ഗലാത്യർ - അദ്ധ്യായം 2

ഗലാത്യർ രണ്ടാം അദ്ധ്യായത്തിൽ അപ്പൊസ്തലനായ പൌലൊസിന്റെ ജീവിതത്തിലെ രണ്ടു സംഭവങ്ങൾ ആണ് അദ്ദേഹം വിവരിക്കുന്നത്. ഒന്ന് യെരൂശലേം ആലോചനയോഗത്തിൽ (Jerusalem council) പങ്കെടുത്തതും, രണ്ടാമത്തേത്, പത്രോസിന്റെ അന്ത്യോക്യ സന്ദർശനവും ആണ്. ഈ വിവരണങ്ങളുടെ മദ്ധ്യേ കടന്നുവരുന്നതല്ലാതെ മറ്റ് ദൈവശാസ്ത്ര വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നില്ല.   

യെരൂശലേം യാത്ര

 

ഗലാത്യർ രണ്ടാം അദ്ധ്യായം, ഒന്നാം അദ്ധ്യത്തിന്റെ തുടർച്ചയാണ്. ഒന്നാം അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് അപ്പൊസ്തലനായ പൌലൊസ് വിവരിച്ചുകൊണ്ടിരുന്ന സാക്ഷ്യം, 2 ആം അദ്ധ്യായത്തിലും തുടരുകയാണ്. ഗലാത്യർ 1:18 ൽ പറഞ്ഞ യെരൂശലേം സന്ദർശനത്തിന് 14 വർഷങ്ങൾക്ക് ശേഷം, പൌലൊസ് വീണ്ടും യെരൂശലേമിലേക്ക് പോയി. അദ്ദേഹത്തിന്റെ ഒന്നാമത്തെ സന്ദർശന വേളയിൽ, പൌലൊസ് യെരൂശലേമിൽ ഉള്ളവർക്ക് മുഖപരിചയം ഇല്ലാത്തവനും, അധികം കേട്ടിട്ടില്ലാത്തവനും ആയ ഒരു വ്യക്തി ആയിരുന്നു. എന്നാൽ ഇപ്പോൾ അവർ പൌലൊസിനെക്കുറിച്ച് വളരെയധികം കേട്ടിരിക്കുന്നു. അദ്ദേഹം യഹൂദ ഇതര ജനസമൂഹങ്ങളിൽ പല സ്ഥലത്തും ക്രിസ്തുവിന്റെ സഭ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ശക്തനായ ഒരു അപ്പൊസ്തലൻ ആയിരിക്കുന്നു. അദ്ദേഹത്തിന്റെ ഒന്നാമത്തെ സന്ദർശനത്തിൽ ആരെങ്കിലും കൂടെ ഉണ്ടായിരുന്നതായി പറയുന്നില്ല. എന്നാൽ രണ്ടാമത്തെ യെരൂശലേം സന്ദർശന വേളയിൽ ബർന്നബാസും, തീതൊസും കൂടെ ഉണ്ടായിരുന്നു (Barnabas, Titus).

 

പൌലൊസിന്റെ രണ്ടാമത്തെ യെരൂശലേം സന്ദർശനത്തിന് വളരെ പ്രാധാന്യം ഉണ്ട്. ഈ അവസരത്തിൽ ആണ് യെരൂശലേം ആലോചനായോഗം കൂടുന്നത് (Jerusalem council). ഈ യോഗത്തിൽ വച്ചാണ് ക്രിസ്തീയ സഭയുടെ ചരിത്രത്തിലെ, അടിസ്ഥാന ഉപദേശത്തെ സംബന്ധിച്ച, ഏറ്റവും നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടാകുന്നത്. ഈ യോഗത്തിൽ, ജാതികളിൽ നിന്നും ക്രിസ്തീയ വിശ്വാസത്തിലേക്ക് വരുന്നവർ മോശെയുടെ ന്യായപ്രമാണം അനുസരിക്കണമോ എന്ന വിഷയം ചൂടുപിടിച്ചു ചർച്ച ചെയ്തു. യോഗത്തിന്റെ അവസാനം, ജാതികളിൽ നിന്നും ക്രിസ്തുവിങ്കലേക്ക് വരുന്നവർ ന്യായപ്രമാണം അനുസരിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ സഭ എത്തിച്ചേർന്നു.

 

യെരൂശലേം യാത്രയുടെ സാഹചര്യം

 

പൌലൊസിന്റെ രണ്ടാമത്തെ യെരൂശലേം സന്ദർശനത്തിന്റെ സാഹചര്യം ഇതായിരുന്നു. യെരൂശലേമിൽ നിന്നും ചില യഹൂദന്മാർ സിറിയയിലെ അന്ത്യൊക്ക്യയിൽ എത്തി, “മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.” (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15:1). പൌലൊസും, ബർന്നബാസും എതിർവാദം ഉന്നയിച്ചു, അവരുമായി തർക്കം ഉണ്ടായി. അതിനാൽ ഈ വിഷയത്തിൽ ഒരു തീർപ്പ് ഉണ്ടാകേണം എന്നതിനായി അവർ യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്നു തീരുമാനിച്ചു. ഈ യാത്രയെക്കുറിച്ചാണ് ഗലാത്യർ 2:1 ൽ പരാമർശിക്കുന്നത്.

 

എന്നാൽ, ഗലാത്യർ 2:1 ൽ പറയുന്ന യെരൂശലേം സന്ദർശനം അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 11:27-30 വരെ വിവരിക്കുന്ന യാത്രയാണ് എന്നും അഭിപ്രായം ഉണ്ട്. യെരൂശലേമിൽ നിന്നും അഗബൊസ് എന്ന ഒരു പ്രവാചകൻ അന്ത്യോക്യയിൽ എത്തുകയും, ആ പ്രദേശങ്ങളിൽ ഒരു മഹാക്ഷാമം ഉണ്ടാകുവാൻ പോകുന്നു എന്നു പ്രവചിക്കുകയും ചെയ്തു. ഇത് റോമൻ ചക്രവർത്തിയായ “ക്ളൌദ്യൊസിന്റെ കാലത്തു സംഭവിച്ചു.” (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 11:28, ക്ലോഡിയസ്, Emperor Claudius, ഭരണം - എ. ഡി. 41-54). അപ്പോൾ അന്ത്യോക്യായിൽ ഉള്ളവർ യെഹൂദ്യയിൽ ഉള്ള ക്രിസ്തീയ സഹോദരന്മാർക്ക് സഹായം എത്തിച്ചുകൊടുത്തു. അത് അവർ  ബർന്നബാസിന്റെയും ശൌലിന്റെയും കയ്യിൽ കൊടുത്തയച്ചു. (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 11:30).

 

എന്നാൽ ഗലാത്യർ 2 ൽ പറയുന്ന യെരൂശലേം സന്ദർശനം അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15 ൽ പറയുന്ന യെരൂശലേം ആലോചനായോഗം ആണ് എന്നാണ് ഭൂരിപക്ഷം വേദപണ്ഡിതന്മാരുടെയും അഭിപ്രായം.

 

ബർന്നബാസും തീതൊസും

 

പൌലൊസിനോടു ഒപ്പം യെരൂശലേമിലേക്ക് പോയ യോസേഫ് ബർന്നബാസ് കുപ്രദ്വീപുകാരൻ ആയിരുന്ന, ലേവ്യ ഗോത്രത്തിൽപ്പെട്ട ഒരു യഹൂദൻ ആയിരുന്നു (Joseph Barnabas, Cyprus). ബർന്നബാസ് എന്ന പേരിന്റെ അർത്ഥം, “പ്രബോധനപുത്രൻ” എന്നായിരുന്നു (son of encouragement). പൌലൊസിന്റെ ഒന്നാമത്തെ ഗലാത്യ സന്ദർശനത്തിൽ ബർന്നബാസ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 13:2).

 

തീതൊസ്, പൌലൊസിന്റെ ശുശ്രൂഷയുടെ ഫലമായി ക്രിസ്തുവിനെ സ്വീകരിച്ച ഒരു യവനൻ ആയിരുന്നു. അദ്ദേഹം ഒരു യഹൂദൻ ആയിരുന്നില്ല. തീതൊസ്, ക്രേത്ത എന്ന പട്ടണത്തിൽ നിന്നുള്ളവൻ ആയിരുന്നിരിക്കാം (Crete, തീത്തൊസ് 1:5). അദ്ദേഹത്തെ കൂടെ കൂട്ടികൊണ്ടാണ് പൌലൊസ് യെരൂശലേമിലേക്ക് പോയത് എന്നത് ശ്രദ്ധേയം ആണ്. തീതൊസ്, പൌലൊസിനോടൊപ്പം ഉണ്ടായിരുന്നു എന്നു അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ എന്ന പുസ്തകത്തിൽ പ്രത്യേകം പറയുന്നില്ല. എന്നാൽ അദ്ദേഹം പൌലൊസിന്റെ വിശ്വസ്തരിൽ ഒരുവൻ ആയിരുന്നു. 2 കൊരിന്ത്യർ 8:23 ൽ പൌലൊസ് തീതൊസിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്, “തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു”. തീത്തോസ് 1:5 ൽ “പട്ടണംതോറും മൂപ്പന്മാരെ ആക്കി വെക്കേണ്ടതിന്നും” പൌലൊസ് അദ്ദേഹത്തോട് കൽപ്പിക്കുന്നു.

 

ഞാൻ ഒരു വെളിപ്പാടു അനുസരിച്ചത്രേ പോയതുഎന്നാണ് പൌലൊസ് യെരൂശലേം യാത്രയെക്കുറിച്ച് ഗലാത്യർ 2:2 ൽ പറയുന്നത്. ജാതികളുടെ ഇടയിലെ സുവിശേഷീകരണം അപ്പൊസ്തലന്മാരോട് വിവരിക്കുക എന്നതായിരിക്കേണം അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഇതായിരിക്കാം “വെളിപ്പാട്” എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. “ഞാൻ ജാതികളുടെ ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷം” എന്നാണ് അദ്ദേഹം എഴുതിയത്. ഈ സുവിശേഷത്തിന്റെ പ്രത്യേകത അദ്ദേഹം ഗലാത്യർ 3:27-28, 4:5, 5:6, എന്നീ വാക്യങ്ങളിൽ പറയുന്നുണ്ട്.

 

ഗലാത്യർ 3:27-28

ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.

 

ഗലാത്യർ 4:5

അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.

 

ഗലാത്യർ 5:6

ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.

 

“പ്രമാണികളോടു വിവരിച്ചു” എന്നത് അവരുടെ അനുവാദമോ, അംഗീകാരമോ നേടി എന്നല്ല. പൌലൊസ് ജാതികളുടെ ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷം അദ്ദേഹം അപ്പൊസ്തലന്മാരുടെയും, പ്രമാണിമാരുടെയും മുന്നിൽ അവതരിപ്പിച്ചു. അത് അദ്ദേഹം യേശുക്രിസ്തുവിൽ നിന്നും വെളിപ്പാടിനാൽ പ്രാപിച്ച സുവിശേഷം ആണ് എന്നതിനാൽ അതിന് മനുഷ്യരുടെ ആരുടെയും അംഗീകാരം ആവശ്യമില്ല. എന്നാൽ, “ഞാൻ ഓടുന്നതോ ഓടിയതോ വെറുതേ എന്നു വരാതിരിപ്പാൻ” എന്ന വാക്കുകളിൽ, അപ്പൊസ്തലന്മാരുടെയും പ്രമാണിമാരുടെയും അംഗീകാരം നേടുവാൻ അദ്ദേഹം താല്പര്യപ്പെട്ടു എന്നൊരു ധ്വനി ഉണ്ട്. അദ്ദേഹം പ്രസംഗിക്കുന്ന സുവിശേഷം സത്യ സുവിശേഷം തന്നെയാണ് എന്നു അപ്പൊസ്തലന്മാരെയും ബോധ്യപ്പെടുത്തുക എന്നതായിരിക്കേണം ഇവിടെ ഉദ്ദേശിക്കുന്നത്. അദ്ദേഹത്തിന് ലഭിച്ച വെളിപ്പാടിനെ അപ്പൊസ്തലന്മാരുടെ അംഗീകാരത്തോടെ ഉറപ്പിക്കുക എന്നതും ഇവിടെ അർത്ഥമാക്കാം. ജാതികളിൽ നിന്നും ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവരും പരിച്ഛേദന ഏൽക്കേണം എന്നു അപ്പൊസ്തലന്മാർ നിർബന്ധിക്കുക ആണ് എങ്കിൽ, ഇന്നേവരെയുള്ള പൌലൊസിന്റെ ജാതീയരുടെ ഇടയിലുള്ള വേല പ്രയോജനമില്ലാത്തത് ആകും. ക്രിസ്തുവിൽ ഒന്നായിരിക്കുന്ന യഹൂദനും, ജാതീയനും ചേർന്ന ഒരു പുതിയ സൃഷ്ടിപ്പിന്റെ സഭ എന്ന പൌലൊസിന്റെ സ്വപ്നം തകർന്നു പോകും.

പരിച്ഛേദനക്കാർ  

 

ഗലാത്യർ 2:3 ൽ, ഈ ലേഖനത്തിലെ മുഖ്യ വിഷയം പൌലൊസ് അവതരിപ്പിക്കുന്നു, “എന്റെ കൂടെയുള്ള തീതൊസ് യവനൻ എങ്കിലും പരിച്ഛേദന ഏല്പാൻ അവനെ ആരും നിർബ്ബന്ധിച്ചില്ല”. പരിച്ഛേദന ആണ് ഇവിടെ തർക്ക വിഷയം. അതായത് ജാതിയിൽ നിന്നും വിശ്വസിച്ചവർ പരിച്ഛേദന ഏൽക്കേണം എന്നു അപ്പൊസ്തലന്മാർ നിർബന്ധിച്ചില്ല.

 

ജാതികളിൽ നിന്നും വിശ്വാസം സ്വീകരിച്ചവർ പരിച്ഛേദന ഏൽക്കേണം എന്ന ഉപദേശം, ഗലാത്യയിൽ നുഴഞ്ഞു കയറിയ കള്ള സഹോദരന്മാർ പരത്തിയതാണ് (ഗലാത്യർ 2:4). ന്യായപ്രമാണം ഉപദേശിച്ച യഹൂദന്മാർ ക്രിസ്തീയ വിശ്വാസികളെ മോശെയുടെ ന്യായപ്രമാണത്തിന് അടിമപ്പെടുത്തുവാൻ നോക്കുന്നവർ ആണ്. അതിന് അവസരമുണ്ടോ എന്നു അറിയുവാനായി ക്രിസ്തുവിലുള്ള സ്വതന്ത്ര്യത്തെ അവർ ഒറ്റുനോക്കുന്നു. അതിനാൽ അവർ നൂഴഞ്ഞു കയറ്റക്കാർ ആണ്. “ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം” എന്നത് ന്യായപ്രമാണത്തിന്റെ പ്രവർത്തികളിൽ നിന്നുള്ള സ്വാതന്ത്ര്യം ആണ്.

 

പരിച്ഛേദനയെക്കുറിച്ചുള്ള തർക്കം ക്രിസ്തീയ സഭയിൽ ഉണ്ടായത്, സഭയിൽ നുഴഞ്ഞുകയറിയ കള്ളസഹോദരന്മാർ നിമിത്തം ആയിരുന്നു. ഗലാത്യർ 2:12 ൽ ഇവരെ “പരിച്ഛേദനക്കാർ” എന്നാണ് പൌലൊസ് വിളിക്കുന്നത്. ഇവരെക്കുറിച്ചു അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15:1 ആം വാക്യത്തിൽ പറയുന്നുണ്ട്.

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15:1

യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.

 

പരിച്ഛേദനക്കാർ വിരുദ്ധ ഉപദേശം പ്രസംഗിച്ചു എങ്കിലും, പൌലൊസും കൂടെയുള്ളവരും അവരെ എപ്പോഴും ശക്തമായി എതിർത്തു. ഇത് ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ സത്യം ഗലാത്യ സഭയിൽ നിലനിൽക്കേണ്ടതിന് വേണ്ടി ആയിരുന്നു (ഗലാത്യർ 2:5).

 

സഭയുടെ തൂണുകൾ

 

ഗലാത്യർ 2:2 ൽ പൌലൊസും ബർന്നബാസും, തീതൊസും, യെരൂശലേമിലേക്ക് പോയതായും അവിടെ പൌലൊസ് ജാതികളുടെ ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷം, “അവരോടു, വിശേഷാൽ പ്രമാണികളോടു വിവരിച്ചു” എന്നും പറയുന്നു. ഇവിടെ പറയുന്ന “അവർ” അപ്പൊസ്തലന്മാർ ആയിരിക്കാം. “പ്രമാണികൾ” യെരൂശലേം സഭയിലെ പ്രമുഖ വിശ്വാസികൾ ആയിരിക്കാം. ഇവർ ഇരുകൂട്ടരും യേശുക്രിസ്തുവിന്റെ ഇഹലോക ജീവിതകാലത്ത് അവനെ നേരിൽ കാണുകയും, കേൾക്കുകയും ചെയ്തവർ ആണ്. അതുകൊണ്ടാണ്, ഗലാത്യർ 2:6 ൽ “പ്രമാണികളായവരോ അവർ പണ്ടു എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്കു ഏതുമില്ല” എന്നു പൌലൊസ് പറയുന്നത്. അവരുടെ പാരമ്പര്യമോ, വിശ്വാസ ജീവിതത്തിലെ പഴക്കമോ ദൈവം നോക്കുന്നില്ല. അവരെക്കാളും വളരെ നാളുകൾക്ക് ശേഷം വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് പൌലൊസ്. പക്ഷെ ദൈവത്തിന് അവന്റെ സുവിശേഷം വെളിപ്പെടുത്തുവാൻ പഴയ വിശ്വാസി എന്നോ, പുതിയ വിശ്വാസി എന്നോ ഉള്ള മുഖ വ്യത്യാസം ഇല്ല. മാത്രവുമല്ല, അപ്പൊസ്തലന്മാരിൽ നിന്നോ, യെരൂശലേമിലെ സഭയിലെ പ്രമാണിമാരിൽ നിന്നോ യാതൊരു ഉപദേശവും പൌലൊസ് പഠിച്ചിട്ടില്ല. അദ്ദേഹം ക്രിസ്തുവിൽ നിന്നും വെളിപ്പാടിനാൽ ആണ് സുവിശേഷ സത്യങ്ങൾ ഗ്രഹിച്ചത്.

 

യെരൂശലേമിൽ പൌലൊസിന് ഉണ്ടായ അനുഭവം ആണ് അദ്ദേഹം 2:7-9 വാക്യങ്ങളിൽ വിവരിക്കുന്നത്. അവിടെ പൌലൊസും ബർന്നബാസും തീത്തോസും, അപ്പൊസ്തലന്മാരെയും പ്രമാണിമാരെയും കണ്ടു. യാക്കോബ്, പത്രൊസ്, യോഹന്നാൻ, എന്നിവർ സഭയുടെ തൂണുകളായി എണ്ണപ്പെട്ടിരുന്നു എന്നു അദ്ദേഹം സാക്ഷിക്കുന്നു. പത്രൊസിനെ അദ്ദേഹം “കേഫാവ്” എന്നാണ് പരാമർശിക്കുന്നത് (Cephas). “കല്ല്” എന്നു അർത്ഥം വരുന്ന അരാമ്യ ഭാഷയിലുള്ള ഒരു പേര് ആണ് കേഫാവ്” (stone). ഇതിന്റെ ഗ്രീക്ക് വാക്കാണ് “പെട്രോസ്” (petros). “പെട്രോസ്” എന്ന വാക്കിന്റെ അർത്ഥം, കല്ല്, പാറ എന്നിങ്ങനെയാണ് (stone, rock). ഈ വാക്കിൽ നിന്നുമാണ് പത്രൊസ് എന്ന പേര് ഉണ്ടായത് (Peter). “ശിമോൻഎന്നതാണ് അദ്ദേഹത്തിന്റെ ശരിയായ പേര്.

 

യോഹന്നാൻ 1:42

അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: “നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും” എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.

 

 മത്തായി 16:18

നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.

 

യാക്കോബ്, യേശുക്രിസ്തുവിന്റെ അമ്മ മറിയയുടെയും യോസേഫിന്റെയും മകൻ ആയിരുന്നു. അതിനാൽ അദ്ദേഹം യേശുവിന്റെ അർദ്ധ സഹോദരൻ ആയിരുന്നു. അദ്ദേഹത്തിന്റെ സഹോദരി-സഹോദരന്മാർ, യോസെ, ശിമോൻ, യൂദാ, എന്നിവർ ആയിരുന്നു.

 

മത്തായി 13:55-56

ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

 

യേശുക്രിസ്തുവിന്റെ ഇഹലോക ശുശ്രൂഷ കാലത്ത് യാക്കോബ് അവനിൽ വിശ്വസിച്ചിരുന്നില്ല.

 

യോഹന്നാൻ 7:3-5

അവന്റെ സഹോദരന്മാർ അവനോടു: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക. പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു. അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല.

 

എന്നാൽ ഉയിർത്തെഴുന്നേറ്റവനായ യേശുക്രിസ്തുവിനെ നേരിൽ കണ്ടവരുടെ കൂട്ടത്തിൽ യാക്കോബും ഉണ്ടായിരുന്നു.

 

1 കൊരിന്ത്യർ 15:7

അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാർക്കു എല്ലാവർക്കും പ്രത്യക്ഷനായി.

 

ഈ വാക്യത്തിൽ നിന്നും യേശുക്രിസ്തു അവന്റെ അർദ്ധ സഹോദരനായ യാക്കോബിന്നു പ്രത്യേകം പ്രത്യക്ഷനായി എന്നു അനുമാനിക്കാം. അതിന് ശേഷം യാക്കോബ് യെരൂശലേമിൽ താമസിച്ചു. അദ്ദേഹം മാളിക മുറിയിൽ കൂടിയിരുന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്നവരുടെ കൂട്ടത്തിൽ ഒരുവൻ ആയിരുന്നു. പിന്നീട് യെരൂശലേം സഭയുടെ അദ്ധ്യക്ഷ പദവിയിലേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു എന്നു കരുതാം.

 

ഗലാത്യർ 1:19 ൽ പറയുന്ന പൌലൊസിന്റെ യെരൂശലേം സന്ദർശനവേളയിൽ അദ്ദേഹം യാക്കോബിനെ കണ്ടിരുന്നു. ചില നാളുകൾക്ക് ശേഷം പത്രൊസ് കാരാഗൃഹത്തിൽ നിന്നും രക്ഷപ്പെട്ടപ്പോൾ, ആ വിവരം യാക്കോബിനെ അറിയിക്കുവാനായി വിശ്വാസികളെ ഭരമേൽപ്പിച്ചതായി അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 12:17 ൽ പറയുന്നു. 15 ആം അദ്ധ്യായത്തിൽ യെരൂശലേമിൽ ആലോചനായോഗം കൂടിയപ്പോൾ യാക്കോബ് അതിന്റെ അദ്ധ്യക്ഷൻ ആയിരുന്നു (Jerusalem Council). ഗലാത്യർ 2:9 ൽ സഭയുടെ “തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും” എന്നാണ് പൌലൊസ് വിശേഷിപ്പിക്കുന്നത്. പൌലൊസിന്റെ മൂന്നാമത്തെ സുവിശേഷ യാത്രയ്ക്ക് ശേഷം, അദ്ദേഹം യെരൂശലേമിൽ എത്തിയപ്പോൾ, യാക്കോബിന്റെ അടുക്കൽ പോയതായും, അവിടെ മൂപ്പന്മാരും വന്നു കൂടിയതായും അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 21:18 ആം വാക്യത്തിൽ പറയുന്നു. അവരോട് പൌലൊസ് “തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചതു ഓരോന്നായി വിവരിച്ചു പറഞ്ഞു (21:19). യാക്കോബിന്റെ മരണത്തെക്കുറിച്ച് വേദപുസ്തകത്തിൽ രേഖയില്ല. സഭാ പാരമ്പര്യ വിശ്വാസം അനുസരിച്ചു, എ. ഡി. 62 ൽ അദ്ദേഹം രക്തസാക്ഷിയായി മരിക്കുക ആയിരുന്നു. പുതിയനിയമത്തിലെ യാക്കോബിന്റെ ലേഖനം എഴുതിയത് യേശുക്രിസ്തുവിന്റെ അർദ്ധ സഹോദരനായ യാക്കോബ് ആണ് എന്നാണ് പൊതുവേയുള്ള വിശ്വാസം. അത് അദ്ദേഹം എ. ഡി. 50 നും എ. ഡി. 60 നും ഇടയിൽ എഴുതി.

 

യോഹന്നാൻ, സെബെദിയുടെ പുത്രൻ ആയിരുന്നു. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 12:2 ൽ പറയുന്ന, ഹെരോദാ രാജാവിനാൽ കൊല്ലപ്പെട്ട യാക്കോബും സെബെദിയുടെ പുത്രൻ ആയിരുന്നു. പൌലൊസിന്റെ ലേഖനത്തിൽ ഒരിക്കൽ മാത്രമേ യോഹന്നാന്റെ പേര് എടുത്തു പറയുന്നുള്ളൂ. അത് ഗലാത്യർ 2:9 ൽ ആണ്. യോഹന്നാൻ ആണ് വേദപുസ്തകത്തിലെ അവസാനത്തെ പുസ്തകമായ “വെളിപ്പാടു” എഴുതിയത്.

 

മത്തായി 10:2

പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്,

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 12:1-2

ആകാലത്തു ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു.

 

ഗലാത്യർ 2:7 ആം വാക്യത്തിൽ, പത്രൊസിനെ “പരിച്ഛേദനയുടെ അപ്പൊസ്തലൻ” എന്നു പൌലൊസ് വിശേഷിപ്പിക്കുന്നു. ഇതിനായി പത്രൊസിൽ വ്യാപരിച്ച കർത്താവായ യേശുക്രിസ്തുവും പരിശുദ്ധാത്മാവും തന്നെയാണ് ജാതികളുടെ ഇടയിൽ സുവിശേഷം അറിയിക്കുവാനായി പൌലൊസിലും വ്യാപരിച്ചത്. അങ്ങനെ, പത്രൊസിന്നു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ പൌലൊസിന് അഗ്രചർമ്മക്കാരുടെ (ജാതികളുടെ) ഇടയിലെ സുവിശേഷഘോഷണം ദൈവം ഭരമേല്പിച്ചിരിക്കുന്നു (2:8-9). ഈ സത്യം അപ്പൊസ്തലന്മാർ മനസ്സിലാക്കി, അവർ പൌലൊസിന്റെ മേൽ പകർന്നിരിക്കുന്ന ദൈവം കൃപ തിരിച്ചറിഞ്ഞു, പൌലൊസിനും ബർന്നബാസിന്നും കൂട്ടായ്മയുടെ വലങ്കൈ കൊടുത്തു (2:9). യെരൂശലേമിലെ അപ്പൊസ്തലന്മാർ പരിച്ഛേദനക്കാരുടെ (യഹൂദന്മാരുടെ) ഇടയിലും, പൌലൊസും,  ബർന്നബാസും, ജാതികളുടെ ഇടയിലും തുടർന്നും സുവിശേഷം അറിയിപ്പാൻ ഇത് അംഗീകാരമായി (2:9). ഇവിടെ യാതൊരു ഭിന്നതയും ഉണ്ടായില്ല.

 

പൌലൊസ് വ്യക്തമാക്കുന്നത് ഇതാണ്: യെരൂശലേമിലെ യാക്കോബ്, പത്രൊസ്, യോഹന്നാൻ എന്നിങ്ങനെയുള്ള അപ്പൊസ്തലന്മാർ ജാതികളുടെ ഇടയിൽ പൌലൊസ് സുവിശേഷം അറിയിക്കുന്നതിനെ തടഞ്ഞില്ല. പൌലൊസ് പഠിപ്പിക്കുന്ന സുവിശേഷ സത്യങ്ങളെ മാറ്റി പ്രസംഗിക്കേണം എന്നും ആവശ്യപ്പെട്ടില്ല. അവരോട് കൂടെ ഉണ്ടായിരുന്ന യവനായ തീത്തൊസ് പരിച്ഛേദന ഏൽക്കേണം എന്നു ആവശ്യപ്പെട്ടില്ല. അവർ പൌലൊസ് ജാതികളുടെ ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷത്തെ അംഗീകരിക്കുകയാണ് ചെയ്തത്. കാരണം അവരിലും, പൌലൊസിലും വ്യാപരിക്കുന്നത് ഉയിർത്തെഴുന്നേറ്റവനായ യേശുക്രിസ്തു ആയിരുന്നു.

 

ഇതിന്റെ അർത്ഥം, പരിച്ഛേദനക്കാരായ യഹൂദന്മാർക്കും, പരിച്ഛേദന ഏൽക്കാത്ത ജാതീയർക്കും വ്യത്യസ്ത സുവിശേഷം ഉണ്ട് എന്നല്ല. യഹൂദനും ജാതീയരും ക്രിസ്തുവിൽ ഒന്നാണ്, അവർക്ക് ഇരുകൂട്ടർക്കും ഒരു സുവിശേഷം മാത്രമേയുള്ളൂ. എന്നാൽ ഓരോ ജന സമൂഹങ്ങളോടും സുവിശേഷം അവതരിപ്പിക്കുന്ന രീതിയ്ക്ക് വ്യത്യാസം ഉണ്ടാകാം.   

 

കൊലൊസ്സ്യർ 3:11

അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.

 

യെരൂശലേം ആലോചനായോഗത്തിലെ തീരുമാനങ്ങൾ ഗലാത്യർക്കുള്ള ലേഖനത്തിൽ എടുത്തുപറയുന്നില്ല (Jerusalem council). എന്നാൽ ജാതികളിൽ നിന്നും വിശ്വാസത്തിലേക്ക് വന്നവർ മോശെയുടെ ന്യായപ്രമാണം അനുസരിക്കേണം എന്നു തീരുമാനിച്ചില്ല എന്നത് പൌലൊസ് വ്യക്തമാക്കുന്നു. “ദരിദ്രരെ ഞങ്ങൾ ഓർത്തുകൊള്ളേണം എന്നു മാത്രം അവർ പറഞ്ഞു” (ഗലാത്യർ 2:10). ഈ ഉപദേശം അനുസരിച്ചു പ്രവർത്തിക്കുവാൻ പൌലൊസ് എപ്പോഴും ശ്രദ്ധിക്കുന്നു. ഈ വാക്യത്തിൽ പറയുന്ന “ദരിദ്രർ” യെരൂശലേമിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിശ്വാസികൾ ആയിരിക്കാം.  

 

യെരൂശലേം ആലോചനായോഗത്തിന്റെ തീരുമാനങ്ങൾ നമുക്ക് അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15:19-29 വരെയുള്ള വാക്യങ്ങളിൽ വായിക്കാം.

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15:19-20

ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ നാം അവർക്കു എഴുതേണം എന്നു ഞാൻ (യാക്കോബ്) അഭിപ്രായപ്പെടുന്നു.

   

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15:28-29

വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ.

 (ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)


അന്ത്യോക്യയിൽ വച്ചുണ്ടായ സംഭവം

 

യെരൂശലേം ആലോചനായോഗത്തിന് ശേഷം അന്ത്യൊക്ക്യയിൽ വച്ചുണ്ടായ ഒരു സംഭവത്തിന്റെ വിവരണം ആണ് ഗലാത്യർ 2:11-21 വരെയുള്ള വാക്യങ്ങളിൽ നമ്മൾ വായിക്കുന്നത്. പത്രോസിന്റെ അന്ത്യോക്യ സന്ദർശനം ആണ് സന്ദർഭം. അവിടെ എത്തിയ പത്രൊസ് ജാതികളിൽ നിന്നും വിശ്വാസത്തിൽ വന്നവരോടൊപ്പം ആഹാരം കഴിച്ചു. എന്നാൽ യെരൂശലേമിൽ നിന്നും പരിച്ഛേദനക്കാരായ ചില യഹൂദന്മാർ അവിടെ എത്തിയപ്പോൾ, അവരെ ഭയന്ന് പത്രൊസ് ജാതികളോടുകൂടെ ഭക്ഷണം കഴിക്കാതെ വേറിട്ട് നിന്നു. അവിടെ ഉണ്ടായിരുന്ന യഹൂദന്മാരും ബർന്നബാസും പരിച്ഛേദനക്കാരോടും, പത്രൊസിനോടും ഒപ്പം ചേർന്നു, വേറിട്ട് ഭക്ഷണം കഴിച്ചു. ഇവരുടെ ഈ പ്രവർത്തി സുവിശേഷത്തിന്റെ സത്യത്തിന് യോജ്യമല്ല എന്നു പൌലൊസിന് തോന്നി. അതിനാൽ അവൻ പത്രൊസിനെ എതിർക്കുകയും പരസ്യമായി ശകാരിക്കുകയും ചെയ്തു (ഗലാത്യർ 2:11-14).   

 

ഗലാത്യർ 2:11 ആം വാക്യത്തിൽ പത്രൊസിൽ “കുറ്റം കാണുകയാൽ” പൌലൊസ് “അഭിമുഖമായി അവനോടു എതിർത്തുനിന്നു.” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ശക്തമായ ഒരു പ്രതിഷേധം ആയിരുന്നു. തുടർന്നു പത്രോസിന്റെ കുറ്റം എന്തായിരുന്നു എന്നു പൌലൊസ് വിവരിക്കുന്നു.

 

അന്ത്യോക്യ പട്ടണം  

 

റോമൻ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യ ആയിരുന്ന സിറിയയുടെ തലസ്ഥാന പട്ടണം ആയിരുന്നു അന്ത്യൊക്ക്യ (Roman province of Syria, Antioch). ലെവൻ്റൈൻ കടലിൽ നിന്നും 12 മൈൽ ഉള്ളിലേക്ക് മാറി, ഓറോണ്ടസ് നദിയുടെ കരയിൽ ആണ് ഈ പട്ടണം സ്ഥിതിചെയ്തിരുന്നത് (Levantine Sea, Orontes River). പൌലൊസിന്റെ കാലത്ത്, ഏകദേശം 2,50,000 പേർ ഇവിടെ താമസിച്ചിരുന്നു. സിൽക്ക് റോഡ്, പേർഷ്യയിലേയ്ക്കുള്ള രാജകീയ വീഥി, എന്നിവയുമായി ഈ പട്ടണത്തിന് ബന്ധം ഉണ്ടായിരുന്നതിനാൽ, ഇത് വളരെ പ്രധാനപ്പെട്ട ഒരു പ്രദേശം ആയിരുന്നു (Silk Road, Royal Road of Persia). ചൈനയെയും മെഡിറ്ററേനിയൻ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന, ഏകദേശം 6400 കിലോമീറ്റർ ദൈർഘ്യം ഉണ്ടായിരുന്ന, പുരാതന വാണിജ്യ പാതകളുടെ ശൃംഖലയാണ് സിൽക്ക് റോഡ് അഥവാ പട്ടുപാത (China, Mediterranean, Silk Road). ബി.സി. രണ്ടാം നൂറ്റാണ്ട് മുതൽ എ.ഡി പതിനഞ്ചാം നൂറ്റാണ്ട് വരെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാരത്തിനും, സാംസ്കാരിക വിനിമയത്തിനും, ആശയങ്ങളുടെ കൈമാറ്റത്തിനും ഈ പാത പ്രധാന പങ്കുവഹിച്ചു.

 

പുരാതന പേർഷ്യൻ സാമ്രാജ്യമായിരുന്ന അക്കീമെനിഡ് സാമ്രാജ്യത്തിന്റെ രാജാവായിരുന്ന ഡാരിയസ് ഒന്നാമൻ രാജാവ്, ബി. സി 5 ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു പുരാതന പാതയാണ് റോയൽ റോഡ് ഓഫ് പേർഷ്യ (Persian empire, Achaemenid empire, King Darius the Great, Royal Road of Persia). ഇതിന് ഏകദേശം 2,400 കിലോമീറ്റർ (1500 മൈൽ) ദൈർഘ്യം ഉണ്ടായിരുന്നു. പേർഷ്യൻ തലസ്ഥാനമായ സൂസയെ, ഈജിയൻ കടലിനടുത്തുള്ള സർദിസുമായി ഈ പാത ബന്ധിപ്പിച്ചു. (Susa, Aegean sea, Sardis). ആധുനിക, ഇറാൻ, ഇറാഖ്, തുർക്കി, എന്നിവിടങ്ങളിലൂടെ ഈ പാത കടന്നുപോയി (Iran, Iraq, Turkey).

 

“ക്രിസ്തീയ മതത്തിന്റെ പിള്ളത്തൊട്ടിൽ” എന്നു അന്ത്യോക്യയെ വിളിക്കാറുണ്ട് (Cradle of Christianity, Antioch). ആദ്യകാല ക്രിസ്തീയ സഭയിൽ അന്ത്യോക്യയിലെ സഭയ്ക്ക് വളരെ സ്വാധീനം ഉണ്ടായിരുന്നു. യഹൂദ ക്രിസ്തീയതയുടെ കേന്ദ്രം യെരൂശലേം ആയിരുന്നതുപോലെ, യവന ക്രിസ്തീയതയുടെ കേന്ദ്രം അന്ത്യോക്യ ആയിരുന്നു. ഇവിടെയാണ് ക്രിസ്തീയ വിശ്വാസികൾക്ക് “ക്രിസ്ത്യാനികൾ” എന്ന പേര് ആദ്യമായി ലഭിച്ചത് (Christians, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 11:26). ഇന്ന് “അന്റാക്യ” എന്നു അറിയപ്പെടുന്ന തുർക്കിയിലെ പട്ടണമാണ് പുരാതന അന്ത്യോക്യ (Antakya).      

 

സ്തെഫനൊസിന്റെ രക്തസാക്ഷിത്വത്തിന് ശേഷം യെരൂശലേമിൽ നിന്നും ഓടിപ്പോയ, യവന ഭാഷ സംസാരിക്കുന്ന യഹൂദ ക്രിസ്തീയ വിശ്വാസികൾ അന്ത്യോക്യയിൽ എത്തുകയും അവിടെ സഭ സ്ഥാപിക്കുകയും ചെയ്തു (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 11:19). പിന്നീട് ജാതീയരും ക്രിസ്തുവിൽ വിശ്വസിച്ചു സഭയോടു ചേർന്നു. ജാതീയരുടെ ഇടയിലെ സുവിശേഷ ഘോഷണത്തിന്റെ കേന്ദ്രം അന്ത്യോക്യ ആയിരുന്നു. പൌലൊസ്, ബർന്നബാസ് എന്നിവർ ഒരു വർഷത്തോളം അന്ത്യോക്യായിൽ താമസിച്ചു, അവരെ ഉപദേശിക്കുകയും ചെയ്തു (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 11:26). ഇവിടെ നിന്നാണ് പൌലൊസും ബർന്നബാസും അവരുടെ ആദ്യത്തെ സുവിശേഷ യാത്ര ആരംഭിക്കുന്നത് (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 13:2-3). തെക്കൻ ഗലാത്യ പ്രദേശങ്ങളിൽ സഭകൾ സ്ഥാപിച്ചതിന് ശേഷം ഇരുവരും വീണ്ടും അന്ത്യോക്യയിലേക്ക് തിരികെ വന്നു. ഈ അവസരത്തിൽ ആണ് പത്രൊസ് അവിടെ വരുന്നത്. ഇവിടെ വിവരിക്കുന്ന സംഭവം അപ്പൊസ്തലന്മാരുടെ പ്രവർത്തികളുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. 

പത്രൊസ് വ്യതിചലിക്കുന്നു

 

ഗലാത്യർ 2:12 ലെ “യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ” എന്നത് പരിച്ഛേദന വാദികൾ ആയ യഹൂദന്മാരെ കുറിച്ച് ആണ്. ഒരു ആധികാരിക ഉണ്ടാകുവാൻ വേണ്ടി, യാക്കോബിനാൽ അയക്കപ്പെട്ടവർ ആണ് എന്നു അവർ അവകാശപ്പെട്ടുകാണും. എന്നാൽ യാക്കോബ് ജാതികളിൽനിന്നും വിശ്വാസത്തിലേക്ക് വന്നവർ പരിച്ഛേദന ഏൽക്കേണം എന്നു ഉപദേശിച്ചിരുന്നില്ല. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15:24 ൽ, യെരൂശലേം ആലോചനായോഗത്തിന്റെ സമാപ്തിയിൽ യാക്കോബ് പറയുന്നത് ഇങ്ങനെയാണ്: ”ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേൾക്കകൊണ്ടു”. പരിച്ഛേദന വാദികളെ യാക്കോബ് തള്ളിപ്പറയുകയാണ്.

 

ഇവർക്ക് യാക്കോബിന്റെ പിൻതുണ ഇല്ലായിരുന്നു എങ്കിലും, അവർ അന്ത്യോക്യയിൽ വന്നപ്പോൾ പത്രൊസ് ഭക്ഷണത്തിന്റെ വിഷയത്തിൽ അവരുടെ പക്ഷം ചേർന്നു. ജാതികൾ വിഗ്രഹങ്ങളെ ആരാധിക്കുന്നവർ ആയതിനാൽ അവരുമായി ചേർന്നു യഹൂദന്മാർ ഭക്ഷണം കഴിക്കാറില്ലായിരുന്നു. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 10 ആം അദ്ധ്യായത്തിൽ കൊർന്നേല്യൊസിന്റെ വീട്ടിൽ സംഭവിച്ച കാര്യങ്ങളുടെ വിവരണത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 10:28

അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ.

 

എന്നാൽ അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 11:3 അനുസരിച്ചു, പത്രൊസ് കൊർന്നേല്യൊസിന്റെ വീട്ടിൽ, അവരോടൊപ്പം ഭക്ഷിച്ചു. കാരണം, “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാർത്ഥമായി ഗ്രഹിക്കുന്നു.” (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 10:34, 35). ക്രിസ്തുവിന്റെ സുവിശേഷത്തിൽ യഹൂദ വിശ്വാസിയും ജാതീയിൽ നിന്നും വിശ്വാസത്തിലേക്ക് വന്നവരും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല. ഇത് പത്രൊസ് അംഗീകരിച്ചിരുന്നതിനാൽ ആണ്, “യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടുകൂടെ തിന്നു പോന്നു” എന്നു പറഞ്ഞിരിക്കുന്നത്. എന്നാൽ യഹൂദന്മാർ വന്നപ്പോൾ, പത്രൊസ് അവരെ ഭയന്നു, ജാതീയ വിശ്വാസികളോടുകൂടെ ഭക്ഷിക്കുന്നതിൽ നിന്നും പിന്മാറി. യഹൂദന്മാർ യെരൂശലേമിലെ സഭയിൽ നിന്നും വന്നവർ ആയിരിക്കാം. അതിനാൽ ആയിരിക്കാം പത്രോസിന്, അവരുടെ സാന്നിധ്യത്തിൽ, ജാതികളോടൊപ്പം ഭക്ഷണം കഴിക്കുന്നതിൽ നേരിയ ഭയം ഉണ്ടായത്. എന്നാൽ, പത്രോസിന്റെ ഈ പ്രവർത്തി തെറ്റായിരുന്നതിനാൽ പൌലൊസ് അവനെ മുഖാമുഖം ശകാരിച്ചു.   

 

ഗലാത്യർ 2:13 ലെ “ശേഷം യെഹൂദന്മാരും” എന്നത് ഗലാത്യയിൽ താമസിച്ചിരുന്ന, ക്രിസ്തീയ വിശ്വാസം സ്വീകരിച്ച യഹൂദന്മാർ ആണ്. അവർ പൌലൊസിന്റെ ഉപദേശം സ്വീകരിക്കുകയും, മോശെയുടെ ന്യായപ്രമാണം ഉപേക്ഷിക്കുകയും ചെയ്തവർ ആണ്. എന്നാൽ പരിച്ഛേദനക്കാരായ യഹൂദന്മാരോട് ഒപ്പം പത്രൊസും ചേർന്നപ്പോൾ, ഗലാത്യയിലെ യഹൂദന്മാരും അവരോട് ഒപ്പം ചേർന്നു. പത്രൊസും, ഗലാത്യയിലെ യഹൂദന്മാരും സത്യ സുവിശേഷത്തോട് കപടം കാണിച്ചു. അതിനാൽ പൌലൊസിനോടു കൂടെ ഉണ്ടായിരുന്ന ബർന്നബാസും അവരോട് ചേർന്നു തെറ്റിപ്പോയി. അങ്ങനെ പൌലൊസ് മാത്രം ഏകനായി ക്രിസ്തുവിന്റെ സുവിശേഷത്തോട് ഒപ്പം നിന്നു. ഇത് ക്രിസ്തീയ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ അനൌദ്യോഗികമായ പിളർപ്പ് ആണ്. വിപരീത ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈ പിളർപ്പ് ഉണ്ടായത്.

 

അങ്ങനെ “അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല” എന്നു പൌലൊസ് കണ്ടു (ഗലാത്യർ 2:14). പത്രൊസ് മനപ്പൂർവ്വമായി മറ്റുള്ളവരെ തെറ്റിക്കുവാൻ ആഗ്രഹിച്ചില്ല എങ്കിലും, അവൻ സുവിശേഷത്തോട് നേര് കാണിച്ചില്ല എന്നതിനാൽ മറ്റുള്ളവർ കൂടി തെറ്റിപ്പോകുവാൻ ഇടയായി. അതിനാൽ പൌലൊസിന് പരസ്യമായി തന്നെ ഇതിനോട് പ്രതികരിക്കേണ്ടി വന്നു. അവൻ എല്ലാവരും കേൾക്കെ പത്രൊസിനെ ശകാരിച്ചു. പൌലൊസിന്റെ ചോദ്യം ഇതായിരുന്നു, “യെഹൂദനായ നീ യെഹൂദ മര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദ മര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു?” (ഗലാത്യർ 2:14). തുടർന്നു 2:21 വരെയുള്ള വാക്യങ്ങളിൽ പത്രൊസിനോടുള്ള പൌലൊസിന്റെ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നു.

 

ജന്മനാ യെഹൂദനായ പത്രൊസ് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന് ശേഷം, യെഹൂദ മര്യാദപ്രകാരം ജീവിക്കുന്നില്ല. അവൻ ജാതികളോടൊത്ത് ഭക്ഷണം കഴിച്ചിട്ടുണ്ട് (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 11:3, ഗലാത്യർ 2:12). കൃപയുടെ സുവിശേഷം യഹൂദനും, ജാതീയർക്കും വ്യത്യാസം കൽപ്പിക്കുന്നില്ല. എന്നാൽ ഇപ്പോൾ യഹൂദ മത ആചാരങ്ങൾ അനുസരിക്കുവാൻ ജാതീയ വിശ്വാസികളെ നിർബന്ധിക്കുന്നു. ഇതായിരുന്നു പൌലൊസിന്റെ ആരോപണം.   

 

പത്രൊസിനോടുള്ള പൌലൊസിന്റെ വാക്കുകൾ ഇങ്ങനെ തുടരുന്നു. പത്രൊസും, ബർന്നബാസും, പൌലൊസും, ഗലാത്യയിലെ യഹൂദ വിശ്വാസികളും ഉൾപ്പെടെയുള്ളവർ ജന്മനാ യഹൂദന്മാർ ആണ് (2:15-16). 2:15 ലെ “നാം സ്വഭാവത്താൽ ജാതികളിൽനിന്നുള്ള പാപികളല്ല,” എന്നതിലെ “സ്വഭാവത്താൽ” എന്നത്, ഇംഗ്ലീഷിൽ, പ്രകൃത്യാ, ജന്മനാ, എന്നിങ്ങനെയാണ് (by nature-KJV, by birth – ESV). ഇതിന്റെ ഗ്രീക്ക് പദം, ഫൂസീസ്” എന്നാണ് (physis, foo'-sis). ഇതിന്റെ അർത്ഥം, ജന്മനാ, പ്രകൃത്യാ, എന്നിങ്ങനെയാണ്.  

 

യഹൂദന് മാത്രമേ ദൈവത്തിൽ നിന്നും ന്യായപ്രമാണം ലഭിച്ചിട്ടുള്ളൂ. ന്യായപ്രമാണത്താൽ മാത്രമേ നീതീകരണം ലഭിക്കൂ. അതിനാൽ ന്യായപ്രമാണം ഇല്ലാത്ത ജാതികൾ പാപികൾ ആണ് എന്നായിരുന്നു യഹൂദരുടെ വിശ്വാസം. പൌലൊസ് പറയുന്നത് ഇതാണ്, “ന്യായപ്രമാണം ഇല്ലാത്ത ജാതികളെക്കാൾ യഹൂദന്മാർ ഏറെ ശ്രേഷ്ഠർ ആണ് എന്നു അവർ കരുതുന്നു. എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ ആരും ദൈവ മുമ്പാകെ നീതീകരിക്കപ്പെടുന്നില്ല എന്നു ക്രിസ്തുവിൽ വിശ്വസിക്കുന്നവർ അറിയുന്നു (2:16). ഒരുവൻ നീതീകരിക്കപ്പെടുന്നത് യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം ആണ്. അതിനാൽ ദൈവ മുമ്പാകെ നീതീകരിക്കപ്പെടേണ്ടതിന് ന്യായപ്രമാണത്തിന്റെ പ്രവർത്തികളെ ഉപേക്ഷിച്ച്, യേശുക്രിസ്തുവിൽ വിശ്വസിച്ചു.    

 

ദൈവം ഒരുവനെ നീതീമാൻ എന്നു വിധിക്കുകയും, അതിനാൽ പാപത്തിന്റെ ശിഷയിൽ നിന്നും വിടുവിക്കുകയും ചെയ്യുന്നതിനെയാണ് നീതീകരണം എന്നു വിളിക്കുന്നത്. എങ്ങനെ നീതീകരിക്കപ്പെടാം എന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരമാണ് പൌലൊസ് ഇവിടെ പറയുന്നത്. യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം, യഹൂദനും, യവനനും ഒരുപോലെ നീതീകരിക്കപ്പെടുവാൻ കഴിയും. ഒരുവന്റെ പ്രവർത്തികൾ കാരണം അല്ല അവൻ നീതീകരിക്കപ്പെടുന്നത്. ഇതാണ് പത്രൊസും, പൌലൊസും ഉൾപ്പെടെ ക്രിസ്തുവിലേക്ക് വന്നവർ എല്ലാവരും വിശ്വസിക്കുന്നത്.    

 

നീതീകരണം

 

ഗലാത്യർ 2:16 ൽ നീതീകരിക്കപ്പെടുക” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് ദിക്കയാഒ” എന്നതാണ് (dikaioō, dik-ah-yo'-o, justifiedKJV, ESV). 16 ആം വാക്യത്തിൽ 3 പ്രാവശ്യവും, 17 ആം വാക്യത്തിൽ ഒരു പ്രാവശ്യവും പൌലൊസ് ഈ വാക്ക് ഉപയോഗിക്കുന്നു. ഗലാത്യ ലേഖനത്തിൽ ആദ്യമായി ഈ വാക്ക് ഉപയോഗിക്കുന്നത് 16 ആം വാക്യത്തിൽ ആണ്. ഇതൊരു നിയമപരമായ വാക്കാണ്. ഒരു കോടതിയിൽ ഒരുവനെ കുറ്റക്കാരൻ അല്ല എന്നും അതിനാൽ നീതിമാൻ ആണ് എന്നും വിധിക്കുന്നതു ആണ്. ഇത് ദൈവം പാപിയായ ഒരു മനുഷ്യനെ, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രം നീതിമാൻ എന്നും അതിനാൽ പാപത്തിന്റെ ശിക്ഷാവിധിക്ക് യോഗ്യൻ അല്ല എന്നും വിധിക്കുന്നതു ആണ്. നീതീകരണം ഒരുവൻ ദൈവവുമായുള്ള ബന്ധത്തിൽ നിരപ്പ് പ്രാപിക്കുന്നത് ആണ്.  

 

“നീതീകരണം” എന്നതിന്റെ റോമൻ കത്തോലിക്കാ വിശ്വാസവും, നവീകരണ മുന്നേറ്റ സഭകളുടെ വിശ്വാസവും വ്യത്യസ്തമാണ് (Roman Catholic Church, Protestant, Reformed Church). കത്തോലിക്കാ സഭയുടെ വിശ്വാസം അനുസരിച്ചു നീതീകരണത്തിൽ ദൈവം ഒരുവനെ നീതിമാൻ ആക്കി മാറുന്നു. അവന്റെ പഴയ പാപങ്ങൾ മുഴുവൻ നീക്കികളഞ്ഞു. അങ്ങനെ അവൻ നീതിയിമാൻ ആയി തീരുന്നു. നീതിമാനായവർക്ക് ദൈവത്തോട് ബന്ധം ഉണ്ടാകുന്നു. അവൻ സന്മാർഗ്ഗീകമായി പുതുക്കം പ്രാപിച്ചു, വർത്തമാന കാല ജീവിതത്തിൽ നീതിയോടെ ജീവിക്കുന്നു. എന്നാൽ സമ്പൂർണ്ണമായ നീതീകരണം അന്ത്യവിധിയുടെ നാളിൽ മാത്രമേ സംഭവിക്കൂ.

 

ദൈവം ഒരുവനെ അവന്റെ ജീവിതകാലം മുഴുവൻ നീതീകരണം എന്ന മാറ്റത്തിലൂടെ കൊണ്ടുപോകുന്നു എന്നു റോമൻ കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. കത്തോലിക്കാ സഭയുടെ വിശ്വാസം അനുസരിച്ചു, നീതീകരണം ദൈവ കൃപയാൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു കാര്യം അല്ല, അതൊരു ആന്തരിക സൌഖ്യത്തിന്റെ നീണ്ട പ്രക്രിയ ആണ്. ഇതിൽ പ്രാഥമിക പാപ ക്ഷമ ഉണ്ട്. ഇത് ശിശു സ്നാനപ്പെടുന്നതോടെ ആരംഭിച്ചു ജീവിതകാലം മുഴുവൻ തുടരുന്നു. അങ്ങനെ ദൈവ കൃപയാൽ നീതീകരണം ജീവിതത്തിന്റെ ഭാഗമായി മാറുന്നു. ഒരുവന് ദൈവകൃപയും തൽഫലമായ നീതീകരണവും മരണകാരണമായ പാപം മൂലം നഷ്ടമാകാം. എന്നാൽ കൃപയിലേക്ക് അവന് തിരികെ വരുവാനും കഴിയും. പശ്ചാത്താപവും, കൂദാശകളും, കുമ്പസാരവും കൃപയിലേക്ക് മടങ്ങിവരുവാനുള്ള മാർഗ്ഗങ്ങൾ ആണ്.     

 

എന്നാൽ നവീകരണ മുന്നേറ്റ സഭകളുടെ കാഴ്ചപ്പാട് അൽപ്പം വ്യത്യസ്തമാണ് (Reformed or Protestant churches). നീതീകരണം, വിശുദ്ധീകരണം എന്നിവയെ നവീകരണ സംഭകൾ വ്യത്യസ്തമായി കാണുന്നു. അവർ “നീതീകരണം” എന്നതിനെ ഒരു നിയമപരമായ പദമായി കാണുന്നു. ഇതൊരു കോടതി ഭാഷയാണ്. ഇവിടെ ഒരു ന്യായാധിപൻ ഒരുവനെ നീതിമാൻ എന്നു വിധിക്കുകയാണ്. അവൻ പാപം ചെയ്തിട്ടില്ല എന്ന രീതിയിൽ അവനെ നീതിമാൻ എന്നു പ്രഖ്യാപിക്കുന്നു. അതിനാൽ ദൈവത്തിന് അവനോടു ഇടപ്പെടുവാൻ കഴിയുന്നു. എന്നാൽ, പഴയ പാപത്തിന്റെ യാഥാർത്ഥ്യം, വർത്തമാന കാലത്തും ഭാവിയിലും പാപം ചെയ്യുവാനുള്ള സാദ്ധ്യത എന്നിവ നിലനിൽക്കുന്നതിനാൽ, തുടർച്ചയായ മാനസാന്തരം, അനിവാര്യം ആണ്. 

 

നീതീകരണം ഒരുവന്റെ ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രം സംഭവിക്കുന്നു. അതിന്ശേഷം ദൈവ മുമ്പാകെ അവൻ എന്നേക്കും നീതിമാൻ ആയിരിക്കും. നീതീകരണം ഒരുവൻ അവന്റെ പ്രവർത്തികളാൽ നേടുന്നത് അല്ല, ദൈവം കൃപയാൽ, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രം ഒരുവന്റെ ജീവിതത്തിൽ പ്രഖ്യാപിക്കുന്നത് ആണ്. യേശുക്രിസ്തുവിന്റെ നീതി, അവനിൽ വിശ്വസിക്കുന്നവരുടെ മേൽ കണക്കിടുകയാണ്. വേദപുസ്തകം പഠിപ്പിക്കുന്ന നീതീകരണം, ദൈവത്തിന്റെ സർവ്വാധികാരത്താൽ മാത്രം കൃപയാൽ സംഭവിക്കുന്നു. ദൈവം തിരഞ്ഞെടുക്കപ്പെട്ടവരെ നീതീകരിക്കുന്നു, അവരെ അവന്റെ പുത്രന്മാരും പുത്രിമാരും ആക്കുന്നു.

 

ക്രിസ്തുവിലുള്ള വിശ്വാസത്താൽ

 

ഗലാത്യർ 2:16 ലെ “ക്രിസ്തുവിലുള്ള വിശ്വാസത്താൽ” എന്ന വാക്കുകൾ വിവിധ ഇംഗ്ലീഷ് പരിഭാഷകളിൽ വ്യത്യസ്തമായിട്ടാണ് വായിക്കുന്നത്. കിങ് ജെയിംസ് വെർഷൻ ൽ ഇത് “ക്രിസ്തുവിന്റെ വിശ്വാസത്താൽ” എന്നാണ് (by the faith of Christ- KJV). ഇംഗ്ലീഷ് സ്റ്റാഡേർഡ് വെർഷൻ ൽ “ക്രിസ്തുവിലുള്ള വിശ്വാസത്താൽ” എന്നാണ് (by faith in Christ-ESV). ന്യൂ ഇൻറർനാഷനൽ വെർഷനിലും “ക്രിസ്തുവിലുള്ള വിശ്വാസത്താൽ” എന്നാണ് കൊടുത്തിരിക്കുന്നത് (by faith in Christ). എന്നാൽ, ഇവിടെ ഈ വാക്കിന് ഒരു അടിക്കുറിപ്പ് നല്കിയിട്ടുണ്ട് (footnote). ഈ അടിക്കുറിപ്പിൽ, “ക്രിസ്തുവിന്റെ വിശ്വസ്തതയാൽ” എന്നു കൊടുത്തിട്ടുണ്ട് (but through the faithfulness of ChristNIV, footnote to Galatians 2:16). ഇൻറർനാഷനൽ സ്റ്റാഡേർഡ് വെർഷൻ എന്ന പരിഭാഷയിലും, “മശീഹായുടെ വിശ്വസ്തതയാൽ” എന്നാണ് കൊടുത്തിരിക്കുന്നത് (by the faithfulness of the Messiah -International Standard Version)

 

ക്രിസ്തുവിലുള്ള വിശ്വാസത്താൽ എന്ന വാക്കുകൾ മൂലഭാഷയായ ഗ്രീക്കിൽ, “ഏക് പിസ്റ്റിഒസ് ക്രിസ്റ്റഔ” എന്നാണ് (ek pisteōs Christou). ഇതിന്റെ അർത്ഥം, “ക്രിസ്തുവിന്റെ വിശ്വാസത്താൽ” എന്നാണ് (by faith of Christ, Ref. Biblehub.com, Galatians 2:16). ഈ വാക്കുകൾ 2:16 ൽ പൌലൊസ് രണ്ടു പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ കൃത്യമായ പരിഭാഷയെക്കുറിച്ച് വേദപണ്ഡിതന്മാർക്കിടയിൽ വ്യത്യസ്തങ്ങളായ അഭിപ്രായം ഉണ്ട്. ഗ്രീക്ക് വ്യാകരണശാസ്ത്ര പ്രകാരം ഏതാണ് ഏറ്റവും യോജ്യം എന്നതാണ് തർക്ക വിഷയം. “വിശ്വാസം” എന്നതിന് പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം, “എമൂന” എന്നാണ് (emuna, eh-moo-NAH). ഈ വാക്കിന് “ദൈവത്തിന്റെ വിശ്വസ്തത” എന്നും, അതിനോടുള്ള ഒരുവന്റെ അനുകൂലമായ പ്രതികരണം എന്നും അർത്ഥം ഉണ്ട്. അതായത് ഈ വാക്കിന്, ദൈവത്തിന്റെ വിശ്വസ്തത എന്നും, ദൈവത്തിലുള്ള വിശ്വാസം എന്നും അർത്ഥം കൽപ്പിക്കാം (faithfulness of God or faith in God). ഗലാത്യർ 2:16 ലും പൌലൊസ് ഇതേ അർത്ഥം തന്നെ ആയിരിക്കാം ഉദ്ദേശിച്ചത്. അങ്ങനെ എങ്കിൽ, ക്രിസ്തുവിന്റെ നമ്മളോടുള്ള കൃപയാണ് നമ്മളെ രക്ഷിച്ചത് എന്നും, ക്രിസ്തുവിലുള്ള നമ്മളുടെ വിശ്വാസം മൂലം ആണ് നമ്മൾ രക്ഷിക്കപ്പെടുന്നത് എന്നും ഈ വാക്കുകളെ വ്യാഖ്യാനിക്കാം.

 

ഈ രണ്ടു ആശയങ്ങളും, യേശുക്രിസ്തുവിലുള വിശ്വാസം മൂലം മാത്രം രക്ഷ, പ്രവർത്തിയാൽ രക്ഷ ലഭിക്കില്ല, എന്നീ ഉപദേശത്തെ ഘണ്ഡിക്കുന്നില്ല. ക്രിസ്തുവിന്റെ വിശ്വസ്തതയാൽ എന്ന പരിഭാഷ, രക്ഷ ദൈവത്തിന്റെ സർവ്വാധികാരത്താൽ മാത്രം സംഭവിക്കുന്നു എന്ന ആശയം വെളിപ്പെടുത്തുന്നു. ക്രിസ്തുവിലുള്ള വിശ്വാസത്താൽ എന്നത് രക്ഷ വിശ്വാസം മൂലം മാത്രം എന്ന മർമ്മത്തെ വെളിപ്പെടുത്തുന്നു. യഥാർത്ഥത്തിൽ, ഇത് രണ്ടും ഒരുവന്റെ രക്ഷയിൽ സംഭവിക്കുന്നു. രണ്ടു വ്യാഖ്യാനങ്ങളിലും, മനുഷ്യന്റെ പ്രവർത്തി രക്ഷയ്ക്ക് കാരണം ആകുന്നില്ല.

 

ഗലാത്യർ 2:17 ലും പൌലൊസിന്റെ വാദങ്ങൾ തുടരുകയാണ്. ന്യായപ്രമാണത്തിന്റെ പ്രവർത്തികളിൽ ആശ്രയിക്കാതെ, ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രമുള്ള നീതീകരണം ആണ് നമ്മൾ അന്വേഷിക്കുന്നത്. ആയതിനാൽ, ന്യായപ്രമാണത്തിന്റെ പ്രവർത്തികളിൽ ആശ്രയിക്കാതിരിക്കുന്നത് പാപം ആണ് എങ്കിൽ നമ്മളും പാപികൾ ആണ്. അങ്ങനെയെങ്കിൽ, ദൈവ കൃപയാലുള്ള രക്ഷയുടെ സുവിശേഷം പ്രസംഗിച്ച ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരൻ എന്നു വരും. എന്നാൽ ഒരുനാളും അങ്ങനെയല്ല. ക്രിസ്തു പാപത്തെ പിന്താങ്ങുന്നില്ല. നമ്മൾ പൊളിച്ചത് വീണ്ടും പണിതാൽ, നമ്മൾ ലഘനക്കാർ എന്നു വരും. പത്രൊസും, പൌലൊസും, ന്യായപ്രമാണത്താൽ ഉള്ള നീതീകരണം എന്ന പ്രമാണത്തെ പൊളിച്ചവർ ആണ്. അത് വീണ്ടും പണിയുവാൻ ശ്രമിക്കുന്നത്, പൊളിച്ചത് ശരിയായിരുന്നു എന്ന തോന്നലിനാൽ ആണ്. അങ്ങനെയെങ്കിൽ, അതിനെ പൊളിച്ചത് ലംഘനം ആയിത്തീരും. അതിനാൽ ന്യായപ്രമാണ പ്രകാരം പാപികളും ആകും (ഗലാത്യർ 2:18).  

 

ഗലാത്യർ 2:19 ആം വാക്യത്തിലെ “ന്യായപ്രമാണത്താൽ” എന്നത് ജീവിതത്തിൽ പാലിക്കേണ്ട ശരി തെറ്റുകളുടെ പ്രമാണങ്ങൾ ആണ്. ഇവയാൽ തന്നെ ഒരുവൻ ന്യായപ്രമാണ സംബന്ധമായി മരിച്ചു. എങ്ങനെയാണ് അദ്ദേഹം ന്യായപ്രമാണ സംബന്ധമായി മരിച്ചത് എന്നു 2:20 ആം വാക്യത്തിൽ വിശദമാക്കുന്നു. രക്ഷിക്കപ്പെട്ടപ്പോൾ അദ്ദേഹം ക്രിസ്തുവിനോടുകൂടെ വിശ്വാസത്താൽ ക്രൂശിക്കപ്പെട്ടു. ഇപ്പോൾ ജീവിക്കുന്നത് ന്യായപ്രമാണ പ്രകാരം നീതീകരിക്കപ്പെടാം എന്നു ചിന്തിച്ചിരുന്ന പഴയ പൌലൊസ് അല്ല, ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം നീതീകരിക്കപ്പെടുന്നു എന്നു വിശ്വസിക്കുന്ന ക്രിസ്തുവിലുള്ള പുതിയ പൌലൊസ് ആണ്. പൌലൊസ് ക്രിസ്തുവിലും, ക്രിസ്തു പൌലൊസിലും ജീവിക്കുന്നു. ഇപ്പോൾ അദ്ദേഹം ജഡശരീരത്തിൽ ജീവിക്കുന്നത്, അദ്ദേഹത്തെ സ്നേഹിച്ചു, അദ്ദേഹത്തിനായി പാപ പരിഹാര യാഗമായി ഏൽപ്പിച്ചുകൊടുത്ത ദൈവപുത്രനായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ആണ്. ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ നീതീകരണം സാധ്യം എങ്കിൽ, ദൈവ കൃപ വൃഥാവായി തീരും (2:21). ക്രിസ്തുവിന്റെ മരണം വെറുതെയാകും. കാരണം ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ നീതീകരണം പ്രാപിക്കാമല്ലോ. എന്നാൽ ന്യായപ്രമാണത്തിന് ഒരുവനെ നീതീകരിക്കുവാൻ സാദ്ധ്യമല്ല എന്നതിനാൽ ആണ് ദൈവ കൃപയും ക്രിസ്തുവിന്റെ മരണവും പ്രയോജനം ഉള്ളത് ആകുന്നത്. അതിനാൽ ഒരുവൻ നീതീകരണത്തിനായി ന്യായപ്രമാണത്തിൽ ആശ്രയിക്കുമ്പോൾ, ദൈവ കൃപയെയും, ക്രിസ്തുവിന്റെ മരണത്തെയും വൃഥാവാക്കുന്നു.

 

മൂന്ന് കുറ്റാരോപണങ്ങൾ

 

ഇതോടെ പത്രോസുമായുണ്ടായ സംഘർഷത്തിന്റെ ചരിത്ര വിവരണം പൌലൊസ് അവസാനിക്കുന്നു. പത്രൊസിനെതിരെയുള്ള പൌലൊസിന്റെ മൂന്ന് കുറ്റാരോപണങ്ങളുടെ ചുരുക്കം ഇതാണ്. ജാതികളോടുകൂടെ ഭക്ഷണം കഴിക്കാതെ വേറിട്ട് ഇരുന്നതു കപടതയാണ് (2:13). പത്രൊസ് ഒരു ന്യായപ്രമാണ ലംഘകൻ ആണ് (2:18). ദൈവ കൃപയും യേശുക്രിസ്തുവിന്റെ മരണവും വൃഥാവായിപ്പോയി എന്നാണ് പത്രോസിന്റെ പ്രവർത്തിയുടെ അർത്ഥം (2:21). ഇതെല്ലാം അന്ത്യോക്യയിൽ വച്ചു സംഭവിച്ച പത്രോസിന്റെ പ്രവർത്തി കാരണം ഉയർന്നുവന്ന കുറ്റാരോപണങ്ങൾ ആണ്.

 

എന്തുകൊണ്ട് പരസ്യമായി ശാസിച്ചു?

 

എന്തുകൊണ്ട് പൌലൊസ്, പത്രൊസിനെ പരസ്യമായി ശാസിച്ചു? പൌലൊസിന് രഹസ്യമായും, വ്യക്തിപരമായും പത്രൊസിനെ കണ്ടു, അവന്റെ തെറ്റ് തിരുത്താമായിരുന്നു. എന്നാൽ പൌലൊസ് പരസ്യമായി തന്നെ പ്രതികരിച്ചു. ഇതിനുള്ള കാരണം ഈ സംഭവത്തിന്റെ വിശദമായ വായനയിൽ നിന്നും മനസിലാക്കാം. പത്രൊസ് അന്ത്യോക്യയിൽ എത്തിയപ്പോൾ, ആദ്യം ജാതീയരിൽ നിന്നും വിശ്വാസത്തിലേക്ക് വന്നവരോടൊപ്പം ഭക്ഷിച്ചു. അവിടെ അപ്പോൾ ഗലാത്യയിലുണ്ടായിരുന്ന ചില യഹൂദ ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. അവരും ഗലാത്യയിലെ ജാതീയ വിശ്വാസികളോടൊപ്പം ഭക്ഷണം കഴിച്ചു എന്നു അനുമാനിക്കാം. എന്നാൽ പിന്നീട് യെരൂശലേമിൽ നിന്നുള്ള പരിച്ഛേദനവാദികൾ ആയ യഹൂദന്മാർ അന്ത്യോക്യയിൽ എത്തുകയും, പത്രൊസിനെ ഇതിൽ നിന്നും വിലക്കുകയും ചെയ്തു. അവർ യെരൂശലേം സഭയിൽ നിന്നും വന്ന യഹൂദന്മാർ ആയതിനാൽ, അവരെ പ്രീതിപ്പെടുത്തുവാനായി, പത്രൊസ് ജാതികളോടുകൂടെ ഭക്ഷിക്കാതെ വേറിട്ടിരുന്നു. ഇത് കണ്ട അന്ത്യോക്യയിലെ യഹൂദന്മാരും, പൌലൊസിന്റെ ഉറ്റ കൂട്ട് പ്രവർത്തകനും ആയിരുന്ന ബർന്നബാസും പത്രോസിന്റെ മാർഗ്ഗം സ്വീകരിച്ചു. സത്യ സുവിശേഷത്തിൽ നിന്നുള്ള ഈ വ്യതിചലനം പരസ്യമായി സംഭവിക്കുകയും, അന്ത്യോക്യ സഭയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. അതിനാൽ പൌലൊസ് പരസ്യമായി തന്നെ ഇതിനെ എതിർക്കുകയും അതിനുള്ള കാരണങ്ങൾ  എല്ലാവരും കേൾക്കെ വിശദീകരിക്കുകയും ചെയ്തു. പൌലൊസ് പറഞ്ഞതിനെ പത്രൊസ് എതിർത്തില്ല എന്നതിനാൽ, അത് സത്യ സുവിശേഷമായി അംഗീകരിക്കപ്പെട്ടു.   

 

1 തിമൊഥെയൊസ് 5:20

പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിന്നായി എല്ലാവരും കേൾക്കെ ശാസിക്ക.

 

ഈ സംഭവം ഗാലാത്യർക്ക് എഴുതിയ കത്തിൽ വിവരിക്കുന്നതിലൂടെ, പ്രവർത്തിയാലുള്ള നീതീകരണം എന്നതിനെ പത്രൊസ് ഉൾപ്പെടെയുള്ള അപ്പൊസ്തലന്മാർ തള്ളിക്കളഞ്ഞിരിക്കുന്നു എന്നും, പൌലൊസ് പ്രസംഗിക്കുന്ന ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം നീതീകരണം എന്നതാണ് സത്യ സുവിശേഷം എന്നും ഉറപ്പിക്കുന്നു. പൌലൊസിന്റെ തിരുത്ത് പത്രൊസിനെ തിരികെ ദൈവ കൃപയിലേക്ക് എത്തിച്ചു എന്നു കരുതാം. പത്രൊസ് എക്കാലവും കൃപയാലുള്ള രക്ഷ എന്ന സുവിശേഷം ശക്തിയോടെ പ്രസംഗിച്ചിരുന്നു.    

 

കോറം ഡെയോ

 

പത്രൊസും, പൌലൊസും തമ്മിലുണ്ടായ സംഘർഷത്തിന്റെ വിവരണം ഗലാത്യർ 2:14 ആം വാക്യത്തോടെ അവസാനിക്കുന്നു എന്നു വാദിക്കുന്ന വേദപണ്ഡിതന്മാർ ഉണ്ട്. അതായത് 2:11-14 വരെയുള്ള വാക്യങ്ങൾ ഈ സംഘർഷത്തിന്റെ വിവരണവും, 15-21 വരെയുള്ള വാക്യങ്ങൾ, പൌലൊസ്, ഗലാത്യരോട് പറയുന്ന വിശദീകരണവും ആണ്. 14 ആം വാക്യം ഇങ്ങനെയാണ്, “അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു?” ഇതോടെ പത്രൊസിനോടുള്ള സംഭാഷണം അവസാനിക്കുന്നു. എന്നാൽ 14-21 വരെയുള്ള എല്ലാ വാക്യങ്ങളും, ഈ അവസരത്തിൽ പൌലൊസ് പത്രൊസിനോടു നേരിട്ടു പറഞ്ഞതാണ് എന്നും വാദിക്കുന്ന വേദവ്യാഖ്യാതാക്കളും ഉണ്ട്. പത്രൊസിനെ ശാസിക്കുവാനുണ്ടായ കാരണവും, പൌലൊസിന്റെ വാദങ്ങളും ആണ് ഈ വാക്യങ്ങളിൽ വിവിശദമാക്കപ്പെടുന്നത്. യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രമുള്ള രക്ഷ എന്ന സത്യ സുവിശേഷം മനോഹരമായി ചുരുക്കത്തിൽ പൌലൊസ് ഇവിടെ അവതരിപ്പിക്കുന്നു.  

 


_____________________

No comments:

Post a Comment