മോശെയുടെ ഉടമ്പടി

മോശെയുടെ ഉടമ്പടിയുടെ എല്ലാ അംശങ്ങളും ഈ സന്ദേശത്തില്‍ ചര്‍ച്ച ചെയ്യുവാന്‍ കഴിയുകയില്ല.
ഈ ഉടമ്പടി എന്താണ് എന്ന് അല്പമായി മാത്രം മനസ്സിലാക്കുവാന്‍ നമുക്ക് ശ്രമിക്കാം.
അതായതു ഈ സന്ദേശം മോശയുടെ ഉടമ്പടിക്ക് ഒരു ആമുഖം മാത്രമേ ആകുന്നുള്ളൂ.
ഉടമ്പടിയുടെ കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ഭാവിയില്‍ ചര്‍ച്ചചെയ്യാം.

എന്താണ് മോശയുടെ ഉടമ്പടി - What is Mosaic Covenant?

കൃപയാല്‍, ദൈവവും മനുഷ്യരുമായി ഒരു ബന്ധത്തില്‍ ആയിരിക്കുവാന്‍ ദൈവം തിരഞ്ഞെടുത്ത മാര്‍ഗം ആണ് ഉടമ്പടികള്‍.
ദൈവത്തിന്റെ എല്ലാ പദ്ധതികളും മാനവ ചരിത്രത്തില്‍ ശരിയായ സമയത്ത് നടപ്പിലാക്കുവാന്‍ തക്ക അധികാരവും ശക്തിയും ദൈവത്തിനു ഉണ്ട്.
തന്റെ ഹിതപ്രകാരം ഉല്പത്തി മുതല്‍ നിത്യതവരെയുള്ള എല്ലാ സംഭവങ്ങളും നിയന്ത്രിക്കുവാന്‍ ദൈവത്തിനു കഴിയും.
എന്നിട്ടും ദൈവം താന്‍ തിരഞ്ഞെടുത്ത അബ്രഹാമും അബ്രഹാമിന്റെ സന്തതികളുമായി ഒരു ഉടമ്പടി ബന്ധത്തില്‍ ആയിരിക്കുവാന്‍ തീരുമാനിച്ചു.
അങ്ങനെ മറ്റു ജാതീയ ദേവന്മാരില്‍ നിന്നും വ്യത്യസ്തനായിരിക്കുവാന്‍ ദൈവം ആഗ്രഹിച്ചു.
മനുഷ്യരുമായി ഒരു ഉടമ്പടി ബന്ധത്തില്‍ ആയിരിക്കുന്ന ഏക ദൈവം യഹോവയായ ദൈവം മാത്രം ആണ്.

അബ്രഹാമിന്റെ സന്തതികള്‍ മാത്രമേ ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തില്‍ ആയിരിക്കുന്നുള്ളൂ.
ഉടമ്പടിയിലെ എല്ലാ പ്രമാണങ്ങളും നിവൃത്തിക്കുവാന്‍ യഹോവയായ ദൈവം ശക്തനും വിശ്വസ്തനും ആണ്.
ഇതു മറ്റു ജാതീയ ദേവന്മാര്‍ക്ക് ഉള്ള ഒരു വെല്ലുവിളി കൂടെ ആണ്.
  
വേദപുസ്തകത്തില്‍ പ്രധാനമായും 6 ഉടമ്പടികള്‍ ആണ് ഉള്ളത്.

1.      ആദമിന്റെ ഉടമ്പടി
2.      നോഹയുടെ ഉടമ്പടി
3.      അബ്രഹാമിന്റെ ഉടമ്പടി
4.      മോശയുടെ ഉടമ്പടി
5.      ദാവീദിന്റെ ഉടമ്പടി
6.      പുതിയ ഉടമ്പടി അഥവാ യേശു ക്രിസ്തുവിന്റെ ഉടമ്പടി.  

ഇവയില്‍ നാലാമത്തെ ഉടമ്പടി ആണ്, മോശെയുടെ ഉടമ്പടി.

മോശെയുടെ ഉടമ്പടി ഒരു ദ്വിപക്ഷ ഉടമ്പടി ആണ്.
അതായതു ഉടമ്പടിയില്‍ ഏര്‍പെട്ടിരിക്കുന്ന ഇരുവരും ചില വ്യവസ്ഥകള്‍ പാലിക്കെണ്ടതായിട്ടുണ്ട്.
ഉടമ്പടി പ്രഖ്യപിക്കപെടുന്നത് സീനായ് മലയില്‍ വച്ചാണ്.
അതുകൊണ്ട് ഇതിനെ സീനായ് ഉടമ്പടി എന്നും വിളിക്കാറുണ്ട്.
അപ്പോള്‍ ജനത്തെ നയിക്കുവാനായി ദൈവം തിരഞ്ഞെടുത്ത വ്യക്തി മോശെ ആയതിനാലാണ് ഇതിനെ മോശെയുടെ ഉടമ്പടി എന്ന് വിളിക്കുന്നത്‌.
പുറപ്പാടു 19  മുതല്‍ 24 വരെയുള്ള അധ്യായങ്ങളില്‍ നമുക്ക് ഇതു വിശദമായി വായിക്കാം.

ഉടമ്പടിയുടെ രീതി അക്കാലത്തു നിലനിന്നിരുന്ന രീതി തന്നെ ആയിരുന്നു.
ഒരു രാജാവായി യഹോവയായ ദൈവം തന്റെ പ്രജകളായ മനുഷ്യരുമായി ഉടമ്പടി ചെയ്യുക ആണ്.
ഇതു ഒരു രക്ത ഉടമ്പടി ആയിരുന്നു.

നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ ഇതു ഒരു ദ്വിപക്ഷ ഉടമ്പടി ആയിരുന്നു.
ഉടമ്പടിയുടെ സമയത്ത് തന്നെ ദൈവം എല്ലാ പ്രമാണങ്ങളും പറഞ്ഞു കേള്‍പ്പിക്കുകയും ജനം എല്ലാം അത് അംഗീകരിക്കുകയും ചെയ്തു.

പുറപ്പാടു 19 : 5 - 8
ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.
നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.
മോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേൾപ്പിച്ചു.
യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും എന്നു ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്കു യഹോവയുടെ സന്നിധിയിൽ ബോധിപ്പിച്ചു.

ഈ ഉടമ്പടിയിലൂടെ ദൈവം യിസ്രായേല്‍ എന്ന രാജ്യം സ്ഥാപിച്ചു.
ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടിയിലൂടെ സ്ഥാപിതമായ ഏക രാജ്യം യിസ്രായേല്‍ ആണ്.

പ്രഥമമായി ഈ ഉടമ്പടി ദൈവവും യിസ്രായേല്‍ എന്ന രാജ്യവും തമ്മില്‍ ഉള്ളതാണ്.
ദൈവത്തിന്റെ തിരഞ്ഞെടുക്കപെട്ട ജനം എന്ന രീതിയില്‍ മറ്റ് ജാതീയ രാജ്യങ്ങളില്‍നിന്നും യിസ്രായേല്‍ വേറിട്ട്‌ നില്‍ക്കേണം എന്നാണ് ദൈവം ഉടമ്പടിയുടെ പ്രമാണങ്ങളിലൂടെ ആഗ്രഹിച്ചത്‌.
മോശെയുടെ ഉടമ്പടിയില്‍ യിസ്രായേല്‍ ജനത്തെ “പുരോഹിതരാജത്വവും വിശുദ്ധജനവും” ആയി പ്രഖ്യാപിക്കാം എന്ന വാഗ്ദത്തം ഉണ്ടായിരുന്നു.
ചുറ്റുമുള്ള അന്ധകാരം നിറഞ്ഞ ജനങ്ങള്‍ക്ക്‌ ദൈവത്തിന്റെ പ്രകാശമായി ഇരിക്കുവാനാണ് ദൈവം അവരെ തിരഞ്ഞെടുത്തത്.
അവര്‍ മറ്റുള്ളവരില്‍ നിന്നും വേര്‍പെട്ട ജനം ആയിരിക്കേണം എന്നും ഉടമ്പടികള്‍ പാലിക്കുന്ന യഹോവയായ ദൈവത്തെ ആരാധിക്കുന്നവര്‍ ആണ് ഇവര്‍ എന്നും മറ്റു ജാതീയ രാജ്യങ്ങള്‍ മനസ്സിലക്കേണം എന്നും ദൈവം ആഗ്രഹിച്ചു.

ദൈവീക ന്യായപ്രമാണം മോശയുടെ ഉടമ്പടിയുടെ ഭാഗമാണ്.
മോശെയുടെ ഉടമ്പടി അബ്രഹാമിന്റെ ഉടമ്പടിയില്‍ നിന്നും അതുപോലെ തന്നെ വേദപുസ്തകത്തിലെ മറ്റു ഉടമ്പടികളില്‍ നിന്നും വ്യത്യസ്തം ആണ്.

മനുഷ്യരുടെ വീണ്ടുപ്പിന്റെ ചരിത്രത്തിലും യിസ്രായേല്‍ എന്ന രാജ്യത്തിന്‍റെ ചരിത്രത്തിലും മോശെയുടെ ഉടമ്പടിക്ക് വലിയ പ്രാധാന്യം ഉണ്ട്.
എഴുതപ്പെട്ട ദൈവ വചനത്തിലൂടെയും യേശു ക്രിസ്തുവിലൂടെ വെളിപ്പെട്ടുവന്ന ജീവിക്കുന്ന ദൈവവ വചനത്തിലൂടെയും ലോകത്തിലെ സകല മനുഷ്യരെയും അനുഗ്രഹിക്കുക എന്ന ദൈവീക പദ്ധതിയുടെ നിവൃത്തിക്കായി ദൈവം തിരഞ്ഞെടുത്ത ദൈവത്തിന്റെ ദാസന്‍ ആണ് യിസ്രായേല്‍.
  
ന്യായപ്രമാണം മൂന്ന് തരം - Three classes of the Law

മോശെയുടെ ഉടമ്പടിയിലെ ന്യായപ്രമാണത്തെ മൂന്നായി തരം തിരിക്കാം.

1.      സാന്മാര്‍ഗ്ഗിക ജീവിതവുമായി ബന്ധപെട്ടവ.
പത്തു കല്‍പ്പനകള്‍ ഇതില്‍ ഉള്‍പ്പെടും.
ദൈവവുമായും നമ്മളുടെ സഹജീവികളുമായും നീതിയോടെ എങ്ങനെ ജീവിക്കാം എന്ന് ഇതു പറയുന്നു.

2.      രണ്ടാമത്തെ വിഭാഗം മതപരവും ആചാരങ്ങളും ആണ്.
സമാഗമന കൂടാരം, വിവിധ യാഗങ്ങള്‍, പൌരോഹിത്യം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നവയാണ്‌.
വിശുദ്ധനും നീതിമാനുമായ ഒരു ദൈവത്തിന്റെ സന്നിധിയില്‍ പ്രവേശിക്കേണ്ടതെങ്ങനെ എന്ന് ഇത് പറയുന്നു.
ദൈവത്തിന്റെ സന്മാര്‍ഗീക പ്രമാണങ്ങള്‍ ലംഘിച്ചാല്‍ അതിനുള്ള പാപ പരിഹാരം എങ്ങനെ നേടാം എന്നും ഈ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു.
3.      ജനത്തിന്റെ സാമൂഹിക ജീവിതവുമായി ബന്ധപെട്ട പ്രമാണങ്ങള്‍ ആണ് മൂന്നാമത്തെ ഭാഗത്തില്‍ ഉള്ളത്.
ഇതിനെ Civil Law അല്ലെങ്കില്‍ Judicial Law എന്നാണ് വിളിക്കാറുള്ളത്
സാമൂഹിക ജീവിതവുമായി ബന്ധപെട്ട നിയമങ്ങളും ശിക്ഷയും ഈ വിഭാഗത്തില്‍ പെടും.
 പഠനം - Study

ഇനി നമുക്ക് മോശയുടെ ഉടമ്പടിയെക്കുറിച്ച് പഠിക്കാം.
വേദപുസ്തകത്തിലെ എല്ലാ ഉടമ്പടികളിലുംവച്ച് മോശയുടെ ഉടമ്പടിയാണ് മനസ്സിലാക്കുവാന്‍ ഏറ്റവും പ്രയാസമുള്ള ഉടമ്പടി എന്ന് ഓര്‍ക്കുക.
ഇതു തീര്‍ച്ചയായും മനുഷ്യരുടെ വീണ്ടെടുപ്പിന്റെ ദൈവീക പദ്ധതിയുടെ ഭാഗം തന്നെ ആണ്.
വേദപുസ്തകത്തില്‍ മനുഷരുടെ വീണ്ടെടുപ്പിന്റെ പദ്ധതി ഭാഗം ഭാഗമായും ഘട്ടം ഘട്ടമായുമാണ് വെളിപ്പെട്ടുവരുന്നത്‌.
ഉടമ്പടികള്‍ എല്ലാം കാലാനുഗതമായി വെളിപ്പെട്ടു വരുന്ന ദൈവീക പദ്ധതി ആണ്, അഥവാ progressive revelations ആണ്.
ഒരു ഉടമ്പടിയെ അതിനു ശേഷം വരുന്ന ഉടമ്പടികള്‍ റദ്ദാക്കുക അല്ല, മറിച്ച് കൂടുതല്‍ വെളിപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യുക ആണ്.  

കൃപയുടെ വിശാലമായ പരിധിക്കുള്ളില്‍ ആണ് മോശയുടെ ഉടമ്പടിയുടെ സ്ഥാനം.
കൃപയുടെ വിശാലമായ ഉടമ്പടി അബ്രഹാമിന്റെ ഉടമ്പടി ആണ്.
മോശയുടെ ഉടമ്പടി അബ്രഹാമിന്റെ ഉടമ്പടിയെ കൂടുതല്‍ വെളിപ്പെടുത്തുന്നു, അതു ദാവീദിന്റെ ഉടമ്പടിയില്‍ വീണ്ടും കൂടുതല്‍ വെളിപ്പെട്ടുവരുന്നു.
പുതിയ നിയമ ഉടമ്പടി ആകട്ടെ, ഇവയുടെ എല്ലാം ഉദ്യേശ്യവും ലക്ഷ്യവും കൂടുതല്‍ വ്യക്തമാക്കുന്നു.

 ഉടമ്പടിയുടെ ഉദ്യേശ്യം - The Purpose of the Covenant
  മോശയുടെ ഉടമ്പടിയുടെ ലക്ഷ്യം രക്ഷ അല്ല എന്നു നാം മനസ്സിലാക്കേണം.

മോശയുടെ ഉടമ്പടിയുടെ അടിസ്ഥാനം കൃപയുടെ ഉടമ്പടി ആണ് എന്നും നമ്മള്‍ മനസ്സിലാക്കെണ്ടതായിട്ടുണ്ട്.
യിസ്രായേല്‍ ജനത്തിന്റെ യാതൊരു നന്മ പ്രവര്‍ത്തികള്‍ കാരണം അല്ല ദൈവം അവരെ ഈജിപ്റ്റില്‍ നിന്നും വിടുവിച്ചത് എന്ന് ദൈവം വ്യക്തമായി പറയുന്നുണ്ട്.
ദൈവം തന്റെ വലിയ സ്നേഹത്താല്‍ അവരെ ദൈവ ജനമായി തിരഞ്ഞെടുത്തു എന്നെ ഉള്ളൂ.
ഇതുമാത്രമേ അബ്രഹാമിനെ തിരഞ്ഞെടുത്തതിനും കാരണമായി പറയുവാന്‍ ഉള്ളൂ.
ഇവിടെ നമ്മള്‍ കൃപയാലുള്ള ദൈവീക തിരഞ്ഞെടുപ്പ് കാണുന്നു.

ആവര്‍ത്തനപുസ്തകം 7 : 7, 8
നിങ്ങൾ സംഖ്യയിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങൾ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു.
യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യിൽനിന്നു വീണ്ടെടുത്തതു.

രക്ഷ പ്രാപിക്കുവാന്‍ യിസ്രായേല്‍ ജനം യാതൊരു ന്യായപ്രമാണങ്ങളും അനുസരിക്കേണ്ടാതില്ലയിരുന്നു.
ദൈവം യിസ്രായേല്‍ ജനത്തെ വിടുവിച്ചത് മോശയുടെ ഉടമ്പടിക്കും ന്യായപ്രമങ്ങള്‍ക്കും  മുമ്പായിരുന്നു.
മോശയുടെ ഉടമ്പടിക്ക് കീഴില്‍പോലും രക്ഷ കൃപയാല്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ.

അബ്രഹാമിന്റെ ഉടമ്പടിയും മോശയുടെ ഉടമ്പടിയും -  Abrahamic Covenant and Mosaic Covenant
അബ്രഹാമിന്റെ ഉടമ്പടി നിത്യമായ ഉടമ്പടി ആണ്.
അത് അബ്രഹാം മുതല്‍ നിത്യതവരെ നിലനില്‍ക്കുന്ന ഉടമ്പടി ആണ്.
അബ്രഹാമിന്റെ ഉടമ്പടി കൃപയുടെ ഉടമ്പടി ആണ്.
ഈ വിശാലമായ കുടകീഴില്‍ ആണ് മോശയുടെ ഉടമ്പടിയുടെ സ്ഥാനം.

അബ്രഹാമിന്റെ ഉടമ്പടിയുടെ സവിശേഷത വാഗ്ദാനങ്ങള്‍ ആണ്.
അത് മനുഷ്യരുടെ പാപസ്വഭവത്തെ കുറിച്ചോ, പാപത്തില്‍ നിന്നും അതിന്റെ ശിക്ഷയില്‍ നിന്നുമുള്ള മോചനത്തെ കുറിച്ചോ, സ്വയം പാപമോചനം പ്രാപിക്കാനുള്ള മനുഷ്യന്റെ കഴിവില്ലായ്മയെ കുറിച്ചോ, ദൈവ കൃപയുടെ ആവശ്യകതയെ കുറിച്ചോ യാതൊന്നും പറയുന്നില്ല.
എന്നാല്‍ മോശയുടെ ഉടമ്പടിയില്‍ മനുഷ്യന്‍ പാപ സ്വഭാവം ഉള്ളവനാണ് എന്നും മനുഷ്യന് ദൈവീക നീതീകരണം ആവശ്യമാണ്‌ എന്നും പറയുന്നു.

സീനായ് പര്‍വതത്തില്‍ ദൈവത്തിന്റെ പക്കല്‍ നിന്നും ന്യായപ്രമങ്ങള്‍ ഏറ്റുവാങ്ങുന്ന യിസ്രായേല്‍ ജനം ഈജിപ്റ്റില്‍ നിന്നും രക്ഷ പ്രാപിച്ചവര്‍ ആണ്.
അവര്‍ അടിമത്തത്തില്‍നിന്നും രക്ഷ പ്രാപിച്ചു കഴിഞ്ഞിരുന്നു.
മോശയുടെ നേതൃത്വത്തില്‍ അവര്‍ ഒരു രാജ്യം ആയി തീര്‍ന്നിരുന്നു.

യിസ്രായേല്‍ എന്ന രാജ്യത്തെ ദൈവീക സത്യത്തിലും കൃപയിലും നടത്തുവാന്‍ ഒരു പാലകനെ ആവശ്യമുണ്ട് എന്ന് ദൈവം കരുതി.
അങ്ങനെ അവര്‍ക്ക് സീനായ് പര്‍വതത്തില്‍ വച്ച് ഒരു പാലകനെ ലഭിച്ചു.
വിശ്വാസം മൂലം നീതികരണം എന്ന സത്യം അവര്‍ അംഗീകരിക്കുവാന്‍ തക്കവണ്ണം ന്യായപ്രമങ്ങള്‍ ഒരു സ്കൂള്‍ അദ്ധ്യാപകനെ പോലെ അവരെ നടത്തി.

മോശെയുടെ ഉടമ്പടി അബ്രഹാമിന്റെ ഉടമ്പടിയോട് കൂട്ടിച്ചേര്‍ത്തതാണ് എന്ന് പൗലോസിന്റെ ഈ വാദം തെളിയിക്കുന്നു.
 
ഗലാത്യര്‍ 3 : 19  എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.

ഇവിടെ പൗലോസ്‌ പറയുന്നതിതാണ്:
ന്യായപ്രമാണത്തിന്റെ ഉദ്ദ്യേശ്യം നമ്മളുടെ പാപ സ്വഭാവത്തെ തിരിച്ചറിയുക ദൈവത്തിന്റെ കൃപയുടെ ആവശ്യകത മനസ്സിലാക്കുക എന്നതാണ്

Albert Barns New Testament Commentary

ഇത് കൂടുതല്‍ മനസ്സിലാക്കുന്നതിനായി Albert Barns New Testament Commentary ലെ ഒരു ഭാഗത്തിന്റെ രത്നചുരുക്കം ഞാന്‍ ഇവിടെ പറയാം.

മുമ്പ്‌ നല്‍കപെട്ട എല്ലാ പ്രമാണങ്ങളോടും വഗ്ദാനങ്ങളോടും കൂട്ടിച്ചേര്‍ത്തതാണ് ന്യായപ്രമങ്ങള്‍.
വളരെ പ്രാധാന്യം ഉള്ള ഒരു ഉദ്ദ്യെശ്യത്തിനായി ന്യായപ്രമങ്ങളെ പിന്നീട് കൂട്ടിച്ചേര്‍ത്തു.
വാഗ്ദത്തം നല്‍കിയതിനു ശേഷം നല്‍കപെട്ട ക്രമീകരണം ആണത്.
കല്‍പ്പനാ ലംഘനത്തിന്റെ ശരിയായ സ്വഭാവം വെളിപ്പെടുത്തുക അല്ലെങ്കില്‍ പാപം എന്താണ് എന്ന് വ്യക്തമാക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം.
അത് അതില്‍ തന്നെ ഒരിക്കലും നീതികരണത്തിലേക്കുള്ള വഴി ആയിരുന്നില്ല.

അതായതു, ന്യായപ്രമാണത്തിന്റെ ഉദ്യേശ്യം എന്നാല്‍:   

1.    പാപം എന്താണ് എന്ന് വെളിപ്പെടുത്തുക.
2.    മനുഷ്യരെ പാപത്തില്‍ നിന്നും പിന്തിരിപ്പിക്കുക.
3.    പാപത്തിന്റെ ശിക്ഷ പ്രഖ്യാപിക്കുക.
4.    പാപത്തിന്റെ സാന്നിധ്യം മനുഷ്യന് ബോധ്യമാക്കുക.
5.    യേശു ക്രിസ്തു എന്ന ഏക രക്ഷനിലൂടെയുള്ള വിടുതലിലേക്ക് മനുഷ്യനെ നയിക്കുക.

ന്യായപ്രമാണത്തിന്റെ ഈ ഉദ്ദ്യെശ്യലക്ഷ്യങ്ങള്‍ക്ക് ഇപ്പോഴും സാംഗത്യം ഉണ്ട് എന്നത് നമ്മള്‍ ശ്രദ്ധിക്കേണ്ട രസകരമായ വസ്തുത ആണ്.

മനുഷ്യരെ പാപത്തില്‍ നിന്നും അകറ്റി നിറുത്തുവാന്‍ വേണ്ടി ആണ് ന്യായപ്രമാണം നല്‍കിയത്.
പാപത്തിന്റെ ശിക്ഷയെ കുറിച്ചുള്ള ഭയം കാരണം പാപത്തില്‍ നിന്നും മനുഷ്യര്‍ അകന്നു നില്‍ക്കും എന്ന് ഉദ്ദ്യെശിക്കുന്നു.
എന്നാല്‍, ഇതാണ് ന്യായപ്രമാണത്തിന്റെ ഏക ഉദ്യേശ്യം എന്ന് നമ്മള്‍ ചിന്തിക്കരുത്; ഇതായിരുന്നു പ്രധാനപ്പെട്ട ഉദ്യേശ്യം എന്ന് മാത്രം.
ഈ ഉദ്യേശ്യം ന്യായപ്രമാണങ്ങള്‍ ഇന്നും വഹിക്കുന്നുണ്ട്താനും.

അത് മനുഷ്യന്റെ ഉത്തരവാദിത്തങ്ങള്‍ ചൂണ്ടികാണിക്കുന്നു.
അത് അവരുടെ കുറ്റങ്ങളെ തുറന്നു കാട്ടുന്നു.
മനുഷ്യര്‍ ദൈവത്തില്‍ നിന്നും എത്രമാത്രം അകന്നു പോയിരിക്കുന്നു എന്ന് പ്രമാണങ്ങള്‍ ചൂണ്ടികാണിക്കുന്നു.
ഈ തെറ്റുകള്‍ക്കുള്ള ശിക്ഷ എന്താണ് എന്ന് പ്രമാണങ്ങള്‍ പറയുന്നു.
എന്നാല്‍ ന്യായപ്രമാണങ്ങളിലൂടെ നീതീകരണം സാധ്യമല്ല എന്നും അത് വിളിച്ചുപറയുന്നു.
മനുഷ്യരെ പാപത്തിന്റെ അടിമത്തത്തില്‍ നിന്നും വിടുവിക്കുവാന്‍ മറ്റൊരു മാര്‍ഗം ആവശ്യമുണ്ട്.

ഉടമ്പടികള്‍ക്കു കാലാവധി ഇല്ല - Covenants have no expiry date
ഉടമ്പടികള്‍ക്ക് അതിന്റെ വ്യവസ്ഥകളില്‍ പ്രത്യേകം പറയുന്നില്ല എങ്കില്‍ അത് റദ്ദാക്കപ്പെടുന്ന കാലാവധി ഇല്ല.
മോശയുടെ ഉടമ്പടിയില്‍ അത് റദ്ദാക്കപ്പെടുന്ന ഒരു കാലാവധി പറയുന്നില്ല.
അതിന്റെ അര്‍ത്ഥം മോശയുടെ ഉടമ്പടി ഇന്നും റദ്ദാക്കപ്പെട്ടിട്ടില്ല എന്നാണ്.
അന്ത്യനാളുകള്‍ വരെയുള്ള ഈ ഉടമ്പടിയുടെ കാലാവധി നമ്മളുടെ കര്‍ത്താവും ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.

മത്തായി 5 : 17,18
17  ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.
18  സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.

അപ്പോള്‍, സകലവും നിവൃത്തി ആകുന്ന ആ അന്ത്യനാള്‍ ഏതാണ്?

നമുക്ക് പൌലോസ് അന്ത്യനാളിനെകുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കാം:

1 കൊരിന്ത്യര്‍ 15 : 22 - 26
22  ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.
23  ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;
24  പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.
25  അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.
26     ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.

സകലവും നിവൃത്തി ആകുന്ന അന്ത്യനാള്‍ അവസാനത്തെ ശത്രുവും പൂര്‍ണ്ണമായും തകര്‍ക്കപെടുന്ന ദിവസം ആണ് എന്നാണ് പൌലോസ് പറയുന്നത്.
അതുവരെ മോശയുടെ ഉടമ്പടി സാധുവായി നിലനില്‍ക്കും.

ശ്രേഷ്ടവും പൂര്‍ണവുമായ ഒരു ചിത്രത്തിന്റെ ഒരു ഭാഗമാണ് മോശയുടെ ഉടമ്പടിയും.
അത് മറ്റുള്ളവയില്‍നിന്നും വേറിട്ട്‌ നില്‍ക്കുന്നില്ല.
അതിന് സ്വയമായി നില്‍ക്കുവാന്‍ കഴിയുകയില്ല.
യേശുവിന്റെ വരവ് വരെ അത് അപൂര്‍ണവും ദുരൂഹവും ആയിരുന്നു.
മോശയുടെ ഉടമ്പടി അതിനാല്‍ തന്നെ ആരെയും രക്ഷിക്കുകയോ നീതീകരിക്കുകയോ ചെയ്തില്ല.
എന്നാല്‍ മനുഷ്യര്‍ക്ക് രക്ഷപ്രാപിക്കുവാനുള്ള ഒരു മാര്‍ഗ്ഗം അത് കാണിച്ചുതന്നു.
നീതീകരിക്കപെടുവാനുള്ള ഒരു മാര്‍ഗ്ഗവും അതില്‍ ഉണ്ടായിരുന്നില്ല.
അത് അതില്‍തന്നെ പൂര്‍ണം ആയിരുന്നില്ല; ശ്രേഷ്ടമായ ഒരു പദ്ധതിയുടെ ഭാഗം മാത്രം ആയിരുന്നു.
മനുഷ്യജാതി മുഴുവന്‍ രക്ഷപ്രാപിക്കുവാനും നീതീകരിക്കപെടുവനുമുള്ള ദൈവീക പദ്ധതിയുടെ നിവൃത്തിയിലേക്ക് അത് മനുഷ്യരെ നയിച്ചു.

നമുക്ക് വീണ്ടും ന്യായപ്രമാങ്ങളുടെ മൂന്നു വിഭാഗങ്ങളിലേക്ക് മടങ്ങി പോകാം.

ദൈവത്തെയും ദൈവീക സൃഷ്ടി ആയ മനുഷ്യരെയും സ്നേഹിക്കേണം എന്ന സാന്മാര്‍ഗിക നിയമം ഒരിക്കലും മാറ്റുവാന്‍ കഴിയുന്നതല്ല.
ഈ നിയമങ്ങള്‍ ഒരിക്കലും റദ്ദാക്കപ്പെടുന്നില്ല.
ദൈവത്തെ വെറുക്കുക എന്നതോ സഹജീവികളെ വെറുക്കുക എന്നതോ ശരിയായ കാര്യമാണ് എന്ന് ഒരിക്കലും ആര്‍ക്കും പറയുവാന്‍ കഴിയുക ഇല്ല.
പത്ത് കല്‍പ്പനകള്‍ പറയുന്നത് ഇതാണ്, നമ്മളുടെ കര്‍ത്താവ് ഇതിനെ ഇല്ലാതാക്കുകയോ മറികടക്കുകയോ ചെയ്തിട്ടില്ല.
ആചാരപരമായ നിയമങ്ങള്‍ സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് സ്വാഭാവികമായും മാറുന്നതാണ്.
ആചാരങ്ങളുടെ ക്രമീകരണം, ഉത്സവങ്ങളുടെ ക്രമീകരണം എന്നിവ മാറ്റങ്ങള്‍ക്കു വിധേയം ആയേക്കാം.
എന്നാല്‍ ഓര്‍ക്കുക, രീതികള്‍ മാറിയേക്കാം, എന്നാല്‍ ദൈവത്തെ ആരാധിക്കുക എന്നതിന് മാറ്റം ഉണ്ടാകില്ല.

സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മൂന്നാമത്തെ വിഭാഗം ആണ്.
ഇതും മാറ്റങ്ങള്‍ക്കു വിധേയം ആണ്.
എബ്രായരുടെ ശിക്ഷാരീതികള്‍ അവരുടെ സമൂഹത്തിനു മാത്രമേ ബാധകമാകുകയുള്ളൂ.
അവരുടെ പൊതുവായ നയങ്ങള്‍ മാറുമ്പോള്‍ ഇവയും മാറുവാന്‍ സാധ്യത ഉണ്ട്.

ആചാരസംബന്ധമായ നിയമങ്ങളും യാഗങ്ങള്‍ക്കുള്ള നിയമങ്ങളും യേശുവിന്റെ യാഗത്തോടെ നിവൃത്തിക്കപ്പെട്ടു.
നിഴലായിരുന്നതിന്റെ പൊരുള്‍ വെളിപ്പെട്ടപ്പോള്‍ നിഴല്‍ നീങ്ങി പോയി.

പത്തുകല്‍പ്പനകള്‍ ഉള്‍പ്പെടെ ഉള്ള സാന്മാര്‍ഗിക നിയമങ്ങള്‍ മാറ്റമില്ലാതെ ഇന്നും നിലനില്‍ക്കുന്നു.

ദൈവത്തിന്റെ ഒരു വിജയകരമായ പദ്ധതി - A successful plan of God

പഴയ നിയമ പ്രമങ്ങള്‍ ദൈവത്തിന്റെ വിശുദ്ധിയുടെ സാക്ഷ്യം ആണ്.
അത് ഒരു രക്ഷകനിലേക്ക് നോക്കുവാന്‍ യിസ്രായേലിനെ പരിശീലിപ്പിച്ചു.
ന്യായപ്രമാണങ്ങള്‍ പാലിക്കുന്നതിലൂടെ രക്ഷ പ്രാപിക്കാം എന്ന് അത് യിസ്രായേല്‍ ജനത്തോടു ഉപദേശിച്ചില്ല.
അവരുടെ എല്ലാ നല്ല പ്രവര്‍ത്തികളും, നമ്മളുടെ നല്ല പ്രവര്‍ത്തികള്‍ പോലെ തന്നെ, തങ്ങളെ രക്ഷിച്ച ദൈവത്തോടുള്ള നന്ദി മാത്രം ആണ്.
നമ്മള്‍ക്കും നന്മ പ്രവത്തിക്കുവാന്‍ ദൈവീക കല്‍പ്പന ഉണ്ടല്ലോ.
ദൈവത്തിന് ഹിതകരമായ നന്മ എന്താണ് എന്ന് നമുക്കും പറഞ്ഞുതരുവാന്‍ ന്യായപ്രമാണങ്ങള്‍ക്ക് ഇന്നും കഴിയും.

ദൈവത്തിന്റെ വിശുദ്ധിയും നീതിയും എന്താണ് എന്ന് പ്രമാണങ്ങള്‍ പറയുന്നു.
ദൈവജനത്തില്‍ നിന്നും ദൈവം പ്രതീക്ഷിക്കുന്ന വിശുദ്ധി എന്താണ് എന്ന് പ്രമാണങ്ങള്‍ പറയുന്നു.
പ്രമാണങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ നീതിയെ ജനം കാണുന്നു.
യഹോവയുടെ നീതി എന്താണ് എന്ന് മനസ്സിലാക്കുമ്പോള്‍ യിസ്രായേല്‍ ജനം അവരുടെ പാപത്തെകുറിച്ചു ബോധാവാന്മാരകുന്നു.
ന്യായപ്രമാങ്ങള്‍ പാലിച്ചു ജീവിക്കുവാന്‍ ശ്രമിക്കുന്തോറും അതിന്റെ നിലയിലെക്കെത്തുവാന്‍ തങ്ങള്‍ക്കു കഴിയുക ഇല്ല എന്ന് അവര്‍ മനസ്സിലാക്കും.
ഈ പരാജയം ഒരു രക്ഷകന്‍ ആവശ്യം ആണ് എന്ന് അവര്‍ക്ക് ബോധ്യം വരുത്തും.

യേശു ക്രിസ്തു ന്യായപ്രമാണത്തിലും സമാഗമന കൂടാരത്തിലും, യാഗത്തിലും
മറഞ്ഞിരുന്നു.
അങ്ങനെ ദൈവം ന്യായപ്രമാങ്ങളിലൂടെ യേശുവിന്റെ പ്രഥമ വരവിനായും, യേശുവിന്റെ ക്രൂശീകരണം എന്ന ഏക പാപമോചന യാഗത്തിനായും ജനത്തെ ഒരുക്കി.

യേശു ചരിത്രപരമായും രാഷ്ട്രീയമായും ശരിയായ സമയത്താണ് ജനിച്ചത്.
തങ്ങളുടെ പാപങ്ങളുടെ പരിഹാരമായി ഒരു രക്ഷകനെ ആവശ്യമുണ്ട് എന്ന് ബോധ്യം വരുവാന്‍ ആവശ്യമായ കാലം ജനത്തിന് ലഭിച്ചു.
മോശയുടെ ഉടമ്പടി ദൈവത്തിന്റെ പരാജയപ്പെട്ടുപോയ ഒരു പദ്ധതി അല്ല.
കാരണം അതില്‍ യേശു മറഞ്ഞിരുന്നു; എല്ലാം ദൈവം ക്രമീകരിച്ചതുപോലെ തന്നെ തക്ക സമയത്ത് സംഭവിക്കുകയും ചെയ്തു.
ഉപസംഹാരം - Conclusion

ചില വാചകങ്ങളോട് കൂടി ഞാന്‍ ഈ ചെറിയ സന്ദേശം അവസാനിപ്പിക്കട്ടെ.

മോശയുടെ ഉടമ്പടിയുടെ ഇന്നത്തെ പ്രസക്തിയെ കുറിച്ച് പ്രശസ്തരായ ദൈവശാസ്ത്രജ്ഞന്‍മാരുടെ ഇടയില്‍ കാലങ്ങളായി ചര്‍ച്ച നടക്കുകയാണ്.
പുതിയ നിയമ സഭ പഴയനിയമ യിസ്രായേലിനെ മാറ്റികളഞ്ഞു എന്ന് വിശ്വസിക്കുന്നവര്‍ മോശയുടെ ന്യായപ്രമാണങ്ങളും റദ്ദാക്കപ്പെട്ടു എന്ന് വാദിക്കുന്നു.

എന്നാല്‍ പുതിയ നിയമത്തിലെ ചില വേദ ഭാഗങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
മോശയുടെ ഉടമ്പടി ഇന്നും പുതിയനിയമ സഭയിലും സാധുവാണ്‌ എന്ന് നമ്മള്‍ സമ്മതിക്കേണ്ടി വരുന്നു.

യേശുവിന്റെ ക്രൂശുമരണം ഒരു മനുഷ്യന്റെ പാപപരിഹാരം ആകുന്നതു എങ്ങനെ എന്ന് മോശയുടെ ഉടമ്പടിയുമായി ബന്ധപ്പെട്ട യാഗത്തിന്റെ പ്രമാണങ്ങളെ കൂടാതെ വിശദീകരിക്കുവാന്‍ പ്രയാസമാണ്.
നമുക്ക് പുതിയ നിയമത്തില്‍ നിന്നും രണ്ടു വാക്യങ്ങള്‍ വായിക്കാം.

1 പത്രോസ് 1 : 16  ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.

1 പത്രോസ് 2 : 9  നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.

ഈ രണ്ടു വാക്യങ്ങളും പഴയനിയമത്തില്‍ നിന്നും, കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ മോശയുടെ ഉടമ്പടിയില്‍ നിന്നും എടുത്തു എഴുതിയതാണ്.
ഒന്ന് വിശുദ്ധ ജീവിതം നയിക്കേണം എന്ന ദൈവീക കല്‍പ്പന.
രണ്ടാമത്തേത് നമ്മള്‍ ദൈവരാജ്യത്തില്‍ ആരായിരിക്കും എന്ന വാഗ്ദത്തം.

ഇതുപോലെ കല്‍പ്പനായായും വാഗ്ദത്തം ആയും മോശയുടെ ഉടമ്പടിയില്‍ നിന്നും ചില ഭാഗങ്ങള്‍ പുതിയനിയമത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത് കാണാം.
അതിന്റെ അര്‍ത്ഥം ഇന്നും മോശയുടെ ഉടമ്പടി പ്രസക്തം ആണ് എന്നല്ലേ.

എന്നാല്‍ പുതിയ നിയമ വിശ്വാസികള്‍ ന്യായപ്രമാണത്തിലെ ആചാരങ്ങള്‍ക്കോ സാമൂഹിക നിയമങ്ങള്‍ക്കോ വിധേയം അല്ല.
കാരണം, പാപയാഗത്തെകുറിച്ചുള്ള എല്ലാ പ്രമാണങ്ങളും യേശു തന്റെ ഏക യഗത്തിലൂടെ പൂര്‍ത്തീകരിച്ചു.
സാമൂഹിക പ്രമാണങ്ങള്‍ അന്നത്തെ സമൂഹത്തിനു മാത്രമേ ബാധകമാകുന്നുള്ളൂ.



No comments:

Post a Comment