ദാനിയേലിന്റെ ദര്‍ശനത്തിലെ 4 മഹാമൃഗങ്ങൾ

ദാനിയേല്‍ കണ്ട 4 മഹാമൃഗങ്ങളെക്കുറിച്ചുള്ള ദര്‍ശനവും അതിന്റെ അര്‍ത്ഥവും ആണ് നമ്മളുടെ ഇന്നത്തെ പഠന വിഷയം.
അന്ത്യകാല സംഭവങ്ങളെക്കുറിച്ചുള്ള പ്രവചന പുസ്തകമായിട്ടാണ് ദാനിയേലിന്റെ പുസ്തകത്തെ പൊതുവേ കണക്കാക്കുന്നത്.
ദാനിയേല്‍ രണ്ടാം അദ്ധ്യായത്തിലെ നെബൂഖദുനേസ്സരിന്റെ സ്വപ്നവും ഏഴാം അദ്ധ്യായത്തിലെ 4 മഹാമൃഗങ്ങളുടെ ദര്‍ശനവും "apocalypse" എന്ന പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Apocalypse മൂല ഭാഷയായ ഗ്രീക്കില്‍ ഈ വാക്കിന്‍റെ അര്‍ത്ഥം വെളിപ്പാട്, പൂര്‍ണ്ണമായി അറിയിക്കപ്പെട്ടത്‌, മൂടുപടം നീക്കുക എന്നിങ്ങനെ ആണ്.

ഈ പ്രത്യേക വിഭാഗത്തിലെ ഒരു ആദ്യകാല കൃതി ആണ് ദാനിയേലിന്റെ പുസ്തകം.
അതിനുശേഷം BC 200 മുതല്‍ 100 AD വരെ അനേകം പുസ്തകങ്ങള്‍ ഇപ്രകാരം എഴുതപ്പെട്ടിട്ടുണ്ട്.
വേദപുസ്തകത്തിലെ അവസാന പുസ്തകമായ വെളിപ്പാട് പുസ്തകം ഈ വിഭാഗത്തിലെ പ്രധാനപ്പെട്ട ഒരു കൃതി ആണ്.
ഇത്തരം കൃതികളില്‍ അടയാളങ്ങളും, പ്രതീകങ്ങളും, സ്വപ്നവും, ദര്‍ശനങ്ങളും ധാരാളമായി കാണുവാന്‍ കഴിയും.
ഇവയുടെ ഉദ്ദേശ്യം, പ്രധാന ആശയത്തോടൊപ്പം വൈകാരിക ചിന്തകളും വായനക്കാരിലേക്ക് വിനിമയം ചെയ്യുക എന്നതാണ്.
ഇത്തരം കൃതികളിലെ ആശയങ്ങള്‍ സത്യവും കൃത്യവും ആണ് എങ്കിലും വിവരണങ്ങള്‍ സൂക്ഷം (precise) ആയിരിക്കില്ല.
ഓരോ ചിത്രത്തിന്റെയും യാഥാര്‍ഥ്യത്തോടുള്ള അതിന്റെ സാമ്യം എവിടെ അവസാനിക്കുന്നു എന്ന് പറയുക പ്രയാസമാണ്. അതിനാല്‍ നമ്മള്‍ വായിക്കുന്ന ദര്‍ശങ്ങളുടെ എല്ലാ വിശദാശങ്ങള്‍ക്കും അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കേണ്ടതില്ല.
എല്ലാറ്റിനെയും എവിടെ എങ്കിലും കൂട്ടിച്ചെര്‍ക്കുവാനുള്ള നമ്മളുടെ വ്യഗ്രത പലപ്പോഴും യഥാര്‍ത്ഥ അര്‍ത്ഥത്തെ കോട്ടികളയാറുണ്ട്

അന്ത്യകാല രചനകളുടെ മറ്റൊരു സവിശേഷത, അതിന്‍റെ മുന്‍നിര്‍ണ്ണയ (deterministic) കാഴ്ചപ്പാട് ആണ്.
അതായത് മാനവ ചരിത്രത്തിന്റെ അവസാനം ദൈവത്താല്‍ മുന്‍നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു; എങ്കിലും ചരിത്രം അത് പോകേണ്ടുന്ന വഴികളിലൂടെ അതിന്‍റെ യാത്ര പൂര്‍ത്തീകരിക്കേണം.
മാനവ ചരിത്രത്തിന്റെ അവസാനമോ, ദൈവരാജ്യത്തിന്റെ പെട്ടന്നുള്ള ശക്തമായ വെളിപ്പെടലോടെ അവസാനിക്കും.
വേദപുസ്തകത്തിലെ യെഹെസ്കേല്‍, സെഖര്യാവ് എന്നീ പുസ്തകങ്ങള്‍ ഇത്തരം കൃതികള്‍ക്ക് ഉദാഹരണങ്ങള്‍ ആണ്.

ദാനിയേല്‍ 7 ന് ആമുഖം

ദാനിയേല്‍ 1-)o അദ്ധ്യായം മുതല്‍ 6 വരെ നമ്മള്‍ ദാനിയെലിന്റെയും സ്നേഹിതരുടെയും കൊട്ടാര ജീവിതത്തിന്റെ കഥകള്‍ വായിക്കുന്നു.
നെബൂഖദുനേസ്സര്‍ രാജാവിന്‍റെയും പിന്‍ഗാമികളുടെയും കാലത്ത് അവര്‍ ബാബിലോണില്‍ ജീവിച്ചു.
എന്നാല്‍ 7-)o അദ്ധ്യായത്തില്‍ വിവരണങ്ങള്‍ ദാനിയേലിന്റെ ദര്‍ശനങ്ങളിലേക്ക് തിരിയുക ആണ്.
ലോകത്തില്‍ പ്രവര്‍ത്തിക്കുന്ന ദുഷ്ട ശക്തികള്‍ക്കുമേല്‍ ദൈവത്തിനുള്ള പരമാധികാരം നമ്മള്‍ ആദ്യത്തെ 6 അദ്ധ്യായങ്ങളില്‍ കാണുന്നു.
മാനവ ചരിതത്തിനുമേല്‍ അധികാരമുള്ള ദൈവം തന്‍റെ ജനമായ യിസ്രായേലിനെ വിടുവിക്കുന്നത് നമ്മള്‍ അവസാനത്തെ അദ്ധ്യായങ്ങളില്‍ കാണുന്നു.
കൊട്ടാരവാസത്തിന്റെ നാളുകളില്‍ ദൈവം ദാനിയെലിനോട് കൂടെ ഇരുന്നു എന്നത് പിന്നീട് നമ്മള്‍ വായിക്കുന്ന പ്രവചനങ്ങളുടെ സാധുത വര്‍ദ്ധിപ്പിക്കുന്നു.

ദാനിയേലിന്റെ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് 7-)o അദ്ധ്യായം.
മാനവ ചരിത്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള സമഗ്രവും വിശദവുമായ പ്രവചങ്ങള്‍ നമുക്ക് ഇവിടെ വായിക്കാം.
നാല് ലോക സാമ്രാജ്യങ്ങളുടെ ഗതിയും നിത്യമായ ദൈവരാജ്യത്തിന്റെ സ്ഥാപനവും നമ്മള്‍ എവിടെ കാണുന്നു.

ഏകദേശം 553 BC യില്‍, ബാബേൽരാജാവായ ബേൽശസ്സരിന്റെ ഒന്നാം ആണ്ടിൽ ദാനീയേൽ പ്രവാചകന്‍, നാല് സാമ്രജ്യങ്ങളെ കുറിച്ചുള്ള ചില വെളിപ്പാടുകള്‍ നാലു മഹാമൃഗങ്ങള്‍ ആയി  സ്വപ്നത്തില്‍ കണ്ടു. (ദാനിയേല്‍ 7:1–14).
ബേൽശസ്സര്‍ യഥാര്‍ഥത്തില്‍ ബാബിലോണിന്റെ രാജവയിരുന്നില്ല; അദ്ദേഹം ബാബിലോണിന്റെ അവസാന രാജാവായ നബോനിഡസിന്റെയും അദ്ദേഹത്തിന്‍റെ ഭാര്യ നിറ്റോക്രിസിന്റെയും മകന്‍ ആയിരുന്നു. നിറ്റോക്രിസ് നെബൂഖദുനേസ്സര്‍ രാജാവിന്‍റെ മകള്‍ ആണ് എന്ന് വിശ്വസിക്കപ്പെട്ടിരുന്നു.
തന്റെ പിതാവിന്‍റെ സുദീര്‍ഘമായ അസാന്നിധ്യത്തില്‍ റീജന്റ് ആയി രാജാധികാരം ബേൽശസ്സര്‍ വഹിച്ചിട്ടുണ്ട്‌. അതുകൊണ്ട് അദ്ദേഹത്തെ രാജാവ് എന്ന് വിളിച്ചിരുന്നു.
എന്നാല്‍ ബേൽശസ്സര്‍ ഒരിക്കലും രാജാവ് തന്നെ ചെയ്യേണ്ടുന്ന പൂജാ കര്‍മ്മങ്ങള്‍ ചെയ്യുകയോ, ഉത്സവങ്ങളില്‍ രാജാവിന്റെ സ്ഥാനത്ത് പ്രത്യക്ഷപ്പെടുകയോ ചെയ്തിരുന്നില്ല.
539 BC ല്‍ ബാബിലോണിനെ മേദ്യ- പാര്‍സ്യ സാമ്രാജ്യം ആക്രമിച്ച് കീഴടക്കിയപ്പോള്‍ ബേൽശസ്സര്‍ കൊല്ലപ്പെട്ടിരിക്കാം.

ദാനിയേല്‍ സ്വപ്നത്തില്‍ ഒരു മഹാസമുദ്രവും ആകാശത്തിലെ നാലു കാറ്റ് മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നതും കണ്ടു.
അതിനുശേഷം വ്യത്യസ്തമായ നാലു മഹാമൃഗങ്ങൾ സമുദ്രത്തിൽനിന്നു കയറിവന്നു.
ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ദാനിയേല്‍ കണ്ടുകൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവിർത്തുനിർത്തി, അതിന്നു മാനുഷഹൃദയവും കൊടുത്തു.
രണ്ടാമത്തെ മൃഗം കരടിയോടു സദൃശമായിരുന്നു. അതു ഒരു പാർശ്വം ഉയർത്തിയും വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവർ അതിനോടു: എഴുന്നേറ്റു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.
പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിന്നു ആധിപത്യം ലഭിച്ചു.
അതിനുശേഷം ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകർക്കുകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകലമൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.
പിന്നീട് ആ കൊമ്പുകൾക്ക് ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതുകാരണം മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.
ദാനിയേല്‍ തുടന്ന് സ്വര്‍ഗ്ഗത്തിലെ ന്യായാസനങ്ങളെ കണ്ടു. വയോധികനായ ഒരുത്തൻ ഇരുന്നു. ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.
നാലാമത്തെ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്തു.
തുടര്‍ന്ന് മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു.
സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
ഇതായിരുന്നു ദാനിയേല്‍ കണ്ട ദര്‍ശനം.

ദാനിയേല്‍ രണ്ടാം അദ്ധ്യായത്തില്‍ നെബൂഖദുനേസ്സര്‍ രാജാവ് കണ്ട സ്വപ്നവും ദാനിയേല്‍ അതിന് നല്‍കുന്ന വ്യാഖ്യാനവും നമ്മള്‍ വായിക്കുന്നു.
ബാബിലോണ്‍ സാമ്രാജ്യത്തിന് ശേഷം വരുവാനിരിക്കുന്ന നാല് സാമ്രാജ്യങ്ങളെ കുറിച്ച് ദൈവം രാജാവിനെ അറിയിക്കുക ആണ്.
അതിനെക്കുറിച്ച്‌ കൂടെ നമ്മള്‍ ഇവിടെ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതുകൊണ്ട് രാജാവ് കണ്ട സ്വപനം ചുരുക്കമായി പറയട്ടെ. അത് ഇപ്രകാരം ആയിരുന്നു.

നെബൂഖദുനേസ്സര്‍ രാജാവ് സ്വപ്നത്തില്‍ വലിയൊരു ബിംബം കണ്ടു, അതിന്റെ രൂപം ഭയങ്കരമായിരുന്നു.
വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം അദ്ദേഹത്തിന്‍റെ മുമ്പിൽ നിന്നു.
ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടും, കാൽ പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയിരുന്നു.
രാജാവ് നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ചു തകർത്തുകളഞ്ഞു.
ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്നു വേനൽക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീർന്നു. ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി.
ബിംബത്തെ അടിച്ച കല്ലു ഒരു മഹാപർവ്വതമായിത്തീർന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു.

സ്വപ്നം വിവരിച്ചതിന് ശേഷം ദാനിയേല്‍ അതിന്‍റെ അര്‍ത്ഥം വ്യാഖ്യാനിച്ചു:
നെബൂഖദുനേസ്സര്‍ രാജാവിന്‍റെ ബാബിലോണിയ സാമ്രജ്യത്തോടെ ആരംഭിച്ച്, ഒന്ന് മറ്റൊന്നിനു ശേഷം ഉയര്‍ന്നുവരുന്ന നാല് സാമ്രാജ്യങ്ങളെ കുറിച്ചാണ് സ്വപ്നം പറയുന്നത്.
ആദ്യത്തേത് ബാബിലോണിയന്‍ സാമ്രാജ്യവും അവസാനത്തേത് ദൈവരാജ്യവും ആണ്.
യെഹൂദ – ക്രൈസ്തവ വേദപണ്ഡിതന്മാര്‍ കാലാകാലങ്ങളായി, ഈ നാല് രാജ്യങ്ങള്‍ ബാബിലോണ്‍, മേദ്യ-പാർസ്യ, ഗ്രീക്ക്, റോമന്‍ സാമ്രാജ്യം എന്നിവ ആണ് എന്ന് വിശ്വസിക്കുന്നു.
ഈ കാഴ്ചപ്പാടിന് യഹൂദ പാരമ്പര്യ വ്യാഖ്യനങ്ങളുടെയും ക്രൈസ്തവ ആദ്യകാല പിതാക്കന്മാരുടെയും, ജെറോം, കാല്‍വിന്‍ എന്നീ ചിന്തകരുടെയും പിന്തുണ ഉണ്ട്.
നാലാമത്തെ സാമ്രാജ്യത്തിന്‍റെ അവസാനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവരുന്ന നിത്യമായ ദൈവരാജ്യം സ്ഥാപിക്കപ്പെടും.

ദാനിയേല്‍ രണ്ടാം അദ്ധ്യായവും ഏഴാം അദ്ധ്യായവും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ട്.
രണ്ടു അദ്ധ്യയങ്ങളും വരുവാനിരിക്കുന്ന ദൈവരാജ്യത്തെ ആണ് വെളിപ്പെടുത്തുന്നത്. എന്നാല്‍ ഉപയോഗിക്കുന്ന പ്രതീകങ്ങള്‍ വ്യത്യസ്തങ്ങള്‍ ആണ്.
ജാതീയനായ രാജാവ് ഈ ലോകത്തിലെ സാമ്രാജ്യങ്ങളെ മനോഹരമായ ഒരു കലാസൃഷ്ടിയായി കാണുന്നു. അതിനു വലുപ്പവും, മഹത്വവും, മൂല്യവും, കരുത്തും ഉള്ളതായി അദ്ദേഹത്തിന് തോന്നുന്നു. സ്വര്‍ണ്ണവും, വെള്ളിയും, താമ്രവും, ഇരുമ്പും എല്ലാം മനുഷ്യന്‍റെ കാഴ്ചപ്പാട് ആണ്.
എന്നാല്‍ ദൈവം ഇതേ ലോക സാമ്രാജ്യങ്ങളെ  വിചിത്രവും, അസ്വാഭാവികവും, ഭീകരവും, ക്രൂരവുമായ  മൃഗങ്ങള്‍ ആയി കാണുന്നു.
ഇതു രാജാവും ദാനിയേലും കണ്ട സ്വപ്നത്തിന്റെയും ദര്‍ശനത്തിന്റെയും വ്യത്യാസമാണ്.
ഈ രണ്ടു സ്വപനത്തിനും ദര്‍ശനത്തിനും ഇടയില്‍ 50 വര്‍ഷങ്ങളുടെ വ്യത്യാസം ഉണ്ട്. എന്നാല്‍ അവര്‍ രണ്ടുപേരും ലോക സാമ്രാജ്യങ്ങളെ വിവരിക്കുന്നു.

മഹാസമുദ്രം (7: 2)

ഇനി നമുക്ക് ദാനിയേലിന്റെ ദര്‍ശനത്തിലേക്ക് പോകാം.
ദാനിയേലിന്റെ ദര്‍ശനം ആരംഭിക്കുന്നത്, ഒരു മഹാസമുദ്രത്തിന് മേല്‍ ആകത്തിലെ നാല് കാറ്റും വീശുന്നത് മുതല്‍ ആണ്.

ദാനിയേല്‍ 7:2 ദാനീയേൽ വിവരിച്ചുപറഞ്ഞതെന്തെന്നാൽ: ഞാൻ രാത്രിയിൽ എന്റെ ദർശനത്തിൽ കണ്ടതു: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നതു ഞാൻ കണ്ടു.

യഹൂദന്മാര്‍ക്ക് സമുദ്രം നാശത്തിന്റെയും ആശയകുഴപ്പത്തിന്റെയും അപകടത്തിന്റെയും പ്രതീകമായിരുന്നു.
ഇതില്‍ നിന്നും നാല് വ്യത്യസ്തങ്ങള്‍ ആയ മഹാമൃഗങ്ങള്‍ കയറി വരുന്നത് ദാനിയേല്‍ കണ്ടു.
ഈ മൃഗങ്ങള്‍, അപകടകരമായ ദുഷ്ടതയില്‍ നിന്നും കയറി വരുന്ന നാല് ലോക സാമ്രാജ്യങ്ങളെ കാണിക്കുന്നു.

നാല് മഹാമൃഗങ്ങള്‍ (7: 3- 8)

ദാനിയേലിന്റെ ദര്‍ശനത്തില്‍ ഒരു സ്വര്‍ഗ്ഗീയ ദൂതന്‍ ഈ മഹാമൃഗങ്ങളുടെ അര്‍ത്ഥം വിശദീകരിച്ചു കൊടുക്കുന്നുണ്ട്.
ദാനിയേലിന്റെ ദര്‍ശനം തുടര്‍ച്ചയായി വരുന്ന നാല് ലോക സാമ്രാജ്യങ്ങലെളെ കുറിച്ചും അതിന്റെ അവസാനത്തില്‍ ദൈവം സ്ഥാപിക്കുന്ന നിത്യമായ രാജ്യത്തെകുറിച്ചും ആണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ യേശുക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവ് വരെ ലോകത്തിനു എന്ത് സംഭവിക്കാനിരിക്കുന്നു എന്നാണു ദര്‍ശനം പറയുന്നത്.

ഒരു രാജ്യം മറ്റൊരു രാജ്യത്തെ വിഴുങ്ങുന്ന മഹാമൃഗങ്ങള്‍ ആയാണ് ദാനിയേല്‍ കാണുന്നത്.
ഇവയില്‍ ഒന്നുപോലും ഭൂമിശാസ്ത്രപരമായി ലോകത്തെ മുഴുവന്‍ കീഴടക്കി ഭരിച്ചിട്ടില്ല എങ്കിലും, അവയുടെ കാലം മുതല്‍ ഇന്നേവരെയുള്ള ലോകത്തെ അവ സ്വാധീനിക്കുന്നുണ്ട്.
ഇതു ഗ്രീക്ക്, റോമന്‍ സാമ്രാജ്യങ്ങളുടെ കാര്യത്തില്‍ പ്രത്യേകം എടുത്തു പറയെണ്ടാതാണ്.
ഇന്നത്തെ ലോകത്തിലെ, രാഷ്ട്രീയ ഭരണ സംവിധാനങ്ങളിലും, വിദ്യാഭ്യാസത്തിലും, സംസ്കാരത്തിലും, സാമൂഹിക മതപരമായ ചിന്തകളിലും തത്വഞാനത്തിലും ഈ സ്വാധീനം കാണാം.

ലോക സാമ്രാജ്യങ്ങളെ ദാനിയേല്‍ മൃഗങ്ങള്‍ ആയി കാണുന്നത്, അവയുടെ ക്രൂരതയും, വന്യതയും മൃഗീയതയും സൂചിപ്പിക്കുന്നു.
ഈ സാമ്രാജ്യങ്ങള്‍ക്കു ചില നാളുകളിലേക്ക് ലോകത്തില്‍ സ്വാധീനം ഉണ്ടായിരിക്കുമെന്നും എന്നാല്‍ അന്ത്യത്തില്‍ അവയെല്ലാം നീങ്ങിപ്പോകും എന്നും ദാനിയേല്‍ കാണുന്നു.
ദാനിയേല്‍ 7: 18 ല്‍ നമ്മള്‍ വായിക്കുന്നു: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.”

ചിറകുകള്‍ ഉള്ള സിംഹം

ഇനി നമുക്ക് ദാനിയേല്‍ കണ്ട 4 മൃഗങ്ങളെ കുറിച്ച് പഠിക്കാം.

ദാനിയേല്‍ 7: 4 ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവിർത്തുനിർത്തി, അതിന്നു മാനുഷഹൃദയവും കൊടുത്തു.

ഒന്നാമത്തെ മൃഗം കഴുകന്റെ ചിറകുകള്‍ ഉള്ള സിംഹം ആയിരുന്നു.
മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ അപകരമായ മൃഗമായിരുന്നു സിംഹം.
പഴയനിയമ പ്രവാചകന്മാര്‍ ബാബിലോണിനെ സിംഹത്തോടെ ഉപമിക്കാറുണ്ടായിരുന്നു.
ബാബിലോണിന്‍റെ മതിലിലും നാണയങ്ങളിലും കഴുകന്‍റെ ചിറകുകള്‍ ഉള്ള മഞ്ഞ നിറത്തിലുള്ള 
സിംഹത്തിന്‍റെ ചിത്രം ഉണ്ടായിരുന്നു.
ബാബിലോണ്‍ പട്ടണത്തിലേക്കുള്ള പല പ്രവേശന കവാടങ്ങളില്‍ എട്ടാമത്തെതായിരുന്നു ഇഷ്താര്‍ പ്രവേശന കവാടം.
ഈ കവാടത്തിലും അതിലേക്കുള്ള വീഥികളിലും, നീല നിറത്തിലുള്ള തിളങ്ങുന്ന ഇഷ്ടികകളില്‍, ചിറകുകള്‍ ഉള്ള മഞ്ഞ നിറത്തിലുള്ള സിംഹത്തിന്‍റെ ചിത്രം കാണാം.
BC 573 ല്‍ നെബൂഖദുനേസ്സര്‍ രാജാവാണ് ഈ കവാടം നിമ്മിക്കുവാന്‍ ഉത്തരവിട്ടത്.
ഈ കവാടങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഭൂഗര്‍ഭ ശാസ്ത്രഞ്ജന്മാര്‍ കണ്ടെത്തുകയും 1930 ല്‍ അതിനെ പുനര്‍സൃഷ്ടിക്കുകയും ചെയ്തു. അത് ബെര്‍ലിനിലെ Pergamon Museum ല്‍ ഇപ്പോള്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്.
ബാബിലോണിലെ പോലെ തന്നെ അസീറിയയിലും, ചിറകുള്ള സിംഹത്തിന്റെയും ചിറകുകള്‍ ഉള്ള കാളകളുടെയും രൂപങ്ങളെ, ദ്വാരപാലകര്‍ ആയി കൊട്ടാരത്തിന്റെയും പട്ടണങ്ങളുടെയും മറ്റ് പ്രധാനപ്പെട്ട കെട്ടിടങ്ങളുടെയും  വാതില്‍ക്കല്‍ സ്ഥാപിക്കാറുണ്ടായിരുന്നു.
ചിറകുകള്‍ വേഗത്തെ കാണിക്കുന്നു. കഴുകന്‍റെ ചിറകുകള്‍ ഉള്ള സിംഹം 605 BC മുതല്‍ 539 BC വരെയുള്ള, ബാബിലോണ്‍ സാമ്രാജ്യത്തിന്റെ വളര്‍ച്ചയെയും ഭരണത്തേയും കാണിക്കുന്നു.

ദാനിയേലിന് ഈ ദര്‍ശനം ലഭിക്കുമ്പോള്‍ ബാബിലോണ്‍ സാമ്രാജ്യം ശക്തമായി നിലവില്‍ ഉണ്ടായിരുന്നു.
നെബൂഖദുനേസ്സര്‍ രാജാവ് കണ്ട സ്വപ്നത്തിലെ ബിംബത്തിന്റെ തങ്കം കൊണ്ടുള്ള തല ബാബിലോണ്‍ സാമ്രാജ്യത്തെ സൂചിപ്പിക്കുന്നതുപോലെ, കഴുകന്‍റെ ചിറകുകള്‍ ഉള്ള സിംഹം എന്ന മൃഗവും അതെ സാമ്രാജ്യത്തെ തന്നെ സൂചിപ്പിക്കുന്നു.
സിംഹത്തിന്‍റെ ചിറകുകള്‍ പറിഞ്ഞു പോകുന്നത്, നെബൂഖദുനേസ്സര്‍ രാജാവിന് മനോവിഭ്രമം ഉണ്ടായ നാളുകളെ കാണിക്കുന്നു. (ദാനിയേല്‍ 4: 17)
ആ നാളുകളില്‍ അദ്ദേഹത്തിന്‍റെ വാസം കാട്ടുമൃഗങ്ങളോടുകൂടെയായി. (ദാനിയേല്‍ 4: 25)
അവന്റെ രോമം കഴുകന്റെ തൂവൽപോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളര്‍ന്നു.
അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു. (ദാനിയേല്‍ 4: 33)

രാജാവിന്റെ മനോവിഭ്രമത്തിന്റെ നാളുകളായ ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം തിരികെ രാജസ്ഥാനത്ത് എത്തുകയും, മനുഷ്യനെപ്പോലെ നിവര്‍ന്ന് നില്‍ക്കുകയും, അവന് ഒരു  മാനുഷഹൃദയം ലഭിക്കുകയും ചെയ്തു.
അദ്ദേഹം മൊത്തം 43 വര്‍ഷങ്ങള്‍, 605 മുതല്‍ 562 BC വരെ, ബിബിലോണില്‍ രാജാവായിരുന്നു.
ബാബിലോണ്‍ സാമ്രാജ്യം ഏഷ്യ മൈനര്‍ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശങ്ങള്‍ മുതല്‍ കാസ്പിയന്‍ കടല്‍ വരെ വിസ്തൃതം ആയിരുന്നു.
വേദപുസ്തകത്തിലെ അദ്ദേഹത്തിന്‍റെ പ്രധാന യുദ്ധം യഹൂദ്യയെ ആക്രമിച്ച് കീഴടക്കുന്നതും, ദാനിയെലിനെ പോലെയുള്ളവരെ പിടിച്ചുകൊണ്ടു പോകുന്നതും ആണ്.
അദ്ദേഹത്തിന്‍റെ മരണശേഷം, 539 BC വരെ, ദാനിയേലിന്റെ ദര്‍ശനത്തിലെ രണ്ടാമത്തെ സാമ്രാജ്യമായ മേദ്യ-പാര്‍സ്യ സാമ്രാജ്യം അവരെ ആക്രമിച്ചു കീഴടക്കുന്നത്‌ വരെ, ബാബിലോണ്‍ ശക്തമായി തന്നെ നിലനിന്നു.

രണ്ടാമതു കരടിയോടു സദൃശമായ മൃഗം

ദാനിയേല്‍ 7: 5 രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അതു ഒരു പാർശ്വം ഉയർത്തിയും വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവർ അതിനോടു: എഴുന്നേറ്റു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.

രണ്ടാമത്തെ മൃഗം കരടിയോട് സദൃശമായത് ആയിരുന്നു. അതിന്റെ ഒരു വശം മറ്റുവശത്തെക്കാള്‍ ഉയർന്നതായിരുന്നു. അതിന്റെ വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചിട്ടുണ്ടായിരുന്നു.
 “എഴുന്നേറ്റു മാംസം ധാരാളം തിന്നുക” എന്നൊരു ശബ്ദവും ദാനിയേല്‍ കേട്ടു.
കരടി ഇരകളെ പിടിച്ചു തിന്നുന്ന ക്രൂരനായ മൃഗം ആയിരുന്നു.
ബാബിലോണ്‍ സാമ്രാജ്യത്തെ മറിച്ചുകളഞ്ഞ മേദ്യ-പാര്‍സ്യ എന്ന സംയുക്ത സാമ്രാജ്യത്തെ ആയിരിക്കാം ഈ മൃഗം സൂചിപ്പിക്കുന്നത്.
ഒരു വശം മറ്റേതിനേക്കാള്‍ ഉയര്‍ന്നതായി കണ്ടത്, മേദ്യ രാജ്യത്തെക്കാള്‍ പാര്‍സ്യ രാജ്യം കൂടുതല്‍ പ്രബലപ്പെട്ടിരിക്കും എന്നതിനെ ആണ്.
ദാനിയേല്‍ എട്ടാം അദ്ധ്യായത്തില്‍, ഈ ദര്‍ശനത്തിന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട മറ്റൊരു ദര്‍ശനത്തില്‍, ദാനിയേല്‍ രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റനെ കാണുന്നു.
രണ്ട് കൊമ്പില്‍ ഒന്ന് മറ്റേതിനേക്കാള്‍ അധികം നീളമുള്ളത്‌ ആയിരുന്നു. അത് ഒടുക്കം മുളച്ചുവന്നതായിരുന്നു.
എട്ടാം അദ്ധ്യായം 20-)o വാക്യത്തില്‍ രണ്ടുകൊമ്പുള്ളതായി കണ്ട ആട്ടുകൊറ്റൻ പാർസ്യ രാജാക്കന്മാരെ കുറിക്കുന്നു എന്ന് ഗബ്രിയേല്‍ ദൂതന്‍ വിശദീകരിക്കുന്നുണ്ട്.

കരടിയുടെ വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നില്‍ക്കുന്നത് പാര്‍സ്യ രാജ്യത്തിന്റെ രാജാവായ കോരേശ് പിടിച്ചടക്കിയ ആദ്യത്തെ മൂന്നു രാജ്യങ്ങളെ സൂചിപ്പിക്കുന്നു.
കോരേശ്, 546 BC ല്‍ ലൂദ്യ (Lydia) പിടിച്ചടക്കി; പിന്നീട് ഫനെഷിയാ (Phoenicia), മദ്ധ്യ ഇറാന്‍ പ്രദേശങ്ങള്‍ എന്നിവ കീഴടക്കി; 539 BC ല്‍ ബാബിലോണും പിടിച്ചടക്കി.
അദ്ദേഹത്തിന്‍റെ മകന്‍ കംബിസെസ് (Cambyses) 525 BC ല്‍ ഈജിപ്ത്, ലിബിയ എന്നീ രാജ്യങ്ങളും പിടിച്ചടക്കി.
പിന്നീട് വന്ന രാജാക്കന്മാരുടെ കാലത്ത് മേദ്യ-പാര്‍സ്യ സാമ്രാജ്യം, പടിഞ്ഞാറ് ഗ്രീസ് വരെയും കിഴക്ക് ഇന്‍ഡ്യ വരെയും വളര്‍ന്നു. ഏഷ്യ, ആഫിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളില്‍ അത് പരന്നുകിടന്നു.

നെബൂഖദുനേസ്സര്‍ രാജാവ് കണ്ട ബിംബത്തിലെ വെള്ളികൊണ്ടുള്ള നെഞ്ചും കയ്യും ഈ മൃഗത്തിനു സമാനമാണ്.
ഇതു മേദ്യ-പാര്‍സ്യ സാമ്രാജ്യമാണ്‌; ക്രമേണ പാര്‍സ്യ രാജ്യം മേദ്യരുടെ മേല്‍ ഉന്നതി പ്രാപിക്കുകയും ചെയ്തു.
മേദ്യ-പാര്‍സ്യ സാമ്രാജ്യം 200 വര്‍ഷങ്ങള്‍ ശക്തമായി നിലനിന്നു.
അതിനു ശേഷം മഹാനായ അലക്സണ്ടാരുടെ ഗ്രീക്ക് സൈന്യം 333 BC ല്‍ അതിനെ കീഴടക്കി.
അങ്ങനെ പുതിയൊരു മൃഗം ഉയര്‍ന്ന് വന്നു.

ചിറകുകള്‍ ഉള്ള പുള്ളിപ്പുലി

ദാനിയേല്‍ 7: 6 പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിന്നു ആധിപത്യം ലഭിച്ചു.

ദാനിയേലിന്റെ ദര്‍ശനത്തില്‍ മൂന്നാമതൊരു മൃഗത്തെകൂടി കാണുകയാണ്.
അതിനു പുള്ളിപ്പുലിയുടെ രൂപം ആയിരുന്നു. അതിന്‍റെ മുതുകത്തു പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു. ഈ മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു.
വേദപുസ്തകത്തിലുള്ള ക്രൂരമൃഗങ്ങളുടെ പട്ടികയില്‍ പെട്ട പുള്ളിപ്പുലി വേഗതയ്ക്ക് ഏറെ പേരുകേട്ടത് ആയിരുന്നു.
ദര്‍ശനത്തിലെ മൃഗത്തിനുള്ള ചിറകുകള്‍ അതിന് കൂടുതല്‍ വേഗത നല്‍കുന്നു.
ഈ മൃഗത്തിന് ആധിപത്യവും ലഭിക്കുന്നതായി കാണുന്നു.
ആദ്യത്തെ മൃഗം ബാബിലോണ്‍ സാമ്രാജ്യത്തെയും രണ്ടാമത്തെ മൃഗം മേദ്യ-പാര്‍സ്യ സാമ്രാജ്യത്തെയും സൂചിപ്പിക്കുന്നു എങ്കില്‍ മൂന്നാമത്തെ മൃഗം അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഗ്രീക്ക് സാമ്രാജ്യത്തെ സൂചിപ്പിക്കുന്നു.
ദാനിയേല്‍ 8-)o അദ്ധ്യായത്തില്‍ ഗബ്രിയേല്‍ ദൂതന്‍, മേദ്യ-പാര്‍സ്യ സാമ്രാജ്യത്തിന് ശേഷം വരുന്ന ഗ്രീക്ക് സാമ്രാജ്യത്തെക്കുറിച്ചു പറയുന്നുണ്ട്.
എന്നാല്‍ BC 323 ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പെട്ടന്നുണ്ടായ മരണത്തിന് ശേഷം അദ്ദേഹത്തിന്‍റെ സാമ്രാജ്യം ഒന്നിലധികം രാജ്യങ്ങള്‍ ആയി വിഭജിക്കപ്പെട്ടു. (ദാനിയേല്‍ 8: 22)

നാല് ചിറകുകള്‍ ഭൂമിയുടെ നാല് ദിക്കുകളെ കുറിച്ചും ഭൂമിയില്‍ പരക്കുന്ന സാമ്രാജ്യത്തെ കുറിച്ചും പറയുന്നു.
അലക്സണ്ടാരുടെ വളര്‍ച്ചയുടെ വേഗവും അത് സൂ സൂചിപ്പിക്കുന്നു.
അദ്ദേഹത്തിന്‍റെ നാല് സൈന്യാധിപന്മാര്‍ ആയിരുന്നു സൈന്യത്തെ മുന്നോട്ട് നയിച്ചിരുന്നത്.
നാല് തലകള്‍, അലക്സാണ്ടറുടെ മരണത്തിനു ശേഷം ഉണ്ടായ വിഭജനത്തെയും നാല് പ്രധാനപ്പെട്ട രാജാക്കന്മാരെയും കാണിക്കുന്നു.

ദാനിയേലിന്റെ ദര്‍ശനത്തിലെ പുള്ളിപ്പുലി, നെബൂഖദുനേസ്സര്‍ രാജാവ് കണ്ട ബിംബത്തിലെ താമ്രം കൊണ്ടുള്ള  വയറും അരയും എന്നീ ഭാഗങ്ങളോട്  സമാനമാണ്.
അലക്സാണ്ടര്‍, ഒരു പുള്ളിപുലിയെ പോലെ വേഗത്തില്‍, അതി സമര്‍ത്ഥമായി, രാജ്യങ്ങളെ കീഴടക്കി.
ഏഷ്യ മൈനര്‍ എന്നറിയപ്പെടുന്ന ഭൂവിഭാഗവും തുര്‍ക്കിയും അദ്ദേഹം രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് കീഴടക്കി.
BC 333 നവംമ്പറില്‍ അദ്ദേഹം ദാർയ്യാവേശിനെ തോല്‍പ്പിച്ചു മേദ്യ-പാര്‍സ്യ സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
പുള്ളിപ്പുളിക്ക് സമാനമായ വേഗത്തില്‍ അദ്ദേഹം ലോകത്തിന്‍റെ ചക്രവര്‍ത്തി ആയി.

ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമത്തെ മൃഗം

നെബൂഖദുനേസ്സര്‍ രാജാവ് കണ്ട സ്വപ്നം വിവരിക്കുമ്പോഴും ദാനിയേല്‍ കണ്ട ദര്‍ശനം വിവരിക്കുമ്പോഴും അവസാനത്തെ സാമ്രജത്തിനാണ് ദാനിയേല്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.

ദാനിയേല്‍ 7: 7, 8
   രാത്രിദർശനത്തിൽ ഞാൻ പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകർക്കുകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകലമൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.
   ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.

നാലാമത്തെ മൃഹത്തിന്റെ അടിസ്ഥാന മൃഗം ഏതാണ് എന്ന് ദാനിയേല്‍ പറയുന്നില്ല.
അത് ഘോരവും ഭയങ്കരവും അതിബലവും ഇരിമ്പുപല്ലുകളും ഉള്ള മൃഗമാണ് എന്ന് മാത്രം പറയുന്നു. അതിനു പത്തു കൊമ്പു ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്.
അതു മുമ്പ് ഉണ്ടായിരുന്ന സാമ്രാജ്യങ്ങളെ തിന്നുകയും തകർക്കുകയും ചെയ്തിട്ടു ശേഷമുള്ള രാജ്യങ്ങളെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു എന്നും ദാനിയേല്‍ കാണുന്നു.

നമ്മള്‍ മുമ്പ് കണ്ടതുപോലെ മൂന്നാമത്തെ മൃഗം ഗ്രീക്ക് സാമ്രാജ്യത്തെ സൂചിപ്പിക്കുന്നു.
അത് അലക്സണ്ടാരുടെ മരണത്തിനു ശേഷം പ്രധാനമായും 4 രാജ്യങ്ങള്‍ ആയി വിഭജിക്കപ്പെട്ടു. എന്നാല്‍ പിന്നീടു അത് ശത്രുക്കളുടെ കൈകളിലേക്ക് വീണുപോയി.
അതായത് 4 – മത്തെ മൃഗം അതിനെ കീഴടക്കി. അങ്ങനെ 4 മത്തെ മൃഗം സൂചിപ്പിക്കുന്ന റോമന്‍ സാമ്രാജ്യം മുമ്പ് ഉണ്ടായിരുന്ന സാമ്രജ്യങ്ങളെക്കാള്‍ അധികം വിശാലമായി തീര്‍ന്നു.

റോമന്‍ സാമ്രാജ്യം അഗസ്റ്റസ് സീസറിന്റെ കാലത്ത് BC 44 ല്‍ ആരംഭിച്ചു. പടിഞ്ഞാറന്‍ റോം, റോമുലസ് അഗസ്റ്റസിന്‍റെ കാലം വരെ നിലനിന്നു.
476 AD ല്‍ ജര്‍മ്മാനിക് രാജാവായ ഒഡാസര്‍ പടിഞ്ഞാറന്‍ റോമിനെ ആക്രമിച്ചു വീഴ്ത്തി.
മദ്ധ്യപൂര്‍വ്വ രാജ്യങ്ങള്‍ മുതല്‍ യൂറോപ്പിലെ പ്രധാനപ്പെട്ട ഭൂപ്രദേശങ്ങള്‍ എല്ലാം റോമന്‍ സാമ്രാജ്യത്തിന്റെ കീഴില്‍ ആയിരുന്നു.
ശത്രുക്കളെ നിഷ്കരുണം അടിച്ചമര്‍ത്തിയിരുന്ന, യഹൂദന്മാരേയും ക്രിസ്തീയ വിശ്വാസികളെയും ക്രൂരമായി പീഡിപ്പിച്ചിരുന്ന ഒരു ഭരണമായിരുന്നു റോമിന്റെത്.

ദാനിയേല്‍ കണ്ട നാലാമത്തെ മൃഗം നെബൂഖദുനേസ്സര്‍ രാജാവ് കണ്ട ബിംബത്തിന്‍റെ ഇരുമ്പുകൊണ്ടുള്ള തുടയോടും കാലുകളോടും സമം ആണ്.
ഇരുമ്പ് കാലുകള്‍കൊണ്ടു റോമന്‍ സാമ്രാജ്യം അതിന്റെ ശത്രുക്കളെ എല്ലാം ചവട്ടി മെതിച്ചു.

പത്തു കൊമ്പുകള്‍

നാലാമത്തെ മൃഗം മുമ്പെ കണ്ട സകലമൃഗങ്ങളിലും വെച്ചു വ്യത്യാസമുള്ളതായിരുന്നു; അതിന് പത്ത് കൊമ്പുകള്‍ ഉണ്ടായിരുന്നു.
ഇതിന്‍റെ അര്‍ത്ഥം ഒരു സ്വര്‍ഗീയ ദൂതന്‍ ദാനിയേലിന് വെളിപ്പെടുത്തികൊടുക്കുന്നു:

ദാനിയേല്‍ 7: 24  ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തൻ എഴുന്നേല്ക്കും; അവൻ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.

നമ്മള്‍ നെബൂഖദുനേസ്സര്‍ രാജാവ് സ്വപ്നത്തില്‍ കണ്ട ബിംബത്തിന്‍റെ അര്‍ത്ഥം വിശദീകരിക്കുന്ന മറ്റൊരു വീഡിയോയില്‍ വിവരിച്ചതുപോലെ, റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം പത്തു രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ റോമന്‍ സാമ്രാജ്യത്തിനു പുതു ജീവന്‍ ഉണ്ടായി.
ഇതു ഇപ്പോള്‍ യൂറോപ്പ്യന്‍ യൂണിയന്‍ ആയി പ്രവര്‍ത്തിക്കുന്നു. പത്ത് കൊമ്പുകള്‍ യൂറോപ്പ്യന്‍ യൂണിയനിലെ രാജ്യങ്ങളെ കാണിക്കുന്നു.
ഇപ്പോള്‍ അവയുടെ എണ്ണം പത്ത് അല്ല, എങ്കിലും അവരുടെ ആദ്യകാല പദ്ധതി പത്ത് രാജ്യങ്ങളുടെ കൂട്ടായ്മ തന്നെ ആയിരുന്നു.
ഇത് നെബൂഖദുനേസ്സര്‍ രാജാവ് സ്വപ്നത്തില്‍ കണ്ട ബിംബത്തിന്‍റെ പാദങ്ങളിലെ വിരലുകളോട് ഒക്കുന്നു.
റോമന്‍ സാമ്രാജ്യത്തിന്റെ പുനരുദ്ധരിക്കപ്പെട്ട രാജ്യങ്ങളുടെ ഈ കൂട്ടായ്മ മറ്റു രാജ്യങ്ങളുമായും ഭരണ സംവിധാനങ്ങളുമായും സമ്മിശ്രമായി നിലനില്‍ക്കുന്നു.

ഇന്ന് നമ്മള്‍ ജീവിക്കുന്നത് റോമന്‍ സാമ്രാജ്യത്തിന്‍റെ  സ്വാധീനം ഉള്ള ഒരു ലോകത്താണ്.
നമ്മള്‍ കാണുന്ന പല സംവിധാനങ്ങളും റോമന്‍ സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ച ആണ്.
റോമന്‍ ഭാഷയായിരുന്ന ലാറ്റിന്‍ ഭാഷയുടെ സ്വാധീനം എല്ലാ പാശ്ചാത്യ ഭാഷകളിലും കാണാം.
നമ്മളുടെ സംസ്കൃതവും ലാറ്റിനും ഒരേ കുടുംബക്കാര്‍ ആണ് എന്ന് ഭാഷാ പണ്ഡിതന്മാര്‍ പറയുന്നു.
പടിഞ്ഞാറന്‍ റോമിന്റെ മതമായിരുന്നു ഇന്നത്തെ റോമന്‍ കത്തോലിക്കാ സഭ.
ഓര്‍ത്തോഡോക്സ് സഭകളുടെ പാരമ്പര്യം കിഴക്കന്‍ റോമിലെ സഭയിലാണ്.
പല അര്‍ത്ഥത്തിലും അമേരിക്ക പോലും റോമന്‍ സാമ്രാജ്യത്തിന്റെ സൃഷ്ടി ആണ്.

ചെറിയ കൊമ്പ്

ദാനിയേല്‍ 7: 8 ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.

ദാനിയേല്‍, മൃഗത്തിന്റെ പത്ത് കൊമ്പുകളെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍, ആ കൊമ്പുകൾക്ക് ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവരുന്നതായി കണ്ടു.
അത് മുളച്ച് വന്നത് കാരണം മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു കൊമ്പുകള്‍ വേരോടെ പറിഞ്ഞുപോയി.
അവസാനം മുളച്ചുവന്ന ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.
വയോധികന്‍ ആയ ഒരുത്തന്‍ ന്യായാസനങ്ങളെ വെച്ച് ഈ കൊമ്പിനെ നശിപ്പിക്കുവോളം അത് ദൈവത്തിന് എതിരെ വമ്പ് പറഞ്ഞുകൊണ്ടിരുന്നു.
ന്യായവിധിയുടെ അന്ത്യത്തില്‍ ന്യായവിസ്താരസഭ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്തു. (ദാനിയേല്‍ 7: 9-11)

ചെറിയ കൊമ്പ്, പത്ത് കൊമ്പുകള്‍ക്കിടയില്‍ നിന്നും വെളിപ്പെടുവാനിരിക്കുന്ന എതിര്‍ക്രിസ്തുവിനെ സൂചിപ്പിക്കുന്നു.
അത് പത്ത് രാജ്യങ്ങളുടെ ഇടയില്‍ നിന്നും പുറപ്പെട്ടു വരുകയും അന്ന് നിലവിലുള്ള മൂന്ന് രാജ്യങ്ങളെ കീഴടക്കുകയോ പുനര്‍നിര്‍മ്മിച്ച റോമന്‍ സാമ്രാജ്യത്തിന്‍റെ കൂട്ടായ്മയില്‍ നിന്നും നീക്കം ചെയ്യുകയോ ചെയ്യും.
ചെറിയ കൊമ്പ് ശക്തമായ ഒരു മത സംവിധാനത്തെ കാണിക്കുന്നു എന്ന് അഭിപ്രായമുള്ള പണ്ഡിതരും ഉണ്ട്.
യൂറോപ്പ്യന്‍ യൂണിയനിലെ ഏഴ് രാജ്യങ്ങള്‍ ഈ മത സംവിധാനത്തോടെ ചേര്‍ന്നുനില്‍ക്കും എന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.
ഇതായിരിക്കാം നെബൂഖദുനേസ്സര്‍ രാജാവ് സ്വപ്നത്തില്‍ കണ്ട ബിംബത്തിന്‍റെ കാല്‍പാദങ്ങള്‍ സൂചിപ്പിക്കുന്ന ഭരണ സംവിധാനം.
മൂന്ന് രാജ്യങ്ങളുടെ നേതാക്കന്മാരെ മറ്റികളഞ്ഞു അധികാരത്തില്‍ എത്തുന്ന എതിര്‍ക്രിസ്തു ക്രമേണ ലോകത്തിന്റെ മുഴുവന്‍ അധികാരം കരസ്ഥമാക്കും.
ഏകാധിപതിയായ എതിര്‍ക്രിസ്തു, സകല മനുഷ്യരുടെയും ആരാധന ആവശ്യപ്പെടുകയും മനുഷ്യരുടെ എല്ലാം ജീവിതത്തിന്‍ മേല്‍ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. (വെളിപ്പാട് 13: 16, 17)

ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ തന്നെ വിശ്വാസികള്‍ പലവിധത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിന് ആളുകള്‍ക്ക് ഇതിനോടകം ജീവന്‍ നഷടപ്പെട്ടിട്ടുണ്ട്.
അപ്പോസ്തലന്മാര്‍ എതിര്‍ക്രിസ്തുവിനെ കുറിച്ച് നമുക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുമുണ്ട്.
1 യോഹന്നാന്‍ 2: 18 ല്‍ നമ്മള്‍ വായിക്കുന്നു: “കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം.”
അപ്പൊസ്തലന്മാരുടെ കാലത്തുതന്നെ എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കുന്നു എന്ന് യോഹന്നാന്‍ പറയുന്നതിനാല്‍ അത് ഒരു വ്യക്തി എന്നതിനേക്കാള്‍ ഒരു ദുഷ്ട ആത്മാവാണ് എന്ന് നമുക്ക് പറയാം.
എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ചരിത്രത്തില്‍ അനേകം ഭരണാധികാരികളെ സ്വാധീനിക്കുകയും ക്രൈസ്തവ വിശ്വാസികളെ പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഈ പ്രവചന ഭാഗം പറയുന്നത്, എതിര്‍ക്രിസ്തുവിന്റെ ആത്മാവ്, വീണ്ടും, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് മുമ്പ്, കൊടിയ പീഡനവുമായി എഴുന്നേല്‍ക്കും. അനേകര്‍ ക്രിസ്തു നിമിത്തം കൊല്ലപ്പെടും.
എതിര്‍ക്രിസ്തുവിന്റെ അന്ത്യ നാശവും യേശുക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവും തുടര്‍ച്ചയായി സംഭവിക്കുന്നതായി ദാനിയേല്‍ കാണുന്നു.

ദാനിയേല്‍ 7: 26, 27
26  എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.
27  പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.

മനുഷ്യ പുത്രനും ദൈവരാജ്യവും

ഇനി നമ്മള്‍ ദാനിയേലിന്റെ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തേക്ക് വരുകയാണ്.
നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തു തന്റെ ഈ ഭൂമിയിലെ ശുശ്രൂഷയുടെ കാലത്ത് സ്വയം വിശേഷിപ്പിക്കുവാന്‍ ഉപയോഗിച്ച പദമായ മനുഷ്യ പുത്രന്‍ എന്നത് ദാനിയേല്‍ 7-)o അദ്ധ്യായം 13-)o വാക്യത്തില്‍ നിന്നും എടുത്തതാണ്.
ദൈവരാജ്യം മനുഷ്യപുത്രന്റെ അധികാരത്തില്‍ സ്ഥാപിക്കപ്പെടുന്നതാണ് ദാനിയേലിന്റെ മുഖ്യ സന്ദേശം.
നെബൂഖദുനേസ്സര്‍ രാജാവ് സ്വപ്നത്തില്‍ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ചു തകർത്തുകളഞ്ഞു, എന്ന് കാണുന്നു.
ദാനിയേല്‍ ദര്‍ശനത്തില്‍, നാലാമത്തെ മൃഗത്തെ കൊല്ലുന്നതും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയിൽ ഇട്ടു ചുട്ടുകളകളയുന്നതും കണ്ടു.
ബിംബത്തിന്റെയും മൃഗത്തിന്റെയും നാശം, സകല ലോകസാമ്രാജ്യങ്ങളുടെയും അവസാനത്തെ കാണിക്കുന്നു.
സമുദ്രങ്ങളുടെയും ഭൂമിയുടെയും അധികാരി സ്വര്‍ഗ്ഗത്തിലെ ദൈവം തന്നെ ആണ്.
നാലാമത്തെ മൃഗം നശിപ്പിക്കപ്പെട്ടതിനു ശേഷം മാത്രമേ ദൈവരാജ്യം സ്ഥാപിക്കപ്പെടുകയുള്ളൂ.

സ്വര്‍ഗ്ഗത്തില്‍ ക്രമീകരിക്കപ്പെട്ട ന്യായാസനത്തില്‍ ഇരിക്കുന്ന വയോധികനായവന്‍ സര്‍വ്വശക്തനായ ദൈവം ആണ്.
അവിടെ ന്യായവിസ്താര സഭ ഇരുന്നു. എതിര്‍ക്രിസ്തുവിനെയും മൃഗത്തെയും വിചാരണ ചെയ്തു, തീയില്‍ ഇട്ടു ചുട്ടുകളഞ്ഞു.
അതിനു ശേഷം യേശുക്രിസ്തു, മനുഷ്യ പുത്രന്‍ ആയി, രാജാധികാരം സ്വീകരിക്കുവാനായി അവിടെ പ്രത്യക്ഷന്‍ ആകുകയാണ്.

ദാനിയേല്‍ 7: 13, 14
13   രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.
14   സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.

മനുഷ്യ പുത്രന്‍ ആകാശ മേഘങ്ങളോടെ പ്രത്യക്ഷന്‍ ആയി. അവന്‍ സര്‍വ്വ ശക്തനായ ദൈവത്തിന്റെ അടുക്കല്‍ ചെന്നു. ഭൂമിയിലെ സകല രാജ്യങ്ങളുടെ മേലും ഭാഷക്കാരുടെ മേലും അവന് അധികാരം ലഭിച്ചു. സകല മനുഷ്യരും അവനെ ആരാധിച്ചു.
ദൈവത്തിനു മാത്രമേ സകല മനുഷ്യരുടെയും ആരാധന സ്വീകരിക്കുവാന്‍ അര്‍ഹത ഉള്ളൂ എന്നത് ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
അതായത് മനുഷ്യപുത്രനോട് സദൃശനായവാന്‍ ദൈവം ആണ്.
അവന്‍റെ രാജ്യം നിത്യവും ഒരുനാളും നശിക്കാത്തതും ആയിരിക്കും.
അങ്ങനെ ദാനിയേലിന്റെ പ്രവചനം അവസാനിക്കുന്നത്, സകല ലോക ഭരണസംവിധാനങ്ങളെയും നീക്കികളഞ്ഞു, യേശുക്രിസ്തു നിത്യമായ ദൈവരാജ്യം സ്ഥാപിക്കും എന്നും അത് അത്യുന്നതനായവന്റെ വിശുദ്ധന്മാര്‍ക്കു അവകാശമായി ലഭിക്കും എന്നും പറഞ്ഞുകൊണ്ടാണ്.
യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന് മുമ്പ് ഈ അധികാരത്തെ കുറിച്ച് അവന്‍ പറയുന്നുണ്ട്:

മത്തായി 28: 18 യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.

ഫിലിപ്പിയര്‍ 2: 9 – 11
   അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;
10   അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും
11    എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.

ഉപസംഹാരം

ഞാന്‍ ഈ പഠനം ഇവിടെ ചുരുക്കട്ടെ.
ദാനിയേല്‍ ദര്‍ശനത്തില്‍ കണ്ട നാല് മഹാമൃഗങ്ങള്‍ ഭാവിയില്‍ സംഭാവിക്കുവാനിരിക്കുന്ന ലോകസംഭവങ്ങളെ വെളിപ്പെടുത്തുന്നതായിരുന്നു.
ഇവയില്‍ അധികവും നമുക്ക് ഇന്ന് സംഭവിച്ചു കഴിഞ്ഞ ചരിത്രം ആണ്. മൃഗങ്ങളും ലോക സാമ്രാജ്യങ്ങളും തമ്മിലുള്ള ബന്ധം നമുക്ക് വേഗത്തില്‍ മനസ്സിലാക്കുവാന്‍ കഴിയുന്നുണ്ട്.
എന്നാല്‍ പ്രവചനങ്ങളില്‍  ചിലത് ഇനിയും സംഭാവിക്കാനിരിക്കുന്നതെ ഉള്ളൂ.

യിസ്രായേലിനെ സംബന്ധിച്ചിടത്തോളം, ശത്രു രാജ്യങ്ങളുടെ വരവും എന്നാല്‍ അന്ത്യത്തില്‍ ദൈവരാജ്യത്തിന്റെ സ്ഥാപനത്തോടെ ഉള്ള വിടുതലും, ആണ് ദാനിയേല്‍ പ്രവചിച്ചത്.
അതിനാല്‍ അവര്‍ കഷ്ടതയില്‍ നിരാശപ്പെട്ട് പോകരുത്.

ജാതീയനായ നെബൂഖദുനേസ്സര്‍ രാജാവ് ഈ ലോകത്തിലെ സാമ്രാജ്യങ്ങളെ മനോഹരവും ക്രമീകരിക്കപ്പെട്ടതും ആയി കാണുന്നു. അതിനു വലുപ്പവും, മഹത്വവും, മൂല്യവും, കരുത്തും ഉള്ളതായി അദ്ദേഹത്തിന് തോന്നുന്നു. സ്വര്‍ണ്ണവും, വെള്ളിയും, താമ്രവും, ഇരുമ്പും എല്ലാം മനുഷ്യന്‍റെ കാഴ്ചപ്പാട് ആണ്.
എന്നാല്‍ ദൈവം ഇതേ ലോക സാമ്രാജ്യങ്ങളെ  വിചിത്രവും, അസ്വാഭാവികവും, ഭീകരവും, ക്രൂരവുമായ  മൃഗങ്ങള്‍ ആയി കാണുന്നു.
ഇതു രാജാവും ദാനിയേലും കണ്ട സ്വപ്നത്തിന്റെയും ദര്‍ശനത്തിന്റെയും വ്യത്യാസമാണ്.

ദാനിയേലിന്റെ ദര്‍ശനം അദ്ദേഹത്തിന്‍റെ മനസ്സിനെ ശല്യപ്പെടുത്തികൊണ്ടിരുന്നു.
അദ്ദേഹത്തിന്‍റെ ദര്‍ശനം ഇന്നും അനേകരുടെ മനസ്സിനെ ശല്യപ്പെടുത്തികൊണ്ടിരുന്നു.
എന്നാല്‍ ദര്‍ശത്തിന്റെയും സ്വപ്നത്തിന്റെയും സന്ദേശം അനുഗ്രഹത്തിന്റെയും സമാധാനത്തിന്റെയും ആണ്.
ദൈവരാജ്യം വേഗം സ്ഥാപിക്കപ്പെടും എന്നതാണത്.
ഈ ലോകത്തിലെ ദുഷ്ടത നിറഞ്ഞ എല്ലാ ഭരണ സംവിധങ്ങള്‍ക്കും ഉപരിയായി സര്‍വ്വ ശക്തനായ ദൈവം സകലത്തിനും മീതെ അധികാരി ആണ്.
അദ്ദേഹത്തിന്‍റെ ഹിതപ്രകാരം, മുന്‍ നിര്‍ണ്ണയിച്ച സമയത്ത് തന്നെ സകലതും നന്മയ്ക്കായി പുനര്‍ ക്രമീകരിക്കപ്പെടും.

ഞാന്‍ അവസാനിപ്പിക്കട്ടെ.
ആമേന്‍, കര്‍ത്താവായ യേശുവേ വരേണമേ.

Watch the video of this message in English and Malayalam @ naphtalitribetv.com
Listen to the audio messages in English and Malayalam @ naphtalitriberadio.com
Read study notes in Malayalam @ vathil.in

No comments:

Post a Comment