ഒന്നാമത്തെ കല്‍പ്പന

ആശയ വിനിമയം - Communication

എന്താണ് ലാംഗ്വേജ് അഥവാ ഭാഷ?
അമേരിക്കയിലെ Princeton University യ്ക്ക് പകര്‍പ്പവകാശം ഉള്ള WordWeb എന്ന online  നിഘണ്ടുവില്‍ ഭാഷയെ കുറിച്ചു നല്‍കിയിട്ടുള്ള നിര്‍വചനം ഇതാണ്: ശബ്ദമോ മറ്റ് സാമ്പ്രദായികമായ രീതികളോ ഉപയോഗിച്ച് ആശയവിനിമയം നടത്തുവാന്‍ ഉപയോഗിക്കുന്ന ഒരു വ്യവസ്ഥാപിതമായ മാര്‍ഗ്ഗം ആണ് ഭാഷ.

ഈ നിര്‍വചനത്തില്‍ ഭാഷയുടെ രണ്ടു ഘടകങ്ങള്‍ ഉണ്ട്:

1.   ശബ്ദമോ മറ്റ് സാമ്പ്രദായികമായ രീതികളോ ആശയവിനിമയത്തിന്റെ മാര്‍ഗ്ഗം.
2.   ആശയവിനിമയംഭാഷയുടെ ഉദ്യേശ്യം

ഭാഷയെ ഇപ്പോഴും ആശയവിനിമയത്തിനുള്ള ഉപാധി ആയി ആണ് കണക്കാക്കുന്നത്.
അക്ഷരങ്ങളും, ശബ്ദവും, ആന്ഗ്യവും പലപ്പോഴും ചില വസ്തുക്കളും ആശയവിനിമയത്തിനായി ഉപയോഗിക്കാറുണ്ട്.
ഇതെല്ലാം ആശയവിനിമയത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആണ്.

ആശയവിനിമയം ആണ് ഭാഷയുടെ ഉദ്യേശ്യം.
ഒരു വ്യക്തിയില്‍ നിന്നോ ഒരു സമൂഹത്തില്‍നിന്നോ ഒരു ആശയത്തെ മറ്റൊരുവനിലേക്ക് പകരുവാന്‍ ആണ് ഭാഷയെ ഉപയോഗിക്കുന്നത്.
ഈ ലക്‌ഷ്യം സാധ്യമാക്കുന്നതെല്ലാം ഭാഷ ആണ്.

അതിനായി നമുക്ക് വാക്കുകളും ശബ്ദവും ഉണ്ട്.
കേള്‍ക്കുവാനും സംസാരിക്കുവാനും കഴിവില്ലാത്തവര്‍ ആന്ഗ്യഭാഷ ഉപയോഗിക്കുന്നു.
മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മറ്റ് എല്ലാ ജീവജാലകങ്ങള്‍ക്കും അവരുടേതായ ഭാഷ ഉണ്ട്.
നമ്മള്‍ പ്രകൃതിക്ക് അതിന്റെതായ ഭാഷ ഉണ്ട് എന്ന് പറയാറുണ്ട്‌.
കമ്പ്യൂട്ടെര്‍ പ്രോഗ്രാം ചെയ്യുന്നവരും അതിന്റേതായ ഭാഷ ഉപയോഗിക്കുന്നു എന്ന് പറയാറുണ്ട്.

ആശയമിനിമയം ആണ് ഭാഷയുടെ ഉദ്യേശ്യം എന്ന് പറഞ്ഞുവല്ലോ.
ആശയവിനിമയം എന്നാല്‍ കേള്‍ക്കുവാന്‍ മനോഹരമായ ഒരു പ്രഭാഷണം അല്ല.
ആശയവിനിമയത്തില്‍ സംസാരിക്കുന്ന വ്യക്തിയുടെ മനസ്സിലുള്ള ആശയത്തിന്റെ പ്രകടനവും കേള്‍ക്കുന്ന വ്യക്തിയുടെ സ്വീകാര്യകതയും ഗ്രഹണവും ഉണ്ട്.
അതായതു ഒരു വ്യക്തി തന്റെ ആശയം വ്യക്തമായി കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പ്രകടിപ്പിക്കേണം.
കേള്‍ക്കുന്ന വ്യക്തി അത് സ്വീകരിക്കുകയും അത് ഗ്രഹിക്കുകയും വേണം.
സ്വീകരിക്കുക എന്നത് അംഗീകരിക്കുക എന്ന അര്‍ത്ഥത്തില്‍ അല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ഇതു രണ്ടും -  പ്രകടനവും ഗ്രഹണനവും  - നടക്കുന്നില്ല എങ്കില്‍ അതൊരു ആശയവിനിമയം ആകില്ല.
ഈ അവസ്ഥയെ ആശയവിനിമയ വിടവ് (communication gap) എന്നോ ആശയകുഴപ്പം എന്നോ  നമുക്ക് വിളിക്കാം.

എന്നാല്‍ ആശയവിനിമയത്തില്‍ ഒരു ഭാഷയും പൂര്‍ണത ഉള്ളതല്ല എന്നും നമ്മള്‍ മനസ്സിലാക്കേണം.
അതുകൊണ്ടാണ്, ശബ്ധത്തോടൊപ്പം നമ്മള്‍ ആന്ഗ്യവും ശരീര ഭാഷയും ഒക്കെ കൂടി ഉപയോഗിക്കുന്നത്.
ചിലപ്പോള്‍ ചില വസ്തുക്കളും നമ്മള്‍ ഉപയോഗിക്കാറുണ്ട്.
ഉദാഹരണത്തിനായി ഒരു കുപ്പി എടുത്തു കാണിച്ചുകൊണ്ട് കുപ്പി എന്ന ആശയം കൈമാറുന്നു.
ഈ രീതിയെ ആണ് direct method എന്ന് വിളിക്കുന്നത്‌.
നമ്മളുടെ മാതൃഭാഷ നമ്മള്‍ അങ്ങനെ ആണ് പഠിക്കുന്നത്.

യേശുവിന്റെ മനസ്സിലുള്ളത് അതുപോലെതന്നെ കേള്‍വിക്കാര്‍ക്ക് മനസ്സിലാകുവാന്‍ വേണ്ടി ആണ് യേശു ഉപമകള്‍ ഉപയോഗിച്ചത്.
യേശുവിന്റെ ഉപമകള്‍ എല്ലാം തന്നെ പൂര്‍ണമായ ചിത്രങ്ങള്‍ ആയിരുന്നു.
എന്നുവച്ചാല്‍, ഉപമയിലെ എല്ലാ വിശദാംശങ്ങളും അര്‍ത്ഥവത്താണ്.
യേശു ഉപമകളിലൂടെ സംസാരിച്ചിട്ടും യഹൂദന്മാര്‍ക്ക് അവയൊന്നും മനസ്സിലായി ഇല്ല.


എന്നും എപ്പോഴും ദൈവവും മനുഷ്യനും തമ്മില്‍ ഒരു ആശയവിനിമയ വിടവ് ഉണ്ടായിരുന്നു.
ദൈവം സ്വര്‍ഗത്തില്‍ ആശയങ്ങള്‍ വിനിമയം ചെയ്യുന്നത് ഒരു രീതിയിലും മനുഷ്യര്‍ ആശയങ്ങള്‍ വിനിമയം ചെയ്യുന്നത് മറ്റൊരു രീതിയിലും ആണ്.

അതുകൊണ്ട് ദൈവത്തിന്റെ ഹൃദയത്തിലെ ആശയങ്ങള്‍ മനുഷ്യനുമായി വിനിമയം ചെയ്യുവാന്‍ തക്കതായ ഒരു മാര്‍ഗം ദൈവം കണ്ടെത്തി.
അതാണ്‌ ഉടമ്പടികള്‍.

എന്തുകൊണ്ട് ഉടമ്പടികള്‍ - Why covenants?

മനുഷ്യനുമായി ആശയവിനിമയം ചെയ്യുവാന്‍ ദൈവം തന്റെ അധികാരത്തില്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം ആണ് ഉടമ്പടികള്‍.
ഉടമ്പടികള്‍ക്ക് മൂന്നു സ്വഭാവങ്ങള്‍ ഉണ്ട്:

1.   ഉടമ്പടികള്‍ നിത്യമായതാണ്.
ഉടമ്പടികള്‍ നിവൃത്തിക്കുവനാണ് ദൈവം ആഗ്രഹിക്കുന്നത്, അവയെ ഭേദിക്കുവാന്‍ അല്ല.
2.   ഉടമ്പടിയിലെ ഇരുകക്ഷികള്‍ക്കും അത് നിവൃത്തിക്കുവാനുള്ള അധികാരവും ശക്തിയും ഉണ്ട്.
ദൈവത്തിന് അവന്റെ പക്ഷം നിവൃത്തിക്കുവാനുള്ള അധികാരവും ശക്തിയും ഉണ്ട്.

3.   അവരിരുവരും ഉടമ്പടിയോട് വിശ്വസ്തര്‍ ആയിരിക്കേണം
ഉടമ്പടിയുടെ ഏറ്റവും ചെറിയ വ്യവസ്ഥ പോലും പാലിക്കുവാന്‍ ദൈവം എപ്പോഴും വിശ്വസ്തന്‍ ആണ്.

യഹോവ അല്ലാതെ മറ്റൊരു ദൈവവും മനുഷ്യനുമായി സംവാദിക്കുവാന്‍ ഉടമ്പടി എന്ന മാര്‍ഗ്ഗം തിരഞ്ഞെടുത്തിട്ടില്ല.
കാരണം യഹോവയ്ക്ക് മാത്രമേ ഉടമ്പടി നിവൃത്തിക്കേണം എന്ന ഉദ്യേശ്യം ഉള്ളൂ; യഹോവയ്ക്ക് മാത്രമേ അതിനുള്ള അധികാരവും ശക്തിയും ഉള്ളൂ; യഹോവ മാത്രമേ അതില്‍ വിശ്വസ്തന്‍ ആയുള്ളൂ.

 പത്ത് കല്‍പ്പനകള്‍ മോശെയുടെ ഉടമ്പടിയുടെ ഭാഗം ആണ്.
അബ്രഹാമിന്റെ ഉടമ്പടിയുടെ ക്രമാനുഗതമായി പുരോഗമിച്ച ഉടമ്പടി (progressive covenant) ആണ് മോശെയുടെ ഉടമ്പടി.
അബ്രഹാമിന്റെ ഉടമ്പടിയില്‍ പറയുവാന്‍ വിട്ടുപോയിട്ടുള്ളതെല്ലാം മോശെയുടെ ഉടമ്പടിയില്‍ വിശദമാക്കപ്പെടുന്നു.
മോശെയുടെ ഉടമ്പടിയുടെ സംഷിപ്ത രൂപം ആണ് പത്ത് കല്‍പ്പനകള്‍.

പത്ത് കല്‍പ്പനകളില്‍ ആദ്യത്തെ കല്‍പ്പന ഇപ്രകാരം ആണ്:

പുറപ്പാട് 20 : 2, 3
അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
  
സാംസ്കാരികവും മതപരവുമായ പശ്ചാത്തലം - Cultural and religious background

ഒന്നാമത്തെ കല്പ്പനയെകുറിച്ചു നമ്മള്‍ പഠിക്കുന്നതിനു മുമ്പായി അന്നത്തെ സാംസ്കാരികവും മതപരവുമായ പശ്ചാത്തലം മനസ്സിലാക്കാം.

ദൈവത്തിന്റെ വീണ്ടെടുപ്പ് പദ്ധതി ആരംഭിക്കുന്നത് അബ്രഹാമില്‍ നിന്നാണ്.
അബ്രഹാം ബഹുദൈവ വിശ്വാസം വെച്ചുപുലര്‍ത്തിയിരുന്ന ഒരു സമൂഹത്തിലാണ് ജീവിച്ചിരുന്നത്.
ഒന്നിലധികം ദൈവങ്ങളില്‍ വിശ്വസിക്കുന്ന സമ്പ്രദായം അബ്രഹാമിന്റെ കാലത്തും സീനായ് ഉടമ്പടിയുടെ കാലത്തും ഉണ്ടായിരുന്നു.
അബ്രഹാമിന്റെ പിതാവായ തെരഹ് ജാതീയ ദേവന്മാരെ ആരാധിച്ചിരുന്നു എന്ന് യോശുവയുടെ പുസ്തകം 24:2 ല്‍ പറയുന്നുണ്ട്.

ബഹുദൈവ വിശ്വാസം ഉള്ള സമൂഹകങ്ങള്‍ ഒന്നിലധികം ദൈവങ്ങളില്‍ വിശ്വസിച്ചിരുന്നു.
അവര്‍ അമാനുഷികരായ ദേവന്മാര്‍ക്ക് മനുഷ്യരെപോലെ വ്യക്തിത്വം നല്‍കിയിരുന്നു.
ഇത്തരം ദേവന്മാര്‍ ഒരു പ്രപഞ്ചമാകെ നിറഞ്ഞുനില്‍ക്കുന്ന വലിയ ഒരു കുടുംബം പോലെ ചിത്രീകരിക്കപ്പെട്ടിരുന്നു.
ഈ പ്രാപഞ്ചിക കുടുംബം ആ സമൂഹത്തിന്റെ സംസാരിക വിശ്വാസത്തിന്റെ കേന്ദ്രം ആയിരുന്നു.
അവര്‍ ഓരോരുത്തര്‍ക്കും പ്രത്യേക ഉത്തരവാദിത്തങ്ങളും ജോലികളും ഉണ്ടായിരുന്നു.
അവര്‍ക്ക് മനുഷ്യരുടെ രൂപം സ്വീകരിക്കുവാന്‍ കഴിഞ്ഞിരുന്നു.
അവര്‍ക്ക് പ്രകൃതിയിലെ എല്ലാ വസ്തുക്കളുടെയും, വൃക്ഷങ്ങളുടെയും, പക്ഷികളുടെയും ജീവജാലകങ്ങളുടെയും രൂപങ്ങളും മനുഷ്യനും മൃഗവും ചേര്‍ന്നുള്ള മിശ്രിത രൂപങ്ങളും സ്വീകരിക്കുവാന്‍ കഴിയുമായിരുന്നു എന്ന് ഈജിപ്തുകാര്‍ വിശ്വസിച്ചിരുന്നു.

ബഹുദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം വളരെ ലളിതം ആണ്.
ഒരു ഏക ദൈവത്തിനു ഈ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും ശരിയായി ക്രമീകരിച്ചുകൊണ്ട്‌ പോകുവാന്‍ കഴിയുകയില്ല.
ഒരുവന്‍ എന്നാല്‍ സര്‍വനാശം എന്നാണ്.
അതുകൊണ്ട് ഓരോ കാര്യങ്ങള്‍ക്കും വ്യത്യസ്തനായ ദേവന്മാരോ ദേവികളോ ഉണ്ടാകേണം.
എല്ലാ ദേവന്മാര്‍ക്കും ദേവിമാര്‍ക്കും മുകളിലായി എല്ലാം നോക്കികാണുകയും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കുവാനുമായും ഒരു ദേവന്‍ ഉള്ളത് അഭികാമ്യം ആണ്.
ദേവന്മാര്‍ എല്ലാവരും ആവരവരുടെ ഉത്തരവാദിത്വങ്ങള്‍ ചെയ്തുകൊണ്ട് സമാധാനത്തോടെയും തികഞ്ഞ സഹകരണത്തോടെയും ജീവിക്കുന്നു.
തര്‍ക്കങ്ങള്‍ അപൂര്‍വ്വം ആണ്.
ഈ പ്രപഞ്ചത്തെയും അതിലുള്ള എല്ലാറ്റിനെയും സൃഷ്ടിച്ചത് ദേവന്മാര്‍ ആണ്.
അവര്‍ സൃഷ്ടിയിങ്കല്‍തന്നെ എല്ലാറ്റിന്റെയും ഈ ഭൂമിയുടെ തന്നെയും ഭാവിയും അന്ത്യവും മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്.
മനുഷ്യര്‍ക്ക്‌ ദേവന്മാരോടുള്ള കടപ്പാടുകളും അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
അതിനുശേഷം അവര്‍ പര്‍വതങ്ങളുടെ മുകളിലേക്ക് കയറിപോയി.
അവര്‍ മുന്‍കൂട്ടി പറഞ്ഞിട്ടുള്ള യാതോന്നിനെകുറിച്ചും വീണ്ടും ഒന്നും അരുളിചെയ്യുന്നില്ല.

ബഹുദൈവ വിശ്വാസം ഉള്ള സമൂഹത്തിലെ വെളിച്ചപ്പാടുകള്‍ അല്ലെങ്കില്‍ ഭാവി പ്രവചിക്കുന്നവര്‍ യിസ്രായേലിലെ പ്രവാചകന്മാരെപോലെ അല്ല.
അവര്‍ ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ നില്‍ക്കുന്നവര്‍ അല്ല.
മനുഷ്യരുടെ ഭാവിയിലേക്കും പ്രപഞ്ചത്തിന്റെ ഭാവിയിലേക്കും നോക്കി സംഭവിക്കാനിരിക്കുന്നതു മുന്‍കൂട്ടി പറയുന്നവര്‍ മാത്രം ആണ്.

യിസ്രായേലില്‍ ഉള്ളതുപോലെ ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍നില്‍ക്കുന്ന പ്രവാചകന്മാര്‍ സമൂഹത്തിനു അപകടകാരികള്‍ ആണ് എന്ന് അവര്‍ കരുതിയിരുന്നു.
ദേവന്മാര്‍ എല്ലാം പറഞ്ഞുകഴിഞ്ഞു, അവര്‍ക്ക് ഇനി ഒന്നും അധികമായി പറയുവാന്‍ ഇല്ല.

ഇവയെല്ലാം ആയിരുന്നു അബ്രഹാമിന്റെ കാലത്തെ ബഹുദൈവ വിശ്വാസികളുടെ പ്രമാണങ്ങള്‍.

അന്നത്തെ ബഹുദൈവ സമൂഹത്തില്‍ ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
എന്നാല്‍ അബ്രഹാം യഹോവയായ ഏക ദൈവത്തെ മാത്രം ആരാധിച്ചിരുന്നു.

അന്നേവരെ യഹോവയായ ദൈവത്തെ ആരാധിക്കുന്ന ഒരു പ്രത്യേക ജനസമൂഹം ഇല്ലായിരുന്നു.
അതുകൊണ്ട് ദൈവം അബ്രഹാമിനെ വിളിച്ചു വേര്‍തിരിച്ചു അവന്റെ സന്തതിപരമ്പരകളിലൂടെ ഒരു പ്രത്യേക സമൂഹത്തെ സൃഷ്ടിക്കുവാന്‍ തീരുമാനിച്ചു.
ദൈവം അബ്രഹാമിനെ അവന്റെ ബന്ധുമിത്രാതികളില്‍ന്നും സ്നേഹിതരില്‍ നിന്നും ജന്മ ദേശത്ത് നിന്നും വേര്‍തിരിച്ച് വാഗ്ദത്ത ദേശത്തിലേക്കു കൊണ്ടുപോയി.
ദൈവത്തില്‍ അബ്രഹാമിന് അചഞ്ചലമായ വിശ്വാസം ഉണ്ടായിരുന്നതിനാല്‍ അബ്രഹാം ദൈവത്തെ അനുസരിച്ചു.

ഈ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തില്‍ ആണ് ദൈവം ഒരു ഉടമ്പടിയിലൂടെ അബ്രഹാമിന്റെ ജന സമൂഹത്തെ രൂപപ്പെടുത്തുന്നത്.
ഒരു ഉടമ്പടിയിലൂടെ ദൈവം തനിക്കായി ഒരു ജന സമൂഹത്തെയും ഒരു രാജ്യത്തെയും സൃഷ്ടിക്കുക ആയിരുന്നു.
അതുകൊണ്ടാണ് ദൈവം അവരെ പ്രത്യേക സമ്പത്ത് എന്ന് വിളിച്ചത്.   

പുറപ്പാട് 19 : 5  ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.

പുറപ്പാടു പുസ്തകം ഇരുപതാം അധ്യായത്തില്‍ ഒരു ജന സമൂഹം അല്ലെങ്കില്‍ രാജ്യം എന്ന നിലയില്‍ അബ്രഹാമിന്റെ സന്തതികള്‍ സീനായ് പര്‍വ്വതത്തില്‍ വച്ച് യഹോവയായ ദൈവത്തെ ആദ്യമായി കണ്ടുമുട്ടുകയാണ്.
ദൈവം അവിടെ അബ്രഹാമിന്റെ ഉടമ്പടി വീണ്ടും ഉറപ്പിക്കുകയും അതുകൂടാതെ ക്രമാനുഗതമായി പുരോഗമിച്ച ഒരു ഉടമ്പടി (progressive covenant) നല്‍കുകയും ചെയ്യുന്നു.
ഈ ഉടമ്പടി ആണ് മോശെയുടെ ഉടമ്പടി അല്ലെങ്കില്‍ സീനായ് ഉടമ്പടി എന്ന് അറിയപ്പെടുന്നത്.


ഒന്നാമത്തെ കല്‍പ്പന - The First Commandment

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ പ്രമാണം പറഞ്ഞുകൊണ്ടാണ് ദൈവം ഉടമ്പടി ആരംഭിക്കുന്നത്.
ഒന്നാമത്തെ കല്‍പ്പന പ്രപഞ്ചത്തിന്റെ ഏക സൃഷ്ടാവും ഏക അധികാരിയും യാഹോവയാണ് എന്ന് പ്രസ്താവിക്കുന്നു.

പുറപ്പാട് 20 : 2, 3
അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.

യഹോവയായ ദൈവം അല്ലാതെ മറ്റ് യാതൊരു ദൈവത്തെയും ആരാധിക്കുവാന്‍ പാടില്ല എന്നാണ് ഇതിന്റെ അര്‍ത്ഥം.
തന്റെ സ്ഥാനവും, മഹത്വവും, സ്തുതിയും മറ്റ് ആരുമായും പങ്കിടുവാന്‍ യഹോവ ആഗ്രഹിക്കുന്നില്ല എന്നത് ഇവിടെ വ്യക്തമാക്കുകയാണ്.
ദൈവജനം യഹോവയെ ആരാധിക്കുകയും അവനെ മാത്രം ആരാധിക്കുകയും വേണം.

എന്തുകൊണ്ടാണ് യഹോവ മാത്രമാണ് അവരുടെ ദൈവം എന്ന് പ്രത്യേകം പറഞ്ഞത്?
ബഹുദൈവ വിശ്വാസമുള്ള ഒരു സമൂഹത്തില്‍ നാനൂറു വര്‍ഷങ്ങള്‍ ജീവിച്ച ഒരു ജനതയോട്  ആണ് ദൈവം സംസാരിച്ചത്.
അവര്‍ ഇനി ചെല്ലുന്ന കനാന്‍ ദേശം ആകട്ടെ അനേകം ദേവന്മാരുടെ ദേശം ആണ്.
ഈ ദേവന്മാര്‍ക്ക് എല്ലാം അവരുടെതായ പ്രത്യേകം പേരുകള്‍ ഉണ്ട്.
പുറപ്പാടു പുസ്തകത്തിലും യോശുവയുടെ പുസ്തകത്തിലും യിസ്രായേല്‍ ജനം ഈജിപ്തില്‍ ആയിരുന്നപ്പോള്‍ യാഹോവയോടൊപ്പം ഈജിപ്തിലെ ചില ദേവന്മാരെയും ആരാധിച്ചിരുന്നു എന്നതിന്റെ സൂചന ഉണ്ട്.
ഈ രീതിക്ക് ഒരു അവസാനം ഉണ്ടാക്കുവാനും യിസ്രായേല്‍ ജനത്തെ ഏകദൈവ ആരാധനയിലേക്ക് കൊണ്ടുവരുവാനും ദൈവം ആഗ്രഹിച്ചു.

അതുകൊണ്ട് ആദ്യത്തെ കല്‍പ്പന തന്നെ അവര്‍ ആരാധിക്കെണ്ടുന്ന ദൈവം ആരെന്നു സംശയലേശമെന്യേ പേരോടുകൂടി പറയുകയാണ്.
അവരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും വിടുവിച്ചു കൊണ്ടുവന്ന ദൈവം ആരാണു എന്ന് ഇവിടെ വ്യക്തമായി പറയുന്നു.

ദൈവം തന്റെ സര്‍വ്വാധികാരം ഉറപ്പിക്കുന്നത് ഈ കാര്യങ്ങളാല്‍ ആണ്:

ദൈവം ജീവിക്കുന്നു; അവന്റെ പേര് യഹോവ എന്നാണ്.
ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും അവരെ വിടുവിച്ച ദൈവത്തെ ആരാധിക്കേണം.
അടിമത്തത്തില്‍ നിന്നും വിടുവിച്ചതു യഹോവ ആണ്.
യഹോവ ഏകനായി ആണ് അത് ചെയ്തത്.
യഹോവ ഏകനായി വിടുതലിന്റെ പ്രവര്‍ത്തി ചെയ്തതിനാല്‍ അവന്‍ യിസ്രായേലിന്റെ രാജാവും നിയമകര്‍ത്താവും ആണ്.
അതുകൊണ്ട് അവരുടെ ആരാധന ആവശ്യപ്പെടുവാനുള്ള നിയമപരമായ അവകാശം യാഹോവയ്ക്ക് ഉണ്ട്.

മധ്യപൂര്‍വ ദേശത്തിലെ സൂസേരൈന്‍ ഉടമ്പടികളുടെ മാതൃകയില്‍ ആണ് മോശയുടെ ഉടമ്പടിയും രൂപപ്പെടുത്തിയിരിക്കുന്നത്.
സൂസേരൈന്‍ എന്നത് മധ്യപൂര്‍വ ദേശത്തിലെ രാജാക്കന്മാരോ ഭരണാധികാരികളോ ആയിരുന്നു.
ആ വലിയ രാജാവ്‌ അദ്ദേഹത്തെ സ്വയം പരിചയപ്പെടുത്തും, അദ്ദേഹം തന്റെ പ്രജകള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ വിവരിക്കും, അതുനുശേഷം ഭാവിയിലേക്ക് പൂര്‍ണ്ണമായ സംരക്ഷണം ഉറപ്പു നല്‍കുകയും ചെയ്യും.
ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ തന്റെ പ്രജകളില്‍ നിന്നും പൂര്‍ണ്ണമായ വിശ്വസ്തത ആവശ്യപ്പെടുകയും പ്രജകള്‍ അനുസരിക്കേണ്ടുന്ന പ്രമാണങ്ങള്‍ വിവരിക്കുകയും ചെയ്യും.
ഈ പ്രമാണങ്ങളില്‍ അനുഗ്രഹങ്ങളും ശാപങ്ങളും അടങ്ങിയിരിക്കും.
സീനായ് ഉടമ്പടി പ്രകാരം യിസ്രായേലിന്റെ ദൈവമായി യഹോവ അംഗീകരിക്കപ്പെടുകയാണ്.
ഇപ്രകാരമുള്ള ഒരു സൂസൈരിന്‍ ഉടമ്പടി പ്രകാരം യഹോവയായ ദൈവം എന്ന ചക്രവര്‍ത്തി യിസ്രായേല്‍ ജനത്തെ തന്റെ ജനമായി അംഗീകരിക്കുന്നു.

അതുകൊണ്ട് കഴിഞ്ഞകാലത്ത് യഹോവ ചെയ്ത എല്ലാ നന്മകളെയും ഓര്‍ത്തു നന്ദി ഉള്ളവരായി അദ്ദേഹത്തിന്റെ അധികാരത്തിനു പൂര്‍ണമായി വിധേയപ്പെടുകയും അനുഗ്രഹിക്കപെട്ട ഭാവിക്കായി അദ്ദേഹത്തില്‍ വിശ്വസിക്കുകയും വേണം.
ഉടമ്പടിയുടെ ഏറ്റവും വലിയ പ്രത്യേകത, ഈ രാജാവിന്റെ പ്രജകള്‍ മറ്റു യാതൊരു അധികാരത്തെയും സ്വീകരിക്കുവാന്‍ പാടില്ല എന്നതാണ്.
എല്ലാ ഇത്തരം ഉടമ്പടികളും മറ്റൊരു അധികാരത്തെ കൂടെ സ്വീകരിക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നത് നിരോധിച്ചിരുന്നു.

പത്ത് കല്പ്പനങ്കല്‍ - Ten Commandments

ന്യായപ്രമാണത്തിന്റെ ആമുഖമായും അവയുടെ രത്നച്ചുരുക്കമായും ദൈവം കല്‍പ്പിച്ചതാണ് പത്ത് കല്‍പ്പനകള്‍.
വിശാലമായ മോശെയുടെ ഉടമ്പടിയുടെ കേന്ദ്രം പത്ത് കല്‍പ്പനകള്‍ ആണ്.
ആദ്യം ന്യായപ്രമാങ്ങളുടെ സത്ത പ്രസ്താവിക്കുകയും അതിനുശേഷം അതിന്റെ വിശദാംശങ്ങള്‍ വിവരിക്കുകയും ചെയ്യുക എന്ന രീതി ആണ് ഇവിടെ അവലംബിച്ചിരിക്കുന്നത്.

പത്ത് കല്‍പ്പനകള്‍ ആദ്യമായി ദൈവത്താല്‍ പ്രസ്താവിക്കപ്പെട്ടത്‌ സീനായി പര്‍വ്വതത്തില്‍ വച്ചാണ്.
എന്നാല്‍ ഈ കല്‍പ്പനകള്‍ മാനവചരിത്രത്തില്‍ ആദ്യമായി ഉണ്ടായത് ഇവിടെവച്ചല്ല.
അവ ആദ്യമായി മനുഷ്യരുടെ ഇടയില്‍ നിലവില്‍ വന്നതും ഇവിടെവെച്ചല്ല.
ഉല്‍പ്പത്തി പുസ്തകം വായിച്ചാല്‍ ഇവയെല്ലാം മനുഷ്യരുടെ ഇടയില്‍ സാന്മാര്‍ഗ്ഗിക നിയമങ്ങള്‍ ആയി നിലവില്‍ ഉണ്ടായിരുന്നു എന്നും അവ അനുസരിക്കപ്പെട്ടിരുന്നു എന്നും കാണാം.
എന്ന് പറഞ്ഞാല്‍ മനുഷ്യരുടെ ഹൃദയത്തില്‍ ദൈവം മുമ്പുതന്നെ രേഖപ്പെടുത്തിവച്ചിരുന്നവയാണ് ഇവയെല്ലാം.

ഉല്‍പ്പത്തി 35 :  2   അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ.

മുകളില്‍ വായിച്ച വാക്യത്തില്‍ എല്ലാ അന്യദേവന്മാരെയും നീക്കികളയുവാന്‍ യാക്കോബ് തന്റെ കുടുംബാംഗങ്ങളോട് പറയുക ആണ്.

അപ്പോള്‍ മനുഷ്യരുടെ ഹൃദയത്തില്‍ ദൈവം മുമ്പ് തന്നെ നല്‍കിയിരുന്ന പ്രമാണങ്ങളെ ദൈവം ക്രോഡീകരിച്ചു നല്‍കുകയാണ് പുറപ്പാടു പുസ്തകം 20 അദ്ധ്യായത്തില്‍.
അവയെല്ലാം കല്ലില്‍ എഴുതി നല്‍കി എന്നത് അതിന്റെ സ്ഥിരതയെ കാണിക്കുന്നു.
ദൈവരാജ്യത്തില്‍ ഈ പ്രമാണങ്ങള്‍ എല്ലാം ഇനിമുതല്‍ നിര്‍ബന്ധമായിരിക്കും.

യിസ്രായേല്‍ ജനത്തിന്റെ സാന്മാര്‍ഗിക ജീവിതത്തിനായി നല്‍കപ്പെട്ട ദൈവത്തിന്റെ പ്രമാണങ്ങള്‍ ആണ് പത്ത് കല്‍പ്പനകള്‍.
അവരുടെ ജീവിതത്തിന് അടിസ്ഥാനമായ പ്രമാണങ്ങള്‍ ആയിരുന്നു അവയെല്ലാം.
യിസ്രായേല്‍ ജനം ഈജിപ്തിലെ ബഹുദൈവ സംസ്കാരത്തില്‍ നിന്നും പുറത്തേക്ക് വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഈജിപ്തില്‍ അനുഭവിച്ച പീഡനം കാരണം ഈജിപ്തിലെ ദേവന്മാരെ ഉപേക്ഷിക്കുക അവര്‍ക്ക് എളുപ്പം ആയിരുന്നു.
അതുപോലെതന്നെ അവര്‍ കൈവശം ആക്കുവാന്‍ പോകുന്ന കനാന്‍ ദേശത്തിലെ ബഹുദൈവ സംസ്കാരത്തേയും അവര്‍ സ്വീകരിക്കുവാന്‍ പാടില്ല.
അതുകൊണ്ട് ദൈവം യിസ്രായേല്‍ ജനത്തിന് വ്യക്തിഗത നിയമങ്ങള്‍ മാത്രമല്ല നല്‍കിയത് ഒരു രാജ്യം എന്ന നിലയില്‍ നിര്‍ബന്ധമായും പാലിക്കേണ്ടുന്ന നിയമങ്ങള്‍ ആണ് നല്‍കിയത്.  

ഉപസംഹാരം - Conclusion

എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടുന്നത് ?
തന്നോട് പൂര്‍ണ്ണമായ വിധേയത്വം ആവശ്യപ്പെട്ടുകൊണ്ടാണ് യഹോവ പത്ത് കല്‍പ്പനകള്‍ ആരംഭിക്കുന്നത് തന്നെ.
യഹോവ ആണ് യിസ്രായേല്‍ ജനത്തെ അടിമത്തത്തില്‍ നിന്നും വിടുവിച്ചത്, യഹോവ മാത്രമാണ് അത് ചെയ്തത്.
യഹോവ മറ്റ് ചെറിയ ദേവന്മാരുമായി പങ്ക്ച്ചെര്‍ന്നു പ്രവര്‍ത്തിക്കുന്ന ദൈവം അല്ല.
അവന്‍ ദൈവം ആണ്, അവന്‍ മാത്രം ആണ് ദൈവം, അവന്‍ മാത്രം ആണ് ഉടമ്പടികളുടെ ദൈവം.

അതുകൊണ്ട് യഹോവ പൂര്‍ണ്ണമായ വിധേയത്വം ആവശ്യപ്പെടുന്നു.
യിസ്രായേല്‍ ജനത്തെപ്പോലെ തന്നെ നമ്മളും സമാധാനവും ആരോഗ്യവും സമൃദ്ധിയും ഈ ലോകത്തില്‍ അനുഭവിക്കുന്നത് യഹോവയായ ദൈവത്താല്‍ ആണ്.
നമ്മള്‍ പിശാചിന്റെ അടിമത്തത്തില്‍ നിന്നും വിടുവിക്കപ്പെട്ടത്‌ ദൈവത്താല്‍ മാത്രം ആണ്.

അതുകൊണ്ട് യഹോവയായ ദൈവത്തെ ആരാധിക്കുവാനും യഹോവയെ മാത്രം ആരാധിക്കുവാനും അവന്‍ നമ്മളോട് കല്‍പ്പിക്കുന്നു.
ദൈവം നല്‍കിയ വിടുതലിന്റെ മഹത്വം മറ്റു ആരുമായും പങ്കിടുവാന്‍ പാടില്ല.

ഇതാണ് ഒന്നാമത്തെ കല്‍പ്പനയുടെ പ്രാധ്യാന്യം. 

No comments:

Post a Comment