ഇതൊരു പ്രത്യേക
സന്ദേശമാണ്. ജീവിത ഭാരങ്ങളില്‍ അകപ്പെട്ട്, നാളുകളായി, ജാഗ്രതയോടെ പ്രാര്‍ഥിച്ചിട്ടും
വിടുതല്‍ കാണുവാന്‍ കഴിയാതെ ദിവസങ്ങള്‍ എണ്ണി നീക്കുന്ന അനേകര്‍ നമ്മളുടെ ഇടയില്‍
ഉണ്ട്.
ഒരു മനുഷ്യനും
തങ്ങളെ അലട്ടുന്ന വിഷയങ്ങളില്‍ നിന്നും സ്വതന്ത്രര്‍ അല്ല. ഒന്നല്ലെങ്കില്‍
മറ്റൊരു വിഷയം നമ്മളെ ഭാരപ്പെടുത്തുന്നുണ്ടായിരിക്കാം.
അതില്‍നിന്നും ഒരു
വിടുതല്‍ നമ്മള്‍ ആഗ്രഹിക്കുന്നു.
ജീവിതത്തില്‍
കയറികൂടിയ അന്ധകാരത്തിന്‍റെ അനുഭവത്തില്‍ നിന്നും ഒരു വിടുതല്‍ ലഭിക്കേണം എന്ന്
നമ്മള്‍ ആഗ്രഹിക്കുന്നു.
ഈ സന്ദേശം നിങ്ങക്കുവേണ്ടി
ഉള്ളതാണ്.
ദൈവത്തിന്‍റെ
പരിശുദ്ധാത്മാവ് നിങ്ങളെ ആശ്വസിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ
പ്രാത്യശയെക്കുറിച്ചു പറയുവാന്‍ ആഗ്രഹിക്കുന്നു.
അതിനാല്‍ ഈ സന്ദേശം
ശ്രദ്ധയോടെയും പ്രാര്‍ത്ഥനയോടെയും കേള്‍ക്കുക.
ഇതു നിങ്ങള്‍ക്ക്
അനുഗ്രഹമാകും. തീര്‍ച്ച.
നമുക്ക് നമ്മളുടെ
സന്ദേശം ഒരു വാക്യം വായിച്ചുകൊണ്ട് ആരംഭിക്കാം.
സങ്കീര്‍ത്തനങ്ങള്‍ 130: 6 ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി
കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
“I wait for the Lord more than watchmen wait for the morning, more than watchmen wait for the morning.”
“ഉഷസ്സിന്നായി
കാത്തിരിക്കുന്നവരെക്കാൾ” എന്നത് ഇംഗ്ലീഷില്‍ ഉഷസ്സിനായി കാത്തിരിക്കുന്ന രാത്രി
കാവല്‍ക്കാര്‍ ആണ്. ഈ വിവര്‍ത്തനമാണ് ഏറെ ശരിയായത്.
അതുകൊണ്ട് ഈ വാക്യം ഉഷസ്സിനായി കാത്തിരിക്കുന്ന
രാത്രി കാവല്‍ക്കാരുടെ മാനസിക വ്യഥയെക്കുറിച്ചും പ്രത്യാശയെക്കുറിച്ചും ആണ്
പറയുന്നത് എന്ന് ശരിയായി തന്നെ അനുമാനിക്കാം.
ഈ വാക്യം
മനസ്സിലാക്കുവാന്‍ നമുക്ക് പുരാതന മധ്യപൂര്‍വ്വ ദേശങ്ങളിലെ സാമൂഹിക
ജീവിതത്തെക്കുറിച്ച് അല്‍പ്പം അറിയേണ്ടതുണ്ട്.
ഈ സാമൂഹിക പശ്ചാത്തലത്തില്‍ തന്നെ, ഈ വാക്യത്തെക്കുറിച്ച്
വ്യത്യസ്തങ്ങള്‍ ആയ വീക്ഷണങ്ങള്‍ ഉണ്ട്.
പുരാതന കാലത്ത്, അന്നത്തെ ചെറിയ പട്ടണങ്ങള്‍ എല്ലാം
ചെറിയ രാജ്യങ്ങള്‍ ആയിരുന്നു.
അതിനു ഒരു രാജാവും സൈന്യവും ഉണ്ടായിരിക്കും.
മിക്കപ്പോഴും ആ രാജ്യത്തിലെ എല്ലാ പ്രായപൂര്‍ത്തി ആയ
പുരുഷന്മാരും സൈന്യത്തിലെ അംഗങ്ങള്‍ ആയിരിക്കും.
എന്നിരുന്നാലും പൂര്‍ണ്ണ സമയ അംഗങ്ങളും സൈന്യത്തില്‍
ഉണ്ടായിരിക്കും. സമാധാന കാലത്ത് ഇവര്‍ക്ക് യാതൊരു ജോലിയും ഉണ്ടായിരിക്കുക ഇല്ല.
രാജ്യത്തിനുള്ളിലെ ചെറിയ കാര്യങ്ങളുടെ ക്രമീകരങ്ങളില്‍ അവര്‍ക്ക് വ്യാപൃതര്‍ ആയി
കഴിയാം.
എന്നാല്‍ സമാധാന കാലത്തും ജാഗ്രതയോടെ ജോലിചെയ്യുന്ന
ഒരു കൂട്ടര്‍ സൈന്യത്തില്‍ ഉണ്ട്.
അവരാണ് കാവല്‍ക്കാര്‍.
പട്ടണങ്ങള്‍ക്ക് കാവല്‍ ഗോപുരങ്ങള്‍ ഉണ്ടായിരിക്കും.
അവ പട്ടണത്തിന്‍റെ മദ്ധ്യത്തിലോ, പട്ടണമതിലിന്റെ നാല് മൂലകളിലോ ആയി
സ്ഥാപിച്ചിരിക്കും.
വളരെ ഉയരമുള്ള ഈ മതിലിന് മുകളില്‍ വിഷം നിറച്ച
അമ്പുകളുമായി കാവല്‍ക്കാര്‍ കാവല്‍ നില്‍ക്കും.
അവര്‍ ദൂരേക്ക് എപ്പോഴും നോക്കികൊണ്ടിരിക്കും.
അതുകൊണ്ട് നീളമുള്ള കഴുത്തുള്ളവര്‍ എന്നും കാവല്‍ക്കാര്‍ക്ക് അന്ന്
പേരുണ്ടായിരുന്നു.
ഈ കാവല്‍ക്കാരുടെ ജോലി ദുഷ്കരം ആയിരുന്നു.
ഉത്തരവാദിത്തം ഏറെ ഉള്ള ജോലി.
ഏകനായി കാവല്‍ ഗോപുരത്തിന്റെ മുകളില്‍ ഒരു രാതി
മുഴുവനുമോ ഒരു പകല്‍ മുഴുവനുമോ, ചിലപ്പോള്‍ ഒരു യാമം മുഴുവനുമോ നില്‍ക്കേണ്ടുന്ന
അവസ്ഥ.
മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുവാന്‍ പാടില്ല.
ഉറങ്ങുവാന്‍ സാധ്യമല്ല.
കാരണം ഈ കാവല്‍ക്കാരന്റെ കൈയില്‍ ആണ് പട്ടണത്തിന്‍റെ
സുരക്ഷ മുഴുവന്‍.
എപ്പോഴും ദൂരേക്ക് കഴുത്ത് നീട്ടി, വളരെ ശ്രദ്ധയോടെ
നോക്കിയിരിക്കുന്ന കാവല്‍കാരന്‍ ശത്രുക്കള്‍ ആരെങ്കിലും വരുന്നുണ്ടോ എന്നല്ലാതെ
മറ്റൊന്നും ശ്രദ്ധിക്കാറില്ല, മറ്റൊന്നും ചിന്തിക്കാറുപോലും ഇല്ല.
അതുകൊണ്ട് ആ പട്ടണത്തെ ആക്രമിക്കുവാന്‍
ആഗ്രഹിക്കുന്ന ശത്രു രാജ്യത്തിന്‍റെ ആദ്യം ലക്ഷ്യം ഈ കാവല്‍ക്കാരനെ കൊല്ലുക
എന്നതായിരിക്കും.
കാവല്‍ക്കാരന്‍ ജീവന്‍ പണയം വച്ചുകൊണ്ടാണ്
പട്ടണത്തിനായി കാവല്‍ നില്‍ക്കുന്നത്.
നമ്മള്‍ വായിച്ച വാക്യം രാത്രിയില്‍ കാവല്‍ നില്‍ക്കുന്ന
കാവല്‍ക്കാരനെ കുറിച്ചാണ്.
ഏകനായി, ഉറക്കമില്ലാതെ, രാത്രിയുടെ
അന്ധകാരത്തിലേക്ക് കണ്ണുംനട്ട് കാവല്‍ക്കാരന്‍ ഗോപുരമുകളില്‍ കാവല്‍ നില്‍ക്കുക
ആണ്.
പട്ടണമെല്ലാം സുഖമായി ഉറങ്ങുന്നു. പട്ടണം
വിശ്രമിക്കുന്നു.
പട്ടണനിവാസികള്‍ സുഖമായി ഉറങ്ങുന്നത്, തങ്ങളെ
കാക്കുവാന്‍ കാവല്‍ക്കാരന്‍ ഉറങ്ങാതെ കാവല്‍ നില്‍ക്കുന്നുണ്ട് എന്ന വിശ്വാസത്തില്‍
ആണ്.
രാജാവ് പോലും തന്റെ സ്വസ്ഥമായ ഉറക്കത്തിനായി ആശ്രയിക്കുന്നത്
കാവല്‍ക്കാരന്റെ ജാഗ്രതയെ ആണ്.
തീര്‍ച്ചയായും ഈ കാവല്‍ക്കാരന് ഉഷസ്സ് ഒരു ആശ്വാസം
ആണ്. ഉഷസ്സില്‍ തന്‍റെ ജോലി തീരും.
ഉഷസ്സായാല്‍, തന്നില്‍ മറ്റുള്ളവര്‍ ഏല്‍പ്പിച്ച
ഉത്തരവാദിത്തം ഭംഗിയായി പൂര്‍ത്തീകരിച്ചു എന്ന് ആശ്വസിക്കാം.
ഒരു ദിവസം കൂടി വിശ്വസ്തതയോടെ കാവല്‍ നില്‍ക്കുവാന്‍
അവന് കഴിഞ്ഞു.
ഉഷസ്സില്‍ മറ്റൊരാള്‍ കാവല്‍ നില്‍ക്കുവാന്‍ വരും. ജോലി
അവനെ ഏല്‍പ്പിച്ചിട്ട് അവന് വീട്ടില്‍ പോയി കിടന്നു ഉറങ്ങാം.
അതുകൊണ്ട് അവന്‍ ഉഷസ്സിനായി കാത്തിരിക്കുന്നു.
ഉഷസ്സ് അവനു ആശ്വാസം ആണ്, ഉഷസ്സ് അവന് ഒരു പ്രത്യാശ
ആണ്. ഉഷസ്സ് അവനു വിടുതല്‍ ആണ്; ഉഷസ്സ് അവനു സ്വസ്ഥതയും വിശ്രമവും ആണ്.
ഇതാണ് നമ്മള്‍ വായിച്ച വാക്യത്തിന്‍റെ ഒരു സാമൂഹിക
പശ്ചാത്തലം.
ഉഷസ്സ് കാവല്‍ക്കാരന്റെ പ്രത്യാശയും ആശ്വാസവും ആണ്
എന്നും ഉഷസ്സ് ക്രിസ്തുവിലൂടെ ഉള്ള രക്ഷ ആണ് എന്നും ഉഷസ്സ് ക്രിസ്തുവിന്റെ
രണ്ടാമത്തെ വരവ് ആണ് എന്നും തുടങ്ങിയ പല വ്യാഖ്യാനങ്ങള്‍ വേദപണ്ഡിതന്മാരുടെ ഇടയില്‍
ഉണ്ട്.
ഇതെല്ലാം ഈ വാക്യത്തോടെ ചേരുന്ന വ്യാഖ്യാനങ്ങള്‍
തന്നെ ആണ്.
ദാവീദ് ഈ സങ്കീര്‍ത്തനം എഴുതുമ്പോള്‍ ഇതെല്ലാം
അവന്റെ മനസ്സില്‍ ഉണ്ടായിരുന്നുവോ എന്ന് നമ്മള്‍ അറിയുന്നില്ല.
എന്നാല്‍ ഒരു കാര്യം നമുക്ക് ഉറപ്പായി പറയാം, ഉഷസ്സ്,
ഒരു രാത്രി കാവല്‍ക്കാരന്റെ പ്രത്യാശയും ആശ്വാസവും സ്വസ്ഥതയും ആണ്.
സൂര്യന്‍റെ ആദ്യകിരണങ്ങള്‍ കാണുമ്പോള്‍ തന്നെ ആരംഭിക്കെണ്ടുന്ന
കര്‍മ്മങ്ങള്‍ യഹൂദ ദൈവാലയത്തില്‍ ഉണ്ടായിരുന്നു.
അതുകൊണ്ട് സൂര്യന്‍ ഉദിച്ചുവോ എന്ന് അറിയുവാനായി
ലേവ്യരെ രാത്രിമുഴുവന്‍ കാവല്‍ നിറുത്തുന്ന പതിവും അക്കാലത്ത് ഉണ്ടായിരുന്നു.
ഇവര്‍ ഉറങ്ങാതെ സൂര്യന്റെ ഉദയം നോക്കി കാവല്‍ നില്‍ക്കും.
സൂര്യന്‍റെ ആദ്യകിരണം കാണുമ്പോള്‍ തന്നെ ഇവര്‍ കാഹളം
ഊതി ഉഷസ്സിന്‍റെ വരവിനെ അറിയിക്കും.
ദൈവാലയത്തില്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും.
ഇവര്‍ക്കും രാത്രി ആയിക്കഴിഞ്ഞാല്‍ ഉഷസ്സ് ഒരു
പ്രത്യാശ ആണ്. അവര്‍ കാത്തിരിക്കുന്ന പ്രത്യാശ.
രാത്രിയില്‍ കഴിയുന്ന എല്ലാവര്‍ക്കും ഉഷസ്സ്
പ്രത്യാശ ആണ്. അവര്‍ അതിനായി കാത്തിരിക്കുന്നു.
നമ്മള്‍ ഈ സന്ദേശത്തില്‍, ഉഷസ്സ് എന്തിനെ
കാണിക്കുന്നു എന്ന വിവിധ വ്യാഖ്യാനങ്ങള്‍ പഠിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.
ഉഷസ്സ് രാത്രി കാവല്‍ക്കാരന് നല്‍കുന്ന പ്രത്യാശ ആണ്
എന്നതാണ് നമ്മളുടെ വിഷയം.
നമ്മള്‍ ഇവിടെ രാതികാവല്‍ക്കാരന്റെ മനസിലേക്ക് എത്തിനോക്കുവാന്‍
ആണ് ശ്രമിക്കുന്നത്.
നമ്മളില്‍ അനേകം പേര്‍ രാത്രിക്ക് തുല്യമായ വേദനയുടെ
അനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ ആയിരിക്കാം.
ഇനി എന്നൊരു വിടുതല്‍ നമ്മളുടെ ജീവിതത്തില്‍
ഉണ്ടാകും എന്ന് ചിന്തിച്ച് ഭാരപ്പെടുന്നവര്‍ ആയിരിക്കാം.
ബന്ധുക്കളും സ്നേഹിതരും, കൂട്ട് വിശ്വാസികളും,
നമ്മളുടെ ചുറ്റിനുമുള്ളവര്‍ എല്ലാം ആശ്വാസത്തോടെ ഉറങ്ങുമ്പോള്‍, ജീവിതത്തില്‍ ഒരു
വെളിച്ചം കാണുവാന്‍ കഴിയാതെ രാത്രികള്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുന്നവര്‍ ആയിരിക്കാം.
ഉഷസ്സ് അവര്‍ക്കുള്ള ഒരു ദൈവീക വിടുതല്‍ ആണ്.
പുരാതന കാലത്തെ മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ രാത്രികാവല്‍ക്കാരുടെ
ചിത്രം ഞാന്‍ വിവരിച്ചു പറഞ്ഞു കഴിഞ്ഞു.
ഇനിയും ഞാന്‍ കുറച്ചുകൂടി പുരാതനമായ കാലത്തേക്ക്
പോകുക ആണ്.
പട്ടണങ്ങള്‍ക്കു ചുറ്റുമതിലും, അതിനുമുകളില്‍
ഗോപുരങ്ങളും ഇല്ലാതിരുന്ന ഒരു കാലത്തേക്ക്.
അന്നും രാത്രി കാവല്‍ക്കാരും പകല്‍ കാവല്‍ക്കാരും
ഉണ്ടായിരുന്നു.
ഒരു പക്ഷെ ഞാന്‍ ഇനി പറയുവാന്‍ പോകുന്നതുപോലെ ഉള്ള
ഒരു ചിത്രം നിങ്ങള്‍ മുമ്പ് കേട്ടിട്ടില്ലായിരിക്കാം.
ചരിത്രത്തില്‍ നിന്നും അടര്‍ത്തി എടുത്ത ഒരു സാമൂഹിക
പശ്ചാത്തലം ആണ് ഞാന്‍ വിവരിക്കുവാന്‍ പോകുന്നത്.
ഒരു രാത്രി കാവല്‍ക്കാരന്റെ മാനസിക സംഘര്‍ഷങ്ങളും
അതിനാല്‍ തന്നെ ഉഷസ്സിനായുള്ള അവന്റെ ദാഹവും പ്രത്യാശയും ആശ്വാസവും നമുക്ക്
മനസ്സിലാക്കുവാന്‍ ഈ വിവരണത്തിന് കഴിയും എന്ന് ഞാന്‍ കരുതുന്നു.
പുരാതന കാലത്ത് ഒരു പട്ടണത്തിലെ മനുഷ്യര്‍ എല്ലാവരും
ഒരുമിച്ച് അടുത്തടുത്ത് താമസിക്കും.
അവരുടെ വീടുകള്‍ അടുത്തടുത്ത് ആയിരിക്കും. വീടുകള്‍ക്ക്
ഇന്നത്തെപ്പോലെ മതിലുകള്‍ ഉണ്ടായിരിക്കുക ഇല്ല.
വീടിനോട് ചേര്‍ന്ന് കൃഷിയിടങ്ങള്‍ ഉണ്ടായിരിക്കുക
ഇല്ല. കൃഷിയിടങ്ങള്‍ വീടുകളില്‍ നിന്നും ദൂരെ ആയിരിക്കും. അതിനു രാത്രിയിലും പകലും
കാവല്‍ക്കാര്‍ ഉണ്ടായിരിക്കും.
ഈയൊരു സാമൂഹിക പശ്ചാത്തലം നമുക്ക് പഴയ നിയമ കാലത്ത്
കാണാം.
ഗിദെയോന്‍റെ കാലത്ത്, യിസ്രായേല്‍ ജനത്തിന്‍റെ
കൃഷിയിടങ്ങള്‍ ശത്രുക്കള്‍ ആയ മിദ്യാന്യര്‍ വിളവെടുപ്പ് കാലത്താണ് കൊള്ളചെയ്യുകയും
നശിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നത്.
അതുകൊണ്ടാണ്, ശത്രുക്കളുടെ കൈയില്‍ പെടാതെ, കുറച്ചു
ഗോതമ്പ് മണികള്‍ ശേഖരിച്ച്, വീടിനോട് അടുത്തുള്ള മുന്തിരിച്ചക്കിന്‍റെ അടുത്തു
വച്ച് മെതിച്ച് പൊടിച്ച് എടുക്കുവാന്‍ ഗിദെയോന്‍ ശ്രമിക്കുന്നത്.
കുറുക്കന്മാരുടെ വാലില്‍ പന്തം കെട്ടി, അവയെ കൃഷി
ഇടങ്ങളിലേക്ക് ഓടിച്ചു വിട്ട് ഫെലിസ്ത്യരുടെ വിളവെടുപ്പിനെ തകര്‍ക്കുവാന്‍
ശിംശോനും ശ്രമിക്കുന്നുണ്ട്.
ഒരു പട്ടണത്തിലെ, അല്ലെങ്കില്‍ അക്കാലത്തെ ചെറിയ
രാജ്യങ്ങളിലെ, എല്ലാവരുടെയും കൃഷി ഇടങ്ങള്‍ ഒരുമിച്ചായിരിക്കും; അവരുടെ വീടുകളും ഒരുമിച്ചായിരിക്കും.
കൃഷിയിടങ്ങളും താമസസ്ഥലവും, പുരാതന കാലത്ത് ഒന്നായിരുന്നില്ല.
അവ തമ്മില്‍ അല്‍പ്പം അകലം ഉണ്ടായിരുന്നു. രണ്ടിനും രാവും പകലും കാവല്‍ക്കാര്‍
ഉണ്ടായിരുന്നു.
പകല്‍ പട്ടണത്തിലെ എല്ലാവരും, പുരുഷന്മാരും,
സ്ത്രീകളും, കുട്ടികളും എല്ലാവരും കൃഷി സ്ഥലത്തേക്ക് പോകും.
വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍
പട്ടണത്തില്‍ ഉണ്ടാകാം; അവരുടെ എണ്ണം കുറവായിരിക്കും. അവര്‍ യാത്രചെയ്തു വ്യാപാരം
ചെയ്യുന്നവര്‍ ആയിരിക്കാം.
ബാക്കി ഉള്ള എല്ലാവരുടേയും തൊഴില്‍ കൃഷി ആണ്.
അവര്‍ പ്രഭാതത്തില്‍ കൃഷി ഇടങ്ങളിലേക്ക് പോയാല്‍
സന്ധ്യയോടെ തിരികെ വരും.
പ്രഭാതത്തില്‍ അവര്‍ തിരക്കോടെ ഭക്ഷണം കഴിക്കും;
ഉച്ചക്ക് കഴിക്കുവാന്‍ ഭക്ഷണം അവര്‍ കൊണ്ടുപോകും. അത് അവര്‍ വയലില്‍ വച്ച്
കഴിക്കും.
സന്ധ്യയ്ക്ക് മുമ്പായി തിരികെ എത്തുന്ന അവര്‍, അല്‍പ്പ
വിശ്രമത്തിനും ശേഷം അത്താഴം കഴിക്കുവാന്‍ ഇരിക്കും.
പുതിയ നിയമ കാലമായപ്പോഴേക്കും ഉച്ചക്കുള്ള ഭക്ഷണം
വാങ്ങിക്കുവാന്‍ കഴിയുമായിരുന്നു എന്ന് വേണം കരുതുവാന്‍.
നമ്മളുടെ ഇപ്പോഴത്തെ റെസ്റ്റോറെറെന്‍റുകള്‍ പോലെ
എന്തെങ്കിലും ക്രമീകരണം ഉണ്ടായിരുന്നിരിക്കേണം.
അവിടെ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുന്നതിനെ
കുറിച്ചാണ് പൗലോസ് 1 കൊരിന്ത്യര്‍ 8-)0
അദ്ധ്യായത്തില്‍ പറയുന്നത്.
അവിടെ വിഗ്രഹാര്‍പ്പിതമായ ആഹാരം ഭക്ഷിക്കാമോ എന്ന
വിഷയമാണ് പൌലോസ് കൈകാര്യം ചെയ്യുന്നത്.
സഹോദരന് ഇടര്‍ച്ച വരാത്തവണ്ണം ഭക്ഷിക്കുവാനാണ്
പൌലോസ് ഉപദേശിക്കുന്നത്.
ഇതു അവരുടെ ഉച്ചഭക്ഷണത്തെ കുറിച്ചാണ്.
വെളിപ്പാട് 3: 20 ല്‍
നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “ഞാൻ വാതിൽക്കൽനിന്നു
മുട്ടുന്നു; ആരെങ്കിലും എന്‍റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ
ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.”
ഇവിടെ യേശു പറയുന്നത്, അവന്‍ വാതില്‍ക്കല്‍
നിന്ന് മുട്ടുന്നത് കേട്ട് ആരെങ്കിലും വാതില്‍ തുറന്നാല്‍ അവന്‍ അകത്തു കടന്ന്
വീട്ടുടയവനോട് ഒപ്പം അത്താഴം കഴിക്കും എന്നാണ്.
അതായത്, യേശു, രാവിലെയോ, ഉച്ചക്കോ അല്ല
വാതില്‍ക്കല്‍ നിന്ന് മുട്ടുന്നത്, രാത്രിയില്‍ അത്താഴ സമയത്താണ്.
നമ്മള്‍ മുമ്പ് കണ്ടതുപോലെ രാവിലെ പട്ടണ
നിവാസികള്‍ എല്ലാവരും കൃഷി ഇടങ്ങളിലേക്ക് പോകുവാനായി നല്ല തിരക്കില്‍ ആയിരിക്കും.
പ്രഭാത ഭക്ഷണം കഴിക്കുന്നത്,
മിക്കപ്പോഴും നിന്നുകൊണ്ട് തിരക്കോടെ ആയിരിക്കും.
അപ്പോള്‍ യേശു വരുന്നതുകൊണ്ട് കാര്യമായ
പ്രയോജനം ഇല്ല.
ഉച്ചക്ക് ആഹാരം കഴിക്കുന്നത് കൃഷി
ഇടങ്ങളില്‍ വച്ച് തന്നെ ആയിരക്കും. അവിടെയും ഒരു സംഭാഷണം നടത്തുവാന്‍ യോജിച്ച
സാഹചര്യം ഇല്ല.
എന്നാല്‍ കൃഷിയിടങ്ങളിലെ ജോലി എല്ലാം
കഴിഞ്ഞു സന്ധ്യയോടെ എല്ലാവരും വീടുകളില്‍ തിരികെ എത്തും. പിന്നെ ആഹാരം കഴിക്കുക,
രാത്രിയില്‍ വിശ്രമിക്കുക എന്നത് മാത്രമാണ് ഉള്ളത്.
അതുകൊണ്ട് രാത്രിയിലത്തെ ആഹാരം, ഒരു
കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്നു സാവധാനം കഴിക്കും.
ഈ സമയത്താണ് കുടുംബാംഗങ്ങള്‍ തമ്മില്‍
വിശേഷങ്ങള്‍ പങ്കിടുന്നത്. കഴിഞ്ഞ ഒരു പകല്‍ക്കാലത്തെ വിശേഷങ്ങള്‍, അനുഭവങ്ങള്‍
എന്നിവ അവര്‍ പരസ്പരം പങ്കിടും.
അവരുടെ വേദനകളും, ഒറ്റപ്പെടുത്തലുകളും,
ആശയും, നിരാശയും, വിശ്വാസവും പ്രത്യാശയും, ലക്ഷ്യങ്ങളും, തകര്‍ച്ചയും എല്ലാം അവര്‍
പങ്കിടുന്ന സമയമാണിത്.
ഭാവിയെക്കുറിച്ചുള്ള പദ്ധതികളും,
ആകാംഷയും, ഭയവും എല്ലാം അവര്‍ പങ്കിടും.
അവര്‍ പരസ്പരം ആശ്വസിപ്പിക്കുകയും,
ബലപ്പെടുത്തുകയും, പ്രോത്സാഹിപ്പിക്കുകയും, തിരുത്തുകയും ചെയുന്ന സമയം കൂടി ആണിത്.
നമുക്ക് ഒരിമിച്ചു നില്‍ക്കാം, നമുക്ക്
ഒരുമിച്ചു മുന്നേറാം, ഞാന്‍ സഹായിക്കാം എന്നെല്ലാം അവര്‍ പരസ്പരം ഉറപ്പു
കൊടുക്കുന്നു.
ഈ ആശ്വാസത്തോടെ അവര്‍ അത്താഴം കഴിച്ചു
ഉറങ്ങുവാനായി പോകുന്നു.
യേശു പറയുന്നു, അവന്‍ അത്താഴ സമയത്ത് നമ്മളുടെ
വാതില്‍ക്കല്‍ നിന്ന് മുട്ടുന്നു.
നമുക്ക് ഏറെ സമയമുള്ള, സാവകാശമുള്ള സമയം
നോക്കി യേശു വന്നിരിക്കുക ആണ്.
മാത്രവുമല്ല നമ്മളുടെ സൗഹൃദ
സംഭാഷണത്തില്‍ യേശുവിനുകൂടി പങ്കെടുക്കുവാന്‍ ആഗ്രഹമുണ്ട്.
നമ്മളുടെ വേദനകള്‍ കേള്‍ക്കുവാന്‍,
നിരാശയും തകര്‍ച്ചയും പങ്കിടുവാന്‍, വിജയം ആഘോഷിക്കുവാന്‍ യേശു ആഗ്രഹിക്കുന്നു.
ഭാവിയെക്കുറിച്ചുള്ള പദ്ധതിയില്‍
യേശുവിനും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാനുണ്ട്.
അത് ദോഷത്തിനായാല്ല, നമ്മളുടെ
നന്മയ്ക്കായിട്ടത്രേ.
ഈ വേദഭാഗം അന്നത്തെ ജീവിത രീതിയെ
കാണിക്കുന്നു.
രാവിലെ തിരക്കിട്ട് കൃഷി ഇടങ്ങളിലേക്ക്
പോകുന്ന പട്ടണ നിവാസികള്‍.
ഉച്ചക്ക് കൃഷി ഇടങ്ങളില്‍ തന്നെ
കഴിയുന്ന ജനങ്ങള്‍.
രാത്രിയില്‍ വീട്ടില്‍ ശാന്തമായി
വിശ്രമിക്കുന്ന പട്ടണ നിവാസികള്‍.
ഇവര്‍ക്ക് പകലും രാത്രിയിലും, വീടുകള്‍
സ്ഥിതിചെയ്യുന്ന സ്ഥലത്തും, കൃഷി ഇടങ്ങളിലും കാവല്‍ക്കാര്‍ ഉണ്ടായിരുന്നു.
അവര്‍ക്ക് പൊതുവായി രണ്ടു ശത്രുക്കള്‍ ആണ് അന്ന് ഉണ്ടായിരുന്നത്
- ഒന്ന് ശത്രു രാജ്യക്കാര്‍.
ശത്രു രാജ്യക്കാര്‍ തൊട്ടടുത്തുള്ള സമ്പന്നമായ പട്ടണങ്ങളെ
ആക്രമിക്കും; അവരുടെ സ്വത്തുക്കള്‍ കൊള്ള ചെയ്യും; സ്ത്രീകളെ പിടിച്ചുകൊണ്ടു
പോകും; പുരുഷന്മാരെ കൊന്നുകളയും.
മിക്കപ്പോഴും, അവരുടെ കൃഷി ഇടങ്ങള്‍ ശതുക്കള്‍
ആക്രമിക്കും.
അക്കാലത്ത്, ഒരു രാജ്യത്തിന്‍റെ സമ്പത്ത് കൃഷി ആണ്.
ആഹാരം ഉണ്ടാകുക എന്നതാണ് പ്രധാനപ്പെട്ട ആവശ്യം. അതുകൊണ്ട് സമ്പത്തിന്റെ അടിസ്ഥാനം
ആഹാര സാധനങ്ങളുടെ ശേഖരം ആയിരുന്നു.
യേശു പറഞ്ഞ വിഡ്ഢിയായ ധനികന്റെ ഉപമ ഓര്‍ക്കുക. അവന്
നല്ല ഒരു വിളവ് കിട്ടിയപ്പോള്‍, അത് കളപ്പുരയില്‍ ശേഖരിച്ചു വച്ചു, ഇനി
സന്തോഷിക്കുക, ആനന്ദിക്കുക എന്ന് പറഞ്ഞു സന്തോഷിച്ചു.
അവനു സ്വര്‍ണ്ണത്തിന്റെയോ വെള്ളിയുടെയോ ശേഖരം
ഉണ്ടായതുകൊണ്ടല്ല, കൃഷിയില്‍ നിന്നും ലഭിച്ച വിളവ് ധാരാളമായി ശേഖരിച്ചതിനാല്‍ ആണ്
അവന്‍ അത്യധികം സന്തോഷിച്ചത്.
കൃഷിയും വിളവുകളും സാമ്പത്തിക അടിത്തറ ആയിരുന്നു.
ശതുക്കള്‍ ഒരു രാജ്യത്തെ തകര്‍ക്കുവാന്‍
ഉപയോഗിക്കുന്ന പ്രധാന ആയുധം, അന്നും ഇന്നും, സാമ്പത്തിക അടിത്തറ തകര്‍ക്കുക
എന്നതാണ്.
അതെ സമയം ദൈവീക പദ്ധതിയില്‍ നിന്നും മനുഷ്യരെയും
രാജ്യങ്ങളെയും അകറ്റുവാനും ശത്രു ഉപയോഗിക്കുന്നത് സാമ്പത്തിക സമൃദ്ധി ആണ് എന്നത്,
മറ്റൊരു വിരോധാഭാസം ആണ്.
ലോകത്തിലെ സമ്പന്ന രാജ്യങ്ങളെ നോക്കിയാല്‍ അത്
നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.
എന്നാല്‍ ദാരിദ്ര്യവും അഭികാമ്യമല്ല എന്നും കൂടെ
ഞാന്‍ ഇവിടെ കൂട്ടിച്ചേര്‍ക്കട്ടെ.
പകല്‍ പട്ടണ നിവാസികള്‍ എല്ലാവരും കൃഷി ഇടങ്ങളില്‍
പോകുമ്പോള്‍, അവരുടെ വാസസ്ഥലം ശൂന്യവും ആളുകള്‍ ഇല്ലാതെയും കിടക്കും.
ഈ സമയം, ശതുക്കള്‍ക്ക് അവരുടെ പട്ടണത്തെ ആക്രമിക്കുക
എളുപ്പമാണ്.
ശത്രുക്കള്‍ക്ക് അവരുടെ പട്ടണത്തെ കൊള്ള ചെയ്യുവാനും
തീവച്ച് നശിപ്പിച്ചുകളയുവാനും എളുപ്പം കഴിയും. എതിര്‍ക്കുവാന്‍ അവിടെ ആരും
ഉണ്ടായിരിക്കുക ഇല്ല.
അതുകൊണ്ട് അവിടെ പകല്‍ കാവല്‍ക്കാരെ ആവശ്യമുണ്ട്.
കാവല്‍ക്കാര്‍, അവര്‍ കൃഷി ഇടങ്ങളില്‍ ആയാലും, താമസ
സ്ഥലത്ത് ആയാലും, ശത്രുവിനെ ജാഗ്രതയോടെ നോക്കി നില്‍ക്കും.
ശത്രു വരുന്നതു കണ്ടാല്‍ അവര്‍ ശത്രുക്കളെ അവരാല്‍
കഴിയുന്ന വണ്ണം ആക്രമിക്കും; അവര്‍ കാഹളം ഊതും, പട്ടണക്കാരെ ഒരുമിച്ച് ചേര്‍ക്കും.
കാവല്‍ക്കാരന്റെ അസാധാരണ സ്വരത്തിലുള്ള നീണ്ട കാഹളം
വിളിച്ചുപറയുന്നത്: ശത്രു ആക്രമിക്കുന്നു, ഒരിമിച്ചു കൂടുവീന്‍, ശത്രുവിനെതിരെ
ഒന്നായി യുദ്ധം ചെയ് വീന്‍ എന്നാണ്.
അവരുടെ രണ്ടാമത്തെ ശത്രുക്കള്‍, വന്യ
മൃഗങ്ങള്‍ ആയിരുന്നു.
വന്യമൃഗങ്ങള്‍ അവരുടെ വീടുകള്‍
ആക്രമിക്കും; അവരുടെ കൃഷി ഇടങ്ങളും ആക്രമിക്കും.
പട്ടണ നിവാസികളില്‍ ചിലര്‍ ആടുമാടുകളെ
മേയ്ച്ചുകൊണ്ട് ജീവിക്കുന്നവര്‍ ആയിരിക്കാം.
മൃഗങ്ങളുടെ മാസം അവരുടെ ആഹാരം ആയിരിക്കാം.
ഇതെല്ലാം വന്യമൃഗങ്ങളെ ആകര്‍ഷിക്കും.
അതുകൊണ്ട് പട്ടണത്തെ പകലും രാത്രിയിലും
സംരക്ഷിക്കേണ്ടതുണ്ട്. അതിനായി കാവല്‍ ഏര്‍പ്പെടുത്തെണ്ടതുണ്ട്
വന്യമൃഗങ്ങള്‍ പട്ടണത്തിലേക്ക് വരാതെ,
അവയയെ കാട്ടിലേക്ക് ചെന്ന് ആക്രമിക്കുന്ന രീതിയും ഉണ്ടായിരുന്നു.
പട്ടണത്തിലേക്ക് വരുന്ന വന്യമൃഗങ്ങളെ
ഓടിച്ചുകളയുകയോ കൊല്ലുകയോ ചെയ്യുന്നത് പ്രതിരോധ മാര്‍ഗ്ഗം ആണ്.
എന്നാല്‍, അവര്‍ ആക്രമണ രീതിയും
അവംലംബിക്കാറുണ്ടായിരുന്നു.
പട്ടണത്തിന്‍റെ അതിരുകളില്‍ ഉള്ള
വനത്തിലേക്ക് വേട്ടക്കാര്‍ കയറിച്ചെന്ന് അവിടെ നടക്കുന്ന മൃഗങ്ങളെ കൊല്ലും.
ഇത് പട്ടണത്തിന് കൂടുതല്‍ സംരക്ഷണം നല്‍കും.
ഇവരെയാണ് നമ്മള്‍ നായാട്ടുകാര്‍ എന്ന് വിളിക്കുന്നത്. രാജാക്കന്മാര്‍ നായാട്ടിന്
പോകുന്ന പതിവും ആരംഭിച്ചത് ഇങ്ങനെ ആയിരിക്കാം. രാജാക്കന്മാരുടെ തന്നെ ഉത്ഭവവും
ഇങ്ങനെ ആയിരിക്കേണം എന്നാണ് എനിക്ക് തോന്നിക്കുന്നത്.
പട്ടണത്തെ ശതുക്കളില്‍ നിന്നും
സംരക്ഷിക്കേണ്ടുന്ന ഉത്തരവാദിത്തം രാജാക്കന്മാര്‍ക്ക് ഉള്ളതാണല്ലോ.
അങ്ങനെ, അന്നത്തെ പട്ടണ നിവാസികളുടെ ശത്രുക്കള്‍
അന്യരാജ്യത്തെ മനുഷ്യരും വന്യജീവികളും ആകാം.
നമ്മള്‍ വായിച്ച വാക്യത്തില്‍ നമ്മള്‍
കാണുന്നത് രാത്രിയില്‍ കാവല്‍ നില്‍ക്കുന്ന കാവല്‍ക്കാരനെ കുറിച്ചാണ്. അവന്‍
എത്രമാത്രം സൂര്യോദയത്തിനായി കാംഷിക്കുന്നുവോ അതുപോലെ സങ്കീര്‍ത്തനക്കാരനും
ഉഷസ്സിനായി കാംഷിക്കുന്നു.
ഈ വാക്യം ഞാന്‍ ഒന്നുകൂടി വായിക്കട്ടെ:
സങ്കീര്‍ത്തനങ്ങള്‍ 130: 6 ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി
കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
“ഉഷസ്സിന്നായി
കാത്തിരിക്കുന്നവരെക്കാൾ” എന്ന പദപ്രയോഗം, ഉഷസ്സിനായി
കാത്തിരിക്കുന്ന രാത്രി കാവല്‍ക്കാരെക്കുറിച്ചാണ് എന്ന് നമ്മള്‍ പറഞ്ഞുകഴിഞ്ഞല്ലോ.
രാത്രി കാവല്‍ക്കാരന്റെ ജോലി
ആരംഭിക്കുന്നത്, ഒരു ദിവസത്തിന്‍റെ സൂര്യസ്തമയത്തില്‍ ആണ്.
സൂര്യാസ്തമയത്തിന് മുമ്പ് എല്ലാവരും
അവരുടെ ജോലിസ്ഥലങ്ങളില്‍ നിന്നും തിരികെ വരും.
അവര്‍ വീടുകളില്‍ അഭയം പ്രാപിക്കും.
സൂര്യന്‍ അസ്തമിക്കുമ്പോള്‍ ദൈര്‍ഘ്യമേറിയ
കാഹള ധ്വനി ഉണ്ടാകും. അത് കാവല്‍ക്കാരന്‍ ഉച്ചത്തില്‍ നീട്ടി ഊതും.
അത് കേള്‍ക്കുമ്പോള്‍ എല്ലാവരും
വീടിനുള്ളില്‍ പ്രവേശിക്കും. പിന്നെ ആരും തന്നെ ഒറ്റയ്ക്ക് വീടിന് വെളിയില്‍
ഇറങ്ങാറില്ല.
പട്ടണത്തില്‍ ആരെങ്കിലും യാത്രക്കാര്‍
പരദേശികളായി വന്നിട്ടുണ്ടെങ്കില്‍, രാത്രി ആരംഭിക്കുന്നതിന് മുമ്പ് ഏതെങ്കിലും
വീട്ടിലോ തുല്യമായ ക്രമീകരണത്തിലോ പ്രവേശിച്ചിരിക്കേണം. രാത്രി ആര്‍ക്കും യാത്ര
ചെയ്യുവാനോ പ്രവര്‍ത്തിക്കുവാണോ ഉള്ളതല്ല.
അന്നത്തെ ജീവിത രീതി ഇങ്ങനെ ആയിരുന്നു;
പിന്നീട് ചരിത്രത്തില്‍ ഇതിനെല്ലാം വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടാകാം.
സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍, ഉഷസ്സ്
വരെയുള്ള സമയം മരിച്ചവരുടെ ആത്മാക്കള്‍ പട്ടണത്തില്‍ നടക്കുന്ന സമയം ആണ് എന്ന്
അവര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ട് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ, ആരും
വീടിന് പുറത്ത് ഇറങ്ങി നടക്കാറില്ല.
രാത്രിയില്‍ വീടിന് പുറത്തിറങ്ങേണ്ടി
വന്നാല്‍ അവര്‍ കൂട്ടിന് മറ്റൊരാളിനെ കൂടെ കരുതും.
അവര്‍ കൈയില്‍ കത്തുന്ന വിളക്ക്
കരുതിയിരിക്കും; വിളക്ക് കെടാതെ സൂക്ഷിക്കുവാനും ശ്രമിക്കും.
വെളിച്ചം ഭൂത പ്രേതാധികളെയും
ദുരാത്മാക്കളെയും മരിച്ചവരുടെ ആത്മാക്കളെയും അകറ്റി നിറുത്തും എന്ന് അവര്‍
വിശ്വസിച്ചിരുന്നു.
കാവല്‍ക്കാരന്റെ കൈയിലും ചെറിയ ഒരു വിളക്ക്
ഉണ്ടായിരിക്കേണം. പക്ഷെ അത് പകല്‍ പോലെ വെളിച്ചം പകരുവാനല്ല, മരിച്ചവരുടെ
ആത്മാക്കളെ അകറ്റി നിറുത്തുവാന്‍ ആണ്.
കര്‍ത്താവ് പറഞ്ഞ പത്തു കന്യകമാരുടെ ഉപമ
നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ.
രാത്രിയില്‍ ആണ് മണവാളന്‍ വരുന്നത്.
മണവാളനെ സ്വീകരിക്കുവാന്‍ മണവാട്ടിയുടെ തോഴിമാര്‍ കാത്തിരിക്കുക ആണ്.
രാത്രിയില്‍ മണവാളന്‍ വന്നാല്‍, സാധാരണ
രീതിയില്‍ അവര്‍ക്ക് ആര്‍ക്കും വീടിന് പുറത്തിങ്ങുവാന്‍ കഴിയുക ഇല്ല.
അതുകൊണ്ടാണ് അവര്‍ കൈയില്‍ വിളക്ക്
കരുതിയത്. വിളക്ക് കത്തിക്കുവാനുള്ള എണ്ണയും അവര്‍ കരുതി.
മണവാളനും കൂട്ടര്‍ക്കും വെളിച്ചം നല്‍കുവാനോ
ഒരു ആചാരമായിട്ടോ അല്ല അവര്‍ വിളക്കുകള്‍ കരുതിയത്. ഒരു പക്ഷെ പിന്നീട് ഇതൊല്ലാം
ആചാരങ്ങള്‍ ആയി മാറിയിട്ടുണ്ടാകാം.
എന്നാല്‍ പത്തു കന്യകമാരില്‍ അഞ്ച് പേര്‍
ഇതൊന്നും ഗൌരവമായി എടുത്തില്ല. അവര്‍ വിളക്ക് കരുതി, എന്നാല്‍ എണ്ണ കരുതിയില്ല.
രാത്രിയില്‍ വീടിന് പുറത്തിറങ്ങേണ്ടി വരുന്നെങ്കില്‍ മാത്രം വിളക്ക് കത്തിച്ചാല്‍
മതിയാകുമല്ലോ എന്ന ചിന്ത ആയിരിക്കാം അവരെ അലസരാക്കിയത്.
നമുക്ക് ഈ ഉപമയെ ഇവിടെ വിട്ടിട്ട്
നമ്മളുടെ വിഷയത്തിലേക്ക് മടങ്ങി വരാം.
സന്ധ്യ ആകുമ്പോള്‍, സൂര്യന്‍ അസ്തമിച്ച്
കഴിയുമ്പോള്‍ കാവല്‍ക്കാരന്‍ കാഹളം നീട്ടി ഉച്ചത്തില്‍ ഊതും. രാത്രി ആരംഭിച്ചു
കഴിഞ്ഞു.
പിന്നീട് വീണ്ടും പ്രഭാതത്തില്‍, സൂര്യന്‍റെ
ആദ്യ കിരണങ്ങള്‍ പട്ടണത്തില്‍ ദൃശ്യമാകുമ്പോള്‍ കാവല്‍ക്കാരന്‍ നീട്ടി കാഹളം ഊതും.
രാത്രി കഴിഞ്ഞിരിക്കുന്നു എന്ന് അവന്‍
വിളിച്ചു പറയുക ആണ്.
രാത്രിയുടെ ആരംഭത്തില്‍ ഊതുന്ന കാവല്‍ക്കാരന്റെ
കാഹള ധ്വനി രണ്ട് കാര്യങ്ങളെ പട്ടണ നിവാസികളെ അറിയിക്കുന്നു.
ഒന്ന് നമ്മള്‍ പറഞ്ഞു കഴിഞ്ഞു: രാത്രി ആരംഭിക്കുക
ആണ്. ഇനി ആരും ഏകരായി, കൈയില്‍ വിളക്ക് ഇല്ലാതെ വീടിന് പുറത്തേക്ക് വരരുത്.
രണ്ടാമത്തെ കാര്യം ഇതിലും
പ്രധാനപ്പെട്ടതാണ്: രാത്രി കാവല്‍ക്കാരന്‍ എത്തി കഴിഞ്ഞു; അദ്ദേഹം ജോലി
ഏറ്റെടുത്തു കഴിഞ്ഞു; ഇനി എല്ലാവര്‍ക്കും ശത്രു ഭയം കൂടാതെ സുഖമായി വിശ്രമിക്കാം.
സന്ധ്യ ആയാല്‍ ജനങ്ങള്‍ അത്താഴം കഴിച്ച്
ഉറക്കത്തിന് തയ്യാറെടുക്കും. രാത്രിയുടെ ഒന്നാം യാമത്തില്‍ ഉറക്കം ആരംഭിക്കും.
രാതി കാവല്‍ക്കാരന്റെ ആദ്യത്തെ ജോലി
രസകരമായ ഒന്നാണ്.
അവന്‍ പട്ടണത്തിലെ ഓരോ വീടിന്‍റെയും
വാതിലില്‍ മുട്ടി വിളിക്കും. ആരും വാതില്‍ തുറക്കാറില്ല. തുറക്കണം എന്ന് അവന്‍
ആഗ്രഹിക്കുന്നുമില്ല.
ഓര്‍ക്കുക, നമ്മള്‍ മുകളില്‍ വായിച്ച വെളിപ്പാട്
പുസ്തകം 3-)0 അദ്ധ്യായത്തില്‍ യേശു അത്താഴസമയത്ത് ആണ് വാതില്‍ക്കല്‍ മുട്ടി
വിളിക്കുന്നത്.
വീടിനുള്ളില്‍ ഉള്ളവര്‍ വാതില്‍
തുറക്കേണം എന്നും യേശുവിനെ അകത്തേക്ക് ക്ഷണിക്കേണം എന്നും യേശു ആഗ്രഹിക്കുന്നു.
യേശു ആ രാത്രിയില്‍ അവരോടൊപ്പം അത്താഴം
കഴിക്കുവാന്‍, സംഭാഷണത്തില്‍ ഏര്‍പ്പെടുവാന്‍, അവരെ ആശ്വസിപ്പിക്കുവാനും
ബലപ്പെടുത്തുവാനും ആഗ്രഹിക്കുന്നു.
അന്ധകാരം നിറഞ്ഞ രാത്രിയില്‍ അവരോടൊപ്പം
ആയിരിക്കുവാന്‍ യേശു ആഗ്രഹിക്കുന്നു.
രാത്രി കാവല്‍ക്കാരന്‍ വാതിലില്‍
മുട്ടിവിളിച്ചുകൊണ്ട് രണ്ടു കാര്യങ്ങള്‍ ആ വീടിനുള്ളില്‍ താമസിക്കുന്നവരോട് ചോദിക്കും.
ഒന്ന്, അത്താഴത്തിനു ശേഷം ഉറങ്ങുവാന്‍
പോകുന്നതിനു മുമ്പ് വീടിന്‍റെ വാതില്‍ അകത്തുനിന്നും കുറ്റിയിട്ട് സൂക്ഷിച്ചുവോ.
കള്ളന്മാരും, ശത്രുക്കളും വന്യമൃഗങ്ങളും
അന്ധകാരത്തിന്‍റെ മറപറ്റി വീടിനുള്ളില്‍ കയറാതിരിക്കുവാന്‍ ഇതു ആവശ്യമാണ്.
കാവല്‍, കാവല്‍ക്കാരന്റെ മാത്രം
ഉത്തരാവാദിത്തം അല്ല, വീട്ടുടയവനും അതിന്‍റെ ഉത്തരവാദിത്തം ഉണ്ട്.
അവന്‍റെ രണ്ടാമത്തെ ചോദ്യം ഇതായിരുന്നു:
അത്താഴത്തിനുശേഷം അടുപ്പിലെ തീ വെള്ളം ഒഴിച്ച് അണച്ചുവോ, ഉറങ്ങുന്നതിന് മുമ്പ്
വിളക്ക് അണച്ചുവോ?
അടുപ്പില്‍ തീ കിടന്നാല്‍ ഒരു പക്ഷെ അത്
ആളി കത്തിയെക്കാം; വീട്ടുകാര്‍ അത് അറിഞ്ഞില്ല എന്ന് വന്നേക്കാം.
ഒരു വീടിനു തീ പിടിച്ചാല്‍ അത് അടുത്ത
വീട്ടിലേക്ക് പടരും; കാരണം എല്ലാ വീടുകളും അടുത്തടുത്താണ് പണിതിരിക്കുന്നത്.
അത് പട്ടണത്തെ മുഴുവന്‍ നശിപ്പിക്കുന്ന
തീ ആയി മാറിയേക്കാം.
അതുകൊണ്ട് ഉറങ്ങുന്ന സമയത്ത്
വീടിനുള്ളില്‍, അടുപ്പിലോ, വിളക്കിലോ തീ കാണരുത്.
ഇതു പട്ടണത്തെ കരുതിയുള്ള സുരക്ഷ ആണ്.
ഈ ചോദ്യങ്ങള്‍ അവരെ ഈ രണ്ടു കാര്യങ്ങളും
ചെയ്യുവാന്‍ ഓര്‍മ്മപ്പെടുത്തും.
എല്ലാ വീടുകളിലും ഈ ചോദ്യം ചോദിച്ചു
കഴിഞ്ഞാല്‍ പിന്നെ കാവല്‍ക്കാരന്‍ ആരെയും ശല്യപ്പെടുത്താറില്ല.
ശത്രുക്കളായ അന്യദേശക്കാര്‍ പട്ടണത്തിനു
നേരെ വരുന്നുണ്ടോ, വന്യമൃഗങ്ങള്‍ വരുന്നുണ്ടോ എന്ന് നോക്കി കാവല്‍ക്കാരന്‍ രാത്രി
ചിലവഴിക്കുവാന്‍ പോകുക ആണ്.
ക്രമേണ ഓരോ വീട്ടിലെയും വിളക്ക് അണയും;
ഓരോ വീടും നിശബ്ദമാകും; പട്ടണം മുഴുവനും ഉറക്കത്തിലേക്ക് കടക്കും.
കാവല്‍ക്കാരനും മരിച്ചവരുടെ ആത്മാക്കളും
മാത്രം ആ പട്ടണത്തില്‍ അങ്ങിങ്ങായി നടക്കും.
സൂര്യാസ്തമയത്തില്‍ കാഹളം നീട്ടി ഊതി,
കാവല്‍ക്കാരന്‍ തന്റെ ജോലി ആരംഭിച്ചതാണ്.
സൂര്യന്‍ അപ്പോള്‍ അസ്തമിച്ചു കഴിഞ്ഞതെ
ഉണ്ടായിരുന്നുള്ളൂ. അസ്തമ സൂര്യന്‍റെ വിളറിയ വെളിച്ചം അവിടവിടെ ഒളിച്ചും പാത്തും നിലനിന്നിരുന്നു.
പട്ടണവാസികളുടെ സംസാരം അവരുടെ വീടുകളില്‍
നിന്നും അല്‍പ്പമായി കേള്‍ക്കാമായിരുന്നു.
ക്രമേണ, അസ്തമസൂര്യന്റെ അവസാന കിരണവും
മാഞ്ഞുപോയി.
വീടുകളില്‍ വെളിച്ചം അണഞ്ഞു; വീടുകള്‍
നിശബ്ദം ആയി. പട്ടണത്തിന്‍റെ ജീവന്‍ തന്നെ നിലച്ചുപോയതുപോലെ തോന്നി.
കാവല്‍ക്കാരന് തന്‍റെ സ്വന്തം ശ്വാസത്തെ
അനുഭവിക്കുവാനും കേള്‍ക്കുവാനും കഴിയുന്ന നിശബ്ദത എല്ലായിടത്തും വ്യാപിച്ചു.
സന്ധ്യാ സമയത്ത് കാവല്‍ക്കാരന്‍ കാഹളം
ഊതിയപ്പോള്‍ രാത്രി ആരംഭിക്കുന്നു എന്ന സന്ദേശം പട്ടണ നിവാസികളോട് വിളിച്ചു
പറഞ്ഞു.
അതെ കാഹളം കാവല്‍ക്കാരനോട് തന്നെ പറഞ്ഞ
ഒരു സന്ദേശം ഉണ്ട്.
രാത്രിയുടെ ആരംഭം ആയി. ഇനി അവന്റെ
ജീവിതത്തില്‍ ഒരു നീണ്ട രാത്രിയുടെ കാലഘട്ടം ആണ്. എല്ലാവരും ഉറങ്ങുമ്പോള്‍,
ഉറക്കമില്ലാതെ, ഏകാന്തതയില്‍, കട്ടികൂടുന്ന അന്ധകാരത്തില്‍, മരിച്ചവരുടെ
ആത്മാക്കള്‍ മാത്രം യാത്ര ചെയ്യുന്ന ഈ പട്ടണ വീഥിയില്‍ ഒരു നീണ്ട രാത്രി അവനായി
കാത്തിരിക്കുന്നു.
കാഹളം പട്ടണക്കാര്‍ക്ക് ആശ്വാസമാണ്;
കാവല്‍ക്കാരന്‍ എത്തിയല്ലോ.
അതെ കാഹളം കാവല്‍ക്കാരനോട് പറയുന്നു,
എല്ലാവരും നിന്നെ ഏകനായി വിട്ട് പോകുക ആണ്, ഏകാന്തതയുടെ നീണ്ട രാത്രി നിനക്കായി
കാത്തിരിക്കുന്നു.
എന്നാല്‍ ഇതിനൊരു അവസാനം ഉണ്ട് എന്ന്
കാവല്‍ക്കാരന് അറിയാം. പക്ഷെ അത് വിദൂരതയില്‍ പ്രത്യക്ഷപ്പെടുവാനിരിക്കുന്നതെ
ഉള്ളൂ.
അവിടെ എത്തുവാന്‍ ഒരു ദീര്‍ഘ
യാത്രയുണ്ട്; അവിടെ എത്തുന്നതിന് മുമ്പ് ഒരു നീണ്ട രാത്രിയിലൂടെ കടന്നുപോകേണം.
രാത്രിയിലെ ഓരോ യാമവും കഴിയുമ്പോള്‍
കാവല്‍ക്കാരന്‍ ഹൃസ്വമായി കാഹളം ഊതും.
ആരുടേയും ഉറക്കം കേടുത്തുവാനല്ല ഇത്
ഊതുന്നത്, രാത്രി എത്രമാത്രം പിന്നിട്ടു എന്ന് അറിയിക്കുവാന്‍ ആണ്.
അവന്‍ ഉറങ്ങുന്നില്ല എന്ന് പട്ടണവാസികള്‍
അതിലൂടെ അറിയും. അവന്‍ ഉറങ്ങാതിരിക്കുവാനും ഇതു സഹായിക്കും.
ഉറങ്ങുന്ന പട്ടണവാസികളില്‍ ചിലര്‍ ഈ
കാഹള ശബ്ദം കേള്‍ക്കും, അവര്‍ ഓരോ കാഹളവും എണ്ണും; ഓരോ കാഹളവും പറയും, ഇതാ രാത്രി
ഒരു യാമം കൂടി കഴിഞ്ഞിരിക്കുന്നു.
ഇതാ, ഉഷസ്സ് ഒരു യാമം കൂടി
അടുത്തിരിക്കുന്നു.
സന്ധ്യ കഴിഞ്ഞപ്പോള്‍, ഇരുള്‍
ആരംഭിച്ചപ്പോള്‍, എല്ലാവരും വീടുകള്‍ക്കുള്ളില്‍ അഭയം തേടിയപ്പോള്‍, എല്ലാവരും
ഉറക്കത്തിലേക്ക് വഴുതി വീണപ്പോള്‍, കാവല്‍ക്കാരന്റെ ജീവിതത്തിലേക്ക് അന്ധകാരം
പ്രവേശിക്കുക ആയിരുന്നു.
ഏകാന്തതയും, ഒറ്റപ്പെടുത്തലും, വിശപ്പും,
ദാഹവും നിറഞ്ഞ ഒരു രാത്രി ആരംഭിക്കുക ആയിരുന്നു.
ആദ്യയാമം കഴിഞ്ഞപ്പോള്‍, അവന്‍ കാഹളം
മെല്ലെ ഹൃസ്വമായി ഊതി. അത് അവനോടു തന്നെ പറഞ്ഞു: അവന്‍റെ രാത്രിയുടെ അനുഭവം ഇപ്പോള്‍
ഒരു യാമം പൂര്‍ത്തിയായിരിക്കുന്നു.
പക്ഷെ, അന്ധകാരത്തിന്‍റെ കാലഘട്ടം
അവസാനിച്ചിട്ടില്ല.
അവന്‍റെ ഒറ്റപ്പെടലിന്‍റെ സമയം
കഴിഞ്ഞിട്ടില്ല.
എന്നാല്‍ അത് മാറിപ്പോകും. അതിനായി
ഇനിയും യാമങ്ങള്‍ കാത്തിരിക്കേണം.
കാവല്‍ക്കാരന്‍ കിഴക്കേ ദിക്കിലേക്ക്
നോക്കും. വല്ല വെളിച്ചവും വരുന്നുണ്ടോ?
ഇല്ല, സമയം ആയിട്ടില്ല, ഇനിയും
അന്ധകാരത്തിന്റെ യാമങ്ങള്‍ ഉണ്ട്; കാത്തിരിപ്പിന്‍റെ കാലഘട്ടം അവസാനിച്ചിട്ടില്ല.
എന്നാലും അവനു ഒരു ആശ്വാസമുണ്ട്. ഈ
രാത്രി അവസാനിക്കും. എന്റെ ജീവിതത്തിലെ പല രാത്രികളും അവസാനിച്ചിട്ടുണ്ട്. അതുകൊണ്ട്
തന്നെ ഇതും അവസാനിക്കും.
രാത്രി അനന്തമായി നീളുക ഇല്ല. കിഴക്ക്
ഉഷസ്സ് ഉദിക്കും. അത് നിശ്ചയം തന്നെ ആണ്.
അതാണ് അവന്‍റെ പ്രത്യാശ, അതാണ് അവന്റെ
ആശ്വാസം. അതാണ് അവന്റെ ബലം.
ഉഷസ്സിനായി അവന്‍ കാത്തിരിക്കുക ആണ്.
പക്ഷെ അന്ധകാരം കുറയുക അല്ല, കൂടുക ആണ്.
ഓരോ യാമം കഴിയുമ്പോഴും രാത്രി മൂര്‍ദ്ധന്യത്തിലേക്ക് നീങ്ങുക ആണ്.
ഇരുളിന് കട്ടി കൂടുക ആണ്, ഏകാന്തതയും
ഒറ്റപ്പെടലും ഏറി വരുക ആണ്. വിശപ്പും ദാഹവും വര്‍ദ്ധിക്കുക ആണ്.
ആശ്വാസത്തിനായി യാതൊന്നും കാണുന്നതും
ഇല്ല.
ഓരോ ഹൃസ്വ കാഹളവും രാത്രി ഏറെ വര്‍ദ്ധിച്ചിരിക്കുന്നു,
അന്ധകാരം ഏറെ വര്‍ദ്ധിച്ചിരിക്കുന്നു എന്ന് കാവല്‍ക്കാരനോട് തന്നെ പറയുക ആണ്.
ഏറ്റവും ഇരുട്ടുള്ള രാത്രിയുടെ
യാമത്തിലേക്ക് അവന്‍ നീങ്ങുക ആണ്.
അപ്പോഴും അവനു ഒരു പ്രത്യാശ ഉണ്ട്:
ഉഷസ്സ് വരും, നിശ്ചയം.
അവനു വിടുതല്‍ ഉണ്ടാകും, ആശ്വാസം
ഉണ്ടാകും, ജീവിതത്തില്‍ വെളിച്ചം പരക്കും; അവന്റെ ഏകാന്തത മാറും.
ചുറ്റിനും ഇരുള്‍ കട്ടിപിടിക്കുമ്പോഴും
അവന്‍ പ്രത്യാശിക്കും, നിശ്ചയമായും ഉഷസ്സ് ഉണ്ടാകും.
ഉഷസ്സ് ഉണ്ടാകും എന്നത് ഒരു വിശ്വാസം
മാത്രമല്ല, ഒരു സത്യം ആണ്.
ഉഷസ്സ് ദൈവത്താല്‍
നിശ്ചയിക്കപ്പെട്ടതാണ്. അവന്റെ ജീവിതത്തിലേക്ക് ഇരുളിന് തുല്യമായ അനുഭവങ്ങള്‍
കടക്കുന്നതിനു മുമ്പായിതന്നെ ദൈവം ഉഷസ്സിനെ നിശ്ചയിച്ച് ആക്കിയിരുന്നു.
അതുകൊണ്ട് ഉഷസ്സ് ഒരു കഥ അല്ല, അത്
സംഭവിക്കാനിരിക്കുന്ന സത്യം ആണ്.
അതില്‍ അവനു നിശ്ചയം ഉണ്ടായിരുന്നു.
അതുകൊണ്ട് ഇരുളിന് അവനെ
നിരാശപ്പെടുത്തുവാണോ പരാജയപ്പെടുത്തുവാനോ കഴിയുക ഇല്ല.
ഒന്നും കാണുവാന്‍ ഇല്ലായെങ്കിലും,
യാതൊന്നും കേള്‍ക്കുവാന്‍ ഇല്ലായെങ്കിലും, ആരും ആശ്വസിപ്പിക്കുവാന്‍ ഇല്ല എങ്കിലും,
കാവല്‍ക്കാരന്‍ ക്ഷീണിക്കുക ഇല്ല.
കാരണം രാത്രി വര്‍ദ്ധിച്ചുവരുമ്പോള്‍
അവന്‍ ഓര്‍ക്കുന്ന ഒരു സത്യം കൂടി ഉണ്ട്: ഉഷസ്സ് വരും, നിശ്ചയം. ദൈവം അത് അങ്ങനെ
തന്നെ കല്‍പ്പിച്ചിരിക്കുന്നു. അത് സംഭവിക്കും.
രാത്രി അതിന്റെ മൂര്‍ദ്ധന്യത്തില്‍
എത്തി, അര്‍ദ്ധരാത്രി ആയി.
ഒരു വീടിന്‍റെ കിളിവാതിലൂടെ ഒരു ശബ്ദം
പുറത്തേക്ക് വന്നു: കാവല്‍ക്കാരാ, കാവല്‍ക്കാരാ, രാത്രി എന്തായി.
കാവല്‍ക്കാരന്‍ തന്റെ കാഹളം ഹൃസ്വമായി
ഊതി; അവന്‍ പറഞ്ഞു രാത്രി മദ്ധ്യത്തില്‍ എത്തിയിരിക്കുന്നു.
അവന്‍റെ രാത്രിയുടെ അനുഭവങ്ങള്‍ അതിന്‍റെ
മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി.
അപ്പോള്‍ അവന്‍ ഒരു കാര്യം കൂടി ഓര്‍ത്തു,
ഇരുള്‍ ഏറ്റവും കട്ടികൂടിയിരിക്കുന്നു.
ഇനി അതിനു കട്ടി കൂടുക ഇല്ല.
അന്ധകാരത്തിന്‍റെ പോരാട്ടം ഏറ്റവും
രൂക്ഷമായിരിക്കുന്നു; എന്നാല്‍ ഇനി അതിനു തീക്ഷണ കൂടുക ഇല്ല.
ഇത്രയും യാമങ്ങള്‍, എന്റെ ജീവിതത്തില്‍
അന്ധകാരം വര്‍ദ്ധിച്ചു വരുക ആയിരുന്നു.
ഇനി അത് വര്‍ദ്ധിക്കുക ഇല്ല.
എല്ലാ പോരാട്ടങ്ങളും രൂക്ഷമാകുന്ന ഘട്ടം
ഉണ്ട്. പിന്നീട് അത് നീങ്ങിപ്പോയെ മതിയാകൂ.
കാവല്‍ക്കാരന്‍ പ്രത്യാശയോടെ കിഴക്ക്
ദിക്കിലേക്ക് നോക്കി. ഉഷസ്സ് ആയോ?
ഇല്ല ഉഷസ്സ് ആയിട്ടില്ല; എന്നാല്‍ അത്
വരും, നിശ്ചയം.
അവന്‍ ഇനിയുമുള്ള യാമങ്ങള്‍ ഏറെ
പ്രത്യാശയോടെ ചിലവഴിക്കും.
പോരാട്ടങ്ങള്‍ അവസാനിച്ചതുകൊണ്ടല്ല;
അതിന്‍റെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചേരുന്നത് കൊണ്ടാണ്.
അടുത്ത യാമം അവസാനിക്കുമ്പോള്‍ അവന്‍ വീണ്ടും
കാഹളം ഹൃസ്വമായി ഊതും.
ഓരോ യാമം അവസാനിക്കുമ്പോള്‍ ഊതുന്ന
ചെറിയ കാഹളധ്വനിക്ക് എല്ലാം ഒരേ ശബ്ദം ആയിരിക്കും.
എന്നാല്‍ അര്‍ദ്ധരാത്രിക്ക് ശേഷം അവന്‍ ഊതുന്ന കാഹള ശബ്ദത്തിന്‍റെ ഉള്ളില്‍ ഒരു
വ്യത്യാസം ഉണ്ടായിരിക്കും.
പ്രത്യാശയുടെയും സന്തോഷത്തിന്റെയും
ധ്വനി കൂട്ടത്തില്‍ കലര്‍ന്നിരിക്കുന്നതു പോലെ തോന്നും.
അവന്‍റെ സന്തോഷം അവന്‍റെ ശബ്ദത്തില്‍
ഉണ്ട്. അത് ഉഷസ്സ് ആയതുകൊണ്ടല്ല, ഉഷസ്സ് വരും എന്ന നിശ്ചയം ഉള്ളതുകൊണ്ടാണ്.
അങ്ങനെ രാത്രിയുടെ അവസാന യാമവും എത്തി.
കാവല്‍ക്കാരന്‍ ആശയോടെ ഉഷസ്സിനായി
നോക്കുക ആണ്.
സൂര്യന്‍ ഉദിക്കാറായോ. സൂര്യന്‍റെ ആദ്യ
കിരണങ്ങള്‍ കാണുവാന്‍ ആയോ?
അവന്‍റെ രാതിയുടെ അനുഭവങ്ങള്‍
അവസാനിക്കുവാന്‍ പോകുക ആണ്.
അവന്റെ ഏകാന്തത, കഷ്ടത, വേദന, ഒറ്റപെടല്‍,
എല്ലാം അവസാനിക്കുവാന്‍ പോകുക ആണ്.
ഇതാ ഉഷസ്സ് എത്തിക്കഴിഞ്ഞു. സൂര്യന്‍റെ
ആദ്യകിരങ്ങള്‍ പട്ടണത്തിലേക്ക് വീണു.
കാവല്‍ക്കാരന്‍ സന്തോഷവാനായി.
അവന്‍ കാഹളം എടുത്തു, നീട്ടി, ഉറക്കെ
ഊതി.
ഈ കാഹളത്തിന്റെ ശബ്ദം പട്ടണവാസികളോട്
പറഞ്ഞു: രാത്രി കഴിഞ്ഞിരിക്കുന്നു, ഉഷസ്സ് ആയിരിക്കുന്നു.
ഇനി എഴുന്നേല്‍ക്കാം, പകലിന്‍റെ പ്രവര്‍ത്തികള്‍
ചെയ്യാം.
അതെ കാഹളം കാവല്‍ക്കാരനോട് പറയുന്നത്
ഒരു വ്യത്യസ്തമായ സന്ദേശം ആണ്:
ഇതാ നിന്‍റെ രാത്രി കഴിഞ്ഞിരിക്കുന്നു.
നിന്‍റെ വേദന തീര്‍ന്നിരിക്കുന്നു. ഇനി നിനക്ക് വിശ്രമത്തിന്‍റെ യാമങ്ങള്‍ ആണ്.
യുദ്ധം കഴിഞ്ഞുള്ള വിശ്രമം.
കാവല്‍ക്കാരന്റെ ഉഷസ്സിലെ കാഹളം അങ്ങനെ
ജയത്തിന്റെ ഘോഷം ആയി മാറി.
അവന്‍ നിരാശയെയും വേദനയേയും ജയിച്ച്
വിജയം നേടിയിരിക്കുന്നു.
എന്താണ് കാവല്‍ക്കാരന്റെ ജയത്തിന്റെ
രഹസ്യം.
ഏകനായി, ചുറ്റിനും ഏറി വരുന്ന ഇരുളില്‍
നിന്നപ്പോള്‍, അവന്‍ എന്തായിരിക്കും ചിന്തിച്ചത്.
തീര്‍ച്ചയായും അവനു വേദനയും ഭാരവും
നിരാശയും തോന്നിയിട്ടുണ്ടായിരിക്കേണം.
എന്നാല്‍ അവന്‍ തകര്‍ന്നില്ല. കാരണം
അവനു ഒരു ഒരു പ്രത്യാശ ഉണ്ടായിരുന്നു.
ഉഷസ്സ് വരും, നിശ്ചയം.
ഉഷസ്സ് അവന്റെ പ്രത്യാശ ആണ്, വിടുതല്‍
ആണ്, ദൈവ പ്രവര്‍ത്തി ആണ്, ദൈവത്തിന്‍റെ ഇടപെടല്‍ ആണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഉഷസ്സ്
അവന്റെ പ്രത്യാശയായ ദൈവം തന്നെ ആണ്.
ദൈവം ഇടപെടും, ദൈവം വിടുവിക്കും, ദൈവം സൌഖ്യം
ആക്കും, ദൈവത്തിന്‍റെ പ്രവര്‍ത്തി വെളിപ്പെടും.
അത് നിശ്ചയം തന്നെ. അത് സംഭവിക്കും.
ഇപ്പോഴത്തെ നമ്മളുടെ അവസ്ഥ
രോഗത്തിന്റെയോ, നിന്ദയുടെയോ, പരിഹാസത്തിന്റെയോ, തകര്‍ച്ചയുടെയോ ആയേക്കാം.
ജീവിതത്തിലെ പ്രതിസന്ധികള്‍ വര്‍ദ്ധിച്ച്
വരുന്നതായി നമുക്ക് തോന്നിയേക്കാം.
ആരും ആശ്വാസത്തിന് എത്തിയില്ലാ എന്ന്
വന്നേക്കാം.
പക്ഷെ, പ്രത്യാശ കൈവിടരുത്. ഉഷസ്സ്
ഉണ്ടാകും. അത് വരാതെ ഇരിക്കുകയില്ല.
ദൈവം അത് കല്‍പ്പിച്ചാക്കിയിരിക്കുന്നു;
അത് സംഭവിക്കാതെ ഇരിക്കില്ല.
രാതി ആരംഭിക്കുന്നതിന് മുമ്പായിതന്നെ
ദൈവം ഉഷസ്സ് കല്‍പ്പിച്ചാക്കിയിട്ടുണ്ട്.
ഉഷസ്സ് വരും. നിശ്ചയം.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി
അനുഗ്രഹിക്കട്ടെ. ആമേന്‍.
No comments:
Post a Comment