വിതയുടെയും കൊയ്ത്തിന്റെയും നിയമങ്ങള്‍

ഈ പ്രപഞ്ചത്തെ ഭരിക്കുന്ന ചില സാര്‍വ്വലൗകികമായ നിയമങ്ങള്‍ ഉണ്ട്
അവ സാര്‍വ്വലൌകീകം ആയതുകൊണ്ട് സ്ഥല കാല വ്യത്യാസങ്ങള്‍ അവയെ ബാധിക്കുന്നില്ല.
അവയെല്ലാം ലോകാരംഭം മുതല്‍ നിലനിന്നിരുന്നു; അവ ലോകാവസാനം വരെ അങ്ങനെ തന്നെ നിലനില്‍ക്കും.
സത്യത്തില്‍, ഈ പ്രപഞ്ചം നിലനില്‍ക്കുന്നത് അവയുടെ അടിസ്ഥാനത്തില്‍ ആണ്, അവയെ കൂടാതെ ഈ ലോകത്തില്‍ യാതൊന്നും നിലനില്‍ക്കുക ഇല്ല.
ആ നിയമങ്ങളിലെ ഒരു വള്ളിയോ പുള്ളിയോ മാറിയാല്‍ അത് ഈ പ്രപഞ്ചത്തെ മുഴുവന്‍ ബാധിക്കും, ചിലപ്പോള്‍ സര്‍വ്വ നാശവും സംഭവിക്കും.
യാതൊരു ബുദ്ധിമാനോ വിഡ്ഢിക്കോ അവയുടെ അസ്തിത്വത്തെയോ സ്വാധീനത്തെയോ നിരസിക്കുവാന്‍ കഴിയുക ഇല്ല.
മനുഷ്യന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, പ്രപഞ്ച നിയമങ്ങളും അവയുടെ സ്വാധീനവും ഇവിടെ ഉണ്ടാകും.

അതാണ്‌ ഈ സാര്‍വ്വലൌകീക നിയമങ്ങളുടെ പ്രാധാന്യം.

ഈ ഹൃസ്വ സന്ദേശത്തില്‍ വിതയുടെയും കൊയ്ത്തിന്റെയും സാര്‍വ്വലൌകീകമായ 12 നിയമങ്ങള്‍ വിശദീകരിക്കുവാന്‍ ആണ് ആഗ്രഹിക്കുന്നത്.

സന്ദേശത്തിലേക്ക് പോകും മുമ്പേ മൂന്നു കാര്യങ്ങള്‍ പ്രത്യേകം പറയുവാന്‍ ആഗ്രഹിക്കുന്നു:

1.    ഇവിടെ ഞാന്‍ പറയുവാന്‍ പോകുന്ന ചില ചിന്തകള്‍ മുമ്പ് Lessons from a Farmer എന്ന എന്റെ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. ആ വീഡിയോ എന്റെ ചാനലില്‍ ലഭ്യമാണ്. ദയവായി ആ വീഡിയോ കൂടെ ഇതിനൊപ്പം കാണുക. Channel id: youtube.com/thenaphtalitribe.

2.    പ്രശസ്തനായ വേദപണ്ടിതന്‍ മോറിസ് സെറുല്ലോയുടെ ഒരു വാചകം ഇവിടെ പങ്കുവെക്കട്ടെ.
അദ്ദേഹം പറഞ്ഞ വാചകത്തിന് എന്റെ വിശദീകരണം കൂടെ ചേര്‍ത്തിട്ടുണ്ട്.

മോറിസ് സെറുല്ലോ ഇങ്ങനെ പറഞ്ഞു: എല്ലാ സത്യവും സമാന്തരം ആണ്.
ഈ ഭൂമിയിലെ എല്ലാ സത്യങ്ങള്‍ക്കും സമാന്തരമായ ഒന്ന് ആത്മമണ്ഡലത്തില്‍ ഉണ്ട്.
എല്ലാം ആത്മമണ്ഡലത്തില്‍ ആദ്യം സംഭവിക്കുകയും പിന്നീട് ഭൌതീകമണ്ഡലത്തില്‍ സമാന്തരമായി അത് സംഭവിക്കുകയും ചെയ്യുന്നു.
ആത്മമണ്ഡലത്തില്‍ ആരംഭിക്കാതെ യാതൊന്നും ഈ ഭൂമിയില്‍ സംഭവിക്കുന്നില്ല.
ആത്മമണ്ഡലത്തിലെ സത്യം കൂടാതെ ഈ ഭൂമിയില്‍ യാതൊന്നിനും നിലനില്‍പ്പില്ല.
സത്യം ആത്മമണ്ഡലത്തിലും അതിന്റെ പ്രതിഫലനം ഈ ഭൂമിയിലും സംഭവിക്കുന്നു.

അതുകൊണ്ട് വിതയുടെയും കൊയ്ത്തിന്റെയും നിയമങ്ങള്‍ ആദ്യം ഉണ്ടായതു ആത്മമണ്ഡലത്തില്‍ ആണ്; അതിനു ശേഷം അത് ഭൂമിയില്‍ സംഭവിച്ചു.
ഈ നിയമങ്ങള്‍ ആത്മ മണ്ഡലത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നവ ആയതിനാല്‍ അവ രണ്ടു മണ്ഡലങ്ങളിലും മാറ്റമില്ലാതെ ഇരിക്കുന്നു.
ഇവയുമായി ചേര്‍ന്ന് ജീവിക്കുക എന്നതല്ലാതെ മനുഷ്യനും ഈ ലോകത്തിനും മറ്റൊരു മാര്‍ഗ്ഗവും ഇല്ല.

3.    വിതയുടെയും കൊയ്ത്തിന്റെയും നിയമങ്ങള്‍ എല്ലാം അനുകൂലവും പ്രതികൂലവും അഥവാ അനുഗ്രഹവും ശാപവും ആയി പ്രവര്‍ത്തിക്കുന്നവ ആണ്.
എന്നാലും, വേദപുസ്തകത്തില്‍ അവയെ പ്രഥമമായും അനുകൂലം അഥവാ അനുഗ്രഹം ആയിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്.

ഈ നിയമങ്ങള്‍ കൃഷിക്കാര്‍ക്ക് മാത്രം അല്ല, ഈ ഭൂമിയിലെ എല്ലാ ജീവജാലകങ്ങളുടെയും പ്രവൃത്തികള്‍ക്ക് ബാധകം ആണ്.
അവ സൃഷ്ടാവായ ദൈവത്താല്‍ നിയമിക്കപ്പെട്ടവ ആയതിനാല്‍ എല്ലാ നല്ല പ്രവര്‍ത്തികള്‍ക്കും ദോഷപ്രവര്ത്തികള്‍ക്കും ഒരുപോലെ ബാധകം ആണ്.

ഈ ചിന്തകള്‍ മനസ്സില്‍ വച്ചുകൊണ്ട് നമുക്ക് വിതയുടെയും കൊയ്തിന്റെയും നിയമങ്ങള്‍ പഠിക്കാം.
ഗലാത്യര്‍ക്ക് എഴുതിയ ലേഖനം 6:7 – 10 വാക്യങ്ങളില്‍ വിതയുടെയും കൊയ്തിന്റെയും അനേകം നിയമങ്ങള്‍ അടങ്ങിയിരിക്കുന്നു.
അതുകൊണ്ട് ഈ പഠനം അവസാനിക്കുന്നത് വരെ ഈ വാക്യം മനസ്സില്‍ സൂക്ഷിക്കുക.
  
ഗലാത്യര്‍ 6 : 7 - 10
  വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.
  ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും.
  നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.
10  ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക.

നിയമം 1.  വിതയ്ക്കു ഒരു ലക്‌ഷ്യം ഉണ്ട്

വിതക്കുക എന്നത് ഒരു കൃഷിക്കാരന്റെ ലക്ഷ്യമില്ലാത്ത പ്രവര്‍ത്തി അല്ല.
അത് ഒരു വിനോദമോ ധര്‍മ്മപ്രവര്‍ത്തിയോ അല്ല.
സ്ഥലം ഒഴിച്ചെടുക്കുവാനായി വിത്തുകള്‍ വാരി വിതറുകയല്ല.
കൊയ്ത്തു ലക്ഷ്യം വച്ചുകൊണ്ടുള്ള കൃഷിക്കാരന്റെ പ്രവൃത്തി ആണ്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കൃഷിക്കാരന്‍ സമ്പന്നനായ ഒരു നിക്ഷേപകനെ പോലെ ആണ്.
കൊയ്ത്തു എന്ന ലക്ഷ്യം ഇരുകൂട്ടര്‍ക്കും ഉണ്ട്.

ഒരു ധനികന്‍ തന്റെ സമ്പത്ത് നിക്ഷേപിക്കുന്നത് ആകര്‍ഷണീയമായ ലാഭത്തോടെ തിരികെ ലഭിക്കേണം എന്ന ആഗ്രഹത്തോടെ ആണ്.
അദ്ദേഹത്തിന്റെ ഇതേവരെയുള്ള വരുമാനത്തില്‍ നിന്നും സമ്പാദിച്ചു വച്ചതാണ് അദ്ദേഹം നിക്ഷേപിക്കുന്നത്.
സമ്പാദ്യം എന്നാല്‍ ഇതുവരെയുള്ള വരുമാനത്തില്‍ നിന്നും നാളേക്കായി മാറ്റി വച്ചതാണ്.
സമ്പാദ്യം നിക്ഷേപിച്ചാല്‍ അത് വളരും എന്നും നാളെ അത് ഒരു അനുഗ്രഹം ആയി തീരും എന്നും അദ്ദേഹത്തിനു അറിയാം.

വിത്തുകള്‍ കഴിഞ്ഞ കൊയ്ത്തില്‍ ലഭിച്ച വിളകള്‍ ആണ്.
അത് നാളേക്കായി മാറ്റിവച്ച കൊയ്ത്തിന്റെ ഭാഗമാണ്.
തന്റെ വിത്തുകള്‍ വര്‍ദ്ധിപ്പിക്കുവാനും ജീവനെ നിലനിര്‍ത്തുവാനും ഉള്ള ഏക മാര്‍ഗ്ഗം വിതക്കുക എന്നതാണ് എന്ന് അദ്ദേഹത്തിനു അറിയാം.

അതുകൊണ്ട് അദ്ദേഹം ഒരു ലക്ഷ്യത്തോടെ വിതക്കുന്നു.
ഒരു ലക്‌ഷ്യം എല്ലാ എങ്കില്‍ അദ്ദേഹത്തിന്റെ കൊയ്ത്തു അര്‍ത്ഥശൂന്യം ആണ്.
ലക്ഷ്യമില്ലാത്ത കൃഷിക്കാരന്‍ ഒരു വിഡ്ഢി ആണ്.

അതുകൊണ്ട് വിതക്കുന്നതിനുമുമ്പ് കൊയ്ത്തിന്റെ ലക്ഷ്യം ഉറപ്പിക്കുക.
ഈ നിയമം പാലിക്കാതിരുന്നാല്‍ മറ്റു നിയമങ്ങള്‍ ഫലപ്രദമാകില്ല.

നമ്മളുടെ എല്ലാ പ്രവര്‍ത്തികള്‍ക്കും ഒരു ലക്ഷ്യം ഉണ്ടായിരിക്കേണം.
ലക്ഷ്യമില്ലാത്ത ഒരു പ്രവര്‍ത്തി അര്‍ത്ഥശൂന്യം ആണ്.
ലക്ഷ്യം നമ്മളുടെ പ്രവര്‍ത്തികളെ നല്ലതാക്കുകയും മോശമാക്കുകയും ചെയ്യും.
നല്ല ലക്ഷ്യത്തിനു നമ്മളെ അര്‍ത്ഥപൂര്‍ണമായ ഒരു ജീവിതത്തിലേക്ക് നയിക്കുവാന്‍ കഴിയും.
നിയമം 2.  വിതയ്ക്കും കൊയ്ത്തിനും ഒരു കാലം ഉണ്ട്

വര്‍ഷം മുഴുവനും എല്ലാ കാലത്തും ഒരു കൃഷിക്കാരന്‍ വിതച്ചുകൊണ്ടേ ഇരിക്കയില്ല.
ശരിയായ സമയത്ത് മാത്രമേ ഒരു കൃഷിക്കാരന്‍ വിതക്കുക ഉള്ളൂ.

ഋതുഭേദങ്ങള്‍ ഒരു സാര്‍വ്വലൌകീക നിയമം ആണ്.
മനുഷ്യര്‍ക്ക്‌ അത് മാറ്റുവാനോ നിഷേധിക്കുവാനോ കഴിയുക ഇല്ല.
അതുകൊണ്ട് അതിനനുസരണമായി ജീവിക്കുന്നതാണ് ബുദ്ധി.
ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവായ ദൈവം സ്ഥാപിച്ചതാണ് ഋതുഭേദങ്ങള്‍.

സഭാപ്രസംഗി  3 : 1, 2
എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.
ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിപ്പാൻ ഒരു കാലം;

അതുകൊണ്ട് ഏറ്റവും ശരിയായ സമയത്ത് വിതയ്ക്കുവാന്‍ നമ്മള്‍ കരുതി ഇരിക്കേണം.
വിതയുടെ കാലമോ അവസരമോ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധയോടെ ആയിരിക്കേണം.
വിതയുടെ കാലം നമുക്ക് നഷ്ടപ്പെട്ടാല്‍ കൊയ്ത്തിന്റെ കാലവും നമുക്ക് നഷ്ടപ്പെടും.

വിതയ്ക്കുവാന്‍ ഏറ്റവും നല്ല കാലം അവസരങ്ങള്‍ ആണ്.
നമ്മളുടെ വീട്ടുപടിക്കലെത്തുന്ന ദരിദ്രനായ മനുഷ്യനും അയല്‍പക്കത്തെ പാവപ്പെട്ടവനും അനാഥനും എല്ലാം വിതക്കുവാനുള്ള അവസരങ്ങള്‍ ആണ്.
സഭ ഏറ്റെടുത്തിരിക്കുന്നതോ ക്രമീകരിക്കുവാന്‍ ആഗ്രഹിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങള്‍, കൂട്ടുവിശ്വാസിയുടെയോ സഭാശുശ്രൂകന്റെയോ ആവശ്യങ്ങള്‍ എന്നിവ എല്ലാം വിതക്കുവാനുള്ള അവസരങ്ങള്‍ ആണ്.

ഓര്‍ക്കുക, നമുക്ക് ചുറ്റിനും ഇപ്പോഴും വിതയ്ക്കുവാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ട്.
നമ്മള്‍ ചുറ്റിനും നോക്കിയാല്‍ അവസരങ്ങള്‍ നമുക്കായി കാത്തിരിക്കുന്നത് കാണാം.

അതുകൊണ്ട് വിത്ത് വിതക്കുക, ഒരു അവസരവും പാഴാക്കരുത്.

നിയമം 3.  കൊയ്ത്തിനു വ്യത്യസ്തമായ ഒരു കാലം ഉണ്ട്

വിതയ്ക്കും കൊയ്ത്തിനും വ്യത്യസ്തമായ കാലങ്ങള്‍ ഉണ്ട്; വിതയ്ക്കുവാന്‍ ഒരു കാലം, കൊയ്യുവാന്‍ മറ്റൊരു കാലം.
നമ്മള്‍ ഒരിക്കലും വിതയുടെ കാലത്ത് കൊയ്യുക ഇല്ല; കൊയ്യുന്നത് മറ്റൊരു കാലത്താണ്.
ഈ രണ്ടു കാലങ്ങള്‍ക്കുമിടയില്‍ ഒരു ഇടവേള ഉണ്ടായിരിക്കും.
ഈ രണ്ടു കാലങ്ങള്‍ക്കുമിടയില്‍ ധാരാളം സംഭവങ്ങള്‍ നടക്കും.
ഇടവേളയില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും കൊയ്ത്തിനെ പാകമാക്കുകയാണ് ചെയ്യുന്നത്.
അതിന്റെ അര്‍ഥം, വിതയ്ക്കും കൊയ്ത്തിനും ഇടയില്‍ മറ്റ് കാലങ്ങള്‍ക്ക് വിതയുടെമേല്‍ പ്രവര്‍ത്തിച്ചു കൊയ്ത്തിനെ പാകമാക്കുവാനായി ഒരു ഇടവേള ഉണ്ടായിരിക്കേണം എന്നാണ്.

റോമന്‍ സാമ്രാജ്യം രൂപീകരിക്കപ്പെട്ടത് ഒരു ദിവസം കൊണ്ടല്ല എന്ന ചൊല്ല് നമ്മള്‍ ഓര്‍ക്കെണം.
ഒരു ദിവസം കൊണ്ട് ഒരു മികച്ച കയികാഭ്യാസി ഉണ്ടാകുകയില്ല.
ഒരു മണിക്കൂര്‍ കൊണ്ട് ഒരു വ്യക്തിയെ യുദ്ധസന്നദ്ധനായ പടയാളി ആകി മാറ്റുവാന്‍ കഴിയില്ല.
ഒരു രാത്രികൊണ്ട്‌ ബുദ്ധിയും ജ്ഞാനവും പ്രാപിക്കുവാന്‍ കഴിയില്ല.
ഒരു രാത്രികൊണ്ട്‌ ഒരു ആത്മീയ നേതാവിനെ സൃഷ്ടിക്കുവാന്‍ കഴിയുക ഇല്ല.

ഇതാണ് ജീവിത നിയമം.

അതുകൊണ്ട് ക്ഷമ വിജയത്തിന്റെ മഹാരഹസ്യം ആണ്.
ക്ഷമയോടെ കാത്തിരുന്നാല്‍ നമ്മള്‍ തീര്‍ച്ചയായും കൊയ്യും.

യാക്കോബ് 5 : 7   എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ.
കാത്തിരിക്കുന്നത് പരാജയം അല്ല.
കൊയ്ത്തിന്റെ കാലം വരെ കാത്തിരിക്കുന്നത് കൃഷിക്കാരന്റെ വിജയം ആണ്.
കാത്തിരിക്കുന്ന കാലം വിളകള്‍ പാകമാകുകയും സമൃദ്ധമാകുകയും ചെയ്യുന്ന കാലം ആണ്.
കാത്തിരിപ്പ് വിളകളെ നൂറുമേനി ആക്കി മാറ്റുന്നു.
  
നിയമം 4.  നമ്മള്‍ ദൈവവുമായി പങ്കാളിത്തത്തില്‍ ആണ്

വിതയിലും കൊയ്ത്തിലും നമ്മള്‍ ദൈവവുമായി പങ്കാളിത്തത്തില്‍ ആണ്.
വിതയ്ക്കു ശേഷം നമ്മള്‍ വിശ്രമിക്കുമ്പോള്‍ ദൈവം നല്ല ഒരു കൊയ്ത്തിനായി അദ്ധ്വാനിച്ചുകൊണ്ടേ ഇരിക്കുന്നു.
വിതയുടെ കാലത്തെ അദ്ധ്വാനത്തിന് ശേഷം നമ്മള്‍ വിശ്രമിക്കുമ്പോള്‍ നമുക്ക് വേണ്ടി അദ്ധ്വാനിക്കുന്ന പങ്കാളി ആണ് ദൈവം.

കാലവും സമയവും നമ്മളുടെ നിയന്ത്രണത്തില്‍ അല്ല; അവ നിയന്ത്രണത്തിന് വെളിയിലും അല്ല.
അവയുടെ സൃഷ്ടാവായ ദൈവത്തിന് അവയുടെമേല്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്.
ദൈവം സമയത്തേയും കാലങ്ങളെയും നിയമിച്ചിരിക്കുന്നു.
അവിടുന്ന് നിയമിച്ചതിന്റെ നിവൃത്തിക്കായി ദൈവം പിന്നാലെ ഉണ്ട്.

സദൃശ്യവാക്യങ്ങള്‍ 10 : 22  യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.
ഈ അദ്ധ്വനത്തിലെ നമ്മളുടെ പങ്കാളിയെ മറക്കാതിരിക്കുക; അവനെകൂടാതെ നമുക്ക് അനുഗ്രഹം പ്രാപിക്കുവാന്‍ കഴിയുക ഇല്ല.
നമ്മള്‍ ഉറങ്ങുമ്പോഴും അവന്‍ നമുക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു.
നമ്മളുടെ വിളവിന് നിറവും, മണവും, രുചിയും നല്‍കുന്നത് ദൈവം ആണ്.
നമ്മളുടെ വിത്തുകളെ നൂറുമടങ്ങായി വര്‍ദ്ധിപ്പിക്കുന്നത് അവന്‍ ആണ്.

നിയമം 5.  വിതയില്ലാതെ കൊയ്ത്തും ഇല്ല

എല്ലാ ഫലങ്ങള്‍ക്കും പിന്നില്‍ ഒരു കാരണം ഉണ്ടായിരിക്കും.
ഒരു നിശ്ചിത കാലത്തിനു മുമ്പ് സംഭവിച്ച വിതയുടെ ഫലം ആണ് കൊയ്ത്തു.
വിതയില്ലാതെ കൊയ്ത്തു ഇല്ല.
വിത കാരണം കൊയ്ത്തു ഉണ്ടാകുന്നു; കൊയ്ത്തു വീണ്ടും വിതയ്ക്കു കാരണമാകുന്നു.

വിതയുടെ കാലം നമ്മളോട്  വിതയ്ക്കുവാന്‍ ആവശ്യപ്പെടുന്നു..
മടിയനായ ഒരു മനുഷ്യന്‍ ഒരിക്കലും കൊയ്യുക ഇല്ല.

സദൃശ്യവാക്യങ്ങള്‍ 20 : 4  മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.

വിതക്കുക എന്നാല്‍ നമ്മളുടെ സമ്പത്ത് നിക്ഷേപിക്കുക എന്നാണു.
ഇന്നത്തെ വരുമാനത്തില്‍ നിന്നും ഒരു ഭാഗം മാറ്റിവക്കുന്നതാണ് നമ്മള്‍ നാളെക്കായി നിക്ഷേപിക്കുന്നത്.
അത് മാറ്റി വയ്ക്കുന്ന ഭാഗം ആണ്; നമ്മളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ശേഷം അധികം വരുന്ന ഭാഗം അല്ല.

ബുദ്ധിമാനായ ഒരു കൃഷിക്കാരന്‍ തന്റെ കൊയ്ത്തു ഭക്ഷിക്കുവാന്‍ തുടങ്ങുതിന്മുമ്പ് തന്നെ അടുത്ത വിതക്കായി വിത്തുകള്‍ മാറ്റിവയ്ക്കും.
വിളവെടുത്തതെല്ലാം ഭക്ഷിക്കാനുല്ലതല്ല എന്ന് ഒരു കൃഷിക്കാരന് അറിയാം.
ഇന്നത്തെ വിളവിലെ നല്ല ഫലങ്ങള്‍ വിത്തുകളായി അദ്ദേഹം മാറ്റി വക്കും; കാരണം ഭാവിയില്‍ കൂടുതല്‍ നല്ല വിളവെടുപ്പ് ഉണ്ടാകേണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

നമ്മള്‍ വിതക്കുന്നതു നമുക്കുവേണ്ടി മാത്രം അല്ല; അത് പിന്‍ഗാമികള്‍ക്ക് വേണ്ടികൂടി ആണ്.
വിതക്കുന്നതു പിന്‍ഗാമികള്‍ക്ക് ഒരു ദൃഷ്ടാന്തമാണ്; അവര്‍ക്ക് ആഹാരവും വിതയ്ക്കുവാന്‍ വിത്തും ആണ്.

നിയമം 6.  വിതക്കുന്നതു തന്നെ കൊയ്യും

ഉല്‍പ്പത്തി 5 : 3   ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.

തിരഞ്ഞെടുപ്പിനുള്ള നമ്മളുടെ സ്വതന്ത്ര ഇച്ഛാശക്തിയെ വിതയുടെയും കൊയ്ത്തിന്റെയും നിയമങ്ങള്‍ ഇല്ലാതാക്കുന്നില്ല.
നന്മയും തിന്മയും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം മനുഷ്യര്‍ക്ക്‌ ഉണ്ട്.

മനുഷ്യജീവിതം തിരഞ്ഞെടുപ്പുകള്‍ നിറഞ്ഞതാണ്‌.
നമ്മളുടെ തിരഞ്ഞെടുപ്പുകള്‍ ദൈനംദിനജീവിതത്തെയും നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളെയും ബാധിക്കുന്നു.
നമ്മളുടെ തിരഞ്ഞെടുപ്പുകള്‍ നമ്മളുടെയും മറ്റുള്ളവരുടെയും ജീവിതത്തെ സ്വാധീനിക്കുന്നു.
അവയുടെ സ്വാധീനം ചിലപ്പോള്‍ ഉടന്‍ കണ്ടു എന്ന് വരാം, ചിലപ്പോള്‍ അല്‍പ്പകാലം താമസിച്ചു എന്ന് വരാം.
അതിന്റെ അര്‍ഥം നമ്മളുടെ തിരഞ്ഞെടുപ്പുകള്‍ വളരെ പ്രധാനം ആണ് എന്നാണു.

ഒരു തിഞ്ഞെടുപ്പ് നടത്തുന്നതും നിഷ്ക്രിയര്‍ ആയിരിക്കുന്നതും തിരഞ്ഞെടുപ്പ് തന്നെ ആണ്.
പക്ഷാഭേദം എന്നൊന്നില്ല; പക്ഷഭേദം ഒരു പക്ഷം ആണ്; ഒരു തിരഞ്ഞെടുപ്പ് ആണ്.

എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും അതിന്റേതായ പരിണതഫലവും ഉണ്ടായിരിക്കും.
പരിണതഫലത്തിന് അളവില്‍ വ്യത്യാസം ഉണ്ടായേക്കാം.
അങ്ങനെ ജീവിതം എന്നത് നല്ലതിന്റെയും തിന്മയുടെയും പരിണതഫലം നിറഞ്ഞതാണ്‌.
നമ്മള്‍ വളരെ നിസ്സാരം എന്ന് ചിന്തിക്കുന്ന ചില തിരഞ്ഞെടുപ്പുകള്‍ വളരെ ഗൌരവമേറിയ പരിണതഫലങ്ങള്‍ ഉണ്ടാക്കിയേക്കാം.
അത് നമ്മളെ തിന്മയില്‍ നിന്നും കാത്തു സൂക്ഷിക്കുകയോ അപകടത്തിലേക്ക് നയിക്കുകയോ ചെയ്തേക്കാം.
ഒരു തിരഞ്ഞെടുപ്പ് മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നമ്മളെ നയിക്കും.
അവ ഒരിക്കലും ഇല്ലാതെആയി ആദ്യം മുതല്‍ പുതിയതായി ആരംഭിക്കുവാന്‍ നമ്മളെ അനുവദിക്കുക ഇല്ല.

ഈ നിയമത്തെ പരിണതഫലത്തിന്റെ നിയമം എന്നും വിളിക്കും.
മനുഷ്യന്റെ എല്ലാ പ്രവര്‍ത്തികള്‍ക്കും ഒരു പരിണതഫലം ഉണ്ട് എന്ന് ഈ നിയമം പറയുന്നു.
വിതക്കുവാനുള്ള നമ്മളുടെ തിരഞ്ഞെടുപ്പിന്റെ പരിണതഫലം ആണ് കൊയ്ത്ത്.
നമ്മള്‍ എന്ത് വിതയ്ക്കുവാന്‍ തീരുമാനിച്ചുവോ അത് തന്നെ നമ്മള്‍ കൊയ്യും.
നമ്മള്‍ വിതക്കുന്നതുതന്നെ നമ്മള്‍ കൊയ്യും എന്നത് വിതയുടെയും കൊയ്ത്തിന്റെയും മാറ്റമില്ലാത്ത നിയമം ആണ്.
                        
ഉല്‍പ്പത്തി 1 : 11  ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

ഈ ഭൂമിയിലെ എല്ലാ ജീവജാലകങ്ങളും അവയുടെ തരം മാത്രമേ സൃഷ്ടിക്കാറുള്ളൂ.
ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് അപ്രകാരം കല്‍പ്പിച്ചിരിക്കുക ആണ്.

ഗലാത്യര്‍ 6 : 7, 8
  വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.
  ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും.

നിയമം 7. ഒരിക്കല്‍ വിതച്ചാല്‍ കൊയ്ത്തു നിശ്ചയമാണ്

ഒരിക്കല്‍ നമ്മള്‍ വിത്ത് വിതച്ചാല്‍ കൊയ്ത്തു നിശ്ചയമാണ്, നമ്മള്‍ കൊയ്തേ മതിയാകൂ.
എല്ലാ വിത്തുകള്‍ക്കും മുളക്കുവാനും വളരുവാനുള്ള ആന്തരിക ശക്തി ഉണ്ട്.
വിത്ത്‌ ഭൂമിയില്‍ വിതച്ചു കഴിഞ്ഞാല്‍ അത് വളരുവാനുള്ള പ്രക്രിയ ആരംഭിക്കും.
വിത്ത് ഒരു മുകുളമായും ചെറിയ സസ്യം ആയും മരമായും വളര്‍ന്നു ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങും.
അത് ക്രമേണ വിളവെടുപ്പിനു പാകമാകും.

വിതുവിതച്ച വ്യക്തിക്ക് വിളവെടുപ്പ് ഒഴിവാക്കുവാന്‍ കഴിയുകയില്ല.
ഇതു കൊയ്ത്തിന്റെ മാറ്റമില്ലാത്ത നിയമം ആണ്.

ഉദാഹരണത്തിന്: നിങ്ങളുടെ വീടിന്റെ സമീപത്തുള്ള ഭൂമിയില്‍ ഒരു ചെറിയ വിത്ത്‌ വിതക്കുന്നു എന്ന് കരുതുക.
അനുകൂലമായ സാഹചര്യത്തില്‍ അത് മുളക്കുകയും വളരുകയും ചെയ്യും.
ഒരു ചെറിയ സസ്യമായും പിന്നീടു ഫലം പുറപ്പെടുവിക്കുന്ന വലിയ സസ്യമോ വൃക്ഷമോ ആയി അത് വളരും.
പിന്നീടു അത് ഫലം പുറപ്പെടുവിക്കാന്‍ തുടങ്ങും.
അങ്ങനെ നിങ്ങള്‍ കൊയ്ത്തു അഥവാ വിളവെടുപ്പ് നടത്തുന്നു.

എന്നാല്‍ നിങ്ങള്‍ക്ക് ആ വൃക്ഷത്തിന്റെ ഫലം ഇഷ്ടപ്പെട്ടില്ല; അതുകൊണ്ട് വിളവെടുപ്പ് നടത്തിയില്ല എന്ന് കരുതുക.
എന്നിരുന്നാലും നിങ്ങളുടെ വീടിന്റെ സമീപത്തുള്ള ആ വൃക്ഷം അതിന്റെ ഫലം പുറപ്പെടുവിച്ചുകൊണ്ടിരിക്കും.
നിങ്ങള്‍ വിളവു ശേഖരിക്കാന്‍ മടിച്ചാല്‍ അതിലെ എല്ലാ ഫലങ്ങളും പാകമായി നിലത്തു, നിങ്ങളുടെ വീടിന്റെ സമീപത്തുതന്നെ വീഴും.
ആ വൃക്ഷം സ്വയം വിളവെടുപ്പ് നടത്തി നിങ്ങളുടെ വീടിന്റെ മുറ്റത്ത്‌ കൂട്ടിവെക്കും.
കാരണം, വിതച്ചാല്‍ കൊയ്ത്തു അനിവാര്യം ആണ്.


നമ്മള്‍ വിതച്ചത് മാത്രമല്ല, മറ്റുള്ളവര്‍ വിതച്ചതുകൂടി നമ്മള്‍ കൊയ്യേണ്ടി വരും എന്നത് കൊയ്ത്തിന്റെ പ്രത്യേകത ആണ്.
ഇതു അവരുടെ വിത്ത് അനുസരിച്ച് നന്മയോ തിന്മയോ ആകാം.

അങ്ങനെ നമ്മള്‍ നമ്മളുടെ മുന്‍ഗാമികള്‍ വിതച്ചത് കൊയ്യുന്നു; നമ്മളുടെ സമകാലീനര്‍ വിതക്കുന്നതും കൊയ്യുന്നു.

നമ്മള്‍ ആരും തന്നെ, ശൂന്യതയില്‍ നിന്നും ക്ഷണത്തില്‍ പോട്ടിപുറപ്പെട്ടുവന്നവര്‍ അല്ല.
നമുക്ക് എല്ലാവര്‍ക്കും മുന്‍ഗാമികള്‍ ഉണ്ട്, പിന്‍ഗാമികളും ഉണ്ട്.
മുന്‍ഗാമികളില്‍ നിന്നും നമുക്ക് ജീവന്‍ ലഭിച്ചു, പിന്ഗാമികള്‍ക്ക് അത് കൊടുക്കുകയും ചെയ്യുന്നു.
നമ്മള്‍ ഇന്ന് അനുഭവിക്കുന്ന എല്ലാ നന്മയും മറ്റുള്ളവരുടെ വിതയുടെയും അധ്വാനത്തിന്റെയും ഫലം കൂടി ആണ്.
പലപ്പോഴും നമ്മള്‍ വിതക്കാത്തതും അദ്ധ്വനിക്കാത്തതും ആയതിന്റെ വിളവ്‌ അനുഭവിക്കുന്നുണ്ട്.
മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ ഫലത്തിലേക്ക് അവകാശത്തോടെ പ്രവേശിക്കുവാന്‍ നമുക്ക് കഴിയുന്നു.
ഇതിനെ പിന്തുടര്‍ച്ച അവകാശത്തിന്റെ നിയമങ്ങള്‍ എന്ന് വിളിക്കുന്നു.

യോഹന്നാന്‍ 4 : 38  നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.

വിതക്കുക എന്ന തിരഞ്ഞെടുപ്പ് മറ്റൊരു വ്യക്തിയുടെ ആണെങ്കിലും നമ്മള്‍ മിക്കപ്പോഴും അതിന്റെ പരിതഫലം അനുഭവിക്കേണ്ടി വരുന്നു.
കൊയ്ത്തു നല്ലതാണെങ്കിലും മോശമാണെങ്കിലും, നന്മ ആണെങ്കിലും തിന്മ ആണെങ്കിലും നമ്മള്‍ അത് അനുഭവിക്കേണ്ടി വരുന്നു.
ഓര്‍ക്കുക, വിതച്ചത് തന്നെ നമ്മള്‍ കൊയ്യേണ്ടി വരും.

നമ്മളുടെ പൂര്‍വ്വികരില്‍ നിന്നും ബുദ്ധിശക്തിയും, സൗന്ദര്യവും, കഴിവുകളും നമ്മള്‍ പ്രാപിച്ചിരിക്കുന്നു എന്ന് അഭിമാനത്തോടെ പറയാറുണ്ട്.
അതിന്റെ അര്‍ത്ഥം അവര്‍ വിതച്ചത് നമ്മള്‍ കൊയ്യുന്നു എന്നാണു.
എന്ന് പറഞ്ഞാല്‍, അനുഗ്രഹവും, സന്തോഷവും, ശാപവും, ദുഖവും എല്ലാം നമ്മള്‍ അവകാശമായി സ്വീകരിക്കുന്നു എന്നുകൂടി ആണ്.

അതുകൊണ്ട് നമ്മള്‍ ഓര്‍ക്കേണ്ടുന്ന ഒരു കാര്യം ഉണ്ട്: നമ്മള്‍ വിതക്കുന്നതെല്ലാം നമ്മളുടെ പിന്‍ഗാമികള്‍ കൊയ്യേണ്ടാതായി വരും.
നമ്മള്‍ നന്മ വിതച്ചാല്‍ നമ്മളുടെ മക്കള്‍ അനുഗ്രഹം കൊയ്യും; നമ്മള്‍ തിന്മ വിതച്ചാല്‍ നമ്മളുടെ തലമുറ ശാപം കൊയ്യും.

ഈ നിയമം നമ്മളുടെ മുന്‍ഗാമികള്‍ വിതച്ചതിന്റെ ഫലത്തെക്കുറിച്ച് മാത്രമല്ല പറയുന്നത്.
നമ്മള്‍ സുഖമായും സന്തോഷമായും ജീവിക്കുന്നത് നമ്മളുടെ സമകാലീനര്‍ വിതക്കുന്ന വിത്തിന്റെ ഫലം കൊണ്ട് കൂടി ആണ്.
എന്നാല്‍ ഈ നൂറ്റാണ്ടില്‍ പൊതുവേ മനുഷ്യര്‍ അരക്ഷിതരും ഭയചകിതരും ആണ്; കാരണം നമ്മളുടെ സമകാലീനര്‍ ദുഷ്ടത വിതച്ചുകൊണ്ടിരിക്കുക ആണ്.
  
നിയമം 8. വിതക്കുന്നതിനേക്കാള്‍ കൂടുതല്‍ കൊയ്യും

ഇതു വളരെ ഗൌരവമേറിയ ഒരു സത്യം ആണ്.
ഒരു വിത്ത്‌ നൂറുമേനി ഫലം കായ്ക്കാം എന്നത് ദൈവീക നിയമം ആണ്.

കൊയ്ത്തു എപ്പോഴും വിതയെക്കാള്‍ കൂടുതല്‍ ആയിരിക്കും.
ഈ സത്യം ആണ് വിത്തുകള്‍ വിതക്കുവാനും ഒരു സസ്യമോ വൃക്ഷമോ നടുവാനും ഒരു കൃഷിക്കാരനെ പ്രചോദിപ്പിക്കുന്നത്.
നമ്മള്‍ ഭൂമിയില്‍ നടുന്നത് മാത്രം എണ്ണത്തില്‍ കൊയ്യുക ആണെങ്കില്‍ വിതക്കുന്നതു നഷ്ടം ആയിരിക്കും.
മാത്രവുമല്ല, വിതക്കുന്നതിനേക്കാള്‍ കൂടുതല്‍ വിളവ്‌ ലഭിക്കുന്നില്ല എങ്കില്‍ മനുഷ്യര്‍ക്ക്‌ ആഹാരം ഉണ്ടാകുകയോ പ്രകൃതിതന്നെ നിലനിക്കുകയോ ചെയ്യുകയില്ല.

വിതക്കുന്നതിനേക്കാള്‍ കൂടുതല്‍ വിളവു എന്നത് വിതയുടെയും കൊയ്ത്തിന്റെയും അടിസ്ഥാന നിയമങ്ങളില്‍ ഒന്നാണ്.
ഇതു കൃഷിയില്‍ മാത്രമല്ല, നമ്മളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും സത്യം ആണ്.
ഇതു ഭൌതീക മണ്ഡലത്തിലും ആത്മീയമണ്ഡലത്തിലും അവിശ്വാസിക്കും വിശ്വാസിക്കും ഒരുപോലെ ബാധകം ആണ്.

നമ്മള്‍ നല്ലത് വിതക്കുമ്പോള്‍, ആര്‍ക്കും കടക്കാരന്‍ അല്ലാത്ത ദൈവം നമ്മളെ സമൃദ്ധമായി അനുഗ്രഹിക്കും.
അതെ നിയപ്രകാരം, നമ്മള്‍ തിന്മ വിതച്ചാല്‍ അധികം തിന്മ കൊയ്യേണ്ടാതായി വരും.

വിതയെ വര്‍ധിപ്പിച്ചു വലിയ കൊയ്ത്തു നല്‍കുക എന്നത് മനുഷ്യന്റെ കാര്യം അല്ല.
മനുഷ്യന്‍ വിത്ത്‌ വിതക്കുന്നു; ദൈവം അത് വര്‍ദ്ധിപ്പിക്കുന്നു.
മനുഷ്യന് അതില്‍ നിയത്രണം ഇല്ല.
അതുകൊണ്ട് എന്ത് വര്‍ദ്ധിപ്പിക്കേണം, എത്രമാത്രം വര്‍ദ്ധിപ്പിക്കേണം എന്നൊന്നും മനുഷ്യന് തീരുമാനിക്കുവാന്‍ കഴിയുക ഇല്ല.

ദൈവം തന്റെ ഹിതപ്രകാരം വിത്തുകളെ വര്‍ദ്ധിപ്പിക്കുന്നു എന്നതിനാല്‍ നമുക്ക് അതില്‍ നിയന്ത്രണം ഇല്ല.
നല്ലത് വിതക്കുന്ന കൃഷിക്കാരന്റെ സന്തോഷവും പ്രത്യാശയും ഇതാണ്; തിന്മ വിതക്കുന്നവരുടെ ഭയവും ഇതാണ്.

നമ്മളുടെ എല്ലാ നല്ല പ്രവര്‍ത്തികളും തിന്മ പ്രവര്‍ത്തികളും അനേക മടങ്ങായി വര്‍ദ്ധിച്ചു നമ്മളിലേക്ക് തന്നെ മടങ്ങി വരുന്നു.

നിയമം 9. വിതക്കുന്ന അളവിനൊത്ത് നമ്മള്‍ കൊയ്യും

നമ്മള്‍ വിതക്കുന്നതിനെക്കാള്‍ അനേകമടങ്ങ്‌ നമ്മള്‍ കൊയ്യും എന്നാണ് മുമ്പ് പറഞ്ഞ നിയമത്തില്‍ നമ്മള്‍ പഠിച്ചത്.
ഇപ്പോള്‍ നമ്മള്‍ പഠിക്കുന്ന നിയമം പറയുന്നത് നമ്മള്‍ വിതക്കുന്ന അളവിനൊത്ത് നമ്മള്‍ കൊയ്യും എന്നാണു.
രണ്ടു നിയമങ്ങളും തമ്മില്‍ ബന്ധമുണ്ട് എങ്കിലും അവ വ്യത്യസ്തം ആണ്.

നമ്മള്‍ വിതക്കുന്നതു തന്നെ കൊയ്യും എന്ന് പറയുമ്പോള്‍ നമ്മള്‍ വിതക്കുന്ന അളവിന് അനുസരിച്ച് നമ്മള്‍ കൊയ്യും എന്നുകൂടി ആണ്.
കൂടുതല്‍ കൊടുക്കുക, കൂടുതല്‍ ലഭിക്കുക എന്നതാണ് ഈ നിയമയം.

കൂടുതല്‍ വ്യക്തയ്ക്ക് വേണ്ടി ഞാന്‍ ഒരു ഉദാഹരണം പറയാം:
നമ്മള്‍ ഒരു വിത്ത് വിതച്ചു എന്ന് കരുതുക.
വിതയുടെയും കൊയ്ത്തിന്റെ നിയമം അനുസരിച്ച് നമ്മള്‍ നൂറു മേനി കൊയ്യും.
നമ്മള്‍ രണ്ട് വിത്ത് വിതക്കുമ്പോള്‍ ഇരുനൂറു മേനി കൊയ്യും; മൂന്നു വിത്ത് വിതക്കുമ്പോള്‍ മുന്നൂറും നാലു വിത്ത് വിതക്കുമ്പോള്‍ നാനൂറും ഇരട്ടി കൊയ്യും.
ഇതാണ് വിതയുടെയും കൊയ്ത്തിന്റെയും അനുപാത സിദ്ധാന്തം.
നമ്മള്‍ വിതക്കുന്നതിന്റെ അനുപാതമായും വര്‍ദ്ധിച്ച അളവിലും നമ്മള്‍ കൊയ്യും  

തൊട്ടു മുമ്പ് നമ്മള്‍ ചിന്തിച്ച നിയമം വിത്തിന്റെയും കൊയ്ത്തിന്റെയും അളവിനെകുറിച്ചാണ് പറയുന്നത്.
കൊയ്ത്തിലുള്ള ദൈവത്തിന്റെ ഭാഗം അവിടെ പ്രധാനപ്പെട്ടതാണ്.
എന്നാല്‍ നമ്മള്‍ ഇപ്പോള്‍ ചിന്തിക്കുന്ന വിതയുടെ അളവിന് അനുപാതത്തില്‍ നമ്മള്‍ കൊയ്യും എന്ന നിയമത്തില്‍ മനുഷ്യന്റെ പങ്കിനാണ് ഏറെ പ്രാധാന്യം.
ഒരു വലിയ വിളവു പ്രതീക്ഷിക്കുന്ന കൃഷിക്കാരന്‍ വലിയ അളവില്‍ വിത്ത്‌ വിതക്കേണം.
വിതച്ച അളവ് അനുസരിച്ച് അതിനെ വര്‍ദ്ധിപ്പിക്കുക എന്നതാണ് ദൈവത്തിനെ പങ്ക്.
അതുകൊണ്ട് മനുഷ്യര്‍ ദൈവത്തില്‍ വിശ്വസിച്ചും ആശ്രയിച്ചും കൊണ്ട് തങ്ങള്‍ക്കു കഴിയുന്ന അത്രയും അളവില്‍ വിതക്കേണം.
ഫലം ദൈവത്തിന്റെ ഭാഗമാണ്, അത് അവനു വിട്ടുകൊടുക്കുക.

ചുരുക്കി പറഞ്ഞാല്‍ ഈ നിയമം പറയുന്നതിത്രമാത്രം: ഇപ്പോഴത്തെപോലെ നാളെയും.
നമ്മള്‍ ഇന്നു എന്തായിരിക്കുന്നുവോ അത് തന്നെ നാളെയും ആകും.

2 കൊരിന്ത്യര്‍ 9 : 6   എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ.

അതുകൊണ്ട് കൂടുതല്‍ ലഭിക്കേണ്ടുന്നതിനു കൂടുതല്‍ കൊടുക്കുക.
  
നിയമം 10. ദീര്‍ഘക്ഷമയുള്ളവര്‍ നല്ല വിളവ് കൊയ്യും

യേശു ഒരു പ്രശസ്തമായ ഉപമയില്‍ തന്റെ വയലില്‍ നല്ല വിത്ത്‌ വിതച്ച ഒരു കൃഷിക്കാരന്റെ കഥ പറയുന്നുണ്ട്.
നല്ല വിത്തുകള്‍ മാത്രം വിതച്ചതിനു ശേഷം അദ്ദേഹം വിശ്രമിക്കുവാനും ഉറങ്ങുവാനും പോയി.
എന്നാല്‍ രാത്രി ആയപ്പോള്‍ ശത്രു വന്നു വയലിലെ നല്ല വിത്തുകള്‍ക്കിടയില്‍ കള വിതച്ചു.
അവ മുളച്ചുവന്നപ്പോള്‍ നല്ല വിത്തുകളും കളയും മുളച്ചു; നല്ല സസ്യങ്ങളും കളയും ഉണ്ടായി.
അദ്ദേഹത്തിന്റെ വേലക്കാര്‍ വന്നു വിവരം ധരിപ്പിച്ചു; കളകള്‍ ഉടന്‍ തന്നെ പിഴുതുകളയേണം എന്ന് നിര്‍ദ്ദേശിച്ചു.
എന്നാല്‍ കൃഷിക്കാരന്‍ അത് തടഞ്ഞു, ചിലപ്പോള്‍ നല്ല സസ്യം കൂടെ പിഴുതു പോരും എന്ന് അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് കൊയ്ത്തുകാലം വരെ കാത്തിരിക്കുവാന്‍ അദ്ദേഹം വേലക്കാരോട് കല്‍പ്പിച്ചു.
കൊയ്ത്തു കാലം ആയപ്പോള്‍ ആദ്യം കളകള്‍ പറിച്ചു തീയില്‍ ഇട്ട് ചുട്ടുകളവാനും ശേഷം നല്ലത് പറിച്ചെടുത്തു വിളവുകള്‍ ഭാണ്ടാരത്തില്‍ ശേഖരിക്കുവാനും അദ്ദേഹം കല്‍പ്പിച്ചു.


കൃഷിക്കാരന്‍ ദീര്‍ഘക്ഷമയോടെ കാത്തിരുന്നത് നല്ല ഒരു ഫലം കൊയ്യുന്നതിനുവേണ്ടി ആയിരുന്നു.
നല്ല വിളവ്‌ ദീര്‍ഘക്ഷമ ആവശ്യപ്പെടുന്നു; ദീര്‍ഘക്ഷമ ഉള്ളവനാണ് നല്ല കൃഷിക്കാരന്‍.

ഗലാത്യര്‍ 6: 9       നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.

നല്ല വിളവ്‌ ഒരു പോരാട്ടത്തിന്റെ ഫലം ആണ്.
നല്ല ഒരു കൊയ്ത്തിനെതിരായി അനേകം കാര്യങ്ങള്‍ സംഭവിച്ചു എന്ന് വന്നേക്കാം.
നല്ല കൊയ്ത്തിനു തുടര്‍ച്ചയായ മടുത്തുപോകാത്ത കരുതലും അദ്ധ്വാനവും വേണ്ടിവരും.
ഇതു ആത്മമണ്ടലത്തിലും ഭൌതീക മണ്ഡലത്തിലും ഒരുപോലെ സത്യം ആണ്.
നമ്മള്‍ മനുഷ്യരുടെ ഹൃദയത്തില്‍ ദൈവവചനമെന്ന വിത്ത്‌ വിതക്കുമ്പോഴും നമ്മളുടെ തോട്ടത്തില്‍ ഒരു സസ്യത്തിന്റെ വിത്ത് വിതക്കുമ്പോഴും അതിന്റെ ഫലപ്രാപ്തിക്കെതിരെ അനേകം പ്രതികൂലങ്ങള്‍ ഉണ്ടാകും.

കളകള്‍, നിരുല്‍സഹപ്പെടുത്തുന്ന സംഭവങ്ങള്‍, കാലതാമസം, സ്വയനിന്ദ എന്നിങ്ങനെ അനേകം ആയുധങ്ങള്‍ ശത്രു നമ്മളുടെ കൊയ്ത്തിനെതിരെ ഉപയോഗിക്കും.
നമ്മളുടെ നല്ല വിത്തുകള്‍ക്കിടയില്‍ സാത്താന്‍ കളകള്‍ വിതക്കും.
നിരന്തരമായി പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും സാത്താന്‍ നമുക്കെതിരെ പോരാടും.
ഒരു നല്ല കൊയ്ത്തിനായി കാത്തിരിക്കുവാനുള്ള ക്ഷമ സാത്താന്‍ എടുത്തുകളയും.

എന്നാല്‍ ദീര്‍ഘക്ഷമയും കഠിനാദ്ധ്വാനവും ആണ് വിജയത്തിന്റെ രഹസ്യം.
കൊയ്ത്തുകാലംവരേയും ദീര്‍ഘക്ഷമയോടെ കാത്തിരിക്കുക.

നിയമം 11. ഭൂതകാലത്തെക്കുറിച്ച് നമുക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല

നമ്മളുടെ കഴിഞ്ഞ വര്‍ഷത്തെ കൊയ്ത്തു നല്ലതായിരുന്നു അല്ലെങ്കില്‍ മോശമായിരുന്നു എന്നുവരാം.
ചിലപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കൊയ്ത്തില്‍ നല്ലതും മോശമായതും സമ്മിശ്രമായി ഉണ്ടായിരുന്നു എന്നും വരാം.
എന്നാല്‍ അത് നല്ല ഒരു കൊയ്ത്തു ഈ വര്‍ഷം നല്‍കേണം എന്നില്ല.
ഈ വര്‍ഷത്തെ കൊയ്തതിനെ മോശമാക്കുവാനും അതിനു കഴിയുക ഇല്ല.

ഇന്നലെ എന്നത് ഇന്നു നമ്മോടൊപ്പം നടക്കുവാന്‍ മടിക്കുന്ന പാരമ്പര്യം മാത്രമാണ്.
നമ്മള്‍ അതിനെ ചുമന്നുകൊണ്ടു നടക്കാതിരുന്നാല്‍ മതി.

കഴിഞ്ഞ വര്‍ഷം തിളകമാര്‍ന്ന അല്ലെങ്കില്‍ മങ്ങിയ ഒരു ഓര്‍മ്മ മാത്രം ആണ്; അതിനു നമ്മളുടെ ഇന്നത്തെ വര്‍ഷത്തെ സ്വാധീനിക്കുവാന്‍ കഴിയുക ഇല്ല.
ഇന്നു എന്നത് തിരഞ്ഞടുപ്പുകളുടെയും തീരുമാനങ്ങളുടെയും ഒരു പുതിയ ദിവസം ആണ്.
ഇന്നത്തെ തിരഞ്ഞെടുപ്പുകള്‍ ഒരു നല്ല അല്ലെങ്കില്‍ മോശം കൊയ്ത്തു നമുക്ക് നല്‍കും.

അതുകൊണ്ട് ഇന്നലത്തെ വിജയം ഭാവിയിലെപ്പോഴും ഉണ്ടാകും എന്ന് പ്രതീക്ഷിക്കരുത്.
ഇന്നലെ അതിന്റെ വിളവു നല്‍കികഴിഞ്ഞു, നമ്മള്‍ അത് കൊയ്ത്തു ശേഖരിച്ചു കഴിഞ്ഞു.
നമുക്ക് ഇന്ന് അതില്‍ നിന്നും കൊയ്യുവാന്‍ കഴിയുക ഇല്ല.

അതുപോലെ തന്നെ കഴിഞ്ഞകാലത്തെ മോശമായ വിളവെടുപ്പ് ഇന്ന് നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യും.
നമ്മള്‍ തെറ്റായ തിരഞ്ഞെടുപ്പുകള്‍ നടത്തി ദയനീയമായി പരാജയപ്പെട്ടു.
ഇത്തരം സാഹചര്യങ്ങളില്‍ പൊതുവായ നമ്മളുടെ രീതി ഈ വര്‍ഷവും ഇനി മേലിലും വിതക്കാതെ ഇരിക്കുക എന്നതാണ്.

എന്നാല്‍ വിതയുടെയും കൊയ്ത്തിന്റെയും വളരെ പ്രധാനപ്പെട്ട ഒരു നിയമം ഇതാണ്:
നമുക്ക് ഭൂതകാലത്തെക്കുറിച്ച് യാതൊന്നും ചെയ്യുവാന്‍ കഴിയുക ഇല്ല; എന്നാല്‍ വര്‍ത്തമാനകാലത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിയും.

കഴിഞ്ഞ വര്‍ഷത്തെ മോശമായ വിളവെടുപ്പ് നമ്മളുടെ ചില തെറ്റായ തീരുമാനങ്ങള്‍ മൂലം ഉണ്ടായതാണ് എന്നുവരാം.
നമ്മള്‍ അതിനു ഉത്തരവാദികള്‍ ആണ്.
ചിലപ്പോള്‍ നമ്മളുടെ നിയന്ത്രണത്തിനും അപ്പുറത്തായ പ്രതികൂലമായ കാലാവസ്ഥയോ മറ്റു പ്രതികൂലങ്ങള്‍ നിമിത്തമോ മോശം കൊയ്ത്തു ഉണ്ടായതാണ് എന്നും വരാം.
മറ്റു ചില അവസരങ്ങളില്‍ നമ്മളുടെ പക്കലുള്ള വിത്തുകളുടെ കുറവ് കാരണം പരാജയം സംഭവിച്ചതാകാം.
കഴിഞ്ഞവര്‍ഷത്തെ മോശമായ കൊയ്ത്തിന്റെ കാരണം എന്തുതന്നെ ആകട്ടെ, ഇന്ന് നമുക്ക് അതില്‍ യാതൊന്നും ചെയ്യുവാന്‍ കഴിയുക ഇല്ല.

വിതയുടെ പരിണതഫലത്തെക്കുറിച്ച് നമുക്ക് യാതൊന്നും ചെയ്യുവാന്‍ കഴിയുക ഇല്ല.
വിതച്ച എല്ലാ വിത്തുകളും മുളക്കും, അത് വളരും, ഫലം നല്‍കും.
ധൈര്യത്തോടെ നമ്മള്‍ അതിനെ അഭിമുഖീകരിച്ചേ മതിയാകൂ.
കഴിഞ്ഞ വര്‍ഷത്തെ കൊയ്ത്തിനെകുറിച്ചു നമുക്ക് യാതൊന്നും ഇനി ചെയ്യുവാന്‍ കഴിയുക ഇല്ല എന്നതിനാല്‍ കഴിഞ്ഞവര്‍ഷത്തെ വിതയുടെ പരിണതഫലത്തെ, അത് പരാജയം ആണെങ്കില്‍ പോലും, ധൈര്യത്തോടെ അഭിമുഖീകരിക്കുക.

എന്നാല്‍ ഈ വര്‍ഷത്തെ വിളവെടുപ്പിനു വേണ്ടി നമുക്ക് ധാരാളം പ്രവര്‍ത്തിക്കുവാന്‍ കഴിയും.
ഇന്നത്തെ ദിവസം പുതിയ തിരഞ്ഞെടുപ്പിനുള്ള ധാരാളം അവസരങ്ങള്‍ നമുക്ക് നല്‍കുന്നു.
ഏറ്റവും ശരിയായതും നല്ലതുമായ തിരഞ്ഞെടുപ്പുകള്‍ നടത്തി നല്ല വിളവ്‌ കൊയ്യാം.
അതുകൊണ്ട് ഇന്നത്തെ കൊയ്ത്തിലേക്കു ലക്ഷ്യംവക്കുക.

നമ്മളുടെ ഭാവി എന്തായിരിക്കും എന്നത് ഇന്നലത്തെ വിളവെടുപ്പുകൊണ്ട് നമ്മള്‍ തീരുമാനിക്കെണ്ടതില്ല.
ഭൂതകാലത്തിന്റെ പരിണതഫലം നമ്മള്‍ അത് അനുഭവിച്ച് തീരുന്നതുവരെ മാത്രം നീളുന്ന ഒരു നിഴല്‍ ആണ്.
നമ്മളുടെ ഇന്നത്തെ തീരുമാനങ്ങളെ നിയന്ത്രിക്കുവാന്‍ അതിനു കഴിയുക ഇല്ല.
ഭൂതകാലത്തില്‍ നിന്നും വിഭിന്നമായ തിരഞ്ഞെടുപ്പുകള്‍ നടത്തുവാനുള്ള സ്വാതന്ത്ര്യം നമുക്ക് ഇന്ന് ഉണ്ട്.
ഇന്നു ബുദ്ധിപൂര്‍വ്വമായ തിരഞ്ഞെടുപ്പുകള്‍ നടത്തുവാന്‍ സഹായിക്കുന്ന പാഠമാണ് ഭൂതകാലം.
നമ്മള്‍ ഇന്നു എടുക്കുന്ന തിരഞ്ഞെടുപ്പുകള്‍ നമ്മളുടെ ഭാവിയെ മാത്രമേ സ്വാധീനിക്കൂ, നമ്മളുടെ ഭൂതകാലത്തെ അത് സ്വാധീനിക്കുന്നില്ല.

വര്‍ത്തമാനകാലത്തെ അനുഭവങ്ങള്‍ അല്ല മനുഷ്യനെ അസ്വസ്ഥനാക്കുന്നത്.
ഇന്നലെ സംഭവിച്ച എന്തോ ഓര്‍ത്ത് മനുഷ്യന്‍ കുറ്റബോധമുള്ളവനായി അസ്വസ്ഥനാകുന്നു; നാളയെക്കുറിച്ച്‌ ഓര്‍ത്തു അവര്‍ ഭയചകിതനായി ജീവിക്കുന്നു.
ആയതിനാല്‍ സമാധാനത്തോടെ ജീവിക്കുവാനായി നമുക്ക് ഓരോ ദിവസവും മുന്നോട്ട് എന്ന രീതിയില്‍ ജീവിത യാത്ര തുടരാം.

പ്രവര്‍ത്തനരാഹിത്യം, ചിന്താഭാരം, ആകുലത, ഭയം എന്നിവയൊന്നും യാതൊന്നിനും പരിഹാരം അല്ല.
ഏറ്റവും ശരിയായ തീരുമാനമെടുക്കുക, വീണ്ടും വിതക്കുക, ഇതാണ് നല്ല ഒരു കൊയ്ത്തിലേക്കുള്ള മാര്‍ഗ്ഗം.

നിയമം 12. വിതയുടെയും കൊയ്ത്തിന്റെയും നിയമങ്ങള്‍ അനന്തമായി തുടരുന്നു

വിതയുടെയും കൊയ്ത്തിന്റെയും നിയമങ്ങള്‍ അനന്തമായി തുടരുന്നു; അത് ലോകാവസാനം വരെ തുടരും.
വിതയും കൊയ്ത്തും തുടര്‍ച്ചയായ പ്രവര്‍ത്തി ആണ്.
വിത്ത്‌ വിതക്കുക, പിന്നീട് കൊയ്യുക; കൊയ്ത്തിനു ശേഷം വീണ്ടും വിത്ത്‌ വിതക്കുക; വീണ്ടും വിതക്കു ശേഷം കൊയ്ത്തു ഉണ്ടാകും.
ഈ പ്രപഞ്ചം പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട നിയമങ്ങളില്‍ ഒന്നാണിത്.

അതുകൊണ്ട് സാഹചര്യങ്ങളെ വിചാരിക്കാതെ വിതയുടെ സമയത്ത് വിതക്കുക.
ജീവിതം അനിശ്ചിതത്വം നിറഞ്ഞതാണ്‌.
ജീവിതം ഒരിക്കലും അനിശ്ചിതത്വങ്ങളില്‍ നിന്നും സുരക്ഷിതം അല്ല.
അതുകൊണ്ട് സാഹചര്യങ്ങളെ നോക്കി നില്‍ക്കാതെ ധാരാളമായി വിതക്കുക.

നമ്മള്‍ വിതക്കുന്നതു ദൈവത്തോടുള്ള പങ്കാളിത്തത്തില്‍ ആണെങ്കില്‍ ദൈവത്തെ പൂര്‍ണമായും വിശ്വസിക്കുക.
വിതക്കുവാനായി എല്ലാം ശരിയായ സമയത്തിനായി കാത്തിരിക്കുവാന്‍ സാധ്യമല്ല.
എല്ലാം ശരിയായ സമയം എന്നൊന്നില്ല.
അതുകൊണ്ട് ദൈവത്തോടുള്ള പങ്കാളിത്തത്തില്‍ വിതക്കുക; അപകടസാധ്യത ഏറ്റെടുക്കുക, ദൈവത്തില്‍ വിശ്വസിക്കുക.

സഭാപ്രസംഗിയുടെ പുസ്തകത്തില്‍ നിന്നും ചില വാക്യങ്ങള്‍ വായിക്കട്ടെ.

സഭാപ്രസംഗി 11: 1, 4,& 6
നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും;
കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല.
രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.

വിതയുടെയും കൊയ്ത്തിന്റെയും നിയമങ്ങളില്‍ നിന്നും മനുഷ്യന് മാറി നില്‍ക്കുവാന്‍ കഴിയുക ഇല്ല.
ഈ നിയമങ്ങള്‍ ഗുരുത്വാകര്‍ഷണ നിയമം പോലെ മാറ്റുവാന്‍ കഴിയാത്ത നിയമങ്ങള്‍ ആണ്.
അതുകൊണ്ട് നമുക്ക് അതിനോട് ചേര്‍ന്ന് ജീവിക്കാം.


No comments:

Post a Comment