“ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ” എന്ന വളരെ പരുഷമായ അഭിസംബോധനത്തോടെ ആണ് ഗലാത്യർ 3 ആം അദ്ധ്യായം ആരംഭിക്കുന്നത്. ദൈവ മുമ്പാകെ നീതീകരിക്കപ്പെടുവാൻ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന് ഉപരിയായി മോശെയുടെ ന്യായപ്രമാണത്തിന്റെ അനുസരണം കൂടി വേണം എന്ന യഹൂദ പരിച്ഛേദനക്കാരുടെ ഉപദേശം ഗലാത്യയിലെ വിശ്വാസികൾ സ്വീകരിച്ചു. ഗലാത്യ പ്രദേശത്തെ എല്ലാ സഭകളും, എല്ലാ വിശ്വാസികളും ഇത് സ്വീകരിച്ചു പരിച്ഛേദന ഏറ്റുവോ, അതോ ചിലർ മാത്രം ഇതിനെ സ്വീകരിച്ചുവോ എന്നതിൽ നമുക്ക് തീർച്ചയില്ല. യഹൂദന്മാരുടെ വിരുദ്ധ ഉപദേശം ഗലാത്യയിൽ സ്വീകരിക്കപ്പെട്ടു എന്നത് തീർച്ചയാണ്. അതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് പൌലൊസ് ഒരു ലേഖനം എഴുതുന്നതു.
ഗലാത്യർ മൂന്നാം അദ്ധ്യായം, രണ്ടാം അദ്ധ്യായത്തിന്റെ
തുടർച്ചയായി വായിക്കേണം. ഗലാത്യർ 2 അവസാനിക്കുന്നത് ഇങ്ങനെയാണ്:
ഗലാത്യർ 2:21
ഞാൻ ദൈവത്തിന്റെ
കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു
വെറുതെയല്ലോ.
ഏതെങ്കിലും ഒരു മനുഷ്യന് ദൈവ മുമ്പാകെ ന്യായപ്രമാണത്തിന്റെ
അനുസരണത്താൽ നീതീകരണം ലഭിക്കും എങ്കിൽ, ക്രിസ്തു മരിച്ചത് വൃഥാവായിത്തീരും.
ക്രിസ്തുവിന്റെ മരണം നമുക്ക് പകരമായി ഉള്ളതാണ് എന്ന വിശ്വാസത്താൽ അല്ലാതെ ഒരുവൻ
നീതീകരിക്കപ്പെട്ടാൽ, ക്രിസ്തുവിന്റെ മരണത്തിന് യാതൊരു മൂല്യവും ഇല്ലാതെയാകും.
ഇതാണ് ഗലാത്യർ 2 ആം അദ്ധ്യായത്തിൽ പറഞ്ഞു അവസാനിപ്പിച്ചത്.
ബുദ്ധിയില്ലാത്ത
ഗലാത്യർ
പരിച്ഛേദനാ വാദികളായ യഹൂദന്മാരുടെ ഉപദേശത്തെ സ്വീകരിച്ച ഗലാത്യ സഭയിലെ ക്രിസ്തീയ
വിശ്വാസികളെയാണ് അപ്പൊസ്തലനായ പൌലൊസ് “ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ” എന്നു വിളിക്കുന്നത്
(ഗലാത്യർ 3:1). ഇങ്ങനെ അവരെ വിളിക്കുവാൻ മൂന്ന് കാരണങ്ങൾ ഉണ്ട്. ഒന്ന്,
യേശുക്രിസ്തുവിൽ വിശ്വസിച്ചതിന് ശേഷം, യാതൊരു പ്രവർത്തിയും കൂടാതെ, പരിശുദ്ധാത്മാവിന്റെ
ശക്തമായ പകർച്ച അവർ പ്രാപിച്ചു (3:2). രണ്ടു, ദൈവത്തിന്റെ അനുഗ്രഹം വിശ്വാസത്താൽ
ലഭിക്കുന്നു എന്നും ന്യായപ്രമാണം ശാപത്തിന് കാരണം ആകുന്നു എന്നും തിരുവെഴുത്തു സാക്ഷിക്കുന്നു.
എന്നാൽ, ന്യായപ്രമാണത്തിന്റെ ശാപത്തിന് മറുവില യേശുക്രിസ്തു ക്രൂശിൽ പൂർണ്ണമായി
നല്കി കഴിഞ്ഞു. മൂന്ന്, ദൈവവും അബ്രാഹാമുമായുള്ള ഉടമ്പടി നിയപരമായ ഒരു കരാർ ആണ്,
അതിന് ഒരിക്കലും മാറ്റം ഉണ്ടാകുകയില്ല.
ഗലാത്യർ 3:1 ലെ “ബുദ്ധിയില്ലാത്ത ഗലാത്യരേ,”
എന്നതിന് ഗലാത്യർ ബുദ്ധിഹീനരായ വിഡ്ഢികൾ ആയിരുന്നു എന്നു അർത്ഥമില്ല.
“ബുദ്ധിയില്ലാത്ത” എന്നതിന്റെ ഗ്രീക്ക് പദം, “അനായറ്റൊസ്” എന്നാണ് (anoētos, an-o'-ay-tos). ഈ വാക്കിന്റെ അർത്ഥം, ഗ്രഹിക്കുവാൻ
കഴിയാത്തവർ, എന്നാണ് (not understanding). ക്രിസ്തുവിലുള്ള
വിശ്വാസത്താൽ മാത്രം രക്ഷ എന്ന സത്യസുവിശേഷം, ഗലാത്യർ കേട്ടു, വിശ്വസിച്ചു. എന്നാൽ
അത് വേണ്ടവിധം ഉറപ്പോടെ ഗ്രഹിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. “നിങ്ങളെ ക്ഷുദ്രംചെയ്തു
മയക്കിയതു ആർ?” എന്നു പൌലൊസ് ചോദിക്കുന്നത് അക്കാലത്ത്
പരക്കെ ജാതീയരുടെ ഇടയിൽ ഉണ്ടായിരുന്ന ഒരു ചിന്തയുടെ അടിസ്ഥാനത്തിൽ ആണ്. എല്ലാം
വ്യക്തമായി അറിഞ്ഞിട്ടും, ആരോ ക്ഷുദ്രം ചെയ്തു മയക്കിയവരെപ്പോലെയാണ് ഗലാത്യർ
പെരുമാറിയത്. യഹൂദ പരിച്ഛേദനക്കാരുടെ ഉപദേശങ്ങളെ സ്വീകരിച്ചതിനെയാണ് പൌലൊസ് ഇവിടെ
പരാമർശിക്കുന്നത്.
അഞ്ച് ചോദ്യങ്ങൾ
ഗലാത്യർ 3:1-5 വരെയുള്ള വാക്യങ്ങളിൽ, പൌലൊസ് അവരോട് 5
ചോദ്യങ്ങൾ ചോദിക്കുന്നു. അവർ സ്വയം വിലയിരുത്തട്ടെ എന്നതായിരിക്കാം അദ്ദേഹത്തിന്റെ
ഉദ്ദേശ്യം. ഇതേ ചോദ്യങ്ങൾ തന്നെയാണ് ഇന്നും, നീതീകരണത്തിനായി വിശ്വാസത്തോടൊപ്പം
പ്രവർത്തികൾ കൂടി കൂട്ടിച്ചേർക്കുന്ന എല്ലാവരോടും ഉള്ള ചോദ്യങ്ങൾ. പൌലൊസ്
ചോദിക്കുന്ന ചോദ്യങ്ങൾ ഇതെല്ലാം ആണ്:
ഒന്ന്: ക്രിസ്തുവിന്റെ ക്രൂശ് മരണത്തിന്റെ
പരിപൂർണ്ണതയിൽ നിന്നും വ്യതിചലിക്കുവാൻ തക്കവണ്ണം അവരെ ക്ഷുദ്രം ചെയ്തു മയക്കിയതു
ആർ? (3:1).
രണ്ട്: നിങ്ങൾക്കു ആത്മാവു ലഭിച്ചതു
ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?
(3:2).
മൂന്ന്: ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ
ജഡംകൊണ്ടോ സമാപിക്കുന്നതു? (3:3)
നാല്: ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?
(3:3)
അഞ്ച്:
നിങ്ങൾക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ
ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ
ചെയ്യുന്നതു? (3:5).
ഒന്നാമത്തെ ചോദ്യം: ക്രിസ്തുവിന്റെ ക്രൂശ്
മരണത്തിന്റെ പരിപൂർണ്ണതയിൽ നിന്നും വ്യതിചലിക്കുവാൻ തക്കവണ്ണം അവരെ ക്ഷുദ്രം
ചെയ്തു മയക്കിയതു ആർ? (3:1). ഗലാത്യയിലെ വിശ്വാസികൾ
യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം ഉള്ള രക്ഷയിലും നീതീകരണത്തിലും
വിശ്വസിച്ചവർ ആണ്. എന്നാൽ യെരൂശലേമിൽ നിന്നും യഹൂദന്മാരായ പരിച്ഛേദന വാദികൾ വന്നപ്പോൾ,
ഗലാത്യർ അവരുടെ ഉപദേശവും സ്വീകരിച്ചു. അവർ ന്യായപ്രമാണത്തിന്റെ അനുസരണത്തിലും,
പരിച്ഛേദനയിലും വിശ്വസിച്ചു. പൌലൊസ് അവരെ “ബുദ്ധിയില്ലാത്ത ഗലാത്യരേ” എന്നു
വിളിക്കുകയും, അവരെ “ക്ഷുദ്രംചെയ്തു മയക്കിയതു ആർ” എന്നു ചോദിക്കുകയും ചെയ്യുന്നു
(3:1). ക്രിസ്തുവിലുള്ള വിശ്വാസത്താൽ രക്ഷ എന്ന സത്യ സുവിശേഷം പൌലൊസ് അവരെ
വ്യക്തമായി പഠിപ്പിക്കുകയും അവർ അത് ഉറപ്പോടെ ഏറ്റെടുക്കുകയും ചെയ്തതാണ്. ക്രൂശിക്കപ്പെട്ടവനായ
ക്രിസ്തുവിനെ പൌലൊസ് വ്യക്തമായി കാണിച്ചുകൊടുത്തതാണ്. ക്രിസ്തുവിന്റെ
ക്രൂശീകരണത്തിന്റെ സവിശേഷതയും പ്രാധാന്യവും അദ്ദേഹം അവരെ പഠിപ്പിച്ചതാണ്. രക്ഷിക്കുവാനുള്ള
ക്രൂശിന്റെ ശക്തി അവർക്ക് ബോധ്യപ്പെട്ടതും ആണ്. അതിനാൽ ഈ സത്യത്തിൽ നിന്നും അവർ
വ്യതിചലിച്ചത് സ്വാഭാവിക വീഴ്ചയല്ല, അവരെ യഹൂദന്മാർ വിരുദ്ധ ഉപദേശത്താൽ “ക്ഷുദ്രം ചെയ്തു
മയക്കിയതു” ആണ് എന്നു പൌലൊസ് കരുതുന്നു. “ക്ഷുദ്രം ചെയ്തു മയക്കിയതു” എന്നു
പറയുമ്പോൾ, അതിന് സമാനമായ ഒരു പ്രവർത്തിയാണ് അവിടെ സംഭവിച്ചത് എന്നാണ് പൌലൊസ്
ഉദ്ദേശിക്കുന്നത്.
യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി ഗാലാത്യർക്ക്
“വരെച്ചുകിട്ടിയിരിക്കെ” എന്നത്, എല്ലാവർക്കും വ്യക്തമായി ഗ്രഹിക്കുവാൻ തക്കവണ്ണം വെളിപ്പെട്ടിരിക്കെ,
എന്നാണ് (ഗലാത്യർ 3:1). എല്ലാവർക്കും വ്യക്തമായി മനസ്സിലാക്കുവാൻ കഴിയുന്ന
വിധത്തിൽ യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തെ പൌലൊസ് വിശദീകരിച്ച്
പഠിപ്പിച്ചിരുന്നു. ഇത്രമാത്രം വ്യക്തമായ ഒരു ആത്മീയ മർമ്മത്തെ എങ്ങനെയാണ് ഗലാത്യർ
ഉപേക്ഷിച്ചുകളഞ്ഞത് എന്നതാണ് പൌലൊസിനെ അത്ഭുതപ്പെടുത്തിയത്. ക്രിസ്തുവിന്റെ ക്രൂശ്
മരണത്തെക്കുറിച്ചുള്ള വ്യക്തത കുറവ് അല്ല ഗലാത്യരുടെ പിൻമാറ്റത്തിന് കാരണം. ക്രൂശ്
ആണ് സുവിശേഷത്തിന്റെ കേന്ദ്ര ബിന്ദു. അതിന്റെ സമ്പൂർണ്ണതയെ കുറച്ചു
കാണിക്കുന്നതൊന്നും സത്യസുവിശേഷം അല്ല. അതുകൊണ്ടാണ് പൌലൊസ് 1 കൊരിന്ത്യർ 2:2 ൽ
ഇങ്ങനെ എഴുതിയത്, “ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും
അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണ്ണയിച്ചു.”
രണ്ടാമത്തെ ചോദ്യം: ഗലാത്യയിലെ
രക്ഷിക്കപ്പെട്ട വിശ്വാസികൾക്ക് ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾ
നിവർത്തിച്ചതിനാലൊ വിശ്വാസത്തിന്റെ പ്രസംഗം കേട്ടു വിശ്വാസിച്ചതിനാലോ? (3:2). വിശ്വാസത്താൽ രക്ഷിക്കപ്പെട്ട ഗലാത്യ
വിശ്വാസികൾ, മറ്റ് എല്ലാ ക്രിസ്തീയ വിശ്വാസികളെപ്പോലെ പരിശുദ്ധാത്മാവിനെ
പ്രാപിച്ചു. ഇത് ന്യായപ്രമാണത്തിന്റെ പ്രവർത്തികൾ അനുസരിച്ചതുകൊണ്ടു
പ്രാപിച്ചതല്ല. ഒരു വ്യക്തിയുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെ ദൈവം അംഗീകരിച്ചു എന്നതിന്റെയും,
അവനെ നീതീകരിച്ചിരിക്കുന്നു എന്നതിന്റെയും അടയാളമായി പരിശുദ്ധാത്മ പകർച്ചയെ ആദ്യ
നൂറ്റാണ്ടിലെ സഭ കണക്കാക്കിയിരുന്നു.
അപ്പൊസ്തലന്മാരുടെ
പ്രവർത്തികൾ 10:47
നമ്മെപ്പോലെ
പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ
ആർക്കു കഴിയും എന്നു പറഞ്ഞു.
അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 10:47 ആം വാക്യത്തിലെ “ഇവരെ”
എന്നതിൽ, കൊർന്നേല്യൊസ്, അവന്റെ കുടുംബക്കാർ, അവന്റെ വീട്ടിൽ
കൂടിയിരുന്ന “വചനം കേട്ട എല്ലാവരും” (10:44) ഉൾപ്പെടും. ഇവരെല്ലാം ജാതീയർ
ആയിരുന്നു.
മൂന്നാമത്തെ ചോദ്യം: “ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ
ജഡംകൊണ്ടോ സമാപിക്കുന്നതു?” (ഗലാത്യർ 3:3). അവർ ആത്മാവിൽ ആരംഭിച്ചു,
പ്രവർത്തിയാൽ അതിനെ പൂർണ്ണമാക്കുവാൻ ശ്രമിക്കുകയാണോ? അവർ രക്ഷിക്കപ്പെട്ടതും,
രക്ഷയിലുള്ള ജീവിതം ആരംഭിച്ചതും പരിശുദ്ധാത്മാവിൽ ആണ്. അവർ പരിശുദ്ധാത്മ പകർച്ചയും
പ്രാപിച്ചു. ആത്മാവ് ആണ് അവരെ തുടർന്നുള്ള വിശുദ്ധീകരണത്തിൽ മുന്നോട്ട്
നടത്തേണ്ടത്. എന്നാൽ ഇപ്പോൾ, ന്യായപ്രമാണത്തിന്റെ പ്രവർത്തികൾക്ക് അവരെ
വിശുദ്ധീകരണത്തിൽ നടത്തുവാൻ കഴിയും എന്നു അവർ കരുതുന്നു. ന്യായപ്രമാണത്തിന്റെ
പ്രവർത്തികളെ പൌലൊസ് ഇവിടെ “ജഡം” എന്നാണ് വിശേഷിപ്പിക്കുന്നത്. അത് ആത്മാവിന്
എതിരാണ്. പൌലൊസിന്റെ ചോദ്യത്തിന്റെ ഉത്തരം, ജഡത്തിന്റെ പ്രവർത്തികൾക്ക് ഒരിക്കലും അവരെ
വിശുദ്ധീകരണത്തിന്റെ പൂർണ്ണതയിൽ എത്തിക്കുവാൻ കഴിയുക ഇല്ല എന്നതാണ്. രക്ഷയും
തുടർന്നുള്ള വിശുദ്ധീകരണവും പരിശുദ്ധാത്മാവിനാൽ മാത്രമേ സാദ്ധ്യമാകൂ.
നാലാമത്തെ ചോദ്യം: രക്ഷയും, ആത്മാവിനെ പ്രാപിച്ചതും വെറുതെ ആയോ
എന്നതാണ്. ഗലാത്യയിലെ വിശ്വാസികൾ, പൌലൊസിന്റെ പ്രസംഗം കെട്ട് രക്ഷിക്കപ്പെട്ടു
എന്നത് ശരിയാണ്. അവർ പരിശുദ്ധാത്മാവിനെ പ്രാപിച്ചു എന്നതും സത്യം ആണ്. ഇതെല്ലാം
ന്യായപ്രമാണത്തിന്റെ പ്രവർത്തി കൂടാതെയാണ് പ്രാപിച്ചതു. എന്നാൽ ഇപ്പോൾ പ്രവർത്തികളിലേക്ക്
തിരിയുമ്പോൾ, രക്ഷിക്കപ്പെട്ടതും ആത്മാവിനെ പ്രാപിച്ചതും വെറുതെയായി എന്നു
തോന്നും. ഇനി പ്രവർത്തികളാൽ ഇതെല്ലാം പ്രാപിക്കേണം എന്നാണോ ഗലാത്യർ
ചിന്തിക്കുന്നത്? അതോ പ്രവർത്തികളാൽ രക്ഷയും പരിശുദ്ധാത്മ പകർച്ചയും പൂർണ്ണമാക്കേണം
എന്നാണോ അവർ കരുതുന്നത് (ഗലാത്യർ 3:3-4).
“ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?” (ഗലാത്യർ 3:3) എന്നത്, ഗലാത്യർ ക്രിസ്തുവിലുള്ള വിശ്വാസം ഹേതുവായി
അനുഭവിച്ച കഷ്ടതകളെക്കുറിച്ചാണ് എന്നൊരു വ്യാഖ്യാനം ഉണ്ട്. എന്നാൽ അത് ഈ
സന്ദർഭത്തിൽ വേണ്ടതുപോലെ ചേരുന്നില്ല. “ഇത്ര എല്ലാം” എന്നത്, അതിന് മുമ്പ് പറഞ്ഞ
ആത്മീയ അനുഭവങ്ങൾ ആണ്. അടുത്ത വാക്യമായ ഗലാത്യർ 3:5 ലെ “നിങ്ങളുടെ ഇടയിൽ
വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ” എന്ന വാക്യവും ആത്മീയ അനുഭവങ്ങളെ
സൂചിപ്പിക്കുന്നു.
അഞ്ചാമത്തെ ചോദ്യം: ദൈവം, അവർക്ക് പരിശുദ്ധാത്മാവിനെ
നല്കിയതും, അവരുടെ ഇടയിൽ വീര്യപ്രവർത്തികൾ ചെയ്തതും അവർ ന്യായപ്രമാണം
അനുസരിച്ചതിനാലോ, ക്രിസ്തുവിൽ വിശ്വസിച്ചതിനാലോ? രക്ഷിക്കപ്പെട്ട ദൈവജനം, ന്യായപ്രമാണത്തിന്റെ
പ്രവർത്തികൂടാതെ പരിശുദ്ധാത്മാവിനെ പ്രാപിച്ചു. അവരുടെ ഇടയിൽ ദൈവം
വീര്യപ്രവർത്തികൾ ചെയ്തു. ഇതെല്ലാം സംഭവിച്ചത് യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ
മാത്രം ആയിരുന്നു. ഇത്തരം അനുഭവങ്ങൾക്ക് ശേഷമാണ് പരിച്ഛേദനാവാദികൾ ഗലാത്യയിൽ
എത്തുന്നത്.
അപ്പൊസ്തലന്മാരുടെ പ്രവൃർത്തികൾ 14:3 ൽ ഗലാത്യ പ്രദേശങ്ങളിൽ
സുവിശേഷം അറിയിച്ച പൌലൊസിന്റെയും ബർന്നബാസിന്റെയും “കയ്യാൽ അടയാളങ്ങളും
അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി” എന്നു വായിക്കുന്നു. വരം നല്കിയത് കർത്താവായ
യേശുക്രിസ്തു ആണ്. അത് ക്രിസ്തുവിന്റെ കൃപയുടെ വചനത്തിന്നു സാക്ഷിയാകേണ്ടതിന്
ആയിരുന്നു.
അപ്പൊസ്തലന്മാരുടെ
പ്രവൃർത്തികൾ 14:3
എന്നാൽ അവർ
വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ
പ്രസംഗിച്ചുകൊണ്ടിരുന്നു; അവൻ തന്റെ കൃപയുടെ വചനത്തിന്നു
സാക്ഷിനിന്നു, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും
ഉണ്ടാകുവാൻ വരം നല്കി.
അപ്പൊസ്തലന്മാരുടെ പ്രവൃർത്തികൾ 14:8-10 വാക്യങ്ങളിൽ “അമ്മയുടെ
ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും
ഉള്ളോരു പുരുഷൻ” അവരുടെ ശുശ്രൂഷയിൽ സൌഖ്യമാകുന്നതിന്റെ ചരിത്രം ഉണ്ട്. ഇത് സംഭവിച്ചത്
പൌലൊസ് പ്രസംഗിച്ച കൃപയുടെ സുവിശേഷത്തിന്റെ സാക്ഷിയായിട്ടാണ്. ഇതെല്ലാം
അനുഭവിച്ചതിന് ശേഷമാണ് ഗലാത്യർ യഹൂദ പരിച്ഛേദനക്കാരാൽ തെറ്റിപ്പോയത്.
അബ്രാഹാമിന്റെ മക്കൾ
ഇത്രയും ചോദ്യങ്ങൾ പൌലൊസ് ചോദിച്ചത്, യഹൂദന്മാരുടെ പരിച്ഛേദനാ
വാദത്തിലേക്കുള്ള ഗലാത്യരുടെ വീഴ്ചയുടെ ഗൌരവം അവർ മനസ്സിലാക്കുവാൻ
വേണ്ടിയായിരുന്നു. ഗലാത്യർ 3:6 മുതൽ പൌലൊസിന്റെ വാദങ്ങൾ മറ്റൊരു തലത്തിലേക്ക്
മാറുന്നു. ഇതുവരെ വിശദീകരിച്ച ചരിത്രങ്ങളുടെ അടിസ്ഥാനത്തിൽ, “വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ
മക്കൾ” എന്നു പൌലൊസ് സമർത്ഥിക്കുന്നു (ഗലാത്യർ 3:6-7). ഇതിനായി അദ്ദേഹം അബ്രാഹാം എങ്ങനെ
നീതീകരിക്കപ്പെട്ടു എന്നു വിശദമാക്കുന്നു.
അബ്രാഹാമിനെ ദൈവം അവന്റെ സ്വന്ത ജനമായി വിളിച്ചതും,
നീതീകരിച്ചതും മോശെയുടെ ന്യായപ്രമാണത്തിന് മുമ്പാണ്. അബ്രാഹാം ആണ് എല്ലാ യഹൂദ
ജനത്തിന്റെയും പിതാവ്. ഉൽപ്പത്തി 15:6 ൽ പറയുന്നത് അനുസരിച്ചു, “അവൻ (അബ്രാഹാം)
യഹോവയിൽ വിശ്വസിച്ചു; അത് അവൻ (യഹോവ) അവനു (അബ്രാഹാമിന്) നീതിയായി
കണക്കിട്ടു.” വ്യക്തമായി വായിച്ചാൽ, “അബ്രാഹാം
യഹോവയിൽ വിശ്വസിച്ചു; അത് യഹോവ അബ്രാഹാമിന് നീതിയായി
കണക്കിട്ടു.” ഇവിടെ അബ്രാഹാം നീതിമാൻ ആയി മാറി എന്നല്ല, അവന്റെ വിശ്വാസം ഹേതുവായി
ദൈവീക നീതി അവനിൽ “കണക്കിട്ടു” എന്നാണ് നമ്മൾ വായിക്കുന്നത് (to reckon,
count, compute). അതായത് അവൻ ചെയ്ത ഏതെങ്കിലും നീതി പ്രവർത്തികളാൽ അല്ല
അബ്രാഹാം ദൈവത്തിൽ നിന്നും നീതീകരണം പ്രാപിച്ചതു. ഇത് ദൈവത്തിൽ വിശ്വസിക്കുന്ന
എല്ലാവരും വിശ്വാസത്താൽ നീതീകരിക്കപ്പെടേണം എന്നതിനായിരുന്നു.
ഇതിൽ രണ്ട് കാര്യങ്ങൾ ആണ് പൌലൊസ് ചൂണ്ടിക്കാണിക്കുന്നത്.
ഒന്ന് വിശ്വാസത്താലുള്ള നീതീകരണം. രണ്ട് ജാതികൾ ഉൾപ്പെടെയുള്ള സകല മനുഷ്യരുടെയും
രക്ഷ. ഇവ രണ്ടും ദൈവം അബ്രാഹാമിൽ ആരംഭിച്ച പദ്ധതികൾ ആണ്.
ഗലാത്യർ 3:7 ലെ “വിശ്വാസികൾ” എന്നത് രക്ഷയ്ക്കായും
നീതീകരണത്തിനായും യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ ആണ്. ഇതിൽ യഹൂദനും ഇതര
ജനസമൂഹങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ഉൽപ്പത്തി 12:2-3 വാക്യങ്ങളിൽ അബ്രാഹാമിന്
ദൈവം നല്കുന്ന വാഗ്ദത്തമായ, “ഞാൻ നിന്നെ വലിയോരു ജാതിയാക്കും” എന്നതിൽ യഹൂദനും
ജാതീയരും ഉണ്ട്. “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നാണ്
ദൈവം അരുളിച്ചെയ്തതു. ഇതിൽ ജഡപ്രകാരം ജനിച്ച യഹൂദനും, ക്രിസ്തുവിലുള്ള
വിശ്വാസത്താൽ ജനിച്ച ആത്മീയ സന്തതികളും ഉൾപ്പെടും. ക്രിസ്തുവിലുള്ള വിശ്വാസം മൂലം
ജാതികളെയും നീതീകരിക്കുന്നു എന്നു ദൈവം മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇങ്ങനെ
അരുളിച്ചെയ്തതു (ഗലാത്യർ 3:8-9). ഇത് അബ്രാഹാമിനോടുള്ള വാഗ്ദത്തം ആയതിനാൽ,
ക്രിസ്തുവിൽ വിശ്വസിക്കുന്ന യഹൂദനും, ജാതീയനും ഒരുപോലെ വിശ്വാസത്താൽ
നീതീകരിക്കപ്പെടുന്നു. അവർ അബ്രാഹാമിനോടുകൂടെ വാഗ്ദത്തത്തിന് അവകാശികൾ ആകുകയും, അബ്രാഹാമിനോടുകൂടെ
അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് അപ്പൊസ്തലനായ പൌലൊസിന്റെ പ്രധാന വാദം ഇത് അദ്ദേഹം തുടർന്നുള്ള വാക്യങ്ങളിൽ കൂടുതൽ
വിശദീകരിക്കുന്നുണ്ട്.
ഗലാത്യർ 3:8-9 വാക്യങ്ങളിൽ, പൌലൊസ് രണ്ട് കാര്യങ്ങൾ ആണ്
സമർത്ഥിക്കുന്നത്. ഒന്ന്, ദൈവീക അനുഗ്രഹങ്ങൾ നമ്മളുടെ പ്രവർത്തികളാൽ
പ്രാപിക്കുന്നത് അല്ല. അനുഗ്രഹങ്ങൾ ദൈവ കൃപയാൽ മാത്രം, ദൈവീക ദാനമായി ലഭിക്കുന്നു.
രണ്ട്, ദൈവ കൃപയും, അനുഗ്രഹങ്ങളും ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രമേ പ്രാപിക്കുവാൻ
കഴിയൂ. അത് അബ്രാഹാമിനെ പോലെ, വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നവർക്ക് മാത്രമുള്ള
അവകാശം ആണ്.
അബ്രാഹാമിനെ ഒരു സാഹചര്യത്തിലും, ന്യായപ്രമാണം അനുസരിച്ചവൻ
എന്നോ, പരിച്ഛേദനക്കാരൻ എന്നോ പൌലൊസ് വിശേഷിപ്പിക്കുന്നില്ല. പഴയനിയമ കാലത്തെയും
പൌലൊസിന്റെ കാലത്തേയും യഹൂദ പണ്ഡിതന്മാരിൽ ചിലർ അബ്രാഹാം വിശ്വാസത്താൽ ആണ്
നീതീകരിക്കപ്പെട്ടത് എന്നു വിശ്വസിച്ചിരുന്നു. എന്നാൽ അബ്രാഹാം മുൻകൂട്ടി മോശെയുടെ
ന്യായപ്രമാണം എല്ലാം അനുസരിച്ചു ജീവിച്ചു എന്നു യഹൂദ പരമ്പര്യ വിശ്വാസം
പഠിപ്പിക്കുന്നുണ്ട്. ഈ പഠിപ്പിക്കലുകൾ രണ്ടും, പൌലൊസ് ഒരു പരീശൻ ആയിരിക്കെ
പഠിച്ചിട്ടുണ്ടായിരിക്കാം. എന്നാൽ ക്രിസ്തുവിൽ വിശ്വസിച്ചു, അവന്റെ സത്യ സുവിശേഷം
ഗ്രഹിച്ചതിന് ശേഷം പൌലൊസ് ഒരിക്കലും അബ്രാഹാമിനെ പരിച്ഛേദനക്കാരൻ എന്നു
വിശേഷിപ്പിച്ചില്ല. വിശ്വാസത്താൽ മാത്രം അബ്രാഹാം ദൈവ മുമ്പാകെ
നീതീകരിക്കപ്പെടുകയും, അതിനാൽ അനുഗ്രഹിക്കപ്പെടുകയും ചെയ്തു എന്നു പൌലൊസ്
വാദിച്ചു.
ന്യായപ്രമാണത്തിന്റെ
ശാപം
ഗലാത്യർ 3:10 മുതലുള്ള വാക്യങ്ങളിൽ, ന്യായപ്രമാണത്തിന്
എന്തുകൊണ്ട് ഒരുവനെ രക്ഷിക്കുവാൻ കഴിയുക ഇല്ല എന്നു പൌലൊസ് വിശദീകരിക്കുന്നു.
“ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു.” (3:10). എന്തുകൊണ്ട് ശാപത്തിൻ കീഴാകുന്നു എന്നു
പൌലൊസ് തുടർന്നു പറയുന്നു. ന്യായപ്രമാണ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് എല്ലാം
അനുസരിക്കുവാൻ കഴിയാത്തവൻ ശപിക്കപ്പെട്ടവൻ എന്നു തിരുവെഴുത്തു പറയുന്നു.
ആവർത്തനം 27:26
ഈ
ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ.
ജനമെല്ലാം: ആമേൻ എന്നു പറയേണം.
അതിനാൽ ന്യായപ്രമാണം അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കുന്ന
എല്ലാവരും എപ്പോഴും ശാപത്തിന്റെ ഭീക്ഷണിയിലാണ്. കാരണം ന്യായപ്രമാണം കൽപ്പിക്കുന്നത്
എല്ലാം അനുസരിക്കുവാൻ കഴിയുന്നവൻ ഒരുവൻ പോലും ഇല്ല. ന്യായപ്രമാണത്തിന് കീഴിലുള്ള
ജീവിതം ശാപത്തിന് കീഴിലുള്ള ജീവിതം ആണ്.
ഗലാത്യർ 3:11 ൽ “ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ
നീതീകരിക്കപ്പെടുന്നില്ല” എന്നത് വളരെ സ്പഷ്ടം ആണ് എന്നു പറഞ്ഞതിന്നു ശേഷം, പൌലൊസ്
ഹബക്കൂക് പ്രവാചകന്റെ ഒരു വാക്യം ഉദ്ധരിക്കുന്നു.
ഹബക്കൂക് 2:4
“.... നീതിമാനോ
വിശ്വാസത്താൽ ജീവിച്ചിരിക്കും.”
ഗലാത്യർ 3:10 ൽ ആവർത്തന
പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന മോശെയിലൂടെയുള്ള ദൈവീക അരുളപ്പാടും, 3:11 ൽ ഹബക്കൂക്
പ്രവാചകനിലൂടെ ദൈവം അരുളിചെയ്യുന്ന വചനവും പൌലൊസ് ഉദ്ധരിക്കുന്നു. വളരെ യുക്തി
ഭദ്രമായും, തർക്കികമായും (reasonable and logically) രക്ഷ
ന്യായപ്രമാണത്തിന്റെ അനുസരണത്തിലല്ല, ദൈവത്തിലുള്ള വിശ്വാസത്താൽ മാത്രം
ലഭിക്കുന്നു എന്നു പൌലൊസ് സമർത്ഥിക്കുകയാണ്. “ന്യായപ്രമാണത്തിലെ വചനങ്ങൾ
പ്രമാണമാക്കി അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ” (3:10) എന്നു പറഞ്ഞതിന്നു
ശേഷം “നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും” എന്നുകൂടി പൌലൊസ് എഴുതി.
ഹബക്കൂക്കിന്റെ ഈ പ്രവചന വാക്യം പുതിയനിയമത്തിൽ മൂന്ന്
പ്രാവശ്യം ഉദ്ധരിക്കപ്പെടുന്നുണ്ട്. ഒന്ന് ഗലാത്യർ 3:11 ൽ ആണ്. മറ്റ് രണ്ട്
വാക്യങ്ങൾ ഇവയാണ്:
റോമർ 1:17
അതിൽ ദൈവത്തിന്റെ
നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ
വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
എബ്രായർ 10:38
എന്നാൽ “എന്റെ
നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ
ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല”.
ന്യായപ്രമാണത്തിന്റെ അനുസരണത്തിന് വിശ്വാസം അല്ല കാരണം,
പ്രവർത്തികൾ ആണ്. അതുകൊണ്ടാണ് ന്യായപ്രമാണം പാലിച്ച് ജീവിക്കുന്നവൻ അതിനാൽ
ജീവിക്കും എന്നു എഴുതിയിരിക്കുന്നത്. (ഗലാത്യർ 3;12). ഇത് ലേവ്യപുസ്തകം 18:5 ആം
വാക്യത്തിന്റെ ഉദ്ധരണി ആണ്.
ലേവ്യപുസ്തകം
18:5
ആകയാൽ എന്റെ
ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ
അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.
ലേവ്യപുസ്തകത്തിലെ ഈ വാക്യം റോമർ 10:5 ലും പൌലൊസ്
ഉദ്ധരിക്കുന്നുണ്ട്.
റോമർ 10:5
ന്യായപ്രമാണത്താലുള്ള
നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ
എഴുതിയിരിക്കുന്നുവല്ലോ.
ലേവ്യപുസ്തകം 18:5 ആം വാക്യം അനുസരിച്ചു ന്യായപ്രമാണം
വീഴ്ചകൂടാതെ അനുസരിച്ചു ജീവിക്കുന്നവന് അതിനാൽ നിത്യജീവൻ ലഭിക്കും. ഇവിടെ
അനുസരിച്ചു പ്രവർത്തിക്കുക എന്നതാണ് നിത്യജീവനുള്ള മാർഗ്ഗം. അനുസരണത്തിൽ
അപൂർണ്ണതയുള്ള മനുഷ്യൻ ശാപത്തിന് കീഴിലാകുന്നു. ഒരു മനുഷ്യനും ന്യായപ്രമാണത്തെ
പൂർണ്ണമായി അനുസരിക്കുവാൻ കഴിയഞ്ഞതിനാൽ സകലരും ശാപത്തിന് കീഴിലായി. എന്നാൽ ക്രിസ്തുവിന്റെ
സുവിശേഷം, യേശുക്രിസ്തുവിൽ വിശ്വസിച്ചു നിത്യജീവൻ പ്രാപിക്കുക എന്നാണ്
പഠിപ്പിക്കുന്നത്. വിശ്വസിക്കുന്നവൻ ദൈവത്തിൽ വിശ്വസിക്കുന്നു.
യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ, ക്രിസ്തുവിന്റെ മരണം അവനെ ദൈവത്തോട്
നിരപ്പിക്കുന്നു.
യഹൂദ പരിച്ഛേദനക്കാർ പ്രവർത്തിയും അനുസരണവും ഒരുമിച്ച്
ആവശ്യമാണ് എന്നു പഠിപ്പിച്ചു. എന്നാൽ പ്രവർത്തി, വിശ്വാസം എന്നിവയ്ക്ക് ഒരുമിച്ച്
കൂട്ടായി മുന്നോട്ട് പോകുവാൻ സാദ്ധ്യമല്ല എന്നു പൌലൊസ് ഉപദേശിക്കുന്നു.
ക്രിസ്തു ശാപമായിത്തീർന്നു
ന്യായപ്രമാണ ലംഘനം എന്ന ശാപം എങ്ങനെയാണ് നമ്മളിൽ നിന്നും
നീങ്ങിപ്പോയത് എന്നു ഗലാത്യർ 3:13 ൽ പൌലൊസ് വിശദീകരിക്കുന്നു. അതിനായി വീണ്ടും
പഴയനിയമത്തിലെ ഒരു വാക്യം അദ്ദേഹം ഉദ്ധരിക്കുന്നു, “തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ
ശാപഗ്രസ്തൻ ആകുന്നു” (ആവർത്തനം 21:23)
ഗലാത്യർ 3:13 ലെ “വിലെക്കു വാങ്ങി” എന്നതിന്റെ ഇംഗ്ലീഷ് പരിഭാഷ “redeemed” എന്നാണ് (ESV). ഇതിന്റെ ഗ്രീക്ക് പദം, “എക്സാഗരാഡ്സൊ”
എന്നാണ് (exagorazō, ex-ag-or-ad'-zo). ഈ വാക്കിന്റെ അർത്ഥം, ഒരുവനെ മറ്റൊരാളിന്റെ അടിമത്തത്തിൽ
നിന്നും ഒരു വിലകൊടുത്തു വാങ്ങിക്കുക എന്നതാണ്. ഈ വാക്ക്, പൌലൊസിന്റെ
കാലത്ത് ഒരു അടിമയെ സ്വതന്ത്രൻ ആക്കുന്ന പ്രക്രിയയെ സൂചിപ്പിക്കുന്നു. ഒരു അടിമ,
അവന്റെ അദ്ധ്വാനഫലം കൊണ്ടോ, ബന്ധുജനത്തിന്റെ സഹായം കൊണ്ടോ, അവന്റെ യജമാനന് ഒരു വില
നല്കി സ്വാതന്ത്ര്യം പ്രാപിക്കുന്നു. അവന് സ്വാതന്ത്ര്യം നല്കുന്ന ചടങ്ങ്
നടക്കുന്നത് മിക്കപ്പോഴും യവന ക്ഷേത്രങ്ങളിൽ വച്ചായിരിക്കും. മരണത്തിന്
വിധിക്കപ്പെട്ടിരുന്ന കുറ്റവാളികൾക്കും ഒരു വില നല്കി സ്വാതന്ത്ര്യം
പ്രാപിക്കാമായിരുന്നു. ഇങ്ങനെ സ്വതന്ത്രൻ ആയ അടിമയുടെ പേര് വിവരങ്ങൾ ചെളികൊണ്ടോ,
കളിമണ്ണൂകൊണ്ടോ ഉണ്ടാക്കിയ ഒരു ചെറിയ പലകയിൽ എഴുതി സൂക്ഷിക്കും. ചിലപ്പോൾ അവന്റെ
പേര് ക്ഷേത്രത്തിന്റെ ചുവരിൽ എഴുതി വയ്ക്കും. അവൻ ഇനി മുതൽ അടിമയല്ല, സ്വതന്ത്രൻ
ആണ് എന്ന വസ്തുത മാറ്റമില്ലാത്തതായി നിലനിൽക്കുവാനും, അത് സകലരും അറിയുവാനും
വേണ്ടി ആയിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. ഇങ്ങനെ ഒരു അടിമയോ, കുറ്റവാളിയോ സ്വതന്ത്രൻ
ആകുന്ന പ്രക്രിയയെയാണ് “വിലെക്കു വാങ്ങി” എന്ന വാക്ക്കൊണ്ടു ഉദ്ദേശിക്കുന്നത്.
ഇതാണ് ക്രിസ്തു നമുക്ക് വേണ്ടി
ചെയ്തത്. യേശുക്രിസ്തു നമ്മളെ, മരണത്തിന്റെ വിധിയിൽ നിന്നും,
പാപത്തിന്റെ അടിമത്തത്തിൽ നിന്നും അവന്റെ രക്തം വിലയായി നല്കി വിലക്ക് വാങ്ങി
സ്വതന്ത്രർ ആക്കിയിരിക്കുന്നു. ഇതിനായി നമ്മളുടെ
മേലുണ്ടായിരുന്ന ന്യായപ്രമാണ ലംഘനത്തിന്റെ ശാപം അവൻ ഏറ്റെടുത്തു. ക്രിസ്തു നമുക്ക്
വേണ്ടി മരത്തിൽ തൂങ്ങി മരിച്ചു. അവൻ നമുക്ക് വേണ്ടി സ്വയം ശാപമായി
തീർന്നു.
1 പത്രൊസ് 1:18-19
വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ
വീണ്ടെടു ത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന
നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ
അറിയുന്നുവല്ലോ.
ഗലാത്യർ 3;13 ൽ ക്രിസ്തുവിന്റെ
സുവിശേഷത്തിന്റെ വിജയകരമായ പ്രഖ്യാപനം ഉണ്ട്. ഒരു മനുഷ്യനും ന്യായപ്രമാണം
അനുസരിക്കുവാൻ കഴിയാതെ ഇരിക്കെ, സകലരും ശാപത്തിന് കീഴായി. ക്രിസ്തുവോ സകല മനുഷ്യരുടെയും
ശാപത്തെ ക്രൂശിൽ വഹിച്ചു, പരിഹാരമായി മരിച്ചു. അങ്ങനെ ന്യായപ്രമാണത്താലുള്ള ശാപം
നീങ്ങി, വിശ്വാസത്തലുള്ള നീതീകരണം വന്നിരിക്കുന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽ
നിന്നുള്ള വിടുതൽ പാപത്തിന്റെ അടിമത്തത്തിൽ നിന്നുള്ള വിടുതൽ ആണ്.
ഈ വാക്യത്തിലെ, “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം
ശപിക്കപ്പെട്ടവൻ” എന്ന വാക്യം ആവർത്തനം 21:23 ആം വാക്യം ആണ്. ആവർത്തന പുസ്തകത്തിൽ
ഈ വാക്യം ക്രൂശീകരണത്തെക്കുറിച്ച് അല്ല പറയുന്നത്. യഹൂദന്മാർ ക്രൂശീകരണം ഒരു
ശിക്ഷയായി നടപ്പിലാക്കിയിരുന്നില്ല. ക്രൂശീകരണം ഒരു റോമൻ ശിക്ഷാ രീതി ആയിരുന്നു.
ആവർത്തന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്:
ആവർത്തനം
21;22-23
ഒരുത്തൻ
മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തിൽ തൂക്കിയാൽ അവന്റെ ശവം
മരത്തിന്മേൽ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു
കുഴിച്ചിടേണം; തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ
ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം
നീ അശുദ്ധമാക്കരുതു
ഇത് കൊല്ലപ്പെട്ട ഒരു കുറ്റവാളിയുടെ ശവശരീരം മരത്തിലൊ, മരം
കൊണ്ടുള്ള ഒരു തൂണിലോ തൂക്കിയിടുന്ന രീതി അക്കാലത്ത് ഉണ്ടായിരുന്നു.
ശവശരീരത്തോടുള്ള ഈ അനാദരവ് അവൻ എത്രമാത്രം ശപിക്കപ്പെട്ടവൻ ആണ് എന്നു എല്ലാവരെയും
അറിയിക്കുവാൻ വേണ്ടി ആയിരുന്നു. എന്നാൽ ഒരുവന്റെ ശരീരം ഇങ്ങനെ മരത്തിൽ തൂക്കിയാൽ,
അത് രാത്രിയ്ക്ക് മുമ്പ് അവിടെ നിന്നും മാറ്റി മറവ് ചെയ്യേണം എന്ന പ്രമാണം ആണ്
ആവർത്തനം 21;22-23 ൽ പറയുന്നത്. ഈ പ്രമാണത്തെ ഓർമ്മിപ്പിച്ചുകൊണ്ടു
പൌലൊസ് പറയുന്നത്, ഒരു കുറ്റവാളിയെപ്പോലെ ക്രിസ്തു ക്രൂശിൽ മരിച്ചപ്പോൾ, സമാനമായ
അനുഭവം ആണ് ഉണ്ടായത്. ക്രൂശ് എന്ന മരത്തിൽ അവൻ തൂങ്ങി മരിച്ചു. അവന്റെ ശരീരം
രാത്രിയ്ക്ക് മുമ്പ് അടക്കം ചെയ്തു. അങ്ങനെ ആവർത്തനം 21:13 പ്രകാരം
ന്യായപ്രമാണത്തിന്റെ ശാപത്തിന് ക്രിസ്തു മറുവില നല്കി (ransom).
മർക്കോസ് 10:45
മനുഷ്യപുത്രൻ
ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ
ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.
1 തിമൊഥെയൊസ്
2:5-6
ദൈവം ഒരുവനല്ലോ.
ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി
തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
മോശെയുടെ ന്യായപ്രമാണത്തിന്റെ ശാപം എന്നത് യഹൂദന്റെ മാത്രം
വിഷയമാണ്. എന്നാൽ പ്രമാണങ്ങളുടെ ശാപം എന്നത് സാർവ്വലൌകീകം ആണ്. പ്രമാണങ്ങൾ
മോശെയുടെ ന്യായപ്രമാണം മാത്രമല്ല. രക്ഷയും നീതീകരണവും ലക്ഷ്യമാക്കി മനുഷ്യരും
മതങ്ങളും രൂപപ്പെടുത്തിയിരിക്കുന്ന പ്രവർത്തികൾ എല്ലാം പ്രമാണങ്ങൾ ആണ്. എല്ലാ
പ്രമാണങ്ങൾക്കും അത് പാലിക്കാതിരുന്നാൽ ലഭിക്കാവുന്ന ശാപം ഉണ്ട്. എന്നാൽ ഇവയൊന്നും
ഒരു മനുഷ്യനും പൂർണ്ണമായി പാലിക്കുവാൻ കഴിയാത്തതിനാൽ അവൻ ശാപത്തിന് അർഹനാകുന്നു.
എന്നാൽ യേശുക്രിസ്തു രക്ഷയും, നീതീകരണവും പ്രവർത്തികളുടെ അടിസ്ഥാനത്തിൽ അല്ലാതെ, അവനിൽ
ഉള്ള വിശ്വാസം മൂലം മാത്രം നല്കുന്നു.
ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു യേശുക്രിസ്തു നമ്മളെ വിലെക്കു
വാങ്ങി, സ്വതന്ത്രർ ആക്കിയിരിക്കുന്നു (3:13) എന്നു പറഞ്ഞതിന്നു ശേഷം, ഇതിന്റെ
ഉദ്ദേശ്യവും നമ്മൾ പ്രാപിച്ച അനുഗ്രഹവും എന്താണ് എന്നു ഗലാത്യർ 3:14 ആം വാക്യത്തിൽ
പൌലൊസ് പറയുന്നു. ന്യായപ്രണത്തിൽ നിന്നും മോചിതരയായ നമ്മൾ അബ്രാഹാമിന്റെ അനുഗ്രഹം പ്രാപിക്കുന്നു. കാരണം അബ്രാഹാം
ന്യായപ്രമാണ പ്രകാരമല്ല, വിശ്വാസത്താൽ ആണ് നീതീകരിക്കപ്പെട്ടത്.
അബ്രാഹാമിന്റെ അനുഗ്രഹം യഹൂദന്മാർക്ക്
ജഡപ്രകാരമുള്ള സന്തതികൾ എന്ന രീതിയിൽ ലഭിക്കുന്നു. എന്നാൽ, അതേ അനുഗ്രഹം ജാതികൾക്ക്
ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്നു. രക്ഷിക്കപ്പെടുന്ന ഓരോ വിശ്വാസിയും
പ്രാപിക്കുന്ന പരിശുദ്ധാത്മാവിന്റെ പകർച്ച, അബ്രാഹാമിന്റെ അനുഗ്രഹത്തിന്റെ ഉറപ്പാണ്.
“ആത്മാവെന്ന വാഗ്ദത്തവിഷയം” എന്നത് പരിശുദ്ധാത്മാവിന്റെ പകർച്ച ക്രിസ്തുവിന്റെ
വാഗ്ദത്തം ആണ് എന്ന അർത്ഥത്തിൽ ആയിരിക്കാം പൌലൊസ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് (അപ്പൊസ്തലന്മാരുടെ
പ്രവർത്തികൾ 1:8).
അബ്രാഹാമിന്റെ മാറ്റമില്ലാത്ത ഉടമ്പടി
ഗലാത്യർ 3:15-17 വരെയുള്ള വാക്യങ്ങൾ നിയമപരമായ ഒരു വാദം
ആണ്. അന്ന് നിലവിൽ ഉണ്ടായിരുന്ന ഉടമ്പടികളുടെ നിയമത്തെയാണ് ഇവിടെ ഉദാഹരണമായി
എടുക്കുന്നത്. ഉടമ്പടികൾ ഉറപ്പിക്കപ്പെട്ട് കഴിഞ്ഞാൽ അതിന് യാതൊരു മാറ്റവും
സാദ്ധ്യമല്ല. മരിക്കുന്നതിന് മുമ്പ് ഒരുവൻ എഴുതി തയ്യാറാക്കുന്ന വിൽപ്പത്രത്തിനും
ഇതേ വ്യവസ്ഥകൾ ഉണ്ട്. ഒരുവന്റെ മരണത്തിന് ശേഷം അവന്റെ സ്വത്തുക്കൾ ആർക്കെല്ലാം,
എങ്ങനെയെല്ലാം, എന്തിനെല്ലാം കൊടുക്കേണം എന്നിങ്ങനെ വിൽപ്പത്രത്തിൽ
എഴുതിയിരിക്കും. അന്നത്തെ ഗ്രീക്ക് നീതിന്യായ വ്യവസ്ഥകൾ അനുസരിച്ചു ഒരു വിൽപ്പത്രം
എഴുതിക്കഴിഞ്ഞാൽ അതിലെ വ്യവസ്ഥകൾക്ക് മാറ്റമുണ്ടാകുവാൻ പാടില്ല. അതിനോട് യാതൊന്നും
കൂട്ടിച്ചേർക്കുകയോ, എന്തെങ്കിലും എടുത്തുകളയുകയോ സാദ്ധ്യമല്ല. ഇത് ആയിരിക്കാം
പൌലൊസ് ഇവിടെ പരാമർശിക്കുന്നത്.
പൌലൊസ് വിനിമയം ചെയ്യുവാൻ ആഗ്രഹിക്കുന്ന ആശയം വ്യക്തമാണ്.
മനുഷ്യർ തമ്മിലുള്ള ഉടമ്പടികളും, കരാറുകളും, മാറ്റമില്ലാത്തത് ആണ്. അവ
ഉറപ്പിച്ചതിന് ശേഷം സംഭവിക്കുന്ന കാര്യങ്ങൾ ഒന്നും, അവയിലെ വ്യവസ്ഥകളെ
ബാധിക്കുന്നില്ല. ദൈവവും അബ്രഹാമും തമ്മിലുള്ള ഉടമ്പടിയും ഇതുപോലെയാണ്. അത്
നിത്യമായ ഉടമ്പടി ആണ്. അതിന് ശേഷം ഉണ്ടായ ഉടമ്പടികൾ പോലും അബ്രാഹാമിന്റെ ഉടമ്പടിയെ മാറ്റുന്നില്ല. അതിനാൽ അബ്രാഹാമിന്റെ ഉടമ്പടിയ്ക്ക് ശേഷം ഉണ്ടായ മോശെയുടെ ഉടമ്പടി, അബ്രാഹാമിന്റെ ഉടമ്പടിയെ യാതൊരു വിധത്തിലും
വ്യത്യാസപ്പെടുത്തുന്നില്ല (3:17).
ദൈവം അബ്രാഹാമിനെ നീതിമാൻ എന്നു കണക്കിട്ടതും, വാഗ്ദത്തങ്ങൾ
നല്കിയതും, ഉടമ്പടി ഉറപ്പിച്ചതും, അദ്ദേഹം ന്യായപ്രമാണം അനുസരിച്ചതിനാൽ അല്ല,
അദ്ദേഹത്തിന്റെ വിശ്വാസം ഹേതുവായാണ്. ഇതാണ് പൌലൊസിന്റെ ന്യായവാദത്തിന്റെ കാതൽ. ഗലാത്യർ
3:16 ആം വാക്യത്തിൽ പൌലൊസ് വാദിക്കുന്നത് ഇതാണ്, അബ്രാഹാമിന്റെ “സന്തതിക്കും” എന്ന
ഒരുവന് ആണ് വാഗ്ദത്തങ്ങൾ ലഭിച്ചത്, “സന്തതികൾക്കും” എന്ന അനേകർക്ക് അല്ല. “നിന്റെ
സന്തതിക്കും” എന്ന ഏകനെക്കുറിച്ച് പറയുന്നത് ക്രിസ്തുവിനെക്കുറിച്ചാണ്. ക്രിസ്തു
എന്ന ഏകനാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടുവാനുള്ള മുഖാന്തിരം, അബ്രാഹാമിന് വിശ്വാസത്താൽ
ലഭിച്ച ദൈവീക വാഗ്ദത്തങ്ങൾ, ഏക സന്തതിയായ ക്രിസ്തുവിലൂടെ, വിശ്വാസത്താൽ
ജാതികൾക്കും ലഭിക്കുന്നു. അബ്രാഹാമിന്റെ വാഗ്ദത്തങ്ങൾ അവന്റെ ഏക സന്തതിയായ
മശീഹയിലൂടെ നിവർത്തിയാകും എന്നു യഹൂദ വിശ്വാസവും പറയുന്നുണ്ട്. ഈ മശീഹയാണ്
യേശുക്രിസ്തു.
ഉൽപ്പത്തി 22:18
നീ എന്റെ വാക്ക്
അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും
അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു എന്ന്
യഹോവ അരുളിച്ചെയ്യുന്നു.
ആകയാൽ, അബ്രാഹാമിന്റെ ഉടമ്പടിയയ്ക്കും 430 വർഷങ്ങൾ കഴിഞ്ഞു ഉണ്ടായ
മോശെയുടെ ഉടമ്പടി, അബ്രാഹാമിന്റെ ഉടമ്പടിയെ ദുർബലപ്പെടുത്തുകയോ, റദ്ദാക്കുകയോ,
ഇല്ലാതാക്കുകയോ ചെയ്യുന്നില്ല (ഗലാത്യർ 3:17). അബ്രാഹാമിന്റെ ഉടമ്പടി അവനും അവന്റെ
ഏക സന്തതിക്കും, ഏക സന്തതി മുഖാന്തരവും ഉള്ളതായിരുന്നു.
അബ്രാഹാമിന്റെ ഉടമ്പടിയും മോശെയുടെ ഉടമ്പടിയും തമ്മിൽ ചില
വ്യത്യാസങ്ങൾ ഉണ്ട്. അബ്രാഹാമിന്റെ ഉടമ്പടി ദൈവ കൃപയിൽ അടിസ്ഥാനമാണ്. എന്നാൽ മോശെയുടെ ഉടമ്പടി പ്രവർത്തികളിലും
അനുസരണത്തിലും അടിസ്ഥാനപ്പെട്ടിരിക്കുന്നു. അബ്രാഹാമിന്റെ ഉടമ്പടി ഏകപക്ഷീയമായ
ഉടമ്പടിയാണ് (unilateral covenant). അതായത് അബ്രാഹാം ചെയ്യേണ്ടതായ
കാര്യങ്ങൾ ഒന്നും ഉടമ്പടിയിൽ വ്യവസ്ഥ ചെയ്യുന്നില്ല. എന്നാൽ മോശെയുടെ ഉടമ്പടി
ദ്വിപക്ഷീയമാണ് (bilateral covenant). ന്യായപ്രമാണത്തിന്റെ
സമ്പൂർണ്ണ അനുസരണം യിസ്രായേൽ ജനത്തിൽ നിന്നുണ്ടാകേണം. എങ്കിൽ മാത്രമേ മേശെയുടെ
ഉടമ്പടി പ്രകാരമുള്ള ആനുഗ്രഹങ്ങൾ ലഭിക്കൂ.
അബ്രാഹാമുമായുള്ള ഉടമ്പടി ദൈവം സ്ഥിരീകരിച്ചപ്പോൾ, അബ്രാഹാം
ഗാഢനിദ്രയിൽ ആയിരുന്നു. അതിനാൽ അബ്രാഹാം യാതൊന്നും പറഞ്ഞില്ല. ഉടമ്പടി ഉറപ്പിച്ച
മർമ്മികമായ കർമ്മത്തിൽ അബ്രാഹാം പങ്കെടുത്തില്ല. അബ്രാഹാം ദൈവത്തിന് ഉറപ്പ്
നല്കുവാനായി ഉടമ്പടിയിൽ യാതൊരു വ്യവസ്ഥയും ഇല്ലായിരുന്നു (ഉൽപ്പത്തി 15:12). എന്നാൽ,
സീനായ് പർവ്വതത്തിന്റെ താഴ് വരയിൽ വച്ചു യിസ്രായേൽ ജനം മോശെയുടെ ഉടമ്പടി
സ്വീകരിച്ചപ്പോൾ, സമ്പൂർണ്ണ അനുസരണം അവർ ഉറപ്പ് നല്കി. എങ്കിലും അവർ അത് വേഗം
ലംഘിച്ചു.
പുറപ്പാട് 19:7-8
മോശെ വന്നു
ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ
വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേൾപ്പിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും
എന്നു ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്കു യഹോവയുടെ സന്നിധിയിൽ
ബോധിപ്പിച്ചു.
അബ്രാഹാമിന്റെ വാഗ്ദത്തം യിസ്രായേൽ ജനത്തിന്നും ദൈവത്തിൽ
വിശ്വസിക്കുന്ന ജാതീയനും ഒരുപോലെ അവകാശമായി ലഭിച്ചിരിക്കുന്നു (3:18). ഈ അവകാശം
ന്യായപ്രമാണത്തിന്റെ അനുസരണത്താൽ ലഭിക്കുന്നു എങ്കിൽ അത് ദൈവീക വാഗ്ദത്ത പ്രകാരം
ലഭിക്കുന്നില്ല. അബ്രാഹാമിന് അവകാശം ലഭിച്ചത് ന്യായപ്രമാണത്താൽ അല്ല, വിശ്വാസത്താലുള്ള
വാഗ്ദത്തങ്ങളാൽ ആണ്.
ഗലാത്യർ 3:18 ലെ “അവകാശം” എന്നത് പിന്തുടർച്ചയായി
ലഭിക്കുന്ന അവകാശം ആണ്. ഇംഗ്ലീഷിൽ ഇത് “inheritance” എന്നാണ് (ESV).
ഇതിന്റെ ഗ്രീക്ക് വാക്ക്, “ക്ലെറൊനോമീഅ” എന്നാണ് (klēronomia, klay-ron-om-ee'-ah). ഇത് ഒരുവനിൽ നിന്നും അവന്റെ
അനന്തര അവകാശികൾക്ക് പിന്തുടർച്ചയായി ലഭിക്കുന്ന അവകാശം ആണ്. അതായത് “അവകാശം”
എന്നത് “പിന്തുടർച്ചാവകാശം” ആണ്. ഈ പിന്തുടർച്ചാവകാശം അബ്രാഹാമിന്നും അവന്റെ ജഡീകവും,
ആത്മീയവും ആയ സന്തതികൾക്കു ലഭിച്ചത് വാഗ്ദത്താൽ ആണ്. അതിനാൽ ന്യായപ്രമാണത്തിന്റെ
അനുസരണത്തിന് അതിൽ ഇടം ഇല്ല. ന്യായപ്രമാണത്താൽ അവകാശം എന്നു വാദിച്ചാൽ, അത് ദൈവ
കൃപയാൽ ലഭിച്ച പിന്തുടർച്ചാവകാശത്തെ പ്രവർത്തികളാൽ ലഭിക്കുന്നത് ആക്കിമാറ്റുന്നു.
പ്രവർത്തികളുടെ പൂർണ്ണതയാൽ യാതൊന്നും ദൈവത്തിൽ നിന്നും പ്രാപിക്കുവാനും
സാദ്ധ്യമല്ല. പ്രവർത്തികളാൽ നേടുന്നത് ദൈവ കൃപയോ, അവകാശമോ, വാഗ്ദത്തമോ അല്ല, അത്
പ്രവർത്തികളുടെ പ്രതിഫലം മാത്രമാണ്.
ലംഘനങ്ങൾ നിമിത്തം
കൂട്ടിച്ചേർത്തത്
ഇവിടെ യഹൂദ പരിച്ഛേദന വാദികൾ ഒരു ചോദ്യം ചോദിക്കുവാൻ
ഇടയുണ്ട് എന്നു പൌലൊസ് മുൻകൂട്ടി കാണുന്നു. അവരുടെ ചോദ്യം ഇങ്ങനെ ആകാം: അവകാശം, ന്യായപ്രമാണത്തിന്റെ
പ്രവർത്തികളുടെ അടിസ്ഥാനത്തിൽ അല്ലാതെ, വാഗ്ദത്തപ്രകാരം ലഭിക്കുന്നു എങ്കിൽ, ന്യായപ്രമാണത്തിന്റെ
ഉദ്ദേശ്യം എന്തായിരുന്നു? ഇതിനുള്ള ഉത്തരമാണ് 3:19 ൽ പൌലൊസ് പറയുന്നത്.
ഗലാത്യർ 3:19 ഈ ലേഖനത്തിലെ ഒരു പ്രധാന വാക്യം ആണ്. വളരെ
സൂക്ഷമതയോടെ പഠിക്കേണ്ട ഒരു വാക്യം ആണിത്. പൌലൊസ് ഇതുവരെ വാദിച്ചുകൊണ്ടിരുന്നത്,
ന്യായപ്രമാണത്തിന് നമ്മളെ രക്ഷിക്കുവാൻ സാദ്ധ്യമല്ല എന്നായിരുന്നു. ആദിമുതൽ തന്നെ
രക്ഷയുടെ മുഖാന്തരമായി ദൈവം ക്രിസ്തുവിനെ കണ്ടിരുന്നു. എങ്കിൽ ദൈവം എന്തിനാണ്
ന്യായപ്രമാണം യിസ്രായേൽ ജനത്തിന് നല്കിയത്?
ഈ ചോദ്യത്തിന് മറുപടിയായി പൌലൊസ് പറയുന്നത് മേശെയുടെ
ന്യായപ്രമാണം “കൂട്ടിച്ചേർത്തതും” (added - ESV) ആണ് എന്നാണ് (ഗലാത്യർ 3:19). അതായത് ന്യായപ്രമാണം അതിന് മുമ്പ്
ഉണ്ടായിരുന്ന ഒരു ഉടമ്പടിയോട് കൂട്ടിച്ചേർത്തതാണ്. മുമ്പ് ഉണ്ടായിരുന്നതിനെ
റദ്ദാക്കികൊണ്ടു പുതിയത് സ്ഥാപിച്ചത് അല്ല. മേശെയുടെ ഉടമ്പടി, അതിന് മുമ്പ് ദൈവം
നിത്യമായി സ്ഥാപിച്ച അബ്രാഹാമിന്റെ ഉടമ്പടിയോട് കൂട്ടിച്ചേർത്തത് ആണ്. അത്
യിസ്രായേൽ ജനത്തിന്റെ “ലംഘനങ്ങൾ നിമിത്തം” കൂട്ടിച്ചേർത്തത് ആണ്. ലംഘനം എപ്പോഴും
പാപം ആണ്. എന്നാൽ അബ്രാഹാമിന്റെ ഉടമ്പടി ഏകപക്ഷീയമായ ഉടമ്പടി ആയിരുന്നു. അതിൽ
യിസ്രായേൽ ജനം പാലിക്കേണ്ടുന്ന യാതൊരു പ്രവർത്തിയുടെ വ്യവസ്ഥയും ഇല്ലായിരുന്നു. അതുകൊണ്ടു
അബ്രാഹാമിന്റെ ഉടമ്പടിയുടെ വ്യവസ്ഥകൾ അല്ല യിസ്രായേൽ ജനം ലംഘിച്ചതു. യിസ്രായേൽ ജനം
ലംഘിച്ചത് ദൈവത്തിന്റെ വിശുദ്ധിയുടെ പ്രമാണങ്ങൾ ആണ്. ആദാമിന്റെ പാപത്താൽ
സമ്പൂർണ്ണമായി മലിനമായ എല്ലാ മനുഷ്യരുടെയും എല്ലാ പ്രവർത്തികളും ദൈവ മുമ്പാകെ പാപം
ആണ്. അതിനാൽ ലംഘനം എന്താണ്, അല്ലെങ്കിൽ പാപം എന്താണ് എന്നു തിരിച്ചറിയേണ്ടതിനായി
മോശെയുടെ ന്യായപ്രമാണം ദൈവം അബ്രാഹാമിന്റെ ഉടമ്പടിയോട് കൂട്ടിച്ചേർത്തു. ഇത്
പാപത്തോട് അകന്ന് ജീവിക്കുവാൻ യിസ്രായേൽ ജനത്തെ സഹായിക്കേണ്ടതിന് ആയിരുന്നു.
ഇത്തരം ഒരു ന്യായപ്രമാണം ദൈവം നല്കിയ ഒരേ ഒരു ജനസമൂഹം യിസ്രായേൽ മാത്രമാണ്. അതായത്
ദൈവത്തിന് യിസ്രായേലിനോടുള്ള കൃപ നിമിത്തം, നീതിയോടെ ജീവിക്കുവാൻ ആവശ്യമായ
പ്രമാണങ്ങൾ അബ്രാഹാമിനോടുള്ള ഉടമ്പടിയോട് കൂട്ടിച്ചേർത്തു നല്കി. അങ്ങനെ
ന്യായപ്രമാണം ദൈവ കൃപയുടെ ദൃഷ്ടാന്തം ആകുന്നു.
“ലംഘനങ്ങൾ നിമിത്തം” എന്നു പൌലൊസ് എഴുതിയതിനെ മറ്റൊരു
തലത്തിലും വ്യാഖ്യാനിക്കാം. ദൈവത്തിന്റെ വിശുദ്ധിയുടെ നിലവാരം എന്താണ് എന്നു
ന്യായപ്രമാണം യിസ്രായേലിന് വെളിപ്പെടുത്തി. അതിനോടൊപ്പം, ദൈവത്തിന്റെ
വിശുദ്ധിയ്ക്ക ഒത്തവണ്ണം ജീവിക്കുവാൻ അവർക്ക് കഴിയുന്നില്ല എന്ന തിരിച്ചറിവും യിസ്രായേലിന്
ഉണ്ടായി. അതിനാൽ തന്നെ പ്രവർത്തിയാൽ ഒരിക്കലും നീതീകരണം പ്രാപിക്കുവാൻ സാദ്ധ്യമല്ല
എന്നും അവർ തിരിച്ചറിഞ്ഞു. ഇതിനെക്കുറിച്ചാണ് റോമർ 5:20 ൽ പൌലൊസ് എഴുതിയത്, “എന്നാൽ
ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു”. അതായത് യിസ്രായേൽ
ജനവും, സകല മനുഷ്യരും ദൈവ മുമ്പാകെ പാപികൾ ആണ് എന്നു ന്യായപ്രമാണം
ചൂണ്ടിക്കാണിക്കുന്നു. പാപികൾ എന്ന തിരിച്ചറിവ് ഉള്ളവർ മാത്രമേ അതിൽ നിന്നും മോചനം
ആഗ്രഹിക്കുന്നുള്ളൂ. അതിനാൽ പാപത്തെ തിരിച്ചറിഞ്ഞ ജനം, ന്യായപ്രമാണത്താൽ ഒരു മോചനം
അസാധ്യമാണ് എന്നതിനാൽ, പാപത്തിൽ നിന്നുള്ള മോചനത്തിനായി ന്യായപ്രമാണത്തിന്
വെളിയിലുള്ള ഒരു മാർഗ്ഗം അന്വേഷിക്കുന്നു.
വാഗ്ദത്തം ലഭിച്ച
സന്തതിവരുവോളം
ഇതിലൂടെ പൌലൊസിന്റെ വാദം എത്തുന്നത് ഇവിടെക്കാണ്, മോശെയുടെ
ന്യായപ്രമാണം താൽക്കാലികം മാത്രം ആയിരുന്നു. അത് അബ്രാഹാമിന്റെ ഉടമ്പടിയോട്, 430
വർഷങ്ങൾക്ക് ശേഷം, കൂട്ടിച്ചേർത്തത് ആണ്. അബ്രാഹാമിനോടു വാഗ്ദത്തം ചെയ്ത “നിന്റെ
സന്തതി”യായ ക്രിസ്തു വരുവോളം മാത്രമേ ന്യായപ്രമാണത്തിന് സാധുതയുള്ളൂ (ഉൽപ്പത്തി
22:18, ഗലാത്യർ 3:16-17). ഇതാണ് “വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം” എന്നതുകൊണ്ട്
പൌലൊസ് അർത്ഥമാക്കുന്നത്. “വാഗ്ദത്തം ലഭിച്ച സന്തതി” ക്രിസ്തുവാണ്. റോമർ 10:4 ൽ
പൌലൊസ് ഇതേകാര്യം പറയുന്നുണ്ട്,
റോമർ 10:4
വിശ്വസിക്കുന്ന
ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.
മോശെയുടെ ന്യായപ്രമാണം, “ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ
കയ്യിൽ ഏല്പിച്ചതുമത്രേ” എന്നും പൌലൊസ് ഗലാത്യർ 3:19 ൽ പറയുന്നു. ഇതിനെക്കുറിച്ച്
തുടർന്നുള്ള വാക്യങ്ങളിൽ പൌലൊസ് തന്നെ വിശദീകരിക്കുന്നുണ്ട്. ദൈവം ദൂതന്മാരിലൂടെയാണ്
ന്യായപ്രമാണം മോശെയുടെ കൈകളിൽ കൊടുത്തത് എന്നത് ഒരു യഹൂദ പാരമ്പര്യ വിശ്വാസമാണ്.
അപ്പൊസ്തലന്മാരുടെ
പ്രവൃത്തികൾ 7:53
നിങ്ങൾ
ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു
പ്രമാണിച്ചിട്ടില്ല.
എബ്രായർ 2:2
ദൂതന്മാർ മുഖാന്തരം
അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും
ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ
ആവർത്തനം 5:5 ൽ മോശെ ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്,
“യഹോവയുടെ വചനം നിങ്ങളോടു അറിയിക്കേണ്ടതിന്നു ഞാൻ അക്കാലത്തു യഹോവെക്കും
നിങ്ങൾക്കും മദ്ധ്യേനിന്നു.” മോശെ ആയിരുന്നു ദൈവത്തിനും യിസ്രായേൽ ജനത്തിന്നും മദ്ധ്യസ്ഥനായി
നിന്നു ന്യായപ്രമാണം ഏറ്റുവാങ്ങിയത്.
ഈ വേദഭാഗത്ത് വിശ്വാസികൾക്ക് ഇടയിലെ,
ന്യായപ്രമാണത്തെക്കുറിച്ചുള്ള മൂന്ന്
തെറ്റിദ്ധാരണകൾ പൌലൊസ് നീക്കുന്നു. ഒന്ന്, ന്യായപ്രമാണം അനുസരിച്ചാൽ ദൈവീക
അനുഗ്രഹം ലഭിക്കും. എന്നാൽ പൌലൊസ് പറയുന്നു, ന്യായപ്രമാണം പാലിച്ച് ജീവിക്കുവാൻ
ശ്രമിക്കുന്നവർ ഫലത്തിൽ പാപത്തിന് കീഴിലാകും (ഗലാത്യർ 3:10). രണ്ട്, ഒരുവന്
കഴിയുന്നതുപോലെ നന്മ പ്രവർത്തിച്ചാൽ ദൈവമുമ്പാകെ നീതീകരിക്കപ്പെടുവാൻ കഴിയും.
എന്നാൽ ന്യായപ്രമാണത്തിന്റെ സമ്പൂർണ്ണ അനുസരണമാണ് നീതീകരണത്തിനായി വേണ്ടത്,
ഭാഗികമായ അനുസരണം അല്ല.
ഗലാത്യർ 5:3
പരിച്ഛേദന
ഏല്ക്കുന്ന ഏതു മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും നിവർത്തിപ്പാൻ
കടമ്പെട്ടിരിക്കുന്നു എന്നു ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു.
മൂന്ന്, മോശെയുടെ ന്യായപ്രമാണം വിശുദ്ധ ജീവിതത്തിന്റെ
നിത്യമായ പ്രമാണം ആണ്. എന്നാൽ ഗലാത്യർ 3:19 ൽ പൌലൊസ് പറയുന്നു, ന്യായപ്രമാണം
“വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും” ആണ്.
അത് താൽക്കാലികം മാത്രം ആണ്. ദൈവത്തിന്റെ സന്തതികൾ എന്ന നിലയിൽ രക്ഷിക്കപ്പെട്ട
ജനം ജീവിക്കേണ്ടത് ന്യായപ്രമാണ പ്രകാരം അല്ല, വിശ്വാസത്താൽ ആണ് (ഗലാത്യർ 2:19, 5:18).
ഗലാത്യർ 3:19 ൽ ന്യായപ്രമാണം “ദൂതന്മാർ മുഖാന്തരം
മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ” എന്നാണ് പൌലൊസ് എഴുതിയത്. 3:20 ൽ അദ്ദേഹം പറയുന്നു, “ഒരുത്തൻ മാത്രം എങ്കിൽ
മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല”. അതായത് മോശെയുടെ ഉടമ്പടിയിൽ രണ്ട് കഷികൾ ഉണ്ട് –
ദൈവവും യിസ്രായേൽ ജനവും. ദൈവത്തെ ദൂതന്മാർ പ്രതിനിധീകരിക്കുന്നു എങ്കിൽ
യിസ്രായേലിനെ മോശെ പ്രതിനിധീകരിച്ചു. ഉടമ്പടിയുടെ രത്നചുരുക്കം ഇതാണ്, യിസ്രായേൽ
ജനം ദൈവത്തിന്റെ കൽപ്പനകൾ എല്ലാം അനുസരിക്കും എങ്കിൽ ദൈവം അവരെ അനുഗ്രഹിക്കും. അനുസരിക്കുന്നില്ല
എങ്കിൽ, ഉടമ്പടിയിൽ വിവരിക്കുന്ന ദൈവീക ശാപം അവരുടെമേൽ വരും, ഇതൊരു ദ്വിപക്ഷീയ ഉടമ്പടി
ആയിരുന്നു (bilateral covenant).
“ദൈവമോ ഒരുത്തൻ മാത്രം” എന്നത് ദൈവത്തിന്റെ ഏകത്വം
ഉറപ്പിക്കുന്ന പ്രസ്താവന ആണ്. ഒരു ഉടമ്പടി പ്രഖ്യാപ്പിക്കുവാനും, അത്
ഉറപ്പിക്കുവാനും ദൈവത്തിന് കഴിയും. അതിന് മനുഷ്യന്റെ പങ്ക് ആവശ്യമില്ല. ഇങ്ങനെ
ഉറപ്പിക്കപ്പെടുന്ന ഉടമ്പടികളെ “ഏകപക്ഷീയ ഉടമ്പടികൾ” എന്നാണ് വിളിക്കുക (unilateral
covenant). അബ്രാഹാമിന്റെ ഉടമ്പടി ഒരു ഏകപക്ഷീയ ഉടമ്പടിയാണ്. അതിൽ
അബ്രാഹാം ചെയ്യേണ്ടതായി യാതൊന്നും ഇല്ല. അബ്രാഹാം ദൈവീക വാഗ്ദത്തത്തിൽ
വിശ്വസിക്കുക മാത്രം ചെയ്താൽ മതി.
ദൈവത്തിനും യിസ്രായേൽ ജനത്തിന്നും മദ്ധ്യസ്ഥനായി മോശെ
നിന്നു, ന്യായപ്രമാണം ഏറ്റുവാങ്ങി. ഒരു ഭാഗത്ത് ഏകനായ ദൈവവും, മറുഭാഗത്ത്
യിസ്രായേൽ ജനവും ആയിരുന്നു. അതിനാൽ, നിരന്തരമായി പ്രമാണ ലംഘനം നടത്തിയിരുന്ന
യിസ്രായേൽ ജനത്തിന്റെ ദൈവ മുമ്പാകെയുള്ള മദ്ധ്യസ്ഥനായി മോശെ, അവന്റെ ജീവിതകാലം
മുഴുവൻ തുടർന്നു. എന്നാൽ ക്രിസ്തു എന്ന മധ്യസ്ഥൻ വ്യത്യസ്തൻ ആണ്. അവൻ ക്രൂശിലെ
മരണത്താൽ ദൈവവും മനുഷ്യരും തമ്മിലുള്ള ശത്രുത എന്നന്നേക്കുമായി ഇല്ലാതെയാക്കി,
ഇരുകൂട്ടരേയും നിരപ്പിച്ചു.
പുതിയനിയമ ഉടമ്പടിയും ദൈവവും ക്രിസ്തുവും തമ്മിലുള്ള
ഏകപക്ഷീയ ഉടമ്പടി ആണ്. ദൈവം വാഗ്ദത്തം നല്കുന്നു, ദൈവം അത് പാലിക്കുന്നു. എല്ലാ
വാഗ്ദത്തങ്ങളും ക്രിസ്തുവിൽ “ഉവ്വ്” എന്നാണ് (2 കൊരിന്ത്യർ 1:20). എല്ലാ
വാഗ്ദത്തങ്ങളും ക്രിസ്തുവിൽ നിവർത്തിച്ചിരിക്കുന്നു.
ഇടവേള
ഇതുവരെയുള്ള ന്യായപ്രമാണം സംബന്ധിച്ച പൌലൊസിന്റെ വാദങ്ങളുടെ
അർത്ഥം ന്യായപ്രമാണം ദൈവ വാഗ്ദത്തങ്ങൾക്ക് വിരോധം ആണ് എന്നല്ല (3:21). കൃപയാൽ ഉള്ള
അബ്രാഹാമിന്റെ വാഗ്ദത്തവും, മോശെയുടെ പ്രവർത്തിയുടെ ന്യായപ്രമാണവും പരസ്പരം
വിരുദ്ധങ്ങൾ അല്ല. “ഒരുനാളും അല്ല” എന്ന വാക്കുകൾ ഒരിക്കലും, യാതൊരു വിധത്തിലും
അല്ല എന്നു ഉറപ്പോടെ പറയുന്നു. ഇവ രണ്ടും ദൈവം നല്കിയതാണ്. എന്നാൽ, ഇവയുടെ ദൈവീക
ഉദ്ദേശ്യം രണ്ടാണ്. ന്യായപ്രമാണം മനുഷ്യന് അനുസരിച്ചു ജീവിക്കുവാൻ കഴിയുന്നതു
ആയിരുന്നു എങ്കിൽ, പ്രമാണങ്ങളുടെ അനുസരണം വാസ്തവമായി നീതീകരണത്തിന് കാരണം
ആകുമായിരുന്നു. എന്നാൽ അതിന്റെ പ്രശ്നം, ഒരു മനുഷ്യനും പ്രമാണങ്ങൾ പൂർണ്ണമായി
അനുസരിച്ചു ജീവിക്കുവാൻ കഴിഞ്ഞില്ല എന്നതാണ്. “ന്യായപ്രമാണം വിശുദ്ധം; കല്പന
വിശുദ്ധവും ന്യായവും നല്ലതും തന്നേ.” (റോമർ 7:12). എന്നാൽ അതിന്റെ ലംഘനം മരണം ആണ്.
അനുസരണത്താൽ ആരും നീതീകരിക്കപ്പെടുന്നുമില്ല. വിശ്വാസത്താൽ മാത്രമേ ഒരുവൻ നീതീകരണം
പ്രാപിക്കുന്നുള്ളൂ. ന്യായപ്രമാണം നിത്യമായ ജീവിതം വാഗ്ദത്തം ചെയ്യുന്നു എങ്കിലും
ഫലത്തിൽ നിത്യമരണത്തിന് ഹേതു ആകുന്നു.
റോമർ 7:9-11
ഞാൻ ഒരുകാലത്തു
ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ
പാപംവീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു. ഇങ്ങനെ ജീവന്നായി ലഭിച്ചിരുന്ന
കല്പന എനിക്കു മരണ ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടു. പാപം അവസരം ലഭിച്ചിട്ടു
കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു.
അതായത് ന്യായപ്രമാണം പാപിയായ മനുഷ്യനെ നിത്യമായി ജീവിപ്പിപ്പാൻ
കഴിയുന്നതായിരുന്നില്ല (ഗലാത്യർ 3:21). ഈ വാക്യത്തിലെ “ജീവിപ്പിപ്പാൻ” എന്നതിന്റെ
ഇംഗ്ലീഷ് പരിഭാഷ, “give life” എന്നാണ് (ESV). “ജീവൻ നല്കുക” എന്നാണ് ഇതിന്റെ അർത്ഥം. അതായത് ന്യായപ്രമാണത്തിന് ജീവൻ
നല്കുവാൻ കഴിഞ്ഞില്ല. കൃപയാൽ ഉള്ള രക്ഷയ്ക്ക് മാത്രമേ നമ്മളെ നിത്യജീവന്
പ്രാപ്തരാക്കുവാൻ കഴിയൂ. നമ്മൾ പാപികൾ ആണ് എന്ന ന്യായപ്രമാണത്തിന്റെ സന്ദേശം,
യേശുക്രിസ്തുവിൽ കൃപയാൽ രക്ഷയുണ്ട് എന്ന സുവിശേഷത്തിനായി നമ്മളെ ഒരുക്കുന്നു. ന്യായപ്രമാണം
നമുക്ക് ഒരു രക്ഷകനെ ആവശ്യമുണ്ട് എന്ന തിരിച്ചറിവ് നല്കുന്നു, സുവിശേഷം നമുക്ക്
ക്രിസ്തുവിൽ രക്ഷ നല്കുന്നു.
ഗലാത്യർ 3:22 ലെ “തിരുവെഴുത്തു” എന്ന വാക്ക് പഴയനിയമ പുസ്തകങ്ങളെക്കുറിച്ചാണ്.
അതിൽ ന്യായപ്രമാണ പുസ്തകങ്ങളും, സങ്കീർത്തനങ്ങളും, പ്രവാചകന്മാരും, മറ്റ്
പുസ്തകങ്ങളും ഉൾപ്പെടും. എങ്കിലും ഇവിടെ ന്യായപ്രമാണത്തെയാണ് പൌലൊസ് മുഖ്യമായി
പരാമർശിക്കുന്നത്. അദ്ദേഹം പറയുന്നത്, ന്യായപ്രമാണം എല്ലാ മനുഷ്യരെയും പാപത്തിൻ
കീഴെ അടച്ചുകളഞ്ഞു. അതിന്റെ ഉദ്ദേശ്യം, യേശുക്രിസ്തുവിലെ വിശ്വാസത്താൽ അബ്രാഹാമിന്റെ വാഗ്ദത്തം ലഭിക്കേണം എന്നതായിരുന്നു. അബ്രാഹാമിന്റെ വാഗ്ദത്തമോ, “നിന്റെ സന്തതി മുഖാന്തരം
ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും” എന്നതായിരുന്നു (ഉൽപ്പത്തി 22:18).
“എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു” എന്നതിൽ ഒരുവനും സ്വയം നീതി
പ്രവർത്തിക്കുവാനോ, പാപത്തിന്റെ അടിമത്തത്തിൽ നിന്നും രക്ഷ പ്രാപിക്കുവാനോ കഴിഞ്ഞില്ല
എന്ന ആശയം ഉണ്ട്.
ഗലാത്യർ 3:23 ൽ 22 ആം വാക്യത്തിലെ ആശയം പൌലൊസ് ആവർത്തിക്കുന്നു.
“ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു.” എന്നത് ഒരു ഇടവേളയിലെ അനുഭവം
ആണ്. അത് “വിശ്വാസം വരുംമുമ്പെ” ഉള്ള ഒരു കാലയളവിൽ സംഭവിച്ചതാണ്. അതിന്റെ ഉദ്ദേശ്യം,
“വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു” ആയിരുന്നു. ഈ ഇടവേളയ്ക്ക് ശേഷം
യേശുക്രിസ്തുവിലുള്ള വിശ്വാസത്താലുള്ള രക്ഷ വന്നു. പാപത്തിന് പരിഹാരമായി ക്രൂശിൽ
യാഗമായി ക്രിസ്തു മരിച്ചു. ക്രിസ്തുവിലുള്ള വിശ്വാസത്താൽ ഏവർക്കും
ന്യായപ്രമാണത്തിന്റെ അടിമത്തത്തിൽ നിന്നും രക്ഷ പ്രാപിക്കുവാൻ കഴിയും എന്ന വ്യവസ്ഥ
വന്നു.
ന്യായപ്രമാണം എന്ന ശിശുപാലകൻ
ക്രിസ്തുവിന്റെ വരവ് വരെ ന്യായപ്രമാണത്തിന് വളരെ
പ്രധാനപ്പെട്ട ഒരു ദൌത്യം ഉണ്ടായിരുന്നു. അത് “ക്രിസ്തുവിന്റെ അടുക്കലേക്കു
നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.” (ഗലാത്യർ 3:24). ക്രിസ്തുവിന്റെ അടുക്കൽ
വിശ്വാസത്താൽ നീതീകരണം ലഭിച്ചു.
ഈ ആശയം വിശദീകരിക്കുവാൻ പൌലൊസ് ന്യായപ്രമാണത്തെ ഒരു
ശിശുപാലകനോട് ഉപമിക്കുന്നു (ഗലാത്യർ 3:24-25). “ശിശുപാലകൻ” എന്ന വാക്കിന്റെ
ഗ്രീക്ക് പദം “പഡാഗഗോസ്” എന്നാണ് (paidagōgos, pahee-dag-o-gos'). അന്നത്തെ ഗ്രീക്ക് കുടുംബങ്ങളിലെ ഒരു അടിമയെയായിരുന്നു ഈ വാക്ക് കൊണ്ട്
വിളിച്ചിരുന്നത്. ഈ അടിമയ്ക്ക് ഒരു പ്രത്യേക ജോലി ഉണ്ടായിരുന്നു. കുടുംബത്തിലെ
കൊച്ചു കുട്ടികളെ, 6 വയസ്സ് മുതൽ കുമാരപ്രായം കഴിയുന്നത് വരെ നോക്കി നടത്തുകയും,
കരുതുകയും, വേണ്ട നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നത് അവരുടെ
ജോലി ആയിരുന്നു. “പഡാഗഗോസ്” ഒരു അദ്ധ്യാപകൻ ആയിരുന്നില്ല. എന്നാൽ സംരക്ഷകനേക്കാൾ
ഉയർന്നു നിന്നു. കുട്ടികളെ ശാസിച്ചും, മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയും, പരിശീലനത്തിൽ വളർത്തുക
അവരുടെ ഉത്തരവാദിത്തം ആയിരുന്നു. അവർ കുട്ടികളെ സന്മാർഗ്ഗീക ഉപദേശങ്ങൾ
പഠിപ്പിച്ചു, അവരുടെ സ്വഭാവത്തേയും പെരുമാറ്റത്തെയും തിരുത്തിയും പരിശീലിപ്പിച്ചും
ശിക്ഷണത്തിൽ വളത്തി. എന്നാൽ കുട്ടികൾ വളർന്ന് കഴിഞ്ഞാൽ പിന്നെ അവർ “പഡാഗഗോസ്” എന്ന
ശിശുപാലകരുടെ കീഴിൽ അല്ല. ഇതാണ് “ശിശുപാലകൻ” എന്ന വാക്കിന്റെ അർത്ഥം.
പൌലൊസ് ഉദ്ധരിക്കുന്ന ഈ ഉദാഹരണത്തിൽ നിന്നും നമ്മൾ
മനസ്സിലാക്കുന്നത് ഇതെല്ലാം ആണ്. ന്യായപ്രമാണം യിസ്രായേൽ ജനത്തിന് സംരക്ഷണവും, മാർഗ്ഗനിർദ്ദേശങ്ങളും,
തെറ്റ് തിരുത്തലുകളും, പരിശീലനവും നല്കി. എന്നാൽ ക്രിസ്തു വരുന്നത് വരെയേ അതിന് സാംഗത്യമുള്ളൂ.
ന്യായപ്രമാണം അദ്ധ്യാപകൻ ആയിരുന്നില്ല, അതിന് അവരെ രക്ഷിക്കുവാനും
കഴിയുമായിരുന്നില്ല. അത് ശിക്ഷണവും, പരിശീലനവും നല്കി. എന്നാൽ ക്രിസ്തുവിലുള്ള
വിശ്വാസത്താൽ നീതീകരണം വന്നു കഴിഞ്ഞപ്പോൾ, ന്യായപ്രമാണം എന്ന ശിശുപാലകന്റെ കീഴിൽ
നിന്നും ജനം സ്വതന്ത്രർ ആയി.
ന്യായപ്രമാണം വിശുദ്ധ ജീവിതം നയിക്കുവാൻ പഠിപ്പിച്ചു എന്നത്
കൃത്യമായ വ്യാഖ്യാനം അല്ല. കാരണം ശിശുപാലകൻ ഒരു അദ്ധ്യാപകനോ, അവന് പകരക്കാരനോ,
തുല്യനോ ആയിരുന്നില്ല. അദ്ധ്യാപകനേക്കാൾ അൽപ്പം താഴ്ന്ന സ്ഥാനം ആയിരുന്നു
ശിശുപാലകന്റെത്. വിശുദ്ധ ജീവിതത്തിനായി നമ്മളെ പ്രാപ്തനാക്കുന്നത് പരിശുദ്ധാത്മാവ്
ആണ്. ആത്മാവു ആണ് അദ്ധ്യാപകൻ. പരിശുദ്ധാത്മാവ് “കൃപയുടെ ആത്മാവ്” ആണ്,
ന്യായപ്രമാണത്തിന്റെ ആത്മാവ് അല്ല (എബ്രായർ 10:29).
ക്രിസ്തുവിൽഉള്ള വിശ്വാസം മൂലം നീതീകരണം എന്ന പുതിയനിയമ
ഉടമ്പടി വന്നു കഴിഞ്ഞപ്പോൾ, ശിശുപാലകൻ എന്ന ന്യായപ്രമാണത്തിന്റെ ഉത്തരവാദിത്തം
കഴിഞ്ഞു. ശിശുപാലകൻ അവന്റെ ജോലി പൂർത്തീകരിച്ചു. പഴയനിയമ യിസ്രായേൽ ജനം ജീവിച്ചിരുന്ന
ദേശത്തിന്നു ചുറ്റും അന്യദേവന്മാരെ ആരാധിക്കുന്ന ജാതികളുടെ രാജ്യങ്ങൾ ആയിരുന്നു.
അവരുമായി ഇടകലരാതെ ജീവിക്കുവാൻ ന്യായപ്രമാണം വഴികാട്ടി. എന്നാൽ അതിന് പാപത്തിൽ നിന്നും
ജനത്തെ രക്ഷിക്കുവാൻ കഴിയുമായിരുന്നില്ല. അതിനാൽ ക്രിസ്തുവിലൂടെയുള്ള വിശ്വാസത്താലുള്ള
രക്ഷ വന്നു കഴിഞ്ഞപ്പോൾ ശിശുപാലകനായ ന്യായപ്രമാണത്തിന്റെ ആവശ്യകത ഇല്ലാതെയായി.
ഒരുവൻ വളർന്ന് കഴിയുമ്പോൾ, അവൻ പിന്നീട് ശിശുപാലകന്റെ കീഴിൽ
അല്ല, എന്നാൽ ശിശുപാലകൻ പരിശീലിപ്പിച്ചത് മറക്കുന്നതും ഇല്ല. ഇതുപോലെ പുതിയനിയമ
വിശ്വാസികൾ ന്യായപ്രമാണത്തിന്റെ കീഴിൽ അല്ല, എന്നാൽ പ്രമാണം നമ്മളെ പഠിപ്പിച്ചത്
ജീവിതകാലം മുഴുവൻ മറക്കുന്നതും ഇല്ല.
എന്നാൽ 1 തിമൊഥെയൊസ് 1:8-10 വരെയുള്ള വാക്യങ്ങളിൽ
ന്യായപ്രമാണം നല്ലത് തന്നെ എന്നു പൌലൊസ് പറയുന്നു. അധർമ്മികൾ ആയി
ജീവിക്കുന്നവർക്ക് “ന്യായോചിതമായി ഉപയോഗിച്ചാൽ” നല്ലതാണ്. ന്യായപ്രമാണത്തിന്റെ
ഉദ്ദേശ്യം എന്തായിരുന്നുവോ, അതിനായി അതിനെ ഉപയോഗിക്കേണം. ഇതാണ് “ന്യായോചിതമായി”
എന്ന പദം കൊണ്ടു പൌലൊസ് ഉദ്ദേശിക്കുന്നത്. പാപത്തെ തിരിച്ചറിയുവാനും, പാപത്തിൽ
നിന്നും അകന്ന് ജീവിക്കുവാനും ന്യായപ്രമാണം ഉപകരിക്കും. എന്നാൽ അത് നീതീകരണത്തിന്
കാരണം ആകുന്നില്ല. ഇതാണ് പൌലൊസിന്റെ വാദം.
1 തിമൊഥെയൊസ്
1:8-10
ന്യായപ്രമാണമോ
നീതിമാന്നല്ല, അധർമ്മികൾ, അഭക്തർ, അനുസരണംകെട്ടവർ, പാപികൾ, അശുദ്ധർ,
ബാഹ്യന്മാർ, പിതൃഹന്താക്കൾ, മാതൃഹന്താക്കൾ, കുലപാതകർ, ദുർന്നടപ്പുക്കാർ,
പുരുഷമൈഥുനക്കാർ, നരമോഷ്ടാക്കൾ, ഭോഷ്കുപറയുന്നവർ, കള്ളസത്യം ചെയ്യുന്നവർ എന്നീ
വകക്കാർക്കും പത്ഥ്യോപദേശത്തിന്നു വിപരീതമായ മറ്റു ഏതിന്നും അത്രേ
വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാൽ
ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.
ദൈവത്തിന്റെ മക്കൾ
ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഇപ്പോൾ ന്യായപ്രമാണം എന്ന
ശിശുപാലകന്റെ കീഴിൽ അല്ല എന്നു മാത്രമല്ല, വിശ്വാസികൾ എല്ലാവരും ദൈവത്തിന്റെ മക്കൾ
ആയിരിക്കുന്നു (ഗലാത്യർ 3:26). അതിനാൽ ഗലാത്യയിലെ ജാതീയരായ ക്രിസ്തീയ വിശ്വാസികൾ
ഉൾപ്പെടെയുള്ള ദൈവ ജനം, ഇനി ന്യായപ്രമാണത്തിന്റെ പ്രവർത്തികൾ പിന്തുടരേണ്ടതില്ല.
ക്രിസ്തുവിന്റെ ക്രൂശ് മരണത്താൽ പാപക്ഷമ ലഭിച്ചു എന്നു വിശ്വസിക്കുന്ന എല്ലാവരും
പാപത്തിന്റെ അടിമത്തത്തിൽ നിന്നും സ്വതന്ത്രർ ആയിരിക്കുന്നു. അങ്ങനെ അവർ
ദൈവത്തിന്റെ മക്കൾ ആയിത്തീർന്നിരിക്കുന്നു.
ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും
ദൈവത്തിന്റെ മക്കൾ ആകുന്നു” എന്നത് വലിയ ഒരു പ്രഖ്യാപനം ആണ് (ഗലാത്യർ 3:26).
ജാതികളിൽ നിന്നും വിശ്വാസത്താൽ ക്രിസ്തുവിങ്കലേക്ക് വന്നവരെ സാക്ഷാൽ ദൈവത്തിന്റെ
മക്കൾ ആയി പ്രഖ്യാപിക്കുകയാണ്. യഹൂദന്മാർ മാത്രമല്ല, ജാതീയ ക്രൈസ്തവ വിശ്വാസികളും
ദൈവത്തിന്റെ മക്കൾ ആണ്. അത് ന്യായപ്രമാണത്താൽ അല്ല, ക്രിസ്തുവിലുള്ള വിശ്വാസത്താൽ
മാത്രം ആണ്. പൌലൊസ് മുമ്പ് എഴുതിയ വാക്യങ്ങളിൽ, യഹൂദനെയും, ജാതീയ വിശ്വാസികളെയും ഒരുപോലെ
അബ്രാഹാമിന്റെ മക്കൾ എന്നു വിശേഷിപ്പിച്ചിരുന്നു. ഗലാത്യർ 3:7 ൽ അദ്ദേഹം എഴുതിയത്
ഇങ്ങനെയാണ്, “അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്നു അറിവിൻ.”
ഗലാത്യർ 3:26 ൽ പൌലൊസ് വീണ്ടും പറയുന്നു, “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ
എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.” ആയതിനാൽ ജാതീയരായ ക്രൈസ്തവ വിശ്വാസികൾ,
ദൈവത്തിന്റെ ആത്മീയ കുടുംബത്തിൽ യഹൂദന്മാരോടൊപ്പം തുല്യർ ആണ്. ഇനി തുല്യതയ്ക്കായോ,
ദൈവ മക്കൾ ആകുവാനായോ, ന്യായപ്രമാണം അനുസരിക്കേണ്ടതില്ല.
“നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു” എന്ന
വാക്യത്തിന് ഗ്രീക്ക്, റോമൻ സാമൂഹിക പശ്ചാത്തലത്തിൽ ഒരു സവിശേഷമായ അർത്ഥം കൂടി
ഉണ്ട്. അന്നത്തെ നിയമം അനുസരിച്ചു, ഒരുവൻ മറ്റൊരുവനെ മകനായി ദത്ത്
എടുത്തുകഴിഞ്ഞാൽ, ദത്ത് എടുക്കപ്പെട്ടവന്റെ പഴയ പശ്ചാത്തലം പിന്നീട്
കണക്കിടപ്പെടുന്നില്ല. അവൻ ദത്തെടുത്തവന്റെ മകനായി തീരുന്നു. ദത്ത് എടുത്തവന്റെ സ്വന്ത
രക്തത്തിലുള്ള മക്കളുടെ അവകാശങ്ങളും, പിന്തുടർച്ചയും, പേരിലുള്ള തുടർച്ചയും എല്ലാം
ദത്ത് എടുക്കപ്പെട്ടവനും ലഭിക്കുന്നു. അവൻ പൂർണ്ണമായും ദത്ത് എടുക്കപ്പെട്ടവന്റെ
കുടുംബത്തിലെ അംഗമാണ്. ഇതിനെക്കുറിച്ച് റോമർ 8:15-17 വരെയുള്ള വാക്യങ്ങളിലും
പൌലൊസ് എഴുതിയിട്ടുണ്ട്.
റോമർ 8:15-17
നിങ്ങൾ പിന്നെയും
ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ,
എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. നാം
ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ
അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം
അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.
ഗലാത്യർ 3:21 മുതലുള്ള വാക്യങ്ങളിൽ, എങ്ങനെയാണ് ജാതീയ
ക്രിസ്തീയ വിശ്വാസികളും ദൈവത്തിന്റെ മക്കൾ ആയത് എന്നു പൌലൊസ് വിശദീകരിക്കുന്നു. ക്രിസ്തുവിൽ
വിശ്വസിക്കുന്ന എല്ലാവരും അവനെ ധരിച്ചിരിക്കുന്നു. ഇത് ഒരു വസ്ത്രം ധരിക്കുന്നത്
പോലെയാണ്. ഇത് എഴുതുമ്പോൾ, അന്നത്തേ കാലത്ത് റോമാക്കാർ ധരിക്കുന്ന കുപ്പായം
ആയിരിക്കാം പൌലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ക്രിസ്തുവിനെ ധരിക്കുക എന്നത്
ക്രിസ്തുവിനാൽ മൊത്തമായി മൂടപ്പെടുക എന്നാണ് അർത്ഥം. അങ്ങനെ ക്രിസ്തുവുമായി
പൂർണ്ണമായും താദാത്മ്യം പ്രാപിക്കുന്നു. ശേഷം ക്രിസ്തുവിലൂടെയാണ് നമ്മൾ
ജീവിക്കുന്നത്.
ഇത് എങ്ങനെ സംഭവിക്കുന്നു? വിശ്വാസത്താൽ ക്രിസ്തുവിനോടു
ചേർന്നവർ “ക്രിസ്തുവിനോടു ചേരുവാൻ സ്നാനം” ഏറ്റിരിക്കുന്നു. ഇവിടെ പറയുന്ന സ്നാനം,
വെള്ളത്താൽ ഉള്ള സ്നാനം ആയിരിക്കാം. സ്നാനം ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ
ബാഹ്യമായ പരസ്യ സാക്ഷ്യം ആണ്. ഇവിടെ പൌലൊസ് സൂചിപ്പിക്കുന്ന സ്നാനം വെള്ളത്താലുള്ള
സ്നാനം അല്ല, പരിശുദ്ധാത്മാവിനാൽ ഉള്ള സ്നാനം ആണ് എന്നൊരു വ്യഖ്യാനവും ഉണ്ട്. ഒരുവൻ
രക്ഷിക്കപ്പെടുമ്പോൾ ക്രിസ്തുവിനോടു ചേരുവാൻ പരിശുദ്ധാത്മാവിനാൽ സ്നാനം
സ്വീകരിച്ചിരിക്കുന്നു. ഇത് ക്രിസ്തുവിനെ വിശ്വാസത്താൽ സ്വീകരിച്ചു
രക്ഷിക്കപ്പെടുമ്പോൾ ആത്മാവിനാൽ സംഭവിക്കുന്നു. ഈ വ്യാഖ്യാനത്തിന് ഉപോൽബലകമായി 1
കൊരിന്ത്യർ 12:13 ആം വാക്യം ചൂണ്ടിക്കാണിക്കപ്പെടുന്നു.
1 കൊരിന്ത്യർ
12:13
യെഹൂദന്മാരോ
യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ
സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.
രക്ഷിക്കപ്പെടുവാൻ ക്രിസ്തുവിലുള്ള വിശ്വാസത്തോടൊപ്പം വെള്ളത്താൽ
ഉള്ള സ്നാനം കൂടെ ആവശ്യമാണ് എന്നല്ല പൌലൊസ് ഇവിടെ പറയുന്നത്. അങ്ങനെ പറഞ്ഞാൽ,
യഹൂദന്മാർ ഉപദേശിച്ച പരിച്ഛേദനയും, ശബ്ബത്ത് ആചരണവും രക്ഷയ്ക്ക് ആവശ്യമാണ് എന്നു
പറയുന്നതിന് തുല്യമാകും. പൌലൊസ് എപ്പോഴും ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം
രക്ഷ എന്ന സത്യ സുവിശേഷമാണ് പഠിപ്പിച്ചത്. ക്രിസ്തുവിനോടു ചേരുവാൻ സ്നാനപ്പെടുക,
ക്രിസ്തുവിനെ ധരിക്കുക എന്നീ കാര്യങ്ങൾ പരിശുദ്ധാത്മാവ് ആണ് ഒരുവനിൽ
നിവർത്തിക്കേണ്ടത്. അത് ഒരുവൻ ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ തന്നെ സംഭവിക്കുന്നു.
ക്രിസ്തുവിൽ ചേർന്നിരിക്കുന്നവർ, ക്രിസ്തുവിനെ
ധരിച്ചിരിക്കുന്നു. അവർ ക്രിസ്തുവിലായിരിക്കുന്ന എല്ലാവരുമായും ഒന്നായിരിക്കുന്നു.
യഹൂദൻ, ജാതീയർ എന്നതുപോലെയുള്ള വ്യത്യാസങ്ങൾക്ക് ക്രിസ്തുവിൽ ഇടം ഇല്ല. അവനിൽ
യെഹൂദനും, യവനനും (ജാതീയർ), ദാസനും, സ്വതന്ത്രനും, ആണും, പെണ്ണും, എന്ന
വ്യത്യാസമില്ല. എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നാണ്.
ഗലാത്യർ 3:29 ആം വാക്യത്തിൽ, ഇതുവരെ പറഞ്ഞ കാര്യങ്ങളെ
പൌലൊസ് ഉപസംഹരിക്കുക ആണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ, വിശ്വാസത്താൽ
അബ്രാഹാമിന്റെ സന്തതികൾ ആണ്. അതിനാൽ അബ്രാഹാമിന്റെ വാഗ്ദത്തത്തിന് അവകാശികൾ ആണ്. ക്രിസ്തുവാണ്
അബ്രാഹാമിന് വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി. അബ്രാഹാമിന്റെ എല്ലാ വാഗ്ദത്തങ്ങളും ക്രിസ്തുവിൽ നിവർത്തിക്കപ്പെടുന്നു.
അതിനാൽ, വിശ്വാസത്താൽ ക്രിസ്തുവിനോടു ചേർന്നു, അവനെ ധരിച്ചിരിക്കുന്ന, അവനുമായി
താദാത്മ്യം പ്രാപിച്ച എല്ലാവരും അബ്രാഹാമിന്റെ ആത്മീയ സന്തതികളും, അവകാശികളും
ആയിരിക്കുന്നു. ഈ അവകാശത്തിന്, ന്യായപ്രമാണത്തിന്റെ പ്രവർത്തികൾ ആവശ്യമില്ല.
ക്രിസ്തുവിൽ വിശ്വാസത്താൽ ആയിരിക്കുക എന്നത് മാത്രം ആണ് ഇതിന് ആധാരം.




No comments:
Post a Comment