ഉടമ്പടിയുടെ അത്താഴം

വേദപുസ്തകത്തില്‍ ഉടമ്പടി എന്ന പദം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് മനസിലാക്കാം.

രണ്ടോ അതിലധികം വ്യക്തികളോ സമൂഹകങ്ങളോ തമ്മില്‍ പരസ്പര വിശ്വാസത്തില്‍ അധിഷ്ടിതമായി ഏര്‍പ്പെടുന്ന ഒരു കരാര്‍ ആണ് ഉടമ്പടി.

ഉടമ്പടി വെറും കരാര്‍ അല്ല; പരസ്പര വിശ്വാസം ഉടമ്പടിയുടെ പ്രധാന ഘടകം ആണ്.
ഇരുവര്‍ക്കും നിയപ്രകാരം ബാധകമായ വിശ്വാസത്തില്‍ അധിഷിടിതമായ കരാര്‍ ആണ് ഉടമ്പടി.

ഇത്തരം ഉടമ്പടികള്‍ പുരാതന മദ്ധ്യപൂര്‍വ്വ രാജ്യങ്ങളില്‍ പ്രസിദ്ധമായിരുന്നു.
ഉടമ്പടികളിലെ വ്യവസ്ഥകള്‍ പാലിക്കപെടുന്നിടത്തോളം അവയ്ക്ക് മാറ്റം ഉണ്ടാകുകയില്ലയിരുന്നു.

അക്കാലത്തു വിവിധതരത്തിലുള്ള ഉടമ്പടികള്‍ നിലവില്‍ ഉണ്ടായിരുന്നു.

സാധാരണയായി ഉടമ്പടിയില്‍ ഏര്‍പ്പെടുന്ന എല്ലാ കക്ഷികളും അനുസരിക്കെണ്ടുന്ന വ്യവസ്ഥകള്‍ ഉടമ്പടിയില്‍ ഉണ്ടായിരിക്കും.
രണ്ടുകൂട്ടരും എല്ലാ വ്യവസ്ഥകളും പാലിക്കേണം; അല്ലെങ്കില്‍ ഉടമ്പടി അസാധുവാകും.
ഏതെങ്കിലും ഒരു കക്ഷി വ്യവസ്ഥകള്‍ തെറ്റിച്ചാല്‍ ഉടമ്പടി ഇല്ലാതാകും.
ഇത്തരം ഉടമ്പടികളെ ദ്വിപക്ഷ  (bi lateral covenants) ഉടമ്പടികള്‍ എന്ന് വിളിക്കാം.

ഏകപക്ഷ ഉടമ്പടികളും നിലവില്‍ ഉണ്ടായിരുന്നു.
ഏകപക്ഷ ഉടമ്പടികളില്‍ പറയുന്നതെല്ലാം രണ്ടു കൂട്ടര്‍ക്കും ബാധകമാണ് എങ്കിലും വ്യവസ്ഥകള്‍ ഒരു കൂട്ടര്‍ക്ക് മാത്രമേ ബാധകമായിരുന്നുള്ളൂ.
അതായതു, രണ്ടാമത്തെ കൂട്ടര്‍ക്ക് / വ്യക്തിക്ക് പാലിക്കേണ്ടുന്ന യാതൊരു വ്യവസ്ഥകളും ഇത്തരം ഉടമ്പടിയില്‍ ഉണ്ടായിരിക്കുകയില്ല.
എവിടെ മിക്കപ്പോഴും മാറ്റമില്ലത്തവനായ ദൈവം ഒരു കക്ഷി ആയിരിക്കും.
അതൊകൊണ്ട് തന്നെ ഈ ഉടമ്പടികള്‍ വ്യവസ്ഥാലങ്കനം മൂലം അസാധുവാകുക ഇല്ല.
ഇവ ലങ്കിക്കപെടാതെ ഉടമ്പടിയില്‍ പറഞ്ഞിരിക്കുന്ന കാലത്തോളം നിലനില്‍ക്കും.

രക്തം ചോരിയുന്നതിലൂടെ ഉറപ്പിക്കപ്പെടുന്ന ഉടമ്പടികളും, രക്ത ചൊരിച്ചില്‍ കൂടാതെയുള്ള ഉടമ്പടികളും നിലവിലിരുന്നു.
രക്തത്താല്‍ ഉറപ്പിക്കപ്പെടുന്ന ഉടമ്പടികളുടെ ഭാഗമായി മൃഗങ്ങളെ കൊന്നു രക്തം ചോരിയുമായിരുന്നു.
ഏറ്റവും ഉറപ്പുള്ളതും സാര്‍വദേശീയവുമായ ഉടമ്പടികള്‍ മിക്കപ്പോഴും രക്ത ഉടമ്പടികള്‍ ആയിരുന്നു.

രണ്ടോ അതിലധികമോ വ്യക്തികളുമായിട്ടോ സമൂഹകങ്ങളും ആയിട്ടോ ഉടമ്പടികള്‍  ഉറപ്പിക്കാറുണ്ടായിരുന്നു.
ഇരുവരും ഒരേ നിലയില്‍ ഉള്ളവരോ വ്യത്യസ്ത നിലയില്‍ ഉള്ളവരോ ആകാം.
വ്യത്യസ്ത നിലയില്‍ ഉള്ളവര്‍ തമ്മിലുള്ള ഉടമ്പടി എപ്പോഴും നിര്‍ദേശിക്കുന്നത് ഉയര്‍ന്ന നിലയില്‍ ഉള്ള വ്യക്തി ആയിരിക്കും.
ദൈവം, രാജാവ് എന്നിവര്‍ ഉയര്‍ന്ന നിലയില്‍ ഉള്ളവരും സാധാരണ മനുഷ്യര്‍ അവരിലും താഴ്ന്ന നിലയില്‍ ഉള്ളവരും ആയിരുന്നു.

ഉടമ്പടികളില്‍ അനുഗ്രഹവും ശാപവും ഉണ്ടായിരിക്കും.
ദ്വിപക്ഷ ഉടമ്പടികളില്‍ വ്യസ്ഥകള്‍ അനുസരിക്കുന്നിടത്തോളം കാലം അനുഗ്രഹവും വ്യസ്ഥകള്‍ ലങ്കിച്ചാല്‍ ശാപവും ലഭിക്കും.
ഏകപക്ഷീയ ഉടമ്പടികളില്‍ വ്യവസ്ഥകള്‍ ലങ്കിക്കുക എന്നത് സംഭവ്യം അല്ലാത്തതുകൊണ്ട് അനുഗ്രഹം എപ്പോഴും ലഭിക്കും.

ഉടമ്പടിയില്‍ ഏര്‍പ്പെടുന്ന രണ്ടുകൂട്ടരും ഉടമ്പടിക്ക് ഒരു അടയാളം സ്ഥാപിക്കുകയോ കൈമാറുകയോ ചെയ്യാറുണ്ടായിരുന്നു.
ഇതു ഈ ഉടമ്പടിയെ അവരും അവരുടെ തലമുറയും എന്നും ഓര്‍ക്കുവാന്‍ സഹായമാകും.

ഉടമ്പടി പ്രഖ്യാപിക്കപ്പെട്ടശേഷം ഉടമ്പടിയുടെ അത്താഴം ഉണ്ടായിരിക്കുക പതിവായിരുന്നു.
രക്ത ഉടമ്പടികളില്‍ കൊല്ലപ്പെടുന്ന മൃഗത്തിന്റെ മാംസം അവര്‍ പാചകം ചെയ്തു ഭക്ഷിക്കുമായിരുന്നു.
ഇരു കൂട്ടരും സമാധാനത്തോടെ ഒരുമിച്ച് ഇരുന്നു ഉടമ്പടിയുടെ അത്താഴം കഴിക്കുമായിരുന്നു.

എല്ലാ ഉടമ്പടിക്കും ഇരുകൂട്ടര്‍ക്കുമിടയില്‍ സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നു.
ഉടമ്പടിയുടെ അത്താഴം ഇരുകൂട്ടരും ഒരുമിച്ച് കഴിക്കുന്ന സമാധാനത്തിന്റെ അത്താഴം ആയിരുന്നു.
  
ഉടമ്പടികള്‍ക്ക് 4  ഭാഗങ്ങള്‍ പ്രധാനമായും ഉണ്ടായിരുന്നു.

1.   ഉടമ്പടിയുടെ ഉദ്യേശവും വ്യവസ്ഥകളും.
2.  ഇരുകൂട്ടരും ചേര്‍ന്ന് എടുക്കുന്ന പ്രതിജ്ഞ
3.  രക്ത ചൊരിച്ചില്‍ - ഒരു മൃഗത്തെ കൊല്ലുന്നു
4.  ഉടമ്പടിയുടെ അത്താഴം.
  
ഉടമ്പടിയുടെ അത്താഴം

യേശുവിന്റെ കാലത്തും ഉടമ്പടിയുടെ അത്താഴം ഒരു അസാധാരണ സംഭവം ആയിരുന്നില്ല.
ഇതു നൂറ്റാണ്ടുകളായി മദ്ധ്യപൂര്‍വ ദേശത്ത് നിലവിലുണ്ടായിരുന്ന ഒരു രീതി തന്നെ ആയിരുന്നു.
ഒരുമിച്ച് ഇരുന്നു അപ്പം കഴിക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്യുന്നത് ഉറപ്പുള്ളതും ഗൌരവമുള്ളതുമായ ഒരു സന്ധിയില്‍ അല്ലെങ്കില്‍ കരാറില്‍ ഏര്‍പ്പെടുന്നതിന്റെ ഭാഗം ആയിരുന്നു.

ഉടമ്പടിയുടെ അത്താഴം രക്ത ഉടമ്പടികളില്‍ ഒഴിച്ചുകൂടാനാകാത്ത ഭാഗം ആയിരുന്നു.
ഇതു രണ്ടു വ്യക്തികളോ സമൂഹകങ്ങളോ ഒന്നായി തീരുന്നതിന്റെ പ്രതീകം ആയിരുന്നു.

ഉടമ്പടിയുടെ അത്താഴം ഒരു ഉടമ്പടിയുടെ പ്രക്രിയകളുടെ അവസാനം നടത്തപ്പെട്ടിരുന്നു.
എന്നിരുന്നാലും ഒരുമയെ വിളിച്ചറിയിക്കുവാന്‍ ഏതു സമയത്തും അത്താഴം കഴിക്കാം.
പുരാതന കാലത്ത് ഉടമ്പടികളില്‍ അപ്പവും വീഞ്ഞും അത്താഴത്തിനു ഉപയോഗിച്ചിരുന്നു.
അവ ഉടമ്പടിയില്‍ പങ്കെടുത്ത ഇരുവരുടെയും രക്തത്തിന്റെയും മാംസത്തിന്റെയും പ്രതീകം ആയിരുന്നു.
അവ പരസ്പരം ഭക്ഷിക്കുന്നതിലൂടെ അവര്‍ ഒന്നയിതീരുന്നു.
  
വീണ്ടെടുപ്പിന്റെ ചരിത്രത്തിന്റെ ഭാഗമായ കര്‍ത്താവിന്റെ അത്താഴം
Lord’s Supper as a part of the redemptive history

ഉല്പത്തി മുതല്‍ നിത്യതവരെ നീളുന്ന വീണ്ടെടുപ്പിന്റെ പദ്ധതിയുടെ ഭാഗം ആയിത്തന്നെ ആണ് നമ്മളുടെ കര്‍ത്താവും ഉടമ്പടിയുടെ അത്താഴം സ്ഥാപിച്ചത്.
ഉല്‍പ്പത്തി മുതല്‍തന്നെ ഒരു സ്വന്ത സമൂഹത്തെ സൃഷ്ടിക്കുവന്നായി ദൈവം എപ്പോഴും ഉടമ്പടി ബന്ധമാണ് ഉപയോഗിച്ചിരുന്നത്.
ഈ ഉദ്യേശ്യത്തോടെ ആണ് ദൈവം അബ്രഹമുമായി ഒരു ഉടമ്പടി ബന്ധം ആരംഭിച്ചത്.
അബ്രഹാമിലൂടെ സകല മനുഷ്യരുമായും നിത്യതവരെ നീളുന്ന ഒരു ഉടമ്പടി ബന്ധത്തില്‍ ആകുവാന്‍ ദൈവം ആഗ്രഹിച്ചു.

അവന്‍ ദൈവവും നമ്മള്‍ അവന്റെ ജനവും ആയിത്തീരുക എന്നാണ് ദൈവത്തിന്റെ ഉടമ്പടിയുടെ ഉദ്യേശ്യം.

ഇന്നെയോളമുള്ള വീണ്ടെടുപ്പിന്റെ ചരിത്രത്തില്‍ എല്ലായിടവും ദൈവം മനുഷ്യനുമായുള്ള ഉടമ്പടി ഉറപ്പിച്ചിരുന്നത് യാഗത്തിലൂടെ ആയിരുന്നു.
ഉടമ്പടിയും കൂട്ടായ്മയും യാഗ മൃഗത്തെ ഭക്ഷിക്കുന്നതിലൂടെ ഉറപ്പിക്കപ്പെട്ടിരുന്നു.

ഇത്തരം ഉടമ്പടികളുടെ അത്താഴം അന്ത്യകാലത്ത് ദൈവം മനുഷ്യനോടുകൂടെ വസിക്കുന്ന ശ്രേഷ്ടമായ മശിഹയുടെ അത്താഴത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

മനുഷ്യന്റെ വീണ്ടെടുപ്പിന്റെ ചരിത്രത്തിലെ വര്‍ത്തമാനകാല ഉടമ്പടിയുടെ അത്താഴം  ആണ് നമ്മള്‍ ആചരിക്കുന്ന കര്‍ത്താവിന്റെ അത്താഴം.

നമ്മള്‍ ഇപ്പോള്‍ ആചരിക്കുന്ന കര്‍ത്താവിന്റെ അത്താഴത്തിലൂടെ അന്ത്യകാലത്ത് നിവര്ത്തിക്കാനിരിക്കുന്ന വീണ്ടെടുപ്പിന്റെ ഉടമ്പടി നമ്മള്‍ വീണ്ടും ആചരിക്കുകയും ഉറപ്പിക്കുകയും ചെയ്യുകയാണ്.
അതുകൊണ്ട് കര്‍ത്താവിന്റെ അത്താഴത്തിന്റെ പൂര്‍ണമായ അര്‍ത്ഥം നമ്മളുടെ വീണ്ടെടുപ്പിന്റെ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കുവാന്‍.

അന്ത്യ അത്താഴം

ഈ സന്ദേശത്തില്‍ നമ്മള്‍ പഠിക്കുവാന്‍ ശ്രമിക്കുന്നത്, യേശു ശിഷ്യന്മാരുമായി ആചരിച്ച ഉടമ്പടിയുടെ അത്താഴത്തെ കുറിച്ചാണ്.
ഈ അത്താഴത്തെ അന്ത്യ അത്താഴം എന്നും കര്‍ത്താവിന്റെ മേശ എന്നും നമ്മള്‍ വിളിക്കാറുണ്ടല്ലോ

യേശു ശിഷ്യന്മാരുമായി കഴിച്ച അന്ത്യ അത്താഴം ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുവാനായി ഉപയോഗിച്ചു.
ഈ പുതിയ ഉടമ്പടി നമ്മളും ദൈവവും തമ്മിലുണ്ടായിരുന്ന ശത്രുതയെ നീക്കികളഞ്ഞു ദൈവത്തോട് നിരക്കുവാനും  ദൈവവും നമ്മളും തമ്മില്‍ സമാധാനത്തില്‍ ആകുവാനും സഹായിക്കുന്നു.
ഈ പുതിയ ഉടമ്പടിയാല്‍ എന്നും ദൈവവും മനുഷ്യരും തമ്മില്‍ കൂട്ടായ്മ ഉണ്ട്.

കര്‍ത്താവു സ്ഥാപിച്ച പുതിയ ഉടമ്പടി ക്രിസ്തീയ വിശ്വാസത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്.
ഇവിടെയാണ് യേശു ഒരു ദ്വിപക്ഷ ഉടമ്പടി പ്രഖ്യാപിച്ചത്.
ഈ പുതിയ ഉടമ്പടി യേശുവും ദൈവവും തമ്മിലും, യേശുവും നമ്മളും തമ്മിലും അതിലൂടെ ദൈവും നമ്മളും തമ്മിലും നിലവില്‍ വന്നു.
  
യേശുവും ശിഷ്യന്മാരും ഒരുമിച്ചിരുന്നത് ന്യായപ്രമാണം അനുസരിച്ചുള്ള പെസഹ ആചരിക്കുവാനാണ്.
എന്നാല്‍, ഈ ഭൂമിയില്‍ ശിഷ്യന്മാരുമായി താന്‍ ആചരിക്കുന്ന അവസാനത്തെ അത്താഴം ആയിരിക്കും എന്ന് യേശുവിന് അറിയാമായിരുന്നു എന്നതിനാല്‍ യേശു ഒരു അസാധാരണ കാര്യം ചെയ്തു.
പെസഹ അത്താഴത്തില്‍ ഉപയോഗിച്ചിരുന്ന രണ്ടു കാര്യങ്ങള്‍ ഉപയോഗിച്ച് യേശു ഒരു പുതിയ ഉടമ്പടി സ്ഥാപിച്ചു.

യേശു തന്റെ ശിഷ്യന്മാരുമായി കഴിച്ചത് യെഹൂദന്മാരുടെ പെസഹ അത്താഴം ആയിരുന്നു.
ഒരു പെസഹ കുഞ്ഞാടായി യേശു യാഗമായി തീരേണം എന്നതിന്റെ മുന്നോടിയായി യേശു ഈ പെസഹ ആചരിച്ചു.
  
യാഗ മൃഗത്തെതന്നെയാണ് ഉടമ്പടിയുടെ അത്താഴത്തിനു ഭക്ഷിക്കുക എന്നതിനാല്‍ യേശുവിന്റെ ശരീരം പെസഹ അത്താഴം ആയി മാറി.
തന്റെ ശരീരത്തെ ഉടമ്പടിയുടെ അത്താഴമായി സ്വയം അര്‍പ്പിച്ചുകൊണ്ട് യേശു ഒരു പുതിയ ഉടമ്പടി സ്ഥാപിച്ചു.
യേശുവിന്റെ അന്ത്യ അത്താഴത്തിന് ഉടമ്പടിയുടെ എല്ലാ ചേരുവകളും ഉണ്ടായിരുന്നു.

യേശു ശിഷ്യന്മാരുമായി ഒരു ഉടമ്പടിയുടെ അത്താഴം കഴിക്കുക ആയിരുന്നു.
അതിനു ശേഷം യേശു ക്രൂശിലേക്ക് നടത്തപെടുകയും അവിടെ അവന്‍ സകല മനുഷ്യര്‍ക്കും വേണ്ടി ഒരു പുതിയ സമാധാനത്തിന്റെ ഉടമ്പടി സ്ഥാപിച്ചു കൊണ്ട് തന്റെ രക്തം ചീന്തുകയും ചെയ്തു.

തിരുവത്താഴ സമയത്ത് യേശു പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കാം:
  
മത്തായി 26: 26 29
26  അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരംഎന്നു പറഞ്ഞു.
27  പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ.
28  ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്റെ രക്തം;
29  എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽനിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നുഎന്നു പറഞ്ഞു.
  
ഉടമ്പടി ദൈവത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
നമ്മള്‍ പുതിയ ഉടമ്പടിയുടെ അത്താഴം ആചരിക്കുമ്പോള്‍ ചെയ്യുന്നത് ഇതാണ്:

·     ദൈവത്തിന്റെ വാക്കുകളെയും ഉടമ്പടികളെയും ദൈവത്തിന്റെ മുമ്പാകെ വെക്കുക്കുന്നു
·     ക്രൂശില്‍ യേശു നിവര്‍ത്തിച്ച യാഗത്തെ നമ്മള്‍ ഓര്‍ക്കുന്നു.
·     യേശു നമുക്കുവേണ്ടി ഉറപ്പിച്ച പുതിയ ഉടമ്പടിയെ നമ്മള്‍ ഓര്‍ക്കുകയും, സ്വീകരിക്കുകയും, വീണ്ടും ഉറപ്പിക്കുകയും ഉടമ്പടിയില്‍ പങ്കാളികള്‍ ആകുകയും ചെയ്യുന്നു.

പുതിയ ഉടമ്പടിയുടെ അത്താഴം വീണ്ടും ആചരിക്കേണം എന്ന് യേശു പറഞ്ഞപ്പോള്‍, അവന്‍ ഉദ്യേശിച്ചത്‌ ഇതാണ്:

§  ഉടമ്പടിയുടെ അത്താഴം നമ്മള്‍ ഓര്‍ക്കേണം.
§  യേശുവിന്റെ തകര്‍ക്കപ്പെട്ട ശരീരവും യേശു ചൊരിഞ്ഞ രക്തവും നമ്മള്‍ ഓര്‍ക്കേണം.
  
പുതിയ ഉടമ്പടിയുടെ അത്താഴം സ്ഥാപിക്കപ്പെടുന്നു

മത്തായി 26, മര്‍ക്കോസ് 14, ലൂകോസ് 22  എന്നീ അദ്ധ്യായങ്ങള്‍ പ്രകാരം പെസഹ അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെയാണ് യേശു പുതിയ ഉടമ്പടിയും സ്ഥാപിക്കുന്നത്.

 മത്തായി 26:26   അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരംഎന്നു പറഞ്ഞു.


മര്‍ക്കോസ് 14: 22 – 25
22   അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: വാങ്ങുവിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.
23    പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു;
24    ഇതു അനേകർക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം.
25    മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു.
  
ലൂക്കോസ് 22:14 - 20
14  സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു.
15  അവൻ അവരോടു: ഞാൻ കഷ്ടം അനുഭവിക്കുംമുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു.
16  അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നുഎന്നു പറഞ്ഞു.
17  പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ.
18  ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നുമുതൽ കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
19  പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു.
20  അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.

ഇവര്‍ മൂന്നു പേരും പെസഹ അത്താഴത്തെ പുതിയ ഉടമ്പടിയുടെ അത്തഴവുമായി നേരിട്ട് ബന്ധിപ്പിക്കുന്നു.
യേശു ഈ പെസഹ ഭക്ഷിക്കുമ്പോള്‍ ഭാവിയില്‍ ദൈവരാജ്യത്തില്‍ തന്റെ ശിഷ്യന്മാരുമായി ഒരുമിച്ചിരുന്നു പെസഹ ആചരിക്കുവാന്‍ വീണ്ടും കഴിയും എന്ന പ്രതീക്ഷയോടെ ആണ്.
എന്ന് പറഞ്ഞാല്‍, പെസഹ അത്താഴത്തിന്റെ നിവര്‍ത്തി ദൈവരാജ്യത്തില്‍ ഉണ്ടാകും എന്നാണ്.
അവിടെ യേശുവോടോത്ത് നമ്മള്‍ ഉടമ്പടിയുടെ അത്താഴം തിന്നുകയും കുടിക്കുകയും ചെയ്യും.

വീണ്ടെടുപ്പിന്റെ ചരിത്രത്തിന്റെ പാതയില്‍ തന്നെയാണ് ഇവര്‍ മൂന്നുപേരും ഉടമ്പടിയുടെ അത്താഴത്തെ കാണുന്നത്.
വീണ്ടെടുപ്പിന്റെ ലക്ഷ്യം ദൈവരജ്യത്തിലെ അന്ത്യകാല സമൂഹം ആണ്.

യേശു വീണ്ടും തന്റെ ശിഷ്യന്മാരുമൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യുന്നത് ദൈവരാജ്യം പുനസ്ഥാപിക്കപ്പെട്ടതിനു ശേഷം ആയിരിക്കും.
ദൈവരാജ്യത്തിന്റെ നിവര്‍ത്തി എന്നത് ദൈവത്തിന്റെ രാജകീയ ഭരണം ആയിരിക്കും.

പെസഹയുമായി ചേര്‍ന്നുള്ള അത്താഴം അതിന്റെ ഉടമ്പടി സ്വഭാവത്തെ കാണിക്കുന്നു.
പഴയ നിയമ കാലത്തെ ഉടമ്പടിയുടെ ശക്തമായ തുടര്‍ച്ച നമുക്ക് എവിടെ കാണാം.
അതോടൊപ്പം തന്നെ പഴയ ഉടമ്പടിയുടെ നിവര്‍ത്തിയും പുതിയ ഉടമ്പടിയില്‍ കാണാം.

ഇവിടെ നിഴലായി ഉണ്ടായിരുന്നത് നിവര്‍ത്തിക്കപെടുകയും അത് പുതിയ ഒരു തലത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു.

നിഴലായത് കര്‍ത്താവിന്റെ അത്താഴത്തില്‍ നിവര്‍ത്തിക്കപ്പെട്ടു എന്നതുപോലെതന്നെ അത് അന്ത്യ കാലത്ത് ദൈവരാജ്യത്തില്‍ നിവര്‍ത്തിക്കപെടും എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

കര്‍ത്താവിന്റെ അത്താഴം നമ്മള്‍ കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോള്‍ എല്ലാം കര്‍ത്താവിന്റെ ഉടമ്പടിക്കായി നമ്മളെ തന്നെ വീണ്ടും സമര്‍പ്പിക്കുകയാണ്.
കര്‍ത്താവിന്റെ പാനപാത്രത്തില്‍നിന്നു നമ്മള്‍ കുടിക്കുമ്പോള്‍ ഒക്കെയും യേശുവിലൂടെ ദൈവവുമായുള്ള നമ്മളുടെ ഉടമ്പടി പുതുക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.

അതുകൊണ്ട് ഓരോ തിരുവത്താഴവും ഉടമ്പടിയുടെ ജനം എന്ന നിലയില്‍ ഉടമ്പടി പുതുക്കുവാനുള്ള അവസരങ്ങള്‍ ആണ്.

ഉടമ്പടിയുടെ അത്താഴത്തിലൂടെ അന്ത്യകാലത്ത് ദൈവരാജ്യത്തില്‍ സംഭവിക്കാനിരിക്കുന്ന മശിഹയുടെ അത്താഴത്തില്‍ നമുക്കുള്ള പ്രത്യാശയും വിശ്വാസവും നമ്മള്‍ ഏറ്റുപറയുകയാണ്.
ദൈവരാജ്യത്തിന്റെ നിവര്‍ത്തിയിങ്കള്‍ യേശുവിനോടൊപ്പം നമ്മള്‍ തിന്നുകയും കുടിക്കുകയും ചെയ്യും എന്ന പ്രത്യാശയോടെ ആണ് നമ്മള്‍ ഇപ്പോള്‍ കര്‍ത്ത’വിന്റെ അത്താഴത്തില്‍ പങ്കെടുക്കുന്നത്.
  
ഒരു കൂട്ടായ്മയുടെ അത്താഴം - A Communion Meal

പുതിയ ഉടമ്പടിയിലെ കര്‍ത്താവിന്റെ മേശ കര്‍ത്താവിന്റെ മംസത്തോടും രക്തത്തോടും ഉള്ള കൂട്ടായ്മ ആണ്.
അതിനോടൊപ്പം കര്‍ത്താവിന്റെ ശരീരമാകുന്ന വ്യത്യസ്തങ്ങളായ സമൂഹകങ്ങളില്‍ നിന്നുള്ള വിശ്വസികളോടോത്തുള്ള കൂട്ടായ്മയും ആണ്.
കാരണം എല്ലാവരും കര്‍ത്താവിന്റെ ശരീരം എന്ന സഭയുടെ ഭാഗം ആകുന്നുവല്ലോ.

ഉടമ്പടിയുടെ അത്താഴം എന്നാല്‍ ക്രിസ്തുവിന്റെ യാഗത്തിലൂടെ നമുക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങളും നമ്മള്‍ പങ്കിടുക എന്നാണ്.
ഉടമ്പടിയുടെ അത്താഴം എന്നാല്‍ നമ്മള്‍ എല്ലാവരും ഒരു ഉടമ്പടിയുടെ ജനമായി ദൈവത്തിന്റെ മുന്നില്‍ നില്‍ക്കുന്നു എന്നാണ് അര്‍ത്ഥം.
കര്‍ത്താവിന്റെ സഭയില്‍ അനേകം വ്യക്തികള്‍ ഉണ്ടായേക്കാം; എന്നാല്‍ ക്രിസ്തുവിന്റെ യാഗത്തില്‍ വിശ്വസിക്കുന്നവര്‍ ഒരു ശരീരം ആണ്.
ഉടമ്പടിയുടെ അത്താഴത്തിലൂടെ ദൈവജനം ഒന്നായി ഒരു ശരീരമായി ചേരുകയാണ്.

ഉടമ്പടി പുതുക്കുക - Covenantal Renewal

നമ്മള്‍ ഉടമ്പടിയുടെ അത്താഴം തിന്നുകയും കുടിക്കുകയും ചെയ്യുമ്പോള്‍ കര്‍ത്താ വുമായുള്ള ഉടമ്പടി പുതുക്കുകയാണ് ചെയ്യുന്നത്.
ഉടമ്പടി പാലിക്കാം എന്ന് നമ്മള്‍ വീണ്ടും ഉറപ്പ് നല്‍കുകയാണ്.
ഇസ്രയേല്‍ ജനം ദൈവീക ഉടമ്പടികളെ അനുസരിക്കാം എന്ന് സമ്മതിച്ചതുപോലെ നമ്മളും കര്‍ത്താവിന്റെ ഉടമ്പടിയെ അനുസരിക്കാം എന്ന് സമ്മതിക്കുക ആണ്.
ഇതു പുനര്‍ സമര്‍പ്പണത്തിന്റെയും പുനര്‍ പ്രതിഷ്ടയുടെയും സമയമാണ്.

ആരാധനയില്‍ ദൈവരാജ്യത്തിന് ഒത്തവണ്ണം ജീവിക്കാം എന്ന് നമ്മള്‍ വീണ്ടും ഏറ്റുപറയുകയാണ്‌.
ഉടമ്പടിയുടെ അത്താഴം ദൈവമായുള്ള നമ്മളുടെ ഉടമ്പടിയെ പുതുക്കുന്ന അവസരമാണ്.
  
പുതിയനിയമ സഭ ഉടമ്പടി അത്താഴം കഴിക്കുമ്പോള്‍:

·        നമ്മള്‍ പുതിയ ഉടമ്പടിയുടെ പെസഹ ആചരിക്കുക ആണ്.
·        അന്ത്യ നാളിലെ പിശചിന്റെമേലുള്ള യേശുവിന്റെ വിജയത്തില്‍ നമ്മള്‍ വിശ്വസിക്കുന്നു എന്ന് ഏറ്റു പറയുകയാണ്‌.
·        മരണത്തെ ജയിച്ച നമ്മളുടെ കര്‍ത്താവ് എന്നന്നേക്കുമായി മരണത്തെ നീക്കികളയും എന്നാ നമ്മളുടെ വിശ്വാസത്തെ പ്രഖ്യാപിക്കുകയാണ്.
·        പുതിയ ഉടമ്പടിയുടെ അത്താഴം ഉയിരത്തെഴുന്നേറ്റവനായ നമ്മളുടെ കര്‍ത്താവുമായി ചേര്‍ന്നാണ് നമ്മള്‍ പങ്കിടുന്നത്.
  
യേശുവിന്റെ സാന്നിധ്യം

നമ്മള്‍ അര്‍ത്ഥശൂന്യമായി കര്‍ത്താവിന്റെ അത്താഴം ഭക്ഷിക്കുക അല്ല.
ഉടമ്പടിയുടെ അത്താഴം നമ്മള്‍ വീണ്ടും ക്രമീകരിക്കുകയും അതിന്റെ സ്വീകരണത്തെ നമ്മള്‍ വീണ്ടും ഉറപ്പിക്കുകയും ചെയ്യുകയാണ്.

ഉടമ്പടി ഉറപ്പിക്കുന്നതിനും ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിനും ഇരു കൂട്ടരുടെയും സാന്നിദ്ധ്യം ഉണ്ടായിരിക്കേണം.
നമ്മള്‍ സന്നിഹിതരാണ്‌ എന്നതുപോലെതന്നെ യേശുവും സന്നിഹിതനാണ്.
നമ്മള്‍ എപ്പോഴെല്ലാം എവിടെയെല്ലാം ഉടമ്പടിയുടെ അത്താഴം ക്രമീകരിക്കുകയും കഴിക്കുകയും ചെയ്യുന്നുവോ അവിടെയെല്ലാം യേശു സന്നിഹിതനാണ്.

ദൈവം നമ്മളോട് കൂടെ എന്നും വസിക്കാം എന്നും നമ്മളുടെ ദൈവം ആയിരിക്കാം എന്നും വാക്ക് നല്‍കിയിട്ടുണ്ട്.

അതായത്, നമ്മള്‍ ഉടമ്പടി ആവര്‍ത്തിച്ചു ഉറപ്പിക്കുമ്പോള്‍എല്ലാം യേശു ആത്മാവില്‍ സന്നിഹിതനാണ്.
ഉടമ്പടിയിലെ പ്രധാനപ്പെട്ട കക്ഷിയായ, നമ്മളുടെ രക്ഷകനും വീണ്ടെടുപ്പുകാരനുമായ യേശു പങ്കെടുക്കുന്നുണ്ട് എന്ന വിശ്വാസത്തോടെയാണ് നമ്മള്‍ ഉടമ്പടിയുടെ അത്താഴം കഴിക്കുന്നത്‌.

ഉപസംഹാരം

ഉടമ്പടിയുടെ കൂട്ടായ്മ - Covenantal Fellowship

ഉടമ്പടിയുടെ അത്താഴം ദൈവവും അവന്റെ ജനവും തമ്മിലുള്ള കൂട്ടായ്മയെ പ്രതിനിധീകരിക്കുന്നു
ഇതു ദൈവവുമായുള്ള നിരപ്പിന്റെ സാക്ഷ്യം ആണ്.
ദൈവവും ദൈവ ജനവും തമ്മിലും ദൈവ ജനങ്ങള്‍ തമ്മില്‍ പരസ്പരവുമുള്ള സമാധാനത്തിന്റെ സാക്ഷ്യം ആണിത്.
ഉടമ്പടിയുടെ അത്താഴം സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും, നന്ദി കരേറ്റുന്നതിന്റെയും സമയമാണ്.

ദൈവ പ്രവര്‍ത്തിയിലൂടെ നമുക്ക് ലഭിച്ച ദൈവവുമായുള്ള നിരപ്പ് നമ്മള്‍ ആഘോഷിക്കുകയാണ്.
നമ്മളുടെ വീണ്ടെടുപ്പിനായി ദൈവം ചെയ്ത് തീര്‍ത്ത പ്രവര്‍ത്തിയെ ഓര്‍ത്തു നമ്മള്‍ സന്തോഷിക്കുകയാണ്.

ദൈവവും ദൈവജനവും ആയുള്ള കൂട്ടായ്മയുടെ സമയമാണിത്.
നമ്മള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്ന യേശുവിന്റെ മേശ, യേശുവിനോടോത്തുള്ള കൂട്ടായ്മ ആണ്.


No comments:

Post a Comment