സ്വതന്ത്ര ഇച്ഛാശക്തി

എന്താണ് സ്വതന്ത്ര ഇച്ഛാശക്തി - What is Free Will

 

ദൈവീകമായ ഇടപെടലുകളോ മുന്‍ നിദാനങ്ങളോ കൂടാതെ മനുഷ്യന് തിരഞ്ഞെക്കുവാനും തീരുമാനിക്കുവാനും ഉള്ള സ്വാതന്ത്ര്യത്തെ ആണ് സ്വതന്ത്ര ഇച്ഛാശക്തി എന്ന് പറയുന്നത്.
സ്വതന്ത്രമായി തിഞ്ഞെടുപ്പ് നടത്തുവാനുള്ള അവസരം ദൈവം മനുഷ്യന് നല്‍കിയിട്ടുണ്ട് എന്നും ഇത്തരം തിരഞ്ഞെടുപ്പുകള്‍ ഭാവിയെ നിര്‍ണ്ണയിക്കുന്നത് ആയിരിക്കും എന്നും വേദപുസ്തകം പഠിപ്പിക്കുന്നു.

ദൈവം മനുഷ്യനെ തന്റെ ഓരോ പ്രവര്‍ത്തിയും ആരംഭിക്കുവാനും നിയന്ത്രിക്കുവാനും കഴിവുള്ള ഒരു യുക്തിസഹമായ ജീവി ആയിട്ടാണ് സൃഷ്ടിച്ചത്.
മനുഷ്യനെ അവന്റെ സ്വന്ത തീരുമാനത്തിലേക്ക് വിടുവാന്‍ ദൈവം ആഗ്രഹിച്ചു.
മനുഷ്യന്‍ സ്വന്ത ഹിതപ്രകാരം ദൈവത്തെ അന്വേഷിക്കേണം എന്നും ദൈവത്തോട് ചേര്‍ന്നുനിന്നു അനുഗ്രഹം പ്രാപിക്കേണം എന്നും ദൈവം ആഗ്രഹിച്ചു.

ദൈവം മനുഷ്യനെ സ്വന്ത സ്വാദൃശ്യപ്രകാരം സൃഷ്ടിച്ചു എന്നതില്‍ തിരഞ്ഞെടുപ്പിനുള്ള സ്വതന്ത്ര ഇച്ഛാശക്തിയും ഉള്‍പ്പെട്ടിരുന്നു.
ദൈവത്തിനു നമ്മളെ യന്ത്രങ്ങളെപ്പോലെ സൃഷ്ടിക്കാമായിരുന്നു.
യന്ത്രങ്ങള്‍, എന്ത് ചെയ്യുന്നു എന്നോ എന്തുകൊണ്ട് ചെയ്യുന്നു എന്നോ വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കാതെ അതിന്റെ നിര്‍മ്മാതാവ് ഉദ്യേശിച്ച പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു.
അവ യന്ത്രങ്ങള്‍ ആയതിനാല്‍ കുറെ നാളത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അവ നശിച്ചുപോകും.
എന്നാല്‍ സ്വയം നശിക്കുവാനായി തെറ്റായ തീരുമാനങ്ങള്‍ എടുക്കുവാന്‍ അവയ്ക്ക് കഴിയുക ഇല്ല.

യന്ത്രങ്ങള്‍ക്കു സ്വഭാവഗുണമോ വ്യക്തിത്വമോ ആത്മാവോ ഇല്ല.
യന്ത്രങ്ങള്‍ക്കു സന്തോഷമോ സുഖമോ നിരാശയോ ദുഖമോ അനുഭവിക്കുവാന്‍ കഴിയുക ഇല്ല.
അവയ്ക്ക് സൃഷ്ടിപരമായോ നിര്‍ഗളമായോ ജിജ്ഞാസുവായോ യാതൊന്നും ചെയ്യുവാന്‍ കഴിയുക ഇല്ല.
അവയ്ക്ക് ആത്മാവബോധമോ അന്തര്‍ബോധമോ ബന്ധുത്വമോ ഇല്ല.
ജീവിതത്തില്‍ മുന്‍ഗണനകള്‍ നിശ്ചയിക്കുവനോ ഭാവിയെക്കുറിച്ച് പദ്ധതികള്‍ തയ്യാറാക്കുവാനോ അവയുടെ വിജയകരമായ പൂര്‍ത്തീകരണത്തില്‍ സന്തോഷിക്കുവാനോ യന്ത്രങ്ങള്‍ക്കു കഴിയുക ഇല്ല.
കാരണം അവയ്ക്ക് സ്വതന്ത്ര ഇച്ഛാശക്തി ഇല്ല.

ഒരു പക്ഷെ മനുഷ്യര്‍ എല്ലാവരും യന്ത്രങ്ങളെ പോലെ ആയിരുന്നെങ്കില്‍ ലോകം കൂടുതല്‍ നല്ലതാകുമായിരുന്നു എന്ന് നമുക്ക് തോന്നിയേക്കാം.
രണ്ടാമത് ഒന്നുകൂടി ചിന്തിക്കുമ്പോള്‍ മനുഷ്യര്‍ യന്ത്രങ്ങളേപോലെ ആകാതിരിക്കുന്നതില്‍ നമ്മള്‍ സന്തോഷിക്കുകയും ചെയ്യും.

റോബോര്‍ട്ട്കളെയോ യന്ത്രങ്ങളെയോ സൃഷ്ടിക്കാതെ ദൈവം മനുഷ്യരെ ആണ് സൃഷ്ടിച്ചത്.
ദൈവം നമുക്ക് ചിന്തിക്കുവാനുള്ള കഴിവും, നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനുമുള്ള സ്വാതന്ത്ര്യവും അടങ്ങിയ സ്വതന്ത്ര ഇച്ഛാശക്തി നല്‍കിയിരിക്കുന്നു.
നമ്മള്‍ എങ്ങനെ ജീവിക്കേണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്നതിന് പ്രമാണങ്ങള്‍ നമുക്ക് നല്‍കിയിരിക്കുന്നു.
എന്നാല്‍ അവ അനുസരിക്കുവാനും തള്ളികളയാനുമുള്ള സ്വാതന്ത്ര്യവും ദൈവം നമുക്ക് നല്‍കി.

നമ്മളുടെ ഈ സ്വതന്ത്ര ഇച്ഛാശക്തി നഷ്ടപ്പെടുത്തുവാന്‍ നമ്മള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.
നിര്‍ബന്ധത്താല്‍ മാത്രം നമ്മള്‍ നല്ല ആഹാരം കഴിക്കുകയും കൃത്യ സമയത്ത് ഉറങ്ങുകയും നമ്മളുടെ എല്ലാ ജോലികളും കൃത്യമായി ചെയ്യുകയും ചെയ്യുന്ന ഒരു ജീവിതം എത്ര വിരസമായിരിക്കും.
പൊതുവേ പറഞ്ഞാല്‍, ശരിയായ കാര്യങ്ങള്‍ പോലും നിര്‍ബന്ധത്താല്‍ ചെയ്യുന്നത് മനുഷ്യര്‍ എല്ലാവരും വെറുക്കുന്നു.

ദൈവം നമ്മളെ സ്വത്രമായ ഇച്ഛാശക്തിയോടെ സൃഷ്ടിച്ചത് ലളിതമായ ഒരു കാരണം കൊണ്ടാണ്:
ദൈവത്തെപോലെ ആകുവാന്‍ സ്വന്ത ഹിതപ്രകാരം ഇച്ചിക്കുന്ന നിത്യമായ ഒരു ആത്മീയ കുടുംബത്തെ സൃഷ്ടിക്കുക ആയിരുന്നു ദൈവത്തിന്റെ ഉദ്യേശ്യം. 
  
ശാപവും അനുഗ്രഹവും – തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം
Curses and Blessings – Freedom to choose

ദൈവം മനുഷ്യര്‍ക്ക്‌ ഒന്നിലധികം മാര്‍ഗ്ഗങ്ങളെ തരുകയും ഏറ്റവും നല്ലത് തിരഞ്ഞെടുക്കുവാനുള്ള ആഹ്വാനം നല്‍കുകയും ചെയ്യുന്നു എന്നത് സ്വതന്ത്ര ഇച്ഛാശക്തിയുടെ തെളിവാണ്.

ഉദാഹരണത്തിന് യിസ്രായേല്‍ ജനവുമായുള്ള മോശെയുടെ ഉടമ്പടി ദൈവം പറഞ്ഞ് അവസാനിപ്പുക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആവര്‍ത്തനപുസ്തകം 30 : 19, 20
19  ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും
20  യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ്തദേശത്തു നീ പാർപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു.

ദൈവം യിസ്രായേല്‍ ജനത്തിന് തിരഞ്ഞെടുപ്പിനുള്ള ഒരു അവസരം നല്‍കുകയാണ്.
അവര്‍ക്ക് ഒന്നുകില്‍ ജീവനയോ അല്ലെങ്കില്‍ മരണത്തെയോ തിരഞ്ഞെടുക്കാം.
അതായതു ദൈവത്തെ സ്നേഹിച്ചു അവനെ അനുസരിക്കുകയോ അല്ലങ്കില്‍ ദൈവത്തെ നിരസിക്കുകയോ ചെയ്യുവാനുള്ള സ്വാതന്ത്ര്യം യിസ്രായേല്‍ ജനത്തിന് നല്‍കി.
ഒരു കാര്യം നമ്മള്‍ ഇവിടെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്‌:
അവര്‍ ജീവനെ തിരഞ്ഞെടുക്കും എന്ന് ദൈവം ആഗ്രഹിക്കുന്നു; എന്നാല്‍ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്.

ദൈവം സ്നേഹത്തില്‍ കേന്ദ്രീകൃതമായ ഒരു ലോകമാണ് സൃഷ്ടിച്ചത്.
ആര്‍ക്കും നിബന്ധത്താല്‍ സ്നേഹം പിടിച്ചുപറ്റാന്‍ കഴിയുക ഇല്ല.
നിര്‍ബന്ധത്തിനു സ്നേഹത്തിന്റെ ഒരു വ്യാജ പ്രകടനം സൃഷ്ടിക്കുവാന്‍ കഴിഞ്ഞേക്കാം; എന്നാല്‍ യഥാര്‍ത്ഥ സ്നേഹം നിര്‍ബന്ധത്താല്‍ ലഭിക്കുക ഇല്ല.
യഥാര്‍ത്ഥ സ്നേഹം മനുഷ്യ ഹൃദയങ്ങളില്‍ നിന്നും അനര്‍ഗളമായി പുറത്തേക്ക് ഒഴുകേണം.
ദൈവം അവനെ സ്നേഹിക്കുവാനും തിരസ്കരിക്കുവാനുമുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കിയത് നമ്മള്‍ സ്വന്ത ഇഷ്ടത്താല്‍ ദൈവത്തെ സ്നേഹിക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ടാണ്.

സ്വതന്ത്രമായ പ്രവര്‍ത്തികള്‍ - Free Actions

മനുഷ്യരുടെ എല്ലാ പ്രവര്ത്തികളുടെയും നിദാനം അവരവര്‍ തന്നെ ആണ്.
ഉദാഹരണത്തിന് യേശു ഒരിക്കല്‍ പറഞ്ഞു:

ലൂക്കോസ് 6:45  നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽനിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.


ഒരു വ്യക്തിയുടെ ഹൃദയത്തില്‍ നിന്നാണ് ദുഷ്ടത പുറപ്പെട്ടുവരുന്നത് എന്ന് യേശു പഠിപ്പിച്ചു.

മത്തായി 15 : 19  എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽനിന്നു പുറപ്പെട്ടുവരുന്നു.

ഇവയൊന്നും ദൈവം മനുഷ്യരില്‍നിന്നും ആഗ്രഹിക്കുന്നില്ല.
ഇവയെല്ലാം, എല്ലാ ദുഷ്ടതയും പുറപ്പെട്ടുവരുന്നത്‌ മനുഷ്യരുടെ ഹൃദയത്ത്തില്‍ നിന്നും ആണ്.
  

സ്വതന്ത്ര ഇച്ഛാശക്തിയും ഉത്തരവാദിത്തങ്ങളും - Free Will and Responsibility


നമ്മള്‍ക്ക് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം മാത്രമല്ല ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കുവാനുള്ള ഉത്തരവാദിത്തവും ഉണ്ട്.

പഴയനിയമത്തില്‍ ദൈവം യിസ്രായേല്‍ ജനത്തെ സ്വന്ത രാജ്യം ആയി തിരഞ്ഞെടുത്തു.

എന്നാല്‍ ആ രാജ്യത്തിലെ ഓരോ യിസ്രായേല്യനും ദൈവത്തോടുള്ള അനുസരണം വ്യക്തിപരമായി തിരഞ്ഞെടുക്കണമായിരുന്നു.

ഓരോരുത്തരും ഈ തിരഞ്ഞെടുപ്പ് ഏറ്റു പറയേണ്ടി ഇരുന്നു.

അതുപോലെ തന്നെ യിസ്രായേല്‍ എന്ന രാജ്യത്തിന്‌ വെളിയില്‍ ഉള്ളവര്‍ക്കും യഹോവയായ ദൈവത്തോടുള്ള വിധേയത്വം ഏറ്റുപറഞ്ഞു ദൈവത്തെ അനുഗമിക്കുവാന്‍ കഴിഞ്ഞിരുന്നു.

അങ്ങനെ രാഹാബും രൂത്തും യഹോവയെ ദൈവമായി തിരഞ്ഞെടുത്തു.

 

പുതിയ നിയമത്തില്‍ മാനസാന്തരപ്പെടുവാനും യേശുവില്‍ വിശ്വസിക്കാനുമായി ആവര്‍ത്തിച്ചു ആഹ്വാനം ചെയ്യുന്നുണ്ട്.

മാനസാന്തരത്തിനായുള്ള ഓരോ വിളിയും അത് തിഞ്ഞെടുക്കുവാനുള്ള ആഹ്വാനം ആണ്.

യേശുവില്‍ വിശ്വസിക്കുവാനുള്ള ഓരോ വിളിയും അത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം കേള്‍ക്കുന്ന വ്യക്തികള്‍ക്ക് ഉണ്ട് എന്നതിന്റെ തെളിവാണ്.


ദൈവം നമ്മളെ സ്വതന്ത്ര ഇച്ഛാശക്തി കൊണ്ട് അനുഗ്രഹിച്ചിരിക്കുക ആണ്.

നമുക്കുവേണ്ടി ദൈവമോ വിധിയോ യാതൊന്നും മുന്‍കൂട്ടി തിരഞ്ഞെടുക്കുന്നില്ല.

 

സഹജവാസനയാല്‍ മാത്രം പ്രവര്‍ത്തിക്കുന്ന മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യര്‍ അവന്റെ സൃഷ്ടാവിനെപ്പോലെ സ്നേഹം നീതി എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ പ്രകടിപ്പിക്കുവാന്‍ കഴിവുള്ളവന്‍ ആണ്.

സൃഷ്ടാവിനെപ്പോലെ തന്നെ മനുഷ്യന് സ്വതന്ത്ര ഇച്ഛാശക്തി ഉണ്ട്.

അതുകൊണ്ട് ഒരു വലിയ പരിധിവരെ നമുക്ക് നമ്മളുടെ ഭാവി തീരുമാനിക്കാവുന്നതാണ്.

 

ദൈവം നമുക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കിയിട്ടുണ്ട്.

അതിനാല്‍ തന്നെ ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ ആവശ്യമായ ശക്തിയും ധൈര്യവും അനുഭവങ്ങളിലൂടെ നമ്മള്‍ ആര്‍ജ്ജിക്കുന്നു.

നമ്മള്‍ ദൈവത്തെ അനുസരിക്കുമ്പോള്‍ ദൈവം ചിന്തിക്കുന്നതുപോലെ ചിന്തിക്കുകയാണ്.

നമ്മളുടെ ചിന്തകള്‍ ദൈവത്തിന്റെ ചിന്തകള്‍ ആയി മാറും.

 

നമ്മള്‍ക്കുവേണ്ടി ദൈവം ചിന്തിച്ചാല്‍ ഇത്തരമൊരു വളര്‍ച്ച നമ്മളുടെ ജീവിതത്തില്‍ ഉണ്ടാകുക ഇല്ല.

നമുക്ക് ചിന്തിക്കുവാനും തിരഞ്ഞെടുക്കുവാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്.

നമ്മള്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ നമ്മളുടെ ജീവിതത്തിന്റെ ഗതിയും ലക്ഷ്യവും അന്ത്യവും നിശ്ചയിക്കും.

  

സ്വതന്ത്ര ഇച്ഛാശക്തി  - ആദമിന് മുമ്പും ശേഷവും -  Free Will - Before and After Adam

മനുഷ്യര്‍ക്ക്‌ സ്വതന്ത്ര ഇച്ഛാശക്തി ഉണ്ട് എന്നും നല്ലതും ദുഷ്ടതയും ഉളവാക്കുവാന്‍ മനുഷ്യന് കഴിയും എന്നും വേദപുസ്തകം ഉറപ്പിച്ച് പറയുന്നു.
വേദപുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തില്‍ തന്നെ ഈ ഭൂമിയിലെ സകല സൃഷ്ടികളിന്മേലും വാഴുവാന്‍ ദൈവം മനുഷ്യരോട് കല്പിക്കുന്നുണ്ട്.
നമ്മള്‍ ഈ ഭൂമിയുടെമേല്‍ വാഴേണം എന്നത് ദൈവത്തിന്റെ ആഗ്രഹം ആണ്.
എന്നാല്‍ നിര്‍ബന്ധമായും മനുഷ്യരെകൊണ്ട് ഈ ഭൂമിയുടെമേല്‍ അധികാരം ചെലുത്തുവാന്‍ ശ്രമിക്കാതെ ദൈവം മനുഷ്യരോട് അധികാരം ഉപയോഗിച്ച് വാഴുവാന്‍ കല്‍പ്പിക്കുക ആണ് ചെയ്തത്.
അതിന്റെ അര്‍ത്ഥം ദൈവഹിതം ഈ ഭൂമിയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ദൈവം മനുഷ്യരെ നിര്‍ബന്ധിക്കുക അല്ല ചെയ്തത് ദൈവത്തിന്റെ ഉദ്യേശ്യം നിവര്‍ത്തിക്കുവാന്‍ കല്‍പ്പിക്കുക മാത്രമേ ചെയ്തുള്ളൂ.
ദൈവത്തെ അനുസരിക്കുവാനോ നിരസിക്കുവാനോ ഉള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന് നല്‍കി.
അതിനുശേഷം ഏദന്‍ തോട്ടത്തില്‍ സംഭവിച്ചതെല്ലാം ഈ സ്വതന്ത്ര ഇച്ഛാശക്തിയെ വ്യക്തമാക്കുന്നവയാണ്.

ആദമിന്റെ വീഴ്ച്ചക്ക്മുമ്പ് മനുഷ്യന്‍ പാപമില്ലാത്തവന്‍ ആയിരുന്നു; അവനു പാപം ചെയ്യാതിരിക്കുവാന്‍ കഴിയുമായിരുന്നു.
സൃഷ്ടിയുടെ ആറാം ദിവസം ദൈവം എല്ലാ സൃഷ്ടിപ്പും അവസാനിപ്പിച്ചിട്ടു “എത്രയും നല്ലത്”
അല്ലെങ്കില്‍ “വളരെ നല്ലത്” എന്നാണ് തന്റെ സൃഷ്ടിയെ കുറിച്ച് ദൈവം പറഞ്ഞത്.
ഇതിന്റെ അര്‍ത്ഥം ആദ്യ മനുഷ്യരില്‍ പാപം ഇല്ലായിരുന്നു എന്നും എന്നാല്‍ സ്വതന്ത്ര ഇച്ഛാശക്തി അവരില്‍ ഉണ്ടായിരുന്നതിനാല്‍ പാപം ചെയ്യുവാനും പാപത്തെ നിരസിക്കുവാനും അവര്‍ക്ക്  കഴിയുമായിരുന്നു എന്നുമാണ്.
ഈ സാഹചര്യത്തില്‍ ആണ് ദൈവം തോട്ടത്തില്‍ ഉള്ള ഒരു വൃക്ഷത്തിന്റെ ഫലം തിന്നരുതു എന്നും തിന്നാലുണ്ടാകുന്ന ദുരന്തഫലം മരണം ആയിരിക്കും എന്നും മനുഷരോട് കല്‍പ്പിക്കുന്നത്.

ആദമിന് പാപം ചെയ്യുവാന്‍ കഴിവില്ലായിരുന്നു എങ്കില്‍ അവന്‍ ഒരിക്കലും ദൈവം നിരോധിച്ച ഫലം ഭക്ഷിക്കുക ഇല്ല.
എന്നാല്‍ സൃഷ്ടിക്കുമുന്പേ തന്നെ ആദാമിന് സ്വതന്ത്ര ഇച്ഛാശക്തി ഉണ്ട് എന്നും അനുസരിക്കുവാനും നിരസിക്കുവാനുമുള്ള സ്വാതന്ത്ര്യം ആദാമിന് ഉണ്ടായിരിക്കും എന്നും ദൈവം തീരുമാനിച്ചിരുന്നു.
അതായതു ആദാമിന് പാപം ചെയ്യുവാനും പാപത്തെ നിരസിക്കുവാനുമുള്ള കഴിവ് ഉണ്ടായിരുന്നു.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ദൈവത്തോട് മത്സരിക്കുവാനും പാപം ചെയ്യുവാനും ആദം തീരുമാനിച്ചു.

ആദം പാപം ചെയ്തപ്പോള്‍ ഉടന്‍ തന്നെ മനുഷ്യന്റെ പ്രകൃതിക്ക് വലിയ മാറ്റങ്ങള്‍ വന്നു.
മനുഷ്യന്‍ പാപം ചെയ്യാതിരിക്കുവാന്‍ കഴിവില്ലാത്തവന്‍ ആയി മാറി.
പാപത്തില്‍ വീണുകഴിഞ്ഞപ്പോള്‍ പാപം ചെയ്യതിരിക്കുവാനുള്ള കഴിവ് മനുഷ്യന് നഷ്ടപ്പെട്ടു.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ആദാമ്യ വീഴ്ചക്ക് ശേഷം മനുഷന്റെ സ്വാഭാവീക ചായ്‌വ് പപത്തോടായി തീര്‍ന്നു.
വിശുദ്ധജീവിതത്തെക്കാള്‍ പാപത്തോട് ഏറെ താല്പര്യമുള്ള ഒരു പ്രകൃതിയിലേക്ക് മനുഷ്യന്‍ വീണു.
  
റോമര്‍ 8 : 7, 8
  ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല.
8        ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല.

 

എന്നിരുന്നാലും സ്വതന്ത്ര ഇച്ഛാശക്തി ഒരിക്കലും മനുഷ്യരില്‍നിന്നും എടുത്തു മാറ്റിയിട്ടില്ല.

 സ്വതന്ത്ര ഇച്ഛാശക്തിയിലെ  വിരോധാഭാസം -  The Paradox of Free Will
സ്വതന്ത്ര ഇച്ഛാശക്തി എന്നത് ക്രിസ്തീയ വിശ്വാസത്തിലെ ഒരു വിരോധാഭാസം അല്ലെങ്കില്‍ വിപരീതസത്യം ആണ്.
വിരോധാഭാസം അല്ലെങ്കില്‍ വിപരീതസത്യം എന്നത്, ആദ്യ കേള്‍വിയില്‍ വിഡ്ഢിത്തം എന്നോ പരസ്പര വിരുദ്ധം എന്നോ തോന്നാവുന്ന ഒരു പ്രസ്താവനയോ വിശ്വസപ്രമാണമോ ആണ്; എന്നാല്‍ വിശദമായി പഠിക്കുമ്പോള്‍ അത് സത്യം ആണ് എന്ന് ബോധ്യപ്പെടുകയും ചെയ്യും.
വിരോധാഭാസത്തില്‍ പരസ്പര വിരുദ്ധമായ രണ്ടു പ്രസ്താവനകള്‍ ഉണ്ടായിരിക്കും, എന്നാല്‍ അത് സത്യവും ആയിരിക്കും.
“ജീവിക്കുവാന്‍ മരിക്കേണം” എന്നത് ഒരു ക്രിസ്തീയ വിരോധാഭാസം അല്ലെങ്കില്‍ വിപരീതസത്യം ആണ്.

ദൈവം എല്ലാം മുന്‍കൂട്ടി കാണുന്നു; എന്നാല്‍ സ്വതന്ത്ര ഇച്ഛാശക്തി മനുഷ്യര്‍ക്ക്‌ നല്‍കിയിട്ടുണ്ട് എന്നതാണ് ഇവിടെ വിരോധാഭാസം അല്ലെങ്കില്‍ വിപരീതസത്യം.
ദൈവം സര്‍വ്വ ജ്ഞാനി ആണ്, അവനു എല്ലാ കാര്യങ്ങളും അറിയാം.
ദൈവത്തിനു ഭൂതകാലവും വര്‍ത്തമാനകാലവും ഭാവികാലവും നന്നായി അറിയാം.
എന്നിരുന്നാലും തിരിഞ്ഞെടുപ്പിനുള്ള സ്വാതത്ര്യം ദൈവം മനുഷ്യന് ഒരു വരമായി നല്‍കിയിരിക്കുന്നു.

ദൈവം സര്‍വ്വശക്തന്‍ ആണ് എന്നും അവന്‍ ആഗ്രഹിക്കുന്നതെല്ലാം നിവര്‍ത്തിക്കുവാന്‍ ദൈവത്തിനു കഴിയും എന്നും വേദപുസ്തകം പഠിപ്പിക്കുന്നു.
ദൈവത്തിന്റെ ശക്തിയെ ആര്‍ക്കും യാതൊന്നിനും തടയുവാന്‍ കഴിയുക ഇല്ല.
എന്നിരുന്നാലും എല്ലാം നിയന്ത്രിക്കുവാന്‍ ദൈവം തന്റെ ശക്തിയെ ഉപയോഗിക്കാറില്ല.

ലോകത്തിന്റെ ഇന്നത്തെ പാപപങ്കിലമായ അവസ്ഥ ആദമും ഹവ്വയും തിരഞ്ഞെടുത്ത അനുസരണക്കേടിന്റെ നേര്‍ഫലം ആണ്.

എല്ലാ ക്രിസ്തീയ വിപരീതസത്യങ്ങളും മനുഷ്യര്‍ക്ക്‌ ഗ്രഹിക്കുവാനുള്ള കഴിവിനും അപ്പുറത്തായി എപ്പോഴും നില്‍ക്കുന്നു എന്നും നമ്മള്‍ ഓര്‍ക്കേണം.
ക്രിസ്തീയ വിപരീതസത്യങ്ങള്‍ വിശദീകരിക്കുവാന്‍ മാത്രമേ കഴിയൂ, അവ ഒരിക്കലും പൂര്‍ണ്ണമായും തെളിയിക്കുവാന്‍ കഴിയുക ഇല്ല.

ദൈവം സമയബന്ധിതന്‍ അല്ല, അവന്‍ എപ്പോഴും സമയത്തിനും കാലത്തിനും ഭൌതീകതയ്ക്കും അപ്പുറത്താണ്.
അതുകൊണ്ട് ദൈവത്തിനു ഭൂതകാലവും വര്‍ത്തമാനകാലവും ഭാവികാലവും ഒരുപോലെ ആണ്.
ദൈവത്തിന്റെ സര്‍വ്വജ്ഞാനം മനുഷ്യന്റെ ഭൂതകാലത്തെ സ്വാധീനിക്കത്തതുപോലെ തന്നെ മനുഷ്യന്റെ ഭാവിയെയും സ്വാധീനിക്കുന്നില്ല.

 പരിണതഫലത്തിന്റെ നിയമങ്ങള്‍ - The law of consequences

 ദൈവം ആദമിനെയും ഹവ്വയെയും സൃഷ്ടിച്ചപ്പോള്‍ ദൈവത്തെ അനുസരിക്കുകയോ നിരസിക്കുകയോ ചെയ്യുവാനുള്ള അവസരം കൂടി അവര്‍ക്ക് നല്‍കി.
മരണ ശിക്ഷ കല്‍പ്പിച്ചുകൊണ്ടാണ് തോട്ടത്തിലെ ഒരു പ്രത്യേക വൃക്ഷത്തിന്റെ ഫലം തിന്നരുതു എന്ന് കല്‍പ്പിച്ചത്.
എന്നാല്‍ സാത്താന്‍ മറ്റൊരു വിശദീകരണം അതിനു നല്‍കി.
ഹവ്വയുടെ സ്വാതന്ത്ര്യ വാഞ്ചയെയും ജിജ്ഞാസയെയും അവന്‍ സ്വാധീനിച്ചു.
ആദമും ഹവ്വയും ദൈവത്തിന്റെ കല്‍പ്പന ലംഘിച്ചു.
ഈ ഒരേഒരു തെറ്റ് അവരുടെ ജീവിതത്തിലേക്ക് മഹാ ദുരന്തത്തെ കൊണ്ടുവന്നു.
മാനവ ചരിത്രത്തെ മുഴുവന്‍ അത് മാറ്റിമറിച്ചു.

നമ്മളുടെ ജീവിതത്തില്‍ പഠിക്കുന്ന ആദ്യ പാഠങ്ങളില്‍ ഒന്ന് പരണിതഫലതിന്റെ നിയമം ആണ്.
നല്ല തിരഞ്ഞെടുപ്പുകള്‍ നല്ല ഫലം കൊണ്ടുവരും; തെറ്റായ തിരഞ്ഞെടുപ്പുകള്‍ സുഖകരമാല്ലാത്തതും ചിലപ്പോള്‍ നാശകരവുമായ ഫലം കൊണ്ടുവരും.
ദൈവം കല്‍പ്പിച്ചാക്കി വച്ചിരിക്കുന്ന സാര്‍വ്വലൗകികമായ നിയമങ്ങള്‍ ഒരിക്കലും മാറുന്നില്ല.
ആത്യന്തികമായി നമ്മള്‍ വിതച്ചത് നമ്മള്‍ കൊയ്യും; നമ്മളുടെ തിരഞ്ഞെടുപ്പുകള്‍ അതിന്റെ പരിണതഫലത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കും; അത് ഗുണമോ ദോഷമോ ആകാം.

സ്വന്തം ജീവിതത്തിന്മേലും ഈ ഭൂമിയിലെ മറ്റു സൃഷ്ടികളിന്മേലും അധികാരവും ഉത്തരവാദിത്തവും ഉള്ളവരായിട്ടാണ് എല്ലാ മനുഷ്യരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ദൈവത്തെ നമ്മള്‍ അനുസരിക്കുമ്പോള്‍ ദൈവത്തിന്റെ ചിന്തകള്‍ക്കൊത്തവണ്ണം നമ്മള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും.
ദൈവത്തിനു നമുക്ക് വേണ്ടിയോ നമുക്ക് പകരമായോ ചിന്തിക്കുവാനോ പ്രവര്‍ത്തിക്കുവാനോ കഴിയുക ഇല്ല.
അതുകൊണ്ട് നമ്മള്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ക്ക് പരിണതഫലം ഉണ്ടാകുകയും ചെയ്യും.

യിസ്രായേലിന്റെ തിരഞ്ഞെടുപ്പുകള്‍

യിസ്രായേല്‍ ജനം വാഗ്ദത്തദേശം കൈവശമാക്കുവാന്‍ പോകുന്നതിന് മുമ്പ് അവരെ എല്ലാവരെയും ഒരുമിച്ചു വിളിച്ചുകൂട്ടുവാന്‍ ദൈവം മോശെയോടു കല്‍പ്പിച്ചു.
ദൈവം അവരോടു തിരഞ്ഞെടുപ്പിനെകുറിച്ചും പരിണതഫലത്തെക്കുറിച്ചും സംസാരിച്ചു.
ആവര്‍ത്തനപുസ്തകം 29, 30  എന്നീ അദ്ധ്യായങ്ങളില്‍ ദൈവത്തോടുള്ള അനുസരണത്താല്‍ ലഭിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചും അനുസരിക്കാതെ ഇരുന്നാല്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ള ശാപത്തെകുറിച്ചും മോശെ രേഖപ്പെടുത്തിയിട്ടുണ്ട്.

നിര്‍ഭാഗ്യവശാല്‍ പിന്നീട് ഉള്ള പഴയനിയമ ഭാഗങ്ങളില്‍ യിസ്രായേല്‍ ജനത്തിന്റെ അനുസരനക്കേടിന്റെയും തെറ്റായ തിരഞ്ഞെടുപ്പുകളുടെയും ചരിത്രമാണ് നമ്മള്‍ വായിക്കുന്നത്.
ഇവയുടെ എല്ലാം പരിണതഫലം അവര്‍ അനുഭവിക്കുക തന്നെ ചെയ്തു.
ഒരു രാജ്യം എന്നാ നിലയിലും വ്യക്തിപരമായും അവര്‍ക്ക് കഷ്ടത അനുഭവിക്കേണ്ടി വന്നു.

യിസ്രായേല്‍ ജനം തെറ്റ് ചെയ്യാതെവണ്ണം ദൈവത്തിനു അവരുടെ ജീവിതത്തില്‍ ഇടപെടമായിരുന്നു എന്ന് നമുക്ക് വാദിക്കാം.
എന്നാല്‍ ശരിയും തെറ്റും അവര്‍ സ്വയം തിരഞ്ഞെടുക്കേണം എന്നായിരുന്നു ദൈവത്തിന്റെ ഹിതം.
  
യിസ്രായേലിന് ദൈവം നല്‍കിയ കല്‍പ്പനകളും മുന്നറിയിപ്പുകളും വാഗ്ദാനങ്ങളും എല്ലാം ഇന്നു നമ്മളോട് ഉള്ളതാണ്.
ദൈവം നമ്മളുടെ മുന്നില്‍ ജീവനും മരണവും, നല്ലതും ദോഷവും, അനുഗ്രഹവും ശാപവും വച്ചിരിക്കുന്നു.
സ്വതത്ര ഇച്ഛാശക്തി ഉള്ളവരായി നമ്മളെ സൃഷ്ടിച്ചിരിക്കയാല്‍ എങ്ങനെ ജീവിക്കേണം എന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ട്.
നമ്മള്‍ ദൈവത്തിന്റെ കല്‍പ്പനകള്‍ പ്രമാണിക്കുന്നതിലൂടെ ദൈവത്തെപോലെ ആകേണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
നമ്മള്‍ അപ്രകാരം തീരുമാനിക്കുമ്പോള്‍ ദൈവം നമ്മളെ അനുഗ്രഹിക്കും.
ദൈവത്തെ നിരസിക്കുവാന്‍ തീരുമാനിച്ചാല്‍ ദുരന്തപൂര്‍ണ്ണമായ പരിണതഫലം നമ്മള്‍ അനുഭവിക്കേണ്ടി വരും.

അതിന്റെ അര്‍ത്ഥം, നമ്മളുടെ നല്ലതും മോശവുമായ എല്ലാ പ്രവര്‍ത്തികള്‍ക്കും പരിണതഫലം ഉണ്ട് എന്നാണ്.
അനുഗ്രഹങ്ങള്‍ പ്രാപിക്കേണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഓരോ ദിവസവും ദൈവത്തിന്റെ ഹിതപ്രകാവും  ദൈവത്തെ മഹത്വപ്പെടുത്തിയും കൊണ്ട് ജീവിക്കുകയും വേണം.
സ്വാര്‍ത്ഥരും ദൈവീക പ്രമാണം അനുസരിക്കാത്തവരും പാപത്തിന്റെ ഫലം അനുഭവിക്കേണ്ടി വരും.
നമ്മളുടെ സ്വതന്ത്ര ഇച്ഛാശക്തി നമ്മള്‍ ഉപയോഗിക്കുന്ന വിധത്തിലൂടെ നമ്മള്‍ എങ്ങനയുള്ളവര്‍ ആണ് എന്ന് ദൈവത്തിനു മനസ്സിലാക്കുവാന്‍ കഴിയും.


തിരഞ്ഞെടുപ്പിന്റെ പരിമിതികള്‍ - Limitations on Choices

 

സ്വതന്ത്ര ഇച്ഛാശക്തി എന്നാല്‍ മനുഷ്യന്‍ വിഭാവന ചെയ്യുന്നതെല്ലാം അവനു ചെയ്യുവാന്‍ കഴിയും എന്നല്ല.

നമ്മളുടെ ഇച്ഛാശക്തി മനുഷ്യ പ്രകൃതിക്ക് വിധേയം ആണ്.

ഉദാഹരണമായി പറഞ്ഞാല്‍: ഒരു മനുഷ്യന് ഒരു പാലത്തിലൂടെ പോകുവാനും പോകാതിരിക്കുവാനും സ്വാതന്ത്ര്യം ഉണ്ട്.

എന്നാല്‍ പാലത്തിനുമുകളിലൂടെ പറക്കുവാന്‍ അവനു സാധ്യമല്ല, അത് അവന്റെ മനുഷ്യ പ്രകൃതി അനുവദിക്കുന്നില്ല.

 

അതുപോലെതന്നെ മനുഷ്യന് സ്വയം നീതിമാന്‍ ആകുവാന്‍ കഴിയുക ഇല്ല.

സ്വന്തം പാപം ഇല്ലാതാക്കുവാന്‍ മനുഷ്യന്റെ പാപ സ്വഭാവം അവനെ അനുവദിക്കുന്നില്ല.

 

മനുഷ്യന്‍ ഈ ഭൂമിയിലെ ഒരു സ്വതന്ത്ര കാര്യസ്ഥന്‍ എന്ന നിലയില്‍ ദൈവത്തിന്റെ പദ്ധതികളെ  പലപ്പോഴും നിഷേധിക്കുന്നതിനാല്‍ അവയെല്ലാം നിവര്‍ത്തിക്കപ്പെടുന്നില്ല എന്ന് നമ്മള്‍ മനസ്സിലക്കേണം.

അതുകൊണ്ടാണ് ദൈവം ആഗ്രഹിക്കാത്ത പല തിന്മകളും ഈ ഭൂമിയില്‍ സംഭവിക്കുന്നത്‌.

എന്നാല്‍ ദൈവം സര്‍വ്വശക്തന്‍ ആയതിനാലും ഇപ്പോഴും സര്‍വ്വാധികാരവും അവന്റെ പക്കല്‍ നിക്ഷിപ്തമായിരിക്കുന്നതിനാലും എല്ലാ അനുസരണക്കേടിനെയും തിന്മയേയും ഒരിക്കല്‍ അവന്‍ ഇല്ലാതാക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.


 ഉപസംഹാരം - Conclusion

ചില വാചകങ്ങള്‍ കൂടി പറഞ്ഞുകൊണ്ട് ഞാന്‍ ഈ പഠനം അവസാനിപ്പിക്കട്ടെ.

നമ്മളുടെ ജീവിതത്തില്‍ തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സമ്പൂര്‍ണ അധികാരം ദൈവം നമുക്ക് നല്‍കിയിട്ടുണ്ട്.
നന്മയും തിന്മയും തിരഞ്ഞെടുക്കുവാനുള്ള കഴിവും ദൈവം നമുക്ക് തന്നിട്ടുണ്ട്.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മാനവ ചരിത്രത്തിന്റെ ആരംഭം മുതല്‍ തന്നെ മനുഷ്യന്‍ പലപ്പോഴും തിന്മ തന്നെ തിരഞ്ഞെടുത്തു.

ദൈവം എന്തിനുവേണ്ടി ആണ് നമുക്ക് സ്വതന്ത്ര ഇച്ഛാശക്തി നല്‍കിയത്?
നന്മ മാത്രം പ്രവര്‍ത്തിക്കുന്നവരായി മനുഷ്യരെ സൃഷ്ടിച്ചാല്‍ പോരായിരുന്നുവോ?
മനുഷ്യരെ കുറിച്ചുള്ള ദൈവഹിതം, അവനെ യഥാര്‍ത്ഥമായും സ്നേഹിക്കുന്നവരുമായുള്ള നിത്യമായ കൂട്ടായ്മ ആണ്.
അതുകൊണ്ട് നന്മ മാത്രം പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള, മറിച്ചു ചിന്തിക്കുവാന്‍ പോലും കഴിവില്ലാത്ത യന്ത്രങ്ങളെ സൃഷ്ടിച്ചാല്‍ യഥാര്‍ത്ഥ സ്നേഹം ലഭിക്കില്ല.
തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉള്ള ഇടത്തുനിന്നും ലഭിക്കുന്ന സ്നേഹം ആണ് യഥാര്‍ത്ഥ സ്നേഹം.
സ്വതന്ത്രമായി തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ഈ സ്വാതന്ത്ര്യം ഇല്ലാത്ത ഇടത്ത് യഥാര്‍ത്ഥ സ്നേഹം ഇല്ല.

എന്നാല്‍ സ്വതന്ത്ര ഇച്ഛാശക്തിക്ക് ചില പ്രശ്നങ്ങളും ഉണ്ട്.
ചിലരുടെ തെറ്റായ തീരുമാനങ്ങള്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കും ദോഷം വരുത്തും.
ഒപ്പം തന്നെ നമുക്ക് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നല്‍കാതിരുന്നാല്‍ ദൈവത്തിന്റെ പദ്ധതി പൂര്‍ണമാകുക ഇല്ല താനും.

തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സ്വതന്ത്ര ഇച്ഛാശക്തിയും ഉത്തരവാദിത്തവും ഉപയോഗിച്ച് ജീവനെ തിരഞ്ഞെടുക്കുന്ന ഒരു ജന സമൂഹത്തെ ദൈവം രൂപപ്പെടുത്തികൊണ്ടേ ഇരിക്കുക ആണ്.

No comments:

Post a Comment