യാക്കോബ്, ദൈവത്തിന്‍റെ യിസ്രായേല്‍

പഴയനിയമത്തിലെ ഏറ്റവും സങ്കീര്‍ണ്ണനായ, ശക്തനും ഉന്നതുനുമായ ഗോത്രപിതാവാണ് യാക്കോബ്.
അവന്‍റെ ജീവിതം ഉപായങ്ങളും, നിരാശയും, വേദനകളും, ഒറ്റപ്പെടുത്തലും ഏകാന്തതയും, ഒപ്പം ആത്മീയമൂല്യങ്ങളുള്ളതും ആയിരുന്നു.
ജീവിതകാലത്ത് ആരും അദ്ദേഹത്തിന്‍റെ വേദനയും നിരാശയും മനസ്സിലാക്കിയിരുന്നില്ല.
തന്‍റെ ഭാരം പങ്കുവെക്കുവാന്‍ ആരും ഉണ്ടായിരുന്നില്ല.
യാക്കോബ് ഏകനായി ജീവിച്ചു, ഏകനായി പൊരുതി. ഏകനായി ജയിച്ചു.
അവനാണ്, യിസ്രായേല്‍ എന്ന രാജ്യം. എന്നാല്‍ പലപ്പോഴും അബ്രഹാമിനും മോശെക്കും ഇടയില്‍ അവന്‍ ഇപ്പോഴും അവഗണിക്കപ്പെടുന്നു.
ഉല്‍പ്പത്തി 1 മുതല്‍ 11 വരെയുള്ള അദ്ധ്യായങ്ങളില്‍ സൃഷ്ടി മുതല്‍ ബാബേല്‍ ഗോപുരം വരെയുള്ള ചരിത്രവും, 12 മുതല്‍ 25 വരെ യുള്ള അദ്ധ്യായങ്ങളില്‍ അബ്രഹാമിന്‍റെ ചരിത്രവും അതിനുശേഷം യിസഹാക്കിന്‍റെ ചരിതത്തിന്റെ ഒരു ലഘുവിവരണവും നമുക്ക് വായിക്കാം.
അതിനുശേഷം നമ്മള്‍ യാക്കോബിന്‍റെ ചരിത്രത്തിലേക്ക് പ്രവേശിക്കുക ആണ്.
യാക്കോബിന്‍റെ ജീവിതത്തെക്കുറിച്ച് പറയുവാന്‍ ഉല്‍പ്പത്തി 25 മുതല്‍ 50 വരെയുള്ള അദ്ധ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ഇടയ്ക്ക് യിസ്ഹാക്കിന്‍റെയും ഏശാവിന്‍റെയും  ജീവിതചരിത്രവും നമുക്ക് ഹൃസ്വമായി കാണാം.

യാക്കോബിന്‍റെ ജീവിതത്തില്‍ തീവ്ര ഭയത്തിന്‍റെയും ശക്തമായ വിശ്വാസത്തിന്‍റെയും നാളുകള്‍ ഉണ്ട്.
അവന്റെ കുടുംബം തകര്‍ന്നുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ട്, എന്നാല്‍ ശാന്തനായി അവന്‍ എല്ലാം നേരെയാക്കി.
വാഗ്ദത്ത ദേശത്ത്‌ ജനിച്ചു എങ്കിലും, തന്‍റെ ജീവിതത്തിലെ ബഹുഭൂരിപക്ഷം നാളുകളും അന്യദേശത്തു ജീവിച്ചു, അന്യദേശത്തു വച്ചുതന്നെ മരിക്കുകയും ചെയ്തു.

മനുഷ്യരുടെ വീണ്ടെടുപ്പിന്‍റെ പദ്ധതിക്കായി ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത കുടുംബത്തിലാണ് യാക്കോബ് ജനിച്ചത്‌.
യാക്കോബ് തന്‍റെ കുടുംബത്തോടുള്ള ദൈവീക ഉടമ്പടിയെ ബഹുമാനിച്ചു, എങ്കിലും അവന്‍റെ വിശ്വാസം അപക്വം ആയിരുന്നു.
അവന്‍ ഒരു ഉപായിയും, കൌശലക്കാരനും ആയിരുന്നു.
ദൈവീക പദ്ധതി തന്‍റെ കഴിവുകളാല്‍ നിവര്‍ത്തിക്കുവാന്‍ ശ്രമിക്കുന്ന തന്നിഷ്ടക്കാരന്‍ ആയിരുന്നു.

യാക്കോബ് എന്ന പേരിന്റെ അര്‍ത്ഥം ‘ഉപായി’ എന്നാണ്.
എന്നാല്‍ പിന്നീട് ദൈവം യിസ്രായേല്‍ എന്ന് പേര് മാറ്റിയിട്ടു. യിസ്രായേല്‍ എന്നാല്‍, “ദൈവത്തോട് മല്ലുപിടിച്ചവന്‍” എന്നാണ്.
യാക്കോബ് ആണ് യിസ്രായേലിലെ 12 ഗോത്രങ്ങളുടെയും പിതാവ്.
അവന്‍ എപ്പോഴും ആത്മീയ അനുഗ്രഹത്തിനായി ദാഹം ഉള്ളവന്‍ ആയിരുന്നു.
മാനുഷിക ബലഹീനതകളിലും ശക്തിയിലും അവന്‍ നമുക്ക് തുല്യന്‍ ആയിരുന്നു.
ഒരിക്കല്‍ പോലും പരിപൂര്‍ണ്ണന്‍ ആയിരുന്നിട്ടില്ലാത്ത ഈ മനുഷ്യനില്‍ നിന്നും ദൈവ കൃപയെക്കുറിച്ചുള്ള പ്രധാന പാഠങ്ങള്‍ നമുക്ക് പഠിക്കുവാന്‍ ഉണ്ട്.

യാക്കോബ് വളര്‍ന്നു വന്നത് ക്രമീകരണം ഇല്ലാത്ത ഒരു കുടുംബ പശ്ചാത്തലത്തില്‍ ആണ്.
അതുകൊണ്ട് തന്നെ അവന്‍ ഒരു ഉപായിയും കൌശലക്കാരനും ആയി മാറി.
മറ്റുള്ളവരെ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യുന്ന സ്വഭാവം അവനു ഉണ്ടായിരുന്നു.
അങ്ങനെ ദൈവത്തില്‍ ആശ്രയിക്കാതെ, തന്റെ ജീവിതത്തെ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യുവാന്‍ അവന്‍ ശ്രമിച്ചു.
ഈ സ്വഭാവത്തെ ദൈവം തകര്‍ക്കുന്നതാണ് അവന്റെ ജീവിത ചരിത്രം.

കുടുംബ പശ്ചാത്തലം

ഈ മുഖവുരയോടെ നമുക്ക് യാക്കോബിന്‍റെ ജീവിത ചരിത്രത്തിലൂടെ ദ്രുതഗതിയില്‍ ഒന്ന് യാത്ര ചെയ്യാം.
യാക്കോബിന്‍റെ കുടുംബ പശ്ചാത്തലം ആരംഭിക്കുന്നത് അബ്രഹാമില്‍ നിന്നാണ്.
ദൈവത്തിന്‍റെ ഉടമ്പടി പ്രകാരമുള്ള ജനത്തിന്‍റെ ആരംഭം ഗോത്ര പിതാവായ അബ്രഹാമില്‍ നിന്നാണ്.
അബ്രഹാമിന് ശേഷം, വാഗ്ദത്ത ഭൂമിയായ കനാനില്‍ മകന്‍ യിസ്ഹാക്ക് ജീവിച്ചു.
അദ്ദേഹത്തിനും ഭാര്യയായ റെബെക്കായ്ക്കുമായി, ഏശാവ് എന്നും യാക്കോബ് എന്നും രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു.

യഹോവയായ ദൈവത്തോടുള്ള അവരുടെ വല്യപ്പച്ചന്റെ വിശ്വസ്തതയും ദൈവവുമായുള്ള ഉടമ്പടിയും മാതാപിതാക്കള്‍ രണ്ടു മക്കളെയും പഠിപ്പിചിട്ടുണ്ടാകേണം.
പക്ഷെ, കുട്ടികള്‍ വളര്‍ന്നു കഴിഞ്ഞപ്പോള്‍ അവര്‍ രണ്ടു വഴി തിരഞ്ഞെടുത്തു.
ഏശാവ് വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും ആയി, യാക്കോബ് സാധുശീലനും കൂടാരവാസിയും ആയി ജീവിച്ചു.

കുടുംബാംഗങ്ങള്‍

യാക്കോബിന്‍റെ കുടുംബത്തില്‍ നാല് അംഗങ്ങള്‍ ആണ് ഉണ്ടായിരുന്നത് – പിതാവായ യിസ്ഹാക്ക്, മാതാവ് റെബേക്ക, ജേഷ്ഠ സഹോദരന്‍ ഏശാവ്, പിന്നെ യാക്കോബും.

യിസ്ഹാക്ക്
യിസ്ഹാക്കിനെക്കുറിച്ച് അധികം കാര്യങ്ങള്‍ വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
അവന്‍ അത്രമാത്രം ഗണ്യമായ പ്രവര്‍ത്തികള്‍ ചെയ്തിട്ടില്ല.
യിസ്ഹാക്ക് ഒരു ബലഹീന മനുഷ്യന്‍ ആയിരുന്നു.
ഒരു ഗോത്രപിതാവ് എന്ന രീതിയില്‍ തന്റെ കുടുംബത്തെ നിയന്ത്രിച്ച്‌ പരിപാലിക്കുവാന്‍ അവന് കഴിഞ്ഞില്ല.
എന്നാല്‍ തന്റെ പിതാവായ അബ്രഹാമിന്‍റെ വിശ്വാസം അവന്‍ പ്രാപിച്ചിരുന്നു.

അക്കാലത്ത്, ഒരു വധുവിനെ കണ്ടെത്തുക എന്നത് ഒരു യുവാവിന്‍റെ ജീവിതത്തിലെ പ്രധാന കാര്യം ആയിരുന്നു.
എന്നാല്‍ യിസ്ഹാക്ക് അതിനായി യാതൊരു ശ്രമവും നടത്തിയില്ല.
അന്നത്തെ രീതി അനുസരിച്ച്, ഒരു യുവാവ് മിക്കപ്പോഴും തന്റെ വധുവിനെ കണ്ടെത്തുന്നത് കിണറുകള്‍ക്കോ കുളങ്ങള്‍ക്കോ അരുവികള്‍ക്കോ അരികെ ആണ്.
അവിടെവച്ച്‌ എന്ത് സംഭവിക്കുന്നു എന്നതിന് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വളരെ പ്രസക്തി ഉണ്ട്.
മോശെയും യാക്കോബും തങ്ങളുടെ വധുവിനെ കണ്ടെത്തിയത് കിണറിനും അരുവിക്കും അരികെ ആണ്.
എന്നാല്‍, അബ്രഹാം അയച്ച ദാസന്‍ ആണ് യിസ്ഹാക്കിനുവേണ്ടി കിണറിന് അരികെ നിന്നും ഒരു വധുവിനെ കണ്ടെത്തുന്നത്.

റെബേക്ക
റെബേക്ക തന്ത്രപൂര്‍വ്വം മറ്റുള്ളവരെ നിയന്ത്രിക്കുന്ന സ്ത്രീ ആയിരുന്നു.
തന്റെ രണ്ടു മക്കളില്‍ അവര്‍ യാക്കോബിനെ ഏറെ സ്നേഹിച്ചു.
അതിനാല്‍ അവര്‍ യാക്കോബിന്‍റെ ജീവിതത്തെ നിയന്ത്രിക്കുകയും അവനുവേണ്ടി കാര്യങ്ങളെ ക്രമീകരിക്കുകയും ചെയ്തു.
പിതാവില്‍ നിന്നും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ യാക്കോബിനെ അവള്‍ സഹായിച്ചു; ഏശാവിന്‍റെ കോപത്തില്‍ നിന്നും രക്ഷിച്ചു; തന്റെ സഹോദരനായ ലാബാന്റെ മകളെ ഭാര്യയായി ലഭിക്കുവാനും അവള്‍ പിന്നില്‍ പ്രവര്‍ത്തിച്ചു.

ഏശാവ്
ഏശാവിന് നായാട്ട് ഏറെ ഇഷ്ടം ആയിരുന്നു; അവന്‍ ശരീരം നിറയെ രോമമുള്ളവന്‍ ആയിരുന്നു. (27:11)
വേട്ടമൃഗത്തിന്റെ മാസം അവന്‍ യിസ്ഹാക്കിന് പാചകം ചെയ്തു നല്‍കും എന്നതുകൊണ്ടായിരിക്കാം, യിസ്ഹാക്കിന് അവനോട് ഏറെ ഇഷ്ടം ആയിരുന്നു.

എന്നാല്‍ ഏശാവ് ഉത്തരവാദിത്തമില്ലാത്തവന്‍ ആയിരുന്നു.
അവന്റെ പിതാക്കന്മാരുടെ ആത്മീയ ജീവിതത്തെ അവന്‍ ബഹുമാനിച്ചില്ല.
ദൈവവും അബ്രഹാമുമായുള്ള ഉടമ്പടിയെ അവന്‍ തൃണവല്‍കരിച്ചു എന്നത് അവന്റെ വലിയ തെറ്റാണ്.
അവന്‍റെ ജേഷ്ടാവകാശവും അവന്‍ നിസ്സാരമായി കരുതി യാക്കോബിന് വിറ്റുകളഞ്ഞു, അന്യദേവന്മാരെ ആരാധിക്കുന്ന രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചു.
ഏശാവോ അവന്റെ ഭാര്യമാരോ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട വംശാവലിയില്‍ ഉള്‍പ്പെട്ടില്ല.

കുടുംബം
അതായത്, യാക്കോബ് ജനിച്ചതും വളര്‍ന്നതും വ്യത്യസ്തമായ ഒരു കുടുംബത്തില്‍ ആയിരുന്നു.
അശക്തനായ പിതാവ്, എല്ലാം തന്റെ നിയന്ത്രണത്തില്‍ ആക്കുന്ന മാതാവ്.
ലോകചിന്തകള്‍ മാത്രമുള്ള പ്രാകൃത മനുഷനായ സഹോദരന്‍.
എന്നാല്‍ യാക്കോബ് ആത്മീയ പരമ്പര്യത്തില്‍ വിള്ളല്‍ ഉണ്ടാക്കിയില്ല.
തന്‍റെ പിതാക്കന്മാര്‍ ദൈവവുമായുണ്ടാക്കിയ ഉടമ്പടിയെ അവന്‍ ബഹുമാനിച്ചു.
അവന്‍ ശാന്തനും ചിന്തിക്കുന്നവനും ആയിരുന്നു. അവന്‍ പിതാവിന്‍റെ ആടുകളെയും പരിപാലിച്ചുകൊണ്ട്‌ വീട്ടില്‍ തന്നെ കഴിഞ്ഞു.

ജീവിതം ആരംഭിക്കുന്നു

യാക്കോബിന്‍റെ ജീവിതം ആരംഭിക്കുന്നത് തന്നെ ഒരു പോരാട്ടത്തോടെ ആണ്.
ദൈവത്തിന്‍റെ പദ്ധതിയില്‍ എപ്പോഴും ആയിരിക്കുവാനുള്ള ഈ പോരാട്ടം അവന്റെ ജീവിതകാലം മുഴുവന്‍ നീണ്ടു നിന്നു.
അവന്റെ അമ്മ രണ്ടു ഇരട്ട കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്.
അവളുടെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: യഹോവയോടു ആലോചന ചോദിച്ചു.
“യഹോവ അവളോടു: രണ്ടുജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ടു. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു.” (25:23)

അമ്മയുടെ ഉദരത്തില്‍ തന്നെ ആരംഭിച്ച പോരാട്ടം അവര്‍ തമ്മില്‍ തുടര്‍ന്നു.
ആദ്യം ഏശാവ് ജനിച്ചു, അങ്ങനെ അവന്‍ ജേഷ്ടാവകാശത്തിനും അബ്രഹാമും ദൈവവുമായുള്ള ഉടമ്പടിക്കും ജന്മനാല്‍ അര്‍ഹനായി.

അവര്‍ ജനിക്കുന്നതിനു മുമ്പ് തന്നെ, ഏശാവിന്‍റെ സന്തതി പരമ്പരകള്‍ യിസ്രായേലിന്റെ ശത്രുക്കള്‍ ആകും എന്നും എന്നാല്‍ യാക്കോബ് വിശ്വസ്തതയോടെ നില്‍ക്കും എന്നും ദൈവത്തിന് അറിയാമായിരുന്നു.
അതുകൊണ്ട് ദൈവം യാക്കോബിനെ യേശുവിന്‍റെ വംശാവലിയില്‍ മുന്നിയമിച്ചു.

തട്ടിയെടുത്ത ജേഷ്ടാവകാശം

ഉല്‍പ്പത്തി 25: 28 ല്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചിപിടിച്ചിരുന്നതുകൊണ്ടു യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.”
ഏശാവ് ഒരു വേട്ടക്കാരന്‍ ആയിരുന്നു; യിസ്ഹാക്ക് എന്തെല്ലാം ആയിരുന്നില്ല, അതെല്ലാം ഏശാവ് ആയിരുന്നു.
മാനസികമായി, ശക്തിഹീനന്‍ ആയിരുന്ന യിസ്ഹാക്ക് തന്‍റെ മകനിലൂടെ ശക്തന്‍ ആകുവാന്‍ ശ്രമിക്കുക ആയിരുന്നു.

അക്കാലത്ത്, മദ്ധ്യപൂര്‍വ്വ ദേശത്ത്‌, ജേഷ്ടാവകാശത്തിനു വളരെ പ്രാധാന്യം ഉണ്ടായിരുന്നു.
ഒരു പിതാവിന്‍റെ ആദ്യപുത്രന് മറ്റു പുത്രന്മാര്‍ക്ക് ലഭിക്കുന്ന ഓഹരിയുടെ ഇരട്ടിപങ്ക് ലഭിക്കുമായിരുന്നു.
ഇതിനെ ആണ് അന്ന് ‘ജേഷ്ടാവകാശം’ എന്ന് വിളിച്ചിരുന്നത്‌.
അങ്ങനെ, ആദ്യജാതനായ ഏശാവിന്, യാക്കോബിന് ലഭിക്കുന്നതിനേക്കാള്‍ ഇരട്ടിപങ്ക് ഓഹരി പിതാവില്‍നിന്നും ലഭിക്കേണ്ടതാണ്.

എന്നാല്‍ വളര്‍ന്ന് വന്നപ്പോള്‍, ഏശാവ് തന്‍റെ ജേഷ്ടാവകാശത്തെയോ ദൈവീക ഉടമ്പടിയെയോ ഗൌരവമായി കണ്ടില്ല.
എന്നാല്‍ ജേഷ്ടാവകാശം തനിക്ക് ലഭിക്കേണം എന്ന് യാക്കോബ് ഏറെ ആഗ്രഹിച്ചു.
ഒരിക്കല്‍ വേട്ടയ്ക്ക് ശേഷം ഏശാവ് വിശന്നും തളര്‍ന്നും മടങ്ങി വന്നു.
അപ്പോള്‍ യാക്കോബ് രുചികരമായ ഒരു പായസം വെക്കുക ആയിരുന്നു.
എശാവ് അവനോട് ആ പായസത്തില്‍ കുറെ ചോദിച്ചു.
അത് നല്‍കുവാന്‍ യാക്കോബ് തയ്യാറായി.
എന്നാല്‍ യാക്കോബ് ഒരു നിബന്ധന വച്ചു: ഏശാവിന്റെ ജ്യേഷ്ഠാവകാശം അവന് വില്ക്കുക.
ഉടന്‍ തന്നെ ഏശാവ് അത് സമ്മതിച്ചു, ജേഷ്ടാവകാശം യാക്കോബിന് നല്‍കികൊണ്ട് സത്യം ചെയ്തു. അങ്ങനെ തന്‍റെ ജ്യേഷ്ഠാവകാശം യാക്കോബിന്നു വിറ്റു.
ഏശാവിന് ജന്മനാ ലഭിച്ച ജേഷ്ടാവകാശം യാക്കോബ് ഇങ്ങനെ പിടിച്ചു വാങ്ങിയത് ശരിയല്ല; അതുപോലെ തന്നെ ഏശാവ് ജ്യേഷ്ഠാവകാശത്തെ വിറ്റ്കളഞ്ഞതും തെറ്റാണ്.
യാക്കോബിന്‍റെ ഈ പ്രവര്‍ത്തിയെ കുറിച്ച് ദൈവവചനം പ്രത്യേകിച്ച് ഒന്നും പറയുന്നില്ല, എന്നാല്‍ ഏശാവിനെ കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു: “ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു”. (ഉല്‍പ്പത്തി 25: 34)

അവന്‍ അമ്മയുടെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ ദൈവം അരുളിച്ചെയ്ത വാക്കുകള്‍ റെബേക്ക യാക്കൊബിനോട് പറഞ്ഞിട്ടുണ്ടായിരിക്കാം.
അതനുസരിച്ച്, ജേഷ്ടാവകാശം അവനു എപ്പോഴെങ്കിലും എങ്ങനെ എങ്കിലും ലഭിക്കും എന്ന് അവനു വിശ്വസിക്കാമായിരുന്നു.
എന്നാല്‍, ദൈവീക ഉറപ്പ് പ്രാപിച്ചെടുക്കുവാന്‍ യാക്കോബ് തന്‍റെ സ്വന്ത കഴിവിലും സാമര്‍ത്ഥ്യത്തിലും ആശ്രയിക്കുക ആയിരുന്നു.
ദൈവത്തിനായി, ദൈവീക സമയത്തിനും അവസരത്തിനുമായി അവന്‍ കാത്തിരുന്നില്ല.

തട്ടിയെടുത്ത അനുഗ്രഹം

യിസ്ഹാക്ക് വൃദ്ധനായി അവന്റെ കണ്ണു കാണ്മാൻ വഹിയാതവണ്ണം മങ്ങിയപ്പോൾ, മരണ സമയം അടുത്തു എന്ന് അവന് തോന്നി.
അതുകൊണ്ട് രഹസ്യത്തില്‍ എല്ലാ അനുഗ്രഹങ്ങളും യിസ്ഹാക്കിന് നല്‍കുവാന്‍ അവന്‍ ക്രമീകരണങ്ങള്‍ ചെയ്തു. (27:1-4)
ഇവിടെ എശാവിനെയും യാക്കോബിനെയും കുറിച്ചുള്ള ദൈവീക ആലോചനയെ യിസ്ഹാക്ക് അവഗണിക്കുക ആണ്.
ഒരിക്കലും അബ്രഹാമിന്‍റെ ഉടമ്പടിയെ ബഹുമാനിക്കാത്ത ഏശാവിന് എല്ലാ അനുഗ്രഹങ്ങളും നല്‍കുവാന്‍ യിസ്ഹാക്ക് ശ്രമിക്കുക ആണ്.
അബ്രഹാമിന്‍റെ ഉടമ്പടിക്ക് അവകാശിയായി ദൈവം തിരഞ്ഞെടുത്തത് യാക്കോബിനെ ആണ് എന്ന് യിസ്ഹാക്കിന് അറിയാം.
എന്നാല്‍ ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിന്‍റെ ഉത്തരവാദിത്തം ദൈവത്തിന് വിട്ടുകൊടുത്തുകൊണ്ട്‌ തന്‍റെ ഇഷ്ടപ്രകാരം ഏശാവിനെ അനുഗ്രഹിക്കുവാന്‍ യിസ്ഹാക്ക് തീരുമാനിക്കുക ആണ്.
അബ്രഹാമിന്‍റെ വാഗ്ദത്ത സന്തതിയായ യിസ്ഹാക്കിന് ഇത് യോജിച്ച പ്രവര്‍ത്തി ആയിരുന്നില്ല.

ഏശാവാകട്ടെ, തന്‍റെ ജേഷ്ടാവകാശം യാക്കോബിന് വിറ്റുകഴിഞ്ഞിരുന്നു എന്ന സത്യത്തെ അവഗണിക്കുക ആണ്.
ഈ സത്യം ഏശാവ്, യിസ്ഹാക്കിനോട് പറയേണ്ടുന്നതാണ്.
എന്നാല്‍ അവന്‍ അത് രഹസ്യമായി വച്ചുകൊണ്ട്, തന്റെ പിതാവ് ആഗ്രഹിച്ചതുപോലെ ആഹാരം ഉണ്ടാക്കുവാന്‍, വേട്ടമൃഗത്തിനായി കാട്ടിലേക്ക് പോയി.

ഇതു രഹസ്യമായി അറിഞ്ഞ റെബേക്ക, യിസ്ഹാക്കിനെ ചതിച്ച് അനുഗ്രഹങ്ങള്‍ യാക്കോബിന് ലഭിക്കുവാനുള്ള മാര്‍ഗ്ഗം തയ്യാറാക്കി.
യാക്കോബ്, ഏശാവിന്റെ വസ്ത്രവും കോലാട്ടിൻകുട്ടികളുടെ തോലും ധരിച്ചുകൊണ്ട് അപ്പന്‍റെ അടുക്കല്‍ ഭക്ഷണവുമായി ചെന്നു.
യിസ്ഹാക്ക് അവനെ മണത്തും, തപ്പിനോക്കിയും ഏശാവ് എന്ന് തെറ്റിദ്ധരിച്ചു.
അങ്ങനെ എല്ലാ അനുഗ്രഹങ്ങളും യാക്കോബിന് നല്‍കി.
ഈ വഞ്ചന ഏശാവ് കേട്ടപ്പോള്‍, അവന്‍ കോപിച്ചു, “അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും” എന്നു ഹൃദയത്തിൽ പറഞ്ഞു. (27:41)
എന്നാല്‍ ഇത് റെബേക്ക മനസ്സിലാക്കി, യാക്കോബിനെ തന്‍റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു, ഹാരാനിലേക്ക് പറഞ്ഞുവിട്ടു.
യാക്കോബ് ഹാരാനിലേക്ക് ഓടിപോയി, റെബേക്ക പിന്നീട് ഒരിക്കലും യാക്കോബിനെ കണ്ടിട്ടില്ല.

റെബേക്ക എത്ര തന്ത്രപൂര്‍വ്വം താന്‍ ആഗ്രഹിച്ചത്‌ നേടി എടുത്തു എന്നതിന് ഇതു നല്ല ഒരു ഉദാഹരണം ആണ്.
ഏശാവ്, യാക്കോബിനെ സേവിക്കും എന്ന് ദൈവം പറഞ്ഞത് റെബേക്കയ്ക്ക് അറിയാം, യിസ്ഹാക്കിനും അത് അറിയാമായിരുന്നു.
എന്നാല്‍ ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിനെ യിസ്ഹാക്ക് അവഗണിച്ചു.
എന്നിരുന്നാലും, ദൈവത്തിന്‍റെ പദ്ധതികളെ ഉപായങ്ങളിലൂടെ നേടുന്നത് റെബേക്കയുടെ ഉത്തരവാദിത്തം ആയിരുന്നില്ല.

അവരുടേത് അടുത്ത ഇഴകള്‍ ഉള്ള ഒരു കുടുംബം ആയിരുന്നില്ല. അവരുടെ ഇടയിലുള്ള ബന്ധങ്ങളില്‍ എപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
ഏശാവും യാക്കോബും തമ്മില്‍ അധികം ഇടപഴകുന്നത് നമ്മള്‍ കാണുന്നില്ല.
എശാവും റെബേക്കയും തമ്മില്‍ ആശയവിനിമയം ഇല്ല.
യാക്കോബ്, ഏശാവിന്റെ രൂപത്തിലാണ് പിതാവിനോട് സംസാരിക്കുന്നത്.
റെബേക്കയും യിസ്ഹാക്കും തമ്മില്‍ പോലും ഊഷ്മളമായ ഒരു സംഭാഷണം നടക്കുന്നില്ല.
എല്ലാവരും അവരുടെതായ തുരുത്തുകളില്‍ ജീവിച്ചു.
അങ്ങനെ, യാക്കോബ് ദൈവീക പദ്ധതിയുടെ നിവര്‍ത്തിക്കായി കാത്തിരുന്നില്ല എന്ന് നമ്മള്‍ വീണ്ടും മനസ്സിലാക്കുന്നു.

യാക്കോബിന്‍റെ സ്വപ്നം (28)

അബ്രഹാമിന്‍റെ സഹോദരനായ നാഹോരിന്‍റെ കുടുംബത്തില്‍ ആണ് റെബേക്കയുടെ ജനനം.
അവര്‍ കനാന്‍ ദേശത്തുനിന്നും വളരെ അകലെ, വടക്ക് കിഴക്ക്, ഹാരാന്‍ എന്ന സ്ഥലത്ത് താമസിച്ചിരുന്നു.
ലാബാന്‍, റെബേക്കയുടെ സഹോദരന്‍ ആയിരുന്നു.
അതുകൊണ്ട് യാക്കോബ് കനാന്‍ ദേശത്തുനിന്നും, മരുഭൂമിയുടെ അതിരിലൂടെ, ഏകനായി, കൈയില്‍ ഒരു വടി മാത്രമായി, ഹാരാനിലേക്കു യാത്ര ചെയ്തു. (28:10)
ഇത് ഇനി തുടരുവാനിരിക്കുന്ന യാത്രകളുടെ തുടക്കം ആയിരുന്നു.
തനിക്കു ലഭിക്കേണ്ടുന്ന ദൈവീക അനുഗ്രഹത്തിന്‍റെ ഭാഗമായ വാഗ്ദത്ത ദേശത്തുനിന്നും ദൂരേക്ക്‌  യാക്കോബ് യാത്ര ആകുക ആണ്.
യാക്കോബ് ഇന്നേവരെ നേടിയെടുത്തതോന്നും ദൈവീക പദ്ധതി പ്രകാരം ആയിരുന്നില്ല.
എന്നിരുന്നാലും ദൈവം അവനെ മാനിക്കുവാന്‍ പോകുക ആണ്.

യാത്രാ മദ്ധ്യേ യാക്കോബ് സ്വദേശത്തുനിന്നും അറുപത് മൈല്‍ അകലെ, കുന്നുകള്‍ക്കു മദ്ധ്യേ സ്ഥിതിചെയ്യുന്ന ബേഥേല്‍ എന്ന സ്ഥലത്ത് എത്തി.
രാത്രി ആയതിനാല്‍, ഒരു കല്ല്‌ തലയിണ ആയി വച്ച് അവന്‍ അവിടെ കിടന്ന് ഉറങ്ങി.
ഉറക്കത്തില്‍ അവന്‍ അത്ഭുതവും മനോഹരവും ആയ ഒരു സ്വപ്നം കണ്ടു. (28: 11-15).
സ്വപ്‌നങ്ങള്‍ അന്നും ഇന്നും ദൈവം തന്‍റെ ജനത്തോട് ആലോചന അറിയിക്കാനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും ഉപയോഗിക്കാറുണ്ട്.
അവന്‍ സ്വപ്നത്തില്‍, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി കണ്ടു.
അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.
അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു. (28: 13-15)
അബ്രഹാമിന് ദൈവം നല്‍കിയ വാഗ്ദത്തങ്ങള്‍ യാക്കോബിനും നല്‍കാം എന്ന് ദൈവം ഉറപ്പു കൊടുത്തു.
ദൈവം അവനെ അബ്രഹാമിന്‍റെ വാഗ്ദത്തങ്ങള്‍ക്ക് അവകാശി ആക്കി പ്രഖ്യാപിച്ചു.
അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: “യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല എന്നു പറഞ്ഞു.” (28:16)
അവന്‍ തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു.
അവൻ ആ സ്ഥലത്തിന്നു, ദൈവത്തിന്‍റെ ആലയം’ എന്ന് അര്‍ത്ഥം വരുന്ന ബേഥേൽ എന്നു പേർവിളിച്ചു.
അവിടെ വച്ച് യാക്കോബ് ഒരു നേര്‍ച്ച നേര്‍ന്നു.

ഉല്‍പ്പത്തി 28: 20 – 22
20  യാക്കോബ് ഒരു നേർച്ചനേർന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും
21  എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൗഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും.
22  ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.

ദൈവം അബ്രഹാമിന്റെ ഉടമ്പടി ആവര്‍ത്തിച്ച് അരുളിച്ചെയ്തു, യാക്കോബ് അതിനോടുള്ള തന്‍റെ ബന്ധം ഉറപ്പിച്ച് പറഞ്ഞു.
ചെയ്തുപോയ ഉപായത്തിലുള്ള എല്ലാ പ്രവര്‍ത്തികള്‍ക്കും മീതെ ദൈവം തന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു എന്ന് യാക്കോബിന് മനസ്സിലായി.
ദൈവം അവനെ കാക്കുന്നു; അവനെ എപ്പോഴും എവിടെയും പരിപാലിക്കുന്നു.

യാക്കോബിന് നിശ്ചയമായും ഒരു സ്വര്‍ഗീയ ദര്‍ശനം ആവശ്യമായ സമയം ആയിരുന്നു അത്.
അവന് തന്‍റെ കുടുംബത്തോടും വാഗ്ദത്ത ദേശത്തോടും സ്നേഹം ഉണ്ടായിരുന്നു.
നിര്‍ഭാഗ്യവശാല്‍ അവന്‍ ഇപ്പോള്‍ അവ രണ്ടില്‍ നിന്നും പുറത്തായിരിക്കുന്നു.
സുഖകരമായ ജീവിതം അവനു നഷ്ടമായി; അവിടെ നിന്നും അവന്‍ പറിച്ചെറിയപ്പെട്ടു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യാക്കോബ് സ്വദേശത്തെക്കു തിരികെ വരുന്നത്.
പക്ഷെ അപ്പോഴേക്കും റെബേക്ക, അവന്‍റെ അമ്മ മരിച്ചു കഴിഞ്ഞിരുന്നു.
വാഗ്ദത്ത ദേശത്ത് പിന്നീട് അവന്‍ ജീവിച്ച നാളുകള്‍, ഭയത്തിന്‍റെയും നിരാശയുടെയും നാളുകള്‍ ആയിരുന്നു.
തന്‍റെ ഭവനം വിട്ട് പോയതിനു ശേഷം ഉള്ള എല്ലാ നാളുകളും ഏകാന്തതയുടേയും ഭയത്തിന്‍റെയും, അനിശ്ചിതത്വത്തിന്‍റെയും നിരാശയുടേയും ആയിരുന്നു.
യാക്കോബിന്‍റെ ജീവിതത്തിലെ ബഹുഭൂരിപക്ഷം നാളുകളും അന്യദേശത്ത്, അന്യ യജമാനന്മാരുടെയോ, രാജാക്കന്മാരുടെയോ കീഴില്‍ ആയിരുന്നു.

യാക്കോബും ലാബാനും (29-31)

ഹാരാനില്‍ യാക്കോബ് അവനെക്കാള്‍ ഉപായിയും ചതിയനുമായ ലാബാനെ കണ്ടുമുട്ടി.
കൌശലത്തില്‍ തന്നെക്കാള്‍ വലിയവനായ ഒരുവനുമായി യാക്കോബ് ഏറ്റുമുട്ടുവാന്‍ പോകുക ആണ്.

യാക്കോബ് ഹാരാനില്‍ താമസിക്കുവാന്‍ തുടങ്ങിയപ്പോള്‍, ലാബാന്‍ അവന്‍റെ ആടുകളെ മേയ്ക്കുന്നതിന്റെ കൂലി നിശ്ചയിച്ചു.
ലാബാന്റെ ഇളയ മകളായ റാഹേലിനെ വിവാഹം കഴിക്കേണ്ടുന്നതിനായി അവന്‍ ഏഴ് വര്‍ഷങ്ങള്‍ ലാബാനെ സേവിച്ചു; ഈ കാലയളവിലെ അവന്‍റെ കൂലി റാഹേലിനായി കണക്കിട്ടു.
എന്നാല്‍ ലാബാന്‍ യാക്കോബിനെ ചതിച്ചു.
വിവാഹ ദിവസം രാത്രിയില്‍, ലാബാന്‍, റാഹേലിനു പകരം അവളുടെ സഹോദരി ലേയയെ യാക്കോബിന്‍റെ കൂടാരത്തിലേക്കു അയച്ചു.
യാക്കോബ് വീണ്ടും ഏഴ് വര്‍ഷങ്ങള്‍ റാഹേലിനു വേണ്ടി അദ്ധ്വാനിച്ചു.
റാഹേലിനെ വിവാഹം കഴിച്ചതിനു ശേഷം, വീണ്ടും ആറു വര്‍ഷങ്ങള്‍ സ്വന്തമായി സ്വത്ത് ഉണ്ടാക്കുവാനായി അവന്‍ അദ്ധ്വാനിച്ചു.
ഇതില്‍, ചതിയും, വഞ്ചനയും യാക്കോബ് ഏറെ സഹിച്ചു.
എന്നാല്‍, അന്ത്യത്തില്‍ ദൈവം യാക്കോബിനെ അനുഗ്രഹിച്ചു, അവന്‍ സമ്പന്നന്‍ ആയി മാറി.
അപ്പോള്‍, രഹസ്യമായി ലാബാന്റെ വീട്ടില്‍ നിന്നും പുറപ്പെട്ട് പോക്കുവാന്‍ യാക്കോബ് തീരുമാനിച്ചു.

ഉല്‍പ്പത്തി 31: 3 ല്‍ ദൈവം യാക്കോബിനോട് അരുളിച്ചെയ്തു: “നിന്‍റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്‍റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും”.
യാക്കോബ് തന്‍റെ ഭാര്യമാരോടും മക്കളോടും, ദാസീദാസന്മാരോടും, ആടുമാടുകളോടും കൂടെ വാഗ്ദത്ത ദേശത്തേക്ക് യാത്ര തിരിച്ചു.
ഇതറിഞ്ഞ കോപിഷ്ടനായ ലാബാന്‍ അവരെ ഉപദ്രവിക്കുവാനായി പിന്നാലെ ചെന്നു.
എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ ലാബാന്റെ അടുക്കൽ വന്നു അവനോടു: നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു കല്പിച്ചു. (31: 24)
അതിന്‍റെ ഫലമായി യാക്കോബും ലാബാനും ഒരു സമാധാന ഉടമ്പടിയില്‍ എത്തിച്ചേര്‍ന്നു.
അവര്‍ യിസ്രായേലിന്‍റെയും വടക്കന്‍ അരാമ്യരുടെയും ഇടയില്‍ അതിര് തീര്‍പ്പാക്കി. (31:44,45)
ഇനി പരസ്പരം ആക്രമിക്കുക ഇല്ല എന്ന ഉറപ്പോടെ അവര്‍ സമാധാനമായി പിരിഞ്ഞു.

യാക്കോബിന്‍റെ ജീവിതം എപ്പോഴും സംഘര്‍ഷങ്ങളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു.
യാക്കോബ് കടന്നുപോയ വേദനകളെക്കുറിച്ച് അവന്‍ ലാബാനോട് പറയുന്നതിങ്ങനെ ആണ്:

ഉല്‍പ്പത്തി 31: 38 - 42
38  ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ അടുക്കൽ പാർത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല.
39  ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന്നു ഉത്തരവാദിയായിരുന്നു; പകൽ കളവു പോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു.
40  ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻ ക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി.
41  ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ വീട്ടിൽ പാർത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിൻകൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.
42  എന്റെ പിതാവിന്റെ ദൈവമായി അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ എനിക്കു ഇല്ലാതിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.

യാക്കോബ് പറഞ്ഞ അവസാനത്തെ വാചകം നമ്മള്‍ ശ്രദ്ധിക്കേണം.
ദൈവം അവിടുന്ന് വാഗ്ദത്തം ചെയ്തതുപോലെ യക്കോബിനോട് കൂടെ ഇരുന്നു.
ജീവിതത്തിലെ എല്ലാ പരീക്ഷണ ഘട്ടത്തിലും യാക്കോബ് ദൈവത്തോട് വിശ്വസ്തന്‍ ആയിരുന്നു; ദൈവവുമായുള്ള കൂട്ടായ്മ വിട്ടുകളയാതെ ഇരുന്നു. ദൈവം അവനെ കാത്തു പരിപാലിച്ചു.

ദൈവവുമായുള്ള മല്ലുപിടുത്തം (ഉല്‍പ്പത്തി 32)

ഏശാവുമായുണ്ടായിരുന്ന കലഹത്തിന്‍റെ പരിണിത ഫലവും വഹിച്ചുകൊണ്ടാണ് യാക്കോബ് തന്‍റെ മടക്ക യാത്ര നടത്തുന്നത്.
കനാന്‍ ദേശത്ത് നിന്നും ഓടി പോയതിന്‍റെ ഉത്തരവാദിത്തം യാക്കൊബിനും ഉണ്ട്.

യാത്രാ മദ്ധ്യേ, യാക്കോബ് ഒരിക്കല്‍ കൂടി ദൈവത്തെ കണ്ടുമുട്ടുക ആണ്.
മുമ്പ് അവന് ലഭിച്ച ദര്‍ശനത്തില്‍, വാഗ്ദത്ത ദേശത്തുനിന്നും അകലേക്കുള്ള യാത്രയില്‍, ദൈവം അവനെ അനുഗ്രഹിക്കാം എന്നും സംരക്ഷിക്കാം എന്നും ഉറപ്പു കൊടുത്തു.
ഇപ്പോള്‍ വാഗ്ദത്ത ദേശത്തേക്കുള്ള മടക്ക യാത്രയില്‍ അവന്‍ വീണ്ടും ദൈവത്തെ കണ്ടുമുട്ടുന്നു.

ഏശാവ്, എതിരായി വന്ന് തന്നെയും കുടുംബാംഗങ്ങളെയും കൊല്ലും എന്ന് യാക്കോബ് ഭയപ്പെട്ടു.
നാനൂറ് പേരുമായി ഏശാവ് തനിക്കെതിരെ വരുന്നു എന്ന് അവന് അറിവ് കിട്ടി.
യാക്കോബ് ഏറെ ഭയപ്പെട്ടു; ഇത് തനിക്കു കൈകാര്യം ചെയ്യുവാന്‍ കഴിയുന്നതിലും വലിയ പ്രതിസന്ധി ആണ്.
ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ തന്നെ അപകടത്തില്‍ ആയിരിക്കുന്നതുപോലെ യാക്കോബിന് തോന്നി. ദൈവത്തിന്‍റെ വാക്കുകള്‍ പൊള്ളയായ ശബ്ദങ്ങള്‍ മാത്രം ആയിതീരുമോ?
എന്നാല്‍ ഇവിടെ യാക്കോബിന്‍റെ ജീവിതത്തിലെ വഴിത്തിരിവ് ആയ രണ്ട് കാര്യങ്ങള്‍ നടക്കുന്നുണ്ട്.
ഒന്ന്, യാക്കോബ് സുരക്ഷക്കായി ദൈവത്തോട് പ്രാര്‍ഥിച്ചു; തന്നിഷ്ടക്കാരനായ യാക്കോബ് ദൈവത്തില്‍ പരിപൂര്‍ണ്ണമായി ആശ്രയിക്കുവാന്‍ പഠിച്ചു.
ദൈവത്തില്‍ നിന്നും ഒരു അനുഗ്രഹം തനിക്ക് അത്യാവശ്യമാണ് എന്ന് അവന്‍ തിരിച്ചറിഞ്ഞു; അതിനായി രാത്രിമുഴുവന്‍ അവന്‍ മല്ലുപിടിച്ചു. (32:9-13, 24-30).
ദൈവ കൃപയുടെ പ്രാധാന്യം അവന്‍ മനസ്സിലാക്കി.

യബ്ബോക്ക് നദീതീരത്ത്‌ ഇരുന്നുകൊണ്ട് യാക്കോബ് പ്രാര്‍ഥിച്ചു. (32: 9-12)

ഉല്‍പ്പത്തി 32: 9-12
9 പിന്നെ യാക്കോബ് പ്രാർത്ഥിച്ചതു: എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്കു നന്മ ചെയ്യുമെന്നു എന്നോടു അരുളിച്ചെയ്ത യഹോവേ,
10  അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നതു; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു.
11  എന്റെ സഹോദരനായ ഏശാവിന്റെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു.
12   നീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടൽകരയിലെ മണൽപോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ.

യാക്കോബ് തന്‍റെ അയോഗ്യത ദൈവത്തിന്‍ മുമ്പാകെ ഏറ്റു പറഞ്ഞു.
തനിക്കെതിരെ വരുന്ന വലിയ നാശത്തില്‍ നിന്നും തന്നെ രക്ഷിക്കേണമേ എന്ന് അപേക്ഷിച്ചു.
തന്‍റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടൽകരയിലെ മണൽപോലെ ആക്കുമെന്നു ദൈവം അരുളിച്ചെയ്തത് അവര്‍ ഓര്‍മ്മിപ്പിച്ചു.
യാക്കോബും കുടുംബവും നശിച്ചാല്‍ ഇതു എങ്ങനെ സാധ്യമാകും?
അബ്രഹാമിന്‍റെ ഉടമ്പടിയുടെ അവകാശികള്‍ നശിച്ചാല്‍ പിന്നെ ഉടമ്പടി എങ്ങനെ നിവര്‍ത്തിക്കപ്പെടും?

എന്നാല്‍ ആ രാത്രിയില്‍ ദൈവം യാക്കൊബിനോട് ഇടപെടുവാന്‍ ആഗ്രഹിച്ചു.
23-)0 മത്തെ വാക്യം പറയുന്നു: “യാക്കോബ് തനിയേ ശേഷിച്ചു.”
യാക്കോബിന്‍റെ കഴിവുകള്‍ അവസാനിച്ചു; ഇനി മുന്നോട്ട് നീങ്ങുവാന്‍ അവന് കഴിയുക ഇല്ല.
അവന്‍റെ ജീവിതം കുഴഞ്ഞുമറിഞ്ഞതായി; അത് നേരെ ആക്കുവാന്‍ അവന് ഇനി കഴിയുകയില്ല.
അവന്‍ തനിയെ ആയി, തനിയെ ഏശാവിനെ അഭിമുഖീകരിക്കേണം.
വിശ്വാസത്തിന്റെയും യുക്തിയുടെയും അവസാന പലകയില്‍ അവന്‍ നില്‍ക്കുകയാണ്.
ഈ പ്രതിസന്ധികളുടെ മുന്നില്‍ സമ്പൂര്‍ണ്ണമായി ദൈവത്തില്‍ മാത്രം ആശ്രയിക്കുന്ന മനുഷ്യനായി അവന്‍ മാറി.
അവന്‍റെ വിശ്വാസത്തെയും തീരുമാനത്തെയും ഉറപ്പിക്കുവാന്‍ അവനു ദൈവീക അനുഗ്രഹം ലഭിച്ചേ മതിയാകൂ.

അന്ന് രാത്രി ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു.
ഈ മല്ലുപിടുത്തത്തിന്റെ വിശദാംശങ്ങള്‍ വേദപുസ്തകത്തില്‍ പറഞ്ഞിട്ടില്ല.
എന്നാല്‍ വിശ്വാസത്താല്‍ യാക്കോബ് ഒരു സ്വര്‍ഗീയനായ പുരുഷനോട്, ദൈവീക അനുഗ്രഹത്തിനായി, മല്ലുപിടിച്ചു എന്ന് നമ്മള്‍ മനസ്സിലാക്കുന്നു.
അവര്‍ രാത്രി മുഴുവന്‍ മല്ലുപിടിച്ചു, അനുഗ്രഹിച്ചല്ലാതെ അവനെ വിടുവാന്‍ യാക്കോബ് തയ്യാറായില്ല.

ഈ സ്വര്‍ഗീയ പുരുഷന്‍ യാക്കോബിനെ അനുഗ്രഹിച്ചു, “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു”
യാക്കോബ് ദൈവത്തില്‍ പൂര്‍ണ്ണമായും ആശ്രയിക്കുവാന്‍ തുടങ്ങിയപ്പോള്‍ അവന്‍റെ പഴയ പേര്‍ മാറി, യിസ്രായേല്‍ എന്നായി.
യാക്കോബ് എന്ന പേര്‍ തന്നിഷ്ടത്തെ കാണിക്കുന്നു; യിസ്രായേല്‍ എന്ന പേര്‍ ദൈവത്തിലുള്ള ആശ്രയത്തെ കാണിക്കുന്നു.

ദൈവവുമായുള്ള ഈ കണ്ടുമുട്ടലിനു ശേഷം, തന്‍റെ ഭാര്യമാരുടെയും ദാസീദാസന്മാരുടെയും പിന്നില്‍ ഒളിച്ചു നില്‍ക്കാതെ, യാക്കോബ് അവര്‍ക്ക് മുമ്പായി നടന്ന് ഏശാവിന്റെ അടുക്കല്‍ ചെന്നു. (33:3)
അവന്‍ ഇപ്പോള്‍ സ്വന്ത കഴിവിലോ സമ്പത്തിലോ അല്ല, ദൈവത്തില്‍ ആണ് വിശ്വസിക്കുന്നത്.
ഏശാവ് അവനെ ഹൃദ്യമായി സ്വീകരിച്ചു; അവനില്‍ യാതൊരു വെറുപ്പും ഉണ്ടായിരുന്നില്ല.
അങ്ങനെ വാഗ്ദത്ത ദേശത്തേക്ക് മടങ്ങി വരുവാന്‍ ദൈവം യാക്കോബിനെ സഹായിച്ചു.

അവസാന നാളുകള്‍

അവന്‍റെ അമ്മയെപ്പോലെ തന്നെ യാക്കോബിനും പ്രിയ പുത്രന്‍ ഉണ്ടായിരുന്നു.
റാഹേല്‍ അവന്‍ ഏറെ സ്നേഹിച്ച ഭാര്യ ആയിരുന്നു; അവളുടെ മകന്‍ യോസേഫിനെ യാക്കോബ് മറ്റുള്ളവരേക്കാള്‍ അധികം സ്നേഹിച്ചു.
ഇതില്‍ അസൂയപൂണ്ട യോസേഫിന്റെ സഹോദരങ്ങള്‍ അവനെ അടിമയായി യിസ്മായേല്യ കച്ചവടക്കാര്‍ക്ക് വിറ്റുകളഞ്ഞു.
അതുനു ശേഷം, അവര്‍ വ്യാജമായ തെളിവ് ഉണ്ടാക്കി, യോസേഫ് മരിച്ചു എന്ന് അപ്പനായ യാക്കോബിനെ അറിയിച്ചു.
അവര്‍ ഒരു മൃഗത്തെ കൊന്നു, അതില്‍ യോസേഫിന്റെ അങ്കി മുക്കി, യോസേഫിനെ ഒരു വന്യമൃഗം കടിച്ചുകീറി കൊന്നു എന്ന് പറഞ്ഞു.
അപ്പോള്‍ യാക്കോബ്: “ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നു പറഞ്ഞു.” (37:35)
വളരെ നാളുകള്‍ക്ക് ശേഷം യൊസേഫ് ജീവിച്ചിരിക്കുന്നു എന്ന് കേള്‍ക്കുന്നതു വരെ, യാക്കോബ് അതീവ ദുഖത്തോടെ വിലപിച്ചുകൊണ്ട് ജീവിച്ചു.
എന്നാല്‍ ദൈവം യോസേഫിനോട് ഒപ്പം ഉണ്ടായിരുന്നു; അവന്‍ മിസ്രയീമില്‍ വലിയവനായി തീര്‍ന്നു, തന്‍റെ പിതാവിനെയും, സഹോദരന്മാരെയും ക്ഷാമകാലത്ത് രക്ഷിച്ചു.

വാഗ്ദത്ത ദേശം അബ്രഹാമിലൂടെ വാഗ്ദത്തമായി ലഭിച്ച യാക്കോബിന്, തന്‍റെ അന്ത്യ നാളുകള്‍, അന്യദേശത്ത് മിസ്രയീമില്‍ ചിലവഴിക്കേണ്ടി വന്നു.
യൊസേഫ് മുഖാന്തിരം മിസ്രയീമില്‍ യാക്കോബിന് സമൃദ്ധിയും ബഹുമാനവും ലഭിച്ചു.
എന്നാല്‍, മിസ്രയീം തന്‍റെ വാഗ്ദത്ത ദേശം ആയിരുന്നില്ല; അത് അന്യ രാജാക്കന്മാരുടെ അധീനതയില്‍ ഉള്ള അന്യദേശം തന്നെ ആയിരുന്നു.
അങ്ങനെ യാക്കോബ് വാഗ്ദത്ത ദേശത്ത് താമസിച്ചതിനേക്കാള്‍ അധിക നാളുകള്‍ അന്യദേശത്ത്‌ താമസിച്ചു.
യാക്കോബ് മിസ്രയീമില്‍ വച്ച് മരിച്ചു; യോസേഫിന്റെ കല്‍പ്പന പ്രകാരം  അവന്‍റെ ശരീരത്തില്‍ സുഗന്ധവര്‍ഗ്ഗമിട്ടു.
യോസേഫും സഹോദരന്മാരും കൂടെ ചേര്‍ന്ന് അവനെ കനാന്‍ ദേശത്ത്‌ കൊണ്ടുവന്ന് അബ്രാഹാമിനോടും, സാറായോടും, യിസ്ഹാക്കിനോടും, റെബേക്കയോടും, ലേയയോടും ഒപ്പം അടക്കം ചെയ്തു.
മരണത്തിലും അടക്കത്തിലും യാക്കോബിന്‍റെ പ്രിയ ഭാര്യ റാഹേല്‍ ഒപ്പം ഇല്ലായിരുന്നു.

ഉപസംഹാരം

ദൈവം തന്‍റെ പദ്ധതി നിവര്‍ത്തിക്കുവാന്‍ സാധാരണക്കാരായ, കുറവുകള്‍ ഉള്ള മനുഷ്യരെ ആണ് തിരഞ്ഞെടുക്കുന്നത്.
ദൈവം അവരെ തിരഞ്ഞെടുക്കുന്നു, അവരെ രൂപാന്തരപ്പെടുത്തുന്നു, അവര്‍ക്ക് പുതിയ പേര്‍ നല്‍കുന്നു.

യാക്കോബ് ഒരു കുഴഞ്ഞുമറിഞ്ഞ കുടുംബത്തില്‍ ജനിച്ചു.
അവന്‍റെ കുടുംബം ഒരു മാതൃക അല്ലായിരുന്നു.
അവന്റെ അപ്പന്, അവന്‍റെ പിതാവായ അബ്രഹാമിന്‍റെ വിശ്വാസം കൈമുതലായി ഉണ്ടായിരുന്നു എങ്കിലും അവന്‍ ശക്തിഹീനന്‍ ആയിരുന്നു.
അവന്‍ ദൈവത്തിന്‍റെ പദ്ധതിയെ ഗൌരവമായി കണ്ടില്ല.
യാക്കോബിന്‍റെ അമ്മ കൌശല്യപൂര്‍വ്വം സകലതും നിയന്ത്രിച്ചു.
സഹോദരന്‍, ലൌകീകനും, പ്രാകൃതനും ആയിരുന്നു. അവന്‍ ആത്മീയ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചില്ല.
യാക്കോബിന് അനുകരിക്കുവാന്‍ യാതൊരു മാതൃകയും അവിടെ ഇല്ലായിരുന്നു.
എന്നാല്‍ ഇതൊന്നും അവന്‍റെ ഉപായത്തോടെയുള്ള ഇടപെടലുകള്‍ക്ക് ന്യായീകരണം അല്ല.

ഇതു നമ്മള്‍ യാക്കോബില്‍ നിന്നും പഠിക്കേണ്ടുന്ന ഒരു പാഠം ആണ്.
നമ്മളുടെ കുടുംബം മാതൃക ഉള്ളത് ആയിരിക്കേണം എന്നില്ല; സാഹചര്യങ്ങള്‍ യോജ്യം ആയിരിക്കേണം എന്നില്ല.
എന്നാല്‍ നമ്മള്‍ നിസ്സഹായരായ ഇരകള്‍ അല്ല.
ഒന്നുകില്‍ നമ്മള്‍, നമ്മളുടെ സാഹചര്യങ്ങളോട് തെറ്റായ രീതിയില്‍ പ്രതികരിക്കും; അല്ലെങ്കില്‍ നമ്മള്‍ അതിനെ അതിജീവിച്ച് നന്മയുടെ പാതയില്‍ ജീവിക്കും.
യാക്കോബ് തന്‍റെ സാഹചര്യങ്ങളോട് തെറ്റായ രീതിയില്‍ പ്രതികരിച്ചു.
അവന്‍ തന്റെ ജീവിതം സ്വയം നിയന്തിക്കുവാന്‍ ശ്രമിച്ചു; അതിനുവേണ്ടി ഉപായത്തിന്റെ വഴികള്‍ ഉപയോഗിച്ചു.
ദൈവത്തെ കൂടാതെ എല്ലാം ശരിയാക്കാം എന്ന ചിന്ത ആയിരുന്നു യാക്കോബിന്‍റെ ജീവിതത്തെ ഏറെ നാളുകള്‍ നിയന്ത്രിച്ചിരുന്നത്.

നമ്മളും ഇങ്ങനെ തന്നെ ചിന്തിക്കാറുണ്ട്. നമ്മളുടെ ജീവിതം നിയന്ത്രിക്കുവാന്‍ നമുക്ക് കഴിയും എന്നാണ് നമ്മള്‍ കരുതുന്നത്.
എന്നാല്‍ ദൈവം എപ്പോഴും അത് അനുവദിക്കേണം എന്നില്ല.
നമ്മള്‍ തിരഞ്ഞെടുക്കുന്ന വഴികളെ അടച്ച്, നമ്മളെ അവന്‍റെ അടുക്കലേക്കു തിരിക്കുവാന്‍ ദൈവം ശ്രമിക്കും.
ദൈവം യാക്കോബിന്‍റെ ജീവിതത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് നമ്മള്‍ കണ്ടു കഴിഞ്ഞു.
നമ്മളുടെ ജീവിതത്തിലും ദൈവം അപ്രകാരം പ്രവര്‍ത്തിക്കും.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.


Official website: naphtalitribe.com

Watch the video of this message in English and Malayalam @ naphtalitribetv.com
Listen to the audio messages in English and Malayalam @ naphtalitriberadio.com
Read study notes in Malayalam @ vathil.in

No comments:

Post a Comment