ഈ പ്രപഞ്ചത്തിന്റെ ചരിത്രം മുഴുവന്‍ ദൈവത്തിന്റെ
നിയന്ത്രണത്തില്‍ ആണ്.
ദൈവം സംഭവങ്ങളെ സംഭാവിക്കുമാറാക്കുകയും
നിയന്ത്രിക്കുകയും, തടയുകയും ചെയ്യുന്നു.
ഈ പ്രപഞ്ചത്തെകുറിച്ചുള്ള ദൈവീക പദ്ധതി
നിവൃത്തിയാകുവാന്‍ തക്കവണ്ണം ദൈവം തക്ക സമയത്ത് ഇടപെടുകയും ചെയ്യും.
മാനവ ചരിത്രത്തില്‍ സംഭവിക്കാനിരിക്കുന്നതെല്ലാം മുന്‍കൂട്ടി
കണ്ടുകൊണ്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നത് തന്നെ.
നമുക്ക് നിസ്സാരം എന്ന് തോന്നുന്ന കാര്യങ്ങള്‍
പോലും ദൈവീക പദ്ധതി പ്രകാരം സംഭവിക്കുന്നതാണ്.
ദൈവീക പദ്ധതിയില്‍ “ഭാഗ്യവശാല്‍” എന്നോ യാദൃശ്ചികം
എന്നോ ഇല്ല.
അതിന്റെ അര്‍ത്ഥം, ഈ പ്രപഞ്ചത്തിലെ എല്ലാ ചരിത്ര
സംഭവങ്ങളും ദൈവത്തിന്റെ മുന്നറിവില്‍ സംഭവിച്ചു കഴിഞ്ഞതാണ്.
ലളിതമായി പറഞ്ഞാല്‍, ഈ പ്രപഞ്ചത്തിലെ സംഭവങ്ങള്‍
എല്ലാം ദൈവീക പദ്ധതി പ്രകാരം തക്ക സമയത്ത് ക്രമീകരിക്കപെടുന്നതാണ്.
ഒരു സംഭവവും യാദൃശ്ചികം അല്ല; കാലത്തിന്
മുമ്പല്ല, താമസിക്കുന്നതും ഇല്ല.
മനുഷ്യന്റെ സൃഷ്ടി - Creation of Adam and Eve
ആദ്യ മനുഷ്യരായ ആദമും ഹവ്വയും പ്രപഞ്ച
ചരിത്രത്തില്‍ തക്ക സമയത്ത് സൃഷ്ടിക്കപ്പെട്ടവര്‍ ആണ്.
മാനവ ചരിത്രം ആരംഭിക്കുന്നത് തന്നെ ഇവരില്‍
നിന്നാണല്ലോ.
ഈ ഭൂമിയുടെ സൃഷ്ടി ദൈവം ആരംഭിക്കുന്നത് ആദമിനെയും
ഹവ്വയെയും സൃഷ്ടിച്ചുകൊണ്ട് അല്ല.
മനുഷ്യരെ ആദ്യം സൃഷ്ടിക്കുകയും അവര്‍ക്ക്
ആവശ്യമായ സുഖകരമായ ഒരു അന്തരീക്ഷം പിന്നീടു സൃഷ്ടിക്കുകയും അല്ല ചെയ്തത്.
മറിച്ചു്, ആദ്യം മനുഷ്യവാസത്തിനു ആവശ്യമായതെല്ലാം
സൃഷ്ടിക്കുകയും അതിനു ശേഷം തക്ക സമയത്ത് മനുഷ്യരെ സൃഷ്ടിക്കുകയും ചെയ്തു.
ദൈവം ഭൂമിയേയും ആകാശത്തേയും, സൂര്യനെയും,
ചന്ദ്രനേയും, പക്ഷികളേയും സസ്യങ്ങളേയും ഈ ഭൂമിയില്‍ നമ്മള്‍ കാണുന്നതെല്ലാം
മനുഷ്യര്‍ക്കും മുമ്പേ സൃഷ്ടിച്ചു.
സ്വര്‍ണവും വെള്ളിയും അമൂല്യ രത്നങ്ങളും വരെ ഈ
സൃഷ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ദൈവം മറന്നില്ല.
മനുഷ്യര്‍ക്ക് ഭാവിയില്‍ ഇവ ആവശ്യമായി വരും
എന്ന് ദൈവം മുന്‍കൂട്ടി കണ്ടു.
ചലിക്കുന്ന സകലതിനും തക്ക വേഗതയും സഞ്ചാര പാതയും
ദൈവം ഒരുക്കി.
മനുഷ്യവാസത്തിനു അനുയോജ്യമായ സകലതും
സൃഷ്ടിച്ചതിനു ശേഷം ദൈവം ആദമിനെയും ഹവ്വയെയും സൃഷ്ടിച്ചു.
മനുഷ്യര്‍ ഒരിക്കലും എന്തിന്റെ എങ്കിലും കുറവോ
കൂടുതലോ പരാതി ആയി ദൈവത്തോട് പറഞ്ഞിട്ടില്ല.
അവര്‍ക്ക് ആവശ്യമുള്ളതെല്ലാം ഉണ്ടായിരുന്നു.
നോഹയും വെള്ളപോക്കവും -
Noah and flood
മാനവ ചരിത്രത്തിലൂടെ നമ്മള്‍ മുന്നോട്ട്
പോകുമ്പോള്‍ വിശ്വാസത്തില്‍ വീരനായ നോഹ എന്ന മനുഷ്യനെ കാണുന്നു.
നോഹയുടെ കാലത്ത് യഹോവയായ ദൈവത്തെ ആരാധിച്ചിരുന്ന
ഏക മനുഷ്യന്‍ അദ്ദേഹം ആയിരുന്നു.
ആദം മുതല്‍ എല്ലാകാലത്തും യഹോവയായ ദൈവത്തെക്കുറിച്ച്
എല്ലാ മനുഷ്യര്‍ക്കും അറിവുണ്ടായിരുന്നു.
എന്നാല്‍ മനുഷ്യര്‍ പാപപങ്കിലമായ ഒരു ജീവിതം
നയിക്കുവാന്‍ തങ്ങളെ അനുവദിക്കുന്ന മനുഷ്യര്‍ തന്നെ രൂപം കൊടുത്ത ദേവന്മാരെ ആരാധിക്കുവാന്‍
ഏറെ ഇഷ്ടപ്പെട്ടു.
അങ്ങനെ നോഹ ഒഴികെ എല്ലാ മനുഷ്യരും യഹോവയായ
ദൈവത്തില്‍ നിന്നും അകന്നുമാറി.
പാപത്തെക്കുറിച്ചും വരുവാനിരിക്കുന്ന
ശിക്ഷാവിധിയെക്കുറിച്ചും അനേകം വര്‍ഷങ്ങള്‍ നോഹ തന്റെ തലമുറയോട് പറഞ്ഞു എങ്കിലും
ആരും അത് വിശ്വസിച്ചില്ല.
ഇതു അക്കാലത്ത്, നോഹ അല്ലാതെ മറ്റാരും യഹോവയെ
ആരാധിച്ചിരുന്നില്ല എന്നതിന് തെളിവാണ്.
അപ്പോള്‍, മാനവ ചരിത്രത്തില്‍ ഒരു ദൈവീക
ഇടപെടലിന്റെ തക്ക സമയം ആയിരുന്നു.
യാഹോവയാണ് സൃഷ്ടികര്‍ത്താവ് എന്നും സകലതും
ദൈവത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണ് എന്നും മനുഷ്യരെ ഓര്‍മ്മിപ്പിക്കേണ്ടുന്ന
സമയം ആയിരുന്നു.
ദൈവം ഒരു വലിയ മഴയേയും, വെള്ളപോക്കത്തെ അയച്ചു, നോഹയുടെ
പെട്ടകത്തില്‍ ഉണ്ടായിരുന്നവര്‍ ഒഴികെ സകലരും, സകലതും നശിച്ചു.
അബ്രഹാമിന്റെ വിളി - Abraham’s Call
ദൈവം അബ്രഹാമിനെ വിളിച്ചു വേര്‍തിരിക്കുന്ന
സമയത്തെ ചരിത്ര പശ്ചാത്തലം അധികം നമുക്ക് അറിഞ്ഞുകൂടാ.
എന്നാല്‍ അബ്രഹാമിന്റെ ജന്മദേശം ആയ മെസപോട്ടെമിയ
എന്ന രാജ്യവും ഉര്‍ എന്ന പട്ടണവും സമ്പന്നമായിരുന്നു എങ്കിലും ജാതീയ ആരാധനയുടെ
ദേശം ആയിരുന്നു.
അബ്രഹാമിന്റെ പിതാവായ തെരഹ് പോലും ജാതീയ ആരാധന
വെച്ചുപുലര്ത്തിയിരുന്നു.
ഞാന്‍ മുമ്പ് പറഞ്ഞതുപോലെ യഹോവയുടെ ആരാധന പൂര്‍ണമായും
ഒരുകാലത്തും ഈ ഭൂമിയില്‍ നിന്നും തുടച്ചുനീക്കപ്പെട്ടിട്ടില്ല.
അങ്ങനെ സംഭവിക്കുന്നതിന് മുമ്പായി എപ്പോഴും ദൈവീക
ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.
അക്കാലത്ത് അബ്രഹാം മാത്രമേ യഹോവയെ
ആരധിക്കുന്നവനായി ഉണ്ടായിരുന്നുള്ളൂ.
2 പത്രോസ് 2: 7 ല്‍ ലോത്തിനെ കുറിച്ച് പറയുമ്പോള്‍ “നീതിയുള്ള” എന്ന പ്രയോഗം ഉണ്ടെങ്കിലും അവന്‍ യഹോവയെ
ആരാധിച്ചിരുന്നു എന്നതിന് മതിയായ തെളിവ് ഇല്ല.
അതിന്റെ അര്‍ത്ഥം, ദൈവം അബ്രഹാമിനെ വിളിച്ചത്
ഏറ്റവും ശരിയായ സമയത്ത് ആണ്.
ദൈവത്തെ ആരാധിക്കുന്ന ഒരു പ്രത്യേക ജനസമൂഹം
രൂപപ്പെട്ടുവന്നത് ദൈവവും അബ്രഹാമും തമ്മിലുള്ള ഉടമ്പടി മൂലം ആണ്.
അതിനു ശേഷം യഹോവയായ ദൈവത്തെ ആരാധിക്കുന്ന ഒരു
ജനസമൂഹം തന്നെ എപ്പോഴും ഈ ഭൂമിയില്‍ ഉണ്ടായിരുന്നു.
പിന്നീട് ഇങ്ങോട്ട് മാനവ ചരിത്രത്തിന്റെ
കേന്ദ്രബിന്ദു അബ്രഹാമിന്റെ ജഡപ്രകാരമുള്ളതും ആത്മീയവുമായ സന്തതികള്‍ ആണ്.
ദൈവം മാനവ ചരിത്രത്തില്‍ തക്ക സമയത്ത്
ഇടപെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ നല്ല ഉദാഹരണം ആണിത്.
ദാവീദ് രാജാവ് - King David
ദാവീദ് ഒരു ആട്ടിടയന്‍ ആയിരുന്നു; എന്നാല്‍ ദൈവം
തന്റെ പ്രവാചകനിലൂടെ അവനെ യിസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു.
ദാവീദ് രാജാവ് യഹൂദ ചരിത്രത്തിലെ വളരെ
പ്രധാനപ്പെട്ട ഒരു വ്യക്തി ആണ്.
അദ്ദേഹം 40 വര്‍ഷങ്ങള്‍ രാജഭരണം നടത്തി 70)൦ വയസ്സില്‍ BC 837 ല്‍ മരിച്ചു.
ദാവീദ് രാജാവാണ് യരുശലേം പട്ടണത്തെ പിടിച്ചടക്കി
രാജ്യത്തിന്റെ തലസ്ഥാനം ആക്കിയത്.
അതുവരെ യിസ്രായേല്‍ ജനത്തിനു യരുശലേം പിടിച്ചടക്കുവാന്‍
കഴിഞ്ഞിരുന്നില്ല.
ഈജിപ്റ്റ്, മെസപ്പോട്ടെമിയ എന്നീ രണ്ടു വലിയ
പുരാതന രാജ്യങ്ങളുടെ ഇടയിലെ ഒരു ചെറിയ രാജ്യം ആയിരുന്നു യിസ്രായേല്‍.
ഈ രണ്ടു സാമ്രാജ്യങ്ങളും പലപ്പോഴും
അശ്ശൂർ, ബാബിലോണിയ, പേര്‍ഷ്യ എന്നീ
സാമ്രാജ്യങ്ങളുടെ അധീനതയില്‍ ആയിട്ടുണ്ട്.
ദാവീദ് രാജസ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഈജിപ്റ്റ്,
അശ്ശൂര്‍ എന്നീ രാജ്യങ്ങളുടെ ശക്തി ക്ഷയിക്കുവാന്‍ തുടങ്ങിയിരുന്നു.
അതുകൊണ്ട് മറ്റു രാജ്യങ്ങളെ ആക്രമിച്ചു
സാമ്രാജ്യം വികസിപ്പിക്കുവാന്‍ അവര്‍ അശക്തര്‍ ആയിരുന്നു.
അതായതു, യിസ്രായേല്‍ രാജ്യത്തിന് വികസിക്കുവാനും
ശത്രുക്കളെ അമര്‍ച്ച ചെയ്യുവാനുമുള്ള ഏറ്റവും യോജിച്ച സമയം അതായിരുന്നു.
അങ്ങനെ ഫിലിസ്ത്യരെ അമര്‍ച്ച ചെയ്യുവാന്‍
ദാവീദിന് വേഗം കഴിഞ്ഞു.
ദൈവീക വാഗ്ദത്ത പ്രകാരം സ്വന്തമാക്കെണ്ടുന്ന
യരുശലേം പട്ടണത്തെ ദാവീദ് പിടിച്ചെടുത്തു.
പൂര്‍വ്വപിതാക്കന്മാരുടെ പ്രത്യാശയായിരുന്ന
ദൈവരാജ്യത്തിന്റെ ഒരു പ്രത്യക്ഷ വെളിപ്പാട് ആയിരുന്നു ദാവിദിന്റെ രാജ്യഭരണം.
ദൈവം എപ്പോഴും തക്ക സമയത്തു തന്നെ പ്രവര്‍ത്തിക്കും.
യേശുവിന്റെ ജനനം - Jesus Came
at the Perfect Time
യേശുവിന്റെ ജനനം, ജീവിതം, മരണം എന്നിവ മനുഷ്യന്റെ
ചരിത്രത്തിലെതന്നെ പ്രധാനപ്പെട്ട സംഭവങ്ങള്‍ ആണ്.
മാനവ സംസ്കാരത്തെ തന്നെ അത് മാറ്റിമറിച്ചു.
യേശുവിനെ കുറിച്ച് ചിന്തിക്കുവാന്‍ നമ്മള്‍ അല്‍പ്പ
സമയം ചിലവഴിക്കുവാന്‍ പോകുകയാണ്.
കാരണം നമ്മളുടെ ഈ സന്ദേശത്തിന്റെ കേന്ദ്രബിന്ദു
യേശു ആണ്.
യഹൂദന്മാര്‍ പ്രത്യാശയോടെ ദീര്‍ഘ നാളുകളായി കാത്തിരുന്ന
മശിഹ ആയിരുന്നു യേശു.
മശിഹ എന്ന വാക്ക് mashiach എന്ന എബ്രായ പദത്തില്‍ നിന്നും വന്നതാണ്.
ഈ പദത്തിന്റെ അര്‍ത്ഥം “അഭിഷിക്തന്‍” അല്ലെങ്കില്‍
“തിരഞ്ഞെടുക്കപ്പെട്ടവന്‍”
ഈ വാക്കിന്റെ ഗ്രീക്ക് പദം Christos എന്നും ഇംഗ്ലീഷ് പദം Christ എന്നും മലയാളത്തില്‍ അത് ക്രിസ്തു എന്നും ആണ്.
വേദപുസ്തക കാലഘട്ടത്തില്‍ ഒരു പ്രത്യേക
നിയോഗത്തിനായി ഒരു വ്യക്തിയെ വേര്‍തിരിക്കുവനായി ആ വ്യക്തിയുടെ തലയില്‍ എണ്ണ
ഒഴിച്ച് അഭിഷേകം ചെയ്യാറുണ്ടായിരുന്നു.
അതായത്, “അഭിഷിക്തന്‍” ഒരു പ്രത്യേക ദൈവീക
പദ്ധതിക്കായി വേര്‍തിരിക്കപ്പെട്ടവന്‍ ആണ്.
പഴയനിയമ കാലത്ത് പ്രവാചകന്മാര്‍, പുരോഹിതന്മാര്‍,
രാജാക്കന്മാര്‍ എന്നിവരെയാണ് പൊതുവേ അഭിഷേകം ചെയ്യാറുള്ളത്.
യിസ്രായേലിനെ ശത്രുക്കളുടെ കൈയില്‍ നിന്നും
വിടുവിച്ച് മാറ്റമില്ലാത്ത ദൈവരാജ്യം സ്ഥാപിക്കുവാനായി ഒരു വിമോചകനെ ദൈവം അയക്കും
എന്നത് പഴനിയമ കാലത്തെ ജനങ്ങളുടെ പ്രത്യാശ ആയിരുന്നു.
യഹൂദന്മാര്‍ ഈ ദൈവീക വിമോചകനെ മശിഹ എന്ന്
വിളിച്ചു.
യേശുവിന്റെ കാലത്ത് യഹൂദന്മാര്‍, മശിഹ വേഗം വരുകയും അവരെ അടക്കി ഭരിച്ചിരുന്ന റോമന്‍ സാമ്രാജ്യത്തെ തകര്‍ത്ത് ദൈവരാജ്യം സ്ഥാപിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ യേശു എന്ന മശിഹ അഭിഷേകം ചെയ്യപ്പെട്ടത്
ആദ്യം മനുഷ്യരെ ആത്മീയ അടിമത്തത്തില്‍ നിന്നും വിടുവിക്കാനും പിന്നീട് ദൈവരാജ്യം
സ്ഥാപിക്കുവാനും വേണ്ടി ആയിരുന്നു.
യേശു വാഗ്ദാനം ചെയ്ത രക്ഷ യഹൂദന്മരില് നിന്നും
പുറത്തേക്ക് സകല ലോകത്തിലേക്കും എത്തിച്ചേര്‍ന്നു.
അതുകൊണ്ട് യേശുവിന്റെ ജനനം, ജീവിതം, മരണം എന്നത്
ലോകത്തിലെ സകല മനുഷ്യര്‍ക്കും പ്രധാനപ്പെട്ട ഒരു സംഭവം ആയി മാറി.
അതിനാല്‍തന്നെ ഈ സംഭവത്തിന്റെ പ്രാധാന്യം
ലോകത്തിലെ ഒരു വ്യക്തിപോലും മനസ്സിലാക്കാതെ ഇരിക്കരുത് എന്ന് ദൈവം ആഗ്രഹിച്ചു.
അങ്ങനെ യേശു തക്ക സമയത്ത്, ഏറ്റവും ശരിയായ
സമയത്ത് തന്നെ ജനിച്ചു.
നമുക്ക് യേശുവിന്റെ ജനനത്തിന്റെ ചരിത്ര
പശ്ചാത്തലം മനസ്സിലാക്കുവാന്‍ ശ്രമിക്കാം.
റോമന്‍ ചക്രവര്‍ത്തിയായ അഗസ്റ്റസ് സീസറിന്റെ
കാലത്താണ് യേശു ജനിച്ചത്.
റോമന്‍ സാമ്രാജ്യം പാര്‍ത്തിയ (ഇറാന്‍) മുതല്‍
ബ്രിട്ടന്‍ വരെ വ്യാപിച്ചിരുന്നു.
അതുകൊണ്ട് റോമന്‍ സാമ്രാജ്യത്തെ Terraram
orbis imperium അഥവാ
ലോകസാമ്രാജ്യം എന്ന് വിളിച്ചിരുന്നു.
ലൂക്കോസിന്റെ സുവിശേഷം 2: 1
വാക്യത്തില്‍ റോമന്‍
സാമ്രാജ്യത്തെ “ലോകം” എന്നാണ് വിളിക്കുന്നത്.
നഗരികതയുള്ള എല്ലാ രാജ്യങ്ങളും ഏതെങ്കിലും രീതിയില്‍
റോമന്‍ സാമ്രാജ്യത്തിന്റെ അധീനതയില്‍ ആയിരുന്നു.
യഹൂദയും അക്കാലത്ത് റോമന്‍ സാമ്രാജ്യത്തിനു
കീഴില്‍ ആയിരുന്നു.
യേശുവിനും അറുപതു വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പൊംമ്പെ
എന്ന റോമന്‍ ജനറല്‍ യരുശലേമിനെ ആക്രമിച്ചു കീഴടക്കിയിരുന്നു.
അതുകൊണ്ട് റോമന്‍ സാമ്രാജ്യത്തിനു ബാധകമായ എല്ലാ
രാജകീയ കല്‍പ്പനകളും യഹൂദന്മാര്‍ക്കും ബാധകം ആയിരുന്നു.
ശത്രുക്കളെ തകര്‍ത്ത് സാമ്രാജ്യം വികസിച്ചത്തോടെ
റോമന്‍ സാമ്രാജ്യത്തില്‍ എല്ലായിടവും സമാധാനം നിലനിന്നിരുന്നു.
റോമന്‍ ദേവനായ ജാനസ് (Janus) യുദ്ധത്തിന്റെയും സമാധാനത്തിന്റെയും ദേവന്‍
ആയിരുന്നു. .
ജാനസിന്റെ ക്ഷേത്രത്തിന്റെ വാതില്‍ യുദ്ധകാലത്ത്
തുറക്കുകയും സമാധാന കാലത്ത് അടച്ചിടുകയും ചെയ്യുക പതിവുണ്ടായിരുന്നു.
സീസര്‍ അഗസ്റ്റസിന്റെ കാലത്ത്, അക്കാലത്ത്
യുദ്ധങ്ങള്‍ ഇല്ല എന്നതിന്റെ അടയാളമായി, ഈ ക്ഷേത്രം അടച്ചിട്ടിരുന്നു.
സാമ്രാജ്യത്തിലെ മുഴുവന്‍ ജനങ്ങളുടെയും
കണക്കെടുക്കുവാന്‍ രാഷ്ട്രീയമായി ഏറ്റവും യോജിച്ച സമയമായിരുന്നു അത്.
ലൂക്കോസിന്റെ സുവിശേഷം 2:1 വാക്യത്തില്‍
ലോകം
ഒക്കെയും പേർവഴി ചാർത്തേണം അല്ലെങ്കില്‍
പേര് രജിസ്ടര്‍ ചെയ്യേണം എന്നൊരു കല്‍പ്പന ചക്രവര്‍ത്തി പുറപ്പെടുവിച്ചു എന്ന്
പറയുന്നുണ്ട്.
ഇതു എല്ലാവരില്‍നിന്നും നികുതി പിരിക്കുവാനുള്ള
പദ്ധതി ആയിരുന്നു.
സമാധാനത്തിന്റെ പ്രഭുവായ യേശു കര്‍ത്താവിന്റെ
ജനനത്തിനു ഏറ്റവും യോജിച്ച സമയവും അതായിരുന്നു.
അഗസ്റ്റസ് സീസറിനെ കുറിച്ച് ചില വാക്കുകള്‍ കൂടി
പറയട്ടെ.
റോമന്‍ പട്ടാള മേധാവിയും സാമ്രാജ്യത്തിന്റെ
ശില്പിയുമായ ജൂലിയസ് സീസറിന്റെ (Julius Caesar) ദത്തുപുത്രന്‍ ആയിരുന്നു പിന്നീടു സീസര്‍
അഗസ്റ്റസ് എന്ന് അറിയപ്പെട്ടിരുന്ന ഗായൂസ് ഒക്ടാവിയസ് (Gaius Octavius)
ജൂലിയസ് സീസര്‍ അദ്ദേഹത്തിന്റെ അമ്മാവന്‍
ആയിരുന്നു.
ജൂലിയസ് സീസര്‍ ന്റെ വില്‍പത്രത്തില്‍ ഗായൂസ്
ഒക്ടാവിയസിനെ ദത്തുപുത്രനായി സ്വീകരിക്കുക ആയിരുന്നു.
അങ്ങനെ ഒക്ടാവിയസ്, ഒക്ടാവിയാനുസ് എന്ന്
അറിയപ്പെടുകയും സീസര്‍ എന്ന പേരുകൂടി സ്വീകരിക്കുകയും ചെയ്തു.
അഗസ്റ്റസ് എന്ന പേര് യഥാര്‍ത്തത്തില്‍ ഒരു
സ്ഥാനപേര്‍ ആയിരുന്നു.
ഒരാള്‍ റോമന്‍ ചക്രവര്‍ത്തി ആകുമ്പോള്‍ പുതിയ ഒരു
പേര് സ്വീകരിക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുക പതിവായിരുന്നു.
അതുകൊണ്ട് ഒക്ട്ടാവിയസ് ചക്രവര്‍ത്തി ആയപ്പോള്‍
അദ്ദേഹത്തിനു സ്വീകരിക്കുവാനായി രാജാവ്, ചക്രവര്‍ത്തി, ഏകാധിപതി എന്നീ
സ്ഥാനപ്പേരുകള്‍ റോമന്‍ സെനറ്റ് നിര്‍ദ്ദേശിച്ചു എങ്കിലും അദ്ദേഹം അഗസ്റ്റസ് എന്ന
സ്ഥാനപേര് സ്വീകരിക്കുക ആണ് ചെയ്തത്.
അഗസ്റ്റസ് എന്ന പേരിന് “ഉയര്‍ത്തപ്പെട്ടവന്‍”
എന്ന അര്‍ത്ഥം ആണ് ഉള്ളത്.
താന്‍ ദൈവത്തിന്റെ പ്രതിനിധിയാണ് എന്നും ദൈവീക
അംഗീകാരം തനിക്കു ഉണ്ട് എന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം ഈ സ്ഥാനപേര്‍
സ്വീകരിച്ചത്.
ഇതിലൂടെ തനിക്കുതന്നെ ഒരു ദൈവീക പരിവേഷം ചാര്‍ത്തുകയാണ്
അദ്ദേഹം ചെയ്തത്.
സീസര്‍ അഗസ്റ്റസ് തന്നെത്തന്നെ ദൈവമാക്കുവാന്‍
ശ്രമിച്ചു; ജനങ്ങള്‍ എല്ലാം അദ്ദേഹത്തിനെ ആരാധിക്കേണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.
എല്ലാവരും അദ്ദേഹത്തിനു കരം കൊടുക്കേണം എന്ന്
അദ്ദേഹം ആഗ്രഹിച്ചു.
എന്നാല്‍ അദ്ദേഹത്തിന്റെ കാലത്തിനു ശേഷം ആരും
അദ്ദേഹത്തെ ആരാധിക്കുന്നില്ല; ആരും കരം കൊടുക്കുന്നുമില്ല.
ഇതേ ചക്രവര്‍ത്തിയുടെ കാലത്ത് യേശു ജനിച്ചു.
ഇന്നും യേശുവിനെ കോടികണക്കിന് ജനങ്ങള്‍ ദൈവമായി
ആരാധിക്കുന്നു; നിത്യതയോളം അവനെ ദൈവമായി ആരാധിക്കും.
ഇന്നും കോടികണക്കിന് ജനങ്ങള്‍ യേശുവിന് ദാനങ്ങള്‍
കൊടുത്തുകൊണ്ടേയിരിക്കുന്നു.
മറ്റൊരു ദൈവീക മര്‍മ്മം കൂടി നമുക്ക്
ശ്രദ്ധിക്കാം.
ദൈവത്തിന്റെ ബുദ്ധിവൈഭവം ഇവിടെ നമുക്ക് കാണുവാന്‍
കഴിയും.
അധികാരത്തിന്റെ ചെങ്കോല്‍ യഹൂദയില്‍ നിന്നും മാറിപോകുകയാണ്.
ലോകം
ഒക്കെയും പേർവഴി ചാർത്തേണം എന്ന യേശുവിന്റെ
ജനന കാലത്തെ റോമന്‍ ചക്രവര്‍ത്തിയുടെ കല്‍പ്പന അതാണ് കാണിക്കുന്നത്.
യഹൂദന്മാര്‍ ഒരു വിദേശ ജാതീയ രാജ്യത്തിന്റെ
അധീനതയിലേക്ക് മാറുകയും അവര്‍ക്ക് നികുതി കൊടുക്കുകയും ചെയ്യേണ്ടിവരുകയാണ്.
യഹൂദന്മാര്‍ക്ക് സ്വന്ത ദേശത്ത് സ്വന്ത ഭരണം
നഷ്ടപ്പെട്ടു.
അത് പിതാക്കന്മാര്‍ക്കു വാഗ്ദത്തമായ മശിഹാ
ജനിക്കുവാന്‍ ഏറ്റവും യോജിച്ച സമയം ആയി.
സീസര്‍ അഗസ്റ്റസ് യഹൂദയില്‍നിന്നും
അധികാരത്തിന്റെ ചെങ്കോല്‍ എടുത്തുമാറ്റിയപ്പോള്‍ മശിഹ ഭൂയില്‍ ജനിച്ചു.
അത് ദൈവരാജ്യത്തിന്റെ സുവിശേഷം ജനത്തെ
അറിയിക്കുവാന്‍ ഏറ്റവും യോജിച്ച സമയമായിരുന്നു.
നാഗരികത ഉള്ള എല്ലാ സ്ഥലങ്ങളും റോമന്‍
സാമ്രാജ്യത്തിന്റെ കീഴില്‍ ആയിരുന്നു.
ഈ പുതിയ വിശ്വാസത്തിന്റെ പ്രവാചകന് ദേശങ്ങളില്‍നിന്നും
ദേശങ്ങളിലേക്ക് പോകുവാനും പഠിപ്പിക്കുവാനും തടസ്സങ്ങള്‍ യാതൊന്നും ഉണ്ടായിരുന്നില്ല.
ദീര്‍ഘ നാളുകളായി കാത്തിരുന്ന മശിഹ ഏറ്റവും
ശരിയായ സമയത്തുതന്നെ ജനിച്ചു.
റോമിന്റെ സമാധാനത്തിന്റെ കാലം തക്ക സമയം
ആയിരുന്നു.
ലോകം എല്ലാം ഒരേ ഭാഷയാലും കച്ചവട ഇടപാടുകളാലും
ഒന്നായി യോജിപ്പിക്കപ്പെട്ടിരുന്നു.
പരസ്പരം കോര്‍ത്തിണക്കുന്ന റോഡുകള്‍ ലോകത്തിന്റെ
എല്ലാ ഭാഗങ്ങളിലേക്കുമുള്ള വഴി തുറന്നുകൊടുത്തു.
സുവിശേഷത്തിന് ഒരേ ഭാഷയില്‍ ഇവിടെയെല്ലാം
എത്തിച്ചേരുവാന്‍ പറ്റിയ സാഹചര്യം.
വിസ ആവശ്യമില്ല, പാസ്പോര്‍ട്ട് ആവശ്യമില്ല.
യാത്രയെ തടയുന്ന അതിരുകള്‍ ഇല്ല.
ദൈവത്തിന്റെ കുഞ്ഞാടായ ക്രിസ്തു മാനവരുടെ മുഴുവന്‍
പാപ പരിഹാരത്തിനായി യാഗമായി തീര്‍ന്നു എന്ന് സകല മനുഷ്യരും അറിയുവാന്‍ തക്ക
സാഹചര്യമായിരുന്നു അന്ന് നിലവില്‍ ഉണ്ടായിരുന്നത്.
മാനവ ചരിത്രത്തില്‍ ദൈവീക ഇടപെടലിനുള്ള യോജിച്ച
സമയം.
ദൈവം മാനവര്‍ക്കായി ഒരു രക്ഷകനെ അയച്ചു.
യേശു ക്രിസ്തു തക്ക സമയത്ത് ഈ ഭൂമിയി ജനിച്ചു.
യേശുവിന്റെ വീണ്ടും വരവ് - Jesus is
Coming Again
അങ്ങനെ മാനവ ചരിത്രത്തില്‍ ഏറ്റവും യോജിച്ച സമയത്ത്
യേശുവിന്റെ ഒന്നാം വരവ് സംഭവിച്ചു.
അങ്ങനെ തന്നെ യേശുവിന്റെ രണ്ടാം വരവും ചരിത്രത്തില്‍
ഏറ്റവും യോജിച്ച സമയത്ത് തന്നെ സംഭവിക്കും.
യേശുവിന്റെ ഒന്നാം വരവിന്റെ സമയത്ത് ലോകത്തില്‍ വലിയ മൂന്നു
ശക്തികള്‍ ആണ് ഉണ്ടായിരുന്നത്.
രാഷ്ട്രീയമായി റോമന്‍ സാമ്രാജ്യം; സാംസ്കാരികമായി
ഗ്രീക്കുകാര്‍; ആത്മീയമായി എബ്രായര്‍.
റോമന്‍ സാമ്രാജ്യം യഹൂദ പ്രദേശത്തെ കലാപഭൂമിയായി കണ്ടു.
യഹൂദയില്‍ ഒരു പുതിയ രാജാവ് ജനിക്കും എന്ന് അവര്‍
പ്രതീക്ഷില്ല.
സാംസ്കാരികമായി മുന്നിട്ട് നിന്നിരുന്ന ഗ്രീക്കുകാര്‍
എബ്രായ മതത്തെ നിന്ദയോടെ നോക്കികണ്ടു.
ഗ്രീക്ക് സംസ്കാരവും മതവും എബ്രായ മതത്തിന്
എതിരായിരുന്നു.
എബ്രായരില്‍ നിന്നും ഒരു പുതിയ ഗുരു ജനിക്കും
എന്ന ആശയത്തെ തന്നെ ഗ്രീക്ക്കാര്‍ അവഞ്ജയോടെ കണ്ടിരുന്നു.
ഇതിന്റെ എല്ലാം അര്‍ത്ഥം യേശു എന്ന രക്ഷകന്
യാതൊരു സ്വാഗതവും ലഭിക്കുന്ന സാഹചര്യം അന്ന് നിലവില്‍ ഉണ്ടായിരുന്നില്ല.
യേശുവിനെ അവര്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല; ആര്‍ക്കും
യേശുവിനെ ആവശ്യം ഉണ്ടായിരുന്നില്ല.
അവര്‍ക്ക് രാഷ്ട്രീയ സുസ്ഥിരതയും, വൈജ്ഞാനിക
പുരോഗതിയും, റോമന്‍ മതത്തിന്റെ ശക്തമായ സ്വാധീനവും ഉണ്ടായിരുന്നു എങ്കിലും
എല്ലായിടവും ആത്മീയമായി ഒരു അസ്വസ്ഥത നിലനിന്നിരുന്നു.
അതിനുശേഷം ലോകത്തില്‍ ഇന്നേവരെ റോമന്‍
സാമ്രാജ്യത്തെപോലെ ശക്തമായ ഒരു രാഷ്ട്രീയ ശക്തി ഉടലെടുത്തിട്ടില്ല.
പല നിലയിലും ഗ്രീക്ക് സംസ്കാരത്തിന്
തുല്യമായതൊന്നും പിന്നീട് ഉണ്ടായിട്ടില്ല.
ഈ നേട്ടങ്ങള്‍ക്കെല്ലാം ഇടയില്‍ എങ്ങും പാപം
പെരുകിക്കൊണ്ടേയിരുന്നു.
അന്നത്തെ മതങ്ങളില്‍ പോലും പാപം
വ്യാപിച്ചുനിന്നു.
ജീതത്തിന്റെ എല്ലാ വശങ്ങളും ജീര്‍ണിച്ചതായി മാറി.
അപ്പോള്‍ യേശു വന്നു.
ഇന്നത്തെ കാലത്തിലേക്ക്, നമ്മളുടെ ചുറ്റും നമ്മള്‍
ഒന്ന് കണ്ണ് ഓടിച്ചേ.
പുരോഗതിയുടെ ഉന്നതിയില്‍ നമ്മള്‍ നില്‍ക്കുന്നു.
രാഷ്ട്രീയമായി ശക്തമായ രാജ്യങ്ങള്‍ നമുക്ക്
ഉണ്ട്.
സമൂഹത്തിലും ഭരണത്തിലും സ്വാധീനം ചെലുത്തുവാന്‍
കഴിവുള്ള മതങ്ങള്‍ നമുക്ക് ഉണ്ട്.
ചരിത്രത്തില്‍ മുമ്പ് ഒരിക്കലും
ഉണ്ടായിട്ടില്ലാത്ത അഭിവൃദ്ധി ഇന്നു നമുക്ക് ഉണ്ട്.
സാങ്കേതിക വിദ്യ, വൈദ്യശാസ്ത്രം, ഭൌതീക സമൃദ്ധി
ഇവയെല്ലാം നമ്മളുടെ ജീവിതം സുഖകരം ആക്കിയിരിക്കുന്നു.
വ്യക്തിപരമായ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും
മതങ്ങളുടെ ഇടപെടല്‍ ഏറ്റവും ലഘുവായിരിക്കുന്നു.
എന്നാല്‍ അധര്‍മ്മവും പാപവും സാധാരണമാകുകയും നിയമ
വിധേയം ആകുകയും ചെയ്തിരിക്കുന്നു.
ലോകത്തിനു ഒരു സമാധാനവും ഇല്ല.
ഈ നൂറ്റാണ്ടിന്റെ ശക്തമായ വികാരം ഭയം ആണ്.
സമാധാനം ഒരു സ്വപ്നം മാത്രമാണ്; ജീവിതത്തിനു ഒരു
നിശ്ചയവും ഇല്ല.
രാഷ്ട്രീയത്തിലും, മതത്തിലും സംസ്കാരത്തിലും ജീര്‍ണത
നിറഞ്ഞിരിക്കുന്നു.
ജീവിതം ഇത്രയും അനിശ്ചിതമായ ഒരു കാലഘട്ടം മാനവ
ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല.
നമ്മളുടെ ജീര്‍ണിച്ച, അധപ്പതിച്ച ഈ സമൂഹം ഒരു
വലിയ വീഴ്ച്ചയിലേക്കാണ് പോകുന്നത് എന്നതില്‍ സംശയം ഇല്ല.
ഏതു നിമിഷവും എന്തും സംഭവിക്കാം.
ഏറെ പുരോഗമിച്ച സംസ്കാരം ആണ് നമ്മളുടെത് എന്ന്
നമ്മള്‍ അഭിമാനിക്കുമ്പോഴും യുദ്ധങ്ങളും, ക്രൂരതയും നിയമരാഹിത്യവും ലോകമെമ്പാടും
വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.
ചരിതത്തില്‍ മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത
രീതിയില്‍ അതിവിശാലമായും അതിശക്തമായും മനുഷ്യരെ തന്നെ നശിപ്പിക്കുവാന്‍ ശേഷിയുള്ള
മാരക യുദ്ധ ആയുധങ്ങള്‍ നമ്മള്‍ വന്‍ തോതില്‍ ശേഖരിച്ചു വെച്ചിരിക്കുക ആണ്.
ഏറ്റവും ദയനീയ പതനം, ഈ അവസ്ഥക്ക് ഒരു പരിഹാരം
കണ്ടെത്തുവാന്‍ നമുക്ക് കഴിയുന്നില്ല എന്നതാണ്.
സമാധാന ചര്‍ച്ചകള്‍ ഒന്നിന് പിറകെ ഒന്നായി
നടക്കുന്നു; പക്ഷെ രാജ്യങ്ങള്‍ തമ്മിലോ സമൂഹങ്ങള്‍ തമ്മിലോ സമാധാനവും സഹകരണവും
സ്ഥാപിക്കുവാന്‍ നമുക്ക് കഴിയുന്നില്ല.
നമ്മള്‍ ഇന്നു തീവ്ര ഇടതുപക്ഷവും തീവ്ര
വലതുപക്ഷവും പരീക്ഷിക്കുക ആണ്.
നമ്മള്‍ സമാധാനത്തിനായി ഒന്നിക്കുകയും വേര്‍പെടുകയും
ചെയ്യുന്നു.
മാനവ ചരിത്രത്തില്‍ മനുഷ്യന്‍ ഇത്രമാത്രം
ദൈവത്തോടും ദൈവീക പ്രമാണങ്ങളോടും അകന്നു മാറി ജീവിക്കുന്ന ഒരു കാലഘട്ടവും മുമ്പ്
ഉണ്ടായിട്ടില്ല.
ലോകത്തിന്റെ പ്രശ്നങ്ങളുടെ ശരിയായ കാരണം ആത്മീയ
പാപം ആണ് എന്ന് ലോക നേതാക്കന്മാര്‍ സമ്മതിക്കേണ്ടുന്ന സമയം ആയി.
ആത്മീയ പ്രശ്നങ്ങള്‍ക്ക് ഒരിക്കലും രാഷ്ട്രീയ
പരിഹാരം സാദ്ധ്യമല്ല.
ഇതു യേശുക്രിസ്തുവിന്റെ രണ്ടാം
വരവിന് ഏറ്റവും യോജിച്ച, തക്ക സമയം ആണിത്.
യേശുവിന്റെ രണ്ടാമത്തെ വരവിനെകുറിച്ചു വേദപുസ്തകം
വ്യക്തമായി പറയുന്നുണ്ട്.
1 തെസ്സലൊനിക്യര്‍ 4 : 16,
17
16 കർത്താവു താൻ ഗംഭീരനാദത്തോടും
പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു
ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു
ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം
എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
ഈ സംഭവം വേദപുസ്തകത്തില്‍ പഴയ നിയമ ഭാഗത്തും
പുതിയ നിയമ ഭാഗത്തും പറയുന്നുണ്ട്.
യേശുവിന്റെ രണ്ടാം വരവ് നാലു സുവിശേഷങ്ങളിലും
അപ്പോസ്തല പ്രവര്‍ത്തികളുടെ പുസ്തകത്തിലും പൗലോസ്, യാക്കോബ്, പത്രോസ്, യോഹന്നാന്‍
എന്നിവരുടെ ലേഖനങ്ങളിലും പറയുന്നുണ്ട്.
വെളിപ്പാടു പുസ്തകത്തിന്റെ കേന്ദ്ര വിഷയം
യേശുവിന്റെ രണ്ടാം വരവ് ആണ്.
നമ്മള്‍ വേദപുസ്തകം ദൈവത്തിന്റെ അരുളപ്പാടുകള്‍
ആണ് എന്ന് വിശ്വസിക്കുന്നു എങ്കില്‍, യേശുവിന്റെ രണ്ടാം വരവിലും വിശ്വസിക്കേണം.
യേശുവിന്റെ രണ്ടാമത്തെ വരവിനു മുമ്പായി
നടക്കേണ്ടുന്ന അനേകം സംഭവങ്ങള്‍ യേശു പ്രവചിച്ചിട്ടുണ്ട്.
മത്തായി എഴുതിയ സുവിശേഷം 24 - അദ്ധ്യായം, മാര്‍ക്കോസ് എഴുതിയ സുവിശേഷം 13 - അദ്ധ്യായം, യോഹന്നാന്‍ എഴുതിയ സുവിശേഷം 21 - അദ്ധ്യായം,
എന്നിവയില്‍ തന്റെ രണ്ടാം വരവിന്റെ അടയാളങ്ങളായി യേശു പറഞ്ഞ കാര്യങ്ങള്‍
രേഖപ്പെടുത്തിയിട്ടുണ്ട്.
നമുക്ക് മത്തായി
എഴുതിയ സുവിശേഷം 24 – അദ്ധ്യായത്തില്‍ നിന്നും ചില വാക്യങ്ങള്‍ വായിക്കാം:
മത്തായി 24 : 6 - 14
6 നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും
കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു
സംഭവിക്കേണ്ടതു തന്നേ;
7 എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും
രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
8 എങ്കിലും ഇതു
ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
9 അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും
കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
10 പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും
അന്യോന്യം പകെക്കയും ചെയ്യും
11 കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ
തെറ്റിക്കും.
12 അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം
തണുത്തുപോകും.
13 എന്നാൽ
അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.
14 രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും
സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം
വരും.
ഇവിടെ നമുക്ക് സമയത്തിനു പരിമിതി ഉണ്ടല്ലോ;
അതുകൊണ്ട് ഈ വാക്യങ്ങള്‍ നിങ്ങള്‍ തന്നെ വായിച്ചു മനസ്സിലാക്കികൊള്‍ക.
ഉപസംഹാരം - Conclusion
നമ്മളുടെ തലമുറയിലെ ഏറ്റവും വലിയ വാര്‍ത്ത
എന്തായിരിക്കും?
തീര്‍ച്ചയായും അത് യേശു ക്രിസ്തു വീണ്ടു വന്നു
എന്നതായിരിക്കും.
യാതൊരു സംശയവും ഈ കാര്യത്തില്‍ വേണ്ട.
ക്രിസ്തു നിശ്ചയമായും വീണ്ടും വരും.
യേശു അക്ഷരാര്‍ത്ഥത്തില്‍ തന്നെ യെരുശലേമില്‍
ഒലിവ് മല മുകളില്‍ ലോകത്തെ മുഴുവന്‍ വാഴുവാനായി വീണ്ടും വരും.
യേശു ഒരു ഏക ലോക സാമ്രാജ്യം സ്ഥാപിക്കും.
രാജാധി രാജാവായ യേശു ദൈവരാജ്യം സ്ഥാപിക്കുവാനായി
വീണ്ടും വരും; നമ്മള്‍ അതിനായി തയ്യാറെടുത്ത് നില്‍ക്കേണ്ടതാണ്.
ആ സംഭവം നിങ്ങളുടെ ബിസ്സിനസ്സിനെയും സാമ്പത്തിക
ഭാവിയും സുരക്ഷയേയും സ്വാധീനിക്കും.
നിങ്ങളുടെ ജീവിതം മൊത്തമായി തന്നെ മാറുവാന്‍
പോകുകയാണ്.
ഞാന്‍ ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.
മാനവ ചരിത്രത്തില്‍ യേശു വീണ്ടും വരുവാന്‍
ഏറ്റവും യോജിച്ച സമയമായി.
നമ്മള്‍ ഇപ്പോള്‍ അന്ത്യ കാലത്താണ്
ജീവിക്കുന്നത്.
നിശ്ചയമായും, ദൈവരാജ്യം പുനസ്താപിക്കുവാന്‍ യേശു
വീണ്ടും വരും.
അതുകൊണ്ട് യേശുവിനെ നിങ്ങളുടെ ജീവിതത്തിന്റെ
രാജാവായി സ്വീകരിക്കുക.
അങ്ങനെ ദൈവരാജ്യത്തിലേക്ക് വീണ്ടും ജനിക്കുക.
ദൈവരാജ്യത്തിന് യോജിച്ചവണ്ണം ജീവിക്കുക.
No comments:
Post a Comment