സംഖ്യാപുസ്തകം 35 ആം അദ്ധ്യായത്തില്‍
വിവരിക്കപ്പെടുന്ന സങ്കേത നഗരങ്ങളെ കുറിച്ചും അതിന്റെ ക്രിസ്തുവിലുള്ള മാര്‍മ്മികമായ
നിവര്‍ത്തിയെ കുറിച്ചും ആണ് നമ്മള് ഇന്നു ചിന്തിക്കുന്നത്.
പഴയനിയമത്തില്‍, മോശെയുടെ
ഉടമ്പടിയില്‍ ഉടനീളം, ക്രിസ്തുവിലൂടെ ലഭ്യമാകുവാനിരിക്കുന്ന രക്ഷയെകുറിച്ചുള്ള മര്‍മ്മങ്ങള്‍
അടങ്ങിയിട്ടുണ്ട്.
ദൈവവും, മോശെ മുഖാന്തിരം യിസ്രായേല്‍ ജനവും, തമ്മില്‍ ഉണ്ടായ ഉടമ്പടിയെ
ആണ് നമ്മള് പഴയ നിയമപ്രമാണം എന്ന് പറയുമ്പോള്‍ സാധാരണയായി
ഉദ്ദേശിക്കാറുള്ളത്.
മറ്റ്
രാജ്യങ്ങളുടെയും ജനതയുടെയും ദൃഷ്ടിയില്, യിസ്രായേല്‍
ജനം അബ്രഹാമിന്റെ കാലം മുതല്‍
നാടോടികള്‍ ആയി, സ്വന്ത
രാജ്യമോ രാജാവോ ഇല്ലാതെ, ഒരു സ്ഥലത്ത് നിന്നും മറ്റൊരു
സ്ഥലത്തേക്ക് കൂടാരം മാറ്റി അടിച്ചു ജീവിക്കുന്നവര്‍ ആയിരുന്നു.
അബ്രഹാമിന് യഹോവയായ ദൈവം നല്കിയ വാഗ്ദത്തങ്ങള്‍,
മറ്റു രാജ്യങ്ങളിലെ ജനതയ്ക്ക് അറിയേണ്ടവ ആയിരുന്നില്ല.
അതിനാല്‍ തന്നെ യഹോവയായ ദൈവം നാടോടികളുടെ മാത്രം ദൈവം ആയിരുന്നു.
മറ്റെല്ലാ രാജ്യവും ജനതയും ബഹു ദൈവ വിശ്വാസം ഉള്ളവര്‍ ആയിരുന്നപ്പോള്‍, യിസ്രായേല്‍ ജനങ്ങള്‍ മാത്രം ഏക ദൈവ
വിശ്വാസികള്‍ ആയി വേറിട്ടു നിന്നു.