അതിരുകള്‍

നമ്മള്‍ ഇന്ന് അതിരുകള്‍ എന്ന വിഷയമാണ് ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്നത്.
അതിരുകള്‍ പൊതുവേ മനുഷ്യര്‍ക്ക്‌ ഇഷ്ടമല്ല, എന്നാല്‍ എല്ലായിടത്തും ഏതിലും അതിരുകള്‍ സൂക്ഷിക്കുകയും ചെയ്യും.
എന്നാല്‍ അതിരുകള്‍ ഒരു യാഥാര്‍ത്ഥ്യം ആണ്.
ഒരേസമയം അതിരുകളെ തകര്‍ക്കുവാനും, നിര്‍മ്മിക്കുവാനും പരിപാലിക്കുവാനും നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിരുകള്‍ ഇല്ലാതെ ജീവിക്കുവാന്‍ നമ്മള്‍ ഭയപ്പെടുന്നു.
അതിരുകള്‍ നമ്മളുടെ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നു, അതിരുകള്‍ ഇല്ലാതെ നമ്മളുടെ സ്വാതന്ത്ര്യത്തിന് അര്‍ത്ഥവും മൂല്യവും ഇല്ല.

പാരമ്പര്യത്തിന്റെയും, വിശ്വാസങ്ങളുടെയും, മൂല്യങ്ങളുടെയും അതിരുകള്‍ നമ്മള്‍ എപ്പോഴും അനുഭവിക്കുന്നു.
അതില്‍ ചിലത് മനുഷ്യര്‍ സൃഷ്ടിച്ചതും, മറ്റു ചിലത് പുരാതനകാലം മുതല്‍ നിലനിലവിലുള്ളതുമാണ്.
ചിലതിനെ നമുക്ക് തകര്‍ക്കുവാന്‍ കഴിയും, ചിലതിനെ തകര്‍ക്കുവാന്‍ നമുക്ക് ആഗ്രഹമില്ല, ചിലതിനെ നമുക്ക് തകര്‍ക്കുവാന്‍ കഴിയുക ഇല്ല.
ചില അതിരുകള്‍ കാണുവാന്‍ കഴിയുന്നവയാണ്, ചിലത് കാണുവാന്‍ കഴിയാത്തവയും.
അതിരുകള്‍ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്നു, നിയന്ത്രിക്കുന്നു, അര്‍ത്ഥം നല്‍കുന്നു.

രാജ്യങ്ങള്‍ക്കിടയിലും അതിനുള്ളില്‍ തന്നെയും അതിരുകള്‍ ഉണ്ട്.
സമൂഹത്തിലും മതങ്ങളിലും കുടുംബങ്ങളിലും വ്യക്തികളിലും അതിരുകള്‍ ഉണ്ട്.
നമ്മളുടെ തോട്ടാങ്ങളുടെ ചുറ്റിനും, വീടിന് ചുറ്റിനും അതിരുകള്‍ ഉറപ്പിച്ച് അവയെ നമ്മള്‍ സുരക്ഷിതമാക്കിയിരിക്കുന്നു.

നമ്മളുടെ ഈ സന്ദേശത്തില്‍, എന്താണ് അതിരുകള്‍, ആരാണ് അവയെ സൃഷ്ടിച്ചത്, എന്താണ് അവയുടെ അര്‍ത്ഥം, നമുക്ക് അതിരുകള്‍ ആവശ്യം ഉണ്ടോ, എന്നീ വിഷയങ്ങള്‍ ആണ് ചര്‍ച്ച ചെയ്യുന്നത്.

എന്താണ് അതിരുകള്‍?

എന്താണ് അതിരുകള്‍ എന്ന ചോദ്യത്തോടെ നമുക്ക് ഈ സന്ദേശം ആരംഭിക്കാം.
നമ്മളുടെ സ്വന്തമായതിനെയും ഉത്തരവാദിത്തങ്ങളേയും മറ്റുള്ളവരുമായി വേര്‍തിരിച്ച് നിര്‍ത്തുന്ന ഒരു അടയാളം ആണ് അതിരുകള്‍.
അതിരുകള്‍ ‘ഞാന്‍’ ‘നീ’ എന്നും, ‘എന്‍റെത്’ ‘നിന്‍റെത്’ എന്നും പറയുന്നു.
അതായത് ഞാന്‍ ആരാണ് എന്നും ഞാന്‍ ആരല്ല എന്നും അതിരുകള്‍ പറയുന്നു.
അതുകൊണ്ട് അതിരുകള്‍ നമ്മളുടെ ജീവിതത്തെ സമൂലം ബാധിക്കുന്നു.
അത് നമ്മളുടെ വ്യക്തിത്വം ആണ്, നമ്മളുടെ തത്വശാസ്ത്രവും ജീവിതവും ആണ്.

നമ്മളുടെ വസ്തുവകകളെയും നമ്മളുടെതല്ലാത്തവയെയും അതിരുകള്‍ അടയാളപ്പെടുത്തുന്നു.
അതിരുകള്‍ നമ്മളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു. നമുക്ക് പോകുവാന്‍ കഴിയുന്ന ദൂരത്തെയും നമ്മള്‍ മറികടക്കുവാന്‍ പാടില്ലാത്ത ഇടത്തെയും അത് നിര്‍വചിക്കുന്നു.
അതുകൊണ്ടാണ് മനുഷ്യര്‍ക്ക്‌ അതിരുകളോട് പലപ്പോഴും താല്പര്യം ഇല്ലാത്തത്.
നമ്മളുടെതല്ലാത്തവയെ കുറിച്ച് അത് എപ്പോഴും നമ്മളെ ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കും.

അതിരുകളെ മറികടക്കുക എന്നത് മനുഷ്യന്‍റെ ആഗ്രഹവും വെല്ലുവിളിയും ആണ്.
മനുഷ്യരുടെ ന്യായമായ അവകാശങ്ങളില്‍ അവന്‍ ഒരിക്കലും സംതൃപ്തന്‍ അല്ല.
അതിരുകള്‍ക്ക് അപ്പുറത്തുള്ള ആകര്‍ഷണങ്ങള്‍ ആണ് മനുഷ്യന്‍റെ ലക്ഷ്യം.
അതുകൊണ്ട് രാജാക്കന്മാര്‍ അയല്‍ക്കാരെ ആക്രമിച്ചു കീഴടക്കി, നാവികര്‍ തങ്ങളുടെ കുടുംബങ്ങളെ കരയില്‍ വിട്ടേച്ച്‌ കാണാമറയത്തുള്ള ദേശങ്ങളെ അന്വേഷിച്ച് യാത്ര ചെയ്തു.

അതിരുകള്‍ മറുവശത്തെ ഇരുട്ടില്‍ നിറുത്തുന്നു.
സമൂഹവും, സംസ്കാരവും, മതങ്ങളും, കുടുംബങ്ങളും അടയാളപ്പെടുത്തുന്ന അതിരുകള്‍ അര്‍ത്ഥശൂന്യം ആണ് എന്ന് നമുക്ക് പലപ്പോഴും തോന്നാറുണ്ട്.
അതുകൊണ്ട് അതിരുകള്‍കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്ന് നമുക്ക് നോക്കാം.

അതിരുകള്‍ നമ്മളുടെ വ്യക്തിത്വം ആണ്

അതിരുകള്‍ നമ്മളുടെ വ്യക്തിത്വത്തിന്റെ നിര്‍വചനം ആണ്. അവ നമ്മളുടെ വീടിനും തോട്ടങ്ങള്‍ക്കും ചുറ്റുമുള്ള അടയാളങ്ങള്‍ പോലെ ആണ്.
നമ്മളുടെ വസ്തുവും അതിനുള്ളില്‍ ഉള്ളതെല്ലാം നമ്മളുടെതാണ് എന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും വീടിന്‍റെമതിലില്‍ നമ്മള്‍ വീട്ടുപേരും നമ്മളുടെ പേരും എഴുതിവക്കുന്നു.
അത് വസ്തുവിനും വീടിനും അതിനുള്ളില്‍ ഉള്ള എല്ലാറ്റിനും ഒരു വ്യക്തിത്വം നല്‍കുന്നു.
വലിയ തോട്ടങ്ങളുടെ ഗേറ്റിലും നമ്മള്‍ ഇതുപോലെ പേര് എഴുതിവയ്ക്കാറുണ്ട്.
അത് പറയുന്നതിതാണ്: ഈ അതിരുകള്‍ക്കുള്ളില്‍ ഉള്ള സകലതും ഇതില്‍ പേര് എഴുതി വച്ചിരിക്കുന്ന വ്യക്തിയുടെതാണ്.
അതിരുകള്‍ നമുക്കുള്ളതിനും നമ്മള്‍ ആരാണ് എന്നതിനും വ്യക്തിത്വം നല്‍കുന്നു.

ഒപ്പം അതിരുകള്‍ പറയുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്: ഇത് എന്‍റെ സ്വന്തം ആണ്, അത് എന്‍റെതല്ല.
ഇതു ഞാന്‍ ആണ്, ഇതെല്ലാം എനിക്ക് മൂല്യമുള്ളതാണ്, ഇതെല്ലാം ആണ് എനിക്ക് സംതൃപ്തി നല്‍കുന്നത്.
ഇത് എന്‍റെ വിശ്വാസം, ആവശ്യങ്ങള്‍, വികാരങ്ങള്‍, സന്തോഷം, നിരാശ എന്നിവ ആണ്.
ഈ അതിരുകള്‍ക്ക് വെളിയില്‍ ഉള്ളതൊന്നും എന്റേതല്ല, ഞാന്‍ അല്ല.
നല്ല അതിരുകള്‍ മറ്റുള്ളവര്‍ക്കായി കരുതുവാനും കരുതല്‍ അനുഭവിക്കുവാനും നമ്മളെ സഹായിക്കും.

ദൈവവും അതിരുകളും

അതിരുകള്‍ ദൈവത്തിന്‍റെ സത്വത്തില്‍ തന്നെ ഉണ്ട് എന്നതാണ് സത്യം.
അതുകൊണ്ട് ദൈവത്തില്‍ നിന്നും വന്നതിനെല്ലാം അതിരുകള്‍ ഉണ്ട്.
ദൈവത്തിന് അവന്റെതായ അതിരുകള്‍ ഉണ്ട്.
മറ്റ് യാതൊരു തത്വശാസ്ത്രങ്ങളും ശക്തിയും ദൈവത്തെ നിയന്ത്രിക്കുന്നില്ല; അവയ്ക്കെല്ലാം മുമ്പേ ദൈവം ഉണ്ടായിരുന്നു.
അതുകൊണ്ടാണ് അവനെ, ‘അതിപുരാതനനായ ദൈവം’ എന്ന് വിളിക്കുന്നത്‌
(ദാനിയേലിന്റെ 7: 9 ലെ “വയോധികനായ ഒരുത്തന്‍” എന്നത് ഇംഗ്ലീഷില്‍ ‘ancient of days” എന്നാണ്.)

സ്വയം സൃഷ്ടിച്ച ഒരു അതിരിനുള്ളില്‍ ആണ് ദൈവം സ്ഥിതിചെയ്യുന്നത്.
മറ്റാര്‍ക്കും അവനുവേണ്ടി യാതൊന്നും സൃഷ്ടിക്കുവാന്‍ കഴിയുക ഇല്ല എന്നതിനാല്‍ ദൈവം തന്റെ അതിരുകളെ സ്വയം സൃഷ്ടിച്ചിരിക്കുന്നു. അത് അവന്‍റെ സത്വത്തിന്റെ ഭാഗം ആയി.
സ്പഷ്ടവും, വേര്‍പെട്ടവനും ആയ ദൈവം സ്വയം ഉത്തരാവാദിയും ആണ്.
അവന് മീതെയും കീഴെയും വശങ്ങളിലും മറ്റാരുമില്ല; അവനോടൊപ്പം മറ്റാരും ഇല്ല.
അതുകൊണ്ട് അവന്‍ പറയുന്ന, പ്രവര്‍ത്തിക്കുന്ന, ചിന്തിക്കുന്ന യാതൊന്നിനും മറ്റാരെയും ഉത്തരവാദി ആക്കുവാന്‍ കഴിയുക ഇല്ല.

അവന്‍ വിശുദ്ധനായ ദൈവം ആണ്, വിശുദ്ധി അവന്‍റെ സത്വം ആണ്. വിശുദ്ധി ആരെങ്കിലും പ്രത്യേകം സൃഷ്ടിച്ചതോ പുറമേ നിന്ന് അവന് നല്‍കിയതോ അല്ല.
വിശുദ്ധി അവന്റെ സത്വം ആയതിനാല്‍, അവന്‍ ചിന്തിക്കുന്നതും, പ്രവര്‍ത്തിക്കുന്നതും, പോകുന്ന ഇടങ്ങളും എല്ലാം വിശുദ്ധം ആയിരിക്കും.
വിശുദ്ധി കൂടാതെ ദൈവം ഇല്ല.

അവന്‍ ഏക ദൈവം ആണ്.
അവന്‍റെ വ്യക്തിത്വത്തിന്‍റെ ഉത്തരവാദി അവന്‍ തന്നെ ആയതിനാല്‍, അവന്‍ എന്ത് ചിന്തിക്കുന്നു, അനുഭവിക്കുന്നു, പദ്ധതി തയ്യാറാക്കുന്നു, അനുവദിക്കുന്നു, എതിര്‍ക്കുന്നു, ഇഷ്ടപ്പെടുന്നു, വെറുക്കുന്നു എന്നിവയെല്ലാം സ്വയം വെളിപ്പെടുത്തുന്നു.
ദൈവം തന്റെ സൃഷ്ടികളില്‍ നിന്നും വേറിട്ട്‌ സ്ഥിതിചെയ്യുന്നവന്‍ ആണ്; ദൈവം തന്‍റെ സൃഷ്ടികളെപ്പോലെയോ അതില്‍ ഒരുവനോ അല്ല.

‘ഞാന്‍, ഞാന്‍ ആകന്നു, എന്നെ പ്പോലെ മറ്റൊരു ദൈവം ഇല്ല’ എന്ന് അവന്‍ പറയുന്നു.
അവന്‍ സ്നേഹമാണ് എന്നും അവനില്‍ അന്ധകാരം ഇല്ല എന്നും അവന്‍ പറയുന്നു.
അവന്‍റെ തോട്ടമാകുന്ന പ്രപഞ്ചത്തില്‍ എന്തെല്ലാം അനുവദിക്കേണം എന്നതിന് അവന്‍ അതിരുകള്‍ വച്ചിരിക്കുന്നു.
അതിനാല്‍, അവന്‍ പാപത്തെ എതിരിടുകയും അതിന്റെ ഫലം അത് പ്രവര്‍ത്തിക്കുന്നവരുടെമേല്‍ വരുത്തുകയും ചെയ്യുന്നു.
അവന്‍ അവന്‍റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തെ കാക്കുന്നു; ദുഷ്ടതയേ ഉള്ളിലേക്ക് കടത്തി വിടുകയും ഇല്ല.
അവനെ സ്നേഹിക്കുന്നവരിലേക്ക് അവന്റെ സ്നേഹം ഒഴുകി എത്തുന്നു.
ശരിയാത്ത സമയങ്ങളില്‍, ശരിയായ ആവശ്യങ്ങള്‍ക്കായി സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കുകയും അടയുകയും ചെയ്യുന്നു.
ദൈവത്തിന് അതിരുകള്‍ ഉണ്ട് എന്ന് മാത്രമല്ല, അവന്‍ മറ്റുള്ളവരുടെ അതിരുകളെ മാനിക്കുകയും ചെയ്യുന്നു.

നമുക്ക് ചില വാക്യങ്ങള്‍ വായിക്കാം:

സംഖ്യാപുസ്തകം 23: 19 വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?

യെശയ്യാവ് 45: 5 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു.

യെശയ്യാവ് 42: 8 ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.

ദൈവം നമ്മളെ അവന്റെ സാദൃശ്യത്തിലും രൂപത്തിലും ആണ് സൃഷ്ടിച്ചത്.
അതുകൊണ്ട് നമുക്കും അതിരുകള്‍ ഉണ്ട്; അവയെ കാക്കുക, സൂക്ഷിക്കുക എന്നത് നമ്മളുടെ ഉത്തരവാദിത്തം ആണ്.

ആരാണ് അതിരുകള്‍ സൃഷ്ടിച്ചത്?

ആരാണ് അതിരുകള്‍ സൃഷ്ടിച്ചത് എന്ന ചോദ്യത്തിനുത്തരം ഇപ്പോള്‍ തന്നെ നമുക്ക് മനസ്സിലായിട്ടുണ്ട്.
അപ്പോള്‍ത്തന്നെ മറ്റൊരു ചോദ്യം കൂടി ഉയരുന്നുണ്ട്: അതിരുകള്‍ സൃഷ്ടിക്കപ്പെട്ടതാണോ?
ഉത്തരം ഇതാണ്: അതിരുകളും, അതിരുകള്‍ എന്ന ആശയവും സൃഷ്ടിക്കപ്പെട്ടതാണ്.
ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചപ്പോള്‍ തന്നെ അതിരുകളും സൃഷ്ടിക്കപ്പെട്ടു എന്ന് വേദപുസ്തകം പറയുന്നു.
ദൈവത്തിന്റെ എല്ലാ സൃഷ്ടികളോടോപ്പവും അതിരുകള്‍ ഉണ്ട്.

ഉലപ്പത്തി 2: 8 അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.

ഉലപ്പത്തി 2: 7 ല്‍ നമ്മള്‍ വായിക്കുന്നതിങ്ങനെ ആണ്: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.”
മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ ഭൂമിക്ക് അതിരുകള്‍ ഉണ്ടായിരുന്നു എങ്കിലും ഭൂമിയില്‍ അതിരുകള്‍ ഇല്ലായിരുന്നു എന്ന് വേണം അനുമാനിക്കുവാന്‍.
മനുഷ്യനെ സൃഷ്ടിച്ചതിനു ശേഷം ദൈവം ഭൂമിയുടെ കിഴക്ക് എദെന്‍ എന്ന ഭൂപ്രദേശം വേര്‍തിരിച്ചു, അവിടെ മനോഹരമായ ഒരു തോട്ടം ഉണ്ടാക്കി.
ഈ തോട്ടം, ഭൂമിയിലെ മറ്റെല്ലാ പ്രദേശങ്ങളെക്കാളും കൂടുതല്‍ അനുഗ്രഹിക്കപ്പെട്ടതും മനോഹരവും ആയിരുന്നു.
അതായത്, നല്ലത് എന്ന് ദൈവം തന്നെ വിളിച്ച ഭൂമിയില്‍ കൂടുതല്‍ നല്ലതായ ഒരു ദേശത്തെ ദൈവം അതിരുകള്‍ ഇട്ട് വേര്‍തിരിച്ചു.
ഇവിടെ, അനുഗ്രഹങ്ങളെയും കൂടുതല്‍ മെച്ചമായ അനുഗ്രഹങ്ങളെയും തമ്മില്‍ വേര്‍തിരിക്കുകയാണ്.
അങ്ങനെ, ദൈവം ആദ്യമായി ഈ ഭൂമിയില്‍ അതിരുകള്‍ സൃഷ്ടിച്ചു.
ദൈവം, മനുഷ്യരെ തോട്ടത്തെ പരിപാലിക്കുവാനും അതിനെ കാക്കുവാനും ഉള്ള ഉത്തരവാദിത്തത്തോടെ അവിടെ ആക്കി.
എദെന്‍ തോട്ടത്തെക്കുറിച്ചുള്ള ഉത്തരവാദിത്തം മാത്രമേ ദൈവം അവര്‍ക്ക് നല്‍കിയുള്ളൂ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

അങ്ങനെ, ഒരു അതിരിനുള്ളില്‍ ജീവിക്കുന്നതിനാലുള്ള അനുഗ്രഹങ്ങള്‍ അനുഭവിച്ചറിയുവാന്‍ മനുഷ്യര്‍ക്ക്‌ അവസരം ലഭിച്ചു.
എന്നാല്‍ പാപം ചെയ്തതിനു ശേഷം ദൈവം അവരെ ശിക്ഷിച്ചു.
ആദം നിമിത്തം ദൈവം ഭൂമിയെ ശപിച്ചു; എദെന്‍ തോട്ടത്തെ ശപിച്ചതായി സൂചന ഇല്ല.
അതായത്, ശാപത്തിനും ദൈവം അതിരുകള്‍ സൃഷ്ടിച്ചു.
ദൈവം മനുഷ്യരെ എദെന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കി.
അങ്ങനെ അതിരുകളുടെ അപ്പുറത്തുള്ള ലോകം അവര്‍ക്ക് അനുഭവം ആയി.

മനുഷ്യര്‍ എദെന്‍ തോട്ടത്തില്‍ ആയിരുന്നപ്പോള്‍, ദൈവം നിശ്ചയിച്ച അതിരുകളെ ഭേദിച്ചതിനാല്‍ ആണ് ദൈവം അവരെ ശിക്ഷിച്ചത്.
തോട്ടത്തില്‍ ഉണ്ടായിരുന്ന എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിക്കുവാന്‍ ദൈവം അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കി.
എന്നാല്‍ ദൈവം അതിന് ഒരു അതിര്‍ വച്ചിരുന്നു; നന്മ തിന്മകളെക്കുരിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍റെ ഫലം മാത്രം ഭക്ഷിക്കരുത്.
നിര്‍ഭാഗ്യവശാല്‍ സാത്താന്‍ മനുഷ്യരെ വഞ്ചിച്ചു, അവര്‍ ദൈവത്തിന്‍റെ കല്‍പ്പനയെ ലംഘിച്ചു, ദൈവം വച്ചിരുന്ന അതിര്‍ ലംഘിച്ചു, വിലക്കപ്പെട്ട ഫലം ഭക്ഷിച്ചു.
അതുകൊണ്ട് ദൈവം അവരെ തോട്ടത്തിന്‍റെ അതിരിന് വെളിയില്‍ ആക്കി.

അതിരുകള്‍ ദൈവത്തിന്‍റെ സത്വത്തിന്റെ ഭാഗം ആണ്, ഭൂമില്‍ അതിരുകള്‍ ദൈവം സൃഷ്ടിച്ചു.
ദൈവത്തില്‍നിന്നും മനുഷ്യരിലേക്ക് അതിരുകള്‍ വന്നും.
ദൈവം സൃഷ്ടിച്ച സകലതും ദൈവം അത് നശിപ്പിക്കുന്നത് വരെ നിലനില്‍ക്കും.
അതുകൊണ്ട് ഈ ഭൂയുടെ സൃഷ്ടിമുതല്‍ ഉള്ള അതിരുകള്‍ ഭൂമി ഉള്ളിടത്തോളം നിലനില്‍ക്കും.
മനുഷ്യ പ്രകൃതിയുടെ പരിമിതികള്‍ നമ്മള്‍ അംഗീകരിക്കുന്നത് പോലെ, അതിരുകളെയും നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു.

അതിരുകള്‍ ഉടമസ്ഥാവകാശവും ഉത്തരവാദിത്തവും ആണ്

ദൈവരാജ്യത്തിന്‍റെ പ്രമാണങ്ങള്‍ക്ക് ഒത്തവണ്ണം ക്രമീകരിക്കപ്പെട്ട അതിരുകള്‍ അനുഗ്രഹം ആണ്.
അതിരുകളുടെ ഒരു നല്ല വശം അത് ഉടമസ്ഥാവകാശം പ്രസ്താവിക്കുന്നു എന്നതാണ്.
അത് എന്തെല്ലാം നമ്മളുടെത് ആണ്, എന്തെല്ലാം നമ്മളുടെത് അല്ല, എന്ന് പറയുന്നു.
എന്നാല്‍ ഉടമസ്ഥാവകാശം എന്നത് എന്തെങ്കിലും സ്വന്തമായിട്ടുണ്ട് എന്ന് മാത്രമല്ല, അതിന്റെ ഉത്തരവാദിത്തം കൂടി ആണ്.
ഇതാണ് ഏദന്‍ തോട്ടത്തില്‍ ആദമിനും ഹവ്വയ്ക്കും ലഭിച്ചത്.
അതിരുകള്‍ക്കുള്ളില്‍ ഉള്ളതെല്ലാം, അത് നല്ലതാണെങ്കിലും മോശമായത് ആണെങ്കിലും, അവയ്ക്ക് ഉപയോഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും, സമ്പന്നം ആണെങ്കിലും അല്ലെങ്കിലും, അവയെല്ലാം ഉടമസ്ഥന്റെതാണ്.
ഉടമസ്ഥന് മാത്രമേ, അവയെ, സൂക്ഷിക്കുവാനും, പരിപാലിക്കുവാനും, നശിപ്പിക്കുവാനും അവകാശം ഉള്ളൂ.
ഒപ്പം തന്നെ, ഉടമസ്ഥന് ഈ അവകാശങ്ങള്‍ ഉണ്ട് താനും.

ഉടമസ്ഥാവകാശം ഉത്തരവാദിത്തം ആണ്. നമ്മളുടെ സ്വന്തമായ സകലത്തിനും നമ്മള്‍ ഉത്തരവാദികള്‍ ആണ്.

അതുകൊണ്ടാണ് ദൈവം കയീനോട് പാപത്തെ കീഴ്പ്പെടുത്തുവാന്‍ കല്‍പ്പിച്ചത്.
ഈ സംഭവം ഉല്‍പ്പത്തി 4 -0 അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു ദിവസം ആദമിന്‍റെ രണ്ട് മക്കള്‍, കയീനും ഹാബെലും ദൈവത്തിന് യാഗം കഴിക്കുവാന്‍ തീരുമാനിച്ചു.
കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു.
ഹാബെല്‍ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു ഒരു വഴിപാടു കൊണ്ടുവന്നു.
ദൈവം ഹാബെലിന്‍റെ വഴിപാടില്‍ പ്രസാദിച്ചു, കയീന്‍റെ വഴിപാടില്‍ പ്രസാദിച്ചില്ല.
അതിനാല്‍ കയീന് കോപം ഉണ്ടായി.
അപ്പോള്‍ ദൈവം കയീനോട് പറഞ്ഞു:

ഉല്‍പ്പത്തി 4: 7 നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.

കയീന്റെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം അവനാണ്; അതുകൊണ്ട് അതിന്‍റെ പരിണിതഫലത്തിന്‍റെ ഉത്തരവാദിത്തവും അവനാണ്.
പാപം വാതില്‍ക്കല്‍ കിടക്കുന്നു, അത് അവനെ കീഴടക്കുവാന്‍ ശ്രമിക്കുന്നു, എന്ന് ദൈവം അവന് മുന്നറിയിപ്പ് നല്‍കി.
അതുകൊണ്ട് ദൈവം പറഞ്ഞു: “നീയോ അതിനെ കീഴടക്കേണം”.
ദൈവത്തോടും സഹോദരനോടും കൊപിച്ചതിലൂടെ പാപം അവന്‍റെ അതിരിനുള്ളില്‍ പ്രവേശിക്കുവാന്‍ അവന്‍ അനുവാദം കൊടുത്തിരിക്കുക ആണ്.
പാപം ഇപ്പോള്‍ അവന്‍റെ അതിരിനുള്ളില്‍ ആയതിനാല്‍, അതിനെ കീഴടക്കുവാനുള്ള ഉത്തരാവാദിത്തം അവനുള്ളതാണ്.
ദൈവം നമ്മളുടെ അതിരുകള്‍ക്കുള്ളിലേക്ക് അനുവാദം കൂടാതെ പ്രവേശിക്കാറില്ല.

ഇതു എന്റെ ജീവിതം ആണ്, അതുകൊണ്ട് ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും എന്നൊക്കെ അനേകര്‍ പറയുന്നത് കേള്‍ക്കാറുണ്ട്.
അത് ശരിയാണ്, ഇതു നിങ്ങളുടെ ജീവിതം തന്നെ ആണ്, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കുവാനും സ്വാതന്ത്ര്യം ഉണ്ട്.
എന്നാല്‍ ഉടമസ്ഥാവകാശം ഉത്തരവാദിത്തം കൂടെയാണ് എന്ന് മറക്കരുത്.
നിങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ ഉള്ളതെല്ലാം നിങ്ങളുടെതാണ്; അവ നല്ലതായാലും മോശമായാലും അതിന്‍റെ ഉത്തരവാദിത്തം നിങ്ങള്‍ക്ക് ഉള്ളതാണ്.

നമ്മളുടെ അതിരുകള്‍ അതിനുള്ളിലുള്ളതിനെ എല്ലാം ശരിയായി സൂക്ഷിച്ച് പരിപാലിക്കുവാനും അങ്ങനെ ദൈവസന്നിധിയില്‍ നല്ല കാര്യസ്ഥന്‍ ആയി നില്‍ക്കുവാനും നമ്മളെ സഹായിക്കുന്നു.
നമ്മളുടെ നന്മകളെ കാത്ത് സൂക്ഷിക്കുവാനും മോശമായവയെ പുറത്താക്കുവാനും അതിരുകള്‍ നമ്മളെ സഹായിക്കുന്നു.
നമ്മളുടെ വിലയേറിയ അനുഗ്രഹങ്ങളെ കള്ളന്മാര്‍ മോഷ്ടിക്കാതെ സൂക്ഷിക്കുവാനും അതിരുകള്‍ സഹായിക്കും.

അതിരുകള്‍ സംരക്ഷണം ആണ്

അതിരുകളുടെ ഒരു ഗുണം അത് നമുക്ക് ശത്രുക്കളില്‍ നിന്നും സംരക്ഷണം നല്‍കുന്നു എന്നതാണ്.
നമുക്ക് ശത്രുക്കള്‍ ഉണ്ട് എന്നും അവരില്‍ നിന്നും നമ്മളുടെ ജീവിതത്തെയും വസ്തുവകകളെയും സംരക്ഷിക്കേണ്ടത് ആവശ്യമാണ് എന്നും അതിരുകള്‍ പറയുന്നു.
അതിരുകള്‍ നമ്മളുടെ കഠിന പ്രയത്നങ്ങളുടെ പ്രതിഫലത്തെ സംരക്ഷിക്കുന്നു.
ഇതു മനസ്സിലാക്കുവാന്‍ നമുക്ക് ഒരു വാക്യം വായിക്കാം:

ഉത്തമഗീതം 2: 15 ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ.

ശലോമോന്‍റെ കാലത്ത് മുന്തിരിതോട്ടത്തിന്‍റെ മുഖ്യ ശത്രു അതിനെ നശിപ്പിക്കുന്ന കുറുക്കന്മാര്‍ ആയിരുന്നു.
വിളവെടുപ്പിന് തൊട്ടുമുമ്പുള്ള കാലമാണ് സമയം.
വള്ളിത്തല മുറിച്ചതിനു ശേഷം പുതിയ മുന്തിരി വള്ളികള്‍ കിളിര്‍ക്കുന്ന സമയം. മുന്തിരി പഴം ചെറുതായി പ്രത്യക്ഷമാകുവാന്‍ തുടങ്ങുന്നു..
തോട്ടക്കാരന്‍ഒരു നല്ല വിളവെടുപ്പ് പ്രതീക്ഷിക്കുന്നു.

തോട്ടക്കാരന്‍ ഫലസമ്പുഷ്ടമായ ഒരു കുന്നിന്മേല്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. (reference to Isaiah 5: 2, 5)
അതിലെ കല്ല്‌ പെറുക്കി കളഞ്ഞു, നടുവില്‍ ഗോപുരം പണിതു, അതില്‍ ഒരു മുന്തിരി ചക്ക് സ്ഥാപിച്ചു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, കുറുക്കന്മാരെ പോലെയുള്ള ശത്രുക്കള്‍ നശിപ്പിക്കാതെയും തിന്നുകളയാതെയും ഇരിക്കുവാന്‍ അവന്‍ അതിനു ചുറ്റും ഉറപ്പുള്ള വേലികെട്ടി.

നമ്മള്‍ ഉത്തമഗീതത്തില്‍ നിന്നും വായിച്ച വാക്യത്തില്‍ ചെറുകുറുക്കന്മാരെക്കുറിച്ചാണ് പറയുന്നത്. അവയ്ക്ക് ഏകദേശം 15 ഇഞ്ചുകള്‍ മാത്രമേ ഉയരം കാണുക ഉള്ളൂ.
തോട്ടത്തിനു ചുറ്റുമുള്ള വേലിയ്ക്ക് നല്ല ഉയരം ഉള്ളപ്പോള്‍ ചെറിയതോ വലിയതോ ആയ കുറുക്കന്മാര്‍ അതിനുള്ളില്‍ കടക്കുക ഇല്ല.
മുന്തിരി ചെടികള്‍ നടുന്നതിന് മുമ്പുതന്നെ തോട്ടക്കാരന്‍ അതിനു ചുറ്റിനും വേലി കെട്ടിയിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ ചില മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു, മുന്തിരി ചെടികള്‍ വളര്‍ന്നു, വള്ളിത്തല മുറിച്ചു, ചെറിയ നാമ്പുകള്‍ കിളിര്‍ത്ത് തുടങ്ങി, മുന്തിരിവള്ളി പൂക്കുന്ന സമയം ആയി.

തോട്ടക്കാരന്‍, ഒരിക്കല്‍ വേലി നിര്‍മ്മിച്ചാല്‍ പോര, അതിനെ എപ്പോഴും പരിപാലിക്കുകയും തകരുന്ന ഇടങ്ങള്‍ ക്രമീകരിക്കുകയും വേണം.
എങ്കില്‍ മാത്രമേ കുറുക്കന്മാരെ പുറത്തു നിറുത്തുവാന്‍ കഴിയൂ.
ശക്തമായ ഒരു വേലി കാണുമ്പോള്‍ ആ തോട്ടത്തെ ഉപേക്ഷിച്ച് മറ്റൊന്ന് അന്വേഷിക്കുന്ന രീതി കുറുക്കന്മാര്‍ക്ക് ഇല്ല.
അവര്‍ തൊട്ടടുത്തുള്ള ഏതെങ്കിലും ഗുഹകളില്‍ താമസിച്ചുകൊണ്ട്, മുന്തിരി തോട്ടത്തെ വീക്ഷിച്ചുകൊണ്ടിരിക്കും. ഒരു അവസരത്തിനായി അവര്‍ കാത്തിരിക്കുക ആണ്.
അവര്‍ വേലികളെ ആക്രമിച്ച് അതില്‍ വിടവുകള്‍ സൃഷ്ടിക്കുവാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.
ഒരു നല്ല തോട്ടക്കാരന് അത് അറിയാം, അതുകൊണ്ട് അയാള്‍ ക്രമമായി ചുറ്റിനുമുല്ല വേലി പരിശോധിക്കും, അതില്‍ ഉണ്ടായിരിക്കുന്ന ചെറിയ വിടവുകള്‍ അടയ്ക്കും.
എന്നാല്‍ അമിത വിശ്വാസിയോ അലസനോ ആയ തോട്ടക്കാരന്‍ ക്രമമായി വേലി പരിശോധിക്കുകയോ അവിടവിടെയായി കാണുന്ന ചെറിയ വിടവികള്‍ അടയ്ക്കുകയോ ചെയ്യുക ഇല്ല.
മാത്രവുമല്ല, അദ്ദേഹം ഇങ്ങനെയും ചിന്തിക്കും: കുറുക്കന്മാര്‍ സാധാരണയായി പഴുത്ത മുന്തിരി പഴങ്ങള്‍ ആണ് ഭക്ഷിക്കാറുള്ളത്, മുന്തിരി പൂക്കള്‍ ഭക്ഷിക്കാറില്ല.

ഇവിടെ അദ്ദേഹം പ്രധാനപ്പെട്ട ഒരു പാഠം മറക്കുന്നു: ചെറിയ വിടവുകളിലൂടെ 
ചെറുകുറുക്കന്മാര്‍ക്ക് തൊട്ടത്തില്‍ പ്രവേശിക്കുവാന്‍ കഴിയും, അവയുടെ ഉദ്ദേശ്യം മുന്തിരി പഴങ്ങള്‍ ഭക്ഷിക്കുക അല്ല.
അവര്‍ തോട്ടത്തിനുള്ളില്‍ കടന്ന്, മുന്തിരി വള്ളികളുടെ മുകളിലൂടെയും ഇടയിലൂടെയും ചാടി, ഓടി നടക്കും; മുന്തി വള്ളികളെയും അതിലെ പുതിയ നാമ്പുകളെയും കിളിര്‍ത്തുവരുന്ന ചെറിയ മുന്തിരിയെയും നശിപ്പിച്ചുകളയും.
മുന്തിരി ചെടികളുടെ ശാഖകളെ അവ കാര്‍ന്നു നശിപ്പിക്കും, മുന്തിരിചെടിയുടെ ചുവട്ടില്‍ കുഴിച്ച് കുഴികള്‍ ഉണ്ടാക്കി വേരുകള്‍ പോലും മാന്തികളയും.
പാകമായ മുന്തിരി പഴങ്ങള്‍ ചെറു കുറുക്കന്മാര്‍ക്ക് ലഭിക്കുക ഇല്ലായിരിക്കാം, എന്നാല്‍ അവര്‍ നല്ല ഒരു വിളവിന്റെ പ്രതീക്ഷയെതന്നെ നശിപ്പിക്കും.

‘ചെറുകുറുക്കന്മാര്‍” നമ്മളുടെ അതിരുകളെ ഭേദിച്ചുകൊണ്ട് നമ്മളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ ആണ്
പ്രതീക്ഷയുള്ള, ശുഭകരമായ ഒരു നല്ല ഭാവിയെ അവര്‍ നശിപ്പിക്കും.
ഇത്തരം ശത്രുക്കള്‍ പ്രവേശിക്കാതെ നമ്മളുടെ അതിരുകളെ സംരക്ഷിക്കെണ്ടുന്ന ഉത്തരവാദിത്തം നമുക്ക് ഉണ്ട്.
ശക്തമായതും കാലാകാലങ്ങളില്‍ പുതുക്കിപ്പണിയുന്നതും കാക്കപ്പെടുന്നതുമായ അതിരുകള്‍ക്ക് മാത്രമേ, നമ്മളുടെ ഭാവിയെക്കുറിച്ചുള്ള ദൈവീക പദ്ധതികളെ ശത്രുവിന്റെ കൈകളില്‍ നിന്നും സംരക്ഷിക്കുവാന്‍ കഴിയൂ.
നമ്മള്‍ ഗൌരവമായി എടുക്കാത്ത പാപങ്ങള്‍, ചെറുകുരുക്കന്മാരെ പോലെ നമ്മളുടെ ആരോഗ്യത്തെ, ഭൌതീക നന്മകളെ, ആത്മീയ ജീവിതത്തെ, നമ്മളുടെ ജീവിതത്തെ തന്നെ തര്‍ത്തുകളയും.
കള്ളന്‍ എപ്പോഴും മുടിക്കുവാനും, കൊല്ലുവാനുമാണ് വരുന്നത്.

നമുക്ക് എങ്ങനെ ചെറുകുറുക്കന്മാരെ പിടിക്കുവാനും കൊല്ലുവാനും കഴിയും?
ഇവയെ പഠിക്കുവാന്‍ ഉറച്ച തീരുമാനമുള്ള മനസ്സ് ആവശ്യം ആണ്.
നമ്മളുടെ ജീവിതത്തിന്‍റെ അതിരുകള്‍ക്കുള്ളില്‍ കടന്നുകയറിയിരിക്കുന്ന ചെറുകുറുക്കന്മാര്‍ ആരെല്ലാം ആണ് എന്ന് കണ്ടുപിടിക്കുക ആണ് ആദ്യത്തെ പടി.
ഇവര്‍ പലതരത്തിലും സ്വഭാവത്തിലും ഉള്ളവര്‍ ആണ്, പല ദിശകളിലൂടെ നമ്മളെ ആക്രമിക്കും.
അവര്‍ എങ്ങനെ ആണ് നമ്മളുടെ മുന്തിതോട്ടത്തെ നശിപ്പിക്കുന്നത് എന്ന് ശ്രദ്ധയോടെ മനസ്സിലക്കേണം.
അതിനുശേഷം അവയെ പിടിച്ചുകെട്ടി കൊന്നുകളയേണം, അവയെ തോട്ടത്തിന് പുറത്തേക്ക് എറിഞ്ഞുകളയണം.

അതുകൊണ്ട് നമ്മളുടെ കണ്ണുകള്‍ ഇപ്പോഴും തുറന്നുതന്നെ ഇരിക്കേണം; നമ്മളുടെ ചുറ്റിനുമുള്ള വേലിയെകുറിച്ച് അമിതവിശ്വാസം ഉണ്ടാകരുത്.
ശതുക്കള്‍ എപ്പോഴും ചെറിയ വിടവുകള്‍ സൃഷ്ടിക്കുവാന്‍ ശ്രമിച്ചുകൊണ്ടെയിരിക്കും.
അതുകൊണ്ട്, നമ്മളുടെ ജീവിതത്തെ, നമ്മളുടെ ബന്ധങ്ങളെ, ചിന്തകളെ, പ്രവര്‍ത്തികളെ, ഇവയെയെല്ലാം ഇടക്കിടെ പുനപരിശോധിക്കേണം.
ദൈവസന്നിധിയില്‍ ഇരുന്നുകൊണ്ട്, അതിരും വേലിയും സുരക്ഷിതം ആണോ, ചെറിയ വിടവുകള്‍ ശത്രുക്കള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ചു നോക്കുക.
ദൈവം കാണിച്ചുതരുന്ന, ഓര്‍മ്മിപ്പിക്കുന്ന വിടവുകള്‍ ഉടന്‍ തന്നെ അവിടെ വച്ചുതന്നെ ഭദ്രമായി അടയ്ക്കുക. ഒരു ചെറുകുറുക്കനും പ്രവേശിക്കുവാന്‍ അവസരം കൊടുക്കരുത്.
ഓര്‍ക്കുക: ആക്രമണം ആണ് പ്രതിരോധത്തെക്കാള്‍ നല്ലത്.
വന്യജീവികള്‍ നമ്മളുടെ ദേശത്തേക്ക് വന്ന് നമ്മളെ ആക്രമിക്കുമ്പോള്‍ അതിനെ ചെറുക്കുന്നതും ഓടിച്ചുകളയുന്നതും നല്ലതാണ്.
എന്നാല്‍, നമ്മളെ ആക്രമിക്കുവാന്‍ സാധ്യതയുള്ള വന്യജീവികളെ കാട്ടിലേക്ക് കയറിച്ചെന്ന് കൊന്നുകളയുന്നത് ഏറെ നല്ലതാണ്.
പ്രതിരോധം വിജയിച്ചാലും നഷ്ടങ്ങള്‍ ബാക്കി വക്കും.
സംരക്ഷിക്കപ്പെടാത്ത അതിരുകള്‍ ഇല്ല എങ്കില്‍ ജീവിതവും ഇല്ല.

അതിരുകള്‍ എങ്ങനെ സൃഷ്ടിക്കാം?

നമുക്ക് എങ്ങനെ ഉറപ്പുള്ള അതിരുകള്‍ സൃഷ്ടിക്കുവാന്‍ കഴിയും?
അതിരുകള്‍, നമ്മളെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ചു നിറുത്തുന്നു എന്നും അത് നമ്മള്‍ ജീവിക്കുന്ന മണ്ഡലത്തിന്‍റെ തുടക്കത്തെയും അവസാനത്തെയും കാണിക്കുന്നു എന്നും നമ്മള്‍ പറഞ്ഞുകഴിഞ്ഞു.
നമ്മളുടെ ജീവിത ലക്ഷ്യം സാക്ഷാത്കാരത്തിനായി നമ്മള്‍ എവിടെവരെ പോകും എന്നും എന്തെല്ലാം സ്വീകരിക്കും എന്നും, എവിടെ പോകില്ല, എന്തെല്ലാം സ്വീകരിക്കില്ല എന്നും അതിരുകള്‍ പറയുന്നു.
അതിരുകള്‍ പണിയുന്നത്, ‘അതെ’, ‘അല്ല’ എന്ന രണ്ട് വാക്കുകള്‍ കൊണ്ടാണ്.
ഈ രണ്ടുവാക്കുകള്‍ നമ്മളുടെ അതിരുകളെ നിര്‍വചിക്കുന്നു.
ഒരു ആശയത്തോടോ, ജീവിത ശൈലിയോടോ നമ്മള്‍ ‘അതെ’ എന്ന് പറയുമ്പോള്‍ നമ്മളുടെ അതിരുകള്‍ വിശാലമാകുക ആണ്; നമ്മള്‍ ‘അല്ല’ എന്ന് പറയുമ്പോള്‍, അതിരുകള്‍ ചെറുതാകുക ആണ്.

ഇവയ്ക്കു മദ്ധ്യേയുള്ള ഒത്തുതീര്‍പ്പുകളെ ദൈവവചനം പ്രോത്സാഹിപ്പിക്കുന്നില്ല.
മത്തായി 5: 37 ല്‍ യേശു ഇപ്രകാരം പറയുന്നുണ്ട്: “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.”

നമ്മളുടെ വാക്കുകള്‍ നമ്മള്‍ എവിടെ നില്‍ക്കുന്നു എന്നും നമ്മളുടെ അതിരുകള്‍ എവിടെ അവസാനിക്കുന്നു എന്നും മറ്റുള്ളവരോട് പറയും.
‘അത് എനിക്ക് ഇഷ്ടമല്ല’, എന്നും ‘അത് ഞാന്‍ അംഗീകരിക്കുന്നു’ എന്നുമുള്ള വാക്കുകള്‍ നമ്മളുടെ തോട്ടത്തിലെ നിയമം ആണ്.
ഒരു വ്യക്തിയുമായോ കൂട്ടവുമായോ, ആശയവുമായോ ദൂരം പാലിച്ചുകൊണ്ട്‌ നമുക്ക് നമ്മളുടെ അതിരുകളെ വേര്‍തിരിക്കാം.
ഒരു കാര്യപരിപാടിയിലുള്ള നമ്മളുടെ അസാന്നിധ്യവും ശക്തമായ സന്ദേശം ആണ്.
ഒരു ബന്ധം നല്ലതല്ലാ എങ്കില്‍, അവരില്‍ നിന്നും അകലം പാലിക്കുക്കേണം
അത്, നമ്മളുടെ അതിരുകള്‍ യഥാര്‍ത്ഥവും ഉറപ്പും ഉള്ളതാണ് എന്ന് മറ്റുള്ളവരെ അറിയുക്കുവാന്‍ സഹായിക്കും.
ഇവിടെ ആണ് പൌലോസിന്റെ ഉപദേശത്തിന്റെ പ്രസക്തി.

2 തിമൊഥെയൊസ് 2: 22 യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.

യേശുവിന്‍റെ രീതി, പ്രതിരോധം ആയിരുന്നില്ല.
പ്രതിരോധം നമ്മളെ കൂടുതല്‍ ക്ഷീണിപ്പിക്കും, അത് നാശനഷ്ടങ്ങള്‍ വരുത്തിവക്കും.
പ്രതിരോധം തുടര്‍ച്ചയായി ചെയ്തുകൊണ്ടേ ഇരിക്കേണം.
അതുകൊണ്ട്, യേശു പിശാചിനോടും അവന്‍റെ പ്രലോഭനങ്ങളോടും ആക്രമണ രീതി സ്വീകരിച്ചു.
അവന്‍റെ പിതാവായ ദൈവത്തോടുള്ള ബന്ധത്തില്‍ അത്യുല്‍സാഹം ഉള്ളവനുമായിരുന്നു. അത് അവന് ശക്തിയും ലക്ഷ്യവും നല്‍കി.
അങ്ങനെ യേശു എപ്പോഴും വിജയകരമായ ജീവിതം നയിച്ചു; ഒരിക്കലും അതീവ ക്ഷീണിതന്‍ ആയിട്ടില്ല.

അതിരുകള്‍ വേര്‍പാട് ആണ്

അതിരുകളെ കുറിച്ചുള്ള ഒരു നല്ലകാര്യം അത് വേര്‍പാട് സൃഷ്ടിക്കുന്നു എന്നതാണ്.
വേര്‍പാട് എന്നത് ഇന്ന് വളരെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു ആശയം ആണ്.
വേര്‍പാട്‌ എന്നത് ഒരു നിഷേധാത്മകമായ ആശയമായിട്ടാണ് പലരും അവതരിപ്പിക്കുന്നത്‌.
സത്യത്തില്‍ വേര്‍പാട്‌ ഒരു അനുഗ്രഹം ആണ്; അത് നന്മ ആണ്; വേര്‍പാട്‌ സംരക്ഷണം ആണ്.

നമ്മളെ ദൈവം മറ്റുള്ളവരില്‍ നിന്നും വേര്‍പെടുത്തി നിറുത്തിയിരിക്കുന്നത്‌ നമ്മളെ സവിശേഷമായി അനുഗ്രഹികുവാന്‍ ആണ്.
സവിശേഷമായ അനുഗ്രഹം നമ്മള്‍ ആഗ്രഹിക്കുന്നു എങ്കില്‍ നമ്മള്‍ മറ്റുള്ളവരില്‍ നിന്നും മാറി നിന്നേ പറ്റൂ.
ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്നവരെ സവിശേഷമായി അനുഗ്രഹിക്കുവാന്‍ സാധ്യമല്ല.

മിസ്രയീമിലെ ബാധകളുടെ കാലത്ത് ദൈവം യിസ്രായേല്‍ ജനത്തെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ചത് അവര്‍ക്ക് ബാധകള്‍ വരാതെയിരിക്കുവാന്‍ ആണ്.
നമ്മള്‍ സവിശേഷതയുള്ള ഒരു ജനം ആണെന്നാണ്‌ വേദപുസ്തകം പറയുന്നത്.

1 പത്രോസ് 2: 9 നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.

അതുകൊണ്ട്, സവിശേഷതയുള്ള അനുഗ്രഹത്തിന് നമ്മള്‍ അര്‍ഹരാണ് എന്ന് മാത്രമല്ല, സവിശേഷമായ ഉത്തരവാദിത്തങ്ങളും നമുക്ക് ഉണ്ട്.
മത്തായി 5: 13 ല്‍ യേശു പറയുന്നു, നമ്മള്‍ ഭൂമിയുടെ ഉപ്പാകുന്നു.
ഈ ലോകം നശിച്ചുപോകാതെ അതിനെ സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്തം നമുക്ക് ഉണ്ട്.
14 –മത്തെ വാക്യം പറയുന്നു, നമ്മള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു.
ഈ ലോകത്തിനു ശരിയായ വെളിച്ചം നല്‍കുവാന്‍ നമ്മള്‍ക്ക് ഉത്തരവാദിത്തം ഉണ്ട്.
ഈ ലോകജീവിതത്തില്‍ നിന്നും വേര്‍പെട്ട് നിന്നാല്‍ മാത്രമേ നമുക്ക് ഉപ്പായിരിക്കുവാനും വെളിച്ചമായിരിക്കുവാനും കഴിയൂ.

നമ്മളില്‍ ഒരു പ്രത്യേക നിയോഗം ഉണ്ട് എന്ന തിരിച്ചറിവാണ് വേര്‍പാട്.
യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു ദൈവത്താല്‍ മുന്‍നിയമിക്കപ്പെട്ടവര്‍ ആണ് നമ്മള്‍. (എഫെസ്യര്‍ 1: 5)
അതായത്, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രത്യേക ജാതിയും, ദൈവത്തിന്റെ സ്വന്ത ജനവും, ദൈവത്തിന്റെ പുത്രന്മാര്‍ ആയി ദത്തെടുക്കേണ്ടതിന്നു മുന്‍നിയമിക്കപ്പെട്ടവരും ആണ് നമ്മള്‍.
രാജകീയ പുരോഹിത വര്‍ഗ്ഗമായി, ദൈവരാജ്യത്തിന്റെ അവകാശികള്‍ ആയി, ദൈവം നമ്മളെ വിളിച്ച്, തിരഞ്ഞെടുത്തിരിക്കുക ആണ്.
ഈ സത്യം മനസ്സിലാക്കികൊണ്ട്‌ വേണം നമ്മള്‍ ജീവിക്കുവാന്‍.
ദൈവരാജ്യത്തിനോത്തവണ്ണം ജീവിക്കുക എന്നത് തന്നെ വേര്‍പെട്ട ജീവിതം ആണ്.
ദൈവം സവിശേഷമായ അനുഗ്രഹങ്ങളും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നുണ്ട്.

പുറപ്പാട് 15: 26 നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു.

ലോകത്തില്‍ ജീവിക്കുമ്പോള്‍ തന്നെ ലോകത്തിലുള്ളവര്‍ ആകാതിരിക്കുക, എന്ന് വേദപുസ്തകം പഠിപ്പിക്കുന്ന വേര്‍പാടിനെ നമുക്ക് നിര്‍വചിക്കാം.
യോഹന്നാന്‍ 17: 16 ല്‍ യേശു പ്രാര്‍ഥിക്കുന്നതിങ്ങനെ ആണ്: “ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.
അവിശ്വാസികള്‍ ആയ മനുഷ്യരുമായി യാതൊരു ബന്ധവും ഇല്ലാതെ ജീവിക്കുക എന്നതല്ല വേദപുസ്തകം പഠിപ്പിക്കുന്നത്‌.
ക്രൈസ്തവ വിശ്വാസികള്‍ ഈ ലോകത്തില്‍ ജീവിക്കുന്നു എങ്കിലും ഈ ലോകത്തോട്‌ അനുരൂപര്‍ ആകരുത് എന്നാണ് ഉദ്ദേശിക്കുന്നത്.
നഷപെട്ട മനുഷ്യരെക്കുറിച്ച് നമുക്ക് ആത്മഭാരം ഉണ്ട്, എന്നാല്‍ അവരെപ്പോലെ ജീവിക്കുവാന്‍ സാധ്യമല്ല.
അധാര്‍മ്മികതയോടും, ദൈവവിരോധമായതിനോടും നമുക്ക് വേര്‍പാട് ഉണ്ട്.
എന്നാല്‍ യേശുവിനെ അറിയാതെ ജീവിക്കുന്നവരോട് സത്യസുവിശേഷം പറയുവാനും നമുക്ക് ബാധ്യത ഉണ്ട്.

ഗേറ്റുകള്‍ (Gates)

അതിരുകള്‍ക്കുള്ളില്‍ ജീവിക്കുക എന്നാല്‍, നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിക്കുക എന്നതാണ്.
എന്നാല്‍ അതിരുകള്‍ എപ്പോഴും എല്ലായിടത്തും അടഞ്ഞതാകരുത്.
അതിന് ഗേറ്റുകള്‍ ഉണ്ടായിരിക്കേണം.
ചില കാര്യങ്ങള്‍ അകത്തു വരുവാനും ചിലതിനെ പുറത്തു കളയുവാനും ഗേറ്റുകള്‍ ആവശ്യമാണ്‌. അതാണ്‌ ഗേറ്റുകളുടെ ഉദ്ദേശ്യം.
ചിലതിനെ അകത്തു കൊണ്ടുവരുവാന്‍ നമ്മള്‍ ഗേറ്റ് തുറക്കും, ചിലത് അകത്തേക്ക് വരാതെയിരിക്കുവാന്‍ ഗേറ്റ് അടയ്ക്കുവാനും നമുക്ക് കഴിയും.
അതുപോലെതന്നെ ചിലത് അകത്തുനിന്നും പുറത്തേക്ക് ഓടി പോകാതിരിക്കുവാനും ഗേറ്റ് നമ്മള്‍ അടയ്ക്കാറുണ്ട്.
ചുരുക്കി പറഞ്ഞാല്‍, അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തെ ഗേറ്റ് നിയന്ത്രിക്കുന്നു.

ഇതു നമ്മളുടെ ജീവിതത്തില്‍ അത്യാവശ്യം ആണ്.
മിക്കപ്പോഴും നമ്മളുടെ ജീവിതത്തില്‍ നിന്നും പുറത്തുകളയേണ്ട ചിലത് ഉണ്ടായിരിക്കും.
നമുക്ക് ആവശ്യമുള്ള മറ്റ് ചില നല്ല കാര്യങ്ങളെ അകത്തേക്ക് കയറ്റെണ്ടാതായും വരും.
ഇത് ഇടക്കിടെയുള്ള സ്വയം പരിശോധനയിലൂടെ നമ്മള്‍ നിരന്തരം നടത്തേണ്ടുന്ന ഒരു പ്രക്രിയ ആണ്.
അതുകൊണ്ട് അതിരുകള്‍ വേലികള്‍ മാത്രമല്ല, അവയ്ക്ക് ഗേറ്റ് ഉണ്ടായിരിക്കേണം.

നമ്മളുടെ കുറവുകളെ ദൈവ സന്നിധിയില്‍ ഏറ്റുപറയുവാനും അതിനെ പുറംതള്ളുവാനും നമ്മളുടെ ഹൃദയം തുറക്കെണ്ടതുണ്ട്.
യേശുക്രിസ്തുവിലൂടെ ഉള്ള വിടുതലും സമാധാനവും ഹൃദയത്തിനുള്ളില്‍ പ്രവേശിക്കുവാനും ഹൃദയ വാതില്‍ തുറക്കെണ്ടാതുണ്ട്.
ആത്മീയമായി അനുഗ്രഹിക്കപ്പെട്ട വ്യക്തികള്‍ നമ്മളുടെ ജീവിതത്തിന്‍റെ ഭാഗമാകേണം.
അവരുമായുള്ള കൂട്ടായ്മക്കായി വാതില്‍ തുറക്കേണം.

നമ്മളുടെ വ്യക്തിപരമായ ജീവിതത്തിന്‍റെ അതിരുകള്‍ക്കുള്ള ഗേറ്റ്, ദൈവീക പദ്ധതിയുടെ ഭാഗം തന്നെ ആണ്.
നല്ല ബന്ധങ്ങള്‍ സ്ഥാപിക്കുവാനും അതിനാല്‍ അനുഗഹിക്കപ്പെടുവാനും മോശമായവയെ എല്ലാം പുറന്തള്ളുവാനും ഉള്ള സ്വാതന്ത്ര്യമാണ് ഗേറ്റ് നമുക്ക് നല്‍കുന്നത്.
യേശുവിനെ അകത്തേക്ക് പ്രവേശിപ്പിക്കുവാനും തള്ളുവാനുമുള്ള സ്വാതന്ത്ര്യം പോലും നമുക്ക് ഉണ്ട്.
ദൈവം നമ്മളുടെ അതിരുകളെ മാനിക്കുന്നു; അവന്‍ ഒരിക്കലും അതിനെ ഭേദിച്ചുകൊണ്ട് അകത്തുകടക്കുക ഇല്ല.
അതാണ്‌, വെളിപ്പാട് 3: 20 ല്‍ നമ്മള്‍ വായിക്കുന്നത്: “ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.”
യേശു നമ്മളുടെ ഹൃദയത്തിന്റെ വാതിലില്‍ മുട്ടുക മാത്രമേ ചെയ്യൂ, വാതില്‍ തുറന്ന് അവനെ അകത്തേക്ക് പ്രവേശിപ്പിക്കുക നമ്മളുടെ ഉത്തരവാദിത്തം ആണ്.

ഗേറ്റുകള്‍ തുറക്കാനും അടയ്ക്കുവാനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്.
നല്ലതിനായി തുറക്കുകയും മോശമായതിനെതിരെ അടയ്ക്കുകയും ആണ് ചെയ്യേണ്ടത്.
എന്നാല്‍ നമ്മള്‍ പലപ്പോഴും ഇതില്‍ തെറ്റുകള്‍ വരുത്താറുണ്ട്.
പാപം നമ്മളുടെ ജഡസ്വഭാവം ആയതിനാലും, നമ്മളുടെ രക്ഷ ഇനിയും പൂര്‍ണ്ണമായിട്ടില്ല എന്നതിനാലും, ദുഷ്ടതയ്ക്കായി ഗേറ്റ് തുറക്കുകയും നന്മയ്ക്കെതിരെ ഗേറ്റ് അടയ്ക്കുകയും ആണ് നമ്മള്‍ പലപ്പോഴും ചെയ്യാറുള്ളത്.
എന്നാല്‍ നമ്മളുടെ ഓരോ തിരഞ്ഞെടുപ്പും പ്രധാനം ആണ്. നമ്മളുടെ ജീവിതത്തിലെ എല്ലാ നിമിഷവും നമ്മള്‍ തിരഞ്ഞെടുപ്പ് നടത്തികൊണ്ടിരിക്കുന്നു.
അതുകൊണ്ട് ശരിയായ തിരഞ്ഞെടുപ്പ് നടത്തുവാനും, നന്മയ്ക്കായി വാതില്‍ തുറക്കുവാനും നമ്മള്‍ ശ്രദ്ധാലുക്കള്‍ ആകേണ്ടതാണ്.

ഉപസംഹാരം

ഞാന്‍ ഈ സന്ദേശം അവസാനിപ്പിക്കട്ടെ.
അതിരുകള്‍ നമുക്ക് ആവശ്യമുണ്ടോ എന്നാ ചോദ്യത്തിന് പ്രസക്തി ഇല്ല; കാരണം അതിരുകള്‍ നമുക്ക് ചുറ്റും ഒരു യാഥാര്‍ത്ഥ്യം ആണ്.
നമ്മളുടെ ജീവിതത്തിന് അതിരുകള്‍ ആവശ്യമാണ്. നമ്മളുടെ സ്വാതന്ത്ര്യത്തെ അതിരുകള്‍ നിയന്ത്രിക്കുന്നു; നമ്മള്‍ അത് മറികടക്കുവാന്‍ പാടില്ല.
അതിരുകള്‍ ഒരു അസൗകര്യം ആണ്; എന്നാല്‍ അവ അനുഗ്രഹം ആണ്.
അതിരുകള്‍ സംരക്ഷണം നല്‍കുന്നു; നമ്മളുടെ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നു.

അതിരുകളും വേലികളും തോട്ടക്കാരന്റെ കൈയില്‍ നിന്നും സവിശേഷമായ നന്മകള്‍ അനുഭവിക്കുവാന്‍ നമ്മളെ സഹായിക്കുന്നു.

അതിരുകള്‍ക്കുള്ളില്‍ ഉള്ളതിനെല്ലാം തോട്ടക്കാരന്റെ കരുതല്‍ ലഭിക്കുന്നു.
സ്നേഹവും കരുതലും അതിരുകള്‍ക്കുള്ളില്‍ കൂടുതല്‍ അര്‍ത്ഥവത്താകുന്നു.


Powervision TV യിലെ നമ്മളുടെ പ്രോഗ്രാമിന്‍റെ കാര്യം ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ.
നമ്മളുടെ എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ ടിവിയില്‍ ദൈവവചനം ഗൌരവമായി ചിന്തിക്കുവാന്‍ നമ്മള്‍ ഒരുമിച്ച് കൂടുന്നു.
ആരോടും തര്‍ക്കിക്കുവാണോ, ഖണ്ടിക്കുവാണോ നമ്മള്‍ക്ക് ഉദ്ദേശ്യം ഇല്ല.
നിര്‍മ്മലമായ സുവിശേഷ സത്യങ്ങള്‍ മായം കൂടാതെ നമ്മള്‍ ഇവിടെ പഠിക്കുന്നു.
മറക്കാതെ കാണുക, മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ. ആമേന്‍.

Official website: naphtalitribe.com

Watch the video of this message in English and Malayalam @ naphtalitribetv.com
Listen to the audio messages in English and Malayalam @ naphtalitriberadio.com
Read study notes in Malayalam @ vathil.in





 


No comments:

Post a Comment