ഗലാത്യർ - അദ്ധ്യായം 1

പ്രധാന വിഷയം

ഗലാത്യർ 1, 2 അദ്ധ്യായങ്ങൾ പൌലൊസിന്റെ ജീവിത സാക്ഷ്യത്തിന്റെ രേഖയാണ്. മറ്റ് ലേഖനങ്ങളിൽ നിന്നും വ്യത്യസ്തമായി, ദീർഘമായൊരു മുഖവുര കൂടാതെയാണ് പൌലൊസ് ഗലാത്യർക്ക് ഉള്ള ലേഖനം ആരംഭിക്കുന്നത്. അദ്ദേഹം അവരോട് പ്രസംഗിച്ചതും അവർ വിശ്വസിച്ചതുമായ യേശുക്രിസ്തുവിന്റെ സുവിശേഷം അവർ ഉപേക്ഷിച്ച് യഹൂദ ന്യായപ്രമാണത്തിലേക്ക് ചായ്ന്നു എന്നു അദ്ദേഹം അറിഞ്ഞു. യേശുക്രിസ്തു സകല മനുഷ്യരുടെയും പാപത്തിന് സമ്പൂർണ്ണ പരിഹാരമായി ക്രൂശിൽ മരിച്ചു എന്നതാണ് സത്യ സുവിശേഷം. എന്നാൽ ഗലാത്യയിൽ എത്തിയ ചില യഹൂദ ക്രിസ്ത്യാനികൾ, ജാതീയരിൽ നിന്നും ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നവർ മോശെയുടെ ന്യായപ്രമാണം അനുസരിക്കേണം എന്നു ഉപദേശിച്ചു. അവർ പൌലൊസിന്റെ അപ്പൊസ്തലികത്വത്തെ നിരാകരിക്കുകയും ചെയ്തു. എന്നാൽ, യേശുക്രിസ്തുവിന്റെ നേരിട്ടുള്ള പ്രത്യക്ഷതയാൽ ആണ് പൌലൊസ് അപ്പൊസ്തലൻ ആയി നിയമിക്കപ്പെട്ടത് എന്നു അദ്ദേഹം വാദിച്ചു. ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നും ഉയർപ്പിച്ച അതേ ദൈവമാണ് അദ്ദേഹത്തെ അപ്പൊസ്തലൻ ആയി നിയോഗിച്ചതും. അദ്ദേഹം മനുഷ്യരാൽ നിയോഗിക്കപ്പെട്ട ഒരു അപ്പൊസ്തലൻ അല്ല. സ്വയം അപ്പൊസ്തലൻ എന്ന പേര് സ്വീകരിച്ചതുമല്ല. അദ്ദേഹത്തിന്റെ ഈ അവകാശവാദം ആധികാരികം ആണ്. സുവിശേഷ സത്യങ്ങൾ അദ്ദേഹം ക്രിസ്തുവിൽ നിന്നും വെളിപ്പാടിനാൽ പ്രാപിച്ചതാണ്, അത് മറ്റ് അപ്പൊസ്തലന്മാരിൽ നിന്നും ഗ്രഹിച്ചത് അല്ല. അദ്ദേഹം പ്രസംഗിക്കുന്ന ക്രിസ്തുവിന്റെ സുവിശേഷം ചുരുക്കമായി അദ്ദേഹം പ്രസ്താവിക്കുന്നു. ദൈവ ഹിതപ്രകാരം, ഈ ദുഷ്ടലോകത്തിൽനിന്നു മനുഷ്യരെ വിടുവിക്കുവാനായി ഒരു പാപ പരിഹാര യാഗമായി തീരുവാൻ യേശുക്രിസ്തു തന്നെത്താൻ ക്രൂശുമരണത്തിന് ഏൽപ്പിച്ചു കൊടുത്തു. ഈ അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് അദ്ദേഹത്തിന്റെ അപ്പൊസ്തലികത്വത്തിന് തെളിവായി അദ്ദേഹത്തിന്റെ സാക്ഷ്യം വിവരിക്കുന്നു. ഇതെല്ലാമാണ് ഗലാത്യർ 1 ആം അദ്ധ്യായത്തിലെ പ്രധാന വിഷയങ്ങൾ.

 

പൌലോസിന്റെ അപ്പൊസ്തലികത്വം

 

ഗലാത്യർ 1:1-5 വരെയുള്ള വാക്യങ്ങളിൽ ഗലാത്യയിലെ ക്രിസ്തീയ സഭകളെ പൌലൊസ് വളരെ ഹ്രസ്വമായി വന്ദനം ചൊല്ലുന്നു. ഒരു എഴുത്ത് എഴുത്തുന്നതിന്റെ ആരംഭത്തിൽ തന്നെ എഴുത്തുകാരനെ പരിചയപ്പെടുത്തുക എന്നത് അക്കാലത്തെ രീതി ആയിരുന്നു. ചുരുളുകളായുള്ള പേജുകളിലായിരുന്നു അക്കാലത്ത് എഴുത്തുകൾ എഴുതിയിരുന്നത്. അതിനാൽ, ആരംഭത്തിൽ തന്നെ എഴുത്തുകാരന്റെ പേര് ഉണ്ടായാൽ, ചുരുളുകൾ മുഴുവനും തുറക്കാതെ തന്നെ, അദ്ദേഹത്തെ തിരിച്ചറിയുവാൻ വായനക്കാർക്ക് കഴിയും. അതുകൊണ്ടു 1 ആം വാക്യത്തിൽ പൌലൊസ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു. ഇത് എഴുതുന്ന സമയത്ത് അദ്ദേഹത്തിന്റെ കൂടെയുള്ള സഹോദരങ്ങളുടെയും വന്ദനം ഗലാത്യ സഭയെ അറിയിക്കുവാൻ പൌലൊസ് ശ്രദ്ധിക്കുന്നു. “കൂടെയുള്ള സകല സഹോദരന്മാരും” എന്നത് അദ്ദേഹത്തിന്റെ കൂട്ട് വേലക്കാരും, പൌലൊസ് അപ്പോൾ ആയിരുന്ന പ്രദേശത്തിലെയോ സഭയിലെയോ വിശ്വാസികളും ആണ്. എന്നാൽ, ലേഖനം എഴുതിയത് പൌലൊസും മറ്റ് സഹോദരന്മാരും കൂടെ ചേർന്നാണ് എന്നു ഇതിന് അർത്ഥമില്ല. 1:6 ആം വാക്യത്തിൽ, “ഞാൻ ആശ്ചര്യപ്പെടുന്നു” എന്ന വാക്കുകളും, 5:2 ലെ “പൌലൊസായ ഞാൻ നിങ്ങളോടു പറയുന്നു” എന്ന വാക്കുകളും, ലേഖനത്തിന്റെ എഴുത്തുകാരൻ പൌലൊസ് മാത്രമാണ് എന്നു ഉറപ്പിക്കുന്നു. (ലേഖനം എഴുതിയ സ്ഥലത്തെക്കുറിച്ച് അറിയുവാൻ, “എഴുത്തുകാരനും പശ്ചാത്തലവും” എന്ന അദ്ധ്യായം വായിക്കുക).

 

ഗലാത്യർ 1:2 ആം വാക്യത്തിലെ, “കൂടെയുള്ള സകല സഹോദരന്മാരും” എന്നതിൽ അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 13:1 ൽ പറയുന്ന “പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും” ഉണ്ടായിരുന്നു. ഇവരെല്ലാം ഏകമനസ്സോടെയും ഒരുമനപ്പെട്ടും ആണ് ഈ എഴുത്തിലെ വിവരങ്ങൾ ഗലാത്യയിലെ സഭകളെ അറിയിക്കുന്നത്. ഇത് പൌലൊസ് പറയുവാൻ പോകുന്ന കാര്യങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നു.

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 13:1

അന്ത്യൊക്ക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൌൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.

 

ഗലാത്യർ 1:1 ആം വാക്യത്തിൽ തന്നെ പൌലൊസ് അദ്ദേഹത്തിന്റെ അപ്പൊസ്തലികത്വത്തെ പ്രതിരോധിക്കുന്നു. “അപ്പൊസ്തലനായ പൌലൊസും” എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്. ഇതിന്റെ ആധികാരികത, അതിന് മുമ്പുള്ള ഭാഗത്ത് അദ്ദേഹം പറയുന്നു, “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ”. അതായത് പൌലൊസിന് അപ്പൊസ്തലികത്വം ലഭിച്ചത് മനുഷ്യരിൽ നിന്നോ, മനുഷ്യരാലോ അല്ല. യേശുക്രിസ്തുവും, അവനെ മരിച്ചവരുടെ ഇടയിൽ നിന്നും ഉയിർപ്പിച്ച പിതാവായ ദൈവവുമാണ് പൌലൊസിനെ അപ്പൊസ്തലൻ ആയി നിയോഗിച്ചത്. യേശുക്രിസ്തുവിനെ മരിച്ചവരിൽ നിന്നും ഉയിർപ്പിച്ച പിതാവായ ദൈവം എന്ന പ്രയോഗത്തിൽ, യേശുക്രിസ്തുവിന്റെ ഉയിർപ്പിന് ശേഷമാണ് പൌലൊസിന് അപ്പൊസ്തലികത്വം ലഭിച്ചത് എന്ന ധ്വനി ഉണ്ട്. ഇത് അദ്ദേഹം അംഗീകരിക്കുന്നു.

 

ഗലാത്യർ 1:1 ആം വാക്യത്തിലെ “അപ്പൊസ്തലനായ” എന്ന വാക്കിന്റെ ഗ്രീക്ക് പദം, “അപ്പോസ്റ്റൊലൊസ്” എന്നാണ് (apostolos, ap-os'-tol-os). ഈ വാക്കിന്റെ അർത്ഥം, പ്രതിനിധി, ദൂതൻ, ഒരു കൽപ്പനയുമായി അയക്കപ്പെടുന്നവൻ, എന്നിങ്ങനെയാണ് (a delegate, messenger, one sent forth with orders). ഒരു പ്രത്യേക ഉദ്ദേശ്യം സഫലീകരിക്കുവാനായി അയക്കപ്പെടുന്നവൻ ആണ് അപ്പൊസ്തലൻ. യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരെയാണ് സാധാരണയായി അപ്പൊസ്തലന്മാരായി കണക്കാക്കുന്നത്. ക്രിസ്തുവിന്റെ സന്ദേശം ലോകം മുഴുവൻ പ്രസംഗിക്കുകയും, വിശ്വസിക്കുന്നവരെ ശിഷ്യരാക്കുകയും ചെയ്യുക എന്നതായിരുന്നു അവരെ എൽപ്പിച്ച ശ്രേഷ്ഠ ദൌത്യം.

 

യേശുക്രിസ്തുവിന്റെ ഇഹലോക ജീവിതകാലത്ത് പൌലൊസ് അവന്റെ ശിഷ്യന്മാരിൽ ഒരുവൻ ആയിരുന്നില്ല. ഉയിർത്തെഴുന്നേറ്റവനായ ക്രിസ്തു ദമസ്കൊസ് എന്ന പട്ടണത്തിന്റെ പ്രവേശന കവാടത്തിന് സമീപം വച്ചാണ് പൌലൊസിന് പ്രത്യക്ഷനാകുന്നത്. ക്രിസ്തുവാണ് അവനെ അപ്പൊസ്തലനായി, അല്ലെങ്കിൽ സുവിശേഷ ദൂത് വാഹകനായി ജാതികളുടെ ഇടയിലേക്ക് അയക്കുന്നത് (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 9:3-9).

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 9:5

നീ ആരാകുന്നു, കർത്താവേ, എന്നു അവൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 9:15-16

കർത്താവു അവനോടു (അനന്യാസിനോട്): നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു. എന്റെ നാമത്തിന്നു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും എന്നു പറഞ്ഞു.

 

പൌലൊസ് പ്രസംഗിച്ച സത്യ സുവിശേഷത്തെ നിരസിക്കുവാനായി, ഗലാത്യയിൽ എത്തിയ യഹൂദന്മാർ ആദ്യം ചെയ്തത്, അദ്ദേഹത്തിന്റെ അപ്പൊസ്തലികത്വത്തെ തള്ളിക്കളയുക എന്നതാണ്. യേശുക്രിസ്തുവിന്റെ ഇഹലോക ജീവിതകാലത്ത് ശൌൽ എന്ന പൌലൊസ്, അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരുവൻ ആയിരുന്നില്ല. അതിനാൽ പൌലൊസ് യേശുക്രിസ്തുവിൽ നിന്നും നേരിട്ടു യാതൊന്നും കേൾക്കുകയോ, പഠിക്കുകയോ ചെയ്തിട്ടില്ല. ഇങ്ങനെയെല്ലാം ആയിരിക്കാം യഹൂദന്മാർ വാദിച്ചത്. പൌലൊസിന്റെ അപ്പൊസ്തലികത്വത്തെ നിരസിച്ചാൽ, അദ്ദേഹം പ്രസംഗിക്കുന്ന സുവിശേഷത്തെയും തള്ളിക്കളയാം എന്നായിരിക്കാം അവർ കണക്കുകൂട്ടിയത്.

 

അതിനാൽ ലേഖനത്തിന്റെ ആരംഭത്തിൽ തന്നെ അദ്ദേഹം ക്രിസ്തുവിന്റെ അപ്പൊസ്തലൻ ആണ് എന്നും, മനുഷ്യരാൽ അല്ല, സ്വയം അപ്പൊസ്തലൻ ആയി പ്രഖ്യാപിച്ചതും അല്ല എന്നും പൌലൊസ് പ്രസ്താവിക്കുന്നു. യേശുക്രിസ്തുവിനാലും, പിതാവായ ദൈവത്താലും അപ്പൊസ്തലനായി നിയോഗിക്കപ്പെട്ടവൻ ആണ്.

 

ക്രിസ്തുവിന്റെ സുവിശേഷം

 

ഗലാത്യർ 1:3-5 വരെയുള്ള വാക്യങ്ങൾ പൌലൊസ് ഗലാത്യയിലെ സഭകൾക്ക് വന്ദനം ചൊല്ലുന്ന വാക്കുകൾ ആണ്. പൌലൊസ് പ്രസംഗിച്ച ക്രിസ്തുവിന്റെ നിർമ്മല സുവിശേഷം ഈ വാക്യങ്ങളിൽ ഉണ്ട്. “ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ കർത്താവായ യേശുക്രിസ്തു” എന്നതാണ് സുവിശേഷം. ഈ ക്രിസ്തുവിന്റെ നാമത്തിലാണ് അദ്ദേഹം ഗലാത്യർക്ക് വന്ദനം ചൊല്ലുന്നത്. അവർക്ക് ദൈവ കൃപയും സമാധാനവും അദ്ദേഹം നേരുന്നു. 5 ആം വാക്യത്തിൽ സകല മഹത്വവും യേശുക്രിസ്തുവിന് സമർപ്പിക്കുന്നു.

 

പിതാവായ ദൈവത്തിന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മളെ  വിടുവിക്കേണ്ടതിന്നു നമ്മളുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏൽപ്പിച്ചുകൊടുത്തവനായ കർത്താവായ യേശുക്രിസ്തു എന്നാണ് അദ്ദേഹം എഴുതുന്നതു. ഇതിൽ യേശുക്രിസ്തുവിന്റെ ക്രൂശ് മരണം, പിതാവായ ദൈവത്തിന്റെ ഹിതപ്രകാരം, യേശുക്രിസ്തു സ്വയം എൽപ്പിച്ചുകൊടുത്തതിനാൽ സംഭവിച്ചതാണ് എന്ന ചിന്ത ഉണ്ട്. ആരും യേശുക്രിസ്തുവിന്റെ ജീവനെ എടുത്തുകളയുക ആയിരുന്നില്ല, അവൻ സ്വയം ജീവനെ എൽപ്പിച്ചുകൊടുത്തു. ഇതിന്റെ ഉദ്ദേശ്യം, “ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം” അതിന് പരിഹാരം ആയിതീരേണ്ടതിനായിരുന്നു. വേദചിന്തകർ ഇതിനെ “പകരം വയ്ക്കുന്ന പാപപരിഹാരം” എന്നാണ് വിളിക്കുന്നത്. യേശുക്രിസ്തു നമ്മളുടെ സ്ഥാനത്തെ എടുത്തു, നമ്മൾക്ക് പകരമായി, പാപത്തിന്റെ ശിക്ഷ പൂർണ്ണമായും കൊടുത്തുതീർത്തു (substitutionary atonement). ഇതാണ് ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ കാതൽ. ഇതേ ആശയം പൌലൊസ് മറ്റ് ചില ലേഖനങ്ങളിലും ഉദ്ധരിക്കുന്നുണ്ട്.

 

യോഹന്നാൻ 10:17-18

എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു.  

 

1 തിമൊഥെയൊസ് 2:6

എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.

 

തീത്തൊസ് 2:14

അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.

 

“കൃപയും സമാധാനവും ഉണ്ടാകട്ടെ” എന്നത് പൌലൊസ് എപ്പോഴും ഉപയോഗിക്കുന്ന ഒരു അനുഗ്രഹ വചനം ആണ്. ഈ വാക്കുകൾ അക്കാലത്തെ മറ്റ് പല ക്രിസ്തീയ എഴുത്തുകാരും അവരുടെ രചനകളിൽ ഉപയോഗിച്ചിട്ടുണ്ട്. “പിതാവായ ദൈവത്തിങ്കൽനിന്നും .... നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും” ആണ് കൃപയും സമാധാനവും ഉണ്ടാകുന്നത്.

 

വേറൊരു സുവിശേഷം

 

ഗലാത്യർ 1:6

ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.

 

ഗലാത്യർ 1:6 ആം വാക്യത്തിൽ, ഈ എഴുത്ത് എഴുതുന്നതിന്റെ ഉദ്ദേശ്യത്തിലേക്ക് പൌലൊസ് കടക്കുന്നു. മറ്റ് ലേഖനങ്ങളിൽ നിന്നും വ്യത്യസ്തമായി ഗലാത്യർക്ക് എഴുതിയ ലേഖനം, വളരെ ഹ്രസ്വമായ ഒരു മുഖവുരയോടെയാണ് ആരംഭിക്കുന്നത്. പൌലൊസിന്റെ മിക്ക ലേഖനങ്ങളും ആരംഭിക്കുന്നത്, അതിന്റെ വായനക്കാരെ ഓർത്തു ദൈവത്തെ സ്തുതിച്ചുകൊണ്ടാണ്. അവരിൽ ഉള്ള നന്മകളെ അദ്ദേഹം അഭിനന്ദിക്കാറുണ്ട്. എന്നാൽ ഗലാത്യ ലേഖനത്തിൽ ഈ രീതി അദ്ദേഹം അവലംബിക്കുന്നില്ല. ദീർഘമായ വന്ദനം ചൊല്ലുന്ന രീതി ഇവിടെ കാണുന്നില്ല. പൊടുന്നനവേ വിഷയത്തിലേക്ക് നേരിട്ടു പോകുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇത് വിഷയത്തിന്റെ ഗൌരവവും, അടിയന്തര പ്രാധാന്യവും കാണിക്കുന്നു.

 

“നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു” ആണ് ഈ ലേഖനം എഴുതുവാനുണ്ടായ സാഹചര്യം (ഗലാത്യർ 1:6). ഇവിടെ സൂചിപ്പിക്കുന്ന “വേറൊരു സുവിശേഷം”, യഹൂദന്മാർ പരത്തിയ വിരുദ്ധ ഉപദേശങ്ങൾ ആണ്. അവർ രക്ഷ പ്രാപിക്കുവാൻ മോശെയുടെ ന്യായപ്രമാണം അനുസരിച്ചുള്ള പ്രവർത്തികൾ കൂടി ആവശ്യമാണ് എന്നു പഠിപ്പിച്ചു. “വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു” എന്ന വാക്കുകളിൽ നിന്നും, ഗലാത്യയിലെ സഭകൾ മൊത്തമായോ, ചില വിശ്വാസികൾ എങ്കിലുമോ, യഹൂദന്മാരുടെ പഠിപ്പിക്കലുകൾ സ്വീകരിച്ചു മോശെയുടെ ന്യായപ്രമാണപ്രകാരമുള്ള പരിച്ഛേദനയും, മറ്റ് പ്രവർത്തികളും ആചരിക്കുവാൻ തുടങ്ങി എന്നു നമുക്ക് മനസ്സിലാക്കാം. യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണം സകല പാപങ്ങൾക്കും പരിഹാരം ആണ് എന്നും, രക്ഷയ്ക്കായി ക്രിസ്തുവിൽ വിശ്വസിക്കുക മാത്രം മതിയാകും എന്നും, അതിന് പ്രവർത്തികൾ ആവശ്യമില്ല എന്നുമുള്ള സത്യ സുവിശേഷം പൌലൊസ് അവരോട് പ്രസംഗിച്ചു. അവർ അത് സന്തോഷത്തോടെ സ്വീകരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ അവിടെ വന്ന യഹൂദന്മാരുടെ വിരുദ്ധ ഉപദേശവും വേഗത്തിൽ അവർ സ്വീകരിച്ചു. ഇതിൽ പൌലൊസ് ആശ്ചര്യപ്പെട്ടു.

 

ഗലാത്യർ 1:7

അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.

 

യഹൂദന്മാർ പഠിപ്പിച്ച ഉപദേശത്തെ 6 ആം വാക്യത്തിൽ “വേറൊരു സുവിശേഷം” എന്നു പൌലൊസ് വിശേഷിപ്പിച്ചു. 7 ആം വാക്യത്തിൽ അദ്ദേഹം ഇതിന്റെ അപകടം വ്യക്തമാക്കുന്നു. യഹൂദന്മാരുടെ ഉപദേശം “വേറൊരു സുവിശേഷം” അല്ല. സത്യ സുവിശേഷം ഒന്നേയുള്ളൂ. അത് ക്രൂശിൽ മരിച്ച യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രം ഉള്ള രക്ഷയാണ്. യഹൂദന്മാർ പരത്തുന്ന ഉപദേശങ്ങൾ ഗലാത്യ സഭയിലെ വിശ്വാസികളെ കലക്കികളയും എന്നു പൌലൊസ് മുന്നറിയിപ്പ് നല്കുന്നു. അവർ “ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു” എന്നു അദ്ദേഹം കുറ്റപ്പെടുത്തി. 6-7 വാക്യങ്ങളിൽ യഹൂദന്മാർ പ്രചരിപ്പിച്ച വിരുദ്ധ ഉപദേശത്തെ മൂന്ന് രീതിയിൽ പൌലൊസ് വിശേഷിപ്പിക്കുന്നു. ഒന്ന്, അത് വേറൊരു സുവിശേഷം ആണ്. രണ്ടു, അത് വിശ്വാസികളെ കലക്കിക്കളയും. മൂന്ന്, അത് ക്രിസ്തുവിന്റെ സുവിശേഷത്തെ മറിച്ചുകളയുവാൻ ലക്ഷ്യമിടുന്നത് ആണ്.  

 

യഹൂദന്മാരുടെ ഉപദേശത്തെ “വേറൊരു സുവിശേശം” എന്നു 6 ആം വാക്യത്തിൽ വിശേഷിപ്പിച്ച ശേഷം, 7 ആം വാക്യത്തിൽ അതിനെ “വേറൊരു സുവിശേഷം” എന്നല്ല വിളിക്കേണ്ടതു എന്നു പൌലൊസ് പറയുന്നു. അതായത്, യഹൂദന്മാർ പ്രചരിപ്പിക്കുന്നത് സുവിശേഷമേ അല്ല. സുവിശേഷം നല്ല വാർത്തയാണ്. എന്നാൽ യഹൂദന്മാരുടെ ഉപദേശം നല്ല വർത്തയല്ല. അത് ന്യായപ്രമാണത്തിന്റെ ഉപദേശം ആണ്. 7 ആം വാക്യത്തിൽ അദ്ദേഹം ഉപയോഗിക്കുന്നത് “ക്രിസ്തുവിന്റെ സുവിശേഷം” എന്നാണ്. അതായത് പൌലൊസ് പ്രസംഗിക്കുന്നത്, അദ്ദേഹം രൂപപ്പെടുത്തിയ സുവിശേഷം അല്ല, അത് ക്രിസ്തുവിന്റെ സുവിശേഷം ആണ്. യഹൂദന്മാർ പഠിപ്പിക്കുന്നത് യഹൂദ മതത്തിന്റെ പ്രമാണങ്ങൾ ആണ്. അത് ക്രിസ്തുവിന്റെ സുവിശേഷം അല്ല.

 

യഹൂദന്മാർ പ്രസംഗിച്ച സുവിശേഷം വേറൊരു സുവിശേഷം ആകുന്നത്, അവർ നീതീകരണത്തിനായി വേറൊരു മാർഗ്ഗം ഉപദേശിക്കുന്നത് കൊണ്ടാണ്. യേശുക്രിസ്തുവിന്റെ സുവിശേഷം വിശ്വാസത്താൽ മാത്രമുള്ള രക്ഷയും നീതീകരണവും വാഗ്ദത്തം ചെയ്യുമ്പോൾ, യഹൂദന്മാരുടെ സുവിശേഷം പ്രവർത്തികളാലുള്ള രക്ഷയെക്കുറിച്ച് പറയുന്നു. പ്രവർത്തികളാലുള്ള രക്ഷ സുവിശേഷം അല്ല, അതിനാൽ അതിനെ വേറൊരു സുവിശേഷം എന്നുപോലും വിളിക്കുവാൻ സാദ്ധ്യമല്ല. അത് ക്രിസ്തുവിന്റെ സുവിശേഷത്തെ മറിച്ചുകളയുന്ന വിരുദ്ധമായ പഠിപ്പിക്കൽ ആണ്. അതായത് സുവിശേഷം ഒന്നേയുള്ളൂ. അത് യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രമുള്ള നീതീകരണം ആണ്. മറ്റൊരു രീതിയിലുള്ള നീതീകരണവും സാദ്ധ്യമല്ല. ഒരാൾക്ക് ഇങ്ങനെയും മറ്റൊരാൾക്ക് വ്യത്യസ്തമായും വ്യാഖ്യാനിക്കുവാൻ കഴിയുന്നതല്ല ക്രിസ്തുവിന്റെ സുവിശേഷം.

 

ശപിക്കപ്പെട്ടവൻ

 

ഗലാത്യർ 1:8-9

എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.

 

8-9 വാക്യങ്ങളിൽ ഒരേകാര്യം ആവർത്തിച്ചു പറയുന്നു. ആവർത്തനം ഈ വാക്യങ്ങളിൽ പറയുന്ന കാര്യങ്ങളുടെ നിശ്ചയത്തെ കാണിക്കുന്നു. അപ്പൊസ്തലൻ എന്ന ആത്മീയ അധികാരം ഉപയോഗിച്ചു, സത്യ സുവിശേഷത്തിനെതിരെയുള്ള എല്ലാ ഉപദേശങ്ങളെയും പൌലൊസ് “ശപിക്കപ്പെട്ടവൻ” എന്നു കൽപ്പിക്കുന്നു. 8 ആം വാക്യത്തിൽ “ഞങ്ങൾ നിങ്ങളോടു അറിയിച്ച” സുവിശേഷവും, 9 ആം വാക്യത്തിൽ “നിങ്ങൾ കൈകൊണ്ട സുവിശേഷ”വും ആണ്. പൌലൊസും കൂടെയുള്ള പ്രവർത്തകരും അറിയിച്ചതും, ഗലാത്യയിലെ വിശ്വാസികൾ സ്വീകരിച്ചതുമായ ക്രിസ്തുവിന്റെ നിർമ്മല സുവിശേഷം ആണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. ഇതിന് വിപരീതമായ ഉപദേശങ്ങൾ പൌലൊസും കൂടെയുള്ളവരും അറിയിച്ചാലും, സ്വർഗ്ഗത്തിനിന്നുള്ള ദൂതന്മാർ അറിയിച്ചാലും, അവർ ശപിക്കപ്പെട്ടവർ ആയിരിക്കും. അക്കാലത്ത്, സ്വർഗ്ഗീയ ദൂതന്മാരുടെ അറിയിപ്പുകൾക്ക് ആത്മീയമായി വിശ്വാസ്യത ഉണ്ടായിരുന്നു. ഒരു ദൂതൻ അറിയിച്ചു എന്നു പറഞ്ഞാൽ, ആ കാര്യം എല്ലാവരും അംഗീകരിക്കുമായിരുന്നു. അതുകൊണ്ടാണ്, സ്വർഗ്ഗീയ ദൂതന്മാർ വേറൊരു സുവിശേഷം അറിയിച്ചാലും, അത് സ്വീകരിക്കേണ്ടതില്ല എന്നു പൌലൊസ് ശക്തമായി ഉപദേശിക്കുന്നത്. ദൂതന്മാർ വിരുദ്ധമായ സുവിശേഷം അറിയിക്കുവാൻ സാധ്യതയുണ്ട് എന്നു പൌലൊസ് അർത്ഥമാക്കുന്നില്ല. പൌലൊസും, കൂടെയുള്ള മനുഷ്യരും താഴ്ന്ന തലത്തിലും, സ്വർഗ്ഗീയ ദൂതന്മാർ ഉന്നത തലത്തിലും നിൽക്കുന്നു. ഇരുകൂട്ടരുടെയും കാര്യം പറയുന്നത്, സകലവിധ വിരുദ്ധ അറിയിപ്പുകളേയും, വെളിപ്പാടുകളേയും, ഉപദേശങ്ങളേയും കുറിച്ച് മൊത്തത്തിൽ പരാമർശിക്കുവാൻ ആണ്. എല്ലാ വിരുദ്ധ ഉപദേശങ്ങളും ശാപത്തിന് അർഹമാണ്.

 

ഈ വാക്യത്തിലെ “ശപിക്കപ്പെട്ടവൻ” എന്നതിന്റെ ഗ്രീക്ക് പദം, “അനാത്തെമ” എന്നാണ് (anathema, an-ath'-em-ah). “ശാപത്താൽ ബന്ധിക്കപ്പെടുക” എന്നാണ് അർത്ഥം (bind under a great curse). വീണ്ടെടുക്കുവാൻ കഴിയാതെ, ഒരു വസ്തുവിനെ ദൈവത്തിനോ, ദേവന്മാർക്കോ സമർപ്പിക്കുന്നതിനെയും “അനാത്തെമ” എന്നു വിളിക്കാം. വീണ്ടെടുക്കുവാൻ കഴിയുക ഇല്ല എന്നതിൽ നിന്നുമാണ് ശപിക്കപ്പെട്ടവൻ എന്ന അർത്ഥം ഉണ്ടാകുന്നത്. അതായത് വേറൊരു സുവിശേഷം പ്രസംഗിക്കുന്നവൻ വീണ്ടെടുക്കുവാൻ കഴിയാതെവണ്ണം, എന്നന്നേക്കും ശപിക്കപ്പെട്ടവൻ ആണ്. പൌലൊസ് കൽപ്പിക്കുന്ന ശാപം നിത്യമായി ശപിക്കപ്പെട്ട അവസ്ഥയാണ്. വിപരീത ഉപദേശം പ്രസംഗിക്കുന്നവർ ശപിക്കപ്പെട്ടവർ എങ്കിൽ, അതിൽ വിശ്വസിക്കുന്നവരും ശാപഗ്രസ്തർ ആകും. വിരുദ്ധ ഉപദേശം തന്നെ ശപിക്കപ്പെട്ടത് ആണ്.  

അപ്പൊസ്തലികത്വത്തിന്റെ പ്രതിരോധം

 

ഗലാത്യർ 1:10

ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.

 

10 ആം വാക്യത്തിൽ, അദ്ദേഹം ഒരിക്കലും മനുഷ്യരെ സന്തോഷിപ്പിക്കുവാൻ ശ്രമിച്ചിട്ടില്ല എന്നു പൌലൊസ് പറയുന്നു. മനുഷ്യരെ പ്രസാദിപ്പിക്കുവാൻ ശ്രമിക്കുന്നവന് ക്രിസ്തുവിന്റെ ദാസൻ ആയിരിക്കുവാൻ സാദ്ധ്യമല്ല. അതിനാൽ അദ്ദേഹം ക്രിസ്തുവിനെ പ്രസാദിപ്പിക്കുന്നവൻ മാത്രം ആയിരിക്കുന്നു. മനുഷ്യരെ സന്തോഷിപ്പിക്കുവാനായി സുവിശേഷ സത്യങ്ങളെ തള്ളിക്കളയുക ഇല്ല. “ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ” എന്ന വാക്യത്തിൽ ഒരിക്കൽ അദ്ദേഹം മനുഷ്യരെ സന്തോഷിപ്പിക്കുവാൻ തക്കവണ്ണം ജീവിച്ചു എന്നൊരു ധ്വനി ഉണ്ട്. എന്നാൽ മാനസാന്തരത്തിന് ശേഷം ക്രിസ്തുവിനെ മാത്രം പ്രസാദിപ്പിക്കുവാനായി, ക്രിസ്തുവിന്റെ ദാസനായി ജീവിക്കുന്നു.

 

ഗലാത്യർ 1:11-12

സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഓർപ്പിക്കുന്നു. അതു ഞാൻ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ പ്രാപിച്ചതു.

 

11-12 വാക്യങ്ങൾ അദ്ദേഹത്തിന്റെ അപ്പൊസ്തലികത്വത്തിന്റെ പ്രതിരോധം ആണ്. അദ്ദേഹത്തിനെതിരെ യഹൂദന്മാർ രണ്ടു ആരോപണങ്ങൾ ആയിരിക്കേണം ഉന്നയിച്ചത്. ഒന്ന്, യേശുക്രിസ്തുവിന്റെ ഇഹലോക ജീവിതകാലത്ത് പൌലൊസ് അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരുവൻ ആയിരുന്നില്ല. അതിനാൽ ക്രിസ്തുവിൽ നിന്നും നേരിട്ടു കൽപ്പന പ്രാപിച്ചിട്ടില്ല. രണ്ടു, ക്രിസ്തുവിൽ നിന്നും പൌലൊസ് നേരിട്ടു ഉപദേശങ്ങൾ പഠിച്ചിട്ടില്ല. അദ്ദേഹം മറ്റ് ശിഷ്യന്മാരിൽ നിന്നുമാകാം സുവിശേഷം മനസ്സിലാക്കിയത്.

 

ഒന്നാമത്തെ ആരോപണത്തിന് പൌലൊസ് ഗലാത്യർ 1:1-2 വാക്യങ്ങളിൽ തന്നെ മറുപടി നല്കുന്നുണ്ട്. മനുഷ്യരിൽ നിന്നോ, മനുഷ്യരാലോ അല്ല അദ്ദേഹം അപ്പൊസ്തലികത്വം പ്രാപിച്ചതു. അദ്ദേഹത്തെ അപ്പൊസ്തലനായി നിയോഗിച്ചത്, യേശുക്രിസ്തുവും, അവനെ മരിച്ചവരുടെ ഇടയിൽ നിന്നും ഉയിർപ്പിച്ച പിതാവായ ദൈവവുമാണ്. രണ്ടാമത്തെ ആരോപണത്തിനാണ് 11-12 വാക്യങ്ങളിൽ അദ്ദേഹം മറുപടി നല്കുന്നത്. പൌലൊസ് ഗലാത്യ സഭകളെ അറിയിച്ച ക്രിസ്തുവിന്റെ സുവിശേഷം മാനുഷികം അല്ല. “നിങ്ങളെ ഓർപ്പിക്കുന്നു” എന്ന വാക്കുകളിൽ, മുമ്പ് പറഞ്ഞത് ആവർത്തിച്ചു പറയുന്നു എന്ന അർത്ഥം ഉണ്ട്. സുവിശേഷം പൌലൊസ് പ്രാപിച്ചതും പഠിച്ചതും, മനുഷ്യരിൽ നിന്നല്ല, അദ്ദേഹം പ്രസംഗിക്കുന്ന സുവിശേഷം യേശുക്രിസ്തുവിൽ നിന്നും നേരിട്ട് വെളിപ്പാടിനാൽ പ്രാപിച്ചതാണ്.

 

പൌലൊസിന്റെ കാലത്ത് പുതിയനിയമ ഗ്രന്ഥങ്ങൾ എല്ലാം എഴുതപ്പെട്ടിരുന്നില്ല. എഴുതപ്പെട്ടവ തന്നെ ആധികാരികമായി തിരഞ്ഞെടുക്കപ്പെടുകയോ, ക്രോഡീകരിക്കപ്പെടുകയോ ചെയ്തിരുന്നില്ല. അതിനാൽ അന്നത്തെ സഭ, ആത്മീയവും ഭൌതീകവും സംബന്ധിച്ച എല്ലാ പ്രമാണങ്ങൾക്കും, പ്രവചനത്തെയും, അന്യഭാഷാ വ്യാഖ്യാനത്തെയും, വെളിപ്പാടുകളെയും ആണ് ആശ്രയിച്ചിരുന്നത്. ഇവ മൂന്ന് മർഗ്ഗങ്ങളും ദൈവീക വെളിപ്പാടിന്റെ സ്വീകാര്യമായ മാർഗ്ഗങ്ങൾ ആയിരുന്നു. അതിനാൽ, പൌലൊസ് സുവിശേഷം പ്രാപിക്കുകയും പഠിക്കുകയും ചെയ്തത്, “യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ” എന്നത് അന്നത്തെ സഭയ്ക്ക് ചോദ്യം ചെയ്യുവാൻ കഴിയാത്ത അവകാശവാദം ആണ്. ഇതിലൂടെ അദ്ദേഹത്തിന്റെ അപ്പൊസ്തലികത്വത്തെ ഉറപ്പിക്കുന്നു.   

പൌലൊസിന്റെ സാക്ഷ്യം

 

ഗലാത്യർ 1:13-24 വരെയുള്ള വാക്യങ്ങൾ പൌലൊസിന്റെ മാനസാന്തരത്തിന്റെയും അപ്പോസ്തലിക വിളിയുടെയും സാക്ഷ്യം ആണ്. ഈ വിവരണത്തിൽ നിന്നും, പൌലൊസിനെ സംബന്ധിച്ചുള്ള, മറ്റൊരിടത്ത് നിന്നും ലഭിക്കാത്ത ചില വിവരങ്ങൾ നമുക്ക് ലഭിക്കുന്നു. അതിൽ മുഖ്യം അദ്ദേഹത്തിന്റെ മാനസാന്തരത്തിന് ശേഷമുള്ള ചില വർഷങ്ങളുടെ ചരിത്രം ആണ്.

 

ഗലാത്യർ 1:13-14

യെഹൂദമതത്തിലെ എന്റെ മുമ്പേത്ത നടപ്പു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്റെ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തുപോന്നു.   

 

13-14 വാക്യങ്ങളിൽ, അദ്ദേഹത്തിന്റെ മാനസാന്തരത്തിന് മുമ്പുള്ള അവസ്ഥയെക്കുറിച്ച് ഹ്രസ്വമായി പറയുന്നു. അദ്ദേഹം എപ്രകാരമെല്ലാം എരിവുള്ളവനായി യഹൂദ മതത്തിൽ ജീവിച്ചിരുന്നു എന്നു എല്ലാവർക്കും അറിവുള്ളതാണ്. “പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി”, അദ്ദേഹം ദൈവസഭയെ അത്യന്തം ഉപദ്രവിക്കുകയും, മുടിക്കുവാൻ ശ്രമിക്കുകയും ചെയ്തു. യഹൂദ മതത്തോടുള്ള എരിവിൽ “സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും” അധികം ശുഷ്കാന്തി ഉള്ളവൻ ആയിരുന്നു.

 

ഗലാത്യർ 1:15-16

എങ്കിലും എന്റെ ജനനം മുതൽ എന്നെ വേർതിരിച്ചു തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന്നു അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ

 

15-16 വാക്യങ്ങൾ പൌലൊസിന്റെ ദൈവ വിളിയെക്കുറിച്ചാണ്. ദൈവം അവനെ “തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന്നു” തിരഞ്ഞെടുത്തത് ദമസ്കൊസിന്റെ പടിവാതിനരികെവച്ചല്ല. ദൈവ വേലയ്ക്കായി “എന്റെ ജനനം മുതൽ എന്നെ വേർതിരിച്ചു” എന്നാണ് പൌലൊസ് സാക്ഷീകരിക്കുന്നത്. എന്റെ ജനനം മുതൽ എന്നെ വേർതിരിച്ചുഎന്നത് മൂല ഭാഷയായ ഗ്രീക്കിൽ, “എന്റെ അമ്മയുടെ ഗർഭം മുതൽ വേർതിരിച്ചു” എന്നാണ്. ന്യൂ ഇൻറർനാഷനൽ വെർഷൻ ലും ഈ വാക്യം ഇങ്ങനെയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത് (set me apart from my mother's womb, New International Version). എന്നാൽ ഇങ്ഗ്ലീഷ് സ്റ്റാഡേർഡ് വെർഷൻ ൽ, “ഞാൻ ജനിക്കുന്നതിനും മുമ്പേ” എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത് (before I was born, English Standard Version). ഇവ തമ്മിൽ ആശയത്തിന് വലിയ വ്യത്യാസം ഇല്ല. ദൈവം പൌലൊസിനെ തിരഞ്ഞെടുത്തതും, വേർതിരിച്ചതും അവന്റെ ജനനത്തിനും മുമ്പെയാണ്.

 

അതായത്, അദ്ദേഹം യഹൂദ മതത്തിൽ എരിവുള്ളവനായി ദൈവ സഭയെ ഉപദ്രവിക്കുന്ന നാളുകളിലും, അവനെക്കുറിച്ചുള്ള ദൈവീക തിരഞ്ഞെടുപ്പ് ഉണ്ട്. അത് അവന് അപ്പോൾ തിരിച്ചറിയുവാൻ കഴിഞ്ഞില്ല. ഇത് ഒരുവനെക്കുറിച്ചുള്ള ദൈവത്തിന്റെ മുൻകൂട്ടിയുള്ള തിരഞ്ഞെടുപ്പും മുൻ നിർണ്ണയവും ആണ്. ഇതിനെ പൌലൊസ് ഇവിടെ ഉറപ്പിക്കുന്നു. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് പൌലൊസിന്റെ ഏതെങ്കിലും നല്ല പ്രവർത്തികളാൽ ഉണ്ടായത് അല്ല. ദൈവീക തിരഞ്ഞെടുപ്പ് ദൈവ കൃപയാൽ മാത്രം സംഭവിക്കുന്നു.

 

എപ്പോഴാണ് പൌലൊസ് അവന്റെ മേലുള്ള ദൈവീക തിരഞ്ഞെടുപ്പ് തിരിച്ചറിഞ്ഞത് എന്നു 16 ആം വാക്യത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. “അവനെ (യേശുക്രിസ്തുവിനെ) എന്നിൽ (in me) വെളിപ്പെടുത്തുവാൻ (ദൈവം) പ്രസാദിച്ചപ്പോൾ” എന്നത് യേശുക്രിസ്തു പൌലൊസിൽ വെളിപ്പെടുവാൻ തക്കവണ്ണം ദൈവം പൌലൊസിൽ പ്രസാദിച്ചപ്പോൾ എന്നു മനസ്സിലാക്കാം. ഇത് അദ്ദേഹത്തിന്റെ മാനസാന്തരം മാനുഷിക തിരഞ്ഞെടുപ്പ് ആയിരുന്നില്ല, മറിച്ച് ദൈവീക ഇടപെടലിനാൽ സംഭവിച്ചു എന്ന സാക്ഷ്യം ആണ്. ഈ വാക്യം ചില പരിഭാഷകളിൽ, “അവനെ എനിക്കു (to me) വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ എന്നാണ്. മൂല ഭാഷയായ ഗ്രീക്കിൽ ഇത് “എന്നിൽ” (in me) എന്നാണ്. പൌലൊസ് യേശുക്രിസ്തുവിന്റെ സുവിശേഷം അപ്പൊസ്തലന്മാർ പ്രസംഗിക്കുന്നത് കെട്ടിട്ടുണ്ടാകാം. യഹൂദന്മാർ സ്തെഫാനൊസിനെ കല്ലെറിഞ്ഞ് കൊല്ലുമ്പോൾ പൌലൊസ് അവിടെ ദൃക്സാക്ഷിയായി ഉണ്ടായിരുന്നു (അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 8:1). എന്നാൽ അന്നൊന്നും അദ്ദേഹത്തിന് യേശുവിനെ വെളിപ്പെട്ടു കിട്ടിയില്ല. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 9 ആം അദ്ധ്യായത്തിൽ ഉയിർത്തെഴുന്നേറ്റവനായ ക്രിസ്തു ഒരു വലിയ വെളിച്ചത്തിൽ പൌലൊസിന് പ്രത്യക്ഷനാകുമ്പോൾ ആണ് അദ്ദേഹത്തിന് യേശുവിനെ വെളിപ്പെട്ടു കിട്ടുന്നത്. ഒരുവനെ രക്ഷയ്ക്കായി തിരഞ്ഞെടുക്കുന്നതും അവനെ രക്ഷയിലേക്ക് നയിക്കുന്നതും ദൈവത്തിന്റെ സർവ്വാധികാരത്തിൽ ഉള്ള പ്രവർത്തിയാണ് എന്നതിന് ഒരു തെളിവാണ് ഈ സംഭവം. പൌലൊസിന് യേശുക്രിസ്തു വെളിപ്പെട്ടു കിട്ടി എന്നു മാത്രമല്ല പൌലൊസിൽ യേശുക്രിസ്തു മറ്റുള്ളവർക്ക് വെളിപ്പെടുകയും ചെയ്യുന്നു.    

 

“തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന്നു” എന്ന വാക്യം, പൌലൊസിന്റെ അപ്പൊസ്തലികത്വം യഹൂദ ഇതര സമൂഹങ്ങളിൽ സുവിശേഷം അറിയിക്കുവാനുള്ള ദൈവ നിയോഗം ആണ് എന്നു വ്യക്തമാക്കുന്നു.

 

ഗലാത്യർ 1:15 ആം വാക്യത്തിൽ, “തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം” എന്നാണ് പൌലൊസ് എഴുതിയത്. രക്ഷ ഒരുവൻ ചെയ്യുന്ന നന്മ പ്രവർത്തികളാൽ നേടുന്നത് അല്ല. അത് ദൈവത്തിന്റെ കൃപയാൽ മാത്രം ലഭിക്കുന്നു. ദൈവ കൃപയാൽ പൌലൊസ് രക്ഷിക്കപ്പെട്ടു, കൃപയാൽ അദ്ദേഹം സുവിശേഷം അറിയിക്കുന്നു. രക്ഷയോ, അപ്പൊസ്തലികത്വമൊ അദ്ദേഹം സ്വയം തിരഞ്ഞെടുത്തത് അല്ല, അദ്ദേഹത്തിന് ദാനമായി ലഭിച്ചത് ആണ്.   

 

മാനസാന്തരത്തിന് ശേഷം ഉടൻ പൌലൊസ് മറ്റ് അപ്പൊസ്തലന്മാരെ കാണുവാൻ യെരൂശലേമിലേക്ക് പോയില്ല (ഗലാത്യർ 1:16-17). “മാംസരക്തങ്ങളോടു” എന്നതിനെ മാംസവും രക്തവും കൊണ്ടു സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരോട്, എന്നു മനസ്സിലാക്കാം. മാനസാന്തരപ്പെട്ട പൌലൊസ്, ഒരു മനുഷ്യനോടുപോലും ആലോചിക്കാതെ, അപ്പൊസ്തലന്മാരെ കാണുവാൻ പോകാതെ, നേരെ അറേബ്യ പ്രദേശത്തേക്ക് പോയി. അവിടെ ആയിരുന്ന കാലത്തായിരിക്കേണം അദ്ദേഹം സുവിശേഷ സത്യങ്ങൾ ക്രിസ്തുവിൽ നിന്നും നേരിട്ടു പ്രാപിക്കുന്നത്. അവിടെ നിന്നും അദ്ദേഹം തിരികെ ദമസ്കൊസിലേക്കു പൊന്നു.

 

പൌലൊസിന്റെ കാലത്ത് അറേബ്യ പ്രദേശം, നബറ്റീയൻ രാജ്യം ആയിരുന്നു. ഇത് സീനായ് മുതൽ (Nabataean Kingdom, NAB-uh-TEE-uhn) ദമസ്കൊസിന്റെ അതിരുവരെയും നീണ്ടു കിടന്ന പ്രദേശം ആണ്. നെഗേവ് മരുഭൂമിയും ഈ രാജ്യത്തിന്റെ ഭാഗം ആയിരുന്നു (Negev Desert). അക്കാലത്തെ ശക്തമായ ഈ രാജ്യത്തെ ഭരിച്ചിരുന്നത് അറേറ്റസ് നാലാമൻ എന്ന രാജാവ് ആയിരുന്നു (King Aretas IV). അൽപ്പം ചില വർഷങ്ങൾ ദമസ്കൊസും, നബറ്റീയൻ രാജ്യത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു എന്നു ചരിത്രകാരന്മാർ കരുതുന്നു. ഈ കാലയളവിനെക്കുറിച്ച് വ്യക്തയില്ല. എന്നാൽ പിന്നീട് ഇതു റോമൻ സാമ്രാജ്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലായി. നബറ്റീയൻ രാജ്യത്തെയാണ് ഗലാത്യർ 4:25 ൽ, “അറബി ദേശം” എന്നു വിളിക്കുന്നത്.  

 

ഗലാത്യർ 4:25

ഹാഗർ എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.

 

മാനസാന്തരപ്പെട്ടത്തിന് ശേഷം പൌലൊസ് ദമസ്കൊസിൽ നിന്നും ദൂരെയുള്ള ഏകാന്തമായ ഒരു പ്രദേശത്ത് കുറെ നാളുകൾ ചിലവഴിച്ചു. ഈ ഇടവേളയിൽ സുവിശേഷ സത്യങ്ങൾ അദ്ദേഹം യേശുക്രിസ്തുവിൽ നിന്നും നേരിട്ടു വെളിപ്പാടിനാൽ പ്രാപിച്ചു.

 

ഗലാത്യർ 1:18-19

മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിന്നു യെരൂശലേമിലേക്കു പോയി പതിനഞ്ചുദിവസം അവനോടുകടെ പാർത്തു. എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.

 

അറബിയിൽ നിന്നും ദമസ്കൊസിലേക്കു മടങ്ങിവന്നതിനു ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞാണ് പത്രൊസിനെ നേരിൽ കണ്ടു മുഖ പരിചയം ആകേണ്ടതിനായി യെരൂശലേമിലേക്ക് പോകുന്നത്. അവിടെ പതിനഞ്ച് ദിവസങ്ങൾ പത്രൊസിനോടു കൂടെ താമസിച്ചു. ഈ കാലയളവിൽ യേശുക്രിസ്തുവിന്റെ സഹോദരനായ യാക്കോബിനെ പൌലൊസ് പരിചയപ്പെട്ടു. മറ്റ് അപ്പൊസ്തലന്മാരെ ആരെയും കണ്ടില്ല. യാക്കോബ് യെരൂശലേം സഭയുടെ അദ്ധ്യക്ഷനായി ശുശ്രൂഷ ചെയ്യുക ആയിരുന്നു.

 

ഗലാത്യർ 1:20

ഞാൻ നിങ്ങൾക്കു എഴുതുന്നതു ഭോഷ്കല്ല എന്നതിന്നു ദൈവം സാക്ഷി.

 

20 ആം വാക്യത്തിൽ, പൌലൊസിന്റെ സാക്ഷ്യം സത്യമാണ് എന്നതിന് ദൈവത്തെ സാക്ഷി നിറുത്തുന്നു.

 

ഗലാത്യർ 1:21-24

പിന്നെ ഞാൻ സുറിയ കിലിക്യ ദിക്കുകളിലേക്കു പോയി. യെഹൂദ്യയിലെ ക്രിസ്തുസഭകൾക്കോ ഞാൻ മുഖപരിചയം ഇല്ലാത്തവൻ ആയിരുന്നു; മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്നു മാത്രം അവർ കേട്ടു എന്നെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തി.

 

യെരൂശലേമിൽ നിന്നും തിരികെ വന്ന പൌലൊസ്, സുറിയ, കിലിക്യ എന്നീ ദേശങ്ങളിലേക്ക് യാത്ര ചെയ്തു സുവിശേഷം അറിയിച്ചു. 22 ആം വാക്യത്തിൽ, “യെഹൂദ്യയിലെ ക്രിസ്തുസഭകൾക്കോ ഞാൻ മുഖപരിചയം ഇല്ലാത്തവൻ ആയിരുന്നു” എന്നു പറയുന്നു. സുറിയ, കിലിക്യ എന്നീ പ്രദേശങ്ങൾ യെരൂശലേമിൽ നിന്നും ദൂരെയുള്ള ദേശങ്ങൾ ആയിരുന്നു. ഇതിൽനിന്നും അദ്ദേഹം യെഹൂദ്യ പ്രദേശത്തെ സഭകളിൽ സുവിശേഷം പ്രസംഗിച്ചില്ല എന്നു മനസ്സിലാക്കാം. അതുകൊണ്ടു യെഹൂദ്യ ദേശത്തെ സഭകൾക്ക് പൌലൊസിനെ മുഖ പരിചയം ഇല്ലായിരുന്നു. എങ്കിലും അവർക്ക് പൌലൊസിനെക്കുറിച്ച് കേൾവി ഉണ്ടായിരുന്നു. മുമ്പ് ക്രിസ്തീയ സഭയെയും വിശ്വാസികളെയും ഉപദ്രവിച്ച പൌലൊസ് എന്നൊരുവൻ ഇപ്പോൾ മാനസാന്തരപ്പെട്ട്, ക്രിസ്തുവിനെ സ്വീകരിച്ചു, സുവിശേഷം പ്രസംഗിക്കുന്നു എന്നു അവർ കേട്ടിരുന്നു. ഇതിൽ യഹൂദ്യ ക്രിസ്തീയ സഭകൾ സന്തോഷിക്കുകയും, ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു.

 

ഇതെല്ലാം അദ്ദേഹം വിവരിക്കുന്നത്, അദ്ദേഹത്തിന്റെ അപ്പൊസ്തലികത്വത്തെ പ്രതിരോധിക്കുവാൻ ആണ്. അദ്ദേഹം സുവിശേഷം പ്രാപിച്ചതും ഗ്രഹിച്ചതും യേശുക്രിസ്തുവിൽ നിന്നും നേരിട്ടാണ്, മനുഷ്യരിൽ നിന്നല്ല. പൌലൊസിന്റെ സാക്ഷ്യം ഗലാത്യർ 2 ആം അദ്ധ്യായത്തിലും തുടരുന്നു.

 



No comments:

Post a Comment