ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല

നമ്മളുടെ വീഡിയോകളില്‍ സാധാരണ നമ്മള്‍ ഓരോ വിഷയങ്ങള്‍ വിശദമായി പഠിക്കുക ആണ് ചെയ്യുന്നത്.
എന്നാല്‍ ഇന്നു നമുക്ക് ദൈവവചനത്തില്‍ നിന്നും ഒരു വാക്യം വിശദമായി പഠിക്കാം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. മത്തായി 5 മുതല്‍ 7 വരയുള്ള അദ്ധ്യായങ്ങള്‍ ദൈവരാജ്യത്തിന്‍റെ പ്രമാണങ്ങള്‍ വിശദീകരിക്കുന്ന വേദഭാഗം ആണ്.
മത്തായി എഴുതിയ സുവിശേഷം 7-)0 അദ്ധ്യായത്തില്‍, യേശുവില്‍ വിശ്വസ്തതയോടെ ജീവിക്കുന്ന വിശ്വാസികളും അവിശ്വസ്തതയോടെ പ്രകടനപരമായി മാത്രം ജീവിക്കുന്നവരും തമ്മില്‍, അന്ത്യന്യായവിധി ദിവസത്തില്‍ ഉണ്ടാകുവാന്‍ പോകുന്ന വേര്‍തിരിവിനെക്കുറിച്ച് പറയുന്നുണ്ട്.

മത്തായി 7: 22, 23  (ലൂക്കോസ് 13: 23 - 30)
22  കര്‍ത്താവേ, കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും.
23  അന്നു ഞാന്‍ അവരോടു: ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിന്‍ എന്നു തീര്‍ത്തുപറയും.
അന്ത്യ ന്യായവിധിയുടെയും വേര്‍തിരിയലിന്‍റെയും സമയത്ത് രണ്ടു കൂട്ടര്‍ ദൈവരാജ്യത്തിലേക്ക് പ്രവേശിക്കെണ്ടാതിനായി യേശുവിന്റെ അടുക്കല്‍ വരുന്നതാണ് ഇവിടുത്തെ ചിത്രം.
പക്ഷെ അവരില്‍, തങ്ങളുടെ പ്രവത്തികളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന അനേകര്‍ തള്ളപ്പെടും. അവര്‍ നിരാശരും ദുഖിതരും ആയിത്തീരും.

നമ്മളുടെ ഈ സന്ദേശത്തില്‍, യേശു പറഞ്ഞ “ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല” എന്ന വാക്യത്തെക്കുറിച്ച് പഠിക്കുവാന്‍ ആണ് നമ്മള്‍ ആഗ്രഹിക്കുന്നത്.
എന്താണ് യേശു ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?
അവന്‍റെ നാമത്തില്‍ പ്രവചിക്കുകയും, രോഗികളെ സൌഖ്യമാക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും അങ്ങനെ അനേകം അത്ഭുതങ്ങളും വീര്യപ്രവര്‍ത്തികളും, അനേകം നന്മകളും കാരുണ്യപ്രവര്‍ത്തികളും ചെയ്ത ഒരു കൂട്ടം ജനത്തെയാണ്, “ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല” എന്ന് പറഞ്ഞ് യേശു തള്ളിപറയുന്നത്.

ജോണ്‍ കാല്‍വിന്‍റെ ചിന്തകള്‍ അനുധാവാനം ചെയ്യുന്ന ദൈവദാസന്മാര്‍, ഒരു വ്യക്തി ഒരിക്കല്‍ രക്ഷിക്കപ്പെട്ടാല്‍ പിന്നീട് ഒരിക്കലും രക്ഷ നഷടപ്പെടുകയില്ല എന്നതിന്‍റെ തെളിവായി ഈ വാക്യത്തെ ചൂണ്ടികാണിക്കുന്നു.
അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുന്നവര്‍ ദൈവത്തില്‍നിന്നും ഉള്ളവര്‍ ആണ് എന്ന പൊതുവേയുള്ള ധാരണയെ ഈ വാക്യം തള്ളികളയുകയും ചെയ്യുന്നു.
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതോ കാരുണ്യ പ്രവര്‍ത്തികളോ ഒരുവന്‍ സത്യമായും രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതിന്‍റെ തെളിവല്ല.

നമ്മളുടെ ഈ ചിന്ത കാല്‍വിനിസത്തെ കുറിച്ചുള്ള പഠനം അല്ല. കാല്‍വിന്റെ ചിന്തകളെ കുറിച്ചുള്ള വസ്തുനിഷ്ടാപരമായ പഠനം മറ്റൊരു വീഡിയോയില്‍ നമ്മളുടെ വീഡിയോ ചാനലില്‍ ലഭ്യമാണ്.
ഇവിടെ നമ്മള്‍, യേശു പറഞ്ഞ വാക്യത്തെക്കുറിച്ചു ഉയരുന്ന പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യുകയാണ്

ഒന്ന്: അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം ദൈവത്തില്‍ നിന്നുള്ളവര്‍ ആണോ?
അഥവാ, പ്രവചിക്കുവാനും, വാചാലമായി പ്രസംഗിക്കുവാനും, ഭൂതങ്ങളെ പുറത്താക്കുവാനും, രോഗികളെ സൌഖ്യമാക്കുവാനും, മറ്റ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുമുള്ള കഴിവുള്ളവര്‍ എല്ലാവരും സത്യമായും യേശുക്രിസ്തുവിലൂടെ കൃപയാല്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ട് യേശുവിന്‍റെ കര്‍തൃത്വത്തിന്‍ കീഴില്‍ ജീവിക്കുന്നവര്‍ തന്നെ ആണോ?

രണ്ടാമത്തെ ചോദ്യം: യേശു തള്ളിപറയുന്ന, ഇവര്‍ ആരാണ്; യേശുവിന്‍റെ നാമത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ ഇവര്‍ക്ക് എങ്ങനെ കഴിയുന്നു; അവരുടെ ശക്തിയും അധികാരവും ദൈവത്തില്‍ നിന്നും വരുന്നതാണോ?
നമുക്ക് ഈ രണ്ടു ചോദ്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യാം.

അനേകരും ചുരുക്കവും

മത്തായി 7-)0 അദ്ധ്യായത്തില്‍ യേശു യഥാര്‍ത്ഥ വിശ്വാസത്തെ കുറിച്ചും വിശ്വാസത്തിന്റെ വ്യാജ പ്രകടനത്തെ കുറിച്ചും വിശദമായി സംസാരിക്കുക ആണ്.
ഇതിനായി താരതമ്യ പഠന രീതി ആണ് യേശു ഉപയോഗിക്കുന്നത്.
അതായത്, സാമ്യമുള്ളതും വിപരീതമായതിനെയും കുറിച്ച് പറഞ്ഞ്, ആത്മീയ മര്‍മ്മങ്ങളെ വിശദീകരിക്കുക ആണ്.
13, 14 വാക്യങ്ങളില്‍ വ്യത്യസ്തങ്ങള്‍ ആയ ലക്ഷ്യങ്ങളില്‍ എത്തിച്ചേരുന്ന രണ്ട് വഴികളെക്കുറിച്ച് യേശു പറയുന്നുണ്ട്.
ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെ രണ്ടായി ഭാഗിക്കുക ആണ് യേശു ഇവിടെ ചെയ്യുന്നത്.
ഈ വാക്യങ്ങള്‍ വായിക്കുമ്പോള്‍ സുവിശേഷ ലഘുലേഖകളില്‍ നമ്മള്‍ കാണുന്ന രണ്ടു വഴികളുടെ ചിത്രം നമ്മളുടെ മനസ്സില്‍ വരും.
എന്നാല്‍ ഈ ഉപമ, വഴികളുടെ വീതിയെക്കുറിച്ച് അല്ല പറയുന്നത്, രണ്ട് വ്യത്യസ്തങ്ങള്‍ ആയ തിരഞ്ഞെടുപ്പുകള്‍ നടത്തിയ മനുഷ്യരെ കുറിച്ചാണ്.

ഇവിടെ യേശു രണ്ട് ചിത്രങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്‌.
ഒന്ന് വീതിയുള്ള വാതിലും, വിശാലമായ വഴിയും; അതിലൂടെ അനേകര്‍ യാത്രചെയ്യുന്നു; അത് എത്തിച്ചേരുന്നത് നാശത്തിലെക്കാണ്.

അതിന്‍റെ അര്‍ത്ഥം, വിശാലമായ വഴിയില്‍ ധാരാളം യാത്രക്കാര്‍ ഉണ്ട്; അതുകൊണ്ട് വളരെ തിരക്ക് അവിടെ ഉണ്ട്; ഞെങ്ങി ഞെരുങ്ങി, പരസ്പരം ഉന്തിയും തള്ളിയും ഒക്കെ ആണ് അവര്‍ മുന്നോട്ടു പോകുന്നത്.
അവര്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവാരോ രക്ഷിക്കപ്പെട്ടവരോ അല്ല; അതുകൊണ്ട് അവരുടെ ഇടയില്‍, ചതിയും വഞ്ചനയും, കൊലപാതകവും, പീഡനവും എല്ലാം ഉണ്ട്.
അത് അത്ര സുഖകരമായ വഴി അല്ല.

രണ്ടാമത്തെ ചിത്രം, ഇടുങ്ങിയ വാതിലും ഞെരുക്കമുള്ള വഴിയും ആണ്.
എന്നാല്‍ ഇതിലൂടെ ചുരുക്കം മനുഷ്യര്‍ മാത്രമേ യാത്രചെയ്യുന്നുള്ളൂ; അതുകൊണ്ട് യാതൊരു തിരക്കും ഇവിടെ ഇല്ല; ആരും ആരെയും ഞെക്കി ഞെരുക്കി യാത്രചെയ്യുന്നില്ല.
ഇവര്‍ എല്ലാവരും ദൈവത്താല്‍ നിത്യജീവനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ആണ്, യേശുവിന്‍റെ ഏക യാഗത്തില്‍ ഉള്ള വിശ്വാസം മൂലം കൃപയാല്‍ രക്ഷിക്കപ്പെട്ടവര്‍ ആണ്.
ഇവരില്‍ ദുഷ്ടതയോ വഞ്ചനയോ ഇല്ല; അധര്‍മ്മം പ്രവർത്തിക്കുന്നവര്‍ ഇവരില്‍ ഇല്ല.
അവര്‍ മരുഭൂമിയിലെ യിസ്രായേല്‍ ജനത്തെപ്പോലെ, യേശുവിന്‍റെ കര്‍തൃത്വത്തിന് കീഴില്‍ ജീവിക്കുന്നു.
അവരുടെ ഇടയില്‍ ജയത്തിന്‍റെയും ഉല്ലാസത്തിന്‍റെയും ഘോഷം ഉണ്ട്.
അവര്‍ എത്തിച്ചേരുന്നത് നിത്യമായ ജീവനിലെക്കാണ്.
         
അതായത്, ഈ ഉപമ ‘അനേകര്‍’ ‘ചുരുക്കം’ എന്നിങ്ങനെ വിഭജിക്കപ്പെട്ട രണ്ടു കൂട്ടം മനുഷ്യരെ കുറിച്ചാണ് പറയുന്നത്.

15 മുതല്‍ 18 വരെയുള്ള വാക്യങ്ങളില്‍ ആടുകളുടെയും ചെന്നായ്ക്കളുടെയും ചിത്രത്തിലൂടെ യേശു വീണ്ടും രണ്ടുതരത്തിലുള്ള മനുഷ്യരെക്കുറിച്ച് പറയുന്നു.
യേശു വീണ്ടും ഇതേകാര്യം പറയുവാന്‍, മുന്തിരിപ്പഴം - അത്തിപ്പഴം, മുള്ളുകള്‍ - ഞെരിഞ്ഞിലുകള്‍, നല്ല വൃക്ഷം – ആകാത്ത വൃക്ഷം, നല്ല ഫലം – ആകാത്ത ഫലം എന്നിവയെക്കുറിച്ച് പറയുന്നു.
ഇതിലൂടെ വ്യത്യസ്തരായ രണ്ടുകൂട്ടരെ അവതരിപ്പിച്ചതിനുശേഷം, എക്കാലത്തും യേശുവിനെ വിശ്വസിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്നവരുടെ ആത്മീയ അവസ്ഥയെക്കുറിച്ച് യേശു പറയുക ആണ്.
അതായത് യേശു ഇവിടെ റോഡുകളെക്കുറിച്ചും, മൃഗങ്ങളെ കുറിച്ചും, വൃക്ഷങ്ങളെ കുറിച്ചും അല്ല പറയുന്നത്, യേശു മനുഷ്യരെക്കുറിച്ച് പറയുക ആണ്.

ഇതേ ചിന്താരീതി മത്തായി 7: 22, 23 വാക്യത്തിലും യേശു തുടരുകയാണ്.
യേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് വ്യാജമായി പറയുന്ന ‘അനേകരെ’ക്കുറിച്ചും അവനില്‍ സത്യമായും വിശ്വസിക്കുന്ന ‘ചുരുക്കം’ പേരേക്കുറിച്ചും ആണ് ഈ വാക്യങ്ങളില്‍ സംസാരിക്കുന്നത്.

ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല” എന്ന് പറഞ്ഞു യേശു തള്ളികളയുന്ന ‘പലരും’ ക്രിസ്തീയ സമൂഹത്തില്‍ നിന്നും അകലെ ജീവിക്കുന്നവര്‍ അല്ല; അവര്‍ യേശുവിന്‍റെ നാമം അവകാശപ്പെടുന്നുണ്ട്.
ഞാന്‍ ക്രിസ്ത്യാനി ആണ് അല്ലെങ്കില്‍ വിശ്വാസി ആണ് എന്ന് അവകാശപ്പെടുന്നതില്‍ സന്തോഷമുള്ളവര്‍ ആണ്.
അവരുടെ പ്രവര്‍ത്തികള്‍ എല്ലാം യേശുവിന്‍റെ നാമത്തില്‍ ആണ് ചെയ്യുന്നത്; യേശുവിന്‍റെ നാമത്തില്‍ അവര്‍ പ്രാര്‍ത്ഥിക്കുകയും രോഗികളെ സൌഖ്യമാക്കുകയും ചെയ്യും.
അവര്‍ യേശുവിന്‍റെ നാമത്തില്‍ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യും.
യേശുവിന്‍റെ നാമത്തില്‍ വലിയ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വലിയ പള്ളികള്‍ സ്ഥാപിക്കുകയും ചെയ്യും.
യേശുവുമായി അടുത്ത ബന്ധം ഉണ്ട് എന്ന് അവര്‍ അവകാശപ്പെടും.
എന്നാല്‍ യേശു അവരെ ഒരുനാളും അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവര്‍ എന്നാണ് യേശു അവരെ വിളിച്ചത്.

ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല” എന്ന വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.
യേശു ഇങ്ങനെ പറയുവാനുള്ള കാരണത്തെക്കുറിച്ച് രണ്ട് വിശദീകരണങ്ങള്‍ ഉണ്ട്.

1.       അവര്‍ ഒരിക്കല്‍ യേശുവിലുള്ള വിശ്വാസം മൂലം രക്ഷിക്കപ്പെട്ടവര്‍ ആയിരുന്നു, എന്നാല്‍ പിന്നീട് പിന്മാറി പോയി.
2.       അവര്‍ ഒരിക്കലും രക്ഷിക്കപ്പെട്ടവര്‍ ആയിരുന്നില്ല; ഒരിക്കലും പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടരും ആയിരുന്നില്ല.

ഒന്നാമത്തേത് അര്‍മീനിയന്‍ ദൈവശാസ്ത്രവും രണ്ടാമത്തേത് കാല്‍വിനിസവും ആണ്.
എന്നാല്‍, ഇവരുടെ കഴിഞ്ഞകാല ജീവിതം എന്തും ആയിക്കൊള്ളട്ടെ, യേശു പറഞ്ഞത് ‘ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല’ എന്നാണ്.

ഈ വാക്യങ്ങളുടെ സിറിയ ഭാഷയിലുള്ള പരിഭാഷയില്‍ “കര്‍ത്താവേ, കര്‍ത്താവേ” എന്നല്ല “എന്‍റെ കര്‍ത്താവേ, എന്‍റെ കര്‍ത്താവേ” എന്നാണ് ഇവര്‍ ന്യായവിധിയുടെ ദിവസം യേശുവിനെ വിളിക്കുന്നത്‌.
അവരുടെ നല്ലതും അസാധാരണവും ആയ പ്രവര്‍ത്തികളുടെ ഒരു വലിയ പട്ടിക തന്നെ അവര്‍ യേശുവിന്‍റെ മുന്നില്‍ അവതരിപ്പിച്ചു.
എന്നാല്‍ അവരുടെ പ്രവത്തികളുടെ ഉത്തരവാദിത്തം യേശു ഏറ്റെടുത്തില്ല; അവന്‍ അവരെ തള്ളിപ്പറഞ്ഞു.
അതിന്‍റെ അര്‍ത്ഥം അവര്‍ ചെയ്തതൊന്നും യേശുവിന്‍റെ സമ്മതത്തോടെയോ അംഗീകാരത്തോടെയോ, ശക്തിയോടെയോ ആയിരുന്നില്ല.
എന്നാല്‍ അവര്‍ ചെയ്തതെല്ലാം യേശുവിന്‍റെ ശക്തിയാലും അധികാരത്താലും ആണ് എന്നും ഈ പ്രവത്തികളുടെ അടിസ്ഥാനത്തില്‍ ദൈവരാജ്യം കൈവശമാക്കുവാന്‍ കഴിയും എന്നും അവര്‍ വിശ്വസിച്ചു എന്നതാണ് ഇതിലെ ഖേദകരമായ വസ്തുത.
എന്നാല്‍ യേശു അവരുടെ പ്രവര്‍ത്തികളുടെ നീണ്ട പട്ടിക കേട്ടതിനു ശേഷം അവരെ “അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെ” എന്നാണ് വിളിച്ചത്.
അതിന്‍റെ അര്‍ത്ഥം, അവരുടെ പ്രസിദ്ധമായ പ്രവര്‍ത്തനങ്ങളുടെ കാലത്തൊന്നും അവര്‍ക്ക് യേശുവുമായി ബന്ധം ഉണ്ടായിരുന്നില്ല.
അവര്‍, ദൈവത്തിന്‍റെ ആത്മാവിനാല്‍ വീണ്ടും ജനനം പ്രാവിച്ചവര്‍ ആയിരുന്നില്ല.
യേശു അവരെ ഒരുനാളും അറിഞ്ഞിട്ടില്ല എങ്കില്‍ അവര്‍ ഒരിക്കലും യേശുവിനുള്ളവര്‍ ആയിരുന്നില്ല.
ഇവിടെ, ഇതുവരെയും പിന്താങ്ങി കൊണ്ട് നടന്നവരെ അവസാന നിമിഷം യേശു തള്ളിപ്പറയുക അല്ല ചെയ്തത്; അവന്‍ അവരെ ഒരുനാളും അറിഞ്ഞിട്ടില്ല; യേശുവിന് അവരുമായി ഒരിക്കലും ഒരു ബന്ധം ഉണ്ടായിരുന്നില്ല.

യേശു തന്റെ ചുറ്റിനും കൂടി നില്‍ക്കുന്ന യഹൂദന്മാരോട് ആണ് ഈ ഉപമ പറയുന്നത് എന്ന് ഓര്‍ക്കുക.
അവരില്‍ അനേകര്‍ യേശുവിന്‍റെ പ്രവര്‍ത്തികളിലും പഠിപ്പിക്കലുകളിലും താല്പര്യം പ്രകടിപ്പിക്കുകയും അവനെ ‘കര്‍ത്താവ്’ എന്ന് വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ‘കര്‍ത്താവേ’ എന്ന് വിളിക്കുന്ന അനേകര്‍ അവന്‍റെ ക്രൂശുമരണത്തെ പിന്നീട് തള്ളിപ്പറയും എന്ന് യേശുവിന് അറിയാമായിരുന്നു.
അന്ത്യ ന്യായവിധി ദിവസം ഒരു പുതിയ ബന്ധം ആരംഭിക്കുവാനുള്ള ദിവസം അല്ല എന്ന് യേശു അവരെ ഓര്‍മ്മപ്പെടുത്തുകയാണ്.
ഈ ഭൂമിയില്‍ ചെയ്ത അത്ഭുതങ്ങളുടെയോ നല്ല പ്രവര്‍ത്തികളുടെയോ അടിസ്ഥാനത്തില്‍ അന്ന് യേശുവുമായി ഒരു ബന്ധം ആരംഭിക്കുവാന്‍ കഴിയുക ഇല്ല.
ന്യായവിധി ദിവസം രക്ഷിക്കപ്പെടുവാനുള്ള ദിവസം അല്ല; ഇപ്പോഴാകുന്നു സുപ്രസാദകാലം, ഇപ്പോള്‍ ആകുന്നു രക്ഷാ ദിവസം.

സത്യവിശ്വാസികള്‍ നല്ല ഫലം കായ്ക്കുന്ന നല്ല വൃക്ഷങ്ങള്‍ ആണ്.
അവര്‍ യേശു എന്ന ശ്രേഷ്ഠ ഇടയനിലേക്ക് എപ്പോഴും നോക്കുന്ന, ആശ്രയിക്കുന്ന, അവനില്‍ വിശ്വസിക്കുന്ന നല്ല ആടുകള്‍ ആണ്.
യേശുവില്‍ നിന്നുമാണ് തങ്ങള്‍ക്ക് രക്ഷയും നീതീകരണവും നിത്യജീവനും ലഭിക്കുന്നത് എന്ന് അവര്‍ വിശ്വസിക്കുന്നു.
ഇവര്‍ മാത്രമേ ദൈവരാജ്യത്തില്‍ പ്രവേശിക്കുക ഉള്ളൂ.

യേശു തള്ളിപ്പറഞ്ഞവര്‍ എങ്ങനെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു?

ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല” എന്ന് യേശു പറഞ്ഞ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥമാണ് നമ്മളുടെ ഈ ചര്‍ച്ചയുടെ കേന്ദ്രം.
എന്നിരുന്നാലും, യേശു ഒരുനാളും അറിഞ്ഞിട്ടില്ലാത്ത ഇവര്‍ എങ്ങനെ ആണ് അവന്‍റെ നാമത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും പ്രവചിക്കുകയും ചെയ്തത് എന്ന് കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള അവരുടെ കഴിവിനെ എങ്ങനെ നമുക്ക് വിശദീകരിക്കുവാന്‍ കഴിയും?
പരിശുദ്ധാത്മാവിന്റെ ശക്തമായ സാന്നിധ്യമില്ലാതെ ആര്‍ക്കെങ്കിലും ഇങ്ങനെ പ്രവര്‍ത്തിക്കുവാന്‍ കഴിയുമോ?
ഇത്തരം ചോദ്യങ്ങള്‍ക്ക് വേദപണ്ഡിതന്‍മാരുടെ ഇടയില്‍ മൂന്ന് വിശദീകരണങ്ങള്‍ ഉണ്ട്.

ഒന്ന്: അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു, പ്രവചിച്ചു എന്നൊക്കെയുള്ള അവരുടെ അവകാശവാദങ്ങള്‍ തികച്ചും വ്യാജം ആയിരുന്നിരിക്കേണം.
പ്രവചനങ്ങളും ഭൂതങ്ങളെ പുറത്താക്കലും എല്ലാം കൃത്രിമമായി ക്രമീകരിച്ചത് ആയിരിക്കേണം.
ഇവയെല്ലാം ഒരു പ്രസംഗകന്‍റെ പ്രശസ്തിക്കുവേണ്ടി അതിസൂക്ഷ്മായി ക്രമീകരിക്കാവുന്നതാണ് എന്നത് യാഥാര്‍ത്ഥ്യം ആണ്.
ഇത്തരം വ്യാജ പ്രവര്‍ത്തികള്‍ കുറെനാളുകള്‍ ചെയ്തുകഴിയുമ്പോള്‍ യേശുവിനുവേണ്ടി താന്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്നു എന്നൊരു ചിന്ത അവരില്‍ ഉടലെടുക്കും.
എന്നാല്‍ ഇവകൊണ്ടൊന്നും യേശുവിനെ വഞ്ചിക്കുവാന്‍ സാധ്യമല്ല.
മാനുഷികമായി ജഡത്തില്‍ ആശ്രയിച്ച് ചെയ്യുന്ന പ്രവര്‍ത്തികള്‍ ദൈവരാജ്യത്തിന്‍റെ പുനസ്ഥാപനത്തിന് ആവശ്യമില്ല.

രണ്ടാമത്തെ വിശദീകരണം: ചില അത്ഭുതങ്ങളും പ്രവചനവും സാത്താന്‍റെ സൈന്യത്തിന്‍റെ ശക്തിയാല്‍ നടക്കുന്നവ ആണ് എന്നതാണ്.
ദുഷ്ടാത്മ സേനകള്‍ ശക്തര്‍ ആണ്, അവര്‍ക്ക് ഭൌതീക മണ്ഡലത്തെ അവരുടെ ലക്ഷ്യ പ്രാപ്തിക്കായി ഉപയോഗിക്കുവാനുള്ള ശക്തി ഉണ്ട്.
സാത്താന്‍ ഇയ്യോബിനെ, ഇടിമിന്നല്‍, കൊടുംകാറ്റ്, രോഗം എന്നിവയാല്‍ ബാധിച്ചത് ഓര്‍ക്കുക.
പുറപ്പാടു പുസ്തകം 7-)0 അദ്ധ്യായത്തില്‍ ദൈവത്തിന്‍റെ ശക്തിയാല്‍ മോശെ ചെയ്ത അത്ഭുതങ്ങള്‍ മിസ്രയീമിലെ മന്ത്രവാദികള്‍ അനുകരിച്ചതും നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ ആണ്.

പുതിയനിയമത്തില്‍, അപ്പോസ്തല പ്രവര്‍ത്തികള്‍ 13: 6 ല്‍ ബര്‍യേശു എന്ന് പേരുള്ള യഹൂദനായ കള്ളപ്രവാചകന്‍ ആയ ഒരു വിദ്വാനെ കുറിച്ച് പറയുന്നുണ്ട്.
അപ്പോസ്തല പ്രവര്‍ത്തികള്‍ 19: 13 & 14 വാക്യങ്ങളില്‍ ദേശാന്തരികളായി മന്ത്രവാദികള്‍ ആയി നടന്നിരുന്ന, യഹൂദ പുരോഹിതന്മാരില്‍ മുഖ്യന്‍ ആയിരുന്ന സ്കേവ എന്ന വ്യക്തിയുടെ ഏഴ് പുത്രന്മാരെ കുറിച്ച് നമ്മള്‍ വായിക്കുന്നു.
ഇവര്‍ യേശുവിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുവാന്‍ ശ്രമിക്കുന്നുണ്ട്.
മത്തായി 24: 24 ല്‍ കഴിയുമെങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി അന്ത്യനാളുകളില്‍ കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേല്‍ക്കും എന്നും അവര്‍ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും എന്നും യേശു പറയുന്നുണ്ട്.

അതായത് എല്ലാ അത്ഭുങ്ങളും യേശുവില്‍ നിന്നും വരുന്നല്ല, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം രക്ഷിക്കപ്പെട്ടവര്‍ ആയിരിക്കേണം എന്നില്ല.
ഇന്ന് യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നും ഭൂതങ്ങളെ പുറത്താക്കുന്നു എന്നും അവകാശപ്പെടുന്നവര്‍ അനേകര്‍ ഉണ്ട് എങ്കിലും അവരില്‍ ചിലരെങ്കിലും സാത്താന്റെ ആത്മാവിനാല്‍ പ്രവര്‍ത്തിക്കുന്നവര്‍ ആയിരിക്കാം.
യേശു അവരെ ‘അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെ’ എന്നാണ് വിളിച്ചത്, കാരണം അധര്‍മ്മത്തിന്‍റെ ആത്മാവാണ് അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

മൂന്നാമതായി, ദൈവം ചില അവസങ്ങളില്‍, തന്റെ ഹിതം ഭൂമിയില്‍ നടപ്പാക്കെണ്ടതിനായി, അവിശ്വാസികളേയും ജാതീയരെ പോലും ഉപയോഗിച്ചിട്ടുണ്ട്; അവരിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പേര്‍ഷ്യന്‍ രാജാവായ കോരെശ്
പേര്‍ഷ്യന്‍ രാജാവായ കോരെശ് ഇതിന് നല്ല ഒരു ഉദാഹരണം ആണ്.
യഹൂദന്മാരെ 70 വര്‍ഷങ്ങളുടെ പ്രവാസത്തില്‍നിന്നും സ്വന്ത ദേശത്തിലേക്കു മടങ്ങിപ്പോകുവാനും യരുശലെമില്‍ ദൈവാലയം പണിയുവാനും അനുവാദം കൊടുത്ത ജാതീയനായ രാജാവ് ആണ് അദ്ദേഹം.
അദ്ദേഹം ജനിക്കുന്നതിനു ഏകദേശം 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈവത്തിന്‍റെ പ്രവാചകനായ യെശയ്യാവ് അദ്ദേഹത്തെക്കുറിച്ച് 44: 28-)0 വാക്യത്തില്‍ ഇങ്ങനെ പ്രവചിച്ചു: “കോരെശ് എന്റെ ഇടയൻ അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.”
യെശയ്യാവ് 45:1 ല്‍ “അഭിഷിക്തനായ” കോരെശ് എന്നാണ് അദ്ദേഹത്തെ ദൈവം വിളിക്കുന്നത്‌.
പഴയനിയമത്തില്‍, ദൈവത്തിന്‍റെ ജനമായ യിസ്രായേലിന് വെളിയില്‍ ഒരു മനുഷ്യനെ “അഭിഷിക്തന്‍” എന്ന് വിളിക്കുന്നത്‌ ഇവിടെ മാത്രം ആണ്.
“അഭിഷിക്തന്‍” എന്ന് പറയുവാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന mashiyach (maw-shee'-akh) എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം മശിഹ എന്നാണ്.

അതിന്‍റെ അര്‍ത്ഥം കോരെശ് ദൈവസന്നിധിയില്‍ നീതീകരിക്കപ്പെട്ടവനും പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനും ആയിരുന്നു എന്നാണോ? ഒരിക്കലും അല്ല.
‘അഭിഷിക്തന്‍’ എന്ന വാക്കിന്,  ‘ഒരു പ്രത്യേക ദൈവീക ഉദ്ദേശ്യത്തിനായി വേര്‍തിരിച്ച് അധികാരപ്പെടുത്തിയവന്‍’ എന്ന അര്‍ത്ഥമാണ് ഉള്ളത്.
അതായത് കോരെശ് അഭിഷിക്തന്‍ എന്ന് വിളിക്കപ്പെട്ടത്‌, ദൈവം അവനെ ഒരു പ്രത്യേക ദൈവീക പ്രവര്‍ത്തിക്കായി അധികാരപ്പെടുത്തിയതുകൊണ്ടാണ്
യഹോവ ശ്രേഷ്ടനായ ദൈവമാണ് എന്ന് അവന്‍ അംഗീകരിക്കുക എന്നതുമാത്രമാണ് അവന് ഉണ്ടായിരിക്കെണ്ടുന്ന യോഗ്യത.

കോരെശ്, യിസ്രായേലിന് പ്രവാസത്തില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, യെരുശലെമില്‍ ദൈവാലയം പണിയുവാനുള്ള ചെലവ് തന്‍റെ രാജകീയ ഭണ്ടാരത്തില്‍ നിന്നും നല്‍കി, ദൈവാലത്തിലെ വസ്തുവകകള്‍ അവന്‍ തിരികെ കൊടുത്തു, എന്നിവയെല്ലാം സത്യം ആണ്.
എന്നാല്‍ കോരെശ് എപ്പോഴെങ്കിലും യഹോവയെ ഏക ദൈവമായും രക്ഷകനായും സ്വീകരിച്ചു എന്നതിന് തെളിവുകള്‍ ഒന്നും തന്നെ ഇല്ല.
കോരെശ് ഒരു ബഹുദൈവ വിശ്വാസി ആയിരുന്നു എന്നാണു ചരിത്രകാരന്മാര്‍ പറയുന്നത്; അനേക ദേവന്മാരില്‍ അവന്‍ വിശ്വസിച്ചിരുന്നു; അക്കൂട്ടത്തില്‍ യഹോവയെയും അവന്‍ അംഗീകരിച്ചിരുന്നു.
അതില്‍ കൂടുതലായ യാതൊരു ബന്ധവും അവന് ദൈവവുമായി ഉണ്ടായിരുന്നില്ല.
എന്നിരുന്നാലും, ഈ മനുഷ്യനെ ദൈവം തന്‍റെ പ്രവര്‍ത്തിക്കായി തിരഞ്ഞെടുത്തു, അവന്‍ ജനിക്കുന്നതിന് ഏകദേശം 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവനെക്കുറിച്ച് ദൈവം തന്‍റെ പ്രവാചകനിലൂടെ അറിയിയിച്ചു.
ദൈവം ഈ ജാതീയ രാജാവിനെ യിസ്രായേലിന് സ്വാതന്ത്ര്യം നല്‍കുവാനും ദൈവാലയം പുനര്‍നിര്‍മ്മിക്കുവാനും ഉപയോഗിച്ചു.
അതിന്റെ അര്‍ത്ഥം, ദൈവത്തിന്, അവന്റെ സര്‍വ്വാധികാരത്തില്‍, വിശ്വാസികളെയും അവിശ്വാസികളേയും തന്‍റെ ഹിതം ഭൂമിയില്‍ നിറവേറ്റെണ്ടാതിനായി ഉപയോഗിക്കുവാന്‍ കഴിയും എന്നാണ്.

ബിലെയാം
യഹോവയായ ദൈവം ഉപയോഗിച്ച ജാതീയനായ വെളിച്ചപ്പാടുകാരന്‍ ആയിരുന്നു ബിലെയാം.
ബിലെയാം യഹൂദന്‍ ആയിരുന്നില്ല; അദ്ദേഹം ജീവിച്ചിരുന്നത് യൂഫ്രട്ടീസ് നദീതീരത്തുള്ള പെഥോര്‍ എന്ന സ്ഥലത്തായിരുന്നു. (സംഖ്യാപുസ്തകം 22: 5)
ചരിത്രകാരന്മാരുടെ രേഖയില്‍ ബിലെയാമിന്‍റെ കുടുംബം പാരമ്പര്യമായി വെളിച്ചപ്പടന്മാരും, മന്ത്രവാദികളും, ആഭിചാരം ചെയ്യുന്നവരും ആയിരുന്നു.
മറ്റുള്ളവരെ ശപിക്കുക, അനുഗ്രഹിക്കുക എന്നതായിരുന്നു അവരുടെ സവിശേഷ പ്രവര്‍ത്തനം.
യോശുവ 13: 22 ല്‍ ബിലെയാമിനെ പ്രശ്നക്കാരന്‍ എന്നാണ് വിളിച്ചിരിക്കുന്നത്.
ബിലെയാം വ്യാജനും ദുഷ്ടനും ആയിരുന്നു എങ്കിലും യിസ്രായേല്‍ ജനത്തെക്കുറിച്ചുള്ള അനുഗ്രഹത്തിന്‍റെ വാക്കുകള്‍ ദൈവം അവന്‍റെ വായില്‍ നിറച്ചു; അവന്‍ യിസ്രായേലിനെ അനുഗഹിച്ചു പ്രവചിച്ചു.
അവന്‍ ബാലാക്കിനോട് അറിയിച്ച പ്രവചനങ്ങളില്‍ ഒന്ന് വരുവാനിരിക്കുന്ന മശിഹയെ കുറിച്ചും ദൈവരാജ്യത്തെ കുറിച്ചും ഉള്ളതായിരുന്നു എന്നത് ശ്രദ്ധേയം ആണ്.

സംഖ്യാപുസ്തകം 24: 17 ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്‍റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.

മറ്റൊരുവന്‍
ഇനി നമുക്ക് പുതിയ നിയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു സംഭവം നോക്കാം.
മര്‍ക്കോസ് 9: 38, 39 വാക്യങ്ങളില്‍, യേശുവിനോടൊപ്പം സഞ്ചരിക്കാത്ത ഒരുവന്‍, യേശുവിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നത് ശിഷ്യന്മാര്‍ കണ്ടു, അവര്‍ അവനെ വിരോധിച്ചു എന്ന് യോഹന്നാന്‍ യേശുവിനോട് പറയുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ യേശു ആകട്ടെ, അവനെ വിരോധിക്കരുത് എന്ന് കല്‍പ്പിച്ചു.
അതിനുള്ള കാരണവും യേശു പറയുന്നുണ്ട്: “എന്‍റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല. നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ.

യേശുവിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കിയിരുന്ന വ്യക്തിക്ക് യേശു മശിഹയും രക്ഷകനും ആണ് എന്ന വിശ്വാസം ഉണ്ടായിരുന്നോ എന്ന് നമുക്ക് അറിഞ്ഞുകൂടാ.
യേശുവില്‍ വിശ്വസിക്കുകയും, രക്ഷ സ്വന്തമാക്കുകയും, യേശുവിന്റെ കര്‍തൃത്വത്തെ അംഗീകരിക്കുകയും ചെയ്തിരുന്നുവോ എന്നൊന്നും ഇവിടെ പറയുന്നില്ല.
അതുപോലെതന്നെ, അവന്‍ യേശുവിലൂടെയുള്ള രക്ഷപ്രാപിച്ചിരുന്നില്ല എന്നും നമുക്ക് പറയുവാന്‍ കഴിയുന്നില്ല.

എന്നാല്‍, യേശുവിന്‍റെ സന്ദേശം ഇതാണ്: ഒരുവന്‍ യേശുവിന്‍റെ നാമത്തില്‍ പ്രവചിക്കുകയും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും, ഭൂതങ്ങളെ പുറത്താക്കുകയും, നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നു എങ്കില്‍, നമ്മള്‍ അവനെ വിരോധിക്കരുത്.
സ്വതന്ത്രമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍, യേശു അവനെ പ്രശംസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല.
അവനെ വിരോധിക്കരുത് എന്ന് കല്‍പ്പിക്കുക മാത്രം ചെയ്തു.

നമ്മളുടെതല്ലാത്ത ക്രിസ്തീയ കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളെ നമ്മള്‍ എങ്ങനെ കാണേണം എന്നതിനുള്ള വ്യക്തമായ നിര്‍ദ്ദേശം ആണിത്.
നമ്മള്‍ ദൈവവചനം മനസ്സിലാക്കിയതനുസരിച്ച് ആയിരിക്കില്ല അവര്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത്.
എങ്കിലും, യേശുവിന്‍റെ നാമത്തില്‍, നമ്മള്‍ ചെയ്യുന്ന അതെ പ്രവര്‍ത്തികള്‍ ചെയ്യുന്ന മറ്റുള്ളവരെ നമ്മള്‍ ശത്രുക്കള്‍ ആയല്ല, മിത്രങ്ങള്‍ ആയാണ് കരുതേണ്ടത്.

ഈസ്കര്യോത്താ യൂദാ
യേശുവിനെ രക്ഷകനായി സ്വീകരിച്ചിട്ടില്ലാത്തവരെയും ദൈവീക പദ്ധതിയുടെ നിവര്‍ത്തിക്കായി ഉപയോഗിക്കും എന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണം ഈസ്കര്യോത്താ യൂദാ ആണ്.
അവന്‍ യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഒരുവന്‍ ആയിരുന്നു.
മത്തായി 10-)0 അദ്ധ്യായത്തില്‍ ഒരു ഹൃസ്വകാല പരിശീലനത്തിനായി യേശു ശിഷ്യന്മാരെ സമീപത്തുള്ള ഗ്രാമങ്ങളിലേക്കു അയക്കുന്നതായി നമ്മള്‍ വായിക്കുന്നു.
ഒന്നാമത്തെ വാക്യം പറയുന്നു: യേശു പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്കു അധികാരം കൊടുത്തു.
രണ്ടാമത്തെ വാക്യം മുതല്‍ 12 ശിഷ്യന്മാരുടെയും പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ലൂക്കോസിന്റെ സുവിശേഷം 6: 13 ല്‍ 12 പേരെയും തിരഞ്ഞെടുത്തു, അവർക്കു അപ്പൊസ്തലന്മാർ എന്ന് പേർ വിളിച്ചു, എന്ന് പറഞ്ഞിരിക്കുന്നു.
മര്‍ക്കോസ് 3: 14, 15 വാക്യങ്ങളില്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്: “അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു”.
മത്തായി 10 ന്‍റെ 4 ല്‍ ശിഷ്യന്മാരുടെ പട്ടികയില്‍ “യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ” എന്ന് പറഞ്ഞിരിക്കുന്നു.

ഇവരെ 12 പേരെയും യേശു കല്‍പ്പിച്ച് അയച്ചു:

മത്തായി 10: 7, 8
7  നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.
8  രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ.

ഇവിടെ ഈസ്കര്യോത്താ യൂദായ്ക്കും സ്വര്‍ഗ്ഗരാജ്യം പ്രസംഗിക്കുവാനും, രോഗികളെ സഖ്യമാക്കുവാനും, മരിച്ചവരെ ഉയിര്‍പ്പിക്കുവാനും, കുഷ്ഠരോഗികളെ ശുദ്ധമാക്കുവാനും, ഭൂതങ്ങളെ പുറത്താക്കുവാനും ഉള്ള അധികാരം ലഭിച്ചു എന്നുവേണം ന്യായമായും കരുതുവാന്‍.
യൂദാ ഇവയെല്ലാം ചെയ്തിരുന്നു എന്നും കരുതുന്നതില്‍ തെറ്റില്ല.
എന്നാല്‍ അന്ത്യത്തില്‍ അവന്‍ ഒരു “ആകാത്ത വൃക്ഷം” ആയി “ആകാത്ത ഫലം” കായ്ച്ചു, അധര്‍മ്മം പ്രവര്‍ത്തിച്ചു.

യൂദാ ഒരിക്കലും യേശുവിന്‍റെ ഒരു യഥാര്‍ത്ഥ ശിഷ്യന്‍ ആയിരുന്നില്ല.
അവന്‍ വഞ്ചകനും “നാശയോഗ്യ”നായവനും ആയിരുന്നു. (യോഹന്നാന്‍ 17: 12)
യജമാനന്‍ വളര്‍ത്തി പരിപാലിച്ചു എങ്കിലും ആകാത്ത ഫലം കായ്ച്ച വൃക്ഷം പോലെ ആയിരുന്നു അവന്‍.
എന്നിട്ടും യേശു അവന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള അധികാരം കൊടുത്തു; അത് യേശുവിന്‍റെ മഹത്വം വെളിപ്പെടുത്തുവാന്‍ വേണ്ടിയും ദൈവത്തിന്‍റെ ഹിതം നിവര്‍ത്തിക്കെണ്ടാതിനായും ആയിരുന്നു.

യേശുവിന്റെ നാമത്തില്‍ ചെയ്യുന്ന അത്ഭുതങ്ങള്‍ ഒരു മനുഷ്യനിലൂടെയുള്ള യേശുവിന്‍റെ ശക്തിയുടെ പ്രകടനം ആണ്.
രോഗസൌഖ്യവും, പ്രവചനങ്ങളും എല്ലാം അത് പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ കഴിവല്ല, മറിച്ച് യേശുവിന്റെ ശക്തിയുടെ പ്രകടനം മാത്രം ആണ്.
ഇതേ പ്രമാണം തന്നെ ആണ് ദുഷ്ടാത്മാവില്‍ അത്ഭ്തങ്ങള്‍ പ്രവര്‍ത്തിക്കുന്നവരുടെ പിന്നിലും ഉള്ളത്.
അത്ഭുതങ്ങള്‍ക്ക് അവരുടെ ആത്മീയവും സാന്മാര്‍ഗികവും ആയ അവസ്ഥയുമായി ബന്ധം ഉണ്ടായിരിക്കേണം എന്നില്ല.
മനുഷ്യരുടെ കഴിവുകള്‍ ഉപയോഗിക്കുവാന്‍ എപ്പോഴും ദൈവത്തിന് സര്‍വ്വാധികാരം ഉണ്ട്.
ഒരു വ്യക്തിയെ രക്ഷിക്കുന്ന ശക്തി ദൈവത്തിന്‍റെ സ്വന്തം ആണ്, അത് അവന്‍ തിരഞ്ഞെടുക്കുന്ന ആരിലൂടെയും പ്രവര്‍ത്തിപ്പിക്കുവാന്‍ ദൈവത്തിനു കഴിയും.

വേര്‍തിരിവിന്റെയും ന്യായവിധിയുടെയം ദിവസം

യേശുക്രിസ്തു അനേകം ഉപമകളിലൂടെ അന്ത്യ ന്യായവിധിയെക്കുറിച്ചും നടക്കുവാനിരിക്കുന്ന വേര്‍തിരിവിനെ കുറിച്ചും പറഞ്ഞിട്ടുണ്ട്.
മത്തായി 13: 24 – 30 വരെയുള്ള വേദഭാഗത്തു യേശു ഗോതമ്പിന്‍റെയും കളകളുടെയും ഉപമ പറയുന്നുണ്ട്.
ഇവിടെ, അന്ത്യനാളില്‍ സംഭവിക്കാനിരിക്കുന്ന വേര്‍തിരിവിനെക്കുറിച്ചും ദുഷ്ടന്മാര്‍ക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചും യേശു പറയുന്നു.
ഗോതമ്പും കളയും ഒരുപോലെ കൊയ്ത്തോളം വയലില്‍ വളരുക ആണ്.
എന്നാല്‍ കൊയ്ത്തിന്‍റെ ദിവസം വരുമ്പോള്‍ ഗോതമ്പ് കളപ്പുരയില്‍ ശേഖരിച്ചു വെക്കുവാനും കളകളെ തീയില്‍ ഇട്ട് ചുട്ടുകളയുവാനും യജമാനന്‍ കല്‍പ്പിക്കും.
അതായത്, വേര്‍തിരിവിന്‍റെയും ന്യായവിധിയുടെയും ദിവസം വരും, നിശ്ചയം തന്നെ.

യോഹന്നാന്‍ സ്നാപകനും വേര്‍തിരിവിന്‍റെ ദിവസത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്:

മത്തായി 3: 12 വീശുമുറം അവന്‍റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.

പ്രാവാചകന്മാരില്‍ അതിശ്രേഷ്ടനായ യോഹന്നാന്‍ സ്നാപകന്‍ പറയുന്നു, ഗോതമ്പിനെയും പതിരിനെയും വേര്‍തിരിക്കുവാനുള്ള വീശുമുറം അവന്‍റെ കൈയില്‍ ഇല്ല; മനുഷ്യരെ ന്യായം വിധിക്കുവാനുള്ള അധികാരം അവനില്ല.
വീശുമുറം യേശുവിന്‍റെ കൈയില്‍ ആണ് ഉള്ളത്; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കും, ഗോതമ്പിനെയും പതിരിനെയും വേര്‍തിരിക്കും.
ആരെയും വിധിക്കുവാന്‍ നമുക്ക് അധികാരം നല്‍കിയിട്ടില്ല എങ്കിലും കള്ളപ്രവാചകന്മാരെ കുറിച്ചും, വ്യജ പ്രസംഗകരെയും പ്രവാചകന്മാരെയും കുറിച്ചും മുന്നറിയിപ്പുകള്‍ യേശു നമുക്ക് നല്‍കിയിട്ടുണ്ട്; അവരില്‍ നിന്നും നമ്മള്‍ വിട്ടുമാറി ജീവിക്കേണ്ടതാണ്.

അധര്‍മ്മം പ്രവർത്തിക്കുന്നവര്‍

ക്രിസ്ത്യാനികള്‍ എന്ന് വ്യാജമായി അവകാശപ്പെടുന്നവരെ കുറിച്ചുള്ള ഉപമയാണ് നമ്മളുടെ ഈ സന്ദേശത്തിന്റെ വിഷയം എന്നത് ഓര്‍ക്കുന്നുണ്ടല്ലോ.
അന്ത്യ ന്യായവിധിയുടെയും വേര്‍തിരിവിന്‍റെയും ദിവസം, “കര്‍ത്താവേ, കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും” യേശുവിനോട് പറയും. (മത്തായി 7: 22)

ഈ വ്യക്തികള്‍ രക്ഷയ്ക്കായി അവര്‍ ചെയ്ത പ്രവര്‍ത്തികളിലാണ് ആശ്രയിക്കുന്നത്; ഏക രക്ഷകനും രക്ഷയും ആയ ക്രിസ്തുവില്‍ അല്ല അവരുടെ പ്രത്യാശ.
നമ്മളുടെ ഇടയില്‍, വിശാലമായ വഴിയിലൂടെ യാത്ര ചെയ്യുന്ന ഇതുപോലെയുള്ള അനേകര്‍ ഉണ്ട്.
മതഭക്താരായ ഇവര്‍, പ്രവചിക്കുകയും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് എങ്കിലും, യേശു അവരെ വിളിച്ചത്, “അധര്‍മ്മം പ്രവർത്തിക്കുന്നവരേ” എന്നാണ്.
ഇത്രമാത്രം അത്ഭുതങ്ങള്‍ യേശുവിന്‍റെ നാമത്തില്‍ പ്രവര്‍ത്തിച്ചിട്ടും അവര്‍ക്ക് ദൈവരാജ്യത്തില്‍ പ്രവേശനം നിഷേധിക്കപ്പെടുന്നത് ദുഖകരം തന്നെ ആണ്.

എവിടെ ആണ് ഇവര്‍ക്ക് തെറ്റ് പറ്റിയത്?
യേശുവുമായി യാതൊരു ബന്ധവും ഇല്ലാതെ ആണ് ഇവര്‍ യേശുവിന്‍റെ നാമത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.
ഇന്ന് ഭൂമിയില്‍ നടക്കുന്ന മതപരമായ അനേകം നല്ല പ്രവര്‍ത്തികളുടെ യഥാര്‍ത്ഥ അവസ്ഥ ഇതാണ്.
അവയെല്ലാം യേശുവിന്‍റെ നാമത്തില്‍ ആണ് ചെയ്യുന്നത്; എന്നാല്‍ യേശുവിന് അതുമായി യാതൊരു ബന്ധവും ഇല്ല; യേശു ഇത്തരം പ്രവര്‍ത്തികളെ അറിയുന്നില്ല.
 
ഞാന്‍ ഒരു നാളും അറിഞ്ഞിട്ടില്ല

ഇനി നമുക്ക് ഈ സന്ദേശത്തിന്റെ അവസാന ഭാഗത്തേക്കും കേന്ദ്ര ബിന്ദുവിലേക്കും പ്രവേശിക്കാം.
ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല” എന്ന യേശുവിന്‍റെ വാക്കുകള്‍ക്കു സാധാരണയായി നമ്മള്‍ മനസ്സിലാക്കുന്നതിനെക്കാളും ആഴമേറിയ അര്‍ത്ഥം ഉണ്ട്.
ഈ ഭൂമിയില്‍ നടക്കുന്നതെല്ലാം യേശു അറിയുന്നു എന്ന അര്‍ത്ഥത്തില്‍ അല്ല ഈ വാക്കുകള്‍ യേശു ഉപയോഗിച്ചത്.
ദൈവം സര്‍വ്വജ്ഞാനി ആണ്, യാതൊന്നും അവന്‍റെ ദൃഷ്ടിക്ക് മറഞ്ഞിരിക്കുന്നില്ല.

സ്വര്‍ഗ്ഗത്തില്‍ സമയം എന്നതില്ല എന്നതിനാല്‍ ഭൂതകാലവും ഭാവികാലവും ഇല്ല, എല്ലാം വര്‍ത്തമാന കാലമാണ്; ഇന്നലെ, നാളെ എന്നൊന്ന് സ്വര്‍ഗ്ഗത്തില്‍ ഇല്ല, ഇപ്പോള്‍ മാത്രമേ ഉള്ളൂ.
അതുകൊണ്ട്, മതത്തിന്‍റെ മറവില്‍ വ്യാജമായി പ്രവചിക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ എല്ലാം, ദൈവത്തിന്‍റെ സര്‍വ്വജ്ഞാനത്തില്‍ അവന് അറിയാം.
അവരുടെ പ്രമാണങ്ങളും, ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും എല്ലാം ദൈവത്തിന് അറിയാം.

അപ്പോള്‍, എന്താണ് കുഴപ്പം പറ്റിയത്?
നമുക്ക് യോഹന്നാന്‍റെ ലേഖനത്തില്‍ നിന്നും ഒരു വാക്യം വായിക്കാം:

1 യോഹന്നാന്‍ 2: 18, 19
18  കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം.
19  അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.

അപ്പോസ്തലനായ യോഹന്നാന്‍ പറയുന്നു: ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു.
ഇപ്പോൾ തന്നെ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കുന്നു.
എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ഇപ്പോള്‍തന്നെ വ്യപരിക്കുന്നതിനാല്‍ ഇതു അന്ത്യനാളുകള്‍ ആകുന്നു.

19-)0 മത്തെ വാക്യത്തില്‍ എതിര്‍ക്രിസ്തുക്കള്‍ നമ്മളുടെ ഇടയില്‍നിന്നു പുറപ്പെട്ടു എന്നും യഥാര്‍ത്ഥത്തില്‍ അവര്‍ നമുക്കുള്ളവര്‍ ആയിരുന്നില്ല എന്നും യോഹന്നാന്‍ പറയുന്നു.
അവര്‍ നമുള്ളവര്‍ ആയിരുന്നു എങ്കില്‍ നമ്മളോട് കൂടെ പര്‍ക്കുമായിരുന്നു.
അതായത് അവര്‍ ഒരിക്കല്‍ യേശുവിനെ സ്വീകരിക്കുന്നതായി പറഞ്ഞു എങ്കിലും പിന്നീട് യേശുവിനെ തള്ളിപറഞ്ഞു.
അവര്‍ നമ്മളില്‍ നിന്നും പുറപ്പെട്ട് പോയതിനാല്‍ അവര്‍ നമുക്ക് ഉള്ളവര്‍ അല്ല എന്ന് വ്യക്തമായി വെളിപ്പെട്ടു.
ചുരുക്കി പറഞ്ഞാല്‍ യോഹന്നാന്‍ പറയുന്നതിതാണ്: എതിര്‍ക്രിസ്തുവിന്‍റെ ആത്മാവ് ഉള്ള ചിലര്‍ ക്രിസ്തീയ കൂട്ടായ്മകളില്‍ ഉണ്ട്, എന്നാല്‍ അവര്‍ ക്രിസ്തുവിന് ഉള്ളവര്‍ അല്ല.

ഇനി നമുക്ക്, യേശു പറഞ്ഞ ചെറിയ ഉപമയിലെ, “ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല” എന്ന വാചകത്തിന്റെ ശരിയായ അര്‍ത്ഥത്തിലേക്ക് വരാം.
“അറിയുക” എന്നതിന്‍റെ ഗ്രീക്ക് മൂലഭാഷയിലെ പദം ginosko എന്നതാണ്. (Gk. 1097 - ginosko).
ഈ വാക്കില്‍ പറയുന്ന അറിവ്, രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഗാഡമായ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ഉള്ള അറിവിനെ കുറിച്ചാണ്.
അറിവ്, മുന്നറിവ്, എന്നീ പദങ്ങള്‍ വേദപുസ്തകത്തില്‍ ഉപയോഗിക്കപ്പെടുന്നത്, സാധാരണയായി നമ്മള്‍ മനസ്സിലാക്കുന്ന അര്‍ത്ഥത്തിനേക്കാള്‍ ആഴമായ അര്‍ത്ഥത്തില്‍ ആണ്.
ഒരു വ്യക്തിയുമായി ഉള്ള ആഴമായ ഒരു ബന്ധത്തെ ആണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഗാഡമായ ബന്ധത്തെ കാണിക്കുവാന്‍ ഈ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്.
അതിനു സമാനമായ ഒരു ആത്മീയ ബന്ധത്തെ കുറിച്ചാണ് യേശു ഇവിടെ പറയുന്നത്.
അതായത് അധര്‍മ്മം പ്രവര്‍ത്തിച്ചിരുന്ന ഇവരെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതിനേക്കാള്‍ അവരുമായി ഗാഡമായ ഒരു ബന്ധം ഇല്ലായിരുന്നു എന്നാണ് യേശു ഉദ്ദേശിച്ചത്.

ഉപസംഹാരം

അതിന്‍റെ അര്‍ത്ഥം, വെറും ഒരു അറിവല്ല, യേശുവുമായി ഗാഡമായ, ആഴത്തിലുള്ള ഒരു ബന്ധം ദൈവരാജ്യം കൈവശമാക്കെണ്ടാതിനായി നമുക്ക് ആവശ്യമുണ്ട്.
ഈ ബന്ധം നമ്മളില്‍ നിന്നും പുറപ്പെടുന്നതോ, നമ്മള്‍ പ്രവര്‍ത്തികളാല്‍ മനപ്പൂര്‍വ്വമായി സൃഷ്ടിക്കുന്നതോ അല്ല.
തിരഞ്ഞെടുക്കപ്പെടുന്നവരിലേക്ക്, യേശുവില്‍നിന്നും പുറപ്പെട്ട് വരുന്ന ബന്ധം ആണിത്.
യേശു ആണ് ഈ ബന്ധത്തിന്‍റെ ആരംഭവും, പരിപാലകനും, ലക്ഷ്യവും.
നമുക്ക് ഈ ബന്ധം കൃപയാലും, കൃപയാല്‍ മാത്രവും ലഭിക്കുന്നു; പൂര്‍ണ്ണമനസ്സോടെ അതിനെ സ്വീകരിക്കുക എന്നത് മാത്രം ആണ് നമ്മളുടെ കടമ.

യേശുവിന്‍റെ ഉപയില്‍ നിന്നും നമ്മള്‍ പഠിക്കുന്ന ഈ പാഠം, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രം ബാധകമായ ഒരു സത്യം അല്ല.
ഇതു എല്ലാ ക്രൈസ്തവ വിസ്വസികള്‍ക്കും ബാധകം ആണ്.
ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ ക്രിസ്ത്യാനി എന്ന പേര് മാത്രം പോര, രാജാവിന്‌ നമ്മളോട് ഗാഡമായ ഒരു ബന്ധം ഉണ്ടായിരിക്കേണം.

ക്രൈസ്തവ ലോകത്ത് വ്യാജമായി പ്രവചിക്കുന്നവരും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവരും മാത്രമല്ല ഉള്ളത്, വ്യാജ ക്രിസ്ത്യാനികളും, വ്യാജ ക്രിസ്തീയ കൂട്ടങ്ങളും ഉണ്ട്.
യേശു അവരുടെ കര്‍ത്താവ് അഥവാ യജമാനന്‍ അല്ല; യേശുവിന്‍റെ ഒരിക്കലായ ഏക യാഗത്തിലൂടെ തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ ഹൃദയം കൊണ്ട് വിശ്വസിക്കുന്നില്ല.
അവര്‍ പള്ളികളിലോ സഭയോഗങ്ങളിലോ ക്രമമായി പോകുന്നവര്‍ ആകാം, എന്നാല്‍ അവര്‍ യഥാര്‍ത്ഥ വിശ്വാസികള്‍ അല്ല.

ഒരു സുവിശേഷ യോഗത്തില്‍ വച്ച് കൂട്ടത്തില്‍ കൈഉയര്‍ത്തിയോ തീരുമാന കാര്‍ഡ് പൂരിപ്പിച്ച് കൊടുത്തോ യേശുവിലുള്ള വിശ്വാസം രേഖപ്പെടുത്തുന്നത് നല്ലതാണ്.
എന്നാല്‍, അത് യേശുവുമായ ഒരു ഗാഡബന്ധത്തിന്‍റെ അടയാളം അല്ല; അത് യേശുവുമായി ഒരു ബന്ധത്തില്‍ ആകുവാനുള്ള ആഗ്രഹത്തിന്‍റെ പ്രകടനം മാത്രമാണ്.
ആഴത്തിലുള്ള വ്യക്തിപരമായ ബന്ധത്തിന് അവിടെ നിന്നും വളരെയധികം മുന്നോട്ട് യാത്ര ചെയ്യേണ്ടിഇരിക്കുന്നു.
ഒരു വ്യക്തി ഏകപക്ഷീയമായി കര്‍ത്താവേ, കര്‍ത്താവേ എന്ന് വിളിക്കുന്നതുകൊണ്ട് ഒരു ബന്ധം ജനിക്കുന്നില്ല; രണ്ടാമത്തെ വ്യക്തി, അത് സ്വീകരിച്ചുകൊണ്ട്, മകനെ മകളെ എന്ന് തിരിച്ചുവിളിക്കേണം.
ഇവിടെ ആണ് യേശുവിനെ അറിയുക, യേശു നമ്മളെ അറിയുക എന്നത് പൂര്‍ണ്ണമാകുന്നത്.

യേശുവിന് നമ്മളെ അറിയാമോ, യേശുവുമായി നമുക്ക് ആഴത്തിലുള്ള ഒരു ബന്ധം ഉണ്ടോ എന്നതാണ് പ്രധാന ചോദ്യം.
ഈ ചോദ്യം നമ്മള്‍ സ്വയം ചോദിക്കേണം; യേശുവിനോടും ചോദിക്കേണം; കര്‍ത്താവേ നിനക്ക് എന്നോട് ഗാഡമായ ബന്ധം ഉണ്ടോ?
ഒരു അരക്ഷിതാവസ്ഥ നമുക്ക് അനുഭവപ്പെടുന്നുണ്ട് എങ്കില്‍ യേശുവുമായി ഉള്ള ബന്ധം പുനക്രമീകരിക്കുവാന്‍ നമ്മള്‍ ശ്രമിക്കേണം.
യേശു വീണ്ടും വേഗം വരുന്നു.

ഞാന്‍ ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.

എല്ലാ മാസവും ഒന്നാമത്തെ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ ടിവിയില്‍ ദൈവവചനം ഗൌരവമായി ചിന്തിക്കുവാന്‍ നമ്മള്‍ ഒരുമിച്ച് കൂടുന്നു.
ആരോടും തര്‍ക്കിക്കുവാണോ, ഖണ്ടിക്കുവാണോ നമ്മള്‍ക്ക് ഉദ്ദേശ്യം ഇല്ല.
നിര്‍മ്മലമായ സുവിശേഷ സത്യങ്ങള്‍ മായം കൂടാതെ നമ്മള്‍ ഇവിടെ പഠിക്കുന്നു.
മറക്കാതെ കാണുക, മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

No comments:

Post a Comment