ഥാനം അതിന്‍റെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ചു; അതിനുള്ളില്‍ തന്നെ മത്സരം വളര്‍ന്നുവന്നു.

റോമന്‍ കത്തോലിക്ക സഭ, ഈ കാലയളവില്‍ ആരംഭിച്ച, നവോത്ഥാനത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍, പ്രസ്ഥാനത്തിന്‍റെ തകര്‍ച്ചയുടെ ആക്കം കൂട്ടി. കത്തോലിക്ക സഭയുടെ പ്രവര്‍ത്തങ്ങള്‍ നവോത്ഥാനം മുന്നോട്ടുവച്ച ഉപദേശങ്ങളെ തന്നെ ബലഹീനമാക്കി.
അങ്ങനെ, സഹിഷ്ണതയുടെയും നീക്ക്പോക്കുകളുടെയും  പാതയിലേക്ക് സഭ മെല്ലെ നീങ്ങി.

അതുകൊണ്ടാണ് കര്‍ത്താവ് സര്‍ദ്ദീസിലെ സഭയോട് ഇങ്ങനെ പറയുന്നത്: “ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല. ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തതു എങ്ങനെ എന്നു ഓർത്തു അതു കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേൽ വരും എന്നു നീ അറികയും ഇല്ല.” (വെളിപ്പാട് 3 : 2-3)

നവോത്ഥാന പ്രസ്ഥാനം തങ്ങളെത്തന്നെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു; അങ്ങനെ, സ്വയം സംതൃപ്തിയില്‍ വീണുപോയ ആത്മീയ മുന്നേറ്റത്തെ ശത്രുക്കള്‍ക്ക് വേഗത്തില്‍ തകര്‍ക്കുവാന്‍ കഴിഞ്ഞു.
എങ്കിലും, അനേകം നവോത്ഥാന ചിന്തകരും വിശ്വാസികളും, ഉപദ്രവങ്ങള്‍ സഹിക്കുകയും തങ്ങളുടെ ജീവനെ ക്രിസ്തുവിനു വേണ്ടി ഉപേക്ഷിക്കുകയും ചെയ്തു. അവരോട് യേശുക്രിസ്തു പറയുന്നതിതാണ്:
എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേർ സർദ്ദിസിൽ നിനക്കുണ്ടു. അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും. (വെളിപ്പാട് 3 : 4, 5)
അങ്ങനെ, സര്‍ദ്ദീസിലെ സഭയോടുള്ള ദൂത്, എക്കാലത്തെയും സഭയോട്, ഉപദേശ സത്യത്തിലേക്കും വിശ്വസ്തതയിലെക്കും മടങ്ങിവരുവാനുള്ള കര്‍ത്താവിന്‍റെ ആഹ്വാനമായി തീരുന്നു.

6.      ഫിലദെൽഫ്യയിലെ സഭ (വെളിപ്പാട് 3 : 7-13)

ആറാമത്തെ കത്ത് ഫിലദെൽഫ്യയിലെ സഭയ്ക്ക് ഉള്ളതാണ്.
ഏഷ്യ മൈനര്‍ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശത്തിലെ ഒരു പ്രമുഖ പട്ടണം ആയിരുന്നു, ഫിലദെൽഫ്യ.
അത് റോമിലെക്കുള്ള തപാല്‍ വഴിയില്‍, സര്‍ദ്ദീസില്‍ നിന്നും 45 കിലോമീറ്റര്‍ കിഴക്കുമാറി, ഒരു മലഞ്ചരുവില്‍ സ്ഥിതിചെയ്തിരുന്നു.
ഫിലദെൽഫ്യ എന്ന പേരിന്‍റെ അര്‍ത്ഥം, “സഹോദര സ്നേഹം” എന്നാണ്.
ഈ പട്ടണം സര്‍ദ്ദീസിനോട് സമീപം ആയിരുന്നു എങ്കിലും, ഇവിടെ ഉണ്ടായിരുന്ന സഭയ്ക്ക്, ഏകദേശം അറുപതു മൈല്‍ പടിഞ്ഞാറ് മാറി സ്ഥിതിചെയ്തിരുന്ന സ്മുർന്നായിലെ സഭയോടായിരുന്നു കൂടുതല്‍ സാമ്യം.
ഫിലദെൽഫ്യയിലെ സഭയ്ക്ക് അല്പമേ ശക്തിയുള്ളു എങ്കിലും, ആ അല്‍പ്പ ശക്തിയില്‍ ദൈവത്തിനായി ഉറച്ച് നിന്നു.

യേശു സഭയ്ക്ക് തന്നെതന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ ആണ്:
വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു:” (വെളിപ്പാട് 3:7)
ഇത് യേശുക്രിസ്തുവിന്‍റെ വിശുദ്ധിയും, സര്‍വ്വധികാരവും, രാജകീയത്വവും സൂചിപ്പിക്കുന്നു. ദാവീദിന്റെ താക്കോലിനെക്കുറിച്ചുള്ള പരാമര്‍ശം, മശിഹായെക്കുറിച്ചുള്ള പ്രവചനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നവന്‍ യേശുക്രിസ്തു ആണ്, ആര്‍ക്കും അവനോട് അരുത് എന്ന് പറയുവാന്‍ കഴിയുക ഇല്ല.
ഫിലദെൽഫ്യയിലെ സഭയ്ക്കുള്ള ദൂതില്‍ ശകാരങ്ങള്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്.

സഭയുടെ നല്ലവശങ്ങളെ കര്‍ത്താവ് പ്രശംസിക്കുന്നു:

വെളിപ്പാട് 3 : 8 ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു; അതു ആർക്കും അടച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.

അവര്‍ക്ക് അല്‍പ്പ ശക്തിയെ ഉള്ളൂ എങ്കിലും ദൈവവചനം മുറുകെ പിടിക്കുകയും, യേശുക്രിസ്തുവിന്‍റെ നാമത്തെ തള്ളി പറയാതെ ഇരിക്കുകയും ചെയ്തതില്‍ ക്രിസ്തു ഫിലദെൽഫ്യയിലെ സഭയെ പ്രശംസിക്കുന്നു.
അവിടുത്തെ സഭ ഒരു പക്ഷെ വളരെ ചെറിയ സഭ ആയിരുന്നിരിക്കാം; അവര്‍ക്ക് സാമൂഹികമോ രക്ഷ്ട്രീയമോ ആയ സ്വാധീന ശക്തിയും ഇല്ലായിരുന്നിരിക്കാം. എന്നിരുന്നാലും, ചുറ്റുമുള്ള ജാതീയ ആരാധന രീതികളോടോ ജീവിത രീതികളോടോ നീക്കുപോക്ക് ഉണ്ടാക്കുവാന്‍ അവര്‍ തുനിഞ്ഞില്ല.
അതിനാല്‍, കര്‍ത്താവ് അവര്‍ക്ക്, അനുഗ്രഹങ്ങളുടെ ഒരു തുറന്ന വാതില്‍ വാഗ്ദാനം ചെയ്യുന്നു.

ഫിലദെൽഫ്യയിലെ സഭയുടെ ശത്രുക്കളുടെ തകര്‍ച്ചയും കര്‍ത്താവ് പറയുന്നുണ്ട്:

വെളിപ്പാട് 3: 9 യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പള്ളിയിൽനിന്നു വരുത്തും; അവർ നിന്റെ കാൽക്കൽ വന്നു നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും.

ഫിലദെൽഫ്യയിലെ സഭയെ ഉപദ്രവിച്ചവര്‍ വ്യാജ മതഭക്തര്‍ ആയിരുന്നു. ക്രിസ്തു തന്റെ സഭയെ സ്നേഹിക്കുന്നു എന്ന് അവര്‍ ഒരിക്കല്‍ മനസ്സിലാക്കും. സഭ ശത്രുക്കളുടെ മേല്‍ ജയം നേടും.
യഹൂദര്‍ എന്ന് ഈ വാക്യത്തില്‍ പറയുന്നത് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യാഹൂദന്മാരെക്കുരിച്ചാണ്.

ക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവിനെക്കുറിച്ച്, തുടര്‍ന്ന്, ഈ ദൂതില്‍ പറയുന്നു.
സഹിഷ്ണതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും. ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക. (വെളിപ്പാട് 3:10, 11)
സഭയുടെ വിശ്വസ്തതയ്ക്ക് തക്ക പ്രതിഫലം ലഭിക്കും. വരുവാനിരിക്കുന്ന മഹോപദ്ര കാലത്തില്‍ നിന്നും കര്‍ത്താവ് അവരെ സംരക്ഷിക്കും.

ഈ വാക്യത്തിലും സമാനമായ മറ്റ് വാക്യങ്ങളിലും അടിസ്ഥാനമാക്കി, ക്രൈസ്തവ സഭ , അഥവാ വിശ്വാസികളുടെ കൂട്ടം, അന്ത്യകാലത്ത് സംഭവിക്കാനിരിക്കുന്ന മഹോപദ്ര കാലത്തിന് മുമ്പ് ഈ ഭൂമിയില്‍ നിന്നും എടുക്കപ്പെടും എന്ന് അനേകം വേദപണ്ഡിതന്‍മാര്‍ വിശ്വസിക്കുന്നു.
ഇങ്ങനെ എടുക്കപ്പെടുന്നതിനെ “ഉല്‍പ്രാപണം” എന്ന് വിളിക്കുന്നു.
ഈ വേദപണ്ഡിതന്‍മാര്‍ ഉല്‍പ്രാപണത്തെയും ക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവിനേയും വ്യക്തമായ രണ്ട് വ്യത്യസ്തങ്ങള്‍ ആയ സംഭവങ്ങള്‍ ആയി കാണുന്നു.
ഫിലദെൽഫ്യയിലെ സഭയെ മഹോപദ്ര കാലത്തില്‍ സംരക്ഷിക്കും എന്നത് ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് മുമ്പ് ഉല്‍പ്രാപണം അഥവാ ക്രിസ്തുവിന്റെ രഹസ്യവരവ് ഉണ്ടാകും എന്നും അതിനു ശേഷം ഭൂമിലൊക്കെയും വലിയ ഉപദ്രവങ്ങളും പീഡനങ്ങളും കഷ്ടതയും ഉണ്ടാകും എന്നുമുള്ള ചിന്തകള്‍ക്ക് ഉറപ്പു നല്‍കുന്നു.
ഈ മഹാ ഉപദ്രവ കാലത്തിന്റെ അവസാനത്തില്‍ ക്രിസ്തു, അതിന് മുമ്പായി എടുക്കപ്പെട്ട സഭയോടൊപ്പം വീണ്ടും വരും എന്നുമാണ് വേദ പണ്ഡിതന്മാരുടെ ഒരു വലിയ കൂട്ടം വിശ്വസിക്കുന്നത്.

ഇതിനുശേഷം വീണ്ടും ഒരു വാഗ്ദത്തം കൂടി കര്‍ത്താവ് ഫിലദെൽഫ്യയിലെ സഭയ്ക്ക് നല്‍കുന്നു.
ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.(വെളിപ്പാട് 3:12)
സമൂഹത്തിലെ ബഹുമാനിക്കപ്പെടെണ്ടുന്ന വ്യക്തികളുടെ പേരില്‍ തൂണുകള്‍ സ്ഥാപിക്കുക ഫിലദെൽഫ്യ പട്ടണത്തിലെ രീതി ആയിരുന്നു.
എന്നാല്‍ യേശുക്രിസ്തു പറയുന്നത് അവരുടെ പേരില്‍ തൂണുകള്‍ സ്ഥാപിക്കും എന്നല്ല, അവരെ ദൈവത്തിന്‍റെ ആലയത്തിന്റെ തൂണുകള്‍ ആക്കും എന്നാണ്.
ചുറ്റുപാടും ഉള്ള ജാതീയ ആരാധയോട് കലരാതെ, അതിനെ എതിര്‍ത്ത് നിന്നിരുന്ന ഫിലദെൽഫ്യയിലെ സഭയ്ക്ക് ഈ വാഗ്ദാനങ്ങള്‍ ഒരു വലിയ ആശ്വാസം തന്നെ ആയിരുന്നു.

ചരിത്രപരമായ വ്യാഖ്യാനം
ഫിലദെൽഫ്യയിലെ സഭ സൂചിപ്പിക്കുന്ന ചരിത്രകലഘട്ടം, സുവിശേഷത്തിനായി ലോകമെമ്പാടും വാതിലുകള്‍ തുറന്നു ലഭിച്ച കാലത്തെ ആയിരിക്കാം.
ദൈവവചനം പുനസ്ഥാപിക്കപ്പെടുകയും സത്യം ജയിക്കുകയും ചെയ്ത കാലം ആണിത്.
ഇത് പതിനെട്ടാം നൂറ്റാണ്ടിലെ ഉണര്‍വിന്‍റെ സമയം ആണ്.
ഫിലദെൽഫ്യയിലെ സഭ സൂചിപ്പിക്കുന്ന കാലത്ത്‌, സത്യ ഉപദേശവും വ്യാജ ഉപദേശങ്ങളും തമ്മിലുള്ള സംഘര്‍ഷം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തുകയും ലോക സുവിശേഷീകരണം ആരംഭിക്കുകയും ചെയ്തു.
അതിന്റെ ഭാഗമായി 1793 ല്‍ വില്യം കേരി ഇന്ത്യയില്‍ എത്തി; 1807 ല്‍ റോബര്‍ട്ട് മൊറിസന്‍ ചൈനയില്‍ എത്തി.
1817 ല്‍ റോബര്‍ട്ട് മോഫാറ്റ് സുവിശേഷവുമായി ആഫ്രിക്കയില്‍ ചെന്നു; ജോണ്‍ കാല്‍വിന്റെ സിദ്ധാന്തങ്ങളെ ജോണ്‍ വെസ്ലി ചോദ്യം ചെയ്ത് മുന്നോട്ട് വന്നതും ഈ കാലത്താണ്.
1804 നും 1834 നും ഇടയ്ക്ക് അനേകം ബൈബിള്‍ സോസൈറ്റികള്‍ രൂപീകരിക്കപ്പെട്ടു.
അങ്ങനെ സുവിശേഷത്തിന്റെ വാതിലുകള്‍ ലോകമെമ്പാടും തുറക്കപ്പെട്ടു.

എന്നാല്‍ എക്കാലത്തെയും പോലെതന്നെ, സാത്താന്‍ വ്യാജ പ്രവര്‍ത്തനങ്ങളാല്‍ ഈ മുന്നേറ്റത്തെ തകര്‍ക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
1789 മുതല്‍ 1799 വരെ ഉണ്ടായ ഫ്രഞ്ച് വിപ്ലവത്തിന് ശേഷം humanism അഥവാ മാനവമതം, നിരീശ്വര വാദം എന്നിവയും അതില്‍ അടിസ്ഥാനമാക്കിയ കമ്മ്യൂണിസവും നിലവില്‍ വന്നു.
ഈ കാലഘട്ടത്തില്‍ അനേകം കള്ള പ്രവാചകന്മാര്‍ എഴുന്നേറ്റു. അവര്‍ വേദവിപരീതമായ വെളിപ്പാടുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി അവകാശപ്പെട്ടു. അനേകരെ തെറ്റിച്ചു കളഞ്ഞു.

അതുകൊണ്ട് തന്നെ, ഈ കാലത്തെ ആത്മീയ ഉണര്‍വിനെ, പാരമ്പര്യ സഭകള്‍ സംശയത്തോടെയും എതിര്‍പ്പുകളോടെയും നോക്കികണ്ടു. അവര്‍  ഈ ആത്മീയ മുന്നേറ്റത്തെ തള്ളികളഞ്ഞു.
കര്‍ത്താവിന്‍റെ വീണ്ടും വരവില്‍ പ്രത്യാശവെച്ച ആത്മീയമായി ഉണര്‍വ് പ്രാപിച്ച വിശ്വാസികളുടെ ഇടയില്‍, കഴിഞ്ഞ നാളുകളെക്കാള്‍ അധികം സഹോദര സ്നേഹം നിലനിന്നിരുന്ന ഒരു കാലമായിരുന്നു ഇത്.
എന്നാല്‍ മറ്റുള്ളവര്‍, പാരമ്പര്യ സഭാവിശ്വാസികള്‍ പോലും, അവരെ പുശ്ചത്തോടെ കണ്ടു.
ഞാന്‍ അല്ല, ക്രിസ്തു അത്രേ എന്നതായിരുന്നു ഫിലദെൽഫ്യ സഭയിലെ വിശ്വാസികളുടെ മനോഭാവം.

യേശുക്രിസ്തു, ഫിലദെൽഫ്യയിലെ സഭയിലെ വിശ്വസ്തരായ വിശ്വാസികള്‍ക്ക് ഒന്നിലധികം വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്.
ഒന്നാമതായി, അവസരങ്ങളുടെ ഒരു വാതില്‍ അവര്‍ക്കായി അവന്‍ തുറന്ന് കൊടുക്കും.
രണ്ടാമതായി, സാത്താന്റെ പള്ളിക്കാര്‍ അവരുടെ മുന്നില്‍ കീഴടങ്ങും, സഭയോടുള്ള ദൈവത്തിന്റെ കരുതലും സ്നേഹവും വെളിപ്പെടും.
മൂന്നാമതായി, ലോകമെമ്പാടും വരുവാനിരിക്കുന്ന മഹാഉപദ്രവ കാലത്തില്‍ നിന്നും ക്രിസ്തു അവരെ രക്ഷിക്കും.
നാലാമതായി, വിശ്വസ്തരെ ദൈവത്തിന്റെ ആലയത്തിലെ തൂണുകള്‍ ആക്കും; അവര്‍ എന്നേക്കും അവിടെ വസിക്കും.
അഞ്ചാമതായി, പുതിയ യെരൂശലേം എന്ന ദൈവത്തിൻ നഗരത്തിന്റെ നാമവും ക്രിസ്തുവിന്‍റെ പുതിയ നാമവും അവരുടെ മേല്‍ എഴുതും

7.      ലവൊദിക്ക്യാ സഭ (വെളിപ്പാട് 3 : 14 - 22)

യേശുക്രിസ്തു അപ്പോസ്തലനായ യോഹന്നാന്റെ കൈയില്‍ ഏല്‍പ്പിച്ച ഏഴാമത്തേതും അവസാനത്തേതും ആയ കത്ത്, ലവൊദിക്ക്യാ എന്ന പട്ടണത്തിലെ സഭയ്ക്ക് ഉള്ളത് ആയിരുന്നു.
ഫ്രിജിയ എന്ന പ്രദേശത്ത്, ലൈകോസ് താഴ്‌വരയില്‍ സ്ഥിതിചെയ്തിരുന്ന അതിസമ്പന്നമായ ഒരു വ്യാവസായിക പട്ടണം ആയിരുന്നു  ലവൊദിക്ക്യാ.
കൊലോസ്യയില്‍ നിന്നും പത്ത് മൈല്‍ പടിഞ്ഞാറ് മാറിയും ഹീരാപോളിസ് എന്ന പുരാതന പട്ടണത്തിന് തെക്കും, ഫിലദെൽഫ്യയില്‍ നിന്നും റുപതു കിലോമീറ്റര്‍ തെക്ക് കിഴക്കും ആയി  ലവൊദിക്ക്യാ സ്ഥിതിചെയ്തിരുന്നു.
ലവൊദിക്ക്യാ എന്ന പേരിന്റെ അര്‍ഥം, “വിധിക്കുക” എന്നോ “ജനങ്ങളെ വിധിക്കുക” എന്നോ ആയിരുന്നു.
അത് പ്രസിദ്ധമായ ഒരു ആരോഗ്യ സുഖവാസ കേന്ദ്രം ആയിരുന്നു. അവിടുത്തെ ചൂടുവെള്ളത്തിലെ കുളിയും, കണ്ണിനുള്ള ലേപവും, കറുത്ത കമ്പിളിയും വളരെ പ്രസിദ്ധം ആയിരുന്നു.
ജാതീയ ദേവന്‍ ആയ സീയൂസിന്റെയും മറ്റ് ചില ജാതീയ ദേവന്മാരുടെയും ആരാധന അവിടെ നടന്നിരുന്നു.
യഹൂദന്മാരുടെ ഒരു വലിയകൂട്ടം ഇവിടെ താമസിച്ചിരുന്നു. എന്നാല്‍ അവര്‍ ഗ്രീക്ക് സംസ്കാരവും മതങ്ങളുമായും കൂടികലര്‍ന്നു ജീവിച്ചു.
മൂന്നാം നൂറ്റാണ്ടിലെ ചില നാണയങ്ങളില്‍ നോഹയുടെ കാലത്തെ പ്രളയത്തെ കുറിച്ചുള്ള യഹൂദന്മാരുടെ വിശ്വാസവും ജാതീയ കാഴ്ചപ്പാടുകളും കൂടികലര്‍ന്ന ചിത്രങ്ങള്‍ പതിപ്പിചിരിക്കുന്നത് കാണാം.
പൌലോസും തന്റെ കൂട്ടാളിയുമായ എപ്പഫ്രാസും ചേര്‍ന്നുള്ള പ്രവര്‍ത്തന ഫലമായി ആണ് അവിടെ ഒരു ക്രൈസ്തവ സഭ ഉണ്ടായത്.

വെളിപ്പാട് പുസ്തകം മൂന്നാം അദ്ധ്യായത്തില്‍, ലവൊദിക്ക്യാ സഭയോട് സംസാരിക്കുമ്പോള്‍, അവര്‍ക്ക് സുപരിചിതം ആയ ചിത്രങ്ങള്‍ ആണ് യേശുക്രിസ്തു ഉപയോഗിക്കുന്നത്. അവരോടു, കണ്ണിനുള്ള ലേപനത്തെക്കുറിച്ചും, വെള്ള ഉടുപ്പിനെക്കുറിച്ചും, ശീതോഷ്ണമായ വെള്ളത്തെ കുറിച്ചും യേശു സംസാരിക്കുന്നു.

ലവൊദിക്ക്യാ പട്ടണത്തിന് വളരെയധികം പ്രകൃതിവിഭവങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും വെള്ളം മലിനവും ധാതുലവണങ്ങള്‍ വളരെയധികം നിറഞ്ഞതും ആയിരുന്നു.
സമീപത്തുണ്ടായിരുന്ന ലൈക്കസ് നദിയിലെ വെള്ളം കുടിക്കുവാന്‍ യോജ്യമാല്ലയിരുന്നതിനാല്‍, അതിനായി വളരെ ദൂരെ നിന്നും ടെറാകോട്ട പൈപ്പുകളിലൂടെ വെള്ളം കൊണ്ടുവരുകയായിരുന്നു.
ഹിരൊപൊളിസ് എന്ന പട്ടണത്തിലെ വെള്ളം ഇങ്ങനെ കൊണ്ടുവരാറുണ്ടായിരുന്നു എങ്കിലും അത് ലവൊദിക്ക്യായില്‍ എത്തുമ്പോഴേക്കും ശീതോഷണ അവസ്ഥയില്‍ ആകുമായിരുന്നു; അതില്‍ സള്‍ഫര്‍ എന്ന രാസവസ്തുവും കലരുമായിരുന്നു.
കോലോസ്യ പട്ടണത്തിലും നല്ല തണുത്ത വെള്ളം ലഭിക്കുമായിരുന്നു. എന്നാല്‍ ഇതും ലവൊദിക്ക്യായില്‍ എത്തുമ്പോഴേക്കും ശീതോഷണ അവസ്ഥയില്‍ എത്തിച്ചേരും; വെള്ളത്തില്‍ മലിനവസ്തുക്കളും കൂടിച്ചേരും.
അങ്ങനെ, ലവൊദിക്ക്യാകാര്‍ കുടിക്കുവാന്‍ ഉപയോഗിച്ചിരുന്ന വെള്ളം അരുചി ഉള്ളതും, ശീതോഷണമായതും ആയിരുന്നു.
ലവൊദിക്ക്യാ ഒരു ആരോഗ്യ സുഖവാസകേന്ദ്രം ആയിരുന്നു എന്ന് നമ്മള്‍ മുമ്പ് പറഞ്ഞുവല്ലോ.
അവിടുത്തെ ചൂടുവെള്ളത്തിലുള്ള കുളി വളരെ പ്രസിദ്ധം ആയിരുന്നു. എന്നാല്‍ ഇതിനായി ചൂട് നഷ്ടപ്പെടാത്ത പൈപ്പുകളില്‍ ചൂട് വെള്ളം സുഖവാസകേന്ദ്രങ്ങളില്‍ എത്തിക്കുവാന്‍ ശ്രമിച്ചിരുന്നു എങ്കിലും, ദൂരം കാരണം, അതും ലക്ഷ്യ സ്ഥലത്ത് എത്തുമ്പോഴേക്കും ശീതോഷണമായി തീരും.
അങ്ങനെ “ശീതോഷണവാന്‍” എന്ന വിശേഷണം ലവൊദിക്ക്യാ സഭയ്ക്ക് വളരെ യോജ്യമായി.

ഈ സഭയ്ക്ക് യേശു സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെ ആണ്: “വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളിപ്പാട് 3:14).
സകലതിനെയും മുന്‍ നിര്‍ണ്ണയിച്ച പ്രകാരമുള്ള അന്ത്യത്തിലേക്ക് കൊണ്ടുവരുവാനുള്ള,  യേശുക്രിസ്തുവിന്‍റെ വിശ്വസ്തതയും, സര്‍വ്വധികാരവും, ശക്തിയും, ഈ വാക്കുകള്‍ വെളിപ്പെടുത്തുന്നു. ഇവിടെ ക്രിസ്തുവിന്റെ സ്വഭാവവും, മനോഭാവവും,  പ്രാമാണങ്ങളും ഉണ്ട്
“ആരംഭമായ” എന്ന വാക്ക്, മൂലഭാഷയായ ഗ്രീക്കിലെ arche എന്ന വാക്കിന്‍റെ പരിഭാഷ ആണ്.
ഈ ഗ്രീക്ക് വാക്കിന്റെ ശരിയായ അര്‍ത്ഥം, “ആരംഭകന്‍”, ആരംഭം കുറിച്ചവന്‍, സകല പ്രവര്‍ത്തിയ്ക്കും തുടക്കം കുറിച്ചവന്‍, എന്നിങ്ങനെ ആണ്. അതായാത്, യേശുക്രിസ്തു, സകലത്തിനും ആരംഭാമായവാന്‍ ആണ്.

മുമ്പ് നമ്മള്‍ ചിന്തിച്ച ആറു സഭകളില്‍നിന്നും വ്യത്യസ്തമായി, ലവൊദിക്ക്യാ സഭയെക്കുറിച്ച് ഒരു നന്മപോലും കര്‍ത്താവ് പറയുന്നില്ല.

വെളിപ്പാട് 3: 15, 16
15   ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു.
16   ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽനിന്നു ഉമിണ്ണുകളയും.

യേശു വിടെ ലവൊദിക്ക്യാ സഭയുടെ ശീതോഷ്ണ അവസ്ഥയെക്കുറിച്ച് ഒന്നിലധികം പ്രാവശ്യം പറയുന്നു.
അതിന്റെ ഫലമായി അവരെ അവന്‍റെ വായില്‍നിന്നും ഉമിണ്ണുകളയും എന്നാണ് കര്‍ത്താവ് പറയുന്നത്.
ഇതു, നമ്മള്‍ മുമ്പ് പറഞ്ഞ, ലവൊദിക്ക്യാ പട്ടണത്തില്‍ ലഭ്യമായിരുന്ന വെള്ളത്തെ ഓര്‍മ്മിപ്പിക്കുന്നു.
ഇത് കൂടാതെ, അവര്‍ ആത്മീയമായും അന്ധരും ആയിരുന്നു എന്നും യേശുക്രിസ്തു പറയുന്നുണ്ട്.
അവര്‍ ഭൌതീകമായി സമ്പന്നര്‍ എന്നും ഒന്നിനും മുട്ടില്ല എന്നും അഭിമാനിക്കുന്നു എങ്കിലും ആത്മീയമായി നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും ആയിരുന്നു.
സ്വയം വഞ്ചിക്കുന്ന കപട ഭക്തിക്കാര്‍ ആയിരുന്നു ലവൊദിക്ക്യാ സഭയിലെ വിശ്വാസികള്‍.
അതിനാല്‍, തങ്ങളുടെ പപത്തില്‍നിന്നും മാനസാന്തരപ്പെടുവാന്‍ ക്രിസ്തു അവരോട് ആവശ്യപ്പെടുന്നു.

വെളിപ്പാട് 3:18 നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു.

ലവൊദിക്ക്യാ പട്ടണ നിവാസികളുടെ അഹങ്കാരം സഭയിലെ വിശ്വാസികളിലും ഉണ്ടായിരുന്നു. ദൈവത്തെക്കൊണ്ട് വലിയ ആവശ്യമൊന്നും തങ്ങള്‍ക്കില്ല എന്ന് അവരും ചിന്തിച്ചു.
യഥാര്‍ത്ഥത്തില്‍ അവരുടെ ആത്മീയ അവസ്ഥ പരിതാപകരം ആയിരുന്നു.
അവര്‍ക്കുള്ള ദൂതില്‍, കര്‍ത്താവ്, പട്ടണത്തിലെ പ്രധാനപ്പെട്ട എല്ലാ വ്യവസായങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്.
തീയില്‍ ഊതി കഴിച്ച പൊന്ന് അവരുടെ സാമ്പത്തിക രംഗത്തെയും അന്നത്തെ ബാങ്ക് സമ്പ്രദായത്തെയും പരാമര്‍ശിക്കുന്നു. വെള്ളുടുപ്പ് അവരുടെ വസ്ത്ര വ്യവസായത്തെയും, കണ്ണില്‍ എഴുതുവാന്‍ ലേപം അവരുടെ വൈദ്യ ശാസ്ത്ര രംഗത്തെയും പരാമര്‍ശിക്കുന്നു.
ചുരുക്കത്തില്‍, അവര്‍ അപ്പോള്‍ ആശ്രയിച്ചിരുന്ന ഭൌതീക സമ്പന്നതയില്‍ നിന്നും തിരിഞ്ഞ് ക്രിസ്തുവില്‍ ആശ്രയിക്കുവാനാണ് കര്‍ത്താവ് ദൂതില്‍ ആവശ്യപ്പെടുന്നത്.
അവര്‍ ആത്മീയമായി എരിവുള്ളവരും മാനസാന്തരപ്പെട്ടവരും ആകേണം.
അവരുടെ ഭൌതീക സമ്പത്തുകള്‍ നിത്യതയില്‍ പ്രയോജനപ്പെടുക ഇല്ല. അതിനാല്‍ ദൈവരാജ്യത്തില്‍ പ്രയോജനപ്പെടുന്ന സമ്പത്ത് അവന്റെ അടുക്കല്‍ നിന്നും പ്രാപിക്കുവാന്‍ കര്‍ത്താവ് ആഹ്വാനം ചെയ്യുക ആണ്.
ക്രിസ്തുവിന് മാത്രമേ, നിത്യമായ ഒരു അവകാശം നമുക്ക് നല്‍കുവാന്‍ കഴിയൂ; നീതിയാല്‍ നമ്മെ വസ്ത്രം ധരിപ്പിക്കുവാനും, നമ്മളുടെ ആത്മീയ അന്ധത സുഖപ്പെടുത്തുവാനും ക്രിസ്തുവിന് മാത്രമേ കഴിയൂ.

അതിനുശേഷം ക്രിസ്തുവിന് ആ സഭയോടുള്ള കരുതലും കരുണയും ദൂതില്‍ വ്യക്തമാകുന്നു.
എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക. ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും. (വെളിപ്പാട് 3:19, 20)
ക്രിസ്തുവിന്റെ സഭയോടുള്ള ശാസന, ശത്രുതയില്‍ നിന്നുള്ളതല്ല, അവിടെ നാം കാണേണ്ടത് ദൈവ സ്നേഹം ആണ്.
അവന്റെ ശാസനയുടെ ലക്‌ഷ്യം എരിവോടെയുള്ള മാനസാന്തരം ആണ്.

ഇപ്പോള്‍ നമ്മള്‍ വായിച്ച വാക്യം സുവിശേഷീകരണ സന്ദേശങ്ങളില്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിന്‍റെ സാന്ദര്‍ഭിക അര്‍ത്ഥം,
ശീതോഷ്ണവാന്മാര്‍ ആയിരുന്ന ലവൊദിക്ക്യാ സഭയിലെ വിശ്വാസികളുടെ മടങ്ങി വരവാണ്. അവരുമായി കൂട്ടായ്മയില്‍ ആയിരിക്കുവാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നു.
സഭ നാമധേയ ക്രിസ്ത്യാനികളുടെ കോട്ടമായി മാറിയിരിക്കുന്നു; യേശുക്രിസ്തുവിനെ തന്നെ അവര്‍ പുറത്താക്കി കതക് അടച്ചിരിക്കുക ആണ്.
എന്നാല്‍ അവരെ ഉപേക്ഷിച്ച് പോകാതെ, ക്രിസ്തു വീണ്ടും അവരുടെ വാതില്‍ക്കല്‍ മുട്ടുകയാണ്. ആരെങ്കിലും സഭയുടെ യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കി, അവര്‍ക്ക് ക്രിസ്തുവിനെ ആവശ്യമുണ്ട് എന്ന് തിരിച്ചറിഞ്ഞ്, അവനായി വാതില്‍ തുറന്ന് പ്രവേശനം നല്‍കും എന്ന് കര്‍ത്താവ് ഇപ്പോഴും പ്രതീക്ഷിക്കുന്നു.
അവര്‍ വാതില്‍ തുറന്നാല്‍, യേശു അകത്തുകടക്കും, അവരോടുകൂടെ അത്താഴം കഴിക്കും, ഒരു കൂട്ടായ്മയില്‍ ആയിത്തീരും.

വിശ്വസ്തരായ വിശ്വാസികള്‍ക്കുള്ള പ്രതിഫലവും ക്രിസ്തു ഈ ദൂതില്‍ പറയുന്നുണ്ട്.
ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.” (വെളിപ്പാട് 3:21).

ചരിത്രപരമായ വ്യാഖ്യാനം
ലവൊദിക്ക്യാ, ആ പേരിന്റെ അര്‍ത്ഥം പോലെതന്നെ “ന്യായവിധിയുടെ പട്ടണം ആണ്. അന്ത്യകാലത്തെ അവസാന വെളിച്ചം ആണ്.
ഇത് ക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവിനു മുമ്പുള്ള അവസാനത്തെ സഭയാണ്. 
ലവൊദിക്ക്യാ സഭ വര്‍ത്തമാന കാലത്തെ, അതായത് നമ്മളുടെ കാലത്തെ, സഭയുടെ അവസ്ഥയാണ് വെളിപ്പെടുത്തുന്നത്.
ലവൊദിക്ക്യാ സഭയോടുള്ള ദൂത് നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തെ സഭയോടുള്ള ക്രിസ്തുവിന്റെ ദൂതാണ്.
മറ്റ് എല്ലാ ദൂതുകളിലും, അതാതു സഭയെക്കുറിച്ച് ക്രിസ്തു ചില നല്ല കാര്യങ്ങള്‍ പറയുമ്പോള്‍, ലവൊദിക്ക്യാ സഭയോടുള്ള ദൂതില്‍ യാതൊരു കാര്യത്തിനും അവരെ അഭിനന്ദിക്കുന്നില്ല എന്നത് നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണം.
അതായത്, അത്യകാല സഭയായ നമ്മള്‍, യേശുക്രിസ്തുവിന് പ്രശംസിക്കുവാന്‍ തക്കവണ്ണം യാതൊന്നും ചെയ്യുന്നില്ല.

എന്നിരുന്നാലും നമ്മളെ തള്ളിക്കളയുന്ന, പ്രതീക്ഷയില്ലാത്ത ഒരു ദൂതല്ല ഇത്. ഈ ദൂതിലും പ്രത്യാശയ്ക്ക് വക ഉണ്ട്. നമ്മളെ നിരാശപ്പെടുത്തുവാനല്ല, മറിച്ചു പ്രോത്സാഹിപ്പിക്കുവാന്‍ ആണ് ഈ ദൂതും എഴുതപെട്ടിരിക്കുന്നത്.
ദൂതിലെ സന്ദേശം നമ്മള്‍ ഉള്‍കൊള്ളുന്നു എങ്കില്‍, നമ്മളുടെ ആത്മീയ ജീവിതത്തിലെ പോരായ്മകള്‍ നമുക്ക് പരിഹരിക്കുവാന്‍ കഴിയും.
ഓര്‍ക്കുക, നമ്മളെ അളവറ്റ് സ്നേഹിക്കുന്ന യേശുക്രിസ്തുവില്‍ നിന്നാണ് ഈ ദൂത് നമുക്ക് ലഭിച്ചിരിക്കുന്നത്.
ഇതിനെ നിരസിക്കുക എന്നാല്‍ ദൈവത്തെ തന്നെ നിരസിക്കുക ആയിരിക്കും.

ഉപസംഹാരം

ഞാന്‍ ഈ പഠനം അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.
നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തു, അപ്പോസ്തലനായ യോഹന്നാനിലൂടെ സഭകള്‍ക്ക് നല്‍കിയ ഏഴു ദൂതുകളുടെ ഇന്നത്തെ പ്രസക്തി എന്താണ്? അവ നമ്മളോട് എന്തെങ്കിലും പറയുന്നുണ്ടോ?
ഈ ദൂതുകള്‍, പ്രാഥമികമായി അന്ന് നിലവിലുണ്ടായിരുന്ന ഏഴു സഭകള്‍ക്ക് നല്‍കിയതാണ് എന്ന് നമുക്ക് അറിയാമല്ലോ. അവയില്‍ അന്നത്തെ സഭകള്‍ നിലനിനിരുന്ന പട്ടണങ്ങളുടെയും സഭകളുടെയും സ്വഭാവങ്ങള്‍ വിവരിക്കപ്പെടുന്നുണ്ട്.
അതില്‍ നിന്നും ഒരു പ്രദേശത്തിലെ ആരാധനാ രീതികളും, ജീവിത രീതികളും സഭയെ എത്ര വേഗം സ്വാധീനിക്കും എന്ന് മനസ്സിലാക്കാവുന്നതെ ഉള്ളൂ. അതനാല്‍ നമ്മള്‍ ഇതിനെതിരെ ജാഗരൂകര്‍ ആകേണ്ടതുണ്ട്.
ഇന്ന് ജനവാസം ഇല്ലാതെ കിടക്കുന്ന രണ്ടു പട്ടണങ്ങള്‍ സര്‍ദ്ദീസും ലവൊദിക്ക്യായും ആണ്. രണ്ടു പട്ടണങ്ങളെയും കര്‍ത്താവ് ശക്തമായി ശകാരിക്കുന്നുണ്ട്.
ക്രിസ്തുവിന്റെ പ്രശം പിടിച്ചുപറ്റിയ രണ്ടു സഭകള്‍ സ്മുർന്നാ, ഫിലദെൽഫ്യ എന്നീ പട്ടണങ്ങളിലെ സഭകളാണ്. തുര്‍ക്കിയുടെ ആക്രമണത്തെ അവസാനഘട്ടം വരെ ചെറുത്ത് നിന്നവരും അവരായിരുന്നു.
നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും” എന്ന കര്‍ത്താവിന്റെ ദൂതിന്റെ നിവര്‍ത്തി എന്നോണം, യോഹന്നാന്‍റെ കാലത്തായിരുന്ന സ്ഥലത്തുനിന്നും എഫെസൊസ് എന്ന പട്ടണം മൂന്ന് കിലോമീറ്റര്‍ ദൂരേക്ക്‌ മാറ്റി സ്ഥാപിക്കപ്പെട്ടു.
എന്നാല്‍ ഇത്തരം സാമ്യങ്ങള്‍ യാദൃശ്ചികം ആയേക്കാം. എങ്കിലും അവ ചരിത്രത്തില്‍ എണ്ണപ്പെടാവുന്ന സംഭവങ്ങള്‍ ആണ്.
ഒരു സഭ, അത് എത്രമാത്രം ചെറുതും ശക്തി കുറഞ്ഞതും ആയിക്കൊള്ളട്ടെ, അതായിരിക്കുന്ന സമൂഹത്തിന് സഭ ഒരു വെളിച്ചം ആണ്; പ്രദേശത്തിന്റെ സംസ്കാരത്തിന്റെ കാവല്‍ക്കാര്‍ ആണ്.

വെളിപ്പാട് പുസ്തകത്തിലെ ഈ ദൂതുകളെ, ലോകമെമ്പാടുമുള്ള, എക്കാലത്തെയും ക്രൈസ്തവ സഭകള്‍ക്കുള്ള ദൂതായും നമുക്ക് കാണാവുന്നതാണ്.
ഓരോ ദൂതിന്‍റെയും അവസാനത്തെ വാക്യം ഇതാണ് സൂചിപ്പിക്കുന്നത്: “ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.”
അതായത്, സഭകള്‍ക്ക് കര്‍ത്താവ് നല്‍കിയ ദൂതുകള്‍ സമയ ബന്ധിതമോ, പ്രാദേശികമോ അല്ല. ഈ ദൂതുകളിലെ ശകാരവും പ്രശംസയും, ആഹ്വാനവും ഉള്‍ക്കൊണ്ടുകൊണ്ട് നമ്മള്‍ ജീവിക്കേണം.
ഒപ്പം ഈ ദൂതുകള്‍ നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന ചില കാര്യങ്ങള്‍ കൂടി ഉണ്ട്. കര്‍ത്താവിന്റെ വരവ് വരെയും, അവന്റെ വിശ്വസ്ത സാക്ഷികള്‍ പല ഉപദ്രവള്‍ എല്ലാ കാലത്തും സഹിക്കേണ്ടാതായി വന്നേക്കാം.
എന്നാല്‍ വിശ്വസ്തതയോടെ ആയിരിക്കുന്നവര്‍ക്ക് വലിയ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും.
ഈ വാഗ്ദാനം, ക്രിസ്തുവിനെ സേവിക്കുന്നതും അവനു വേണ്ടി കഷ്ടം സഹിക്കുന്നതും ശ്രേഷ്ഠം എന്ന് നമ്മെ പഠിപ്പിക്കുന്നു.

ഒന്നാം നൂറ്റാണ്ടിലെ എല്ലാ ക്രൈസ്തവ സഭകളും, റോമന്‍ ചക്രവര്‍ത്തിയെ ദൈവമായി ആരധിക്കുവാനുള്ള സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ദുരുപദേശക്കാര്‍ സഭയില്‍ അന്നേ കടന്നുകൂടി. ലോകമനുഷ്യരുടെ ജീവിത ശൈലി അനുകരിക്കാനുള്ള വ്യഗ്രതയും വിശ്വാസികളുടെ ഇടയില്‍ ഏറി വന്നു.
ഇന്നത്തെ ക്രൈസ്തവ വിശ്വാസികളും ഇതേ സമ്മര്‍ദ്ദങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും കടന്നു പോകുക ആണ്. യേശുവിന്റെ ശിഷ്യന്‍ ആകുന്ന എന്നത് പ്രയാസമേറിയ കാര്യമാണ്. അതിനു നീക്ക്പോക്കുകള്‍ ഇല്ലാത്ത സമര്‍പ്പണം വിശ്വസ്തതയും, സഹിഷ്ണതയും ആവശ്യമാണ്‌. അതിനായി ക്രൂശിന്റെ പാത നമ്മള്‍ തിരഞ്ഞെടുക്കെണ്ടിയിരിക്കുന്നു.
അന്ത്യത്തോളം വിശ്വസ്തര്‍ ആയവര്‍ ജയാളികള്‍ ആയിത്തീരും; അവര്‍ ക്രിസ്തുവിന്‍റെ മഹത്വം പങ്കിടും.

പഠനം ഞാന്‍ വിടെ അവസാനിപ്പിക്കട്ടെ.
കര്‍ത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

Official website: naphtalitribe.com

Watch the video of this message in English and Malayalam @ naphtalitribetv.com
Listen to the audio messages in English and Malayalam @ naphtalitriberadio.com
Read study notes in Malayalam @ vathil.in
No comments:

Post a Comment