ആരംഭിക്കപ്പെട്ട ദൈവരാജ്യം (Inaugurated Kingdom)

ഇന്ന് നമ്മള്‍, ആരംഭിക്കപ്പെട്ട ദൈവരാജ്യം അഥവാ “inaugurated Kingdom” എന്നതിനെക്കുറിച്ചും നമ്മള്‍ ഇന്ന് ജീവിക്കുന്ന കാലഘട്ടത്തിന്‍റെ ആത്മീയ പ്രാധാന്യത്തെക്കുറിച്ചും ആണ് ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്നത്.

ദാവീദിന്‍റെ പ്രവചനം

യേശുക്രിസ്തുവിനും ഏകദേശം 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാനിയേല്‍ എന്ന യഹൂദ പ്രവാചകന്‍, മനുഷ്യരാശിയുടെ ചരിത്രത്തില്‍ വരുവാനിരിക്കുന്ന സാമ്രാജ്യങ്ങളെക്കുറിച്ചും ഭരണങ്ങളെക്കുറിച്ചും പ്രവചിക്കുക ഉണ്ടായി.
ദാനിയേല്‍, യിസ്രായേലിന്റെ പ്രവാസകാലത്ത് ബാബേല്‍ രാജാവായ നെബൂഖദുനേസരിന്‍റെ കൊട്ടാരത്തില്‍ സേവനം അനുഷ്ടിക്കുക ആയിരുന്നു.
ആ കാലത്ത് ദാനിയേലിന്, ബാബേല്‍ സാമ്രാജ്യത്തിന് ശേഷം, മാനവ ചരിത്രത്തില്‍, മൂന്ന് ലോകസാമ്രാജ്യങ്ങള്‍ കൂടി ഉണ്ടാകും എന്ന ദൈവീക വെളിപ്പാട് ലഭിച്ചു.
അവ പേര്‍ഷ്യ, ഗ്രീക്ക്, റോമന്‍ സാമ്രാജ്യങ്ങള്‍ ആയിരിക്കും.
ഇവയുടെ ഭാവിയെക്കുറിച്ച് ദാനിയേല്‍ ഇങ്ങനെ എഴുതി:

ദാനിയേല്‍ 2: 44 ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‍പ്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.
ഇതിനു ശേഷം വീണ്ടും ദാനിയേല്‍ ഇങ്ങനെ രേഖപ്പെടുത്തി:

ദാനിയേല്‍ 7: 18 എന്നാൽ അത്യുന്നതനായവന്‍റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.

ദാനിയേല്‍ 7: 27 പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.

ദാനിയേലിന്‍റെ പ്രവചനങ്ങളില്‍ നിന്നും, ദൈവത്തിന്‍റെ രാജ്യം ഭൂമിയില്‍ സ്ഥാപിക്കപ്പെടും എന്നും അതോടെ എല്ലാ ഭൌതീക രാജ്യങ്ങളും ഇല്ലാതാകും എന്നും നമ്മള്‍ മനസ്സിലാക്കുന്നു.
ഈ പ്രവചനങ്ങള്‍ ഒരുകൂട്ടം മനുഷ്യരുടെ മനസ്സില്‍ സങ്കല്‍പ്പിച്ച് എടുത്ത തത്വശാസ്ത്രം അല്ല എന്ന് നമ്മള്‍ ഗ്രഹിക്കേണം.
ദൈവരാജ്യം എല്ലാ അര്‍ത്ഥത്തിലും ഒരു രാജ്യം തന്നെ ആണ്, അതിന് അതിരുകളും, ഭരണാധികാരിയും, പ്രജകളും നിയമങ്ങളും ഉണ്ട്.
അത് നിത്യവും എല്ലാ ഭൌതീക രാജ്യങ്ങളേയും ഭരിക്കുന്നതും ആണ്.

ദാനിയേലിന്‍റെ പ്രവചനത്തിന് ഏകദേശം 600 വര്‍ഷങ്ങള്‍ക്ക് ശേഷം, ക്രിസ്തു ഈ ഭൂമിയിലേക്ക്‌ വരുകയും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും ചെയ്തു.

മര്‍ക്കോസ് 1: 14, 15
14     എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു:
15     കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.

യേശുക്രിസ്തു ഈ ഭൂമിയില്‍ വന്നപ്പോള്‍ ദാനിയേല്‍ പ്രവചിച്ച ഭൌതീക സാമ്രാജ്യങ്ങളുടെ കാലം അവസാനിച്ചിരുന്നില്ല.
റോമന്‍ സാമ്രാജ്യം ശക്തിയോടെ നിലനിന്നിരുന്നു.
അപ്പോള്‍ മാനുഷ്യ സാമ്രാജ്യങ്ങളെ മാറ്റി ദൈവരാജ്യം സ്ഥാപിക്കുവാനുള്ള സമയം ആയിട്ടില്ലായിരുന്നു.
അതുകൊണ്ടാണ് പീലാത്തോസിനോട് യേശു ഇങ്ങനെ പറഞ്ഞത്:

യോഹന്നാന്‍ 18: 36 എന്‍റെ രാജ്യം ഐഹികമല്ല; എന്‍റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്‍പ്പിക്കാതവണ്ണം എന്‍റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്‍റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.

ഇവിടെ മലയാളത്തില്‍ ഒരു വാക്ക് വിട്ടുപോയിട്ടുണ്ട്.
“എന്നാല്‍ എന്‍റെ രാജ്യം ഇപ്പോള്‍ ഐഹികമല്ല” എന്നതാണ് ശരി.
“ഇപ്പോള്‍” എന്ന വാക്കിന് വളരെ പ്രാധാന്യം ഉണ്ട്.

ദൈവരാജ്യത്തിന്റെ ദൈവശാസ്ത്രം

ദൈവരാജ്യത്തിനെക്കുറിച്ച് പഠിക്കുന്ന ദൈവശാസ്ത്ര ശാഖ ആണ് ദൈവരാജ്യത്തിന്റെ ദൈവശാസ്ത്രം.
അടിസ്ഥാനമായി ദൈവരാജ്യത്തിന്റെ ദൈവശാസ്ത്രം മാനവ ചരിത്രത്തെ രണ്ടായി തരം തിരിക്കുന്നു:

1.    ഇപ്പോഴത്തെ ദുഷ്ടത നിറഞ്ഞ കാലം.
2.    വരുവാനിരിക്കുന്ന കാലം.

ഒന്നാമത്തെ ദുഷ്ടത നിറഞ്ഞ കാലം ആദമിന്‍റെ വീഴ്ചയോടെ ആരംഭിച്ച് കര്‍ത്താവിന്‍റെ രണ്ടാമത്തെ മടങ്ങിവരവ് വരെയുള്ളതാണ്.
ഈ കാലത്തില്‍ പാപം, രോഗം, മരണം, യുദ്ധം, ദാരിദ്ര്യം എന്നിവ ഉണ്ടായിരിക്കും.
ഇവിടെ പരിമിതമായ അധികാരത്തോടെ എങ്കിലും, സാത്താന്‍ ലോകത്തെ ഭരിക്കുന്നതായി നമ്മള്‍ കാണുന്നു. (എഫെസ്യര്‍ 2:2, 6:12)

“വരുവാനിരിക്കുന്ന കാലം” പാപം, രോഗം, കഷ്ടത എന്നിവയില്‍ നിന്നും വിടുതല്‍ ലഭിക്കുന്ന ദൈവരാജ്യത്തിന്റെ കാലമാണ്.
ഇത് സാര്‍വ്വലൌകീകമായി സമാധാനത്തിന്‍റെയും സകല സൃഷ്ടികളിന്മേലുമുള്ള ദൈവീക പരമാധികാരത്തിന്‍റെയും കാലം ആയിരിക്കും.

ദൈവജനത്തിന്മേലുള്ള ദൈവീക ഭരണം ആണ് ദൈവരാജ്യം എന്നത്.
വേദപുസ്തകത്തിന്‍റെ തുടക്കത്തില്‍ തന്നെ, ഉല്‍പ്പത്തി 1, 2 അദ്ധ്യായങ്ങളില്‍, ആദവും ഹവ്വയും ദൈവവുമായി ഒരു ബന്ധത്തില്‍ ആയിരിക്കുന്നതായി നമ്മള്‍ കാണുന്നു.
അവര്‍ ദൈവത്തിന്‍റെ സ്വന്ത ദേശമായ ഏദന്‍ തോട്ടത്തില്‍ വസിക്കുകയും ദൈവം അവരുടെ രാജാവായിരിക്കുകയും ചെയ്തു.
എന്നാല്‍ പാപത്തോടെ എല്ലാം തകരുകയും, അതുനുശേഷം ദൈവം തന്‍റെ രാജ്യം വീണ്ടും പുനസ്ഥാപിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.
അങ്ങനെ ദൈവരാജ്യത്തിന്റെ പുനസ്ഥാപനം, അബ്രഹാം, അദ്ദേഹത്തിന്‍റെ പിന്തലമുറക്കാര്‍, മോശെ, യിസ്രായേല്‍ ജനം എന്നിവരിലൂടെ ക്രമീകരിക്കപ്പെട്ടു.
ദൈവം തിരഞ്ഞെടുത്ത കനാന്‍ ദേശത്ത്‌ ദൈവത്തിന്‍റെ ഭരണം സ്ഥാപിക്കുക എന്നതായിരുന്നു ഉദ്ദേശ്യം.
എന്നാല്‍ ഇത് പുതിയനിയമത്തില്‍ വരുമ്പോള്‍, ക്രിസ്തുവിലൂടെ ഭൂമിയിലെ എല്ലാ ജനസമൂഹങ്ങളില്‍നിന്നും, ഗോത്രങ്ങളില്‍ നിന്നും ഭാഷക്കാരുടെ ഇടയില്‍ നിന്നും വിളിച്ചു ചേര്‍ക്കപ്പെടുന്നവരുടെ മേല്‍ ദൈവീക ഭരണം സ്ഥപിക്കപ്പെടുക എന്നാണ്.
അതിനാല്‍ ദൈവരാജ്യം ഇപ്പോള്‍ ഭൂമിയിലെ ഒരു പ്രത്യേക സ്ഥലത്ത് ഒതുങ്ങി നില്‍ക്കുന്നില്ല.

ദൈവരാജ്യം എന്നത്, ദൈവത്തിന്‍റെ സര്‍വ്വാധിപത്യത്തിന് അനുയോജ്യമായ ദൈവത്തിന്‍റെ ഭരണം ആണ്.
ദൈവത്തിന്‍റെ ഭരണം അനുഭവിച്ചറിയുന്ന ഒരുകൂട്ടം ജനങ്ങളുടെ മണ്ഡലം ആണ്.
അത് ഇപ്പോള്‍, ദൈവം നിയമിച്ച യേശുക്രിസ്തു, ദൈവത്തിന്‍റെ ഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിവര്‍ത്തിക്കുവാനായി, തന്നില്‍ വിശ്വസിക്കുന്നവരിലൂടെ നടത്തുന്ന ഭരണം ആണ്. (മത്തായി 6: 10)
ഗിരിപ്രഭാഷണത്തില്‍ ഉടനീളം, പാപത്താല്‍ വീണുപോയ ഈ ഭൂമിയില്‍, ദൈവരാജ്യത്തിന് അനുയോജ്യമായ രീതിയില്‍ എങ്ങനെ ജീവിക്കാം എന്ന് യേശു വ്യക്തമാക്കുക ആണ്.

ദൈവരാജ്യം വന്നിരിക്കുന്നു

1.  ദൈവരാജ്യം സമീപിച്ചിരിക്കുന്നു.

യിസ്രായേല്‍ ജനത്തിന്‍റെ, മിസ്രയീമില്‍ നിന്നും വാഗ്ദത്തദേശത്തെക്കുള്ള യാത്രയും, യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങളും തമ്മിലുള്ള സാമ്യം മര്‍ക്കോസ് സുവിശേഷത്തിന്‍റെ ആദ്യഭാഗങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
യിസ്രായേല്‍ ജനം ചെങ്കടലിലൂടെ കടന്നതുപോലെ യേശു വെള്ളത്തില്‍ സ്നാനപ്പെട്ടു.
അതിനു ശേഷം പരിശുദ്ധാത്മാവ് അവനെ മരുഭൂമിയിലേക്ക് നടത്തി; ഇതിന് യിസ്രായേല്‍ ജനം മരുഭൂമിയിലൂടെ കടന്നതിനോട് സാമ്യം ഉണ്ട്.

മശിഹ അഥവാ അഭിഷിക്തന്‍ എന്ന നിലയില്‍ യേശുവിന്‍റെ ഭരണം ഔദ്യോഗികമായി ആരംഭിക്കുന്നത് സ്നാനത്തോടെ ആണ്.
സ്നാപക യോഹന്നാന്‍റെ ശബ്ദം, “കർത്താവിന്‍റെ വഴി ഒരുക്കുവിൻ അവന്‍റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്‍റെ” വാക്കായിരുന്നു.
തങ്ങളുടെ ജഡപ്രകാരമുള്ള പാരമ്പര്യത്തില്‍ ആശ്രയിക്കാതെ, തന്റെ പിന്നാലെ വരുന്ന ബലമേറിയവനെ സ്വീകരിക്കുവാന്‍ യോഹന്നാന്‍ യഹൂദ ജനത്തെ പ്രബോധിപ്പിച്ചു.
യേശുവിന്‍റെ മേല്‍ വസിക്കേണ്ടാതിനായി പരിശുദ്ധാത്മാവ് സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരുകയും യേശു സ്നാനപ്പെട്ടതിനു ശേഷം കരയ്ക്ക്‌ കയറിയപ്പോള്‍, “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും” ഉണ്ടായി.
ഇവിടെ യേശുവിനെ ഔദ്യോഗികമായി തന്നെ ദൈവപുത്രനായും ദാവീദിന്‍റെ സിംഹാസനത്തിന്‍റെ അവകാശി ആയും സ്വര്‍ഗ്ഗം പ്രഖ്യാപിക്കുക ആണ്.
അപ്പോള്‍ ദൈവരാജ്യവും മശിഹയുടെ ഭരണവും ആരംഭിക്കുകയും ചെയ്തു.

സ്നാനത്തിനു ശേഷം പരിശുദ്ധാത്മാവു യേശുവിനെ മരുഭൂമിയിലേക്കു പോകുവാൻ നിർബന്ധിച്ചു; അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു.
എന്നാല്‍ യിസ്രായേല്‍ ജനത്തെപ്പോലെ യേശു മരുഭൂമിയില്‍ പരാജയപ്പെട്ടില്ല; അവന്‍ പിശാചിന്‍റെ എല്ലാ പരീക്ഷകളേയും ജയിച്ചു, മനാവരാശി കാത്തിരുന്ന മശിഹ താന്‍തന്നെ എന്ന് തെളിയിച്ചു.
അതിന് തൊട്ടുശേഷം യേശു വിളിച്ചുപറഞ്ഞു:

മര്‍ക്കോസ് 1: 15 കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.

ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞപ്പോള്‍ എന്താണ് ഉദ്ദേശിച്ചത്?
ദൈവരാജ്യം ആരംഭിക്കപ്പെട്ടു കഴിഞ്ഞു, ദൈവരാജ്യം വന്നിരിക്കുന്നു.
അതുകൊണ്ട് യേശു പറഞ്ഞു: “മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ”
മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിക്കുവാനുള്ള കാരണം, കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നതാണ്.

യേശു ഈ ഭൂമിയില്‍ വന്നതോടെ ദൈവരാജ്യം യാഥാര്‍ത്ഥ്യം ആയി.
യേശുവിന്റെ വരവോടെ സ്വര്‍ഗ്ഗത്തിലെപോലെ ഈ ഭൂമിയിലും ദൈവരാജ്യം വന്നുകഴിഞ്ഞു.

യേശു ദൈവരാജ്യത്തെ മാറ്റിമറിച്ചു

തങ്ങളെ ഭൌതീക രാജ്യാന്തര ശത്രുക്കളില്‍ നിന്നും രക്ഷിക്കുന്ന, യോദ്ധാവായ ജയാളി ആയ രാജാവിനെ ആണ് യഹൂദന്മാര്‍ മശിഹ ആയി പ്രതീക്ഷിച്ചിരുന്നത്.
അതുകൊണ്ടാണ് ഒരു അവസരത്തില്‍ അവര്‍ യേശുവിനെ രാജാവാക്കുവാന്‍ ശ്രമിച്ചത്. (യോഹന്നാന്‍ 6: 15)
എന്നാല് എന്‍റെ രാജ്യം ഇപ്പോള് ഐഹികമല്ല” എന്ന് യേശു പ്രഖ്യാപിച്ചതിലൂടെ ദൈവരാജ്യത്തെക്കുറിച്ചുള്ള അവരുടെ ധാരണകളെ യേശു പുനര്‍ക്രമീകരിച്ചു. (യോഹന്നാന്‍ 18: 36)
ദൈവരാജ്യം അതിന്‍റെ ഘടനയില്‍ സമഗ്രവും, ദൌത്യത്തില്‍ വീണ്ടെടുപ്പും, വലുപ്പത്തില്‍ സാര്‍വ്വലൗകികവും ആണ് എന്ന് യേശു വ്യക്തമാക്കി.

പൂര്‍ണ്ണതയില്‍ എത്തിയില്ല എങ്കിലും, ദൈവരാജ്യം ഭൂമിയില്‍ വന്നിരിക്കുന്നു എന്ന് ഈ സംഭവങ്ങള്‍ കാണിക്കുന്നു.
അതിന്‍റെ അര്‍ത്ഥം, ഇനി വരുവാനിരിക്കുന്ന ഒരു രാജ്യത്തിലെക്കല്ല, മറിച്ച് ഇപ്പോള്‍ ആരംഭിക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തിലെക്ക് ജനത്തെ ക്ഷണിക്കുവാനുള്ള ദൌത്യമാണ് കര്‍ത്താവ് നമ്മളെ ഏല്‍പ്പിച്ചിരിക്കുന്നത്.
നമ്മള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കപ്പെട്ടിരിക്കുന്ന ദൈവരാജ്യത്തിന്റെ സ്ഥാനാപതികളായി നിയമിക്കപ്പെട്ടിരിക്കുന്നു. (2 കൊരിന്ത്യര്‍ 5: 20;  എഫെസ്യര്‍ 1: 20, 21)
ദൈവത്തിന്‍റെ കൃപയാലും പരിശുദ്ധാത്മാവിന്റെ രൂപാന്തരണത്താലും മാനസന്തപ്പെട്ടു യേശുക്രിസ്തുവിന്‍റെ കര്‍തൃത്തം സ്വീകരിക്കുന്ന എല്ലാവരെയും, സകല ദേശങ്ങളില്‍ നിന്നും, നമ്മള്‍ ശിഷ്യന്മാര്‍ ആക്കേണം.

യേശുക്രിസ്തുവിന്‍റെ അത്ഭുതങ്ങളും അടയാളങ്ങളും ഒരു പുതിയ ക്രമീകരണത്തെ, അതായത് ദൈവത്തിന്‍റെ ക്രമീകരണത്തെ, വെളിപ്പെടുത്തുക ആയിരുന്നു.
യേശുക്രിസ്തുവിന്‍റെ ഒന്നാമത്തെ വരവോടെ തന്നെ, ദൈവം പാപത്തിന്‍റെ ഫലമായ ശാപത്തെ മാറ്റികളഞ്ഞു, സകലതിന്‍റെയും വീണ്ടെടുപ്പ് ആരംഭിച്ചു.
യേശു, രോഗികളെ സൌഖ്യമാക്കുകയും, മരിച്ചവരെ ഉയിര്‍പ്പിക്കുകയും, പാപികളോട് ക്ഷമിക്കുകയും ചെയ്തപ്പോള്‍, ദൈവം ജഡമായി ജനിച്ചതിലൂടെ സകലതും ദൈവീക ക്രമീകരണത്തിലേക്ക് പുനസ്ഥാപിക്കുക ആയിരുന്നു.
യേശുവിന്‍റെ അത്ഭുതങ്ങള്‍ പ്രകൃതി നിയമങ്ങളെ റദ്ദാക്കുക ആയിരുന്നില്ല, പ്രകൃതി നിയമങ്ങളെ ദൈവീക ക്രമീകരണത്തിലേക്ക് പുനസ്ഥാപിക്കുക ആയിരുന്നു.
അവയെല്ലാം, പാപത്താലുള്ള വീഴ്ചയ്ക്ക് മുമ്പുണ്ടായിരുന്ന ക്രമീകരണം എന്തായിരുന്നു എന്നതിനെ ഓര്‍മ്മയും, ഇനി വരുവാനുള്ളതിന്റെ പൂര്‍വ്വദര്‍ശനവും ആയിരുന്നു.
ദൈവരാജ്യം, രോഗങ്ങളും, മരണവും, സംഘര്‍ഷങ്ങളും, ഇല്ലാത്ത സമാധാനവും നീതിയും ഉള്ള സാര്‍വ്വലൌകീകമായ ഒരു രാജ്യത്തിന്‍റെ ക്രമീകരണം ആണ്.
ദൈവരാജ്യത്തിന്റെ ആരംഭത്തോടെ പുനസ്ഥാപനത്തിനായുള്ള പുനസൃഷ്ടി ആരംഭിച്ചു കഴിഞ്ഞു.

അങ്ങനെ, റോമന്‍ സാമ്രാജ്യത്തെ തകര്‍ത്ത് യിസ്രായേലിനെ മോചിപ്പിച്ച് ഒരു സാമ്ര്യാജ്യം ഭൂമിയില്‍ സ്ഥാപിക്കുന്നതുപോലെയുള്ള അടയാളങ്ങളോടെ ദൈവരാജ്യം വരും എന്ന യഹൂദന്മാരുടെ ധാരണയെ യേശു തിരുത്തി എഴുതി.
യേശു പറഞ്ഞു, ദൈവരാജ്യം ഇതാ ഇവിടെ, ഇതാ അവിടെ എന്ന് പറയുമ്പോലെ ഭൌതീകമല്ല.
ദൈവരാജ്യത്തിന്‍റെ വരവ് ഒരു മര്‍മ്മം ആണ്.
റോമന്‍ സാമ്രാജ്യത്തെ തകര്‍ത്ത് ഒരു പുതിയ സാമ്രാജ്യം സ്ഥാപിക്കുന്നില്ല എങ്കിലും, യേശു വന്നു എന്നതിനാല്‍ ദൈവരാജ്യം വന്നിരിക്കുന്നു.

യേശു ബലവാനെ പിടിച്ചുകെട്ടി

യേശു ചെയ്ത അത്ഭുതങ്ങളില്‍ പ്രധാനപ്പെട്ടത് ഭൂതങ്ങളെ പുറത്താക്കുക എന്നതായിരുന്നു.
അന്ധകാരത്തിന്‍റെ പ്രഭുവിന്റെമേല്‍ യേശുവിനുണ്ടായിരുന്ന അധികാരം അവന്‍ വെളിപ്പെടുത്തി.
അതായത്, യേശു ദൈവരാജ്യം വന്നിരിക്കുന്നു എന്ന് പ്രസംഗിക്കുക മാത്രമല്ല, അതിന്‍റെ സാന്നിധ്യം പ്രവര്‍ത്തികളിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.

ഇതുപോലെയുള്ള ഒരു സംഭവം മത്തായി വിവരിക്കുന്നുണ്ട്.
യഹൂദന്മാര്‍, യേശു ഭൂതങ്ങളുടെ തലവനെകൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നത് എന്ന് കുറ്റപ്പെടുത്തി സംസാരിച്ചു.
അപ്പോള്‍ യേശു അവരോടു മറുപടി പറഞ്ഞു:

മത്തായി 12: 28, 29
28  ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.
29  ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നുകളവാൻ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം.

യേശു 72 പേരെ ഗ്രാമങ്ങളിലേക്ക് അയച്ചപ്പോള്‍, രോഗികളെ സൌഖ്യമാക്കുവാനും ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് വിളിച്ചുപറയുവാനും നിര്‍ദ്ദേശിച്ചു.
അവര്‍ അതീവ സന്തോഷത്തോടെ തിരിച്ചു വന്ന്, “കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു”.
അതിന് യേശു ഇപ്രകാരം മറുപടി പറഞ്ഞു:

ലൂക്കോസ് 10: 19 പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.

ദൈവരാജ്യം ജയാളിയായ രാജ്യം ആണ്.
യേശുവിന്‍റെ ശത്രുക്കള്‍ പാപവും മരണവും ആണ്.
പിശാചിന്‍റെ അധികാരത്തെ തകര്‍ത്തതിലൂടെ ദൈവരാജ്യത്തിന്‍റെ വിജയം സ്ഥാപിക്കപ്പെട്ടു.

യേശുവിന്റെ അത്ഭുതങ്ങള്‍ ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങള്‍ ഈ ഭൂമിയിലേക്ക്‌ കൊണ്ടുവന്നു.
അവയെല്ലാം വരുവാനിരിക്കുന്ന രാജ്യത്തില്‍ ദൈവജനം നിത്യമായി അനുഭവിക്കുവാന്‍ പോകുന്ന രാജകീയ അനുഗ്രഹങ്ങളുടെ മുന്‍കൂട്ടിയുള്ള അനുഭവങ്ങള്‍ ആണ്.
എന്നാല്‍ ദൈവരാജ്യത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം എന്നത് ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ലഭിക്കുന്ന നിത്യമായ രക്ഷ തന്നെ ആണ്.

വിജയത്തിന്‍റെ സുവിശേഷം

ആരംഭിക്കപ്പെട്ട ദൈവരാജ്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ “സുവിശേഷം” എന്നാല്‍ എന്താണ് എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.
“സുവിശേഷം” എന്നത് രാജാവ് വന്നിരിക്കുന്നു എന്ന പ്രഖ്യാപനം ആണ്; യേശുക്രിസ്തുവിന്‍റെ രാജത്വവും കര്‍തൃത്തവും പ്രഖ്യാപിക്കുന്നതാണത്.
യേശുവിന്റെ മരണവും ഉയിര്‍പ്പും, അവന്റെ രാജത്വം ഉറപ്പിക്കുന്നു.

അതായത്, ഇപ്പോള്‍ തന്നെ സംഭവിച്ചു കഴിഞ്ഞ ഒന്നിനെക്കുറിച്ചുള്ള പ്രഖ്യാപനം ആണ് സുവിശേഷം.
യേശു തന്റെ ശുശ്രൂഷയുടെ ഉദ്ദേശ്യം സംഗ്രഹിച്ചു പറഞ്ഞതിങ്ങനെ ആണ്:

ലൂക്കോസ് 4: 43 അവൻ അവരോടു: “ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു” എന്നു പറഞ്ഞു.

“സുവിശേഷം” എന്ന വാക്കിന് മൂലഭാഷയായ ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന പദം “euangelion(yoo-ang-ghel-ion) എന്നാണ്.
ഇതു പുതിയനിയമത്തില്‍ 76 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു.
ഈ വാക്കിന്‍റെ അര്‍ത്ഥം “നല്ല സന്ദേശം”, “നല്ല അറിയിപ്പ്” എന്നിവ ആണ്.

നമ്മള്‍ മുകളില്‍ വായിച്ച വാക്യത്തില്‍ “ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു” അഥവാ “proclaim the good news”, സുവിശേഷത്തെ പ്രഖ്യാപിക്കുക, എന്നാണ് യേശു പറഞ്ഞത്.
“സുവിശേഷിക്കുക” എന്നതിന്‍റെ ഗ്രീക്ക് പദം euangelizo (yoo-ang-ghel-id-zo) എന്നതാണ്.
ഈ പദം പുതിയനിയമത്തില്‍ 54 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.
അതായത് ദൈവരാജ്യം വന്നിരിക്കുന്നു എന്ന നല്ല അറിയിപ്പ് അഥവാ നല്ല സന്ദേശം  പ്രഖ്യാപിക്കുവാനാണ് യേശുവിനെ അയച്ചത്.

സുവിശേഷം എന്നത്, ക്രിസ്തുവിലേക്ക് വ്യക്തികളെ നയിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ പടിപടിയായി വിശദീകരിക്കുക ആണ് എന്നാണ് അനേകര്‍ ചിന്തിക്കുന്നത്.
യേശുക്രിസ്തുവിലൂടെ ഉള്ള രക്ഷയെക്കുറിച്ചു മറ്റുള്ളവരെ അറിയിക്കുകയും ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുവാന്‍ ഒരുക്കുകയും ചെയ്യുക പ്രധാനപ്പെട്ട കാര്യം തന്നെ ആണ്.
എന്നാല്‍ “ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു” എന്ന് യേശു പറഞ്ഞപ്പോള്‍ ഇതുമാത്രമല്ല ഉദ്ദേശിച്ചത്.
ദൈവവചനത്തില്‍ “സുവിശേഷം” എന്നതിന് കൂടുതല്‍ വിസ്തൃതമായ അര്‍ത്ഥം ഉണ്ട്.
“സുവിശേഷം” എന്നത് വിജയത്തിന്‍റെ നല്ല സന്ദേശം ആണ്.

നമുക്ക് ഇതു കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാം.
പഴയനിയമത്തിന്റെ ഗ്രീക്ക് പരിഭാഷയില്‍ euangelizo എന്ന വാക്ക് 20 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.
ഇവിടെ എല്ലാം “basar” (baw-sar - Strong's Hebrew Lexicon Number - 01319), എന്ന എബ്രായ പദമാണ് ഗ്രീക്കില്‍ euangelizo എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
“basar” എന്ന എബ്രായ പദത്തിന്റെ അര്‍ത്ഥം “യുദ്ധത്തിലെ വിജയത്തിന്റെ നല്ല സന്ദേശം” എന്നാണ്. (1 ശമുവേല്‍ 31: 9;   2 ശമുവേല്‍ 18: 19)
അതായത്, “സുവിശേഷം” എന്നത് ദൈവരാജ്യത്തിന്റെ വിജയത്തിന്‍റെ നല്ല സന്ദേശം ആണ്.
അതുകൊണ്ട് ലൂക്കോസ് 4: 43 നമ്മള്‍ ഇപ്രകാരമാണ് വായിക്കേണ്ടത്:
“ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യത്തിന്‍റെ വിജയത്തിന്റെ നല്ല സന്ദേശം പ്രഖ്യാപിക്കേണ്ടാതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു”.
സുവിശേഷം എന്നത് യുദ്ധത്തിലെ ജയത്തിന്‍റെ വിളംബരം ആണ്.

ചരിത പശ്ചാത്തലം

യേശുവിന്‍റെ പ്രഖ്യാപനത്തിന്റെ ചരിത്ര പശ്ചാത്തലം കൂടി അറിഞ്ഞിരിക്കുന്നത് ഈ മര്‍മ്മം കൂടുതല്‍ വ്യക്തമായി അറിയുവാന്‍ സഹായിക്കും.

യിസ്രായേലിന്റെ പരാജയം

പാപം മനുഷ്യരെ ഒന്നടങ്കം ശാപത്തിന് കീഴാക്കിയപ്പോള്‍, ദൈവം അബ്രാഹാമിനെയും അവന്റെ സന്തതി പരമ്പരകളെയും ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിനായി തിരഞ്ഞെടുത്തു.
ദൈവം അബ്രഹാമിന്‍റെ കുടുംബത്തെ വര്‍ദ്ധിപ്പിക്കാം എന്ന് വാഗ്ദത്തം നല്‍കി.
ദൈവീക അനുഗ്രഹങ്ങള്‍ സകല ജാതികളുടെമേലും വരേണ്ടതിനായി, ആദ്യപടി ആയി ദൈവം കനാന്‍ ദേശത്തെ അവര്‍ക്ക് വാഗ്ദത്ത ദേശമായി കൊടുത്തു.
മോശെയുടെയും ജോഷ്വായുടെയും കാലത്ത് യിസ്രായേലിന്റെ ഈ ഉത്തരവാദിത്തം ദൈവം അവരുടെമേല്‍ ഉറപ്പിച്ചു; കനാന്‍ ദേശത്തെ, പൈശാചിക ശക്തികളുടെ സ്വാധീനത്തില്‍ ആയിരുന്നവരുടെ മേല്‍ വിജയം കൊടുത്തു.
അതുനുശേഷം ദാവീദ്, ശലോമോന്‍ മുതലായ ചില രാജാക്കന്മാര്‍ക്ക് ദൈവരാജ്യത്തിന്റെ സ്വാധീനം വിപുലമാക്കുവാന്‍ സാധിച്ചു.
ശലോമോന്റെ കാലത്ത് യിസ്രായേല്‍ ലോകത്തിലെ ഏറ്റവും പ്രബലവും സമ്പന്നവും ആയ രാജ്യം ആയിരുന്നു.

നിര്‍ഭാഗ്യവശാല്‍, എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരുന്നു എങ്കിലും, യിസ്രായേല്‍ ജനം പലപ്പോഴും ദൈവീക വഴിയില്‍ പരാജയപ്പെട്ടു.
ദൈവം അനേക പ്രാവശ്യം ക്ഷമയോടെ, അവരുടെ പാപത്തെ കണക്കിടാതെ, മുന്നോട്ടു പോകുവാന്‍ അവരെ ശക്തര്‍ ആക്കി.
എന്നാല്‍, ശക്തമായതും സമ്പന്നവും ആയ ഒരു രാജ്യവും, രാജാക്കന്മാരും, ദൈവലായവും അവര്‍ക്ക് ലഭിച്ചതിന് ശേഷവും അവര്‍ പിന്മാറിപ്പോയത് കാരണം, ദൈവം അവരുടെമേല്‍ ശിക്ഷയെ അയക്കുവാന്‍ തീരുമാനിച്ചു.
ദൈവം അസീറിയ, ബാബിലോണിയ എന്നീ രാജ്യങ്ങളെ അവര്‍ക്ക് എതിരെ വരുത്തി.
അങ്ങനെ ശത്രുക്കള്‍ ദാവീദിന്‍റെ ഭവനത്തെ തകര്‍ത്ത്, ദൈവാലയത്തെ വഷളാക്കി, യെരുശലെമിനെ തകര്‍ത്ത്, ജനത്തെ അടിമകളാക്കി പിടിച്ചുകൊണ്ടു പോയി.
ദൈവത്തിന്‍റെ വാഗ്ദത്ത ദേശം ശൂന്യമായി തീര്‍ന്നു.

പഴയനിയമത്തിന്റെ അവസാനം ആയപ്പോഴേക്കും, ദൈവരാജ്യത്തിന്‍റെ എല്ലാ മഹത്വവും പോയ്പോയിരുന്നു.
പുതിയ നിയമകാലഘട്ടം ആരംഭിക്കുമ്പോഴേക്കും, യഹൂദ ജനം 500 ല്‍ അധികം വര്‍ഷങ്ങളോളം അടിമത്തത്തില്‍ ആയി കഴിഞ്ഞിരുന്നു.

യിസ്രായേലിന്റെ പ്രത്യാശ

അവരുടെ അവിശ്വസ്തത കാരണം, അവര്‍ക്ക് വരുവാന്‍ പോകുന്ന തകര്‍ച്ചയും അടിമത്തവും പ്രവാസകാലവും എല്ലാം, പഴയനിയമ പ്രവാചകന്മാരിലൂടെ ദൈവം യിസ്രായേലിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു.
എന്നാല്‍ അവരുടെ അനുസരണക്കേട്‌ ദൈവശിക്ഷയെ ക്ഷണിച്ച് വരുത്തി.
എങ്കിലും പ്രവാസകാലത്ത്, വീണ്ടും വരുവാനിരിക്കുന്ന വലിയ വിജയത്തിന്‍റെ പ്രത്യാശ ദൈവം അവര്‍ക്ക് നല്‍കി; പാപങ്ങളെ ഏറ്റുപറഞ്ഞ് മാനസാന്തരപ്പെടുവാന്‍ ദൈവം അവരോടു ആവശ്യപ്പെട്ടു.
അതുകൊണ്ട്, ദൈവം അയക്കുന്ന മശിഹ ആയ രാജാവ്, സകല ശത്രുക്കളെയും തോല്‍പ്പിച്ച്, സര്‍വ്വലൌകീകമായ ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങളിലേക്ക് തങ്ങളെ വീണ്ടും പ്രവേശിപ്പിക്കും എന്ന് യിസ്രായേല്‍ പ്രത്യാശവച്ചു.
ഈ പ്രത്യാശ നമുക്ക് പഴയനിയമത്തില്‍ അനേക ഭാഗങ്ങളില്‍ കാണുവാന്‍ കഴിയും.

യെശയ്യാവ് 52: 7 സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!

ഈ വാക്യം നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്.
സീയോനില്‍ സുവാര്‍ത്താ ദൂതന്‍ സമാധാന ഘോഷണവും നന്മയുടെ സുവിശേഷവും പ്രസിദ്ധമാക്കും എന്നാണ് യെശയ്യാവ് പറയുന്നത്.
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “basar” (baw-sar) എന്ന വാക്ക് ആണ്.
നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ ഈ പദത്തെ ഗ്രീക്കില്‍ euangelizo എന്നാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ഇതിന്റെ അര്‍ത്ഥം, സീയോനില്‍ പ്രസിദ്ധമാക്കുന്നത്, യുദ്ധത്തിലെ വിജയത്തിന്‍റെ സന്ദേശം ആണ്.
ദൈവരാജ്യത്തിന്റെ സുവിശേഷത്തെക്കുറിച്ചു പറയുവാന്‍ പുതിയനിയമത്തില്‍ ഉപയോഗിക്കുന്ന വാക്കും ഇതാണ് എന്നതിനാല്‍, സുവിശേഷം യുദ്ധത്തിലെ വിജയത്തിന്‍റെ സന്ദേശം ആണ്.

യെശയ്യാവ് 52: 7, പുതിയനിയമത്തില്‍ റോമര്‍ 10: 15 ല്‍ എടുത്തുപറയുന്നുണ്ട്.
യെശയ്യാവിന്റെ പ്രവചനം ദൈവരാജ്യത്തെ അറിയിക്കുന്നതിലൂടെ നിവര്‍ത്തി ആയി എന്നാണ് പൌലോസ് പറയുന്നത്.

റോമര്‍ 10: 15 ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.

ഈ വാക്യത്തിലെ ഒരു പ്രധാനപ്പെട്ട പദസമുച്ചയം “ദൈവം വാഴുന്നു എന്നതാണ്.
ഇതുതന്നെ ആണ് ദൈവരാജ്യത്തിന്റെ സുവിശേഷം: ദൈവം വാഴുന്നു.

യിസ്രായേലിന്റെ ജാതീയ രാജ്യങ്ങളുടെ കീഴിലുള്ള പ്രവാസം ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരുടെ ഹൃദയത്തില്‍ ഭാരമുള്ള വിഷയം ആയിരുന്നു.
പുതിയനിയമം എഴുതപ്പെട്ട കാലയളവിലും ദൈവരാജ്യത്തിന്റെ അപജയം യേശുവിന്‍റെ ശിഷ്യന്മാരുടെ ഇടയിലും വിഷയം ആയിരുന്നു.
ദൈവരാജ്യത്തിന്റെ പ്രത്യക്ഷത പ്രവസത്തോടെ അവസാനിച്ചുവോ എന്ന് യഹൂദന്മാര്‍ ഭയപ്പെട്ടു.
എന്നാല്‍, എല്ലാം അവസാനിചിട്ടില്ലായിരുന്നു; യേശുക്രിസ്തു യുദ്ധത്തില്‍ വിജയം പ്രഖ്യാപിച്ചു.
ഇതു, സാര്‍വ്വലൌകീകമായി യേശുക്രിസ്തു രാജാവായി സ്ഥാപിക്കപ്പെടുന്ന ദൈവത്തിന്‍റെ ജയാളിയായ രാജ്യത്തിന്‍റെ പ്രഖ്യാപനം ആയിരുന്നു.
മുമ്പ് എങ്ങും ഉണ്ടായിട്ടില്ലാത്തവിധം ജയത്തോടെ ദൈവരാജ്യം പുനസ്ഥാപിക്കപ്പെടും എന്ന സന്ദേശം അവര്‍ക്ക് പ്രധാനപ്പെട്ടതായിരുന്നു.

ആരംഭിക്കപ്പെട്ട ദൈവരാജ്യം

ദൈവരാജ്യത്തിന്റെ വിജയത്തിന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്.

·         ആരംഭിക്കപ്പെട്ട ദൈവരാജ്യം
·         ദൈവരാജ്യത്തിന്റെ തുടര്‍ച്ച
·         നിവര്‍ത്തിക്കപെട്ട ദൈവരാജ്യം

യേശുവിന്‍റെ ഒന്നാമത്തെ വരവോടെ തന്നെ ദൈവത്തിന്‍റെ ശത്രുക്കളുടെ പരാജവും ദൈവജനത്തിന്റെ വിടുതലും നടന്നുകഴിഞ്ഞു എന്ന് പുതിയനിയമ രചയിതാക്കാള്‍ മനസ്സിലാക്കിയിരുന്നു.
ഇതേ സംഭവം സഭായുഗം മുഴുവന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
ദൈവരാജ്യത്തിന്റെ തുടര്‍ച്ചയുടെ ഈ കാലത്ത് യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ ഇരുന്നുകൊണ്ട് അതെ വിജയം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
സഭായുഗ കാലം മുഴുവന്‍ ദൈവരാജ്യത്തിന്റെ വിജയം തുടരും.

യേശുക്രിസ്തുവിന്‍റെ തേജസ്സില്‍ ഉള്ള രണ്ടാമത്തെ വരവില്‍ ദൈവരാജ്യം പൂര്‍ണ്ണമായും നിവര്‍ത്തിക്കപ്പെടും.
എല്ലാ ദുഷ്ടന്മാരെയും തോല്‍പ്പിച്ച്, ലോകമെമ്പാടും മഹത്വമേറിയ ദൈവരാജ്യം സ്ഥാപിക്കുന്ന അന്തിമ വിജയം അന്ന് ഉണ്ടാകും.

വന്നു, എന്നാല്‍ വരുവാനിരിക്കുന്നതെയുള്ളൂ

യേശുക്രിസ്തു ദൈവരാജ്യം വന്നിരിക്കുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍ ഉടലെടുത്ത പ്രധാന ചോദ്യം: അത് ഇപ്പോള്‍ തന്നെ വന്നിരിക്കുന്നുവോ അതോ ഭാവിയില്‍ വരുവാന്‍ ഇരിക്കുന്നതെ ഉള്ളോ, എന്നതാണ്.
യേശുവിലൂടെയും അവന്റെ വാക്കിലൂടെയും പ്രവര്‍ത്തികളിലൂടെയും ദൈവരാജ്യം വന്നു കഴിഞ്ഞോ അതോ അത് ഭാവിയില്‍ വരുവാനിരിക്കുന്നതെ ഉള്ളോ?

യേശുക്രിസ്തുവിന്‍റെ രണ്ടു വരവിനേയും പഴയനിയമത്തില്‍ വ്യത്യസ്ത സംഭവങ്ങള്‍ ആയി  കണ്ടിരുന്നില്ല.
ശത്രുക്കളെ അന്തിമമായി തോല്‍പ്പിച്ച്, ദൈവജനത്തെ സമാധാനവും നീതിയും സന്തോഷവും നിറഞ്ഞ ദൈവരാജ്യത്തിലെക്ക് കൂട്ടിച്ചേര്‍ത്ത്, പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ച്, മശിഹയുടെ നിത്യമായ രാജ്യം സ്ഥാപിക്കപ്പെടുന്ന ദൈവത്തിന്‍റെ ഭയങ്കര ദിവസത്തെക്കുറിച്ചാണ് പഴയനിയമം സംസാരിക്കുന്നത്.
എന്നാല്‍ കര്‍ത്താവിന്റെ വരവ് രണ്ടു ഘട്ടങ്ങള്‍ ആയിട്ടായിരിക്കും സംഭവിക്കുക എന്ന് പഴയനിയമം പറയുന്നില്ല.
കര്‍ത്താവ് ആദ്യം, നമ്മളുടെ പാപങ്ങള്‍ക്ക്‌ പരിഹാരം ആകേണ്ടുന്നതിനായി കഷ്ടം അനുഭവിക്കുന്ന ദാസന്‍ ആയി വരുകയും രണ്ടാമത് തേജസ്സോടെയും ശക്തിയോടെയും മേഘങ്ങളില്‍ രാജാവായി വെളിപ്പെടുന്നതും ആണ്.

അതുകൊണ്ട് അനേകം വേദപണ്ഡിതന്മാര്‍ ദൈവരാജ്യം ആരംഭിച്ചു കഴിഞ്ഞു എന്നും അതിന്റെ പൂര്‍ണ്ണമായ നിവര്‍ത്തി ഇനി ഉണ്ടാകാനിരിക്കുന്നതെ ഉള്ളൂ എന്നും വിശ്വസിക്കുന്നു.
യേശുവിന്റെ ആദ്യവരവോടെ തന്നെ ദൈവരാജ്യം ആരംഭിക്കപ്പെട്ടു കഴിഞ്ഞു, അതിന്റെ പൂര്‍ണ്ണ നിവര്‍ത്തി രണ്ടാമത്തെ വരവോടെ ഉണ്ടാകും.
ദൈവരാജ്യം ആരംഭിക്കപ്പെട്ടു കഴിഞ്ഞതിനാല്‍ അതിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഇപ്പോള്‍ തന്നെ ദൈവസഭയ്ക്ക് കഴിയും.

യേശുക്രിസ്തുവിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും വരവിന്റെ മദ്ധ്യേയുള്ള, ദൈവരാജ്യത്തിന്റെ തുടര്‍ച്ചയുടെ കാലത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്.
ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന, വര്‍ത്തമാനകാലത്തിനും ഭാവികാലത്തിനും ഇടയിലുള്ള സമ്മര്‍ദ്ദം സ്വാഭാവികം മാത്രമാണ്.
മനുഷരുടെ വീണ്ടെടുപ്പിന്റെ ചരിത്രത്തിലെ ഈ കാലഘട്ടത്തെയാണ് “വന്നു, എന്നാല്‍ വരുവാനിരിക്കുന്നതെയുള്ളൂ” അഥവാ “already and not yet” എന്ന് വിളിക്കുന്നത്‌.
ദൈവരാജ്യം സത്യമായും നമ്മളുടെ ഇടയില്‍ വന്നിരിക്കുന്നു; എന്നാല്‍ ദൈവരാജ്യം പൂര്‍ണ്ണമായും ഇനിയും വരുവാനിരിക്കുന്നതെ ഉള്ളൂ.
നമ്മള്‍ ഇപ്പോള്‍ തന്നെ ദൈവരാജ്യത്തില്‍ ആണ്, എന്നാല്‍ അതിന്‍റെ സമ്പൂര്‍ണ്ണ മഹത്വം ഇനിയും കാണുവാനും അനുഭവിക്കുവാനും ഇരിക്കുന്നതേ ഉള്ളൂ.
അതായത് ദൈവരാജ്യത്തിന് നമ്മള്‍ ഇപ്പോള്‍ നമ്മള്‍ പ്രവേശിച്ചിരിക്കുന്ന ഒരു കാലഘട്ടവും ഇനിയും നമ്മള്‍ പ്രവേശിക്കുവാന്‍ ഇരിക്കുന്ന ഒരു ഭാവികാലഘട്ടവും ഉണ്ട്.

ഇനി നമ്മള്‍ വായിക്കുന്ന മൂന്ന് വാക്യങ്ങള്‍ ശ്രദ്ധിക്കുക:

1 യോഹന്നാന്‍ 3: 2 പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

റോമര്‍ 8: 30 മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.

എഫെസ്യര്‍ 2: 7 ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.

മുകളില്‍ നമ്മള്‍ വായിച്ച വാക്യങ്ങള്‍, “നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു” എന്നും, നമ്മളെ ദൈവം “തേജസ്കരിച്ചുമിരിക്കുന്നു എന്നും നമ്മളെ ഇപ്പോള്‍ തന്നെ “സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു” എന്നും പറയുന്നു.
ഇതെല്ലാം ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ പോലെയാണ് പറയുന്നത്.
എന്നാല്‍ നമുക്ക് തേജസ്കരിക്കപ്പെട്ടവരായി ഇപ്പോള്‍ തോന്നുന്നില്ല, നമ്മള്‍ ക്രിസ്തുവിനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നതായും തോന്നുന്നില്ല.
അതിനുകാരണം, നമ്മളുടെ ഇപ്പോഴത്തെ യാഥാര്‍ത്ഥ്യം ഭാവിയില്‍ വരുവാനിരിക്കുന്ന സത്യവുമായി ചെരാത്തതുകൊണ്ടാണ്.
അതുകൊണ്ട് ഈ അവസ്ഥയില്‍ നമ്മള്‍ സമ്മതിക്കേണ്ടുന്ന ഒന്നുണ്ട്: “നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല” എന്നതുപോലെ തന്നെ നമ്മള്‍ ഇപ്പോള്‍ പഴയതുപോലെ ഉള്ളവര്‍ അല്ല.
നമ്മള്‍ ഇപ്പോള്‍, മരുഭൂമിയിലെ യിസ്രായേല്‍ ജനത്തെപ്പോലെ ആണ്: മിസ്രയീം ദേശം ഉപേക്ഷിച്ചു കഴിഞ്ഞു, എന്നാല്‍ വാഗ്ദത്ത ദേശമായ കനാനില്‍ ഇനിയും എത്തിയിട്ടും ഇല്ല.
ഒരിക്കല്‍ ഈ രണ്ടു അവസ്ഥകളും യോജിച്ചു വരും.
അതുകൊണ്ടാണ് ഇപ്പോഴത്തെ സഭായുഗത്തെ, ആരംഭിക്കപ്പെട്ട ദൈവരാജ്യം എന്ന് വിളിക്കുന്നത്‌ - ദൈവരാജ്യം വന്നു, എന്നാല്‍ വരാനിരിക്കുന്നതേയുള്ളൂ.

അതിനാല്‍, ദൈവരാജ്യം ആരംഭിക്കപ്പെട്ടു കഴിഞ്ഞു, യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ ഇരുന്നുകൊണ്ട് തന്റെ രാജ്യം ഭരിക്കുന്നു; എങ്കിലും ദൈവരാജ്യത്തിന്റെ സമ്പൂര്‍ണ്ണ നന്മകളും അനുഗ്രഹങ്ങളും നമ്മള്‍ക്ക് ഇപ്പോള്‍ അനുഭവിക്കുവാന്‍ കഴിയുന്നില്ല.
ക്രിസ്തു നമ്മളെ ഭരിക്കുന്നു, ദൈവരാജ്യം നമ്മളില്‍ വന്നു കഴിഞ്ഞു; എന്നിരുന്നാലും നമ്മള്‍ ഇപ്പോഴും ജഡത്തില്‍, പാപത്താല്‍ വീണുപോയ ലോകത്തില്‍ ജീവിക്കുന്നു; ഇപ്പോഴും പാപത്താലുണ്ടായ വീഴ്ചയുടെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

ദൈവരാജ്യത്തിന്റെ അനേകം അനുഗ്രഹങ്ങള്‍ നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നു; പക്ഷെ അവയൊന്നും പൂര്‍ണ്ണമായി അനുഭവിക്കുവാന്‍ കഴിയുന്നില്ല.
ദൈവരാജ്യത്തിന്റെ ശക്തി നമ്മള്‍ അനുഭവിക്കുന്നു; എന്നാല്‍ സമ്പൂര്‍ണ്ണത ഇനിയും അനുഭവിച്ചിട്ടില്ല.
പാപപങ്കിലമായ ഈ ലോകത്തിന്റെ ശാപം പലമടങ്ങ്‌ നീങ്ങിപോയി, എന്നാല്‍ ഇനിയും കീഴടക്കുവാനുള്ള മണ്ഡലങ്ങള്‍ ഉണ്ട്.
പാപം, പിശാച്, രോഗം, മരണം എന്നിവയ്ക്കെതിരെയുള്ള യുദ്ധം ജയിച്ചുകഴിഞ്ഞു; എന്നാല്‍ അന്തിമയുദ്ധം ഇനിയും ജയിക്കുവാനിരിക്കുന്നതെ ഉള്ളൂ.
അതുകൊണ്ട് കര്‍ത്താവിന്റെ രണ്ടാമത്തെ വരവ് വരെയും, പാപത്തെയും, പിശാചിനെയും നമ്മള്‍ എതിര്‍ത്തുകൊണ്ടേ ഇരിക്കേണം; രോഗസൌഖ്യത്തിനായി പ്രാര്‍ത്ഥിക്കേണം, മരണത്തിലൂടെ കടക്കെണ്ടാതായും വന്നേക്കാം.
കാരണം ദൈവരാജ്യം വന്നു കഴിഞ്ഞു; എന്നാല്‍ അതിന്റെ എല്ലാ മഹത്വത്തോടെയും, ശക്തിയോടെയും, അധികാരത്തോടെയും ഇനിയും നിവര്‍ത്തിക്കപ്പെട്ടിട്ടില്ല.

വളരെ പതുക്കെ വര്‍ദ്ധിച്ചുവരുന്ന പുളിപ്പിനോടും വളര്‍ന്നുവരുന്ന വൃക്ഷത്തിനോടും ആണ് യേശു ദൈവരാജ്യത്തിന്റെ വളര്‍ച്ചയെ ഉപമിച്ചത്.
ദൈവരാജ്യം സാവധാനം അതിന്റെ സമ്പൂര്‍ണ്ണ നിവര്‍ത്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുക ആണ്.

ഈ വിഷയത്തില്‍ നമ്മള്‍ ഇതുവരെ പറഞ്ഞിത് ഇതെല്ലാം ആണ്:
ദൈവരാജ്യത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നമുക്ക് ഇപ്പോള്‍ അനുഭവിക്കുവാന്‍ കഴിയും, എന്നാല്‍ ദൈവരാജ്യം ഇപ്പോള്‍ പൂര്‍ണ്ണമായും നിവര്‍ത്തിക്കപ്പെട്ടിട്ടില്ല.
യെശയ്യാവ് 35: 5, 6 വാക്യങ്ങളില്‍ പറയുന്നതു നമുക്ക് വായിക്കാം:

യെശയ്യാവ് 35: 5, 6
5  അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.
6  അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.

ഈ വാഗ്ദത്തം ഇപ്പോള്‍ നമുക്ക് അവകാശപ്പെടാവുന്നതാണ്.
കാരണം, യേശു ഇപ്പോള്‍ തന്നെ സ്വര്‍ഗീയ സിംഹാസനത്തില്‍ ഇരുന്നു അവന്‍റെ രാജ്യം ഭരിക്കുക ആണ്.

ദൈവരാജ്യത്തിന്റെ നിവര്‍ത്തി

ദൈവരാജ്യത്തിന്റെ സമ്പൂര്‍ണ്ണ നിവര്‍ത്തി ഭാവിയില്‍ ഉണ്ടാക്കുമ്പോള്‍ ദൈവത്തിന്‍റെ സകല ശത്രുക്കളെയും നിശ്ശേഷം ഇല്ലാതാക്കും.
അക്കാലത്ത് യേശുവിന്റെ പ്രവര്‍ത്ത രീതി അപ്പാടെ മാറും.
ദൈവരാജ്യത്തിന്റെ ആരംഭത്തിലും തുടര്‍ച്ചയുടെ ഈ കാലത്തും യേശു ആത്മീയ മണ്ഡലത്തിലെ ദുഷ്ട ശത്രുക്കളോട് യുദ്ധം ചെയ്യുകയും, മനുഷ്യരോട് ദയയും കൃപയും കാണിക്കുകയും ചെയ്യുന്നു.
എന്നാല്‍ ദൈവരാജ്യത്തിന്റെ നിവര്‍ത്തിയിങ്കല്‍ മനുഷ്യരുടെ മദ്ധ്യസ്ഥന്‍ ആയ ക്രിസ്തു നീതിമാനായ ന്യായാധിപന്‍ ആയി മാറും.
ക്രിസ്തു വീണ്ടും വരുമ്പോള്‍ മനുഷ്യരോട് ദയയോ കൃപയോ കാണിക്കുക ഇല്ല.
അതിനു പകരം, ക്രിസ്തു തന്റെ ആത്മീയ മണ്ഡലത്തിലെയും മനുഷ്യരുടെ ഇടയിലെയും ശത്രുക്കളോട് യുദ്ധം ചെയ്യും, അവരെ പൂര്‍ണ്ണമായും തോല്‍പ്പിക്കും, നിശ്ശേഷം ഇല്ലാതാക്കും, നിത്യശിക്ഷ കല്‍പ്പിക്കും.

വെളിപ്പാട് 19: 13 – 15
13     അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.
14     സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
15     ജാതികളെ വെട്ടുവാൻ അവന്റെ വായിൽനിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയ്ക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.

വെളിപ്പാട് 20: 10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.

ഈ വാക്യങ്ങളുടെ അര്‍ത്ഥം, യേശു വീണ്ടും വരുമ്പോള്‍ ആത്മീയ മണ്ഡലത്തിലെയും മനുഷ്യരുടെ ഇടയിലെയും ശത്രുക്കളെ നിത്യശിക്ഷക്ക് വിധേയമാക്കും എന്നാണ്.
ദൈവത്തിന്‍റെ ശത്രുക്കളുടെ പരാജയവും ശിക്ഷയും പുതിയനിയത്തിലെ പ്രധാന വിഷയങ്ങള്‍ ആണ്.
ക്രിസ്തു വരുമ്പോള്‍ ലോക സാമ്രാജ്യങ്ങളെ മുഴുവന്‍ മാറ്റികളഞ്ഞിട്ട് ജയാളിയായ ദൈവരാജ്യം നിത്യമായി സ്ഥാപിക്കും.
അപ്പോള്‍ നമ്മള്‍ പുരോഹിത രാജത്വമായി എന്നന്നേക്കും വാഴും.

ക്രിസ്തു വീണ്ടും വരുമ്പോള്‍, എല്ലാം പുതിയതായി സൃഷ്ടിച്ച്, പാപത്തെയും ശാപത്തേയും എന്നന്നേക്കുമായി നീക്കികളഞ്ഞു, ദൈവരാജ്യത്തിന്റെ സമ്പൂര്‍ണ്ണ നിവര്‍ത്തി ഉണ്ടാകും.
യേശുവിന്റെ ജനനത്തിങ്കല്‍ ദൈവദൂതന്മാര്‍ പ്രഖ്യാപിച്ച, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കുള്ള സമാധാനം നിലവില്‍ വരും.
അവിടെ രോഗമോ, മരണമോ, കണ്ണുനീരോ, ഭിന്നതയോ, സമ്മര്‍ദ്ദങ്ങളോ ഉണ്ടാകുക ഇല്ല.
ഈ പ്രപഞ്ചത്തിന്റെ ദൈവീക വീണ്ടെടുപ്പു പൂര്‍ണ്ണമാകും; സമാധാനം വാഴും.
ദൈവജനം പുതിയ ഭൂമിയില്‍ പാപത്തിന്റെ ഇടപെടലുകള്‍ കൂടാതെ സമാധാനത്തോടെ പാര്‍ക്കും.
നമുക്ക് പാപരഹിതമായ ഒരു ഹൃദയവും രോഗങ്ങള്‍ ഇല്ലാത്ത ശരീരവും ലഭിക്കും.
വേദനയുടെയും കഷ്ടതകളുടെയും കാരണങ്ങള്‍ തന്നെ എന്നന്നേക്കുമായി ഇല്ലാതാകും.
അതുവരെ ഇപ്പോഴുള്ള എതിര്‍പ്പും സമ്മര്‍ദ്ദങ്ങളും നീണ്ടുനില്‍ക്കും.
അതുകൊണ്ട്, പൂര്‍ണ്ണത വരും നിശ്ചയം എന്ന് നമുക്ക് അറിയാവുന്നതുകൊണ്ട്‌, നമ്മള്‍ ഇപ്പോള്‍ തന്നെ സ്വര്‍ഗീയ പൌരന്മാര്‍ ആയിരിക്കുന്നു എന്ന തിരിച്ചറിവോടെ, ഈ കഷ്ടതയുടെ കാലത്തെ തരണം ചെയ്യുവാന്‍ നമുക്ക് കഴിയും.

മാനസാന്തരപ്പെട്ട് വിശ്വസിക്കുക

നമ്മളുടെ ഈ സന്ദേശത്തിന്റെ അവസാനഭാഗത്തെക്ക് കടക്കുകയാണ്.
ആരംഭിക്കപ്പെട്ടതും തുടരുന്നതുമായ ദൈവരാജ്യത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തില്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടത്?
നമ്മള്‍ സുവിശേഷത്തോട് അനുകൂലമായി പ്രതികരിക്കേണം: “മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” (മര്ക്കോസ് 1: 15)
എന്നാല്‍ നിര്‍ഭാഗ്യവശാല്‍, അനേകം സുവിശേഷകര്‍ ഈ ആഹ്വാനത്തിന്റെ ഒരു ഭാഗത്തിന് മാത്രമേ പ്രാധാന്യം നല്‍കുന്നുള്ളൂ.
യേശുവില്‍ വിശ്വസിക്കുക മാത്രം മതി എന്നവര്‍ ഉപദേശിക്കുന്നു.
എന്നാല്‍ ഇതു സുവിശേഷത്തെ അവ്യക്തമാക്കുക ആണ് ചെയ്യുന്നത്.
യേശു നമുക്ക് വേണ്ടി നീതിയുള്ള ഒരു ജീവിതം നയിച്ചു എന്നും, നമുക്ക് വേണ്ടി മരിച്ചു എന്നും വിശ്വസിക്കുന്നത്കൊണ്ട് മാത്രം ദൈവരാജ്യം കൈവശമാക്കുവാന്‍ കഴിയുക ഇല്ല.
ദൈവവചനം പറയുന്നതിങ്ങനെ ആണ്: മാനസന്തരപ്പെടെണം, വിശ്വസിക്കേണം.

മാനസാന്തരത്തിന് രണ്ട് ഭാഗങ്ങള്‍ ഉണ്ട്:

ഒന്ന്, മാനസാന്തരം എപ്പോഴും ഒരു ദൈവീക ദാനം ആണ്.
ദൈവമാണ് ഒരു വ്യക്തിയുടെ ഹൃദയം തുറക്കുന്നതും അവനെ ദൈവത്തോട് അടുപ്പിക്കുന്നതും.
അതിനാല്‍ തന്നെ മാനസാന്തരം ദൈവത്തില്‍ നിന്നും വരേണ്ടതാണ്.

 റോമര്‍ 2: 4 ല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?

ദൈവീക ഇടപെടലുകള്‍ ഇല്ലാതെ ദൈവവചന പ്രകാരമുള്ള മാനസാന്തരം സാധ്യമല്ല.

രണ്ടാമതായി, ഇന്നേവരെ ചെയ്തുപോന്നിരുന്ന, സ്വന്ത ഹിതപ്രകാരമുള്ള പ്രവര്‍ത്തികളില്‍ നിന്നും മാറി ജീവിക്കുവാനുള്ള ഉറച്ച തീരുമാനം മാനസാന്തരത്തിന്റെ ഭാഗം ആണ്.
മാനസാന്തരത്തിന് ശേഷം ഒരുവന്‍ ദൈവത്തിന്റെ കല്‍പ്പനകള്‍ ആണ് അനുസരിക്കേണ്ടത്‌.
ദൈവം, ആത്മീയ അന്ധതയുടെ മൂടുപടം നീക്കി, ദൈവീക വീണ്ടെടുപ്പ് എന്തെന്ന് ഗ്രഹിക്കുവാന്‍ ഒരുവനെ സഹായിച്ചു എന്നതുകൊണ്ട്‌ തന്നെ അവന്‍ ശിഷ്ടകാലം മുഴുവന്‍ പാപത്തെ വിട്ട് ഒഴിഞ്ഞ് ദൈവീക പദ്ധതിക്ക് വിധേയമായി ജീവിക്കേണ്ടതാണ്.

ഉപസംഹാരം

ഈ സന്ദേശം അവസാനിപ്പിക്കട്ടെ: നമ്മളുടെ കര്‍ത്താവിന്റെ രാജ്യം ഇപ്പോള്‍ തന്നെ നമ്മളുടെ ഇടയില്‍ ഉണ്ട്.
രാജാവ് വന്നു; അവന്‍ തന്‍റെ യാഗത്തിലൂടെ പാപ പരിഹാരം നിവര്‍ത്തിച്ചു കഴിഞ്ഞു.
നമ്മളുടെ രാജാവ് ഇപ്പോള്‍, ദൈവത്തിന്റെ വലത്ത് ഭാഗത്ത് ഇരുന്നുകൊണ്ട് തന്റെ രാജ്യം  ഭരിക്കുന്നു.
അവന്‍ തന്റെ സകല ശത്രുക്കളും പാദപീഠം ആകുവാന്‍ കാത്തിരിക്കുന്നു.
വിശ്വാസത്താല്‍ അവന്റെ നീതി ഇപ്പോള്‍ തന്നെ നമുക്ക് ലഭിച്ചിരിക്കുന്നു.
അവന്‍റെ ആത്മാവ് നമ്മളില്‍ വസിക്കുന്നു.
അവന്റെ വിശുദ്ധി നമ്മളില്‍ ഉളവായികൊണ്ടിരിക്കുന്നു.
നമ്മളുടെ രാജാവിന്റെ സന്തോഷവും സമാധാനവും ഇപ്പോള്‍ നമ്മളില്‍ പകര്‍ന്നിരിക്കുന്നു.
പിശചിന്റെമേല്‍ അവന്‍ നേടിയ വിജയം നമ്മളുടെ വിജയം ആണ്.
സാക്ഷിക്കുവാനുള്ള ശക്തി അവന്‍ നമുക്ക് നല്‍കിയിരിക്കുന്നു.
രാജാവിന്റെ കൃപാവരങ്ങള്‍ ഇന്നു നമുക്ക് ലഭ്യമാണ്.

ഈ സന്ദേശം നിങ്ങള്ക്ക് അനുഗ്രഹം ആയിരുന്നു എന്ന് വിശ്വസിക്കുന്നു.
എല്ലാ മാസവും ഒന്നാമത്തെ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ ടിവിയില്‍ ദൈവവചനം ഗൌരവമായി ചിന്തിക്കുവാന്‍ നമ്മള്‍ ഒരുമിച്ച് കൂടുന്നു.
ആരോടും തര്‍ക്കിക്കുവാണോ, ഖണ്ടിക്കുവാണോ നമ്മള്‍ക്ക് ഉദ്ദേശ്യം ഇല്ല.
നിര്‍മ്മലമായ സുവിശേഷ സത്യങ്ങള്‍ മായം കൂടാതെ നമ്മള്‍ ഇവിടെ പഠിക്കുന്നു.
മറക്കാതെ കാണുക, മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.


No comments:

Post a Comment