വീണ്ടും ജനനം

പുതുതായി ജനിക്കുക’ അല്ലെങ്കില്‍ വീണ്ടും ജനിക്കുക എന്ന വേദപുസ്തക ഉപദേശം ആണ് നമ്മള്‍ ഈ സന്ദേശത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ഈ വിഷയം പഠിക്കുവാന്‍ ഏറ്റവും സഹായകരമായ വേദഭാഗം യോഹന്നാന്‍റെ സുവിശേഷം 3 ആം അദ്ധ്യായം ആണ്. ഇവിടെ നിക്കോദേമൊസ് എന്ന് പേരുള്ള ഒരു മനുഷ്യന്‍ യേശുവിനെ കാണുവാന്‍ വരുന്ന വിവരണം രേഖപ്പെടുത്തിയിരിക്കുന്നു. തുടര്‍ന്ന് യേശുവും നിക്കോദേമൊസും തമ്മിലുള്ള ദീര്‍ഘമായ സംഭാഷണം യോഹന്നാന്‍ 21 വാക്യങ്ങളില്‍ രേഖപ്പെടുത്തുക ആണ്.

ആദ്യമായി നമുക്ക് നിക്കോദേമൊസ് എന്ന വ്യക്തി ആരായിരുന്നു എന്ന് മനസ്സിലാക്കാം.
യോഹന്നാന്‍ 3 ആം അദ്ധ്യായം ഒന്നാം വാക്യത്തില്‍ തന്നെ പറയുന്നു, അദ്ദേഹം ഒരു പരീശനും യെഹൂദന്മാരുടെ പ്രമാണിയും ആയിരുന്നു.
പരീശന്‍ എന്നതിനും യെഹൂദ പ്രമാണി എന്നതിനും ഈ പഠനത്തില്‍ വളരെ പ്രാധാന്യമുണ്ട്.

യേശുവിന്റെ കാലത്ത് മതപരമായി യാഥാസ്ഥികര്‍ ആയിരുന്ന ഒരു വിഭാഗത്തെ ആയിരുന്നു പരീശന്മാര്‍ എന്ന് വിളിച്ചിരുന്നത്‌. സാധാരണ ജനങ്ങളും സമ്പന്നര്‍ അല്ലാത്ത പുരോഹിതന്മാരും ആയിരുന്നു ഈ വിഭാഗത്തില്‍ ഏറെയും. സാധാരണക്കാര്‍ ഇവരെ അംഗീകരിക്കുകയും ബഹുമാനത്തോടെ കാണുകയും ചെയ്തു. അതുകൊണ്ട് ഇവര്‍ക്ക് ഒരു അളവില്‍ രാഷ്ട്രീയ സംവിധാനങ്ങളുടെ മേല്‍ സ്വാധീനം ഉണ്ടായിരുന്നു.

എഴുതപ്പെട്ട തിരുവചനത്തെയും യഹൂദന്മാരുടെ വായ്മൊഴിയാലുള്ള പ്രമാണങ്ങളെയും തുല്യമായി ദൈവ നിശ്വാസിയമായി അവര്‍ വിശ്വസിച്ചു.
ദൈവം സീനായ് പര്‍വതമുകളില്‍ വച്ച്, മോശെക്ക് വായ്‌മൊഴി പ്രമാണങ്ങളും പറഞ്ഞുകൊടുത്തു എന്നും, വായ്മൊഴി പ്രമാണങ്ങള്‍ എഴുതിവെക്കാതെ മോശെ യോശുവയ്ക്ക് പകര്‍ന്നുകൊടുത്തു, യോശുവ തന്റെ പിന്‍ഗാമികള്‍ ആയ യഹൂദ മൂപ്പന്മാര്‍ക്കു പറഞ്ഞുകൊടുത്തു എന്നും യാഥാസ്ഥികര്‍ ആയ യഹൂദന്മാരും പരീശന്മാരും വിശ്വസിച്ചിരുന്നു.
ഈ വായ്മൊഴി പ്രമാണങ്ങള്‍ എഴുതപ്പെട്ട വചനത്തെ കൂടുതല്‍ വിശദീകരിക്കുകയും എഴുതപ്പെട്ടവ എങ്ങനെ ആണ് പ്രായോഗിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടത് എന്ന് പഠിപ്പിക്കുകയും ചെയ്യുന്നു എന്നതായിരുന്നു അവരുടെ വാദം.
അതുകൊണ്ട് ഈ പാരമ്പര്യ പ്രമാണങ്ങളെയും നിര്‍ബന്ധമായി പരീശന്മാര്‍ പാലിച്ചിരുന്നു.
പരീശന്മാര്‍ ന്യായപ്രമാനങ്ങളെ വ്യഖാനിക്കുകയും അവയുടെ ആത്മീയ മര്‍മ്മം വെളിപ്പെടുത്തുകയും, പ്രമാണങ്ങള്‍ എങ്ങനെ ആണ് ജീവിതത്തില്‍ പാലിക്കേണ്ടത് എന്ന് പഠിപ്പിക്കുകയും ചെയ്തു.
പ്രവര്‍ത്തികളിലൂടെ ഉള്ള പാപമോചനത്തിനും രക്ഷയിലും വിശുദ്ധീകരണത്തിലും അവര്‍ വിശ്വസിച്ചു. ഇവര്‍ പ്രമാണങ്ങളെ വല്ലാതെ വ്യാഖ്യാനിച്ച് നിത്യജീവിതത്തെ പ്രയാസമുള്ളത് ആക്കിയിരുന്നു.
ഈ കാരണങ്ങളാല്‍ തന്നെ യേശുവിന് പലപ്പോഴും ഇവരെ എതിര്‍ക്കേണ്ടി വന്നിട്ടുണ്ട്.  യേശു പ്രമാണങ്ങളെ വ്യാഖ്യാനിച്ചിരുന്നത് വ്യത്യസ്തമായ രീതിയില്‍ ആയിരുന്നു.

ഇതാണ്, ദൈവരാജ്യം അവകാശമാക്കുവാന്‍ എന്ത് ചെയ്യേണം എന്ന ചോദ്യവുമായി ഒരു പരീശന്‍ യേശുവിനെ കാണുവാന്‍ വന്നു എന്നതിന്റെ പ്രാധാന്യം.
നിക്കോദേമൊസ് മോശെയുടെ പ്രമാണങ്ങളെയും പ്രവാചകരുടെ അരുളപ്പാടുകളെയും വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയുന്ന, ആത്മീയ അധികാരമുള്ള വ്യക്തി ആണ്. തിരുവചനത്തിന്റെ മറഞ്ഞിരിക്കുന്ന മര്‍മ്മങ്ങള്‍ ഗ്രഹിക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന നിക്കോദേമൊസ് ആണ്, ദൈവരാജ്യം അവകാശമാക്കുവാന്‍ എന്ത് ചെയ്യേണം എന്ന ചോദ്യവുമായി യേശുവിന്റെ അടുക്കല്‍ എത്തിയിരിക്കുന്നത്.
യഹൂദ മതത്തിന്‍റെ ആചാര അനുഷ്ടാനങ്ങളും, ജീവിത രീതികളും, യാഗങ്ങളും, ഉപവാസവും പ്രാര്‍ത്ഥനയും എല്ലാം തങ്ങളെ നീതീകരിക്കും എന്ന് വിശ്വസിക്കുന്ന വ്യക്തി ആണ് അദ്ദേഹം.
എന്നിട്ടും ദൈവരാജ്യം അവകാശമാക്കുവാന്‍ എന്ത് ചെയ്യേണം എന്ന കാര്യത്തില്‍ അദ്ദേഹത്തിനു നിശ്ചയം ഇല്ലാതെ പോയി.

നിക്കോദേമൊസ് ഒരു യെഹൂദ പ്രമാണി ആയിരുന്നു എന്നും യോഹന്നാന്‍ എടുത്ത് പറയുന്നുണ്ട്.
യോഹന്നാന്‍ 7: 50, 51 വാക്യങ്ങളില്‍ നിന്നും അവന്‍ യഹൂദന്‍മാരുടെ ന്യായാധിപസഭയിലെ അംഗം ആയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.
യഹൂദന്‍മാരുടെ ന്യായാധിപസഭ, 70 അംഗങ്ങള്‍ ഉള്ള ഒരു കീഴ് കോടതി ആയിരുന്നു. അതില്‍ പരീശന്മാരും സദൂക്യരും അംഗങ്ങള്‍ ആയിരുന്നു. എല്ലാ യഹൂദ പട്ടണങ്ങള്‍ക്കും ഇപ്രകാരം ഉള്ള കീഴ് കോടതികള്‍ ഉണ്ടായിരുന്നു. യഹൂദന്മാരുടെ മതപരമായ കാര്യങ്ങളില്‍ വിചാരണ നടത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്യുവാനുള്ള അധികാരം അവര്‍ക്ക് ഉണ്ടായിരുന്നു.

അങ്ങനെ, യോഹന്നാന്‍ ഉപയോഗിച്ച പരീശന്‍ എന്ന വാക്കും യെഹൂദ പ്രമാണി എന്ന വാക്കും, യഹൂദ മത പ്രമാണങ്ങളില്‍ പ്രാവീണ്യം ഉള്ള ഒരു വ്യക്തിയേയും പ്രമാണങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ നല്‍കുവാന്‍ തക്കവണ്ണം മര്‍മ്മങ്ങളെ അറിയാവുന്ന ഒരു പണ്ഡിതനേയും രാഷ്ട്രീയ അധികാരം ഉള്ള ഒരു വ്യക്തിയേയും കാണിക്കുന്നു.
ഈ വിവരങ്ങള്‍  നമുക്ക് യേശുവുമായുള്ള നിക്കോദേമൊസിന്‍റെ സംഭാഷണം മനസ്സിലാക്കുവാന്‍ ആവശ്യമാണ്‌.
അതുകൊണ്ടാണ്, അവരുടെ സംഭാഷണത്തില്‍ ഒരു ഘട്ടത്തില്‍ യേശു ഇങ്ങനെ ചോദിച്ചത്: “നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?
അതായത്, പഴയനിയമ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കി ആണ് യേശു വീണ്ടും ജനനം എന്ന അനുഭവത്തെ വിവരിച്ചുകൊണ്ടിരുന്നത്. അത് നിക്കോദേമൊസ് എളുപ്പം മനസ്സിലാക്കേണ്ടതാണ്.

യേശുവും നിക്കോദേമൊസും

നിക്കോദേമൊസ് യേശുവിനെ കാണുവാന്‍ വന്ന സമയവും അദ്ദേഹം സംഭാഷണത്തിന്റെ ആരംഭത്തില്‍ പറഞ്ഞ സ്തുതികളും നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. ദൈവരാജ്യം അവകാശമാക്കുവാന്‍ വീണ്ടും ജനനം ആവശ്യമാണ്‌ എന്നതാണ് നമ്മളുടെ വിഷയം.
ദൈവരാജ്യം അവകാശമാക്കുവാന്‍ എന്ത് ചെയ്യേണം എന്ന് നിക്കോദേമൊസ് ചോദിച്ചതായി യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടില്ല.
നിക്കോദേമൊസ് ചോദിച്ചതും യേശു പറഞ്ഞതുമായ എല്ലാ വാക്കുകളും യോഹന്നാന്‍ ഇവിടെ രേഖപ്പെടുത്തിയിട്ടില്ല എന്ന് നമുക്ക് ന്യായമായും അനുമാനിക്കാവുന്നതാണ്.
നിക്കോദേമൊസിനോട് ഉള്ള യേശുവിന്റെ ആദ്യത്തെ വാചകം, ഇങ്ങനെ ആണ്: “യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു.”
‘ഉത്തരം പറഞ്ഞു’ എന്നതില്‍ നിന്നും നിക്കോദേമൊസ് ചോദ്യം ചോദിച്ചിരുന്നു എന്നും യേശു നല്‍കിയ ഉത്തരത്തില്‍ നിന്നും ചോദ്യം എന്തായിരുന്നു എന്നും നമുക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ.
ചോദ്യം തീര്‍ച്ചയായും, ദൈവരാജ്യം അവകാശമാക്കുന്നതിനെ കുറിച്ച് തന്നെ ആയിരിക്കേണം.
യേശു ഇവിടെ, “പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല” എന്ന് മറുപടി പറയുന്നു എങ്കിലും ചോദ്യം ദൈവരാജ്യം ദൂരെ നിന്ന് കാണുന്നതിനെ കുറിച്ചായിരിക്കുക അല്ല, ദൈവരാജ്യം എങ്ങനെ കൈവശമാക്കും എന്നതായിരിക്കും.
ഇവിടെ ദൈവരാജ്യം അവകാശമാക്കുവാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യതയെ കുറിച്ചാണ് യേശു പറയുന്നത്: പുതുതായി ജനിക്കേണം.

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, അവരുടെ സംഭാഷണത്തില്‍ ഒരു ഘട്ടത്തില്‍ യേശു ചോദിച്ചു: “നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?
ഈ ചോദ്യം അവരുടെ സംഭാഷണത്തില്‍ കുറെ കഴിഞ്ഞിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത് എങ്കിലും, ഇത് ആ സംഭാഷണത്തിന്റെ ആദ്യം മുതല്‍ തന്നെ പ്രസക്തം ആണ്.
ഒരു പരീശനും യഹൂദ കോടതിയിലെ പ്രമാണിയും ആയിരിക്കുന്ന ഒരുവന്‍ ദൈവരാജ്യം അവകാശമാക്കുന്നത് എങ്ങനെ എന്ന് അറിഞ്ഞിരിക്കേണം.
ഇവിടെ നിക്കോദേമൊസ് എല്ലാ പരീശന്മാരുടെയും എല്ലാ യഹൂദ പ്രമാണിമാരുടെയും പ്രതിനിധി ആയി പരിഗണിക്കപ്പെടുക ആണ്. അവന്‍ യഹൂദ മതത്തിന്‍റെയും യഹൂദ രാജ്യത്തിന്റെയും പ്രതിനിധി ആണ്.
ദൈവരാജ്യം കൈവശമാക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്ന ന്യായപ്രമാണം അവര്‍ക്ക് ഉണ്ട്. യെഹൂദ വായ്‌ മൊഴി പാരമ്പര്യങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും അവര്‍ക്ക് ഉണ്ട്. എന്നിട്ടും അവര്‍ക്ക് ദൈവരാജ്യം അവകാശമാക്കുന്നതെങ്ങനെ എന്ന് നിശ്ചയം ഇല്ല. ഇതു യഹൂദ മതത്തിന്റെ അപൂര്‍ണ്ണത ആണ്.
ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ടുന്ന ഒരു സത്യം ഉണ്ട്. ന്യായപ്രമാണങ്ങള്‍ രക്ഷയിലെക്കും ദൈവരാജ്യത്തിലേക്കുമുള്ള വഴി അല്ല. ന്യായപ്രമാണങ്ങള്‍ ദൈവരാജ്യത്തിലെക്കുള്ള വഴിയിലേക്ക് നയിക്കുന്ന വഴികാട്ടി മാത്രം ആണ്. ദൈവരാജ്യത്തിലെക്കുള്ള ഒരേ ഒരു വഴി, യേശു ആണ്. യേശു ആണ് വഴിയും സത്യവും ജീവനും.

യേശുവിന്‍റെ ഉത്തരം

ഇനി നമ്മള്‍ നിക്കോദേമൊസിനോട് യേശു പറഞ്ഞ മറുപടി വിശദമായി പഠിക്കുവാന്‍ പോകുക ആണ്.

യോഹന്നാന്‍ 3: 3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍, പരീശനും പ്രമാണിയും ആയിരുന്ന നിക്കോദേമൊസിന് യേശുവിന്റെ ഉത്തരം മനസ്സിലായില്ല. യേശുവിന്റെ പഠിപ്പിക്കലുകള്‍ അവനെപ്പോലെ ഉള്ള യഹൂദ റബ്ബിമാരുടെ പഠിപ്പിക്കലുകളില്‍ നിന്നും വ്യത്യസ്തം ആയിരുന്നു. അവന്‍ ആശയകുഴപ്പത്തില്‍ ആയി. അതിനാല്‍ വീണ്ടും ജനനം എന്ന അനുഭവം എന്താണ് എന്ന് യേശു വീണ്ടും വിശദീകരിക്കുക ആണ്.

എന്തുകൊണ്ട് ഒരു മനുഷ്യന്‍ വീണ്ടും ജനനം പ്രാപിക്കേണം?

കൂടുതല്‍ മുന്നോട്ട് പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്?
എന്തുകൊണ്ട് ഒരു മനുഷ്യന്‍ വീണ്ടും ജനനം പ്രാപിക്കേണം? ഒരു യഹൂദനോ ജാതീയനോ അവനെ പുതിയതാക്കുന്ന ഒരു അനുഭവത്തിലൂടെ എന്തുകൊണ്ട് കടന്നു പോകേണം?
ഇതിനുള്ള ഉത്തരം എഫെസ്യര്‍ 2: 1 ല്‍ പൌലോസ് പറയുന്നുണ്ട്: “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.”
റോമര്‍ 3: 23 ല്‍ നമ്മള്‍ വായിക്കുന്നു: ”ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,
ഈ വാക്യങ്ങള്‍ പറയുന്നത് ഇതാണ്: എല്ലാ മനുഷ്യരും അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായി തീര്‍ന്നതിനാല്‍, എല്ലാവരും ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,
തീര്‍ച്ചയായും പാപികള്‍ക്ക് ദൈവരാജ്യം അവകാശമാക്കുവാന്‍ കഴിയുക ഇല്ല. ദൈവരാജ്യം വിശുദ്ധമാണ്, കാരണം, അവിടുത്തെ രാജാവ് വിശുദ്ധന്‍ ആണ്.
ഇപ്പോള്‍ ഇവിടെ മറ്റൊരു ചോദ്യം ഉദിക്കുന്നു: എങ്ങനെ ആണ് എല്ലാ മനുഷ്യരും പാപികള്‍ ആയി തീര്‍ന്നത്?

പാപ സ്വഭാവം

വേദപുസ്തകം ദൈവത്തിന്റെ ചരിത്രം പറയുന്ന പുസ്തകം അല്ല; അത് മനുഷ്യന്റെ ചരിത്രം പറയുന്ന പുസ്തകം ആണ്. ഇതാണ് വേദപുസ്തകവും മറ്റു മതഗ്രന്ഥങ്ങളും തമ്മിലുള്ള വ്യത്യാസം. ക്രിസ്തീയ വിശ്വാസം ഒരു മതമല്ല, അതുകൊണ്ട് അതിന് മതഗ്രന്ഥം ഇല്ല. മനുഷ്യന്റെ വീണ്ടെടുപ്പിന്റെയും പുനസ്ഥാപനത്തിന്റെയും ദൈവീക പദ്ധതി വിവരിക്കുന്ന വെളിപ്പാടുകളുടെ രേഖ ആണ് വേദപുസ്തകം.
മനുഷ്യന്‍റെ ആരംഭം മുതല്‍ നിത്യത വരെയുള്ള ചരിത്രം ആണ് വേദപുസ്തകത്തില്‍ വിവരിക്കപ്പെടുന്നത്.
ഈ ചരിത്ര പഠനത്തിലൂടെ നമ്മള്‍ ദൈവത്തെ അല്‍പ്പമായി കാണുന്നു എന്നേ ഉള്ളൂ. നിത്യനായ ദൈവത്തെക്കുറിച്ച് വിവരിക്കുവാന്‍ ഒരു ഗ്രന്ഥത്തിനും കഴിയുക ഇല്ല. ദൈവത്തിന്റെ സമ്പൂര്‍ണ്ണതയും ആഴവും പരപ്പും മനസ്സിലാക്കുവാന്‍ ഒരു മനുഷ്യനും കഴിയുക ഇല്ല.
മനുഷ്യന്റെ ചരിത്രത്തിന്റെ ആധികാരിക ഗ്രന്ഥമായ വേദപുസ്തകം പറയുന്നു, മനുഷ്യന്‍ എല്ലാവരും പാപ സ്വഭാവം ഉള്ളവരാണ്.

എന്താണ് പാപ സ്വഭാവം എന്നത്? വേദപുസ്തകം പഠിപ്പിക്കുന്നത്‌, പാപം പ്രവര്‍ത്തികള്‍ അല്ല, ഒരു അവസ്ഥ ആണ് എന്നാണ്.
പാപം നമ്മള്‍ എന്ത് പ്രവര്‍ത്തിക്കുന്നു എന്നല്ല, നമ്മള്‍ എന്തായിരിക്കുന്നു എന്നതാണ്. നമ്മളുടെ പ്രവര്‍ത്തികള്‍ നമ്മളുടെ പാപ സ്വഭാവത്തിന്റെ പ്രവര്‍ത്തികള്‍ ആണ്. നമ്മളില്‍ ഉള്ള പാപ സ്വഭാവം ദൈവത്തിന്റെ ഹിതത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുവാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും.
ഈ പാപ സ്വഭാവം പ്രാപഞ്ചികവും, സകലമനുഷ്യരിലും ഒരുപോലെ കാണപ്പെടുന്നതും ആണ്. പാപ സ്വഭാവം നമ്മളുടെ ജീവിതത്തെ മുഴുവനായും ബാധിക്കുന്നു. ഈ ദൈവ ശാസ്ത്രത്തെ ആണ് സമ്പൂര്‍ണ്ണമായ മലിനീകരണം എന്ന് വിളിക്കുന്നത്‌.

പാപ സ്വഭാവം അല്ലെങ്കില്‍ പാപം എന്ന അവസ്ഥ എങ്ങനെ ആണ് മനുഷ്യരില്‍ കടന്നത്‌?
വേദപുസ്തകം പറയുന്നു, ദൈവം മനുഷ്യരെ അവന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. ദൈവം വിശുദ്ധന്‍ ആകയാല്‍ അവന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യരിലും പാപം ഉണ്ടായിരുന്നില്ല.
സകല സൃഷ്ടിക്കും ശേഷം “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.”

എന്നാല്‍ ഉല്പത്തി പുസ്തകം മൂന്നാം അദ്ധ്യത്തില്‍ മനുഷ്യന്‍റെ പാപത്തിലേക്കുള്ള വീഴച്ചയുടെ ചരിത്രം ആണ് നമ്മള്‍ വായിക്കുന്നത്. ആദ്യ പിതാവും മാതാവും ആയിരുന്ന ആദമും ഹവ്വയും ദൈവത്തോട് അനുസരണക്കേട്‌ കാണിച്ചു. അവരെ പിശാച് വഞ്ചിച്ചു, പാപത്തില്‍ വീഴ്ത്തി. ദൈവം അവരോടു തിന്നരുതു എന്ന് കല്‍പ്പിച്ച വൃക്ഷത്തിന്റെ,ഫലം, അവര്‍ പിശാചിന്റെ പ്രലോഭനത്താല്‍, ഭക്ഷിച്ചു. അങ്ങനെ ദൈവത്തിന്റെ കല്‍പ്പനയെ അവര്‍ ലംഘിച്ചു. ലംഘനം മത്സരമായി, മത്സരം പാപം ആയി.
ഈ ഒരൊറ്റ പ്രവര്‍ത്തിയാല്‍ അവരിലേക്ക്‌ പാപം കടന്നു. അവര്‍ക്ക് ഉടന്‍തന്നെ അത് ബോധ്യം ആയി. അവര്‍ ദൈവ സന്നിധിയില്‍ നിന്നും ഒളിക്കുവാന്‍ ആഗ്രഹിച്ചു.
അവര്‍ക്ക് മക്കള്‍ ജനിച്ചപ്പോള്‍, സ്വാഭാവികമായും, അത് അവരുടെ സ്വരൂപത്തിലും സാദൃശ്യത്തിലും ആയി. അവരിലെക്കും പാപം പ്രവേശിച്ചു.
ഈ പാപ സ്വഭാവം ആദമിന്റെയും ഹവ്വയുടെയും ആദ്യത്തെ തലമുറയില്‍ തന്നെ പ്രത്യക്ഷപ്പെട്ടു. അവരുടെ ആദ്യ ജാതനായ കയീന്‍ അവന്റെ സഹോദരനായ ഹാബെലിനെ കൊന്നു.

അങ്ങനെ, തലമുറ തലമുറ ആയി മനുഷ്യരിലേക്ക് പാപ സ്വഭാവം കടന്നുവന്നു. സകല മനുഷ്യരും പാപം എന്ന അവസ്ഥയില്‍ ആയി തീര്‍ന്നു.

റോമര്‍ 5: 12 “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”
യേശുവും ഇതുതന്നെ ആണ് നിക്കോദേമൊസിനോട് പറയുന്നത്: “ജഡത്താൽ ജനിച്ചതു ജഡം ആകുന്നു”. (യോഹന്നാന്‍ 3: 6)
പൌലോസ് റോമര്‍ക്ക് എഴുതിയ ലേഖനത്തില്‍ താന്‍ ആയിരിക്കുന്ന പാപം എന്ന അവസ്ഥയെ കുറിച്ച് പറയുന്നുണ്ട്.

റോമര്‍ 7: 19, 20
19   ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.
20  ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.

ശലോമോന്‍ രാജാവ് സഭാപ്രസംഗിയുടെ പുസ്തകം 7: 20 ല്‍ പറയുന്നു: “പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.”
1 യോഹന്നാന്‍ 1: 8 ല്‍ നമ്മള്‍ വായിക്കുന്നു: “നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.”
ഈ വാക്യങ്ങള്‍ എല്ലാം പറയുന്നതിതാണ്: നമ്മള്‍ പാപ പ്രവര്‍ത്തികള്‍ ചെയ്യുന്നത് കൊണ്ട് പാപികള്‍ ആകുക അല്ല, മറിച്ച്, നമ്മള്‍ പാപികള്‍ ആയതുകൊണ്ട് പാപം പ്രവര്‍ത്തിക്കുന്നു എന്നേ ഉള്ളൂ.
അതായത് പാപം നമ്മളുടെ പ്രവര്‍ത്തികള്‍ അല്ല, നമ്മള്‍ ആയിരിക്കുന്ന അവസ്ഥ ആണ്. സകല മനുഷ്യരും പാപം എന്ന അവസ്ഥയില്‍ ജീവിക്കുന്നു.

രക്ഷാമാര്‍ഗ്ഗം

എന്താണ് പാപത്തില്‍ നിന്നും ഒരു രക്ഷാ മാര്‍ഗ്ഗം? ദൈവം നമ്മളെ പാപികള്‍ എന്ന് കണ്ട് അതിന്റെ ശിക്ഷയ്ക്ക് വിധിച്ച്, നമ്മളെ ഉപേക്ഷിക്കുക അല്ല ചെയ്തത്. ദൈവം മനുഷ്യനെ സ്നേഹിക്കുന്നു. അതിനാല്‍ ഒരു രക്ഷാ പദ്ധതിയും ദൈവം പ്രഖ്യാപിച്ചിട്ടുണ്ട്.
അതിന്റെ അടിസ്ഥാന തത്വം, മനുഷ്യന്‍ പാപികള്‍ ആയതിനാല്‍ അവര്‍ ആത്മീയമായി മരിച്ചവര്‍ ആണ് എന്നതാണ്. അതിനാല്‍ അവര്‍ക്ക് ഒരു പുതു ജനനം ആവശ്യമാണ്‌. ഈ പുതു ജനനം യേശുക്രിസ്തുവിലൂടെ ദൈവം വാഗ്ദാനം ചെയ്യുന്നു.
മരിച്ച അവസ്ഥയിലായി പോയ നമ്മളുടെ ആത്മാവിനെ ദൈവ കൃപയാല്‍, യേശുക്രിസ്തുവില്‍ ഉള്ള വിശ്വാസം മൂലം പുനര്‍ജ്ജീവിപ്പിക്കുന്ന ആത്മീയ പ്രക്രിയയെ ആണ് വേദപുസ്തകം പുതുതായി ജനിക്കുക അല്ലെങ്കില്‍ വീണ്ടും ജനിക്കുക എന്ന് വിളിക്കുന്നത്‌.
വീണ്ടും ജനിച്ചവരുടെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു; അവര്‍ ദൈവവുമായി ഒരു പുതിയ ബന്ധത്തില്‍ ആയിതീരുന്നു.
ചുരുക്കി പറഞ്ഞാല്‍, വീണ്ടും ജനനം എന്നത്, ഒരു മനുഷ്യന്‍ പാപത്തില്‍ നിന്നും അതിന്റെ ശിക്ഷയില്‍ നിന്നും രക്ഷിക്കപ്പെട്ടു, യേശുക്രിസ്തു മുഖാന്തിരം ദൈവീക നീതീകരണത്തിലേക്കും നിത്യ ജീവനിലെക്കും പ്രവേശിക്കുന്ന ഒരു ആത്മീയ പ്രക്രിയ ആണ്.
അങ്ങനെ വീണ്ടും ജനനം പ്രാപിച്ച എല്ലാവരും രക്ഷിക്കപ്പെട്ടവര്‍ ആകുന്നു; രക്ഷ കൃപയാല്‍ യേശു ക്രിസ്തുവില്‍ ഉള്ള വിശ്വാസം മൂലം മാത്രം ലഭിക്കുന്നു.

എഫെസ്യര്‍ 2: 8, 9
   കൃപയാലല്ലോ നിങ്ങള്‍ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
   ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല.

വീണ്ടും ജനനം എന്ന പദസമുച്ചയത്തിന്‍റെ അര്‍ത്ഥം

ഇനി നമുക്ക് വീണ്ടും ജനനം എന്ന പദസമുച്ചയത്തിന്‍റെ അര്‍ത്ഥം എന്താണ് എന്ന് നോക്കാം.
‘ജനനം’ എന്ന വാക്കിന് മൂല ഭാഷയായ ഗ്രീക്കില്‍ gennao എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ‘വീണ്ടും’ എന്നതിന് anothen  എന്ന ഗ്രീക്ക് പദം ഉപയോഗിച്ചിരിക്കുന്നു.
Gennao എന്ന ഗ്രീക്ക് പദത്തിന്, ‘പുനര്‍ജ്ജീവിപ്പിക്കുക’ എന്നും anothen എന്ന പദത്തിന് ‘വീണ്ടും, ഉയരത്തില്‍ നിന്നും, പുതിയതായി’ എന്നും ആണ് അര്‍ത്ഥം. മനുഷ്യന്‍റെ വീണ്ടുപ്പുമായുള്ള ബന്ധത്തില്‍ ഈ അര്‍ത്ഥങ്ങള്‍ എല്ലാം യോജിക്കുന്നതാണ്.
അങ്ങനെ ‘വീണ്ടും ജനിക്കുക’ എന്ന പദസമുച്ചയത്തിന് ‘പുതിയതായി ജനിക്കുക’ എന്നും ‘ഉയരത്തില്‍ നിന്നും ജനിക്കുക’ എന്നും അര്‍ത്ഥം ഉണ്ടാകുന്നു.
അതിനാല്‍ ‘ഉയരത്തില്‍ നിന്നും ജനിക്കുക’ എന്ന അര്‍ത്ഥമാണ് കൂടുതല്‍ സമ്പുഷ്ടം എന്ന് കരുതുന്ന വേദ പണ്ഡിതന്മാര്‍ ഉണ്ട്. ഒരു മനുഷ്യന്‍ വീണ്ടും ജനിക്കുന്നത് ഉയരത്തില്‍ നിന്നും പരിശുദ്ധാത്മാവിനാല്‍ ആണ്.

വീണ്ടും ജനനം എന്നത് ഒരു മനുഷ്യന്റെ ആത്മീയമായ പുതു ജനനം ആണ്. അത് മനുഷ്യന്റെ ആത്മാവിന്‍റെ പുനര്‍ജ്ജനനം ആണ്. വീണ്ടും ജനനം ശാരീരികമായ ജനനം അല്ല, ശാരീരികമായ പുതുക്കവും അല്ല.
വീണ്ടും ജനനത്തില്‍ ഒരു മനുഷ്യന്‍റെ ആത്മാവും മനസ്സും ദൈവത്തിന്റെ ആത്മാവിനാല്‍ പുനര്‍ജ്ജനിക്കുക ആണ്. അതായത് അവന്റെ വ്യക്തിത്തവും ഇശ്ചാശക്തിയും സമ്പൂര്‍ണ്ണമായും പുതിയതായി തീരുന്നു.
വീണ്ടും ജനനം പ്രാപിച്ചവന്റെ ചിന്താരീതികളും വികാരങ്ങളും തിരഞ്ഞെടുപ്പുകളും എല്ലാം ദൈവാത്മാവിനാല്‍ നിയന്ത്രിതം ആയിരിക്കും.

അതിനാല്‍ തന്നെ മതപരമായ ആചാരങ്ങളിലൂടെയോ, ചടങ്ങുകളിലൂടെയോ, പാരമ്പര്യ വിശ്വാസങ്ങളിലൂടെയോ ആര്‍ക്കും വീണ്ടും ജനനം പ്രാപിക്കുവാന്‍ സാധ്യമല്ല.
വീണ്ടും ജനനം നമുക്ക് നമ്മളുടെ മാതാപിതാക്കന്മാരില്‍ നിന്നും പാരമ്പര്യമായി പ്രാപിക്കുവാന്‍ സാധ്യമല്ല. നമ്മളുടെ മാതാപിതാക്കന്മാര്‍ ഒരു പക്ഷെ വളരെ നല്ല ആത്മീയര്‍ ആയിരിക്കാം. പക്ഷെ അവരില്‍ നിന്നും നമുക്ക് വീണ്ടും ജനനം അവകാശമായി പ്രാപിക്കുവാന്‍ കഴിയുക ഇല്ല.
വീണ്ടും ജനനം തികച്ചും വ്യക്തിപരമായ ഒരു തീരുമാനവും തിരഞ്ഞെടുപ്പും ആണ്.
വീണ്ടും ജനനവും അതിനാലുള്ള രക്ഷയും ദൈവത്തിന്റെ ദാനമാണ്, അത് ദൈവകൃപയാല്‍ നമുക്ക് ലഭിക്കുന്നു, വിശ്വാസത്താല്‍ നമ്മള്‍ അത് പ്രാപിക്കുന്നു. മനുഷ്യന്റെ ഒരു പ്രവര്‍ത്തിക്കും രക്ഷയെ സാധ്യമാക്കുവാന്‍ കഴിയുക ഇല്ല.

തീത്തൊസ് 3: 5 അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.

യേശുവില്‍ വിശ്വസിക്കുന്ന ഒരു മനുഷ്യന് നിത്യജീവന്‍ നല്‍കുന്ന ഒരു ദൈവീക പ്രവര്‍ത്തി ആണ് വീണ്ടും ജനനം.
ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ നല്ലവനായ ഒരു മനുഷ്യന്‍ ആയിതീരുന്നതല്ല വീണ്ടും ജനനം. അത് ഒരു പുതിയ തത്വശാസ്ത്ര പ്രകാരം വ്യത്യസ്തമായ ഒരു ജീവിതം ആരംഭിക്കുന്നതും അല്ല. നമ്മളുടെ ഏറ്റവും നല്ല പ്രവര്‍ത്തികള്‍ പോലും ദൈവ മുമ്പാകെ കറപുരണ്ട തുണിപോലെ ആണ്.
വീണ്ടും ജനനം എന്നത് ഭൌതീകമായ മാറ്റങ്ങള്‍ അല്ല, ആത്മീയമായ രൂപാന്തരം ആണ്.

വെള്ളത്താലും ആത്മാവിനാലും ജനിക്കുക

നിക്കോദേമൊസിന് ഒരു മാറ്റം ആവശ്യമായിരുന്നു, അവന്‍റെ ഹൃദയത്തിന് ഒരു മാറ്റം അനിവാര്യം ആയിരുന്നു. അവനു ഒരു ആത്മീയ രൂപാന്തരം അത്യാവശ്യമായിരുന്നു.
എന്നാല്‍ വീണ്ടും ജനനം എന്ന യേശുവിന്റെ ഉപദേശം അവനു ഗ്രഹിക്കുവാന്‍ കഴിഞ്ഞില്ല. ശാരീരികമായ ജനനത്തെക്കുറിച്ച് മാത്രമേ അവനു ചിന്തിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഭൌതീകമായി വീണ്ടും ജനിക്കുക എന്നത് അസാദ്ധ്യമാണ് എന്നും അവനു അറിയാമായിരുന്നു.
അതുകൊണ്ട് നിക്കോദേമൊസ് യേശുവിനോട് ചോദിച്ചു: “മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ”. (യോഹന്നാന്‍ 3: 4)
ഇവിടെ യേശു പറഞ്ഞ മറ്റൊരു വാക്യം ആവര്‍ത്തിച്ചു വായിക്കുവാന്‍ ആഗ്രഹിക്കുന്നു.

യോഹന്നാന്‍ 3: 6  ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചതു ആത്മാവു ആകുന്നു.

എന്നാല്‍, യേശു പറഞ്ഞ മര്‍മ്മം ഗ്രഹിക്കുവാന്‍ നിക്കോദേമൊസിന് പ്രയാസമായി തോന്നിയതിനാല്‍ യേശു കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്.

യോഹന്നാന്‍ 3: 5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.

ഇതാണ് വീണ്ടും ജനനത്തെക്കുറിച്ചുള്ള യേശുവിന്‍റെ പഠിപ്പിക്കലിന്റെ മര്‍മ്മം.
ഇതു നിക്കോദേമൊസിന് മനസ്സിലാക്കുവാന്‍ കഴിയുന്ന ഒരു ലളിതമായ പ്രസ്താവന ആണ്. കാരണം, നമ്മള്‍ മുമ്പ് കണ്ടതുപോലെ, അദ്ദേഹം ഒരു പരീശനും യഹൂദ കോടതിയിലെ പ്രമാണിയും ആയിരുന്നു.
പക്ഷെ, അദ്ദേഹത്തിനു ഇതു മനസ്സിലാക്കുവാന്‍ പ്രയാസമായി തോന്നി.

യഹൂദന്മാര്‍ അവരുടെ മശിഹയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കാലമായിരുന്നു അത്. അവരുടെ സങ്കല്‍പ്പത്തിലെ മശിഹ ഒരു പ്രവാചകനും രാക്ഷട്രീയ നേതാവും ഭൌതീക തലത്തില്‍ രാജാവും ആയിരുന്നു. അദ്ദേഹത്തിനു ഭൌതീകമായ ഒരു രാജ്യം ഉണ്ടായിരിക്കും. അത് യഹൂദ ദേശത്ത്‌ സ്ഥാപിക്കപ്പെടും. യഹൂദന്മാരുടെ ശത്രുക്കളെ സകലരെയും അദ്ദേഹം തോല്‍പ്പിച്ച്, ദൈവം അബ്രഹാമിനും യിസ്ഹാക്കിനും യാക്കോബിനും വാഗ്ദത്തം ചെയ്ത ദേശമെല്ലാം പിടിച്ചടക്കും.
എന്നാല്‍ യേശു അവര്‍ പ്രതീക്ഷിച്ച മശിഹ ആയില്ല. മുകളില്‍ നമ്മള്‍ വായിച്ച വാക്യത്തില്‍ യഹൂദന്മാരുടെ മശിഹയെക്കുറിച്ചുള്ള സങ്കല്പം തന്നെ യേശു വ്യത്യാസപ്പെടുത്തുകയാണ്. യഹൂദന്മാരുടെ വ്യാഖ്യാനങ്ങളെ യേശു പുനര്‍ വ്യാഖ്യാനിക്കുക ആണ്. യേശു പ്രസംഗിച്ച ദൈവരാജ്യം ഒരു ഭൌതീക രാജ്യം അല്ല, അതൊരു ആത്മീയ രാജ്യം ആണ്.

ജഡപ്രകാരമുള്ള ജനനം അബ്രഹാമിന്റെ ജഡപ്രകാരമുള്ള സന്തതി ആകുവാനും ഭൌതീകമായ ഒരു യഹൂദ രാജ്യത്തില്‍ അംഗമാകുവാനും മതിയാകും. എന്നാല്‍ ദൈവാരാജ്യം ആത്മീയം ആയതിനാല്‍ അവിടെ പ്രവേശിക്കുവാന്‍ ആത്മീയമായ ജനനം ആവശ്യമാണ്‌.
ഇതിന്റെ അര്‍ത്ഥം ലളിതമാണ്. മനുഷ്യരുടെ പ്രവര്‍ത്തികളും, മതപ്രകാരമുള്ള ആചാരങ്ങളും, കൂദാശകളും ദൈവരാജ്യം അവകാശമാക്കുവാന്‍ സഹായിക്കില്ല. ദൈവരാജ്യം അവകാശമാക്കുവാന്‍ മനുഷ്യന് ഒരു സമൂലമായ രൂപാന്തരം ആവശ്യമാണ്‌, ഒരു ആത്മീയ വീണ്ടും ജനനം ആവശ്യാമാണ്.
യേശുവിന്‍റെ വാദം യുക്തിഭദ്രവും വ്യക്തവും ആണ്. എന്നാല്‍ നിക്കോദേമൊസിനെ സംബന്ധിച്ചിടത്തോളവും അത് സമൂലവും, തീവ്രവും, മത പ്രമാണങ്ങളെ ഇളക്കിമറിക്കുന്നതും ആണ്.
യേശുവിന്‍റെ ഉപദേശം സ്വീകരിക്കുക എന്നാല്‍, മശിഹയെക്കുറിച്ചും ദൈവരാജ്യത്തെ കുറിച്ചും ഇന്നേവരെയുള്ള ഉള്ള അദ്ദേഹത്തിന്‍റെ എല്ലാ ചിന്തകളേയും പഠിപ്പിക്കലുകളെയും ഉപേക്ഷിക്കുക എന്നതാണ്.
ഇവിടെ നിക്കോദേമൊസ് ഗൌരവമായ ഒരു പ്രതിസന്ധിയില്‍ ആണ്. അവനു യേശുവിനോടൊപ്പം നില്‍ക്കുവാന്‍ കഴിയുമോ എന്നതാണ് ചോദ്യം.
ഈ പുതിയ വെളിപ്പാട് അവനു സ്വീകരിക്കുവാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അവനു വീണ്ടും ജനനം പ്രാപിക്കുവാന്‍ കഴിയൂ.

അതുകൊണ്ട് യേശു അവനോടു പറഞ്ഞു: നീ വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കേണം.
എന്താണ് വെള്ളത്താലും ആത്മാവിനാലും ജനിക്കേണം എന്ന് യേശു പറഞ്ഞതിന്റെ അര്‍ത്ഥം?
ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ: ഈ സംഭാഷണത്തിനിടയില്‍ ഒരിക്കല്‍ യേശു നിക്കോദേമൊസിനോട് ചോദിച്ചു, “നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?
അതായാത്, യേശു പഴയനിയ പ്രമാണങ്ങളുടെ വ്യാഖ്യാനങ്ങളും വെളിപ്പാടുകളും പഠിപ്പിക്കുക ആണ്. നിക്കോദേമൊസ് വ്യാഖ്യാനങ്ങളും വെളിപ്പാടുകളും പഠിപ്പിക്കുവാന്‍ അധികാരം ഉള്ള വ്യക്തി ആണ്. അദ്ദേഹത്തിനു ദൈവവചനം നല്ലതുപോലെ അറിവുണ്ടായിരിക്കേണം.  എന്നാല്‍ അവനു ദൈവ വചനത്തിലെ ലളിതമായ സത്യം പോലും മനസ്സിലാകുന്നില്ല.
അതിന്റെ അര്‍ത്ഥം, വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കുക എന്നത് ഒരു പഴയനിയമ സത്യം ആണ്. അതിനെ യേശു ഇവിടെ വെളിപ്പെടുത്തുന്നു എന്നേ ഉള്ളൂ.

വെള്ളത്താല്‍ പുതിയതായി ജനിക്കുക എന്നത് യഹൂദന്മാരുടെ ഇടയില്‍ നിലവില്‍ ഇരുന്ന ഒരു ആചാരത്തെ ഓര്‍മ്മിപ്പിക്കുന്നു. യഹൂദന്മാരില്‍ തന്നെ അശുദ്ധി ആയവര്‍ ശുദ്ധി ആകുവാനുള്ള വെള്ളത്താലുള്ള കഴുകലിനെയും, ജാതീയ വിശ്വാസത്തില്‍ നിന്നുള്ളവര്‍ യഹൂദ വിശ്വാസം സ്വീകരിക്കുമ്പോള്‍ ഉള്ള സ്നാനത്തെയും അത് സൂചിപ്പിക്കുന്നു.
മതപ്രാകാരമുള്ള ശുദ്ധിയുടെ കഴുകല്‍ എപ്പോള്‍, എങ്ങനെ ചെയ്യേണം എന്നും അതിന്റെ ആത്മീയവും മാര്‍മ്മികവുമായ അര്‍ത്ഥം എന്താണ് എന്നും നിക്കോദേമൊസ് അറിഞ്ഞിരിക്കേണം.
പഴയനിയമ വ്യവസ്ഥ പ്രകാരം ഒരു യഹൂദന്‍ വിവധ കാരണങ്ങളാല്‍ അശുദ്ധന്‍ ആയി തീരും. അങ്ങനെ അശുദ്ധന്‍ ആയി തീര്‍ന്നാല്‍ അവന്‍ തന്നെത്തന്നെ വെള്ളത്താല്‍ കഴുകുകയും അവന്റെ വസ്ത്രം അലക്കി വെടിപ്പാകുകയും വേണം. സൂര്യന്‍ അസ്തമിക്കുന്നതുവരെയോ, ചില ദിവസങ്ങളോളമോ അവന്‍ സ്വന്ത ഭവനത്തില്‍ പ്രവേശിക്കാതെ കഴിയുകയും വേണം. വെള്ളത്താലുള്ള ശുദ്ധീകരണത്തിനു ശേഷം അവന്‍ ശുദ്ധന്‍ ആകും.
ഇത്തരം ശുദ്ധീകരണം ശരീരത്തിന് പുറത്തു ചെയ്യുന്നതാണ് എങ്കിലും അതിന്‍റെ ആത്മീയ മര്‍മ്മം ആ വ്യക്തിയുടെ ഉള്ളിലെ മനുഷ്യന്റെ ശുദ്ധീകരണം ആയിരുന്നു. ഒരിക്കല്‍ അശുദ്ധനായി തീര്‍ന്ന ഒരു മനുഷ്യന്റെ ആത്മാവിന്റെ ശുദ്ധീകരണം എന്ന മര്‍മ്മം ഇവിടെ മറഞ്ഞിരിക്കുന്നുണ്ട്. ഈ മര്‍മ്മം ഒരു പരീശനായ പ്രമാണി അറിഞ്ഞിരിക്കേണ്ടതാണ്.

ജാതീയ വിശ്വാസത്തില്‍ ഉള്ളവര്‍ യഹൂദ വിശ്വാസം സ്വീകരിച്ച് യഹൂദന്‍ ആയി മാറുന്നത് അപൂര്‍വ്വം ആയിരുന്നു എങ്കിലും സംഭവ്യം ആയിരുന്നു. രാഹാബും രൂത്തും ഇങ്ങനെ യഹൂദ മതം സ്വീകരിച്ചവര്‍ ആണ്. ഇപ്രകാരം യഹൂദ മതം സ്വീകരിക്കുന്ന ജാതീയ വിശ്വാസികള്‍ തങ്ങളുടെ വിശ്വാസം ഏറ്റുപറയുകയും, പഴയ ജാതീയ മനുഷ്യനെ കഴുകി കളയുവാനായി വെള്ളത്തില്‍ സ്നാനപ്പെടുകയും ചെയ്യാറുണ്ടായിരുന്നു.
ഇവിടെയും വെള്ളത്താലുള്ള കഴുകല്‍ പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞ് പുതിയ മനുഷ്യനെ പ്രാപിക്കുന്നതിന്റെ പ്രത്യക്ഷമായ അടയാളം ആണ്. വെള്ളത്താല്‍ അവന്‍ പുതിയതായി ജനിക്കുക ആണ്.
അതായത്, പഴയ മനുഷ്യന്റെ മരണവും പുതിയ മനുഷ്യന്റെ ജനനവും എന്ന ആത്മീയ മര്‍മ്മം വെള്ളത്താലുള്ള കഴുകലില്‍ മറഞ്ഞിരിക്കുന്നു.
പഴയനിയമം ജഡപ്രകാരമുള്ള ആചാരങ്ങളില്‍ നില്‍ക്കുമ്പോള്‍ പുതിയ നിയമവിശ്വാസം ജഡത്തിന്റെ ഉള്ളിലേക്ക് ആത്മാവിലേക്ക് ഇറങ്ങുന്നു. സത്യത്തില്‍, പഴയ നിയമ വിശ്വാസികളും, ജഡപ്രകാരമുള്ള ആചാരങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും, അതിന്റെ ആത്മീയ മര്‍മ്മം ഗ്രഹിക്കുകയും സ്വീകരിക്കുകയും ചെയ്യേണമായിരുന്നു. എന്നാല്‍ അവരില്‍ ഭൂരിപക്ഷവും അതില്‍ പരാജയപ്പെട്ടു. അതിനാല്‍ അവര്‍ക്ക് ആത്മീയമായി വീണ്ടും ജനിക്കുവാനോ, യേശു പ്രസംഗിച്ച ദൈവരാജ്യത്തിന്റെ സുവിശേഷം ഗ്രഹിക്കുവാനോ കഴിഞ്ഞില്ല.

വെള്ളത്താല്‍ ജനിക്കേണം എന്ന് യേശു നിക്കോദേമൊസിനോട് പറഞ്ഞപ്പോള്‍, പഴയ നിയമത്തില്‍ പണ്ഡിതന്‍ ആയ അദ്ദേഹം, യഹൂദ ആചാരങ്ങളുടെ ആത്മീയ മര്‍മ്മം ഓര്‍ക്കേണ്ടിയിരുന്നു.
പഴയ മനുഷ്യന്‍ മരിക്കേണം, പുതിയ മനുഷ്യന്‍ ജനിക്കേണം.
ഇതുതന്നെ ആണ് യോഹന്നാന്‍ സ്നാപകന്‍ പ്രസംഗിച്ചതും: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” (മത്തായി 3: 2).
വീണ്ടും ജനനത്തിലെ മാനസാന്തരമെന്ന മര്‍മ്മം യോഹന്നാന്‍ വെളിപ്പെടുത്തുക ആണ്.
യോഹന്നാന്‍റെ പഠിപ്പിക്കലും, അവന്റെ സ്നാനവും അതിന്റെ ആത്മീയ മര്‍മ്മങ്ങളും നിക്കോദേമൊസ് അറിഞ്ഞിരിക്കേണ്ടതാണ്.

പുതിയ നിയമത്തിലേക്ക് നമ്മള്‍ വരുമ്പോള്‍, ദൈവ വചനത്തെ, ശുദ്ധീകരിക്കുന്ന വെള്ളമായി ചിത്രീകരിക്കുന്നുണ്ട്.
എഫെസ്യര്‍ 5: 26 ല്‍ “അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും” എന്ന് നമ്മള്‍ വായിക്കുന്നു.
ഇവിടെ ജലത്താലുള്ള സ്നാനവും വചനത്താലുള്ള സ്നാനവും ഒന്നായി കാണുന്നു. അതായത് ജലത്തലുള്ള സ്നാനം ദൈവ വചനത്താലുള്ള സ്നാനത്തിന്റെ മാര്‍മ്മികമായ അടയാളം ആണ്.
ചുരുക്കി പറഞ്ഞാല്‍, വെള്ളത്താല്‍ പുതിയതായി ജനിക്കേണം എന്ന് യേശു പറഞ്ഞപ്പോള്‍, ഒരു വ്യക്തിക്ക് ഉണ്ടാകേണ്ടുന്ന ആത്മീയമായ പുതു ജനനത്തെ കുറിച്ചാണ് ഉദ്ദേശിച്ചത്. അത് പാപത്തെ തള്ളിപറഞ്ഞുള്ള, മാനസാന്തരത്തിലൂടെ സംഭവിക്കുന്ന പഴയ മനുഷ്യന്‍റെ മരണവും വിശ്വാസത്താല്‍ വിശുദ്ധീകരിക്കപ്പെട്ട പുതിയ മനുഷ്യന്റെ ജനനവും ആണ്. മാനസാന്തരമോ, ദൈവ വചന കേള്‍വിയാല്‍ സംഭവിക്കുന്നു.

ആത്മാവിനാല്‍ വീണ്ടും ജനിക്കേണം എന്ന യേശുവിന്‍റെ ഉപദേശത്തിന് വിശദീകരണം ആവശ്യമില്ല.
മനുഷ്യന്‍റെ പ്രവര്‍ത്തികളിലൂടെ അല്ല, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെ ആണ് വീണ്ടും ജനനം സാധ്യമാകുന്നത്. ഇതാകട്ടെ ദൈവത്തിന്റെ കൃപയാല്‍ മാത്രം സാധ്യമാകുന്ന ഒരു പ്രക്രിയ ആണ്.
ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. അതിനു മാത്രമേ ദൈവരാജ്യം അവകാശമാക്കുവാന്‍ കഴിയുക ഉള്ളൂ. കാരണം ദൈവരാജ്യം ഐഹീകം അല്ല.
ഇവിടെ ആണ് വീണ്ടും ജനനം ഉയരത്തില്‍ നിന്നുള്ള ജനനമായി മാറുന്നത്. അത് സ്വര്‍ഗീയ ജനനം ആണ്.

വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല എന്ന യേശുവിന്റെ ഉപദേശത്തെ, ചില സഭാവിഭാഗങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. അവര്‍ ഇതിനെ സ്നാനത്തിലൂടെ ഉള്ള രക്ഷ എന്ന രീതിയില്‍ പഠിപ്പിക്കാറുണ്ട്.
എന്നാല്‍ യേശുവും നിക്കോദേമൊസം തമ്മിലുള്ള സംഭാഷണത്തില്‍ എവിടെയും സ്നാനം ഒരു വിഷയമാകുന്നില്ല. യേശു സ്നാനത്തെക്കുറിച്ച് യാതൊന്നും പറയുന്നുമില്ല.
മാത്രവുമല്ല, സ്നാനത്തിലൂടെ വീണ്ടും ജനനം പ്രാപിക്കേണം എന്ന് പറയുവാന്‍ യേശുവിനു ‘സ്നാനത്താലും ആത്മാവിനാലും’ എന്ന് വ്യക്തമായി പറയാമായിരുന്നു.
യോഹന്നാന്റെ സുവിശേഷം 3 ആം അദ്ധ്യായത്തില്‍ 22 മുതല്‍ 30 വരെയുള്ള വാക്യങ്ങളില്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ സ്നാനപ്പെടുത്തുന്നതിനെ കുറിച്ചുള്ള പരാമര്‍ശം ഉണ്ട്. എന്നാല്‍ അത് മറ്റൊരു സന്ദര്‍ഭത്തിലും മറ്റൊരു സ്ഥലത്തും ആണ്.

യേശു നിക്കോദേമൊസിനോട് സംസാരിക്കുന്ന കാലത്ത് ക്രിസ്തീയ സ്നാനം നിലവില്‍ വന്നിരുന്നില്ല എന്ന് കൂടി നമ്മള്‍ ഓര്‍ക്കേണം. യേശുവിന്റെ മരണം, അടക്കം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയോട് അനുരൂപപ്പെടുന്ന ക്രിസ്തീയ സ്നാനം യേശുവിന്റെ മരണത്തിനും ഉയിര്‍പ്പിനും ശേഷം ആണ് നിലവില്‍ വന്നത്.
യേശുവിന്റെ ജീവിതകാലത്ത് യോഹന്നാന്റെ മാനസാന്തര സ്നാനം ആയിരുന്നു പരക്കെ അറിയപ്പെട്ടിരുന്നത്.
യോഹന്നാന്‍ 4: 2 ല്‍ “യേശു തന്നെ ആരെയും സ്നാനം കഴിപ്പിച്ചില്ലാതാനും” എന്നും നമ്മള്‍ വായിക്കുന്നു.
യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷാ കാലയളവില്‍ ഒരിക്കലും യേശു സ്നാനത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല.

യേശുക്രിസ്തു കൂശില്‍ മരിക്കുമ്പോള്‍, അവന്റെ രാജത്വത്തില്‍ വിശ്വാസം ഏറ്റുപറഞ്ഞ കള്ളന്‍ രക്ഷിക്കപ്പെട്ടു എന്ന് നമ്മള്‍ക്ക് അറിയാമല്ലോ. കള്ളന്‍ സ്നാനപ്പെടാതെ തന്നെ രക്ഷിക്കപ്പെട്ടു, ദൈവരാജ്യത്തിന് അവകാശി ആയി.
അവനു സ്നാനം ആവശ്യമില്ലായിരുന്നു. അവനു സനാനപ്പെടുവാനുള്ള അവസരവും ലഭിച്ചില്ല.
രക്ഷയ്ക്ക് സ്നാനം ആവശ്യമില്ല; എന്നാല്‍ രക്ഷിക്കപ്പെട്ടവര്‍ അവര്‍ക്ക് ലഭിക്കുന്ന ആദ്യ അവസരത്തില്‍ തന്നെ സ്നാനം സ്വീകരിക്കേണ്ടതാണ്.
ക്രൂശിലെ കള്ളന്‍ പഴയനിയമ യുഗത്തില്‍ ആയതിനാല്‍ ആണ് സ്നാനം കൂടാതെ രക്ഷ പ്രാപിച്ചത് എന്ന പഠിപ്പിക്കല്‍ തെറ്റാണ്. യേശുവും, ശിഷ്യന്മാരും, അക്കാലത്ത് യേശുവില്‍ വിശ്വസിച്ചിരുന്നവല്‍ എല്ലാവരും,  ക്രൂശിലെ കള്ളനും എല്ലാം പുതിയനിയമ യുഗത്തില്‍ ജീവിച്ചിരുന്നവര്‍ ആണ്.
യേശു ശുശ്രൂഷ ആരംഭിക്കുന്നത് തന്നെ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. അതോടെ ദൈവാരാജ്യം ആരംഭിച്ചു കഴിഞ്ഞു. യേശുവിന്റെ ഗിരി പ്രഭാഷണം ദൈവരാജ്യത്തിന്റെ മൂല്യങ്ങളുടെ പ്രഖ്യാപനം ആണ്.
ദൈവരാജ്യത്തിന്റെ പ്രഖ്യാപനത്തോടെ പുതിയ ഉടമ്പടി നിലവില്‍ വന്നു കഴിഞ്ഞു. ഒരു ഉടമ്പടിയുടെ വിശദാംശങ്ങളും വ്യവസ്ഥകളും ഉയര്‍ന്ന അധിക്കാരമുള്ള വ്യക്തി പ്രഖ്യാപിക്കുന്നതോടെ ഉടമ്പടി നിലവില്‍ വരുകയാണ്. അക്കാലത്ത് യേശുവില്‍ വിശ്വസിച്ചിരുന്നവര്‍ അതിനോട് ആമേന്‍ പറഞ്ഞവര്‍ ആണ്.
കൃപയാല്‍, യേശുക്രിസ്തുവിന്റെ പരമ യാഗത്തിലുള്ള വിശ്വാസം മൂലമുള്ള രക്ഷ ആണ് പുതിയ നിയമ ഉടമ്പടി.
ഈ ഉടമ്പടി ആണ് യേശു പ്രസംഗിച്ചത്. അവന്‍ ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവ കുഞ്ഞാടായി ആദ്യം മുതല്‍ തന്നെ അറിയപ്പെട്ടു.
ക്രൂശിലെ കള്ളന്‍ ഈ ഉടമ്പടി വ്യവസ്ഥ പ്രകാരമാണ്, കൃപയാല്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടത്‌.
ക്രിസ്തീയ സ്നാനം നിലവില്‍ വരുന്നതിനു മുമ്പായിതന്നെ അവന്‍ മരിക്കുകയും ചെയ്തു.

ഇതിന്‍റെ അര്‍ത്ഥം സ്നാനത്തിനു പ്രാധാന്യം ഇല്ല എന്നല്ല. രക്ഷിക്കപ്പെട്ട എല്ലാവരും ഉടന്‍ തന്നെ സ്നാനപ്പെടെണം. വിശ്വാസത്താല്‍ സ്വീകരിച്ച രക്ഷയുടെ പ്രത്യക്ഷമായ ഏറ്റുപറച്ചിലും അടയാളവും സാക്ഷ്യവും ആണ് സ്നാനം.
അപ്പൊസ്തലന്മാരുടെ കാലത്ത്, രക്ഷിക്കപ്പെട്ടു എങ്കിലും സ്നാനപ്പെടാത്ത വിശ്വാസി എന്നൊന്ന് ഇല്ലായിരുന്നു. അതിനാല്‍ തന്നെ അവര്‍ എപ്പോഴും രക്ഷയെക്കുറിച്ചും സ്നാനത്തെക്കുറിച്ചും ഒരുപോലെ സംസാരിച്ചു.
എന്നാല്‍ സ്നാനം നമ്മളെ രക്ഷിക്കുന്നില്ല, സ്നാനം നമ്മളുടെ പാപങ്ങളെ കഴുകി കളയുന്നില്ല. കൃപയാല്‍ വിശ്വാസം മൂലം നമ്മള്‍ രക്ഷിക്കപ്പെടുന്നു. ദൈവ വചനത്താലുളവാകുന്ന മാനസന്തരത്താലും പരിശുദ്ധാമാവിനാലും യേശുവിന്റെ രക്തത്താലും നമ്മളുടെ പാപങ്ങള്‍ കഴുകപ്പെടുന്നു.

കാറ്റും വീണ്ടും ജനനവും

ഇത്രയും വിശദമായി പറഞ്ഞിട്ടും വീണ്ടും ജനനം എങ്ങനെ സംഭവിക്കും എന്ന് നിക്കോദേമൊസിന് മനസ്സിലായില്ല. അതിനാല്‍ യേശു മറ്റൊരു ഉദാഹരണം പ്രകൃതിയില്‍ നിന്നും എടുത്ത് പറയുകയാണ്‌.

യോഹന്നാന്‍ 3: 8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.

ഇവിടെ ‘കാറ്റ്’ എന്ന് പറയുവാന്‍ യേശു ഉപയോഗിച്ച ‘ന്യൂമ’ (pneuma) എന്ന ഗ്രീക്ക് പദം തന്നെ ആണ് ‘ആത്മാവ്’ എന്ന് പറയുവാനും ഉപയോഗിക്കുന്നത്.
കാറ്റ് വീശുമ്പോള്‍ അതിനെ ആര്‍ക്കും കാണുവാന്‍ കഴിയുക ഇല്ല. എന്നാല്‍ കാറ്റിനെ അനുഭവിക്കുവാന്‍ കഴിയും. അത് നമ്മളുടെ ശരീരത്തില്‍ വീശുന്നത് നമുക്ക് അറിയുവാന്‍ കഴിയും. വൃക്ഷങ്ങളുടെ ഇലകള്‍ അനങ്ങുന്നതും, ശിഖിരങ്ങള്‍ ഉലയുന്നതും നമുക്ക് കാണുവാന്‍ കഴിയുന്നു. അതിന്റെ ദിശ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും എങ്കിലും അത് എവിടെ നിന്നും പുറപ്പെട്ടു വന്നു എന്നോ അത് എവിടേക്ക് പോകുന്നു എന്നോ നമുക്ക് അറിയുവാന്‍ കഴിയുക ഇല്ല. നമുക്ക് അതിനെ തൊടുവാന്‍ കഴിയും എങ്കിലും അതിനെ പിടിച്ചു നിറുത്തുവാന്‍ കഴിയുക ഇല്ല.
എന്നാല്‍, കാറ്റ് വീശുന്നിടത്തെല്ലാം അത് ചില മാറ്റങ്ങള്‍ വരുത്തും.
അതുപോലെ തന്നെ ആണ് പരിശുദ്ധ ആത്മാവും. വീണ്ടും ജനനം പരിശുദ്ധ ആത്മാവിന്റെ പ്രവര്‍ത്തി ആണ്. ആത്മാവ് അദൃശ്യമാണ്, എങ്കിലും അതിന്റെ പ്രവര്‍ത്തനത്താലുള്ള രൂപാന്തരം നമുക്ക് കാണുവാനും അനുഭവിക്കുവാനും കഴിയും. പരിശുദ്ധാത്മാവ് ചലിക്കുന്നിടത്തോക്കെയും രൂപാന്തരം ഉണ്ടാകും. വീണ്ടും ജനനം പ്രാപിച്ചവരുടെ ജീവിതത്തില്‍ ഈ രൂപാന്തരം കാണുവാന്‍ കഴിയും.

ഉപസംഹാരം

ഈ പഠനം ചുരുക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എങ്ങനെ ഒരു വ്യക്തിക്ക് വീണ്ടും ജനനം പ്രാപിക്കുവാന്‍ കഴിയും?
യേശുക്രിസ്തുവിനെ വീണ്ടെടുപ്പുകാരനും രക്ഷകനും ജീവിതത്തിന്റെ കര്‍ത്താവും ആയി സ്വീകരിച്ചവര്‍ ആണ് വീണ്ടും ജനനം പ്രാപിച്ചവര്‍.
വീണ്ടും ജനനം പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, തങ്ങള്‍ പാപികള്‍ ആണ് എന്നും പാപം മനുഷ്യര്‍ ആയിരിക്കുന്ന അവസ്ഥ ആണ് എന്നും അതിനാല്‍ നല്ല പ്രവര്‍ത്തികളാല്‍ പാപത്തില്‍ നിന്നും മോചനം പ്രാപിക്കുവാന്‍ കഴിയുക ഇല്ല എന്നും സമ്മതിക്കേണം.
പാപം കാരണം നമ്മള്‍ ദൈവത്തോട് ബന്ധം ഇല്ലാത്തവരായി മാറിയിരിക്കുന്നു. ആത്മീയമായി നമ്മള്‍ ദൈവത്തോട് ശത്രുക്കള്‍ ആയിരിക്കുന്നു.
എന്നാല്‍ ദൈവം നമ്മളെ സ്നേഹിക്കുന്നു. അതിനാല്‍ പാപത്തില്‍ നിന്നും നമ്മളെ വീണ്ടെടുക്കുവാന്‍ ദൈവം ഒരു പ്രതിനിധിയും പകരക്കാരനുമായവനെ അയക്കുവാന്‍ തീരുമാനിച്ചു.
അങ്ങനെ സ്വന്ത പുത്രനായ യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യന്‍ ആയി ജനിച്ചു നമ്മള്‍ക്കുവേണ്ടി പാപ പരിഹാരമായ യാഗമായി തീര്‍ന്ന്, ക്രൂശില്‍ മരിച്ചു.
മരണത്തിനു ശേഷം യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയി, ഇന്ന് നമ്മളുടെ ഏക മദ്ധ്യസ്ഥന്‍ ആയി ഇരിക്കുന്നു.
അങ്ങനെ നമുക്ക് ദൈവത്തോട് നിരപ്പുണ്ടായി, തന്റെ ക്രൂശിലെ യാഗത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എല്ലാം പാപ മോചനവും, രക്ഷയും നിത്യജീവനും യേശുക്രിസ്തു വാഗ്ദാനം ചെയ്യുന്നു.
യേശുവില്‍ ഹൃദയം കൊണ്ട് വിശ്വസിക്കുകയും, വായ്‌ കൊണ്ട് ഏറ്റുപറയുകയും ചെയ്‌താല്‍ നമ്മള്‍ വീണ്ടും ജനനം പ്രാപിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യും.

ഈ പഠനം നിങ്ങള്‍ക്ക് അനുഗ്രഹമായിരുന്നു എന്ന് വിശ്വസിക്കുന്നു.
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ! ആമേന്‍!

Official website: naphtalitribe.com

Watch the video of this message in English and Malayalam @ naphtalitribetv.com
Listen to the audio messages in English and Malayalam @ naphtalitriberadio.com
Read study notes in Malayalam @ vathil.in

No comments:

Post a Comment