മാനവ ചരിത്രത്തില്‍
ഏറ്റവും അധികം സ്വാധീനം ചെലുത്തിയ സംഭവം ഏതാണ്?
ചരിത്രകാരന്മാര്‍
വ്യതസ്തങ്ങളായ മറുപടി ഈ ചോദ്യത്തിനു നല്‍കിയേക്കാം.
ചില
ചരിത്രകാരന്മാര്‍ മാനവചരിത്രത്തെ ഏറ്റവും സ്വാധീനിച്ച സംഭവമായി കാണുന്നത്
വ്യാവസായിക വിപ്ലവത്തെ ആണ്.
ചിലര്‍ ഫ്രഞ്ച്
വിപ്ലവത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ സംഭവമായി കാണുന്നു.
കമ്യൂണിസ്റ്റ്
ചിന്തകര്‍ റഷ്യന്‍ വിപ്ലവത്തെ പ്രധാനപെട്ടതായി കാണുമ്പോള്‍, ഇസ്ലാം മത വിശ്വാസികള്‍
പ്രവാചകനായ മുഹമ്മദ് നബിക്ക് ലഭിച്ച വെളിപ്പാടിനെ ഏറ്റവും വലിയ സംഭവമായി
കാണുന്നു.
എന്നാല്‍
മാനവചരിത്രത്തെ ഏറ്റവും സ്വാധീനിച്ച സംഭവം യിസ്രായേല്‍ ജനത്തിന്റെ ഈജിപ്തില്‍
നിന്നുള്ള സ്വാതത്ര്യവും പുറപ്പാടും തന്നെ ആയിരുന്നു.
യിസ്രായേല്
ജനത്തിന്റെ ഈ പുറപ്പാട് പിന്നീട് ലോകത്തില്‍ സംഭവിച്ച എല്ലാ പ്രധാനപ്പെട്ട
സംഭവങ്ങളെയും പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിച്ചിട്ടുണ്ട്.
യിസ്രായേല്‍
ജനത്തിന്റെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നുള്ള സ്വതത്ര്യവും പുറപ്പാടും ലോകത്തിലെ
മറ്റെല്ലാ പ്രധാനപെട്ട സാമൂഹിക മാറ്റങ്ങളുടെയും മാതാവ് ആണ്.
ഒരു ഉദാഹരണം ഞാന്‍
ചൂണ്ടിക്കാണിക്കട്ടെ.
ദൈവം തന്റെ
ജനത്തിന് നല്‍കിയ പത്ത് കല്പനകള്‍ ആരംഭിക്കുന്നത് ഇപ്രകാരം ആണ്:
പുറപ്പാടു 20: 2 & 3
2 അടിമവീടായ മിസ്രയീം ദേശത്തുനിന്നു നിന്നെ
കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു
ഉണ്ടാകരുതു.
പൂര്‍ണമായ വിധേയത്വം യഹോവയായ ദൈവത്തോട് മാത്രമേ പാടുള്ളൂ
എന്നാണ് ഈ കല്പനയുടെ അര്‍ത്ഥം.
അതായത്, മറ്റ് ദേവന്മാരോടോ മനുഷ്യ രൂപീകൃതമായ മറ്റ് തത്വസംഹിതകളോടോ
പൂര്‍ണമായ വിധേയത്വം പാടില്ല.
സമ്പത്ത്, അധികാരം, ശക്തി, മറ്റ് രാഷ്ട്രീയ സംവിധാനങ്ങള്‍
എന്നിവയ്ക്ക് ഒരു വ്യക്തിയുടെ പൂര്‍ണ വിധേയത്വം ആവശ്യപ്പെടുവാന്‍ അധികാരമില്ല.
ഈ ഒരു പ്രസ്താവനയിലൂടെ മനുഷ്യര്‍ തമ്മിലുള്ള വേര്‍തിരുവുകള്‍
എല്ലാം ദൈവം ഇല്ലാതാക്കി.
ജീവിതത്തിന്റെ ഏക സ്രോതസ്സായി, മനുഷ്യരുടെ എല്ലാ
വിധേയത്വവും അവകാശപ്പെട്ടുകൊണ്ട് ദൈവം നില്‍ക്കുന്നു.
എല്ലാ മനുഷ്യരുടെയും വിധേയത്വം ദൈവത്തിന് മാത്രമായതിനാല്‍
ദൈവ മുമ്പാകെ എല്ലാ മനുഷ്യരും തുല്യരായിരിക്കുന്നു.
ജനാധിപത്യത്തിന്റെ കാതല്‍ ഈ കാഴ്ചപ്പാട് ആണ്.
യഹൂദന്മാരുടെ ജീവിതത്തെയും ചിന്തകളെയും ഈജിപ്തില്‍
നിന്നുള്ള പുറപ്പാട് വളരെ സ്വാധീനിച്ചിട്ടുണ്ട്.
ക്രിസ്തീയ വിശ്വാസത്തിന്റെയും ഇസ്ലാം വിശ്വാസത്തിന്റെയും
മൂലകേന്ദ്രമായി സീനായി മലയിലെ ഉടമ്പടി നിലനില്‍ക്കുന്നു.
യിസ്രായേല്‍ ജനത്തിന്റെ പുറപ്പാടിന്റെ അനന്തര സ്വാധീനം
ലോകത്തിന്റെ പകുതിയിലധികം രാജ്യങ്ങളില്‍ പ്രകടമാണ്.
ഇന്നത്തെ ആധുനിക ലോകത്തില്‍ പ്രചാരം നേടിയിരിക്കുന്ന മാനവ
സ്വാതന്ത്ര്യത്തിന്റെ മഹത്തായ സന്ദേശത്തില്‍ പുറപ്പാടും വീണ്ടെടുപ്പും നല്‍കിയിരിക്കുന്ന
സംഭാവന കാണാം.
വീണ്ടെടുപ്പിന്റെ ഭൌതീക കാഴ്ചപ്പാട് ഇങ്ങനെ പറയുന്നു:
പരിമിതികളെയോ കഷ്ടതകളെയോ നമ്മളുടെ വിധി
ആയി കാണേണ്ടതില്ല
പകരം നമുക്കുമുന്നില്‍ ലോകം മാറ്റങ്ങള്‍ക്കു
വിധേയമാകട്ടെ
യിശ്രയേല്‍ ജനം
പുറപ്പാടിലൂടെ അടിമത്തത്തില്‍ നിന്നും നേടിയ വിജയത്തിന്റെ ഭൌതീക തത്വശാസ്ത്രം
മാത്രമാണ് നമ്മള്‍ പ്രചരിപ്പിക്കുന്ന സോഷ്യലിസം.
ലോകം
അവതരിപ്പിക്കുന്ന സോഷ്യലിസ്റ്റ് ചിന്തകളില്‍ വിമോചാകനായി അവതരിക്കുന്നത്
വൈരുദ്ധ്യാത്മിക ഭൌതീക ശാസ്ത്രമാണ്.
അടിമത്തത്തില്‍
കിടന്നുകൊണ്ട് നിലവിളിക്കുന്നത് തൊഴിലാളി വര്‍ഗ്ഗവും.
ഈ
മാറ്റങ്ങള്ക്കുപരി വിമോചനത്തിന്റെ ലക്ഷ്യം ഒന്നുതന്നെ ആണ്.
ഞാന്‍ ഇത്രയും
പറഞ്ഞത്, യിസ്രായേല്‍ ജനത്തിന്റെ പുറപ്പാടാണ് ലോകത്തെതന്നെ ഏറ്റവും അധികം
സ്വാധീനിച്ച സംഭവം എന്ന് അവകാശപ്പെടുവാന്‍ ആണ്.
പുറപ്പാട്
മാനവചരിത്രത്തെ ഇന്നയോളം പലനിലകളിലും സ്വാധീനിച്ചു കഴിഞ്ഞു; അതിന്റെ സ്വാധീനം
ഇന്നും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു.
പുറപ്പാടിന്റെ സ്വാധീനത്തിന്റെ രഹസ്യം
The secret of the impact of the Exodus
മാനവ ചരിത്രത്തില്‍ ഈ സംഭവം ഇത്രയധികം സ്വാധീനം
ചെലുത്തുവാനുള്ള കാരണം എന്തായിരിക്കും?
പുറപ്പാടിന് മനുഷ്യരെകുറിച്ചുള്ള ദൈവത്തിന്റെ
പദ്ധതിയില്‍ അതുല്യമായ സ്ഥാനം ഉണ്ട്.
ഈ സംഭവത്തിനുശേഷം പഴയനിയമത്തില്‍ ദൈവത്തിന്റെ
ശക്ത്തിയെകുറിച്ചു പറയുവാന്‍ 120 പ്രാവശ്യം ഇതിനെ പരാമര്‍ശിക്കുന്നുണ്ട്.
യഹോവയായ ദൈവം ആരാധനയ്ക്ക് യോഗ്യന്‍ ആണ് എന്ന് ഈ
സംഭവം തെളിയിക്കുന്നു.
പുറപ്പാട് ഒരു പ്രതീകമല്ല, ഇതൊരു കഥ അല്ല;
പുറപ്പാട് ചരിത്രസത്യം ആണ്.
പുറപ്പാടിന്റെ സ്വാധീനത്തിന്റെ രഹസ്യം അത്
പുരാതനമായ ചരിത്രത്തിന്റെ ഭാഗമായി മാത്രം നില്‍ക്കുന്നില്ല എന്നതാണ്.
ഇതു പണ്ട് ഒരിക്കല്‍ മാത്രം നടന്ന ഒരു സംഭവം
അല്ല.
എല്ലാ യെഹൂദന്മാരും വര്‍ഷത്തില്‍ ഒരിക്കല്‍
എങ്കിലും പുറപ്പാട് ഓര്‍ക്കുകയും കൊണ്ടാടുകയും ചെയ്യുന്നു.
അങ്ങനെ ഈ സംഭവം ഇന്നും ആവര്‍ത്തിച്ച്
സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു.
ഇതു മാനവചരിത്രത്തില്‍ വര്‍ത്തമാനകാല സത്യമാണ്.
യഹൂദന്മാരുടെ ദൈവത്തെകുറിച്ചുള്ള കാഴ്ചപ്പാടിന് രണ്ട്
അടിസ്ഥാനങ്ങള്‍ ഉണ്ട്
1)
ദൈവമാണ് ഈ
പ്രപഞ്ചത്തെ സൃഷ്ടിച്ചത് – ശബ്ബത്ത് അതിന്റെ സാക്ഷ്യം ആണ്.
2)
ദൈവം മാനവ
ചരിത്രത്തില്‍ ഇപ്പോഴും ഇടപെട്ടുകൊണ്ടെയിരിക്കുന്നു
–
പുറപ്പാടു ഈ ദൈവീക ഇടപെടലുകളുടെ സാക്ഷ്യം ആണ്.
ഓരോ
നിമിഷാര്‍ദ്ധത്തിലുമുള്ള ദൈവീക ഇടപെടല്‍ കൂടാതെ ഈ പ്രപഞ്ചത്തില്‍ യാതൊന്നും
സംഭവിക്കുന്നില്ല എന്ന് യെഹൂദ മതം വിശ്വസിക്കുന്നു.
കോശങ്ങള്‍
വിഭജിക്കപ്പെടുന്നതും നക്ഷത്രങ്ങള്‍ ജനിക്കുന്നതും മരിക്കുന്നതും എല്ലാം
ദൈവത്തിന്റെ നിയന്ത്രണത്തില്‍ ആണ്.
യെഹൂദന്മാര്‍
ആഹാരത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ ഇങ്ങനെ പറയാറുണ്ട്: എല്ലാം അങ്ങയുടെ വചനത്താല്‍ ഉളവായിരിക്കുന്നു.
എന്ന്
പറഞ്ഞാല്‍ ഒരു ഗ്ലാസില്‍ ഹൈഡ്രജെനും ഓക്സിജനും ഒരു നിശ്ചിന്ത അളവില്‍ ഒരുമിക്കേണം
എന്ന് ദൈവം ആഗ്രഹിക്കുന്നെങ്കില്‍ മാത്രമേ ആ ഗ്ലാസില്‍ വെള്ളം നിറയൂ.
ദൈവഹിതമാല്ലാതെ
അത് ഉളവാകില്ല.
ഇതാണ്
ദൈവം ഏകനാണ് എന്നതിന്റെ ശരിയായ അര്‍ത്ഥം.
ദൈവത്തെകൂടാതെ
യാതൊന്നും, യാതൊരു ശക്തിയും യാതൊരു പ്രതിഭാസവും ഇല്ല.
അടിമത്തം - The Slavery
യിസ്രായേല്‍ ജനം 400 ല്‍ അധികം വര്‍ഷങ്ങള്‍ ഈജിപ്റ്റില്‍
അടിമകളായിരുന്നു.
ഈജിപ്റ്റിലെ അവരുടെ ആദ്യ നാളുകള്‍ സമാധാനവും ഐശ്വര്യവും
നിറഞ്ഞതായിരുന്നു.
യോസഫ് മുഖാന്തിരം ഫറവോന്‍ രാജാവിന്റെ പ്രത്യേക അഥിതികളായാണ്
അവര്‍ ഈജിപ്റ്റില്‍ എത്തിയത്.
ലോകമെമ്പാടും ഉണ്ടായ മഹാ ക്ഷാമകാലത്ത് ഈജിപ്തിന് ധാന്യശേഖരം
ഉണ്ടായതു യോസഫ് കാരണം ആണ്.
ഈജിപ്തിനെ സമ്പന്നമായ രാജ്യമാക്കി മാറ്റുന്നതില്‍ യോസഫ്
വലിയ പങ്ക് വഹിച്ചു.
ദൈവത്തില്‍ നിന്നും സവിശേഷമായ അരുളപ്പാടുകള്‍ ലഭിച്ചിരുന്ന
ഒരു വ്യക്തിയായിട്ടായിരുന്നു ഈജിപ്തുകാര്‍ യോസഫിനെ കണ്ടിരുന്നത്.
യോസഫിന്റെ മരണശേഷവും അദ്ദേഹത്തിന്റെ അസ്ഥികള്‍ അവര്‍
സൂക്ഷിച്ചു വച്ചിരുന്നു.
എന്നെങ്കിലും യോസഫിന്റെ അസ്ഥികള്‍ ഈജിപ്റ്റില്‍ നിന്നും
മാറ്റപ്പെട്ടാല്‍ രാജ്യത്തിന് വലിയ നാശം സംഭവിക്കും എന്ന് അവര്‍
വിശ്വസിച്ചിരുന്നു.
എന്നാല്‍ യോസഫിനു ശേഷമുള്ള യിസ്രായേല്‍ ജനത്തിന്റെ നാളുകള്‍
കഠിനമായ അടിമത്തത്തിന്റെതായിരുന്നു.
യോസഫും അവനിലൂടെ ലഭിച്ച ദൈവീക അരുളപ്പാടും എല്ലാം മറന്ന
രാജാക്കന്മാര്‍ ഈജിപ്റ്റില്‍ വന്നു.
യിസ്രായേല്‍ ജനം എണ്ണത്തില്‍ വളര്‍ന്നു വലിയ ഒരു ജാതി തന്നെ
ആയി തീര്‍ന്നു.
അതുകൊണ്ട് തന്നെ വിദേശികള്‍ ആയ ഇവര്‍ രാജ്യത്തിനു ഒരു ഭീഷണി
ആകുമോ എന്ന് ഈജിപ്തിലെ രാജാക്കന്മാര്‍ ഭയന്നു.
ഇത്രയും വലിയ ജനത്തെ തീറ്റിപോറ്റുക എന്നത് ഒരു വലിയ
സാമ്പത്തിക ഭാരമായും അവര്‍ കരുതി.
അതുകൊണ്ട് യിസ്രായേല്‍ ജനത്തിന്റെ എണ്ണം കുറയ്ക്കുവാന്‍
ഫറവോന്‍ രാജാവ് തീരുമാനിച്ചു എങ്കിലും അതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു.
അതിനുശേഷം യിസ്രായേല്‍ ജനത്തെ അടിമകളായി ജോലി
ചെയ്യിക്കുവാന്‍ രാജാവ് തീരുമാനിച്ചു.
അതിശക്തമായ പീഡനങ്ങളും അഴിച്ചുവിട്ടു.
അടിമകള്‍ക്ക് വേതനം നല്‍കേണ്ടതില്ല; കഷ്ടിച്ച് ആഹാരവും
വസ്ത്രവും പാര്‍പ്പിടവും നല്‍കിയാല്‍ മതിയാകും.
അടിമകളായി ജോലി ചെയ്യിക്കുന്നതിലൂടെ രാജ്യ നിര്‍മ്മിതിക്ക്
അവരെ പ്രയോജനപ്പെടുത്തുകയും ചെയ്യാം എന്ന് ഫറവോന്‍ കരുതി.
അനുദിനം അവരുടെ അടിമത്തം കഠിനമായി തീര്‍ന്നു.
ഈജിപ്ത്യന്‍ അധികാരികള്‍ യിസ്രായേല്‍ ജനത്തെ അധികം
പീഡിപ്പിച്ചു.
അതുകൊണ്ട് യിസ്രായേല്‍ ജനം വിടുതലിനായി ദൈവത്തോട്
നിലവിളിച്ചു.
അവരുടെ പിതാവായ അബ്രാഹമിനോട് ദൈവം ചെയ്ത വാഗ്ദത്തം യിസ്രായേല്‍
ജനത്തിനു അറിയാമായിരുന്നു.
ഒരു നിശ്ചിത കാലഘട്ടത്തിനു ശേഷം യിസ്രായേല്‍ ജനത്തെ
അടിമത്തത്തില്‍ നിന്നും വിടുവിക്കും എന്ന് ദൈവം അബ്രഹാമിന് വാക്ക് നല്‍കിയതാണ്.
പാലും തേനും ഒഴുകുന്ന ഒരു ദേശം അവര്‍ക്ക് നല്‍കാം എന്ന്
ദൈവം ഒരു രക്ത ഉടമ്പടിയിലൂടെ വാഗ്ദത്തം
ചെയ്തിട്ടുണ്ട്.
അവര്‍ ഈ വാഗ്ദത്തത്തില്‍ വിശ്വസിച്ചു, അവര്‍ യഹോവയോടു
വിടുതലിനായി നിലവിളിച്ചു.
അത് എന്ന് എങ്ങനെ സംഭവിക്കും എന്ന് അവര്‍ക്ക് അറിയില്ല.
യഹോവയായ ദൈവത്തെ നല്ലതുപോലെ അറിയാവുന്ന ഒരു തലമുറയല്ല
അപ്പോഴത്തെ യിസ്രായേല്‍.
അവര്‍ ഒരിക്കലും യഹോവയെ കണ്ടുമുട്ടീട്ടില്ല.
ഈജിപ്റ്റിലെ അനേകം ദേവന്മാരെ മാത്രമേ അവര്‍ കണ്ടിട്ടുള്ളൂ.
എന്നാല്‍ തങ്ങളുടെ ദൈവം യഹോവയായ ഏക ദൈവം ആണന്നു അവര്‍ക്ക്
അറിയാമായിരുന്നു.
യഹോവ അവരുടെ പിതാക്കന്മാരായ അബ്രഹാമിന്റെയും
യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണ്.
തന്റെ ജനത്തെ വിടുവിക്കുവാന്‍ യഹോവ ശക്തനും വിശ്വസ്തനും ആണ്
എന്നും അവര്‍ വിശ്വസിച്ചു.
യിസ്രായേല്‍ ജനം അന്നത്തെ ലോകത്തിലെ ഏറ്റവും ശക്തമായ
രാജ്യത്തില്‍ അടിമകളായിരുന്നു.
ഈജിപ്റ്റ് അന്ന് കരുത്തുള്ള ചുറ്റുമതിലുകളാലും അതിരുകളിലെ
വിശാലമായ മരുഭൂമികളാലും സുരക്ഷിതമായിരുന്നു.
ഒരു അടിമയ്ക്കും ഈജിപ്റ്റില്‍ നിന്നും രക്ഷപെടുവാന്‍
കഴിയുമായിരുന്നില്ല.
യിസ്രായേലിന് രക്ഷപെടുവാന്‍ യാതൊരു സാധ്യതയും
ഉണ്ടായിരുന്നില്ല.
ദൈവത്തിനുമാത്രമേ അവരെ
രക്ഷിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ.
എന്നാല്‍ ഈ പ്രതികൂലത്തിലും യഹോവയായ ദൈവം തങ്ങളെ
വിടുവിക്കും എന്ന് അവര്‍ പ്രത്യാശിച്ചു.
തന്റെ ഏക മകനെ യാഗമായി അര്‍പ്പിക്കുവാന്‍ മോറിയ
മലമുകളിലേക്ക് കയറിയ അബ്രഹാമിന്റെ വിശ്വാസവും ഇതുതന്നെ ആയിരുന്നു – ദൈവം തക്ക
സമയത്ത് ഇടപെടും.
ഇതുതന്നെ ആയിരുന്നു യിസ്രായേല്‍ ജനനത്തിന്റെ അവസാന
പ്രതീക്ഷയും – ദൈവം തക്ക സമയത്ത് ഇടപെടും.
അബ്രഹാമിനോടുള്ള ഉടമ്പടിയും തന്റെ ദാസന്മാരായ യിസഹാക്
യാക്കോബ് എന്നിവരോടുള്ള വാഗ്ദത്തവും ദൈവത്തിന് മറക്കുവാന്‍ കഴിയുകയില്ല.
യിസ്രായേല്‍ ജനത്തിന്റെ മോചനവും വാഗ്ദത്ത ഭൂമിയുടെ അവകാശവും
ദൈവം ഉറപ്പുനല്‍കിയതാണ്.
അത് ദൈവത്തിന് മറക്കുവാന്‍ കഴിയുക ഇല്ല.
ദൈവം എപ്പോള്‍ ഈ വാഗ്ദത്തങ്ങള്‍ പറഞ്ഞുവോ അപ്പോള്‍ മുതല്‍
അവ പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചിരുന്നു.
അതുകൊണ്ട് ദൈവം യിസ്രായേലിന്റെ ജീവിതത്തിലും അതുവഴി മാനവ
ചരിത്രത്തിലും ഇടപെടുവാന്‍ തീരുമാനിച്ചു.
അങ്ങനെ ദൈവീക
തീരുമാനപ്രകാരം മോശെ യിസ്രായേല്‍ ജനത്തിന്റെ പുറപ്പാടും വാഗ്ദത്തദേശം എന്ന
രാജ്യവും വിളംബരം ചെയ്തു.
40 വര്‍ഷങ്ങളായി മോശെ ഈ രംഗത്തുനിന്നും അപ്രത്യക്ഷമായിരുന്നു.
കൂടാതെ, മോശെ
ഒരിക്കലും യിസ്രായേലിന്റെ അടിമത്തത്തിലോ കഷടതയിലോ ഭാഗമായിരുന്നില്ല.
മോശെ ഒരിക്കലും
അടിമയായിരുന്നില്ല; മോശെയെ ഒരിക്കലും ഈജിപ്തിലെ അധികാരികള്‍ പീഡിപ്പിചിരുന്നില്ല.
മോശെ രാജകൊട്ടാരത്തില്‍
വളര്‍ന്നു; പിന്നീട് മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് ഓടിപോയി.
40 വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിവന്ന മോശെ, യിസ്രായേലിന്റെ പിതാക്കന്മോരോട് ദൈവം
വാഗ്ദത്തം ചെയ്ത രാജ്യവും അതിലേക്കുള്ള പുറപ്പാടും ജനത്തോട് പ്രഖ്യാപിച്ചു.
മോശെ പുറപ്പാട്
മാത്രമല്ല പ്രഖ്യാപിച്ചത്, യിസ്രായേലിന്റെ പിതാക്കന്മാരുടെ ദൈവത്തെ അവര്‍ക്ക്
വീണ്ടും പരിച്ചയപ്പെടുത്തുകയുമാണ് ചെയ്തത്.
യഹോവ അവരുടെ ദൈവം
ആണ് എന്ന് ജനം അറിയേണം.
യഹോവ ആരാണ് എന്ന്
ജനം അറിയേണം.
400 ല്‍ അധികം വര്‍ഷങ്ങള്‍ അടിമകളിയിരുന്നവര്‍ അടിമത്തത്തെ സ്വാഭാവികമായും അവരുടെ
ജീവിത രീതിയായി കാണുവാന്‍ തുടങ്ങിയിരിക്കും.
അവര്‍ ഈജിപ്ത്യന്‍
ദേവന്മാരെ ആരാധിച്ചും, അവിടുത്തെ ആഹാരം കഴിച്ചും അവിടെ ലഭിക്കാനിടയുള്ള മരണാന്തര
ശവസംസ്കാര ക്രിയകള്‍ മോഹിച്ചും കഴിഞ്ഞു പോന്നു.
എന്നാല്‍ അവരുടെ
കഷ്ടതകള്‍ വര്‍ദ്ധിച്ചുവന്നപ്പോള്‍ അവര്‍ വിടുതല്‍ ആഗ്രഹിച്ചു, യഹോവയോട്
നിലവിളിച്ചു.
മോശെ വന്നത്
അടിമത്തത്തില്‍ ആശ്വാസം നല്‍കുവാനയിരുന്നില്ല, ഒരു പുതിയ രാജ്യത്തിലേക്കുള്ള
പുറപ്പാടു പ്രഖ്യപിക്കുവാനായിരുന്നു.
അതുകൊണ്ട് അവര്‍
അവരുടെ പുറപ്പാടു ആരംഭിക്കേണം, പുറപ്പാടില്‍ സ്ഥിരത കാണിക്കേണം, ശത്രുവിന്റെ പക്കലുള്ള
അവരുടെ രാജ്യം ആക്രമിച്ചു കീഴടക്കി അവകാശമാക്കേണം.
ഈ ലക്ഷ്യം
സാധിക്കണമെങ്കില്‍ യഹോവയായ അവരുടെ ദൈവം ആരാണ് എന്ന് മനസ്സിലാക്കേണം.
യഹോവയുടെ ശക്തിയും
അധികാരവും അവര്‍ രുചിച്ചറിയേണം.
ഈ പ്രപഞ്ചത്തെ
മുഴുവന്‍ നിയന്ത്രിക്കുന്നത് യാഹോവയാണ്, മറ്റ് യാതൊരു ദേവനും, തത്വചിന്തകള്‍ക്കും
അന്ധവിശ്വാസങ്ങള്‍ക്കും ഐതീഹങ്ങള്‍ക്കും അതില്‍ യാതൊരു പങ്കും ഇല്ല.
പുറപ്പാട് 10: 1,2
1 യഹോവ പിന്നെയും മോശെയോടു: നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ
അവന്റെ മുമ്പിൽ എന്റെ അടയാളങ്ങളെ ചെയ്യേണ്ടതിന്നും,
2 ഞാൻ മിസ്രയീമിൽ പ്രവർത്തിച്ച കാര്യങ്ങളും
അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൗത്രന്മാരോടും
വിവരിക്കേണ്ടതിന്നും ഞാൻ യഹോവ ആകുന്നു
എന്നു നിങ്ങൾ അറിയേണ്ടതിന്നും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം
കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു.
യഹോവയും ഈജിപ്റ്റിലെ ദേവന്മാരും
Yahweh and Egyptian gods
ഞാന്‍ മുമ്പ്
പറഞ്ഞതുപോലെ, അക്കാലത്തെ ഏറ്റവും ശക്തമായ രാജ്യമായിരുന്നു ഈജിപ്റ്റ്.
400 വര്‍ഷങ്ങള്‍ക്ക് മുന്പുണ്ടായ വലിയ ക്ഷാമത്തെ അതിജീവിച്ച സമ്പന്നമായ രാജ്യമാണ്
ഈജിപ്റ്റ്.
ക്ഷാമകാലത്ത് അവര്‍ക്ക്
ആവശ്യത്തിനു ആഹാരം ഉണ്ടായിരുന്നു എന്ന് മാത്രമല്ല, അവര്‍ മറ്റ് രാജ്യങ്ങളിലെ
ജനങ്ങള്‍ക്കും ആഹാരം നല്‍കി.
അങ്ങനെ അവര്‍ അധികം
സമ്പന്നര്‍ ആയി.
ആ കാലത്ത് എല്ലാ
രാജ്യങ്ങള്‍ക്കും അവരുടെതായ ദേവന്മാര്‍ ഉണ്ടായിരുന്നു.
മതം രാജ്യത്തെ
ഒരുമിച്ച് നിറുത്തിയ ഘടകം ആയിരുന്നു.
ദേവന്മാരെകുറിച്ചുള്ള
കഥകള്‍ രാജ്യത്തിന്റെ മതമായി മാറി.
എല്ലാ
അനുഗ്രഹങ്ങളും, ശക്തിയും വിജയവും അവരുടെ ദേവന്മാരുടെ ആണ് എന്ന് അവര്‍
വിശ്വസിച്ചിരുന്നു.
രാജ്യം ശക്തവും
സമ്പന്നവും ആയിരിക്കുന്നിടത്തോളം ചുറ്റുപാടും ഉള്ള എല്ലാ രാജ്യങ്ങളും ഈ
മതത്തിന്റെയും ദേവന്മാരുടെയും ശക്തി അംഗീകരിക്കെണ്ടി വന്നു.
എല്ലാ രാജ്യങ്ങള്‍ക്കും
അവരവരുടേതായ മതങ്ങളും ദേവന്മാരും ഉണ്ടായിരുന്നു.
അതുകൊണ്ട് എല്ലാ
യുദ്ധങ്ങളും ദേവന്മാര്‍ തമ്മിലുള്ള യുദ്ധങ്ങള്‍ ആയിരുന്നു.
ഇരുപക്ഷത്തെയും
ദേവന്മാരുടെ ശക്തിയെ യുദ്ധങ്ങളിലൂടെ പരീക്ഷിക്കപ്പെട്ടു.
ഈ സാഹചര്യത്തില്‍ യഹോവയായ
ദൈവത്തിന് സ്വന്തമായി ഒരു രാജ്യം പോലും ഇല്ലായിരുന്നു.
ആദം മുതല്‍തന്നെ
യഹോവയായ ദൈവത്തോടുള്ള ആരാധന ഉണ്ടായിരുന്നു.
എന്നും എല്ലാ
സാഹചര്യത്തിലും ഈ ആരാധന നിലവിലിരുന്നു.
എന്നാല്‍ യഹോവയായ
ദൈവത്തിന് ശക്തമായ ഒരു രാജ്യം ഇല്ലായിരുന്നു.
എങ്കിലും യഹോവ
സത്യദൈവം ആയിരുന്നതിനാല്‍, മാനവ ചരിത്രത്തില്‍ അവന്‍ അനേക പ്രാവശ്യം
ഇടപെട്ടിട്ടുണ്ട്.
ഒരിക്കല്‍ അവന്‍
ഒരു വലിയ ജല പ്രളയത്താല്‍ നോഹയുടെ കുടുംബം ഒഴികെ എല്ലാ മനുഷ്യരെയും നശിപ്പിച്ചു
കളഞ്ഞു.
സൂര്യനെ
നമസ്കരിക്കുവാനായി നിര്‍മ്മിച്ച് ബാബേല്‍ ഗോപുരത്തെ അവന്‍ തകര്‍ത്തു മനുഷ്യരുടെ
ഭാഷ കലക്കികളഞ്ഞു.
ഈ സംഭവങ്ങളിലൂടെ
എല്ലാം യഹോവ മനുഷ്യരോട് പറഞ്ഞതിതാണ്, യാഹോവ എന്ന ദൈവം ആണ് ഭൂമിയും സര്‍വ
ചരാചരങ്ങളെയും സൃഷ്ടിച്ചത്.
യഹോവയെ കൂടാതെ
യാതൊന്നും നിലനില്‍ക്കുക ഇല്ല.
യഹോവ സകലത്തിനെയും
നിയന്ത്രിക്കുന്നു.
എന്നാല്‍ ജനം ഓരോ
സംഭവങ്ങള്‍ക്കും ശേഷം ചില വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവയെല്ലാം മറക്കും.
അന്നുവരെ, ഒരു
രാജ്യവും യഹോവയെ ദൈവമായി സ്വീകരിക്കുകയോ ആരാധിക്കുകയോ ചെയ്തില്ല.
നോഹയെപോലെ ഉള്ളവര്‍
അന്നത്തെ ചരിത്രത്തില്‍, ജാതീയ ദേവന്മാരെ ആരാധിക്കുന്ന വലിയ ഒരു ജനസമൂഹത്തില്‍
യഹോവയെ ആരാധിക്കുന്ന ഒറ്റയാന്മാര്‍ ആയിരുന്നു.
അതുകൊണ്ട്
മനുഷ്യരെകുരിച്ചുള്ള ദൈവത്തിന്റെ പദ്ധതി പൂര്‍ത്തീകരിക്കുവാനായി ഒരു രാജ്യം
സൃഷ്ടിക്കുവാന്‍ ദൈവം അബ്രഹാമിനെ തിരഞ്ഞെടുത്തു.
അബ്രഹാമും അവന്റെ
സന്തതിപരമ്പരയും യഹോവയായ ദൈവത്തില്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തു.
അവര്‍ യഹോവയുടെ
ശക്തിയിലും അനുഗ്രഹത്തിലും വിശ്വസിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍
യഹോവയായ ദൈവത്തിന്റെ സ്വന്തജനം ഒരു വിദേശ രാജ്യത്ത് അടിമകളായി ജീവിക്കുകയാണ്.
അതുകൊണ്ട് തന്നെ
ഫറവോനോ സമീപ രാജ്യങ്ങളിലെ ജനങ്ങളോ യഹോവയെ വലിയവനായി കണ്ടില്ല.
ഈ സാഹചര്യത്തിലാണ്
യഹോവ പ്രത്യക്ഷനായി തന്റെ ജനത്തെയും തന്റെ രാജ്യത്തെയും പ്രഖ്യാപിക്കുന്നത്.
യഹോവയെ
ആരാധിക്കുവാനായി അവന്റെ ജനത്തെ വിട്ടയക്കുവാന്‍ അവന്‍ ഫറവോനോടു കല്‍പ്പിച്ചു.
മാനവ ചരിത്രത്തിലെ ദൈവത്തിന്റെ ഇടപുടലുകള്‍
God’s intervention in human history
അന്നുവരെയും ലോക രാജ്യങ്ങളില്‍
യഹോവ ഒരു പ്രധാനപ്പെട്ട ദൈവം ആയിരുന്നില്ല.
ഓരോ രാജ്യത്തിനും അവരവരുടേതായ
ദേവന്മാരും മതങ്ങളും ഉണ്ടായിരുന്നു.
ഈ
പശ്ചാത്തലത്തിലാണ് യഹോവയായ ദൈവം മാനവ ചരിത്രത്തില്‍ ഇടപെടുന്നത്.
ഈ പ്രപഞ്ചത്തിന്റെ നിയന്ത്രണം
യഹോവയുടെ പക്കലാണ്, ജാതീയ ദേവന്മാരുടെ പക്കല്‍ അല്ല എന്ന് അവനു തെളിയിക്കണമായിരുന്നു.
യഹോവ മാത്രമാണ് യഥാര്‍ത്ഥ ദൈവം
എന്നും മറ്റുള്ളതെല്ലാം വ്യജമായ സങ്കല്പങ്ങള്‍ മാത്രമാണ് എന്നും
തെളിയിക്കപ്പെടെണമായിരുന്നു.
പുറപ്പാടിന്റെ എല്ലാ ഘടകങ്ങളും
യഹോവയാണ് സത്യദൈവം എന്നും ഈ പ്രപഞ്ചം അവന്റെ നിയന്ത്രണത്തില്‍ ആണ് എന്നും
വെളിപ്പെടുത്തുന്നതാണ്.
അതുകൊണ്ടുതന്നെ
ആണ് യിസ്രായേല്‍ ജനം പുറപ്പാട് വീണ്ടും ഓര്‍ക്കുന്നതും ആചരിക്കുന്നതും.
ഇപ്പോഴും
യഹോവ എല്ലാം നിയന്ത്രിക്കുന്നു.
മനുഷ്യരെ
ദൈവം സ്നേഹിക്കുന്നു എന്നും മനുഷ്യരുടെ വിടുതലിനായി എപ്പോഴും യഹോവ മാനവ
ചരിത്രത്തില്‍ ഇടപെട്ടുകൊണ്ടേയിരിക്കുന്നു എന്നും പുറപ്പാടു കാണിക്കുന്നു.
മനുഷ്യരെകുറിച്ചുള്ള
ദൈവത്തിന്റെ പദ്ധതി പൂര്‍ത്തീകരിക്കുവാനായി ദൈവം ഇപ്പോഴും ചരിത്രത്തില്‍ ഇടപെട്ടുകൊണ്ടേ
ഇരിക്കുന്നു.
ശക്തമായ
ഒരു രാജ്യത്തിലെ അടിമത്തത്തില്‍ നിന്നും സ്വതത്രമായ ഒരു വാഗ്ദത്ത
രാജ്യത്തിലേക്കുള്ള യിസ്രായേലിന്റെ പുറപ്പാട് ഒരു മാതൃകയായി ദൈവം
വച്ചിരിക്കുകയാണ്.
ഈ മാതൃക
പ്രകാരം വീണ്ടും വീണ്ടും തന്റെ ജനത്തിനു വേണ്ടി, അവരുടെ വിടുതലിനു വേണ്ടി ദൈവം
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
പുറപ്പാട് ഒരു രാജ്യം എന്ന നിലയില്‍ യിസ്രായേല്‍ ജനം ദൈവത്തെ
കണ്ടുമുട്ടുന്ന അവസരം കൂടി ആണ്.
പുറപ്പടോടെ
യഹോവയായ ദൈവത്തിന് ഒരു രാജ്യവും ജനവും ഉണ്ടായി.
യഹോവ
അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു രാജ്യവും ജനവും.
സീനായ് മലയില്‍ വച്ച് ദൈവം ആദ്യമായി ഒരു രാജ്യമായി, ഒരു ജനമായി
യിസ്രായേലിനെ കണ്ടുമുട്ടുന്നു.
അവിടെവച്ചു
അവന്‍ തന്റെ ജനവുമായി ഒരു ഉടമ്പടി ചെയ്തു.
ആ ഉടമ്പടി
പ്രകാരം യഹോവ അവരുടെ ദൈവവും അവര്‍ യഹോവയുടെ സ്വന്ത ജനവും ആയിരിക്കും.
പുറപ്പാട് 6:7 ഞാൻ നിങ്ങളെ എനിക്കു
ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും.
മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ
ആകുന്നു എന്നു നിങ്ങൾ അറിയും.
സീനായി പര്‍വതത്തില്‍ വച്ചുള്ള ദൈവീക കണ്ടുമുട്ടല്‍ തന്റെ
ജനത്തെ കൊല്ലുവാനായി അസംഖ്യം നിയമങ്ങള്‍ നല്‍കുവാന്‍ വേണ്ടി ആയിരുന്നില്ല.
ഇവിടെ യഹോവ തന്റെ ജനത്തെ ഒരു രാജ്യം എന്ന നിലയില്‍ ആദ്യമായി
കാണുകയാണ്.
ഇവിടെ വച്ചാണ് യഹോവ തന്റെ രാജ്യവും ജനത്തെയും
പ്രഖ്യാപിക്കുന്നത്.
ജാതീയ ദേവന്മാരില്‍നിന്നും വ്യത്യസ്തനായി, യഹോവ ഇവിടെ വച്ചു
തന്റെ ജനവുമായി ഒരു ഉടമ്പടി ചെയ്യുന്നു.
ഈ ഉടമ്പടി പ്രകാരം, ദൈവം തന്റെ ജനത്തെ
തന്റെ നിത്യമായ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ശത്രുവിന്റെ പക്കല്‍ നിന്നും
വിടുവിക്കുകയും സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും.
പുറപ്പാടും യേശുവും - Exodus and Jesus
പുറപ്പാട്
അടിമത്തത്തില്‍ നിന്നും ജനത്തെ വിടുവിക്കുന്നതിന്റെ ഭൌതീകമായ ചിത്രമാണ്.
അതെ
സമയം, അതൊരു ആത്മീയ പുറപ്പാടും വിടുതലും ആയിരുന്നു.
പുറപ്പാട് 14:31 യഹോവ മിസ്രയീമ്യരിൽ
ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ
ദാസനായ മോശെയിലും വിശ്വസിച്ചു.
ഈജിപ്റ്റ് എന്ന രാജ്യത്തിനെതിരെ യുദ്ധം ചെയ്യുവാന്‍ യഹോവ
തിരഞ്ഞെടുത്ത മാര്‍ഗ്ഗമാണ് പത്തു ബാധകള്‍.
ഇതിലൂടെ ഈജിപ്ത്യന്‍ ദേവന്മാരുടെ വ്യാജ ശക്തിയേയും അതില്‍
ആശ്രയിക്കുന്ന ഈജിപ്റ്റ് എന്ന രാജ്യത്തിന്‍റെ ബലത്തെയും യഹോവ തകര്‍ത്തു.
രാജ്യത്തിന്‍റെ ശക്തിയും സമ്പത്തും തകര്‍ത്തതിനു ശേഷം അവിടം
വിട്ട് പുറപ്പെടുവാന്‍ ദൈവം തന്റെ ജനത്തോട് കല്‍പ്പിച്ചു.
ശത്രു രാജ്യത്തിന്റെ ബലവും സമ്പത്തും തകര്‍ത്തതുകൊണ്ട്
മാത്രം യഹോവ സംതൃപ്തന്‍ ആയില്ല, തന്റെ ജനത്തെ ശത്രുവില്‍ നിന്നും എന്നന്നേക്കുമായി
വേര്‍പെടുത്തുവാന്‍ ദൈവം ആഗ്രഹിച്ചു.
ചെങ്കടല്‍ വിഭജിക്കുക, യിസ്രായേല്‍ ജനം അതിലൂടെ കടക്കുക,
വീണ്ടും ചെങ്കടല്‍ ഒന്നായി ഈജിപ്ത്യന്‍ സൈന്യത്തെ വെള്ളത്തില്‍ മുക്കികൊല്ലുക,
യിസ്രായേല്‍ ജനത്തെ ഈജിപറ്റില്‍ നിന്നും എന്നന്നേക്കുമായി വേര്‍പെടുത്തുക എന്നിവ
എല്ലാം മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ വലിയ പദ്ധതിയുടെ ഭാഗമായിരുന്നു.
വേര്‍പെടുത്തുവാനും, സംരക്ഷിക്കുവാനും, അനുഗ്രഹിക്കുവാനും
ദൈവം ആഗ്രഹിച്ചു.
ക്രിസ്തുവിന്റെ
നിഴല്‍ - Prefigured Christ
പുറപ്പാടിലെ എല്ലാ സംഭവങ്ങളും പാപത്തിന്റെ അടിമത്തത്തില്‍
ആയിരിക്കുന്ന മനുഷ്യരുടെ വിടുതലിനായി യേശു ക്രിസ്തുവിലൂടെ പൂര്‍ത്തീകരിക്കപ്പെടുവാനിരിക്കുന്ന
രക്ഷാ പദ്ധതിയുടെ നിഴലാണ്.
യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിലൂടെ സംഭവിച്ച പിശാചിന്റെ അടിമത്തത്തില്‍
നിന്നുള്ള വിടുതല്‍ പുറപ്പാടില്‍ കാണാം.
പാപത്തിന്റെ അടിമത്തത്തില്‍ ആയിരിക്കുന്ന മനുഷ്യരോട്
അനുരൂപപ്പെടുവന്നാണ് യേശു മരണത്തിനു സ്വയം എല്പിച്ചുകൊടുത്തത്.
യേശുവിന്റെ മരണത്തില്‍ നിന്നുള്ള ഉയിര്‍പ്പ് പിശാചിന്റെ
അടിമത്തത്തില്‍ നിന്നുള്ള മാനവ രാശിയുടെ എന്നന്നെക്കുമുള്ള വിടുതലാണ്.
യേശുവിന്റെ ഉയിര്‍പ്പ് ദൈവത്തിന്റെ മഹാ ശക്തിയെ
വെളിവാക്കുന്നു.
പുറപ്പാടു പോലെതന്നെ ഇതും ചരിത്ര സംഭവം തന്നെ
ആണ്.
യേശുവിന്റെ ഉയിര്‍പ്പിലുള്ള വിശ്വാസം പാപത്തില്‍
നിന്നുള്ള മോചനം സാധ്യമാക്കും.
ചരിത്രത്തില്‍ അനേകം പ്രാവശ്യം ഇടപെട്ടിട്ടുള്ള
ദൈവം ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
അതായത്, ഒരു ചരിത സംഭവം ആയ ഈജിപ്റ്റില്‍
നിന്നുള്ള യിസ്രായേല്‍ ജനത്തിന്റെ പുറപ്പാടു യേശു ക്രിസ്തുവിലൂടെയുള്ള രക്ഷയെ മുന്‍കുറി
ആയി കാണിക്കുന്നു.
ദൈവം മോശേയിലൂടെ ചെയ്തത് ഭൌതീകമായ
അടിമത്തത്തില്‍ നിന്നുമുള്ള ഭൌതീകമായ മോചനം ആണ്.
ദൈവം ക്രിസ്തുവിലൂടെ ചെയ്തത്
ആത്മീയ അടിമത്തത്തില്‍ നിന്നുള്ള ആത്മീയ മോചനം ആണ്.
യിസ്രായേല്‍ ജനം ഈജിപ്റ്റില്‍ അടിമത്തത്തില്‍ ആയിരുന്നു;
യേശുവിനെകൂടാതെ ജീവിക്കുന്നവര്‍ പിശാചിന്റെയും പാപത്തിന്റെയും അടിമകള്‍ ആണ്.
യിസ്രായേല്‍ ചെങ്കടലിലൂടെ കടന്നത് യേശുവില്‍
വിശ്വസിക്കുന്നവര്‍ അവന്റെ മരണത്തോടും ഉയിര്‍പ്പിനോടും അനുരൂപരാകുന്നതിനു
തുല്യമാണ്.
ഒരു പുതിയ രാജ്യത്ത് ദൈവീക സംരക്ഷണത്തിനു കീഴില്‍ ആകുവാന്‍
യിസ്രായേല്‍ ജനം ഈജിപ്തില്‍ നിന്നും പുറപ്പെടുകയും വേര്‍തിരിക്കപ്പെടുകയും ചെയ്തു.
ദൈവരാജ്യത്തില്‍ ആക്കപെടുവാനും ദൈവീക സംരക്ഷണത്തിന്‍ കീഴില്‍
ആകുവാനുമായി യേശുവില്‍ വിശ്വസിക്കുന്നവരെ പിശാചിന്റെ അടിമത്തത്തില്‍ നിന്നും വേര്‍തിരിച്ചിരിക്കുന്നു.
യേശുവിന്റെ ക്രൂശ് മരണത്തോടെ ഒരു വലിയ പുറപ്പാട് ആരംഭിച്ചു
കഴിഞ്ഞു.
ഈ പുറപ്പാടില്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്ന, എല്ലാ
രാജ്യങ്ങളില്‍നിന്നുമുള്ള, എല്ലാ വര്‍ഗങ്ങളില്‍നിന്നുമുള്ള, എല്ലാ ഭാഷയില്‍
നിന്നുമുള്ള ജനങ്ങള്‍ ഉണ്ട്.
യേശുവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും പിശാചിന്റെ
അടിമത്തത്തില്‍ നിന്നും വിടുവിക്കപെടുന്നു.
സകല മാനവരുടെയും പാപ പരിഹാരമായി യാഗം ആയി തീര്‍ന്ന യേശുവിനെ
നമ്മള്‍ കണ്ടുമുട്ടുന്നത് ക്രൂശില്‍ ആണ്.
അവിടെ ഒരു ക്രമാനുഗതമായ അല്ലെങ്കില്‍ progressive ആയ ഉടമ്പടി ദൈവവും
മനുഷ്യരും തമ്മില്‍ നിലവില്‍ വന്നു.
ഈ ഉടമ്പടിപ്രകാരം യേശുവില്‍ വിശ്വസിക്കുന്നവര്‍
ദൈവരാജ്യത്തിന്റെ അവകാശികള്‍ ആയി തീര്‍ന്നു.
ദൈവത്തിന്റെ ഇടപെടല്‍ തുടരുന്നു
God’s intervention continues
പുറപ്പാടും ക്രിസ്തുവിന്റെ മരണവും ഉയിര്‍പ്പും മാനവ
ചരിത്രത്തില്‍ ദൈവീക ഇടപടലുകള്‍ ആയിരുന്നു.
എന്നാല്‍ ദൈവീക ഇടപെടല്‍ ഇതുകൊണ്ട് അവസാനിക്കുന്നില്ല.
മനുഷ്യരുടെ ചരിത്രത്തിലെ ദൈവീക ഇടപെടല്‍ അന്ത്യ നാളുകളിലേക്കും
നിത്യതയിലെക്കും നീളുന്നു.
മറ്റൊരു വലിയ പുറപ്പാട് ഇനിയും സംഭവിക്കും.
അപ്പോസ്തലനായ പൗലോസ് ഇതിനെ കുറിച്ച് പറയുന്ന വേദ വാക്യം
വായിച്ചുകൊണ്ട് ഞാന്‍ ഈ സന്ദേശം അവസാനിപ്പിക്കട്ടെ:
1 തെസ്സലോനിക്യര്‍ 4:16 & 17
16 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ
ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും
ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു
ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം
എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
No comments:
Post a Comment