യേശുവിന്റെ കർത്തൃത്വം

വേദപണ്ഡിതന്മാരുടെ ഇടയില്‍ രക്ഷയില്‍ യേശുവിന്റെ കര്‍ത്തൃത്വത്തെ കുറിച്ചും (Lordship Salvation) സൗജന്യ രക്ഷ (Free Grace) അഥവാ വിമര്‍ശകര്‍ വിളിക്കുന്ന ലഘുവിശ്വാസം (easy believism) എന്നിവയെക്കുറിച്ചും ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരുക്കുന്ന സമയമാണിത്.

ഇവിടെ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുക എന്ന ഉദ്യേശ്യം എനിക്കില്ല.
ഈ തര്‍ക്കത്തിന് നമ്മളുടെ കര്‍ത്താവിന്റെ വരവുവരേയും അവസാനമുണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല.

എന്റെ യാതൊരു സന്ദേശങ്ങളിലും തര്‍ക്കവിഷയങ്ങില്‍ പക്ഷം പിടിക്കുക എന്ന ശീലം എനിക്കില്ല.
ഞാന്‍ എപ്പോഴും പ്രായോഗികമായ ക്രൈസ്തവ ജീവിതത്തെക്കുറിച്ചാണ് സംസരിക്കാറുള്ളത്.
അതായത് പാപത്തോടും പിശാചിനോടും മല്ലുപിച്ചു കഴിയുന്ന സാധാരണ ജനങ്ങള്‍ക്ക് വിടുതലിന്റെ വഴികള്‍ കാണിച്ചുകൊടുക്കുക എന്നതാണ് എപ്പോഴും എന്റെ ലക്ഷ്യം.
വിടുതലിന്റെ ഒരു പ്രായോഗിക വഴിയായി യേശുവിനെ കാണിച്ചുകൊടുക്കുവനാണ്
എനിക്ക് ഏറെ ഇഷ്ടം.

ഈ പറഞ്ഞതിന്റെ അര്‍ത്ഥം ഞാന്‍ വേദശാസ്ത്രമായ ഒരു ചര്‍ച്ച ഇവിടെ നടത്തുന്നില്ല എന്നാണ്.
ഞാന്‍ മുകളില്‍ പറഞ്ഞ ചര്‍ച്ച കര്‍ത്താവില്‍ പ്രസിദ്ധരായ വേദപണ്ഡിതന്മാര്‍ നടത്തി കൊണ്ടിരിക്കുകയാണ്.
ഇരു പക്ഷത്തുള്ളവരോടും എനിക്ക് ബഹുമാനം ഉണ്ട്.
ഇരു പക്ഷവും പറയുന്ന കാര്യങ്ങളില്‍ അല്പമായും അധികമായും എനിക്ക് യോജിപ്പുണ്ട് താനും.

ഈ സന്ദേശത്തില്‍ മാനസാന്തരം രക്ഷ, വീണ്ടും ജനനം, നിത്യ ജീവിതം, ദൈവരാജ്യം, യേശുവിന്റെ കര്‍ത്തൃത്വം എന്നീ വിഷയങ്ങള്‍ അല്പപമായി, ഒരു പ്രായോഗിക ക്രൈസ്തവ ജീവിതത്തിന് ആവശ്യമായ രീതിയില്‍ മനസിലാക്കാം എന്നാണ് ആഗ്രഹിക്കുന്നത്.

കര്‍ത്തൃത്വ രക്ഷയും സൗജന്യ രക്ഷയും (ലഘു രക്ഷ)
Lordship Salvation and Free Grace (easy believism)

നമ്മള്‍ വേദപണ്ഡിതന്മാര്‍ തമ്മിലുള്ള ഈ തര്‍ക്കത്തില്‍ പങ്കാളി ആകുന്നില്ല എങ്കിലും ഇവരുടെ വാദങ്ങള്‍ എന്താണ് എന്ന് അല്പമായി മനസിലാക്കാം.

ഇരുകൂട്ടരും രക്ഷ സൗജന്യമായി കൃപയാല്‍ വിശ്വാസം മൂലം ലഭിക്കുന്നു എന്ന് തന്നെ വിശ്വസിക്കുന്നു.
ദൈവകൃപ സൗജന്യം ആണ്. യാതൊരു പ്രവര്‍ത്തിയും അതിനോട് ചേര്‍ക്കുവാന്‍ കഴിയുകയില്ല.
ദൈവ കൃപയോടു എന്തെങ്കിലും പ്രവര്‍ത്തി കൂട്ടിച്ചേര്‍ത്താല്‍ അത് വേദ വിപരീതമായി തീരും.

നമ്മള്‍ രക്ഷിക്കപെടുന്നത് വിശ്വാസം മൂലം മാത്രമാണ്.
ഇവിടെയും പ്രവര്‍ത്തികള്‍ രക്ഷയ്ക്ക് കാരണമാകുന്നില്ല.
ക്രിസ്തുവിലുള്ള വിശ്വാസം മാത്രമേ രക്ഷയ്ക്ക് ആവശ്യമുള്ളൂ.

ഇവിടെയെല്ലാം ആര്‍ക്കും തര്‍ക്കമില്ല.
പിന്നെ എവിടെയാണ് തര്‍ക്കം എന്നല്ലേ?

രക്ഷിക്കപ്പെടുക എന്ന പ്രക്രിയയില്‍ മാനസാന്തരവും യേശുവിന്റെ കര്‍ത്തൃത്വവും എപ്പോള്‍ സംഭവിക്കേണം?
ഇതാണ് തര്‍ക്ക വിഷയം.

കര്‍ത്തൃത്വ രക്ഷ (Lordship Salvation) ആണ് ശരി എന്ന് പഠിപ്പിക്കുന്നവര്‍ ഒരു വ്യക്തി യേശുവില്‍ വിശ്വസിക്കുമ്പോള്‍ തന്നെ യേശുവിന്റെ കര്‍ത്തൃത്വവും അംഗീകരിക്കേണം എന്ന് വാദിക്കുന്നു.
ഇവര്‍, മാനസാന്തരവും യേശുവിന്റെ കര്‍ത്തൃത്വവും രക്ഷയ്ക്ക് ആവശ്യമാണ്‌ എന്ന് വിശ്വസിക്കുന്നു.
അതായത്, ഒരു വ്യക്തി പാപത്തില്‍ നിന്നും മനസന്തരപ്പെടുകയും യേശുവിന്റെ കര്‍ത്തൃത്വം അംഗീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ രക്ഷിക്കപെടുകയുള്ളൂ.

എന്നാല്‍, സൗജന്യ രക്ഷ അല്ലെങ്കില്‍ ലഘു രക്ഷ പഠിപ്പിക്കുന്നവര്‍ കര്‍ത്തൃത്വ രക്ഷ ദൈവ കൃപയും വിശ്വാസത്തെയും അട്ടിമറിക്കുന്നു എന്ന് വാദിക്കുന്നു.
യാതൊരു യോഗ്യതയും ഇല്ലാതിരുന്ന മനുഷ്യര്‍ക്ക്‌ സൗജന്യമായി ലഭിച്ചതാണ് ദൈവ കൃപ എന്നും യേശുവില്‍ വിശ്വസിക്കുക എന്നതിനോട് യാതൊരു കൂട്ടിച്ചേരലുകളും ആവശ്യമില്ല എന്നും ഇവര്‍ ശക്തമായി വാദിക്കുന്നു.
കൂട്ടിച്ചെരലുകള്‍ വേദവിപരീതമാണ്.
അതുകൊണ്ട് മാനസാന്തരവും യേശുവിന്റെ കര്‍ത്തൃത്വവും രക്ഷയ്ക്ക് ആവശ്യമില്ല.

ശരിക്കും പറഞ്ഞാല്‍ മാനസാന്തരവും യേശുവിന്റെ കര്‍ത്തൃത്വവും എപ്പോള്‍ സംഭവിക്കേണം എന്നാണ് ഇവര്‍ തര്‍ക്കിക്കുന്നത്‌.
എത്ര സെക്കന്റുകള്‍ക്ക് മുന്പോ ശേഷമോ വേണം ഇവ സംഭവിക്കുവാന്‍ എന്നതാണ് തര്‍ക്ക വിഷയം.

ഒരു കൂട്ടര്‍ മാനസാന്തരവും കര്‍ത്തൃത്വവും രക്ഷയോട് ഒപ്പം സംഭവിക്കേണം എന്നും രണ്ടാമത്തെ കൂട്ടര്‍ അവക്ക് എല്ലാം രക്ഷയ്ക്ക് ശേഷം ധാരാളം സമയം ഉണ്ട് എന്നും വാദിക്കുകയാണ്.

തര്‍ക്കം തുടരുകയാണ് ..... അത് തുടരട്ടെ ....

യേശുവിന്റെ കര്‍ത്തൃത്വം - Lordship of Jesus

ഈ തര്‍ക്കത്തില്‍ പക്ഷം പിടിക്കുവാനോ തര്‍ക്കം പരിഹരിക്കുവാനോ ഞാന്‍ ഇവിടെ ഉദ്യേശിക്കുന്നില്ല.

വീണ്ടും ജനനം പ്രാപിച്ച ഒരു വ്യക്തിയുടെ ജീവിതത്തില്‍ യേശുവിന്റെ കര്‍ത്തൃത്വത്തിന്റെ പ്രാധാന്യം എന്താണ് എന്നാണ് നമ്മള്‍ പഠിക്കുവാന്‍ ശ്രമിക്കുന്നത്.
ഇവിടെ പ്രായോഗിക ക്രിസ്തീയ ജീവിതമാണ്‌ ലക്ഷ്യം.

ഈ പഠനം ആരംഭിക്കുമ്പോള്‍ തന്നെ നമ്മള്‍ രണ്ടു പദങ്ങളുടെ അര്‍ത്ഥം വ്യക്തമായി മനസ്സിലക്കേണം.
പദങ്ങള്‍ ഇവയാണ്: വീണ്ടെടുപ്പ്, രക്ഷ.

വീണ്ടെടുപ്പ് രക്ഷയ്ക്ക് മുമ്പ് സംഭവിക്കുന്നതാണ്.
വീണ്ടെടുപ്പ് വില നല്‍കിയതുകൊണ്ട് മാത്രമാണ് രക്ഷ സാധ്യമാകുന്നത്.

എന്താണ് വീണ്ടെടുപ്പ് - What is Redemption?

വീണ്ടെടുപ്പിനെ നമുക്ക് ഇങ്ങനെ നിര്‍വചിക്കാം: തടങ്കലില്‍ നിന്നും അടിമത്തത്തില്‍ നിന്നും സ്വതന്ത്രമാക്കുക.

നിങ്ങളുടെതായിരുന്ന എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെതല്ലാത്ത ഒന്നിനെ ഒരു വിലകൊടുത്തു വീണ്ടും വാങ്ങുന്നതിനെ ആണ് വീണ്ടെടുപ്പ് എന്ന് പറയുന്നത്.

യഹൂദ ന്യായപ്രമാണം അനുസരിച്ച് അടിമകള്‍ക്ക് സ്വാതത്ര്യം നേടുന്നതിനെ ഈ വാക്ക് സൂചിപ്പിക്കുന്നു.
അടിമകളെ സ്വതന്ത്രമാക്കുവാന്‍ നല്‍കുന്ന വിലയാണ് വീണ്ടെടുപ്പ് വില.

ക്രിസ്തീയ വിശ്വാസപ്രകാരം വീണ്ടെടുപ്പ് രക്ഷയുമായി ബന്ധപ്പെട്ടു കിടക്കുന്നു.
അത് പാപത്തില്‍ നിന്നുള്ള മോചനം ആണ്.

വീണ്ടെടുപ്പ് സാധ്യമായത് യേശുവിന്റെ ഏക യാഗത്തല്‍ ആണ്.
യേശുവിന്റെ മരണത്താല്‍ വീണ്ടെടുപ്പ് വില എന്നന്നേക്കുമായി നല്‍കി മനുഷ്യരെ പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും വീണ്ടെടുത്തു.

ലളിതമായി പറഞ്ഞാല്‍, അവിടുത്തെ പ്രവര്‍ത്തിക്കായി ദൈവം നമ്മളെ ഒരു വിലകൊടുത്തു വീണ്ടും വാങ്ങിയിരിക്കുന്നതിനെ ആണ് വീണ്ടെടുപ്പ് എന്ന് പറയുന്നത്.
ഒരു വീണ്ടെടുപ്പുവില നമുക്ക് സ്വയം നല്‍കുവാന്‍ കഴിയാതിരുന്നതിനാല്‍ ദൈവം തന്റെ പുത്രനെ തന്റെ മരണത്തിലൂടെ വീണ്ടെടുപ്പുവില നല്‍കുവാനായി ലോകത്തിന് നല്‍കി.
യേശുവിന്റെ അമൂല്യമായ രക്തം നമ്മളുടെ വീണ്ടെടുപ്പുവിലയായി തീര്‍ന്നു. 

1 പത്രോസ് 1:18-19
18    വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
19    ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.

എന്താണ് രക്ഷ - What is Salvation?

ഒരു അപകടത്തില്‍ നിന്നും അല്ലെങ്കില്‍ കഷ്ടതയില്‍ നിന്നുമുള്ള മോചനം ആണ് രക്ഷ.
മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്നതാണ്‌ രക്ഷ.

ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രക്ഷയെ നമുക്ക് ഇപ്രകാരം നിര്‍വചിക്കാം:

യേശുവിനെ സ്വന്ത രക്ഷിതാവായി വിശ്വാസത്താല്‍ സ്വീകരിക്കുന്നവര്‍ക്ക് ദൈവ കൃപയാല്‍ നല്‍കപെട്ടിരിക്കുന്ന, പാപത്തിന്റെ നിത്യമായ ശിഷ്യയില്‍ നിന്നുള്ള മോചനമാണ് രക്ഷ.

വേദപുസ്തകം അനുസരിച്ച് പാപത്തിന്റെ അനന്തര ഫലത്തില്‍ നിന്നുള്ള മോചനമാണ് രക്ഷ എന്നതിനാല്‍ അതില്‍ പാപ മോചനവും അടങ്ങിയിരിക്കുന്നു.
രക്ഷ നിത്യമായ ഒരു ആത്മീയ മോചനത്തെകുറിച്ചു സംസാരിക്കുന്നു.
രക്ഷ യേശുവിലൂടെ മാത്രമേ ലഭിക്കൂ.
അത് പൂര്‍ണമായും ദൈവത്തിന്റെ ഹിതപ്രകാരം ലഭിക്കുന്ന ഉറപ്പാണ്‌.

വീണ്ടെടുപ്പും രക്ഷയും - Redemption and Salvation

ഇനി നമുക്ക് വീണ്ടെടുപ്പും രക്ഷയും തമ്മിലുള്ള ബന്ധം എന്തെന്ന് ചിന്തിക്കാം.
യഥാര്‍ത്ഥത്തില്‍, രക്ഷയുടെ ആരംഭം വീണ്ടെടുപ്പിലൂടെ ആണ്.
ക്രൂശില്‍ ദൈവം നമ്മളുടെ അതിക്രമങ്ങള്‍ക്ക് പരിഹാരമായി ചെയ്തു തീര്‍ത്ത മഹത്തായ പ്രവര്‍ത്തിയാണ് വീണ്ടെടുപ്പ്.

മനുഷ്യന്‍ സ്വയം പിശാചിന് വിലക്കപ്പെട്ടവന്‍ ആയിരുന്നു.
അതുകൊണ്ട് സ്വയം ഒരു വീണ്ടെടുപ്പുവില നല്‍കി മോചനം പ്രാപിക്കുവാന്‍ അവനു കഴിയുമായിരുന്നില്ല.
അതുകൊണ്ട് ദൈവം ഇടപെടുകയും നമുക്കുവേണ്ടി ഒരു വീണ്ടെടുപ്പുവില നല്‍കുകയും ചെയ്തു.

ഈ വീണ്ടെടുപ്പ് നമ്മളുടെ പാപങ്ങളുടെ മോചനമായി മാറി.

എഫെസ്യര്‍ 1: 7   അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.


രക്ഷ എന്നാല്‍ ദൈവമുബാകെ ഒരു വ്യക്തിക്ക് ലഭിക്കുന്ന രക്ഷയുടെ അനുഭവമാണ്.
രക്ഷയില്‍ ഒരുവന്റെ പാപമോചനവും, പിശാചിന്റെ അടിമത്തത്തില്‍ നിന്നുള്ള മോചനവും വീണ്ടുംജനനവും നിത്യജീവനും ഉണ്ട്.
ക്രിസ്തുവിന്റെ പാപയഗത്താല്‍ സകല പാപങ്ങളും ക്ഷമിക്കപ്പെട്ടു.
പിശാചില്‍ നിന്നും പാപത്തില്‍നിന്നും ഉള്ള മോചനത്തിന് ആവശ്യമായ വീണ്ടെടുപ്പുവില ക്രിസ്തുവിന്റെ മരണത്തിലൂടെ നല്‍കപ്പെട്ടു.

ഇതാണ് വീണ്ടെടുപ്പും രക്ഷയും തമ്മിലുള്ള അടുത്ത ബന്ധം.
രക്ഷയില്‍ വീണ്ടെടുപ്പുണ്ട്; വീണ്ടെടുപ്പില്‍ പാപമോചനവും ഉണ്ട്.

റോമര്‍ 5: 10  ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.

റോമര്‍ 3:24  അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.

യേശുവും ദൈവരാജ്യവും - Jesus and the Kingdom of God

ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനേയും രക്ഷയേയും യേശു ഒന്നായി കണ്ടിരുന്നു.

മത്തായി 19: 24,25
24    ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നുഎന്നു പറഞ്ഞു.
25    അതുകേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.

യേശു ദൈവരാജ്യത്തില്‍ പ്രവേഷിക്കുന്നതിനെകുരിച്ച് സംസാരിച്ചു.
ശിഷ്യന്മാര്‍ രക്ഷിക്കപെടുവാന്‍ ആര്‍ക്കു കഴിയും എന്ന് പ്രതികരിച്ചു.
യേശു പറഞ്ഞ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എന്നതും രക്ഷിക്കപെടുക എന്നതും ഒരു അനുഭവം തന്നെ ആണ്.

ഒരു വ്യക്തി രക്ഷിക്കപെടുമ്പോള്‍ ദൈവരാജ്യത്തിന് അവകാശി ആയി തീരുകയാണ്.
രക്ഷ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാനുള്ള ആധികാരിക രേഖ ആണ്.
ദൈവരാജ്യം അവകാശമാക്കുവാന്‍ നമുക്ക് മറ്റു യാതൊരു തെളിവും ആവശ്യമില്ല.

യേശു തന്റെ പരസ്യ ശുശ്രുഷ ആരംഭിക്കുന്നതുതന്നെ ദൈവരാജ്യം വന്നിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്.

മത്തായി 4:17  അന്നുമുതൽ യേശു: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻഎന്നു പ്രസംഗിച്ചുതുടങ്ങി.

യേശു തന്റെ ശുശ്രുഷയുടെ ഉദ്യേശ്യം എന്താണ് എന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ്.
ദൈവരാജ്യം പ്രഖ്യപിക്കുവനാണ് യേശു വന്നത്
ദൈവരാജ്യം ആരംഭിക്കുവനാണ് യേശു വന്നത്.
ദൈവരാജ്യം വന്നിരിക്കുന്നു, ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെ ഉണ്ട്, ദൈവരാജ്യം നിങ്ങളില്‍ ഉണ്ട് എന്നിങ്ങനെ യേശു വിളിച്ചു പറഞ്ഞു.
ഈ പരസ്യ പ്രസ്താവനകളിലൂടെ ദൈവരാജ്യം ആരംഭിച്ചിരിക്കുകയാണ്.
യേശുവിന്റെ പ്രഖ്യാപനത്തോടെ എല്ലാ മനുഷ്യരെയും ദൈവരാജ്യത്തില്‍ ചേരുവാന്‍ അവന്‍ ആഹ്വാനം ചെയ്തു.

മുകളില്‍ പറഞ്ഞ വാക്യത്തിലൂടെ ദൈവരാജ്യത്തിന്റെ ആരംഭം യേശു പ്രഖ്യാപിച്ചപ്പോള്‍ നമ്മളുടെ വീണ്ടെടുപ്പ് വില അക്ഷരാര്‍ത്ഥത്തില്‍ നല്‍കപെട്ടിരുന്നില്ല.
എന്നാല്‍ യേശു വന്നത് ഒരു വീണ്ടെടുപ്പുവില നല്‍കുവാന്‍ വേണ്ടിയാണ്;
അവന്‍ അത് ചെയ്യും.
വീണ്ടെടുപ്പുവില ഒരുക്കപ്പെട്ടിരിക്കുകയായിരുന്നു.

യേശുവിന്റെ വാക്കുകളുടെ സമയത്തെ ആത്മീയ അന്തരീക്ഷം നമുക്ക് ഇപ്രകാരം വിശദീകരിക്കാം.

·   പ്രവര്‍ത്തിയാല്‍ വീണ്ടെടുപ്പുവില നല്‍കപെട്ടുകഴിഞ്ഞിരുന്നില്ല.
·   യേശുവിനെ നേരില്‍ കേട്ട ജനം പാപത്തിലും അതിനാല്‍ തന്നെ പിശാചിന്റെ അടിമത്തത്തിന്‍ കീഴിലും ആയിരുന്നു.
·   എന്നാല്‍ ഒരു വീണ്ടെടുപ്പുവില നല്‍കുവാനായി ക്രൂശില്‍ മരിക്കുവാന്‍ യേശു തയ്യാറായിട്ടുണ്ടായിരുന്നു
·   യേശുവിനെ കേട്ടുകൊണ്ടിരുന്നവര്‍ വീണ്ടെടുപ്പിനായി യാതൊരു പ്രവര്‍ത്തിയും ചെയ്യേണ്ടതില്ല.
·   യേശുവിന്റെ മരണത്താലുള്ള വീണ്ടെടുപ്പില്‍ വിശ്വസിക്കുക മാത്രം ചെയ്‌താല്‍ മതി.
·   ഇതിനായി ഒരു വ്യവസ്ഥ മാത്രം യേശു മുന്നോട്ടു വച്ചു: മാനസാന്തരപ്പെടുക.

നമുക്ക് രക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട വാക്യം വായിക്കാം:

യോഹന്നാന്‍ 3:16  തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

ഈ വാക്യം രണ്ടു കാര്യങ്ങള്‍ പറയുന്നുണ്ട്:

·      ദൈവം തന്റെ ഏക ജാതനായ മകനെ ഒരു വീണ്ടെടുപ്പുവിലയായി നല്‍കി.
·      നിത്യ ജീവന്‍ പ്രാപിക്കുവാന്‍ യേശുവിലുള്ള വിശ്വാസം അനിവാര്യം ആണ്.

നമ്മള്‍ ഒരു കാര്യം ശ്രദ്ധിക്കേണം: ദൈവം യേശുവിനെ നല്‍കിയത് ഒരു യെഹൂദ റബ്ബി ആയോ, ഗുരു ആയോ, തത്വജ്ഞാനി ആയോ, ഒരു പ്രസംഗകന്‍ ആയോ ഒരു അത്ഭുത സിദ്ധിയുള്ള വ്യക്തിയായോ അല്ല.
നമ്മളുടെ പാപങ്ങള്‍ക്ക്‌വേണ്ടി ഒരു വീണ്ടെടുപ്പ് വിലയായാണ്‌ ദൈവം യേശുവിനെ നല്‍കിയത്.

യേശുവിലൂടെ നമ്മള്‍ നേടുന്നതെല്ലാം വിശ്വാത്താല്‍ മാത്രമായിരിക്കുകയും ചെയ്യും.

അതിന്റെ അര്‍ത്ഥം പാപത്തെകുറിച്ചു ചിന്തിക്കാതെ നമുക്ക് രക്ഷയെ കുറിച്ച് ചിന്തിക്കുവാന്‍ കഴിയുകയില്ല.
പാപത്തില്‍നിന്നുള്ള മോചനമാണ് വീണ്ടെടുപ്പ്.

മാനസാന്തരം - Repentance

മാനസാന്തരം എന്നാല്‍ പാപങ്ങളെ ഉപേക്ഷിക്കുക എന്നാണ് എന്ന് നമ്മള്‍ എല്ലാവരും സമ്മതിക്കുന്നു.

എപ്പോള്‍ നമ്മള്‍ മനാസാന്തരപെടെണം?
രക്ഷിക്കപെടുന്നതിനു മുമ്പോ അതോ രക്ഷിക്കപ്പെട്ടതിനു ശേഷമോ?
രക്ഷയ്ക്കായുള്ള പ്രാര്‍ത്ഥനയോടൊപ്പം മാനസാന്തരത്തിന്റെ പ്രാര്‍ത്ഥനയും വേണോ അതോ രക്ഷക്കായുള്ള പ്രാര്‍ത്ഥനയ്ക്ക് ശേഷം എപ്പോള്‍ എങ്കിലും മതിയോ?

രക്ഷ എങ്ങനെയാണു സംഭവിക്കുന്നത്‌ എന്ന് വിശദമാക്കുന്ന ഒരു സംഭവം യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ സംഭവം യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായത്തില്‍ നമുക്ക് വായിക്കുവാന്‍ കഴിയും.

ഒരു രാത്രിയില്‍ നിഖോദിമോസ് എന്ന് പേരുള്ള ഒരു യെഹൂദാ പ്രമാണി യേശുവിനെ രഹസ്യമായി കാണുവാന്‍ വന്നു.
അവനോടു യേശു പറഞ്ഞവാക്കുകള്‍ വായിക്കാം:

യോഹന്നാന്‍ 3: 3  യേശു അവനോടു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല എന്നു ഉത്തരം പറഞ്ഞു.

യേശു എന്താണ് ഇവിടെ ഉദ്യേശിച്ചത്‌?
ദൈവരാജ്യം എന്നത് വേറെ ഒരു അനുഭവം ആണോ?
അത് പ്രാപിക്കുവാന്‍ രക്ഷ അല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഉണ്ടോ?
യേശു തീര്‍ച്ചയായും രക്ഷയെകുറിച്ചാണ് സംസാരിച്ചത്.
ദൈവരാജ്യത്തില്‍ പ്രവേശിക്കുക എന്നതും രക്ഷ എന്നതും യേശുവിന് ഒന്നായിരുന്നു.

തലമുടി നാരുകള്‍ കീറി പരിശോധിക്കുന്ന ഒരു തത്വജ്ഞാനിയെപോലെ യേശു ഒരിക്കലും സംസാരിച്ചിട്ടില്ല.
യേശു സാധാരണക്കാരുടെ ഭാഷയില്‍ അവരുടെ ശൈലിയില്‍ ലളിതമായാണ് തന്റെ സന്ദേശം അറിയിച്ചത്.

യേശു ഇവിടെ സംസരിച്ചുകൊണ്ടിരിന്നത് നിത്യജീവനെ കുറിച്ചാണ്.
വീണ്ടെടുപ്പും രക്ഷയും നിത്യജീവനായിട്ടുള്ളതാണ്.

നിഖോദിമോസുമായുള്ള സംസാരത്തില്‍ യേശു തന്റെ ക്രൂശ് മരണത്തെക്കുറിച്ച് പറയുന്നുണ്ട്.

യോഹന്നാന്‍ 3: 14 & 15
14    മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
15    അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.

ഈ സംഭാഷണം മുന്നോട്ടു പോകുന്നത് യേശുവിന്റെ പ്രസിദ്ധമായ വക്കുകളിലേക്കാണ്:

യോഹന്നാന്‍ 3:16  തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

നമ്മള്‍ എന്ത് മനസ്സിലക്കേണം?

യേശു വന്നത് ദൈവ രാജ്യം പ്രഖ്യാപിക്കുവാനാണ്.
യേശു, ദൈവരാജ്യം എന്നതിയേയും രക്ഷയേയും ഒന്നായി കണ്ടു.
രക്ഷ, മാനസാന്തരം, വിശ്വാസം, വീണ്ടും ജനനം എന്നിവ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ആണ്.
ദൈവരാജ്യത്തില്‍ പ്രവേശിക്കുക എന്നാല്‍ നിത്യജീവനിലെക്ക് പ്രവേശിക്കുക എന്നാണ് അര്‍ത്ഥം.
യേശുവിലൂടെ അല്ലാതെ ഇവയൊന്നും സാധ്യമല്ല.

എന്താണ് ദൈവരാജ്യം - What is Kingdom?

നമുക്ക് ഇനി ദൈവരാജ്യം എന്നാല്‍ എന്ത് എന്ന് അല്പം ചിന്തിക്കാം.

സ്വര്‍ഗരാജ്യം അഥവാ ദൈവരാജ്യം എന്നതായിരുന്നു യേശുവിന്റെ പ്രസംഗ വിഷയം.
യേശു ഈ വിഷയം ആവര്‍ത്തിച്ച് സംസാരിക്കുകയും രക്ഷ, വീണ്ടും ജനനം എന്നിവയ്ക്ക് തുല്യമായി അതിനെ കാണുകയും ചെയ്തു.
ദൈവരാജ്യം പുനസ്ഥാപിക്കുവാനാണ് യേശു വന്നത്.

എന്താണ് ഒരു രാജ്യം?
ഒരു രാജ്യത്തിന് പ്രധാനമായും നാലു ഘടകങ്ങള്‍ ഉണ്ടായിരിക്കേണം:

1.  ഒരു രാജാവ്‌
2.  ഒരു അധികാര പരിധി – ഭൂപ്രദേശം.
3.  പ്രജകള്‍
4.  നിയമങ്ങള്‍.

എല്ലാ രാജ്യങ്ങളും ആ രാജ്യത്തോടും രാജവിനോടുമുള്ള കൂറ് ആവശ്യപെടുന്നുണ്ട്.
അതായതു, ഒരു രാജ്യത്തിലെ എല്ലാ ജനങ്ങളും ആ രാജ്യത്തിലെ രാജാവിനെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ കര്‍ത്തൃത്വം അംഗീകരിക്കുകയും വേണം.
രാജ്യം എന്നാല്‍ രാജാവിന്റെ കര്‍ത്തൃത്വം ആണ്.

നമ്മളുടെ കര്‍ത്താവിന്റെ രാജ്യം ഐഹീകമല്ല; അത് അത്മീയമാണ്.
എന്ന് പറഞ്ഞാല്‍ നമ്മളുടെ കര്‍ത്താവിന്റെ കര്‍ത്തൃത്വവും ആത്മീയമാണ്.
ദൈവരാജ്യത്തില്‍ പ്രവേശിക്കുന്ന എല്ലാവരും യേശുവിന്റെ കര്‍ത്തൃത്വത്തിലേക്ക് പ്രവേശിക്കുകയാണ്.

യേശു ജനങ്ങളോട് മനസന്തരപെടുവാനും ദൈവരാജ്യത്തില്‍ പ്രവേശിക്കുവാനും ആഹ്വാനം ചെയ്യുകയാണ്.
ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ മാനസാന്തരം അത്യാവശ്യമാണ്.


മറ്റൊരു രീതിയില്‍ പറഞ്ഞാല്‍: ദൈവരാജ്യം വന്നിരിക്കുന്നു.
പക്ഷെ മനസാന്തരപെടാത്ത ഹൃദയം കാരണം ജനങ്ങള്‍ക്ക്‌ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയുന്നില്ല.
അതുകൊണ്ട് മനസാന്തരപെടുവാനും ദൈവരാജ്യത്തില്‍ പ്രവേശിക്കുവാനും യേശു എല്ലാവരെയും ഉപദേശിക്കുകയാണ്.
ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതില്‍ മാനസാന്തരത്തിനുള്ള പ്രധാന പങ്ക് ഇതാണ്.

യേശു ഇവിടെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നുകൂടി സൂചിപ്പിക്കുകയാണ്.

ജനങ്ങള്‍ ദൈവരാജ്യത്തിന് വെളിയില്‍ ആണ്.
അതുകൊണ്ട് ഒരു മാറ്റം ഉണ്ടാകേണം.
ജനം അവരുടെ കൂറ് ഇപ്പോഴത്തെ രാജാവില്‍ നിന്നും മാറ്റി മറ്റൊരു രാജാവില്‍ ആക്കേണം.
അതായതു, അവര്‍ അന്ധകാരത്തിന്റെ രാജ്യത്തെ നിരാകരിച്ചു, ദൈവരാജ്യത്തെ സ്വീകരിക്കേണം.
ലളിതമായി പറഞ്ഞാല്‍, നമ്മള്‍ പിശാചിന്റെ കര്‍ത്തൃത്വത്തെ എന്നന്നേക്കുമായി ഉപേക്ഷിച്ച് യേശു എന്ന രാജധിരാജവിന്റെ കര്‍ത്തൃത്വത്തെ നിത്യമായി സ്വീകരിക്കേണം.

ഇതിനെ ആണ് വീണ്ടും ജനനം എന്ന് വിളിക്കുന്നത്‌.

വീണ്ടും ജനനം - Born Again

വീണ്ടും ജനനം എന്ന അനുഭവത്തെകുറിച്ച് അല്‍പ്പംകൂടി ചിന്തിച്ചുകൊണ്ട്‌ ഈ സന്ദേശം അവസാനിപ്പിക്കാം.

എന്താണ് വീണ്ടും ജനനം പ്രാപിക്കുക എന്ന് പറഞ്ഞാല്‍?
നമുക്ക് എങ്ങനെ ശാരീരികമായി മരിക്കാതെ വീണ്ടും ജനനം പ്രാപിക്കുവാന്‍ കഴിയും?

നിക്കൊദിമോസ് യേശുവിനോട് ചോദിച്ച ചോദ്യം ഇതാണ്.
യേശു അവനോട് പറഞ്ഞത്, വീണ്ടും ജനനം എന്നത് ഒരു ആത്മീയ അനുഭവം ആണ് എന്നാണ്.
യേശുവില്‍ വിശ്വസിക്കുമ്പോള്‍ അത് സംഭവിക്കും.

യോഹന്നാന്‍ 3: 14 & 15
14    മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
15    അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.

വീണ്ടും ജനനം പ്രാപിക്കുക എന്ന അനുഭവത്തെ യേശു ഇങ്ങനെ ആണ് വിശദീകരിച്ചത്

·         ഒരു പുനര്‍ജനനമാണത്
·         ഒരു ആത്മീയ അനുഭവം ആണ്
·         യേശുവിന്റെ മരണത്തിലുള്ള വിശ്വസമാണത്

എന്താണ് പുനര്‍ജനനം?

മരിക്കുകയും വീണ്ടും ജനിക്കുകയും ചെയ്യുക എന്നതുതന്നെ ആണ് അതിന്റെ അര്‍ത്ഥം.
മരണത്തിലൂടെ കടന്നുപോകാതെ ആര്‍ക്കും വീണ്ടും ജനിക്കുവാന്‍ കഴിയുമായിരുന്നില്ല.

എന്നാല്‍, വീണ്ടും ജനനം എന്നത് ഒരു ആത്മീയ അനുഭവം ആയതിനാല്‍ മരണവും പുനര്‍ജനനവും ആത്മീയ അനുഭവങ്ങള്‍ ആയിരിക്കും.

ഒരു വ്യക്തിയുടെ ഇപ്പോഴത്തെ ജീവിതം മരിക്കുകയും പുതിയ ഒരു ജീവിതത്തിലേക്ക് ജനിക്കുകയും വേണം.
പിശാചിന്റെ രാജ്യത്തില്‍ പിശചിന്റെ കര്‍ത്തൃത്വത്തിന്‍ കീഴിലുള്ള ജീവിതം മരിക്കേണം.
യേശുവിന്റെ രാജ്യത്തില്‍, യേശുവിന്റെ കര്‍ത്തൃത്വത്തിന്‍ കീഴിലുള്ള ജീവിതത്തിലേക്ക് വീണ്ടും ജനിക്കേണം.

ഉപസംഹാരം - Conclusion

ഞാന്‍ ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.

നമ്മള്‍ ഇതുവരെ ചിന്തിച്ചതെല്ലാം ഒന്ന് ക്രമമായി അടുക്കി വെക്കാം.

രക്ഷ, ദൈവരാജ്യം, വീണ്ടുംജനനം എന്നിവയെല്ലാം ഒരുപോലെ ഒരേ സമയത്ത് സംഭവിക്കുന്നതാണ്.
ഈ അനുഭവങ്ങളിലൂടെ നമുക്ക് ലഭിക്കുന്നതോ നിത്യജീവന്‍ ആണ്.
യേശുവിലുള്ള വിശ്വാസത്തിലൂടെ മാത്രമേ നമുക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയൂ.
യേശുവില്‍ വിശ്വസിക്കുക എന്നാല്‍ വീണ്ടും ജനനം പ്രാപിക്കുക എന്നര്‍ത്ഥം.

പിശാചിന്റെ രാജ്യത്തിനോടുള്ള മരണം യേശുവിന്റെ രാജ്യത്തിലേക്കുള്ള ജനനം ആണ്.
അത് ഒരു രാജാവിന്റെ കര്‍ത്തൃത്വം നിരാകരിക്കുകയും യേശുവിന്റെ കര്‍ത്തൃത്വം സ്വീകരിക്കുകയുമാണ്.

അതുകൊണ്ട്, രക്ഷ എന്നാല്‍ യേശുവിന്റെ കര്‍ത്തൃത്വത്തിനു കീഴ്പെടുക എന്നാണ്.

ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കുന്നതിനുമുമ്പ് ഒരു വാചകം പറഞ്ഞുകൊള്ളട്ടെ:

ഈ സന്ദേശം ഒരു പ്രായോഗിക ക്രിസ്തീയ ജീവിതത്തിനുള്ളതാണ്; ഏതെങ്കിലും വേദശാസ്ത്രപരമായ തര്‍ക്കങ്ങള്‍ക്കുള്ള മറുപടിയോ ഖണ്ഡനമോ അല്ല.

No comments:

Post a Comment