വിജയകരമായ ക്രിസ്തീയ ജീവിതത്തിന്‍റെ രഹസ്യങ്ങള്‍

വിജയകരമായ ക്രിസ്തീയ ജീവിതത്തിന്‍റെ രഹസ്യങ്ങള്‍ എന്നതാണ് നമ്മളുടെ ഇന്നത്തെ ചിന്താവിഷയം.
ഈ ഭൂമിയില്‍ നമ്മള്‍ ആയിരികുമ്പോള്‍ വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ നിങ്ങളെ സഹായിക്കുന്ന 5 രഹസ്യങ്ങള്‍ അഥവാ മര്‍മ്മങ്ങള്‍ നിങ്ങളുമായി പങ്ക് വെക്കാം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഈ ഭൂമിയില്‍ നമ്മള്‍ ആയിരിക്കുമ്പോള്‍ വിജയകരമായ ഒരു കിസ്തീയ ജീവിതം നമ്മള്‍ നയിക്കേണം എന്നാണ് എന്റെ അഭിപ്രായം.
വിജയത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നത്, ഭൌതീക മണ്ഡലത്തില്‍ ഉള്ള വിജയത്തെക്കുറിച്ച് മാത്രമല്ല, ആത്മീയ മണ്ഡലത്തിലെ വിജയത്തെക്കുറിച്ച് കൂടി ആണ്.

ആത്മീയ ജീവിതവും ഭൌതീക ജീവിതവും തമ്മിലുള്ള വേര്‍തിരിവ് എനിക്ക് അംഗീകരിക്കുവാന്‍ പ്രയാസമുള്ള കാര്യം ആണ്.
യേശുവില്‍ വിശ്വസിച്ച് വീണ്ടും ജനനം പ്രാപിച്ച ഒരു ക്രിസ്തീയ വിശ്വാസിക്ക് ഭൌതീക ജീവിതം, ആത്മീയ ജീവിതം എന്നിങ്ങനെ രണ്ടു വ്യത്യസ്തങ്ങളായ ജീവിതം ഇല്ല.
ദൈവരാജ്യത്തിന്റെ അനുഭവത്തില്‍ ജീവിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും ഭൌതീക ജീവിതവും ആത്മീയ ജീവിതവും ഒന്നാണ്, അത് രണ്ടല്ല.
വീണ്ടും ജനനം പ്രാപിച്ച വിശ്വാസികള്‍ ഇപ്പോള്‍ ക്രിസ്തുവിനോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നു. (എഫെസ്യര്‍ 2:7)
അതുകൊണ്ട് തന്നെ, ജയകരമായ ക്രിസ്തീയ ജീവിതം ദൈവരാജ്യത്തിനൊത്തവണ്ണമുള്ള ജീവിതം ആണ്.
ജയകരമായ ക്രിസ്തീയ ജീവിതം ക്രിസ്തുവിന്‍റെ “ആധിപത്യത്തിന്‍റെ വര്‍ദ്ധനെക്കും സമാധാനത്തിനും അവസാനം” ഉണ്ടാകിതിരിക്കുവാന്‍ ആവശ്യമാണ്‌. (യെശയ്യാവ് 9:7)

ചില മര്‍മ്മങ്ങള്‍ അഥവാ രഹസ്യങ്ങള്‍ മനസ്സിലാക്കാതെ നമുക്ക് വിജയകരമായി ജീവിക്കുവാന്‍ സാധ്യമല്ല.
ഈ ഭൂമിയിലെ രാജ്യങ്ങള്‍ക്ക് അവരുടെ ജയത്തിനും അഭിവൃദ്ധിക്കും ചില രഹസ്യങ്ങള്‍ ഉണ്ട്.
അതുപോലെ തന്നെ ദൈവരാജ്യത്തിന്റെ ജയത്തിനും, വിജയകരമായ ക്രിസ്തീയ ജീവിതത്തിനും ചില രഹസ്യങ്ങള്‍ ഉണ്ട്.
എന്നാല്‍ സമയപരിമിതി മൂലം, അവ എല്ലാം, ഇവിടെ വിവരിക്കുവാന്‍ സാധ്യമല്ല; ദൈവരാജ്യം എന്നത് തന്നെ ഒരു മര്‍മ്മമാണല്ലോ.
ദൈവരാജ്യത്തെക്കുറിച്ചു നമുക്ക് ചില വെളിപ്പാടുകള്‍ ലഭ്യമാണ്; അതുപോലെ തന്നെ വിജയകരമായ ക്രിസ്തീയ ജീവിതത്തെക്കുറിച്ചും നമുക്ക് ചില രഹസ്യങ്ങള്‍ ലഭ്യമാണ്.
അവയില്‍ ചിലത് നമുക്ക് സമയ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ചിന്തിക്കാം.

നമ്മള്‍ ആരാണ്?

നമ്മള്‍ ആരാണ് എന്ന ചോദ്യത്തോടെ നമുക്ക് ആരംഭിക്കാം.
അനേകം കഴിവുകളും കുറവുകളും സാധ്യതകളും പരിമിതികളുമുള്ള മനുഷ്യര്‍ ആണ് നമ്മള്‍.
നമുക്ക് വേഗത്തില്‍ ഓടുവാന്‍ കഴിയും എന്നാല്‍ പറക്കുവാന്‍ കഴിയുക ഇല്ല.
നമുക്ക് വെള്ളത്തില്‍ നീന്തുവാനും ആഴത്തിലേക്ക് മുങ്ങുവാനും കഴിയും, എന്നാല്‍ മത്സ്യങ്ങളെ പോലെ ജലത്തില്‍ ജീവിക്കുവാന്‍ കഴിയുക ഇല്ല.
പാചകം ചെയ്ത ആഹാരമാണ് നമ്മളുടെ ശരീരത്തിന് ഏറെ യോജ്യം; മൃഗങ്ങളും പക്ഷികളും കഴിക്കുന്നതെല്ലാം നമുക്ക് കഴിക്കുവാന്‍ സാധ്യമല്ല.
നമുക്ക് വളരെയധികം കഴിവുകള്‍ ഉണ്ട്, ബുദ്ധിവൈഭവം ഉണ്ട്, എന്നാല്‍ നമ്മള്‍ക്ക് അനേകം പരിമിതികളും ഉണ്ട്.
നമ്മളുടെ സങ്കല്‍പ്പത്തില്‍ കാണുന്നതെല്ലാം നമുക്ക് ചെയ്യുവാന്‍ കഴിയുക ഇല്ല.

ആത്മീയതലത്തില്‍ നമുക്ക് ഒരു ഖേദകരമായ പരിമിതി ഉണ്ട്.
നമ്മള്‍ പൂര്‍ണ്ണമായും മലിനപ്പെട്ടവര്‍ ആണ്. ഇതാണ് മനുഷ്യരുടെ ആത്മീയ അവസ്ഥ.
“സമ്പൂര്‍ണ്ണ മലിനത” അഥവാ “Total depravity” എന്നത് ജോണ്‍ കാല്‍വിന്‍ എന്ന ദൈവശാസ്ത്രന്ജന്റെ സിദ്ധാന്തം ആണ്.
അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തിലെ അഞ്ചു പ്രമാണങ്ങളിലെ ആദ്യത്തെ ആണ്, സമ്പൂര്‍ണ്ണ മലിനത അഥവാ total depravity എന്നത്.
കാല്‍വിന്‍ മുന്നോട്ട് വയ്ക്കുന്ന എല്ലാ പ്രമാണങ്ങളെയും നമ്മള്‍ അംഗീകരിക്കുകയോ അംഗീകരിക്കാതെ ഇരിക്കുകയോ ചെയ്യാം.
എന്നാല്‍ “സമ്പൂര്‍ണ്ണ മലിനീകരണം” എന്നത് പാപത്തിനു ശേഷമുള്ള മനുഷ്യരുടെ യഥാര്‍ത്ഥ അവസ്ഥ തന്നെ ആണ്.
ആദമും ഹവ്വയും ഏദന്‍ തോട്ടത്തില്‍ സ്വതന്ത്രര്‍ എങ്കിലും ദൈവത്തിന്‍റെ കല്പ്പനകള്‍ക്കും കര്‍തൃത്വത്തിനും വിധേയര്‍ ആയിരുന്നു.
തോട്ടത്തിനു നടുവിലുണ്ടായിരുന്ന ഒരു പ്രത്യേക വൃക്ഷത്തിന്‍റെ ഫലം തിന്നരുത് എന്ന് ദൈവം അവരോട് കല്‍പ്പിച്ചു.
എന്നാല്‍ പിശാച് അവരെ വഞ്ചിച്ചു, അവര്‍ അതിന്റെ ഫലം തിന്നു.
അങ്ങനെ അവര്‍ ദൈവത്തോട് അനുസരണക്കേട്‌ കാണിച്ചു, ദൈവത്തിന്റെ കര്‍തൃത്വത്തിന് വെളിയില്‍ പോയി.
അവര്‍ പിശാചിന്‍റെ ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിച്ചു, അങ്ങനെ അവര്‍ പിശാചിന്റെ കര്‍തൃത്വത്തിന് കീഴില്‍ ആയി.
നമ്മള്‍ ആരുടെ കല്‍പ്പനകള്‍ അനുസരിക്കുന്നുവോ, അവന്‍ നമ്മളുടെ യജമാനന്‍ ആകും.
നമ്മള്‍ ആരെ ആരാധിക്കുന്നുവോ, അവന്‍ നമ്മളുടെ ദൈവമാകും.
ഇവിടെ ആദ്യ മനുഷ്യര്‍ പിശാചിന്‍റെ കല്‍പ്പനകള്‍ അനുസരിച്ചതിനാല്‍ പിശാച് അവരുടെ  യജമാനന്‍ ആയി.
അങ്ങനെ, പാപവും അതിന്റെ ഫലമായി ശാപവും, രോഗങ്ങളും, വിഗ്രഹാരാധനയും, അധാര്‍മ്മികതയും മനുഷ്യരുടെ ഇടയില്‍ പ്രവേശിച്ചു.
എന്നാല്‍, ദൈവം തന്റെ സൃഷ്ടിയായ മനുഷ്യരെ വളരെ സ്നേഹിച്ചതിനാല്‍, അവരുടെ ജീവിതത്തില്‍ ഇടപെട്ടു; പൈശാചിക അടിമത്തത്തില്‍ നിന്നും ഒരു വിടുതല്‍ ക്രമീകരിക്കാം എന്ന് വാഗ്ദത്തം നല്‍കി.
അതിനായി രക്തം ചൊരിഞ്ഞുള്ള ഒരു യാഗം ഭാവിയില്‍ കാല സമ്പൂര്‍ണ്ണതയില്‍, ദൈവം ക്രമീകരിക്കും.
അതുവരെ പാലിക്കുവാന്‍ ഒരു മാതൃകാ യാഗം, ദൈവം തോട്ടത്തില്‍ വച്ചുതന്നെ ഒരു മൃഗത്തെ കൊന്ന് ക്രമീകരിച്ചു.
ഭാവിയില്‍ കാല സമ്പൂര്‍ണ്ണതയില്‍, ദൈവം ക്രമീകരിക്കുവാനിരിക്കുന്ന രക്തം ചൊരിഞ്ഞുള്ള പാപ പരിഹാര യാഗത്തിന്റെ നിഴല്‍ ആണ് തോട്ടത്തിലെ മൃഗത്തിന്‍റെ യാഗം എന്ന് വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തോട് നിരപ്പ് പ്രാപിക്കുവാന്‍ ദൈവം അവകാശം കൊടുത്തു.

ആദ്യ മനുഷ്യര്‍ പാപത്തില്‍ വീണുപോയതിനാല്‍, എല്ലാ മനുഷ്യരുടെയും മനസ്സും, ചിന്തകളും, ഇഷ്ടങ്ങളും, ആഗ്രഹങ്ങളും, വികാരങ്ങളും, ജഡവും, രക്തവും എല്ലാം പാപത്താല്‍ സമ്പൂര്‍ണ്ണമായി മലിനമായി.
നമ്മളുടെ വ്യക്തിത്തവും വാക്കുകളും പ്രവര്‍ത്തികളും എല്ലാം ഇന്നു മലിനം ആണ്.
പാപം എന്നത് നമ്മളുടെ പ്രവര്‍ത്തികള്‍ അല്ല, അത് നമ്മളുടെ അവസ്ഥ ആണ്.
പാപം നമ്മള്‍ എന്ത് ചെയ്യുന്നു എന്നതല്ല, നമ്മള്‍ ആരായിരിക്കുന്നു എന്നതാണ്.
നമ്മള്‍ പാപം ചെയ്യുന്നതുകൊണ്ട് പാപികള്‍ ആകുക അല്ല, പാപികള്‍ ആയതുകൊണ്ട് പാപം ചെയ്യുക ആണ്.
നമ്മള്‍ ചെയ്യുന്നതെല്ലാം പാപം ആണ്.
യേശു, മത്തായി 7:17, 18 വാക്യങ്ങളില്‍ പറയുന്നത് അതാണ്‌: “നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല.”
ഫലം എന്തായിരിക്കേണം എന്ന് വൃക്ഷം തീരുമാനിക്കും.
നമ്മളില്‍ ആകമാനം പാപം പ്രവേശിച്ചിരിക്കയാല്‍ നമ്മള്‍ എല്ലാവരും, “അശുദ്ധനെപ്പോലെ ആയിത്തീർന്നു;” നമ്മളുടെ “നീതിപ്രവർത്തികൾ ഒക്കെയും കറപിരണ്ട തുണിപോലെ” ആയിരിക്കുന്നു. (യെശയ്യാവ് 64: 6)

മനുഷ്യന്റെ സമ്പൂര്‍ണ്ണ മലിനത എന്ന ആശയം വേദപുസ്തകത്തില്‍ എല്ലായിടത്തും കാണാവുന്ന സത്യം ആണ്.
മനുഷ്യന്‍ അകൃത്യത്തിൽ ഉരുവാകുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. (സങ്കീര്‍ത്തനം 51: 5)
അതുകൊണ്ട് മനുഷ്യന്‍റെ പാപ പ്രകൃതിയാല്‍ അവന്‍ നിയന്ത്രിക്കപ്പെടുന്നു.
അപ്പോസ്തലനായ പൗലോസ്‌ അദ്ദേഹത്തിന്‍റെ മലിനമായ അവസ്ഥയെക്കുറിച്ച് റോമര്‍ 7:15 ല്‍ ഇപ്രകാരം പറയുന്നു: “ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു.”

അങ്ങനെ പാപത്തിനു മനുഷ്യരുടെ മേല്‍ വലിയ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞു.
മനുഷ്യന്‍ പിശാചിന്‍റെ അടിമത്തത്തിന് കീഴിലായി; സമ്പൂര്‍ണ്ണവുമായി മനിലമായി; രക്ഷപ്രാപിക്കുവാന്‍ സ്വയം ഒരു മാര്‍ഗ്ഗം കണ്ടെത്തുവാന്‍ കഴിയാതെ ആയി.
പിശാച്, ദൈവത്തിന്‍റെയും മനുഷ്യരുടെയും ശത്രു ആണ്; അതുകൊണ്ടാണ് അവന്‍ ദൈവത്തോട് മത്സരിക്കുവാനും പാപത്തില്‍ വീഴുവാനുമായി മനുഷ്യരെ വഞ്ചിച്ചത്.
സാത്താന്‍ ദൈവ രാജ്യത്തെ വെറുക്കുന്നു എന്നതുകൊണ്ട്‌ തന്നെ ദൈവജനം വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കുന്നതും ഇഷ്ടപ്പെടുന്നില്ല.
അതുകൊണ്ട് സാത്താന്‍ “ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി” ഉപയോഗിക്കുവാന്‍ കഴിയുന്ന എല്ലാ ആയുധങ്ങളും ഉപയോഗിക്കുന്നു. (2 കൊരിന്ത്യര്‍ 10:5)
നമുക്ക് പിശാചിനോട്‌ നമ്മളുടെ ജഡത്തിന്റെയോ രക്തത്തിന്റെയോ ശക്തികൊണ്ട് യുദ്ധം ചെയ്യുവാനോ ജയിക്കുവാണോ കഴിയുക ഇല്ല.
പിശാചിന്റെ അടിമത്തത്തില്‍ നിന്നും രക്ഷപ്രാപിക്കുവാനുള്ള ശരിയായ മാര്‍ഗ്ഗം യേശുവില്‍ വിശ്വസിക്കുകയും യേശുവിന്റെ കര്‍തൃത്വം വിശ്വാസത്താല്‍ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്.
എന്നാലും, മനുഷ്യന്‍ പാപം എന്ന അവസ്ഥയില്‍ തുടരുന്നതിനാല്‍, വൃക്ഷം നല്ലതല്ലാത്തതുകൊണ്ട്, നമുക്കു നമ്മളുടെ ജഡത്തിന്റെ ശക്തികൊണ്ട് പിശാചിനെ പരാജയപ്പെടുത്തുവാന്‍ കഴിയുക ഇല്ല.
നമ്മളുടെ രക്ഷ ഇപ്പോഴും പൂര്‍ണ്ണമായിട്ടില്ല; നമ്മള്‍ രക്ഷിക്കപ്പെട്ടു, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, രക്ഷിക്കപ്പെടും.
അതുകൊണ്ട് നമുക്ക് കര്‍ത്തവിലും അവന്റെ അമിത ബലത്തിലും ആശ്രയിച്ചേ മതിയാകൂ.

നമ്മളുടെ മലിനമാക്കപ്പെട്ട അവസ്ഥയില്‍ സാത്താന്‍ നമുക്ക് യോജിച്ച എതിരാളി അല്ല.
അവന്‍ നമ്മളുടെ ജഡത്തെക്കാള്‍ ശക്തനാണ്, ഒരിക്കല്‍ മനുഷ്യരെ തോല്‍പ്പിച്ച ചരിത്രം അവനുണ്ട്. ഇന്നേവരെ ഒരു മനുഷ്യനും സ്വന്തം ശക്തി ഉപയോഗിച്ച് അവനെ തോല്‍പ്പിച്ചിട്ടില്ല.
എന്നാല്‍ പിശാചിനെ കീഴടക്കുക എന്നതാണ് വിജയത്തിലേക്കുള്ള താക്കോല്‍.
നമ്മള്‍ നമ്മളുടെ ശത്രുക്കളെ തോല്‍പ്പിച്ചില്ല എങ്കില്‍ അവര്‍ നമ്മളെ തോല്‍പ്പിക്കും.
എപ്പോഴും ഒരു വിജയി മാത്രമേ ഉണ്ടായിരിക്കുക ഉള്ളൂ; മറ്റുള്ളവര്‍ എല്ലാം പരാജിതര്‍ ആയിരിക്കും.
പിശാചുമായി ഒരു സൗഹൃദമോ ഒത്തുതീര്‍പ്പോ സാദ്ധ്യമല്ല.
അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും ശത്രു ആണ്.
പിശാച് വരുന്നത് സമധാനത്തിനല്ല, “മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല;”. (യോഹന്നാന്‍ 10:10)

ഈ സ്വയം ബോധമാണ് വിജയകരമായ ക്രിസ്തീയ ജീവിതത്തിന്‍റെ ആദ്യം രഹസ്യം.
നമ്മള്‍ സമ്പൂര്‍ണ്ണമായും പാപത്താല്‍ മലിനമാണ്‌ എന്നും നമ്മളുടെ ജഡവും രക്തവും കൊണ്ട് നമുക്ക് രക്ഷപ്രാപിക്കുവാന്‍ കഴിയില്ല എന്ന ബോധ്യവും, വിടുതലിനായി ശക്തനും ജയാളിയുമായ മറ്റൊരു രക്ഷകനെ അന്വേഷിക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കും.

ക്രിസ്തു നമുക്ക് വേണ്ടി എന്ത് ചെയ്തു?

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ തന്നെ, നമ്മളുടെ ദൈവം സ്നേഹസമ്പന്നനും കരുണ ഉള്ളവനും ആയിരിക്കുന്നതുകൊണ്ട്‌ മനുഷ്യരെ പിശാചിന്റെ അടിമത്തത്തില്‍ എന്നന്നേക്കുമായി വിട്ടുകൊടുക്കുവാന്‍ അവന്‍ തയ്യാറായില്ല.
മനുഷ്യര്‍ക്ക്‌ രണ്ടാമത് അവസരം കൂടി നല്‍കുവാന്‍ ദൈവം തീരുമാനിച്ചു.
മനുഷ്യര്‍ അവരുടെ തെറ്റ് മനസ്സിലാക്കി, അനുതപിച്ച്, തെറ്റുകള്‍ ഏറ്റുപറഞ്ഞ് എന്നന്നേക്കുമായി ഉപേക്ഷിച്ച്, ദൈവത്തിലേക്ക് തിരികെ വരേണം എന്ന് ദൈവം ആഗ്രഹിച്ചു.
അതുകൊണ്ട്, ഒരു രക്ത ഉടമ്പടിയിലൂടെ ദൈവവും മനുഷ്യരും തമ്മില്‍ നിരപ്പ് പ്രപിക്കുവാനുള്ള ഒരു വീണ്ടെടുപ്പിന്റെ പദ്ധതി ദൈവം തയ്യാറാക്കി.
ആദമും ഹവ്വയും അവരുടെ തെറ്റ് തിരിച്ചറിഞ്ഞു, അനുതപിച്ചു, ദൈവത്തോട് അത് ഏറ്റുപറഞ്ഞു.
എന്നാല്‍ ഒരു രക്ഷാമാര്‍ഗ്ഗം അവര്‍ക്കായി തുറക്കപ്പെടും എന്ന് അവര്‍ക്ക് പ്രതീക്ഷ ഇല്ലായിരുന്നു.
ദൈവത്തോട് നിരപ്പ് പ്രാപിക്കുവാന്‍ കഴിയുമോ എന്ന് അറിയാതെ ദൈവത്തില്‍ നിന്നും ഒളിക്കുവാന്‍ ശ്രമിച്ചു.
എന്നാല്‍ അവരെ സ്നേഹിച്ചിരുന്ന ദൈവം അവരെ വിളിച്ചു, ഒരിക്കല്‍ കൂടെ ദൈവമുമ്പാകെ നില്‍ക്കുവാന്‍ അവസരം കൊടുത്തു.
ഇതു നീതീകരിക്കപ്പെട്ടവരായല്ല, നീതീകരിക്കപെടുവാനുള്ള വല്ല മാര്‍ഗ്ഗവും ഉണ്ടോ എന്ന് ആരായുന്ന നില്‍പ്പാണ്.
അവിടെ നിന്നുകൊണ്ട് അവര്‍ പറഞ്ഞു: “പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി”. (ഉല്‍പ്പത്തി 3:13)
തോട്ടം സൂക്ഷിക്കുവാനും പിശാചിനെ തോല്‍പ്പിക്കുവാനും അവര്‍ പരാജയപ്പെട്ടു, എന്ന് അവര്‍ തുറന്നു സമ്മതിക്കുക ആണ്.
അവരുടെ സമ്പൂര്‍ണ്ണ മലിനത അവര്‍ ഏറ്റുപറഞ്ഞു; അവര്‍ നിസ്സഹായരായി ദൈവ മുമ്പാകെ നിന്നു.

ദൈവത്തിന് അവരെ പിശാചിന്റെ അടിമത്തത്തില്‍ വിട്ടുകൊടുക്കുവാന്‍ മനസ്സില്ലായിരുന്നു.
ദൈവവുമായി നിരപ്പ് പ്രാപിച്ച്, അവന്‍റെ കര്‍തൃത്വത്തിലേക്ക് തിരികെ വരുവാന്‍ ഒരു അവസരം കൂടി നല്‍കുവാന്‍ ദൈവം തീരുമാനിച്ചു.
ദൈവം തോട്ടത്തില്‍വച്ച് തന്നെ ഒരു യാഗം ക്രമീകരിച്ചു, ഒരു മൃഗത്തെ കൊന്നു, രക്തം ചൊരിഞ്ഞു, രക്തം കൊണ്ട് മൂടിയ യാഗമൃഗത്തിന്‍റെ തോല്‍കൊണ്ട് ഒരു ഉടുപ്പുണ്ടാക്കി, മനുഷ്യരുടെ പാപത്തിന്റെ ലജ്ജയെ മറച്ചു.
അങ്ങനെ അവര്‍ ദൈവമുമ്പാകെ നീതീകരിക്കപ്പെട്ടവരായി നിന്നു.
എന്നാല്‍ ദൈവം ഒരു കാര്യം കൂടെ പറഞ്ഞു, ഈ യാഗം സ്ഥിരമായ പാപ പരിഹാരം അല്ല.
പാപം എന്നത് ഒരു അവസ്ഥ ആയതിനാല്‍ മനുഷ്യരെ അതില്‍നിന്നും എന്നന്നേക്കുമായി രക്ഷിക്കെണ്ടതുണ്ട്.
അതുകൊണ്ട് അവിടെ വച്ചുതന്നെ ദൈവം മനുഷ്യര്‍ക്കായി ഒരു വീണ്ടെടുപ്പു പദ്ധതി പ്രഖ്യാപിച്ചു.
അതോടെ ദൈവരാജ്യത്തിന്റെ പുനസ്ഥാപനം നിവര്‍ത്തിക്കപ്പെടും.

ഉല്‍പ്പത്തി 3: 15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.

ദൈവം പറഞ്ഞതിതാണ്: ഏദന്‍ തോട്ടത്തില്‍ നടന്ന മൃഗത്തിന്‍റെ യാഗം വരുവാനിരിക്കുന്ന ദൈവം മനുഷ്യര്‍ക്കായി ക്രമീകരിക്കുന്ന പാപപരിഹാര യാഗത്തിന്റെ നിഴല്‍ മാത്രം ആണ്.
ദൈവം ഒരു യാഗമൃഗത്തെ ക്രമീകരിക്കും, അത് സ്ത്രീയുടെ സന്തതി ആയിരിക്കും.
സ്ത്രീയുടെ സന്തതിക്കും പിശാചിന്‍റെ സന്തതിക്കും തമ്മില്‍ അധികാരത്തിനും ശക്തിക്കുമായുള്ള ശത്രുതയും യുദ്ധവും ഉണ്ടായിരിക്കും.
സ്ത്രീയുടെ സന്തതി സ്വയം പാപപരിഹാര യാഗമായി തീരുന്നതിലൂടെ സാത്താന്റെ സന്തതിയെ പരാജയപ്പെടുത്തി, അവന്റെ തലയെ തകര്‍ത്ത്, ശക്തിയും അധികാരവും പിടിച്ചെടുക്കും.
സ്ത്രീയുടെ സന്തതിയുടെ രക്തം സകല മനുഷ്യരുടെയും പാപത്തിന് പരിഹാരവും വിടുതലിന് കാരണവും ആകും.

ഇവിടെ ദൈവം പറയുന്ന സ്ത്രീയുടെ സന്തതി യേശു ക്രിസ്തു ആണ്. യാഗത്തിനായി ദൈവം ക്രമീകരിച്ച മൃഗമാണ്‌ യേശു ക്രിസ്തു.
അവന്‍, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” ആണ്. (യോഹന്നാന്‍ 1:29)
യേശുക്രിസ്തുവിന്‍റെ ആദ്യവരവിന്റെ ഉദ്ദേശ്യം ദൈവം ഏദന്‍ തോട്ടത്തില്‍ പ്രഖ്യാപിച്ച വിടുതല്‍ നിവര്‍ത്തിക്കുക എന്നതായിരുന്നു.
ഈ നിവര്‍ത്തിയില്‍, രക്തം ചൊരിഞ്ഞുള്ള പാപ പരിഹാര യാഗം, പിശാചിനെ തോല്‍പ്പിക്കുക, ശത്രുവിന്റെ അധികാരവും ശക്തിയും തകര്‍ക്കുക, മാനവരാശിയെ പിശാചിന്റെ അടിമത്തത്തില്‍ നിന്നും വിടുവിക്കുക, ദൈവരാജ്യത്തിന്റെ പുനസ്ഥാപനം പ്രഖ്യാപിക്കുക എന്നിവ അടങ്ങിയിരുന്നു.
അതായത് പാപ പരിഹാര യാഗം എന്നത് നിവര്‍ത്തിക്കപ്പെടെണ്ട ഒന്നിലധികം ദൈവീക വാഗ്ദത്തങ്ങളുടെ ആദ്യ പടി ആയിരുന്നു.
ദൈവവും മനുഷ്യരും തമ്മിലുള്ള നിരപ്പിന്റെ ആരംഭം യാഗത്തില്‍ ഉണ്ടായിരുന്നു എങ്കിലും യേശുവിന്റെ മരണത്തില്‍ അതിലധികമായ ചിലതുകൂടെ ഉണ്ടായിരുന്നു.

ഏദന്‍ തോട്ടത്തില്‍ വച്ച് ദൈവം പറഞ്ഞു: സ്ത്രീയുടെ സന്തതി പിശാചിന്‍റെ തലയെ തകര്‍ക്കും, എന്നാല്‍ ആ പ്രക്രിയയില്‍ സ്ത്രീയുടെ സന്തക്ക് മുറിവേല്‍ക്കും.
ഭൌതീക മണ്ഡലത്തില്‍, സ്ത്രീയുടെ സന്തതി മുറിവെറ്റപ്പെട്ടവനായി, രക്തം ചൊരിഞ്ഞുകൊണ്ട്‌, ക്രൂശില്‍ കിടക്കുന്നത് നമ്മള്‍ കാണുന്നു.
എന്നാല്‍ അപ്പോസ്തലനായ പൌലോസ് മറ്റൊരു ദൃശ്യം ആത്മ മണ്ഡലത്തില്‍ സംഭവിക്കുന്നത്‌ കാണുന്നു.
അതിനെക്കുറിച്ച് അദ്ദേഹം പറയുന്നതിതാണ്:

കൊലോസ്യര്‍ 2: 15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.

യേശുക്രിസ്തുവും പിശാചും തമ്മിലുണ്ടായ യുദ്ധത്തെ, റോമന്‍ സൈന്യാധിപനും ശത്രു രാജ്യവും തമ്മിലുള്ള യുദ്ധത്തോട് പൗലോസ്‌ ഉപമിക്കുക ആണ്.
പിശാചും അവന്റെ സൈന്യവും “വാഴ്ചകളും അധികാരങ്ങളും” ആണ്; യേശു അവരെ തോല്‍പ്പിച്ചു, അവരുടെ മേല്‍ ജയോത്സവം ആഘോഷിച്ചു.
ഒരു വിദേശ ശത്രു രാജ്യത്തെ ആക്രമിച്ചു കീഴടക്കുന്ന ഒരു റോമന്‍ സൈന്യാധിപന്‍ റോമന്‍ സെനറ്റിന്റെ അംഗീകാരത്തോടെ ജയോത്സവം ആഘോഷിക്കാറുണ്ട്.
ഇവിടെ സാത്താന്‍ എന്ന ശത്രു, ദൈവരാജ്യത്തിന് പുറത്തുള്ള രാജാവാണ്.
സാത്താനെ യേശു ആക്രമിച്ച് തോല്‍പ്പിച്ചിരിക്കുന്നു, പിശാചിന്റെ ആയുധങ്ങള്‍ യേശു പിടിച്ചെടുത്തു, സകല മനുഷ്യരും സംശയലേശമില്ലാതെ മനസ്സിലാക്കേണ്ടാതിനായി പരാജയപ്പെട്ട ശത്രുവിനെ ബന്ധിക്കപ്പെട്ടവനായി പരസ്യമായ കാഴ്ചായാക്കിയിരിക്കുന്നു.
അതിനു ശേഷം യേശു എന്ന നമ്മളുടെ സൈന്യാധിപന്‍, ഒരു ജയോത്സവം ആഘോഷിക്കുക ആണ്.

ഈ മര്‍മ്മം നിങ്ങള്‍ വ്യക്തമായി മനസ്സിലാകിയിരിക്കേണം.
അതുകൊണ്ട് ഞാന്‍ അത് ഒന്നുകൂടി ആവര്‍ത്തിക്കുക ആണ്.
പൌലോസ് 7 കാര്യങ്ങള്‍ ആണ് ഇവിടെ പറയുന്നത്:

1.       സാത്താന്‍ ദൈവരാജ്യത്തിന് അന്യമായ ഒരു ശത്രു രാജ്യത്തിലെ രാജാവായിരുന്നു.
2.       യേശു അവനുമായി പോരാടി എന്നന്നേക്കുമായി തോല്‍പ്പിച്ചു.
3.       തോറ്റ രാജാക്കന്മാരുടെ ആയുധങ്ങള്‍ റോമന്‍ സൈന്യധിപന്മാര്‍ എടുത്തുമാറ്റുന്നതുപോലെ, യേശു പിശാചിന്റെ സകല ആയുധങ്ങളും എടുത്തുമാറ്റി, അവനെ നിരായുധന്‍ ആക്കി.
അതുകൊണ്ട് ഇപ്പോള്‍ നമ്മളോട് യുദ്ധം ചെയ്യുവാന്‍ പിശാചിന്റെ പക്കല്‍ ആയുധങ്ങള്‍ ഇല്ല.
4.       എന്നിരുന്നാലും അലറുന്ന സിംഹം എന്നപോലെ പിശാചു വിശ്വാസികളെ വിഴുങ്ങുവാന്‍ ചുറ്റി സഞ്ചരിച്ചേക്കാം.
അതുകൊണ്ട്, അവനെ നിരായുധനും, പരാജയപ്പെട്ടവനുമായി സകലരും കണ്ടു മനസ്സിലാക്കെണ്ടാതിനായി യേശു അവനെ ക്രൂശില്‍ തൂക്കിയിരിക്കുന്നു.
5.       ശത്രുവിന്‍റെമേല്‍ യേശു നേടിയ ജയം നിര്‍ണ്ണായകമായിരുന്നു എന്നതിനാല്‍ അത് ആഘോഷിക്കുവാന്‍ ഒരു ജയോത്സവം ക്രൂശില്‍ തന്നെ ആരംഭിച്ചു.
അങ്ങനെ ക്രൂശിനെ യേശു ജയോല്‍സവത്തിന്റെ വേദിയാക്കി മാറ്റി.
6.       ഇപ്പോള്‍ യേശു നമ്മളെ പിശാചിന്‍റെ മേല്‍ നേടിയ ഈ ജയത്തിന്റെ ഉത്സവത്തില്‍ നയിക്കുക ആണ്.
യേശു യുദ്ധം ജയിച്ചത് അവനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ആണ്.
7.       ക്രിസ്തുവിന്റെ ജയത്തിന്‍റെ ഉത്സവത്തില്‍ പങ്കെടുക്കുക എന്നത് ജയത്തെ നമ്മളുടെ ജീവിതത്തില്‍ നിവര്‍ത്തിക്കുക എന്നതാണ്.

ഇതാണ് യേശു നമുക്ക് വേണ്ടി ക്രൂശില്‍ ചെയ്ത പ്രവര്‍ത്തിയുടെ പൂര്‍ണ്ണ രൂപം.
യേശു നമ്മളെ ദൈവത്തോട് നിരപ്പിക്കുകയും പിശാചിനെ നമുക്ക് വേണ്ടി തകര്‍ക്കുകയും ചെയ്തു.
മനാവരാശിക്കുവേണ്ടി പുസ്ഥാപിക്കപ്പെട്ട ദൈവരാജ്യത്തിലെക്കുള്ള ക്ഷണമാണ് സുവിശേഷം.
ദൈവരാജ്യത്തിന്റെ അവകാശി ആകുവാനുള്ള ഏക യോഗ്യത, “മനസന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കുക” എന്നത് മാത്രം ആണ്. (മര്‍ക്കോസ് 1:15)

അതുകൊണ്ട് ഇപ്പോള്‍ യേശുവിന്റെ ക്രൂശുമരണത്തിലൂടെ ഉള്ള പാപമോചനത്തിലും അവന്‍ പിശചിന്റെമേല്‍ നേടിയ ജയത്തിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കും വിജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കുവാന്‍ സാധിക്കും.
ഈ സത്യത്തിലുള്ള വിശ്വാസമാണ് ജയകരമായ ക്രിസ്തീയ ജീവിതത്തിന്‍റെ രണ്ടാമത്തെ രഹസ്യം.

എങ്ങനെ ക്രിസ്തുവില്‍ ജീവിക്കാം?

നമുക്ക് എങ്ങനെ ക്രിസ്തുവില്‍ ജീവിക്കാം എന്നൊരു ചോദ്യം ഉണ്ടായാല്‍, അതിന്‍റെ മറുപടി, ക്രിസ്തുവില്‍ ജയജീവിതം നയിക്കുക എന്നതായിരിക്കും.
നമ്മള്‍ ജയിച്ച രാജാവിന്‍റെ സൈന്യമാണ്‌, നമുക്ക് ഇനി ശത്രുവിനെ ഭയമില്ല.

റോമന്‍ സൈന്യം ജീവനോടെ പിടിക്കുന്ന ശത്രു രാജാവിനെ ഉടന്‍ കൊല്ലുക ഇല്ല.
നഗ്നനും, നിരായുധനും, ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടവനുമായി അവരെ റോമന്‍ തെരുവീധികളിലൂടെ നടത്തിച്ച് പ്രദര്‍ശിപ്പിക്കും.
ജയത്തിന്‍റെ ഉത്സവം അവസാനിക്കുന്നത് വരെ ശത്രുവിനെ ജീവനോടെ സൂക്ഷിക്കും.
ജയത്തിന്‍റെ ഉത്സവം ഒരു ദിവസമോ, ഒരാഴച്ചയോ ചിലപ്പോള്‍ അതിലധികമോ നീണ്ടുനിന്നേക്കാം.
അതായത്, ശത്രു എന്നന്നേക്കുമായി തോല്‍പ്പിക്കപ്പെട്ടു കഴിഞ്ഞു, ശത്രുവിന്റെ രാജ്യം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു, ശത്രുവിന്‍റെ നിത്യ മരണം നിശ്ചയം ആണ്.
ജയോസവത്തിന്റെ അന്ത്യത്തില്‍ മാത്രമേ ശത്രു കൊല്ലപ്പെടുകയുള്ളൂ; അതിനാല്‍ വിയജത്തിനും ശത്രുവിന്‍റെ മരണത്തിനും ഇടയില്‍ ഒരു ചെറിയ കാലഘട്ടം ഉണ്ട്.
ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ഈ കാലഘട്ടം ജയത്തിന്റെ ഉത്സവ കാലവും ശത്രുവിന് അവന്റെ അന്ത്യ മരണത്തിനു മുമ്പുള്ള ചെറിയ ഇടവേളയും ആണ്.

അതുകൊണ്ട് ശത്രു പരാജയപ്പെട്ടവനും, നിരായുധനും എങ്കിലും അവന്‍റെ സാന്നിധ്യം നമ്മളുടെ ഇടയില്‍ ഉണ്ട്.
ജോല്‍സവത്തിന്റെ പ്രകടനം മുന്നോട്ട് പോകുമ്പോള്‍ ചിലര്‍ അതില്‍ പങ്കുചേരാതെ കാഴ്ചക്കാരായി നോക്കി നില്‍ക്കും.
അവര്‍ക്ക് ക്രിസ്തുവിന്റെ ജയത്തിന്റെ മര്‍മ്മം മനസ്സിലാക്കുവാന്‍ കഴിയുക ഇല്ല; അവര്‍ക്ക് ഉത്സവത്തിന്റെ സന്തോഷവും അനുഭവിക്കുവാന്‍ കഴിയുക ഇല്ല.
ഉത്സവത്തില്‍ പങ്കെടുക്കുന്നു എന്ന് അവകാശപ്പെടുന്നവരില്‍ പോലും ജയത്തിന്റെ മര്‍മ്മം മനസ്സിലാക്കിയിട്ടില്ലാത്ത ബലഹീനര്‍ കാണും.
അവരെ സംബന്ധിച്ചിടത്തോളം ശത്രുവിന്റെ സാന്നിധ്യം ഭയപ്പെടുത്തുന്നതാണ്.

നമ്മളുടെ ശത്രു ഒരു നല്ല യോദ്ധാവാണ്. അവന്‍ അത്രവേഗം പരാജയം സമ്മതിച്ചുകൊടുക്കുന്നവന്‍ അല്ല.
അതുകൊണ്ട് കെട്ടപ്പെട്ടവന്‍ എങ്കിലും അവന്‍ അലറി ശബ്ദമുണ്ടാക്കും, ബലഹീനരെയും കാഴ്ചക്കാരെയും ഭയപ്പെടുത്തും.
ഭയക്കുന്നവര്‍ ജയോത്സവം വിട്ട് ഓടിപ്പോകും; അവര്‍ക്ക് ജയത്തിന്റെ ഉല്ലാസം അനുഭവിക്കുവാന്‍ കഴിയുക ഇല്ല.
അതുകൊണ്ട് ക്രിസ്തുവിന്റെ ജയത്തിന്റെ മര്‍മ്മം മനസ്സിലാക്കികൊണ്ട്‌ അവന്‍ നയിക്കുന്ന ജയോല്‍സവത്തില്‍ പങ്ക് ചേരുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യം ആണ്.

ക്രിസ്തു ശത്രുവിന്‍റെമേല്‍ നേടിയ ജയത്തിനെ മര്‍മ്മം അറിഞ്ഞിരിക്കേണ്ടത് വിജയകരമായ ഒരു ക്രിസ്തീയ ജീവിതത്തിന് അത്യാവശ്യം ആണ്.
നീതിമാന്മാരുടെ കൂടാരങ്ങളില്‍ എപ്പോഴും ജയത്തിന്റെയും ഉല്ലാസത്തിന്റെയും ഘോഷം ഉണ്ടായിരിക്കും.
ജയത്തിന്റെ ഘോഷത്തിന്റെ നടുവില്‍ ശത്രുവിന്റെ അലറുന്ന ശബ്ദം ഇല്ലാതാകും.
ക്രൂശില്‍ ക്രിസ്തു പിശാചിന്‍റെ മേല്‍ നേടിയ ജയത്തെക്കുറിച്ച് അറിവില്ലാത്തവര്‍ പിശാച് തകര്‍ക്കപ്പെട്ട വിവരവും അറിഞ്ഞിട്ടുണ്ടായിരിക്കില്ല.
അവര്‍ എന്നും ശത്രുവിനെക്കുറിച്ചുള്ള ഭയത്തില്‍ ജീവിക്കും.
ശത്രുവിന്റെ അലറുന്ന ശബ്ദം കേള്‍ക്കുന്നവര്‍ക്ക് ജയത്തിന്റെ ഘോഷം കേള്‍ക്കുവാന്‍ കഴിയില്ല.
ഭയം വിശ്വാസത്തെ ഇല്ലാതാക്കും.
ക്രിസ്തു നയിക്കുന്ന ജയോല്‍സവത്തില്‍ ജീവിക്കുക എന്നതാണ് വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ മൂന്നാമത്തെ രഹസ്യം.

പിശാചിനെ എങ്ങനെ കൈകാര്യം ചെയ്യേണം?

നമ്മള്‍ ചിന്തിച്ചതുപോലെ തന്നെ, പിശാച് ഒരു നല്ല യോദ്ധാവാണ്. അവന്‍ പരാജയം വേഗത്തില്‍ സമ്മതിച്ചുകൊടുക്കുന്നവന്‍ അല്ല. അവന്‍ അവസാന നിമിഷം വരെ പോരാടികൊണ്ടിരിക്കും.
അവന്‍ പരാജപ്പെട്ടു എന്നും, അവന്റെ സാമ്രാജ്യം തകര്‍ക്കപ്പെട്ടു എന്നും, അവന്‍ നിരായുധന്‍ ആണ് എന്നും നിത്യമായ മരണം കാത്തിരിക്കുന്നു എന്നും പിശാചിന് അറിയാം.
ഇനി രക്ഷപ്പെടുവാന്‍ യാതൊരു മാര്‍ഗ്ഗവും മുന്നിലില്ല എന്നും അവന് അറിയാം.
എന്നിരുന്നാലും ജയത്തിന്റെ സൌരഭ്യവാസന ഇല്ലാതാക്കുവാന്‍ അവന്‍ ശ്രമിച്ചുകൊണ്ടിരിക്കും.
അതുകൊണ്ട് അവനു കഴിയുന്നത്ര ശബ്ദത്തില്‍ ഒരു സിംഹത്തെപ്പോലെ അലറുവാനും ഉത്സവം ആഘോഷിക്കുന്നവരെ ഭയപ്പെടുത്തുവാനും പിശാച് ശ്രമിക്കും.
അവന്‍ ഇപ്പോഴും ജീവനോട്‌ ഉണ്ട് എന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുവാനുള്ള ശ്രമം ആണിത്.

എന്നാല്‍ ഒരു ഉറച്ച വിശ്വാസിക്ക് നമ്മള്‍ മുകളില്‍ പറഞ്ഞുകഴിഞ്ഞ കാര്യങ്ങള്‍ വ്യക്തമായി അറിയാം: ശത്രു പരാജയപ്പെട്ടവന്‍ ആണ്, നിരായുധാനും അശക്തനും ആണ്. അവനെ നിത്യമായ മരണത്തിന് വിധിച്ചിരിക്കുക ആണ്.
യേശുക്രിസ്തു സാത്തന്റെമേല്‍ നേടിയ ജയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, ശത്രു ഇനി അവരെ യാതോന്നിനാലും ഉപദ്രവിക്കുക ഇല്ല എന്ന് നന്നായി അറിയാം.
അതുകൊണ്ട് ശത്രു എത്ര അലറിയാലും “ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും” ചെയ്യുന്ന “വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ” നോക്കി നമ്മള്‍ മുന്നോട്ട് പോകും. (എബ്രായര്‍ 12:2)

അതുകൊണ്ട്, ഞാന്‍ വീണ്ടും പറയട്ടെ, അലറുന്ന ശത്രുവിനെ ഭയപ്പെടരുതു, അവന്‍ അശക്തന്‍ ആണ്.
പരാജയപ്പെട്ട ശത്രുവിനെക്കുറിച്ചുള്ള ഭയത്തോടെ ആര്‍ക്കും ജയം ആഘോഷിക്കുവാന്‍ കഴിയുക ഇല്ല.
ഭയം ജയത്തിന്റെ സൌരഭ്യവാസനയെ നശിപ്പിക്കും.

പിശാചിനെ കൈകാര്യം ചെയ്യുവാനുള്ള അപ്പോസ്തലനായ യാക്കോബിന്‍റെ ഉപദേശം ഇതാണ്:

യാക്കോബ് 4: 7 “ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.”

ഈ വാക്യം വായിക്കുമ്പോള്‍ നമ്മള്‍ ആദമിന്റെയും ഹവ്വയുടെയും വീഴ്ച ഓര്‍ത്തുപോകും.
പിശാചു ഒരു പാമ്പില്‍ കയറി ഹവ്വയോടു സംസാരിക്കുവാന്‍ തുടങ്ങി.
ഹവ്വ ഈ സംഭാഷണത്തെ എതിര്‍ത്തില്ല, അവളും സജീവമായി പങ്കുചേര്‍ന്നു ചര്‍ച്ച തുടര്‍ന്നു.
ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പിശാച് ചോദിച്ചു.
ഹവ്വ അതിനെ എതിര്‍ക്കാതെ, അതിനെല്ലാം മറുപടി പറഞ്ഞു.
എന്നാല്‍ ദൈവത്തിന്റെ കര്‍തൃത്വത്തെ ഉറപ്പിക്കുവാന്‍ അവള്‍ ശ്രമിച്ചില്ല.
യുക്തിഭദ്രം അല്ല എന്ന് മനുഷ്യ ബുദ്ധിക്ക് തോന്നിയാലും ഞങ്ങള്‍ ദൈവത്തെ മാത്രമേ അനുസരിക്കുക ഉള്ളൂ എന്ന് ഉറപ്പിച്ച് പറയുവാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.
ഈ ചര്‍ച്ച ഹവ്വ തുടര്‍ന്നുകൊണ്ടിരുന്നതിനാല്‍, വിലക്കപ്പെട്ട ഫലത്തിന്റെ ഗുണങ്ങളെക്കുറിച്ച് വ്യാജയമായി പറയുവാന്‍ സാത്താന് അവസരം ലഭിച്ചു.
ഹവ്വ അതില്‍ വീണു, ദൈവം വിലക്കിയത് എങ്കിലും അത് ഭക്ഷിക്കുവാനുള്ള പ്രേരണയെ അതിജീവിക്കുവാന്‍ അവള്‍ക്കു കഴിഞ്ഞില്ല, അവള്‍ ഫലം കഴിച്ചു, പിശാചിന്‍റെ വഞ്ചനയില്‍ വീണു.

പിശാച് വിട്ടുപോകുന്നതുവരെ എതിര്‍ത്തുനിക്കുക എന്നത് ശ്രമകരമായ കാര്യം തന്നെ ആണ്.
എന്നാല്‍ യാക്കോബ് പറയുന്നു, എതിര്‍ത്തുനില്‍പ്പിന് പിശാചിനെ ഓടിക്കുവാനുള്ള ശക്തി ഉണ്ട്.
എതിര്‍ത്തുനിക്കുന്നത് പിശാചിനെ കീഴ്പ്പെടുത്തുവാനുള്ള നല്ല മാര്‍ഗ്ഗം ആണ്.
എന്നാല്‍ ഇവിടെ ഒരു പ്രായോഗിക ഉപദേശം നല്‍കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ശത്രുവിനോട് എതിര്‍ത്തുനിലക്കുന്നതു പോരാട്ടത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ഉപയോഗിക്കേണ്ടുന്ന മാര്‍ഗ്ഗം ആണ്.
പിശാചിന് ഒരു നിമിഷം നല്‍കിയാല്‍ അവന്‍ നിങ്ങളുടെ സകല സമ്പത്തും കവര്‍ന്നെടുക്കും.
പിശാചിന് ഒരിഞ്ച് ഇടം കൊടുത്താല്‍ അവന്‍ ഒരു മൈല്‍ ദൂരം കൈവശമാക്കും.
അതുകൊണ്ട് പിശാചു നിങ്ങളെ വഞ്ചിക്കുവാന്‍ ശ്രമിക്കുന്ന ആദ്യഘട്ടത്തില്‍ തന്നെ അവനെ എതിര്‍ത്ത് നിന്ന് തോല്‍പ്പിക്കേണ്ടത് ആണ്.

പിശാചിന് ഒരിക്കലും നിങ്ങളോട് സത്യം സംസാരിക്കുവാന്‍ കഴിയുക ഇല്ല. കാരണം അവന്‍ ഭോഷ്ക്കും ഭോഷ്ക്കിന്റെ അപ്പനും ആണ്.
വഞ്ചന ആണ് അവന്റെ മാര്‍ഗ്ഗം. അവന്‍ രാഷ്ട്രീയത്തിലും, വിദ്യാഭ്യാസത്തിലും, സമൂഹത്തിലും, മതങ്ങളിലും, എല്ലായിടത്തും വഞ്ചന നിറയ്ക്കുന്നു.
അതുകൊണ്ട് സത്യത്തില്‍ നില്‍ക്കുക എന്നത് നമ്മളുടെ ശക്തിയേറിയ ആയുധം ആണ്.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ഇന്ന് ബഹുഭൂരിപക്ഷം വിശ്വാസികളും തുലനാവസ്ഥയില്‍ അല്ലെങ്കില്‍ balanced position ല്‍ നില്‍ക്കുക ആണ്.
balanced ആയി നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ അപ്പുറവും ഇപ്പുറവും അല്ലാത്തവര്‍ ആണ്.
അതായത്, അവര്‍ സത്യത്തിനോപ്പവും അല്ല, അസത്യത്തിന് ഒപ്പവും അല്ല.
എന്നാല്‍, സത്യത്തിനും അസത്യത്തിനും ഇടയില്‍ മറ്റൊരു ഒരു വഴി ഇല്ല എന്നും, ഇടുക്കു വഴിക്കും വിശാലമായ വഴിക്കും ഇടയില്‍ മറ്റൊരു വഴിയില്ല എന്നും നമ്മള്‍ മനസ്സിലാക്കേണം.
നമ്മള്‍ സത്യത്തിനൊപ്പം അല്ലാ എങ്കില്‍ അസത്യത്തിനോപ്പം ആണ്.

എതിര്‍ത്തുനില്‍ക്കുക എന്നത് ഒരു പ്രതിരോധ മാര്‍ഗ്ഗം ആണ്, പ്രതിരോധം എപ്പോഴും ആയാസകരം ആണ്.
എതിര്‍ത്ത് നില്‍ക്കുന്നതുകൊണ്ട് യുദ്ധം അവസാനിച്ചു എന്ന് വരുകയില്ല.
ആക്രമണത്തിനു മാത്രമേ ശത്രുവിനെ പൂര്‍ണ്ണമായും തോല്‍പ്പിക്കുവാന്‍ കഴിയൂ.
എതിര്‍ത്തു നില്‍ക്കുന്നത് ശത്രുവിനെ പരാജയപ്പെടുത്തുവാന്‍ അല്ല, നമ്മളെ സംരക്ഷിക്കുവാന്‍ ആണ്.
അതുകൊണ്ട് യുദ്ധങ്ങളില്‍ ആക്രമണം ആണ് നല്ല മാര്‍ഗ്ഗം; അതിന് ശത്രുവിനെ എന്നന്നേക്കുമായി തോല്‍പ്പിക്കുവാനും തകര്‍ക്കുവാനുംന്‍ കഴിയും.
അതൊകൊണ്ടാണ്‌ അപ്പോസ്തലനായ പൗലോസ്‌ നമ്മളെ ഇങ്ങനെ ഉപദേശിക്കുന്നത്:

എഫെസ്യര്‍ 6:12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.

അതുകൊണ്ട് ശത്രു നിങ്ങളുടെ അതിരിനുള്ളില്‍ കടക്കുന്നത്‌ വരെ കാത്തിരിക്കേണ്ട, ശത്രു നിങ്ങളെ ആക്രമിക്കുവാന്‍ പദ്ധതി ഇടുമ്പോള്‍ തന്നെ അവനെ ആക്രമിക്കുക, പരാജയപ്പെടുത്തുക.
ഇതാണ് ആക്രമണത്തിന്റെ രീതി.
ഇതു നിങ്ങളുടെ വിലയേറിയ സമയവും ഊര്‍ജ്ജവും, ആരോഗ്യവും, സമ്പത്തും നഷ്ടപ്പെടാതെ ഇരിക്കുവാന്‍ സഹായിക്കും.
എപ്പോഴും ആക്രമണത്തിലായിരിക്കുക, പിശാചിനെ എപ്പോഴും ആക്രമിച്ചുകൊണ്ടിരിക്കുക.

യേശു എപ്പോഴും ആക്രമണത്തിന്റെ രീതി ആണ് സ്വീകരിച്ചിരുന്നത്.
മരുഭൂമിയില്‍ പിശാചു യേശുവിനെ പരീക്ഷിച്ച സന്ദര്‍ഭങ്ങളെ പഠിച്ചാല്‍ നമുക്ക് ഇതു മനസ്സിലാക്കുവാന്‍ കഴിയും.
പിശാചിനോട്‌ ഒത്തുതീര്‍പ്പില്‍ എത്തുവാനോ, കാര്യങ്ങള്‍ വിശദീകരിക്കുവാനോ യേശു ശ്രമിച്ചില്ല.
പിശാചിനോട്‌ സംഭാഷണത്തില്‍ ആകുവാന്‍ യേശു താല്‍പ്പര്യം കാണിച്ചില്ല.
പിശാച് എപ്പോഴെല്ലാം യേശുവിന്റെ അടുക്കല്‍ ചെന്നുവോ അപ്പോഴെല്ലാം യേശു അവനെ ആക്രമിച്ചുകൊണ്ടേയിരുന്നു.
ദൈവരാജ്യത്തിന്റെ ശക്തിയും അധികാരവും പ്രകടനമാക്കുവാന്‍ യേശു ദുരാത്മാക്കളെ മനുഷ്യരെടെ ഇടയില്‍നിന്നും ശാസിച്ച് അകറ്റി.
നമ്മളോടും അതുതന്നെ ചെയ്യുവാന്‍ യേശു പറഞ്ഞു.

നമ്മള്‍ ഇതുവരെ പിശാചിനെ എങ്ങനെ കൈകാര്യം ചെയ്യേണം എന്നതിനെക്കുറിച്ച് ചിന്തിക്കുക ആയിരുന്നുവല്ലോ.
ഭയം ജയത്തിന്റെ സൌരഭ്യവാസനയെ ഇല്ലാതാക്കുന്നു. അതുകൊണ്ട് പരാജയപ്പെട്ട ശത്രു സിംഹം എന്നതുപോലെ അലറിയാലും നമ്മള്‍ ഭയപ്പെടരുത്.
എതിര്‍ത്ത് നില്‍പ്പിന് സാത്താനെ ഓടിക്കുവാനുള്ള ശക്തി ഉണ്ട്. പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.
ആക്രമണമാണ് കൂടുതല്‍ ശക്തമായ മാര്‍ഗ്ഗം. ശത്രു നിങ്ങളെ ആക്രമിക്കുവാന്‍ പദ്ധതി തയ്യാറാക്കുന്നതിനു മുമ്പായി തന്നെ അവനെ ആക്രമിക്കുക.
ഇതെല്ലാമാണ് വിജയകരമായ ഒരു ക്രിസ്തീയ ജീവിതത്തിന്റെ നാലാമത്തെ രഹസ്യം.

പോരിന്‍റെ ആയുധം

ഇനി നമുക്ക് പോരിന്‍റെ ആയുധങ്ങളെക്കുറിച്ച്‌ ചിന്തിക്കാം.
എഫെസ്യര്‍ 6 ല്‍ അപ്പോസ്തലനായ പൌലോസ്, ഒരു വിശ്വാസി ധരിച്ചിരിക്കെണ്ടുന്ന ദൈവത്തിന്റെ സർവ്വായുധവർഗ്ഗത്തെക്കുറിച്ച് പറയുന്നുണ്ട്.
“ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു” നമ്മള്‍ ഇവ ധരിക്കേണം.
“അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും, സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കിയും, എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച” യും “രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും” ആണ് പൌലോസ് നിര്‍ദ്ദേശിക്കുന്ന ആയുധങ്ങള്‍.
ഇവയില്‍ ഒന്നൊഴികെ മറ്റെല്ലാം ഒരു യോദ്ധാവ്, ശത്രുവിന്‍റെ ആക്രമണത്തെ പ്രതിരോധിക്കുവാനായി ധരിക്കുന്ന പടച്ചട്ടകള്‍ ആണ്.
ശത്രുവിനെ ആക്രമിക്കുവാനുള്ള ഏക ആയുധം, ആത്മാവിന്‍റെ വാള്‍ ആണ്.
അത് നമ്മളുടെ വൈഷമ്യമേറിയ ഘട്ടങ്ങളില്‍ പിശാചിനെതിരെ ഉപയോഗിക്കുന്ന ദൈവവചനം ആണ്.

മരുഭൂമിയിലെ പരീക്ഷയില്‍ പിശാചിനെ തോല്‍പ്പിക്കുവാന്‍ യേശു ഉപയോഗിച്ച ആയുധമാണിത്.
ദൈവവചനത്തെ എതിര്‍ത്ത് നില്‍ക്കുവാന്‍ പിശാചിന് കഴിയില്ല.
അപ്പോസ്തലനായ പൌലോസ് എബ്രായര്‍ 4:12 ല്‍ പറയുന്നു: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും” ആണ്.
നമ്മളുടെ വായില്‍ നിന്നും വരുന്ന ദൈവ വചനം കുറെ ശബ്ദങ്ങള്‍ അല്ല, അത് ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതാണ്.
ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുവാന്‍ ദൈവം ഉപയിഗിച്ചത് തന്റെ വായില്‍ നിന്നും പുറപ്പെട്ടു വന്ന വാക്കുകളെ ആണ്.
വേദപുസ്തകം ഇങ്ങനെ പറയുന്നു: “വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.” (ഉല്‍പ്പത്തി 1: 3)
യേശു പിശാചിനെ ശാസിച്ച് പുറത്താക്കിയതും, രോഗികളെ സൌഖ്യമാക്കിയതും, മരിച്ചവരെ ഉയിര്‍പ്പിച്ചതും വാക്കുകള്‍ കൊണ്ടാണ്.
അപ്പോസ്തലന്മാര്‍ ദൈവവചനം പ്രസംഗിച്ചപ്പോള്‍ ആയിരക്കണക്കിന് മനുഷ്യര്‍ മാനസന്തരപ്പെട്ടു യേശുവിനോട് ചേര്‍ന്നു.
യേശു നമുക്കുവേണ്ടി മരിച്ചു എന്ന സത്യം നമ്മള്‍ ഹൃദയം കൊണ്ട് വിശ്വസിക്കുകയും വായ്കൊണ്ട് ഏറ്റുപറയുകയും ചെയ്യുമ്പോള്‍ നമ്മള്‍ രക്ഷിക്കപ്പെടുന്നു.
എല്ലായിടത്തും പ്രവര്‍ത്തിക്കുന്നത് വായില്‍ നിന്നും പുറപ്പെടുന്ന വാക്കുകള്‍ ആണ്.

സദൃശ്യവാക്യങ്ങള്‍ 18: 21 മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.

അതുകൊണ്ട് പിശചിനെതിരെ ദൈവവചനം എന്ന ആത്മാവിന്‍റെ വാള്‍ ഉപയോഗിക്കുക.
നമ്മളുടെ ശാരീരിക ബാലഹീനതക്കെതിരെ, സാമ്പത്തിക പ്രതിസന്ധിക്കെതിരെ, ജീവിതത്തിലെ വൈഷമ്യമേറിയ എല്ലാ സാഹചര്യങ്ങള്‍ക്കും എതിരെ ദൈവവചനം ഉപയോഗിക്കുക.
പിശാച് കൊണ്ടുവരുന്ന എല്ലാ പ്രതിസന്ധികളും ദൈവവചനത്തിനു മുന്നില്‍ തകര്‍ന്നു വീഴും.
ഇതാണ് വിജയകരമായ ക്രിസ്തീയ ജീവിതത്തിന്‍റെ അഞ്ചാമത്തെ രഹസ്യം.

ഉപസംഹാരം

ഈ ഹൃസ്വ പഠനം ഞാന്‍ ഇവിടെ അവസാനിപ്പിക്കട്ടെ.
നമ്മള്‍ ഇതുവരെയും വിജയകരമായ ക്രിസ്തീയ ജീവിതത്തിന്‍റെ അഞ്ച് രഹസ്യങ്ങള്‍ പഠിക്കുക ആയിരുന്നുവല്ലോ.
നമ്മള്‍ ആരാണ്, നമ്മളുടെ അവസ്ഥ എന്താണ് എന്ന് മനസിലാക്കുക എന്നതാണ് വിജയകരമായ ജീവിതത്തിന്റെ ആദ്യ പടി.
അത് നമ്മള്‍ ആയിരിക്കുന്ന പാപം എന്ന അവസ്ഥയെക്കുറിച്ചുള്ള ബോധ്യം ആണ്.
നമ്മള്‍ വിജയകരമായി ജീവിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരു ശത്രു ഉണ്ട്.
നമ്മളുടെ ജഡത്തിലും രക്തത്തിലും ആശ്രയിച്ചുകൊണ്ടു അവനോട് യുദ്ധം ചെയ്തു വിജയിക്കുവാന്‍ നമുക്ക് സാധ്യമല്ല; അതുകൊണ്ട് നമുക്ക് മറ്റൊരു യോദ്ധവിനെയും രക്ഷകനെയും ആവശ്യമുണ്ട്.
യേശു നമ്മളുടെ ഇടയിലേക്ക് വന്നത്, ഒരു കുഞ്ഞാടായും ഇടയനായും യോദ്ധവായും ആണ്.
യേശു നമ്മളുടെ യുദ്ധം ഏറ്റെടുത്തു, പിശാചിനെ തോപ്പിച്ചു, അവനെ നിരായുധനും അശക്തനും ആക്കി.
നമ്മളുടെ ആത്മീയ കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ ക്രൂശില്‍ തകര്‍ക്കപ്പെട്ട പിശാച് തൂങ്ങികിടക്കുന്നത്‌ കാണുവാന്‍ കഴിയും.
അവന്‍റെ അന്ത്യ മരണം വിധിക്കപ്പെട്ടു കഴിഞ്ഞു.
അതുകൊണ്ട് നമ്മള്‍ ഇനി അവനെ ഭയപ്പെടെണ്ടതില്ല, അവനോട് എതിര്‍ത്തുനില്‍ക്കുക, അവന്‍റെ പദ്ധതികളെ ആക്രമിച്ച് തകര്‍ക്കുക.
നമ്മളുടെ ആയുധങ്ങള്‍ ദൈവവചനം ആണ്. ദൈവത്തിന്‍റെ പിന്‍ബലത്തോടെ നമ്മളുടെ വായില്‍നിന്നും വരുന്ന ഓരോ വാക്കിനും പിശാചിനെ തകര്‍ക്കുവാനുള്ള ശക്തി ഉണ്ട്.

അതുകൊണ്ട് ക്രൂശില്‍ യേശു ശത്രുവിന്റെമേല്‍ നേടിയ ജയത്തില്‍ വിശ്വസിക്കുക, ജയാളികളായി ജീവിക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.


ഈ സന്ദേശം കണ്ടതിനും കേട്ടതിനും വളരെ നന്ദി.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.


No comments:

Post a Comment