താങ്കള്‍ യഥാര്‍ത്ഥമായും സമ്പന്നന്‍ ആണോ? (മൂഢനായ ധനികന്റെ ഉപമ)

ഇന്നത്തെ സന്ദേശം നമുക്ക് ഒരു ചോദ്യത്തോടെ ആരംഭിക്കാം:
നിങ്ങള്‍ യഥാര്‍ത്ഥമായും സമ്പന്നന്‍ ആണോ?

ഈ ചോദ്യത്തിനു ഉത്തരം പറയുന്നതിനുമുമ്പേ യഥാര്‍ത്ഥ സമ്പത്ത് എന്താണ് എന്ന് നമ്മള്‍ അറിയേണം.

wealth എന്ന ഇംഗ്ലിഷ് വാക്ക് കൊണ്ട് ഉദ്യേശിക്കുന്ന സമ്പത്തും rich എന്ന ഇംഗ്ലിഷ് വാക്ക് കൊണ്ട് ഉദ്യേശിക്കുന്ന ധനവും തമ്മില്‍ വ്യത്യാസം ഉണ്ട്.

നിങ്ങളുടെ പക്കല്‍ ധാരാളം പണം ഉണ്ട് എങ്കില്‍ നിങ്ങള്‍ ധനവാന്‍ ആയി.
ഈ ധനം നിങ്ങള്‍ ഒരു പക്ഷെ പൂര്‍വ്വികരില്‍ നിന്നും സമ്പാധിച്ചത്‌ ആകാം; അല്ലെങ്കില്‍ സ്വന്തം അദ്ധ്വനത്താല്‍ നേടിയത് ആകാം.
നിങ്ങളുടെ പണം ബാങ്കിലോ നിങ്ങളുടെ വീട്ടില്‍ തന്നെയോ ഉപയോഗിക്കാതെ സൂക്ഷിക്കുക ആകാം.
അതിനെ മറ്റാരും അറിയാതെ ഒളിപ്പിച്ചു വെക്കുകയോ ധനം ഉപയോഗിച്ച് ഒരു ധാരാളിത്തം ഉള്ള ജീവിതം നയിക്കുകയോ ആകാം.
ഒരു പക്ഷെ നിങ്ങളുടെ സമ്പത്തിന്റെ ഒരു ചെറിയ ഭാഗം പാവപ്പെട്ടവര്‍ക്കായി നിങ്ങള്‍ ചിലവിടുന്നുണ്ടയിരിക്കാം.

നമ്മളുടെ വീടിനു മുകളില്‍ ഉള്ള water tank ലെ വെള്ളം പോലെ ആണ് ധനം; നിങ്ങള്‍ ടാപ്പ്‌ തുറക്കുമ്പോള്‍ വെള്ളം പുറത്തേക്ക് ഒഴുകും.
യജമാനന്‍ അടിക്കുമ്പോള്‍ മാത്രം കുരയ്ക്കുന്ന മടിയനായ നായെപ്പോലെ ആണ് ധനം.
നമ്മള്‍ അത് ചിലവിഴിക്കുന്തോറും അത് കുറഞ്ഞു വരും.
അതിനു ഒരു വ്യക്തിത്വം ഇല്ല; അത് വിശ്വസ്തനും അല്ല.

മരിക്കുമ്പോള്‍ നമ്മള്‍ എല്ലാം മറ്റുള്ളവര്‍ക്കായി വച്ചേച്ച് പോകേണ്ടിവരും.
ഇതാണ് ഒരു ധനവാന്റെ ദാരുണമായ അന്ത്യം.

പക്ഷെ, ഒരു സമ്പന്നന്‍ ആയ വ്യക്തി വ്യത്യസ്തന്‍ ആണ്.
സമ്പത്ത് (Wealth) ധനത്തില്‍ (rich, money) നിന്നും വിഭിന്നം ആണ്.

നമ്മള്‍ക്ക് പൂര്‍ണ അധികാരം ഉള്ള ധനം ആണ് സമ്പത്ത്.
സമ്പത്ത് നിങ്ങളുടെതാണ്, നിങ്ങള്‍ അതിന്റെ യജമാനന്‍ ആണ്.
സമ്പത്ത് ഒരു ബുദ്ധിമാനായ യജമാനന്റെ വിശ്വസ്തനായ ദാസന്‍ ആണ്.
സമ്പത്ത് ആഴ്ചയില്‍ ഏഴ് ദിവസവും, ദിവസം ഇരുപത്തിനാല് മണിക്കൂറും യജമാനന് വേണ്ടി ജോലിചെയ്യുന്നു.
സമ്പത്ത് അത് സ്വയം വര്‍ദ്ധിക്കുവാന്‍ വേണ്ടി കഠിനമായി പ്രയത്നിക്കുന്നു.
യജമാനന്‍ ഉറങ്ങുമ്പോഴും സമ്പത്ത് പ്രയത്നിച്ചുകൊണ്ടേ ഇരിക്കും.
നമ്മള്‍ ഒന്നും ചെയ്യാതെ ഇരുന്നാലും സമ്പത്ത് പ്രയന്തിച്ചുകൊണ്ടേ ഇരിക്കും.
അത് നിങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമായത് നല്‍കുകയും സ്വയം വര്‍ദ്ധിക്കുകയും ചെയ്യും.
നിങ്ങള്‍ ജീവിക്കുന്ന കാലമെല്ലാം അത് നിങ്ങളുടെതായിരിക്കും; മരണ ശേഷം നിങ്ങളുടെ അടുത്ത തലമുറയിലേക്കു അത് മാറ്റപ്പെടും.
അതിനു വ്യക്തിത്വം ഉണ്ട്; അത് എപ്പോഴും യജമാനനോട് വിശ്വസ്തന്‍ ആയിരിക്കും.
അതിനു എപ്പോഴും ബുദ്ധിമാനായ ഒരു യജമാനനോട് കൂറ് ഉണ്ടായിരിക്കും; വിഡ്ഢികളെ അത് വെറുക്കുന്നു.

സമ്പത്ത് എന്നാല്‍ ബുദ്ധിമാനായ ഒരു യജമാനന്‍ വിശ്രമിക്കുമ്പോഴും, നിത്യതവരെയും, കഠിനമായി പ്രയത്നിക്കുകയും സ്വയം വര്‍ദ്ധിക്കുകയും ചെയ്യുന്ന വിശ്വസ്ത ദാസന്‍ ആണ്.

 ഈ ചിന്തകള്‍ ഹൃദയത്തില്‍ വച്ചുകൊണ്ട് നമുക്ക് ഇന്നത്തെ സന്ദേശത്തിലേക്ക് പോകാം.

മൂഢനായ ധനികന്റെ ഉപമയില്‍ യേശു ഒരു ധനികനായ കര്‍ഷകന്റെ കഥ പറയുകയാണ്.
നമ്മള്‍ക്ക് ആ ഉപമ ലൂക്കോസിന്റെ സുവിശേഷം 12 : 15 – 21 ല്‍ വായിക്കാം.

പച്ചാത്തലം - The occasion

ഒരു മനുഷ്യന്‍ തന്റെ പിതൃസ്വത്ത് സഹോദരനുമായി തുല്യമായി പങ്കുവെക്കുവാന്‍ യേശുവിന്റെ സഹായം ചോദിക്കുന്നതാണ് സന്ദര്‍ഭം.
ആ കാലത്ത് കുടുംബത്തിലെ ആദ്യ ജാതനു പിതാവിന്റെ സ്വത്തില്‍ ഇരട്ടി പങ്കിന് അവകാശം ഉണ്ടായിരുന്നു.
എന്നാല്‍ ഈ മനുഷ്യന്‍ സ്വത്ത്‌ തുല്യമായി പങ്കുവേക്കേണം എന്നാണ് ആവശ്യപ്പെട്ടത്.
യേശു അതില്‍ ഭാഗമാകുവാന്‍ വിസമ്മതിക്കുകയും അതിനെ ദ്രവ്യാഗ്രഹം എന്ന് വിളിക്കുകയും ചെയ്തു.
ധനം കൂട്ടിചേര്‍ക്കുന്നതോ കൂട്ടിവെക്കുന്നതോ അല്ല ജീവിതത്തിന്റെ ലക്ഷ്യം എന്ന് യേശു ഈ മനുഷ്യനോടും കേട്ടുകൊണ്ടിരുന്ന എല്ലാവരോടുമായി പറഞ്ഞു.

ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു.

ഉപമ - The Parable

തുടര്‍ന്ന് യേശു മൂനായ ധനികന്റെ ഉപമ പറഞ്ഞുകേള്‍പ്പിച്ചു.

യേശു ഈ ഉപമ ആരംഭിക്കുന്നത് തന്നെ ദ്രവ്യാഗ്രഹതിനെതിരെ മുന്നറിയിപ്പുമായിട്ടാണ്.
യേശു ദ്രവ്യാഗ്രഹത്തിന് എതിരായിരുന്നു, ഈ ഉപമ ഒരിക്കലും അതിനെ പിന്താങ്ങുന്നില്ല.
അതുകൂടാതെ, ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്റെ വസ്തുവക അവന്റെ ജീവന്നു ആധാരമായിരിക്കുന്നില്ല എന്ന ജ്ഞാനവും യേശു പകര്‍ന്നു നല്‍കുകയാണ്.

ഭൌതീക സമ്പത്തിന്റെ വര്‍ധന ജീവന് ആധാരമല്ല എങ്കില്‍, മറ്റെന്താണ് ജീവനെ സഹായിക്കുന്നത്?

ഉപമയിലെ ധനികനായ മനുഷ്യന് ഒരു വലിയ വിളവ്‌ ലഭിച്ചു; ഒരു വലിയ കൊയ്ത്തു ലഭിച്ചു.
ഇത്ര അധികം വിളവ്‌ മുമ്പ് ലഭിച്ചിട്ടില്ലാത്തതിനാല്‍ അത് മുഴുവനും ശേഖരിച്ചു വെക്കുവാന്‍ മതിയായ കളപ്പുരകള്‍ അയാള്‍ക്ക്‌ ഇല്ലായിരുന്നു.
സാധാരണയായി ലഭിക്കുന്ന വിളവ്‌ സൂക്ഷിക്കുവാന്‍ മതിയായ കളപ്പുരകള്‍ ഉണ്ടായിരുന്നു എങ്കിലും ഇത്തവണ വളരെ വലിയ വിളവാണ് ലഭിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്റെ കളപ്പുരകള്‍ പൊളിച്ചു കൂടുതല്‍ വലുതായവ പണിയുവാനും അതില്‍ വിളവു എല്ലാം സൂക്ഷിച്ചുവെക്കുവാനും അദ്ദേഹം തീരുമാനിച്ചു.
അതിനു ശേഷം അദ്ദേഹം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുവാനും ജീവിതത്തെ ആസ്വദിക്കുവാനും ആഗ്രഹിച്ചു.

എന്നാല്‍, ഈ ഉപമയില്‍ ദൈവം അദ്ദേഹത്തെ മൂഢാ എന്നാണ് വിളിക്കുന്നത്‌.
ഈ ധനികന്‍ ആ രാത്രിയില്‍ത്തന്നെ മരിക്കും എന്നും ദൈവം മുന്‍കൂട്ടി അറിയിച്ചു.
അതിനു ശേഷം ദൈവം ചോദിക്കുന്ന ചോദ്യം ഇതാണ്:

മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും.
പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും.
  
തീര്‍ച്ചയായും വലിയ ഒരു വിളവു അയാള്‍ ശേഖരിച്ചു സൂക്ഷിച്ചു വെക്കുകയാണ്.
പക്ഷെ അതേ രാത്രിയില്‍ അയാള്‍ മരിച്ചാല്‍ അതിലെ ഒരു ധാന്യം പോലും ആസ്വദിക്കുവാന്‍ അയാള്‍ക്ക്‌ കഴിയുകയില്ല.
ഇതു ഒരു വലിയ ദുഖസത്യം ആണ്.

ഈ ഉപമ അവസാനിക്കുന്നത്‌ ഒരു സാന്മാര്‍ഗിക ഉപദേശത്തോടുകൂടി ആണ്.
അതിലേക്ക് കടക്കുന്നതിനുമുമ്പ് ഒരു ചോദ്യം: ഈ ധനികനായ മനുഷ്യന്റെ കുറവ് എന്തായിരുന്നു?

ധനവാന്‍ ആകുക എന്നത് ഒരു തെറ്റല്ല.
അബ്രഹാം, ശലോമോന്‍, ഇയ്യോബ് എന്നിവര്‍ മഹാ സമ്പന്നര്‍ ആയിരുന്നു.

ഈ ധനവാന്‍ നല്ലവന്‍ ആയിരുന്നുവോ അതോ ദുഷ്ടന്‍ ആയിരുന്നുവോ എന്ന് ഉപമയില്‍ പറയുന്നില്ല.
അദ്ദേഹം ഒരു ദുഷ്ടന്‍ ആയിരുന്നു എന്ന് പറയുവാന്‍ നമുക്ക് യാതൊരു കാരണവും ഇല്ല.
ഒരു നല്ല വിളവു ലഭിച്ചു എന്നത് തീര്‍ച്ചയായും ഒരു അനുഗ്രഹം ആണ്.
അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലം കൂടി ആണ്.
ഇത്രയും വലിയ വിളവു ലഭിക്കുവാന്‍ ഏതെങ്കിലും തെറ്റായ മാര്‍ഗ്ഗം അയാള്‍ പ്രയോഗിച്ചു എന്നൊന്നും ഉപമയില്‍ പറയുന്നില്ല.
നല്ലവിളവ്‌ ദൈവത്തിന്റെ അനുഗ്രഹം തന്നെ ആണ്.
എല്ലാ വിധ പ്രകൃതി ക്ഷോഭങ്ങളില്‍നിന്നും ദൈവം അദ്ദേഹത്തിന്റെ കൃഷിയിടങ്ങളെ സൂക്ഷിച്ചതിനാല്‍ ആണ് നല്ല വിളവ്‌ ലഭിച്ചത്.

അദ്ദേഹത്തിന്റെ കളപ്പുരകള്‍ ഇത്രയും വലിയ വിളവ്‌ ശേഖരിച്ച് വെക്കുവാന്‍ മതിയായത് ആയിരുന്നില്ല.
അതുകൊണ്ട് കൂടുതല്‍ വലിപ്പമുള്ളവ നിര്‍മ്മിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു.

തനിക്കു ലഭിച്ച നന്മകള്‍ അയാള്‍ അനുഭവിക്കുന്നതും തെറ്റല്ല.
ഇതിലൊന്നും ദുഷ്ടതയോ പാപമോ കാണുവാന്‍ കഴിയുക ഇല്ല.

ധനം അതുകൊണ്ടുതന്നെ നാശഹേതു അല്ല; ദാരിദ്ര്യം നമ്മളെ രക്ഷിക്കുകയും ഇല്ല.
ധനം പാപമോ ദാരിദ്ര്യം വിശുദ്ധിയോ അല്ല.
ധനം അല്ല, ധനത്തിലുള്ള മനുഷ്യന്റെ ആശ്രയം ആണ് മനുഷ്യനെ നാശത്തിലേക്ക് തള്ളി ഇടുന്നത്.
ഭൌതീക നന്മകള്‍ എന്ന കണ്ണാടിയിലൂടെ അല്ല നമ്മള്‍ ദൈവത്തെ കാണേണ്ടത്.

ഈ ധനികയായ കൃഷിക്കാരന്റെ വാക്കുകളില്‍ അഹങ്കാരത്തിന്റെയും ലോക ഇമ്പങ്ങളുടെയും ധ്വനി ഉണ്ടായിരുന്നു.
തനിക്കു ലഭിച്ച വലിയ വിളവില്‍ ദൈവത്തിന്റെ ഭാഗത്തെ അദ്ദേഹം മറന്നുകളഞ്ഞു.
യേശു ഇതിനെ അഭിനന്ദിച്ചില്ല.
ഈ മനുഷ്യന്‍ ദൈവവിഷയമായി സമ്പന്നന്‍ ആയിരുന്നില്ല എന്ന് പറഞ്ഞാണ് യേശു ഉപമ അവസാനിപ്പിച്ചത്.

ഇതാണ് ഈ ഉപയിലെ പ്രധാന വിഷയം – ഈ ധനവായ കൃഷിക്കാരന്‍ ദൈവവിഷയമായി ദരിദ്രന്‍ ആയിരുന്നു.

ദൈവം ഈ മൂഢനായ ധനികനോട് ഗൗരവമുള്ള ഒരു ചോദ്യം ചോദിച്ചു:
മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും?
ഇന്നു രാത്രി നീ മരിച്ചാല്‍ ഈ സമ്പത്തെല്ലാം ആര്‍ അനുഭവിക്കും?

ധനികനായ ഈ മനുഷ്യന്‍ മരണത്തിന്റെ നിശ്ചയത്തെകുറിച്ചു അതുവരെ ചിന്തിച്ചിരുന്നില്ല.
മരണത്തിന്റെ സമയം ആര്‍ക്കും നിശ്ചയം ഇല്ലാത്തതിനാല്‍ താന്‍ ഇന്നു തന്നെ മരിക്കുവാനും സാദ്ധ്യത ഉണ്ട് എന്ന് അദ്ദേഹം ഓര്‍ത്തില്ല.

മരിക്കുമ്പോള്‍ തന്നോടൊപ്പം എന്തെങ്കിലും കൊണ്ടുപോകുവാന്‍ കഴിയുമോ?
മരണത്തിനുമപ്പുറം ദൈവരാജ്യത്തില്‍ എന്തെങ്കിലും സമ്പത്ത് തനിക്കു ഉണ്ടോ?
അദ്ദേഹത്തിന്റെ ഉത്തരം “ഇല്ല” എന്നായിരുന്നു.
നിത്യതയെ കുറിച്ച് അദ്ദേഹം ബോധവാന്‍ ആയിരുന്നില്ല.

മരണത്തിന്റെ നിശ്ചയത്തെകുറിച്ചും നിത്യതയെകുറിച്ചും ചിന്തിക്കുവാന്‍ അദ്ദേഹം മറന്നുപോയി.

അദ്ദേഹത്തിന്റെ വിജയകരമായ പദ്ധതികള്‍ താന്‍ ആഗ്രഹിക്കുന്നിടത്തോളം ജീവിക്കുവാന്‍ തന്നെ സഹായിക്കും എന്നാണ് കരുതിയത്‌.
തന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ദൈര്‍ഘ്യമേറിയ ഒരു ഭാവി ജീവിതം; ഇതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
ഈ ചിന്ത സത്യത്തില്‍ നിന്നും എത്രയോ അന്യമായിരുന്നു എന്ന് നമ്മള്‍ മനസിലാക്കേണം.

ഈ മൂഢനായ ധനവാന് ദൈവരാജ്യത്തില്‍ യാതൊരു സമ്പത്തും ഇല്ലായിരുന്നു.
അദ്ദേഹത്തിന്റെ എല്ലാ താല്പര്യങ്ങളും ഈ ലോകത്തില്‍ ഉള്ളവ ആയിരുന്നു; ദൈവരാജ്യ സംബന്ധമായി അദ്ദേഹം ദരിദ്രന്‍ ആയിരുന്നു.

ഒരു വലിയ വിളവു നല്‍കി അനുഗ്രഹച്ചതിന്റെ പിന്നലെ ദൈവീക ഉദ്ദ്യേശ്യം മനസ്സിലാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
തനിക്കുതന്നെ ആയി ഈ സമ്പത്തെല്ലാം കൂട്ടിവേക്കുക എന്നത് ദൈവീക ഉദ്ദ്യേശ്യം അല്ലായിരുന്നു.

ദൈവം നമ്മളെ അനുഗ്രഹിച്ചിരിക്കുന്നത് മറ്റുള്ളവര്‍ക്ക് നമ്മള്‍ ഒരു അനുഗ്രഹം ആയിരിക്കുവാന്‍ വേണ്ടി ആണ്.
ദൈവരാജ്യം പണിയുവാന്‍ വേണ്ടി ആണ് നമ്മള്‍ അനുഗ്രഹിക്കപെട്ടിരിക്കുന്നത്.
എന്നാല്‍ ഈ മൂഢനായ മനുഷ്യന്‍ ദൈവരാജ്യം സംബന്ധിച്ച് ദരിദ്രന്‍ ആയിരുന്നു.
അദ്ദേഹത്തിനു ലഭിച്ച സമ്പത്ത് മുഴുവന്‍ തെറ്റായ സ്ഥലത്ത് കൂട്ടിവെക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു.
എന്തെല്ലാം മുന്‍കരുതല്‍ എടുത്താലും, ഈ ഭൂമിയിലെ കളപ്പുരകള്‍ കള്ളന്മാര്‍ തുരന്നു മോഷ്ടിക്കുന്നതും പുഴു അരിക്കുന്നതും തുരുമ്പ് കെടുക്കുന്നതും ആണ്.

മത്തായി 6 : 19 - 21
19  പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു.
20  പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.
21  നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.

കള്ളന്മാര്‍ തുരന്നു മോഷ്ടിക്കുകയും പുഴുവും തുരുമ്പും തിന്നുകളയുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ നിക്ഷേപം സൂക്ഷിക്കുന്നവന്‍ മൂഢന്‍ അല്ലെ?
കള്ളന്മാരുടെയും, പുഴുക്കളുടെയും തുരുമ്പിന്റെയും സ്ഥലം നമ്മളുടെ സമ്പത്തിന് സുരക്ഷിതം അല്ല.

സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ നിക്ഷേപം സൂക്ഷിക്കുന്നത് വിഡികള്‍ ആണ്.
ഭാവിയില്‍ നമുക്ക് പ്രയോജനപെടുന്ന രീതിയില്‍ വേണം നമ്മളുടെ സമ്പത്ത് സൂക്ഷിക്കുവാന്‍.
ഈ ഉപമ നമ്മളെ അതിനായി പ്രേരിപ്പിക്കുന്നു.
നല്ല വിളവും, സമ്പത്തും ദൈവത്തിന്റെ അനുഗ്രഹം ആണ്.
ഭൌതീക നന്മകളാല്‍ ദൈവം നമ്മെ ധാരാളമായി അനുഗ്രഹിച്ചേക്കാം.
സമാധാനം സന്തോഷം സ്നേഹം പ്രത്യാശ എന്നീ ആത്മീയ അനുഗ്രഹങ്ങളും ധാരാളമായി ദൈവം നമുക്ക് നല്‍കും.
ആത്മീയ അനുഗ്രഹങ്ങള്‍ ദൈവം തിരഞ്ഞെടുത്തിട്ടുള്ളവര്‍ക്ക് മാത്രമേ ലഭിക്കൂ.
കൃപയാല്‍ നമ്മള്‍ അതില്‍ ഒരാളായി.
അത് ദൈവം നമ്മളുടെ മേല്‍ ചൊരിഞ്ഞ പ്രത്യേക അനുഗ്രഹം ആണ്.

എന്തിനാണ് ദൈവം നമുക്ക് ഇതെല്ലാം തന്നിരിക്കുന്നത്?
നമ്മള്‍ക്കും നമ്മളുടെ കുടുംബത്തിനും മാത്രം അനുഭവിക്കുവാന്‍ ആണോ?

തീര്‍ച്ചയായും അല്ല; നമ്മളെപ്പോലെ അനുഗ്രഹം പ്രാപിക്കുവാന്‍ ഇതുവരെ കഴിയാതിരിക്കുന്നവരിലേക്ക് അവ പകര്‍ന്നുകൊടുക്കേണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
നമ്മള്‍ക്ക് ലഭിച്ചിരിക്കുന്ന ആത്മീയവും ഭൌതീകവും ആയ എല്ലാ നന്മകളും മറ്റുള്ളവര്‍ക്ക് പകര്ന്നുകൊടുത്തും അതിലൂടെ അവരുടെ ജീവിതത്തെ വ്യത്യാസപ്പെടുത്തിയും കൊണ്ട് നമ്മള്‍ ജീവിക്കേണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
പങ്കുവെക്കുക, വ്യത്യാസപ്പെടുത്തുക, ദൈവ രാജ്യത്തിന്റെ സാന്നിദ്ധ്യം പകര്‍ന്നു കൊടുക്കുക അങ്ങനെ ദൈവരാജ്യം വിസ്തൃതമാക്കുക എന്നതാണ് നമ്മളെകുറിച്ചുള്ള ദൈവീക പദ്ധതി.
ഇതില്‍ നമ്മള്‍ പരാജയപെട്ടാല്‍ നമ്മള്‍ മൂനായ ധനികന്റെതുപോലെയുള്ള ഒരു ജീവിതമാണ് നയിക്കുന്നത്.

ജീവിതത്തിന്റെ ഉദ്യേശ്യം മനസ്സിലാക്കാതെ പോയാല്‍ നമ്മള്‍ വിഡ്ഢികള്‍ ആയിത്തീരും.

ദൈവരാജ്യം സംബന്ധിച്ച് സമ്പന്നര്‍ ആകുക - Rich Towards the Kingdom

ഇവിടെ മറ്റൊരു ചോദ്യം ഉയരുന്നു:
ദൈവരാജ്യം സംബന്ധിച്ച് നമുക്കെ എങ്ങനെ സമ്പന്നര്‍ ആയി തീരാം?

നമ്മള്‍ മുകളില്‍ പറഞ്ഞിരിക്കുന്ന സമ്പത്തിന്റെ നിര്‍വചനം ഓര്‍ക്കുക.
ഒരു ബുദ്ധിമാനായ യജമാനന്റെ അസാന്നിധ്യത്തില്‍ പോലും യജമാനന് വേണ്ടി കഠിനമായി പ്രയത്നിക്കുകയും സ്വയം വര്‍ദ്ധിക്കുകയും ചെയ്യുന്ന വിശ്വസ്തനായ ദാസന്‍ ആണ് സമ്പത്ത്.
അതിന്റെ അര്‍ത്ഥം, ഒരു വലിയ അളവില്‍ മടക്കി ലഭിക്കുവാനായി നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ധനം ആണ് സമ്പത്ത്.

നമ്മള്‍ മുകളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന മൂന്ന് കാര്യങ്ങള്‍ ഒരുമിച്ചു ചിന്തിച്ചാല്‍ യഥാര്‍ത്ഥ സമ്പത്ത് എന്താണ് എന്ന് മനസ്സിലാക്കുവാന്‍ കഴിയും:
 
1.   മരണം, നിത്യത എന്നിവയെ മറന്നുകൊണ്ട് ജീവിക്കുന്നവന്‍ മൂന്‍ ആണ്.
2.   തെറ്റായ സ്ഥലങ്ങളില്‍ സമ്പത്ത് സൂക്ഷിച്ചുവെക്കുന്നവന്‍ വിഡ്ഢി ആണ്.
3.   നമ്മളുടെ ജീവിത ഉദ്യേശ്യം മറക്കുന്നവന്‍ മൂന്‍ ആണ്.
  
അതിന്റെ അര്‍ത്ഥം, ബുദ്ധിമാന്‍ ആകുക എന്നാല്‍:

·         മരണം, നിത്യത എന്നിവയെകുറിച്ചുള്ള ശരിയായ ബോധത്തോടെ ജീവിക്കുക.
·         കള്ളന്മാരും ക്ഷുദ്രജീവികളും ഇല്ലാത്ത സ്ഥലത്ത് സമ്പത്ത് നിക്ഷേപിക്കുക.
·         ദൈവരാജ്യത്തിന്റെ സാന്നിദ്ധ്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്തുകൊണ്ട് ജീവിക്കുക

ദൈവരാജ്യത്തില്‍ നിക്ഷേപിക്കുക - Investing in the Kingdom

ദൈവരാജ്യം സംബന്ധിച്ച് സമ്പന്നന്‍ ആകുക എന്ന് പറഞ്ഞാല്‍ ദൈവ രാജ്യത്തില്‍ നിക്ഷേപിക്കുക എന്നാണ് അര്‍ഥം.
നമ്മള്‍ ഇളകാത്ത ദൈവരാജ്യത്തില്‍ പ്രവേശിക്കുമ്പോള്‍ അവിടെ നല്ല ഒരു പ്രതിഫലം ലഭിക്കെണ്ടാതിനായി നമുക്കുവേണ്ടി കഠിനമായി അധ്വാനിക്കുന്ന ഒരു നിക്ഷേപം നമുക്ക് അവിടെ ഉണ്ടായിരിക്കേണം.

നമ്മളുടെ ഉപമയിലെ മൂനായ ധനവാനെ നോക്കുക.
ഈ ഭൂമിയില്‍ വലിയ ധനം അദ്ദേഹം സംമ്പാധിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്നു അദ്ദേഹം മരിച്ചാല്‍ അതില്‍ യാതൊന്നും മറു ലോകത്തിലേക്ക് കൊണ്ടുപോകുവാന്‍ അദ്ദേഹത്തിനു കഴിയുക ഇല്ല.
ദൈവരാജ്യത്തില്‍ നിക്ഷേപിക്കുവാന്‍ അദ്ദേഹം മറന്നു പോയി താനും.

ഏതാണ് ഏറ്റവും നല്ലത്: ഈ ലോകത്തില്‍ നിക്ഷേപിക്കുന്നതോ അതോ ദൈവരാജ്യത്തില്‍ നിക്ഷേപിക്കുന്നതോ?
ഈ ഭൂമിയില്‍ സുഖമായി ജീവിക്കുവാന്‍ നമുക്ക് ധനം ആവശ്യമാണ്‌.
നമ്മള്‍ ഈ ഭൂമിയില്‍ സുഖമായി ജീവിക്കുന്നതിനു ദൈവം എതിരല്ല.
ഒപ്പം തന്നെ നിത്യതയില്‍ സുഖമായി ജീവിക്കുവാന്‍ നമുക്ക് ദൈവരാജ്യത്തില്‍ ഒരു നിക്ഷേപം ആവശ്യമാണ്.

ഈ ഭൂമിയിലെ എല്ലാ നിക്ഷേപങ്ങളും പലിശ സഹിതം ഈ ഭൂമിയില്‍ വച്ച് മാത്രം മടക്കി ലഭിക്കും.
ഈ ഭൂമിയിലെ ഏതെങ്കിലും ബാങ്കിലോ സ്ഥാപനങ്ങളിലോ നമ്മള്‍ നടത്തിയ നിക്ഷേപം അതിന്റെ പലിശ സഹിതം ദൈവരാജ്യത്തില്‍ മടക്കി നല്‍കാം എന്ന് ആരും പറയുന്നില്ല.
എല്ലാ ഭൌതീക ധനത്തിനും ഒരു പോരായ്മ ഉണ്ട്: അവയ്ക്ക് മരണശേഷമുള്ള ജീവിതത്തില്‍ യാതൊരു ക്രയവിക്രയ ശേഷിയും ഇല്ല.

ദൈവരാജ്യം സംബന്ധിച്ച് സമ്പന്നര്‍ ആയവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി തങ്ങളുടെ സമ്പത്തിനെ വിനയോഗിച്ചവര്‍ ആണ്.
ദൈവരാജ്യം സംബന്ധിച്ച് സമ്പന്നര്‍ ആയവര്‍ മരണശേഷമുള്ള നിത്യജീവിതത്തില്‍ ക്രയവിക്രയ ശേഷിയുള്ള പ്രതിഫലത്തിനായി നിക്ഷേപം നടത്തിയവര്‍ ആണ്.

അതിന്റെ അര്‍ത്ഥം നമുക്ക് ഈ ഭൂമിയില്‍ ജീവിക്കാനും നിത്യതയില്‍ ജീവിക്കാനും സമ്പത്ത് ആവശ്യമുണ്ട്.

ധനം നിക്ഷേപിക്കുന്നവര്‍ക്ക് മാത്രമേ അത് വര്‍ദ്ധിച്ച് മടക്കി ലഭിക്കുക ഉള്ളൂ.

അതായത്, നമ്മള്‍ ഈ ഭൂമിയില്‍ ആയിരിക്കുമ്പോഴും നിത്യതയില്‍ എത്തപ്പെട്ടതിനു ശേഷവും ധാരാളമായി മടക്കി ലഭിക്കുന്ന ഒരു നിക്ഷേപം ആവശ്യമുണ്ട്.
ഇപ്രകാരം മടക്കി ലഭിക്കുന്ന ഒരേഒരു നിക്ഷേപമാര്‍ഗമേ ഉള്ളൂ – അത് ദൈവരാജ്യത്തില്‍ നിക്ഷേപിക്കുക എന്നതാണ്.

എങ്ങനെ നമുക്ക് ദൈവരാജ്യത്തില്‍ നിക്ഷേപിക്കുവാന്‍ കഴിയും?

ദൈവരാജ്യത്തില്‍ നിക്ഷേപിക്കുന്നത് വളരെ എളുപ്പം ആണ്.
ദൈവരാജ്യത്തിന്റെ വ്യപ്തിക്കായി നമ്മള്‍ ചിലവഴിക്കുന്നതെല്ലാം ദൈവരാജ്യത്തില്‍ നിക്ഷേപമായി കണക്കാക്കപ്പെടും.
യേശുവിന്റെ നാമത്തില്‍ നമ്മള്‍ ചിലവഴിക്കുന്നതെല്ലാം ദൈവരജ്യത്തിലെ നിക്ഷേപങ്ങള്‍ ആണ്.

ഇവിടെ ഒരു ചെറിയ പ്രശനം ഉദിച്ചേക്കാം.
ധനവന്മാര്‍ക്ക് ദൈവരാജ്യത്തിന്റെ വ്യപ്തിക്കായി ധാരാളം പണം ചിലവഴിക്കുവാന്‍ കഴിഞ്ഞേക്കാം.
എന്നാല്‍ ധനവാന്മാര്‍ അല്ലാത്തവര്‍ എങ്ങനെ എത്ര അധികം പണം ചിലവിഴിക്കും?
പാവപ്പെട്ട ഒരാള്‍ക്ക് എങ്ങനെ ദൈവരാജ്യത്തില്‍ നിക്ഷേപിക്കുവാന്‍ കഴിയും?

പാവപ്പെട്ടവര്‍ നിരാശര്‍ ആകേണ്ടതില്ല; അവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്.
ദൈവരാജ്യത്തില്‍ നമ്മള്‍ നിക്ഷേപിക്കുന്ന പണത്തിന്റെ അളവല്ല രേഖപ്പെടുത്തുന്നത്.
നമ്മളുടെ പക്കലുള്ള മൊത്തം തുകയുടെ എത്ര ശതമാനം നമ്മള്‍ ദൈവരാജ്യത്തില്‍ നിക്ഷേപിച്ചു എന്നാണ് അവിടെ കണക്കാക്കുന്നത്.
ഇതു വിചിത്രമായ ഒരു രീതി ആയി തോന്നിയേക്കാം; പക്ഷെ ഇതാണ് ദൈവരാജ്യത്തിലെ മൂല്യ വ്യവസ്ഥ.

യേശുവിന്റെ കാലത്ത് ദൈവാലയത്തില്‍ രണ്ടു കാശു കാണിക്ക ഇട്ട വിധവയുടെ കാര്യം ഓര്‍ക്കുക.
യേശു പറഞ്ഞു: അവിടെ ഉണ്ടായിരുന്ന എല്ലാ ധനവാന്മാരും ഇട്ടതിനേക്കാള്‍ അധികം ഈ വിധവ ഭണ്ടാരത്തില്‍ ഇട്ടിരിക്കുന്നു.
കാരണം എല്ലാവരും അവരുടെ ധാരാളിത്തത്തില്‍ നിന്നും ചെറിയ അംശം ഇട്ടപ്പോള്‍ ഇവള്‍ തനിക്കു ഉള്ളതെല്ലാം ദൈവാലയത്തില്‍ ഇട്ടു.
  
ദൈവരജ്യത്തിലെ മൂല്യ വ്യവസ്ഥ ഈ ലോകത്തിലെ വ്യവസ്ഥയില്‍ നിന്നും വിഭിന്നം ആണ്.
നമ്മളുടെ പക്കലുള്ള മൊത്തം ധനത്തിന്റെ എത്ര ശതമാനം നമ്മള്‍ ദൈവരാജ്യത്തിന് നല്‍കി എന്നാണു അവിടെ നോക്കുന്നത്.

അതുകൊണ്ട് ഈ ലോകപ്രകാരമുള്ള ചെറിയ തുക പോലും ദൈവരാജ്യത്തില്‍ വലിയ നിക്ഷേപം ആയി കണക്കാക്കുവാന്‍ സാധ്യത ഉണ്ട്.

ദൈവരാജ്യത്തിലെ നിക്ഷേപത്തിന് ഒരു പ്രത്യേകത കൂടി ഉണ്ട്.
ശൂന്യമായ പോക്കറ്റുമായി ജീവിക്കുന്ന പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് പോലും ദൈവരാജ്യത്തില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുവാന്‍ കഴിയും.

പണം മാത്രമല്ല, എല്ലാ തരത്തിലുമുള്ള വസ്തുക്കളും ദൈവരാജ്യത്തില്‍ നിക്ഷേപം ആയി സ്വീകരിക്കും.
നമ്മളുടെ സമയം, ആരോഗ്യം, ഭൌതീക നന്മകള്‍ എല്ലാം നിക്ഷേപം ആയി സ്വീകരിക്കും.
ലോകത്തിലെ ബാങ്കുകള്‍, മറ്റു സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും തികച്ചും വ്യത്യസ്തം ആണിത്.
ഈ ഭൂമിയിലെ സാമ്പത്തിക സ്ഥാപനങ്ങള്‍ എല്ലാം പണം മാത്രമേ നിക്ഷേപം ആയി സ്വീകരിക്കൂ.
എന്നാല്‍ ദൈവരാജ്യം എല്ലാ തരം വസ്തുക്കളെയും നിക്ഷേപം ആയി സ്വീകരിക്കും.

നമുക്ക് ഒന്ന് രണ്ടു വാക്യങ്ങള്‍ വായിക്കാം:
 
മത്തായി 10 : 41, 42
41  പ്രവാചകൻ എന്നുവച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാൻ എന്നുവച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും.
42  ശിഷ്യൻ എന്നുവച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

 ലൂകോസ് 18 : 29, 30
  യേശു അവരോടു: ദൈവരാജ്യംനിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു
30  കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നുഎന്നു പറഞ്ഞു.

ഉപസംഹാരം - Conclusion

താങ്കള്‍ യഥാര്‍ത്ഥത്തില്‍ സമ്പന്നന്‍ ആണോ?

നമ്മളുടെ നിക്ഷേപങ്ങള്‍ക്ക്, എല്ലാ ജീവിത തിരക്കുകളില്‍ നിന്നും നമ്മള്‍ വിരമിച്ചുകഴിയുമ്പോള്‍ നമുക്ക് നല്ല ഒരു സാമ്പത്തിക പിന്‍ബലം നല്‍കുവാന്‍ കഴിയേണം.
നമ്മളുടെ നിക്ഷേപങ്ങള്‍ക്ക്, നമ്മള്‍ക്ക് ഈ ലോകത്തിലും വരുവാനുള്ള നിത്യതയിലും പ്രതിഫലം നല്‍കുവാന്‍ കഴിയേണം.

എന്നാല്‍ ഈ രണ്ടു ആവശ്യങ്ങളും നിറവേറ്റുന്ന ഒരു നിക്ഷേപ മാര്‍ഗ്ഗമേ ഉള്ളൂ.
അത് ദൈവരാജ്യത്തില്‍ നിക്ഷേപിക്കുക എന്നതാണ്.

കൃത്യമായും ക്രമമായും ദൈവരാജ്യത്തില്‍ നിക്ഷേപിക്കുന്നവര്‍ നിച്ശയമായും സമ്പന്നര്‍ ആയി തീരും.
അല്ലെങ്കില്‍ നമ്മള്‍ മൂഡനായ ധനികന്‍ എന്ന് വിളിക്കപ്പെടും.

No comments:

Post a Comment