അനുഗ്രഹങ്ങളെ കൈവശമാക്കുക

യാക്കോബ് 1:17  എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.

ദൈവത്തിന്റെ വിലയേറിയ ഒരു സൃഷ്ടിയാണ് മനുഷ്യന്‍.
ദൈവം സൃഷ്ടിച്ച മറ്റ് എല്ലാറ്റിനെക്കളും അധികം കരുതല്‍ ദൈവത്തിന് മനുഷ്യനോടുണ്ട്
അതുകൊണ്ട് സ്വര്‍ഗത്തിലെ എല്ലാ അനുഗ്രഹങ്ങളെകൊണ്ടും മനുഷ്യനെ അനുഗ്രഹിക്കുവാന്‍ ദൈവത്തിന് ആഗ്രഹം ഉണ്ട്
അനുഗ്രഹിക്കപ്പെട്ട മനുഷനെ ഓര്‍ത്തു ദൈവം സന്തോഷിക്കുന്നു.

എന്നാല്‍ സ്വര്‍ഗം യാതൊന്നും സൗജന്യമായി നല്‍കാറില്ല.
സ്വര്‍ഗത്തിലുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഒരു വിലയുണ്ട്‌.
രക്ഷ പോലും സ്വര്‍ഗത്തില്‍നിന്നും സൗജന്യമായി ലഭിക്കില്ല എന്നതാണ് സത്യം.

ഇതു താങ്കള്‍ക്ക് ഒരു പുതിയ വാര്‍ത്തയായിരിക്കാം.
ദയവായീ തുടര്‍ന്ന് കേള്‍ക്കുക.

രക്ഷയ്ക്ക് സ്വര്‍ഗത്തില്‍ ഒരു വിലയുണ്ട്‌
സ്വര്‍ഗത്തിലും ഭൂമിയിലും ലഭ്യമായ ഏറ്റവും വിലയേറിയ വസ്തുവാണ് രക്ഷ.
ജീവരക്തം ആണ് അതിന്റെ വില.
ജീവനുള്ള എന്തിന്റെ എങ്കിലും രക്തം പോരാ.
പാപമില്ലാത്ത ജീവരക്തമാണ് രക്ഷയുടെ വിലയായി നല്‍കേണ്ടത്.

ദ്രവത്വം ഇല്ലാത്ത ജീവരക്തത്തിന് മാത്രമേ രക്ഷയുടെ മറുവിലയാകുവാന്‍ കഴിയൂ.
ദ്രവത്വം ഇല്ലാത്ത രക്ഷയ്ക്ക്, ദ്രവത്വം ഇല്ലാത്ത രക്തം മറുവിലയായി നല്‍കേണം.
രക്ഷ നിത്യമായ ജീവനെ നല്‍കുന്നു.
രക്ഷയ്ക്ക് ദ്രവത്വം ഇല്ല.
അതുകൊണ്ട് അതിന്റെ മറുവിലയായി സ്വര്‍ഗം ചോദിക്കുന്നത് ദ്രവത്വം ഇല്ലാത്ത ഒരു വിലയാണ്.
പാപം ഇല്ലാത്ത ജീവ രക്തം.

സ്വര്‍ഗത്തിലും ഭൂമിയിലും ഒരു വസ്തുവിന് ഈടാക്കാവുന്ന ഏറ്റവും വലിയ വിലയാണിത്.

അതുകൊണ്ടുതന്നെ ഈ വില നല്‍കുവാന്‍ ഒരു മനുഷ്യനും കഴിയുമായിരുന്നില്ല.
കാരണം, മനുഷ്യന് എപ്പോഴും പാപ സ്വഭാവം അവന്റെ ഉള്ളില്‍ ഉണ്ടായിരിക്കും.
മൃഗങ്ങളുടെ രക്തം രക്ഷയ്ക്ക് മറുവില അഥവാ തുല്യവില ആയിരുന്നില്ല.
അതുകൊണ്ട് ഈ വില നല്‍കുവാനായി ദൈവം തന്നെ ഈ ഭൂയിലേക്ക് മനുഷ്യനായി ഇറങ്ങി വന്നു.

അദ്ദേഹത്തിന്റെ പേരാണ്, യേശു.

യേശു ഈ ഭൂമിയില്‍ പാപം ഇല്ലാത്തവനായി ജീവിച്ചു
അദ്ദേഹത്തിന്റെ പാപരഹിതമായ രക്തം രക്ഷയുടെ വിലയായി നല്‍കി.
അദ്ദേഹം ഈ വില ഒരിക്കലായി എന്നന്നേക്കുമായി നല്‍കി.
അതുകൊണ്ട് യേശുവിന്റെ നാമത്തില്‍ അവകാശപ്പെടുന്ന എല്ലാവര്‍ക്കും രക്ഷ സ്വര്‍ഗതില്‍നിന്നും സൌജന്യമായി ലഭിക്കുന്നു.

സ്വര്‍ഗത്തില്‍ രക്ഷ സൗജന്യം അല്ല.
എന്നാല്‍ നമ്മള്‍ക്ക് രക്ഷ സൗജന്യമായി ലഭിക്കുന്നു.
കാരണം നമുക്കുവേണ്ടിയും മറ്റ് എല്ലാവര്‍ക്കും വേണ്ടിയും യേശു രക്ഷയുടെ വില ഒരിക്കലായി എന്നന്നേക്കുമായി നല്‍കിയിരിക്കുന്നു.

എന്നാല്‍ യേശുവിന്റെ പേര് പറഞ്ഞ് അവകാശപ്പെടുന്ന എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ നിന്നും രക്ഷ സൗജന്യമായി ലഭിക്കില്ല.
സൗജന്യ രക്ഷ ഒരു നിയമപരമായ വാഗ്ദാനം മാത്രമാണ്.
അത് ലഭിക്കുവാന്‍ വ്യക്തമായ ചില പ്രമാണങ്ങള്‍ പാലിക്കേണം.

സ്വര്‍ഗവുമായുള്ള എല്ലാ ഇടപാടുകള്‍ക്കും ചില പ്രമാണങ്ങള്‍ ഉണ്ട്.
ഈ പ്രമാണങ്ങള്‍ അനുസരിച്ച് മാത്രമേ സ്വര്‍ഗം എല്ലാ അവകാശവാദങ്ങളും അനുവദിച്ചുതരുകയുള്ളൂ.

എന്നാല്‍ സ്വര്‍ഗത്തിന് വളരെ വിഷമകരമായ യാതൊരു പ്രമാണങ്ങളും ഇല്ലാ എന്നത് നമുക്ക് ആശ്വാസകരമാണ്.
ദൈവത്തിന് അറിയാം, നമ്മള്‍ മനുഷ്യര്‍ക്ക്‌ വിഷമകരമായ യാതൊരു പ്രമാണങ്ങളും അനുസരിക്കുവാന്‍ കഴിയുകയില്ല എന്ന്.
അതുകൊണ്ട് എല്ലാ പ്രമാണങ്ങളെയും ദൈവം വളരെ ലഘൂകരിച്ചിരിക്കുന്നു
അത് ഇത്ര മാത്രം:

യേശുവില്‍ വിശ്വസിക്കുക

ഇത്രമാത്രം ലളിതം.

യേശുവില്‍ വിശ്വസിക്കുവാന്‍ നമുക്ക്:

·         മധ്യസ്ഥന്മാരുടെ ആവശ്യം ഇല്ല
·         ആചാര അനുഷ്ടാനങ്ങള്‍ ഒന്നും വേണ്ട.
·         മതത്തിന്റെ ആവശ്യം ഇല്ല
·         സംഘടനയുടെ ആവശ്യം ഇല്ല
·         സാമ്പത്തിക ബാധ്യതയോ കടപ്പാടുകളോ ഇല്ല
·         എല്ലാ ജാതിയിലും മതത്തിലും, രാജ്യത്തും, ഭാഷകളിലും വര്‍ഗത്തിലും പെട്ട സകല മനുഷ്യര്‍ക്കും യേശുവില്‍ വിശ്വസിക്കാം.
·         എല്ലാ കാലത്തെ മനുഷ്യര്‍ക്കും യേശുവില്‍ വിശ്വസിക്കാം.

സ്വര്‍ഗീയ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ രക്ഷ കരസ്ഥമാക്കുന്നതില്‍നിന്നും അല്‍പ്പം വ്യത്യസ്തമായ പ്രമാണങ്ങള്‍ ആണ് ഉള്ളത്.
എല്ലാ സ്വര്‍ഗീയ അനുഗ്രഹങ്ങളും എല്ലാ മനുഷ്യര്‍ക്കും സൗജന്യമായി പ്രാപിക്കാം.
പക്ഷെ അതിനു ഒരു വ്യവസ്ഥ ഉണ്ട്.
അനുഗ്രഹങ്ങള്‍ അവകാശമാക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് യേശുവുമായി രക്ത ബന്ധം ഉണ്ടായിരിക്കേണം.
കാരണം എല്ലാ സ്വര്‍ഗീയ അനുഗ്രഹങ്ങളും യേശു തന്റെ രക്തംകൊണ്ടു വിലക്കുവാങ്ങിയിരിക്കുകയാണ്.
ഇവയെല്ലാം അവകാശപ്പെടുന്ന എല്ലാവര്‍ക്കും ഒരേഒരു വ്യവസ്ഥയിന്മേല്‍ സൗജന്യമായി നല്‍കുവാന്‍ യേശു സ്വര്‍ഗത്തെ ചുമതലപെടുതിയിരിക്കുകയാണ്
ആവശ്യവുമായി വരുന്നവര്‍ക്ക് യേശുവുമായി രക്ത ബന്ധം ഉണ്ടായിരിക്കേണം.

യേശു ദൈവമായിരിക്കെ എങ്ങനെ മനുഷ്യര്‍ക്ക്‌ യേശുവുമായി രക്ത ബന്ധം സ്ഥാപിക്കുവാന്‍ കഴിയും?

സ്വര്‍ഗത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഇതാണ്
മനുഷ്യരുമായി ഒരു ബന്ധത്തില്‍ ആയിരിക്കുവാന്‍ സ്വര്‍ഗം ആഗ്രഹിക്കുന്നു.
എന്നാല്‍ മനുഷ്യര്‍ പാപം ചെയ്തതിലൂടെ സ്വര്‍ഗവുമായുള്ള ബന്ധം വിച്ചേദിച്ചു കളഞ്ഞു.
പാപ പ്രവര്‍ത്തിയിലൂടെ മനുഷ്യര്‍ സ്വര്‍ഗരാജ്യത്തോട്‌ മത്സരിക്കുക ആണ് ചെയ്തത്.

ദൈവവും മനുഷ്യരും തമ്മിലുള്ള തകര്‍ന്നുപോയ ബന്ധം പുനസ്ഥപിക്കുവാനാണു യേശു ഈ ഭൂമിയിലേക്ക്‌ വന്നത്.
ഈ പുനസ്ഥാപനത്തിന് ആവശ്യമായ വിലയായി യേശു തന്റെ നിഷ്കളങ്കമായ രക്തം നല്‍കി.
അങ്ങനെ യേശു ദൈവവും മനുഷ്യരും തമ്മിലുള്ള ശത്രുത ഇല്ലാതാക്കി, ബന്ധം പുനസ്ഥാപിച്ചു.

കൊലൊസ്സ്യര്‍ 2:13, 14 
13  അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു;
14  അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ചു ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;





യേശു എങ്ങനെ ആണ് ഇതു ചെയ്തത്?

യേശു തന്റെ സ്വന്ത രക്തം ക്രൂശില്‍ പാപപരിഹാര യാഗമായി അര്‍പ്പിച്ചു.
നമ്മളുടെ പാപപരിഹാരത്തിനായി യേശു തന്റെ നിഷ്കളങ്കവും നിര്‍ദോഷവുമായ രക്തം ഒഴുക്കി.
യേശു നമുക്കുവേണ്ടി ചെയ്ത പാപപരിഹാര യാഗത്തിലൂടെ ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ചു.

യേശു ഈ ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് മരിച്ചത്.
അതായതു, ദൈവവുമായുള്ള നിരപ്പ് എല്ലാവര്‍ക്കും വേണ്ടി ഒരിക്കലായിട്ടു യേശു ചെയ്തു തീര്‍ത്തു.
പാപ പരിഹാരം നല്‍കിക്കഴിഞ്ഞു; വില കൊടുത്തു കഴിഞ്ഞു.
യേശുവിന്റെ മരണത്തിലൂടെ നമ്മള്‍ രക്ഷ പ്രാപിച്ചിരിക്കുന്നു.

എന്നിരുന്നാലും രക്ഷ എല്ലാ മനുഷ്യര്‍ക്കും പ്രപിക്കാവുന്ന നിയമപരമായ ഒരു വാഗ്ദത്തം ആയി ഇന്നും നില്‍ക്കുന്നു.
രക്ഷയ്ക്ക് ആവശ്യമായതെല്ലാം യേശു ചെയ്തുകഴിഞ്ഞു എങ്കിലും, മനുഷ്യരുടെ ഭാഗത്ത് നിന്നും ഒരു കാര്യം ചെയ്യേണ്ടതായിട്ടുണ്ട്

അതൊരു പ്രവര്‍ത്തിയല്ല; യേശുവിലുള്ള വിശ്വാസം ആണ്.
യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ രക്ഷ പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ.

നമ്മള്‍ എന്താണ് വിശ്വസിക്കേണ്ടത്?
നമ്മള്‍ വിശ്വസിക്കുകയും വായ്കൊണ്ട് ഏറ്റു പറയുകയും ചെയ്യേണ്ടത് ഇവയാണ്:

1.    നമ്മളുടെ പാപ പരിഹാര യാഗമായി യേശു മരിച്ചു.
2.    സ്വന്ത രക്തത്താല്‍ യേശു തുല്യ വില നല്‍കിയതിനാല്‍ നമുക്ക് രക്ഷ പ്രാപിക്കുവാന്‍ കഴിയും.
3.    യേശുവിനെ ജീവിതത്തിന്റെ കര്‍ത്താവും, ഉടമസ്ഥനും, യജമാനനും ആയി സ്വീകരിക്കുക.

രക്ഷ പ്രാപിക്കുവാനുള്ള മാര്‍ഗം ഇത്രമാത്രം ലളിതമാണ്.

ഏതെങ്കിലും കഠിനമായ ദൈവശാസ്ത്രവുമായി നമ്മള്‍ മല്ലുപിടിക്കേണ്ടതില്ല.
യേശുവിന്റെ മരണത്തിലും, ഉയിര്‍പ്പിലും, പൌരോഹിത്യത്തിലും വിശ്വസിക്കുക.

യേശുവില്‍ വിശ്വസിക്കുന്നതിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഇതാണ്:

യേശുവിലുള്ള വിശ്വാസം മൂലം നമ്മള്‍ യേശുവിന്റെ രക്ത ബന്ധം ഉള്ളവരായി, യേശുവിന്റെ കൂട്ടവകാശികളായി മാറുകയാണ്.

യേശുവിന്റെ രക്തം നമ്മളുടെ പാപ പരിഹാരമായി തീര്‍ന്നു എന്ന് വിശ്വസിക്കുന്ന എല്ലാവരും യേശുവിനോട്‌ രക്ത ബന്ധം ഉള്ളവരായി മാറുന്നു.
യേശുവിന്റെ രക്തത്താല്‍ നമ്മള്‍ യേശുവുമായി ഒരു രക്ത ബന്ധത്തില്‍ പ്രവേശിക്കുകയാണ്.

ഇതൊരു മഹത്തായ പദവിയാണ്‌.

യേശുവുമായി രക്തബന്ധം ഉള്ളവര്‍ക്കെല്ലാം എല്ലാ സ്വര്‍ഗീയ അനുഗ്രഹങ്ങളും അവകാശപ്പെടാം.
യേശുവുമായി രക്തബന്ധം ഉള്ളവര്‍ക്ക് അനുഗ്രഹങ്ങള്‍ നിഷേധിക്കുവാന്‍ സ്വര്‍ഗത്തിന് കഴിയുകയില്ല.

പരിശോധന

എന്നാല്‍ അനുഗ്രഹങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് മുമ്പു സ്വര്‍ഗം ഒരു പരിശോധന നടത്തും.
അതും ലളിതമാണ്.
ഇത്രമാത്രമേ പരിശോധിക്കൂ:

യേശുവുമായുള്ള രക്തബന്ധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ?

സാധുവായ ഇപ്പോഴും നിലവിലുള്ള ഒരു രക്തബന്ധം യേശുവുമായിട്ടുണ്ടായിരിക്കേണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
അതായതു ഈ ബന്ധത്തില്‍നിന്നും നമ്മള്‍ അകന്നു പോയിട്ടില്ല എന്ന് തീര്‍ച്ചയാക്കേണം.

നമ്മള്‍ യേശുവിന്റെ രക്തത്തിലൂടെയാണ് ഈ ബന്ധത്തില്‍ ഏര്‍പ്പെട്ടത്.
ഈ ബന്ധത്തില്‍ തുടരുവാനും ബന്ധം ഉപേക്ഷിച്ചു പോകുവാനും നമുക്ക് സ്വാതത്ര്യം ഉണ്ട്.
അകത്തേക്കുള്ള വാതില്‍ എപ്പോഴും തുറന്നിരിക്കുന്നതുപോലെ തന്നെ പുറത്തേക്കുള്ള വാതില്‍ അടച്ചിടാറുമില്ല.
യേശുവുമായുള്ള ബന്ധം അനുഗ്രഹം ആണ് എന്ന് തോന്നുന്നവര്‍ ഈ ബന്ധത്തില്‍ എക്കാലവും തുടരും.

ചിലര്‍ യേശുവിന്റെ ശത്രുവായ സാത്താന്റെ കെണിയില്‍ അകപ്പെട്ടുപോകാറുണ്ട്.
സാത്താന്‍ പലവിധത്തിലുള്ള തന്ത്രങ്ങളിലൂടെ മനുഷ്യരെ യേശുവില്‍ നിന്നും അകറ്റി കളയുവാന്‍ ശ്രമിക്കും.
സാത്തനോട് എതിര്‍ത്തു നില്‍ക്കുന്നവര്‍ യേശുവിനോടൊപ്പം എന്നും ഉറച്ച് നില്‍ക്കും.

അതുകൊണ്ട് യേശുവുമായുള്ള രക്തബന്ധത്തിന്റെ സാധുത പ്രധാനപ്പെട്ട ഒന്നാണ്.
ബന്ധമില്ലത്തവര്‍ക്ക് വാരികൊടുക്കുവാനുള്ളതല്ല സ്വര്‍ഗീയ അനുഗ്രഹങ്ങള്‍.
സ്വര്‍ഗീയ അനുഗ്രഹങ്ങള്‍ എല്ലാം യേശുവിന്റെ കൂട്ടവകാശികള്‍ക്ക് ഉള്ളതാണ്.
കാരണം ഇതിന്റെ എല്ലാം വില നല്‍കിയിരിക്കുന്നത് യേശു ആണ്.

നമുക്ക് യേശുവുമായി നല്ല സാധുവായ ഒരു രക്തബന്ധം ഉണ്ട് എങ്കില്‍ എല്ലാ സ്വര്‍ഗീയ അനുഗ്രഹങ്ങളും നമുക്കുള്ളതാണ്.
അവയെ അവകാശപ്പെടുക; അനുഗ്രഹം പ്രാപിക്കുക.

No comments:

Post a Comment