വേദപുസ്തകം വായിക്കുവാനും ധ്യനിക്കുവാനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ എന്ന ചോദ്യമാണ്
നമ്മളുടെ ഇന്നത്തെ ചര്‍ച്ചാവിഷയം.
കേരളത്തിലെയും വിദേശങ്ങളിലെയും ചില ദൈവദാസന്മാര്‍ മൊബൈലില്‍ ദൈവവചനം
വായിക്കുന്നതിനെതിരെ രംഗത്തുണ്ട്. അവരുടെ വിമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍
പ്രസിദ്ധവും ആണ്.
എന്നാല്‍ പ്രായംകൊണ്ടു മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ എതിര്‍ക്കേണ്ട ആളാണ്
എങ്കിലും, മൊബൈലില്‍ വേദപുസ്തകം വായിക്കുന്നതിനെയോ, ധ്യാനിക്കുന്നതിനെയോ ഞാന്‍ എതിര്‍ക്കുന്നില്ല.
അതിനാല്‍ ഈ ഭാഗം കൂടി കേള്‍ക്കുവാന്‍ ഞാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു.
ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളെ എതിര്‍ത്ത ഒരു ഇരുണ്ട ചരിത്രം ക്രൈസ്തവ സഭയ്ക്ക്
ഉണ്ട്.
ഗലീലിയോയുടെ ചരിത്രം അതിന് ഒരു ഉദാഹരണം ആണ്.
ഭൂമി പരന്നതായിരിക്കേണ്ടത് ഗലീലിയോയുടെ കാലത്തെ സഭയ്ക്ക് ആവശ്യമായിരുന്നു.
ഉരുണ്ട ഭൂമിയെ ഉള്‍ക്കൊള്ളുവാന്‍ അന്നത്തെ സഭയുടെ ദൈവശാസ്ത്രത്തിനു
കഴിഞ്ഞില്ല.
അതുകൊണ്ട് അവര്‍ മുന്നറിയിപ്പുകള്‍ നല്‍കി, ഭീക്ഷിണിപ്പെടുത്തി, എന്നിട്ടും
അടങ്ങാത്തതിനാല്‍ ഗലീലിയോയെ ജീവപര്യന്തം തടവില്‍ ആക്കി.
ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തെ അങ്ങനെ ഇല്ലാതാക്കാം എന്ന് അവര്‍ കരുതി.
എന്നാല്‍ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങള്‍ മനുഷ്യന്‍റെ നിയന്ത്രണത്തിനും
അപ്പുറത്തായി സംഭവിച്ചു കൊണ്ടേയിരിക്കുന്ന പ്രക്രിയ ആണ്. അതിനെ തടഞ്ഞുനിറുത്തുവാന്‍
മനുഷ്യന് കഴിയുക ഇല്ല.
ഒരു കാലത്ത് വേദപുസ്തകം സാധാരണ മനുഷ്യര്‍ വായിക്കുന്നത് വിലക്കിയിരുന്നു.
പള്ളികളില്‍ പോലും അവ ചങ്ങലയിട്ട് സൂക്ഷിച്ചിരുന്നു.
സാധാരണക്കാര്‍ വേദപുസ്തകം വായിച്ചാല്‍ അതിനെ തെറ്റായി മനസ്സിലാക്കും എന്നും അതിനാല്‍
ദൈവശാസ്ത്രം പഠിച്ച പുരോഹിതന്മാര്‍ അതിനെ വായിച്ച് പഠിച്ച്, മറ്റുള്ളവര്‍ക്ക്
പറഞ്ഞുകൊടുക്കുന്നത് സാധാരണകാര്‍ മനസ്സിലാക്കിയാല്‍ മതി എന്നും അന്നത്തെ സഭ
പഠിപ്പിച്ചിരുന്നു.
അങ്ങനെ ഉള്ള ഒരു കാലത്താണ് അച്ചടിയന്ത്രം കണ്ടുപിടിക്കുന്നത്.
ജോഹാന്‍ ഗുട്ടെന്‍ബെര്‍ഗ് എന്ന ജര്‍മ്മന്‍കാരനാണ് 1455 AD ല്‍ അച്ചടിയന്ത്രം
കണ്ടുപിടിക്കുന്നത്.
അതിനുമുമ്പും തടികളിലും ലോഹങ്ങളിലും ബ്ലോക്കുകള്‍ ഉണ്ടാക്കി അച്ചടിക്കുന്ന
സമ്പ്രദായം ഉണ്ടായിരുന്നു എങ്കിലും അക്ഷരങ്ങളുടെ രൂപങ്ങള്‍ ഉണ്ടാക്കിയതും യന്ത്രം
ഉപയോഗിച്ചതും ഗുട്ടെന്‍ബെര്‍ഗ് ആണ്.
പുസ്തകങ്ങള്‍ അതിന് മുമ്പും ഉണ്ടായിരുന്നു എങ്കിലും അതിനെ സാധരണ ജനങ്ങളിലെക്ക്
എത്തിച്ചത് അച്ചടിയന്ത്രത്തിന്റെ കണ്ടുപിടുത്തം ആണ്.
ഗുട്ടെന്‍ബെര്‍ഗിന്‍റെ യന്ത്രത്തില്‍ വേദപുസ്തകത്തിന്റെ ലത്തീന്‍ ഭാഷയിലുള്ള
ഒരു പതിപ്പ് അച്ചടിച്ചു.
അദ്ദേഹം അച്ചടിച്ച ബൈബിള്‍ ഇന്ന് നമ്മള്‍ കൊണ്ടുനടക്കുന്ന ഭാരം കുറഞ്ഞതും,
കമ്പ്യൂട്ടറില്‍ ചെറിയ അക്ഷരങ്ങളായി type set ചെയ്തതും ആയിരുന്നില്ല.
അദ്ദേഹം അച്ചടിച്ച വേദപുസ്തകത്തിന് 42 സെന്റിമീറ്റര്‍ നീളവും 30 സെന്റിമീറ്റര്‍
വീതിയും ഉണ്ടായിരുന്നു.
അതിനു 1286 പേജുകള്‍ ഉണ്ടായിരുന്നു; അത് രണ്ട് ബുക്കുകളായി ബൈന്‍ഡ്
ചെയ്തിരുന്നു.
കൈകള്‍കൊണ്ടുണ്ടാക്കിയതും ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്തതുമായ പേപ്പര്‍
ആയിരുന്നു അന്ന് ഉപയോഗിച്ചത്.
നിശ്ചയമായും ഈ ബൈബിള്‍ കൈയില്‍ പിടിച്ചുകൊണ്ടു ആരും പള്ളികളിലോ സഭായോഗങ്ങള്‍ക്കോ
അന്ന് പോയിരുന്നില്ല.
വിവാഹത്തിനെത്തുന്ന വധൂവരന്മാര്‍ ആരും ഈ വേദപുസ്തകം കൈയില്‍
പിടിച്ചിരുന്നില്ല.
ആദ്യ നൂറ്റാണ്ടുമുതല്‍ ശേഷമുള്ള അനേകം നൂറ്റാണ്ടുകളോളം ദൈവവചനം കൈകള്‍കൊണ്ട്
എഴുതി സൂക്ഷിച്ചിരുന്നു.
ആദ്യകാലങ്ങളില്‍ മൃഗങ്ങളുടെയോ വൃക്ഷങ്ങളുടെയോ തോലില്‍ ആണ് എഴുതിയിരുന്നത്.
സന്യാസിസമൂഹകങ്ങളും ആശ്രമങ്ങളും ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമായ നാളുകള്‍
മുതല്‍ ക്രിസ്തീയ സന്യാസിമാര്‍ വചനം പകര്‍ത്തി എഴുതുന്ന ജോലിയില്‍ ഏര്‍പ്പെട്ടു.
അന്നൊന്നും എല്ലാ വിശ്വാസികള്‍ക്കും, അല്ലെങ്കില്‍ എല്ലാ കൈസ്തവ കുടുംബങ്ങള്‍ക്കുപോലുമോ
സ്വന്തമായി ഒരു വേദപുസ്തകം ഉണ്ടായിരുന്നില്ല.
ദൈവവചനത്തിന്റെ
ആദ്യത്തെ എഴുത്ത് നടത്തിയത് ദൈവം ആണന്നു വിശ്വസിക്കാം.
ദൈവം തന്‍റെ
പ്രമാണങ്ങളെ പലക പോലെ വലിയതും മിനുസപ്പെടുത്തിയിരുന്നതുമായ കല്ലില്‍ എഴുതി
മോശേക്ക് കൊടുത്തു.
ദൈവീക പ്രമാണങ്ങള്‍
കല്ലുപോലെ, മയമില്ലാത്ത, കഠിനമായ, ദയ ഇല്ലാത്ത, നിയമങ്ങള്‍ ആയിരുന്നത് കൊണ്ടല്ല, ദൈവം
അങ്ങനെ ചെയ്തത്.
അന്ന് നമ്മള്‍
ഇപ്പോള്‍ ഉപയോഗിക്കുന്ന പേപ്പര്‍ ഇല്ലായിരുന്നു എന്നതുകൊണ്ടാണ് എന്ന്
ചിന്തിക്കുന്നത് യുക്തിഭദ്രം തന്നെ ആണ്.
മോശെ
ജീവിച്ചിരുന്നത് വെങ്കലയുഗത്തിന്റെ അവസാന കാലത്ത് ആണ്.
അന്ന് മിനുസമുള്ള
കല്‍പ്പലകകള്‍ എഴുതുവാനായി ഉപയോഗിച്ചിരുന്നു.
സ്വര്‍ണ്ണം, വെള്ളി
പോലെയുള്ള ലോഹങ്ങളും, ഉറപ്പുള്ള ചെളികൊണ്ട് ഉണ്ടാക്കിയ പലകകളും, മൃഗങ്ങളുടെ തോലും,
വൃക്ഷങ്ങളുടെ ശാഖകളും തൊലിയിലും എഴുതുവാന്‍ ഉപയോഗിച്ചിരുന്നു.
മോശെ ദൈവവചനം
എഴുതിയത് ഇവയില്‍ ഏതെങ്കിലും ഉപയോഗിച്ചാകാം.
പുതിയനിയമ
കാലമായപ്പോഴേക്കും ഈജിപ്തിലെ നൈല്‍ നദീതീരത്ത് കണ്ടിരുന്ന പാപ്പിറസ് എന്ന
സസ്യത്തിന്റെ തണ്ടുകള്‍ കീറി ചേര്‍ത്തുവച്ച് ഒരു രീതിയിലുള്ള പേപ്പര്‍
ഉണ്ടാക്കിയിരുന്നു.
എഴുത്തുകള്‍ പിന്നീട്
അതിലേക്കു മാറി.
എന്നാല്‍
യേശുക്ര്സ്തു ദൈവാലയത്തില്‍ വായിച്ച പുസ്തകം, മൃഗത്തിന്റെ തോലില്‍ എഴുതപ്പെട്ടത് ആയിരിക്കാം.
അക്കാലത്ത്
നമ്മളുടെ പുസ്തകം പോലെ ഉള്ള പുസ്തകങ്ങള്‍ ലഭ്യമായിരുന്നില്ല എന്നതിനാല്‍ യേശു
വായിച്ചത് പുസ്തകത്തില്‍ നിന്നല്ല, ചുരുളില്‍ നിന്നാണ് എന്ന് അനുമാനിക്കാം.
യേശുവിന് സ്വന്തമായ
ഒരു പുസ്തകമോ, ചുരുളോ ഇല്ലായിരുന്നു.
ദൈവാലയത്തില്‍ ഇരുന്ന
ചുരുള്‍ എടുത്ത് വായിക്കുക ആയിരുന്നു.
അന്നും ആരും
പള്ളിയിലേക്ക് പോകുമ്പോള്‍ ദൈവവചനം അച്ചടിച്ച പുസ്തകം കൈയില്‍ കരുതിയില്ല; വിവാഹ
വേദിയില്‍ വധൂവരന്മാര്‍ പുസ്തകവുമായി നിന്നില്ല.
നമ്മള്‍ ഇപ്പോള്‍
ഉപയോഗിക്കുന്ന പേപ്പറിന്റെ ആദ്യരൂപം കണ്ടുപിടിച്ചത് ചൈനാക്കാര്‍ ആണ്. അത് 100 BC
ല്‍ ആയിരുന്നിരിക്കേണം.
105 AD ല്‍ അവര്‍
അത് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ തുടങ്ങി.
എന്നാല്‍ അത് മറ്റു
രാജ്യങ്ങളിലേക്ക് പോകാതെ രഹസ്യമായി വച്ചു.
അതുകൊണ്ട് മറ്റു
രാജ്യങ്ങളിലേക്ക് ഈ വിദ്യ എത്തുവാനും പേപ്പറിന്റെ ഉപയോഗം സര്‍വ്വസാധാരണം ആകുവാനും
പിന്നീട് അനേകം വര്‍ഷങ്ങള്‍ എടുത്തു.
400 AD യോടെ
ഇന്ത്യയില്‍ പപ്പേര്‍ ഉപയോഗിക്കുവാന്‍ തുടങ്ങി; 600 AD ല്‍ പേപ്പര്‍ കൊറിയയിലും
ജപ്പാനിലും എത്തി.
800 കളില്‍ പേപ്പര്‍
ഇസ്ലാമിക രാജ്യങ്ങളില്‍ എത്തി.
പേപ്പറുകള്‍
കൊണ്ടുള്ള പുസ്തകങ്ങള്‍ ഉണ്ടായത് 1000 AD ല്‍ ചൈനയിലും ഇന്ത്യയിലും ആണ്.
പന്നീട് അനേകം വര്‍ഷങ്ങള്‍ക്കു
ശേഷമാണ് ഗുട്ടന്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടുപിടിക്കുന്നത്.
അദ്ദേഹം അച്ചടിച്ച
വേദപുസ്തകം വലിപ്പം കൊണ്ടും ഭാരം കൊണ്ടും വ്യക്തികള്‍ക്ക് കൊണ്ടുനടക്കുവാന്‍
കഴിയുന്നതായിരുന്നില്ല.
എങ്കിലും അച്ചടി യന്ത്രവും അച്ചടിച്ച വെദപുസ്തകവും അന്നത്തെ മതത്തിന്‍റെ അടിത്തറയെ
ഇളക്കുന്നതായി മാറി.
മത നേതാക്കന്മാര്‍ ഭയപ്പെട്ടതുപോലെ സംഭവിച്ചു; ജനങ്ങള്‍ വേദപുസ്തകം
വായിക്കുവാന്‍ തുടങ്ങി, വചനം മനസ്സിലാക്കുവാന്‍ കഴിഞ്ഞു; മതത്തിന്റെ
അപ്രാമാധിതത്തെ ചോദ്യം ചെയ്തു.
പിന്നീട് ഇതിന്റെ എല്ലാം തുടര്‍ച്ചയായി നവോഥാന പ്രസ്ഥാനം ഉണ്ടായി.
മലയാളത്തില്‍ വേദപുസ്തകം ആദ്യമായി വിവര്‍ത്തനം ചെയ്യപ്പെടുന്നത് 1806 ല്‍ ആണ്,
അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്, പുളിക്കൊട്ടില്‍ ജോസഫ് ഇട്ടൂപ്പ്, കായംകുളം
ഫിലിപ്പോസ് റമ്പാന്‍ എന്നീ രണ്ട് മലങ്കര സിറിയന്‍ ക്രിസ്ത്യന്‍ സന്യാസിവര്യന്മാര്‍
ആണ്.
1807 ല്‍ അവര്‍ നാല് സുവിശേങ്ങള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു.
എന്നാല്‍ അതില്‍, സുറിയാനി അറിയാമായിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ക്ക്
മാത്രം മനസ്സിലാകുന്ന ധാരാളം വാക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ അത് സാധാരണക്കാര്‍ക്ക്
പ്രയോജനം ചെയ്തില്ല. ഈ വിവര്‍ത്തനത്തെ റമ്പാന്‍ ബൈബിള്‍ എന്നാണ് വിളിക്കുന്നത്.
വേദപുസ്തകത്തിന്റെ സമ്പൂര്‍ണ്ണ വിവര്‍ത്തനം, ലളിതമായ മലയാള ഭാഷയില്‍ ഉണ്ടായത്
1829 ല്‍ ആണ്.
Church Missionary Society of India യുടെ സുവിശേഷകന്‍ ആയിരുന്ന Benjamin
Bailey ആണ് ആ വിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
1829 ല്‍ പുതിയ നിയമവും 1841 ല്‍ പഴയനിയമവും പൂര്‍ത്തിയായി.
മുമ്പ് ഉണ്ടായിരുന്ന വിവര്‍ത്തനത്തില്‍ നേരിയ വ്യത്യാസങ്ങള്‍ വരുത്തി Bible
Society of India 1910 ല്‍ പ്രസിദ്ധീകരിച്ച “സത്യവേദപുസ്തകം” ആണ് ഇന്ന് നമ്മള്‍
ഉപയോഗിക്കുന്നത്.
ആദ്യത്തെ മലയാള വേദപ്സുതകം വലുതും ഭാരമുള്ളതും ആയിരുന്നു; അന്ന് ആരും അതിനെ
കൈയില്‍ കൊണ്ട് നടക്കാറില്ലായിരുന്നു.
പിന്നെയും വര്‍ഷങ്ങള്‍ എടുത്തു, നമ്മളുടെ കൈയില്‍ കൊണ്ട് നടക്കാവുന്ന
വലുപ്പത്തില്‍ വേദപുസ്തകം ലഭിക്കുവാന്‍.
ഞാന്‍ ചരിതം ഇത്രയും വിശദമായി പറഞ്ഞത് വേദപുസ്തകം ഇന്ന് നമ്മളുടെ പക്കല്‍
ഇരിക്കുന്ന രീതിയില്‍ എത്തിയത് എങ്ങനെ ആണ് എന്നും അതിന്റെ പിന്നില്‍ ശാസ്ത്ര സാങ്കേതിക
മുന്നേറ്റം എത്രമാത്രം ഉണ്ട് എന്നതും നിങ്ങള്‍ അറിയുവാന്‍ വേണ്ടി ആണ്.
ദൈവം കല്ലില്‍ എഴുതിത്തുടങ്ങിയ, മോശെ കല്ലിലോ, ചെളികൊണ്ടുണ്ടാക്കിയ പലകളിലോ, മരത്തിന്റെയോ
മൃഗങ്ങളുടെയോ തോലിലോ എഴുതിയിരുന്ന, യേശുക്രിസ്തു മൃഗത്തിന്‍റെ തോലില്‍ വായിച്ച,
അപ്പോസ്തലന്മാര്‍ മൃഗങ്ങളുടെ തോലിലോ, പാപ്പിറസിലോ എഴുതിയ ദൈവവചനം, നമുക്ക് കൈയില്‍ കൊണ്ട് നടക്കുവാന്‍
പാകത്തില്‍ ലഭിച്ചത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ മുന്നേറ്റം കൊണ്ടാണ്.
ഈ ചരിത്രയാത്രയില്‍ ദൈവവചനം രേഖപ്പെടുത്തിയ മാധ്യമങ്ങള്‍ പലതും മാറി. കല്ല്
മാറി തോല്‍ ആയി, അത് മാറി പാപ്പിറസ് ആയി, പാപ്പിറസ് പേപ്പര്‍ ആയി, സാധാരണ പേപ്പര്‍
വീണ്ടും മാറി, നമ്മളുടെ വേദപുസ്തകം അച്ചടിക്കുന്ന മേന്മയുള്ള കട്ടികുറഞ്ഞ കടലാസ്
ആയി.
കല്ലിലും, ലോഹങ്ങള്‍ കൊണ്ടും ഉണ്ടാക്കിയ അക്ഷരങ്ങള്‍ ഉപയോഗിച്ചിരുന്ന
അച്ചടിയന്ത്രം മാറി, കമ്പ്യൂട്ടറില്‍ മനോഹരങ്ങളായ അക്ഷരങ്ങള്‍ നിരത്തി ഓഫ്സെറ്റ്
പ്രസ്സില്‍ അച്ചടി ആയി.
ഇപ്പോള്‍ കടലാസ് എന്ന മാധ്യമവും ക്രമേണ മാറുക ആണ്. ഇതു സാങ്കേതിക വിദ്യയുടെ
മുന്നേറ്റമാണ്, പിശാചിന്‍റെ പ്രവര്‍ത്തി അല്ല.
കൈയില്‍ കൊണ്ടുനടക്കാവുന്ന വലുപ്പത്തിലുള്ള വേദപുസ്തകം ലഭിക്കുന്നതിനു മുമ്പ്
നമ്മളുടെ വിവാഹ ശുശ്രൂഷയില്‍ വരനും വധുവും വേദപുസ്തകം കൈയില്‍ പിടിച്ചുകൊണ്ടു
വരേണ്ട ആവശ്യം ഇല്ലായിരുന്നു.
അന്നൊക്കെ വിവാഹം പുസ്തകത്തെ സാക്ഷി നിറുത്തിയല്ല നടത്തിയിരുന്നത്.
അന്ന് ദൈവം സാക്ഷി ആയിരുന്നില്ല, ദൈവം വധൂ വരന്മാരെ കൂട്ടി യോജിപ്പിക്കുവാന്‍
സന്നിഹിതന്‍ ആയിരുന്നു.
ഇന്ന് event manager മാര്‍ ക്രമീകരിക്കുന്ന വിവാഹത്തില്‍, വേദപുസ്തകം
പിടിച്ചുകൊണ്ടു വധൂവരന്മാര്‍ എത്തി, പുസ്തകത്തെ സാക്ഷി നിറുത്തി വിവാഹം
നടത്തുന്നു.
അവയില്‍ പലതും അല്‍പ്പായുസ്സുക്കളായി തകരുന്നു.
പുസ്തകത്തെ അല്ല വചനത്തെ സാക്ഷി നിറുത്തുകയാണ് ഞങ്ങള്‍ ചെയ്യുന്നത് എന്ന്
വാദിച്ചേക്കാം; പക്ഷെ ദൈവവചനം Bible Society അച്ചടിച്ച പുസ്തകം അല്ല; ദൈവ വചനം
സാക്ഷാല്‍ ക്രിസ്തുവാണ്.
ക്രിസ്തു വിവാഹത്തിന് സാക്ഷിയല്ല, അവന്‍ കൂട്ടിയോജിപ്പിക്കുന്ന പ്രധാന കണ്ണി
ആണ്.
അതുകൊണ്ട് പുസ്തകമല്ല ദൈവവചനം. പുസ്തകം ദൈവവചനം അച്ചടിച്ച ഒരു മാധ്യമം
മാത്രമാണ്.
പുസ്തകങ്ങളെ ബഹുമാനത്തോടെ കാണുന്ന പാരമ്പര്യം യഹൂദന്മാര്‍ക്ക് ഉണ്ട്.
പുസ്തകത്തെ ആരാധിക്കുന്ന പതിവ് ഹൈന്ദമത വിശ്വാസികള്‍ക്കും, ഇസ്ലാം മത വിശ്വാസികള്‍ക്കും
സിഖുകാരെപ്പോലെ ഉള്ളവര്‍ക്കും ഉണ്ട്.
പക്ഷെ ക്രൈസ്തവ വിശ്വസത്തില്‍ ദൈവത്തെ ആരാധിക്കുവാന്‍ മാത്രമേ ഉപദേശം ഉള്ളൂ.
ദൈവം മാത്രമേ ഉള്ളൂ വിശുദ്ധന്‍.
ഇന്ന് മിക്ക പെന്തകൊസ്തു ആരധനായലങ്ങളിലും ഗാനങ്ങളും ദൈവവചനവും, കമ്പ്യൂട്ടറും
LCD projector ഉം ഉപയോഗിച്ച് display ചെയ്യുകയാണ്. അത് സഭയ്ക്ക് ഉള്ളില്‍
ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
ഗായക സംഘം പാട്ടുപാടുന്നത് മൊബൈല്‍ ഫോണില്‍ നോക്കിയാണ്.
എന്നാല്‍ വേദപുസ്തകം മാത്രം വായിക്കുവാന്‍ പാടില്ല എന്നാണു പരീശമതം.
എന്താണ് വേദപുസ്തകം സഭയില്‍ കൊണ്ടുവന്ന് വചനം വായിച്ചാലുള്ള കുഴപ്പം?
മൊബൈലില്‍ വചനം മാത്രമല്ല, മറ്റ് പലതും ഉണ്ട് എന്നാണു വാദം.
നമ്മള്‍ ഉപയോഗിക്കുന്ന വേദപ്സുതകം എടുത്തു നോക്കിയേ. ഒരു നാട്ടിന്‍
പുറത്തുകാരന്റെ വേദപുസ്തകം ആയിക്കൊട്ടെ.
വേദപുസ്തകം അഴുക്കാകാതെ ഇരിക്കുവാന്‍, അവന്‍ അതിനുമീതെ സിപ്പ് ഉള്ള മറ്റൊരു
കറുത്ത കവറും ഇട്ടിട്ടുണ്ട്. ഈ കവറിന് സിപ്പുള്ള ഒരു പോക്കറ്റും ഉണ്ട്.
വേദപുസ്തകത്തിലും സിപ്പുള്ള കവറിലുമായി അവന്‍ ചില കാര്യങ്ങള്‍ സൂക്ഷിച്ച്
വച്ചിട്ടുണ്ട്.
സ്തോത്രകാഴ്ചയ്ക്കുള്ള രൂപ, പ്രസംഗകുറിപ്പുകള്‍ എഴുതുവാനുള്ള പേന, പേപ്പര്‍,
യാത്രാകൂലിക്കുള്ള രൂപ, സെക്രട്ടറിയെ ദശാംശം എല്‍പ്പിച്ചതിനുള്ള രസീത് എന്നിങ്ങനെ
പലതും.
പക്ഷെ ആലയത്തില്‍ ഇരിക്കുമ്പോള്‍ അവന്‍ ഇതൊന്നും എടുത്തു നോക്കാറില്ല.
മൊബൈല്‍ ഫോണില്‍ യാതൊന്നും അതിന്റെ ഉടമസ്ഥന്റെ അറിവോ സമ്മതമോ ഇല്ലാതെ കയറി
ഇരിക്കുന്നില്ല. ഒരു മാനസന്തരപ്പെട്ട വിശ്വാസിയുടെ ഫോണും
മാനസന്തപ്പെട്ടതായിരിക്കേണം.
ഇതു നമ്മള്‍ ഈ മാറിയ യുഗത്തില്‍ പഠിപ്പിക്കേണം.
മൊബൈല്‍ ഫോണ്‍, പിശാചല്ല, അത് ഒരു യന്ത്രം മാത്രമാണ്. നമ്മളുടെ കൈയിലെ വാച്ചും
ഒരു digital machine ആണ്. ഇതൊന്നും സ്വയമേ യാതൊന്നും ചെയ്യുന്നില്ല.
elactronic അഥവാ digital യന്ത്രങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യേണം എന്ന് അതിന്‍റെ
ഉടമസ്ഥര്‍ പഠിക്കേണം. അല്ലെങ്കില്‍ അതിനെ തെറ്റായി ഉപയോഗിക്കുക ആകും ഫലം.
മാനവ ചരിതത്തെ ശിലായുഗം എന്നും, വെങ്കല യുഗം എന്നും, ഇരുമ്പ് യുഗം എന്നും
വിളിക്കുന്നതുപോലെ നമ്മള്‍ ഇപ്പോള്‍ digital age ല്‍ ആണ്.
ഈ കാലഘട്ടത്തിലെ സാങ്കേതിക വിദ്യകളെ ദൈവനാമ മഹത്വത്തിനായി എങ്ങനെ ഉപയോഗിക്കാം
എന്നാണു നമ്മള്‍ ചിന്തിക്കേണ്ടത്.
ഓര്‍ക്കുക, അച്ചടി യന്ത്രം കണ്ടുപിടിച്ചപ്പോള്‍ തന്നെ വേദപുസ്തകം അച്ചടിച്ചു;
മലയാളത്തിലെ ആദ്യ അച്ചടി യന്ത്രത്തില്‍ നിന്നും ആദ്യം അച്ചടിച്ച പുസ്തകം വേദപുസ്തകം
ആണ്.
ഈ digital യുഗത്തിലും സാങ്കേതിക മുന്നേറ്റത്തെ ആദ്യവും ഏറ്റവും കൂടുതല്‍
ഉപയോഗിക്കേണ്ടതും ക്രൈസ്തവ വിശ്വാസികള്‍ ആണ്.
ചിലര്‍ മൊബൈലില്‍ വേദപുസ്തകം ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ഫോണിനെ തെറ്റായി സഭയിലോ
പള്ളികളിലോ ഉപയോഗിക്കുന്നുണ്ടായിരിക്കാം.
അവരെ നമ്മള്‍ തിരുത്തേണം. സാങ്കേതിക വിദ്യകളെ നിരസിക്കുക അല്ല, അതിനെ എങ്ങനെ
ഉപയോഗിക്കേണം എന്ന് പഠിപ്പിക്കുക ആണ് വേണ്ടത്.
പള്ളികളിലെക്കോ സഭായോഗങ്ങളിലേക്കോ പ്രവേശിക്കുന്നതിന് മുമ്പായി, ഫോണ്‍
നിശബ്ധമാക്കാം, DNB എന്ന option ഉപയോഗിക്കാം, aeroplane mode ല്‍ ഇടാം.
ഇതു മറ്റ് പ്രോഗ്രാമുകള്‍ പെട്ടന്ന് കയറിവാരാതെ സൂക്ഷിക്കും.
ഈ സംവിധാനങ്ങള്‍ എല്ലാം എല്ലാവരുടെയും ഫോണില്‍ ലഭ്യമാണ്.
സാങ്കേതിക വിദ്യകള്‍ എങ്ങനെ ഉപയോഗിക്കാം എന്നാണു നമ്മള്‍ വിശ്വാസികളെ
പഠിപ്പിക്കേണ്ടത്; അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല ചെയ്യേണ്ടത്.
ഒരു ദൈവദാസന്‍ വേദപുസ്തകത്തെ മാത്രമേ Holy Bible അഥവാ വിശുദ്ധ വേദപുസ്തകം
എന്ന് വിളിക്കുന്നുള്ളൂ എന്നും മൊബൈലിലെ വേദപുസ്തകത്തെ അങ്ങനെ വിളിക്കുന്നില്ല
എന്നും പറയുന്നത് കേട്ടു.
നമ്മള്‍ ഉപയോഗിക്കുന്ന Bible Society of India അച്ചടിക്കുന്ന പുസ്തകത്തിന്റെ
പേര് “സത്യ വേദപുസ്തകം” എന്നാണു. മാത്രവുമല്ല Holy Bible എന്ന് പേര് വിളിക്കാത്ത പരിഭാഷകളും
ഉണ്ട്.
പേരില്‍ Holy ഉള്ളതല്ല വിഷയം, ദൈവവചനം രേഖപ്പെടുത്തിയിരിക്കുന്ന മാദ്ധ്യമമായ
പുസ്തകത്തെ ആരാധിക്കാമോ, മാദ്ധ്യമം ഏതായിരിക്കേണം, ഏതു ആകുവാന്‍ പാടില്ല എന്നൊക്കെ
നിയമങ്ങള്‍ ഉണ്ടോ എന്നതാണ് വിഷയം.
നമ്മള്‍ എത്ര എതിര്‍ത്താലും ശാസ്ത്ര സാങ്കേതിക വിദ്യ മുന്നേറിക്കൊണ്ടേ
ഇരിക്കും.
പെന്തകോസ്ത് വിശ്വാസികള്‍ ആദ്യകാലങ്ങളില്‍ post office ല്‍ പോലും പണം
നിക്ഷേപിക്കില്ലായിരുന്നു.
അങ്ങനെ നിക്ഷേപിക്കുന്നവര്‍ക്ക് സഭയില്‍ സാക്ഷി പറയുവാന്‍ അനുവാദം
ഇല്ലായിരുന്നു.
നമ്മള്‍ TV യെ എതിര്‍ത്തു, പെണ്‍കുട്ടികളുടെ ചുരിധാറിനെ എതിര്‍ത്തു,
കമ്പ്യൂട്ടര്‍ എതിര്‍ക്രിസ്തുവിന്റെ വരവാണ് എന്ന് പറഞ്ഞു; ഇപ്പോള്‍ leggings നെയും
mobile നെയും എതിര്‍ക്കുന്നു.
ഈ സമയം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാന്‍ ഉപയോഗിച്ചെങ്കില്‍ എത്ര
നല്ലതായിരുന്നു.
നമ്മളുടെ ഉപദേശിമാര്‍ സുവിശേഷകര്‍ അല്ല; അവര്‍ സുവിശേഷ ഉദ്ദ്യോഗസ്ഥര്‍ ആണ്.
സുവിശേഷം എങ്ങനെ എല്ലാം പറയാം എന്നല്ല, എങ്ങനെ എല്ലാം പറയാതിരിക്കാം എന്നാണ്
അവരുടെ നോട്ടം.
ഞാന്‍ ഈ സന്ദേശം ചുരുക്കട്ടെ. സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തെ എതിര്‍ക്കുന്നത്
സമുദ്രത്തിലെ തിരമാലകളോട് മുഷ്ടി യുദ്ധം ചെയ്യുന്നത് പോലെ ഉള്ളൂ.
എതിര്‍ക്കുകയോ നിരസിക്കുകയോ അല്ല, എങ്ങനെ അതിനെ സുവിശേഷത്തിന്റെ നന്മയ്ക്കായി
ഉപയോഗിക്കാം എന്ന് ചിന്തിക്കുകയും അങ്ങനെ ഉപയോഗിക്കുവാന്‍ പഠിപ്പിക്കുകയും ആണ്
വേണ്ടത്.
നമ്മളുടെ പിതാക്കന്മാര്‍ അങ്ങനെ ചിന്തിച്ചതുകൊണ്ടാണ് ഇന്നു നമ്മളുടെ കൈയില്‍
ഒതുങ്ങിയ, ഭംഗിയുള്ള വേദപുസ്തകം ഇരിക്കുന്നത്.
നമ്മള്‍ പുസ്തകത്തെ ആരാധിക്കുന്നവര്‍ അല്ല, ദൈവത്തെ ആരാധിക്കുന്നവര്‍ ആണ്.
സാങ്കേതിക വിദ്യയെ നിരസിക്കലല്ല, വരുതിക്ക് നിറുത്തുകയാണ് ബുദ്ധി.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമേന്‍!
Your article is highly relevant in this time.
ReplyDeleteVery good and informative