കര്‍ത്താവിന്‍റെ അത്താഴം, പെസഹ, കുഞ്ഞാടിന്‍റെ കല്യാണം

ഈ സന്ദേശം, ആദമിന്‍റെ ഉടമ്പടി, പെസഹ, കര്‍ത്താവിന്‍റെ അത്താഴം, അന്ത്യകാലത്ത് സംഭവിക്കാനിരിക്കുന്ന കുഞ്ഞാടിന്‍റെ കല്യാണം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ്.

ആദാമിന്‍റെ ഉടമ്പടി, മാനവരാശിക്കുവേണ്ടിയുള്ള ദൈവീക രക്ഷാപദ്ധതിയും ദൈവരാജ്യത്തിന്റെ പുനസ്ഥാപനവും വിളംബരം ചെയ്യുന്ന ആദ്യ സുവിശേഷം ആണ്.
പെസഹ, യിസ്രായേല്‍ ജനത്തിന്‍റെ അടിമത്തത്തില്‍ നിന്നുള്ള വിടുതലും മിസ്രയീമില്‍ നിന്നുള്ള പുറപ്പാടും സൂചിപ്പിക്കുന്നു.
ശിഷ്യന്മാരുമൊത്ത് പെസഹ ആചരിച്ചപ്പോള്‍ യേശു ക്രിസ്തു, അതിന്‍റെ പൊരുള്‍ വെളിപ്പെടുത്തുകയും, പെസഹയില്‍ മറഞ്ഞിരിക്കുന്ന മനുഷ്യരുടെ രക്ഷയ്ക്കായുള്ള ദൈവീക പദ്ധതിയും ദൈവരാജ്യത്തില്‍ കുഞ്ഞാടിന്‍റെ കല്യാണസദ്യയോടെ അത് പരിപൂര്‍ണ്ണമായി നിവര്‍ത്തിക്കപ്പെടുന്നതിനെക്കുറിച്ചും, അറിയിക്കുകയും ചെയ്തു.

യേശു ശിഷ്യന്മാരുമൊത്ത് കഴിച്ച അന്ത്യ അത്താഴം, മാനവ ചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് അത്താഴങ്ങളായ, പെസഹയുടെയും കുഞ്ഞാടിന്‍റെ കല്യാണസദ്യയുടെയും ഇടയില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
പെസഹ, ഭൌതീകമായ ഒരു രാജ്യത്തിന്‍റെ രക്ഷയ്ക്കായി ഉള്ളതായിരുന്നു എങ്കില്‍ കര്‍ത്താവിന്‍റെ അത്താഴം ആത്മീയമായ ഒരു രാജ്യത്തിന്‍റെ രക്ഷയ്ക്കായി ഉള്ളതാണ്.
പാപത്തില്‍ നിന്നും പിശാചില്‍ നിന്നുമുള്ള മാനവരാശിയുടെ രക്ഷാപദ്ധതിയുടെ ഭാഗങ്ങള്‍ ആണ് പെസഹ, കര്‍ത്താവിന്‍റെ അത്താഴം, കുഞ്ഞാടിന്‍റെ കല്യാണസദ്യ എന്നിവ.

നമ്മളുടെ ദൈവം സ്വയം വെളിപ്പെടുത്തുന്ന ദൈവം ആണ്, അവന്‍റെ വെളിപ്പെടുത്തലുകള്‍ എല്ലാം പടിപടിയായുള്ളതാണ്, അഥവാ Progressive Revelations ആണ്.
ആദിയില്‍ തന്നെ അവസാനവും അറിയാവുന്ന ദൈവം യാതൊന്നും യാദൃശ്ചികമായി ചെയ്യുന്നില്ല.
ഈ പ്രപഞ്ചത്തിലെ എല്ലാ സംഭവങ്ങളും മനുഷ്യരാശിയുടെ വീണ്ടെടുപ്പിനും ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിനും ഉള്ള ദൈവീക പദ്ധതി വെളിപ്പെടുത്തുന്നു.

പൊതുവേ, വേദപണ്ഡിതന്മാര്‍ പഴയനിയമത്തെ വരുവാനുള്ളതിന്റെ നിഴലായി കാണുന്നുണ്ട്.
ഭാവിയില്‍ വെളിപ്പെടുവാനുള്ളതിനെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികളേയും സംഭവങ്ങളെയും ആണ് നിഴല്‍ എന്ന് വിളിക്കുന്നത്‌.
നിഴല്‍ എന്ന് വിളിക്കുന്ന എല്ലാ സംഭവങ്ങളുടെയും വ്യക്തികളുടെയും, കൂടുതല്‍ വ്യക്തമായ അര്‍ത്ഥം ഭാവിയില്‍ വെളിപ്പെട്ടുവരേണം.

ആദമിന്‍റെ ഉടമ്പടി

ആദമിനേയും ഹവ്വയേയും, പാപത്തിനുശേഷം ദൈവം ഏദന്‍ തോട്ടത്തില്‍ സന്ദര്‍ശിച്ചു എന്നത് യാദൃശ്ചിക സംഭവം അല്ല.
മാനവരാശിയുടെ പാപപരിഹാരത്തിനായി ക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യരെ അന്വേഷിച്ച് വരും എന്നതിന്‍റെ നിഴല്‍ ആണത്.
ഏദനില്‍ കൊല്ലപ്പെട്ട മൃഗം ക്രിസ്തുവിന്‍റെ പാപപരിഹാര യാഗത്തേയും കാണിക്കുന്നു.

മനുഷ്യരുടെ ചരിത്രം ഏദന്‍ തോട്ടത്തില്‍ ആരംഭിക്കുന്നു; അതിനാല്‍ തന്നെ നിഴല്‍ ആയ എല്ലാ സംഭവങ്ങളും അവിടെമുതല്‍ ആരംഭിക്കുന്നു.
സ്ത്രീയുടെ സന്തതിയുടെ മരണവും അവിടെ പ്രഖ്യാപിക്കപ്പെടുന്നു.
ഒരു മൃഗത്തിനെ മരണവും, അതിലൂടെയുള്ള പാപപരിഹാരവും അതിന്റെ രക്തത്തില്‍ മുങ്ങിയ തോല്‍കൊണ്ടുള്ള ഉടുപ്പ് കൊണ്ട് പാപത്തിന്റെ നാണം മറയ്ക്കുന്നതും ഏദനില്‍ നിഴലായി സംഭവിക്കുന്നു.
ഇതിനെ ഉടമ്പടിയുടെ ദൈവശാസ്ത്രഞ്ജന്‍മാര്‍ “ആദമിന്‍റെ ഉടമ്പടി” എന്ന് വിളിക്കുന്നു.

ആദമിന്‍റെ ഉടമ്പടിയെ “ആദ്യ സുവിശേഷം” അഥവാ “Proto-Gospel” എന്നാണു വിളിക്കാറുള്ളത്.
ഉല്‍പ്പത്തി 3:15 ല്‍ ദൈവം, മനുഷ്യനും പിശാചിനും ഇടയില്‍ നിത്യ ശത്രുത പ്രഖ്യാപിച്ചു; പിശാചിന്‍റെ തലയെ തകര്‍ക്കുന്ന ഒരു സന്തതിയെ സ്ത്രീക്ക് വാഗ്ദത്തം ചെയ്തു; എന്നാല്‍ പിശാച്ച് ഈ സന്തതിയെ മുറിവേല്‍പ്പിക്കും എന്നും പ്രഖ്യാപിച്ചു.
ദൈവത്തിന്‍റെ വീണ്ടെടുപ്പ് പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ഒരു മൃഗം കൊല്ലപ്പെട്ടു; രക്തം ഭൂമിയില്‍ ഒഴിക്കപ്പെട്ടു; അങ്ങനെ ഉടമ്പടി നിത്യമായി ഉറപ്പിക്കപ്പെട്ടു.
ഇതു മാനവ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ആണ്.

യഥാര്‍ത്ഥത്തില്‍, ദൈവം ഏദന്‍ തോട്ടത്തെ, മനുഷ്യരുടെ അധികാരത്തില്‍ എല്‍പ്പിച്ചതുമുതല്‍ ആദമിന്‍റെ ഉടമ്പടി ആരംഭിച്ചു.
അതില്‍ ചില ഉത്തരവാദിത്തങ്ങളും നിയമലംഘനത്തിനുള്ള ശിക്ഷയും ഉണ്ടായിരുന്നു.
ദൈവം മനുഷ്യര്‍ക്ക് തോട്ടം കാക്കുവാനായും വേലചെയ്യുവാനായും ഉള്ള ഉത്തരവാദിത്തങ്ങള്‍ നല്‍കി.
എന്നാല്‍ തോട്ടത്തില്‍ തന്നെയുള്ള നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍റെ ഫലം കഴിക്കരുത് എന്നും, കഴിച്ചാല്‍ മരിക്കും എന്നും ഉള്ള ശിക്ഷയും കല്‍പ്പിച്ചു.
ഇതിനെ ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടിയായി വേദപണ്ഡിതന്മാര്‍ കാണുന്നു.
ഈ ഉടമ്പടി, ഉയര്‍ന്ന അധികാരമുള്ള ഒരു വ്യക്തി, തന്നെക്കാള്‍ താഴ്ന്ന വ്യക്തിയുമായി ചെയ്യുന്ന ഉടമ്പടി ആണ്; ഇവിടെ ഉത്തരവാദിത്തങ്ങളും അനുഗ്രഹങ്ങളും ശാപങ്ങളും ഉണ്ട്.

വേദപുസ്തകത്തിലെ ഉടമ്പടികള്‍

വേദപുസ്തകത്തിലെ ഉടമ്പടികള്‍ക്ക് പൊതുവായ രീതികളും പ്രത്യേകതകളും ഉണ്ട്.
ഉടമ്പടി എപ്പോഴും ഉയര്‍ന്ന അധികാരമുള്ള വ്യക്തി ആയിരിക്കും ആദ്യം നിര്‍ദ്ദേശിക്കുക.
ഈ ഉയര്‍ന്ന വ്യക്തിയെ, മധ്യപൂര്‍വ്വ ദേശത്ത്‌ സുസെരയിന്‍ എന്നാണ് വിളിക്കുക.
ഉടമ്പടിയില്‍ ഉള്‍പ്പെട്ട ഇരുകൂട്ടര്‍ക്കുമോ അതില്‍ ഒരു പക്ഷത്തിനു മാത്രമോ ബാധകം ആയ ഉത്തരവാദിത്തങ്ങളും കടമകളും ഉണ്ടായിരിക്കും.
അനുസരണത്തിന് അനുഗ്രഹവും അനുസരണക്കേടിനു ശാപവും ഉടമ്പടിയുടെ പ്രധാന ഭാഗം ആണ്.
ഇരുകൂട്ടരും ഉടമ്പടിയെ സ്വീകരിക്കേണം.
ഒരു മൃഗത്തെ കൊന്ന്, അതിന്‍റെ രക്തം ഭൂമില്‍ ഒഴിച്ച് ഉടമ്പടിയെ ഉറപ്പിക്കും.
പിളര്‍ക്കപ്പെട്ട മൃഗങ്ങളുടെ ശരീരത്തിന്‍റെ മദ്ധ്യേ, അതിന്‍റെ രക്തത്തില്‍ ചവുട്ടി, ഇരുകൂട്ടരും നടന്നുകൊണ്ട് ഉടമ്പടി സ്വീകരിക്കുന്നതായി പ്രഖ്യാപിക്കും.
ഉത്തരവാദിത്തങ്ങളോ, കടമകളോ ഇല്ലാത്ത കക്ഷി ഇങ്ങനെ നടക്കേണ്ടതില്ല.
അതിനുശേഷം കൊല്ലപ്പെട്ട മൃഗത്തിന്‍റെ മാംസം ഉപയോഗിച്ച്, ഉടമ്പടിയുടെ അത്താഴം ക്രമീകരിക്കപ്പെടും.
ഉടമ്പടിയുടെ അത്താഴം ഉടമ്പടിയെ ഉറപ്പിക്കുന്നു.
അവര്‍ ചിലപ്പോഴെല്ലാം ഉടമ്പടിയുടെ ഓര്‍മ്മയ്കായി ഒരു സ്മാരകം ഉയര്‍ത്താറുണ്ട്.

ഉടമ്പടിയെ കൂടുതല്‍ അടുത്ത് അറിയുവാനായി നമുക്ക്, പുറപ്പാട് പുസ്തകം 24-)0 അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന മോശെയുടെ ഉടമ്പടിയെ നോക്കാം.
ദൈവം ഉയര്‍ന്ന അധികാരമുള്ളവനായി ഉടമ്പടി നിര്‍ദ്ദേശിക്കുക ആണ്.
പത്ത് കല്‍പ്പനകളും പ്രമാണങ്ങളും ദൈവം കല്‍പ്പലകകളില്‍ എഴുതി.
മോശെ താഴ്വരയില്‍ ഇറങ്ങിവന്ന്, “യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു.”
ജനങ്ങള്‍ക്ക്‌ സ്വീകരിക്കുവാനും നിരസിക്കുവാനും ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരിന്നു.
എന്നാല്‍, “യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു.”
മോശെ പർവ്വതത്തിന്‍റെ അടിവാരത്തു ഒരു യാഗപീഠം പണിതു, ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചു.
മോശെ യാഗ മൃഗത്തിന്‍റെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.
അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു.
യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു.
അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്‍റെ രക്തം ഇതാ എന്നു പറഞ്ഞു.
അതിനുശേഷം മോശെയും യിസ്രായേല്‍ മൂപ്പന്മാരില്‍ 75 പേരും പര്‍വ്വതത്തില്‍ യഹോവയുടെ സന്നിധിയിലേക്ക് കയറി ചെന്നു.
അവർ ദൈവത്തിന്‍റെ സന്നിധിയില്‍ വച്ച് യാഗമൃഗത്തിന്‍റെ മാംസം ഭക്ഷണമായി കഴിച്ചു, പാനീയങ്ങൾ കുടിച്ചു.

ഇവയെല്ലാമാണ് സാധാരണയായി ഒരു ഉടമ്പടിയുടെ രീതികള്‍; എങ്കിലും എല്ലാ ഉടമ്പടികളും ഈ രീതികള്‍ എല്ലാം പിന്തുടരണമെന്നില്ല.
രക്തചൊരിച്ചില്‍ ഇല്ലാത്ത ഉടമ്പടികളും വേദപുസ്തകത്തില്‍ ഉണ്ട്.
എന്നാല്‍, കൂടുതല്‍ മനസ്സിലാക്കുമ്പോള്‍ അവയും രക്തം ചെരിഞ്ഞുള്ള ഉടമ്പടിയുടെ പടിപടിയായ വെളിപ്പെടുത്തലുകള്‍ ആണ് എന്ന് മനസ്സിലാക്കാം.
ഒരു മൃഗത്തെ കൊന്ന് രക്തം ചൊരിയുക, അതിന്‍റെ മാംസം അത്താഴമായി അല്ലെങ്കില്‍ സദ്യയായി കഴിക്കുക എന്നത് ഉടമ്പടി ഉറപ്പിക്കുവാന്‍ അത്യാവശ്യം ആണ്.

ദീര്‍ഘകാല ഉടമ്പടികള്‍ ഇടയ്ക്കിടെ പുതുക്കുന്നതും പതിവായിരുന്നു.
ഉടമ്പടി പുതുക്കുവാന്‍ ഉടമ്പടിയുടെ രീതികള്‍ തന്നെ വീണ്ടും ആചരിക്കേണമായിരുന്നു.
രണ്ടുകഷികളും സന്നിഹിതര്‍ ആയിരിക്കേണം, ഇരുവരും ഉടമ്പടിയെ അംഗീകരിക്കുകയും വേണം.

ആദമിനോട് ഉടമ്പടിയെ വീണ്ടും അംഗീകരിക്കുന്ന യാഗം ക്രമീകരിക്കേണം എന്ന് ദൈവം കല്‍പ്പിച്ചോ എന്ന് വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
എങ്കിലും ആദമിന്‍റെ പുത്രന്മാരുടെ യാഗം ഉടമ്പടിയുടെ ആവര്‍ത്തനം ആയിരുന്നു എന്ന് ന്യായമായും അനുമാനിക്കാം.
അങ്ങനെ അവര്‍ക്കും ഉടമ്പടിയുടെ ഭാഗം ആകുവാന്‍ കഴിയുമായിരുന്നു.
ഹാബേലിന്‍റെ യാഗത്തില്‍ ദൈവം പ്രസാദിക്കുകയും കായീന്‍റെ യാഗത്തെ തിരസ്കരിക്കുകയും ചെയ്തത് എന്തുകൊണ്ട് ആണ് എന്നതിന്‍റെ ഉത്തരം ഇതാണ്.
ദൈവം ആദാമിന് രക്തം ചൊരിഞ്ഞുള്ള യാഗമാണ്‌ നല്‍കിയത്; ആദമിന്‍റെ പിന്‍ഗാമികളും അത് അങ്ങനെ തന്നെ പിന്തുടരേണമായിരുന്നു.
പക്ഷെ, കയീന്‍ പരാജയപ്പെട്ടു; കാരണം അവന്‍ പിന്തുടര്‍ന്ന രീതി തെറ്റായിരുന്നു.

ഉടമ്പടികള്‍ രണ്ടുതരം ഉണ്ട്; ഉപധിരഹിത ഏകപക്ഷ ഉടമ്പടികളും ഉപാധികള്‍ ഉള്ള ദ്വിപക്ഷ ഉടമ്പടികളും.
ഉടമ്പടിയിലെ ഇരുകൂട്ടര്‍ക്കും പാലിക്കുവാനുള്ള ഉത്തരവാദിത്തങ്ങളും കടമയും ഉള്ളപ്പോള്‍ അത് ഉപാധിയോടെയുള്ള ദ്വിപക്ഷ ഉടമ്പടി ആകും.
ഏതിങ്കിലും ഒരു കൂട്ടര്‍ക്ക് ഉടമ്പടിയില്‍ കടമകളും ഉത്തരവാദിത്തങ്ങളും ഇല്ലാ എങ്കില്‍ അത് ഉപാധിരഹിത ഏകപക്ഷ ഉടമ്പടി ആകും.
നോഹയുടെ ഉടമ്പടി ഉപധിരഹിത ഏകപക്ഷ ഉടമ്പടി ആണ്.
നോഹയും തലമുറകളും ദൈവത്തോട് വിശ്വസ്തര്‍ ആയി തുടര്‍ന്നാലും ഇല്ലെങ്കിലും ഉടമ്പടി പ്രകാരം, ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.

ദൈവവുമായുള്ള ഉടമ്പടി ബന്ധത്തിന് വിശ്വാസം അത്യാവശ്യം ആണ്.
രണ്ട് മനുഷ്യര്‍ തമ്മില്‍ ഉടമ്പടിയില്‍ ആയിരിക്കുമ്പോള്‍, അവരവരുടെ കടമകള്‍ പൂര്‍ത്തീകരിക്കുവാന്‍ ഇരുകൂട്ടര്‍ക്കും ആവശ്യപ്പെടാവുന്നതാണ്.
എന്നാല്‍ ദൈവമോ, നമ്മളെക്കാള്‍ ഉന്നത അധികാരമുള്ള വ്യക്തിയോ ഉടമ്പടിയിലെ കക്ഷിയായി ഇരിക്കുമ്പോള്‍ യാതൊന്നും അങ്ങോട്ട്‌ ആവശ്യപ്പെടുവാന്‍ മനുഷ്യര്‍ക്ക്‌ കഴിയുക ഇല്ല.
ഇവിടെ വിശ്വാസത്തിന് വലിയ സ്ഥാനം ഉണ്ട്.
കൃപയാല്‍, നമ്മളുടെ ദൈവം ഉടമ്പടിയിലെ എല്ലാ വ്യവസ്ഥകളും നിവര്‍ത്തിക്കുവാന്‍ വിശ്വസ്തനും ശക്തനും ആണ്.
ദൈവത്തിന്‍റെ വിശ്വസ്തതയില്‍ വിശ്വസിക്കുവാന്‍ മതിയായ വിശ്വാസം നമുക്ക് ആവശ്യമുണ്ട്.

അതിന്‍റെ അര്‍ത്ഥം, ദൈവവുമായുള്ള നമ്മളുടെ ഉടമ്പടി ബന്ധം തികച്ചും വിശ്വാസത്തില്‍ അധിഷ്ടിതം ആണ്.
മനുഷ്യരുടെ പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തം ആകുവാനുള്ള, വാഗ്ദത്തം ചെയ്യപ്പെട്ട, സ്ത്രീയുടെ സന്തതിയുടെ നിഴല്‍ ആണ്, ഏദന്‍ തോട്ടത്തില്‍ കൊല്ലപ്പെട്ട മൃഗം എന്ന് ആദം വിശ്വസിക്കേണം.
മൃഗത്തിന്റെ രക്തം പാപപരിഹാരത്തിനായി ചൊരിയപ്പെട്ടു.
ഈ വിശ്വാസത്താല്‍ മാത്രമേ ആദമിനും ഹവ്വയ്ക്കും ഉടമ്പടിയില്‍ ഭാഗമാകുവാന്‍ കഴിയൂ.
വിശ്വാസം കൂടാതെ ആര്‍ക്കും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുക ഇല്ല.

ആദമിന്‍റെ ഉടമ്പടിയുടെ നിവര്‍ത്തി ആണ് വേദപുസ്തകത്തിന്റെ വിഷയം.
സ്ത്രീയ്ക്ക് സന്തതി ജനിക്കേണം; സ്ത്രീയും സന്തതിയും സാത്താനും തമ്മില്‍ നിത്യ ശത്രുത ഉണ്ടാകേണം; സ്ത്രീയുടെ സന്തതിയുടെ കുതികാൽ സാത്താന്‍ തകര്‍ക്കും;  സ്ത്രീയുടെ സന്തതി പിശാചിനെ എന്നന്നേക്കുമായി തകര്‍ക്കും.
ഈ സംഭവത്തെ ഉറപ്പിക്കുവാന്‍ ഉടമ്പടിയുടെ അത്താഴം ക്രമീകരിക്കപ്പെടും, മിക്ക അവസരങ്ങളിലും ഓര്‍മ്മക്കായി ഒരു സ്തൂപവും നാട്ടും.
ദൈവത്തിന്‍റെയും മനുഷ്യന്‍റെയും സാന്നിധ്യം ഉടമ്പടി ഉറപ്പിക്കുവാന്‍ ആവശ്യമാണ്‌.
ഇതിന്‍റെ നിവര്‍ത്തി ആണ് നമ്മള്‍ കര്‍ത്താവിന്റെ അത്താഴത്തില്‍ കാണുന്നത്.

അബ്രഹാമിന്‍റെ ഉടമ്പടി

സ്വന്ത ദേശത്തേയും ചാര്‍ച്ചക്കാരെയും വിട്ട്, വാഗ്ദത്ത ദേശത്തേക്ക് യാത്ര ആകുവാന്‍ ദൈവം അബ്രഹാമിനെ വിളിക്കുന്നതോടെ ആദമിന്‍റെ ഉടമ്പടി നിവര്‍ത്തിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു.
ദൈവത്തിന്‍റെ സ്വന്ത രാജ്യത്തിലെ ആദ്യത്തെ അംഗം ആണ് അബ്രഹാം.
അതുവരെയും കണ്ടിട്ടില്ലാത്ത ദേശത്തേക്കുള്ള അബ്രഹാമിന്‍റെ യാത്ര, നിത്യ വിശ്രമത്തിന്‍റെ ദേശത്തെക്കുള്ള പുതിയനിയമ വിശ്വാസികളുടെ യാത്രയുടെ നിഴല്‍ ആണ്.
അബ്രഹാമിന്‍റെ ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്നതെല്ലാം യാഥാര്‍ത്ഥ്യവും ഒപ്പം നിഴലും ആണ്.
ദൈവത്തിന്‍റെ ഓരോ കല്‍പ്പനകളോടുമുള്ള അബ്രഹാമിന്‍റെ പ്രതികരണം, ദൈവീക വീണ്ടെടുപ്പിന്റെയും ദൈവരാജ്യ പുനസ്ഥാപനത്തിന്റെയും മര്‍മ്മം അദ്ദേഹത്തിനു അറിയാമായിരുന്നു എന്ന് വെളിവാക്കുന്നതാണ്.

യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്തില്‍ വിശ്വസിക്കുന്ന ഏവരുടെയും നിഴലാണ് താന്‍ എന്ന് അദ്ദേഹം മനസ്സിലാക്കി.
കാരണം, ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ കരയിലെ മണല്‍ തരികള്‍ പോലെയും എണ്ണത്തില്‍ പെരുപ്പമുള്ള ഒരു തലമുറ അദ്ദേഹത്തില്‍ ഉണ്ടായിരുന്നു.

വീണ്ടെടുപ്പിന്‍റെ ഉടമ്പടിയുടെ പുതുക്കലായി മോരിയാ മലമുകളില്‍ നടന്ന യാഗത്തിന്റെ പ്രാധാന്യം ഇതാണ്.
മോരിയാ മലമുകളിലേക്ക് യാഗം കഴിക്കുവാനായി പോകുന്ന വഴിക്ക്, അബ്രഹാം തന്‍റെ മകനോട് ഇങ്ങനെ പറഞ്ഞു: “ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും
അബ്രഹാമിന്‍റെ വാക്കുകള്‍ വ്യക്തവും സുദൃഡവും ആയിരുന്നു; അത് ആദമിന്‍റെ ഉടമ്പടിയിലുള്ള അചഞ്ചലമായ വിശ്വാസം ആയിരുന്നു.
യാഗത്തിനുള്ള ആട്ടിന്‍കുട്ടി അബ്രഹാമിന്‍റെ സന്തതി അല്ല; സ്ത്രീയുടെ സന്തതി ആണ്.
ഏദന്‍ തോട്ടത്തില്‍ ഉടമ്പടി ഉറപ്പിക്കപ്പെട്ടതുപോലെ തന്നെ, അത് വീണ്ടും ഉറപ്പിക്കപ്പെടും.
ഹോമയാഗത്തിനുള്ള ആട്ടിന്‍കുട്ടിയെ ദൈവം കരുതിക്കൊള്ളും.

പെസഹ അത്താഴം

യിസ്രായേല്‍ ജനത്തിന്‍റെ മിസ്രയീമിലുള്ളജീവിതം, 400 വര്‍ഷങ്ങളുടെ അടിമത്തം, പെസഹ അത്താഴം, വീണ്ടുപ്പ്, മരുഭൂമിയിലൂടെയുള്ള യാത്ര, മോശെയുടെ ഉടമ്പടി, ഒരു രാജ്യത്തിന്‍റെ രൂപീകരണവും പ്രഖ്യാപനവും, വാഗ്ദത്ത ദേശം കൈവശപ്പെടുത്തല്‍, എന്നിവയെല്ലാം യാഥാര്‍ത്ഥ്യവും നിഴലുകളും ആയിരുന്നു.
ലേവ്യരുടെ പൌരോഹിത്യവും, വിവിധ യാഗങ്ങളും, മതപരമായ പ്രമാണങ്ങളും എല്ലാം മഹാപുരോഹിതനായ യേശുക്രിസ്തുവില്‍ നിവര്‍ത്തിക്കപ്പെട്ടു.
യേശു, സ്ത്രീയുടെ സന്തതി ആണ്, ഏദന്‍ തോട്ടത്തില്‍ കൊല്ലപ്പെട്ട മൃഗം ആണ്, ക്രൂശ് വീണ്ടെടുപ്പിന്‍റെ അടയാളം ആണ്.

ഇവിടെ പെസഹയെക്കുറിച്ചു ഒരു ചോദ്യം ചോദിക്കട്ടെ.
പെസഹ ഒരു പുതിയ ആചാരം ആയിരുന്നുവോ അതോ ആദമിന്‍റെ ഉടമ്പടി വീണ്ടും ഉറപ്പിക്കുക ആയിരുന്നുവോ?
സത്യത്തില്‍, എല്ലാ ഉടമ്പടികളും ആദമിന്‍റെ ഉടമ്പടിയെ വീണ്ടും ഉറപ്പിക്കുന്നതാണ്.
ഓരോ പ്രാവശ്യവും ഉടമ്പടി വീണ്ടും ഉറപ്പിക്കുമ്പോള്‍, ഉടമ്പടിയോടൊപ്പം ദൈവരാജ്യത്തിന്‍റെ പുനസ്ഥാപനത്തെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പാടുകള്‍ ചേര്‍ക്കപ്പെടുന്നുണ്ട്.

മിസ്രയീമിലെ ദേവന്മാരെ ഒന്‍പത് ബാധകളിലൂടെ തോല്‍പ്പിച്ചതിനു ശേഷം, യിസ്രായേല്‍ ജനത്തിന്‍റെ പുറപ്പാടു ദൈവം കല്‍പ്പിച്ചു.
സ്ത്രീയുടെ സന്തതി, സാത്താനെ തകര്‍ത്തുകൊണ്ട് മാനവരാശിയെ വീണ്ടെടുക്കും എന്ന ഉടമ്പടി വീണ്ടും ഉറപ്പിച്ചുകൊണ്ട്‌ വേണം, പുറപ്പാട് ആരംഭിക്കുവാന്‍.
എന്നാല്‍ അബ്രഹാമിനെ വിളിക്കുന്നതിലൂടെ, ദൈവീക സര്‍വ്വാധികാരത്താലുള്ള തിരഞ്ഞെടുപ്പിലൂടെ, യഹോവയായ ദൈവത്തിന്‍റെ സ്വന്തജനത്തെ ദൈവം പ്രഖ്യാപിക്കുക ആയിരുന്നു.
അതായത്, നിയമപരമായി ആര്‍ക്കും നിഷേധിക്കാതെ തന്നെ, രക്ഷ ദൈവത്തിന്‍റെ സ്വന്ത ജനത്തിലേക്ക് പരിമിതപ്പെടുത്തുക ആയിരുന്നു.

എങ്ങനെ ആണ് ദൈവം അത് ചെയ്തത്?
നിയമപരമായി രക്ഷ എല്ലാ മനുഷ്യര്‍ക്കും, യിസ്രായേല്യര്‍ക്കും മിസ്രയീമ്യര്‍ക്കും, ലഭ്യമാണ്.
എന്നാല്‍ രക്ഷിക്കപ്പെടുവാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യിസ്രായേല്‍ ജനത്തിന് മാത്രമേ ലഭിച്ചുള്ളൂ.

ആദ്യത്തെ പെസഹയെക്കുറിച്ച് നമ്മള്‍ പുറപ്പാട് 12 ല്‍ ആണ് വായിക്കുന്നത്.
ദൈവം ആബീബ് മാസത്തെ എബ്രായ വര്‍ഷത്തിന്‍റെ ആരംഭ മാസമായി തിരഞ്ഞെടുത്തു.
ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം.
ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം.
പതിന്നാലാം തീയതി സന്ധ്യാസമയത്തു അതിനെ അറുക്കേണം.
അതിന്റെ രക്തം കുറെ എടുത്തു അവര്‍ താമസിക്കുന്ന വീടുകളുടെ വാതിലിന്‍റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.
അന്നു രാത്രി അവർ തീയിൽ ചുട്ടതായ മാംസവും പുളിപ്പില്ലാത്ത അപ്പവും, അര കെട്ടിയും, കാലില്‍ ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു, തിടുക്കത്തോടെ തിന്നേണം.
ഇതു യഹോവയുടെ പെസഹ ആകുന്നു.
അതിനു ശേഷം എല്ലാ വര്‍ഷവും, ആ ദിവസം അവര്‍ക്ക് ഓർമ്മനാളായിരിക്കേണം എന്നും അതു യഹോവെക്കു ഉത്സവമായി ആചരിക്കേണം എന്നും ദൈവം കല്‍പ്പിച്ചു.

പെസഹ ഒരു പുതിയ ഉടമ്പടി ആയിരുന്നില്ല; അത്, ആദമിന്‍റെയും അബ്രഹാമിന്‍റെയും ഉടമ്പടികളെ വീണ്ടും ഉറപ്പിക്കുന്ന അത്താഴം ആയിരുന്നു.
ഉല്‍പ്പത്തി 15 ല്‍ ആണ് ദൈവം അബ്രഹാമിന്റെ സന്തതികള്‍ക്ക് 400 വര്‍ഷങ്ങളുടെ പ്രവാസ ജീവിതം പ്രവചിക്കുന്നത്.
അവിടെത്തന്നെ യിസ്രായേല്‍ ജനത്തെ അടിമത്തത്തില്‍ നിന്നും വിടുവിക്കുവാനുള്ള ഒരു ഉടമ്പടി ഉറപ്പിക്കപ്പെട്ടു.
എന്നാല്‍ വീണ്ടെടുപ്പ് പദ്ധതിയുടെ വിശദാംശങ്ങള്‍ അബ്രഹാമിനെ അറിയിച്ചില്ല; കാരണം വീണ്ടെപ്പിന്‍റെ മര്‍മ്മം ആദമിന്‍റെ ഉടമ്പടിയില്‍ ഉണ്ടായിരുന്നു; ഒരു മൃഗം കൊല്ലപ്പെടെണം, രക്തം ചോരിയേണം.

ആദ്യ പെസഹ ദിവസം മിസ്രയീമില്‍ നടന്നത്, ആദമിന്‍റെ ഉടമ്പടിയെ വീണ്ടും ഉറപ്പിക്കുകയും, അതിലൂടെ അബ്രഹാമിന്‍റെ സന്തതികളെ ഉടമ്പടിയുടെ ഭാഗം ആക്കുകയും ആണ്.
ഇവിടെയും ഒരു മൃഗം കൊല്ലപ്പെട്ടു, യിസ്രായേല്‍ ജനം അതിന്‍റെ മറവില്‍ രക്ഷപ്രാപിച്ചു, കൊല്ലപ്പെട്ട മൃഗത്തിന്‍റെ മാസം തീയില്‍ ചുട്ടു തിന്നതിലൂടെ ഉടമ്പടിയുടെ അത്താഴം കഴിച്ചു, അവര്‍ അടിമത്തത്തില്‍ നിന്നും രക്ഷ പ്രാപിച്ച് വിശ്രമത്തിന്റെ വാഗ്ദത്ത ദേശത്തേക്ക് യാത്രയായി.

പെസഹ അത്താഴം എല്ലാ വര്‍ഷവും വീണ്ടും ആചരിക്കേണം എന്ന് ദൈവം അവരോടു കല്‍പ്പിച്ചു.
ഫറവോന്റെ അടിമത്തത്തില്‍ നിന്നും വിടുതല്‍ പ്രാപിച്ച, ആദ്യ പെസഹയെ ഓര്‍ക്കുവാന്‍ അത് മുഖാന്തരം ആകും.
അത്, ആദമിന്‍റെ ഉടമ്പടി വീണ്ടും ഉറപ്പിക്കുവാനും അതില്‍ യിസ്രായേലിന്‍റെ തലമുറകള്‍ പങ്കാളികള്‍ ആകുവാനും മുഖാന്തരം ആകും.

പുറപ്പാട് അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു യാത്ര മാത്രം ആയിരുന്നില്ല; അത് ദൈവരാജ്യത്തിലേക്കുള്ള ദീര്‍ഘ യാത്രകൂടി ആയിരുന്നു.
ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തെക്കുറിച്ചുള്ള ഒരു പ്രതീക്ഷ, ആദം മുതല്‍ തന്നെ, എല്ലാ വിശുദ്ധന്മാരുടെയും ഹൃദയത്തില്‍ ഉണ്ടായിരുന്നു എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല.
സ്ത്രീയ്ക്ക് വാഗ്ദത്തം ചെയ്ത സന്തതി, വീണ്ടെടുപ്പുകാരനായ രാജാവാണ്.
ദൈവരാജ്യത്തെക്കുറിച്ചും അതിന്‍റെ രാജാവിനെക്കുറിച്ചും ഉള്ള പ്രതീക്ഷ അബ്രഹാമിന്‍റെ കാലം മുതല്‍ കൂടുതല്‍ വ്യക്തമായി.
അതൊകൊണ്ട് അബ്രഹാം, വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു കൂടാരങ്ങളിൽ പാർത്തുകൊണ്ടു ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു. (എബ്രായര്‍ 11:9, 10)
നിത്യമായ ദൈവരാജ്യത്തിനായി അബ്രഹാം പ്രത്യാശയോടെ കാത്തിരുന്നു.

പെസഹ, ദൈവം സ്ഥാപിച്ചതാണ്.
ദൈവം സ്ഥാപിച്ച യാതൊന്നിനെയും മാറ്റികളയുവാന്‍ മനുഷ്യന് അധികാരം ഇല്ല എന്നത് വേദപുസ്തകം പഠിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒരു പ്രമാണം ആണ്.
യിസ്രായേല്‍ ജനത്തിനുവേണ്ടി ദൈവം പെസഹ അത്താഴം സ്ഥാപിച്ചു, അത് വരുവാനുള്ള, കൂടുതല്‍ മെച്ചമായ ഒരു അത്താഴത്തിന്‍റെ നിഴല്‍ ആയിരുന്നു.
അതുകൊണ്ട്, എല്ലാ പെസഹ അത്താഴവും, വരുവാനിരിക്കുന്ന മശിഹായിലേക്കും അവന്‍റെ നിത്യ രാജ്യത്തിലേക്കും വിരല്‍ ചൂണ്ടുന്നു.
അത് നമ്മളുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ രാജ്യം ആണ്.

പെസഹയുടെ നിവര്‍ത്തി ഭാവിയില്‍ സംഭാവിക്കാനിരിക്കുന്നതായിരുന്നു.
യിസ്രായേല്‍ പെസഹ ആച്ചരിച്ചപ്പോള്‍ അവര്‍ ഭാവിയിലേക്ക് നോക്കി അതിന്റെ നിവര്‍ത്തി കാണുക ആയിരിന്നു.
ദൈവത്തിന്‍റെ കുഞ്ഞാടായ യേശു പാപ പരിഹാരയാഗമായി തീര്‍ന്ന് മാനവരാശിയെ വീണ്ടെടുക്കുന്ന നിവര്‍ത്തിയെ ആണ് അവര്‍ പെസഹയിലൂടെ കണ്ടത്.
അവരെ ഫറവോന്റെ അടിമത്തത്തില്‍ നിന്നും മാത്രമല്ല, സാത്താന്റെയും പാപത്തിന്റെയും ലോകത്തിന്‍റെയും അടിമത്തത്തില്‍ നിന്നും, സ്ത്രീയുടെ സന്തതിയായി ജനിക്കുന്ന മശിഹ വിടുവിക്കും.
ഈ മര്‍മ്മം യിസ്രായേലിലെ എല്ലാ വിശുദ്ധന്മാര്‍ക്കും അറിയാമായിരുന്നു.
അതിന്റെ അര്‍ത്ഥം, പെസഹ ഒരു ഓര്‍മ്മയും പ്രത്യാശയും ആയിരുന്നു.

അന്ത്യ അത്താഴം

ഇനി നമുക്ക് മറ്റൊരു ചോദ്യം ചര്‍ച്ച ചെയ്യാം: യേശു ശിഷ്യന്മാരുമായി കഴിച്ചത് പെസഹ ആയിരുന്നുവോ?
തീര്‍ച്ചയായും അത് പെസഹ ആയിരുന്നു.
മത്തായി എഴുതിയ സുവിശേഷം 26: 17 -)0 വാക്യത്തില്‍ ശിഷ്യന്മാര്‍ യേശുവിനോട് ചോദിക്കുന്നത് ഇങ്ങനെ ആണ്:
നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ?”
അതിനു യേശു ഇപ്രകാരം മറുപടി പറഞ്ഞു: നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്നു: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.”
യേശുവും ശിഷ്യന്മാരും യഹൂദന്മാരുടെ ഉത്സവമായ പെസഹ അത്താഴം ആയിരുന്നു കഴിച്ചത് എന്നതിന് യാതൊരു സംശയത്തിനും സ്ഥാനമില്ല.
പെസഹ യഹൂദന്മാര്‍ എല്ലാവര്‍ഷവും ആചരിച്ചിരുന്നു എന്നതിനാല്‍ ഒരു യഹൂദ റബ്ബി ആയി ശുശ്രൂഷ ചെയ്തിരുന്ന യേശു, തന്റെ 12 ശിഷ്യന്മാര്‍ക്കും ഒപ്പം, അന്ത്യ അത്താഴത്തിനു മുമ്പ്, രണ്ടു പ്രാവശ്യമെങ്കിലും പെസഹ ആചരിചിട്ടുണ്ടാകേണം.

സൂസേരെയിന്‍ ഉടമ്പടിയും അന്ത്യ അത്താഴവും

ഒരു ഉടമ്പടി എന്ന രീതിയില്‍ സൂസേരെയില്‍ ഉടമ്പടികളുടെ എല്ലാ ക്രമങ്ങളും കൃത്യമായി സുവിശേഷ സംഭവങ്ങളില്‍ പാലിച്ചിട്ടില്ല.
സൂസേരെയിന്‍ ഉടമ്പടികള്‍, അതിലെ പ്രധാന കക്ഷി ആയ ഉന്നതനായ വ്യക്തി പ്രമാണങ്ങളും വ്യവസ്ഥകളും പ്രഖ്യാപിക്കുന്നതോടെ ആണ് ആരംഭിക്കുന്നത്.
രണ്ടാമത്തെ കക്ഷിയും എല്ലാ പ്രമാണങ്ങളോടും വ്യവസ്ഥകളോടും യോജിക്കുന്നു എന്ന് ഏറ്റുപറയുക ആണ് രണ്ടാമത്തെ പടി.
മൂന്നാമത്തെ പടി, ഒരു മൃഗത്തെകൊന്നു രക്തം ചൊരിയുക എന്നതാണ്.
പിന്നീട്, ഉടമ്പടിയുടെ അത്തഴത്തോടെ അതിനെ ഉറപ്പിക്കുന്നു.
എന്നാല്‍ സുവിശേഷത്തില്‍ അല്ലെങ്കില്‍ യേശുവിന്റെ ജീവിതത്തില്‍ സംഭവങ്ങളുടെ ഈ ക്രമം കൃത്യമായി പാലിച്ചിട്ടില്ല.
സൂസേരെയിന്‍ ഉടമ്പടിയുടെ ക്രമം കൃത്യമായി പാലിക്കുവാന്‍ യേശുവിന് സാധ്യമല്ല എന്നതാണ് അതിനു കാരണം.
പെസഹ അല്ലെങ്കില്‍ അന്ത്യ അത്താഴം യേശുവിന്‍റെ ക്രൂശ് മരണത്തിന് ശേഷം ആചരിക്കുവാന്‍ സാധ്യമല്ല.

വേദപുസ്തകത്തിലെ ആധികാരികമായ അവസാനത്തെ പെസഹ ആണ് യേശുവും ശിഷ്യന്മാരും ആചരിച്ചത്‌.
എന്താണ് ഈ അവസാനത്തെ പെസഹയുടെ പ്രാധാന്യം?
മിസ്രയീമില്‍ ആരംഭിച്ച പെസഹയുടെ ആത്മീയ മര്‍മ്മം യേശു അന്ന് വെളിപ്പെടുത്തി എന്നതാണ് അതിന്റെ പ്രത്യേകത.
അവിടെ, നിഴലായിരുന്നതിന്റെ പൊരുള്‍ വെളിപ്പെട്ടു.

നസറെത്തിൽ, ശബ്ബത്തിൽ തന്റെ പതിവുപോലെ യേശു പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
അവന്‍ പുസ്തകം തുറന്നു, യെശയ്യാപ്രവാചകന്റെ പുസ്തകം 61:1 ഉം 2 ഉം വാക്യങ്ങള്‍ വായിച്ചു.
ലൂക്കോസിന്‍റെ സുവിശേഷത്തില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

ലൂക്കോസ് 4: 18, 19
8  ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്‍റെ ആത്മാവു എന്‍റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും
19  "കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.

ഈ വേദഭാഗം വായിച്ചതിനു ശേഷം യേശു പറഞ്ഞു: ഇന്നു നിങ്ങൾ എന്‍റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു (ലൂക്കോസ് 4: 21)
ഇവിടെ, വായിച്ച വചനത്തിന്‍റെ നിവര്‍ത്തി താന്‍ തന്നെ ആണ് എന്ന് യേശു വെളിപ്പെടുത്തുക ആയിരുന്നു.
പ്രവചനം നിവര്‍ത്തി ആയി, ഇനി ഭാവിയില്‍ നിവര്‍ത്തിക്കുന്നതിനായി അതില്‍ യാതൊന്നും ഇല്ല.

എന്നാല്‍ അന്ത്യ അത്താഴം വ്യത്യസ്തം ആയിരുന്നു.
യേശു, പെസഹ എന്ന നിഴലിന്‍റെ പൊരുള്‍ വെളിപ്പെടുത്തി, ഒപ്പം പെസഹയുടെ നിവര്‍ത്തി ഭാവിയില്‍ സംഭവിക്കും എന്ന് പ്രവചിക്കുകയും ചെയ്തു.
ഏദന്‍ തോട്ടത്തില്‍ ദൈവം വാഗ്ദത്തം ചെയ്ത സ്ത്രീയുടെ സന്തതി യേശു ആണ്, അവിടെ കൊലചെയ്യപ്പെട്ട മൃഗത്തിന്‍റെ പൊരുള്‍ യേശു തന്നെ ആണ്.
ഏദനില്‍ കൊലചെയ്യപ്പെട്ട മൃഗത്തിന്‍റെ മരണം പാപപരിഹാരമായി എന്ന് ആദം വിശ്വസിച്ചതുപോലെ, യേശു ക്രിസ്തു എന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ മരണം എന്ന യാഗത്തില്‍ വിശ്വസിക്കുന്ന ഏവരും രക്ഷിക്കപ്പെടും.
ഇതാണ് പുതിയ നിയമം; ഇത് ആദമിന്‍റെയും, അബ്രഹാമിന്റെയും, മോശെയുടെയും ഉടമ്പടികളുടെ പടിപടിയായുള്ള വെളിപ്പെടുത്തല്‍ ആണ്.
അന്ത്യ അത്താഴം, സീനായ് മലമുകളിലെ സംഭവങ്ങളെ, മോശെയുടെ ഉടമ്പടിയെയും മൃഗത്തെ കൊന്നു രക്തം തളിച്ച് ഉടമ്പടിയെ ഉറപ്പിക്കുന്നതിനെയും, നമ്മളുടെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നു.
“ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്‍റെ രക്തം” (മത്തായി 26:28) എന്ന യേശുവിന്‍റെ വാക്കുകള്‍ക്ക് “ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ (പുറപ്പാടു 24:8) എന്ന മോശെയുടെ വാക്കുകളോട് ഏറെ സാമ്യം ഉണ്ട്.

പുതിയനിയമ പുറപ്പാട് ഇവിടെ ആരംഭിക്കുക ആണ്.
യേശുവും ശിഷ്യന്മാരും കഴിച്ച അവസാനത്തെ പെസഹ, ആദമിന്‍റെ ഉടമ്പടിയെ വീണ്ടും ഉറപ്പിക്കുന്നതും നിവര്‍ത്തിക്കുന്നതും ആയിരുന്നു.
ആദമിന്‍റെ ഉടമ്പടി നിവര്‍ത്തിക്കപ്പെട്ടു, പെസഹയുടെ മര്‍മ്മം വെളിപ്പെട്ടുവന്നു, അങ്ങനെ അത് കര്‍ത്താവിന്‍റെ അത്താഴം ആയി മാറി.
ഇന്ന് നമ്മള്‍ ആചരിക്കുന്ന കര്‍ത്താവിന്‍റെ അത്താഴം, ഒരു യാഗത്തിലൂടെ ലഭിച്ച, പാപത്തില്‍ നിന്നും പിശാചില്‍നിന്നുമുള്ള വിടുതലിന്‍റെ ഓര്‍മ്മ ആണ്.

യേശുവിന്‍റെ അന്ത്യ അത്താഴം വേദപുസ്തകം ആധികാരപ്പെടുത്തുന്ന അവസാനത്തെ പെസഹ ആണ്.
അതിനു ശേഷം നടത്തപ്പെട്ട പെസഹ പെരുന്നാളുകള്‍ക്ക് വചനപ്രകാരം അംഗീകാരം ഇല്ല.
കാരണം, യേശുവിന്‍റെ അന്ത്യ അത്തഴത്തോടെ പെസഹയുടെ മര്‍മ്മം വെളിപ്പെടുകയും നിവര്‍ത്തിക്കപ്പെടുകയും ചെയ്തു.

എല്ലാ വര്‍ഷവും യഹൂദന്മാര്‍ ആചരിക്കുന്ന പെസഹയ്ക്ക് ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നു.
യിസ്രായേല്‍ ജനതയുടെ വീണ്ടെടുപ്പും, ദൈവം നായകനായ രാജ്യത്തിന്‍റെ രൂപീകരണവും പരിപാലനവും, അടുത്ത തലമുറയെ പറഞ്ഞു മനസ്സിലാക്കുക എന്ന ഉദ്ദേശ്യം പെസഹ പെരുന്നാളിന് പിന്നില്‍ ഉണ്ട്.
പെസഹയുടെ ഈ പ്രാധാന്യങ്ങളും മര്‍മ്മങ്ങളും വിശദീകരിക്കുക കുടുംബത്തിലെ പിതാവിന്‍റെ കടമ ആയിരുന്നു.

അവസാനത്തെ പെസഹ അതിന്റെ എല്ലാ വിശദാംശങ്ങളോടെയും കൂടെ ആണ് യേശു ആചരിച്ചത്‌.
പെസഹയില്‍ ആചരിക്കെണ്ടുന്ന എല്ലാ ചടങ്ങുകളും യേശുവും അനുവര്‍ത്തിച്ചു.
അങ്ങനെ യേശു കൃത്യമായി പെസഹ ആചരിക്കുകയും, അതിന്റെ മര്‍മ്മം വെളിപ്പെടുത്തുകയും ചെയ്തു.
യേശു ആചരിച്ച അവസാനത്തെ പെസഹ, ആദമിന്റെ ഉടമ്പടിമുതല്‍ ഉണ്ടായ എല്ലാ ഉടമ്പടികളുടെ നിവര്‍ത്തിയും, ഒപ്പം ഇനിയും നിവര്‍ത്തിക്കപ്പെടുവാനിരിക്കുന്ന കുഞ്ഞാടിന്‍റെ കല്യാണസദ്യ എന്ന പെസഹയുടെ പ്രത്യാശയും ആണ്.
അതായത്, ആദം മുതല്‍ യേശുവരെയുള്ള എല്ലാ ഉടമ്പടികളെയും ഉറപ്പിക്കുന്ന അത്താഴം ആയിരുന്നു അന്ത്യ അത്താഴം.
അവസാനത്തെ പെസഹ, അഥവാ ആദ്യത്തെ തിരുവത്താഴം, ആദമിന്‍റെ ഉടമ്പടിയുടെ, “ഇപ്പോള്‍ തന്നെ എന്നാല്‍ ഇനിയും” അഥവാ “already and not yet” എന്ന അവസ്ഥയിലുള്ള നിവര്‍ത്തിയാണ് കാണിക്കുന്നത്.

അന്ത്യ അത്താഴ സമയത്ത് യേശു രണ്ടു കാര്യങ്ങള്‍ ശിഷ്യന്മാരോട് പറഞ്ഞു:

മത്തായി 26: 29 എന്‍റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽനിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

ലൂക്കോസ് 22:19 എന്‍റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ 

ഉടമ്പടിയുടെ അന്തിമ നിവര്‍ത്തി ഇനിയും വരുവാനിരിക്കുന്നതെ ഉള്ളൂ; അതുവരെ ഈ ഉടമ്പടി വീണ്ടും വീണ്ടും ഉറപ്പിക്കേണം എന്നാണ് കര്‍ത്താവിന്റെ കല്‍പ്പനയുടെ സാരം.
ഉടമ്പടിയുടെ എല്ലാ മര്‍മ്മങ്ങളും വെളിപ്പെട്ടുകഴിഞ്ഞു; ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കപ്പെട്ടതിലൂടെ ഉടമ്പടിയുടെ പ്രമാണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു, യാഗ മൃഗം കൊല്ലപ്പെട്ടു, ഉടമ്പടിയുടെ അത്താഴവും കഴിഞ്ഞു.
എന്നിരുന്നാലും വീണ്ടെടുപ്പിന്റെയും പുനസ്ഥാപനത്തിന്റെയും ഉടമ്പടിയുടെ സമ്പൂര്‍ണ്ണ നിവര്‍ത്തി ദൈവരാജ്യം നിത്യമായി സ്ഥാപിക്കപ്പെടുമ്പോള്‍ മാത്രമേ ഉണ്ടാകൂ.
ഇതാണ് നമ്മള്‍ വെളിപ്പാട് 19 ല്‍ വായിക്കുന്നത്:

വെളിപ്പാട് 19: 7  നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.

ദൈവരാജ്യത്തിന്റെ നിത്യമായ സ്ഥാപനത്തിങ്കല്‍, യേശു ക്രിസ്തു നമുക്ക് വേണ്ടി ഒരുക്കുന്ന ശ്രേഷ്ടമായ കല്യാണസദ്യയുടെ പ്രത്യാശയാണ് കര്‍ത്താവിന്റെ അത്താഴം.
അത് രക്ഷയുടെ മഹാ സന്തോഷത്തിന്‍റെ ഉത്സവം ആണ്; അന്നാളില്‍ മരണം നീങ്ങിപോകും, ദൈവം താന്‍ നമ്മളുടെ കണ്ണുനീര്‍ തുടച്ചുകളയും.
അതിനുശേഷം കരച്ചിലോ നിലവിളിയോ വേദനയോ ഉണ്ടാകില്ല, ദൈവം എല്ലാം പുതിയതാക്കിടും.

അങ്ങനെ കര്‍ത്താവിന്റെ അത്താഴം പഴയ നിയമ പെസഹയേയും, പുതിയ നിയമ പുറപ്പാടിനെയും, പുതിയ ഉടമ്പടിയേയും ഒരുമിച്ചു നിര്‍ത്തി തിരഞ്ഞെടുക്കപ്പെട്ട ദൈവജനത്തിന്റെ വീണ്ടെടുപ്പിനായുള്ള ദൈവത്തിന്‍റെ പദ്ധതിയെ വെളിപ്പെടുത്തുന്നു.
പഴയ നിയമ വിശുദ്ധന്മാര്‍ പെസഹയിലൂടെ പുറപ്പാടിലേക്ക് പുറകോട്ട് നോക്കുമ്പോള്‍ പുതിയനിയമ വിശ്വാസികള്‍ ക്രൂശിലേക്ക് തിരിഞ്ഞുനോക്കുന്നതിനോടൊപ്പം കുഞ്ഞാടിന്റെ കല്യാണസദ്യയിലേക്ക് മുന്നോട്ട് നോക്കുന്നു.

കര്‍ത്താവിന്റെ അത്താഴം യേശു വീണ്ടും വരുന്നതുവരെ ആചരിക്കുവന്നാണ് നമുക്ക് കല്‍പ്പന ഉള്ളത്.
കര്‍ത്താവ് തന്റെ രാജ്യം നിത്യമായി സ്ഥാപിക്കുന്ന നാള്‍ വരെ, ക്രിസ്തുവിനോടൊപ്പം ദൈവരാജ്യത്തില്‍ നമ്മള്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്ന നാള്‍ വരെ നമ്മള്‍ ഇതു തുടര്‍ന്നുകൊണ്ടിരിക്കേണം.
അതായത്, കര്‍ത്താവിന്റെ അത്താഴം, പുറകോട്ട് നോക്കുന്ന ഒരു ഓര്‍മ്മയാണ്, ഒപ്പം ഭാവിയിലേക്ക് നോക്കുന്ന ഒരു പ്രത്യാശ ആണ്.

കര്‍ത്താവിന്‍റെ അത്താഴത്തിന്റെ സമ്പൂര്‍ണ്ണ നിവര്‍ത്തിയുണ്ടാകുവാന്‍ കുഞ്ഞാടിന്റെ കല്യാണസദ്യ വരെ നമ്മള്‍ ക്ഷമയോടെ കാത്തിരിക്കേണം.
ഇപ്പോള്‍ നമ്മള്‍ മുന്നമേ ഒരുക്കപ്പെടുന്ന കുഞ്ഞാടിന്റെ കല്യാണസദ്യയില്‍ പങ്കെടുക്കുക ആണ്.
നമ്മള്‍ കര്‍ത്താവിന്റെ ഉടമ്പടി പുതുക്കുക ആണ്.
അതാണ്‌ കര്‍ത്താവിന്റെ അത്താഴത്തിന്റെ പ്രാധാന്യം.
കര്‍ത്താവിന്റെ അത്താഴം, ഇപ്പോഴത്തെ ആരംഭിക്കപ്പെട്ട ദൈവരാജ്യത്തില്‍,  നമ്മളുടെ കര്‍ത്തവിനോടൊപ്പം നമ്മള്‍ കഴിക്കുന്ന കുഞ്ഞാടിന്റെ കല്യാണസദ്യ ആണ്.

ഇതുവരെയും നമ്മള്‍ ചര്‍ച്ച ചെയ്ത പ്രധാനപ്പെട്ട ആശയങ്ങള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട്, ഈ സന്ദേശം ഞാന്‍ അവസാനിപ്പിക്കട്ടെ.
പിശാചിനെ സന്തതിയെ തകര്‍ക്കുന്ന സ്ത്രീയുടെ സന്തതിയെ വാഗ്ദാനം ചെയ്യുന്ന ആദമിന്‍റെ ഉടമ്പടിയിലേക്ക്‌, പുറകോട്ട് നോക്കുന്നതാണ് പെസഹ അത്താഴം.
അത് മനുഷ്യരുടെ പാപ പരിഹാരത്തിനായി യാഗമായി തീരുവാനുള്ള യേശുക്രിസ്തുവിലെക്ക് മുന്നോട്ട് നോക്കുകയും ചെയ്യുന്നു.
വേദപുസ്തകത്തിലെ ആധികാരികമായ അവസാനത്തെ പെസഹ ആയ കര്‍ത്താവിന്റെ അത്താഴം, യിസ്രായേല്‍ ജനത്തിന്‍റെ പെസഹയിലേക്കും ആദമിന്‍റെ ഉടമ്പടിയിലെക്കും പിന്നോട്ട് നോക്കുന്നു.
അതിനോടൊപ്പം തന്നെ, വെളിപ്പാട് പുസ്തകം 19: 7 ല്‍ പറയുന്ന, കുഞ്ഞാടിന്റെ കല്യാണസദ്യയിലേക്ക് മുന്നോട്ട് നോക്കുന്നു.
കുഞ്ഞാടിന്റെ കല്യാണസദ്യ, ആദമിന്റെ ഉടമ്പടിയുടെയും, പെസഹയുടെയും, കര്‍ത്താവിന്റെ അത്തഴത്തിന്റെയും സമ്പൂര്‍ണ്ണമായ നിവര്‍ത്തി ആണ്.
കര്‍ത്താവ് വീണ്ടും വന്ന് കഴിയുമ്പോള്‍ നമ്മള്‍ ഈ അത്താഴം അവനോടൊപ്പം കഴിക്കും.
അത് യേശുവും തന്റെ ജനവും കൂടെ കഴിക്കുന്ന അവസാനത്തെ അത്താഴം ആയിരിക്കും.
അതുവരെ, കര്‍ത്താവിന്റെ നാമത്തില്‍ നമുക്ക് ഒരിമിച്ചു കൂടുകയും, കര്‍ത്താവിന്റെ അത്താഴത്തില്‍ പങ്കുചേരുകയും, അങ്ങനെ യേശുവിന്റെ ഉടമ്പടിയെ വീണ്ടും ഉറപ്പിക്കുകയും ചെയ്യാം.
ഉടമ്പടിയെ വീണ്ടും ഉറപ്പിക്കുന്നവര്‍, അതിന്‍റെ എല്ലാ അനുഗ്രഹങ്ങള്‍ക്കും അവകാശം ഉള്ളവര്‍ ആയിരിക്കും.

ഈ സന്ദേശം ഇവിടെ പൂര്‍ണ്ണമാവുക ആണ്.
കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ.

Please visit: https://naphtalitribetv.com for videos in English and Malayalam, https://naphtalitriberadio.com for audio messages (podcasts) in English and Malayalam, https://vathil.in for study notes in Malayalam.

No comments:

Post a Comment