വചനം ജഡമായി തീർന്നു

നമ്മളുടെ ഇന്നത്തെ പഠനം സുവിശേഷങ്ങളെ കുറിച്ചുള്ള ഒരു ആമുഖത്തോടെ ആരംഭിക്കാം എന്ന് ഞാന്‍ കരുതുന്നു..
നാല് സുവിശേഷങ്ങള്‍, AD 66 നും 110 നും ഇടയില്‍ നാല് വ്യക്തികളാല്‍ രചിക്കപ്പെട്ടതാണ്.
അവയുടെ രചയിതാക്കളുടെ പേര് ആദ്യം വ്യക്തമായിരുന്നില്ല എങ്കിലും 2 )o നൂറ്റാണ്ടോടെ അവര്‍ മത്തായിയും, മര്‍ക്കോസും, ലൂക്കോസും, യോഹന്നാനും ആണ് എന്ന് തീരുമാനിക്കുക ആയിരുന്നു.
ആദ്യം എഴുതപ്പെട്ടത് മര്‍ക്കോസിന്റെ സുവിശേഷം ആയിരിക്കേണം. അത് AD 66 നും 70 നും മദ്ധ്യേ എഴുതപെട്ടതായിരിക്കാം.
മത്തായിയും ലൂക്കോസും സുവിശേഷങ്ങള്‍ എഴുതിയത് AD 85 നും 90 നും മദ്ധ്യേ ആയിരിക്കേണം.
യോഹന്നാന്‍ സുവിശേഷം എഴുതിയത് AD 90 നും 110 നും മദ്ധ്യേ ആയിരിക്കേണം.

മത്തായിയും യോഹന്നാനും യേശുവിന്‍റെ ഭൌതീക ശുശ്രൂഷ ആദ്യംമുതല്‍ തന്നെ കാണുകയും യേശുവിന്‍റെ മരണത്തിനും പുനരുദ്ധാനത്തിനും സാക്ഷികള്‍ ആയിരുന്നവരും ആണ്.
മാര്‍ക്കോസ് പ്രായം കൊണ്ട് അവരെക്കാള്‍ ചെറുപ്പമായിരുന്നതിനാല്‍, യേശുവിന്‍റെ ശുശ്രൂഷയുടെ അവസാന നാളുകളില്‍ സാക്ഷിയാകുകയും സകലത്തിനും ദൃക്സാക്ഷി ആയ പത്രോസില്‍ നിന്നും പഠിക്കുകയും ചെയ്തു.
ലൂക്കാസിന്റെ സുവിശേഷം, ആദിമുതല്‍ സകലതും ശ്രദ്ധയോടെയും, ദൃക്സാക്ഷികളുടെ അടുക്കല്‍ അന്വേഷിച്ച് പഠിച്ചും, സൂക്ഷ്മമായി ക്രമീകരിച്ച് എഴുതിയ ഒരു ചരിത്രകാരന്‍റെ പുസ്തകം ആണ്.

ഉദ്ദേശ്യങ്ങള്‍
എല്ലാ സുവിശേഷ രചയിതാക്കള്‍ക്കും, അത് വായിക്കുന്നവര്‍ യേശുവിനെക്കുറിച്ച് ഉള്ള സത്യം മനസ്സിലാക്കി,  അവര്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ ആയി തീരേണം എന്നുള്ള ഉദ്ദേശ്യമാണ് ഉണ്ടായിരുന്നത്.
മാത്രവുമല്ല, ഓരോ രചയിതാക്കള്‍ക്കും ഓരോ പ്രത്യേക വിഭാഗം വായനക്കാര്‍ മനസ്സില്‍ ഉണ്ടായിരുന്നു. അവര്‍ക്കായി യേശുവിന്‍റെ ജീവിതത്തിലെ സംഭവങ്ങളില്‍ ചിലതിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
മത്തായി എഴുതിയ സുവിശേഷം പഴയനിയമ ചരിത്രം നല്ലതുപോലെ അറിയാവുന്ന യഹൂദന്മാരെ ഉദ്ദേശിച്ച് എഴുതിയാണ്.
അതുകൊണ്ട് യേശുവിനെ, യഹൂദന്മാര്‍ കാത്തിരുന്ന മശിഹ ആയി, യഹൂദന്മാരുടെ രാജാവായിട്ടാണ് മത്തായി അവതരിപ്പിക്കുന്നത്‌.
മര്‍ക്കോസിന്റെ വായനക്കാര്‍, യഹൂദ പാരമ്പര്യമോ വിശ്വാസങ്ങളോ അറിഞ്ഞുകൂടാത്ത റോമാക്കാര്‍ ആണ്.
അതുകൊണ്ട് പഴയനിയമ പ്രവചനങ്ങളുടെ നിവര്‍ത്തിയാണ് യേശു എന്ന് അദ്ദേഹം പറയുന്നില്ല.
മര്‍ക്കോസ് യേശുവിന്‍റെ ശുശ്രൂഷകള്‍ വിവരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.
യേശു ചെയ്ത അത്ഭുതങ്ങളുടെ ചരിത്രം മറ്റുള്ള സുവിശേഷ രചയിതാക്കളെക്കാള്‍ കൂടുതല്‍ മാസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ലൂക്കോസ്, സാധാരണ മനുഷ്യരെക്കാരെക്കാള്‍ കൂടുതല്‍ ബുദ്ധിപരമായി ചിന്തിക്കുന്ന ഒരു കൂട്ടം വായനക്കാരെ ആണ് ലക്ഷ്യം വെക്കുന്നത്.
ഒരു ദൃക്സാക്ഷി ആയി അല്ല ലൂക്കോസ് സുവിശേഷ ചരിത്രം രേഖപെടുത്തുന്നത്; ദൃക്സാക്ഷികളുടെ സാക്ഷ്യങ്ങള്‍ ക്രോഡീകരിക്കുന്ന ചരിത്രകാരന്റെ സ്ഥാനത്താണ് ലൂക്കോസ് നില്‍ക്കുന്നത്.
യേശുവിനെ സമ്പൂര്‍ണ്ണനായ മനുഷ്യന്‍ ആയാണ് ലൂക്കോസ് അവതരിപ്പിക്കുന്നത്‌.
ഗ്രീക്ക് സാഹിത്യത്തില്‍ ഉടനീളം, ഒരു സമ്പൂര്‍ണ്ണനായ മനുഷ്യനായുള്ള അന്വേഷണം നമുക്ക് കാണുവാന്‍ കഴിയും.
അവരുടെ മുന്നില്‍ സമ്പൂര്‍ണ്ണനായ മനുഷ്യനായി യേശുവിനെ ലൂക്കോസ് അവതരിപ്പിക്കുന്നു.

യേശുവിന്‍റെ ശുശ്രൂഷയുടെ ദൃക്സാക്ഷി ആയ യോഹന്നാന്‍ ആണ് നാലാമത്തെ സുവിശേഷം എഴുതിയിരിക്കുന്നത്.
അദ്ദേഹം തന്‍റെ സുവിശേഷം സകല മനുഷ്യര്‍ക്കും വേണ്ടി എഴുതിയിരിക്കുന്നു.
യേശു മനുഷ്യനായി തീര്‍ന്ന നിത്യനായ ദൈവമാണ് എന്ന സത്യം സ്ഥാപിക്കുവാന്‍ വേണ്ടി ആണ് യോഹന്നാന്‍ സുവിശേഷം എഴുതുന്നത്‌.

യോഹന്നാന്‍റെ സുവിശേഷം മറ്റ് സുവിശേഷങ്ങളില്‍ നിന്നും വിവിധ കാര്യങ്ങളില്‍ വ്യത്യസ്തം ആണ്.
മത്തായി, മാര്‍ക്കോസ്, ലൂക്കോസ് എന്നിവരുടെ സുവിശേഷങ്ങള്‍ യേശുവിന്‍റെ ജീവചരിത്രത്തിന്‍റെ ചുരുക്കം ആയിരുന്നു.
എന്നാല്‍ യോഹന്നാന്‍ ഒരു ദാര്‍ശനികമായ സമീപനം ആണ് സ്വീകരിച്ചത്.
അതുകൊണ്ട് യോഹന്നാന്‍ പറയുന്നതില്‍ 90% കാര്യങ്ങളും മറ്റ് സുവിശേഷങ്ങളില്‍ കാണുന്നില്ല.
മറ്റുള്ളവര്‍ ഭൌമീകമായ കാഴ്ചപ്പാട് രേഖപ്പെടുത്തിയപ്പോള്‍ യോഹന്നാന്‍ അഭൌമീകമായ കാഴ്ചപ്പാട് രേഖപ്പെടുത്തി.
അതുകൊണ്ട് അനേകം വേദപണ്ഡിതന്മാര്‍ യോഹന്നാന്‍റെ സുവിശേഷത്തെ സ്വര്‍ഗ്ഗീയവും വിശുദ്ധവുമായി കണക്കാക്കുന്നു.
ഇതു രക്ഷയുടെ സുവിശേഷം ആണ്.

യോഹന്നാന്‍റെ ഉദ്ദേശ്യം
ഗ്രീക്ക് ചിന്തകര്‍ക്ക്‌ മതിപ്പുളവാകുന്ന രീതിയില്‍ വ്യത്യസ്തമായ ഒരു കാഴചപ്പാടില്‍ ക്രിസ്തുവിന്‍റെ സന്ദേശം അവതരിപ്പിക്കുക എന്നതായിരുന്നു യോഹന്നാന്‍റെ ഉദ്ദേശ്യം.
അപ്പോള്‍ത്തന്നെ ദുരുപദേശത്താല്‍ സ്വാധീനിക്കപ്പെട്ട് തുടങ്ങിയ വിശ്വാസികളെ നേര്‍വഴിക്ക് നടത്തുക എന്ന ഉദ്ദേശ്യവും യോഹന്നാന് ഉണ്ടായിരുന്നിരിക്കാം.
യോഹന്നാന്റെ പ്രധാന ലക്ഷ്യം സുവിശേഷീകരണവും പുതിയ വിശ്വാസികളെ നേടുക എന്നതുമായിരുന്നു.
യേശു ക്രിസ്തു ‘ഞാന്‍ ആകുന്നു’ എന്ന് പറയുന്ന ഏഴ് പ്രസ്താവനകള്‍ യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പഴയനിയമത്തിലെ, “ഞാന്‍, ഞാന്‍ ആകുന്നു” എന്ന പ്രസ്തവാനയോട് യേശുവിന്‍റെ പ്രസ്താവനകളെ തുല്യം ചെയ്യുവാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്.

ലോകാരംഭത്തിനും മുമ്പ് ഉണ്ടായിരുന്ന ദൈവവചനം മനുഷ്യനായി തീര്‍ന്നതാണ് യേശു എന്ന് യോഹന്നാന്‍ വിശ്വസിച്ചിരുന്നു.
ദൈവത്തിന്‍റെ കൃപയും സത്യവും വെളിപ്പെടുത്തുവാനും ദൈവത്തിന്‍റെ ദൂത് മനുഷ്യരോട് അറിയിക്കുവാനുമായി യേശു മനുഷ്യനായി തീര്‍ന്നു.
വെളിച്ചത്തിനും ഇരുളിനും ഇടയിലെ പാലമാണ് യേശു.
അവനില്‍ വിശ്വസിക്കുകയും അവനില്‍ വസിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നിത്യജീവന്‍ ലഭിക്കും. അവിശ്വസിക്കുന്ന ലോകത്തിന്മേല്‍ നിത്യശിക്ഷ വരുത്തുകയും ചെയ്യും.

ഈ സുവിശേഷം എഴുതിന്നതിന്റെ ഉദ്ദേശ്യം അദ്ദേഹം 20 )o മത്തെ അദ്ധ്യായത്തില്‍ പറയുന്നുണ്ട്:

യോഹന്നാന്‍ 20: 31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്‍റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

യേശു ലോകത്തിന്‍റെ രക്ഷിതാവ് ആണ് എന്നാണ് യോഹന്നാന്‍ പറയുവാന്‍ ശ്രമിക്കുന്നത്.
അതുകൊണ്ട് അവനില്‍ വിശ്വസിക്കുകയും അവനെ അനുഗമിക്കുകയും ചെയ്ത് നിത്യജീവന്‍ പ്രാപിക്കുക എന്നതാണ് സന്ദേശം.
യേശു ലോകത്തിന്‍റെ വെളിച്ചം ആണ്, ജീവന്‍റെ അപ്പം ആണ്, നല്ല ഇടയന്‍ ആണ് എന്നിങ്ങനെ യോഹന്നാന്‍ വിളിച്ചു പറയുന്നു.
അങ്ങനെ യേശുവിന്റെ ജീവിതത്തെക്കുറിച്ചും രക്ഷാപ്രവര്‍ത്തിയെ കുറിച്ചും ഉള്ള ഒരു ചിത്രം ഈ സുവിശേഷം നല്‍കുന്നു.
യേശുവിന്റെ ജീവിതത്തിലെ അവസാനത്തെ മൂന്നര വര്‍ഷങ്ങള്‍, പ്രത്യേകിച്ച് യേശുവിന്റെ ക്രൂശ് മരണം ഉയിര്‍പ്പ് എന്നിവയാണ് കേന്ദ്ര വിഷയങ്ങള്‍.
ഒന്നാം അദ്ധ്യായം 17 )o വാക്യം വരെ യോഹന്നാന്‍ യേശുവിന്‍റെ പേര് പറയുന്നില്ല, എന്നാല്‍ ഒന്നാമത്തെ വാക്യം മുതല്‍ തന്നെ യേശുവിനെ കുറിച്ചാണ് പറയുന്നത്.
യേശുവിന്‍റെ ഈ ഭൂമിയിലെ ജനനത്തോടെ അല്ല യോഹന്നാന്‍ ആരംഭിക്കുന്നത്, നിത്യതയിലുള്ള അവന്‍റെ ദൈവത്തത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് യോഹന്നാന്‍ ആരംഭിക്കുന്നത്.

നമ്മളുടെ ഈ പഠനം, യോഹന്നാന്‍റെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്ന് മുതല്‍ അഞ്ച് വരെയുള്ള വാക്യങ്ങളും 14 )o മത്തെ വാക്യവും വിശദമായി പഠിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്.

അതുകൊണ്ട് നമുക്ക് ഒന്നാമത്തെ വാക്യത്തോടെ ആരംഭിക്കാം.

ആദിയില്‍

യോഹന്നാന്‍ 1: 1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.

ഒന്നാമത്തെ വാക്യത്തില്‍ മൂന്ന് കാര്യങ്ങള്‍ ആണ് യോഹന്നാന്‍ പറയുന്നത്.
യേശുക്രിസ്തുവിന്‍റെ ചരിത്രം ആരംഭിക്കുന്ന സമയം പറഞ്ഞുകൊണ്ടാണ് അദ്ദേഹം സുവിശേഷം ആരംഭിക്കുന്നത്.
മോശെ ഉല്‍പ്പത്തി ആരംഭിച്ചത് ദൈവത്തിന്‍റെ മഹത്വത്തിലേക്ക് നമ്മളുടെ ശ്രദ്ധയെ ക്ഷണിച്ചുകൊണ്ടായിരുന്നു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”
യോഹന്നാന്‍ ആരംഭിക്കുന്നാത് യേശുവിന്‍റെ മഹത്വം പറഞ്ഞുകൊണ്ടാണ്: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.”
മോശെ ആരംഭിക്കുന്നത് ആദിയിലെ ദൈവത്തിന്‍റെ സൃഷ്ടിയോടെ ആണ്.
യോഹന്നാന്‍ ആരംഭിക്കുന്നതും അതെ ചരിത്ര നിമിഷത്തില്‍ തന്നെ ആണ്. എന്നാല്‍ സൃഷ്ടിയെക്കുറിച്ച് പറയുന്നതിന് മുമ്പ് സൃഷ്ടിക്കും മുമ്പേയുള്ള സൃഷ്ടാവിന്‍റെ അസ്തിത്വത്തെ കുറിച്ച് അദ്ദേഹം പറയുന്നു.
ആദിയില്‍, സകല സൃഷ്ടിക്കും മുമ്പേ, “വചനം ഉണ്ടായിരുന്നു”.
ഇവിടെ എഴുത്തുകാരന്‍, ഉല്‍പ്പത്തിലെ ദൈവത്തിനും സുവിശേഷങ്ങളിലെ യേശുവിനും ഇടയില്‍ ഒരു രേഖ വരയ്ക്കുകയാണ്.
ഉല്‍പ്പത്തി ആരംഭം മുതല്‍ താഴേക്കുള്ള സംഭവങ്ങള്‍ വിശദീകരിക്കുമ്പോള്‍ യോഹന്നാന്‍ അതെ ചരിത്ര നിമിഷത്തില്‍ നിന്നും പിന്നോട്ടുള്ള ചരിത്രം പറയുവാന്‍ ശ്രമിക്കുന്നു.
സമയവും സൃഷ്ടികളും സൃഷ്ടിക്കപ്പെട്ടു, എന്നാല്‍ അവ സൃഷ്ടിക്കപ്പെടുന്നതിന്മുമ്പ് തന്നെ “വചനം ഉണ്ടായിരുന്നു.”
ഉല്‍പ്പത്തി സമയക്രമത്താല്‍ ബന്ധിക്കപ്പെടാത്ത നിത്യതയെ കുറിച്ച് പറയുന്നുണ്ട്; അതാണ്‌ “ആദിയില്‍”.
യോഹന്നാന്‍ പറയുന്നു, ഉല്‍പ്പത്തിയിലെ “ആദിയില്‍” ആരംഭിക്കുന്നതിന് മുമ്പ് തന്നെ വചനം ഉണ്ടായിരുന്നു.
അതായത് വചനം, സമയത്തിനും സൃഷ്ടികള്‍ക്കും മുമ്പ് തന്നെ ഉണ്ടായിരുന്നു.
വചനം ആരംഭം അല്ല; ആരംഭത്തിന്‍റെ ആരംഭം ആണ്.
എന്തെങ്കിലും ഉണ്ടാകുന്നതിനു മുമ്പായി വചനം ഉണ്ടായിരുന്നു.

ഈ വാക്യത്തിലെ “ഉണ്ടായിരുന്നു” എന്ന വാക്ക് ലോകാരംഭത്തിനും മുമ്പേ, ആദിയില്‍ വചനം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു.
അതായത്, വചനം ഇല്ലാതിരുന്ന ഒരു സമയമോ, കാലമോ, അവസ്ഥയോ ഉണ്ടായിരുന്നിട്ടില്ല.
ഉല്‍പ്പത്തിയിലെ “ആദിയില്‍” സമയത്തിന്റെ ആരംഭവും ഉണ്ടായിരുന്നു.
എന്നാല്‍ യോഹന്നാന്‍, “ആദിയില്‍” എന്നതിനെക്കുറിച്ചുള്ള ചരിതപരമായ ആരംഭത്തില്‍ നിന്നും കാലത്തിനും മുമ്പേയുള്ള പരമമായ അവസ്ഥയെക്കുറിച്ച് പറയുന്നു.
ആദിയിൽ വചനം ഉണ്ടായിരുന്നു.

വചനം ദൈവം ആയിരുന്നു

ഇനി നമുക്ക് ഒന്നാമത്തെ വാക്യത്തിലെ അവസാന ഭാഗത്തെക്കുറിച്ച് ചിന്തിക്കാം. അതിനുശേഷം രണ്ടാമത്തെ ഭാഗത്തിലേക്ക് തിരികെ വരാം.


യോഹന്നാന്‍ 1: 1... വചനം ദൈവം ആയിരുന്നു.”

പുതിയ നിയമത്തില്‍, rhema, logos എന്നീ രണ്ടു ഗ്രീക് വാക്കുകളെ “വചനം” എന്ന് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
മൂല ഭാഷയിലെ ഈ രണ്ടു വാക്കുകള്‍ക്ക് ഏകദേശം ഒരേ അര്‍ത്ഥമാണ് ഉള്ളത് എങ്കിലും ദാര്‍ശനികമായി വ്യത്യസ്തങ്ങള്‍ ആയ അര്‍ത്ഥം ഉണ്ട്.

Rhema എന്ന വാക്കിന് സാധാരണയായി നമ്മള്‍ കൊടുക്കുന്ന അര്‍ത്ഥം “പറയുന്ന വചനം” എന്നാണ്.
ലൂക്കോസ് 1: 38 ല്‍, ദൈവപുത്രന്‍റെ മാതാവാകുവാന്‍ പോകുന്നു എന്ന വാര്‍ത്ത ദൂതന്‍ മറിയയോട് പറയുമ്പോള്‍, അതിനു മറുപടിയായി അവര്‍ പറയുന്ന വാക്കുകള്‍ ഇങ്ങനെ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്: “അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.”
ഇവിടെ “വാക്ക്” എന്നതിന് ഗീക്കില്‍ ഉപയോഗിച്ചിരിക്കുന്നത് rhema എന്ന പടം ആണ്. അതിന്റെ അര്‍ത്ഥം, പറയുന്ന വചനം എന്നാണ്.
ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പരിശുദ്ധാത്മാവില്‍ നിന്നും നമുക്ക് ലഭിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം ആണ് rhema.
അത് എപ്പോഴും പ്രയോഗികമാക്കുന്നതിന് മുമ്പ് logos എന്ന ദൈവവചനവുമായി പരിശോധിച്ചു നോക്കെണ്ടാതാണ്.
rhema എന്ന പദത്തെ logos എന്ന പദത്തിന് പര്യായമായും വേദപുസ്തകത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

യോഹന്നാന്‍റെ സുവിശേഷം 1: 1 ല്‍ logos എന്ന ഗ്രീക്ക് പദമാണ് വചനം എന്നതിന് ഉപയോഗിച്ചിരിക്കുന്നത്.
logos എന്ന വാക്കിന് നമ്മള്‍ സാധാരണയായി കേള്‍ക്കുന്ന അര്‍ത്ഥത്തില്‍ നിന്നും വിഭിന്നവും ആഴവുമുള്ള അര്‍ത്ഥമാണ് ഉള്ളത്.
ഒറ്റ വാക്കില്‍ പറഞ്ഞാല്‍, logos എന്ന വാക്കിന്, “സമ്പൂര്‍ണ്ണമായ, പ്രചോദിപ്പിക്കപ്പെട്ട ദൈവ വചനം” എന്നാണ് അര്‍ത്ഥം. ഞാന്‍ ഇതു കൂടുതല്‍ വിശദീകരിക്കുന്നുണ്ട്.
ജീവനുള്ളതും ജീവിക്കുന്നതും ജീവിപ്പിക്കുന്നതുമായ ദൈവ വചനമായ യേശുക്രിസ്തുവിനെ കുറിച്ച് പറയുവാന്‍ ഈ പദം ഉപയോഗിക്കാറുണ്ട്.
“പറയുന്ന വാക്കു”കളെ കുറിച്ചും logos എന്ന് പറയാറുണ്ട്‌.
ലൂക്കോസ് 8: 11, ഫിലിപ്പിയര്‍ 2: 16, എബ്രായര്‍ 4: 12 എന്നിവിടങ്ങളില്‍ ഈ പദം നമുക്ക് കാണാം.
ഗ്രീക്ക് ഭാഷയില്‍ ഈ വാക്കിനു വിശാലമായ ദാര്‍ശനികമായ അര്‍ത്ഥം ആണ് ഉള്ളത്.
സാധാരണയായി അതിന്, സംസാരിക്കുന്ന വ്യക്തിയുടെ ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ്ണമായ സന്ദേശം എന്ന അര്‍ത്ഥം ആണ് ഉള്ളത്.
മനുഷ്യരോടുള്ള ദൈവീക സന്ദേശങ്ങളെ കുറിച്ച് പറയുവാന്‍ ആണ് ഈ പദം ഉപയോഗിക്കാറുള്ളത്.

ലൂക്കോസ് 4: 32  അവന്‍റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.

ഇവിടെ ‘വചനം’ എന്ന വാക്ക്‌ മൂല ഗ്രീക്ക് ഭാഷയില്‍ logos എന്നാണു, അതായത്, സമ്പൂര്‍ണ്ണ സന്ദേശം.
ജനം വിസ്മയിച്ചത് യേശു പറഞ്ഞ വാക്കുകളുടെ പ്രത്യേകത കാരണം അല്ല, അവന്‍ പറഞ്ഞ സമ്പൂര്‍ണ്ണ സന്ദേശം മൂലമാണ്.

ഗ്രീക്ക്കാര്‍ logos എന്ന വാക്ക് കൊണ്ട് ഒരു വ്യക്തിയുടെ ജ്ഞാനം, യുക്തി, മനസ്സ്, ബുദ്ധി എന്നിവയെ പരാമര്‍ശിച്ചിരുന്നു.
ഗ്രീക്ക്കാരുടെ ഈ ആശയമാണ്, യേശു ദൈവത്തിന്‍റെ സ്വയം ആവിഷ്കരണമാണ് എന്ന സത്യം പറയുവാന്‍ യോഹന്നാന്‍ അവലംബിച്ചത്.
യേശു സമ്പൂര്‍ണ്ണ ദൈവീക സന്ദേശം ആണ്; ദൈവത്തിന് മനുഷ്യരോട് പറയുവാനുള്ള സമ്പൂര്‍ണ്ണ ദൂത് ആണ്.

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ തന്നെ അനേകം പണ്ഡിതന്‍മാര്‍ logos എന്ന വാക്ക്, യുക്തി, ജ്ഞാനം, മനസ്സ്, ബുദ്ധി, എന്നിവയെ പരാമര്‍ശിക്കുന്നു എന്ന് വിശ്വസിക്കുന്നു.
അതായത്, logos എന്നത് ദൈവത്തിന്‍റെ ആവിഷ്കാരം ആണ്, ദൈവത്തിന്‍റെ ആശയ വിനിമയം ആണ്, ദൈവീക ചിന്തകളുടെ ബാഹ്യ പ്രകടനം ആണ്.
ദൈവത്തിന്‍റെ ആവിഷ്കാരം ഇപ്പോള്‍ സംഭവിച്ചു കഴിഞ്ഞു; അതാണ്‌ “വചനം” എന്ന യേശു ക്രിസ്തു.
ദൈവത്തിന്‍റെ യുക്തി, ജ്ഞാനം, ഉദ്ദേശ്യങ്ങള്‍, പദ്ധതി എന്നിവയുടെ ബാഹ്യമായ ആവിഷ്കാരമാണ് ക്രിസ്തു എന്ന ലോഗോസ്; അത് ആദിയില്‍ ഉണ്ടായിരുന്നു.

ദൈവത്തിന്‍റെ ജ്ഞാനത്തെക്കുറിച്ചും പ്രവര്‍ത്തികളെക്കുറിച്ചും പരാമര്‍ശിക്കുവാന്‍ വചനം എന്ന പദം യഹൂദന്മാരും ഉപയോഗിക്കാറുണ്ടായിരുന്നു.
യഹൂദന്മാര്‍ കര്‍ശനമായും ഏക ദൈവവിശ്വാസികള്‍ ആയിരുന്നു; അവര്‍ ഒരിക്കലും ത്രീഏക ദൈവം എന്ന കാഴ്ചപ്പാടില്‍ വിശ്വസിച്ചിരുന്നില്ല.
ദൈവീക ജ്ഞാനം, ശക്തി എന്നിവയെ വ്യക്തി രൂപത്തില്‍ പറയുക അവരുടെ ഒരു ഭാഷാ ശൈലി ആയിരുന്നു.
സദൃശവാക്യങ്ങള്‍ 8: 23 ല്‍ ജ്ഞാനത്തെ വ്യക്തിരൂപത്തില്‍ ആക്കി പറയുന്നത് കാണാം: “ഞാൻ (ജ്ഞാനമായവള്‍) പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.
ഈ വാക്യം വായിക്കുന്ന ഒരു യഹൂദനും ദൈവത്തിന്‍റെ ജ്ഞാനം വേറിട്ട ഒരു വ്യക്തി ആണ് എന്ന് ചിന്തിക്കുക ഇല്ല.
എന്നാല്‍ ഗ്രീക്ക് സംസാരിക്കുന്ന യഹൂദന്മാര്‍ക്ക് ദൈവത്തിന്‍റെ സൃഷ്ടിയുടെ ശക്തിയെ വചനം എന്ന് വിളിക്കും എന്ന് അറിവുണ്ടായിരുന്നു.

ഇവിടെ യോഹന്നാന്‍ യേശുവില്‍ എന്തോ ദൈവത്വം ഉണ്ട് എന്ന് പറയുക അല്ല.
യേശു ദൈവമാണ് എന്ന് അവന്‍ ഉറപ്പിക്കുക ആണ്. അദ്ദേഹം എഴുതിയ സുവിശേഷത്തിലെ ഗ്രീക് വാക്കുകളുടെ ഘടന പരിശോധിച്ചാല്‍ നമുക്ക് അത് മനസ്സിലാകുവാന്‍ കഴിയും.

യഹോവയുടെ സാക്ഷികളുടെ പരിഭാഷ
ഇവിടെ, ഈ വാക്യത്തിന്‍റെ ‘യഹോവയുടെ സാക്ഷികള്‍’ എന്ന വിഭാഗക്കാരുടെ തെറ്റായാ പരിഭാഷയെ കുറിച്ച് ഒരു വാക്ക് പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അവരുടെ New World Translation എന്ന പരിഭാഷയില്‍ ഗ്രീക്ക് മൂലഭാഷയിലെ “വചനം ദൈവം ആയിരുന്നു” എന്ന പദസമുച്ചയത്തെ “വചനം ഒരു ദൈവം ആയിരുന്നു” എന്നാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
വ്യാകരണ ശാസ്ത്ര പ്രകാരം, ദൈവം എന്ന വാക്കിന്‍റെ മുന്നില്‍ സുനിശ്ചിത പദം ഇല്ല, എന്നാണ് അവരുടെ വാദം.
എന്നാല്‍ ഈ ന്യായം പരിഭാഷയില്‍ എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കുക ആണെങ്കില്‍, സുനിശ്ചിത പദം ഇല്ലാതെ, “ദൈവം” എന്ന് ഗ്രീക്കില്‍ പറഞ്ഞിരിക്കുന്ന എല്ലായിടത്തും “ഒരു ദൈവം” എന്ന വിവര്‍ത്തനം ഉണ്ടാകേണം. എന്നാല്‍ അവര്‍ അങ്ങനെ ചെയ്തിട്ടില്ല.
ഈ വ്യാകരണ നിയമം അവര്‍ തങ്ങളുടെ വാദത്തിന് അനുസരിച്ചാണ് ഉപയോഗിച്ചിരിക്കുന്നത്.  
സുനിശ്ചിത പദം ഇല്ലാതെ “ദൈവം” എന്ന് ഗ്രീക്കില്‍ പറയുന്ന അനേകം വേദഭാഗങ്ങള്‍ ഉണ്ട്.
മത്തായി 5: 9, 6: 24, ലൂക്കോസ് 1: 35, 1: 75, യോഹന്നാന്‍ 1: 6, 1: 12, 1: 13, 1: 18, റോമര്‍ 1: 7, 1: 17 എന്നിവിടങ്ങളില്‍ എല്ലാം സുനിശ്ചിത പദം ഇല്ല എങ്കിലും അവര്‍ “ദൈവം” എന്നുതന്നെ ആണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

Dr. Julius R. Mantey, Dr. Charles L Feinberg എന്നിവരെപ്പോലെയുള്ള ഗ്രീക്ക് വ്യാകരണ പണ്ഡിതന്മാര്‍ “യഹോവയുടെ സാക്ഷികളുടെ” പരിഭാഷയെ “മൊത്തമായും തെറ്റായ വഴിക്ക് നയിക്കുന്ന” പരിഭാഷ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
Dr. William Barclay എന്ന മറ്റൊരു പണ്ഡിതന്‍ ഈ പരിഭാഷയെ, “വ്യാകരണ ശാസ്ത്രപ്രകാരം അസാധ്യം” എന്നാണ് വിളിച്ചിരിക്കുന്നത്.

“ദൈവം” എന്ന വാക്കിന്‍റെ ഗുണകരമായ വശത്തെ ആണ് യോഹന്നാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്.
അതായത്, പിതാവായ ദൈവത്തിന്‍റെ എല്ലാ ഗുണങ്ങളും, സാരാംശവും, വചനമായിരുന്ന ദൈവത്തിന് ഉണ്ടായിരുന്നു, എന്നാല്‍ അവന്‍ വേറിട്ട ഒരു സത്വം ആയിരുന്നു.
ഈ സത്വത്തിന് വ്യക്തിത്വം ഉണ്ടായിരുന്നു.
വചനം ദൈവമാണ്, എന്നാല്‍ അതേസമയം വേറിട്ട വ്യക്തി ആണ് എന്ന് ഏറ്റവും ചുരുങ്ങിയ വാക്കുകള്‍കൊണ്ട് പറയുവാനാണ് ഈ വാചക ഘടന യോഹന്നാന്‍ ഉപയോഗിച്ചത്.

തകര്‍ക്കപ്പെട്ട നിലയിലുള്ള ഈ ലോകത്തിലേക്ക് ക്രമം കൊണ്ടുവരുന്ന, ഈ ലോകത്തിന് അര്‍ത്ഥം കൊടുക്കുന്ന, ശക്തി ആയിട്ടാണ് ഗ്രീക്ക് തത്വചിന്തകര്‍ ലോഗോസ്നെ കണ്ടിരുന്നത്‌.
ലോഗോസ് എന്ന ശക്തി ഈ ലോകത്തെ പരിപൂര്‍ണ്ണ ക്രമത്തിലാക്കുകയും അതിനെ പൂര്‍ണ്ണ ക്രമത്തില്‍ പരിപാലിക്കുകയും ചെയ്യുന്നു എന്ന് അവര്‍ വിശ്വസിച്ചു.
എല്ലാറ്റിനെയും നിയന്ത്രിക്കുന്ന “പരമമായ ജ്ഞാനം” ആണ് ലോഗോസ് എന്നായിരുന്നു അവരുടെ കാഴ്ചപ്പാട്.

യഹൂദ റബ്ബിമാര്‍, ദൈവത്തിന്‍റെ വ്യക്തിഗത സവിശേഷതകളെക്കുറിച്ച് പറയുവാന്‍ വചനം എന്ന് പരാമര്‍ശിക്കാറുണ്ടായിരുന്നു.
ദൈവത്തെക്കുറിച്ച് “വചനം” എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്.
ഒരു ഉദാഹരണം പറയാം: പുറപ്പാട് 19: 17 നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “ദൈവത്തെ എതിരേല്‍പ്പാന്‍ മോശെ ജനത്തെ പാളയത്തിൽനിന്നു പുറപ്പെടുവിച്ചു
എന്നാല്‍ എബ്രായ ഭാഷയിലുള്ള പുരാതനമായ കൈയെഴുത്തു പ്രതികളില്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്: ദൈവ വചനത്തെ എതിരേല്‍പ്പാൻ മോശെ ജനത്തെ പാളയത്തിൽനിന്നു പുറപ്പെടുവിച്ചു
അതായത്, “ദൈവ വചനം” എന്ന പദസമുച്ചയത്തെ ദൈവത്തെക്കുറിച്ച് പറയുവാന്‍ പുരാതന എബ്രായാര്‍ ഉപയോഗിച്ചിരുന്നു.

യോഹന്നാന്‍ എബ്രായരോടും ഗ്രീക്കുകരോടും കൂടെ ആണ് സുവിശേഷം പറയുന്നത്.
നൂറ്റാണ്ടുകളായി അവരിരുവരും ലോഗോസ് എന്ന ദൈവ വചനത്തെ കുറിച്ച് സംസാരിക്കുകയും ചിന്തിക്കുകയും എഴുതുകയും ചെയ്യുക ആയിരുന്നു.
ഇപ്പോള്‍ അവരിരുവരോടും യോഹന്നാന്‍ പറയുന്നു – “വചനം ദൈവമായിരുന്നു.”

എബ്രായരും യവന തത്വചിന്തകരും എവിടെ നില്‍ക്കുന്നുവോ, അവിടേക്ക് യോഹന്നാന്‍ ചെന്നിട്ട്, അവരോടു യേശു ആരാണ് എന്ന് പറയുക ആണ്.
അവര്‍ ഇതുവരെ മനസ്സിലാക്കിയിരിക്കുന്നതിന്റെ തുടര്‍ച്ച ആണ് യോഹന്നാന്‍റെ സുവിശേഷം.

യോഹന്നാന്‍ 5: 17 ല്‍ യേശു ദൈവത്തെ, “എന്‍റെ പിതാവ്” എന്ന് വിളിക്കുന്നുണ്ട്.
യേശു “തന്നെത്താന്‍ ദൈവത്തോട് സമമാക്കി” എന്നാണ് യഹൂദന്മാര്‍ അതിനെ മനസ്സിലാക്കിയത് എന്ന് ദൈവ വചനം രേഖപ്പെടുത്തിയിരിക്കുന്നു.
യോഹന്നാന്‍ 5: 18 ല്‍ ഇങ്ങനെ വായിക്കുന്നു: “അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.”
എന്നാല്‍, അവര്‍ അവന്‍റെ വാക്കുകളെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നോ, താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്നോ, യേശു പറയുകയോ അവരുടെ ധാരണയെ തിരുത്തുവാന്‍ ശ്രമിക്കുകയോ ചെയ്തില്ല.

യോഹന്നാന്‍ 20: 28 ല്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ കാണുമ്പോള്‍ “തോമാസ് അവനോടു: എന്‍റെ കർത്താവും എന്‍റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.”
അത് അവന്‍ പെട്ടന്നുള്ള വികാരത്താലോ അത്ഭുതത്താലോ പറഞ്ഞതല്ല.
എബ്രായനായ തോമസ്‌ ദൈവത്തിന്റെ നാമം വൃഥാ എടുക്കില്ല.
മാത്രവുമല്ല, ദൈവനാമം വൃഥാ എടുത്താല്‍ യേശു അവനെ ശകാരിക്കുകയോ തിരുത്തുകയോ ചെയ്യുമായിരുന്നു.
തോമസിന്‍റെ വാക്കുകള്‍ അവന്റെ വിശ്വാസത്തിന്റെ പ്രഖ്യാപനം ആയിരുന്നു.
അതായത്, യേശുവിനെ ദൈവത്തോട് തുല്യമായി കണ്ട യാഹൂദന്മാരെയോ തോമസിനെയോ യേശു ശാസിക്കുകയോ തിരുത്തുകയോ ചെയ്തില്ല.
യേശു ദൈവമാണ് എന്നുള്ള മറ്റുള്ളവരുടെ വിശ്വാസത്തെ യേശു അംഗീകരിച്ചു.

ചില വര്‍ഷങ്ങള്‍ക്കു ശേഷം പത്മോസ് എന്ന ദ്വീപില്‍ യോഹന്നാന്‍ ഉയിര്‍ത്തെഴുന്നെറ്റവനായ യേശുവിനെ ദര്‍ശനത്തില്‍ കാണുക ആണ്. (വെളിപ്പാട് 1: 17, 18)
യോഹന്നാന്‍ യേശുവിന്‍റെ മുമ്പാകെ മരിച്ചവനെപ്പോലെ വീണു.
അപ്പോള്‍ യേശു പറഞ്ഞു: “ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.”
ഈ വാക്യത്തിന് പഴയനിയമത്തിലെ ഒരു വാക്യത്തോട് സാമ്യം ഉണ്ട്.
യെശയ്യാവ് 44: 6 ല്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.
യെശയ്യാവ് പ്രവാചകന്‍റെ പ്രവചന പശ്ചാത്തലത്തില്‍ ആണ്, “ഞാൻ ആദ്യനും അന്ത്യനും ആകുന്നു” എന്ന് ഉയിര്‍ത്തെഴുന്നെറ്റവനായ യേശു അവകാശപ്പെടുന്നത്.
അങ്ങനെ യേശു നിത്യനായ ദൈവമാണ് എന്ന് യോഹന്നാന്‍ സമര്‍ഥിക്കുന്നു.

യേശുവിന്‍റെ സത്വത്തിന്റെ സാരാംശം ഇതാണ്: “വചനം ദൈവമായിരുന്നു”.
വചനം ദൈവത്തോട് കൂടെ ആയിരുന്നു, വചനം ദൈവം ആയിരുന്നു.
യേശു സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നു, അവന്‍ ദൈവമാണ്.

വചനം ദൈവത്തോടുകൂടെ ആയിരുന്നു

ഇനി നമുക്ക് ഈ വാക്യത്തിലെ രണ്ടാമത്തെ ഭാഗത്തിലേക്ക് പോകാം.

യോഹന്നാന്‍ 1: 1 ...... വചനം ദൈവത്തോടുകൂടെ ആയിരുന്നു .....

ഇതാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമായി ബഹുഭൂരിപക്ഷം ക്രൈസ്തവരും വിശ്വസിക്കുന്ന ത്രിത്വ ഉപദേശത്തിന്‍റെ ഹൃദയം.
വചനത്തിന് ദൈവവുമായി ഒരു ബന്ധം ഉണ്ടായിരുന്നു എന്നാണ് ഈ വാക്യം പറയുന്നത്.
“ദൈവത്തോട് കൂടെ” എന്നതിലെ “കൂടെ” എന്ന പ്രയോഗത്തില്‍ നിന്നുമാണ് ദൈവവുമായുള്ള ബന്ധം എന്ന ആശയം ഊരിതിരിയുന്നത്.
അതായത് വചനം ആദിയില്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, പിതാവായ ദൈവത്തോട് സാദ്ധ്യമായ അത്രയും അടുത്ത ബന്ധത്തിലും ആയിരുന്നു.
വചനം വ്യക്തിത്തമില്ലാത്ത ഒരു ആശയമോ, തത്വജ്ഞാനമോ അല്ല.
വചനം നിത്യമായ ദൈവം തന്നെ ആയിരിക്കെ, പിതാവായ ദൈവത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുകയും ചെയ്യുന്നു.
“വചനം ദൈവത്തോടുകൂടെ ആയിരുന്നു” എന്ന വാക്യം ദൈവത്തോട് കൂടെ ഉള്ള നിത്യമായ കൂട്ടായ്മയെ കാണിക്കുന്നു.
ദൈവത്തോട് എപ്പോഴും സാദ്ധ്യമായ എല്ലാ രീതിയിലും കൂട്ടായ്മയില്‍ ആയിരിക്കുവാനുള്ള ത്വര ഈ വാക്യത്തില്‍ അടങ്ങിയിരിപ്പുണ്ട്.
അത് പരസ്പര പൂരകമായ ബോധപൂര്‍വ്വമായ കൂട്ടായ്മ ആണ്.

രണ്ടാമത്തെ വാക്യത്തില്‍ യോഹന്നാന്‍ ഇതേ ആശയം ആവര്‍ത്തിക്കുക ആണ്. അത് ഒരു പക്ഷെ ഒന്നാമത്തെ വാക്യത്തില്‍ പറഞ്ഞിരിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുവാനോ വ്യക്തത ഉണ്ടാകുവാനോ ആയിര്‍ക്കാം.

യോഹന്നാന്‍ 1:2 അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.

ആദിയില്‍ വചനം ദൈവത്തോട് കൂടെ ആയിരുന്നു.
അതായത് വചനം ദൈവത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു.

യോഹന്നാന്‍റെ യുക്തിയെ നമുക്ക് ഇപ്രകാരം വിശദീകരിക്കാം:

·         വചനം എന്ന ഒരു സത്വം ഉണ്ട്.
·         ഈ സത്വം ദൈവമാണ്,  കാരണം അവന്‍ നിത്യനാണ്‌, ആദിയില്‍ ഉണ്ടായിരുന്നു.
·         ഈ സത്വം ദൈവമാണ്, കാരണം അവന്‍ ദൈവമായിരുന്നു എന്ന് വ്യക്തമായി പറയുന്നു.
·         അതെ സമയം വചനം ദൈവത്തോട് കൂടെ ആയിരുന്നു എന്ന് പറയുന്നു.
·         അതായത് വചനം വേറിട്ട സത്വമായി നില്‍ക്കുന്നു.

അതുകൊണ്ട് പിതാവും, പുത്രനായ വചനവും ദൈവമാണ്, എന്നാല്‍ വചനം വേറിട്ട്‌ നില്‍ക്കുന്നു.
പിതാവ് പുത്രന്‍ അല്ല, പുത്രന്‍ പിതാവും അല്ല. എന്നിരുന്നാലും അവര്‍ രണ്ടും ദൈവം ആണ്, പരിശുദ്ധാത്മാവ് ഈ ത്രിത്വത്തിലെ മൂന്നാമനും ആണ്.
ഒരു ദൈവീക സാരാംശവും മൂന്ന് സത്വവും ആണ്.

സകലവും അവന്‍ മുഖാന്തരം ഉളവായി

ഇനി നമുക്ക് മൂന്നാമത്തെ വാക്യത്തിലേക്ക് പോകാം.

യോഹന്നാന്‍ 1: 3 “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.”

 

ഈ വാക്യം ക്രിസ്തുവും ലോകവുമായുള്ള ബന്ധത്തെ കാണിക്കുന്നു.

യേശു ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു.

സൃഷ്ടിയില്‍ യേശു പിതാവിന്‍റെ മൂലശക്തി ആയിരുന്നു, എല്ലാം സൃഷ്ടിച്ച വചനം ആയിരുന്നു.

സൃഷ്ടിയില്‍ അവന്‍ ദൈവമായിരുന്നു; ദൈവമായ വചനം സകലതിനെയും സൃഷ്ടിച്ചു.

 

ഉളവായതെല്ലാം അവന്‍ മുഖാന്തിരം ഉളവായി എങ്കില്‍ അവന്‍ ഉളവായതല്ല; അവന്‍ നിത്യമായി ഉണ്ടായിരുന്നു.

അതുകൊണ്ടാണ് യോഹന്നാന്‍, “സകലവും അവൻ മുഖാന്തരം ഉളവായി” എന്ന് പറഞ്ഞു നിറുത്താതെ “ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” എന്നുകൂടി പറയുന്നത്.
ഈ വാക്കുകള്‍, ഉളവായത് എന്ന വിഭാഗത്തില്‍പ്പെടുന്നതെല്ലാം ക്രിസ്തു മുഖാന്തിരം ഉളവായി എന്ന സത്യത്തെ വളരെ വ്യക്തവും, നിശ്ചയവും ആക്കുന്നു.
അതിനാല്‍ ക്രിസ്തു ഉളവാക്കപ്പെട്ടതല്ല; കാരണം അവന്‍ ഉളവാകുന്നതിനു മുമ്പ് അവന് യാതൊന്നും ഉളവാക്കുവാന്‍ കഴിയുക ഇല്ലല്ലോ.
അങ്ങനെ ഉളവാകാത്തതും, സകലതിനെയും ഉളവാക്കുന്നവനുമാണ് ദൈവം; വചനം ദൈവമായിരുന്നു.
അതായത്, ആരംഭം ഉള്ളതെല്ലാം ഉളവായത് ക്രിസ്തുവിലൂടെ ആണ്.
വചനം ഇല്ലാതിരുന്ന ഒരു കാലവും, അവസ്ഥയും ഉണ്ടായിട്ടില്ല.

ദൈവം ഒന്നുമില്ലായ്മയില്‍ നിന്നും സകലത്തിനെയും വചനത്തിനാല്‍ സൃഷ്ടിച്ചു എങ്കില്‍, പദാര്‍ത്ഥം നിത്യമാണ് എന്ന നിരീശ്വരവാദികളുടെ വാദം തെറ്റാണ്. ദൈവം മാത്രമേ നിത്യനായുള്ളൂ.
സൃഷ്ടി ദൈവത്തിന്‍റെ അത്ഭുതകരമായ ജ്ഞാനത്തെയും ശക്തിയേയും പ്രദര്‍ശിപ്പിക്കുന്നു.
നമ്മള്‍ പരിമിതമായ സൃഷ്ടികള്‍ ആണ്; അതിനാല്‍ നമ്മള്‍ നിത്യനായ ദൈവത്തോട് കീഴ്പ്പെട്ടും ആശ്രയിച്ചും ജീവിക്കേണം.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, യേശു ദൈവമാണ്, അതിനാല്‍ നമ്മള്‍ ദൈവം അല്ല.
ഇതാണ് ജീവിതത്തില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടുന്ന പ്രധാന പാഠം.

അവനില്‍ ജീവന്‍ ഉണ്ടായിരുന്നു

യോഹന്നാന്‍ 1: 4 അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.

യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ 36 പ്രാവശ്യം “ജീവന്‍” എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്.
പാപത്തില്‍ മരിച്ചവര്‍ക്ക് ആത്മീയ ജീവനായും അന്ധകാരത്തില്‍ ജീവിക്കുന്നവര്‍ക്ക് ആത്മീയ വെളിച്ചമായും യേശു ഈ ഭൂമിയിലേക്ക് വന്നു.
വചനത്തില്‍ അടങ്ങിയിരിക്കുന്ന ജീവന്‍ സൃഷ്ടിയുടെയും രക്ഷയുടെയും ജീവന്‍ ആണ്.
ഈ വാക്യം പിന്നോട്ട് സൃഷ്ടിയിലെക്കും മുന്നോട്ട് യേശുവിലൂടെയുള്ള രക്ഷയിലെക്കും വിരല്‍ ചൂണ്ടുന്നു.
പാപത്തില്‍ മരിച്ചുകിടക്കുന്നവര്‍ക്ക് ജീവന്‍ വേണം, യേശു ജീവന്‍റെ ഉറവിടം ആണ്.
അവര്‍ ആത്മീയ അന്ധതയില്‍ ജീവിക്കുന്നവര്‍ ആണ്, യേശുവിലുള്ള വിശ്വാസം മൂലം വീണ്ടും ജനനനം പ്രാപിക്കുമ്പോള്‍ വെളിച്ചം അവരുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു.

“ജീവന്‍” എന്ന വാക്കിന് മൂല ഭാഷയായ ഗ്രീക്കില്‍ zoe (dzo-ay) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ ഗ്രീക്ക് വാക്കിന്‍റെ അര്‍ത്ഥം, ജൈവശാസ്ത്രപരമായ ജീവന്‍ എന്നതിലുപരി “ജീവന്‍റെ പ്രമാണം” എന്നാണ്.
ഈ ജീവനാണ് മനുഷ്യരുടെ വെളിച്ചം.
വചനത്തില്‍ ജീവനും വെളിച്ചവും ഉണ്ട് എന്നല്ല യോഹന്നാന്‍ പറഞ്ഞത്, വചനം ജീവനും വെളിച്ചവും ആണ്.
അതുകൊണ്ട്, യേശുവിനെ കൂടാതെ, നമ്മള്‍ മരിച്ചവരും അന്ധകാരത്തില്‍ ജീവിക്കുന്നവരും ആണ്.

യോഹന്നാന്‍ 1:5 വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.

“പിടിച്ചടക്കിയില്ല” എന്ന് പറയുവാന്‍ ഇംഗ്ലീഷില്‍ “comprehend” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ വാക്കിന് ‘മനസ്സിലാക്കുക’ എന്നും ‘പിടിച്ചടക്കുക’ എന്നും രണ്ട് അര്‍ത്ഥം ഉണ്ട്.
സൃഷ്ടിയെ കുറിച്ച് പറയുമ്പോള്‍, ദൈവം വെളിച്ചം ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോള്‍ വെളിച്ചമുണ്ടായി, ഇരുളിന് അതിനെ പിടിച്ചടക്കുവാന്‍ കഴിഞ്ഞില്ല.
യോഹന്നാന്‍, യേശു ലോകത്തിലേക്ക് വരുന്നതിനെയും, അവനും ഇരുളിന്റെ ശക്തികളുമായുള്ള പോരാട്ടത്തെയും കുറിച്ചാണ് ഇവിടെ പറയുന്നത്.
അന്ധകാരശക്തികള്‍ യേശുവിനെ ക്രൂശിച്ചു, എന്നാല്‍ യേശു അതിനെ പിടിച്ചടക്കി ഉയിര്‍ത്തെഴുന്നേറ്റു.
ഇന്നു, മനുഷ്യ ഹൃദയങ്ങളിലെ അന്ധകാരത്തെ യേശുവിലൂടെയുള്ള രക്ഷ പിടിച്ചടക്കി ജീവനും വെളിച്ചവും നല്കികൊണ്ടിരിക്കുന്നു.

“മനസ്സിലാക്കുക” എന്ന അര്‍ത്ഥവും ഈ വാക്കിന് ഉണ്ട്.
ഇതും ഇവിടെ യോജിക്കുന്ന അര്‍ത്ഥം തന്നെ ആണ്.
അതിനാല്‍ ഒരു പക്ഷെ യോഹന്നാന്‍ ഈ രണ്ട് അര്‍ത്ഥങ്ങളും ഇവിടെ ഉദ്ദേശിച്ചിരിക്കാം.
യേശുവിലൂടെ വരുന്ന വെളിച്ചത്തെ ഇരുളിന് പിടിച്ചടക്കുവാന്‍ കഴിയുക ഇല്ല.
ഇരുളിനെ ദൈവം സൃഷ്ടിച്ചതല്ല, അത് അവിടെ ഉണ്ടായിരുന്നു; വെളിച്ചത്തിന് അതിനോട് പോരാടെണ്ടിയിരുന്നു.
അതുപോലെ തന്നെ, ഇരുളിന്, വെളിച്ചത്തെ മനസ്സിലാക്കുവാന്‍ കഴിയുക ഇല്ല.
യേശു, ഇരുള്‍ ബാധിച്ച കണ്ണുകള്‍ തുറന്നല്ലാതെ വെളിച്ചത്തെ കാണുവാന്‍ കഴിയുക ഇല്ല.
വെളിച്ചം ഒരിക്കലും ഇരുളിനോട് തോല്‍ക്കുക ഇല്ല, ഇരുള്‍ ഒരിക്കലും വെളിച്ചത്തെ പിടിച്ചടക്കുക ഇല്ല.
കാരണം വചനം ജീവന്‍റെ ഉറവിടം ആണ്.

വചനം ജഡമായി തീര്‍ന്നു

ഇനി നമുക്ക് പതിനാലാമത്തെ വാക്യം വായിക്കാം.

യോഹന്നാന്‍ 1: 14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്‍റെ തേജസ്സായി കണ്ടു.

ലോഗോസ് എന്ന ദൈവത്തിന്‍റെ പദ്ധതിയും, ജ്ഞാനവും ഉദ്ദേശ്യവും “ജഡമായി തീര്‍ന്നു.”
അതിന്‍റെ അര്‍ത്ഥം ലോഗോസ്, മൂര്‍ത്തമായി, ഭൌതീക അസ്തിത്വം ആയി യേശുവില്‍ വന്നു.
യേശു “അദൃശ്യനായ ദൈവത്തിന്റെ പ്രതിമ” ആണ്, (കൊലോസ്യര്‍ 1: 15), ദൈവത്തിന്‍റെ പ്രതിനിധി ആണ്, മുഖ്യ ദൂത് വാഹകന്‍ ആണ്, മൂലശക്തി ആണ്.
അവന്‍ പിതാവായ ദൈവത്തെ പൂര്‍ണ്ണമായും അനുസരിച്ചിരുന്നതിനാല്‍ അവനിലൂടെ ദൈവത്തിന് മനുഷ്യരോട് സംവാദിക്കുവാന്‍ കഴിഞ്ഞു.
അതുകൊണ്ട് യേശു പറഞ്ഞു: “എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു.” (യോഹന്നാന്‍ 14: 9)

ലോഗോസ് ജഡമായി തീര്‍ന്നു എന്ന് നമ്മള്‍ വായിക്കുമ്പോള്‍ അതിനുമുമ്പ് ലോഗോസ് ജഡമായിരുന്നില്ല എന്ന് കൂടി നമ്മള്‍ മനസ്സിലാക്കേണം.
യേശു മുമ്പ് മനുഷ്യരൂപത്തില്‍ ആയിരുന്നിട്ടില്ല.
എന്നാല്‍, അവന്‍ ലോഗോസ് ആയി, ദൈവത്തിന്‍റെ ഉദ്ദേശ്യവും, ജ്ഞാനവും, ചിന്തകളും ആയി, മാനവ രക്ഷയെക്കുറിച്ചുള്ള ദൈവീക പദ്ധതി ആയി നിലനിന്നിരുന്നു.

ഈ വചനം ജഡമായി തീര്‍ന്നു, നമ്മളുടെ ഇടയില്‍ പാര്‍ത്തു.
ഈ പ്രസ്താവന അക്കാലത്തെ യാഹൂദന്മാരെയും ഗ്രീക്കുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകേണം.
ഗീക്ക്കാര്‍ക്ക് ദൈവങ്ങളെ കുറിച്ച് ഒരു താഴ്ന്ന ചിന്ത ആയിരുന്നു ഉണ്ടായിരുന്നത്.
കാരണം ദൈവങ്ങള്‍ക്കും മുകളില്‍, സകലത്തിന്റെയും സ്രോതസ്സായി അവര്‍ കണ്ടിരുന്നത്‌ ലോഗോസ് അഥവാ ക്രമം, ജ്ഞാനം എന്നതിനെ ആയിരുന്നു.

യവന മതത്തില്‍ വലിയ ദേവന്മാരും ചെറിയ ദേവന്മാരും ഉണ്ടായിരുന്നു.
യവന ദേവന്മാര്‍ ആയ സീയുസ്, ഹെര്‍മെസ് എന്നിവര്‍ അമാനുഷിക ശക്തിയുള്ള മനുഷ്യര്‍ ആണ് എന്ന് അവര്‍ കരുതിയിരുന്നു. അവര്‍ ലോഗോസ് എന്ന പരമമായ ദൈവത്തോട് തുല്യം ആയിരുന്നില്ല.
എന്നാല്‍ അവരോടു യോഹന്നാന്‍ പറയുക ആണ്, നിങ്ങള്‍ പരമമായ ദൈവമായി കരുതുന്ന ലോഗോസ്, ഇതാ ജഡമായി തീര്‍ന്നിരിക്കുന്നു.

യാഹൂദന്മാര്‍ക്ക് സാധാരണയായി ദൈവത്തെക്കുറിച്ച് നിഷേധാത്മകമായ ഒരു കാഴപ്പാട് ആണ് ഉണ്ടായിരുന്നത്.
അവരോട് യോഹന്നാന്‍ പറയുന്നു: വചനം ജഡമായി തീർന്നു, നമ്മുടെ ഇടയിൽ പാർത്തു.
പഴയനിയമത്തില്‍ അവര്‍ക്ക് വെളിപ്പെട്ട ദൈവം മനുഷ ജഡമായി തീര്‍ന്നു എന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ പ്രയാസമുള്ള കാര്യം ആയിരുന്നു.
അതുകൊണ്ട് യോഹന്നാന്‍ അവരോടു പറഞ്ഞു: ദൈവവചനം ജഡമായി തീര്‍ന്നു.

ഉപസംഹാരം

യേശു ഈ ഭൂമിയിലേക്ക്‌ വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന പിതാവ്-പുത്ര ബന്ധത്തെക്കുറിച്ചാണ് യോഹന്നാന്‍ തന്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തില്‍ പറയുവാന്‍ ശ്രമിക്കുന്നത്.
വചനം എന്ന യേശു ക്രിസ്തു, പിതാവിനോടൊപ്പം ഉണ്ടായിരുന്നു.
സകലത്തിന്‍റെയും സൃഷ്ടിയില്‍ അവന്‍ ഉണ്ടായിരുന്നു.
അവന്‍ മനുഷ്യരുടെ ജീവനും വെളിച്ചവും ആണ്.

ദൈവത്തിന്‍റെ സര്‍വ്വ സമ്പൂര്‍ണ്ണതയും യേശുവില്‍ വസിക്കുന്നു. (കൊലോസ്യര്‍ 1: 19).
എന്നാല്‍ പിതാവായ ദൈവം ആത്മാവ് ആണ്. അവനെ മനുഷ്യര്‍ക്ക്‌ കാണുവാന്‍ കഴിയുക ഇല്ല.
നൂറ്റാണ്ടുകളായി, ദൈവം തന്റെ പ്രവാചകന്മാരിലൂടെ അറിയിച്ച, സ്നേഹത്തിന്‍റെയും, വീണ്ടെടുപ്പിന്റെയും ദൂതുകള്‍ മനുഷ്യര്‍ ശ്രദ്ധിക്കാതെ പോയി.
കാണുവാന്‍ കഴിയാത്ത ദൈവത്തെ തള്ളികളയുവാന്‍ മനുഷ്യന് എളുപ്പമായി തോന്നി. അവര്‍ പാപത്തിലും മത്സരത്തിലും തുടര്‍ന്നും ജീവിച്ചു.
അതുകൊണ്ട് ദൈവത്തിന്‍റെ ദൂത് ജഡമായി മനുഷ്യരുടെ ഇടയിലേക്ക് വന്നു, നമ്മളുടെ ഇടയില്‍ പാര്‍ത്തു.
ജഡമായി തീര്‍ന്ന് നമ്മളുടെ ഇടയില്‍ പാര്‍ത്ത യേശു ക്രിസ്തു എന്ന ദൈവ വചനം ദൈവമായിരുന്നു, ദൈവമാണ്.

ഈ സന്ദേശം വായിച്ചതിന് വളരെ നന്ദി.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.
ഈ സന്ദേശത്തിന്റെ വീഡിയോ കാണുവാന്‍ സന്ദര്‍ശിക്കുക: https://youtu.be/rA8pVY-ngxE
_______________________


No comments:

Post a Comment