യിസ്ഹാക്കിന്റെ യാഗം

യിസ്ഹാക്കിന്റെ യാഗം സമ്പൂര്‍ണ അനുസരണത്തിന്റെ കഥയാണ്.
ദൈവത്തോടുള്ള തന്റെ അനുസരണവും വിശ്വാസവും തെളിയിക്കുന്ന, അബ്രഹാം തന്റെ ഏക മകനായ യിസ്ഹാക്കിനെ, ദൈവീക കല്‍പ്പനപ്രകാരം യാഗം കഴിക്കുന്നതിന്റെ വിവരണം ആണിത്.
ദൈവത്തോടുള്ള അനുസരണത്തില്‍, യേശു ക്രിസ്തു കഴിഞ്ഞാല്‍, മറ്റേതു വേദപുസ്തക വ്യക്തികളെക്കാളും മുന്നില്‍ നില്‍ക്കുന്നത് അബ്രഹാം ആയിരിക്കും.


ദൈവത്തിന്റെ കല്‍പ്പനകള്‍ അബ്രഹാം അനുസരിക്കുന്നത് ഇതു ആദ്യമായിട്ടല്ല.
അബ്രഹാം തന്റെ പിതാവിനോടും ബന്ധുമിത്രാധികളോടുകൂടെ തന്റെ ജന്മദേശമായ ഊര്‍ എന്ന പട്ടണത്തില്‍ താമസിക്കുമ്പോള്‍ ആണ് മറ്റൊരു വാഗ്ദത്ത ദേശത്തേക്ക് യാത്രയാകുവാന്‍ ദൈവം കല്‍പ്പിച്ചത്.
ഉടന്‍തന്നെ അബ്രഹാം ദൈവത്തെ അനുസരിച്ച് യാത്രതിരിച്ചു.

 അബ്രഹാം യഹോവയായ ദൈവത്തെ ആരാധിച്ചിരുന്ന വ്യക്തി ആയിരുന്നു.
ഇതു അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ വളരെ പ്രധാനപ്പെട്ട വിഷയം ആയിരുന്നു.
ഒരു പക്ഷെ അന്നത്തെ സമൂഹത്തില്‍ യഹോവയായ ദൈവത്തെ ആരാധിച്ചിരുന്ന ഏക വ്യക്തി അബ്രഹാം ആയിരുന്നു എന്ന് കരുതാം.

ആദമിന്റെ കാലം മുതല്‍, ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവായ യഹോവയെ ആരാധിച്ചിരുന്നവര്‍ ഉണ്ടായിരുന്നു.
ആദമിനെ സൃഷ്ടിച്ചത് ദൈവം ആണല്ലോ.
അതായതു, ആദം സ്വയംഭൂവായതോ, പരിണാമ പ്രക്രിയകളിലൂടെ ഉണ്ടായിവന്നതോ അല്ല.
ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യനാണ് ആദം.
ദൈവത്തെ മുഖാമുഖം കാണുവാനും, ദൈവത്തോട് സംസാരിക്കുവാനും ദൈവവുമായി ഒരു കൂട്ടായ്മ ബന്ധത്തില്‍ ആയിരിക്കുവാനും ആദാമിന് കഴിഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് ആദം പാപം ചെയ്തതിലൂടെ ഊഷ്മളമായ ഈ ബന്ധം തകര്‍ന്നുപോയി.

എന്നിരുന്നാലും, സൃഷ്ടാവായ യഹോവയായ ദൈവത്തെ ആരാധിക്കേണം എന്നും, ആരാധനയില്‍ യാഗത്തിന്റെ പ്രാധാന്യവും എല്ലാം ആദമിലൂടെ തന്റെ പിന്തലമുറക്ക് അറിവുള്ളത് ആയിരിക്കേണം.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മനുഷ്യര്‍ യഹോവയായ ദൈവത്തെ ഉപേക്ഷിച്ച് ജാതീയ ദേവന്മാരെ ആരാധിക്കുവാന്‍ തുടങ്ങി.

അതുകൊണ്ട് നോഹയുടെ കാലത്ത് ദൈവത്തെ ഉപേക്ഷിച്ചവരെ ശിക്ഷിക്കുവാന്‍ ദൈവം മാനവ ചരിത്രത്തില്‍ ഇടപെട്ടു.
അക്കാലത്ത് യഹോവയെ ആരാധിച്ചിരുന്ന ഏക വ്യക്തി നോഹ ആയിരുന്നു.
വിശ്വാസത്തില്‍ അധിഷ്ടിതമായ രക്ഷയുടെ ദൂത് മനുഷ്യരോട് വിളിച്ചറിയിക്കുവാന്‍ ദൈവം നോഹയെ തെരഞ്ഞെടുത്തു.
നോഹ 120 വര്‍ഷങ്ങള്‍ ദൈവീക ശിക്ഷയെകുറിച്ചും വിശ്വാസത്താല്‍ ലഭിക്കുന്ന രക്ഷയെകുറിച്ചും മനുഷ്യരോട് പ്രസംഗിച്ചു.
എന്നാല്‍ ആരും അത് വിശ്വസിച്ചില്ല.
അതുകൊണ്ട് ലോകത്തെ ആകെ മൂടുകയും സകല ജീവജാലകങ്ങളെയും മനുഷ്യരെയും നശിപ്പിച്ചുകളയുകയും ചെയ്ത മഹാപ്രളയത്തെ ദൈവം ലോകത്തിലേക്ക് അയച്ചു.
എന്നാല്‍ ഈ പ്രളയത്തില്‍ നിന്നും ദൈവം നോഹയെയും കുടുംബത്തെയും രക്ഷിച്ചു.

ഈ സംഭവം കാണിക്കുന്നത്, നോഹയുടെ കാലത്ത് നോഹ ഒഴികെ യഹോവയെ ആരാധിച്ചിരുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല എന്നാണ്.
ഒരു വ്യക്തി അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത കുടുംബം ആയ 8 പേര്‍ മാത്രമേ അന്ന് യഹോവയെ ആരധിക്കുന്നവരായി ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍ യഹോവയുടെ ആരാധന പൂര്‍ണമായും ഇല്ലാതായ അവസരങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ല.
എന്നും ഒരു ചെറിയ കൂട്ടം എങ്കിലും യഹോവയെ ആരധിക്കുന്നവരായി ഈ ഭൂമിയില്‍ ഉണ്ടായിരുന്നു.

അതുകൊണ്ട് അബ്രഹാമിന്റെ കാലത്ത് യഹോവയെ ദൈവമായി ആരാധിച്ചിരുന്നവര്‍ അബ്രഹാം മാത്രമായി ചുരുങ്ങിയിരുന്നു എന്ന് നമുക്ക് അനുമാനിക്കാം.
അതിനാല്‍ ദൈവം തന്റെ രക്ഷാ പദ്ധതിക്കായി അബ്രഹാമിനെ തിരഞ്ഞെടുത്തു.

ഉല്‍പ്പത്തി പുസ്തകം 12- )o  അദ്ധ്യായത്തില്‍ ദൈവം അബ്രഹാമിനെ വിളിക്കുന്നത്‌ രേഖപെടുത്തിയിരിക്കുന്നു.
ഇവിടെ ദൈവം അബ്രഹാമുമായി ഒരു ഉടമ്പടി ബന്ധത്തില്‍ ഏര്‍പ്പെടുന്നു.
ഈ ഉടമ്പടി പ്രകാരം അബ്രഹാമിന് ഒന്നിലധികം അനുഗ്രഹങ്ങള്‍ ദൈവം വാഗ്ദത്തം ചെയ്യുന്നു.
അതില്‍ ഒന്നാണ് ഒരു ജാതി അഥവാ ഒരു രാജ്യം എന്നത്.

ഉല്പത്തി 12 : 1 - 3
  യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.
  ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
  നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

അബ്രഹാം ഈ ദൈവീക ഉടമ്പടിയിലും വാഗ്ദത്തങ്ങളിലും വിശ്വസിച്ചു, യാത്ര തിരിച്ചു.
അബ്രഹാം ദൈവത്തെ അനുസരിക്കുന്നതായി വേദപുസ്തകത്തില്‍ രേഖപെടുത്തിയിരിക്കുന്ന ആദ്യത്തെ സംഭവം ആണിത്.

എന്നാല്‍ അബ്രഹാമിന് സന്തതി ഇല്ലായിരുന്നു.
അവനെ ഒരു വലിയ ജാതി അല്ലെങ്കില്‍ ഒരു രാജ്യം ആക്കാം എന്നാണ് ദൈവത്തിന്റെ വാഗ്ദത്തം.
ഇതേ വാഗ്ദത്തം മറ്റു വിശദാംശങ്ങളുമായി ഉല്‍പ്പത്തി പുസ്തകം പതിനഞ്ചാം അധ്യായത്തിലും പതിനേഴാം അധ്യായത്തിലും ആവര്‍ത്തിക്കുന്നുണ്ട്.

ഉടമ്പടിയുടെ ഭാഗികമായ നിവൃത്തിയായി അബ്രഹാമിന് 100  വയസ്സായപ്പോള്‍ ഒരു മകനെ ലഭിച്ചു.
ഈ സന്തിയിലൂടെ ഒരു വലിയ ജാതി ഉണ്ടാകും എന്നും അവരിലൂടെ ലോകത്തിലെ സകല ജാതികളും അനുഗ്രഹിക്കപെടും എന്നും അബ്രഹാം വിശ്വസിച്ചു.

യാഗം - The Sacrifice

അപ്പോഴാണ് ആ വലിയ സംഭവം ഉണ്ടായതു.
ഒരു ദിവസം ദൈവം അബ്രാഹമിനോട് അവന്റെ ഏക മകനായ യിസ്ഹാക്കിനെ മലമുകളില്‍ യാഗമായി അര്‍പ്പിക്കുവാന്‍ കല്‍പ്പിച്ചു.

വേദപുസ്തകം പറയുന്നു, ദൈവം അബ്രഹാമിനെ ഇതിലൂടെ പരീക്ഷിക്കുക ആയിരുന്നു.

ഉല്‍പ്പത്തി 22 : 1, 2  
അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്നു: ഞാൻ ഇതാ എന്നു അവൻ പറഞ്ഞു.
അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.

വേദപുസ്തകത്തില്‍ ദൈവം അബ്രഹാമിനെ ഇതിനാല്‍ പരീക്ഷിച്ചു എന്ന് പറയുന്നു.
നമ്മളുടെ ഇന്നത്തെ ചോദ്യം ഇതാണ്: ദൈവം എന്താണ് പരീക്ഷിച്ചത്?
ദൈവം അബ്രഹാമിനെ പരീക്ഷിച്ചു എന്ന് പറയുമ്പോള്‍ എന്ത് പരീക്ഷിക്കപെട്ടു എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്?

ഈ ചോദ്യത്തിനു നമ്മളുടെ പക്കല്‍ ഒന്നിലധികം ഉത്തരങ്ങള്‍ ഉണ്ട്.
എന്നാല്‍ അതില്‍ കൃത്യമായ ഉത്തരം എന്തായിരിക്കും.
ഇതാണ് നമ്മളുടെ ഇന്നത്തെ ചിന്താവിഷയം.
  
സ്വാഭാവികമായി ഉയര്‍ന്നു വന്നേക്കാവുന്ന ചില ഉത്തരങ്ങള്‍ ഞാന്‍ പറയാം:

·         അബ്രഹാമിന്റെ ദൈവത്തിലുള്ള വിശ്വാസം പരീക്ഷിച്ചു.
·         യിസ്ഹാക്കിനെ യാഗം കഴിക്കുവാന്‍ പറഞ്ഞതിലൂടെ അബ്രഹാമിന്റെ അനുസരണം പരീക്ഷിച്ചു.
·         ദൈവവും അബ്രഹാമും തമ്മിലുള്ള ഉടമ്പടിയില്‍ അബ്രഹമിനുള്ള വിശ്വാസം പരീക്ഷിച്ചു.
·         ഉടമ്പടിയിലെ ഒരു പ്രത്യേക അനുഗ്രഹത്തില്‍ അബ്രഹമിനുള്ള വിശ്വാസം പരീക്ഷിച്ചു.


ഈ ഉത്തരങ്ങള്‍ എല്ലാം ഒരു രീതിയില്‍ ശരിയാണ്.
എന്നാല്‍ അവസാനത്തെ ഉത്തരമാണ് കൃത്യമായ ഉത്തരം.
ഉടമ്പടിയിലെ ഒരു പ്രത്യേക അനുഗ്രഹത്തില്‍ അബ്രഹമിനുള്ള വിശ്വാസമാണ് പരീക്ഷിക്കപ്പെട്ടത്.

എന്തായിരുന്നു ആ പ്രത്യേക അനുഗ്രഹം അല്ലെങ്കില്‍ വാഗ്ദത്തം?

ദൈവം ഉല്‍പ്പത്തി 12 ല്‍ അബ്രഹാമിന് നാലു അനുഗ്രഹങ്ങള്‍ ആണ് വാഗ്ദത്തം ചെയ്തത്:

1.         ഒരു ദേശം (v. 1)
2.         ഒരു വലിയ ജാതി അഥവാ രാജ്യം. (v. 2)
3.         ദൈവീക സംരക്ഷണം (v.3)
4.         അവനിലൂടെ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപെടും. (v. 3)

അബ്രഹാം ഒരു വലിയ ജാതി ആകും എന്നുള്ള ദൈവീക വാഗ്ദത്തില്‍ അബ്രഹമിനുള്ള വിശ്വാസം പരീക്ഷിച്ച് തെളിയിക്കുവാന്‍ ദൈവം തീരുമാനിച്ചു.

രാജ്യം എന്നത് ഒരു വ്യക്തി മാത്രം അല്ല; ഒരു കുടുംബം മാത്രമല്ല.
രാജ്യം എന്നത് ഒരു രാജാവും വലിയ ഒരു സമൂഹം ജനങ്ങളും ആണ്.
ദൈവത്തിന്റെ രക്ഷാ പദ്ധതി നിവൃത്തിക്കുവാന്‍ അബ്രഹിമിലൂടെ ഉള്ള ഒരു വലിയ സമൂഹം ജനങ്ങളെ ദൈവത്തിന് ആവശ്യം ഉണ്ടായിരുന്നു.
അതുകൊണ്ട് അബ്രഹാമിനെ ഒരു വലിയ ജാതി ആക്കും എന്ന വാഗ്ദത്തത്തില്‍ അവന് ദൃഡമായ വിശ്വാസം ഉണ്ടായിരിക്കേണം.

ദൈവത്തെ സംബന്ധിച്ചിടത്തോളം ഇതു വളരെ പ്രധാനപെട്ട കാര്യം ആണ്.
മനുഷ്യരെ പിശാചിന്റെ രാജ്യത്തില്‍ നിന്നും വീണ്ടെടുക്കുക എന്ന ദൈവീക പദ്ധതിക്കായിട്ടാണ് യഹോവയായ ദൈവത്തെ ആരാധിച്ചിരുന്ന അബ്രഹാമിനെ വിളിച്ചത്.
ദൈവത്തിന്റെ ആത്യന്തിക ലക്ഷ്യം അബ്രഹാമിന് ചില ഭൌതീക അനുഗ്രഹങ്ങള്‍ നല്‍കുക എന്നത് ആയിരുന്നില്ല, മറിച്ച് മനുഷ്യരുടെ വീണ്ടെടുപ്പെന്ന ദൈവത്തിന്റെ നിത്യമായ പദ്ധതി നിവര്‍ത്തിക്കുക എന്നതായിരുന്നു.

അബ്രഹാമിന് അത് അറിയാമായിരുന്നു.
അതുകൊണ്ടാണ് അബ്രഹാം, സകല ഭൌതീക നന്മകള്‍ക്കും മദ്ധ്യേ, ദൈവം ശില്‍പ്പിയായി സൃഷ്ടിച്ച സ്വര്‍ഗീയമായ പട്ടണത്തിനായി കാത്തുകൊണ്ട് കൂടാരങ്ങളില്‍ താമസിച്ചിരുന്നത്.

എബ്രായര്‍ 11 : 9, 10
വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു
10  ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.

തന്റെ ഏക മകനെ യാഗം കഴിക്കുവാന്‍ ദൈവം അബ്രാഹമിനോട് കല്‍പ്പിച്ചത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഇതാണ്.
അബ്രഹമിലൂടെ ഒരു ജാതി ഉണ്ടാകും എന്ന ഉടമ്പടിപ്രകാരമുള്ള വാഗ്ദത്തില്‍ അവനു തെളിയക്കപെട്ട വിശ്വാസം ഉണ്ടായിരിക്കേണം എന്ന് ദൈവം ആഗ്രഹിച്ചു.
കാരണം ദൈവത്തിന്റെ രാജ്യം വീണ്ടെടുക്കപ്പെട്ടവരുടെ മാത്രം രാജ്യം ആയിരിക്കും.

വീണ്ടെടുപ്പും യാഗവും - Redemption and Sacrifice
  
ദൈവത്തിന്റെ വീണ്ടെടുപ്പ് പദ്ധതി ആരംഭിക്കുന്നത് എദെന്‍ തോട്ടത്തില്‍ ആണ്.
അവിടെ ദൈവം, ഒരു മൃഗത്തെ കൊന്ന് രക്തം നിറഞ്ഞ അതിന്റെ തോലുകൊണ്ട്, പാപത്തില്‍ വീണുപോയ ആദമിന്റെയും ഹവ്വയുടെയും നഗ്നത മറച്ചു.

യഥാര്‍ത്ഥത്തില്‍ ആദമിന്റെയും ഹവ്വയുടെയും പാപം യാഗമായിതീര്‍ന്ന ഒരു മൃഗത്തിന്റെ രക്തംകൊണ്ട് ദൈവം മറയ്ക്കുക ആയിരുന്നു.

അതുകൊണ്ട് വീണ്ടെടുപ്പില്‍ പാപത്തെ ഒരു യാഗ മൃഗത്തിന്റെ രക്തം കൊണ്ട് മറയ്ക്കുന്നു എന്ന വലിയ സത്യം ഉണ്ട്.

വീണ്ടെടുപ്പ് എന്നാല്‍ മനുഷ്യരുടെ പാപത്തെ എന്നന്നേക്കുമായി ഒരു യാഗ മൃഗത്തിന്റെ രക്തം കൊണ്ട് മറയ്ക്കുകയും അങ്ങനെ ദൈവവുമായി നിരപ്പ് പ്രാപിക്കുന്നതുമാണ്.
വീണ്ടെടുക്കപ്പെട്ട സമൂഹം എന്നാല്‍ യാഗ മൃഗത്തിന്റെ രക്താല്‍ മൂടപെട്ടതിനാല്‍ തങ്ങളുടെ പാപം ദൈവത്തില്‍ നിന്നും മറച്ചു കിട്ടിയ ഒരു കൂട്ടം ജനം ആണ്.
അബ്രഹമിനോടുള്ള വാഗ്ദത്തമോ, വീണ്ടെടുക്കപെട്ട ഒരു മാനവജാതിയുടെ ദൈവരാജ്യം ആണ്.

യിസ്ഹാക്കിന്റെ യാഗത്തിന്റെ പിന്നിലെ മര്‍മ്മം ഇതാണ്.

അബ്രഹാമിന്റെ ഏക മകനെ യാഗം കഴിക്കുവാനാണ് ദൈവം ആവശ്യപെടുന്നത്.
താന്‍ ഒരു വലിയ ജാതി ആകും എന്ന ദൈവീക വാഗ്ദത്തത്തില്‍ അബ്രഹാം വിശ്വസിച്ചു.
അതുകൊണ്ട് ഉടമ്പടിയുടെ സൃഷ്ടാവും അതിന്റെ നിവൃത്തിയുമായ ദൈവത്തിന്റെ കല്‍പ്പന അനുസരിക്കുവാന്‍ അബ്രഹാം യാത്ര പുറപ്പെട്ടു.
ഉടമ്പടി വ്യവസ്ഥകള്‍ നിവര്‍ത്തിക്കുക എന്നത് ദൈവത്തിന്റെ ഉത്തരവാദിത്തം ആണ്; അബ്രഹാം വിശ്വസിക്കുക മാത്രം ചെയ്‌താല്‍ മതി.

അങ്ങനെ, വീണ്ടെടുക്കപെട്ട ഒരു ജാതി എന്ന ഉടമ്പടി വ്യവസ്ഥയിലുള്ള അബ്രഹാമിന്റെ വിശ്വാസം എന്നതിലേക്ക് ഈ സംഭവം കേന്ദ്രീകരിക്കുന്നു.
ഈ വിശ്വാസം പരീക്ഷിക്കപെടുന്നു.
വീണ്ടെടുക്കപെട്ട ഒരു ജാതിയുടെ രാജ്യമായ ദൈവരാജ്യത്തിലെക്ക് പ്രവേശിക്കുവാനുള്ള ഏക യോഗ്യത വിശ്വാസം മാത്രമാണ് എന്ന് ഇതു വിളിച്ചുപറയുന്നു.
വിശ്വാസം കൂടാതെ ആര്‍ക്കും ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയുക ഇല്ല.

ദൈവം രാജാവും വീണ്ടെടുക്കപെട്ട ജനം പ്രജകളും ആയിരിക്കുന്ന ഒരു രാജ്യമാണ് ദൈവരാജ്യം.
വീണ്ടെടുപ്പിനായി നല്‍കിയ രക്തം ചൊരിഞ്ഞ യാഗത്ത്തിലുള്ള വിശ്വാസം മാത്രമാണ് പ്രവേശനത്തിനുള്ള യോഗ്യത.

അബ്രഹാമിന് ദൈവത്തിന്റെ പദ്ധതി നല്ലതുപോലെ അറിയാമായിരുന്നു.
ഈ ഭൂമിയില്‍ താന്‍ നേടുന്നതൊന്നും, തന്റെ ജീവിതത്തിന്റെയോ ദൈവീക വിളിയുടെയോ ആത്യന്തികമായ ലക്ഷ്യം അല്ല എന്ന് അബ്രഹാം മനസ്സിലാക്കി.
തനിക്കു ദൈവരാജ്യം അവകാശമാക്കേണ്ടിയിരിക്കുന്നു.
അതാണ്‌ നമ്മള്‍ എബ്രായര്‍ 11 )o  അദ്ധ്യായത്തില്‍ വായിച്ചത്.

അബ്രഹാമിന്റെ മുന്നറിവ് - The Foreknowledge of Abraham

ഇവിടെ നമ്മള്‍ മനസ്സിലക്കേണ്ടുന്ന മറ്റൊരു മര്‍മ്മം ഉണ്ട്.
മനുഷ്യരുടെ വീണ്ടെടുപ്പിന് ആവശ്യമായ, രക്തം ചൊരിഞ്ഞുള്ള യാഗം, യിസ്ഹാക്കിന്റെ യാഗം അല്ല എന്ന മര്‍മ്മം അബ്രഹാമിന് മുന്നറിവ് ഉണ്ടായിരുന്നു.
കാരണം മനുഷ്യരുടെ പാപപരിഹാരത്തിനും വീണ്ടെടുപ്പിനുമായി ഒരു യാഗം മനുഷ്യര്‍ക്ക്‌ ക്രമീകരിക്കുവാന്‍ കഴിയുകയില്ല.

അബ്രഹാം ദൈവീക കല്‍പ്പന അനുസരിച്ച് തന്റെ മകനെ യാഗം കഴിക്കുവാനായി യാത്ര തിരിച്ചു മൂന്നാം നാള്‍ മോറിയ ദേശത്ത് മലയുടെ അടിവാരത്തില്‍ എത്തി.
അവിടെ നിന്നുകൊണ്ട് അബ്രഹാം മലമുകളിലുള്ള യാഗ സ്ഥലത്തെ ദൂരെ കണ്ടു എന്ന് വചനം പറയുന്നു.

ഉല്‍പ്പത്തി 22:4  മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്നു ആ സ്ഥലം കണ്ടു.


ഇതു വായിക്കുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ ചിന്തിച്ചുപോകും അബ്രഹാം മോറിയ മലമുകള്‍ മാത്രമല്ല കണ്ടത്.
അബ്രഹാം അതിനുമപ്പുറം ഇതേ മലമുകളില്‍ ഉയരുവാനിരിക്കുന്ന യേശുവിന്റെ ക്രൂശും ദൂരമേ കണ്ടു.
അബ്രഹാമിന് അങ്ങനെ ആത്മമഡലത്തിലേക്ക് നോക്കി ക്രൂശ് കാണുവാന്‍ കഴിയുമായിരുന്നുവോ?
അബ്രഹാമിന് അതിനു കഴിയുമായിരുന്നു.
ക്രിസ്തുവിനേയും ക്രൂശ് മരണത്തെയും മാത്രമല്ല അതിനുമപ്പുറം പുതിയ യെരുശലമിനെയും എന്നന്നേക്കുമായി ഉറപ്പിക്കപെടുന്ന ദൈവരാജ്യത്തെയും കാണുവാന്‍ അബ്രഹാമിന് കഴിഞ്ഞിരുന്നു.
അവ കണ്ടുകൊണ്ടാണ് അബ്രഹാം ഈ ഭൂമിയില്‍ ജീവിച്ചിരുന്നത്.

നമുക്ക് ഒരു വാക്യം വായിക്കാം:

എബ്രായര്‍ 11:13   ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞും കൊണ്ടു വിശ്വാസത്തിൽ മരിച്ചു.

“അഭിവന്ദിച്ചും” എന്ന് പറയുന്ന വാക്കിന് ഗ്രീക്ക് ഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന പദം <aspazoma>  എന്നാണ്.
ഈ ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം “to enfold in the arms.”  “കരങ്ങള്‍ കൊണ്ട് ചേര്‍ത്ത് പിടിക്കുക” എന്നാണ്.
“അഭിവന്ദിച്ചു” എന്നത് അനുമാനിക്കപെടുന്ന അര്‍ത്ഥം അല്ലെങ്കില്‍ വിവക്ഷിതാര്‍ത്ഥം ആണ്.

അതുകൊണ്ട് നമ്മള്‍ മനസ്സിലാക്കേണ്ടത് ഇതാണ്:
അബ്രഹാം ദൈവം ശില്‍പ്പിയായി നിര്‍മ്മിച്ച സ്വര്‍ഗീയമായ ആ പട്ടണത്തെ ദൂരമേ കണ്ടു, തന്റെ കരങ്ങള്‍ കൊണ്ട് അതിനെ ചേര്‍ത്ത് പിടിച്ചുകൊണ്ടു ഈ ഭൂമിയില്‍ ജീവിച്ചു.
അതായതു അന്ത്യകാലത്ത് നമുക്ക് പ്രത്യക്ഷമാകുവാനുള്ള സ്വര്‍ഗീയ പട്ടണം അബ്രഹാമിന് ഒരു വെളിപ്പാട് മാത്രം ആയിരുന്നില്ല, അത് അവന്‍ നിത്യവും അനുഭവിച്ച ഒരു സത്യം ആയിരുന്നു.

അബ്രഹാമിന് യേശുവിലൂടെ നിവൃത്തിക്കപ്പെടുവാനിരിക്കുന്ന വീണ്ടെടുപ്പ് മുന്‍കൂട്ടി കാണുവാന്‍ കഴിഞ്ഞിരുന്നു.

യോഹന്നാന്‍ 8 : 56  നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നുഎന്നു (യേശു) ഉത്തരം പറഞ്ഞു.

യേശു പറഞ്ഞ ഈ വാക്യത്തിന്റെ അര്‍ത്ഥം എന്താണ്?
മുകളില്‍ നമ്മള്‍ പറഞ്ഞുകൊണ്ട് വന്ന കാര്യങ്ങളുമായി ചേര്‍ത്ത് നമുക്ക് ഈ വാക്യം മനസ്സിലാക്കാം:

താന്‍ മുഖാന്തിരം ഒരു വലിയ ജാതി ഉണ്ടാകും എന്നും ഭൂമിയിലെ സകല വംശങ്ങളും തന്നിലൂടെ അല്ലെങ്കില്‍ തന്റെ സന്തതിയിലൂടെ അനുഗ്രഹിക്കപെടും എന്നും അബ്രഹാം മനസ്സിലാക്കിയിരുന്നു.
അബ്രഹാം തന്റെ മകനായ യിസ്ഹാക്കിനും അപ്പുറം തന്റെ വംശാവലിയില്‍ ജനിക്കാനിരിക്കുന്ന യേശു ക്രിസ്തുവിനെയും കണ്ടു.
അതുകൊണ്ട് വാഗ്ദത്ത നിവൃത്തി യേശുവില്‍ കാണുവാന്‍ അവന്‍ ആഗ്രഹിച്ചു.

യേശു ക്രിസ്തുവില്‍ ഈ വാഗ്ദത്തം നിവൃത്തിക്കപെടുന്നത് കാണുവാന്‍ തക്കവണ്ണം ദീര്‍ഘനാള്‍ അബ്രഹാം ജീവിച്ചിരുന്നില്ല.
എങ്കിലും തന്റെ സന്തിപരമ്പരയിലെ യേശുവിലൂടെ ഈ വാഗ്ദത്തം നിവൃത്തിക്കപ്പെടുന്നത് ഒരു വെളിപ്പടായി കാണുവാന്‍ അബ്രഹാമിന് കഴിഞ്ഞിരുന്നു.

സകല മനുഷ്യരുടെയും പപപരിഹാരമായുള്ള യേശുവിന്റെ മരണം എന്ന യാഗം കാണുവാന്‍ അബ്രഹാമിന് കഴിഞ്ഞിരുന്നു.
വരുവാനിരിക്കുന്ന ആ വലിയ യാഗത്തിന്റെ ഒരു പ്രതീകം മാത്രമാണ് യിസ്ഹാക്കിന്റെ യാഗം എന്ന് അബ്രഹാം മനസ്സിലാക്കി.

വീണ്ടെടുപ്പ് സാധ്യമാക്കുവാന്‍ നിര്‍ദോഷമായ പാപമില്ലാത്ത രക്തം ചോരിഞ്ഞുള്ള മറ്റൊരു യാഗം ദൈവം ക്രമീകരിക്കും എന്ന് അബ്രഹാം അറിഞ്ഞു.
അതുകൊണ്ടാണ്, യാഗത്തിനുള്ള ആട്ടിന്‍കുട്ടി എവിടെ എന്ന തന്റെ മകന്റെ ചോദ്യത്തിനു അബ്രഹാം ഇപ്രകാരം മറുപടി നല്‍കുന്നത്:

ഉല്‍പ്പത്തി 22: 8   ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു.
  
നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്?
നമുക്ക് അതേ വാക്യം ഒന്നുകൂടെ വായിക്കാം:

ഉല്‍പ്പത്തി 22: 8   ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും ...

അബ്രഹാം തന്റെ മകന് ഉറപ്പുകൊടുക്കുകയാണ്: ദൈവം ആട്ടിന്‍കുട്ടിയെ കരുതിക്കൊള്ളും.
യിസ്ഹാക്കിന് പകരമായി യാഗം കഴിക്കുവാന്‍ ഒരു ആട്ടിന്‍കുട്ടിയെ ദൈവം ക്രമീകരിക്കും എന്നല്ല അബ്രഹാം ഉദ്യേശിച്ചത്‌ എന്ന് വ്യക്തമല്ലേ?
അബ്രഹാം അതിനും അപ്പുറത്തേക്ക് നോക്കി കണ്ടു, ദൈവത്തിന്റെ കുഞ്ഞാടായായ യേശുക്രിസ്തുവിനെ കണ്ടു.

നമ്മള്‍ വീണ്ടും ഉല്‍പ്പത്തി 22:14 ല്‍ ഇപ്രകാരം വായിക്കുന്നു:

ഉല്‍പ്പത്തി 22:14  അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.

And Abraham called the name of the place, The-LORD-Will-Provide (Jehovahjireh); as it is said to this day, "In the Mount of The LORD it shall be provided."   (NKJV)

ഇവിടെ മലയാളത്തിലെ വിവര്‍ത്തനത്തില്‍ അല്‍പ്പം പിശക് ഉണ്ട്:
യഹോവയുടെ പര്‍വ്വതത്തില്‍ “അത് (ആട്ടിന്‍കുട്ടി) പ്രത്യക്ഷമാകും” എന്നായിരുന്നു വേണ്ടിയിരുന്നത്.
അതായതു യാഗമൃഗത്തെ യഹോവയായ ദൈവം കരുതിക്കൊള്ളും.

അബ്രഹാം ചക്രവാളത്തിനും അപ്പുറത്തേക്ക് നോക്കി, മലമുകളില്‍ യേശു യഗമായിതീരുന്ന ക്രൂശ് കണ്ടു.
ചരിത്രകാരന്മാര്‍ പറയുന്നു: ഈ മലമുകളില്‍ തന്നെ ആണ് ലോകത്തിന്റെ പാപത്തെ ചുമന്നുകൊണ്ടു യേശു ക്രിസ്തു യാഗമായി തീര്‍ന്നത്.

യാഗത്തിനായുള്ള തന്റെ യാത്ര മലയുടെ അടിവാരത്തില്‍ എത്തിയപ്പോള്‍ അബ്രഹാം തന്റെ കൂടെ ഉണ്ടായിരുന്ന വേലക്കാരോട് പറയുന്നതിങ്ങനെ ആണ്:
നിങ്ങള്‍ ഇവിടെ വിശ്രമിക്കുക.
ഞാനും മകനും കൂടെ മലമുകളില്‍ പോയി യാഗം കഴിച്ചിട്ടു ഞങ്ങള്‍ ഇരുവരും മടങ്ങി വരാം.

ഉല്‍പ്പത്തി 22: 5   അബ്രാഹാം ബാല്യക്കാരോടു: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു.

ഇവിടെയും മലയാളത്തില്‍ ഒരു വാക്ക് വിട്ടുപോയിട്ടുണ്ട്
“ഞങ്ങള്‍ മടങ്ങിവരാം” എന്നാണ് അബ്രഹാം പറഞ്ഞത്.

എന്താണ് അബ്രഹാം പറഞ്ഞതിന്റെ അര്‍ത്ഥം?
മാനവ രക്ഷയ്ക്കായി യാഗമായി തീരുന്നത് യിസ്ഹാക് അല്ല എന്ന് അബ്രഹാം ദൂരമേ കണ്ടു.
അബ്രഹാം യേശുവിനെയും ക്രൂശും ദൈവരാജ്യവും കണ്ടു.
അവന്‍ ദൂരമേ കണ്ടതില്‍ അവന്‍ വിശ്വസിച്ചു.

നമ്മള്‍ പറഞ്ഞുവന്നതിതാണ്:
ദൈവീക ഉടമ്പടിയില്‍, അബ്രഹാമിനെ ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ ഒരു വലിയ ജാതി ആക്കും എന്നുള്ള വാഗ്ദത്തില്‍ അബ്രഹാമിനുള്ള അചഞ്ചലമായ വിശ്വാസത്തെ ദൈവം പരീക്ഷിച്ചു.

ഉപസംഹാരം - Conclusion

ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.
നമുക്ക് എബ്രയര്‍ക്ക് എഴുതിയ ലേഖനം 11)o  അദ്ധ്യായത്തില്‍ നിന്നും ഒരു വാക്യം വായിക്കാം:

എബ്രായര്‍ 11 : 17 - 19
17  വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു.
18  യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു;
19  മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.

എബ്രായര്‍ 11)o  അദ്ധ്യായം വിശ്വാസവീരന്മാരുടെ പട്ടിക നിരത്തുന്ന അദ്ധ്യായം ആണ്.
അബ്രഹാം വിശ്വാസത്താല്‍ ചെയ്തത് എന്താണ് എന്ന് ഇവിടെ പറയുകയാണ്.

വിശ്വാസത്താല്‍ അബ്രഹാം യിസ്ഹാക്കിനെ യാഗം അര്‍പ്പിച്ചു.
ഇതുതന്നെ ആണ് ദൈവം അബ്രഹാമിനെ കുറിച്ച് ഉദ്യേശിച്ചതും.
ഒരു യഥാര്‍ത്ഥ യാഗമല്ല, വിശ്വാസത്താല്‍ അര്‍പ്പിക്കപെടുന്ന ഒരു യാഗമാണ് ദൈവം ആഗ്രഹിച്ചത്‌.
കാരണം അനേക വര്‍ഷങ്ങള്‍ക്കു ശേഷം സംഭവിക്കാനിരിക്കുന്ന ഒരു യഥാര്‍ത്ഥ യാഗം ദൈവത്തിന്റെ ഹൃദയത്തില്‍ അപ്പോഴും ഉണ്ടായിരുന്നു.
വിശ്വാസത്തിന്റെ ഒരു പ്രവര്‍ത്തി അബ്രഹമില്‍ നിന്നും ഉണ്ടാകേണം എന്ന് ദൈവം ആഗ്രഹിച്ചു.

ഇവിടെ എബ്രായ ലേഖനമെഴുതിയ ദൈവദാസന്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞവനായി  വിശ്വാസത്തെയും യേശുവിന്റെ ഏക യാഗത്തെയും കൂട്ടി യോജിപ്പിക്കുക ആണ്.
യേശുവിന്റെ യഥാര്‍ത്ഥ യാഗം ഹൃദയത്തില്‍ കണ്ടുകൊണ്ടു അബ്രഹാം വിശ്വാസത്താല്‍ യാഗം കഴിച്ചു.

ഇന്നു നമുക്ക് എങ്ങനെ, മാനവരാശിയുടെ പാപപരിഹാരത്തിനായി യാഗമായിതീര്‍ന്ന യേശുവിന്റെ ഏക യാഗത്തില്‍ പങ്കാളികള്‍ ആകുവാന്‍ കഴിയും?
ഒരു മാര്‍ഗ്ഗം മാത്രമേയുള്ളൂ – വിശ്വാസത്താല്‍.

യോഹന്നാന്‍ 1:29  പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ (യോഹന്നാന്‍ സ്നാപകന്‍) കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു; (എന്നു പറഞ്ഞു.)

യേശുവാണ് ദൈവത്തിന്റെ കുഞ്ഞാട്.
മോറിയ മലമുകളില്‍ ഒരു യാഗമായി യേശു അര്‍പ്പിക്കപ്പെട്ടു.
യേശുവിന്റെ ഏക യാഗത്തിലുള്ള വിശ്വാസം മാത്രമാണ് ദൈവരാജ്യത്തില്‍ പ്രവേശിക്കുവാനുള്ള ഏക മാര്‍ഗ്ഗം.

No comments:

Post a Comment