പത്താമത്തെ കുഷ്ടരോഗി

യേശുവില്‍നിന്നും രോഗസൌഖ്യം പ്രാപിച്ച പത്ത് കുഷ്ടരോഗികളില്‍ പത്താമനെ കുറിച്ചുള്ള ഒരു പഠനം ആണ് ഈ സന്ദേശത്തിലെ വിഷയം.
ഒരിക്കല്‍ യേശു ഗലീലിയയുടെയും ശമര്യയുടെയും ഇടയിലുള്ള ഒരു പ്രദേശത്തുകൂടെ പോകുക ആയിരുന്നു.
വഴിമദ്ധ്യേ പത്തു കുഷ്ടരോഗികള്‍, തങ്ങളോട് കരുണ ഉണ്ടാകേണമേ എന്ന് നിലവിളിച്ചുകൊണ്ട് യേശുവിന് നേരെ വന്നു.
യേശു അവരെ സൌഖ്യമാക്കി. അവര്‍ തങ്ങളെ തന്നെ ശുദ്ധീകരിക്കുവാന്‍, പുരോഹിതന്റെ അടുക്കലേക്കു ഓടി. എന്നാല്‍ അവരില്‍ ഒരുവന്‍ വഴിമദ്ധ്യേ നിന്നു, തിരിഞ്ഞു യേശുവിന്‍റെ അടുക്കല്‍ വന്നു, അവന്‍റെ കാല്‍ക്കല്‍ വീണ് നന്ദി പറഞ്ഞു.

ഈ സംഭവകഥ വിശുദ്ധ ലൂക്കോസ് തന്റെ സുവിശേഷത്തില്‍ 17 ആം അദ്ധ്യായം 11 മുതല്‍ 19 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു സുവിശേഷങ്ങളില്‍ നമ്മള്‍ ഈ സംഭവം കാണുന്നുമില്ല.
ഈ അത്ഭുത രോഗസൗഖ്യം വിശ്വാസത്തിന്റെ പ്രാധാന്യത്തെയും, യേശുവിനോട് നമ്മള്‍ നന്ദി ഉള്ളവര്‍ ആയിരിക്കേണം എന്നതിനെയും കാണിക്കുന്നു.
എന്നാല്‍ ഇതിന് ഉപരിയായി, മഹത്തായ മാനവ രക്ഷയുടെ മര്‍മ്മവും പരപ്പും നമുക്ക് ഇതില്‍ കാണുവാന്‍ കഴിയും.
നമ്മളുടെ ഈ സന്ദേശത്തില്‍, ഈ സംഭവത്തിലൂടെ നമ്മള്‍ കാണുന്ന രക്ഷയുടെ മര്‍മ്മമാണ് ഞാന്‍ വിശദീകരിക്കുവാന്‍ ആഗ്രഹിക്കുന്നത്.

യേശുവും ശിഷ്യന്മാരും ഒരു ജനകൂട്ടവും ഗലീലയില്‍ നിന്നും യെരൂശലേമിലേക്കു യാത്രചെയ്യുമ്പോള്‍ ശമര്യക്കും ഗലീലെക്കും മദ്ധ്യേയുള്ള ഒരു പ്രദേശത്തുകൂടി യാത്രചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് ലൂക്കോസ് ഈ വിവരണം ആരംഭിക്കുന്നത്.
ഇവിടെ ഭൂമിശാസ്ത്രപരമായ ഒരു പ്രശനം ഉണ്ട്. അന്ന്  ശമര്യക്കും ഗലീലെക്കും ഇടയില്‍ ഒരു വഴി ഉണ്ടായിരുന്നില്ല.
ഒരു പക്ഷെ ശമര്യക്കും ഗലീലെക്കും ഇടയിലുള്ള എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രദേശത്തുകൂടെ യേശു യാത്രചെയ്തിട്ടുണ്ടായിരിക്കാം; എന്നാല്‍ അന്ന് അങ്ങനെ ഒരു വഴി ഉണ്ടായിരുന്നില്ല.
എന്നാല്‍ ശമര്യക്കും ഗലീലെക്കും മദ്ധ്യേയുള്ള ഒരു പ്രദേശത്തുകൂടെ യേശു പോയി എന്ന് ലൂക്കോസ് പ്രത്യേകം എടുത്ത് പറയുക ആണ്. ഇതിന്റെ പിന്നില്‍ ലൂക്കൊസ് ഒരു പ്രത്യേക മര്‍മ്മം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. അത് നമുക്ക് ഈ സന്ദേശത്തിന്റെ അവസാന ഭാഗത്ത് ചിന്തിക്കാം.

ലൂക്കോസിന്റെ  വിവരണത്തിലെ അടുത്ത വാക്യം പറയുന്നു,ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന്നു എതിർപെട്ടു.”
അതിന്റെ അര്‍ത്ഥം, യേശു ഒരു ഗ്രാമത്തിലേക്ക് പ്രവേശിക്കുക ആയിരുന്നു. അപ്പോള്‍ ഗ്രാമത്തിനു പുറത്ത് താമസിക്കുന്ന പത്തു കുഷ്ടരോഗികള്‍ യേശുവിനു നേരെ വന്നു, ദൂരെ മാറി നിന്നു.
മുകളിലത്തെ വാക്യവുമായി ചേര്‍ന്ന് ചിന്തിച്ചാല്‍, യഹൂദന്മാരുടെ ഗലീലെക്കും അവരാല്‍ തള്ളപ്പെട്ട ശമര്യക്കും മദ്ധ്യേയുള്ള ഒരു പ്രദേശത്തുകൂടെ യേശു യാത്ര ചെയ്ത്, ഒരു യഹൂദ ഗ്രാമത്തില്‍ പ്രവേശിക്കുവാന്‍ തുടങ്ങിയപ്പോള്‍ പത്ത് കുഷ്ടരോഗികള്‍ അവനു നേരെ ഓടി വന്നു.
കുഷ്ടരോഗികള്‍ക്ക് ഗ്രാമത്തിലേക്ക് പ്രവേശിക്കുവാന്‍ അനുവാദം ഇല്ലാതിരുന്നതിനാല്‍, അവര്‍ ദൂരെ മാറി നിന്നു.

പഴയനിയമ കാലത്തും യേശുവിന്‍റെ കാലത്തും, കുഷ്ഠരോഗം എന്നത് ത്വക്കിലുള്ളതും പകരുന്നതും ആഴമുള്ളതുമായ രോഗങ്ങള്‍ക്ക് പൊതുവെ പറയുന്ന പേരായിരുന്നു.
അതായത് നമ്മളുടെ സംഭവ കഥയിലെ പത്ത് പേര്‍ക്ക് നമ്മള്‍ ഇന്ന് വിളിക്കുന്ന കുഷ്ടരോഗമോ, ആ വാക്കിനാല്‍ പൊതുവേ വിളിക്കപ്പെട്ടിരുന്ന ചര്‍മ്മരോഗങ്ങള്‍ എന്തെങ്കിലുമോ ഉണ്ടായിരുന്നു.
അത്, എന്തായിരുന്നാലും അക്കാലത്ത് ത്വക്കില്‍ ഉണ്ടാകുന്ന പകരുന്ന ഒരു വ്യാധി ആയിരുന്നു. അതിനാല്‍ അതിനെ കുഷ്ഠരോഗം എന്ന് പൊതുവേ വിളിച്ചിരുന്നു.

പഴയനിയമത്തിലെ ദൈവീക നിര്‍ദ്ദേശപ്രകാരം, ഒരു വ്യക്തിക്ക് കുഷ്ഠരോഗമോ, ത്വക്കില്‍ കാണപ്പെടുന്ന പകരുന്ന എന്തെങ്കിലും രോഗമോ, അതിന്‍റെ ലക്ഷണങ്ങളോ കണ്ടാല്‍, അയാള്‍ ഉടന്‍തന്നെ പുരോഹിതനെ തന്നെത്തന്നെ കാണിക്കേണ്ടതാണ്.
ഈ രോഗലക്ഷണങ്ങള്‍ പകരുന്നതും അപകടകാരിയുമായ രോഗമാണോ എന്ന് പുരോഹിതന്‍ പരിശോധിക്കും. അത് കുഷ്ഠരോഗമോ മറ്റേതെങ്കിലും പകരുന്ന ത്വക്ക് രോഗമോ ആണെങ്കില്‍ പുരോഹിതന്‍ അവനെ അശുദ്ധന്‍ എന്ന് പ്രഖ്യാപിക്കും. (ലേവ്യപുസ്തകം 13:1).
ഇത്തരം രോഗം ബാധിച്ചവര്‍ പൊതുസമൂഹവുമായി അടുത്ത് ഇടപഴകുന്നത് യഹൂദ നിയമം അനുവദിക്കുന്നില്ല.
അതിനാല്‍ അവരെ വേറിട്ട്‌ തമാസിപ്പിക്കുകയും, രോഗം സ്ഥിരീകരിച്ചശേഷം പാളയത്തിനു പുറത്താക്കുകയും ചെയ്യും.
രോഗം ഭേദമായാല്‍ അവര്‍ക്ക് തിരികെ ഗ്രാമത്തിലേക്ക് പ്രവേശിക്കാം എങ്കിലും, അധികം പേരും ഗ്രാമത്തിനു വെളിയില്‍ ഒറ്റപ്പെട്ട് ജീവിച്ചു മരിക്കുക ആയിരിക്കും. (ലേവ്യപുസ്തകം 13:45–46).
പകരുന്ന രോഗങ്ങളെ മഹാമാരിയായി മാറാതെ നിയന്ത്രിക്കുവാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗം അവര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ രോഗിയായ വ്യക്തികള്‍ക്ക് ഇതൊരു ജീവപര്യന്ത ശിക്ഷ തന്നെ ആയിരുന്നു.
അങ്ങനെ, കുഷ്ടരോഗികള്‍, രോഗികളും, സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും അകറ്റപ്പെട്ടവരും, ദാരുണമായ ജീവിതാന്ത്യത്തിന് വിധിക്കപ്പെട്ടവരും ആയിരുന്നു.
ഇപ്രകാരം സ്വന്ത സമൂഹത്തില്‍ നിന്നും ആട്ടിഓടിക്കപ്പെട്ടവര്‍, ഗ്രാമത്തിന് വെളിയില്‍ ഒരുമിച്ച് കൂടി താമസിക്കുമായിരുന്നു. അത് അവര്‍ക്ക് സംരക്ഷണവും ഏകാന്തതയില്‍ നിന്നുള്ള മോചനവും ആയിരുന്നു.
രോഗമില്ലത്തവര്‍ ആരുംതന്നെ, പ്രത്യേകിച്ച് യഹൂദ റബ്ബിമാര്‍ കുഷ്ഠരോഗികളുടെ താമസ സ്ഥലത്തുകൂടെയോ സമീപത്തുകൂടെയോ പോകാറില്ലായിരുന്നു.
യേശു പത്ത് കുഷ്ഠരോഗികളെ സൗഖ്യമാക്കി എന്നതിന്റെ പിന്നിലെ മര്‍മ്മം ഇതാണ്.

ഈ മര്‍മ്മം കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുവാന്‍, നമുക്ക്, ഹൃസ്വമായി, കുഷ്ടരോഗിയെ പുരോഹിതന്‍ പരിശോധിക്കുന്നതിനും അവരെ പുറത്താക്കുന്നതിനും ഉള്ള യഹൂദ പ്രമാണം എന്തായിരുന്നു എന്ന് മനസ്സിലാക്കാം.
ഇതു നമ്മള്‍ ലേവ്യപുസ്തകം 13 ആം അദ്ധ്യായത്തില്‍ വായിക്കുന്നു.
ദൈവം മോശയുടെ പക്കല്‍ ന്യായപ്രമാണങ്ങളെ ഏല്‍പ്പിക്കുമ്പോള്‍, കുഷ്ഠരോഗത്തെയും അതുപോലെയുള്ള പകരുന്ന മറ്റു ത്വക്ക് രോഗങ്ങളെക്കുറിച്ചും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവരേണം.
പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു നോക്കേണം; അത് കുഷ്ഠരോഗം ആണെങ്കില്‍ അവനെ അശുദ്ധന്‍ എന്ന് വിധിക്കേണം.
കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്റെ തല മൂടാതിരിക്കേണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറകയും വേണം.
അവന്നു രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കേണം.
അവൻ തനിച്ചു പാർക്കേണം; അവന്റെ പാർപ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം. (ലേവ്യപുസ്തകം 13:45-46).
അങ്ങനെ, കുഷ്ടരോഗി, ശാരീരികമായും ആത്മീയമായും അശുദ്ധനായി കണക്കാക്കപ്പെട്ടു.

വേദപുസ്തകത്തില്‍ കുഷ്ടരോഗത്തിനെ കുറിച്ച് 40 ല്‍ അധികം തവണ പരാമര്‍ശം ഉണ്ട്.
വേദപുസ്തക നാളുകളില്‍ കുഷ്ഠരോഗം ഇന്നത്തെക്കാള്‍ അധികം കാണപ്പെട്ടിരുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെ ഇടയില്‍ ഈ രോഗങ്ങള്‍ വേഗത്തില്‍ പരക്കുമായിരുന്നു.
വേദപുസ്തകത്തില്‍ കുഷ്ടരോഗത്തെ കുറിച്ച് ഇത്രയധികം പരാമര്‍ശിക്കുവാന്‍ ഒരു കാരണം ഉണ്ട്.
കുഷ്ടരോഗത്തെ പാപത്തിന്‍റെ ഒരു പ്രതീകാത്മകമായ ചിത്രമായിട്ടാണ് വേദപുസ്തകം അവതരിപ്പിക്കുന്നത്‌. അത് പാപത്തിന്റെ നശീകരണ സ്വഭാവത്തെ വെളിവാക്കുന്നു.
പഴയനിയമത്തില്‍ പറയുന്ന അറുപത്തി ഒന്ന് അശുദ്ധിയില്‍ രണ്ടാമത്തേതാണ് കുഷ്ഠരോഗം. ഒന്നാമത്തേത് ശവശരീരം ആണ്. അതായത്, ഒരു മനുഷ്യന്‍ ഒരു ശവശരീരത്തില്‍ തോടുമ്പോഴും, കുഷ്ടരോഗിയെ തൊടുമ്പോഴും അയാള്‍ അശുദ്ധന്‍ ആകും.
ഇതാണ് ആണ് ലെവ്യപുസ്തകത്തിലെ കുഷ്ടരോഗത്തെ കുറിച്ചുള്ള വിവരണത്തില്‍, “അശുദ്ധന്‍” “ശുദ്ധന്‍” എന്നീ പദപ്രയോഗങ്ങളുടെ പ്രസക്തി.

ഒരു മനുഷ്യന്‍റെ ത്വക്കില്‍ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ, രോഗതുല്യമായ എന്തെങ്കിലുമോ കണ്ടാല്‍, അവന്‍ പുരോഹിതന്‍റെ അടുക്കല്‍ ആണ് പോകേണ്ടത്, വൈദ്യന്റെ അടുക്കലേക്കല്ല. പുരോഹിതന്‍ ശരീരത്തിന്‍റെ രോഗത്തെ ചികിത്സിക്കുന്ന വ്യക്തി അല്ല.
ഇത്, കുഷ്ടരോഗമെന്നത് ആത്മീയ പാപത്തിന്‍റെ വസ്തുനിഷ്ടാപരമായ ചിത്രമാമാണ് എന്ന് കാണിക്കുന്നു.
പുരോഹിതന്‍ രോഗത്തെ ചികിത്സിക്കുന്നില്ല; അദ്ദേഹം രോഗിയെ അശുദ്ധന്‍ എന്ന് വിധിക്കുകയും അവനെ യിസ്രായേല്‍ പാളയത്തിന് പുറത്താക്കുകയും മാത്രം ചെയ്യുന്നു.  

ഒരു കുഷ്ടരോഗി, രോഗമില്ലാത്ത, അവന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ള, മറ്റൊരു ഒരു വ്യക്തിയുടെ അടുക്കല്‍ ചെല്ലുവാന്‍ പാടില്ല; അവന്‍ മറ്റുള്ളവരില്‍ നിന്നും ആറു അടി ദൂരെ മാറി നില്‍ക്കേണം.
കാറ്റ് വീശുന്ന വശത്ത്‌ കുഷ്ടരോഗി നില്‍ക്കുക ആണെങ്കില്‍, അവന്‍ നൂറ്റമ്പത് അടി ദൂരം അകലം പാലിക്കേണം.
കുഷ്ടരോഗത്തെ അത്രമാത്രം ഭയാനകമായ രോഗമായി അന്ന് കണ്ടിരുന്നു.
അതിനാല്‍ കുഷ്ടരോഗികള്‍ പാളയത്തിന് പുറത്ത് ഒരു സ്ഥലത്ത് ഒരുമിച്ച് താമസിച്ചിരുന്നു. രോഗം സൗഖ്യം ആകുന്നതുവരെയോ, മരണം വരെയോ അവര്‍ അവിടെ തമാസിക്കേണം.
കുഷ്ടരോഗത്തെ പ്രതിരോധിക്കുവാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അന്ന് അവര്‍ക്ക് ഇല്ലായിരുന്നു.

നമ്മള്‍ പറഞ്ഞതുപോലെ, കുഷ്ഠരോഗം ഒരു ശാരീരിക രോഗം ആണ്, എന്നാല്‍ അത് വേദുസ്തകത്തില്‍ പാപത്തിന്റെ വസ്തുനിഷ്ടാപരമായ ചിത്രം ആണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, മനുഷ്യര്‍ അനുഭവിക്കുന്ന എല്ലാ രോഗങ്ങളും ആദ്യ പിതാക്കന്മാരായ ആദം, ഹവ്വ എന്നിവര്‍ ചെയ്ത പാപത്തിന്‍റെ അനന്തര ഫലം ആണ്.
രോഗങ്ങള്‍ നമ്മളുടെ ശരീരത്തെ സാവധാനത്തില്‍ തകര്‍ത്തുകൊണ്ടിരിക്കുക ആണ്. പാപം നമ്മളുടെ ആത്മീയ ജീവിതത്തെയും തകര്‍ത്തുകൊണ്ടിരിക്കുന്നു.
ആദ്യ പിതാക്കന്മാരുടെ ആദ്യ പാപം, രോഗം, ശാപം, മരണം എന്നിങ്ങനെയുള്ള, നമ്മളുടെ ജീവിതത്തെ തകര്‍ക്കുന്ന രോഗങ്ങളും പ്രശ്നങ്ങളും, നമ്മളുടെ ജീവിതത്തില്‍ കൊണ്ടുവന്നു.
ഇതു എല്ലാ ക്രിസ്തീയ വിശ്വാസികളും അംഗീകരിക്കുന്ന സത്യം ആണ്.

കുഷ്ഠരോഗം സൂചിപ്പിക്കുന്ന പാപം, നികൃഷ്ടവും, സൗഖ്യം ഇല്ലാത്തതും, മറ്റുള്ളവരിലേക്ക് പകരുന്നതും ആണ്.
അത് മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റുകയും അവനെ ഭ്രഷ്ടന്‍ ആക്കുകയും ചെയ്യുന്നു.
ലേവ്യപുസ്തകം 13 ആം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന വിവരണം കുഷ്ഠരോഗം പ്രതിനിധാനം ചെയ്യുന്ന പാപത്തിന്‍റെ ഭയാനകത മനസ്സിലാക്കുവാന്‍ നമ്മളെ സഹായിക്കും.
ഇവിടെ കുഷ്ടരോഗിക്ക് വൈദ്യചികില്‍സ ലഭിക്കുവാന്‍ പോലും അവസരം നല്‍കാതെ, പുരോഹിതന്‍ “അശുദ്ധന്‍” എന്ന് വിധിച്ച്, ഉടന്‍തന്നെ പാളയത്തിന് പുറത്താകുക ആണ്.
പാപം നമ്മളുടെ ഉള്ളില്‍ ആണ്, അതിനു ത്വക്കിനെക്കാള്‍ ആഴം ഉണ്ട് (ലേവ്യപുസ്തകം 13:3); അത് പടരുന്നു (ലേവ്യപുസ്തകം 13:8); പാപം നമ്മളെ അശുദ്ധന്‍ ആക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു (ലേവ്യപുസ്തകം 13: 45 -46).
ഒരു കുഷ്ടരോഗിയുടെ വസ്ത്രം, അയാള്‍ തീയില്‍ ഇട്ട് ചുട്ടുകളയുവാന്‍ മാത്രമേ കൊള്ളാവുള്ളൂ എന്നതുപോലെ തന്നെ, പാപത്തിന്‍റെ വസ്ത്രംധരിച്ചുകൊണ്ട് മരിക്കുന്നവര്‍ നരകാഗ്നിയ്ക്ക് യോഗ്യര്‍ ആയിരിക്കും (ലേവ്യപുസ്തകം 13:52-57).

അതുകൊണ്ടാണ്, യെശയ്യാ പ്രവാചകന്‍, പാപത്തിന്‍റെയും അതിന്‍റെ ശിക്ഷകളുടേയും സൗഖ്യം യേശുവിന്‍റെ ക്രൂശ് മരണത്തില്‍ കാണുന്നത്.  
യെശയ്യാവ് 53 ആം അദ്ധ്യായത്തില്‍ യേശുവിന്‍റെ ക്രൂശീകരണം പ്രവചനാത്മാവില്‍ വിവരിക്കുന്നത് ഇങ്ങനെ ആണ്:
റോമന്‍ പടയാളികളുടെ ക്രൂരമായ പീഡനങ്ങള്‍ കാരണം, യേശുവിന്‍റെ ശരീരം തകര്‍ക്കപ്പെട്ടു, വികൃതമായി. അവന്നു രൂപഗുണമോ, കോമളത്വമോ ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല.
അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; ആരും അവനെ ആദരിച്ചതുമില്ല.
നിശ്ചയമായും, സത്യമായും, നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി.
അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.
യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്‍റെമേൽ ചുമത്തി.
നമ്മളുടെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു.
അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി.
ഗലാത്യര്‍ 3: 13 ല്‍ പറയുന്നതുപോലെ, “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു.”

രോഗം, വേദന, ശാപം എന്നിവയെല്ലാം പാപത്തിന്‍റെ അനന്തര ഫലമായി ഉണ്ടായതാണ് എങ്കില്‍, യേശുവിന്‍റെ ക്രൂശില്‍ പാപ പരിഹാരത്തോടൊപ്പം അവയ്ക്കുകൂടി പരിഹാരം ഉണ്ടാകേണം.
യഥാര്‍ത്ഥ രക്ഷയില്‍, പാപത്തിന്‍റെ ശിക്ഷയില്‍ നിന്നും പാപത്തിന്‍റെ അനന്തര ഫലമായുണ്ടായ സകലത്തിന്റെയും ശിക്ഷയില്‍ നിന്നും രക്ഷ ഉണ്ടായിരിക്കേണം.
അതിനാല്‍ തന്നെ യേശു നമ്മളുടെ പാപങ്ങള്‍ക്ക്‌ പരിഹാരം ആയപ്പോള്‍ തന്നെ പാപത്തിന്‍റെ ഫലമായതെല്ലാം വഹിച്ചുകൊണ്ട് പോയി.
അതാണ്‌ നമ്മള്‍ ഈ വേദഭാഗത്ത് വായിക്കുന്നത്.

യെശയ്യാവ് 53: 4, 5
   സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
5    എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.

ഈ വാക്യങ്ങളില്‍ പ്രവാചകന്‍, നമ്മളുടെ ശാരീരിക സൗഖ്യവും ആത്മീയ സൗഖ്യവും ഒരുമിച്ച് കാണുന്നു.
ഇതിന് കൂടുതല്‍ വിശദീകരണം ആവശ്യമാണ്‌ എന്ന് എനിക്ക് അറിയാം.
അതിനായി നമുക്ക് മത്തായി 8: 17 ഉം 1 പത്രോസ് 2: 24 ഉം വിശദമായി പഠിക്കാം.
യെശയ്യാവ് പ്രവാചകന്‍റെ യേശുവിന്‍റെ ക്രൂശ് മരണത്തെക്കുറിച്ചുള്ള വിവരണം ഉദ്ധരിച്ചുകൊണ്ട്, മത്തായി ശാരീരിക സൗഖ്യത്തെക്കുറിച്ചും പത്രോസ് ആത്മീയ സൗഖ്യത്തെക്കുറിച്ചും പറയുന്നു.

മത്തായി 8 ല്‍ നമ്മള്‍ യേശു പത്രോസിന്റെ വീട് സന്ദര്‍ശിക്കുന്നതിന്റെ വിവരണം വായിക്കുന്നു.
അപ്പോള്‍ പത്രോസിന്റെ അമ്മായിഅമ്മ പനി പിടിച്ച് കിടപ്പായിരുന്നു. യേശു അവളുടെ കൈതൊട്ടു, ഉടന്‍തന്നെ അവള്‍ക്കു സൗഖ്യമായി.
ഈ രോഗസൗഖ്യത്തിന്‍റെ പ്രസക്തി നമ്മളെ ബോധ്യപ്പെടുത്തുവാന്‍ എന്നവണ്ണം മത്തായി അവിടെ ഇങ്ങനെ കൂടെ കുറിച്ചു: : ”അവൾ എഴുന്നേറ്റു അവർക്കു ശുശ്രൂഷ ചെയ്തു.” അതായത് അവളുടെ സൗഖ്യം പൂര്‍ണ്ണം ആയിരുന്നു, ആരോഗ്യം പൂര്‍ണ്ണമായി തിരികെ ലഭിച്ചു.
ഈ അത്ഭുത സൗഖ്യത്തിന്റെ വാര്‍ത്ത ആ ഗ്രാമത്തില്‍ എല്ലായിടവും വ്യാപിച്ചു.
വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൗഖ്യം വരുത്തി.
ഉടന്‍തന്നെ മത്തായി, യെശയ്യാവ് പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു:

മത്തായി 8: 17 അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.

പ്രവചനം നിവര്‍ത്തിക്കേണം എന്ന ഉദ്ദേശ്യത്തോടെ യേശു രോഗികളെ സൗഖ്യമാക്കി എന്നല്ല നമ്മള്‍ മനസ്സിലാക്കേണ്ടത്.
യേശു രോഗികളെ സൌഖ്യമാക്കിയപ്പോള്‍, ഭൂതഗ്രസ്തരെ വിടുവിച്ചപ്പോള്‍, പ്രവചനം നിവര്‍ത്തിയാകുക ആയിരുന്നു. അത് കൃത്യമായി മത്തായി ഓര്‍ക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.
മത്തായി ഇവിടെ ശാരീരിക സൗഖ്യത്തെക്കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലാക്കുവാന്‍ വലിയ പ്രയാസമില്ല.
യെശയ്യാവ് പ്രവാചകന്‍റെ പ്രവചനത്തില്‍, യേശുവിന്‍റെ ക്രൂശു മരണത്തില്‍ ശാരീരിക സൗഖ്യം നിശ്ചയമായും ഉണ്ട്.

എന്നാല്‍ പത്രോസ് അദ്ദേഹത്തിന്‍റെ ലേഖനത്തില്‍ ഇതേ പ്രവചന വാക്യങ്ങള്‍ ആത്മീയ സൗഖ്യത്തെക്കുറിച്ച് പറയുവാന്‍ ഉപയോഗിക്കുന്നുണ്ട്.

1 പത്രോസ് 2: 24 നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.

യേശു നമ്മളുടെ പാപങ്ങളെയും അതിന്‍റെ ശിക്ഷകളേയും ചുമന്നുകൊണ്ടു ക്രൂശിന്മേല്‍ കയറി. അവന്‍റെ ശരീരത്തില്‍ ഏറ്റ അടിപ്പിണരുകളാല്‍ നമുക്ക് സൌഖ്യം വന്നിരിക്കുന്നു.
ഇവിടെ പത്രോസ്, നമ്മളുടെ പാപപരിഹാരത്തെ യേശു ശരീരത്തില്‍ ഏറ്റ മുറിവുകളോടും പീഡനങ്ങളോടും ബന്ധിപ്പിക്കുക ആണ്.

യേശു, ശാരീരികമായി രോഗികളായവരെ സൌഖ്യമാക്കിയപ്പോള്‍ യെശയ്യാവിന്റെ പ്രവചനം നിവര്‍ത്തി ആയി എന്ന് മത്തായിയും, യേശു ശരീരത്തില്‍ ഏറ്റ അടിപിണരുകളാല്‍ നമ്മളുടെ ആത്മീയ പാപങ്ങള്‍ക്ക് സൗഖ്യം ഉണ്ടായി എന്ന് പത്രോസും പറയുന്നു.
ഇവരണ്ടും പരസ്പര വിരുദ്ധങ്ങള്‍ ആയ പ്രസ്താവനകള്‍ അല്ല; ഒരേ സംഭവത്തിന് പിന്നിലെ രണ്ട് മര്‍മ്മങ്ങള്‍ ആണ്. യേശുവിന്റെ ക്രൂശ് മരണത്തില്‍ നമ്മളുടെ ശാരീരിക രോഗസൗഖ്യവും ആത്മീയ രോഗമായ പാപത്തിന്‍റെ സൗഖ്യവും ഉണ്ട്. 
അതായത്, നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, ശാരീരിക രോഗവും സൌഖ്യവും, പാപവുമായും പാപപരിഹാരവുമായും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
ആത്മീയ മലിനതയുടെ ശിക്ഷയാണ് ശാരീരിക മലിനതയും, രോഗങ്ങളും, വേദനകളും ശാപങ്ങളും എല്ലാം. അതിനാല്‍ തന്നെ ആത്മീയ സൗഖ്യം ശാരീരിക സൗഖ്യത്തില്‍ വെളിവാകുന്നു.   
അങ്ങനെ ആത്മീയ അനുഗ്രഹങ്ങള്‍ ഭൌതീക അനുഗ്രഹങ്ങള്‍ ആയിത്തീരുന്നു.

നിവര്‍ത്തിയായി, ഇനിയും നിവര്‍ത്തി ആകുവാനുണ്ട്

എന്നാല്‍ രോഗസൌഖ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മള്‍ ചില കാര്യങ്ങള്‍ കൂടി മനസ്സിലാക്കേണ്ടത് ഉണ്ട്.
യേശുക്രിസ്തുവിന്‍റെ ക്രൂശ് മരണത്തില്‍ ആത്മീയവും ശാരീരികവും ആയ രോഗ സൗഖ്യം ഉണ്ട് എന്നത് സത്യം ആണ്. എന്നാല്‍ ആത്മീയ സൗഖ്യവും ശരീരീരിക സൗഖ്യവും സംബൂര്‍ണ്ണമായും ഇനിയും നിവര്‍ത്തിയാക്കപ്പെട്ടിട്ടില്ല.
നമ്മളുടെ ഈ ലോക ജീവിതത്തിലെ അനുഭവങ്ങള്‍ പറയുന്ന രണ്ടു കാര്യങ്ങള്‍ ഉണ്ട് – ഒന്ന് നമ്മള്‍ ഇപ്പോഴും പാപത്തില്‍ ജീവിക്കുന്നു; രണ്ട്, നമുക്ക് ഇപ്പോഴും രോഗങ്ങള്‍ ഉണ്ട്.
ഇതു വിശ്വാസത്തിന്റെ കുറവിനാലോ, വിശ്വാസത്താലോ, ഏറ്റുപറച്ചിനാലോ സൗഖ്യം ഏറ്റെടുക്കാത്തത് കൊണ്ടും അല്ല.
എന്നിരുന്നാലും, ഇന്നും ഏതു വിശ്വസിക്കും രോഗസൗഖ്യവും പപത്തില്‍നിന്നും മോചിതമായ ജീവിതവും സാധ്യവും ആണ്.
ഈ അവസ്ഥയെയാണ്, നിവര്‍ത്തിയായി, എന്നാല്‍ ഇനിയും നിവര്‍ത്തിയാകുവാന്‍ ഉണ്ട് എന്ന് പറയുന്നത്.

അപ്പോള്‍ ക്രൂശില്‍ സംഭവിച്ചത് എന്താണ്? യേശുക്രിസ്തു നമ്മളുടെ പാപങ്ങള്‍ക്കും അതിന്റെ ശിക്ഷകള്‍ക്കും പരിഹാരമായി ക്രൂശില്‍ മരിച്ചു.
ഇനി പാപപരിഹാരത്തിനായോ, ദൈവീക ആരോഗ്യത്തിനായോ, രോഗ സൌഖ്യത്തിനായോ, ശപമുക്തിക്കായോ മനുഷ്യര്‍ ആരും യാതൊരു പ്രവര്‍ത്തികളും ചെയ്യേണ്ടതില്ല.
യേശുവിന്റെ ക്രൂശുമരണത്തിലുള്ള രക്ഷയില്‍ വിശ്വസിക്കുകയും, യേശുവിനെ ഏക രക്ഷകനും കര്‍ത്താവും ആയി സ്വീകരിക്കുകയും ചെയ്താല്‍ മതി. ഇതാണ് സുവിശേഷം.
അതായത് യേശുക്രിസ്തുവിന്‍റെ പാപ പരിഹാര ബലി ഒരു സമ്പൂര്‍ണ്ണ പരിഹാരം തന്നെ ആണ്. അത് ഇനിയും ഒരു രീതിയിലും ആരും ആവര്‍ത്തിക്കേണ്ടതില്ല.

എന്നാല്‍, ഒരു അര്‍ത്ഥത്തില്‍, സമ്പൂര്‍ണ്ണമായ, രക്ഷയോ, രോഗസൗഖ്യമോ, വിടുതലോ ഇന്ന് നമുക്ക് ഇപ്പോഴും ലഭ്യമല്ല. അതായത്, പാപപരിഹാരത്തിന്റെ സംബൂര്‍ണ്ണത ഇന്ന് നമുക്ക് ലഭ്യമല്ല.
ഇതു കേള്‍ക്കുമ്പോള്‍, ഒരു പുതിയ കാര്യം കേള്‍ക്കുന്നതുപോലെ നിങ്ങളില്‍ പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ഇതൊരു പുതിയ ഉപദേശമല്ല. പെന്തക്കോസ്ത് സഭകള്‍ പോലെയുള്ള സുവിശേഷ വിഹിത സഭകളുടെ അടിസ്ഥാന ഉപദേശങ്ങളില്‍ ഒന്നാണിത്. എന്നാല്‍, ഇവയൊന്നും ഇന്നത്തെ തലമുറയ്ക്ക് അറിയുക ഇല്ല എന്നത്, സഭകളുടെ ആത്മീയ നേതൃത്വത്തിന്‍റെ പരാജയം ആണ്.
ഇതു ഞാന്‍ വിശദീകരിച്ച് പറയാം.
പാപം എന്നത് നമ്മളുടെ പ്രവര്‍ത്തികള്‍ അല്ല, മനുഷ്യര്‍ ഇന്നു ആയിരിക്കുന്ന അവസ്ഥ ആണ്. പാപം നമ്മളുടെ ജഡത്തിന്‍റെ സ്വഭാവമാണ്. അതായത് പാപം എപ്പോഴും ജഡീകം എന്നതില്‍ ഉപരി, ആത്മീയം ആണ്.
അപ്പോസ്തലനായ പൌലോസ് ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെ ആണ്:

റോമര്‍ 7: 19, 20
19   ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.
20 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.

അതുകൊണ്ടാണ്, രക്ഷ കാലനുഗതമായി, ക്രമേണ, പടിപടിയായി നിവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് എന്ന് വേദപുസ്തകം പറയുന്നത്. അഥവാ, The perfection of salvation is progressive.
അതിനാല്‍, എഫെസ്യര്‍ 2:8 ല്‍ നമ്മള്‍ രക്ഷിക്കപ്പെട്ടു എന്നും; 1 കൊരിന്ത്യര്‍ 1: 18 ല്‍ നമ്മള്‍ രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നും; 1 കൊരിന്ത്യര്‍ 3: 15 ല്‍ നമ്മള്‍ രക്ഷിക്കപ്പെടും എന്നും പറയുന്നു.
നമുക്ക് ഈ മൂന്നു വാക്യങ്ങളും ഒന്ന് വായിക്കാം.

എഫെസ്യര്‍ 2: 8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

1 കൊരിന്ത്യര്‍ 1: 18 ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.

1 കൊരിന്ത്യര്‍ 3: 15 ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.

രക്ഷ കാലാനുഗതമായി, പടിപടിയായി സമ്പൂര്‍ണ്ണമായി നിവര്‍ത്തിക്കപ്പെടുന്നതാണ് എന്നതിനാല്‍ തന്നെ രോഗസൗഖ്യവും, ശാപമുക്തിയും സമ്പൂര്‍ണ്ണമായി രക്ഷയോടൊപ്പം ഭാവിയില്‍ നിവര്‍ത്തിക്കപ്പെടും.
അതിന്‍റെ അര്‍ത്ഥം, നമ്മള്‍ രക്ഷിക്കപ്പെട്ടു, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; രക്ഷിക്കപ്പെടും.
നമ്മളുടെ രോഗങ്ങള്‍ സൗഖ്യമായി; സൌഖ്യമായികൊണ്ടിരിക്കുന്നു; സൗഖ്യമാകും.
നമ്മളുടെ ശാപങ്ങള്‍ മോചിക്കപ്പെട്ടു; മോചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; മോചിക്കപ്പെടും.
ഇതു ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത, ആദ്യ പിതാക്കന്മാര്‍ പഠിപ്പിച്ചിരുന്ന, സുവിശേഷ വിഹിത സഭകളുടെ അടിസ്ഥാന ഉപദേശങ്ങളില്‍ ഒന്നാണ്.

അതായത്, ഇന്ന് നമ്മള്‍ അനുഭവിക്കുന്ന രക്ഷയും, സമാധാനവും, രോഗസൗഖ്യവും, ശാപവിമുകതിയും എല്ലാം സമ്പൂര്‍ണ്ണം അല്ല. സംബൂര്‍ണ്ണമായത്, ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ശ്രേഷ്ഠം ആണ്; അത് നിവര്‍ത്തി ആകുവാന്‍ ഇരിക്കുന്നതെ ഉള്ളൂ.
നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന രക്ഷ വരുവാനിരിക്കുന്ന വലിയ അനുഗ്രഹത്തിന്‍റെ മുന്‍രുചി മാത്രം ആണ്.
ഇത്, സമ്പൂര്‍ണ്ണമായ രക്ഷയും, രോഗസൗഖ്യവും, വിടുതലും നമുക്ക് ഉണ്ടാകും എന്ന പ്രത്യാശയും ഉറപ്പും നല്‍കുന്നു.
ദൈവത്തിന്‍റെ രക്ഷയുടെ സമ്പൂര്‍ണ്ണ നിവര്‍ത്തിയാണ്, മരിച്ചവരുടെ ഉയിര്‍പ്പിലൂടെയും ജീവനോടിരിക്കുന്നവരുടെ രൂപാന്തരത്തിലൂടെയും സംഭവിക്കുവാന്‍ പോകുന്നത്. ഇതാണ് നമ്മളുടെ ശ്രേഷ്ഠ പ്രത്യാശ.

നന്മചെയ്തും സൗഖ്യമാക്കിയും

യേശുക്രിസ്തു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍, വിവിധ രോഗത്താലും, ഭൂതങ്ങളാലും പ്രയാസപ്പെട്ടിരുന്ന അനേകരെ സൌഖ്യമാക്കി.
സുവിശേഷ പുസ്തകങ്ങള്‍ വായിച്ചാല്‍, രോഗികളെ സൌഖ്യമാക്കുന്നതിലും, ഭൂതങ്ങളെ പുറത്താക്കുന്നതിലും യേശുവിന് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു എന്ന് നമുക്ക് തോന്നും.
ഇതാണ് അപ്പോസ്തല പ്രവര്‍ത്തികള്‍ 10: 38 ല്‍ എടുത്ത് പറയുന്നത്.
നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.
യേശു ദൈവരാജ്യം പ്രസംഗിക്കുക മാത്രം ചെയ്യാതെ, നന്മചെയ്തും രോഗികളെ സൗഖ്യമാക്കിയും കൊണ്ട് സഞ്ചരിച്ചു. സൌഖ്യം ദൈവരാജ്യത്തിന്റെ സുവിശേഷത്തിന്റെ ഭാഗം ആണ്.
പത്താമത്തെ കുഷ്ഠരോഗിയെ സൌഖ്യമാക്കിയതും ശേഷമുള്ള സംഭവങ്ങളും ആത്മാവിനെയും ശരീരത്തെയും സൌഖ്യമാക്കുന്ന സുവിശേഷത്തിന്റെ നല്ല ഉദാഹരണം ആണ്.

പത്താമത്തെ കുഷ്ടരോഗി

നമ്മളുടെ ഇന്നത്തെ പഠനത്തിന്റെ കേന്ദ്ര ബിന്ദു, യേശു സൌഖ്യമാക്കിയ പത്തു കുഷ്ടരോഗികള്‍ അല്ല.
നമ്മള്‍ ചിന്തിക്കുന്നത്, ഈ പത്തുപേരില്‍, യേശുവിന് നന്ദി പറയുവാന്‍ തിരികെ ചെന്ന പത്താമത്തെ കുഷ്ടരോഗിയെ കുറിച്ചാണ്.
അവന്‍ ഒരു കുഷ്ടരോഗി ആയിരുന്നു; അതിനാല്‍ അവന്‍ സമൂഹത്തില്‍ നിന്നും അകറ്റപ്പെട്ടവന്‍ ആയിരുന്നു.
പത്താമത്തെ കുഷ്ടരോഗി, ഒരു ശമര്യക്കാരന്‍ ആയിരുന്നു; അതിനാല്‍ അവന്‍ യഹൂദ സമൂഹത്തില്‍ നിന്നും അകറ്റപ്പെട്ടവന്‍ ആയിരുന്നു.
ഒരു കുഷ്ടരോഗി ആയതിനാല്‍ അവന്‍ സ്വന്ത ജനത്തിന്‍റെ പാളയത്തിന് പുറത്ത് ജീവിച്ചു; ശമര്യക്കാരന്‍ ആയതിനാല്‍ യഹൂദ പാളയത്തിന് പുറത്ത് ജീവിച്ചു.
അങ്ങനെ അവന്‍ രണ്ടു തലത്തില്‍ അകറ്റപ്പെട്ടവന്‍ ആണ്.
എന്നാല്‍ മറ്റുള്ളവര്‍ക്ക് ലഭിച്ചതുപോലെ, പത്താമനും രോഗസൗഖ്യം ലഭിച്ചു.

കുഷ്ടരോഗികള്‍ എല്ലാം പാളയത്തിന് പുറത്ത് ഒരുമിച്ച് താമസിച്ചിരുന്നു. പത്തുപേര്‍ ഒരുമിച്ച് യേശുവിനെ കാണുവാന്‍ വന്നു. അവര്‍, പ്രമാണപ്രകാരം ദൂരെ മാറിനിന്നു, യേശുവിനോട് ഉറക്കെ വിളിച്ചപേക്ഷിച്ചു: “യേശൂ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ”.
യേശു അവരെ സൌഖ്യമാക്കുവാന്‍ പ്രത്യക്ഷത്തില്‍ യാതൊന്നും ചെയ്യാതെ, “നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെതന്നേ കാണിപ്പിൻ എന്നു പറഞ്ഞു.”
അവര്‍ യേശുവിന്‍റെ വാക്കുകള്‍ അനുസരിച്ചു, പുരോഹിതനെ തങ്ങളെ തന്നെ കാണിക്കുവാനും ശുദ്ധരായി തീര്‍ന്നു എന്ന വിധിക്കപ്പെടുവാനുമായി അവര്‍ പാളയത്തിന്റെ വാതില്‍ക്കലേക്ക് ഓടി.
അവര്‍ എല്ലാവരും പോകുന്ന വഴിക്ക് തന്നേ ശുദ്ധരായ്തീർന്നു.
“നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെതന്നേ കാണിപ്പിൻ” എന്ന് യേശു കല്‍പ്പിച്ചപ്പോഴും, അവര്‍ അത് അനുസരിച്ച് യാത്ര തുടങ്ങിയപ്പോഴും രോഗസൗഖ്യത്തിന്റെ ബാഹ്യമായ യാതൊരു ലക്ഷണവും കണ്ടില്ല. എന്നിരുന്നാലും അവര്‍ വിശ്വസിച്ചു, അനുസരിച്ചു.
അവര്‍ എത്രദൂരം മുന്നോട്ട് പോയപ്പോള്‍ രോഗസൌഖ്യമുണ്ടായി എന്ന് വേദപുസ്തകത്തില്‍ പറയുന്നില്ല.
എന്നാല്‍ അവര്‍ യാത്രതുടങ്ങി കഴിഞ്ഞ് കുറെ ദൂരം മുന്നോട്ട് പോയികഴിഞ്ഞപ്പോള്‍ അവര്‍ക്ക് രോഗസൗഖ്യം വന്നു എന്ന് അവര്‍ മനസ്സിലാക്കി.

അവരുടെ സൌഖ്യം തീര്‍ച്ചയാക്കുവാന്‍ ഒരു വൈദ്യനെ കാണുവാനല്ല യേശു കല്‍പ്പിച്ചത്.
അവര്‍ പുരോഹിതന്മാർക്കു അവരെതന്നേ കാണിക്കേണം എന്നാണ് യേശു കല്‍പ്പിച്ചത്.
അവരെ അശുദ്ധന്‍ എന്ന് വിധിച്ച്, പാളയത്തിന് പുറത്താക്കിയത് പുരോഹിതന്‍ ആണ്. അതെ പുരോഹിതന്‍ തന്നെ അവരെ ശുദ്ധന്‍ എന്ന് വിധിച്ച് പാളയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കേണം.
ഒരു കുഷ്ടരോഗിയെ വീണ്ടും പരിശോധിച്ച് രോഗം സൗഖ്യമായി എന്ന് വിധിക്കുവാനുള്ള പ്രമാണങ്ങളും രീതിയും, ലേവ്യപുസ്തകം 14: 1 – 20 വരെയുള്ള വാക്യങ്ങളില്‍ നമ്മള്‍ വായിക്കുന്നു.
വിഷയം വിശദമായി മറ്റൊരു സന്ദേശത്തില്‍ ചിന്തിക്കാം എന്ന് ഞാന്‍ കരുതുന്നു.
അതിനാല്‍ നമുക്ക് വീണ്ടും പത്താമത്തെ കുഷ്ഠരോഗിയിലേക്ക് തിരികെ പോകാം.

യേശുവിങ്കലേക്ക് തിരിയുന്നു

പത്തുപേര്‍ സൌഖ്യമായി എങ്കിലും, അതില്‍ ഒരാള്‍ മാത്രം യേശുവിന്‍റെ അടുക്കലേക്കു തിരികെ ചെന്നു. അത് പത്താമത്തെ കുഷ്ടരോഗി ആണ്.
അവന്‍ തനിക്കു സൗഖ്യംവന്നതു കണ്ടു ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു.
തിരികെ വന്നു നന്ദി പറയാതിരുന്ന ആരുടേയും രോഗസൗഖ്യത്തെ യേശു തിരികെ എടുത്തില്ല; അവന്‍ കരുണയ്ക്കായി യാചിച്ച എല്ലാവരെയും സൌഖ്യമാക്കി.
ഒരുവന്‍ തിരികെ വന്നു നന്ദി പറഞ്ഞപ്പോള്‍, യേശു ഒരു ആത്മീയ മര്‍മ്മം ശിഷ്യന്മാരുടെയും ജനകൂട്ടത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചു.
യേശു ഉറക്കെ പറഞ്ഞു: പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ? ഒമ്പതുപേർ എവിടെ? ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ”. (ലൂക്കോസ് 17:18).
ഒരു അന്യജാതിക്കാരന്‍ അല്ലാതെ, യാഹൂദന്മാരായിരുന്ന മറ്റ് ഒന്‍പതു കുഷ്ടരോഗികളും ദൈവത്തിന് മഹത്വം കൊടുപ്പാന്‍ തിരികെ വന്നില്ല.
എന്നിരുന്നാലും അവര്‍ക്ക് യേശുവില്‍ വിശ്വാസമുണ്ടായിരുന്നു, അവര്‍ സൗഖ്യം പ്രാപിച്ചു.

തിരികെ യേശുവിന്‍റെ അടുക്കല്‍ വന്ന് “അവന്‍റെ കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞവന്‍ ഒരു ശമര്യക്കാരൻ ആയിരുന്നു എന്ന ലൂക്കൊസിന്റെ പ്രസ്താവന മനപ്പൂര്‍വ്വമായതാണ്.
മറ്റു യഹൂദന്മാരായ കുഷ്ടരോഗികള്‍ തിരികെ വന്ന് നന്ദി പറഞ്ഞില്ല എന്നതില്‍ യേശു നിരാശ രേഖപ്പെടുത്തുന്നതും മനപ്പൂര്‍വ്വം ആണ്.
യേശുവിലൂടെയുള്ള രക്ഷയുടെ ഒരു വലിയ മര്‍മ്മം വെളിപ്പെടുത്തുവാന്‍ ഇരുവരും ആഗ്രഹിക്കുന്നു.
ശമര്യക്കാരന്‍ യഹൂദന്മാര്‍ സാമൂഹികമായി ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നവന്‍ ആണ്.
ഇവിടെ ആണ്, പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ? ഒമ്പതുപേർ എവിടെ? ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ” എന്ന യേശുവിന്റെ ചോദ്യത്തിന്‍റെ പ്രസക്തി.
യേശുവിന്‍റെ ചോദ്യം, നഷ്ടപ്പെട്ട ഒന്‍പതു യഹൂദന്മാരെ കുറിച്ചുള്ള വ്യകുലതയല്ല; മറിച്ച് കണ്ടുകിട്ടിയ ഒരു ശമാര്യക്കരനെക്കുറിച്ചുള്ള സന്തോഷമാണ് പ്രകടിപ്പിക്കുന്നത്.
ശമാര്യക്കാരനെ ഒരു പരദേശിയും അന്യജാതിക്കാരനും ആയി യേശു അവതരിപ്പിക്കുക ആണ്.
ഈ ശമാര്യാക്കാരന്‍ യഹൂദന്മാര്‍ അല്ലാത്ത ജാതീയാരായ സകല മനുഷ്യരുടെയും പ്രതീകം ആണ്.
നഷ്ടപ്പെട്ട മനുഷ്യര്‍ ഇവിടെ വേണ്ടപ്പെട്ടവര്‍ ആയി മാറുക ആണ്.
ഇത് യേശുവിന് ചുറ്റും നിന്നിരുന്ന യഹൂദ ജനകൂട്ടവും ശിഷ്യന്മാരും മനസ്സിലാക്കേണം.
യേശുവിലൂടെ ഉള്ള സൌഖ്യം യഹൂദനില്‍ ഒതുങ്ങി നില്‍ക്കാതെ ജാതീയരിലേക്ക് പരക്കുക ആണ്.
ഇതാണ്, ലൂക്കോസ് ഈ സംഭവകഥ പറയുവാന്‍ ആരംഭിച്ചപ്പോള്‍ കുറിച്ച വാക്യത്തില്‍ ഒളിച്ചുവച്ച മര്‍മ്മം:അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമര്യക്കും ഗലീലെക്കും നടുവിൽകൂടി കടക്കുമ്പോൾ” (ലൂക്കോസ് 11 : 17)

സംഭവകഥ രോഗസൌഖ്യം കൊണ്ടും നന്ദി പറച്ചില്‍ കൊണ്ടും അവസാനിക്കുന്നില്ല.
ഞാന്‍ ആദ്യമേ പറഞ്ഞതുപോലെ, രക്ഷയെ കുറിച്ച്, രക്ഷയില്‍ അടങ്ങിയിരിക്കുന്ന ഒരു വലിയ മര്‍മ്മത്തെക്കുറിച്ച് പറയുവാനാണ് ലൂക്കോസ് ഈ വിവരണം എഴുതിയിരിക്കുന്നത്.
യേശുവിന്‍റെ കാലിക പ്രാധാന്യമുള്ള ചോദ്യത്തിന് ശേഷം, കഥ തുടരുന്നു.
കുഷ്ടരോഗിയായിരുന്ന ഈ ശമാര്യക്കാരനെ നോക്കി യേശു പറഞ്ഞു: എഴുന്നേറ്റു പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു”.
ഞാന്‍ പറഞ്ഞുകഴിഞ്ഞ ഒരു കാര്യം വീണ്ടും പറയട്ടെ. തിരികെവന്ന് നന്ദി പറയാതിരുന്ന ഒന്‍പത് പേരുടെയും രോഗസൌഖ്യം യേശു തിരികെ എടുത്തില്ല. യേശുവില്‍ വിശ്വസിച്ച എല്ലാവരും സൌഖ്യം പ്രാപിച്ചു.
അതില്‍ നന്ദി പറഞ്ഞ ഒരു ശമാര്യാക്കാരനും പുരോഹിതന്‍റെ അടുക്കലേക്ക്‌ ഓടിപോയ യഹൂദന്മാരും ഉണ്ട്.
എന്നാല്‍ തിരികെ വന്നു യേശുവിന്റെ കാല്‍ക്കല്‍ വീണ് തന്റെ ജീവിതം യേശുവിനായി സമര്‍പ്പിച്ച ശമാര്യാക്കാരന് ശാരീരിക സൌഖ്യത്തെക്കാള്‍ അധികമായ ഒന്നുകൂടി ലഭിച്ചു.
അവനു ആത്മീയ സൌഖ്യവും കൂടെ ലഭിച്ചു. അതാണ്‌ യേശു പറഞ്ഞത് എഴുന്നേറ്റു പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു”.
ഇതു പറയുന്നതിന് മുമ്പുള്ള യേശുവിന്‍റെ ചോദ്യം, ചുറ്റും കൂടി നിന്ന യാഥാസ്ഥിതിക യഹൂദന്മാരോടുള്ള ചോദ്യമാണ്: ശമാര്യാക്കാരന് രക്ഷ വിലക്കുവാന്‍ ആര്‍ക്ക് കഴിയും.

പത്തു പേര്‍ക്ക് ശാരീരിക രോഗസൌഖ്യം ലഭിച്ചു. അവരില്‍ ഒരുവനായിരുന്ന, പുറംത്തള്ളപ്പെട്ട ജാതീയന് ശാരീരിക രോഗസൌഖ്യവും ആത്മ രക്ഷയും ലഭിച്ചു.
കാരണം അവന്‍ മാത്രമേ അത് ആഗ്രഹിചിരുന്നുള്ളൂ; അവന്‍ മാത്രമേ യേശുവിന്റെ കാല്‍ക്കല്‍ വീണ് തന്റെ ജീവിതം അവനായി സമര്‍പ്പിച്ചുള്ളൂ; അവന്‍ മാത്രമേ, യേശുവുമായി ഒരു വ്യക്തിപരമായ ബന്ധം സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചുള്ളൂ; അവന്‍ മാത്രമേ രോഗസൌഖ്യത്തിലുള്ള ദൈവകൃപ കണ്ടെത്തിയുള്ളൂ.
അങ്ങനെ രക്ഷ യഹൂന്റെ അതിരുകളെ ഭേദിച്ചുകൊണ്ട്, ജാതീയരിലേക്ക് പകരപ്പെടുക ആണ്.
അതിനാല്‍ ആണ്, യേശു ഗലീലയുടെയും ശമര്യയുടെയും ഇടയില്‍ ഉള്ള ഒരു പ്രദേശത്തുകൂടെ യാത്രചെയ്തത്. യേശു യഹൂദനും ശമര്യനും ഇടയിലുള്ള അതിര്‍വരമ്പിനെ ഭേദിച്ചുകൊണ്ട് രക്ഷ ജാതീയര്‍ക്ക് നല്‍കി.

വിശ്വാസം മാത്രം

എങ്ങനെ ആണ് ഈ ശമാര്യക്കാരന് രക്ഷ ലഭിച്ചത് എന്ന് ഒന്നുകൂടെ വേഗം ചിന്തിച്ചുകൊണ്ട്‌ നമുക്ക് ഈ സന്ദേശം അവസാനിപ്പിക്കാം.
ശമാര്യാക്കാരന് രക്ഷ ലഭിച്ചത്, വിശ്വാസം മൂലവും, വിശ്വാസം മാത്രം മൂലവും ആണ്.

ഒന്നാമതായി, കുഷ്ടരോഗികള്‍ ആയിരുന്ന പത്തുപേര്‍ക്കും യേശുവില്‍ വലിയ വിശ്വാസം ഉണ്ടായിരുന്നു.
കുഷ്ടരോഗികള്‍ക്ക് രോഗം ഭേദമായാല്‍ പാളയത്തിലേക്ക് തിരികെ ചെല്ലുവാനും, അവരുടെ ശുദ്ധീകരത്തിനു ഉള്ളത് ചെയ്യുവാനും,  സാധാരണ ജീവിതം നയിക്കുവാനും ഉള്ള വ്യവസ്ഥ പഴയനിയമ പ്രമാണത്തില്‍ ഉണ്ടായിരുന്നു.
എന്നാല്‍ സൗഖ്യം അസാധാരണ സംഭവം ആയിരുന്നു. കുഷ്ടരോഗികള്‍ പാളയത്തിന് പുറത്ത് ഒരുമിച്ചു കഴിയുന്നതും, അവര്‍ക്ക് പ്രത്യേക ചികിത്സ യാതൊന്നും ലഭിക്കാത്തതും രോഗസൌഖ്യത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു.
അവരെ സൌഖ്യമാക്കുവാന്‍ ദൈവത്തിന് മാത്രമേ കഴിയൂ. അതിനു വിശ്വാസം മാത്രമേ അവരുടെ പക്കല്‍ ഉള്ളൂ.
അവര്‍ രോഗികള്‍ ആയിരിക്കുമ്പോള്‍ തന്നെ ആണ് യേശു അവരോടു പുരോഹിതന് തങ്ങളെ തന്നെ കാണിച്ച് ശുദ്ധീകരണം പ്രാപിക്കുവാന്‍ കല്‍പ്പിച്ചത്. യേശുവിന്‍റെ കല്‍പ്പന കേട്ടപ്പോള്‍ തന്നെ, യാതൊരു ഭൌതീക രോഗലക്ഷണങ്ങളും കാണാതെ തന്നെ, അവര്‍ പുരോഹിതന്‍റെ അടുക്കലേക്ക്‌ ഓടി.
ഇവിടെയും നമ്മള്‍ അവരുടെ വിശ്വാസം കാണുന്നു. അവര്‍ കാണപ്പെടുന്ന തെളിവുകള്‍ക്കായി കാത്തിരുന്നില്ല.
തെളിവുകള്‍ പറഞ്ഞു, അവര്‍ അപ്പോഴും കുഷ്ടരോഗികള്‍ ആണ്. അവരുടെ വിശ്വാസം പറഞ്ഞു, യേശു പറഞ്ഞു, അതിനാല്‍ സൌഖ്യമായിരിക്കുന്നു. അവര്‍ കാണാത്ത കാര്യങ്ങളില്‍ വിശ്വസിക്കുക ആയിരുന്നു.
വിശ്വാസത്തോടെ അവര്‍ യാത്ര ചെയ്തപ്പോള്‍ അവരുടെ രോഗം സൌഖ്യമായി; തെളിവുകള്‍ക്ക് വ്യത്യാസം വന്നു; രോഗസൌഖ്യത്തിന്റെ തെളിവുകള്‍ പ്രത്യക്ഷപ്പെട്ടു.
ഇതു വിശ്വാസത്തിന്റെ ഒരു നിര്‍വചനം ആണ്: നമുക്ക് കാണുവാന്‍ കഴിയുന്ന തെളിവുകള്‍ക്ക് ഉപരിയായി യേശുവില്‍ വിശ്വസിക്കുക.
എബ്രായര്‍ 11 :1 പറയുന്നു: “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.”

നമ്മള്‍ കാണുന്ന കാര്യങ്ങളില്‍ അടിസ്ഥാനമാക്കി ജീവിക്കുന്നത് വിശ്വാസ ജീവിതം അല്ല.
നമുക്ക് കാര്യങ്ങള്‍ മനസ്സിലാകാത്തപ്പോഴും, തെളിവുകള്‍ ലഭ്യമല്ലാതിരിക്കുമ്പോഴും, അനുഭവങ്ങള്‍ ചേര്‍ന്ന് വരാതെ ഇരിക്കുമ്പോഴും, ദൈവത്തിന്‍റെ കരുതലിലും വിടുതലിലും വിശ്വസിക്കുക എന്നതാണ് യഥാര്‍ത്ഥ വിശ്വാസം.
അത് ദൈവം എല്ലാം ശരിയാക്കിക്കൊള്ളും എന്ന ഉറപ്പാണ്.

രണ്ടാമതായി നമ്മള്‍ കണ്ടത്, യേശുവിന്റെ അടുക്കലേക്ക് തരികെ വന്ന മനുഷ്യന്‍ ഒരു ശമര്യക്കാരന്‍ ആയിരുന്നു എന്നതാണ്.
ശമാര്യാക്കാര്‍ പാരമ്പര്യമായി യഹൂദന്മാരുടെ ശത്രുക്കള്‍ ആണ്.
അപ്പോള്‍ എന്തുകൊണ്ടാണ് ഒരു യഹൂദ റബ്ബിയുടെ അടുക്കല്‍ വന്ന് അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍ വീണത്‌?
പത്താമത്തെ കുഷ്ടരോഗിക്ക്, തനിക്ക് എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ആഴത്തിലുള്ള ഒരു ബോധ്യം ഉണ്ടായി.

അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന ഒരു യഹൂദ റബ്ബി, യഹൂദന്മാരായ കുറെ കുഷ്ഠരോഗികളെ സൌഖ്യമാക്കിയാല്‍ അത് അദ്ദേഹം ചെയ്യേണ്ടുന്ന കടമ മാത്രം ആകും.
എന്നാല്‍ ഒരു ശമാര്യക്കാരനെ സൌഖ്യമാക്കിയാല്‍, അദ്ദേഹം തന്റെ കടമയെക്കാള്‍ അധികം പ്രവര്‍ത്തിക്കുക ആണ്. മറ്റൊരു രീതിയില്‍, അദ്ദേഹം ഒരു യഹൂദ റബ്ബി പാലിക്കേണ്ടുന്ന അതിര്‍വരമ്പുകള്‍ ഭേദിക്കുക ആണ്.
ശമര്യാക്കാരനോട് അദ്ദേഹം കാണിക്കുന്നത്, അര്‍ഹിക്കാത്ത കൃപ ആണ്.
നമ്മള്‍ രക്ഷപ്രാപിക്കുവാന്‍ അര്‍ഹര്‍ അല്ല എന്ന് ബോധ്യം ഉള്ളപ്പോള്‍, ദൈവം നമ്മളെ രക്ഷിച്ചാല്‍, നമ്മള്‍ വളരെയധികം നന്ദി ഉള്ളവര്‍ ആയിരിക്കും.
അതായത്, തനിക്കു ലഭിച്ചത് എന്ത് എന്ന് യഥാര്‍ഥമായും ബോധ്യം ഉള്ളവര്‍ ദൈവത്തോട് ഏറെ വിശ്വസ്തതയോടെ അടുത്തു ജീവിക്കും.

ലൂക്കോസ് 12: 48 ... വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും.”

മൂന്നാമതായി, ഈ സംഭവകഥ സകല മനുഷ്യരിലേക്കും ഇറങ്ങിചെല്ലുന്ന ദൈവ കൃപയെ കാണിക്കുന്നു.
നന്ദി പറയുവാന്‍ അവര്‍ തിരികെ വന്നോ, വന്നില്ലയോ എന്നതിന്‍റെ അടിസ്ഥാനത്തില്‍ അല്ല അവര്‍ക്ക് രോഗസൌഖ്യം ലഭിച്ചത് എന്ന് നമ്മള്‍ പറഞ്ഞുകഴിഞ്ഞല്ലോ.
അതായത്, ദൈവം അനേകം അനുഗ്രഹങ്ങള്‍ മനുഷ്യര്‍ക്ക്‌ അവരുടെ യോഗ്യത നോക്കാതെ തന്നെ നല്‍കുന്നുണ്ട്. അവര്‍ അത് ദൈവീക നന്മയാണ് എന്ന് അംഗീകരിച്ചാലും ഇല്ലെങ്കിലും ദൈവം ഇവ നല്കികൊണ്ടിരിക്കും.
മത്തായി 5: 45 ല്‍ പറയുന്നതുപോലെ, “... അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.”
ക്രൈസ്തവ വിശ്വാസികള്‍ അല്ലാത്തവര്‍ പോലും അനേകം ദൈവീക അനുഗ്രഹങ്ങള്‍ അനുഭവിക്കുന്നുണ്ട്.
അതായത്, എല്ലാവരും അനുഭവിക്കുന്ന പൊതുവായ ദൈവ കൃപ ഉണ്ട്.
ഒരുവന്‍ ക്രിസ്ത്യാനി ആയാലും അല്ലെങ്കിലും, പ്രകൃതിയുടെ അനുഗ്രഹങ്ങള്‍ അനുഭവിക്കുവാനും, സൗന്ദര്യം ആസ്വദിക്കുവാനും, നല്ല കുടുംബ ജീവിതം നയിക്കുവാനും കലാപരമായ പ്രവര്‍ത്തികള്‍ ചെയ്യുവാനും സന്തോഷിക്കുവാനും കഴിയും. ഇതെല്ലാം വ്യവസ്ഥകള്‍ ഇല്ലാതെ ലഭിക്കുന്ന ദൈവ കൃപ ആണ്.
എന്നാല്‍, യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചുകഴിയുമ്പോള്‍ അവരുടെ ജീവിതത്തിനും അനുഭവങ്ങള്‍ക്കും പുതിയ അര്‍ത്ഥവും മാനവും ലഭിക്കും.
രക്ഷിക്കപ്പെട്ട ക്രിസ്തീയ വിശ്വാസികള്‍, നിര്‍ബന്ധമായും, ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നവര്‍ ആയിരിക്കേണം.

ഉപസംഹാരം

അവസാനമായി ചില വാക്കുകള്‍ കൂടി പറഞ്ഞുകൊള്ളട്ടെ.
പത്താമത്തെ കുഷ്ടരോഗി ആണ് നമ്മളുടെ കേന്ദ്ര ബിന്ദു.
ജീവിതത്തില്‍ ഇനി ഒരിക്കലും സൗഖ്യം അവന്‍ പ്രതീക്ഷിച്ചിരുന്നില്ല എങ്കിലും, യേശു അവനെ സൌഖ്യമാക്കി.
അവന്‍ യേശുവിന്‍റെ കാല്‍ക്കല്‍ വീണു, തന്റെ ജീവിതം സമര്‍പ്പിച്ചു.
അതിനാല്‍ യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു”.
യേശു അവന് ആത്മീയ രക്ഷയും കൃപയാല്‍ നല്‍കി.
അവന്റെ ശാരീരിക സൗഖ്യം അവന്‍റെ ആത്മീയ രക്ഷയിലേക്കു അവനെ നടത്തി.
ആത്മ രക്ഷ ലഭിച്ചില്ല എങ്കില്‍, രോഗത്തിന്‍റെ മൂല കാരണമായ പാപം അവനില്‍ അവശേഷിക്കും എന്ന അവബോധം അവനു ഉണ്ടായി.

സംഭവം, പത്താമത്തെ കുഷ്ടരോഗിയുടെ നന്ദിയെക്കാള്‍ ഉപരി, അവന്റെ വിശ്വസ്തതയെ ആണ് കാണിക്കുന്നത്.
വിശ്വസ്തത അവന്‍ രണ്ടു രീതിയിലാണ് പ്രകടപ്പിച്ചത്. ആദ്യം അവന്‍ ശാരീരിക സൗഖ്യത്തിനായി യേശുക്രിസ്തുവിന്‍റെ കരുണയ്ക്കായി യാചിച്ചു.
കരുണയ്ക്കായി യാചിച്ച പത്തുപേര്‍ക്കും സൌഖ്യം ലഭിച്ചു; എന്നാല്‍ ഒരു ശമര്യക്കാരന്‍ മാത്രം ദൈവകൃപയില്‍ ആത്മീയ സൌഖ്യം കൂടി കണ്ടു.

ദൈവത്തില്‍ നിന്നും കൃപ ലഭിക്കുമ്പോള്‍, അതിനോട് അനുകൂലമായി പ്രതികരിക്കേണ്ടത് നമ്മളുടെ ചുമതല ആണ്.
ഇതാണ് ശമര്യക്കാരന്‍ ചെയ്തത്. രോഗസൌഖ്യവുമായി ഓടി പോകുന്നതല്ല, സൌഖ്യം നല്‍കിയ യേശുവിന്‍റെ കാല്‍ക്കല്‍ വീഴുന്നതാണ് തന്‍റെ കടമ എന്ന് അവന്‍ തിരിച്ചറിഞ്ഞു.
രോഗസൌഖ്യവും മറ്റ് ദൈവീക അനുഗ്രഹങ്ങളും നമ്മളെ കൂടുതല്‍ ആഴമുള്ള ദൈവീക ബന്ധത്തിലേക്ക് നയിക്കേണ്ടാതാണ്.

യേശു എന്ന യഹൂദ റബ്ബി, രോഗസൌഖ്യവുമായും, ആത്മരക്ഷയുമായും യഹൂദന്മാരുടെ ഗലീലയുടെ അതിരുകളെ കടന്ന് ശമര്യയിലേക്ക്, ജാതികളുടെ ഇടയിലേക്ക് വരുകയാണ്.
നഷ്ടപ്പെട്ടവരെ തേടിയുള്ള ദൈവത്തിന്‍റെ യാത്ര ആണിത്.
ആരാണ് രക്ഷിക്കപ്പെടെണ്ടത്? യഹൂദനോ ശമര്യാക്കാരനോ? യഹൂദനോ ജാതീയനൊ? ശുദ്ധനോ അശുദ്ധനൊ? ഈ അതിര്‍ വരമ്പാണ് യേശു തകര്‍ത്തത്.
യഹൂദനും, ശമാര്യാക്കാരനും, ജാതീയനും, വിശുദ്ധനും, അശുദ്ധനും, ഒരുപോലെ ദൈവകൃയ്ക്ക് വെളിയില്‍ അല്ല.
സകല മനുഷ്യര്‍ക്കും ദൈവകൃപ ഇന്ന് ലഭ്യമാണ്.
യഹൂദന്മാരുടെ ഗലീലിയയ്ക്കും ശമര്യയ്ക്കും ഇടയില്‍ ഒരു ദൈവരാജ്യം മാത്രമേ ഉള്ളൂ.

കര്‍ത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!


No comments:

Post a Comment