യേശുക്രിസ്തുവിന്റെ ശിഷ്യനായ അപ്പോസ്തലനായ യോഹന്നാന് വെളിപ്പാടില്‍ കാണുന്ന, പുതിയ ആകാശവും, പുതിയ ഭൂമിയും, ദൈവരാജ്യത്തിന്റെ നിത്യവുമായ പുനസ്ഥാപനം ആണ്. അതിനാൽ ഇതിന് ദൈവീക പദ്ധതിയിൽ വളരെ പ്രാധാന്യമുണ്ട്. വെളിപ്പാട് പുസ്തകത്തിലെ വിവരണം അനുസരിച്ച്, വിശുദ്ധന്മാരുടെ ഉല്‍പ്രാപണം, ഈ ഭൂമിയിലെ ക്രിസ്തുവിന്റെ ആയിരമാണ്ട് വാഴ്ച, വെള്ളസിംഹാസനവും ന്യായവിധിയും എന്നിവയ്ക്ക് ശേഷമായിരിക്കും, പുതിയ ആകാശവും, പുതിയ ഭൂമിയും പ്രത്യക്ഷമാകുന്നത്. വെളിപ്പാട് പസൂതകത്തിൽ മാത്രമല്ല, പഴയനിയമത്തിലും, സുവിശേഷങ്ങളിലും, ലേഖനങ്ങളിലും ഇതിനെ കുറിച്ചുള്ള വിവരണം ഉണ്ട്. അതിനാൽ ഇതിനെ ഒരു ആത്മീയ സത്യമായി നമുക്ക് വിശ്വസിക്കാവുന്നതാണ്.
ഇതിനെക്കുറിച്ച് പാരമ്പര്യമായി വിശ്വസിച്ചു പോരുന്നവ ആവര്‍ത്തിക്കുക എന്നതും പുതിയതായി എന്തെങ്കിലും പറയുക എന്നതും ഇവിടെ ഉദ്ദേശിക്കുന്നില്ല. ദൈവ വചനത്തിന്റെ വസ്തുനിഷ്ഠാപരമായ ഒരു പഠനം മാത്രമേ ലക്ഷ്യം വയ്ക്കുന്നുള്ളൂ.
പുതിയ ആകാശം, പുതിയ ഭൂമി എന്നിവയെ കുറിച്ചുള്ള മൂന്ന് കാര്യങ്ങള്‍ ആണ് ഇവിടെ മുഖ്യമായും ചര്‍ച്ച ചെയ്യുന്നത്.
1. എന്താണ് പുതിയ ആകാശം പുതിയ ഭൂമി എന്നത്?
2. പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും സ്വഭാവം എന്തായിരിക്കും?
3. അവിടെ ജീവിക്കുവാന്‍ ആര്‍ക്കെല്ലാം സ്വാതന്ത്ര്യമുണ്ട്?
ഒരു വേദഭാഗം വായിച്ചുകൊണ്ടു നമ്മളുടെ പഠനം ആരംഭിക്കാം.
വെളിപ്പാട് 21: 1 ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.
ഈ വാക്യത്തില്‍ മൂന്ന് പ്രധാനപ്പെട്ട വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു.
1. ഇപ്പോഴത്തെ ആകാശവും ഭൂമിയും ഇല്ലാതെ ആകും.
2. പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെടും
3. പുതിയ ഭൂമിയില്‍ സമുദ്രം ഉണ്ടായിരിക്കുക ഇല്ല.
ഇതിന്റെ പശ്ചാത്തലമായി, വെളിപ്പാട് 20: 11 ല്‍ അന്ത്യ ന്യായവിധിയുടെ വലിയ വെള്ളസിംഹാസനവും അതിൽ ന്യാധിപനായി ക്രിസ്തുവും ഇരിക്കുന്നത് യോഹന്നാന് കാണുന്നു. ന്യായാധിപനായ രാജാവ് അതില്‍ ഇരുന്നപ്പോള്‍ തന്നെ “അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.” എന്നാണ് യോഹന്നാൻ വിവരിക്കുന്നത്.
വെളിപ്പാട് 20: 11 ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.
അതായത്, പാപ പങ്കിലമായ ഈ ഭൂമിക്കു, സിംഹാസനത്തില്‍ രാജാവായി ഇരുന്ന ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ നില്ക്കുവാന് പോലും കഴിഞ്ഞില്ല; അത് അവന്റെ സന്നിധിയില്‍ നിന്നും ഓടിപ്പോയി. എന്നാല്‍ “അവയെ പിന്നെ കണ്ടില്ല”, എന്ന് കൂടി ഈ വാക്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അര്‍ത്ഥം, പഴയ ആകാശവും ഭൂമിയും (അതായത് ഇപ്പോൾ നമ്മൾ വസിക്കുന്ന ഭൂമിയും ആകാശവും) ദൂരെ ഒരു സ്ഥലത്തേക്ക് താല്‍ക്കാലികമായി മാറിനില്‍ക്കുക അല്ല. അവ എന്നന്നേക്കുമായി ഇല്ലാതാകുക ആയിരുന്നു. ഇതു ക്രിസ്തുവിന്റെ കല്പ്പനയാലോ ശക്തിയാലോ സംഭവിച്ചതല്ല, അവന്റെ സാന്നിധ്യം കൊണ്ട് മാത്രം സംഭവിച്ചതാണ്.
(ഓഡിയോ കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
എന്താണ് പുതിയ ആകാശവും പുതിയ ഭൂമിയും?
ഈ പഠനത്തിലേക്ക് കൂടുതല്‍ മുന്നോട്ടു പോകുന്നതിന് മുമ്പായി എന്താണ് ആകാശം, എന്താണ് ഭൂമി എന്ന് നമ്മള് മനസ്സിലാക്കിയിരിക്കേണം. കാരണം “ആകാശം” എന്നതിതിന് മൂല ഭാഷയിലും ഇംഗ്ലീഷ് പരിഭാഷയിലും “heaven” അഥവാ “സ്വര്‍ഗ്ഗം” എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
എബ്രായഭാഷയില്‍ ദൈവീക സ്വര്‍ഗ്ഗത്തിനും ആകാശത്തിനും നക്ഷത്ര മണ്ഡലത്തിനും ഉപയോഗിക്കുന്നത് ഒരേ വാക്കാണ്. അതുകൊണ്ടാണ് 2 കൊരിന്ത്യര്‍ 12: 2 ല്‍ പൌലോസ് “മൂന്നാം സ്വർഗ്ഗത്തോളം” എന്ന പദസമുച്ചയം ദൈവീക സ്വര്‍ഗ്ഗത്തെക്കുറിച്ച് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്നത്. “പ്രപഞ്ചം” എന്ന് പറയുവാനും എബ്രായ ഭാഷയില്‍ മറ്റൊരു പദം ഇല്ല. വെളിപ്പാട് 20, 21 അദ്ധ്യയങ്ങളിലും, 2 പത്രോസ് 3: 7, 13 വാക്യങ്ങളിലും മലയാളത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘ആകാശം’ എന്ന വാക്ക്, നമ്മളുടെ മുകളില്‍ ഉള്ളതും, കാണുന്നതും, കാണുവാന്‍ കഴിയാത്തതുമായ ആകാശ മണ്ഡലത്തെ ആണ് പരാമര്‍ശിക്കുന്നത്.
2 പത്രോസ് 3: 7, 13
7 ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.
13 എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.
അങ്ങനെ ചിന്തിക്കുമ്പോള്‍ ഒരേ വാക്ക്കൊണ്ട് വേദപുസ്തകത്തില്‍ മൂന്ന് സ്വര്‍ഗ്ഗങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുവാന്‍ കഴിയും.
1. ഭൂമിയ്ക്ക് മുകളില്‍ നമ്മളുടെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണുന്ന ആകാശ മണ്ഡലം.
2. സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍ എന്നിവ സ്ഥിതിചെയ്യുന്ന ശൂന്യാകാശം.
3. ദൈവത്തിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗം.
എന്നാല്‍ വെളിപ്പാട് 21: 1 ൽ പറഞ്ഞിരിക്കുന്നതുപോലെ, “ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി” എന്നതിൽ, നമ്മൾ പറഞ്ഞ മൂന്ന് ആകാശ മണ്ഡലങ്ങളും നീങ്ങിപ്പോയി എന്ന ആശയം ഇല്ല. അന്ത്യകാലത്ത് ഇവ മൂന്നും നീങ്ങിപോകുക ഇല്ല. ആദ്യ മനുഷ്യരിലൂടെ പാപം ഇപ്പോഴത്തെ ഭൂമിയിലും അതിലൂടെ ആദ്യത്തെയും രണ്ടാമത്തെയും ആകാശ മണ്ഡലത്തിലും അഥവാ സ്വര്‍ഗ്ഗ മണ്ഡലങ്ങളിലും കയറികൂടി. ഇപ്പോഴത്തെ ഭൂമിയും അതിന്റെ ആകാശ മണ്ഡലവും മനുഷ്യരുടേതാണ്. അത് ഒന്നുതന്നെയാണ്. ഉൽപ്പത്തി 1: 1 അനുസരിച്ച് ദൈവം ഭൂമിയേയും ആകാശ മണ്ഡലത്തെയും ഒന്നായി സൃഷ്ടിച്ചു. ഭൂമിയിലുള്ള വെള്ളത്തിനെ രണ്ടായി മുറിച്ചുകൊണ്ടാണ് ദൈവം ആകാശം സൃഷ്ടിച്ചത് എന്നാണ് വേദപസൂതകം പറയുന്നത്.
ഉൽപ്പത്തി 1: 1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
ഉൽപ്പത്തി 1: 6, 7
6 ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
7 വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
8 ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
എന്നാല്‍ ദൈവത്തിന്റെ വാസസ്ഥലമായ മൂന്നാം സ്വര്‍ഗ്ഗത്തില്‍ പാപം പ്രവേശിച്ചിട്ടില്ല. ദൈവീക സ്വര്‍ഗ്ഗം കളങ്കമില്ലത്തതായി നിലനില്ക്കുന്നു. അതിനാൽ, ഇപ്പോൾ നമ്മൾ വസിക്കുന്ന ഈ ആകാശവും ഭൂമിയും അഴിഞ്ഞു പോകും എന്നാല്‍ സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗമായ ദൈവത്തിന്റെ വാസസ്ഥലം എന്നേക്കും നിലനില്ക്കും.
എന്തുകൊണ്ടാണ് നമ്മള് ഇപ്പോള്‍ വസിക്കുന്ന ആകാശവും ഭൂമിയും ഒഴിഞ്ഞുപോകേണ്ടത്? ഇപ്പോഴത്തെ ഭൂമി, പാപത്താല്‍ മലിനം ആണ്. ഇതിൽ ദൈവരാജ്യത്തിന്റെ നിത്യമായ പ്രത്യക്ഷത അസാധ്യമാണ്. അതിനാൽ, ഇതിനെ പുതുക്കി എടുത്തേ മതിയാകൂ.
ഉൽപ്പത്തി 3: 17 മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; ....
എബ്രായര്‍ 12: 26, 27
26 അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്ദത്തം ചെയ്തു.
27 “ഇനി ഒരിക്കൽ” എന്നതു, ഇളക്കമില്ലാത്തതു നിലനിൽക്കേണ്ടതിന്നു നിർമ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.
28 ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.
ഈ വാക്യം പറയുന്നതിതാണ്: നിര്‍മ്മിതമായ ഇളക്കമുള്ളതിനു മാറ്റം വരും. എന്നാൽ, ഇളക്കമില്ലാത്തത് ഒന്നുണ്ട്, അത് നിലനില്ക്കും. അതായാത് ഇളകാത്ത ദൈവരാജ്യം എന്നേക്കും നിലനില്ക്കും. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, നമ്മള് പാര്‍ക്കുന്ന ഈ ഭൂമിയും അതിനുമീതെ ഉള്ള ആകാശവും ഇല്ലാതെ ആകും. ഭാവിയിൽ പ്രത്യക്ഷപ്പെടുവാനിരിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും ഇളകാതെ എന്നേക്കും നിലനിൽക്കും. ഈ വാക്യങ്ങൾ എല്ലാം, നമ്മൾ ഇപ്പോൾ താമസിക്കുന്ന ഈ ഭൂമി, ഒഴിഞ്ഞുപോകും എന്ന ആശയമാണ് വിനിമയം ചെയ്യുന്നത്.
വേദപുസ്തകത്തിൽ, സൃഷ്ടിക്കപ്പെട്ടിരുന്ന ഒരു ഭൂമിയെ, മനുഷ്യർക്ക് തമാസിക്കുവാന്‍ യോഗ്യമായി ഒരുക്കുന്ന ദൈവീക പ്രക്രിയയോടെ ആണ് ആരംഭിക്കുന്നത്. അതിന് മുമ്പ് ഭൂമിയിൽ ആരാണ് തമാസിച്ചിരുന്നത് എന്നോ, ആരെങ്കിലും താമസിച്ചിരുന്നുവോ എന്നോ വ്യക്തമായി, നേരിട്ട് പറയുന്നില്ല. എങ്കിലും, വേദപുസ്തക പണ്ഡിതന്മാർ വേദപുസ്തകം മൊത്തമായി പഠിച്ചത്തിന്റെ അടിസ്ഥാനത്തിൽ അഭിപ്രായപ്പെടുന്നത്, നമ്മളുടെ ഭൂമി, ആദ്യം സ്വര്‍ഗീയ ദൂതന്മാര്ക്ക് പാര്‍ക്കുവാന്‍ വേണ്ടിയാണ് സൃഷ്ടിച്ചത്. എന്നാല്‍ അവര്‍ ലൂസിഫര്‍ എന്ന ദൂതന്റെ നേതൃത്വത്തില്‍ ദൈവത്തോട് മത്സരിച്ചതിനാല്‍ അവരെ മാറ്റികളഞ്ഞു. (യെശയ്യാവ് 14:12-15). അതിന് ശേഷമായിരിക്കാം, ദൈവം ഭൂമിയെ വെള്ളത്തിലും അന്ധകാരത്തിലും മൂടിയത്. ഇവിടെ, വെള്ളവും അന്ധകാരവും ശിക്ഷയുടെ അടയാളങ്ങൾ ആണ്.
അന്നത്തെ ഭൂമി, ഇങ്ങനെ എത്രനാള്‍ കിടന്നു എന്ന് നമ്മള്‍ക്ക് കൃത്യമായി അറിയില്ല. എന്നാൽ, അനേക വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം അതിനെ പുനര്‍സൃഷ്ടിക്കുവാന്‍ തീരുമാനിച്ചു. അതിനായി, ദൈവത്തിന്റെ ആത്മാവ് ഇരുളിനു മീതെയും വെള്ളതിനു മീതെയും പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. ഈ കാലഘട്ടവും എത്രനാള്‍ നീണ്ടു എന്നു നമുക്ക് അറിഞ്ഞുകൂടാ. ഇതിനെക്കുറിച്ചുള്ള ഒരു സൂചനമാത്രമേ നമുക്ക് വേദപുസ്തകത്തിൽ ലഭ്യമായിട്ടുള്ളൂ.
ഉൽപ്പത്തി 1: 2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
അതിനുശേഷം ദൈവം തന്റെ വാക്കിനാല്‍ ഇപ്പോൾ നമ്മൾ താമസിക്കുന്ന ഭൂമിയും, ആകാശ മണ്ഡലവും പുനര്‍സൃഷ്ടിച്ചു. യാഥാർത്ഥത്തിൽ, അപ്പോൾ നിലവിൽ ഉണ്ടായിരുന്ന പഴയ ഭൂമിയെ പുതുക്കി എടുക്കുക ആയിരുന്നു. വേദപുസ്തകം ഈ പുനര്‍സൃഷ്ടിയുടെ ചരിത്രം പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. അതിനുമുമ്പുള്ള സംഭവങ്ങളെക്കുറിച്ച് വ്യക്തവും കൃത്യവുമായ ചരിത്രം വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അത് മനുഷ്യരുമായി ബന്ധമുള്ള ചരിത്രമല്ല. എന്നാല്‍ മുന്‍പുള്ള ചരിത്രത്തെക്കുറിച്ച് നമ്മൾ തികഞ്ഞ അജ്ഞതയിലുമല്ല. നമുക്ക് ആവശ്യമുള്ളത്, അനുമാനിച്ചെടുക്കുവാനുള്ള വിവരങ്ങൾ വേദപുസ്തകത്തില്‍ ലഭ്യമാണ്.
എന്നാൽ, ഉല്‍പ്പത്തിയിൽ വിവരിക്കുന്ന പ്രകാരം പുനർസൃഷ്ടിക്കപ്പെട്ട അതേ അവസ്ഥയിലുള്ള ഭൂമിയിലല്ല നമ്മൾ ഇപ്പോൾ താമസിക്കുന്നത്. മനുഷ്യർ അത്യധികമായി പാപത്തിൽ ജീവിക്കുവാൻ തുടങ്ങിയപ്പോൾ, ഒരിക്കൽ കൂടി ദൈവം ഭൂമിയെ വെള്ളത്താൽ മൂടി ശിക്ഷിച്ചു. ഇത് ഒരു ശിക്ഷയും രക്ഷയും ആയിരുന്നു. ഈ ശിക്ഷയുടെ കാലം ചുരുക്കം ആയിരുന്നു. “നാല്പതു രാവും നാല്പതു പകലും മഴ” പെയ്തു, പ്രളയം ഉണ്ടായി. വെള്ളം ഭൂമയെ 150 ദിവസം മൂടികിടന്നു. (ഉൽപ്പത്തി 7:4, 12, 17, 24; 8:3)
എന്നാൽ ഉൽപ്പത്തി ഒന്നാം അദ്ധ്യത്തിന്റെ ആരംഭത്തിലെ അവസ്ഥയിലേക്ക് ഭൂമി പോയില്ല. നോഹയും കുടുംബവും പെട്ടകത്തിലൂടെ രക്ഷ പ്രാപിച്ചു. ജീവജാലങ്ങളും പൂർണ്ണമായി നശിച്ചുപോയില്ല. പ്രളയത്തിനു ശേഷമുള്ള ഭൂമി, കാലാവസ്ഥയിലും, ഘടനയിലും, മുമ്പ് ഉണ്ടായിരുന്ന ഭൂമിയിൽ നിന്നും വ്യത്യസ്തമായിരുന്നു.
നോഹയുടെ കാലത്തെ മഹാ പ്രളയത്തിനു ശേഷം വെള്ളത്താലും, വെള്ളത്തില്‍നിന്നും ശുദ്ധീകരിച്ച ഭൂമിയില്‍ ആണ് നമ്മള് ഇപ്പോള്‍ ജീവിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ആകാശവും, ഭൂമിയും, നോഹയുടെ കാലത്തെക്കാളും അധികം പാപവും ദുഷ്ടതയും നിറഞ്ഞതായി തീര്‍ന്നിരിക്കുന്നു. അതിനാൽ, ഇതിനെ നിത്യമായി സൂക്ഷിക്കുക സാധ്യമല്ല. ഇവിടെ പാപ രഹിതമായ ദൈവരാജ്യം സ്ഥാപിക്കുക സാദ്ധ്യമല്ല. ഈ ഭൂമിക്ക് ഒരു മാറ്റം വീണ്ടും ആവശ്യമാണ്.
ആകാശവും ഭൂമിയും എങ്ങനെ അവസാനിക്കും?
ആകാശത്തെയും ഭൂമിയേയും കുറിച്ചുള്ള ഈ അടിസ്ഥാന അറിവുകളോടെ നമുക്ക് നമ്മളുടെ പഠനം തുടരാം. മുമ്പ് പറഞ്ഞതുപോലെ, പുതിയ ആകാശം, പുതിയ ഭൂമി എന്നത് യോഹന്നാൻ മാത്രം പറഞ്ഞ ഒരു ആശയമല്ല. ഇതിനെക്കുറിച്ച്, പഴയനിയമ പ്രവാചകന്മാരും പറഞ്ഞിട്ടുണ്ട്.
യെശയ്യാവ് 65: 17 ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.
ഇവിടെ പ്രവാചകൻ പുതിയ ആകാശത്തേക്കുറിച്ചും, പുതിയ ഭൂമിയെക്കുറിച്ചും പറയുന്നു. ഇപ്പോഴത്തെ ആകാശത്തിനും ഭൂമിക്കും എന്ത് സംഭവിക്കും എന്ന് അദ്ദേഹം പറയുന്നില്ല. അത് അദ്ദേഹം പറയേണം എന്നു നിർബന്ധമില്ല. ആത്മീയ മർമ്മങ്ങൾ പടിപടിയായി, ക്രമേണ, കാലാനുഗതമായിട്ടാണ് വെളിപ്പെട്ടുവരുന്നത്.
ഇപ്പോഴത്തെ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും എന്നു നമ്മളുടെ കർത്താവായ യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. അത് തന്നെ യോഹന്നാൻ വെളിപ്പാടിൽ കാണുന്നതായി രേഖപ്പെടുത്തി.
മത്തായി 24: 35 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
വെളിപ്പാട് 20: 11 ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.
വെളിപ്പാട് 21: 1 ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.
ഇപ്പോഴത്തെ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും എന്നല്ലാതെ, അത് എങ്ങനെ സംഭവിക്കും എന്ന് യേശുക്രിസ്തുവോ, യോഹന്നാനോ വിശദീകരിക്കുന്നില്ല. എന്നാല്‍ ദൈവ വചനം ഈ വിഷയത്തില്‍ നമ്മളെ ഇരുട്ടില്‍ നിറുത്തുന്നില്ല. പത്രൊസ് ഇതിനെക്കുറിച്ച് പ്രവചനാത്മാവിൽ എഴുതിയിട്ടുണ്ട്.
2 പത്രോസ് 3: 7 ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.
2 പത്രോസ് 3: 10 കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.
പത്രോസ് പറഞ്ഞ കാര്യങ്ങള്‍ നമുക്ക് ഒന്ന് ചുരുക്കി പറയാം. നമ്മള് ഇപ്പോള്‍ ജീവിക്കുന്ന ആകാശവും ഭൂമിയും തീകൊണ്ട് നശിപ്പിക്കുവനായി ദൈവം കരുതിയിരിക്കുന്നു. ദൈവം ഇതിനെ നശിപ്പിക്കുന്ന ദിവസം, ആകാശം കൊടും മുഴക്കത്തോടെ ഒഴിഞ്ഞു പോകും; ഭൂമിയിലെ മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.
അതായത് ഭൂമിയും അതിലുള്ളതെല്ലാം തീയില്‍ നശിച്ചുപോകും എന്നാണ് പത്രോസ് പറഞ്ഞത്. ഭൂമിയുടെ ഉപരിതലം മാത്രമല്ല, അതിലെ മൂല പദാര്‍ത്ഥങ്ങള്‍ മുഴുവനും കത്തിയമരും. അങ്ങനെ മൂലപദാർത്ഥങ്ങൾ കത്തിയഴിയുന്നതിനാല് ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും. നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടും എന്നും അദ്ദേഹം തുടര്‍ന്ന് പറയുന്നുണ്ട്.
2 പത്രോസ് 3: 13 എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.
പുതിയ ആകാശവും പുതിയ ഭൂമിയും എങ്ങനെ സൃഷ്ടിക്കപ്പെടും എന്ന് പത്രൊസ് വ്യക്തമായി പറയുന്നില്ല എങ്കിലും ഇപ്പോഴത്തെ ആകാശവും ഭൂമിയും എങ്ങനെ അവസാനിക്കും എന്ന് വ്യക്തമായി പറയുന്നുണ്ട്. അപ്പോസ്തലനായ യോഹന്നാന്, ക്രിസ്തു ന്യായവിധിയുടെ വലിയ വെള്ളസിംഹാസനത്തില് ന്യായാധിപനായി ഇരിക്കുമ്പോള്‍ ഇതെല്ലാം സംഭവിക്കും എന്ന് പറയുന്നു.
(ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
പുതിയ ആകാശവും പുതിയ ഭൂമിയും
എങ്ങനെയാണ് പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകുന്നത്. അത് ഈ ഭൂമിയുടെ പുതുക്കം വന്ന അവസ്ഥയാണോ, അതോ മറ്റൊന്ന് പുതിയതായി സൃഷ്ടിക്കപ്പെടുകയാണോ? വെളിപ്പാട് പുസ്തകത്തില്‍ പുതിയ ആകാശം, പുതിയ ഭൂമി എന്നിവയെക്കുറിച്ച് യോഹന്നാന് പറയുമ്പോള്‍, ഈ പ്രപഞ്ചം മൊത്തമായി, പുതുക്കപ്പെടുകയോ പുനര്സൃഷ്ടിക്കപ്പെടുകയോ ചെയ്യും എന്നാണു ഉദ്ദേശിക്കുന്നത്. ഈ ആകാശവും ഭൂമിയും പുതിയ ആകാശത്തിനായും ഭൂമിക്കായും ഒഴിഞ്ഞു പോകും. എന്നാല്‍ ഇതു എങ്ങനെ സംഭവിക്കും എന്നതിനെ കുറിച്ച് വേദപണ്ഡിതന്മാരുടെ ഇടയില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ട്.
ചില പണ്ഡിതന്മാർ, ക്രിസ്തു രണ്ടാമത് വരുമ്പോള്‍ ദൈവരാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുകയും ആയിരമാണ്ട് വാഴുകയും ചെയ്യും എന്നും അതിനെ ആണ് പുതിയ ആകാശം പുതിയ ഭൂമി എന്നിവകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അഭിപ്രായപ്പെടുന്നു.
എന്നാല്‍ യോഹന്നാൻ വളരെ വ്യക്തമായി, വലിയ വെള്ളസിംഹാസനത്തിലുള്ള ന്യായവിധിയുടെ നാളില്‍ മാത്രമേ ഈ ഭൂമി ഒഴിഞ്ഞുപോകുക ഉള്ളൂ എന്ന് പറയുന്നതിനാല്‍ ഈ വാദഗതിക്ക് യാതൊരു പ്രസക്തിയും ഇല്ല.
വെള്ളസിംഹാസനത്തിലുള്ള ന്യായവിധി ആയിരമാണ്ട് വാഴ്ചയ്ക്ക് ശേഷം മാത്രമേ സംഭവിക്കുക ഉള്ളൂ. അത് ഈ ഭൂമിയിൽ വച്ചായിരിക്കുകയില്ല. പുതിയ ആകാശവും പുതിയ ഭൂമിയും അതിനുശേഷം ഉണ്ടാകും എന്നാണ് യോഹന്നാൻ പറയുന്നത്.
പുതിയ ആകാശവും പുതിയ ഭൂമിയും എങ്ങനെ സൃഷ്ടിക്കപ്പെടും എന്നതിനെക്കുറിച്ച് പ്രധാനമായും രണ്ട് അഭിപ്രായങ്ങൾ ആണ് വേദപുസ്തക പണ്ഡിതന്മാരുടെ ഇടയിൽ ഉള്ളത്. ഈ രണ്ട് അഭിപ്രായങ്ങളും വിശദമായി പഠിക്കുന്നത് നല്ലതായിരിക്കും.
ഈ രണ്ട് അഭിപ്രായത്തോടും പക്ഷം ചേരുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നമ്മളുടെ അറിവിലേക്കും ചിന്തക്കും ആയി അത് രണ്ടും ഇവിടെ വിശദീകരിക്കുന്നു എന്ന് മാത്രം.
അന്ത്യകാലത്ത് ഈ ആകാശവും ഭൂമിയും രൂപാന്തരപ്പെടുകയും പുതുക്കപ്പെടുകയും ചെയ്യും എന്നതാണ് ഒരു പ്രമുഖ അഭിപ്രായം. ഇപ്പോഴത്തെ ആകാശവും ഭൂമിയും പൂര്‍ണ്ണമായും ഇല്ലാതാകും എന്നും, അതിനു ശേഷം ദൈവം ഒന്നും ഇല്ലായ്മയില്‍ നിന്നും പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കും എന്നാണ് രണ്ടാമത്തെ അഭിപ്രായം.
ഇവിടെ തര്‍ക്ക വിഷയം നമ്മൾ ഇപ്പോൾ താമസിക്കുന്ന ഈ ഭൂമിയുടെ തുടര്‍ച്ചയെക്കുറിച്ചാണ്. രണ്ടു കൂട്ടരും ഇപ്പോഴത്തെ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും എന്ന് വിശ്വസിക്കുന്നവര്‍ ആണ്. പുതിയ ഭൂമി ഇപ്പോഴത്തെ ഭൂമിയുടെ തുടര്‍ച്ചയായിരിക്കും എന്നും ഇതിന്റെ പുനരുദ്ധാരണം അഥവാ നവീകരണം മാത്രമേ ഭാവിയിൽ സംഭവിക്കൂ എന്ന് ഒരു കൂട്ടര് വിശ്വസിക്കുന്നു. രണ്ടാമത്തെ കൂട്ടര്, ഇപ്പോഴത്തെ ഭൂമിയുടെ തുടര്‍ച്ചയില്‍ വിശ്വസിക്കുന്നില്ല. ഇപ്പോഴത്തെ ഭൂമി പൂർണ്ണമായും ഇല്ലാതെയാകും എന്ന് അവർ വാദിക്കുന്നു. ഇതാണ് ഇവര്‍ രണ്ടു കൂട്ടരും തമ്മിലുള്ള വ്യത്യാസം.
അപ്പൊക്കലിപ്റ്റിക് രചനകൾ
യോഹന്നാന് വെളിപ്പാട് പുസ്തകം എഴുതിയത് അന്ത്യകാല സംഭവങ്ങള്‍ എഴുതുന്ന ഒരു പ്രത്യേക സാഹിത്യ ശൈലിയില്‍ ആണ്. ഇതിനെ ഇംഗ്ലീഷില്‍, അപ്പൊക്കലിപ്റ്റിക് രചനകൾ (apocalyptic literature) എന്നാണു വിളിക്കുന്നത്. അപ്പൊക്കലിപ്സ് (apocalypse) എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം, വെളിപ്പാട്, മുമ്പ് മറഞ്ഞിരുന്നവയുടെ വെളിപ്പെടുത്തല്‍ എന്നിങ്ങനെ ആണ്. യഹൂദന്മാരുടെ ബാബേൽ പ്രവാസ കാലത്താണ് ഇത്തരമൊരു സാഹിത്യ ശാഖ ഉടലെടുത്തത്. BC 200 നും AD 100 ഇടയില്‍ ഈ ശൈലിയില്‍ ചില കൃതികള്‍ രചിക്കപ്പെട്ടിരുന്നു. “ഹനോക്കിന്റെ പുസ്തകം” ഇതിനൊരു ഉദാഹരണമാണ്. ഇത്തരം കൃതികള്‍ യഹൂദന്മാരുടെ ഇടയിലും ക്രൈസ്തവരുടെ ഇടയിലും, ബാബിലോണിയ പ്രവാസകാലം മുതല്‍ മദ്ധ്യ കാലഘട്ടം വരെ പ്രചാരത്തില്‍ ഉണ്ടായിരുന്നു.
അപ്പൊക്കലിപ്റ്റിക് രചനകളിൽ, എഴുത്തുകാരൻ നടത്തുന്ന സ്വർഗ്ഗീയ യാത്രയുടെ വിവരണം ഉണ്ടായിരിക്കും. ഈ ഭൂമിയിലെ വര്‍ത്തമാന കാലം ജീവിതം ദുഷ്ടത നിറഞ്ഞതാണ് എന്ന ധ്വനിയും, ഭാവിയെക്കുറിച്ചുള്ള ദര്‍ശനങ്ങളും, ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഇതിൽ വിഷയങ്ങൾ ആണ്. ഇവയുടെ ഇതിവൃത്തം, സ്വർഗ്ഗീയമായ കാര്യങ്ങളും, അന്ത്യകാല സംഭവങ്ങളും ആയതിതിനാൽ, അവയൊന്നും മനുഷ്യന് ഗ്രഹിക്കുവാനോ, കണ്ടെത്തുവാൻ കഴിയുന്നതോ അല്ല എന്നൊരു ചിന്ത എഴുത്തുകാർക്ക് ഉണ്ടായിരുന്നു. അതിനാൽ, ഇവ എല്ലാം ഒരു സ്വര്‍ഗീയ ദൂതന് നല്‍കുന്നതായി കരുതിയാണ് എഴുത്തുക്കാർ എഴുതിയത്. ഇവയില്‍ സങ്കല്‍പ്പിക ലോകം പോലെയുള്ള അന്തരീക്ഷവും, ഗൂഡമായ ഭാഷയും, അശുഭാപ്തി വിശ്വാസവും, ലോകത്തിന്റെ അവസാന നാളുകള്‍ സമീപമായി എന്ന ചിന്തകളും ഉണ്ടായിരുന്നു. അടയാളങ്ങളും, സൂചനകളും, പ്രതീകങ്ങളും, ഈ രചനകളുടെ സവിശേഷതകൾ ആണ്. സാധാരണ രചനകളിലെ, നേരിട്ട് പറയുന്ന രീതികൾക്കു പകരം വ്യഗ്യമായ ശൈലി ഇതിന്റെ എഴുത്തുകാർ ഉപയോഗിച്ചിരുന്നു. അതിനാൽ ഇതിലെ വിവരണങ്ങൾ അക്ഷരാർത്ഥത്തിൽ അല്ല മനസ്സിലാക്കേണ്ടത്. പല വിവരണങ്ങളും അന്നത്തെ വായനക്കാർക്ക് വേഗം മനസ്സിലാകുന്നത് ആയിരുന്നു. എന്നാൽ ഇന്നത്തെ, ആധിനിക ലോകത്തെ വായനക്കാർക്ക് എല്ലാ വിവരണങ്ങളും മനസ്സിലാക്കുവാൻ പ്രയാസമുണ്ട്.
വേദപുസ്തക രചയിതാക്കളില്‍ പ്രവചന ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള ചിലര്‍ ഈ രചനാ ശൈലി ഉപയോഗിച്ചിട്ടുണ്ട്.
യോവേല്‍, ആമോസ്, സെഖര്യാവ്, ദാനിയേല്‍ എന്നിവരുടെ പ്രവചന പുസ്തകങ്ങളില്‍ ഈ രീതിയില്‍ എഴുതിയിട്ടുള്ള ചില ഭാഗങ്ങള്‍ ഉണ്ട്. എന്നാൽ ഇവരുടെ എഴുത്തുകൾ, വെറും സാഹിത്യ കൃതികൾ അല്ല. അതെല്ലാം പ്രവചനങ്ങളോ, സ്വർഗ്ഗീയ ദർശനങ്ങളോ ആയിരുന്നു. ഇത്തരം വിഷയങ്ങൾ എഴുതുവാൻ അന്ന് ഉപയോഗിച്ചിരുന്ന രചനാ ശൈലി, പ്രവാചകന്മാരും ഉപയോഗിച്ചു എന്നു മാത്രമേയുള്ളൂ.
അപ്പൊസ്തലനായ യോഹന്നാനും ഈ സാഹിത്യ ശൈലി സ്വീകരിച്ചു എങ്കിലും, വെളിപ്പാട് പുസ്തകം വെറുമൊരു സാഹിത്യ കൃതി അല്ല, അത് ദൈവത്തില്‍നിന്നും, യോഹന്നാൻ പ്രാപിച്ച വെളിപ്പാടുകളും പ്രവചനങ്ങളും ആണ്. യോഹന്നാൻ, ആത്മവിവശതയിൽ, സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും, അവിടെ അദ്ദേഹം കണ്ടതും കെട്ടതുമായ കാര്യങ്ങളുടെ ഒരു രേഖയാണ്.
യോഹന്നാന് കണ്ട ദര്‍ശനങ്ങള്‍, ഒരു ഏകാന്ത ദ്വീപില്‍ വിശന്ന്, തളര്‍ന്ന് വീണുപോയ നിസ്സഹായനായ ഒരു മനുഷ്യന്റെ വിഭ്രാന്തി അല്ല. അദ്ദേഹത്തിന്റെ വെളിപ്പാടുകള്‍ ഒരു യഥാര്‍ത്ഥ ആത്മീയ അനുഭവം തന്നെ ആയിരുന്നു. അദ്ദേഹം ദൈവത്തെ കണ്ടു, ദൈവത്തിന്റെ വാസസ്ഥലം കണ്ടു. അദ്ദേഹം കണ്ടതും കേട്ടതുമായ കാര്യങ്ങള്‍, സാധാരണ മനുഷ്യരുടെ ഭാഷയില്‍ രേഖപ്പെടുത്തുക അസാദ്ധ്യം ആയിരുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹം ഈ പ്രത്യേക സാഹിത്യ ശൈലി സ്വീകരിച്ചത്.
ഇതൊരു പ്രത്യേക കാലഘട്ടത്തില്‍ നിലനിന്നിരുന്ന സാഹിത്യ ശൈലി ആണ് എന്ന് പറഞ്ഞല്ലോ. അതായാത്, ഇവിടെയും ദൈവത്തിന്റെ അദൃശ്യ കരങ്ങളുടെ ഇടപെടല്‍ നമ്മള് കാണേണ്ടതുണ്ട്. ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള ദൈവീക മര്‍മ്മങ്ങളും, സ്വർഗ്ഗീയ കാഴ്ചകളും, ദൈവീക വെളിപ്പാടുകളും, അന്ത്യകാല സംഭവങ്ങളും, വിവരിക്കുവാൻ, ഈ രചനാ ശൈലിക്ക് ശേഷി ഉണ്ട്. ഈ രചനാ ശൈലി BC 200 മുതൽ AD 100 വരെ മാത്രമേ എഴുത്തുകാർ ഉപയോഗിച്ചുള്ളൂ എന്നാണ് പൊതുവേയുള്ള പണ്ഡിതമതം. അതായത്, ചില സ്വർഗ്ഗീയ ദർശനങ്ങൾ വെളിപ്പെടുത്തുവാൻ ഒരു പ്രത്യേക കാലഘട്ടത്തിൽ മാത്രം പ്രചാരത്തിലിരുന്ന രചനാ രീതിയാണിത്. ഈ രീതി, അപ്പൊസ്തലനായ യോഹന്നാൻ വെളിപ്പാട് പുസ്തകം എഴുതുവാൻ ഉപയോഗിച്ചു. ഇവിടെയാണ്, മനുഷ്യ ചരിത്രത്തിലുള്ള ദൈവത്തിന്റെ ഇടപെടൽ നമ്മൾ കാണുന്നത്.
യോഹന്നാന് എഴുതിയ വെളിപ്പാട് പുസ്തകം പൂര്‍ണ്ണമായും ഈ പ്രത്യേക ശൈലിയില്‍ എഴുതപ്പെട്ടതാണ്.
അതുകൊണ്ട് അതില്‍ മൂടപ്പെട്ടിരിക്കുന്ന മര്‍മ്മങ്ങളും അടയാളങ്ങളും പ്രതിരൂപങ്ങളും ഉണ്ട്. ചിലത് നമുക്ക് ഇപ്പോള്‍ മനസ്സിലാക്കുവാന്‍ കഴിയും, മറ്റു ചിലത് അന്ത്യനാളിലേക്ക് മര്‍മ്മമായി തന്നെ ഇരിക്കും. വെളിപ്പാട് പുസ്തകത്തിലെ ഓരോ വാക്കുകളേയും, അക്ഷരാർത്ഥത്തിൽ വായിച്ച് വിശദീകരിക്കുവാൻ ശ്രമിക്കുന്നത്, പല തെറ്റായ ആശയങ്ങൾ ഉടലെടുക്കുവാൻ കാരണമായിട്ടുണ്ട്.
നവീകരണമോ മാറ്റിവെക്കലോ?
ഇപ്പോഴത്തെ ഭൂമിയുടെ അവസാനത്തെക്കുറിച്ചും പുതിയ ഭൂമിയുടെ സൃഷ്ടിയെ കുറിച്ചും പ്രധാനമായും രണ്ടു വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ആണ് പണ്ഡിതന്മാർക്കിടയില് ഉള്ളത്. പുതിയ ഭൂമി ഇപ്പോഴത്തെ ഭൂമിയെ തീകൊണ്ട് ശുദ്ധീകരിച്ച് പുതിയതാക്കി എടുക്കുന്നതാണോ അതോ ഇപ്പോഴത്തെ ഭൂമിയുമായി യാതൊരു ബന്ധവും ഇല്ലാതെ ഒന്നുമില്ലായ്മയില്‍ നിന്നും ദൈവം പുതിയതായി സൃഷ്ടിക്കുന്നതാണോ എന്നതാണ് തര്‍ക്കവിഷയം.
ആദ്യത്തേതിനെ നമുക്ക് നവീകരണ സിദ്ധാന്തം അഥവാ renovation theory എന്ന് വിളിക്കാം; രണ്ടാമത്തേതിനെ മാറ്റിവെക്കുന്ന സിദ്ധാന്തം അഥവാ replacement theory എന്നും വിളിക്കാം.
നവീകരണ സിദ്ധാന്തം (renovation theory)
നവീകരണ സിദ്ധാന്തം അഥവാ renovation theory യെ പിന്താങ്ങുന്നവര് വാദിക്കുന്നതിനങ്ങനെയാണ്: പത്രോസ് പറയുന്നത് അനുസരിച്ച്, ഈ ഭൂമിയെ തീകൊണ്ട് ശുദ്ധീകരിക്കുകയും അതിനെ തന്നെ പുതിയതാക്കി എടുക്കുകയും ചെയ്യും. പുതിയ ആകാശവും പുതിയ ഭൂമിയും എന്നത് അക്ഷരാര്‍ത്ഥത്തിലുള്ള, തീകൊണ്ട് ശുദ്ധീകരിക്കപ്പെട്ട ഭൂമി തന്നെ ആണ്.
നോഹയുടെ കാലത്ത് അന്നത്തെ പാപ പങ്കിലമായ ഭൂമിയെ വെള്ളത്താല്‍ മൂടിയും വെള്ളത്തിലൂടെ കടത്തിവിട്ടും ശുദ്ധീകരിച്ചത് അവർ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഇതു ഈ ഭൂമിയുടെ തുടര്‍ച്ച ഉറപ്പാക്കുന്നു; ഭൂമിയുടെയും മനുഷ്യരുടെയും സൃഷ്ടിയുടെ ദൈവീക ഉദ്ദേശ്യത്തിന്റെ നിവര്‍ത്തി ഇങ്ങനെ സംഭവിക്കും. ഈ ഭൂമിയുടെ എല്ലാ ഘടകങ്ങള്‍ക്കും പ്രകൃതിക്കും തുടര്‍ച്ച ഉണ്ടായിരിക്കും, എന്നാല്‍ അവ എല്ലാം തീകൊണ്ട് ശുദ്ധീകരിക്കപ്പെട്ടത് ആയിരിക്കും എന്ന് മാത്രം.
അവർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ഉദാഹാരണമാണ്, ഉയിർത്തെഴുന്നേറ്റത്തിന് ശേഷമുള്ള ക്രിസ്തുവിന്റെ ശരീരം. ഉയിര്പ്പിനുശേഷവും ക്രിസ്തുവിന് സ്പര്ശിക്കുവാന് കഴിയുന്ന ഒരു ശരീരം ഉണ്ടായിരുന്നു. അവനു സംസാരിക്കുവാനും, കേള്‍ക്കുവാനും, ഗ്രഹിക്കുവാനും കഴിയുമായിരുന്നു. അവനു ഹിതമെങ്കില്‍ തിന്നുവാനും കുടിക്കുവാനും കഴിയുമായിരുന്നു. (ലൂക്കോസ് 24: 43). ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ആത്മാവ് മാത്രം ആയിരുന്നില്ല, അവന് മാംസവും അസ്ഥിയും ഉണ്ടായിരുന്നു. (ലൂക്കോസ് 24: 39)
എന്നാല്‍ ക്രിസ്തുവിന്റെ പുനരുദ്ധാരണം പ്രാപിച്ച ശരീരം നമ്മളുടെ മര്‍ത്യശരീരത്തില്‍ നിന്നും വിഭിന്നം ആയിരുന്നു.
അവന് എവിടെയും, അടച്ചിട്ട മുറിക്കുള്ളിലും പ്രത്യക്ഷമാകുവാനും അപ്രത്യക്ഷമാകുവാനും കഴിയുമായിരുന്നു.
അവന് മേഘങ്ങളിലൂടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്തു.
പുതിയനിയമത്തിന്റെ മൂല ഭാഷയായ ഗ്രീക്കില്‍, ‘പുതിയത്’ എന്ന് പറയുവാന്‍ “നിയോസ്”, എന്നും “കൈനോസ്” (neos - neh'-os, kainos - kahee-nos') എന്നും രണ്ട് വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. “നിയോസ്” എന്ന വാക്കിന്, കാലം കൊണ്ട് പുതിയത് എന്ന അര്‍ത്ഥവും, “കൈനോസ്” എന്ന വാക്കിന്, പ്രകൃത്യാ കൂടുതല്‍ നല്ലതും പുതിയതും എന്ന അര്‍ത്ഥവും ആണ് ഉള്ളത്. ഇതുകൂടാതെ, അസാധാരണമായ, അപ്രതീക്ഷിതമായ, അതിശയകരമായ എന്നിങ്ങനെ ഉള്ള ആശയം രണ്ടു വാക്കുകള്‍ക്കും ഉണ്ട്. “നിയോസ്” വാക്ക് ഇനിയും ഉണ്ടാകുവാനിരിക്കുന്ന പുതിയതിനെയും, “കൈനോസ്” എന്ന വാക്ക്, മുമ്പ് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ പുതിയത് ആയിരിക്കുന്നതിനെയും സൂചിപ്പിക്കുന്നു.
ചില വാക്യങ്ങൾ വായിച്ചുകൊണ്ടു ഇത് മനസ്സിലാക്കാം.
മത്തായി 9: 17 പുതു വീഞ്ഞു പഴയ തുരുത്തിയിൽ പകരുമാറുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകർന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.”
ലൂക്കോസ് 5: 37, 38
37 ആരും പുതുവീഞ്ഞു പഴയതുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;
38 പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകർന്നുവെക്കേണ്ടതു.
ഈ വാക്യങ്ങളിൽ, “പുതു വീഞ്ഞ്” എന്നതിൽ “പുതിയത്” എന്ന് പറയുവാൻ “നിയോസ്” എന്ന വാക്കും “പുതിയ തുരുത്തി” എന്നതിൽ “പുതിയത്” എന്നു പറയുവാൻ “കൈനോസ്” എന്ന വാക്കും ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരേ വാചകത്തിൽ തന്നെ “പുതിയത്” എന്നു പറയുവാൻ രണ്ട് വാക്ക് ഉപയോഗിച്ചിരിക്കുന്നത്, അത് രണ്ട് അർത്ഥത്തെ സൂചിപ്പിക്കുന്നതുകൊണ്ടാണ്.
വീഞ്ഞ് പുതിയതാണ്. അത് മുമ്പ് ഉണ്ടായിരുന്നില്ല. അത് ഇപ്പോൾ ശേഖരിച്ച മുന്തിരിയിൽ നിന്നും ഉണ്ടാക്കിയതാണ്. എന്നാൽ തുരുത്തി പുതിക്കായതാണ്. പഴയ തുരുത്തികളെ പുതുക്കി എടുത്തു, അതിനെ വീണ്ടും അയാവുള്ളതാക്കി മാറ്റി എടുത്തു വീണ്ടും ഉപയോഗിക്കാം.
അപ്പോൾ, “നിയോസ്” ഇതുവരെ ഇല്ലാതിരുന്നാ ഒരു പുതിയ കാര്യവും “കൈനോസ്” മുമ്പ് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ പുതുക്കി എടുത്തതുമായ ഒരു വസ്തുവിനെയും ആണ് സൂചിപ്പിക്കുന്നത്.
മറ്റൊരു വാക്യം കൂടി വായിക്കാം.
മത്തായി 27: 60 താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.
ഈ വാക്യം യേശുവിന്റെ ശരീരം അടക്കം ചെയ്ത കല്ലറയെക്കുറിച്ചാണ് പറയുന്നത്. ഇവിടെ “പുതിയ കല്ലറ” എന്നതിലെ “പുതിയ” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് “കൈനോസ്” എന്നാണ്. യോസേഫ് മുമ്പ് തന്നെ, പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു കല്ലറ, അവനായി ഉണ്ടാക്കിയിരുന്നു. എന്നാൽ, അന്നേവരെ അതിൽ ആരുടെയും ശവശരേരമ വച്ചിട്ടില്ല. അതിനാൽ അത് അശുദ്ധമായിട്ടില്ല. അത് പുതിയതാണ്. ഇവിടെയാണ് യേശുവിന്റെ ശരീരം അടക്കം ചെയ്തത്.
ഇവിടെയും “കൈനോസ്” മുമ്പ് ഉണ്ടായിരുന്നതും എന്നാൽ ഇപ്പോൾ പുതിയതും ആയ ഒരു വസ്തു എന്ന ആശയം ആണ് നല്‍കുന്നത്.
യോഹന്നാന് വെളിപ്പാട് പുസ്തകത്തില്‍ പ്രകൃത്യാ കൂടുതല്‍ നല്ലതും പുതിയതും എന്ന അര്‍ത്ഥമുള്ള “കൈനോസ്” എന്ന വാക്ക് ആണ് പുതിയ ആകാശം പുതിയ ഭൂമി എന്നിവയെ കുറിച്ച് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കിന്റെ അര്‍ത്ഥത്തില്‍ പൂര്‍ണ്ണമായും പുതിയത് എന്ന ആശയമില്ല എന്നാണ് നവീകരണ സിദ്ധാന്തം പഠിപ്പിക്കുന്നവരുടെ വാദം (renovation theory). പുതിയ ഭൂമി പഴയത് തന്നെ ആണ്, എന്നാല്‍ അതിന്റെ ഗുണം മെച്ചപ്പെട്ടു എന്ന് മാതമേ ഉള്ളൂ എന്ന് ഇവര്‍ വാദിക്കുന്നു.
അതിനാല്‍ വെളിപ്പാട് പുസ്തകത്തില്‍ പറയുന്ന പുതിയ ആകാശവും പുതിയ ഭൂമിയും, ഇപ്പോഴത്തെ ഭൂമി നവീകരിക്കപ്പെട്ടതും പുനസ്ഥാപിക്കപ്പെട്ടതുമായ ആകാശവും ഭൂമിയും ആണ്. അതിനായി ഇപ്പോഴത്തെ ഭൂമിയെ തീകൊണ്ട് ശുദ്ധീകരിക്കുന്നു എന്നേ ഉള്ളൂ.
മാറ്റിവെക്കുന്ന സിദ്ധാന്തം (replacement theory)
മാറ്റിവെക്കുന്ന സിദ്ധാന്തം അഥവാ replacement theory യില്‍ വിശ്വസിക്കുന്നവരും പത്രോസിന്റെ ലേഖനം തന്നെ ആണ് അടിസ്ഥാനമായി എടുക്കുന്നത്. പത്രോസ് പറയുന്നു: “ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” (2 പത്രോസ് 3: 10). യോഹന്നാന് പറയുന്നതിങ്ങനെ ആണ്: ക്രിസ്തു വലിയ വെള്ള സിംഹാസനത്തില്‍ ന്യായവിധിക്കായി ഇരിക്കുമ്പോള്‍ തന്നെ “അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.” (വെളിപ്പാട് 20, 21). അതിന് ശേഷം പുതിയ ആകാശത്തെയും പുതിയ ഭൂമിയേയും യോഹന്നാന് ദര്‍ശിക്കുക ആണ്.
എന്നാൽ, ഇപ്പോഴത്തെ ഭൂമിയെ നവീകരിച്ചെടുത്ത് പുതിയ ആകാശവും പുതിയ ഭൂമിയും ആക്കി മാറ്റും എന്ന് പത്രോസ് പറയുന്നില്ല. ക്രിസ്തു ഭൂമിയില്‍ നിത്യമായി വാഴും എന്നോ, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനും, അന്ത്യ ന്യായവിധിയ്ക്കും ശേഷം, ഭൂമിയില്‍ മനുഷ്യര്‍ താമസിക്കും എന്നോ അദ്ദേഹം പറയുന്നില്ല. ഇപ്പോഴത്തെ ഭൂമിയുടെ നവീകരണമോ തുടര്‍ച്ചയോ പത്രോസോ, യോഹന്നാനോ ഉറപ്പിച്ച് പറയുന്നില്ല.
ഇപ്പോള്‍ നമ്മള് വസിക്കുന്ന ആകാശവും ഭൂമിയും ദൈവം ഒന്നുമില്ലായ്മയില്‍ നിന്നും സൃഷ്ടിച്ചതാണ്.
ആദ്യ സൃഷ്ടിക്ക് ശേഷം ദൈവം രണ്ട് പ്രാവശ്യം ഭൂമിയെ ശുദ്ധീകരിച്ചു; ദൂതന്മാരുടെ പാപത്തിന് ശേഷവും നോഹയുടെ കാലത്തെ പാപം നീക്കുവാനും ദൈവം ഈ ഭൂമിയെ ഇരുട്ടുകൊണ്ടും വെള്ളത്താലും ശുദ്ധീകരിച്ചു.
പത്രോസ് ഈ ഭൂമിയെക്കുറിച്ച് പറയുന്നതിതാണ്: “
2 പത്രോസ് 3: 5-7
5 ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും
6 അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും
7 ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.
ആകാശവും ഭൂമിയും ദൈവ വചനത്താൽ ആണ് ഉണ്ടായത്. അതേ വചനത്താല്‍ ലോകം ജല പ്രളയത്താൽ മുങ്ങി നശിച്ചു. അതേ വചനത്താല്‍ ഇപ്പോഴത്തെ ആകാശവും ഭൂമിയും തീയാൽ നശിക്കും. നമുക്ക് അദ്ദേഹത്തിന്റെ വാദത്തോട് ഒരു വാചകം കൂടി കൂട്ടിച്ചേർക്കുവാൻ കഴിയും. ദൈവത്തിന്റെ അതേ വചനത്താൽ, അവൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കും.
ഈ ആശയം മുന്നോട്ട് വയ്ക്കുന്നവരും, നമ്മള് മുമ്പ് പറഞ്ഞ ഗ്രീക്ക് മൂല ഭാഷയിലെ വാക്കുകളുടെ അര്‍ത്ഥം എടുത്തു കാണിക്കുന്നു. അത് ഞാന്‍ ഒന്നുകൂടി പറയട്ടെ:
പുതിയനിയമത്തിന്റെ മൂല ഭാഷയായ ഗ്രീക്കില്‍, “നിയോസ്” എന്ന വാക്കിന് കാലം കൊണ്ട് പുതിയത് എന്ന അര്‍ത്ഥവും “കൈനോസ്” എന്ന വാക്കിന് പ്രകൃത്യാ കൂടുതല്‍ നല്ലതും പുതിയതും എന്ന അര്‍ത്ഥവും ആണ് ഉള്ളത്.
യോഹന്നാന് വെളിപ്പാട് പുസ്തകത്തില്‍ പ്രകൃത്യാ കൂടുതല്‍ നല്ലതും പുതിയതും എന്ന അര്‍ത്ഥമുള്ള “കൈനോസ്” എന്ന വാക്ക് ആണ് പുതിയ ആകാശം പുതിയ ഭൂമി എന്നിവയെ കുറിച്ച് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്നത്.
അതുകൊണ്ട് പുതിയ ആകാശവും പുതിയ ഭൂമിയും, ഒന്നുമില്ലായ്മയില്‍ നിന്നും സൃഷ്ടിക്കപ്പെടുന്ന പൂര്‍ണ്ണമായും പുതിയതായ ആകാശവും ഭൂമിയും തന്നെ ആയിരിക്കേണം. ഇപ്പോൾ ഒരു ഭൂമി ഉണ്ട് എങ്കിലും, പുതിയ ഭൂമി, എല്ലാ അർത്ഥത്തിലും പുതിയത് ആയിരിക്കേണം. യോഹന്നാന് എഴുതിയതു അനുസരിച്ച്, അന്ത്യ ന്യായവിധിക്കായി ക്രിസ്തു വലിയ വെള്ള സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ തന്നെ “അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.” (വെളിപ്പാട് 20, 21). അങ്ങനെ സംഭവിക്കും എങ്കിൽ, പുതിയ ഭൂമി, ഇപ്പോൾ ഉളത്തിന്റെ തുടർച്ചയോ, പുതുക്കാമോ ആയിരിക്കുകയില്ല.
ഇതില്‍ ഏതു സിദ്ധാന്തം ആണ് ശരി എന്ന് നമുക്ക് തീര്‍ച്ചയില്ല. നമ്മള് മുമ്പ് പറഞ്ഞതുപോലെ തന്നെ, യോഹന്നാന് ഇപ്പോഴത്തെ ഭൂമി എങ്ങനെ ഇല്ലാതാകും എന്നോ പുതിയ ഭൂമി എങ്ങനെ സൃഷ്ടിക്കപ്പെടും എന്നോ പറയുന്നില്ല. പത്രോസാകട്ടെ, ഇപ്പോഴത്തെ ഭൂമി വെന്തെരിയും എന്ന് പറയുന്നു എങ്കിലും പുതിയ ഭൂമി എങ്ങനെ സൃഷ്ടിക്കപ്പെടും എന്ന് പറയുന്നില്ല. അതായത്, പുതിയ ആകാശവും പുതിയ ഭൂമിയും എങ്ങനെ സൃഷ്ടിക്കപ്പെടും എന്നത് ഒരു മര്‍മ്മമായി നില്‍ക്കുകയാണ്. ഒരു പക്ഷെ അത്, മനുഷ്യ മനസ്സുകള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാത്ത ഒരു മര്‍മ്മം ആയിരിക്കാം.
അതായത്, ഇപ്പോഴത്തെ ആകാശവും ഭൂമിയും ഇല്ലാതാകും എന്നത് എല്ലാവരും സമ്മതിക്കുന്ന ഒരു സത്യം ആണ് എങ്കിലും പുതിയതിന്റെ സൃഷ്ടി എങ്ങനെ ആയിരിക്കും എന്നതിനെക്കുറിച്ച് നമുക്ക് കൃത്യമായ അറിവില്ല. ദൈവം അത് വെളുപ്പെടുത്തിയിട്ടില്ല. അതൊരു മര്‍മ്മം ആയി തുടരുന്നു.
ഈ ഭൂമിയുടെ ഉപരിതലം മാത്രം തീകൊണ്ട് വെന്തെരിയുകയും അങ്ങനെ അത് ശുദ്ധീകരിക്കപ്പെടുകയും ചെയ്താലും, അല്ലെങ്കില്‍ ഈ ഭൂമി പൂര്‍ണ്ണമായും തീകൊണ്ട് കത്തി ഇല്ലാതാകുകയും ദൈവം ഒന്നുമില്ലായ്മയില്‍ നിന്നും പുതിയതൊന്നു സൃഷ്ടിക്കുകയും ചെയ്താലും, അന്തിമഫലം പുതിയ ആകാശവും പുതിയ ഭൂമിയും ആയിരിക്കും.
ദൈവം ഈ ഭൂമിയെ നവീകരിക്കുകയോ, ഇതിനെ മാറ്റി മറ്റൊന്ന് സൃഷ്ടിക്കുകയോ ചെയ്യും. പുതിയതിനെയും ആകാശം, ഭൂമി എന്നാണ് വിളിക്കുന്നത് എന്ന് നമ്മള് മനസ്സിലാക്കിയിരിക്കേണം. ഒന്ന് തീര്‍ച്ചയാണ്, പുതിയത് ഒരിക്കലും പഴയത് ആയിരിക്കില്ല.
വിശുദ്ധന്മാരുടെ വാസസ്ഥലം
അന്ത്യന്യായവിധിക്കുശേഷം ഉണ്ടാകുന്ന പുതിയ ആകാശവും പുതിയ ഭൂമിയും വിശുദ്ധന്മാരുടെ വാസസ്ഥലം ആയിരിക്കും. പുതിയ ഭൂമി വിശുദ്ധന്മാരുടെ “സ്വര്‍ഗ്ഗം” ആയിരിക്കും. സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വരുന്ന പട്ടണമായ പുതിയ യെരുശലേമും പുതിയ ഭൂമിയില്‍ ആയിരിക്കും സ്ഥാപിക്കപ്പെടുക. പുതിയ യെരൂശലേമിൽ, മുത്തുകള്‍ കൊണ്ടുള്ള ഗോപുരങ്ങളും, സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കം കൊണ്ടുള്ള നഗരവീഥികളും ഉണ്ടായിരിക്കും. അതിന്റെ മതില് സൂര്യകാന്തം കൊണ്ടുള്ളതും, നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചതും ആയിരിക്കും.
ഇവയെല്ലാം നമ്മളുടെ ഭൂമില് ഇപ്പോള്‍ കാണുന്ന മൂല്യമേറിയ വസ്തുക്കള്‍ ആണ്. ഇത്തരം ഭൌതീക വസ്തുക്കൾ, പുതിയ ഭൂമിയിലും, പുതിയ യെരൂശലേമിലും കാണുമോ എന്നു നമുക്ക് തീർച്ചയില്ല. എങ്കിലും, യോഹന്നാൻ അതെല്ലാം അവിടെ ഉണ്ട് എന്നു പറയുന്നു. അതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് ഇതാണ്: പുതിയ ഭൂമിയും പുതിയ യെരൂശലേമും ഒരു സാങ്കല്‍പ്പിക ദേശം അല്ല, അതൊരു സ്വപനം മാത്രമല്ല, അത് നമ്മളുടെ ഭൂമിപോലെയുള്ള ഒരു പ്രദേശം ആയിരിക്കും. ഇപ്പോഴത്തെ നമ്മളുടെ ഭൂമിയും, പുതിയതും തമ്മിലുള്ള വ്യത്യാസം എത്രമാത്രം ആയിരിക്കും എന്നത് നമുക്ക് തീർച്ചയില്ല. ഒന്ന് മാത്രം നമുക്ക് പറയുവാൻ കഴിയും. പുതിയ ഭൂമിയും പുതിയ യെരൂശലേമും വിശുദ്ധമായിരിക്കും. അവിടെ പാപം ഉണ്ടായിരിക്കുകയില്ല.
വെളിപ്പാടു 21: 1-3, 10
1 ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.
2 പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.
3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
10 അവൻ എന്നെ ആത്മവിവശതയിൽ ഉയർന്നോരു വന്മലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു.
പുതിയ യെരൂശലേമിൽ, പുനരുദ്ധാരണവും, രൂപാന്തരവും, പ്രാപിച്ച, മഹത്വമുള്ള ശരീരത്തോടെ നമ്മള് വസിക്കും.
മനുഷ്യര്‍ കൈവശമാക്കുവാന്‍ പോകുന്ന നിത്യമായ സ്വര്‍ഗ്ഗം ആകാശത്തിലെവിടെയോ പൊങ്ങിനടക്കുന്ന ഒരു അദൃശ്യ വസ്തുവാണ് എന്നും നമ്മള് ആത്മാക്കള്‍ മാത്രമായി പറന്ന് നടക്കും എന്നതും വചന പ്രകാരമുള്ള ഒരു കാഴ്ചപ്പാട് അല്ല.
മനുഷ്യര്‍ കൈവശമാക്കുവാന്‍ പോകുന്ന പുതിയ ഭൂമി പരിപൂര്‍ണ്ണവും, ശുദ്ധവും ആയ ഭൂമി ആയിരിക്കും.
ഈ പുതിയ ഭൂമിയില്‍ പാപവും, ദുഷ്ടതയും, രോഗവും, കഷ്ടതയും, മരണവും ഉണ്ടായിരിക്കുക ഇല്ല. അവിടെ കണ്ണുനീരും, ദുഖവും, മുറവിളിയും ഉണ്ടാകുക ഇല്ല. അതായത്, പുതിയ ഭൂമി ഇപ്പോഴത്തേതിന്റെ പിന്തുടര്ച്ചയോ പുനര്സൃഷ്ടിയോ ആകാം, പക്ഷെ അവിടെ പാപമോ, ശാപമോ, പാപത്തിന്റെയോ ശാപത്തിന്റെയോ അനന്തര ഫലങ്ങളോ ഉണ്ടായിരിക്കുക ഇല്ല.
പുതിയ ഭൂമി, ഇപ്പോഴുള്ള ദൈവത്തിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗം അല്ല എങ്കിലും അതും സ്വര്‍ഗ്ഗം ആണ്, അല്ലെങ്കില്‍ സ്വര്‍ഗ്ഗതുല്യം ആണ്.
മനുഷ്യരുടെ ഭാഷയില്‍ പറഞ്ഞാല്‍, ഈ ഭൂമി സ്വര്‍ഗ്ഗത്തിന്റെ ഒരു പ്രവിശ്യയായി, ദൈവീക ഭരണം നടപ്പിലാകുന്ന ഒരു പ്രദേശമായി ആണ് ദൈവം ആദ്യം സൃഷ്ടിച്ചത്. ദൈവത്തിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടപ്പിലാകേണം എന്നായിരുന്നു ദൈവത്തിന്റെ പദ്ധതി. എന്നാല്‍ ലൂസിഫറും വീണുപോയ ദൂതന്മാരും ദൈവീക പദ്ധതിയെ തകിടം മറിച്ചു. അതിനു ശേഷം സൃഷ്ടിക്കപ്പെട്ട മനുഷ്യരും പിശാചിനോട് ഒപ്പം ചേര്‍ന്ന് ദൈവീക പദ്ധതിയെ തകര്‍ത്തു കളഞ്ഞു. എന്നാല്‍ നമ്മളുടെ പ്രാര്‍ത്ഥന, ഭൂമിയില്‍, ദൈവത്തിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ആക്കേണമേ എന്നാണ്. അതായത് പുതിയ ഭൂമിയും പുതിയ യെരൂശലേമും, ഇപ്പോൾ ദൈവം വസിക്കുന്ന സ്വർഗ്ഗമല്ല. ദൈവം ഇപ്പോൾ വസിക്കുന്ന സ്വര്‍ഗ്ഗമാണ് മനുഷ്യരുടെ നിത്യ വാസസ്ഥലം എങ്കില്‍ പുതിയ ഭൂമിയെ സൃഷ്ടിക്കേണ്ട ആവശ്യമില്ലായിരുന്നു. അതിനാൽ, പുതിയ ഭൂമിയും പുതിയ യെരൂശലേമും, സ്വർഗ്ഗത്തിന്റെ ഒരു പ്രവിശ്യ ആയിരിക്കും. ഇത് മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറയുന്നതാണ് എന്നു കൂടി ഓർക്കുക.
പുതിയ ഭൂമിയും പുതിയ യെരൂശലേമും, മനുഷ്യന് നിത്യമായി തമാസിക്കുവാനുള്ള ഇടമാണ്. ഇതിന്റെ പ്രത്യേകത, ഇവിടെ ദൈവത്തിന്റെ വാസം ഉണ്ടായിരിക്കും എന്നതാണ്. ദൈവം വസിക്കുന്ന ഇടമെല്ലാം സ്വര്‍ഗ്ഗം ആണ്. ഈ അര്‍ത്ഥത്തില്‍ പുതിയ ഭൂമി മനുഷ്യര്‍ക്ക് വസിക്കുവനായി ദൈവം നല്കുവാന് പോകുന്ന സ്വര്‍ഗ്ഗം ആണ്. അതുകൊണ്ടാണ് നമ്മള് സ്വര്‍ഗ്ഗത്തില്‍ നിത്യമായി ജീവിക്കും എന്ന് നമ്മള് വിശ്വസിക്കുന്നത്. അതിനാല്‍ ഫിലിപ്പിയര്‍ 3: 20 ല്‍ പൌലോസ് പറയുന്നു: “നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു”. ഇതാകുന്നു നമ്മളുടെ ഏക പ്രത്യാശ.
എവിടെ ദൈവീക ഭരണം നടക്കുന്നുവോ, എവിടെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റപ്പെടുന്നുവോ, എവിടെ ദൈവം വസിക്കുന്നുവോ, അത് സ്വര്‍ഗ്ഗം ആണ്. ആ അർത്ഥത്തിൽ, പുതിയ ഭൂമിയും, പുതിയ യെരൂശലേമും സ്വർഗ്ഗം ആണ്.
എല്ലാ അര്‍ത്ഥത്തിലും പുതിയ ഭൂമി പുതുക്കം ഉള്ളത് തന്നെ ആയിരിക്കും. അത് നമ്മള് മുമ്പ് ഒരിക്കലും താമസിച്ചിട്ടില്ലാത്ത ഭൂമി തന്നെ ആയിരിക്കും. രക്ഷിക്കപ്പെട്ടവര്‍, തേജസ്കരിക്കപ്പെട്ട ശരീരത്തില്‍ ദൈവത്തെ മുഖാമുഖം കാണുന്നതും, കൂടെ വസിക്കുന്നതും ഇവിടെ ആയിരിക്കും. ഇവിടെ പാപവും മരണവും ഇല്ലാത്തതിനാല്‍, കര്‍ത്താവിന്റെ വരവിങ്കില്‍ എടുക്കപ്പെടുന്നവരുടെയും രക്ഷപ്രാപിക്കുന്നവരുടെയും നിത്യമായ വാസസ്ഥലം ഇതായിരിക്കും. പുതിയ ആകാശവും പുതിയ ഭൂമിയും, നിത്യമായി നിലനില്‍ക്കുന്ന ഒന്നായിരിക്കും.
സമുദ്രവും ഇനി ഇല്ല
വെളിപ്പാട് 21 ല്‍ യോഹന്നാന് കാണുന്ന പുതിയ ഭൂമിയുടെ ഒരു പ്രത്യേകത, “സമുദ്രവും ഇനി ഇല്ല” എന്നതാണ്. ഇതു ഇപ്പോഴത്തെ ഭൂമിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അവസ്ഥ ആണ്.
വെളിപ്പാട് പുസ്തകത്തില്‍ പൊതുവെ, സമുദ്രത്തെ നാശത്തിന്റെയും ദുഷ്ടതയുടെയും പ്രതീകമായിട്ടാണ് യോഹന്നാന് ഉപയോഗിച്ചിരിക്കുന്നത്. വെളിപ്പാട് 13: 1 ല്‍ ഒരു “മൃഗം സമുദ്രത്തിൽനിന്നു കയറുന്നതു ഞാൻ കണ്ടു.” എന്നും 17: 1 ല്‍ “പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ കാണിച്ചുതരാം” എന്നും യോഹന്നാന് പറയുന്നു. ദൈവം നമ്മളുടെ ഭൂമിയെ രണ്ടു പ്രാവശ്യം വെള്ളത്താല്‍ നശിപ്പിച്ചു എന്ന് നമ്മള് പറഞ്ഞുകഴിഞ്ഞല്ലോ. പുതിയ ഭൂമിയില്‍ “സമുദ്രവും ഇനി ഇല്ല” എന്നത്, “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്ന” വിടുതലിനെ കാണിക്കുന്നു. (റോമര്‍ 8: 22). ദൈവം സൃഷ്ടിച്ച ആദ്യ ഭൂമി പാപത്തിന്റെ അനന്തര ഫലത്താല്‍ തകര്‍ന്നുപോയിരിക്കുന്നു എങ്കിലും ഇനി വരുവാനിരിക്കുന്ന പുതിയ ഭൂമി പാപമോ അതിന്റെ ശാപമോ ഇല്ലാത്ത തികഞ്ഞ ഭൂമി ആയിരിക്കും.
ഉൽപ്പത്തി 1 ആം അദ്ധ്യായം 1 ആം വാക്യം മുതൽ നമ്മൾ കാണുന്ന, വെള്ളാത്തലും ഇരുളിനാലും ശിക്ഷിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന പ്രക്രിയ, പുതിയ ഭൂമിയുടെ സൃഷ്ടിക്ക് ശേഷം ഉണ്ടാകുകയില്ല. ആ സംഭവചക്രം ഇവിടെ അവസാനിക്കുന്നു.
സകലവും പുതിയത്
മനുഷ്യരുടെ വീണ്ടെടുപ്പില്‍ “പുതിയത്” എന്ന ആശയത്തിന് വളരെ പ്രസക്തി ഉണ്ട്. വീണ്ടും ജനനം പ്രാപിച്ചാവർ ആണ് രക്ഷിക്കപ്പെട്ട ജനം. അത് പുതുക്കത്തിന്റെ അനുഭവമാണ്. പുതുക്കം എന്ന ആശയം അന്ത്യനാളുകളിലെ സംഭവങ്ങളിൽ കൂടുതല്‍ പ്രധാനപ്പെട്ടതാണ്.
വീണ്ടെടുപ്പിന്റെ ഉന്നതാവസ്ഥ വെളിപ്പാട് പുസ്തകം 21: 5 ല്‍ നമ്മള് കാണുന്നു:
വെളിപ്പാട് 21: 5 5 .. ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു...
പുതിയ ഭൂമി ഒരു പുതിയ ഏദന്‍ തോട്ടം ആണ്. ഇവിടെ, പഴയ ഏദൻ തോട്ടത്തിന് എന്ത് സംഭവിച്ചു എന്നു ഓർക്കുന്നത് നല്ലതായിരിക്കും. പാപത്തിൽ വീണുപോയ മനുഷ്യരെ, ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കി എങ്കിലും, ദൈവം തോട്ടത്തെ നശിപ്പിച്ചില്ല. അവൻ അതിനെ സുരക്ഷിതമായി സംരക്ഷിച്ചു.
ഉൽപ്പത്തി 3: 23, 24
23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.
24 ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.
ദൈവം, ദൂതന്മാരെ കാവൽ നിറുത്തി, ഏദൻ തോട്ടത്തെ, പിശാചിൽ നിന്നും പാപത്തിൽ വീണുപോയ മനുഷ്യരിൽ നിന്നും സംരക്ഷിച്ചു. ഇവർ രണ്ട് കൂട്ടരും ഇനി ഒരിക്കലും തോട്ടത്തിൽ പ്രവേശിക്കുക ഇല്ല. തോട്ടം ഒരു വിശുദ്ധ സ്ഥലമായി ദൈവം സംരക്ഷിക്കുന്നു.
എന്നാൽ, അതേ സമയം, പാപത്തിന് പരിഹാരമായി തീരുവനായി, ഒരു സന്തതിയെ നല്‍കാം എന്നു ദൈവം, ഹവ്വയക്ക് വാഗ്ദത്തം ചെയ്തതിലൂടെ ദൈവം മനുഷ്യർക്ക് രക്ഷ വാഗ്ദത്തം ചെയ്യുക ആയിരുന്നു. ഒരിക്കൽ, മനുഷ്യർ രക്ഷ പ്രാപിച്ചു കഴിഞ്ഞാൽ, അവർക്ക് തോട്ടത്തിലേക്ക് വീണ്ടും പ്രവേശിക്കാം. അവിടെ അവർക്ക് അവകാശം ലഭിക്കും. ക്രിസ്തുവിലൂടെ, അവകാശം പ്രാപിച്ച ദൈവജനം, തോട്ടത്തിൽ തിരികെ പ്രവേശിക്കുന്ന നാൾ വരെ, തോട്ടത്തെ പിശാചിൽ നിന്നും പാപത്തിൽ നിന്നും സംരക്ഷിക്കുവാനാണ്, ദൈവം ദൂതന്മാരെ കാവൽ നിറുത്തിയിരിക്കുന്നത്.
ഇത് തന്നെയാണോ, പുതിയ ഭൂമിയാകുന്നത് എന്നോ, പഴയ ഏദൻ തോട്ടമാണോ പുതിയ യെരൂശലേം എന്നോ നമുക്ക് പറയുവാൻ കഴിയുക ഇല്ല. അത് വ്യക്തമാക്കുന്ന വാക്യങ്ങൾ ഇല്ല. എന്നാൽ പഴയ ഏദൻ തോട്ടം നശിപ്പിക്കപ്പെട്ടിട്ടില്ല എന്നത് ഒരു മർമ്മമാണ്.
പുതിയ ഭൂമിൽ സ്ഥാപിക്കപ്പെടുന്ന, പുതിയ യെരൂശലേമിൽ, വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദി ഉണ്ട്. നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടു വിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു. യാതൊരു ശാപവും അവിടെ ഉണ്ടാകയില്ല; രാത്രി ഉണ്ടാകുക ഇല്ല; സൂര്യനും ചന്ദ്രനും ഇല്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിക്കും; ക്രിസ്തു അതിന്റെ വിളക്കു ആയിരിക്കും. ദൈവം അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും; അവിടെ മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഉണ്ടാകയില്ല. ദൈവം സകലവും പുതുതാക്കും.
ദൈവം ഇപ്പോഴുള്ള സൃഷ്ടിക്കപ്പെട്ട സകലതും മാറ്റി പുതിയത് സ്ഥാപിക്കും. ഈ പുതിയ ക്രമീകരണത്തില്‍ ദൈവജനം മാത്രമേ അവിടെ ഉണ്ടായിരിക്കുക ഉള്ളൂ. അവര്‍ ഉറ്റ സ്നേഹബന്ധത്തില്‍ സന്തോഷത്തോടെ നിത്യമായി വസിക്കും.
അവിടെ ആരെല്ലാം വസിക്കും?
വെളിപ്പാട് പുസ്തകം 21 ല്‍ നമ്മള് കാണുന്ന പൂര്‍ണ്ണതയുള്ള അവസ്ഥയില്‍, ഇപ്പോൾ ഈ ലോകത്തിൽ ഉള്ള സമയം എന്ന അവസ്ഥ ഉണ്ടായിരികുകയില്ല. അതായത് സമയം എന്നൊന്ന് അവിടെ ഉണ്ടായിരിക്കുക ഇല്ല. നിത്യത എന്നത് കോടാനുകോടി വര്‍ഷങ്ങള്‍ അല്ല, അത് സമയബന്ധിതമാല്ലാത്ത അവസ്ഥ ആണ്. നമ്മള് മനുഷ്യര്‍ക്ക് സമയമില്ലാത്ത ഒരു അവസ്ഥയെ കുറിച്ച് മനസ്സിലാക്കുവാന്‍ ഇപ്പോള്‍ പരിമിതികള്‍ ഉണ്ട്. കാരണം നമ്മള് ഇപ്പോള്‍ സമയവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും സമയം ഉണ്ടായിരിക്കുക ഇല്ല; നിത്യത സമയമില്ലാത്ത അവസ്ഥ ആണ്.
മനുഷ്യന് കൈവശമാക്കുവാന്‍ പോകുന്ന മനോഹരമായ ഭൂമിയെ ദൈവം യോഹന്നാന് കാണിച്ചുകൊടുത്തു.
പുതിയ ആകശവും പുതിയ ഭൂമിയും സൃഷ്ടിച്ചതിന്റെ ദൈവീക ഉദ്ദേശ്യം യേശു ക്രിസ്തു തന്നെ പറയുന്നുണ്ട്: “സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” (മത്തായി 5: 5). ദൈവത്തിന്റെ കൈപ്പണിയാല്‍ സൃഷ്ടിക്കപ്പെടുന്ന, ശുദ്ധവും മനോഹരവും ആയ പുതിയ ഭൂമിയെ കൈവശമാക്കുന്നതിനെ കുറിച്ചാണ് യേശു സംസാരിക്കുന്നത്. ഇവിടെ ദൈവം വീണ്ടും മനുഷ്യര്‍ക്കായി ഒരു ഭൂമിയെ സൃഷ്ടിക്കുക ആണ്.
പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടതിന് തൊട്ടുശേഷം യോഹന്നാന് കാണുന്നത് ഇതാണ്: “പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.” (വെളിപ്പാട് 21: 2)
അതായത്, പുതിയ ഭൂമിയില്‍ അതിമനോഹരവും ബൃഹത്തായതും ആയ ഒരു പുതിയ പട്ടണം സ്ഥാപിക്കപ്പെടുന്നു. ഇതിനെ പുതിയ യെരുശലേം എന്ന് വിളിക്കുന്നു.
നമ്മളുടെ കര്‍ത്താവ് വീണ്ടും വരുമ്പോള്‍ അവന് ഈ ഭൂമിയില്‍ തന്റെ രാജ്യം സ്ഥാപിക്കുകയും 1000 ആണ്ട് രാജാവായി വാഴുകയും ചെയ്യും. അന്ന് ക്രിസ്തുവിന്റെ രാജ്യത്തിന്റെ തലസ്ഥാനം ഇപ്പോഴത്തെ യെരുശലേം ആയിരിക്കും എന്ന് നമ്മള് വിശ്വസിക്കുന്നു. എന്നാല്‍ പുതിയ ഭൂമിയിലെ പുതിയ യെരുശലേം, ഭൂമിയുടെ മാത്രം അല്ല, പുതിയ പ്രപഞ്ചത്തിന്റെ തന്നെ കേന്ദ്രം ആയിരിക്കും. അതിലുപരി, പുതിയ യെരുശലേം പിതാവായ ദൈവത്തിന്റെ വാസസ്ഥലം കൂടി ആയിരിക്കും.
വെളിപ്പാട് 21: 3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
22 - മത്തെ വാക്യം പറയുന്നു: “മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.” അതായത്, പുതിയ ഭൂമി മനുഷ്യര്‍ക്ക് വസിക്കുവാന്‍ ഉള്ളതാണ്, മനുഷ്യര്‍ അവിടെ നിത്യമായി വസിക്കും. എന്നാല്‍, അതിന്റെ അര്‍ത്ഥം ഈ ഭൂമിയില്‍ ജീവിച്ചിരുന്ന എല്ലാ മനുഷ്യര്‍ക്കും അവിടെ പ്രവേശനം ഉണ്ട് എന്നല്ല. ആരെല്ലാം അവിടെ കാണില്ല എന്ന് വേദപുസ്തകം വ്യക്തമായി പറയുന്നുണ്ട്.
വെളിപ്പാട് 21: 8, 27
8 എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.
27 കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.
വരുവാനിരിക്കുന്ന പുതിയ ആകാശം പുതിയ ഭൂമി എന്നിവയെ പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ നമ്മളുടെ ബുദ്ധിക്കു കഴിയില്ല എന്നതാണ് സത്യം. ആരെല്ലാം പുതിയ ഭൂമില് വസിക്കും എന്ന ചോദ്യത്തിന് മറുപടിയായി ഒരു വേദവാക്യം കൂടി ഉദ്ധരിക്കുവാന്‍ ആഗ്രഹിക്കുന്നു.
വെളിപ്പാട് 21: 7 ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.
പാപത്തെയും, ജഡത്തെയും, ലോകത്തെയും ജയിക്കുന്നവർക്ക് പുതിയ ഭൂമി അവകാശമായി ലഭിക്കും.
1 യോഹന്നാൻ 2: 16 ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.
അവസാന വാക്ക്
പുതിയ ആകാശത്തെക്കുറിച്ചും പുതിയ ഭൂമിയെക്കുറിച്ചുമുള്ള നമുക്ക് ലഭ്യമായ അറിവില്‍ ഇപ്പോഴത്തെ ഭൂമിയും പുതിയ ഭൂമിയും തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കും എന്ന് അന്തിമമായി പറയുവാന്‍ നമുക്ക് കഴിയുക ഇല്ല. നമ്മളുടെ ഇപ്പോഴത്തെ ഭൂമി, പുതുക്കി എടുക്കുമോ അതോ ഇതിനെ പൂര്‍ണ്ണമായും ഇല്ലാതാക്കിയിട്ട് ഒന്നുമില്ലായ്മയില്‍ നിന്നും പുതിയത് സൃഷ്ടിക്കുമോ എന്ന് നമുക്ക് തീര്‍ച്ചയില്ല. രണ്ടു വിധ വാദങ്ങള്‍ക്കും സാധുതയുണ്ട്. ഇത് മനുഷ്യ ബുദ്ധിക്കു മനസ്സിലാക്കുവാന്‍ കഴിയാത്ത ഒരു മര്‍മ്മം ആണ്. എങ്കിലും, നമുക്ക് തീർച്ചയായി പറയുവാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ട്: പുതിയ ആകാശവും പുതിയ ഭൂമിയും പാപരഹിതവും ജീര്‍ണ്ണത ഇല്ലാത്തതും ആയിരിക്കും. പുതിയതിന് പഴതുമായി ചില കാര്യങ്ങളില്‍ തുടര്‍ച്ച ഉണ്ടായിരിക്കും. അത് മനുഷ്യന്റെ പുനരുദ്ധാരണം പ്രാപിക്കുന്ന ശരീരത്തോട് സമം ആയിരിക്കും.
ഇപ്പോഴത്തെ ആകാശവും ഭൂമിയും മാറിപ്പോകും എന്നും ദൈവം പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കും എന്നും അവിടെ ദൈവജനം നിത്യമായി ദൈവത്തോടൊപ്പം വസിക്കും എന്നും നമുക്ക് നിശ്ചയമായും പറയുവാന്‍ കഴിയും.
വിശ്വാസികളുടെ നിത്യമായ ഭവനം പുതിയ ഭൂമി ആയിരിക്കും. അവിടെ ദൈവം സകലതും പുതിയതാക്കി, അവൻ മനുഷ്യരോട് കൂടെ വസിക്കും.
വിശദമായ വിവരങ്ങൾ അറിയാൻ ഇവിടെ സാധിച്ചു.
ReplyDelete