മനുഷ്യപുത്രനും ദൈവപുത്രനും


യേശു ക്രിസ്തു തന്റെ ഭൌതീക ശുശ്രൂഷാ വേളയില്‍ സ്വയം വിശേഷിപ്പിക്കുവാന്‍ ഉപയോഗിച്ച രണ്ടു പദങ്ങള്‍ ആണ്, മനുഷ്യപുത്രന്‍ എന്നതും ദൈവപുത്രന്‍ എന്നതും.
നൂറ്റാണ്ടുകളുടെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും ഈ പദങ്ങളുടെ യേശുവുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
ഈ പദങ്ങള്‍ ഇന്നും വേദപണ്ഡിതന്മാര്‍ക്ക് ഒരു വെല്ലുവിളി ആണ്.

യേശു സ്വയം വിശേഷിപ്പിക്കുവാന്‍ ഉപയോഗിച്ചതാണ് എങ്കിലും, ഈ രണ്ടു പദങ്ങളും തുല്യമല്ല; അവയുടെ അര്‍ത്ഥങ്ങള്‍ക്ക് സാമ്യം ഇല്ല; അവ തമ്മില്‍ ഗൌരമായ ബന്ധവും ഇല്ല.
അതുകൊണ്ട് ഈ രണ്ടു പദങ്ങളും വ്യത്യസ്തമായി, രണ്ടു വിഭാഗങ്ങളായി ചിന്തിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഈ പദങ്ങളുടെ ലളിതമായതും കൃത്യതയുള്ളതുമായ അര്‍ത്ഥം സാധാരണ വിശ്വാസിക്ക് മനസ്സിലാകുന്നതുപോലെ വിശദീകരിക്കുക എന്നതാണ് ഈ പഠനത്തിന്‍റെ ഉദ്ദേശ്യം.
യേശു എങ്ങനെ ആണ് മനുഷ്യപുത്രന്‍ ആകുന്നത്; എങ്ങനെ ആണ് ദൈവ പുത്രന്‍ ആകുന്നത്?
ഇതാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം.
നമുക്ക് മനുഷ്യപുത്രന്‍ എന്ന പദത്തോടെ ഈ പഠനം ആരംഭിക്കാം.

മനുഷ്യപുത്രന്‍

യേശുവിനെക്കുറിച്ച് പറയുവാന്‍ അനേകം വാക്കുകള്‍ വേദപുസ്തകത്തില്‍ ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ മനുഷ്യപുത്രന്‍ എന്ന പദം വിവിധ കാരണങ്ങളാല്‍ അവയില്‍ നിന്നെല്ലാം വേറിട്ട്‌ നില്‍ക്കുന്നു.
മറ്റു പേരുകളെക്കാള്‍ ഈ പദം എണ്ണത്തില്‍ അധികമായി ഉപയോഗിച്ചിട്ടുണ്ട്.
ദൈവത്തിന്‍റെ കുഞ്ഞാട് എന്ന പദം പോലെ ദൈവവചനത്തില്‍ മനുഷ്യപുത്രന്‍ എന്ന പദത്തിന് പ്രാധാന്യം ഉണ്ട്.

മനുഷ്യപുത്രന്‍ എന്ന പദം വ്യത്യസ്തങ്ങളായി വേദപുസ്തകത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
ബെന്‍-ആദം എന്ന എബ്രായ പദവും ബാര്‍-ആദം എന്ന ഗ്രീക്ക് പദവും മനുഷ്യപുത്രന്‍ എന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങള്‍ ആയ, തോറ എന്ന ഭാഗത്ത്, മനുഷ്യപുത്രന്‍ എന്ന പദം നൂറില്‍ അധികം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.
യഹൂദന്മാരുടെ മനസ്സിലാക്കല്‍ അനുസരിച്ച്, ഈ പദം, മനുഷ്യവര്‍ഗ്ഗത്തെ മൊത്തമായി പരാമര്‍ശിക്കുവാന്‍ ഉപയോഗിച്ചിരുന്നു. ദൈവത്തെ മനുഷ്യരില്‍ നിന്നും വ്യത്യസ്തനായി നിറുത്തുവാന്‍ ഈ പദത്തിന് കഴിഞ്ഞിരുന്നു. ദൈവവുമായി തുലനം ചെയ്യുമ്പോള്‍ ഉള്ള മനുഷ്യന്‍റെ ബലഹീനതയെ ഈ പദം അര്‍ത്ഥം ആക്കിയിരുന്നു.

പഴയനിയമത്തിലും പുതിയനിയമത്തിലുമായി 195 പ്രാവശ്യം മനുഷ്യപുത്രന്‍ എന്ന പദത്തെ നമുക്ക് വായിക്കാം.
പഴയനിയമത്തില്‍ 107 പ്രാവശ്യം ഊ പദം ഉണ്ട്; യെഹെസ്കേലിന്റെ പുസ്തകത്തില്‍ മാത്രം 93 പ്രാവശ്യം നമ്മള്‍ ഈ പദം കാണുന്നുണ്ട്.
എന്നാല്‍ പുതിയനിയമത്തില്‍ മനുഷ്യപുത്രന്‍ എന്ന പദം ഉപയോഗിച്ചിരിക്കുന്നത് എബ്രായ തോറയിലെ അര്‍ത്ഥത്തില്‍ അല്ല.
പുതിയനിയമത്തില്‍ യേശുക്രിസ്തുവിനെ 88 പ്രാവശ്യം മനുഷ്യപുത്രന്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.

പഴയനിയമ പശ്ചാത്തലം

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ മനുഷ്യപുത്രന്‍ എന്ന പദം പഴയനിയമത്തില്‍ വ്യത്യസ്തങ്ങള്‍ ആയ ആശയത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
അവയില്‍ കൂടുതല്‍ സ്ഥലത്തും, ദൈവത്തോട് തുലനം ചെയ്യുമ്പോഴുള്ള മനുഷ്യന്‍റെ ബലഹീനത ആണ് ഈ പദം സൂചിപ്പിക്കുന്നത്.
ഈ ആശയം, ഇയ്യോബ് 16: 21; 25: 6; 35: 8 എന്നിവടങ്ങളിലും യെശയ്യാവ് 51: 12 ലും നമുക്ക് കാണുവാന്‍ കഴിയും.
സംഖ്യാപുസ്തകം 23: 19 ല്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?
ഈ വാക്യത്തില്‍, വ്യാജം പറയുകയും അനുതപിക്കുകയും ചെയ്യുന്ന മനുഷ്യരില്‍ നിന്നും, കല്‍പ്പിച്ചത് ചെയ്യുകയും, അരുളിച്ചെയ്തത് നിവര്‍ത്തിക്കുകയും ചെയ്യുന്ന ദൈവം വ്യത്യസ്തന്‍ ആയി നില്‍ക്കുന്നു.
മനുഷ്യവര്‍ഗ്ഗത്തെ മൊത്തമായി സൂചിപ്പിക്കുവാന്‍ മനുഷ്യപുത്രന്‍ എന്ന പദം, യെശയ്യാവ് 56: 2 ലും യിരാമ്യവ്  50: 40 ലും 51: 43 ലും ഉപയോഗിച്ചിട്ടുണ്ട്.
ചില സങ്കീര്‍ത്തനങ്ങളിലും ഈ അര്‍ത്ഥത്തില്‍ ഉള്ള ഉപയോഗം കാണുവാന്‍ കഴിയും.

യേശു ഈ അര്‍ത്ഥത്തില്‍ ആയിരിക്കില്ല മനുഷ്യപുത്രന്‍ എന്ന വാക്ക് ഉപയോഗിച്ചത്.
അവന്‍ തന്റെ മനുഷ്യത്വത്തിന്റെ ബലഹീനതയെ കുറിച്ച് പറയുക ആയിരിക്കില്ല.
ഈ ഭൂമിയില്‍ ജീവിച്ചിരുന്ന മനുഷ്യരില്‍ വച്ച് ഏറ്റവും വിനയശീലനായ വ്യക്തി ആയിരുന്നു യേശു.
ജനങ്ങള്‍ തന്നെക്കുറിച്ച് അത്യുന്നതമായ കാഴ്ചപ്പാടുകള്‍ വച്ച് പുലര്‍ത്തുന്നതിനാല്‍, താന്‍ മനുഷ്യപുത്രന്‍ ആണ് എന്ന് അവരെ ഓര്‍മ്മിപ്പിക്കെണ്ടുന്ന സാഹചര്യങ്ങള്‍ ഒരിക്കല്‍ പോലും ഉണ്ടായിട്ടും ഇല്ല.
അതായാത്, മനുഷ്യപുത്രന്‍ എന്ന് സ്വയം വിശേഷിപ്പിച്ചപ്പോള്‍ യേശു മറ്റൊരു ഗൌരവമായ അര്‍ത്ഥം അതില്‍ കണ്ടിരുന്നു.

8-)o  സങ്കീര്‍ത്തനത്തില്‍ മുമ്പ് പറഞ്ഞതില്‍ നിന്നും വ്യത്യസ്തം ആയ ഒരു അര്‍ത്ഥം ആണ് നമ്മള്‍ കാണുന്നത്.

സങ്കീര്‍ത്തനങ്ങള്‍ 8: 4-6
   മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
   നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
   നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;

സകലത്തിനെയും സൃഷ്ടിച്ച ദൈവം മനുഷ്യപുത്രനെ ഗൌരമായി കാണുന്നു എന്നതില്‍ സങ്കീര്‍ത്തനക്കാരന്‍ അത്ഭുതപ്പെടുക ആണ്.
ദൈവം, മനുഷ്യപുതനെ തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്നു.
ദൈവത്തിന്‍റെ സൃഷ്ടികള്‍ക്ക് മനുഷ്യപുത്രനെ അധിപതിയാക്കി, സകലത്തെയും മനുഷ്യന്‍റെ കാൽകീഴെയാക്കിയിരിക്കുന്നു;
ഈ വേദ ഭാഗത്ത് ആദമിനെയും ദൈവം അവനു സകല സൃഷ്ടികളിന്മേലും അധികാരം നല്‍കിയതിനെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഇവിടെ മനുഷ്യപുത്രനെ, തേജസ്സും ബഹുമാനവും, അധികാരവും ശക്തിയും ഉള്ളവനായി നമ്മള്‍ കാണുന്നു.

ഇതുവരെയുള്ള നമ്മളുടെ പഠനത്തില്‍ നിന്നും രണ്ടു അര്‍ത്ഥങ്ങള്‍ നമുക്ക് ഗ്രഹിക്കാം:

1.        മനുഷ്യപുത്രന്‍ എന്ന പദം മനുഷ്യരുടെ ബലഹീനതയെ സൂചിപ്പിക്കുന്നു.
2.      മനുഷ്യപുത്രന്‍ എന്ന പദം, ദൈവത്തിന്‍റെ തേജസ്സും ബഹുമാനവും അധികാരവും ഉള്ള സ്ഥാനത്തെ സൂചിപ്പിക്കുന്നു. 

ഈ രണ്ട് അര്‍ത്ഥങ്ങളും യോജ്യമാണ് ആണ് എങ്കിലും ഈ വാക്കിന് കൂടുതല്‍ ആഴമായ അര്‍ത്ഥം ഉണ്ട്.
അതിനായി മനുഷ്യപുത്രന്‍ എന്ന വാക്ക് പഴയനിയമത്തില്‍ ഉപയോഗിച്ചിട്ടുള്ള പ്രധാനപ്പെട്ട രണ്ട് ഭാഗങ്ങള്‍ നമുക്ക് മനസ്സിലാക്കാം.
യെഹെസ്കേലിന്റെ പുസ്തകത്തിലും ദാനിയേലിന്റെ പുസ്തകത്തിലും വ്യത്യസ്തങ്ങള്‍ ആയ രണ്ട് അര്‍ത്ഥങ്ങളില്‍ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്.
നമുക്ക് ആദ്യം യെഹെസ്കേലിന്റെ പുസ്തകത്തിലെ ഉപയോഗം നോക്കാം.

യെഹെസ്കേല്‍ എന്ന മനുഷ്യപുത്രന്‍

പ്രവാചകനായ യെഹെസ്കേലിനെ  ദൈവം 93 പ്രാവശ്യം മനുഷ്യപുത്രന്‍ എന്ന് വിളിക്കുന്നുണ്ട്.
ഇവിടെ ഈ വാക്ക് യെഹെസ്കേലിന്റെ മനുഷ്യത്വത്തെ കാണിക്കുന്നു.
ദൈവത്തിന്‍റെ ഭയങ്കരത്തവും മനുഷ്യന്‍റെ മര്‍ത്യതയും തമ്മില്‍ തുലനം ചെയ്യുവാനായിരിക്കാം ദൈവം ഈ വാക്ക് ഇവിടെ ഉപയോഗിച്ചത്.
യെഹെസ്കേല്‍ ഒന്നാമത്തെ അദ്ധ്യായത്തില്‍ അദ്ദേഹം ഒരു സ്വര്‍ഗീയ ദര്‍ശനം കാണുന്നു.
അതില്‍ അദ്ദേഹം, കൊടുംങ്കാറ്റും, മേഘവും, പാളിക്കത്തുന്ന തീയും, തീയില്‍ നിന്നും പുറപ്പെടുന്ന മിന്നലും, മനുഷ്യ സാദൃശ്യമുള്ള ജീവികളെയും, ചക്രങ്ങളെയും, പളുങ്ക് പോലുള്ള വിതാനത്തെയും, സിംഹാസനവും അതിനുമീതെ മനുഷ്യ സാദൃശ്യത്തിലുള്ള രൂപത്തെയും കണ്ടു.
അപ്പോള്‍ അദ്ദേഹത്തിനു തന്‍റെ മര്‍ത്യതയും ദൈവ സന്നിധിയിലുള്ള പരിമിതിയേയും  ഓര്‍മ്മവന്നു.
അതിനു ശേഷം, രണ്ടാമത്തെ അദ്ധ്യായത്തിന്‍റെ ആരംഭത്തിങ്കല്‍ തന്നെ ദൈവം യെഹെസ്കേലിനെ, “മനുഷ്യപുത്രാ” എന്ന് വിളിക്കുന്നു. (യെഹെസ്കേല്‍ 2:1)
അതായത്, ദൈവം ദൈവമാണ്, യെഹെസ്കേല്‍ ഒരു മനുഷ്യപുത്രനും.

മനുഷ്യപുത്രന്‍ ദാനിയേലിന്റെ പ്രവചനത്തില്‍

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ അര്‍ത്ഥത്തില്‍ ആണ് മനുഷ്യപുത്രന്‍ എന്ന പദം ദാനിയേലിന്റെ പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ദാനിയേല്‍ 7: 13, 14
13   രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.
14   സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.

ഇവിടെ മനുഷ്യപുത്രന്‍ എന്ന പദത്തിന് രാജാധി രാജാവായി വരുവാനിരിക്കുന്ന മശിഹ എന്ന ആശയവും ഒപ്പം മനുഷ്യന്‍റെ വംശാവലിയും അര്‍ത്ഥമാക്കുന്നുണ്ട്.
ദാനിയേല്‍ കാണുന്ന മനുഷ്യപുത്രന്‍, സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും പ്രാപിക്കുക ആണ്.
ഇത് ക്രിസ്തു സ്വര്‍ഗീയ മഹത്വത്തില്‍ പ്രത്യക്ഷന്‍ ആകുന്ന ചിത്രം ആണ്, യേശുവിന്‍റെ രണ്ടാമത്തെ വരവിന്‍റെ ദര്‍ശനം അല്ല.
എന്നാല്‍ ഇതിനു സമാനമായ ഒരു പ്രത്യക്ഷത ഈ ഭൂമിയില്‍ ക്രിസ്തുവിന് ഉണ്ടാകും.
യേശു ആവര്‍ത്തിച്ച് പറഞ്ഞതുപോലെ, അവന്‍ വീണ്ടും ആകാശമേഘങ്ങളെ വാഹനമാക്കി വരും.

ദാനിയേല്‍, നാല് സാമ്രാജ്യങ്ങളെ, സിംഹത്തോടും കരടിയോടും പുള്ളിപ്പുലിയോടും സദൃശ്യമായ മൂന്നു മൃഗങ്ങളായും, ഇരിമ്പുപല്ലുകള്‍ ഉള്ള നാലാമത്തെ മൃഗമായും ആണ് ദര്‍ശനത്തില്‍ കാണുന്നത്.
ഇവരുടെമേലുള്ള അധികാരമാണ് മനുഷ്യപുത്രന് ലഭിക്കുന്നത്.
ഭൂമിയിലെ സകല മൃഗങ്ങളെയും അടക്കി ഭരിക്കുവാന്‍ ആദമിന് ലഭിച്ച അധികാരത്തെ ഇത് ഓര്‍മ്മപ്പെടുത്തുന്നു.
ദൈവത്തിന്‍റെ സാദൃശ്യമായി ഭൂമിയെ അടക്കി ഭരിക്കുവാനുള്ള ആദമിന്റെ അധികാരത്തെ നിവര്‍ത്തിക്കുകയാണ് ഇവിടെ മനുഷ്യപുത്രന്‍ ചെയ്യുന്നത്.
ഇതാണ് യേശുക്രിസ്തുവിന്‍റെ ഭൌതീക തലത്തിലേക്കുള്ള ആഗമന ഉദ്ദേശ്യവും.
യേശുക്രിസ്തു ഒടുക്കത്തെ ആദമാണ്, വിശ്വസ്തരായ യിസ്രായേലാണ്, എല്ലാ വിശുദ്ധന്മാരുടെയും പ്രതിനിധി ആണ്, ദൈവത്തിന്‍റെ പൂര്‍ണ്ണ രൂപം ആണ്, ലോകസാമ്രാജ്യങ്ങളെ കീഴടക്കി ഭൂമിയും അതിലുള്ള സകല ജീവികളെയും വാഴുന്ന രാജാവാണ്.
ഇതാണ് യേശു മനുഷ്യപുത്രന്‍ എന്ന് സ്വയം വിശേഷിപ്പിക്കുമ്പോള്‍ അര്‍ത്ഥം ആക്കുന്നത്.

അതായത്, മനുഷ്യപുത്രന്‍ എന്ന് യേശു സ്വയം പരിചയപ്പെടുത്തിയപ്പോള്‍, അദ്ദേഹം ദാനിയേലിന്റെ പ്രവചന നിവര്‍ത്തിയാണ് എന്നുകൂടി പറയുക ആയിരുന്നു.
ഈ മര്‍മ്മം അന്നത്തെ ന്യായപ്രമാണ പണ്ഡിതന്‍മാര്‍ക്ക് നന്നായി മനസ്സിലായിട്ടുണ്ടാകേണം.
യേശു, രാജാധിരാജാവായി വരുവാനിരുന്ന മശിഹ ആണ് എന്നും ദാനിയേലിന്റെ പ്രവചനങ്ങള്‍ താന്‍ നിവര്‍ത്തിക്കും എന്നും പ്രഖ്യാപിക്കുക ആണ്.
മര്‍ക്കോസ് 14: 62 ല്‍ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകള്‍ നമ്മള്‍ ഇവിടെ ഓര്‍ക്കുന്നത് നല്ലതായിരിക്കും:

“... മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.”

മനുഷ്യപുത്രന്‍ എന്ന പദത്തിന് ഏറ്റവും യോജിച്ച പശ്ചാത്തലം ദാനിയേലിന്റെ പ്രവചനം തന്നെ ആണ്.

മനുഷ്യപുത്രനായ യേശുക്രിസ്തു

ദൈവപുത്രന്‍ എന്നതിനേക്കാള്‍ അധികം യേശു ഉപയോഗിച്ച പേര് മനുഷ്യപുത്രന്‍ എന്നാണ്.
അക്കാലത്ത് യേശു മനുഷ്യന്‍ ആണ് എന്നതില്‍  ആര്‍ക്കും സംശയം തോന്നിയിരുന്നില്ല എങ്കിലും മനുഷ്യപുത്രന്‍ എന്ന് സ്വയം വിശേഷിപ്പിക്കുവാന്‍ യേശു ആവര്‍ത്തിച്ചു ശ്രമിച്ചിരുന്നു.
ഈ പദം മത്തായി എഴുതിയ സുവിശേഷത്തില്‍ 29 പ്രാവശ്യവും, മര്‍ക്കൊസില്‍ 14 പ്രാവശ്യവും, ലൂക്കൊസില്‍ 26 പ്രാവശ്യവും യോഹന്നാനില്‍ 13 പ്രാവശ്യവും നമ്മള്‍ കാണുന്നു.
എന്നാല്‍ പിന്നീട് സഭ യേശുവിനെ മനുഷ്യപുത്രന്‍ എന്ന് വിളിച്ചിരുന്നതായി എങ്ങും കാണുന്നില്ല.
യേശുവിന്‍റെ മരണ പുനരുദ്ധാരണത്തിന് ശേഷം ക്രൈസ്തവര്‍ ഈ പദം യേശുവിനെക്കുറിച്ച് പറയുവാന്‍ ഉപയോഗിച്ചിട്ടില്ല.

എങ്കിലും, സുവിശേഷങ്ങള്‍ക്ക് വെളിയില്‍ ചില സ്ഥലങ്ങളില്‍ മനുഷ്യപുത്രന്‍ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.
അപ്പോസ്തലപ്രവര്‍ത്തികള്‍ 7: 56 ല്‍ സ്തെഫാനോസ് സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കണ്ടു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
വെളിപ്പാട് പുസ്തകത്തില്‍ രണ്ടു പ്രാവശ്യം ഈ പദം ഉപയോഗിച്ചിട്ടുണ്ട്.
വെളിപ്പാട് 1: 13 ല്‍ നമ്മള്‍ വായിക്കുന്നു: “... ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.”
വെളിപ്പാട് 14: 14, ല്‍ വീണ്ടും വായിക്കുന്നു: “പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.”

എന്നാല്‍ സുവിശേഷങ്ങള്‍ക്ക് വെളിയില്‍ ഈ പദം അധികമായി കാണുന്നില്ല.
ഇത് അതിന്‍റെ പ്രാധാന്യത്തെ കുറയ്ക്കുക അല്ല ചെയ്യുന്നത്, മറിച്ച് യേശു സ്വയം അങ്ങനെ വിശേഷിപ്പിച്ചതില്‍ വലിയ മര്‍മ്മം ഉണ്ട് എന്ന് നമ്മളെ ബോധ്യപ്പെടുത്തുകയാണ്.
യേശു ചെയ്ത അത്ഭുതങ്ങളുമായും, പ്രഭാഷണങ്ങളുമായും, സംഭാവിക്കുവാനിരിക്കുന്ന മരണവുമായി ബന്ധപ്പെടുത്തിയും, പാപമോചനത്തിന് മനുഷ്യപുത്രന് അധികാരം ഉണ്ട് എന്ന് പറയുവാനും ശബ്ബത്തിന്റെ കര്‍ത്താവാണ് യേശു ക്രിസ്തു എന്ന് പറയുവാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്.
അതിനാല്‍ യേശു ചെയ്ത ഏതെങ്കിലും പ്രവര്‍ത്തിയോടോ പറഞ്ഞ ഏതെങ്കിലും സന്ദേശത്തോടോ പ്രത്യേക ബന്ധമൊന്നും ഈ പദത്തിന് ഇല്ല.

മനുഷ്യപുത്രന്‍ എന്ന വിശേഷണം യേശുക്രിസ്തുവിന്‍റെ മനുഷ്യത്വത്തെ കൂടുതല്‍ പ്രകാശിപ്പിക്കുന്നു എന്നത് ശരിയാണ്.
എന്നാല്‍ അവന്‍ സാധാരണക്കാരെപ്പോലെ ഒരു മനുഷ്യപുത്രന്‍ അല്ല; യേശു മനുഷ്യരില്‍ ഉന്നതനും ഉത്തമനും ആയിരുന്നു.
യേശു പാപമില്ലാത്ത മനുഷ്യപുത്രന്‍ ആയിരുന്നു; പരിപൂര്‍ണ്ണന്‍ ആയ മനുഷ്യന്‍ ആയിരുന്നു; ദൈവത്തെയും മനുഷ്യരെയും നിരപ്പിലേക്ക്‌ കൊണ്ടുവന്ന മനുഷ്യപുത്രന്‍ ആയിരുന്നു.
ഈ മനുഷ്യപുത്രനെ ആണ് നമ്മള്‍ ദാനിയേല്‍ 7 ല്‍ കാണുന്നത്. അവനു മനുഷ്യരുടെ വീണ്ടെടുപ്പിന്റെ ചരിത്രത്തില്‍ ഉന്നതമായ സ്ഥാനം ലഭിച്ചു.

മനുഷ്യപുത്രന്‍ എന്ന പദം യേശു ആദ്യമായി ഉപയോഗിച്ചത്, നിക്കോദേമൊസ് എന്ന യഹൂദ പള്ളിപ്രമാണിയുമായുള്ള സംഭാഷണത്തില്‍ ആണ് എന്ന് കരുതപ്പെടുന്നു.

യോഹന്നാന്‍ 3: 13, 14
13   സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.
14   മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.

ഈ വാക്കുകളില്‍ യേശുവിന്‍റെ കാല്‍വറിയിലെ യാഗവും ലോഗോസ് എന്ന ദൈവീക സ്വത്വവും ഉണ്ട്.
യേശു മനുഷ്യനായി ജനിക്കുന്നതിനും മുമ്പ് അവന്‍ ഉണ്ടായിരുന്നു എന്നും, ഭൂമിയില്‍ അവന്‍ ഇടപെട്ടുകൊണ്ടിരുന്നു എന്നും സ്വര്‍ഗീയ മര്‍മ്മങ്ങളെക്കുറിച്ചുള്ള അവന്‍റെ അറിവും ഈ വാക്കുകളില്‍ ഉണ്ട്.
നിക്കോദേമൊസ്, യേശുവിനെ, ദൈവത്തിന്റെ അടുക്കൽനിന്നു ഉപദേഷ്ടാവായി വന്നവന്‍ എന്നും, സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നവനും സ്വർഗ്ഗത്തിൽ ഇരിക്കുന്നവനുമായ മനുഷ്യപുത്രൻ എന്നും തുറന്ന് സമ്മതിക്കുന്നു.
എങ്കിലും യേശു പറഞ്ഞത് എല്ലാം വിശ്വസിക്കുവാന്‍ അവന്‍ തയ്യാറായില്ല.
അതുകൊണ്ടായിരിക്കാം യേശു ദൈവപുത്രനാണ്‌ എന്ന് പത്രോസ് പറഞ്ഞപ്പോള്‍ അവനു ലഭിച്ച അഭിനന്ദനം നിക്കോദേമൊസിന് ലഭിച്ചില്ല.

മനുഷ്യപുത്രന്‍ എന്ന പദം മനുഷ്യനെ കാണിക്കുന്നു; ഒപ്പം അത് യേശുക്രിസ്തുവിന്റെ പേരുകൂടെ ആയിരുന്നു.
യേശു മനുഷ്യപുത്രന്‍ ആയിരുന്നു, അവന്‍ മനുഷ്യനായി ജനിച്ചവന്‍ ആണ്.
ദാനിയേല്‍ 7 പ്രകാരം അവന്‍ സ്വര്‍ഗ്ഗീയനും ഉന്നതനും ആണ്.
മനുഷ്യപുത്രന്‍ എന്ന് സ്വയം വിശേഷിപ്പിച്ചതിലൂടെ, ഈ രണ്ടു അര്‍ത്ഥങ്ങളും യേശു ഉദ്ദേശിച്ചിരുന്നു.
യേശു പരിപൂര്‍ണ്ണന്‍ ആയ മനുഷ്യനും ദൈവം മനുഷ്യ സാദൃശ്യത്തില്‍ ജനിച്ചവനും ആയിരുന്നു.

ദൈവപുത്രന്‍

ഇനി നമുക്ക് ദൈവപുത്രന്‍ എന്ന പദത്തെക്കുറിച്ച് ചിന്തിക്കാം.
പഴയനിയമത്തില്‍ ദൈവവുമായി സവിശേഷമായ ബന്ധങ്ങള്‍ ഉള്ളവരെ ദൈവപുത്രന്‍ എന്ന് വിളിച്ചിരുന്നതായി കാണുന്നുണ്ട്.
അവിടെ, ദൂതന്മാരെയും, നീതീമാന്മാരായ മനുഷ്യരെയും, യിസ്രായേല്‍ രാജാക്കന്മാരെയും ദൈവപുത്രന്‍മാര്‍ എന്ന് വിളിച്ചിട്ടുണ്ട്.
പഴയനിയമത്തില്‍ കാണുന്ന ദൈവപുത്രന്‍, ദൈവപുത്രന്മാര്‍ എന്നീ പദങ്ങള്‍ യേശുവിനെക്കുറിച്ചോ ത്രിത്വം എന്ന ക്രിസ്തീയ ഉപദേശത്തെക്കുറിച്ചോ പൊതുവേ പരാമര്‍ശിക്കുന്നില്ല.
പുതിയനിയമത്തില്‍ ആദമിനെക്കുറിച്ചും യേശു ക്രിസ്തുവിനെക്കുറിച്ചും ദൈവപുത്രന്‍ എന്ന് പറയുന്നുണ്ട്; യേശുവില്‍ വിശ്വസിക്കുന്നവരെ ദൈവമക്കള്‍ എന്നും വിളിക്കാറുണ്ട്.

രണ്ടു വ്യത്യസ്തങ്ങള്‍ ആയ സന്ദര്‍ഭങ്ങളില്‍ ആകാശത്തുനിന്നും ദൈവശബ്ദം യേശുവിനെ ദൈവപുത്രന്‍ എന്ന് വിളിക്കുന്നുണ്ട്.
യേശു സ്വയം ദൈവപുത്രന്‍ എന്ന് വിളിക്കുകയും മറ്റുള്ളവര്‍ അവനെ അങ്ങനെ വിളിക്കുകയും ചെയ്തിട്ടുണ്ട്.
യേശുവിനെക്കുറിച്ച് പറയുമ്പോള്‍ ഈ പദം യേശു മശിഹ ആണ് എന്നും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട രാജാവാണ് എന്നും അര്‍ത്ഥം ആക്കുന്നു.

രാജാക്കന്മാരും ചക്രവര്‍ത്തിമാരും
ചരിത്രത്തില്‍ അനേകം രാജാക്കന്മാരും ചക്രവര്‍ത്തിമാരും ദൈവപുത്രന്‍, സ്വര്‍ഗീയ പുത്രന്‍ എന്നീ പേരുകള്‍ സ്വീകരിച്ചിട്ടുണ്ട്.
ചൈനയില്‍ 1000 BC യില്‍ ഉണ്ടായിരുന്ന പശ്ചിമ സൌ ചക്രവര്‍ത്തിമാരും ജപ്പാനില്‍ 600 BC ല്‍ ഉണ്ടായിരുന്ന ചക്രവര്‍ത്തിമാരും ദൈവപുത്രന്‍ എന്ന പേര് സ്വീകരിച്ചിരുന്നു.
360 BC മുതല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി അമ്മോന്‍ സിയൂസിന്റെ പുത്രന്‍ അഥവാ സൂര്യദേവന്റെ പുത്രന്‍ എന്ന പേര് ഉപയോഗിച്ചിരുന്നു.
പൌരസ്ത്യ രാജ്യങ്ങളില്‍ രാജാക്കന്മാര്‍ ഈ പേര് സ്വീകരിക്കുന്ന പതിവ് ഉണ്ടായിരുന്നു.
ഈജിപ്തില്‍ ഈ പേരിന്‍റെ ഉപയോഗത്തെക്കുറിച്ച് പരമ്പരാഗതമായ ഐതീഹങ്ങള്‍ ഉണ്ടായിരുന്നു.
ഈജിപ്തിലെ ഫറവോന്‍ ചക്രവര്‍ത്തിമാര്‍ ഈജിപ്ത്യന്‍ ദേവന്‍മാരുടെ പുത്രന്‍മാര്‍ ആണ് എന്ന് വിശ്വസിക്കപ്പെട്ടിരുന്നു.
ഗ്രീക്ക് ഐതീഹങ്ങളില്‍, സിയൂസ് ദേവന് മനുഷ്യ സ്ത്രീയില്‍ ജനിച്ച മകനാണ് ഹെരാക്ലിസ് എന്ന് വിശ്വസിക്കപ്പെട്ടിരുന്നു.
ഇവര്‍ എല്ലാവരും ജനങ്ങളുടെ ആരാധന സ്വീകരിക്കുകയും ചെയ്തിരുന്നു.

യേശുവിന്‍റെ ജനനവും ശുശ്രൂഷകളും,  ദിവ്യത്വം കല്‍പ്പിക്കപ്പെട്ട റോമന്‍ ചക്രവര്‍ത്തിമാരുടെ കാലത്തായിരുന്നു.
42 BC യില്‍ ജൂലിയസ് സീസര്‍, അദ്ദേഹത്തിന്‍റെ മരണത്തിനു ശേഷം, ദൈവമായി പ്രഖ്യാപിക്കപ്പെട്ടു.
അങ്ങനെ അദ്ദേഹത്തിന്‍റെ ദത്തുപുത്രന്‍ ആയിരുന്ന ഒക്ടവിയസ് അഗസ്റ്റസ് ദൈവപുത്രനായി.
പിന്നീട് അധികാരത്തില്‍ വന്ന റോമന്‍ ചക്രവര്‍ത്തി ടൈബീരിയസ് ദൈവപുത്രന്‍ എന്ന പേര് സ്വീകരിച്ചു.
ഒന്നാം നൂറ്റാണ്ടിന്റെ അവസാനഭാഗത്ത് അധികാരത്തില്‍ ഇരുന്ന ഡോമീഷിയന്‍ ചക്രവര്‍ത്തിയെ യജമാനന്‍ എന്നും ദൈവം എന്നും വിളിച്ചിരുന്നു.

ചില യഹൂദ രാജാക്കന്മാരും ദൈവപുത്രന്‍ എന്ന് വിളിക്കപ്പെട്ടിരുന്നു. (2 ശമുവേല്‍ 7: 14)
എന്നാല്‍ യഹൂദ രാജാക്കന്മാര്‍ പുരോഹിതന്മാരായി യാഗങ്ങള്‍ നടത്തുകയോ, ജനങ്ങളുടെ ആരാധന സ്വീകരിക്കുകയോ ചെയ്തില്ല.
രാജാവിന്റെതും രാജാവിനുവേണ്ടി ഉള്ളതുമായ എല്ലാ പ്രാര്‍ഥനകളും യഹോവയായ ദൈവത്തിന് നേരിട്ട് അര്‍പ്പിക്കുക ആയിരുന്നു.

യഹൂദ മതം
ദൈവപുത്രന്‍, ദൈവത്തിന്റെ പുത്രന്മാര്‍ എന്നീ പദങ്ങള്‍ പഴയനിയമ പുസ്തകങ്ങളില്‍ കാണുന്നുണ്ട് എങ്കിലും ദൈവത്തിന് ശാരീരികമായി ജനിച്ച പുത്രന്മാര്‍ എന്ന അര്‍ത്ഥം അവിടെ എങ്ങും ഇല്ല.
അത്തരം ഒരു കാഴ്ചപ്പാട് യാഹൂദന്മാര്‍ക്ക് അന്നും ഇന്നും ഇല്ല.
യിസ്രായേല്‍ ജനത്തെ മുഴുവന്‍ ദൈവത്തിന്‍റെ പുത്രന്മാര്‍ എന്ന് വിളിക്കുന്ന അതെ ആശയത്തില്‍ തന്നെ ആണ് ദൈവപുത്രന്‍ എന്ന പദം അവിടെ ഉപയോഗിച്ചിരിക്കുന്നത്.
യഹൂദ റബ്ബിമാര്‍ ദൈവപുത്രന്‍ എന്ന പദം ഉപയോഗിച്ചപ്പോള്‍ മനുഷ്യരെ മൊത്തമായോ, യിസ്രായേല്‍ ജനത്തെ മൊത്തമായോ പരാമര്‍ശിക്കുക മാത്രമേ ചെയ്തുള്ളൂ,
പഴയനിയത്തിലെ ദൈവപുത്രന്‍ എന്ന വാക്ക് യഹൂദന്മാരുടെ മശിഹയെപ്പോലും പരാമര്‍ശിച്ചിട്ടില്ല.
കാരണം, എബ്രായ ഭാഷയില്‍ മശിഹ എന്ന പദത്തിന് വിശാലാമായ അര്‍ത്ഥവും വ്യത്യസ്തങ്ങള്‍ ആയ ഉപയോഗങ്ങളും ഉണ്ടായിരുന്നു.

ദൈവപുത്രനായ യേശുക്രിസ്തു

ക്രിസ്തീയ വിശ്വാസത്തില്‍ ദൈവപുത്രന്‍ എന്ന വാക്ക് യേശുക്രിസ്തുവിനെ കാണിക്കുന്നു;
അത് പിതാവായ ദൈവത്തിന്‍റെ പുത്രന്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്നു.
ദൈവപുത്രന്‍ എന്ന പദം പുതിയനിയമത്തില്‍ 43 പ്രാവശ്യം നമ്മള്‍ കാണുന്നു; എല്ലായ്പ്പോഴും അത് യേശുക്രിസ്തുവിനെ പരാമര്‍ശിക്കുന്നു.
അതിന്റെ അര്‍ത്ഥം, യേശു ദൈവം ആണ് എന്നാണ്. മനുഷ്യരെപ്പോലെ, യേശു ദൈവത്തില്‍ നിന്നും ജനിച്ചു എന്ന് അതിന് അര്‍ത്ഥം ഇല്ല.
ദൈവവും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തെയാണ് ഈ വാക്ക് കാണിക്കുന്നത്.
ഈ സത്യം നമുക്ക് യോഹന്നാന്‍റെ സുവിശേഷം 10-)o അദ്ധ്യായം 30 മുതല്‍ 35 വരെയുള്ള വാക്യങ്ങളില്‍നിന്നും മനസ്സിലാക്കാവുന്നതാണ്.

യോഹന്നാന്‍  10: 30 ഞാനും പിതാവും ഒന്നാകുന്നു.”

ഒന്നാകുന്നു എന്നതിന് യേശു ഉപയോഗിച്ചിരിക്കുന്നത് heis എന്ന ഗ്രീക്ക് പദം ആണ്.
ഈ ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം 1 എന്ന സംഖ്യ ആണ്. ചിലര്‍ ഇതിനെ ഏകന്‍ എന്ന് വ്യാഖ്യനിക്കാറുള്ളത് ശരിയല്ല.
1 എന്ന സംഖ്യ ഉപയോഗിച്ചതിലൂടെ യേശു പറഞ്ഞത്, പിതാവായ ദൈവവും പുത്രനും ഒന്നാണ് എന്നും പിതാവ് പുത്രനും, പുത്രന്‍ പിതാവും ആണ് എന്നും ആണ്.
യേശു ഇവിടെ ത്രിത്വം എന്ന ആശയം വ്യക്തമാക്കുക ആണ്.
യേശുവിന്റെ വാക്കുകളോടുള്ള കേള്‍വിക്കാരായ യഹൂദ മത പണ്ഡിതന്‍മാരുടെ പ്രതികരണം ഈ ആശയത്തെ കൂടുതല്‍ ഉറപ്പിക്കുന്നു.
യേശു ഇവിടെ, താന്‍ ദൈവമാണ് എന്ന് പ്രഖ്യാപിക്കുക ആയിരുന്നു എന്നുതന്നെ ആണ് അവര്‍ മനസ്സിലാക്കിയത്.

യോഹന്നാന്‍ 10: 31 - 33
31   യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.
32  യേശു അവരോടു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ലപ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.
33  യെഹൂദന്മാർ അവനോടു: നല്ലപ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.

യേശു ദൈവമാണ് എന്നുതന്നെ ആണ് പറഞ്ഞത് എന്നതില്‍ യഹൂദന്മാര്‍ക്ക്  സംശയം ഉണ്ടായിരുന്നില്ല.
യേശുവും പിതാവായ ദൈവവും ഒന്നാണ് എന്നാണു അവന്‍ പറഞ്ഞത്.
ഇതാണ് ദൈവപുത്രന്‍ എന്ന പദം യേശു ഉപയോഗിക്കുമ്പോള്‍ ഉള്ള അര്‍ത്ഥം. അതുകൊണ്ട് യേശു ദൈവദൂഷണം പറയുന്നു എന്ന് അവര്‍ കുറ്റപ്പെടുത്തി, അവനെ കല്ലെറിഞ്ഞ് കൊല്ലുവാന്‍ ശ്രമിച്ചു.
അതായത്, ദൈവപുത്രന്‍ എന്ന് യേശു പറഞ്ഞപ്പോള്‍, അവന്‍ ദൈവമാണ് എന്നാണ് അര്‍ത്ഥമാക്കിയത്.

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, മനുഷ്യരുടെ പുത്രന്മാരെപ്പോലെ അല്ല, യേശു ദൈവ പുത്രന്‍ ആയിരിക്കുനത്.
ദൈവം വിവാഹം കഴിക്കുകയോ, മനുഷ്യ സ്ത്രീയില്‍ ദൈവത്തിന് ശാരീരികമായി ഒരു പുത്രന്‍ ജനിക്കുകയോ ചെയ്തില്ല.
ദൈവം മനുഷ്യരൂപത്തില്‍ നമ്മളുടെ ഇടയില്‍ ജീവിച്ചതാണ് യേശു ക്രിസ്തു. (യോഹന്നാന്‍ 1: 114).
യേശുവിനെ അവന്റെ ഭൌതീക മാതാവായ മറിയ പരിശുദ്ധാത്മാവില്‍ ഗര്‍ഭം ധരിക്കുക ആയിരുന്നു.

ലൂക്കോസ് 1: 35 അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.

പുത്രന്‍ പിതാവിന്‍റെ സകല സവിശേഷതകളും ഉള്ളവനും പിതാവിന് തുല്യനും ആണ്.
ദൂതന്‍ മറിയയോട്പറയുന്നത്, ജനിക്കുവാനിരിക്കുന്ന ശിശു അതുന്യതനായ ദൈവത്തോട് എല്ലാ അര്‍ത്ഥത്തിലും തുല്യന്‍ ആയിരിക്കും എന്നാണു.

യേശുവിന്‍റെ ക്രൂശീകരണത്തിനു മുമ്പുണ്ടായ കുറ്റവിചാരണ സമയത്ത്, മഹാപുരോഹിതന്‍ യേശുവിനോട് ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്:

മത്തായി 26: 63, 64
63  ... മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.
64  യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.

ഇതു കേട്ട മഹാപുരോഹിതന്‍, “ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ” എന്നാണ് പ്രതികരിച്ചത്  (26: 65)
പിന്നീട് പീലാത്തോസിന്റെ അടുക്കലും യഹൂദന്മാര്‍ ഇതേ കുറ്റം ആവര്‍ത്തിച്ചു.
യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹന്നാന്‍ 19: 7)
ദൈവപുത്രന്‍ എന്ന യേശുവിന്റെ അവകാശവാദത്തെ എന്തുകൊണ്ടാണ് യഹൂദന്മാര്‍ ദൈവദൂഷണം എന്ന് വിളിച്ചത്? എന്തുകൊണ്ടാണ് അതിനാല്‍ യേശു മരിക്കേണം എന്ന് അവര്‍ പറഞ്ഞത്.
ദൈവപുത്രന്‍ എന്ന് യേശു പറഞ്ഞപ്പോള്‍ അവന്‍ ദൈവമാണ് എന്ന് അവകാശപ്പെടുകയാണ് എന്ന് യഹൂദന്മാര്‍ മനസ്സിലാക്കി.
ദൈവപുത്രന്‍ എന്നാല്‍, ദൈവത്തിന്റെ അതെ സത്വം ആണ്; അതായത് ദൈവം തന്നെ ആണ്.
അതിനാല്‍ ലേവ്യാപുസ്തകം 24: 16 ല്‍ പറയുന്ന പ്രകാരം, “യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടെ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.”
എബ്രായര്‍ 1: 3 ല്‍ നമ്മള്‍ വായിക്കുന്നു: “അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും” ചെയ്തു.

ദൈവപുത്രന്‍ എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ നമുക്ക് മറ്റൊരു സമാനമായ പദപ്രയോഗം നോക്കാം.
യോഹന്നാന്‍ 17: 12 ല്‍ യേശുവിനെ ഒറ്റികൊടുത്ത യൂദാസിനെക്കുറിച്ച്,  “നാശയോഗ്യന്‍” എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് ഇംഗ്ലീഷിലും ഗ്രീക്കിലും, son of perdition അഥവാ നാശത്തിന്‍റെ പുത്രന്‍ എന്നാണ്. 
എന്നാല്‍ യോഹന്നാന്‍ 6: 71 ല്‍ അവന്‍  ശിമോൻ ഈസ്കര്യയ്യോത്താവിന്റെ മകനായ യൂദ” ആണന്ന് പറയുന്നു.
അതിന്‍റെ അര്‍ത്ഥം, യൂദ ‘നാശത്തിന്’, മനുഷ്യര്‍ക്ക് എന്നപോലെ ജനിച്ച പുത്രന്‍ അല്ല; നാശത്തിന്‍റെ എല്ലാ ഗുണവിശേഷങ്ങളും ഉള്ള മനുഷ്യന്‍ ആണ് എന്നാണ്.
യൂദായുടെ ജീവിതം നാശത്തിന്‍റെ ഒരു പ്രത്യക്ഷത പോലെ ആയിരുന്നു.

യേശു ദൈവ പുത്രന്‍ ആയിരുന്നു. ദൈവപുത്രന്‍ ദൈവമാണ്. ദൈവപുത്രന്‍ ദൈവത്തിന്‍റെ പ്രത്യക്ഷത ആണ്.
യേശു ദൈവപുത്രന്‍ ആണ് എന്ന് പറഞ്ഞാല്‍, അവന്‍ നിത്യമായി ദൈവത്തില്‍ നിന്നും പുറപ്പെട്ട് വന്നവന്‍ എന്നാണ് അര്‍ത്ഥം.
യേശു ത്രിത്വത്തിലെ രണ്ടാമനായ, ദൈവത്തിന്‍റെ എല്ലാ സവിശേഷതകളും ഉള്ള പുത്രനായ ദൈവം ആണ്.

നിത്യമായ പുത്രത്വം

ഇവിടെ യേശു നിത്യമായി ദൈവപുത്രന്‍ ആണ് എന്ന് വ്യക്തമായി നമ്മള്‍ മനസ്സിലാക്കേണം.
യേശു ക്രിസ്തു ഇല്ലാതിരുന്ന ഒരു സമയവും കാലവും ഉണ്ടായിട്ടില്ല; നിത്യമായിതന്നെ പിതാവ്-പുത്രന്‍ എന്ന ബന്ധം നിലനിന്നിരുന്നു.
അതായത് ചരിത്രത്തില്‍ ഏതെങ്കിലും ഒരു അവസരത്തില്‍ ക്രിസ്തുവിന് നല്കപ്പെട്ടതോ ക്രിസ്തു ഏറ്റെടുത്തതോ ആയ ഒരു പേര് അല്ല ദൈവപുതന്‍ എന്നത്.
ദൈവപുത്രന്‍ എന്നത് ദൈവീക ത്രിത്വത്തിലെ രണ്ടാമനായ ക്രിസ്തുവിന്റെ സത്വം ആണ്.
ക്രിസ്തു എന്നും, ഇന്നും, എന്നേക്കും ദൈവപുത്രന്‍ തന്നെ ആയിരിക്കും.
സൃഷ്ടിക്കും മുമ്പേ യേശു ക്രിസ്തു ദൈവപുത്രന്‍ ആയിരുന്നു; ഈ ഭൂമിയില്‍ യേശു ആയിരുന്നപ്പോഴും അവന്‍ സ്വര്‍ഗ്ഗത്തില്‍ ദൈവമായിരുന്നു; ക്രിസ്തു വരുവാനിരിക്കുന്ന നിത്യതിലും ദൈവപുത്രന്‍ ആയിരിക്കും.
ത്രിത്വത്തില്‍ ഒരുവന്‍ എന്നതാണ് ക്രിസ്തുവിന്റെ സ്വര്‍ഗീയ സ്ഥാനം.
എന്നാല്‍ യേശു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ അവന്‍ സമ്പൂര്‍ണ്ണ മനുഷ്യന്‍ ആയിരുന്നു; അതുകൊണ്ടാണ് അവനു അനേകര്‍ക്ക്‌ വേണ്ടി മറുവില അഥവാ തുല്യവില ആകുവാന്‍ കഴിഞ്ഞത്. (മത്തായി 20: 28)
യേശുവിന് ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ ഒരു മനുഷ്യ ശരീരം ഉണ്ടായിരുന്നു, മനുഷ്യരെപ്പോലെ സ്വതന്ത്ര ഇച്ചാശക്തിയും ഉണ്ടായിരുന്നു. (ലൂക്കോസ് 22: 42; യോഹന്നാന്‍ 5: 30)
എന്നാല്‍ യേശു തന്‍റെ ഇശ്ചയെ ദൈവത്തിന്‍റെ ഇഷ്ടത്തിനായി കീഴ്പ്പെടുത്തുകയും എല്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെ യേശു ഒരിക്കലും പാപം ചെയ്തില്ല.
പാപത്തെ കീഴടക്കിയതിനാല്‍ അവനു മരണത്തെയും കീഴടക്കുവാന്‍ കഴിഞ്ഞു. അങ്ങനെ അവന്‍ ഇന്ന് ദൈവത്തിന്റെ വലതു ഭാഗത്ത് ഇരിക്കുന്നു.
ഒരു മനുഷ്യന്‍ എന്ന നിലയില്‍ യേശുവിന് കഴിഞ്ഞത് നമ്മള്‍ക്ക് എല്ലാവര്‍ക്കും കഴിയും. നമുക്കും യേശുവിനെപ്പോലെ ജീവിക്കുവാന്‍ കഴിയും.
നമുക്ക് യേശുവിനെ സത്യമായും അനുഗമിക്കുവാനും അവന്റെ യഥാര്‍ത്ഥ ശിഷ്യന്മാര്‍ ആകുവാനും കഴിയും. അങ്ങനെ യേശു ഇപ്പോള്‍ എവിടെ ആയിരിക്കുന്നുവോ അവിടെ നമുക്കും എത്തിച്ചേരുവാന്‍ കഴിയും.

1 യോഹന്നാന്‍ 4: 2, 3
2    ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.
യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.

യേശുവിന്റെ ഭൌതീക ആഗമനത്തിന്റെ ഉദ്ദേശ്യം 1 യോഹന്നാന്‍ 3: 8 ല്‍ വായിക്കാം.

“പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.”

ഇവിടെ ‘പ്രത്യക്ഷനായി’ എന്ന് പറയുവാനുപയോഗിചിരിക്കുന്ന ഗ്രീക്ക് വാക്കിന്‍റെ അര്‍ത്ഥം, മുമ്പ് മറഞ്ഞിരുന്ന ഒന്ന് ഇപ്പോള്‍ കാണുവാന്‍ തക്കവണ്ണം വെളിപ്പെട്ടു എന്നാണ്.
നിത്യമായി ഉണ്ടായിരുന്ന ദൈവപുത്രന്‍, ദൈവത്തിന്റെ മുന്‍ നിര്‍ണ്ണയിക്കപ്പെട്ടിരുന്ന പദ്ധതിക്കായി,  ഇപ്പോള്‍ നമുക്ക് കാണുവാന്‍ കഴിയുന്നവണ്ണം വെളിപ്പെട്ടു വന്നിരിക്കുന്നു എന്ന് അര്‍ത്ഥം.

യോഹന്നാന്‍ 16: 28 ഞാൻ പിതാവിന്റെ അടുക്കൽനിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.

ഇവിടെ യേശു വ്യക്തമായി പറയുക ആണ്, തന്നെ പിതാവായ ദൈവം ഒരു ജോലി ഏല്‍പ്പിച്ച് അത് ചെയ്തു തീര്‍ക്കുവാനായി ഒരു ദൂതനെപ്പോലെ അയച്ചതല്ല.
യേശുക്രിസ്തു, പിതാവിങ്കല്‍ നിന്നും വന്നു, പിതാവിങ്കലേക്ക് തിരികെ പോയി. ഇതാണ് യേശു പറഞ്ഞതിന്റെ ശരിയായ അര്‍ത്ഥം.
പുത്രന്‍ എന്ന ക്രിസ്തുവിന്റെ ഭൌതീക പ്രത്യക്ഷത പിതാവായ ദൈവത്തില്‍ നിന്നും വന്നതാണ്, ഉയിര്‍പ്പിന് ശേഷം അവന്‍ അതെ പിതാവിങ്കലേക്ക് തിരികെ പോയി.
അതായത്, ഭൌതീക ലോകത്തില്‍ ആയിരുന്നപ്പോള്‍ യേശുക്രിസ്തു ദൈവപുത്രന്‍ ആയിരുന്നതുപോലെയും, ഉയിര്‍പ്പിന് ശേഷം അവന്‍ ദൈവപുത്രന്‍ ആയിരിക്കുന്നതുപോലെയും അവന്‍റെ ഭൌതീക വെളിപ്പാടിനു മുമ്പും ദൈവപുത്രന്‍ ആയിരുന്നു.

ഉപസംഹാരം

നമുക്ക് ഈ പഠനം ഇങ്ങനെ അവസാനിപ്പികാം.
മനുഷ്യപുത്രന്‍ എന്ന പദം അവന്റെ മനുഷ്യത്വത്തെയും ദൈവപുത്രന്‍ എന്ന പദം യേശുവിന്‍റെ ദൈവീകത്വത്തെയും സൂചിപ്പിക്കുന്നു.
എന്നിരുന്നാലും, ദൈവപുത്രന്‍ എന്ന ആശയം ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ഉപദേശങ്ങളില്‍ പ്രധാനപ്പെട്ടത് ആയി തുടരുമ്പോഴും മനുഷ്യപുത്രന്‍ എന്ന ആശയത്തിന് അത്തരമൊരു പ്രാധാന്യം ഇല്ല.
യേശു നിത്യനായി ദൈവപുത്രന്‍ ആണ്. ദൈവപുത്രന്‍ എന്നത് ഒരു പദവിയോ പേരോ മാത്രമല്ല.
മനുഷ്യരെപ്പോലെ ദൈവം ഒരു പുത്രന് ജന്മം നല്‍കി എന്നും അതിനു അര്‍ത്ഥം ഇല്ല.
ദൈവപുത്രന്‍ എന്നത് ക്രിസ്തുവും പിതാവായ ദൈവവും തമ്മിലുള്ള ബന്ധത്തെയാണ് കാണിക്കുന്നത്.
ഈ ബന്ധത്തെ ഒരിക്കലും ക്രിസ്തുവിനും പിതാവായ ദൈവത്തിനും ഉപേക്ഷിക്കുവാന്‍ കഴിയാത്തതുകൊണ്ട്, അവര്‍ അത് ഒരു അവസരത്തിലും ഉപേക്ഷിച്ചിട്ടും ഇല്ല.
മനുഷ്യരുടെ പാപങ്ങള്‍ക്ക്‌ പരിഹാരമായി ഏക യാഗമായി തീരുവാനായി തികച്ചും മനുഷ്യ പുത്രനായി ദൈവപുത്രന്‍ ഈ ഭൂമിയില്‍ ജനിച്ചു.
അവന്‍ ഈ ഭൂമിയില്‍ ഒരു സമ്പൂര്‍ണ്ണ മനുഷ്യന്‍ ആയിരിക്കുമ്പോള്‍ തന്നെ, സ്വര്‍ഗ്ഗത്തില്‍ ദൈവപുത്രന്‍ ആയിരുന്നു.
ദൈവപുത്രന്‍ എന്നത് ക്രിസ്തുവിന്റെ പിതാവായ ദൈവവുമായുള്ള നിത്യമായ ബന്ധം ആണ്.

ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.
ദൈവം നിങ്ങളെ ഏവരെയും സമൃദ്ധിയായി അനുഗ്രഹിക്കട്ടെ. ആമേന്‍.

Official website: naphtalitribe.com

Watch the video of this message in English and Malayalam @ naphtalitribetv.com
Listen to the audio messages in English and Malayalam @ naphtalitriberadio.com
Read study notes in Malayalam @ vathil.in

No comments:

Post a Comment