ദൈവരാജ്യം അവകാശമാക്കുക

ആരെല്ലാം ദൈവരാജ്യം അവകാശമാക്കും ആരെല്ലാം അവകാശമാക്കുക ഇല്ല?
ഇതാണ് നമ്മളുടെ ഇന്നത്തെ ചിന്താവിഷയം.

ഈ ചോദ്യം നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ദൈവരാജ്യത്തെ കുറിച്ചുള്ള ചില മര്‍മ്മങ്ങള്‍ നമ്മളുടെ മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്.
ദൈവരാജ്യം ഒരു ജനാധിപത്യ രാജ്യമല്ല; അതൊരു രാജകീയ ഭരണം ഉള്ള രാജ്യം ആണ്.
രാജാവായ ദൈവം ആണ് ഇവിടെ സമ്പൂര്‍ണ്ണ അധികാരി. ദൈവത്തിന് ഉപദേശം നല്‍കുവാന്‍ മന്ത്രിമാരോ മറ്റ് ഉപദേഷ്ടാക്കളോ ഇല്ല.
ദൈവത്തിന്‍റെ ഹിതവും മൂല്യങ്ങളും ആണ് ദൈവരാജ്യത്തിലെ നിയമങ്ങള്‍.
അങ്ങനെ രാജ്യം രാജാവും, രാജാവ് രാജ്യവും ആയിരിക്കുന്നു.
ദൈവരാജ്യം ഇപ്പോള്‍ ഭൌതീകമായ ഒരു രാജ്യം അല്ല.
യോഹന്നാന്‍ 18: 36 ല്‍, പീലാത്തൊസിന്റെ മുന്നില്‍ നില്‍ക്കുന്ന യേശു പറയുന്നു: “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല”
ഇവിടെ മലയാളത്തില്‍ ഒരു വാക്ക് വിട്ടുപോയിട്ടുണ്ട്: “എന്റെ രാജ്യം ഇപ്പോള്‍ ഐഹികമല്ല” എന്നാണ് ശരി.
ദൈവരാജ്യത്തിന്റെ പല പ്രത്യക്ഷത മാനവ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍, ഭാവിയില്‍, പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടുമ്പോള്‍, ദൈവരാജ്യം പുതിയ ഭൂമിയില്‍ നിത്യമായി സ്ഥാപിക്കപ്പെടും.
പുതിയ ഭൂമിയുടെ ഘടനയെക്കുറിച്ച് നമുക്ക് വ്യക്തമായ അറിവ് ഇല്ല എങ്കിലും, അതിനു ഒരു ഭൂപ്രദേശം ഉണ്ടായിരിക്കും എന്ന് നമുക്ക് അനുമാനിക്കാം.
എന്നാല്‍ ഇപ്പോള്‍ ദൈവരാജ്യത്തിന് ഒരു ഭൂപ്രദേശം ഇല്ല. ഇപ്പോള്‍ ദൈവരാജ്യം എന്നത് ദൈവീക ഭരണം ആണ്.
അതുകൊണ്ടാണ് യേശു നമ്മളെ, “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ”, എന്ന് പ്രാര്‍ഥിക്കുവാന്‍ പഠിപ്പിച്ചത്. (മത്തായി 6:10)

ദൈവരാജ്യത്തെക്കുറിച്ച് ഞാന്‍ സംസാരിച്ച എന്‍റെ മറ്റൊരു വീഡിയോക്ക് ലഭിച്ച ഒരു അഭിപ്രായം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.
“സ്വര്‍ഗ്ഗരാജ്യം” എന്നതും “ദൈവരാജ്യം” എന്നതും വ്യസ്തങ്ങള്‍ ആയ രണ്ട് സ്ഥലങ്ങള്‍ അല്ലെങ്കില്‍ തലങ്ങള്‍ അല്ല, അത് രണ്ടും ഒന്നാണ്, ഒന്നായത്തിന്റെ രണ്ട് വ്യത്യസ്തങ്ങള്‍ ആയ പേരുകള്‍ മാത്രമാണ് അവ, എന്നായിരുന്നു അതിലെ ആശയം.
സ്വര്‍ഗ്ഗരാജ്യം എന്നതും ദൈവരാജ്യം എന്നതും ഒരു തലമാണ്, അവ ഒന്നാണ് എന്ന് വിശ്വസിക്കുന്ന വേദപണ്ഡിതന്മാര്‍ ഉണ്ട് എന്നത് ശരിതന്നെ ആണ്.
എന്നാല്‍ ഇതിനെകുറിച്ച് വ്യത്യസ്തങ്ങള്‍ ആയ അഭിപ്രായങ്ങള്‍ ഉണ്ട് എന്നുകൂടി നമ്മള്‍ മനസ്സിലാക്കേണം.

മറ്റൊരു ബഹുമാന്യരായ പണ്ഡിതഗണം അവ രണ്ടും രണ്ടു തലത്തില്‍ ഉള്ളതാണ് എന്ന് വിശ്വസിക്കുന്നു.
ഞാന്‍ ഈ രണ്ടാമത്തെ കൂട്ടത്തോട് ചേര്‍ന്നുനില്‍ക്കുവാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു.
എന്തുകൊണ്ടാണ് എന്ന് ഹൃസ്വമായി വിശദീകരിക്കാം.

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, യേശു നമ്മളെ, “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ”, എന്ന് പ്രാര്‍ഥിക്കുവാന്‍ പഠിപ്പിച്ചു.
യേശു ഇങ്ങനെ പഠിപ്പിച്ചപ്പോഴും ഇപ്പോഴും സ്വര്‍ഗ്ഗരാജ്യം ദൈവത്തിന്‍റെ വാസസ്ഥലമായി നിലവില്‍ ഉണ്ട്.
യേശു ഇവിടെ പഠിപ്പിക്കുന്നത്‌, സ്വര്‍ഗ്ഗരാജ്യം അഥവാ ദൈവീക ഇഷ്ടങ്ങളും മൂല്യങ്ങളും ഭൂമിയില്‍ വരേണമേ എന്നാണ് എന്നത് സ്പഷ്ടം ആണ്.
അതായത് സ്വര്‍ഗ്ഗരാജ്യവും ദൈവരാജ്യവും വ്യക്തമായ രണ്ടു തലങ്ങള്‍ ആണ്.
ഇതു മത്തായി 5: 34, 35 വാക്യങ്ങളില്‍ കൂടുതല്‍ വ്യക്തമാണ്.
“ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വർഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം”.

യേശുക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നത് ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്.
സ്വര്‍ഗ്ഗരാജ്യം അപ്പോഴും നിലവില്‍ ഉണ്ടായിരുന്നതിനാല്‍ യേശു മറ്റൊരു രാജ്യം ആണ് വാഗ്ദത്തം ചെയ്തത് എന്ന് വ്യക്തമാണ്.
ഈ രാജ്യം പുതിയ ഭൂമിയില്‍ സ്ഥാപിക്കപ്പെടുന്ന ദൈവരാജ്യം ആണ്.
ലൂക്കോസ് 17: 21 ല്‍ യേശു പറയുന്നു: “ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ”.
ദൈവത്തിന്‍റെ വാസസ്ഥലമായ സ്വര്‍ഗ്ഗരാജ്യം നമ്മളുടെ ഇടയില്‍ ഉണ്ടാകുവാന്‍ സാധ്യമല്ല.
അതുകൊണ്ട് ദൈവീക വാസസ്ഥലമായ സ്വര്‍ഗ്ഗരാജ്യവും വീണ്ടെടുക്കപ്പെട്ട മനുഷ്യരുടെ വാസസ്ഥലമായ ദൈവരാജ്യവും തമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കേണം.
വെളിപ്പാട് പുസ്തകം 21 -)o അദ്ധ്യായത്തില്‍ പുതിയ യെരുശലേം പുതിയില്‍ ഭൂമിയില്‍ സ്ഥാപിക്കപെടുന്നതിനെ കുറിച്ച് പറയുന്നുണ്ട്.
മൂന്നാമത്തെ വാക്യത്തില്‍ ഈ പുതിയ യെരുശലേമിനെ കുറിച്ച് പറയുന്നതിങ്ങനെ ആണ്: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.”
നമ്മള്‍ മനസ്സിലാക്കുന്നത് ഇതാണ്: പുതിയ ഭൂമിയില്‍ സ്ഥാപിക്കപ്പെടുന്ന പുതിയ യെരുശലെമിലേക്ക് ദൈവം ഇറങ്ങി വരുന്നു. അവിടെ ദൈവത്തിന്‍റെ കൂടാരം ഉണ്ടാകുന്നു.

മത്തായി സുവിശേഷത്തില്‍ 32 പ്രാവശ്യം ‘സ്വര്‍ഗ്ഗരാജ്യം’ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.
അതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മത്തായി യഹൂദന്മാര്‍ക്ക് വേണ്ടിയാണ് തന്‍റെ സുവിശേഷം എഴുതിയത് എന്നതാണ്.
യഹൂദന്മാരുടെ വിശ്വാസമനുസരിച്ച്, ‘ദൈവം’ എന്ന വാക്ക് അവര്‍ ഉപയോഗിക്കാറില്ല, അതിനു പകരമായി ‘സ്വര്‍ഗ്ഗം’ എന്ന പദം ആണ് അവര്‍ ഉപയോഗിക്കാറുള്ളത്.
എന്നാല്‍ ‘ദൈവരാജ്യം’ എന്ന വാക്ക് മത്തായി 5 പ്രാവശ്യം സുവിശേഷത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും നമ്മള്‍ ഓര്‍ക്കേണം.
ഇതെല്ലാം കാണിക്കുന്നത് സ്വര്‍ഗ്ഗരാജ്യം എന്നതും ദൈവരാജ്യം എന്നതും രണ്ട് തലത്തില്‍ ഉള്ള രാജ്യങ്ങള്‍ ആണ് എന്നാണ്.

വേദപണ്ഡിതന്മാരുടെ ഈ അഭിപ്രായങ്ങള്‍ പഠിച്ചതിനു ശേഷം സ്വര്‍ഗ്ഗരാജ്യവും ദൈവരാജ്യവും രണ്ടു തലങ്ങളില്‍ നിലനില്‍ക്കുന്നു എന്ന അഭിപ്രായത്തോട് ചേര്‍ന്ന് നില്‍ക്കുവാന്‍ എനിക്ക് ദൈവാത്മാവിനാല്‍ താല്പര്യം തോന്നി.
പുതിയ ഭൂമിയില്‍ ദൈവരാജ്യം നിത്യമായി സ്ഥാപിക്കപ്പെടും.

നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ തന്നെ, ദൈവീക ഭരണം നിലവിലുള്ള, എല്ലാ തലങ്ങളും, ഇടങ്ങളും, വ്യക്തികളും ദൈവരാജ്യം ആണ്. അത് ഒരു പ്രത്യേക ഭൂപ്രദേശം ആകേണം എന്ന് നിര്‍ബ്ബന്ധം ഇല്ല. ഈ അര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗരാജ്യവും ദൈവരാജ്യവും ഒന്ന് തന്നെ ആണ്.
അതായത് സ്വര്‍ഗ്ഗരാജ്യം, ദൈവരാജ്യം എന്നത് ഒന്നാണ്, എന്നാല്‍ രണ്ട് തലമാണ്.
രണ്ട് തലത്തില്‍ നമ്മള്‍ കാണുന്ന ഒരേ സാരാംശം ആണവ.

ഈ ഭാഗം അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു വാക്കുകൂടി പറയട്ടെ.
സ്വര്‍ഗ്ഗരാജ്യം, ദൈവരാജ്യം എന്നത് ഒന്നാണോ, രണ്ടാണോ എന്നത് നമ്മളുടെ രക്ഷയെയോ, വീണ്ടെടുപ്പിനെയോ ബാധിക്കുന്ന കാര്യം അല്ല. ഇതില്‍ എല്ലാം ചില മര്‍മ്മങ്ങള്‍ ഉണ്ട്.
അതുകൊണ്ട് ഇതിനെക്കുറിച്ച് തര്‍ക്കിച്ചുകൊണ്ട് അധികം സമയം നമ്മള്‍ നഷ്ടപ്പെടുത്തെണ്ടതില്ല.
എന്നാല്‍ ദൈവരാജ്യം അവകാശമാക്കുക എന്ന വിഷയം നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നമുക്ക് ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരും.
എന്‍റെ വിശ്വാസം അനുസരിച്ച്, ഒരു മനുഷ്യനും ദൈവത്തിന്‍റെ വാസസ്ഥലം ആയ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുവാന്‍ കഴിയുക ഇല്ല.
സങ്കീര്‍ത്തനങ്ങള്‍ 115: 16 ല്‍ നമ്മള്‍ വായിക്കുന്നു: “സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.”

നിത്യമായ രാജ്യം

വെളിപ്പാട് 21 ല്‍ പറയുന്ന പുതിയ ഭൂമിയില്‍ ദൈവരാജ്യം നിത്യമായി സ്ഥാപിക്കപ്പെടും എന്നാണ് ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നത്.
എന്നാല്‍ ഈ ഭൂമിയില്‍, വരുവാനിരിക്കുന്ന നമ്മളുടെ കര്‍ത്താവ് രാജാവായി വാഴുന്ന ആയിരം ആണ്ട് വാഴ്ച ആണ് ദൈവരാജ്യം എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്.
സ്വര്‍ഗ്ഗരാജ്യം എന്നത് ആയിരമാണ്ട് വാഴ്ച ആണ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
ഈ രണ്ടുകൂട്ടരോടും എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്.
ദാനിയേല്‍ 2: 44 ല്‍ നമ്മള്‍ ഇങ്ങനെ ആണ് വായിക്കുന്നത്: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.
ദാനിയേല്‍ ഇവിടെ അപ്പോള്‍ നിലവില്‍ ഉള്ള ദൈവത്തിന്‍റെ വാസസ്ഥലമായ സ്വര്‍ഗ്ഗരാജ്യത്തെ കുറിച്ചല്ല പറയുന്നത്; ഈ ലോകത്തിന്റെ അവസാനത്തില്‍ ദൈവം സ്ഥാപിക്കുവാന്‍ പോകുന്ന പുതിയ രാജ്യത്തെക്കുറിച്ചാണ് പറയുന്നത്.
ഈ രാജ്യത്തിന്‍റെ സവിശേഷത, അത് “ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം” ആയിരിക്കും എന്നതും അത് “എന്നേക്കും നിലനിൽക്കയും ചെയ്യും” എന്നതാണ്.
സങ്കീര്‍ത്തനങ്ങള്‍ 145: 13 ല്‍ നമ്മള്‍ വായിക്കുന്നതിങ്ങനെ ആണ്: “നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.”

കര്‍ത്താവിന്റെ ഈ ഭൂമിലെ ആയിരമാണ്ട് വാഴ്ചയ്ക്ക് ഒരു പരിധിയും അവസാനവും ഉണ്ട്.
ആയിരം ആണ്ടു എന്നത് നീണ്ട ഒരു കാലഘട്ടമാണ് എങ്കിലും അത് നിത്യമല്ല.
എന്നാല്‍ ദൈവരാജ്യം നിത്യമായ രാജ്യമാണ്.

അവകാശമാകുക എന്നതിന്റെ അര്‍ത്ഥം

ആമുഖമായി നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നവയെ ഇവിടെ അവസാനിപ്പിച്ചിട്ട് നമുക്ക് പ്രധാന വിഷയത്തിലേക്ക് പോകാം.
ആരെല്ലാം ദൈവരാജ്യം അവകാശമാക്കും; ആരെല്ലാം അവകാശമാക്കുക ഇല്ല.

1 കൊരിന്ത്യര്‍ 6: 9 ല്‍ “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല”  എന്ന് പറയുന്നിടത്ത് “അവകാശമാക്കുകയില്ല” എന്ന് പറയുവാന്‍ പൌലോസ് ഉപയോഗിക്കുന്ന ഗ്രീക്ക് വാക്ക് kleronomeo എന്നാണ്.
ഈ വാക്കിന്‍റെ അര്‍ത്ഥം, ഒരു വ്യക്തിയുടെ മരണത്തിന് ശേഷം അവനില്‍ നിന്നും എന്തെങ്കിലും അവകാശമാക്കുക എന്നാണ്.
ജനിതക സവിശേഷതകള്‍ പാരമ്പര്യമായി ലഭിക്കുന്നത്തിനും ഈ പദം ഉപയോഗിക്കാം.
ലളിതമായി പറഞ്ഞാല്‍, പൂര്‍വ്വികനില്‍ നിന്നും സ്വന്തം എന്ന അവകാശത്തോടെ പ്രാപിക്കുന്ന വസ്തുക്കളെയോ സവിശേഷതകളെയോ ഈ പദം കൊണ്ട് വിളിക്കാം.
റോമര്‍ 8:16, 17 ല്‍ “നാം ദൈവത്തിന്റെ മക്കൾഎന്നും “ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ” എന്നും പൌലോസ് പറയുന്നു.
നമ്മള്‍ ക്രിസ്തുവിന് കൂട്ടവകാശികള്‍ ആയതിനാല്‍ അവനെകൂടാതെ നമുക്ക് യാതൊന്നും അവകാശമാക്കുവാന്‍ കഴിയുക ഇല്ല.
അതായത്, ‘ദൈവരാജ്യം അവകാശമാക്കുക’ എന്ന് പറഞ്ഞാല്‍, ദൈവത്തിന്റെ മക്കള്‍ എന്നതുകൊണ്ടും ക്രിസ്തുവിന് കൂട്ടവകാശികള്‍ എന്നതുകൊണ്ടും, നമ്മള്‍ ദൈവരാജ്യത്തിന്റെ അവകാശം സ്വന്തം എന്ന നിലയില്‍, അവകാശമാക്കുക എന്നതാണ്.
അവകാശികള്‍ എന്ന നിലയില്‍, രാജകീയ പുരോഹിത വര്‍ഗ്ഗമായി ദൈവത്തിന്‍റെ അധികാരവും നമ്മള്‍ പങ്കിടും.

രക്ഷയും അവകാശവും

ഇനി നമുക്ക് മറ്റൊരു ചോദ്യം ചര്‍ച്ച ചെയ്യാം.
രക്ഷയും ദൈവരാജ്യവും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?
ഈ ചോദ്യവും അതിനുള്ള ഉത്തരവും നമ്മളുടെ വിഷയത്തിന്‍റെ പഠനത്തിനു പ്രധാനം ആണ്.

ഒരു കാര്യം ഞാന്‍ വ്യക്തമായി പറയട്ടെ, രക്ഷ എന്നത് ദൈവരാജ്യം അവകാശമാക്കുക എന്നതല്ല. രക്ഷ ദൈവരാജ്യം അല്ല. എന്നാല്‍ അവ രണ്ടും തമ്മില്‍ വലിയ ബന്ധം ഉണ്ട്.
ഒന്ന് മറ്റൊന്നിനെ കൂടാതെ സംഭവിക്കുക ഇല്ല. ഒന്ന് സംഭവിച്ചാല്‍ മറ്റേതും സംഭവിച്ചിരിക്കും.
രക്ഷ കൂടാതെ നമുക്ക് ദൈവരാജ്യം അവകാശമാക്കുവാന്‍ കഴിയുക ഇല്ല; രക്ഷയ്ക്ക് ദൈവരാജ്യത്തില്‍ നിന്നും മാറി നില്‍ക്കുവാന്‍ കഴിയുക ഇല്ല.

ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുവാനുള്ള വീണ്ടും ജനനം ആണ് രക്ഷ.
നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, ദൈവരാജ്യം എന്നത് നമ്മളുടെ ജീവിതത്തിലെ ദൈവീക ഭരണം ആണ്; നമ്മളുടെ ജീവിതത്തെ യേശുവിന്റെ അധികാരത്തിന്‍ കീഴില്‍ പൂര്‍ണ്ണമായി ഏല്‍പ്പിച്ചു കൊടുക്കാതെ രക്ഷ പ്രാപിക്കുവാന്‍ സാധ്യമല്ല.
യേശുവിനെ കര്‍ത്താവ് എന്ന് ഏറ്റുപറയുമ്പോള്‍ നമ്മളുടെ ജീവിതത്തെ മുഴുവനായി ദൈവീക ഭരണത്തിന് ഏല്‍പ്പിച്ചു കൊടുക്കുക ആണ്.
നമ്മള്‍ നമ്മളുടെ ജീവിതത്തിന്‍മേലുള്ള എല്ലാ അധികാരങ്ങളും അവകാശങ്ങളും ദൈവീക ഭരണത്തിനായി ഏല്‍പ്പിച്ചു കൊടുക്കുക ആണ്. യേശു നമ്മളുടെ യജമാനനായി തീരുന്നു.

സമ്പൂര്‍ണ്ണമായ കീഴടങ്ങല്‍ ഇല്ലാതെ രക്ഷ ഇല്ല.
അതുകൊണ്ടാണ് വേദപുസ്തകം പറയുന്നത്: “നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല” (1 Corinthians 6: 19)
വീണ്ടും ജനനത്തിലൂടെ നമ്മളുടെ പഴയ ജീവിതത്തെ കൂശില്‍ ഉപേക്ഷിക്കുകയും ദൈവരാജ്യത്തിലേക്ക് വീണ്ടും ജനിക്കുകയും ആണ്.
അങ്ങനെ നമ്മള്‍ ദൈവത്തിന്റെ സര്‍വ്വാധികാരത്തിനും ഭരണത്തിനും രാജ്യത്തിനും കീഴില്‍ ആകുന്നു.

രക്ഷയ്ക്കായുള്ള, ഒരിക്കല്‍ മാത്രം സംഭവിക്കുന്ന, ഒരു ആത്മീയ അനുഭവം ആണ് വീണ്ടും ജനനം എന്നത്.
അതിനു ശേഷമുള്ള ദൈവരാജ്യത്തിന്റെ അനുഭവങ്ങള്‍ നമ്മളെ ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് ഒത്തവണ്ണം രൂപാന്തരപ്പെടുത്തുകയും ചെയ്യും.
രക്ഷയില്‍ അനേകം കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ട്. ഒരിക്കലും അതില്‍ ഒന്ന് മാത്രമായി ലഭിക്കയില്ല.
യെശയ്യാവ് 53 ല്‍ പ്രവാചകന്‍ രക്ഷയോടൊപ്പം നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളുടെ നീണ്ട പട്ടിക പറയുന്നുണ്ട്.
രക്ഷയില്‍ പാപത്തില്‍ നിന്നും അതിന്റെ ശിക്ഷയില്‍ നിന്നുമുള്ള മോചനം ഉണ്ട്; പിശാചിന്‍റെ സാമ്രാജ്യത്തില്‍ നിന്നുമുള്ള മോചനം ഉണ്ട്; രോഗങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഉള്ള വിടുതല്‍ ഉണ്ട്.
രക്ഷയില്‍ സകല ബുദ്ധിയേയും കവിയുന്ന സമാധാനം ഉണ്ട്; ക്രിസ്തുവിന്‍റെ മനോഭാവം ഉണ്ട്; നിത്യജീവന്‍ ഉണ്ട്; ദൈവരാജ്യത്തിന്റെ അവകാശവും പ്രതിഫലവും ഉണ്ട്.
ഒരു സമ്പൂര്‍ണ്ണ പട്ടിക ഇവിടെ കൊടുക്കുവാന്‍ പ്രയാസമുണ്ട് എന്നതിനാല്‍ ദയവായി ആ വേദഭാഗം വായിക്കുക.

അതായത്, ആത്മാവിന്റെ രക്ഷമാത്രം സ്വീകരിച്ചുകൊണ്ട്, അതിനോടൊപ്പം ലഭിക്കുന്ന അനുഗ്രഹങ്ങളെ തള്ളികളഞ്ഞുകൊണ്ട് നമുക്ക് രക്ഷ പ്രാപിക്കുവാന്‍ സാധ്യമല്ല.
രക്ഷിക്കപ്പെടുന്ന വ്യക്തിക്ക് തന്നില്‍ തന്നെ യാതൊരു അധികാരവും ഇല്ല എന്നതിനാല്‍ സകല അധികാരവും നിയന്ത്രണവും യേശു ഏറ്റെടുക്കുന്നു.
ആ വ്യക്തിയുടെ ജീവിതത്തില്‍ നിന്നും ദൈവരാജ്യത്തിന്  യോജ്യമല്ലാത്തവയെ എല്ലാം യേശു നീക്കം ചെയ്യുകയും, യോജ്യമായ ദൈവരാജ്യത്തിന്റെ മൂല്യങ്ങളെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
നമ്മള്‍ രക്ഷിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ എല്ലാം യേശുക്രിസ്തു ആണ്, നമ്മള്‍ ഇല്ലാതെ ആകുന്നു.
അങ്ങനെ രക്ഷ എന്നത് ക്രിസ്തുവിന്‍റെ കര്‍തൃത്വത്തിലേക്കുള്ള പ്രവേശനം ആണ്.
രക്ഷയും ദൈവരാജ്യവും ഒന്നല്ല, എന്നാല്‍ അവ വേര്‍തിരിച്ച് അനുഭവിക്കുവാന്‍ പറ്റാത്ത ആത്മീയ അനുഭവങ്ങള്‍ ആണ്.
പെസഹ ഭക്ഷിച്ച ഒരു യിസ്രയെല്യനും മിസ്രയീമില്‍ തുടരുവാന്‍ കഴിയുക ഇല്ല. അവന്‍ അടിമത്തത്തില്‍ നിന്നും സ്വതന്ത്രന്‍ ആണ്. ഒപ്പം അവന്‍ വാഗ്ദത്ത ദേശം കൈവശമാക്കുവാന്‍ മുന്നോട്ട് യാത്ര ചെയ്തേ പറ്റൂ.
സ്വാതന്ത്ര്യം എന്നത് അടിമത്തത്തില്‍ നിന്നും അവകാശത്തിലേക്കുള്ള മാറ്റത്തിന്‍റെ വാതില്‍ പടി ആണ്.
സ്വാതന്ത്ര്യം എന്നത് അടിമത്തം ഉപേക്ഷിക്കുവാനും വാഗ്ദത്ത ദേശം അവകാശമാക്കുവാനുമാണ്.
രക്ഷ എന്നത് പഴയ പാപം നിറഞ്ഞ ജീവിതം ഉപേഷിച്ച്, വീണ്ടും ജനനം പ്രാപിച്ച്, ദൈവരാജ്യം കൈവശമാകുന്നതിന്റെ വാതില്‍പടി ആണ്.
നമ്മള്‍ ദൈവരാജ്യം അവകാശമാക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു.
ലൂക്കോസ് 12: 32 ല്‍ യേശു പറയുന്നു: ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.”
ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ വിസമ്മതിക്കുന്നവര്‍ രക്ഷ എന്ന വാതില്‍പടി കടക്കുവാന്‍ മടിക്കുന്നവര്‍ ആണ്.

അന്ത്യകാലത്തെ വേര്‍തിരിവ്

രക്ഷിക്കപ്പെട്ടവര്‍ ദൈവരാജ്യം കൈവശമാക്കും എന്ന് നമ്മള്‍ പറയുമ്പോള്‍, ഈ ഭൂമിയില്‍ ജീവിക്കുന്ന എല്ലാവരും ദൈവരാജ്യം കൈവശമാക്കുക ഇല്ല എന്നുകൂടി ആണ്.
അതായത് അന്ത്യകാലത്ത് സര്‍വ്വജനവും രണ്ടായി വേര്‍തിരിക്കപ്പെടും – ദൈവരാജ്യം അവകാശമാക്കുന്നവരും അവകാശമാക്കാത്തവരും.
എന്നാല്‍ രക്ഷിക്കപ്പെടാത്തവര്‍ പോലും ദൈവരാജ്യത്തില്‍ കടക്കും എന്ന് ചിന്തിക്കുന്ന ഒരു ചെറിയ കൂട്ടം ആളുകള്‍ ഉണ്ട്. അതുകൊണ്ട് ഈ വിഷയം അല്‍പ്പമായി നമുക്ക് ചിന്തിക്കാം.

എന്താണ് നിത്യത എന്ന് ചിന്തിച്ചുകൊണ്ട്‌ ഈ ഭാഗം നമുക്ക് ആരംഭിക്കാം.
സമയം - സ്ഥലം അഥവാ സമയം – വസ്തു എന്നിവയെകൂടാതെ മനുഷ്യര്‍ക്ക്‌ യാതൊന്നിനെ കുറിച്ചും മനസ്സിലാക്കുവാന്‍ കഴിയുക ഇല്ല.
നമ്മള്‍ ജീവിക്കുന്നത് തന്നെ സമയം – വസ്തു എന്നിവയില്‍ അടിസ്ഥാനമായാണ്.
അതുകൊണ്ട് നിത്യത എന്ന അവസ്ഥയെ പൂര്‍ണ്ണമായും നമുക്ക് മനസ്സിലാക്കുവാന്‍ ഇപ്പോള്‍ സാദ്ധ്യമല്ല.
നിത്യത സമയബന്ധിതം അല്ല എങ്കിലും നമുക്ക് അങ്ങനെയേ അതിനെ ഗ്രഹിക്കുവാന്‍ കഴിയൂ.

അതുകൊണ്ട് ഞാന്‍ അതിനെ സമയവുമായി ബന്ധിപ്പിച്ചുകൊണ്ട് തന്നെ വിശദീകരിക്കട്ടെ.
നിത്യത ഒരു സ്ഥലം അല്ല, അത് സമയം ആണ്. അതായത് നിത്യത സമയമില്ലാത്ത സമയം ആണ്.
ആരംഭമോ അവസാനമോ ഇല്ലാത്ത ഒരു കാലമാണ് നിത്യത.
നിത്യതയ്ക്ക് ഭൂതകാലവും ഭാവികാലവും ഇല്ല. നിത്യതയില്‍ വര്‍ത്തമാനകാലം മാത്രമേ ഉള്ളൂ.
നിത്യതയില്‍ നമ്മള്‍ ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ, വര്‍ഷങ്ങളോ ജീവിക്കുക അല്ല; അവിടെ നമ്മള്‍ “ഇന്നു”, “ഇപ്പോള്‍” എന്ന അനുഭവത്തില്‍ ജീവിക്കുക ആണ്.
ഈ നിത്യത നമ്മള്‍ ദൈവരാജ്യത്തില്‍ ആണ് ജീവിക്കുന്നത്.
ദൈവരാജ്യം അവസാനമില്ലാത്ത നിത്യ രാജ്യം ആണ്.
ഇതു രക്ഷിക്കപ്പെട്ട മനുഷ്യര്‍ക്കായി പുതിയതായി ക്രമീകരിക്കപ്പെടുന്ന അവസ്ഥ അല്ല; മനുഷ്യര്‍ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടത് തന്നെ നിത്യമായ ജീവിതത്തിനായി ആണ്.
എന്നാല്‍ പാപം നമ്മളെ നിത്യതയില്‍ നിന്നും അകറ്റികളഞ്ഞു.
നിത്യതയില്‍ നമ്മള്‍ തുടര്‍മാനമായ, ദൈവത്തെക്കുറിച്ചുള്ള വെളിപ്പാടുകള്‍ പ്രാപിക്കും.
ദൈവം തന്നെത്തന്നെ തുടര്‍മാനമായി വെളിപ്പെടുത്തിക്കൊണ്ടേയിരിക്കും.
ഇതാണ് നിത്യതയിലെ സന്തോഷം.
ദൈവത്തെക്കുറിച്ചുള്ള തുടര്‍മാനമായി നമുക്ക് ലഭിക്കുന്ന വെളിപ്പാടുകള്‍ ഇപ്പോഴും നമ്മളെ സന്തോഷവാന്മാര്‍ ആക്കുന്നുണ്ട്‌ എന്ന് ഇവിടെ ഓര്‍ക്കുക.

ഈ ഭൂമിയില്‍ ജീവിച്ചിരുന്നവരും, ജീവിക്കുന്നവരും, ഇനി ജീവിക്കുവാന്‍ പോകുന്നവരുമായ എല്ലാ മനുഷ്യരും ദൈവരാജ്യത്തില്‍ പ്രവേശിക്കുമോ? അവരെല്ലാം ദൈവരാജ്യം കൈവശമാക്കുമോ?
ഈ ചോദ്യത്തിന്റെ ഉത്തരത്തിനായി നമുക്ക് വേദപുസ്തകത്തിലേക്ക് പോകാം.

സ്നാപക യോഹന്നാന്‍ യേശുവിന്‍റെ വഴി ഒരുക്കുവാനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ട പ്രവാചകന്‍ ആയിരുന്നു.
അദ്ദേഹം യേശുവിനെ കുറിച്ച് പ്രവചിച്ചത് ഇങ്ങനെ ആണ്:

ലൂക്കോസ് 3: 17 അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.

ജനം യോഹന്നാന്‍ ക്രിസ്തുവോ എന്നു ഹൃദയത്തിൽ വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ അവന്‍  എല്ലാവരോടും പറഞ്ഞതാണ് നമ്മള്‍ മുകളില്‍ വായിച്ചത്.
താന്‍ ക്രിസ്തു അല്ല; എന്നും ക്രിസ്തു തന്നിലും ബലവാന്‍ ആണ് എന്നും, ക്രിസ്തു വരുന്നു എന്നും യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി.
യേശുക്രിസ്തു അവരെ “പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും” എന്നും യോഹന്നാന്‍ പറഞ്ഞു.
ശേഷം യോഹന്നാന്‍ തുടരുകയാണ്: യേശുവിന്‍റെ കൈയില്‍ വീശുമുറം ഉണ്ട്. അതുകൊണ്ട് അവന്‍ മെതിക്കുന്ന കളത്തെ വെടിപ്പാക്കും; ഗോതമ്പും പതിരും വേര്‍തിരിക്കും; ഗോതമ്പ് കളപ്പുരയില്‍ ശേഖരിച്ചു വെക്കും; പതിരിനെ കെടാത്ത തീയില്‍ ഇട്ട് ചുട്ടുകളയും.
യോഹന്നാന്‍ ഇവിടെ വളരെ വ്യക്തമായി, വിശുദ്ധന്മാരെയും ദുഷ്ടന്മാരെയും വേര്‍തിരിക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്.

അന്ത്യകാലത്ത് സംഭവിക്കാനിരിക്കുന്ന വേര്‍തിരിവിനെ കുറിച്ച് യേശു അനേകം പ്രാവശ്യം സംസാരിച്ചിട്ടുണ്ട്.
മത്തായി 25 ല്‍ യേശു അന്ത്യ ന്യായവിധിയെ കുറിച്ച് പറയുമ്പോള്‍, ചെമ്മരിയാടുകളെയും കൊലാടുകളെയും ഇടത്തും വലത്തുമായി വേര്‍തിരിച്ച് നിറുത്തുന്നതായി പറയുന്നു.
34-)0 വാക്യത്തില്‍ യേശു പറയുന്നതിങ്ങനെ ആണ്: “രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.”
41-)0 വാക്യത്തില്‍ യേശു തുടര്‍ന്ന് പറയുന്നു: “ പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.”
ഇത് അന്ത്യകാലത്ത് സംഭവിക്കാനിരിക്കുന്ന വേര്‍തിരിവിനെക്കുറിച്ചാണ് എന്നത് വ്യക്തം ആണ്.
ചിലര്‍ ദൈവരാജ്യം കൈവശമാക്കും, മറ്റുചിലര്‍ നിത്യ ശിക്ഷയ്ക്കായി വിധിക്കപ്പെടും.

മത്തായി 7 ല്‍ ദൈവത്താല്‍ നിയോഗിക്കപ്പെടാത്ത ചിലരെക്കുറിച്ച് പറയുന്നതിങ്ങനെ ആണ്.
അവരുടെ അവകാശവാദം ഇങ്ങനെ ആയിരുന്നു: “കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.(22)
അവരോടുള്ള യേശുവിന്‍റെ മറുപടി ദുരന്തപൂര്‍ണ്ണം ആയിരുന്നു: “അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.(23)

രാജാവിന്‍റെ വിവാഹ സദ്യയുടെ ഉപമ, പത്ത് കന്യകമാരുടെ ഉപമ എന്നിങ്ങനെ ഉള്ള അനേകം ഉപമകളിലും യേശു അന്ത്യകാലത്തെ വേര്‍തിരിവിനെ കുറിച്ച് പറയുന്നുണ്ട്.
അന്ത്യ ന്യായവിധി ദിവസം നമ്മള്‍ അഭിമുഖീകരിക്കുവാന്‍ പോകുന്ന ഒരു സത്യം ആണ് വേര്‍തിരിവ് എന്നത്.
ഒരു മനുഷ്യനും അതില്‍നിന്നും മാറിനില്‍ക്കുക ഇല്ല; എല്ലാ മനുഷ്യരും ദൈവരാജ്യം അവകാശമാക്കുകയില്ല.

രണ്ടുതരം പൌരന്മാര്‍

ചില ക്രൈസ്തവ വിശ്വാസികള്‍ ദൈവരാജ്യത്തില്‍ പലതരത്തിലുള്ള പൌരന്മാര്‍ ഉണ്ടാകും എന്ന് വാദിക്കാറുണ്ട്.
ദൈവരാജ്യം അവകാശമാക്കുന്ന ചുരുക്കം ചിലരും സാധാരണ പൌരന്മാരായ വലിയ വിഭാഗവും അവിടെ ഉണ്ടാകും എന്നാണ് അവരുടെ വാദം.
എന്നാല്‍ ദൈവരാജ്യത്തില്‍ പലതരത്തിലുള്ള പൌരന്മാര്‍ ഉണ്ടായിരിക്കുക ഇല്ല എന്നതാണ് സത്യം.
1 പത്രോസ് 2: 9 ല്‍ പറയുന്നതനുസരിച്ച് എല്ലാ പൌരന്മാരും “തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.”
സങ്കീര്‍ത്തനങ്ങള്‍ 82: 1 ല്‍ നമ്മള്‍ വായിക്കുന്നു: “ദൈവം ദേവസഭയിൽ നില്ക്കുന്നു; അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.”
സങ്കീര്‍ത്തനങ്ങള്‍ 82: 6 പറയുന്നു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.”
ഈ വാക്യങ്ങള്‍ എല്ലാം ഒരുമിച്ച് ചിന്തിച്ച് മനസ്സിലാക്കേണം.
ദൈവരാജ്യത്തിലെ എല്ലാ പൌരന്മാരും ദേവന്മാരും, രാജാക്കന്മാരും പുരോഹിതന്മാരും ആണ്.
ദൈവരാജ്യം രാജാക്കന്മാരുടെ രാജ്യം ആണ്; അതുകൊണ്ടാണ് നമ്മളുടെ കര്‍ത്താവിനെ രാജാക്കന്മാരുടെ രാജാവ് എന്നും രാജാധിരാജന്‍ എന്നും നമ്മള്‍ വിളിക്കുന്നത്‌.
ദൈവരാജ്യത്തില്‍ രണ്ടാംതരം പൌരന്മാര്‍ ഇല്ല.

ആരെല്ലാം ദൈവരാജ്യം അവകാശമാക്കും?


ദൈവം സര്വ്വധികാരി ആണ് എന്നും അവനു ഹിതമുള്ള ആരെയും ദൈവരാജ്യത്തില്‍ പ്രവേശിപ്പിക്കാം എന്നും ഞാന്‍ സമ്മതിക്കുന്നു.
എന്നാല്‍, അതെ സമയം, ദൈവം കൃപയാല്‍, ഒരുവനെ ദൈവരാജ്യത്തിന്റെ അവകാശിയാക്കി മാറ്റുന്ന, ദൈവരാജ്യത്തിന്റെ മൂല്യങ്ങളെ നമുക്ക് വെളിപ്പെടുത്തി തന്നിട്ടുണ്ട്.
ഈ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും അന്ത്യ ന്യായവിധിയും വേര്‍തിരിവും എന്ന് നമുക്ക് ന്യായമായി അനുമാനിക്കാം.
ദൈവരാജ്യം അവകാശമാക്കുന്നവരുടെ പട്ടിക തന്നെ ദൈവം നമുക്ക് വെളിപ്പെടുത്തി തന്നിട്ടുണ്ട്.
അത് ദൈവത്തിന്‍റെ വചനം ആയിരിക്കയാല്‍ അതിനെ സംശയിക്കേണ്ടതില്ല.
ദൈവ വചനത്തെ നമുക്ക് ഇഷ്ടമുള്ളതുപോലെ പുനര്‍വ്യാഖ്യനിക്കുവാനും സ്വാതന്ത്ര്യമില്ല.
വാക്കുകളെ പുനര്‍വ്യാഖ്യാനിക്കുന്ന ജോലി വക്കീലന്മാര്‍ കോടതിയില്‍ ചെയ്യുന്ന പ്രവര്‍ത്തി ആണ്.
പലപ്പോഴും വേദപുസ്തകം എഴുതപ്പെട്ട എബ്രായ, ഗ്രീക്ക് ഭാഷകളിലെ വാക്കുകള്‍ക്ക് ഒന്നിലധികം അര്‍ത്ഥങ്ങളും, ഒരേ ആശയത്തിന് ഒന്നിലധികം വാക്കുകളും ഉണ്ട്.
അത് ആ ഭാഷകളുടെ പ്രത്യേകത ആണ്.
എല്ലാ ഭാഷകളിലെയും വാക്കുകള്‍ക്ക് കാലാന്തരത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്.
മൂല ഭാഷയിലെ ഒരു വാക്കിന്‍റെ അഞ്ചോ ആരോ വ്യതസ്തങ്ങള്‍ ആയ അര്‍ത്ഥങ്ങളില്‍ നിന്നും നമുക്ക് ഇഷ്ടമുള്ള ഒന്ന് മാത്രം എടുത്ത് അതിന്‍റെ അടിസ്ഥാനത്തില്‍ ഉപദേശം സ്ഥാപിക്കുന്നത് ശരിയല്ല.
ഒരേ ഗ്രീക്ക്, എബ്രായ പദങ്ങള്‍ വേദപുസ്തകത്തില്‍ മറ്റ് ഇടങ്ങളില്‍ ഏതു അര്‍ത്ഥത്തില്‍ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.
വേദപുസ്തകത്തിലെ പുസ്തകങ്ങള്‍ എഴുതിയ വ്യക്തി എന്താണ് ഉദ്ദേശിച്ചത് എന്നതാണ് ശരി; യേശു ഒരു കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം എന്താണ് ഉദ്ദേശിച്ചത്, അത് അപ്പോള്‍ കേട്ടുകൊണ്ടിരുന്ന മനുഷ്യര്‍ എന്താണ് മനസ്സിലാക്കിയത് എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് വചനം വിശദീകരിക്കേണ്ടത്.
വ്യഖ്യാനങ്ങള്‍ അല്ല നമുക്ക് വേണ്ടത്, വിശദീകരണങ്ങള്‍ മാത്രം ആണ്.

ഒരു ദിവസം രാത്രിയില്‍, നിക്കോദേമൊസ് എന്ന യെഹൂദന്മാരുടെ ഒരു പ്രമാണിയായ മനുഷ്യന്‍ ദൈവരാജ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ യേശുവിനെ കാണുവാന്‍ വന്നു.
“പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല” എന്ന് യേശു അവനോടു പറഞ്ഞു.
ഈ സംഭാഷണത്തിന്റെ പശ്ചാത്തലത്തില്‍ ആണ് യോഹന്നാന്‍ 3: 16 നമ്മള്‍ വായിക്കുന്നത്: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”
ഇവിടെ, ആരെല്ലാം ദൈവരാജ്യം അവകാശമാക്കും എന്ന ചോദ്യത്തിന് ഉത്തരം ഉണ്ട്.
ആരെല്ലാം യേശുവില്‍ വിശ്വസിക്കുന്നുവോ, ആരെല്ലാം യേശുവിന്‍റെ കര്‍തൃത്വം അംഗീകരിക്കുന്നുവോ അവന്‍ “പുതുതായി ജനിച്ചവര്‍” ആകും; അവര്‍ ദൈവരാജ്യം അവകാശം ആക്കും.
യോഹന്നാന്‍ 3: 18 തുടര്‍ന്ന് പറയുന്നു: അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
ഈ വാക്യം വ്യക്തമായി പറയുന്നു ഇപ്പോള്‍ തന്നെ ന്യായവിധി വന്നുകഴിഞ്ഞ ചിലര്‍ ഉണ്ട്.
ഇതിനെ നമ്മള്‍ ഇങ്ങനെ ആണ് മനസ്സിലാക്കേണ്ടത്.
നീതിമാനായി ഒരു മനുഷ്യനും ഇല്ല; എല്ലാവരും പാപത്തിന്‍റെ ഫലമായി നിത്യശിക്ഷയ്ക്കായി വിധിക്കപ്പെട്ടിരിക്കുന്നു.
നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു”. (റോമര്‍ 3: 10 - 12) 
എന്നാല്‍ ദൈവം മനുഷ്യരെ സ്നേഹിക്കുന്നതിനാല്‍, നമ്മളുടെ നിത്യ രക്ഷയ്ക്കായി, അവന്റെ ഏകജാതനായ പുത്രനെ, നമുക്കുവേണ്ടി പാപ പരിഹാര യാഗമായി തീരുവാനായി ഭൂമിയിലേക്ക്‌ അയച്ചു.
ഈ സത്യത്തില്‍ വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടും.
അതായത് അവിശ്വസിക്കുന്ന മനുഷ്യരുടെ നിത്യശിക്ഷാവിധി ഒരു പുതിയ സംഭവം അല്ല; അത് ഇപ്പോള്‍ തന്നെ കല്‍പ്പിക്കപ്പെട്ടിരിക്കുക ആണ്.
യെഹെസ്ക്കേല്‍ 18: 4 പാപം ചെയ്യുന്ന ദേഹി മരിക്കും.
ആദമിന്റെ വംശാവലിയില്‍ പെട്ട എല്ലാ മനുഷ്യരും പാപം ഹേതുവായി മരണത്തിന് വിധിക്കപ്പെട്ടവര്‍ ആണ്.
പാപം ചെയ്യുന്നതിന് മുമ്പ് ആദാമിന് മക്കള്‍ ഉണ്ടായിരുന്നില്ല; അതുകൊണ്ട് പാപത്തിന്റെ ശിക്ഷയ്ക്ക് വെളിയില്‍ ഒരു മനുഷ്യനും ഇല്ല.
എന്നാല്‍ സുവിശേഷം ഇതാണ്: യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും.
ഒപ്പം തന്നെ, എല്ലാ മനുഷ്യരും യേശുവില്‍ വിശ്വസിക്കുക ഇല്ല എന്നും വേദപുസ്തകം വ്യക്തമാകുന്നു.

അതിന്‍റെ അര്‍ത്ഥം എല്ലാ മനുഷ്യരും ദൈവരാജ്യം അവകാശമാക്കുക ഇല്ല എന്നാണ്.
യോഹന്നാന്‍ 14: 6 പറയുന്നു: “യേശു അവനോടു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.”
യോഹന്നാന്‍ 3: 36 പറയുന്നു: “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.”
ഒരു വലിയ ജനക്കൂട്ടത്തെ നിര്‍ദാക്ഷണ്യം നിത്യ ശിക്ഷയിലേക്ക് തള്ളിവിടുന്ന ക്രൂരനായ ദൈവത്തെ അല്ല നമ്മള്‍ ഇവിടെ കാണുന്നത്; നീതിമാനും, കൃപയും, മാനവരാശിയുടെ രക്ഷയ്ക്കായി തന്റെ ഏകജാതനായ പുത്രനെ യാഗമായി നല്‍കുവാന്‍ തക്കവണ്ണം സ്നേഹവും നിറഞ്ഞ ദൈവത്തെ ആണ് നമ്മള്‍ കാണുന്നത്.
അതിനാല്‍, കൃപയാല്‍, യേശുക്രിസ്തുവില്‍ ഉള്ള വിശ്വാസം മൂലം രക്ഷിക്കപ്പെട്ടവര്‍ മാത്രമേ ദൈവരാജ്യം അവകാശമാക്കുക ഉള്ളൂ.

ദൈവരാജ്യം അവകാശമാക്കുന്നവരുടെ ഒരു സമ്പൂര്‍ണ്ണ പട്ടിക നല്‍കുന്നത് അസാദ്ധ്യം ആണ്.
അതിനാല്‍ ഇനി ഞാന്‍ ചില വേദ വാക്യങ്ങള്‍ ഉദ്ധരിക്കട്ടെ.
ലൂക്കോസ് 22: 28, 29 നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ.  എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു.”

മത്തായി 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളില്‍ യേശുക്രിസ്തു ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ വിശദീകരിക്കുന്നു.
മത്തായി 5: 3 ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.”
മത്തായി 5: 5 സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.”
ഇവിടെ പറയുന്ന ഭൂമി, പുതിയ ഭൂമിയെക്കുറിച്ചാണ് എന്ന് ശ്രദ്ധിക്കുക.
മത്തായി 5: 10 “നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.”

ഇനി ദൈവരാജ്യം ആരെല്ലാം അവകാശമാക്കുക ഇല്ല എന്ന് നമുക്ക് നോക്കാം.
മത്തായി 5: 20 “നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
ന്യായപ്രാമാണത്തിലെ ഓരോ വാക്കുകളും പ്രമാണിക്കേണം എന്ന് വാശി ഉണ്ടായിരുന്നവര്‍ ആയിരുന്നു യേശുവിന്റെ കാലത്തെ പരീശന്മാര്‍.
പ്രമാണങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ എങ്ങനെ പാലിക്കാം എന്നതിനെകുറിച്ചും അവര്‍ക്ക് വ്യാഖ്യാനങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ദൈവരാജ്യം അവകാശമാക്കുവാന്‍, അവരുടെ നീതിയെക്കാള്‍ ഉന്നതമായ നീതി യേശു ആവശ്യപ്പെടുക ആണ്.
യേശുവിന്‍റെ ഗിരി പ്രഭാഷണത്തിന്റെ ഉദ്ദേശ്യം തന്നെ നിയമകര്‍ത്താവില്‍ നിന്നും നിയമ കര്‍ത്താവിന്റെ ഹൃദയത്തിലേക്ക് നമ്മളുടെ ശ്രദ്ധയെ മാറ്റുക എന്നതാണ്.
അതിനാല്‍ ഫിലിപ്പിയര്‍ 2: 5 ല്‍ നമ്മള്‍ വായിക്കുന്നു: “ ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.”

1 കൊരിന്ത്യര്‍ 6: 9, 10
9      അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ,
10     കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.

പൌലോസിന്റെ ഈ ലേഖനം കൊരിന്ത്യയിലെ സഭയ്ക്ക് എഴുതിയതാണ്.
സഭയോട് അദ്ദേഹം പറയുന്നു: പാപം ദൈവരാജ്യത്തെ നഷ്ടപ്പെടുത്തും.

ഗലാത്യര്‍ 5: 19 – 21 വരെയുള്ള വാക്യങ്ങള്‍: ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.

എഫെസ്യര്‍ 5: 5 “ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.”

ഈ വാക്യങ്ങള്‍ക്കൊന്നും കൂടുതല്‍ വിശദീകരണം ആവശ്യമില്ലല്ലോ.
എന്‍റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ദൈവവചനം പുനര്‍ വ്യാഖ്യാനിക്കുവാന്‍ എനിക്ക് താല്‍പര്യവും ഇല്ല.
ഈ വിഷയത്തിലുള്ള എല്ലാ വേദവാക്യങ്ങളും ഇവിടെ വായിക്കുവാനും സാധ്യമല്ലല്ലോ.

അതുകൊണ്ട് ഞാന്‍ ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.
അതിനു മുമ്പ് Powervision TV യിലെ നമ്മളുടെ പ്രോഗ്രാമുകളെ കുറിച്ച് ഒരു വാക്ക് പറയട്ടെ.
എല്ലാ മാസവും ഒന്നാമത്തെ ശനിയാഴ്ചയും മൂന്നാമത്തെ ശനിയാഴ്ചയും വൈകിട്ട് 5 മണിക്ക് Powervision TV യില്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.
ഇവിടെ നമ്മള്‍ വേദപുസ്തകം ഗൌരവമായി പഠിക്കുന്നു.
മറക്കാതെ കാണുക, മറ്റുള്ളവരോടും കൂടെ പറയുക.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് 5 മണിക്ക് Powervision TV യില്‍.

ഈ സന്ദേശം കണ്ടതിനും കേട്ടതിനും വളരെ നന്ദി.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.


എന്നാല്‍, ഒന്ന് രണ്ട് വാക്യങ്ങള്‍ കൂടി വായിക്കുവാന്‍ എനിക്ക് താല്പര്യം ഉണ്ട്.
വെളിപ്പാട് 21: 7, 8 ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും. എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.”

വെളിപ്പാട് 20: 15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.”

ഇതുവരെയും നമ്മളുടെ മുഖ്യവിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നമ്മള്‍ ചര്‍ച്ച ചെയ്യുക ആയിരുന്നു.
ദൈവരാജ്യത്തെ കുറിച്ചും, രക്ഷയും ദൈവരാജ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും, അവകാശമാക്കുക എന്നാല്‍ എന്താണ് എന്നും, അന്ത്യകാലത്ത് സംഭവിക്കാനിരിക്കുന്ന വേര്‍തിരിവിനെ കുറിച്ചും നമ്മള്‍ ചിന്തിച്ചു കഴിഞ്ഞു.
ദൈവരാജ്യം എന്നത് ഒരു സത്യമാണ്; അത് യേശുവിന്‍റെ വരവോടെ ആരംഭിച്ചു കഴിഞ്ഞു; അത് സമ്പൂര്‍ണ്ണമായി പുതിയ ഭൂമിയില്‍ നിവര്‍ത്തിക്കപ്പെടും.
ദൈവരാജ്യത്തിലേക്കുള്ള വാതില്‍പടി ആണ് രക്ഷ.
ദൈവരാജ്യവും രക്ഷയും രണ്ട് വ്യത്യസ്തങ്ങള്‍ ആയ അനുഭവം ആണ് എങ്കിലും അവയെ വേര്‍തിരിച്ച് അനുഭവിക്കുവാന്‍ സാദ്ധ്യമല്ല.
അവകാശമാക്കുക എന്നത് യേശുക്രിസ്തുവിനോടോപ്പം അവകാശമാക്കുക എന്നതാണ്.
അന്ത്യ ന്യായവിധിയില്‍ സംഭവിക്കാനിരിക്കുന്ന വേര്‍തിരിവ് ഒരു സത്യം ആണ്.

ഈ പട്ടികയിലെ പാപങ്ങള്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നവര്‍ ആരും ദൈവരാജ്യം അവകാശമാക്കുകയില്ല എന്നല്ല അദ്ദേഹം പറയുന്നത്.
11-)0 വാക്യത്തില്‍ അദ്ദേഹം പറയുന്നു: “നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.”
രക്ഷിക്കപ്പെടുന്നതിനു മുമ്പ് ചെയ്തിരുന്ന പാപപ്രവര്‍ത്തികള്‍ തുടരരുത് എന്ന മുന്നറിയിപ്പാണ് ഇവിടെ അപ്പോസ്തലന്‍ നല്‍കുന്നത്.

Official website: naphtalitribe.com

Watch the video of this message in English and Malayalam @ naphtalitribetv.com
Listen to the audio messages in English and Malayalam @ naphtalitriberadio.com
Read study notes in Malayalam @ vathil.in

No comments:

Post a Comment